Featured Post

Saturday, January 25, 2025

The Underdogs by Mariano Azuela & Pedro Páramo by Juan Rulfo

 മെക്സിക്കന്‍ വിപ്ലവത്തിന്റെ അശാന്തവഴികള്‍


മെക്സിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ കൃതി ഹുവാന്‍ റുള്‍ഫോയുടെ ‘പെദ്രോ പരാമോ’ (1955) ആണെന്നത് സുവിദിതമാണ്‌. മെക്സിക്കന്‍ വിപ്ലവത്തിന്റെ പരാജയം സൃഷ്ടിച്ച ആത്മീയവും അസ്തിത്വപരവുമായ ശൂന്യതകളെ, സാഹിത്യത്തില്‍ മുമ്പ് പരിചയിച്ചിട്ടില്ലാത്ത രീതിയില്‍ ആവിഷ്കരിച്ച ‘പെദ്രോ പരാമോ’, അനുവാചക ലോകത്തിനുമേല്‍ ഇന്നും അതിന്റെ മാന്ത്രികത തുടരുന്നു. എന്നാല്‍, പ്രസ്തുത കൃതി രചിക്കപ്പെടുന്നതിനും നാലു പതിറ്റാണ്ടു മുമ്പ്, വിപ്ലവം ഒരു വര്‍ത്തമാനകാല അനുഭവമായിരുന്ന കാലത്ത്, ഏതാണ്ടൊരു പ്രവചന സിദ്ധിയോടെ ആ പരിണതികള്‍ യഥാതഥമായി ആവിഷ്കരിച്ച കൃതിയാണ് മാനുവല്‍ അസുവേലയുടെ ‘അധസ്ഥിതര്‍’(1915). ഒരു നൂറ്റാണ്ടിനിപ്പുറവും, മെക്സിക്കന്‍ വിപ്ലവത്തിന്റെ സര്‍ഗ്ഗാത്മക ആവിഷ്കാരങ്ങളില്‍ അനിവാര്യ വായനയായി അസുവേലയുടെ കൃതി നിലക്കൊള്ളുന്നു. പാത്രസൃഷ്ടിയിലും ആവിഷ്കാര ശൈലിയിലും അങ്ങേയറ്റം വ്യതിരിക്തമായിരിക്കുമ്പോഴും ‘പെദ്രോ പരാമോയുടെ സര്‍ഗ്ഗസൗന്ദര്യമിയന്ന മുന്‍ഗാമി എന്ന നിലയില്‍ ‘അധസ്ഥിതര്‍’ വായിക്കപ്പെടുന്നു. ഇരു നോവലുകളുടെയും താരതമ്യം, ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ രണ്ടു മാസ്റ്റര്‍പീസുകളെ ചേര്‍ത്തുവെക്കാന്‍ സഹായകമാണ്.   

1.        1.  മരിയാനോ അസുവേല: കൊമാലയുടെ സ്നാപകന്‍

ആധുനിക മെക്സിക്കന്‍ സാഹിത്യത്തെക്കുറിച്ചു പറഞ്ഞുതുടങ്ങുമ്പോള്‍ ന്യായമായും ആരും തുടങ്ങുക ഹുവാന്‍ റുള്‍ഫോയുടെ ‘പെഡ്രോ പരാമോ’ (1955 ) യില്‍ നിന്നായിരിക്കും. എന്നാല്‍ അതിനൊപ്പം പരിഗണിക്കേണ്ട ഒരാദ്യകാല ക്ലാസിക്ക് നോവെല്ലയാണ് മരിയാനോ അസുവേല രചിച്ച ‘The Underdogs’. Los de Abajo  എന്ന സ്പാനിഷ് മൂലത്തിന് ‘അടിയില്‍ പെട്ടവര്‍’ (‘Those Below’) എന്ന് ഗൂഗിള്‍ വിവര്‍ത്തനം തരുന്നു. പുസ്തകത്തിനു പല ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും വന്നിട്ടുണ്ടെങ്കിലും എന്‍റിക് മുന്‍ഗിയ ജൂനിയര്‍ നിര്‍വ്വഹിച്ച ആദ്യ ഇംഗ്ലീഷ് ഭാഷാന്തരം മുതല്‍ (1928) ‘The Underdogs’  എന്നുതന്നെയാണ് തലക്കെട്ടു നല്കപ്പെട്ടിട്ടുള്ളത്. മെക്സിക്കന്‍ വിപ്ലവത്തെ (1910–20) അധികരിച്ചുള്ള കൃതികളില്‍ ഏറ്റവും പ്രശസ്തമായ രചന എന്ന നിലയില്‍ 1915 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ ഒരു നൂറ്റാണ്ടിനിപ്പുറവും അതിന്റെ ശക്തിയും പ്രസക്തിയും ചോരാതെ നിലനില്‍ക്കുന്നു. ക്രിസ്തുവിന് സ്നാപക യോഹന്നാന്‍ എന്നപോലെ, കൊമാലയുടെ രചയിതാവിന് വഴിയൊരുക്കുകയായിരുന്നോ അസുവേല എന്ന് കൌതുകപ്പെടാം.

ചരിത്രപരമായ കാരണങ്ങളാല്‍ മെക്സിക്കന്‍ വിപ്ലവത്തിന്റെ സംഘര്‍ഷ കാലത്ത്, സ്വതേ സമ്പുഷ്ടവും ഉദാരവുമായിരുന്ന മെക്സിക്കന്‍ സാഹിത്യത്തില്‍ വിപ്ലവത്തെ കുറിച്ച് വളരെകുറച്ച് നോവലുകള്‍ മാത്രമേ രചിക്കപ്പെട്ടുള്ളൂ എന്നും 1918നു മുമ്പ് അപ്രകാരം രചിക്കപ്പെട്ട ഏക പ്രധാന കൃതി മാനുവല്‍ അസുവേലയുടെ ‘The Underdogs’  ആയിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  “(മെക്സിക്കന്‍) വിപ്ലവത്തിന്റെ ആദ്യനോവലിസ്റ്റ്” എന്നറിയപ്പെട്ട മരിയാനോ അസുവേല ജെലിസ്കൊയില്‍ ലേഗോസ് ഡി മോറെനോയില്‍ 1873 ലാണ് ജനിച്ചത്‌ . ജനറല്‍ പോര്‍ഫീരിയോ ഡയസിന്റെ ഏകാധിപത്യനാളുകളില്‍ (1884–1911) മുതിര്‍ന്നു വരികയും മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി സേവനമാരംഭിക്കുകയും ചെയ്ത അദ്ദേഹംഒരു യുവലിബറല്‍ എന്ന നിലയില്‍ ഫ്രാന്‍സിസ്കോ മദേരോയുടെ (Francisco I. Madero) അനുയായിത്തീര്‍ന്നത് സ്വാഭാവികമായിരുന്നു. 1911 ല്‍ ജലിസ്കോ സ്റ്റേറ്റ് വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായി. മദേരോ വധിക്കപ്പെട്ടശേഷം ജനറല്‍ പാഞ്ചോ വിയായുടെ (Pancho Villa ) സൈന്യത്തിലെ ഏകഡോക്റ്റര്‍ എന്നനിലയില്‍ വിപ്ലവപോരാട്ടത്തിന്റെ നേരിട്ടുള്ള അനുഭവങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായി. വിക്റ്റൊറിയാനോ വെര്‍ത്ത (Victoriano Huerta) നേതൃത്വം നല്‍കിയ പ്രതിവിപ്ലവ മുന്നേറ്റം താല്‍ക്കാലികവിജയം നേടിയപ്പോള്‍ ടെക്സാസിലെ എല്‍പാസോയിലേക്ക് കുടിയേറിയ അസുവേല അവിടെവെച്ചാണ്, 1915ല്‍ The Underdogs (Los de abajo) എഴുതിയത്. അടിസ്ഥാനപരമായി ആദര്‍ശവാദി ആയിരുന്ന അസുവേലവിപ്ലവത്തെക്കുറിച്ച് നിരാശനാകാന്‍ അധികം കാലമെടുത്തില്ല. കൂടുതല്‍ മികച്ചൊരു മെക്സിക്കോക്കു വേണ്ടിയാണ് താന്‍ പോരാടിയതെങ്കില്‍വിപ്ലവം ചില അനീതികള്‍ പരിഹരിച്ചപ്പോള്‍ അത്രതന്നെ മോശമായ മറ്റുപ്രവണതകള്‍ക്ക് കാരണമാവുന്നത് അദ്ദേഹം കണ്ടു. സ്വാര്‍ത്ഥരും ആദര്‍ശശൂന്യരുമായ നേതൃത്വംഅധ:സ്ഥിതരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നതും എന്തിനെയും തങ്ങളുടെ ഉന്നമനത്തിനു മാത്രമായി മാറ്റിത്തീര്‍ക്കുന്നതും അദ്ദേഹത്തിന്റെ നൈരാശ്യം തീക്ഷ്ണമാക്കി. എഴുത്തില്‍ ധാരാളിയയിരുന്ന അദ്ദേഹത്തിന്റെ പില്‍ക്കാല കൃതികളില്‍ കടുത്ത സറ്റയറായിത്തീരുന്ന ഈ നൈരാശ്യത്തിന്റെ അലയൊലികള്‍ ‘അണ്ടര്‍ഡോഗ്സ്’ പ്രകടമാക്കുന്നുണ്ട്. പ്രമേയത്തിന്റെ പ്രകൃതം പരിഗണിച്ചു ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ ഒരു സുപ്രധാന വിഭാഗമായി പില്‍ക്കാലം അടയാളപ്പെടുത്തപ്പെട്ട ‘ഏകാധിപതി/ ഏകാധിപത്യ നോവല്‍’ (Dictator/ Dictatorship novel) പാരമ്പര്യത്തിന്റെ ഒരു മുന്നോടിയായും പുസ്തകത്തെ സമീപിക്കാവുന്നതാണ്.

‘അധസ്ഥിതര്‍’ 

നൂറുപേജില്‍ താഴെവരുന്ന ചെറുകൃതിയാണ് The Underdogs. എന്നാല്‍മെക്സിക്കന്‍ വിപ്ലവം അതിന്റെ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ തന്നെ രചിക്കപ്പെട്ടതെന്ന നിലയില്‍ ആ അനുഭവങ്ങള്‍ തികച്ചും സജീവമായിരുന്നു നോവലിസ്റ്റിന്റെ ജീവിതത്തിലും ചിന്തകളിലും. വ്യത്യസ്ത ദൈര്‍ഘ്യമുള്ള മൂന്നു ഭാഗങ്ങളിലായി നാല്‍പ്പത്തിരണ്ട് അധ്യായങ്ങളില്‍ എപ്പിസോഡിക് ഘടനയിലാണ് ഉള്ളടക്കം. ആദ്യഭാഗം താരതമ്യേന നീളമുള്ളതാണെങ്കില്‍ അവസാനഭാഗം ചെറിയൊരു സമാപനം (epilogue) പോലെ തോന്നാം. നോവെല്ല ഴോനറിന്റെ പ്രത്യേകതയെന്നു പറയാവുന്ന ശൈലിയാണ് ഇതിവൃത്ത അനുസ്യൂതിക്കു പകരം ചടുലത ഉറപ്പുവരുത്തുന്ന ചെറു അധ്യായങ്ങളും ചലച്ചിത്രത്തിലെ jump cuts സങ്കേതത്തെ ഓര്‍മ്മിപ്പിക്കുന്ന അതിവേഗ രംഗമാറ്റങ്ങളും. ഇത് ആഖ്യാനത്തിന് തൂലികാ ചിത്രങ്ങളുടെ (series of vignettes) പ്രകൃതം നല്‍കുന്നു. നോവല്‍ രചിക്കപ്പെട്ട കാലം പരിഗണിക്കുമ്പോള്‍ (1915) തികച്ചും വിപ്ലവകരമായ ആഖ്യാനതന്ത്രമായിരുന്നു അത്.

2.

വിക്റ്റൊറിയാനോ വെര്‍ത്തയുടെ ഫെഡറല്‍ ("Federales”) ദേശീയസൈന്യവുമായി ഇടയേണ്ടി വരുന്ന ഡിമെട്രിയോ മാസിയാസ് എന്ന ദരിദ്രനും നിരക്ഷരനുമായ ഗോത്രവംശജനെയും കൂട്ടാളികളെയുമാണ് ഒരര്‍ത്ഥത്തില്‍ നോവല്‍ പിന്തുടരുന്നത്. നാടെങ്ങും അതിക്രമങ്ങളുമായി മുന്നേറുന്ന ഫെഡറല്‍ സൈന്യംമാസിയാസിന്റെ ഗ്രാമത്തിലും എല്ലാം തങ്ങള്‍ക്ക് സ്വന്തമാണ് എന്ന ഭാവമാണ് പ്രകടിപ്പിക്കുന്നത്. മാസിയാസിന്റെ നായയെ കൊല്ലുന്ന രംഗം നോവലിലെ ഏറെ ഉള്‍ക്കിടിലമുണ്ടാക്കുന്ന ഒന്നാണ്. അയാളുടെ ഭാര്യയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ഒരു പതിവുരീതിയുടെ തുടര്‍ച്ച മാത്രവും. തന്റെ കുടുംബത്തിന്റെ അതിജീവനം ഉറപ്പുവരുത്താന്‍ റിബല്‍ സൈന്യത്തില്‍ ചേരേണ്ട അവസ്ഥയിലാണ് അയാള്‍. അഥാവാ ഏതെങ്കിലും ആദര്‍ശം എന്നതിനപ്പുറം നിലനില്‍പ്പിന്റെ പ്രശ്നം. ധീരനും വ്യക്തിപ്രഭാവമുള്ളവനുമായ അയാള്‍തന്നെപ്പോലെ ഫെഡറല്‍ സൈന്യത്തിന്റെ അത്യാചാരങ്ങള്‍ സഹിച്ചുമടുത്ത കര്‍ഷകജനതയെ സംഘടിപ്പിക്കുകയും പാഞ്ചോ വിയാ സൈന്യത്തില്‍ ചേരുകയും വൈകാതെ ജനറല്‍ ആയിത്തീരുകയും ചെയ്യുന്നു. മാസിയാസിന്റെ സൈന്യവും തങ്ങള്‍ നേരിട്ട അതേതരം അതിക്രമങ്ങളും കൊള്ളയും ബലാല്ക്കാരവുമെല്ലാം കടന്നുപോകുന്ന മെക്സിക്കന്‍ ഗ്രാമങ്ങളില്‍ അരങ്ങേറുന്നുമുണ്ട്. ആദ്യമൊക്കെ നാടിനെ പരിഷ്കരിക്കാന്‍വേണ്ടി പൊരുതിയ അയാള്‍ക്ക് പോകെപ്പോകെ എന്തിനുവേണ്ടിയാണു തന്റെ യുദ്ധം എന്നത് അവ്യക്തമാകുന്നു. വെള്ളച്ചാട്ടത്തിലേക്ക് അയാള്‍ എറിയുന്ന കല്ലിനോട് തന്റെ പ്രവര്‍ത്തികളെ അയാള്‍ത്തന്നെ തുലനംചെയ്യുന്ന സന്ദര്‍ഭമുണ്ട്. എന്തിനുവേണ്ടിഎന്നതില്‍ നിന്ന് തദ്സമയം എന്താണ് വേണ്ടത് എന്നതിലേക്ക് സൈന്യത്തിന്റെ ലക്ഷ്യം തന്നെയും മാറിപ്പോകുകയും ചെയ്യുന്നു. വിപ്ലവത്തിനും വിപ്ലവകാരികളിലും സംഭവിക്കുന്ന ഇത്തരം പരിവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ മെക്സിക്കന്‍ സാഹിത്യത്തില്‍ത്തന്നെ കാര്‍ലോസ് ഫ്യുയെന്തസിന്റെ The Old Gringo പോലുള്ള കൃതികളില്‍ വിശദമായി പരിഗണിക്കപ്പെടുന്നത് കാണാം.  

പ്രതീകാത്മകത ഏറെയുള്ള സൂചകങ്ങള്‍ നിറഞ്ഞ കൃതികൂടിയാണ് The Underdogs. ഡിമെട്രിയോ എന്ന പേരുതന്നെയും അയാളെ ഗ്രീക്ക് പുരാണത്തിലെ കാര്‍ഷിക ദേവനുമായി (Demeter) ബന്ധിപ്പിക്കുന്നു. അച്ഛനും അമ്മയും മകനുമടങ്ങുന്ന കുടുംബത്തന്റെ പാലായന ശ്രമത്തിനു പുറപ്പാട് പുസ്തകംവരെ വേരുകളുണ്ട്. പ്രകൃതിയുടെ സൗന്ദര്യത്തെയും പ്രശാന്തതയെയും മനുഷ്യന്റെ ഹിംസാത്മകതയോടു മുഖാമുഖം നിര്‍ത്തുന്ന ശൈലി നോവലില്‍ വ്യക്തമാണ്‌. ഹിംസയുടെ താണ്ഡവം വിവരിക്കപ്പെടുന്നതിനിടയില്‍ നമുക്ക് വായിക്കാനാകും:

“കൊച്ചു നീര്‍ച്ചാട്ടങ്ങളുടെ പാട്ടിനൊപ്പം പുഴ കുതിച്ചുപാഞ്ഞു. കള്ളിച്ചെടിക്കകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പക്ഷികള്‍ ചിലച്ചുചീവീടുകളുടെ താളത്തിലുള്ള മൂളല്‍ മലയുടെ ഏകാന്തതയെ നിഗൂഡത കൊണ്ട് നിറച്ചു.”

വാക്കുകളുടെ തെരഞ്ഞെടുപ്പില്‍ നോവലിസ്റ്റ് പുലര്‍ത്തുന്ന കണിശതകാവ്യാത്മകതയും സംഗീതാത്മകതയും സ്വരങ്ങളുടെ ധ്വനിസാന്ദ്രതയും ഉള്‍ച്ചേര്‍ക്കുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നു. നോവലിന്റെ പ്രസിദ്ധമായ ചില ഭാഗങ്ങള്‍ സ്പാനിഷ് മൂലത്തില്‍ വായിച്ചുകേള്‍ക്കുന്നത് വാച്യാര്‍ഥങ്ങള്‍ പിണങ്ങിനില്‍ക്കുമ്പോഴും ഹൃദ്യമായ അനുഭവമാണ്‌.

ഹിംസാത്മകതയുടെയും കാവ്യാത്മകതയുടെയും വൈരുധ്യപൂര്‍ണ്ണമായ ശക്തി യോജിപ്പിക്കുന്നതു പോലെത്തന്നെയാണ് മാസിയാസിന്റെയും സര്‍വാന്റിസിന്റെയും വിരുദ്ധവീക്ഷണങ്ങളെ അവതരിപ്പിക്കുന്നതും. ഡിമെട്രിയോ മാസിയാസ് പോരാളിയാണ്ആദര്‍ശങ്ങളല്ല അയാളുടെ പ്രചോദനം. മറിച്ച് ലൂയിസ് സര്‍വാന്റിസ് വിപ്ലവത്തിന്റെ ആശയങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ആദര്‍ശശാലിയാണ്. മാസിയാസിന്റെ റിബലുകള്‍ക്കിടയില്‍ ഏറ്റവും പുതുതായി എത്തിച്ചേരുന്ന അയാള്‍ ഫെഡറല്‍ സൈന്യത്തില്‍നിന്നു ഓടിപ്പോന്നവനാണ്. കൂട്ടാളികളില്‍നിന്നു വ്യത്യസ്തമായി അഭ്യസ്തവിദ്യനും സംസ്കാരസമ്പന്നനുമായ അയാള്‍ മെഡിക്കല്‍ വിദ്യാര്‍ഥിയും ജേണലിസ്റ്റുമായിരുന്നു. നോവലിന്റെ അവസാനമാകുമ്പോഴെക്ക് അയാള്‍ യു. എസ്സില്‍ കുടിയേറാനായി വിട്ടുപോവുന്നുണ്ട്. അഭിമുഖങ്ങളില്‍ അസുവേല സമ്മതിച്ചിട്ടില്ലെങ്കിലുംപുസ്തകത്തില്‍ നോവലിസ്റ്റിന്റെ അപരസ്വരം വലിയൊരളവു അയാളാണ്:

“നമ്മളെല്ലാം നമ്മുടെ നാടിന്റെ പുരോഗതിയോടൊപ്പം മാത്രം മുഴുവനാകുന്ന ഒരുവലിയ സാമൂഹിക പ്രസ്ഥാനത്തിന്റെ ഭാഗമാണ്. നമ്മുടെ ജനതയുടെ പരിപാവനമായ അവകാശങ്ങളുടെ സമര്‍ത്ഥനത്തിന് വിധിയുടെ ഉപകരണങ്ങളാണ് നാം. നമ്മളൊരു നീചനായ കൊലയാളിയെ താഴെയിറക്കാനല്ല പൊരുതുന്നത്മറിച്ച് ഏകാധിപത്യത്തിനു എതിരെയാണ്. തത്വങ്ങള്‍ക്കുവേണ്ടി ആദര്‍ശങ്ങള്‍കൊണ്ടു പൊരുതുക എന്നാല്‍ അതാണ്. അതിനാണ് വിയായും നതേരയും കരാന്‍സയും പൊരുതുന്നത്. അതിനാണ് നമ്മളും പൊരുതുന്നത്.”

എന്നാല്‍ ഈ അമിത  ആദര്‍ശവല്‍ക്കരണത്തിന്റെ നാടകീയതയെ ഡിമെട്രിയോ അപ്പോള്‍ത്തന്നെ കാറ്റഴിച്ചുവിടുന്നു: “പാന്‍ക്രെസിയോരണ്ടുകുപ്പി ബിയര്‍ കൂടി കൊണ്ടുവരൂ.” ഈ അതിവൈകാരികതാവിരുദ്ധ സമീപനം നോവലിനു ‘പ്രതിലോമകരം’ എന്ന വിമര്‍ശനം നേടിക്കൊടുക്കുമെന്നു വാദമുയര്‍ന്നപ്പോള്‍ നോവലിസ്റ്റിന്റെ പ്രതികരണം തിരിച്ചായിരുന്നു: അത് പ്രതിലോമകരമല്ല. സത്യമാണ്.

3.

ഒളിപ്പോര് വിഷയമാകുന്ന കൃതികള്‍അതിവൈകാരികതാവിരുദ്ധ സമീപനത്തില്‍ എന്നപോലെ പല സാമ്യങ്ങളുമുള്ള ഹെമിങ് വെയുടെ For Whom the Bell Tolls പോലെപലപ്പോഴും പുരുഷകേന്ദ്രിതവും സ്ത്രീകഥാപാത്രങ്ങളെ പുരുഷവീക്ഷണത്തില്‍ അവതരിപ്പിക്കുന്നതുമാണ്‌ പതിവ്. ഇവിടെയും സമീപനം തീര്‍ത്തും വ്യത്യസ്തമല്ല. ഡിമെട്രിയോയുടെ ഭാര്യ പോരാളിയല്ലകുടുംബിനീവേഷത്തില്‍ ഒതുങ്ങുന്നവളുമാണ്. എന്നാല്‍ഹെമിങ് വെ നോവലിലെ ജിപ്സി സ്ത്രീ പിലാറില്‍ തുടര്‍ച്ച കണ്ടെത്താവുന്ന കഥാപാത്രമാണ് നോവലിലെ മറ്റൊരുസുപ്രധാന സ്ത്രീസാന്നിധ്യമായ ലാ പിന്റാഡായുടെത്. മെക്സിക്കന്‍ വിപ്ലവത്തില്‍ മുന്‍നിര പോര്‍മുഖത്തുതന്നെ സജീവ പങ്കാളിത്തമുണ്ടായിരുന്ന ‘Soldaderas’ എന്ന് വിളിക്കപ്പെട്ട പെണ്‍പോരാളി വിഭാഗത്തിന്റെ പതിപ്പായ ലാ പിന്റാഡാപരുക്കന്‍ പ്രകൃതക്കാരിയാണ്. ആണുങ്ങളെ വെല്ലുവിളിക്കാന്‍ കഴിവുള്ളവള്‍വെടിയുണ്ടകളെ ഭയന്നോടാത്തവള്‍തെറി പറയുകയും വന്യമായ കരുത്തോടെ കൈകുലുക്കുകയും ചെയ്യുന്നവള്‍കാലുകള്‍ കവച്ചു കുതിരയോടിക്കുന്നവള്‍മാസിയാസിനെ കളിയാക്കുകയും എപ്പോഴും കൂടെക്കൊണ്ടുനടക്കുന്ന റിവോള്‍വര്‍കൊണ്ടു യുദ്ധം ചെയുകയും ചെയ്യുന്നവള്‍. ആക്രമകാരിയായ പെണ്‍കോഴിയെന്നു അവളുടെ പേരിന് അര്‍ത്ഥമുണ്ടെന്നും മെക്സിക്കന്‍ പുരുഷാധികര സമൂഹത്തില്‍ തന്റേടത്തോടെ പൊരുതുന്ന പുത്തന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായി അവര്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട് എന്നും വികിപീഡിയ ലേഖനം സൂചിപ്പിക്കുന്നു. ലാ പിന്റാഡാ എന്ന സ്പാനിഷ് മൂലത്തെ War Paint എന്ന് ആംഗലവല്‍ക്കരിച്ചത് എന്തിനെന്നും തോന്നാം. എന്നാല്‍നോവലിന്റെ ആദ്യ ഇംഗ്ലീഷ് വിവര്‍ത്തനം മുതല്‍ ഇത് തുടര്‍ന്നുകാണുന്നു. മറ്റൊരു സ്ത്രീകഥാപാത്രംലൂയിസ് സര്‍വാന്റിസിന്റെ പ്രേരണയില്‍ മാസിയാസിന്റെ സൈന്യത്തില്‍ ചേരുന്ന കാമില എന്ന ടീനേജറാണ്. ലൂയിസുമായും ഒരുവേള ഒരു ത്രികോണ പ്രണയസംഘര്‍ഷത്തിലേക്ക് കുറഞ്ഞൊരു തോതില്‍ നയിക്കുംവിധം ഡിമെട്രിയോയുമായും പ്രണയത്തിലാണെങ്കിലും വിപ്ലവപൂര്‍വ്വ മെക്സിക്കോ സമൂഹത്തിലെ വിധേയത്വമുള്ള പെണ്‍പതിപ്പാണ്‌ അവള്‍. ലാ പിന്റാഡായുടെ നേര്‍വിപരീതംദൌര്‍ഭാഗ്യകരമായ ഒരു അസൂയാജന്യ സംഘര്‍ഷത്തില്‍ ഒടുങ്ങുന്ന ദുരന്തപാത്രവും. എവിടെയൊക്കെയോ ഹെമിങ് വെ നോവലിലെ തന്നെ മരിയയുടെ  മുന്‍ഗാമിയാണ് കാമില എന്ന് ഈ ലേഖകനു തോന്നി.

അസുവേലയുടെ വാക്കുകളില്‍ സ്വന്തം ജിഹ്വയായി അന്റോണിയോ സോലിസ് എന്ന കഥാപാത്രമാണ് വിപ്ലവത്തിന്റെ അപചയത്തെ കുറിച്ചുള്ള നോവലിലെ സുപ്രധാന നിരീക്ഷണം മുന്നോട്ടുവെക്കുന്നത്. ലൂയിസ് സര്‍വാന്റിസുമായുള്ള സംഭാഷണത്തില്‍ അയാള്‍ പറയുന്നു:

“പൂക്കള്‍ നിറഞ്ഞ ഒരു ശാദ്വലപ്രദേശമാണ് ഞാന്‍ പ്രതീക്ഷിച്ചത്പക്ഷെ എത്തിപ്പെട്ടത് ഒരു ചതുപ്പിലാണ്.”

അയാള്‍ തുടരുന്നു:

“സുഹൃത്തെചില ആളുകളും സംഭവങ്ങളുമുണ്ട് വെറും വിഷമല്ലാതെ മറ്റൊന്നുമല്ലാത്തതായി. തുള്ളി തുള്ളിയായി ആ വിഷം ആത്മാവില്‍ പ്രവേശിക്കുംഎല്ലാത്തിനെയും തീണ്ടുംനാശമാക്കും. ഉത്സാഹംപ്രതീക്ഷആദര്‍ശങ്ങള്‍സന്തോഷം... പിന്നീട് ഒന്നുംഒന്നും ബാക്കിയുണ്ടാവില്ല. ഒന്നുകില്‍ അവരെപോലെ നിങ്ങളൊരു കൊള്ളക്കാരനാകുംഅല്ലെങ്കില്‍ ഭേദിക്കാനാകാത്ത കടുത്ത താന്‍പോരിമയുമായി ചുവരുകള്‍ക്കു പിന്നിലൊളിക്കുന്നഅരങ്ങത്തുനിന്ന് നിഷ്ക്രമിച്ച ഒരാള്‍.”

വെടിവെപ്പിന്റെ പുകയും കൂരകള്‍ കത്തിയമരുന്നതിന്റെ പൊടിയും നോക്കിനില്‍ക്കുമ്പോള്‍ സോലിസ്വിപ്ലവത്തെ കുറച്ചുനേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും പിന്നീട് അപ്രത്യക്ഷമായി ഇല്ലാതാകുകയും ചെയ്യുന്ന മേഘത്തോട് ഉപമിക്കുന്നു. നോവലിന്റെ ഏതാണ്ട് ഒടുവിലൊരിടത്ത്ഉന്നയിക്കപ്പെടുന്ന ചോദ്യം പ്രസക്തമാണ്‌:

“അപ്പോള്‍ ഡിമെട്രിയോഇനിയും നിങ്ങളെന്തിനു വേണ്ടിയാണു പൊരുതുന്നത്?

 ആഖ്യാതാവ് വ്യക്തമാക്കുന്നു:

 “ഡിമെട്രിയോ ഊറിച്ചിരിച്ചുകൊണ്ട്അശ്രദ്ധമായി ഒരു കല്ലെടുക്കുന്നുഎന്നിട്ടത് നീര്‍ച്ചാട്ടത്തിന്റെ അടിയിലേക്ക് എറിയുന്നു. അയാള്‍ ഗര്‍ത്തത്തിലേക്ക് നോക്കി ചിന്താമൂകനായി നില്‍ക്കുന്നുഎന്നിട്ട് പറയുന്നു‘ആ കല്ല്‌ നോക്കൂഅതെങ്ങനെയാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്ന്...’”

ഹിംസാത്മകതയുടെ ചാക്രികതയില്‍ പെട്ടുപോയി യഥാര്‍ത്ഥലക്ഷ്യം കാഴ്ചയില്‍നിന്നുതന്നെ മറഞ്ഞുപോകുന്ന കഥാപാത്രങ്ങളിലൂടെ കൂടുതല്‍ വലിയ അസ്തിത്വ പ്രശ്നങ്ങളെയാണ് അസുവേല പ്രതിഫലിപ്പിച്ചത്: അടിസ്ഥാനപരമായി അസന്തുലിതമായ, ദുഷിച്ചുപോയ ലോകത്തില്‍  മാനുഷികമായ ആദര്‍ശ പരതയുടെയും പോരാട്ടത്തിന്റെയും വ്യര്‍ത്ഥതനൈരാശ്യത്തിന്റെ അനിവാര്യത എന്നിവയാണ്  നോവല്‍ ആവിഷ്കരിച്ചത്. അസുവേലയുടെ യഥാതഥത്വം (social realism) വിപ്ലവസ്വപ്നങ്ങളുടെ അസംബന്ധത്തെ ദൈനംദിന അനുഭവത്തിന്റെതന്നെ ബാക്കിപത്രമായി അവതരിപ്പിച്ചു. രേഖീയവും താരതമ്യേന ഋജുവുമായ ആഖ്യാന ശൈലിപാളിപ്പോകുന്ന ആദര്‍ശപരതയുടെയും വിപ്ലവലക്ഷ്യത്തിന്റെയും അസംബന്ധം  കഥാപാത്രങ്ങളില്‍ സൃഷ്ടിക്കുന്ന ശൈഥില്യത്തെയും ദേശം നിപതിക്കുന്ന അരാജകത്വത്തെയും വിപരീതത്തില്‍ പൊലിപ്പിക്കുന്നു.

4. കൊമാലയിലെ മനുഷ്യര്‍  

മരണശയ്യയില്‍ അമ്മ ഡോലോരെസ് പ്രേസിയാദോക്ക് നല്‍കിയ വാക്കുപാലിക്കാന്‍ പ്രേതഭൂമിയായ കൊമാല പട്ടണത്തിലേക്ക് പിതാവ് പെദ്രോ പരാമോയെ തേടി ഹുവാന്‍ പ്രേസിയാദോ യാത്ര തിരിക്കുന്നതോടെയാണ് ഹുവാന്‍ റുള്‍ഫോയുടെ നോവല്‍ ആരംഭിക്കുന്നത്. ഡോലോരെസിന്റെ ഓര്‍മ്മകളില്‍ ഒരിക്കല്‍ ജീവന്‍ തുടിച്ചുനിന്ന പട്ടണമായിരുന്ന കൊമാല ഇന്ന് മരിച്ചവരുടെ മര്‍മ്മരങ്ങള്‍ മാത്രമുള്ള വിജനപ്രദേശമാണെന്ന്  പ്രസിയാദോ കണ്ടെത്തുന്നു. ജീവിതവും മൃതിയും പരസ്പരം അതിരിത്തികള്‍ ഭേദിക്കുന്ന/ പങ്കിടുന്ന പ്രമേയത്തിലേക്കുള്ള ആദ്യ സ്പര്‍ശമാണ് അത്. ഹുവാന്‍ കണ്ടെത്തുന്ന ഒട്ടേറെ പ്രേതരൂപികള്‍ പട്ടണത്തിന്റെ ദുരന്ത ചരിത്രത്തിലേക്കും അയാളുടെ പിതാവിന്റെ അധീശത്ത്വപ്രകൃതത്തിലേക്കും വെളിച്ചം വീശും. ആദ്യം കണ്ടുമുട്ടുന്ന അബൂന്ദിയോ മാര്‍ടിനസ് എന്ന, കോവര്‍കഴുതയെ മേയ്ക്കുന്നയാള്‍ പെദ്രോ പരാമോയുടെ എണ്ണമറ്റ ജാരസന്തതികളില്‍ ഒരാളാണെന്ന്  പിന്നീടാണ് മനസ്സിലാകുക.

“ആ പട്ടണം ഭൂമിയുടെ കനലുകള്‍ക്ക് മുകളിലാണ് ഇരിക്കുന്നത്നരകത്തിന്റെ വായക്ക് തൊട്ട്. അവിടത്തുകാര്‍ മരിച്ചു നരകത്തിലെത്തുമ്പോള്‍അവര്‍ കരിമ്പടം തേടി തിരികെ വരാറുണ്ടത്രേ.”

അബൂന്ദിയോക്ക് ഇതിവൃത്തപ്രധാനമായ ദൌത്യവും നോവലിസ്റ്റ് നല്‍കുന്നുണ്ട്: ദരിദ്രനും പരാജിതനുമായ അയാളാണ്, അന്തിമമായിപെദ്രോയുടെ വിധി നിര്‍ണ്ണയിക്കുക. ആ ഹിംസയിലൂടെയാണ് പെദ്രോയുടെ അധീശത്തം അവസാനിക്കുക. ജാരസന്തതിയുടെ ഗതിമുട്ടിയ നൈരാശ്യത്തോടൊപ്പം പട്ടണത്തെ ഗ്രസിക്കുന്ന ഹിംസയുടെ ചാക്രികതയുടെയും ഇച്ഛാഭംഗത്തിന്റെയും പ്രതീകമാണ്‌ അയാള്‍. പ്രസിയാദോ കണ്ടുമുട്ടുന്ന എദുവിഗസ് ദിയാദ എന്ന സ്ത്രീ അയാള്‍ക്കുവേണ്ടി ഒരുക്കാനൊന്നും അവര്‍ക്ക് സമയം കിട്ടിയില്ലെന്ന് പരിഭവം പറയും. ഒരാഴ്ച മുമ്പ് മരിച്ച പ്രസിയാദോയുടെ അമ്മ ഇപ്പോള്‍ അറിയിച്ചേയുള്ളൂ അയാളുടെ വരവിനെ കുറിച്ച് എന്നാണ് അവരുടെ വിശദീകരണം. വാസ്തവത്തില്‍, ലാറ്റിന്‍ അമേരിക്കന്‍ നോവല്‍ സാഹിത്യത്തില്‍  ഘടനാപരമായി മുമ്പില്ലാത്ത വ്യതിയാനത്തോടൊപ്പം ദുരൂഹ സ്വരങ്ങളുടെയും സാന്നിധ്യങ്ങളുടെയും ഭൂമികയെന്ന കൊമാല അനുഭവം ഇവിടെ തുടങ്ങുകയാണ്.  പാത്രസൃഷ്ടിയില്‍ അബൂന്ദിയോയോട് അടുത്തുനില്‍ക്കുന്ന മറ്റൊരു കഥാപാത്രം പെദ്രോ പരാമോയുടെ വീട്ടുവേലക്കാരിയായിരുന്ന ഡാമിയാനാ സിസ്നേരോ ആണ്. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ഇടയിലെ ഒരു പാലമായ ഡാമിയാനാ, കൊമാലയില്‍ കഴിയുന്ന കാലം മുഴുവന്‍ ഹുവാന്‍ പ്രസിയാദോയുടെ വഴികാട്ടിയാണ്. മരിച്ചുപോയവരുടെ സാന്നിധ്യമെന്ന പ്രമേയം കൃത്യമായും കാണാവുന്ന മറ്റൊരു കഥാപാത്രം യാചകിയായ ഡോരോതിയ എന്ന, അനപത്യദുഃഖം അനുഭവിക്കുന്ന സ്ത്രീയാണ്. ഹുവാന്‍ പ്രസിയാദോയുമായി കുഴിമാടം പങ്കിടുകയും പട്ടണത്തെ കുറിച്ചും അവിടത്തെ ആളുകളെ കുറിച്ചും അയാളോട് സംസാരിക്കുകയും ചെയ്യുന്നവള്‍. കൊമാലയിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങളുടെ പ്രതീകമായ ഡോരോതിയമരണത്തിനുപോലും ശാന്തമാക്കാനാകാത്ത ഓര്‍മ്മകളുടെ വേട്ടയാടല്‍ അനുഭവിക്കുന്നു.

ഫ്ലാഷ് ബാക്ക് സങ്കേതത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന, നോവലില്‍ ഏറ്റവും രേഖീയവും സുതാര്യവുമായ ആഖ്യാനമുള്ള ഏക ഭാഗവുമായ കഥഭാഗത്ത്, പെദ്രോ പരാമോ അധികാരത്തിലേക്ക് ഉയര്‍ന്നതെങ്ങനെ എന്നു നിരീക്ഷിക്കപ്പെടുന്നു. പെദ്രോയോടുള്ള വിധേയത്വത്തിന്റെയും കാര്യപ്രാപ്തിയുടെയും പ്രയോഗികതയുടെയും മാതൃകയും അയാളുടെ അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും വലങ്കയ്യുമായ, ഒടുവില്‍ വിപ്ലവകാരികളുടെ കൈകളാല്‍ കൊല്ലപ്പെടുകയെന്ന വിധി പേറുന്നകാര്യസ്ഥന്‍ ഫുള്‍ഗോര്‍ സെദാനോയോടൊപ്പം ക്രൂരമായ വെട്ടിപ്പിടുത്തങ്ങളിലൂടെ വികസിപ്പിച്ച ഭൂമിയും അധികാരപ്രയോഗത്തിന്റെ ഭാഗമായി നടത്തിയ നിര്‍ബന്ധിത വിവാഹങ്ങളും അയാളുടെ ജന്മിത്ത ക്രൂരത, ആണ്‍പോരിമഅധികാരപ്രമത്തത തുടങ്ങിയവ വെളിപ്പെടുത്തുന്നു. അത്തരമൊരു ചതിയിലൂടെ, ഭൂസ്വത്തില്‍ കണ്ണുവെച്ചു നടത്തിയ വിവാഹത്തിന്റെ ഇരയായിരുന്നു, ലക്ഷ്യം നേടിയ ഉടന്‍ അയാള്‍ ഉപേക്ഷിച്ച ഡോലോരെസ്. സ്വയം വേദനകളുടെ ഒരാള്‍രൂപമായി മാറുന്ന ഡോലോരെസ് പെദ്രോയുടെ അധികാരപ്രയോഗ ഇരകളുടെ പ്രതീകവും ആയിത്തീരുന്നു. നഷ്ടസ്വപ്നങ്ങളെയും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെയും പിന്തുടരുകയെന്ന നോവലിന്റെ ഭാവം ആരംഭിക്കുന്നതും അവരിലാണ്‌. അതാണ് അവര്‍ക്ക് അയാളോടുള്ള വെറുപ്പിനും നീതിതേടിയുള്ള ആ ദൗത്യമേല്‍പ്പിക്കലിനും ഇടയാക്കുക.

അയാളെക്കൊണ്ട് വിലയൊടുക്കിക്കണംഎന്റെ മോനെഈ വര്‍ഷങ്ങളത്രയും നമ്മളെ അയാളുടെ മനസ്സില്‍നിന്ന് അകറ്റിവെച്ചതിന്.”

ഭൂതകാലത്തിനും വര്‍ത്തമാന കാലത്തിനുമിടയില്‍ മുമ്പോട്ടും പിറകോട്ടും ചലിക്കുന്ന ആഖ്യാനം ‘ഗ്രീക്ക് കോറസ് പോലെ (F. Sdrigotti) മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും സ്വരങ്ങളുടെ സങ്കലനമാണ്. പെദ്രോക്ക് സുസാന സാന്‍ ഹുവാനിനോടുണ്ടായിരുന്ന തിരികെ കിട്ടാതെ പോയ പ്രണയം അയാളില്‍ ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍ പട്ടണവാസികളോടുള്ള ക്രൂരമായ ചതിപ്രയോഗങ്ങളും അനീതികളും ഒടുവില്‍ പട്ടണത്തിന്റെ നാശവുമായി പരിണമിക്കുകയായിരുന്നു. സ്വയം പീഡിതയും കലങ്ങിയ മനോനിലയുള്ളവളുമായ സുസാന, ഒരേസമയം പെദ്രോയുടെ അപ്രാപ്യസങ്കല്‍പ്പവും ഒപ്പം കൊമാലയുടെ ആത്മീയവൈകാരിക ജീര്‍ണ്ണതയുടെ പ്രതീകവുമാണ്. ദുരന്ത പാത്രവും സ്വന്തം ഓര്‍മ്മകളില്‍ നഷ്ടപ്പെട്ടവളും. സുസാനയുടെ അന്ത്യം പെദ്രോയുടെയും പട്ടണത്തിന്റെ തന്നെയും അന്തിമവിധിയെ പ്രതിഫലിപ്പിക്കുന്നു.

5.

നോവല്‍ മുന്നോട്ടുപോകുമ്പോള്‍ നമുക്ക് തിരിച്ചറിയനാകുന്നുഹുവാന്‍ തന്നെയും മരിച്ചുപോയവന്‍ ആണെന്നും കൊമാലയിലേക്കുള്ള അയാളുടെ യാത്ര സ്വന്തം വേരുതെടി എന്നപോലെത്തന്നെ മരണാനന്തര ലോകത്തേക്കുള്ള യാത്രയുമാണ് എന്നും.

“മര്‍മ്മരങ്ങള്‍ എന്നെ കൊന്നു. ഞാനെന്റെ ഭയത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ അത് വര്‍ദ്ധിച്ചുവന്നുഒടുവില്‍ എനിക്കത് ഇനിയും സഹിക്കാനാകില്ല എന്നായി.”

ഏതാണ്ട് നോവലിന്റെ പകുതിയോടെ സംഭവിക്കുന്ന ഈ വെളിപ്പെടുത്തലിനു ശേഷവും കൂടുതല്‍ സ്വരങ്ങള്‍ കേള്‍ക്കാവുന്നത് തുടരുന്നു:

“ഈ പട്ടണം പ്രതിധ്വനികള്‍ കൊണ്ട് നിറഞ്ഞതാണ്‌. അവര്‍ ചുമരുകള്‍ക്കു പിറകിലോഉരുളന്‍കല്ലുകള്‍ക്ക് താഴെയോ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന പോലെയാണത്. നടക്കുമ്പോള്‍ നിങ്ങള്‍ക്കു പിറകില്‍നിങ്ങളുടെ ചവിട്ടടികളില്‍ ചവിട്ടി ആരോ ഉണ്ടെന്നു നിങ്ങള്‍ക്ക് തോന്നും. നിങ്ങള്‍ക്ക് മര്‍മ്മരം കേള്‍ക്കാം. ആളുകള്‍ ചിരിക്കുന്നതും. തീര്‍ന്നുപോയ പോലുള്ള ചിരി. വര്‍ഷങ്ങളായി ക്ഷയിച്ചുപോയ സ്വരങ്ങള്‍.”

ഓര്‍മ്മകളും സ്വപ്നങ്ങളും അപരലോകത്തു നിന്നുള്ള സ്വരങ്ങളും ഇടതിങ്ങാന്‍ തുടങ്ങുന്നതോടെ ഒരു പട്ടണത്തിന്റെയും വ്യക്തിയുടെയും ചിത്രം തെളിഞ്ഞു വരുന്നു: കുറ്റബോധംആസക്തിചരിത്രത്തിന്റെ ഭാരം എന്നിവകൊണ്ട് മഥിതനായ ഒരാളുടെ ചിത്രം. എന്നാല്‍ഗുണാത്മക പ്രഭാവങ്ങള്‍ ഒന്നുമില്ലാത്ത പെദ്രോയെ വിധികല്‍പ്പനാ ഭാവത്തില്‍ ആരും വായിക്കേണ്ടതില്ലെന്ന് നിഷ്ടയുള്ള പോലെ സുസാനയെ കുറിച്ചുള്ള അയാളുടെ ഓര്‍മ്മകള്‍ നോവലിസ്റ്റ് വിവരിക്കുന്നു:

“അയാള്‍ കരുതിയിരുന്നു അയാള്‍ക്കവളെ അറിയാമെന്ന്. പക്ഷെ അതില്ലെന്നു അയാള്‍ തിരിച്ചറിഞ്ഞപ്പോഴുംഅവളാണ് ഈ ഭൂമിയില്‍ അയാള്‍ ഏറ്റവും സ്നേഹിച്ച വ്യക്തി എന്നറിഞ്ഞാല്‍ പോരായിരുന്നോഒപ്പം – ഇതാണ് ഏറ്റവും പ്രധാനം – അവള്‍ കാരണം അയാള്‍ മറ്റെല്ലാ ഓര്‍മ്മകളെയും മായ്ച്ചുകളയുന്ന ഒരു സങ്കല്‍പ്പവുമായി ഈ ഭൂമിയെ പ്രകാശിപ്പിച്ചുകൊണ്ട് കടന്നുപോകും.

പക്ഷെ സുസാനാ സാന്‍ ഹുവാന്‍ ഏതു ലോകത്താണ് ജീവിച്ചിരുന്നത്അതായിരുന്നു പെദ്രോ പരമോ ഒരിക്കലും അറിയാന്‍ ഇടയില്ലാത്ത കാര്യങ്ങളില്‍ ഒന്ന്.”

സ്വതേ ദുര്‍ബ്ബലനും പട്ടണത്തിന്റെ ജീര്‍ണ്ണതയില്‍ ഇടപെടാന്‍ കഴിയാത്തതിന്റെ കുറ്റബോധം ഉള്ളില്‍പേറുന്നവനുമായ ഫാദര്‍ റന്റെറിയയുടെ പരാജയം സഭയുടെതന്നെ പരാജയമാണ്. കൊമാലയില്‍ ജീവിച്ചിരിക്കുന്നവരുടെ പ്രതിനിധാനങ്ങളായി വരുന്ന സഹോദരങ്ങളായ ഡോനിസും സഹോദരിയും അവിശുദ്ധ രതി (incest) ബന്ധം വെച്ചുപുലര്‍ത്തുന്നത്കൊമാലയെ ചൂഴ്ന്നുനില്‍ക്കുന്ന സാമൂഹിക നൈതികതടെയും ധാര്‍മ്മികതയുടെയും പരിപൂര്‍ണ്ണ അഭാവത്തെ പ്രതിഫലിപ്പിക്കുന്നു. പാപബോധം പേറി ജീവിക്കുമ്പോള്‍ എണ്ണത്തില്‍ കൂടുതലും അപരലോകത്ത് നിന്നുള്ളവര്‍ ആയിരിക്കുന്നതിന്റെ ചകിതാവസ്ഥയെ കുറിച്ച് അവര്‍ നിരീക്ഷിക്കുന്നുണ്ട്:

“ഇവിടത്തെ രാത്രികള്‍ നിറയെ പ്രേതങ്ങളാണ്. തെരുവിലൂടെ നടക്കുന്ന എല്ലാ ആത്മാക്കളെയും നിങ്ങള്‍ കാണണം.  ഇരുട്ടാവുന്നതും അവര്‍ വന്നുതുടങ്ങും. ആര്‍ക്കും അവരെ കാണാന്‍ ഇഷ്ടമല്ല. അവരത്രയ്ക്ക് കൂടുതലുണ്ട്ഞങ്ങള്‍ അത്രയും കുറവുംഅതുകൊണ്ട് ഞങ്ങള്‍ അവരെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിഅവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ശ്രമിക്കുന്നതുപോലും നിര്‍ത്തിയിരിക്കുന്നു. ഞങ്ങള്‍ക്ക് ഇനിയും ചെലവിടാനും മാത്രം പ്രാര്‍ത്ഥനകള്‍ ഇല്ല.”

6. ‘അധസ്ഥിതരും 'പെദ്രോപരാമോ'യും

മെക്സിക്കന്‍ വിപ്ലവം വിഭാവനംചെയ്ത പരിവര്‍ത്തനങ്ങളും സംഭവിച്ച യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള വിടവ് ആദ്യനാളുകള്‍ തൊട്ടേ നിശിതമായി നിരീക്ഷിച്ച നോവലായിരുന്നുമുകളില്‍ സൂചിപ്പിച്ചപോലെഅസുവേലയുടെ കൃതി. ആദ്യകാല പ്രതീക്ഷകളുടെ അപചയം ഹൃദയാലുവായ എഴുത്തുകാരനില്‍ സൃഷ്ടിച്ച ആഴമേറിയ നൈരാശ്യമാണ് പുസ്തകത്തിന്റെ സ്വരത്തെ രൂപപ്പെടുത്തിയത്. 

ഒരര്‍ത്ഥത്തില്‍ അസുവേല അവസാനിപ്പിച്ചിടത്താണ് ഹുവാന്‍ റുള്‍ഫോ തുടങ്ങിയത് എന്നുപറയാം. അസുവേല ഭയപ്പെട്ട ആ പരിണതികളെ പ്രതിഫലിപ്പിച്ച റുള്‍ഫോവിപ്ലവത്തിന്റെ തൊട്ടുപിറകിലെ മെക്സിക്കന്‍ അനുഭവങ്ങളുടെ രാഷ്ട്രീയ മാനങ്ങള്‍ക്കപ്പുറം അധികാരത്തിന്റെയും ഹിംസാത്മകതയുടെയും ആത്മീയവും അസ്തിത്വപരവുമായ പരിണതികളിലാണ് നങ്കൂരമിട്ടത്. മൃതഭൂമിയായ കൊമാലയെന്ന പട്ടണത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കപ്പെട്ട നോവല്‍വിപ്ലവത്തിന്റെ പരാജയം മെക്സിക്കന്‍ ഗ്രാമീണജീവിതത്തില്‍ വരുത്തിയ തീരാദുരന്തങ്ങള്‍ ചിത്രീകരിച്ചു. വിപ്ലവം എന്തിനെയൊക്കെ അവസാനിപ്പിക്കാനാണോ വിഭാവനം ചെയ്യപ്പെട്ടത്അതേ എകാധിപത്യത്തിന്റെയും പുരുഷാധികാര പ്രമത്തദയുടെയും പ്രതീകം തന്നെയാണ് സര്‍വ്വാധികാരസ്ഥനായനോവലിന്റെ ടൈറ്റില്‍ കഥാപാത്രമായ ഭൂപ്രഭു. സ്വന്തം മരണത്തിനു ശേഷവും അയാള്‍ കൊമാലയെ ആവേശിക്കുന്നു. വിഭാവനം ചെയ്യപ്പെട്ട പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതിനു പകരം കൊമാലയെ ഊഷരവും ഭൂതാവിഷ്ടവുമായ ഒരിടമായി വിട്ടുവെക്കുകയാണ് വിപ്ലവം ചെയ്തത്. ദുര്‍വ്വിധികളുടെ ഭൂതകാലത്തിന്റെ പ്രതിധ്വനികള്‍ മുഴങ്ങിക്കേള്‍ക്കുന്ന ഇടം. അറുപതുകളിലെ ‘ലാറ്റിന്‍ അമേരിക്കന്‍ ബൂം പ്രതിഭാസത്തിനു തുടക്കമിടും വിധം നോവലില്‍ ഉപയോഗിക്കപ്പെട്ട മാജിക്കല്‍ റിയലിസത്തിന്റെ സമൃദ്ധമായ പ്രയോഗത്തിലൂടെ ജീവിതത്തിനും മൃത്യുവിനും ഇടയിലെ അതിരുകള്‍ നേര്‍ത്തു പോകുന്ന ആഖ്യാനത്തില്‍നാടിന്റെ ഭൗതിക അപചയം ആത്മീയ ശൂന്യതയുടെ പ്രതീകം തന്നെയായിത്തീരുന്നു. കൊമാല പ്രതീക്ഷാരാഹിത്യത്തിന്റെ രൂപകമാവുമ്പോള്‍ഒരിക്കല്‍ ജീവിതം തുടിച്ചുനിന്ന ഇടത്തിന്റെ ഓര്‍മ്മകളുമായി ജീവിതത്തിനും മൃത്യുവിനും ഇടയില്‍ ഇടറിനീങ്ങുന്ന പട്ടണത്തിലെ അന്തേവാസികള്‍ നൈരാശ്യത്തിന്റെ ചാക്രികതയില്‍പഴയ അനീതികളുടെ അവിരാമമായ തുടര്‍ച്ചയില്‍ വട്ടംചുറ്റുന്നു. നോവലില്‍ ഒരു പശ്ചാത്തലം മാത്രമല്ലാതകുന്ന കൊമാലവിപ്ലവാനന്തര മെക്സിക്കോയുടെ മനശാസ്ത്രപരവുംധാര്‍മ്മികവുമായ അപചയത്തിന്റെയും രൂപകം കൂടിയാണ്. നോവലില്‍ വിപ്ലവത്തിന്റെ സ്വാധീനം നേരിട്ടുള്ള ഒരു സന്ദര്‍ഭം എന്ന നിലക്കല്ലമറിച്ച് പഴയ ഒരോര്‍മ്മ എന്ന നിലയിലാണ്. കൊമാലയുടെ ഭൂമികയെ ഊഷരവും ജനതയെ ആത്മീയമായി മൃതവുമാക്കിയ ഒന്ന്.

 ഓര്‍മ്മകുറ്റബോധംവിമോചനം എന്നീ പ്രമേയങ്ങള്‍ നിരീക്ഷിക്കുന്ന നോവല്‍ അടിയന്തിര രാഷ്ട്രീയപ്രമേയത്തിനപ്പുറം പോവുകയും മിത്തിന്റെയുംസാര്‍വ്വലൌകികമായ മാനുഷിക ദുരന്തത്തിന്റെയും (human tragedy) തലങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു. ‘അണ്ടര്‍ഡോഗ്സില്‍’ സോഷ്യല്‍ റിയലിസത്തിന്റെ ശൈലിയില്‍ സമീപിക്കപ്പെടുന്ന ഭൂമികയെ ആലിഗറിയുടെയും അസ്തിത്വവാദ സമീപനങ്ങളുടെയും ശൈലിയിലാണ് റുള്‍ഫോ സമീപിക്കുന്നത്. നോവലിന്റെ ഒട്ടും രേഖീയമല്ലാത്ത ശിഥിലമായ ഘടനകൊമാലയുടെ ഭൂമികയുടെ പ്രാകൃതമായ സ്ഥലകാല വിഘടനത്തെ പ്രതിഫലിപ്പിക്കുന്നു. ഭൂതവും വര്‍ത്തമാനവും, ജീവിതവും മൃതിയും വേര്‍തിരിച്ചരിയാനാകാത്ത വിധം ഒരുമിക്കുന്ന ഒരു ‘ഇടയിട’ത്തിലാണ് (liminal space) കൊമാല ഇടംപിടിക്കുന്നത്. ഈ ആഖ്യാന ശൈഥില്യം കഥാപാത്രങ്ങളുടെ, പ്രത്യേകിച്ചും പെദ്രോ പരാമോയുടെയും ഹുവാന്‍ പ്രസിയാദോയുടെയും, മനശാസ്ത്രപരമായ വിഘടനത്തിന്റെ പ്രതിഫലനമാണ്. ഓര്‍മ്മകളുടെ നിയതത്വമില്ലായ്മയെയും അത് പ്രതിഫലിപ്പിക്കുന്നു. ഭൂതകാലം ഓര്‍മ്മകളായും മഹദ് സ്വപ്‌നങ്ങളുടെ മൃതശേഷിപ്പുകള്‍ ദുസ്വപ്ന പ്രത്യക്ഷങ്ങളായും വേട്ടയാടുന്ന വര്‍ത്തമാനത്തെ നേരിടാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന ശൈലിയാണ് പെദ്രോ പരാമോയുടെ ആഖ്യാനകേന്ദ്രത്തിലെ ചാക്രികവും സ്വപ്നസമാനവുമായ ശിഥിലഘടന എന്നര്‍ത്ഥം. കൊമാല അശാന്ത സാന്നിധ്യങ്ങളുടെ പുരാണപ്രോക്തമായ ശുദ്ധീകരണസ്ഥലി (purgatory) ആണ്; ഹുവാന്‍ പ്രേസിയാദോയുടെ ‘പിതാവിനെ തേടല്‍’ (quest for the father figure) അയാളുടെ സ്വത്വാന്വേഷണവും. അത് അയാളുടെ മരണത്തില്‍ കലാശിക്കുന്നത്, ജീര്‍ണ്ണമായ ലോകത്ത് ആത്യന്തികമായ, രക്ഷപ്പെടാനാകാത്ത അപചയമെന്ന കൊമാല പ്രതിനിധാനം ചെയ്യുന്ന നിഹിലിസ്റ്റ് പാഠത്തെ പൂര്‍ത്തീകരിക്കുന്നു. അസുവേലയുടെ കഥാപാത്രങ്ങള്‍ വിപ്ലവത്തിന്റെ തൊട്ടുപിറകെ സംഭവിച്ച രാഷ്ട്രീയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിലയുറപ്പിച്ചപ്പോള്‍, റുള്‍ഫോ കഥാപാത്രങ്ങള്‍ കൂടുതല്‍ പ്രതീകാത്മക സ്വഭാവങ്ങള്‍ ഉള്ളവരാണ്: ആഴമേറിയ അസ്തിത്വആത്മീയ പ്രതിസന്ധികളില്‍ ഉഴറുന്നവരാണ് അവര്‍. ചരിത്രം നേരിട്ട് വേട്ടയാടുന്ന ദുരന്തമാണ് അസുവേലയുടെ തട്ടകമെങ്കില്‍, റുള്‍ഫോയുടെ കഥാപാത്രങ്ങള്‍ ആ ‘പര്‍ഗേറ്ററി’യില്‍ ഭൂതകാലത്തിന്റെ പ്രേതസാന്നിധ്യങ്ങളോടൊപ്പം അനന്തമായ കറങ്ങിത്തിരിയലിലാണ്. പുത്തന്‍ ബൂര്‍ഷ്വാസിയുടെ പരാജയപ്പെട്ട സാമ്പത്തിക പരിഷ്കരണങ്ങളുടെ ആവിഷ്കാരമായ സാമൂഹിക നോവല്‍, പിതൃ-പുത്ര ദുരന്തമെന്ന ഈഡിപ്പല്‍ സംഘര്‍ഷത്തിന്റെ ആലിഗറി എന്നൊക്കെയുള്ള സാമൂഹിക, മനോവിജ്ഞാനീയ വായനകള്‍ ഒട്ടേറെ നോവലിനെ കുറിച്ച് വന്നിട്ടുണ്ടെങ്കിലും, ‘മരിച്ചുപോയവരുടെ നോവലിസ്റ്റ് എന്ന ലാങ്ഫോര്‍ഡിന്റെ (Walter M. Langford) നിരീക്ഷണത്തോട് ചേര്‍ന്നുപോകുമ്പോഴാണ് അവയൊക്കെയും കൂടുതല്‍ സംഗതമാകുന്നത്. 

പ്രധാന അവലംബങ്ങള്‍:

1.     Mexico in Its Novels’ by John S. Brushwood, University of Texas Press, 2014

രണ്ടു ലേഖനങ്ങള്‍ - ‘The Gradual Tempest’ Page 173-189

                              ‘The Novel of Time and Being’ Page 31-34

2.     ‘The Mexican Novel Comes of Age’ by Walter M. Langford, University of Notre Dame Press, London, 1972

മൂന്നു ലേഖനങ്ങള്‍ - ‘Mariano Azuela: A Break with the Past’ Pages: 14-33

                              ‘The Novels of Mexican Revolution’ Pages: 34-51 

                              ‘Juan Rulfo, Novelist of the Dead’ Pages: 88-102

3.     And Then There Was Pedro Páramo’, by Fernando Sdrigotti, The London Magazine, https://thelondonmagazine.org/91241-2/, Accessed 09.09.2024

4.     ‘Juan Perez Rulfo’s Pedro Páramo: A Microcosm of the Mexican

Revolution’s Aftermath’, Mark Anthony G. Moyano, Research Journal of Language, Literature and Humanities, Vol. 8(2), 9-11, May (2021).

                               

 

Friday, January 24, 2025

The Italian by Shukri al-Mabkhout/ Miled Faiza & Karen McNeil

 വസന്തം വരുംമുമ്പേ



(ടുണീഷ്യന്‍ നോവലിസ്റ്റ് ഷുക്റി മബ്കൂത് രചിച്ച The Italian, അറബ് സാഹിത്യത്തിനുള്ള  അന്താരാഷ്ട്ര പുരസ്കാരം നേടിയ നോവലാണ്‌. വ്യക്തിജീവിതത്തിലെ ട്രോമകളും ദേശചരിത്രത്തിലെ വൈരുധ്യങ്ങളും സാമൂഹ്യ പരിണാമങ്ങളുടെ ട്രാജെക്റ്ററിയില്‍ ഒരുമിപ്പിക്കുന്നതിലൂടെ അറബ് വസന്തം അനിവാര്യമാക്കിയ സാമൂഹ്യജീവിത പരിസരങ്ങള്‍ നോവല്‍ പരിശോധിക്കുന്നു.)

എന്നെ സംബന്ധിച്ച് നോവലെന്നത് ആദ്യനോട്ടത്തില്‍ സ്ഥിരതയാര്‍ന്നതെന്നു തോന്നിക്കുന്ന സമൂഹത്തിന്റെ അസ്ഥിരതകളിലേക്ക് നോക്കാനുള്ള ഒരുമാര്‍ഗ്ഗമാണ്. പുസ്തകത്തില്‍ വിവരിക്കപ്പെടുന്ന കാലുഷ്യങ്ങള്‍ എന്റെസ്വന്തം കാലുഷ്യങ്ങളല്ല. അത് ഒരു ഭരണത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിണമിക്കുന്ന ഒരു സമൂഹത്തിന്റെ കാലുഷ്യങ്ങളാണ്.” – ഷുക്റി മബ്കൂത്. (എലെയ്ന്‍ മാര്‍ഗോലിന്‍ ഉദ്ധരിക്കുന്നത്)*1

ടുണീഷ്യയുടെ തലസ്ഥാന നഗരിയായ ടൂനിസില്‍ 1962ല്‍ ജനിച്ച ഷുക്റി മബ്കൂത്, മനൂബ യൂനിവേഴ്സിറ്റിയില്‍ നിന്നു സാഹിത്യത്തില്‍ ഡോക്റ്ററേറ്റ് നേടുകയും ഒട്ടേറെ മാഗസിനുകളില്‍ എഡിറ്റോറിയല്‍ അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ടുണീഷ്യന്‍ യൂനിവേഴ്സിറ്റിയില്‍ പ്രൊഫസറായ അദ്ദേഹം ഒട്ടേറെ സാഹിത്യവിമര്‍ശന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മബ്കൂതിന്റെ ആദ്യ നോവലാണ്‌ വിഖ്യാതമായ അറബ് ബുക്കര്‍ (IPAF) പുരസ്‌കാരം നേടിയ The Italian.

അറബ് വസന്തത്തിനും പതിറ്റാണ്ടിനിപ്പുറവും ജനാധിപത്യത്തിന്റെ വെളിച്ചം മങ്ങിയാണെങ്കിലും നിലനില്‍ക്കുന്ന അറബ് ദേശം എന്ന ഖ്യാതിയുണ്ട് ടുണീഷ്യക്ക്. മെഡിറ്ററേനിയന്‍ പ്രദേശത്തിന്റെ മധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഇടമെന്ന നിലയില്‍ “ഭൂമിശാസ്ത്രവും കാലവും ചേരുമ്പോള്‍ വിധിയുടെ സമവാക്യം തീര്‍ക്കുന്നു”വെന്ന ജോസഫ് ബ്രോഡ്സ്കി നിരീക്ഷിച്ച ഇടം (ജോണ്‍ ഡോമിനി ഉദ്ധരിക്കുന്നത്)*2. ആധുനിക ടുണീഷ്യ സ്ഥാപിതമാകുന്നത് 1956ല്‍, വര്‍ദ്ധിച്ചുവന്ന കൊളോണിയല്‍വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്യത്തില്‍ ഫ്രഞ്ച്ഭരണം അവസാനിച്ചതോടെയാണ്. പോരാട്ടത്തിനു നേതൃത്വംനല്‍കിയ ഹബീബ് ബൂര്‍ഗിബ ഒരു സര്‍വ്വാധിപത്യക്രമം തുടങ്ങിവെക്കുന്നതാണ് പിന്നീടു കണ്ടത്. അതവസാനിക്കുന്നത് 1987ലെ അട്ടിമറിയോടെയാണ്. തുടര്‍ന്നുവന്ന ബെന്‍ അലി ഭരണവും ഏകാധിപത്യവഴിയില്‍ തന്നെയാണ് മുന്നോട്ടുപോയത്. 2011ലെ അറബ് വസന്തത്തോടെയാണ് ബെന്‍ അലി ഭരണം അവസാനിച്ചതും പതിയെയെങ്കിലും ജനാധിപത്യപ്രക്രിയ ആരംഭിച്ചതും.

വൈരുദ്ധ്യങ്ങളുടെ നാളുകള്‍

1987 ഒക്റ്റോബറിലെ രക്തരഹിതവിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. പ്രസിഡണ്ട്‌ ഹബീബ് ബൂര്‍ഗിബയെ അട്ടിമറിച്ചു സൈനുല്‍ ആബിദീന്‍ ബെന്‍ അലിയുടെ ഉദാര ഏകാധിപത്യ (benevolent dictatorship) ഭരണത്തിനു തുടക്കം കുറിച്ച പ്രസ്തുതഘട്ടം 2011ലെ വിപ്ലവംവരെ തുടര്‍ന്നു. ചരിത്രപരമായി ബെന്‍ അലി കാലഘട്ടത്തില്‍ ഒരു സാന്ദര്‍ഭികകേന്ദ്രീകരണമുണ്ടെങ്കിലും അതിനപ്പുറം ഭൂതകാലത്തിലേക്കും ഭാവിയിലേക്കും വേരുകള്‍ പടര്‍ത്തുന്ന ദേശപരിണാമങ്ങളെ നിരീക്ഷണവിധേയമാക്കുന്നു എന്നതാണ് നോവലിന്റെ പ്രസക്തി. ഭരണകൂട നേതൃമാറ്റം ആദ്യം ഉന്മാദകരമായി അനുഭവപ്പെടുന്ന കേന്ദ്രകഥാപാത്രങ്ങള്‍ അതിവേഗം മടുപ്പില്‍നിന്നു മടുപ്പിലേക്കു കൂപ്പുകുത്തുന്നത്, ദേശാനുഭവത്തില്‍ സംഭവിക്കുന്ന നൈരാശ്യത്തിന്റെതന്നെ പ്രതിഫലനമാണ്. എമ്പത്തിയേഴിനുമുമ്പ് ടുണീഷ്യപോലെ ഒരു അന്താരാഷ്‌ട്ര കേന്ദ്രത്തിനു യോജിച്ചവിധം അനാവശ്യ ഇടപെടലുകളില്‍നിന്നു വിട്ടുനിന്ന ബൂര്‍ഗിബയുടെ സമീപനമായിരുന്നു ദേശത്തിന്റെ പ്രകൃതം നിര്‍ണ്ണയിച്ചത്. വഹാബിസം പിടിമുറുക്കിയിരുന്നില്ല. യൂറോപ്യന്‍ സ്വാധീനം പ്രകടമായിരുന്ന നഗരത്തില്‍ സ്ത്രീകള്‍ സ്വതന്ത്രരായിരുന്നു. ഈ പശ്ചാത്തലത്തില്‍, നോവല്‍ മുന്നോട്ടുവെക്കുന്നത് കൂടുതല്‍ വലിയൊരു വിമോചനത്വരയുടെ ആവിഷ്കാരമാണ്: അത് ജെന്റര്‍ വിഭജനം പോലുള്ള മതിലുകള്‍ നിഷേധിക്കുന്നു, ക്യാമ്പസുകളില്‍ ജേണലിസത്തിലും, അക്കാദമിക് മേഖലകളിലും ഇടതുപക്ഷ പ്രവര്‍ത്തകരും ലിബറലുകളും ഇടംതേടുന്നു.

മികച്ച കുടുംബപശ്ചാത്തലവും ധൈഷണിക നിലവാരവുമുള്ള അബ്ദെല്‍ നാസര്‍ എന്ന മുഖ്യകഥാപാത്രത്തിനു ‘ഇറ്റാലിയന്‍’ (“el-Tayani”, the Italian) എന്ന പേരുകിട്ടുന്നത് അയാളുടെ സുന്ദരാകാരം കാരണമാണ്. അവന്‍ ജനിച്ച സമയത്ത് ലഭ്യമായിരുന്ന ഏക ടിവി ചാനല്‍ ഇറ്റാലിയന്‍ ആയിരുന്നതുകൊണ്ട് ഉമ്മ ഹജ്ജ സൈനബിന്റെ ആഗ്രഹം ഇറ്റാലിയന്‍ ചലച്ചിത്രതാരങ്ങളുടെ സൗന്ദര്യത്തില്‍ ഉടക്കിനിന്നതാവാം എന്ന സുഹൃത്തിന്റെ ഫലിതം, അതിനപ്പുറം, അക്കാലത്തെ നാട്ടിലെ സാംസ്കാരിക സ്വാധീനങ്ങളെ കുറിച്ചുകൂടി സൂചന നല്‍കുന്നുണ്ട്. തികച്ചും നാടകീയമായ ഒരു സംഭവത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. 1990ലെ വേനല്‍ക്കാലത്ത്, പിതാവിന്റെ അടക്കസമയത്ത്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്ന ഇമാമിനെ അബ്ദല്‍ നാസര്‍ അയാള്‍ക്കു മാത്രം തീര്‍ച്ചയുള്ള കാരണങ്ങളാല്‍ കഠിനമായി പ്രഹരിക്കുന്നു. താന്‍ പ്രാര്‍ഥിക്കാറില്ല എന്ന അയാളുടെ വിശ്വാസനിഷേധപ്രസ്താവവും ഞെട്ടിക്കുന്നതു തന്നെ. നാസറിന്റെ സഹോദരി ജവീദയുടെ അഭിപ്രായത്തില്‍ അവന്‍ വായിക്കുന്ന ചീത്ത പുസ്തകങ്ങളാണ് പ്രതിയെങ്കില്‍, ഉമ്മയെ സംബന്ധിച്ച് അവന്റെ സഹപാഠികളാണ് പ്രശ്നം. കുടുംബസുഹൃത്ത് ലല്ല ജനൈന മാത്രം മറിച്ചൊരു നിലപാടെടുക്കും: “അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും അതും അതില്‍ക്കൂടുതലും ചെയ്തേനെ!”. ഒരര്‍ഥത്തില്‍ ഈ ദുരൂഹ ചെയ്തിയുടെയും ഐക്യദാര്‍ഡ്യപ്രഖ്യാപനത്തിന്റെയും പിന്നാമ്പുറ ആവിഷ്കാരമാണ് നോവല്‍ എന്നുപറയാം. പക്ഷെ അത് വളരെ പരിമിതപ്പെടുത്തിയ ഒരു വായനയായിരിക്കും എന്നുമാത്രം.

ഉമ്മയുടെ നിര്‍ദ്ദേശപ്രകാരം നാസറിനോട് സംസാരിക്കുന്ന, പന്ത്രണ്ടു വയസ്സിന്റെ മൂപ്പുള്ള ജ്യേഷ്ഠ സഹോദരന്‍ സലാഹുദ്ദീനോട് താനൊരു പരാജയമാണ് എന്ന ആത്മപരിദേവനമാണ് നാസര്‍ നടത്തുക. കമ്പോള സാമ്പത്തികക്രമത്തില്‍ വിശ്വസിക്കുന്ന സലാഹുദ്ദീന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ സ്ഥിരതാമസമാണ്. മാര്‍ക്സിസ്റ്റായ സഹോദരന്റെ പരാജയബോധവും അടുത്തിടെ അവന്‍ ഭാര്യ സൈനയുമായി വിവാഹമോചനം നടത്തിയതുമെല്ലാം അയാള്‍ക്ക് ദുരൂഹമായി അനുഭവപ്പെടുന്നു. ഇവിടം തൊട്ടാണ് നാസറിന്റെ ബാല്യകാലസുഹൃത്തായ ആഖ്യാതാവ് റിബല്‍ സ്വഭാവം അടയാളപ്പെടുത്തുന്ന ആ കൗമാരകാലത്തിന്റെ കഥയില്‍ തുടങ്ങി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവും അറിയപ്പെടുന്ന ജേണലിസ്റ്റും ആയിത്തീരുന്ന ഭൂതകാലം ആവിഷ്കരിക്കുന്നത്. സുഹൃത്തും സന്തതസാഹചാരിയുമെന്ന നിലയില്‍ ചിലപ്പോഴൊക്കെ ഇണങ്ങിയും ചിലപ്പോഴൊക്കെ പിണങ്ങിയും ഇനിയും ചില ഘട്ടങ്ങളില്‍ അസൂയപ്പെട്ടും ഇടപഴകിയവരായിരുന്നു ഇരുവരും എന്നു സൂചനകളുണ്ടെങ്കിലും ഇതിവൃത്തത്തില്‍ എന്തെങ്കിലും കര്‍തൃത്വം ആഖ്യാതാവിനില്ല.

സ്വതന്ത്ര സ്ത്രീയുടെ കടമ്പകള്‍

ടുണീഷ്യയില്‍ വമ്പന്‍ പരിണാമങ്ങള്‍ സംഭവിക്കുന്ന സംഘര്‍ഷ കാലങ്ങളായിരുന്നു എമ്പതുകളും തൊണ്ണൂറുകളും. ഭരണകൂട അടിച്ചമര്‍ത്തല്‍ നേരിട്ടും ഇസ്ലാമിസത്തിന്റെ വളര്‍ച്ച ഒരു വശത്ത്‌, ക്യാമ്പസുകളിലും യുവജനങ്ങളിലും സ്വാധീനം വളര്‍ത്തിയ ഇടതുപക്ഷ രാഷ്ട്രീയം മറുവശത്ത്, ആദ്യത്തേതിനോട് ശത്രുതാപരമായി തെളിഞ്ഞും രണ്ടാമത്തെതിനോട് ജനാധിപത്യനാട്യങ്ങളോടെയും പ്രതികരിച്ച ബെന്‍ അലി ഭരണം ഇവക്കിടയില്‍. ഈ സമവാക്യത്തിലാണ് അബ്ദല്‍ നാസര്‍ - സൈന – നജ് ല ത്രയങ്ങളുടെ ബന്ധങ്ങളും സംഘര്‍ഷങ്ങളും വേര്‍പാടുകളും അരങ്ങേറുന്നത്. ഇടതുപക്ഷ വിദ്യാര്‍ഥി പ്രവര്‍ത്തക എന്ന നിലയിലാണ് സൈന ആദ്യം നാസറിനെ ആകര്‍ഷിക്കുക. തനിക്കു പ്രണയിക്കാനുള്ള കഴിവുണ്ടോ എന്ന് സ്വയം സന്ദേഹിക്കുന്ന സൈനയുടെ ദുരൂഹമെന്നു തോന്നിക്കുന്ന വ്യക്തിത്വത്തിനുപിന്നില്‍ കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ബലാല്‍ക്കാരം പോലുള്ള ട്രോമകളുണ്ട് എന്ന് പതിയെ വ്യക്തമാകുന്നുണ്ട്. എന്നാല്‍ തന്നെക്കാള്‍ ആത്മവീരമുള്ളവളാണ് സൈന എന്ന് നാസര്‍ കണ്ടെത്തുന്നു: ഒരുതരം ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാത്തവള്‍. സ്റ്റാലിന്‍ ഉള്‍പ്പടെ ഇടതു ബിംബങ്ങളെയെല്ലാം നിശിതമായി വിചാരണ ചെയ്യുന്നവള്‍. അപാരമായ ധൈഷണിക നിലവാരമുള്ളവള്‍. ഇതിന്റെയെല്ലാം ഫലമായി ലെഫ്റ്റ് ഗ്രൂപ്പിന്റെ ഉന്മൂലനഭീഷണിയുടെ നിഴലില്‍ വരുന്നവള്‍. എന്നാല്‍, ഉന്മൂലന ചുമതല ഏല്‍പ്പിക്കപ്പെടുന്ന നാസര്‍ അതിനുപകരം അവളുമായി പ്രണയബന്ധത്തില്‍ അകപ്പെടുകയാണ് ചെയ്യുക. പക്ഷെ, സാമ്പ്രദായികവിവാഹം പോലെ ഒന്നിലും തല്‍പ്പരയല്ല യഥാര്‍ഥത്തില്‍ സൈന. തന്നെയല്ല, അവളുടെ മുന്‍ഗണനകള്‍ തന്നെ അക്കാദമികമാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ അധ്യാപകവൃത്തി നിഷേധിക്കപ്പെടുന്ന സൈന മാസ്റ്റേഴ്സ് പഠനം തുടരുന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ സിവില്‍ സര്‍വ്വീസ് നിയമനങ്ങള്‍ നിലക്കുന്നത് പ്രതികൂലമായിത്തീരുന്നതിനെ തുടര്‍ന്ന് ഒരു സര്‍ക്കാര്‍ പത്രത്തില്‍ പ്രൂഫ്‌ റീഡര്‍ ജോലിയില്‍ പ്രവേശിക്കുന്ന നാസര്‍, അതിവേഗം അറിയപ്പെടുന്ന ജേണലിസ്റ്റായിത്തീരുന്നു. ഈ ഘട്ടത്തിലാണ്, എഴുതപ്പെടുന്ന ഓരോ വാക്കും സെന്‍സര്‍ഷിപ്പിനു വിധേയമാകുന്ന നാട്ടില്‍ ഒത്തുതീര്‍പ്പുകളുടെ മടുപ്പിക്കുന്ന പാഠങ്ങള്‍ അയാള്‍ പഠിച്ചുതുടങ്ങുക. തീപ്പൊരി നായകനായി അയാള്‍ ഉറ്റുനോക്കിയിരുന്ന സീനിയര്‍ സി അഹ്മദ് അയാളെ ഓര്‍മ്മിപ്പിക്കുന്നു: ടുണീഷ്യയില്‍ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമില്ല; അയാളുടെ സഹപ്രവര്‍ത്തകരെല്ലാം വെറും ഞാണിന്മേല്‍ കളിക്കാരാണ്. “ടുണീഷ്യയില്‍ സത്യത്തിന്റെ ഒരൊറ്റ ഉറവിടം മാത്രമേ ഉള്ളൂ: സ്റ്റേറ്റ്. ഇക്കാലത്ത്, ആഭ്യന്തരവകുപ്പുതന്നെയാണ് സ്റ്റേറ്റ്.” അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു:

“സ്റ്റേറ്റ് തന്നെയാണ് മനുഷ്യകുലം സൃഷ്ടിക്കുകയും പിന്നെ വിശ്വസിക്കുകയും ചെയ്ത എക്കാലത്തെയും ഏറ്റവും വലിയ നുണ. സ്റ്റേറ്റ് എന്നാല്‍ ഞാനാണ്. നീയും. ഞാനവശ്യപ്പെടാതെത്തന്നെ ഓഫീസില്‍ വെച്ച് എനിക്ക് തന്റെ ഉടല്‍ കാഴ്ചവെക്കുന്ന സെക്രട്ടറിയും, കാരണം അവളുടെ കണ്ണില്‍ ഞാനാണ് സ്റ്റേറ്റിന്റെ പ്രതിനിധാനം.”

ബെന്‍ അലിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ലേഖനം തയ്യാറാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അങ്കലാപ്പിലാകുന്ന ഇളംതലമുറക്കാരനെ അയാള്‍ ബോധ്യപ്പെടുത്തുന്നു: ബെന്‍ അലിയുടെ വാക്കുകള്‍ പുകമറ മാത്രമാണ്. ഇന്നവര്‍ ഇസ്ലാമിസ്റ്റുകളെ ഒതുക്കുന്ന തിരക്കിലാണ്. അതുകഴിയുമ്പോള്‍ അയാള്‍ തനിക്കറിയാവുന്ന കാര്യത്തിലേക്ക് നിര്‍ബ്ബാധം കടക്കും: അത് എതിര്‍ശബ്ദങ്ങളെ കൊന്നുടുക്കുക എന്നതായിരിക്കും. നോവലില്‍ അതുവരെ കണ്ട ആദര്‍ശധീരന്‍ ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക് പരുവപ്പെടുന്നത് ദേശയാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്കാരമായാണ് മനസ്സിലാക്കേണ്ടത്. മദ്യവും നൈരാശ്യവും ബാധ്യതയേതുമില്ലാത്ത പെണ്‍കൂട്ടുകളും അയാളുടെ സന്തതസഹചാരികളായിത്തീരുന്നത് ഒട്ടും ദുരൂഹവുമല്ല. 

ഫിലോസഫിയില്‍ ഗവേഷണം നടത്തുന്ന സൈനയുടെ ‘ഉദാരമായ സൗന്ദര്യം അമൃതേത്തായി നാസറിനെ കീഴ്പ്പെടുത്തുന്നുവെങ്കിലും, ആ വിവാഹം മുന്നോട്ടു പോകാനുള്ളതല്ല എന്നു തുടക്കത്തിലേ വ്യക്തമാണ്. സൈനയുടെ സുഹൃത്ത് കൂടിയായ നജ് , ഉന്മാദകരമായ ഒരു അഗമ്യഗമന ഘട്ടമായാണ് സൈന – നാസര്‍ ജോഡികള്‍ക്കിടയില്‍ കടന്നുവരിക. എന്നാല്‍, സാമ്പ്രദായിക ത്രികോണ പ്രണയത്തിന്റെ ലൈംഗിക മത്സരങ്ങളോ തരംതാണ അസൂയയോ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നതില്‍, ടുണീഷ്യന്‍ യാഥാസ്ഥിതികതക്ക് അപ്പുറമുള്ള യൂറോ-അമേരിക്കന്‍ സ്വാധീനങ്ങള്‍ കാണാം. അക്കാദമിക അന്വേഷണങ്ങളില്‍ സ്വയം നഷ്ടപ്പെടുന്ന സൈന വിട്ടുവെക്കുന്ന വിടവുകൂടിയാണ് നജ് ലയുടെ സാന്നിധ്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നതും. നാസറിനെ സംബന്ധിച്ച് സൈനയിലോ നജ് ലയിലോ അയാളുടെ ജീവിതത്തിലെ സ്ത്രീസാന്നിധ്യങ്ങള്‍ ഒതുങ്ങുന്നുമില്ല. സൈന വിട്ടുപോകുന്ന ഘട്ടത്തിലും വിവാഹമെന്ന കെട്ടുപാടിലേക്ക് നീങ്ങാന്‍ തയ്യാറില്ലാത്ത നജ് , ഏറെ തുറന്നെതെന്നു കരുതപ്പെടുന്ന ടുണീഷ്യന്‍ സ്ത്രീജീവിതത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നുണ്ട്: “ടുണീഷ്യയില്‍ ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമെന്നത് തന്റെ യജമാനനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ പരിമിതമാണ്; അത് തന്റെ ജീവിതം തെരഞ്ഞെടുക്കാന്‍ അവളെ അനുവദിക്കുന്നില്ല.” സാംസ്കാരിക, രാഷ്ട്രീയമണ്ഡലങ്ങളിലെ കെട്ടുപാടുകള്‍പോലെ, സ്ത്രീയുടെ സാമൂഹികപദവിയുടെ കാര്യത്തിലും കുരുക്കുകള്‍ ഏറെയാണ്‌ ഇവിടെ. യാഥാസ്ഥിതിക ഇസ്ലാമിന്റെയും യൂറോ-അമേരിക്കന്‍ മുതലാളിത്തത്തിന്റെയും കെട്ടുപാടുകള്‍ ഒരേസമയം അതിനെ നിയന്ത്രിക്കുന്നു. സമൂഹത്തിലെ ഉന്നതങ്ങളില്‍ വിഹരിക്കുന്ന അഭിസാരികയെന്ന നിലയിലേക്കുള്ള നജ് ലയുടെ പരിണാമം നോവലന്ത്യം സൂചിപ്പിക്കുന്നുണ്ട്. ടുണീഷ്യയിലെ അക്കാദമിക ശ്രമങ്ങള്‍ മടുത്തു ഉപേക്ഷിച്ചുപോകാന്‍ സൈനയെ നിര്‍ബന്ധിതയാക്കുന്നതും സ്ത്രീയുടെ സാമൂഹികബന്ധങ്ങളിലെ ഈ കാപട്യം തന്നെയാണ് എന്നതും ഇതോടു ചേര്‍ത്തുവെക്കാം: അനിതരസാധാരണമായ ധൈഷണിക വൈഭവം വിളിച്ചോതുന്ന തീസിസ് പൂര്‍ത്തിയാക്കിയെങ്കിലും ഒടുവില്‍ മദിപ്പിക്കുന്ന സൗന്ദര്യമുള്ള വെറുമൊരു പെണ്ണാണ് ഗൈഡിനെ സംബന്ധിച്ച് അവള്‍. ഇംഗിതത്തിനു വഴങ്ങാന്‍ തയാറില്ലാത്തവള്‍ ഏറ്റവും കുറഞ്ഞ ഗ്രേഡില്‍ ഒതുക്കപ്പെടുന്നത് അതുകൊണ്ടാണ്. അനുഭാവമുള്ള ഇതര ഫാക്കല്‍റ്റി അംഗങ്ങളും സീനിയര്‍ പ്രൊഫസര്‍മാരും നിസ്സഹായരായിപ്പോകും വിധം സൈനയിലെ വിപ്ലവകാരി പൊട്ടിത്തെറിക്കുന്നതോടെ അവള്‍ക്കുമുന്നില്‍ വേറെ വഴിയില്ലാതാകുന്നു. പാരീസിലേക്കു കുടിയേറി തന്റെ അക്കാദമിക അന്വേഷണം തുടരുന്ന സൈന, തന്നെക്കാള്‍ ഒരു തലമുറയുടെ തന്നെ പ്രായക്കൂടുതലുള്ള പ്രൊഫസറുടെ പങ്കാളിയാകുന്നത്, അവളുടെ മുന്‍ഗണനകളുടെ തുടര്‍ച്ച തന്നെയാണ്.

ട്രോമകളും മനോവിജ്ഞാനീയ തലങ്ങളും

ടുണീഷ്യന്‍ സമൂഹം സ്വാതന്ത്ര്യബോധമുള്ള സ്ത്രീക്ക് കരുതിവെക്കുന്നതെന്ത്‌ എന്ന് സൈനയിലൂടെയും നജ് ലയിലൂടെയും അന്വേഷിക്കപ്പെടുമ്പോള്‍, പുരുഷനും തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്‌ എന്ന് നോവല്‍ അടിവരയിടുന്നുണ്ട്. നോവലിന്റെ സിംഹഭാഗവും പിന്തുടരുന്ന ‘ഇറ്റാലിയ’ന്റെ കഥ ഒരുവേള ഒരു ‘മുതിര്‍ന്നുവരവിന്റെ കഥ (bildungsroman) ചട്ടക്കൂടുതന്നെ നോവലിനു നല്‍കുന്നുണ്ട് എന്നുപറയാം – അതല്ല നോവലിന്റെ ലക്ഷ്യമെന്ന് ഘടനയുടെ സൂക്ഷ്മ അവലോകനം വ്യക്തമാക്കുന്നുണ്ടെങ്കിലും. നോവലിന്റെ തുടക്കത്തില്‍ ഒരധ്യായം കൗമാരക്കാരനെ ലൈംഗികതയുടെ ആദ്യാനുഭവങ്ങളിലേക്ക് നയിക്കുന്ന ലല്ല ജനൈന എന്ന മുതിര്‍ന്ന കുടുംബസുഹൃത്തിന്റെ ഇടപെടല്‍ വിവരിക്കുന്നുണ്ട്. ഇമാം ഷെയ്ഖ് അല്ലാലയുടെ അസംതൃപ്തയായ ഭാര്യ. എന്തുകൊണ്ട് ലല്ല ജനൈന ആ വിധത്തിലൊക്കെ പെരുമാറുന്നു, ഇമാം അല്ലാലയെ അവള്‍ എന്തുകൊണ്ട് നീചമായി കൈകാര്യം ചെയ്യുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടി, തുടക്കത്തിലെ കയ്യേറ്റത്തിന്റെ കാരണം വ്യക്തമാകുന്ന നോവലന്ത്യത്തിലാണ് ലഭിക്കുക. ഭാര്യക്കു മുന്നില്‍പ്പോലും തോറ്റുപോകുന്ന തരത്തിലുള്ള ശേഷിയില്ലായ്മ ഒരു പീഡോഫിലിനെ സൃഷ്ടിക്കുന്നതും മതപണ്ഡിതന്റെ വേഷത്തിനുള്ളില്‍ ഒളിപ്പിച്ച പീഡകന്റെ കേയ്യേറ്റത്തില്‍ നിന്നും നേരിടുന്ന അനുഭവത്തിന്റെ കൈപ്പ് കുട്ടിക്കാലം മുതല്‍ ഉള്ളില്‍ തിളച്ചുമറിഞ്ഞത് പൊട്ടിത്തെറിക്കുന്നതും ഒരുവേള സമൂഹശരീരത്തിലെ ദുഷ്ടുകളുടെ പൊട്ടിത്തെറി തന്നെയാണ്. ഇക്കാര്യത്തില്‍, സൈനയുടെ അനുഭവത്തിന്റെ സമാന്തരം തന്നെ കാണാനാവുന്നത് ആ ദുഷ്ടുകള്‍ക്ക് ലിംഗഭേദങ്ങളില്‍ പോലും പരിരക്ഷയില്ല എന്നുതന്നെയാണ് വ്യക്തമാക്കുന്നത്.

ശക്തമായ മനോവിജ്ഞാനീയ ഉള്‍ക്കാഴ്ച്ചയോടെയാണ് നോവലിസ്റ്റ് തന്റെ കേന്ദ്രകഥാപാത്രത്തിന്റെ കുട്ടിക്കാല ട്രോമയെ സമീപിക്കുന്നതും ഇതിവൃത്തത്തിന്റെ സ്തോഭജനകമായ തൊടുത്തുവിടലിനെ അതുമായി കണ്ണിചേര്‍ക്കുന്നതും. അറിയപ്പെടുന്ന ചലച്ചിത്രകാരന്റെ സൗഹൃദം ഉറപ്പിക്കാന്‍ സ്വയം സമര്‍പ്പിക്കുന്ന അഭിനയമോഹിയായ നവയുവതി, യാഥാസ്ഥിതികസമൂഹം നിഷ്കര്‍ഷിക്കുന്ന കന്യകാത്വസംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ലക്ഷ്യം നേടാന്‍ സ്വീകരിക്കുന്ന ഉപായമാണ് നാസറിന്റെ അമര്‍ത്തിവെച്ച, അറപ്പുളവാക്കുന്ന ഓര്‍മ്മയെ ഉണര്‍ത്തുന്നത്. തുടര്‍ന്ന് അനുഭവപ്പെടുന്ന ബലഹീനതയുടെ പൊള്ളലില്‍നിന്നാണ് അവസാന അധ്യായത്തിന്റെ വിഷയമായ വ്യക്തമാക്കല്‍ സംഭവിക്കുന്നതും. ഈ ഘടനാതന്ത്രം, കേവലം പരിണാമഗുപ്തിയുടെ ആവശ്യം മാത്രമല്ല എന്നതാണ് പ്രധാനം. ടുണീഷ്യന്‍ സമൂഹം നേരിട്ട രാഷ്ട്രീയ സാംസ്കാരിക സംഘര്‍ഷങ്ങളുടെ ആവിഷ്കാരം എന്നതിനാണ് ഇവിടെ പ്രാധാന്യം. സൈനയേയും നാസറിനെയും പോലുള്ളവരുടെ സ്വപ്‌നങ്ങള്‍ എങ്ങനെയാണ് അങ്ങേയറ്റം ദുഷിച്ചതും പുരുഷാധിപത്യപരവുമായ സമൂഹത്തില്‍ തകര്‍ന്നുപോകുന്നത് എന്ന ചോദ്യമാണ് നോവലിന്റെ ശ്രദ്ധാകേന്ദ്രം. മൂല്യങ്ങള്‍ വെറും നാട്യവും വ്യക്തികളുടെ വിമോചിത സ്വപ്നങ്ങളെ കൊഞ്ഞനം കുത്തുന്നതും ആയിത്തീരുന്നതിന്റെ അസഹനീയത കൂടിയാണ് നാസറിന്റെ ആ പ്രവചനാതീത പ്രതികരണം. ആദര്‍ശവാദികളായ യുവതയുടെ നൈരാശ്യങ്ങള്‍ മാറ്റങ്ങളുടെ അനിവാര്യതയിലേക്കുള്ള ചൂണ്ടുപലകയാണ് എന്നിരിക്കെ, അതൊരു വ്യക്തിയുടെ മുതിര്‍ന്നുവരവിന്റെ കഥയായി ചുരുങ്ങിപ്പോകരുത് എന്ന നിഷ്കര്‍ഷയാണ് ഇവിടെ പ്രകടമാകുന്നത്. നോവലന്ത്യത്തില്‍ സൈനയുടെ പ്രായം വെറും ഇരുപത്തിനാലു വയസ്സാണ് എന്ന് നോവലിസ്റ്റ് ക്ലിപ്തപ്പെടുത്തുന്നത്, നോവലിനെ ഒരു ‘യുവാക്കളുടെ കൃതി’ ആക്കി മാറ്റുന്നുണ്ട്. പ്രണയ സംഗമങ്ങളുടെ വിവരണങ്ങള്‍ ‘ഇറോടിക്’ തീക്ഷ്ണതയിലേക്ക് വീണുപോകാതെ ആവിഷ്കരിക്കപ്പെടുന്നുണ്ടെങ്കിലും, തീവ്രവൈകാരികവും കാല്പ്പനികവുമായ ഭാഷ പ്രയോഗിക്കപ്പെടുന്നത്തിന്റെ വിശദീകരണവും നോവലിന്റെ സഹജമായ ഈ പ്രകൃതം തന്നെയാണ്. ജോണ്‍ ഡോമിനി ചൂണ്ടിക്കാട്ടുന്നതുപോലെ, മെഡിറ്ററേനിയനിലോ ലോകത്തെവിടെയോ ആയാലും “കുട്ടികള്‍ ചതിക്കപ്പെടുന്നതുപോലെ വേദനിപ്പിക്കുന്ന അധികം കാര്യങ്ങളില്ല”. (John Domini. ‘Shukri Mabkhout’s The Italian’, The Brooklyn Rail, October, 2021). ആ അര്‍ത്ഥത്തില്‍ നോവല്‍, അറബ് വസന്തം ഉന്നയിച്ച രാഷ്ട്രീയ സാംസ്കാരിക മുന്നേറ്റത്തിന്റെ ആവശ്യകതയെയാണ് ഉറ്റുനോക്കുന്നത് എന്നുപറയാം. നോവലിന്റെ പാഠത്തിലും പാത്രസൃഷ്ടികളിലും, നോവലിസ്റ്റ് നിഷേധിച്ചിട്ടുണ്ടെങ്കിലും, സാന്ദര്‍ഭികമായെങ്കിലും സ്റ്റേറ്റിന് അഹിതകരമായ എന്തിനെയും സെന്‍സര്‍ ചെയ്യുന്ന ഒരു നാട്ടില്‍ ജീവിക്കേണ്ടി വരുന്ന ബുദ്ധിജീവിയുടെ വീര്‍പ്പുമുട്ടല്‍ സംബന്ധിച്ച ആത്മകഥാപരമായ അനുരണനങ്ങള്‍ ഉണ്ട് എന്ന നിരീക്ഷണവും ഇതോടു ചേര്‍ത്തുവെക്കാം (Elaine Margolin). കാരെന്‍ മക്നീലും മിലെദ് ഫായിസയും ചേര്‍ന്ന് നടത്തിയ ഇംഗ്ലീഷ് വിവര്‍ത്തനം കണിശമാണ് എന്നു നിരൂപകമതം. അത് ‘എല്ലാതരം സങ്കീര്‍ണ്ണതകള്‍ക്കും സമാനപ്രയോഗങ്ങള്‍ കണ്ടെത്തുന്നു, അത് അടുക്കളയിലായാലും, ഗവണ്മെന്റ് ഹാളുകളില്‍ ആയാലും. (John Domini).

 

References:

1.            Elaine Margolin. Shukri Mabkhout’s “The Italian”: Characters Caught in a Sea Change’, Words Without Borders.

2.            John Domini. ‘Shukri Mabkhout’s The Italian’, The Brooklyn Rail, October, 2021

 

 

Saturday, January 18, 2025

The Harmony Silk Factory by Tash Aw

 

പട്ടില്‍ പൊതിഞ്ഞ സര്‍പ്പസാന്നിധ്യം




                                "look like the innocent flower/ But be the serpent under it." – (Macbeth 1.5.56-58)

    1971-ല്‍ തായ്‌വാനിലെ തായ്പെയില്‍ മലേഷ്യന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച ഓ ടാഷിനു രണ്ടു വയസ്സുള്ളപ്പോള്‍ കുടുംബം കൊലലംപൂരിലേക്ക് തിരിച്ചു പോയി. അവിടെ ഒരു കത്തോലിക്ക സ്കൂളില്‍ ചേര്‍ന്ന് പഠിച്ച ടാഷ്കൌമാരകാലത്ത് കുടുംബ സമേതം ഇംഗ്ലണ്ടിലെത്തി. കാംബ്രിഡ്ജിലും വാര്‍വിക്ക് യൂനിവേഴ്സിറ്റിയിലുമായി നിയമ ബിരുദം നേടിയ ശേഷം പല ജോലികളിലും വ്യാപൃതനായി. 2002-ല്‍ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയില്‍ സാഹിത്യവും ക്രിയേറ്റിവ് റൈറ്റിംഗ് കോഴ്സിലും ചേര്‍ന്ന കാലത്താണ് അദ്ദേഹം പ്രഥമ നോവല്‍ രചിക്കുന്നത്‌. 2005-ല്‍ പ്രസിദ്ധീകരിച്ച ‘ദി ഹാര്‍മണി സില്‍ക്ക് ഫാക്റ്ററി’ ആ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാര പരിഗണനയില്‍ എത്തുകയും പ്രഥമ നോവലിനുള്ള വൈറ്റ്ബ്രെഡ്‌ നോവല്‍ അവാര്‍ഡ്കോമന്‍വെല്‍ത്ത് സാഹിത്യ അവാര്‍ഡ്‌ (ഏഷ്യ-പസഫിക് ദേശം)ഗാര്‍ഡിയന്‍ പ്രഥമ പുസ്തക അവാര്‍ഡ്‌ എന്നിവ നേടുകയും ചെയ്തു. 2007-ല്‍ പുസ്തകം ഇന്റര്‍നാഷണല്‍ ഇംപാക് ഡബ്ലിന്‍ അവാര്‍ഡിനും ലോംഗ് ലിസ്റ്റ് ചെയ്യപ്പെട്ടു. ഒട്ടേറെ ലോകഭാഷകളിലേക്കും പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടു. ബി ബി സി പോലുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ സാഹിത്യ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താറുള്ള ടാഷ്ഇപ്പോള്‍ ലണ്ടനില്‍ ഐലിംഗ്ടണില്‍ താമസിക്കുന്നു. 

    മൂന്നു ഭാഗങ്ങളില്‍ മൂന്നു ആഖ്യാതാക്കളിലൂടെ പറയപ്പെടുന്ന കഥയുടെ കേന്ദ്രത്തില്‍ ഇരു ലോക യുദ്ധങ്ങള്‍ക്കും ബ്രിട്ടീഷ് കോളനിയായിരുന്ന മലയായുടെ ജാപ്പനീസ് അധിനിവേശത്തിനും ഇടക്കുള്ള കാലം പശ്ചാത്തലമൊരുക്കുന്നപറയത്തക്ക പാരമ്പര്യമോ അറിയപ്പെടുന്ന കുടുംബ വേരുകളോ ഇല്ലാത്ത ദുരൂഹ ഭൂതകാലമുള്ള ചൈനീസ് വംശജനായ ജോണി ലിം ആണ്- പില്‍ക്കാലം മലേഷ്യന്‍ ഖനി ദേശമായ കിന്റാ താഴ് വരയില്‍ ഏറ്റവും പ്രധാനിയായിത്തീരുന്ന ആള്‍. മകന്‍ ജാസ്പര്‍ അദ്ദേഹത്തിന്റെ അടക്കത്തില്‍ പങ്കെടുക്കാനായി തിരിച്ചെത്തിയ സന്ദര്‍ഭത്തിലാണ്, പതിറ്റാണ്ടുകള്‍ക്ക് ശേഷംആദ്യഭാഗം അയാളുടെ ഭാഷ്യമായി ചുരുള്‍ നിവരുന്നത്‌. ഫിറ്റ്സ്ജെറാള്‍ഡിന്റെ ക്ലാസ്സിക് കഥാപാത്രത്തെ (ഗാറ്റ്സ്ബി) ഓര്‍മ്മിപ്പിക്കുന്ന ഉയര്‍ച്ചയും പതനവും അടയാളപ്പെടുത്തുന്ന പിതാവിനെ സംബന്ധിച്ച മിത്തുകളില്‍ നിന്ന് സത്യം വേര്‍തിരിച്ചെടുക്കുകയെന്നത് ഏതാണ്ടൊരു സ്വയം സമാധാനിപ്പിക്കല്‍ പ്രക്രിയയാണ് അയാള്‍ക്ക്, ഒപ്പം ഭൂതകാലത്തെ തിരികെയെടുക്കലും അതില്‍ നിന്നുള്ള മോചനവും. അയാളുടെ വീക്ഷണത്തില്‍ പിതാവ്, പൊതു ധാരണക്ക് കടക വിരുദ്ധമായിഒട്ടും സമാരധ്യ വ്യക്തിത്വമല്ല. ഒളിച്ചോടി കിന്റാ താഴ് വരയില്‍ എത്തും മുമ്പ് അയാള്‍ ഒരു ബ്രിട്ടീഷ് അധീന ഖനിയിലെ അടിമവേലക്കാരന്‍ (indentured labourer ) ആയിരുന്നുവെന്നും ഒരു ഖനിയുടമയെ കുത്തിക്കൊന്ന പൂര്‍വ്വ ചരിത്രം അയാള്‍ക്കുണ്ട് എന്നും സൂചനകളുണ്ട്. അയാള്‍ തികഞ്ഞൊരു ഫ്രോഡ് ആണ്- കൂടിയതരം ക്രിമിനല്‍നുണയന്‍പെണ്‍വേട്ടക്കാരന്‍. യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൈപ്പുണ്യം ഉള്ളവനെങ്കിലും ആ മിടുക്ക് ഒരിക്കല്‍ അയാള്‍ക്ക് നേടിക്കൊടുത്ത കൊടുംപീഡനം തന്റെ സിദ്ധി പിന്നെയെന്നും മറച്ചുപിടിക്കാന്‍ അയാള്‍ക്ക് കാരണമാകും. അയാളുടെ വാഗ്ധോരണിയില്‍ മയങ്ങിയ ടൈഗര്‍ ടാന്‍ എന്ന ഹതഭാഗ്യന്റെ സ്വന്തമായിരുന്ന, ഹാര്‍മണി സില്‍ക്ക് ഫാക്റ്ററി എന്നു ഓമനപ്പേരിട്ട് വിളിക്കുന്ന ടെക്സ്റ്റൈല്‍ ഷോപ്പ്, ആസന്നമായ ജപ്പാന്‍ അധിനിവേശത്തിനെതിരെ ചെറുത്തു നില്‍പ്പുമായി മലകളില്‍ ഒളിച്ചു കഴിയുന്ന കമ്യൂണിസ്റ്റ് ഗറില്ലകളെ സഹായിക്കുന്നതുപോലുള്ള ടാനിന്റെ ഇടപാടുകള്‍ക്കുള്ള മറ മാത്രമായിരുന്നു. ലിം അയാളുടെ പിന്‍ഗാമിയാകുന്നതും സ്ഥലത്തെ ‘പ്രധാന ഭീകരന്‍’ ആയി സ്വയം അവരോധിക്കുന്നതും കുറ്റകൃത്യത്തിലൂടെത്തന്നെ. പിതാവിന്റെ പൂര്‍വ്വകാലം ചികഞ്ഞെടുക്കാന്‍ അത്തരം സൂചനകളുള്ള “ഓരോ ലേഖനങ്ങളും പുസ്തകവുംവാര്‍ത്ത പത്രവുംപ്രസിദ്ധീകരണവും” കണ്ടെത്തുകയെന്ന അത്ര സ്വാഭാവികമല്ലാത്ത മാര്‍ഗ്ഗമാണ് ജാസ്പ്പര്‍ അവലംബിക്കുന്നത്. മുപ്പതുകളുടെയും നാല്പ്പതുകളുടെയും യുദ്ധ പൂര്‍വ്വ- യുദ്ധ – അധിനിവേശ കാലഘട്ടത്തില്‍ ഒരു പിന്നോക്ക പ്രദേശത്ത്‌ അത്തരം രേഖപ്പെടുത്തല്‍ പോലും കഷ്ടിയാവും എന്നിരിക്കെ അത് ഒട്ടും ആശ്രയിക്കാവുന്ന ഒരു മാര്‍ഗ്ഗമല്ല. അതുകൊണ്ട് സ്വന്തം ആത്മനിഷ്ട നിരീക്ഷണങ്ങളും ചേര്‍ത്താണ് പിതാവെന്ന സമസ്യയെ അയാള്‍ സമീപിക്കുന്നത്. ഭാഗ്യവും കുശാഗ്ര ബുദ്ധിയും സ്വന്തം ഉന്നതിക്കായി കുറ്റകരമായ കരുനീക്കങ്ങള്‍ നടത്താനുള്ള മിടുക്കും ജാസ്പ്പറുടെ നിരീക്ഷണത്തില്‍ ജോണിയെ തികഞ്ഞൊരു മാക്യവെല്ലിയന്‍ കഥാപാത്രമാക്കുന്നുണ്ട്. ഇരുചെവിയറിയാത്ത ഒരു കുറ്റകൃത്യത്തിലൂടെ തന്റെ പ്രയാണം തുടങ്ങുന്ന ജോണി ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പ്രചാരകനും ഗറില്ലയും ആയിരുന്നെങ്കില്‍, ജപ്പാന്‍ അധിനിവേശം ഉറപ്പാകുന്നതോടെ മുമ്പേ പറക്കുന്ന പക്ഷിയായി ഒറ്റുകാരന്‍ ആയിമാറിയതായി സൂചനയുണ്ട്. തനിക്ക് ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത അത്രയും സമ്പന്നവും കുലീനവുമായ സൂങ് കുടുംബത്തില്‍ നിന്ന് സൗന്ദര്യത്തിനു കീര്‍ത്തികേട്ട സ്നോ സൂങ്ങിനെ വിവാഹം കഴിക്കുന്നതും ഭാര്യാ കുടുംബത്തിന്റെ സൌകര്യങ്ങള്‍ തന്ത്രപൂര്‍വ്വം ഉപയോഗിച്ച് പൊതുപ്രതിച്ഛായ സൃഷ്ടിച്ചെടുക്കുന്നതും അയാളുടെ സ്വന്തം ഉന്നമന പ്രവര്‍ത്തനങ്ങളില്‍പ്പെടും. എന്നാല്‍സ്വതേ ലജ്ജാലുവും വിനയശീലനുമായ ജോണിയുടെ ദുരൂഹ അതിമാനുഷ ഭാവമാറ്റം അത്രകണ്ട് വിശ്വസനീയമായി വായനയില്‍ അനുഭവപ്പെട്ടേക്കില്ല. ഹാര്‍മണി സില്‍ക്ക് ഫാക്റ്ററിയെന്ന യുദ്ധാനന്തര കാല കുറ്റകൃത്യങ്ങളുടെ കേന്ദ്രത്തെയും ഒരു പ്രതീകാത്മക ലക്ഷ്യത്തിനപ്പുറം വികസിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നില്ല.

    ജോണിയുടെ അടക്കത്തില്‍ പങ്കെടുക്കാനെത്തിയ ഇംഗ്ലീഷുകാരനായ അയാളുടെ സുഹൃത്ത് പീറ്റര്‍, ജാസ്പ്പറിന് നല്‍കുന്ന ഡയറിയിലൂടെയാണ് നോവലിന്റെ രണ്ടാം ഭാഗമായ സ്നോ സൂങ്ങിന്റെ ആഖ്യാനത്തിലെക്ക് നാം പ്രവേശിക്കുന്നത്. പ്രസവത്തെ തുടര്‍ന്ന് മരിക്കും മുമ്പ് സ്നോ എഴുതിയ 1941 സെപ്തംബര്‍ മുതല്‍ നവമ്പര്‍ വരെയുള്ള നാളുകളിലെ കുറിപ്പുകളില്‍, ജോണിയെ കുറിച്ചുള്ള ചിത്രം മറ്റൊന്നാണ്. ആത്മകഥാ ഭാവമുള്ള ഈ ഭാഗത്തെ മുഖ്യ കഥാപാത്രം സ്വാഭാവികമായും അയാളല്ല താനും. വിവാഹജീവിതത്തില്‍ ഒട്ടും സംതൃപ്തയല്ലാത്ത സ്നോ, ജാപ്പനീസ് അധിനിവേശത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥനും അക്കാഡമീഷ്യനുമായ, പില്‍ക്കാലം ‘കമ്പാറിലെ ഭീകരന്‍’ എന്നറിയപ്പെട്ട കുനിചിക മമോറുവുമായി അടുക്കുന്നത് ആ സൗന്ദര്യത്തിനു മുന്നില്‍ പതറിപ്പോകുന്ന, ജോണിയുടെ സുഹൃത്തും ദുരൂഹ ലൈംഗിക വ്യക്തിത്വത്തിനു ഉടമയുമായ പീറ്ററിനെ അസൂയാലുവാക്കുന്നത് നോവലില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുകള്‍ക്ക് കാരണമാകും. മകള്‍ക്കും മരുമകനും വേണ്ടി ഇത്തിരി വൈകിയാണെങ്കിലും സ്നോയുടെ പിതാവ് ഒരുക്കുന്ന ‘ഏഴു ദ്വീപുകള്‍’ എന്ന നിഗൂഡതയുടെ ഇടത്തിലേക്കുള്ള മധുവിധു യാത്രയില്‍ കുനിചിക മാമോറുപീറ്റര്‍ വേംവുഡ്മറ്റൊരു ഇംഗ്ലീഷുകാരനായ സുഹൃത്ത് ഫ്രെഡറിക്ക് ഹണി എന്നിവര്‍ കൂടെ പോകുന്നത് സാമാന്യമായി വിചിത്രം തന്നെയാണ്. എന്നാല്‍ ഈ യാത്രയിലാണ്നോവലിന്റെ മൂന്നാം ഭാഗമായ പീറ്ററിന്റെ ആഖ്യാനത്തില്‍ അനാവരണം ചെയ്യപ്പെടുന്നത് പോലെഅല്‍പ്പത്ത പൂര്‍ണ്ണമായ അഭ്യസൂയയുടെയും ദുരൂഹ ലക്ഷ്യങ്ങളുടെയും മൂടിവെച്ച രഹസ്യങ്ങളുടെയും, കൊലയിലും അതിലും മോശമായ ഒറ്റിലും എത്തിച്ചേരുന്ന, ഉരുള്‍ പൊട്ടലും സംഭവിക്കുക. പ്രതീതിയും യാഥാര്‍ത്ഥ്യവും ഒന്നല്ലാത്ത കഥാപാത്രങ്ങളുടെ വിനിമയങ്ങള്‍ക്ക് വൈയക്തികം എന്നതിനപ്പുറം രാഷ്ട്രീയസാംസ്കാരിക മുന്‍വിധികളുടെയും സംഘര്‍ഷങ്ങങ്ങളുടെയും അടിയൊഴുക്കുകളുണ്ടായിരുന്നു എന്നു വ്യക്തമാകുക നോവലിന്റെ വര്‍ത്തമാന കാലത്തിനും ഭൂതകാലത്തിനുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന, എഴുപതുകളിലെത്തിയ പീറ്ററുടെ ആഖ്യാനത്തിലാണ്. സ്നോയുടെ ഡയറിയില്‍ ദുരൂഹമായി ബാക്കിനില്‍ക്കുന്ന പല ഘടകങ്ങളും ഇവിടെ പിന്‍ നോട്ടത്തിന്റെ ആധികാരികതയില്‍ കണ്ണിചേരുന്നുമുണ്ട്. ഫ്രെഡറിക്ക് ഹണി എന്ന കഥാപാത്രത്തിന് നോവലില്‍ ലഭിക്കുന്ന ഒട്ടൊക്കെ ദുരൂഹമായ പ്രാധാന്യം ന്യായീകരിക്കപ്പെടുന്നതും പീറ്ററുടെ ആഖ്യാനത്തിലാണ്. അയാളാണ് പീറ്ററോട് പറയുക: ഒരു ഇംഗ്ലീഷുകാരന്‍ ഇവിടെ അധികപ്പറ്റാണ്. നിങ്ങള്‍ ഒരിക്കലും അവര്‍ക്ക് പ്രിയപ്പെട്ടവര്‍ ആകില്ല. സ്നോയുടെ സൗന്ദര്യം വരാനിരിക്കുന്ന അപകട നാളുകളില്‍ മമോറുവിന്റെ പരിരക്ഷ ഉറപ്പു വരുത്താനുള്ള ചൂണ്ടയായി പിതാവും ഭര്‍ത്താവും ഉപയോഗിക്കുകയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സ്നോയെ രക്ഷിച്ചു കൂടെ കൊണ്ടുപോകണമെന്നു ജോണി പീറ്ററിനോട് പറയുന്നത് കാപട്യമാണ്. ‘പാശ്ചാത്യ-പൗരസ്ത്യ സംഘര്‍ഷത്തിന്റെ’ (east-west confrontation) വാര്‍പ്പുസങ്കല്‍പ്പങ്ങള്‍ പങ്കുവെക്കുന്ന ഹണി, സ്നോ-മമോറു ബന്ധത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഗൂഡാലോചനാ സിദ്ധാന്തം നോവലില്‍ എത്രകണ്ട് പ്രസക്തമാണ് എന്നത് തര്‍ക്ക വിഷയമാകാമെങ്കിലുംബ്രിട്ടീഷ് കോളനിയായിരുന്ന മലയായിലേക്ക് ഇരമ്പിയെത്തിയ ജാപ്പനീസ് പടയോട്ടവും അതെത്തുടര്‍ന്ന് ബ്രിട്ടീഷ് പൗരന്മാര്‍ പലായനം ചെയ്തതും ചരിത്രമാണ്. മഞ്ചൂറിയയില്‍ ജാപ്പനീസ് അധിനിവേശം നടത്തിയ അത്യാചാരങ്ങള്‍ സൃഷ്ടിച്ച ചകിതാവസ്ഥ നിലനില്‍ക്കുമ്പോഴും സമീപ ഭാവിയില്‍ അത് തങ്ങളുടെയും വിധിയായിത്തീരുമെന്ന വസ്തുത സാമാന്യപൊതുബോധത്തില്‍ ഇടംപിടിക്കാത്തതില്‍ ജോണി അസ്വസ്ഥനായിരുന്നു  ന്നും അത് സംഭവിക്കുമ്പോള്‍ കമ്യൂണിസ്റ്റ് അനുഭാവം ഉള്‍പ്പടെയുള്ള തന്റെ ഭൂതകാലം തനിക്ക് ഏറ്റവും അപകടകരമായ അവസ്ഥ സൃഷ്ടിക്കുമെന്നും അയാള്‍ പീറ്ററിനോട് വെളിപ്പെടുത്തിയിരുന്നു. ആത്മസുഹൃത്ത് എന്ന് വിവരിക്കുകയും ബ്രിട്ടീഷ് സംരക്ഷണത്തെ കുറിച്ച് വലിയ വായില്‍ ഉറപ്പു കൊടുക്കുകയും ചെയ്യുമ്പോഴും തന്നെ ഭരിച്ചത് സ്നോയോടുള്ള അഭിനിവേശം മാത്രമായിരുന്നുവെന്ന് പീറ്റര്‍ ഏതാണ്ട് ഏറ്റുപറയുന്നുണ്ട്. ജോണിയെ കുറിച്ച് അയാള്‍ തന്നെ വിശ്വസിച്ച് ഏറ്റുപറഞ്ഞ രഹസ്യങ്ങള്‍ മമോറുവിനെ അറിയിക്കാനും പീറ്റര്‍ തയ്യാറാകുന്നുണ്ടെന്നു വ്യക്തമാണ്വസ്തു നിഷ്ഠമായി അയാള്‍ അത് ചെയ്തോ എന്ന് വ്യക്തമല്ലെങ്കിലും. തന്നെക്കുറിച്ചു ഏറ്റവും മോശം ഒറ്റുകാരന്‍ എന്ന് വിവരിച്ചുകൊണ്ടാണ് അയാള്‍ ഡയറി ജാസ്പ്പറിനെ ഏല്‍പ്പിക്കുക. ജോണിയല്ല ജാസ്പ്പറുടെ പിതാവ് എന്ന സാധ്യത പോലും അയാള്‍ സൂചിപ്പിക്കുന്നുമുണ്ട്. 

    ഇതിവൃത്തം അപ്രധാനവും പാത്രാവിഷ്കാരം സുപ്രധാനവുമായ ഒരു നോവല്‍ എന്ന നിലയില്‍ കേന്ദ്ര കഥാപാത്രത്തിന്റെ ചിത്രീകരണത്തില്‍ ഒടുവിലും ബാക്കിനില്‍ക്കുന്ന അവ്യക്തതകള്‍ ബോധപൂര്‍വ്വം നോവലിസ്റ്റ് സൃഷ്ടിച്ചു വെച്ചത് തന്നെയോ എന്ന ചോദ്യം പ്രസക്തമാണ്. ജോണിയെ മൂന്നു ആഖ്യാന വീക്ഷണങ്ങളിലൂടെ അവതരിപ്പിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അയാളുടെ മനോവ്യാപാരങ്ങള്‍ വായനക്കാര്‍ക്ക് അന്യമായിത്തുടരുന്നു. ജാസ്പ്പര്‍ അയാളില്‍ നിന്ന് വിമോചകമായ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് കഥ പറയുന്നതെങ്കില്‍ സ്നോയുടെയും പീറ്ററുടെയും ആഖ്യാനങ്ങള്‍ ആത്മനിഷ്ടമെന്ന നിലയില്‍ അവരവരില്‍ തന്നെ കേന്ദ്രിതമാണ്. “സിംഗപ്പൂരില്‍ ഷെല്ലിയെ വായിക്കുന്ന ഒരേയൊരാള്‍” എന്നൊക്കെ പീറ്റര്‍ ജോണിയെ കുറിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും ഈ രണ്ടു ഭാഗങ്ങളിലും ജോണി മറ്റുപലരില്‍ ഒരാള്‍ മാത്രവുമാണ്. വാസ്തവത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയുള്ള ഒരു ആവിഷ്കാരത്തിനു പകരം ഒട്ടേറെ സമസ്യകള്‍ ബാക്കിവെച്ചാണ് നോവല്‍ അവസാനിക്കുന്നതുതന്നെ. മരണശേഷവും ഒരാളെങ്ങിനെയാണ് മറ്റുള്ളവരുടെ നിരീക്ഷണങ്ങളിലൂടെ പരിണാമ വിധേയനായി തുടരുകയെന്ന ചോദ്യവും അതിലൊന്നാണ്. ഒരേ സംഭവത്തെയോ വ്യക്തിയെയോ ഒന്നിലേറെപ്പേര്‍ വിവരിക്കുമ്പോള്‍ അത് വ്യത്യസ്തം മാത്രമല്ല പരസ്പരം അപനിര്‍മ്മിക്കുന്നതുകൂടി ആയിത്തീരുന്ന ‘റാഷമോണ്‍’ ശൈലി നോവലില്‍ പ്രകടമാണ്. ജോണിയുടെ സമകാലികരുടെ (സ്നോപീറ്റര്‍) ആഖ്യാനങ്ങളില്‍ അയാള്‍ പരമാവധി ഇത്തിരി കാപട്യങ്ങളോ അതില്‍ക്കൂടുതല്‍ അതിനിഷ്കളങ്കതയോ ഉള്ള, താരതമ്യേന വായനക്കാരുടെ സാഹാനുഭൂതി നേടാന്‍ പര്യാപ്തനായ ചപല/ ചകിതഹൃദയനായ ഒരാളാണെങ്കില്‍, പതിറ്റാണ്ടുകളുടെ അകലത്തില്‍ നിന്ന് പിതാവിനെ വിലയിരുത്താന്‍ ശ്രമിക്കുന്ന മകന്‍ നല്‍കുന്ന ചിത്രം തികച്ചും ഇരുണ്ട ഒന്നാണ്. ഈ രണ്ടാമത് ചിത്രമാണ് നോവലില്‍ ആദ്യം കടന്നുവരുന്നത്‌ എന്നത്വായനയെ നിരന്തരം ഒരു ബലാബലത്തില്‍ നിര്‍ത്തുന്നു: സ്നോയുടെയും പീറ്ററിന്റെയും നിലപാടുകളെ മുഖവിലക്കെടുക്കണോ അതോഫ്രെഡറിക്ക് ഹണി ആരോപിക്കുമ്പോലെ ജോണിയെ തികഞ്ഞൊരു ആത്മരക്ഷാവാദി  യി കാണണോ എന്നതാണ് അത്. പുസ്തകത്തിന്റെ ആദ്യ ഭാഗത്തില്‍ ജാസ്പ്പര്‍ നടത്തുന്ന തരം സ്വഭാവഹത്യയില്‍ നിന്ന് ഒരു കഥാപാത്രം കരകയറുക എന്നത് അത്ര സുസാധ്യമല്ല എന്നിരിക്കെരണ്ടും മൂന്നും ഭാഗങ്ങളില്‍ ജോണിക്കനുകൂലമായ സങ്കീര്‍ണ്ണത സൃഷ്ടിക്കാനുള്ള ഒരാദ്യ നോവല്‍ രചനക്കാരന്റെ ധൈര്യം കഥപറയാനുള്ള കഴിവില്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെയാണ് കാണിക്കുന്നത്. ആദ്യഭാഗത്തെ പുഞ്ചിരിക്കുന്ന ചെകുത്താനില്‍ നിന്ന് മൂന്നാം ഭാഗത്തെ വഞ്ചിതനായ ഭര്‍ത്താവിലേക്കും ഇവക്കിടയില്‍ സ്ഥിരീകരിച്ചിട്ടില്ലാത്ത ഒറ്റുകാരന്‍ വേഷത്തിലേക്കുമുള്ള ജോണിയുടെ പരിണാമങ്ങള്‍, വിധികല്‍പ്പനകളെ പ്രശ്നവല്‍ക്കരിക്കുകയും നോവലിനെ ഒരു തുറന്നിട്ട സമാപ്തിയില്‍ എത്തിക്കുകയും ചെയ്യുന്നു. പാത്രാവിഷ്കാരത്തിലെ അനിശ്ചിതത്വം ജോണിയില്‍ മാത്രമല്ല കാണാനാവുക എന്നും നിരീക്ഷിക്കാനാവും. സ്നോപേര് സൂചിപ്പിക്കും വിധം അത്ര നിഷ്കളങ്കപേലവ പ്രകൃതിയല്ലെന്നും കണക്കുകൂട്ടലുകളും കരുനീക്കങ്ങളും അവരുടെയും രീതികളില്‍ ഉണ്ടെന്നും വ്യക്തമാണ്. ഫ്രെഡറിക്ക് ഹണി ഒരു തികഞ്ഞ സാമ്രാജ്യത്വ ബൂര്‍ഷ്വാ മനസ്ഥിതിക്കാരനും കോളനി ദേശങ്ങളെ കുറിച്ച് പുച്ഛം സൂക്ഷിക്കുന്നവനുമാണെങ്കില്‍ വേംവുഡ് എന്ന അസുഖകരമായ പേരുണ്ടെങ്കിലും കൂട്ടത്തില്‍ മനുഷ്യത്വത്തിന്റെ ലാഞ്ചനയെങ്കിലും മലയാ ദേശത്തോടും മനുഷ്യരോടും കാണിക്കുന്നുണ്ട് പീറ്റര്‍. എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ വരികളില്ലവരികള്‍ക്കിടയില്‍  തന്നെയാണ് വായനക്കാരന്‍ കണ്ടെത്തുക. കുനിചിക എന്തായിത്തീരുമെന്ന സൂചനകള്‍ അയാളുടെ അക്കാദമിക്റൊമാന്റിക് പരിവേഷങ്ങളില്‍ നിന്ന് ധ്രുവാന്തരത്തിലുമാണ്.  

 

    നോവലിന്റെ വായനയില്‍ ഏറെ ഹൃദ്യമായി അനുഭവപ്പെടുന്ന ഒരു ഘടകം ബിംബസങ്കല്‍പ്പനങ്ങളാണ്. ‘സില്‍ക്ക്’ എന്നത് അതിസൂക്ഷ്മമായ ബിംബ സൂചകമായും നോവലില്‍ ഉപയോഗിക്കുന്ന രീതി ഇതില്‍ പ്രധാനമാണ്. ജോണി വില്‍ക്കുന്ന സില്‍ക്ക് തലക്കെട്ടിന്റെ ഭാഗമാണെങ്കില്‍ഓര്‍മ്മകളെ ഒന്നുമില്ലായ്മയില്‍ നിന്ന് നെയ്തെടുക്കുന്ന സില്‍ക്ക് ആയി വിവരിക്കപ്പെടുന്നുണ്ട്. വയോധികനായിക്കഴിഞ്ഞ പീറ്റര്‍ വര്‍ഷങ്ങള്‍ക്കു ശേഷം സ്നോയോടുണ്ടായിരുന്ന രഹസ്യപ്രണയത്തെ ഓര്‍ത്തെടുക്കുക “ആദ്യത്തെ ശൂന്യതക്ക് മേല്‍ വര്‍ഷങ്ങള്‍ അടരുകളായി സൃഷ്ടിച്ച വികാരങ്ങള്‍ഒരു നഗ്നമായ മേശയില്‍ മേല്‍ക്കുമേല്‍ സില്‍ക്ക് ഷീറ്റുകള്‍ പോലെ” എന്നാണ്. പറുദീസാ ബിംബകല്‍പ്പനകളിലൂടെയാണ് മലയയില്‍ എത്തിയ ആദ്യാനുഭവം പീറ്റര്‍ വിവരിക്കുന്നത് എന്നത് പ്രധാനമാണ്. “തീരത്തോടടുത്ത് സാംപന്‍ ബോട്ടുകളും ടഗ് ബോട്ടുകളും പതിയെ ഇളകുന്നത് നോക്കിക്കൊണ്ട്‌ കപ്പലില്‍ നിന്ന് സിംഗപ്പൂര്‍ ഹാര്‍ബറില്‍ ഇറങ്ങിയതു ഞാനോര്‍ക്കുന്നു. മിനുത്ത തൊലിയുള്ള സ്ത്രീ പുരുഷന്മാര്‍ വെയിലിന്റെ നിറമുള്ള പഴങ്ങള്‍ വിറ്റുകൊണ്ടിരുന്നുപരസ്പരം പക്ഷികളെപ്പോലെ ഈണത്തില്‍ സംസാരിച്ചു. ഗന്ധങ്ങളും മനംമയക്കുന്നതായിരുന്നു. എനിക്ക് ചുറ്റും കാറ്റില്‍ എല്ലായിടത്തും മണ്ണിന്റെയും കാരമലിന്റെയും കൗതുകകരമായ ഗന്ധമുണ്ടായിരുന്നു.” ജോണിയുടെ ഓര്‍മ്മക്കായി പീറ്റര്‍ നിര്‍മ്മിക്കുന്ന തോട്ടം നോവലില്‍ പലവുരു പ്രയോഗിക്കപ്പെടുന്ന ‘വനം’ എന്ന ബിംബത്തിന്റെ രൂപാന്തരമാണ്. കാടിന്റെ ‘ഹാനികരമായ അധിനിവേശത്തിനെതിരെയുള്ള ഇടപെടലായി അയാള്‍ അതിനെ വ്യാഖ്യാനിക്കുന്നു. അതൊരു സിസിഫിയന്‍ ശ്രമമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നോവലില്‍ പേര്‍ത്തും പേര്‍ത്തും കടന്നുവരുന്ന ആശയം “മരണം എല്ലാ അടയാളങ്ങളെയും, എല്ലാ ഓര്‍മ്മകളെയും മായ്ച്ചുകളയുന്നു” എന്നാണെങ്കിലും ജോണിയുടെ ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ വര്‍ത്തമാനത്തിലേക്ക്‌ തുളുമ്പിവരിക തന്നെ ചെയ്യുന്നു. മരിച്ചവരുടെ വിട്ടുപോകാത്ത പിടുത്തവും ജീവിച്ചിരിക്കുന്നവരുടെ കടലാസിന്റെ കനമുള്ള ബന്ധങ്ങളും: നോവലിലെ ഏറ്റവും നിര്‍ണ്ണായകമായ പ്രമേയം ഇതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. (Anita Sethi: independent) 

    കൊളോണിയല്‍ ചരിത്രം സ്വാതന്ത്ര്യത്തിലേക്കല്ല, കൂടുതല്‍ ഭീകരമായ മറ്റൊരു അധിനിവേശത്തിലേക്കായിരുന്നു വഴിതുറന്നത്അതെത്രമാത്രം ഹ്രസ്വമായിരുന്നെങ്കിലും, എന്നതാണ് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ജാപ്പനീസ് അധിനിവേശത്തിലേക്ക് വീണുപോയ മലേഷ്യയുടെ ദുരന്തം. നോവലിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം നിര്‍ണ്ണയിക്കുന്നത് ഈ ഇരട്ട ദുരന്തമാണ്. ടാന്‍ ട്വാന്‍ എങ് (ദി ഗാര്‍ഡന്‍ ഓഫ് ഈവനിംഗ് മിസ്റ്റ്സ്ഗിഫ്റ്റ് ഓഫ് ദി റെയ്ന്‍), റാണി മനിക്കാ (ദി റൈസ് മദര്‍ടച്ചിംഗ് എര്‍ത്ത്..) തുടങ്ങിയ എഴുത്തുകാര്‍ തീക്ഷണമായി അവതരിപ്പിച്ചിട്ടുള്ള ഈ സംഘര്‍ഷകാലത്തെ ശക്തമായി ആവിഷ്കരിക്കുന്ന മറ്റൊരു കൃതിയായി ‘ഹാര്‍മ്മണി സില്‍ക്ക് ഫാക്റ്ററി’ സ്വയം അടയാളപ്പെടുന്നു.

 

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 87-94)


Friday, January 17, 2025

Cities of Salt by Abdul Rahman Munif/ Peter Theroux

 എണ്ണപ്പാടങ്ങളുടെ പുസ്തകം


          ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍ സൌദിഅറേബ്യന്‍ മാതാപിതാക്കളുടെ മകനായി 1933ല്‍ ജനനംബാഗ്ദാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം; ബെല്‍ഗ്രേഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എണ്ണ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ്; ഇറാഖി എണ്ണവ്യവസായ മന്ത്രാലയത്തില്‍ സേവനം; ഇറാഖി ബാത് പാര്‍ട്ടിയില്‍ സജീവ അംഗത്വം – ഇങ്ങനെ പോകുന്നു 1970കളില്‍ രാഷ്ട്രീയ വിയോജിപ്പുകളെ തുടര്‍ന്നു പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയും ഡമാസ്കസില്‍ താമസമാക്കുകയും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തിന്റെ നിശിത വിമര്‍ശകനായ മുഴുസമയ എഴുത്തുകാരന്‍ ആയിത്തീരുകയും ചെയ്ത അബ്ദെല്‍ റഹ്മാന്‍ മുനീഫിന്റെ സംഭവബഹുലമായ മുന്‍കാല ജീവിതം. അദ്ദേഹത്തിന്റെ ഒട്ടുമിക്ക പുസ്തകങ്ങളും സൌദിഅറേബ്യയില്‍ നിരോധിക്കപ്പെടാന്‍ ഇടയാക്കിയ അതേ രാഷ്ട്രീയ കാരണങ്ങളാല്‍ 1963ല്‍ത്തന്നെ സൌദി അധികൃതര്‍ മുനീഫിന്റെ പൗരത്വം റദ്ദാക്കിയിരുന്നു. അറബ് സാഹിത്യത്തിലെ അതികായനായിയിരുന്ന മുതിര്‍ന്ന പലസ്തീനിയന്‍ നോവലിസ്റ്റ് ജബ്ര ഇബ്രാഹിം ജബ്രയുമായുള്ള സര്‍ഗ്ഗസൌഹൃദം, സജീവരാഷ്ട്രീയം ഉപേക്ഷിക്കാനും മുഴുസമയ സാഹിത്യപ്രവര്‍ത്തനത്തില്‍ വ്യാപൃതനാകാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഭരണതലത്തില്‍ പിടിമുറുക്കിയ അഴിമതിഏകാധിപത്യംഅടിച്ചമര്‍ത്തല്‍എണ്ണ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭീഷണിതുടങ്ങിയവയെ നിശിതമായി സമീപിച്ച രചനകളില്‍ പ്രാദേശിക/ വംശീയ പരിഗണനകള്‍ക്കപ്പുറം അറബ് പൌരന്റെ സ്വാതന്ത്ര്യംആദിമ ബദവികളോടുള്ള ബഹുമാനവും പരിഗണനയും എന്നീ താല്‍പ്പര്യങ്ങളും അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം മുനീഫ് വ്യക്തമാക്കി. പതിനഞ്ചോളം നോവലുകളും പ്രകോപനപരമായ സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങള്‍ നിറഞ്ഞ കുറെയേറെ നോണ്‍ഫിക് ഷന്‍ കൃതികളും രചിച്ച മുനീഫിന്റെ രചനാലോകത്ത് സവിശേഷമായ സ്ഥാനമുണ്ട് നോവല്‍ പഞ്ചമം ആയി സങ്കല്പ്പിക്കപ്പെട്ട Cities of Salt എന്ന ബൃഹദ് നോവല്‍ പരമ്പരക്ക്. ഇവയില്‍ ആദ്യത്തെ മൂന്നു നോവലുകള്‍ (Cities of Salt-1987, The Trench -1991, Variations on Night and Day-1993) ഉള്‍പ്പെടുന്ന നോവല്‍ ത്രയം (Cities of Salt Trilogy) മാത്രമേ ഇംഗ്ലീഷില്‍ (പരിഭാഷ: പീറ്റര്‍ തെറോ Peter Theroux) ഇതുവരെയും (2020) ലഭ്യമായിട്ടുള്ളൂ. 2500ല്‍ കൂടുതല്‍ പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഈ കൃതി ഒന്നായെടുത്താല്‍ ആധുനിക അറബ് സാഹിത്യത്തിലെ ഏറ്റവും വലിയ നോവലാണ്‌. എണ്ണയുടെ കണ്ടുപിടുത്തത്തെ തുടര്‍ന്ന് ജീവിതതാളം അടിമുടി മാറിപ്പോയ മരുഭൂ ജനതയുടെ ഇതിഹാസമായ കൃതിക്ക് എക്കാലത്തെയും ഏറ്റവും മികച്ച നൂറു നോവലുകളില്‍ എഴുപത്തിയൊന്നാം സ്ഥാനമാണ് ഡാനിയല്‍ ബര്‍ട്ട് നല്‍കിയത് (Daniel S. Burt - The Novel 100 (The Literature 100). അഞ്ചു ഭാഗങ്ങളുള്ള നോവല്‍ പരമ്പര (1984-89), സ്വദേശിയുടെ വിമര്‍ശന ദൃഷ്ടിയിലൂടെ അറബ് ജീവിത ചരിത്രം അവതരിപ്പിക്കുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നു. “ആദ്യ വോള്യം Al-Teeh (The Labyrinth, 1984) 1933 മുതല്‍ 1953 വരെയുള്ള കാലം അവതരിപ്പിക്കുന്നു. രണ്ടാം വോള്യം, Al-Ukhdood (The Trench, 1985) 1953 നും 1958 നും ഇടയിലുള്ള ചരിത്ര സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂന്നാം വോള്യം Taqaseem Al-Layl Waa Al-Nahar (Variations on Day and Night, 1989) കാലഗണനയില്‍ പിറകോട്ടു പോവുകയും 1891 മുതല്‍  1930 വരെയുള്ള കാലഘട്ടം ആവിഷ്കരിക്കുകയും ചെയ്യുന്നു. നാലാമത്തേത് Al-Munbatt (The Uprooted, 1989) 1964 മുതല്‍ 1969 വരെയുള്ള കാലത്തേക്ക് മുന്നോട്ടു കടക്കുന്നു. രണ്ടു ഭാഗങ്ങളായി തിരിക്കപ്പെട്ട Badiyat Al-Dhulumat (Desert of Darkness, 1989) എന്ന അഞ്ചാം ഭാഗം ആദ്യം 1920 -35 കാലത്തേക്കു മടങ്ങുകയും പിന്നീടു 1964-75-ലേക്ക് മുന്നോട്ടു പോകുകയും ചെയ്യുന്നു” *(1).  “നോവല്‍ സഞ്ചയം ഒരേ സമയം നഷ്ടപ്പെട്ടുപോയ ഒരു ജീവിതരീതിക്കുള്ള വിലാപകാവ്യവും ഒപ്പം പരിവര്‍ത്തിതമായ ഒരു ലോകത്തിന്റെ സങ്കീര്‍ണ്ണമായ ചിത്രീകരണവുമാണ്, അത് ആധുനിക മധ്യപൂര്‍വ്വ ദേശത്തെ രൂപപ്പെടുത്തിയ ആന്തര ചാലകങ്ങളെ തുറന്നുകാട്ടുന്നു” (2). മുനീഫിന്റെ പ്രഥമ നോവലായ The Trees and the Assassination (1973) മുതല്‍ അദ്ദേഹം ആവിഷ്കരിക്കാന്‍ ശ്രമിച്ച പ്രമേയ പരിസരങ്ങളില്‍ പ്രധാനപ്പെട്ടവയായി ‘അറബ് ചരിത്രത്തിന്റെ വ്യാജവല്‍ക്കരണംആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം, ആധികാരിക സാഹിതീയ രൂപങ്ങള്‍ കണ്ടെത്താനുള്ള ശ്രമം’ എന്നിവ ഡാനിയല്‍ ബര്‍ട്ട് ചൂണ്ടിക്കാട്ടുന്നുചരിത്രമില്ലാത്തവര്‍ക്ക് ചരിത്രം നല്‍കാനുള്ള ശ്രമത്തില്‍ മുനീഫിനെ ചിനുവാ അച്ചബെയോട് തുലനം ചെയ്തുകൊണ്ട് വിമര്‍ശകന്‍ നിരീക്ഷിക്കുന്നു: “എണ്ണ സമ്പദ് വ്യവസ്ഥ മാറ്റം വരുത്താനാവാത്ത വിധം പാരമ്പര്യത്തില്‍ അധിഷ്ഠിതമായ അറബ് സംസ്കാരത്തെ മാറ്റിമറിച്ചുആഫ്രിക്കന്‍ ഗോത്ര ജീവിതത്തില്‍ പാശ്ചാത്യ മെഷിനറിമാര്‍ വരുത്തിയ ആഘാതത്തെ പ്രമേയമാക്കിയ ചിനുവ അച്ചബേയുടെ Things Fall Apart പോലെ, മരുഭൂമി അതിന്റെ ഗോപ്യനിധികള്‍ പുറത്തെത്തിക്കാന്‍ തുടങ്ങിയതോടെ രാഷ്ട്രീയമായും സാമ്പത്തികമായും ഭൗതികമായും എന്ത് സംഭവിച്ചു എന്ന് മുനീഫ് അടയാളപ്പെടുത്തുന്നു”  (Ibid. P.355).

         വീരത്വമുള്ള ഏക കഥാനായക സങ്കല്‍പ്പത്തെ അട്ടിമറിച്ചു ഡസന്‍ കണക്കിന് വൈയക്തികാഖ്യാനങ്ങള്‍/ ബഹുപാത്ര സാന്നിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പാത്രസഞ്ചയത്തെ കേന്ദ്ര കഥാപാത്രമാക്കുകയും ഫ്ലാഷ് ബാക്ക്/ ഫ്ലാഷ് ഫോര്‍വേര്‍ഡ്‌, ബഹുമുഖ വീക്ഷണകോണുകള്‍ എന്നിങ്ങനെ ഭിന്ന ആഖ്യാന കേന്ദ്രങ്ങളിലേക്ക് പടരുന്നതിലൂടെ അറബ് കഥാഖ്യാന രീതിയോട് ചേര്‍ന്ന് പോകുകയും ചെയ്യുന്ന രീതിയാണ്‌ നോവലില്‍ മുനീഫ് തുടങ്ങിവെക്കുന്നത്. സാധാരണ മനുഷ്യരെ കഥാകേന്ദ്രത്തില്‍ കുടിയിരുത്തിക്കൊണ്ട് അറബ് നോവലിലെ ആധുനികതയുടെ മണിമുഴക്കവും അദ്ദേഹം ആരംഭിക്കുന്നു. ഇടവും കാലവും കേന്ദ്ര കഥാപാത്രങ്ങള്‍ തന്നെയായിത്തീരുന്നു. മിത്തും ചരിത്രവും ഇടകലര്‍ത്തുന്നതിലൂടെ അനുഭവങ്ങള്‍ക്ക് സാര്‍വ്വലൌകിക തലങ്ങള്‍ നല്‍കപ്പെടുന്നു. “തന്റെ ലബനീസ് പ്രതിരൂപമായ എല്യാസ് ഖൌറിയുടെ നോവലുകളെ പോലെ, മുനീഫിന്റെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നത് “എണ്ണപൊളിറ്റിക്കല്‍ ഇസ്ലാംഏകാധിപത്യം എന്ന ത്രയം” എന്ന് അദ്ദേഹം വിശേഷിപ്പിച്ച (ശക്തികളില്‍) നിന്നു സ്വതന്ത്രമായ ഒരു അറബ് ലോകത്തെ കുറിച്ചുള്ള ദര്‍ശനത്തോടു അദ്ദേഹത്തിനുള്ള പ്രതിബദ്ധതയാണ്” (3). ഖൌറിയുടെ പരീക്ഷണാത്മകതക്കു പകരം തന്റെ സൌദി വായനക്കാര്‍ക്കും വേഗം ഗ്രഹിക്കാനാവുന്ന രീതിയില്‍ യഥാതഥമാണ് മുനീഫിന്റെ ശൈലി. ഇരുവരെയും തുലനം ചെയ്യുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ അറബ് സാഹിത്യത്തില്‍ നിലനിന്ന പൊതു ഭാവം മനസ്സിലാക്കാന്‍ സഹായിക്കും എന്നും സാര്‍ത്രിന്റെ അസ്തിത്വ വാദത്തിന്റെയും എഴുത്തിലെ പ്രതിബദ്ധതയെന്ന ആശയത്തിന്റെയും സ്വാധീനം ഈ നിലപാടുകളില്‍ ലീനമാണ് എന്നും നിരൂപകന്‍ കൂട്ടിച്ചേര്‍ക്കുന്നു. ജബ്ര ഇബ്രാഹിം ജബ്രയുമായുള്ള സര്‍ഗ്ഗസൌഹൃദം Alam bila khara’it (A World Without Maps, 1982) എന്ന നോവലിന്റെ രചനയില്‍ ഇരുവരും ഒന്നിക്കുന്നതില്‍ കലാശിച്ചതിലും ഇത്തരം ദാര്‍ശനിക നിലപാടുകളിലെ സമാനതകള്‍ നിമിത്തമായിട്ടുണ്ട്. ആധുനികതാ അവബോധം സൃഷ്ടിക്കുന്നതില്‍ ടി. എസ്. എലിയറ്റ് അമ്പതുകളിലെ അറബ് കവിതയില്‍ ചെലുത്തിയ സ്വാധീനം ചൂണ്ടിക്കാണിച്ച ജബ്രസാര്‍ത്ര്കാമു എന്നിവര്‍ അറബ് ധൈഷണിക ജീവിതത്തില്‍ ചെലുത്തിയ അതിശക്തമായ സ്വാധീനവും എടുത്തുപറഞ്ഞിട്ടുണ്ട് (Jairus Banaji).

         Cities of Salt (Mudun al-milh) എന്നത് നോവല്‍ സഞ്ചയത്തിന്റെ പേരായി വിഭാവനം ചെയ്തതായിരുന്നുവെങ്കിലും ഇപ്പോള്‍ ആദ്യനോവലിനാണ് ആ പേര് നല്‍കപ്പെടുന്നത് എന്നതില്‍ അപാകതയുണ്ട് എന്നു നിരീക്ഷിക്കപ്പെടുന്നു. മുനീഫ് ഈ ആദ്യഭാഗത്തെ ‘വന്യ സ്ഥലം’ എന്ന അര്‍ത്ഥത്തില്‍ al-Tih (“wilderness”) എന്നാണ് വിളിച്ചത്. “എന്നാല്‍ എലിയറ്റിന്റെ Wasteland പോലെ മുനീഫ് പറയാന്‍ ശ്രമിച്ചത് സൌദി രാജ്യംഅഥവാ മിഡില്‍ ഈസ്റ്റ് മുഴുവന്‍അതു സ്വീകരിച്ച രൂപത്തോടെസ്ഥാപിച്ച സഖ്യങ്ങളോടെസൃഷ്ടിച്ച നാശങ്ങളോടെമൂലധനവ്യവസ്ഥ ഒരു തരിശുഭൂമിയെ സൃഷ്ടിച്ചു എന്നാണ്.” (Jairus Banaji). cities of salt” എന്നതുകൊണ്ട്‌ എന്താണ് അര്‍ത്ഥമാക്കിയത് എന്ന താരിഖ് അലിയുടെ ചോദ്യത്തിന് മുനീഫ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ““Cities of salt എന്ന് പറഞ്ഞാല്‍ തുടരാനാവുന്ന അസ്ഥിത്വം ഉറപ്പുനല്കാത്ത നഗരങ്ങള്‍ എന്നാണ്. വെള്ളമെത്തുന്നതോടെആദ്യത്തെ അലകള്‍ ഉപ്പിനെ അലിയിച്ചുകളയും, ഈ വലിയ സ്ഫടിക നഗരങ്ങളെ വെറും ധൂളിയാക്കിക്കളയുകയും ചെയ്യും” (Qtd. Jairus Banaji). നിലനിന്ന എല്ലാത്തിനെയും തകര്‍ത്ത് തരിപ്പണമാക്കിയാണ് ഈ അധിനിവേശം സാധ്യമാകുക. ഭവനരഹിതരായിത്തീരുന്ന വാദി അല്‍ ഉയൂനിലെ ജനങ്ങള്‍ തീരദേശ റിഫൈനറി പട്ടണമായ ഹറാനിലേക്ക് (‘ദഹ്റാന്‍’) പറിച്ചു നടപ്പെടുമ്പോള്‍ ചൂളകള്‍ പോലുള്ള തകരച്ചാളകളില്‍ അടിഞ്ഞുപോകുന്നു. അറബ് ഭാഷയില്‍ എഴുതപ്പെട്ട ഒരു കൃതിയിലും ഇത്രയും തീക്ഷ്ണമായി വര്‍ഗ്ഗ, വംശീയ വിവേചനം ചിത്രീകരിക്കപ്പെട്ടിട്ടില്ലെന്നു ജൈറൂസ് ബനാജി നിരീക്ഷിക്കുന്നു. അറബ്,  അമേരിക്കന്‍ കോമ്പൌണ്ടുകള്‍ക്കിടയില്‍ കണിശമായ അതിര്‍വിവേചനമാണ് ദഹ്റാനില്‍ നിലനിന്നത്. മുനീഫിന്റെ വിവരണം ആഫ്രിക്കയിലെ കൊളോണിയല്‍ കുടിയേറ്റക്കാര്‍ക്കും ദേശീയര്‍ക്കും ഇടയില്‍ നിലനിന്ന അതിരുതിരിവിനെ കുറിച്ച് ഫ്രാന്‍സ് ഫാനന്‍ The Wretched of the Earth എന്ന വിഖ്യാത കൃതിയില്‍ വിവരിക്കുന്നതിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

 

      നോവലിന്റെ ചരിത്രപരവും രാഷ്ട്രീയസാമൂഹിക പരവുമായ പശ്ചാത്തലത്തെ കുറിച്ച് നാദിയ യാക്കൂബ് നടത്തുന്ന പഠനം ശ്രദ്ധേയമാണ് *(4):  

ഒരു സാങ്കല്‍പ്പിക എണ്ണ സാമ്രാജ്യത്തിലാണ് നോവലിന്റെ പശ്ചാത്തലമെങ്കിലും അത് യഥാര്‍ത്ഥ സംഭവങ്ങളുടെ ഫിക് ഷനല്‍ ആവിഷ്കാരമാണ് (roman à clef). 1930കളില്‍ സൌദി അറേബ്യയുടെ കിഴക്കന്‍ മേഖലയില്‍ എണ്ണ ശേഖരം കണ്ടെത്തിയതുമുതല്‍ 1953ലെ അരാംകോ (Aramco) പൊതുപണിമുടക്കു വരെയുള്ള സംഭവങ്ങളാണ് നോവലിന്റെ ആദ്യ വോള്യം അവതരിപ്പിക്കുന്നത്‌. എണ്ണ കണ്ടെത്തും മുമ്പ് മരുഭൂമിയുടെയും നാടോടി ജനതയുടെയും ദേശമായിരുന്നു അറേബ്യയെന്ന ധാരണ ഭാഗിഗമായി മാത്രം ശരിയാണ്. യഥാര്‍ഥത്തില്‍ ഒട്ടേറെ പുരാതന നാഗരീകതകളുടെ ഇടമായിരുന്ന അറേബ്യക്ക് കാര്‍ഷിക, കച്ചവട സംസ്കാരങ്ങളുടെ വലിയ ചരിത്രമുണ്ട്. ആടുകളെയും ഒട്ടകങ്ങളെയും മേച്ചു നടന്ന ബദവികള്‍ മാത്രമല്ലലോകത്തെല്ലായിടത്തു നിന്നും ഉണ്ടായ രണ്ടു പുണ്യ നഗരങ്ങളിലേക്കുള്ള മുസ്ലിം തീര്‍ത്ഥാടനത്തെ ചുറ്റിപ്പറ്റി വളര്‍ന്ന നഗര സംസ്കാരവും അതിന്റെ ഭാഗമാണ്. പതിനാറാം നൂറ്റാണ്ടു മുതല്‍ ചെങ്കടല്‍തീരത്തെ ഏറ്റവും സമ്പന്നമായ വാണിജ്യ കേന്ദ്രം ജിദ്ദയായിരുന്നു. 1744ല്‍ മധ്യ അറേബ്യയിലെ നജദ് പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിന്‍ സഊദും മതപരിഷ്കരണ വാദ നേതാവായിരുന്ന മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബും തമ്മില്‍ നടന്ന സഖ്യത്തെ തുടര്‍ന്നാണ്‌ ആധുനിക സൌദി ദേശം പിറവിയെടുത്തത് എന്ന് ചരിത്രം. മേഖലയുടെ രാഷ്ട്രീയ സാമൂഹിക സമവാക്യങ്ങളില്‍ നിര്‍ണ്ണായകമായി തീര്‍ന്ന വഹാബിസത്തിന്റെ ഉദയവും അതോടെയായിരുന്നു. ഓട്ടോമന്‍ - സൗദി സംഘര്‍ഷങ്ങള്‍ പോലുള്ള ഒട്ടേറെ കേറ്റിറക്കങ്ങളും പ്രവാസവും തിരിച്ചുവരവും കണ്ട  സൗദി ഭരണകൂടം അന്തിമമായി സുസ്ഥാപിതമാകുന്നത് മുഹമ്മദ്‌ ബിന്‍ സഊദിന്‍റെ അഞ്ചാം തലമുറയില്‍ പെട്ട അബ്ദുല്‍ അസീസ്‌ ഇബ്ന്‍ സഊദ് (ഇബ്ന്‍ സഊദ്) കുവറ്റ് പ്രവാസത്തില്‍ നിന്ന് 1902ല്‍ തിരികെയെത്തുകയും ആദ്യം നജദിന്റെയും ഒടുവില്‍ മുഴുവന്‍ അറേബ്യയുടെയും അധികാരം ഏറ്റെടുക്കുകയും ചെയ്തതോടെ ആയിരുന്നു. അധികാരം ഉറപ്പിക്കുന്നതില്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്ന വലിയൊരു വെല്ലുവിളി നിതാന്തമായ കൂറ് ഉറപ്പുവരുത്താനാകാത്ത നാടോടി ബദവികളുടെ വിശാസം നേടിയെടുക്കുക എന്നതായിരുന്നു. കടുത്ത വരള്‍ച്ച നേരിടേണ്ടിവന്ന ഘട്ടത്തില്‍ അവരുടെ പുനരധിവാസത്തിനായി അബ്ദുല്‍ അസീസ്‌ സ്ഥാപിച്ച കാര്‍ഷിക സമൂഹങ്ങളും അവിടെ നടപ്പാക്കിയ വഹാബി ഇസ്ലാം അധ്യയനവും ചേര്‍ന്ന ‘ഇഖ് വാന്‍’ കൂട്ടായ്മകള്‍ ഇക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചു. ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രം പയറ്റിയ ബ്രിട്ടീഷ് കൊളോണിയല്‍ അധികൃതര്‍ ഒന്നാം ലോക യുദ്ധകാലത്ത് ഭിന്ന വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ നടത്തിയ കുത്സിത ശ്രമങ്ങള്‍ ഹിജാസ് ശരീഫ് ആയിരുന്ന ഹുസെയ്ന്‍ ഇബ്ന്‍ അലിയെയും അബ്ദുല്‍ അസീസിനെയും മുഖാമുഖം നിര്‍ത്തിയെങ്കിലും 1925 ആവുമ്പോഴേക്കും അബ്ദുല്‍ അസീസ്‌ മുഴുവന്‍ ദേശത്തിന്റെയും മേല്‍ അധികാരം സ്ഥാപിച്ചു. 1932ല്‍ അബ്ദുല്‍ അസീസ്‌ തന്റെ സാമ്രാജ്യത്തിനു al-Mamlakah al-ʿArabīyah as-Saʿūdīyah (Kingdom of Saudi Arabia) എന്ന് നാമകരണം ചെയ്തു. ഇതിനിടെ ശാസ്ത്ര സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലും  വാഹബികളല്ലാത്ത ഇതര അറബ് ദേശങ്ങളോടുള്ള ബന്ധങ്ങളിലും പാരമ്പര്യവാദികളായ ഇഖ് വാനും രാജാവും തമ്മിലുണ്ടായ ഭിന്നതകള്‍ പുതിയ സംഘര്‍ഷങ്ങള്‍ക്കു കാരണമായി. 1953ല്‍ അബ്ദുല്‍ അസീസ്‌ രാജാവിന്റെ മരണത്തെ തുടര്‍ന്ന് കിരീടാവകാശി സഊദ് ഇബ്ന്‍ അബുല്‍ അസീസ്‌ രാജാവായി. അദ്ദേഹമാണ്നോവലന്ത്യത്തില്‍ ഹറാന്‍ സന്ദര്‍ശിക്കുന്ന കിരീടാവകാശി ഖസാഈലിന്റെ യഥാര്‍ത്ഥ മാതൃക.

          അനേകം രാജവംശങ്ങളുടെ ഉദയവും അസ്തമയവും കണ്ട അറേബ്യയില്‍ മുപ്പതുകളിലും നാല്‍പ്പതുകളിലുമായി കണ്ടെത്തപ്പെട്ട എണ്ണ ശേഖരവും അതോടനുബന്ധിച്ച് വളര്‍ന്ന സാമ്പത്തിക രാഷ്ട്രീയ ക്രമങ്ങളും നിര്‍ണ്ണായകമായ വഴിത്തിരിവാണ് ഉണ്ടാക്കിയത്. അബ്ദുല്‍ അസീസിനെ സംബന്ധിച്ച് മുമ്പെങ്ങും ഇല്ലാത്ത വിധം ഗോത്ര നേതാക്കന്മാരെ വരുതിയില്‍ നിര്‍ത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിനല്‍കാന്‍ വേണ്ട സാമ്പത്തിക സ്രോതസ്സ് ഇതിലൂടെ ലഭ്യമായി. മറ്റു വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ സൈനികആയുധ വല്‍ക്കരണ സാധ്യതയും അത് നേടിക്കൊടുത്തു. 1933 ല്‍ സ്ഥാപിതമായ Standard Oil of California (SOCAL), പിന്നീട് Arabian American Oil Company (Aramco) ആയിത്തീര്‍ന്നു. മുപ്പതുകളില്‍ നിര്‍മ്മാണമാരംഭിച്ച ദഹ് റാന്‍ (നോവലിലെ ഹറാന്‍) എണ്ണ വ്യവസായത്തിന്റെ കേന്ദ്ര ബിന്ദു ആയിത്തീര്‍ന്നു. രണ്ടാം ലോക യുദ്ധാനന്തരം നിര്‍മ്മാണമാരംഭിച്ച Tapline, ( Trans-Arabian Pipeline) 1950ല്‍ പൂര്‍ത്തിയായി. 1953ല്‍ അരങ്ങേറിയ അരാംകോ പൊതുപണിമുടക്ക് തൊഴിലാളികളെ പിരിച്ചു വിട്ടതിനെതിരെ ഉണ്ടായ സ്വാഭാവിക പ്രതികരണം എന്ന നിലയിലാണ് നോവലില്‍ കടന്നുവരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍അത് ഒട്ടേറെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളുടെ പ്രതിഫലനം ആയിരുന്നു. സൗദി തൊഴിലാളികളോടുള്ള മാനേജ്മെന്റിന്റെ നിസ്സംഗതരാജാവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ഉരുവാക്കിയ രാഷ്ട്രീയ അനിശ്ചിതാവസ്ഥപ്രദേശത്തു ശക്തമായിത്തുടങ്ങിയ പാശ്ചാത്യ വിരുദ്ധ വികാരം എന്നിവയൊക്കെ അതിനു കാരണങ്ങളായിരുന്നു. നോവലില്‍ സൂചിപ്പിക്കുന്ന പോലെ മുന്‍ രാജാവിന്റെ സൈനികര്‍ സമരത്തെ അടിച്ചമര്‍ത്തിയെങ്കിലും പുതിയ കിരീടാവകാശി (സഊദ് രാജകുമാരന്‍) അധികാരമേറ്റതോടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും തൊഴിലാളികളുടെ ശമ്പളം ഇരുപതു ശതമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍തുടര്‍ന്ന് വന്ന മാസങ്ങളില്‍ സമര നേതാക്കാളോട് ഭരണകൂടം അത്രയൊന്നും ദയാപൂര്‍ണ്ണമായല്ല പെരുമാറിയത് എന്നതും ചരിത്രമാണ് (Nadia Yakub).

 

          രണ്ടു പട്ടണങ്ങളാണ് മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിക്കപ്പെടുന്നത് എന്നതാണ് Cities of Salt എന്ന നോവലിനെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം. വാദി അല്‍ ഉയൂന്‍ എന്ന മരുപ്പച്ച ഗ്രാമവുംപില്‍ക്കാലം എണ്ണവ്യവസായത്തിന്റെ കേന്ദ്രമായ തീരദേശ നഗരമായി വികസിക്കുന്ന ഹറാന്‍ എന്ന മുക്കുവ ഗ്രാമവും ആണവ. കാല്‍പ്പനികഭാവഗീതാത്മക ഭാഷയില്‍ സ്നേഹപൂര്‍വ്വം വിവരിക്കപ്പെടുന്ന വാദി അല്‍ ഉയൂനിലാണ് നോവല്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇടക്കിട സംഭവിക്കുന്ന വരള്‍ച്ചയുടെ നീണ്ട ഇടവേളകള്‍ കാര്‍ഷിക ജീവിതക്രമത്തെ താളം തെറ്റിക്കുന്നദരിദ്രരും രോഗാതുരരുമായ ബദവികള്‍ അധിവസിക്കുന്ന പരിസ്ഥിതി ലോലമായ ഗ്രാമം ഒരു ആദിമസ്വര്‍ഗ്ഗമൊന്നുമല്ല. ഇടയ്ക്കിടെ കടന്നു പോകുന്ന കാരവനുകള്‍ ചെറുപ്പക്കാരെ മറ്റൊരിടത്തെ ജീവിതം തേടിപ്പോകാന്‍ പ്രലോഭിപ്പിക്കുന്നു. അവിടെ കാര്‍ഷിക വേല ചെയ്യുന്ന ആളുകളെ കൂടാതെയുള്ള മറ്റൊരു വിഭാഗം ഗിരിവര്‍ഗ്ഗ നിവാസികളായ അതൂം ഗോത്രക്കാരാണ്. ഒട്ടകങ്ങളെ മേക്കുന്ന അതൂം ഗോത്രജര്‍ ഭൗതിക സമ്പത്തില്‍ താല്‍പ്പര്യമില്ലാത്ത സ്വാതന്ത്ര്യബോധമുള്ള അഭിമാനികളാണ്. താഴ് വരയിലെ കാര്‍ഷിക സമൂഹത്തിന്റെ തലവന്‍ ഇബ്ന്‍ റഷീദ് ആണെങ്കില്‍ഗോത്രവംശജര്‍ മിതെല്‍ അല്‍ ഹതാലിന്റെ അനുയായികളാണ്. പ്രദേശത്തെ സ്വച്ഛജീവിതം കലങ്ങിത്തുടങ്ങുക ഇബിന്‍ റഷീദിന്റെ അതിഥികളായി എത്തുന്ന മൂന്നു അമേരിക്കക്കാരുടെ വരവോടെയാണ്. നേതാവിന്റെ അതിഥികള്‍ ആണെങ്കിലും നാട്ടുകാര്‍ക്ക് അവരുടെ സാന്നിധ്യം നിഗൂഡമായിത്തോന്നുന്നുവിശേഷിച്ചും മിതെബ് അല്‍ ഹതാലിന്. തൊട്ടടുത്ത വര്‍ഷവും അമേരിക്കക്കാര്‍ എത്തുകയും അവരുടെ താമസം നീണ്ടുപോകുകയും ചെയ്യുമ്പോള്‍ മിതെബ്ഇബ്ന്‍ റഷീദ്ഏതാനും ഗ്രാമ മുഖ്യര്‍ എന്നിവരടങ്ങുന്ന സംഘം പ്രാദേശിക ഭരണാധികാരിയെ സമീപിക്കുന്നുവെങ്കിലും അതില്‍ കാര്യമില്ലെന്ന നിലപാടാണ് അവരെ എതിരേല്‍ക്കുന്നത്. എണ്ണ പര്യവേഷണമാണ് അമേരിക്കക്കാരുടെ ലക്ഷ്യമെന്നും അത് തങ്ങള്‍ക്ക് സാമ്പത്തികമായി ഗുണം ചെയ്യുമെന്നും ഒരു വിഭാഗത്തെ വിശ്വസിപ്പിക്കാന്‍ പ്രദേശിക ഭരണത്തിനു കഴിയുന്നതോടെ മിതെബ് ഒറ്റപ്പെടുന്നു. വാദി അല്‍ ഉയൂനിലേക്ക് ഇരമ്പിയെത്തുന്ന ആദ്യ ട്രാക്റ്ററുകള്‍ മരുഭൂ ഭൂമികയില്‍ തുടങ്ങിവെക്കുന്ന “കുരുതി” മിതെബിന്റെ കാഴ്ചപ്പാടില്‍ നോവലില്‍ വിവരിക്കുന്നുണ്ട്: “മരങ്ങള്‍ സഹായത്തിനായി നിലവിളിച്ചുകരഞ്ഞുഭയചകിതരായിനിസ്സഹായ വേദനയില്‍ വിളിച്ചുകൊണ്ടിരുന്നുപിന്നീട് യാചനയോടെ നിലത്തു വീണുഭൂമിയില്‍ ചുരുണ്ടുകൂടാനും വീണ്ടും വളര്‍ന്നു ജീവനിലേക്കു കുതിക്കാനും എന്ന പോലെ” (Cities of Salt, p.106). വാദി അല്‍ ഉയൂനിന്റെ നശീകരണഘട്ടത്തില്‍ കുടുംബത്തെ വിട്ടുപോകുന്ന മിതെബ്പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്റെ പൂര്‍വ്വികരുടെ പുറപ്പെട്ടുപോന്ന മരുഭൂമിയിലേക്ക് പിന്‍വാങ്ങുന്നു. കുടിയൊഴിഞ്ഞു പോകുന്ന ഗ്രാമീണരുടെ കൂട്ടത്തില്‍ മിതെബിന്റെ മൂത്ത മകന്‍ ഷാലനെ പോലെ ചിലര്‍ അവിടെ ഉയരാന്‍ പോകുന്ന വ്യാവസായിക സമുച്ചയത്തിലെ തൊഴിലാളികളായി ജോലിനേടും. മിതെബിന്റെ ഭാര്യ വദപലായനത്തിനിടെ ജ്വരബാധിതയകുന്നത് അവരുടെ സംസാരശക്തി ഇല്ലാതാക്കും.

       ബന്ധുക്കളോടൊപ്പം അല്‍ ഹദ്രയില്‍ താമസമാക്കുന്ന കുടുംബത്തില്‍ നിന്ന് ഇളയ മകന്‍ ഫവാസ്കസിന്‍ സുവൈലയോടൊപ്പം തൊഴിലന്വേഷിച്ച്‌ പോകുകയും കൌമാരം കടന്നിട്ടില്ലാത്തത് കൊണ്ട് ഓയില്‍ റിഗ്ഗിംഗ് മേഖലയില്‍ തൊഴില്‍ ലഭിക്കാതെ പോകുകയും ചെയ്യുന്നു. എന്നാല്‍ ഇബ്ന്‍ റഷീദിന്റെ സഹായത്തോടെ ഹറാനില്‍ നിര്‍മ്മാണ മേഖലയില്‍ എത്തിപ്പെടുകയും ചെയ്യുന്നു. അവിടെവെച്ചു അവര്‍ക്ക് തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ എന്നപോലെ കുടുംബസാംസ്കാരിക ചിഹ്നവുമായ കുതിരകളെ വില്‍ക്കേണ്ടിവരുന്നത്‌ ബദവിയെ സംബന്ധിച്ച് ഹറാന്‍ എന്താണ് കരുതിവെച്ചിരിക്കുന്നത് എന്നതിന്റെ ശക്തമായൊരു പ്രതീകമാണ്‌. വാദി അല്‍ ഉയൂന്‍ പോലെ പഴയ ഹറാനും ഇല്ലാതായിക്കഴിഞ്ഞു. പകരം മൂന്നു സമൂഹങ്ങള്‍ അവിടെ ഉയര്‍ന്നു കഴിഞ്ഞു: ശീതീകൃത ഭവനങ്ങളും നീന്തല്‍ക്കുളങ്ങളുമുള്ള ഒരു അമേരിക്കന്‍ സമൂഹംഈ അമേരിക്കന്‍ കൊമ്പൌണ്ടിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പിറന്ന ഒരു അറബ് കോമ്പൌണ്ട്ഒടുവില്‍ ആദ്യം കുടിലുകളയും പിന്നീട് തകര ഷെഡുകള്‍ ആയും ഉരുവപ്പെട്ട തൊഴിലാളികളുടെ ബാരക്കുകകള്‍. ഒരു വ്യാവസായിക നഗരത്തിന്റെ വികാസം അതിന്റെ എല്ലാ സങ്കീര്‍ണ്ണതകളിലും സംഭവിച്ചു തുടങ്ങുന്ന ഹറാന്‍, നാലുപാടുനിന്നും വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യം ഉള്ളവരെയും അവിദഗ്ധ തൊഴിലാളികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു. പാതകള്‍വണിക്കുകള്‍കടകള്‍സ്കൂള്‍ക്ലിനിക്റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍തുടങ്ങിയവയ്ക്ക് സമാന്തരമായി സംഘര്‍ഷങ്ങളും കമ്പനിയും തൊഴിലാളികളും തമ്മിലുള്ള അസ്വാരസ്യങ്ങളും ഉയര്‍ന്നുതുടങ്ങുന്നു. ഇബ്ന്‍ റഷീദിന്റെ പതനത്തിന് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ നിമിത്തമാകുന്നു. സാമ്പത്തിക സാംസ്കാരിക വൈചാത്യങ്ങള്‍ അറബ് ഹറാനിനും അമേരിക്കന്‍ ഹറാനിനും ഇടയിലെ അകലം വര്‍ദ്ധിപ്പിക്കുന്നു. കപ്പലിറങ്ങുന്ന അമേരിക്കന്‍ സ്ത്രീകളുടെ വസ്ത്രധാരണ രീതിപോലുള്ള പാശ്ചാത്യ മാതൃകകള്‍ അറബ് ശീലങ്ങള്‍ക്കു താങ്ങാനാവാത്തതാണ്. അറബ് വിവാഹത്തിലേക്ക് ക്ഷണിക്കപ്പെടുന്ന വെള്ളക്കാര്‍ അതിന്റെ വൈചിത്ര്യം ആഘോഷിച്ചു നിരന്തരം ഫോട്ടോകള്‍ എടുക്കുമെങ്കിലും അറബ് സംഗീതം അവര്‍ക്ക് ദുസ്സഹമായി അനുഭവപ്പെടുന്നു. അറബ് സമൂഹം അമേരിക്കക്കാരെ തീര്‍ത്തും അന്യരായി കാണുമ്പോള്‍സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ വ്യാപ്തി മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നഒന്നിനു മേലും നിയന്ത്രണമില്ലാത്ത അപക്വതയാണ് അവരുടെ പരിമിതി. സൗഹൃദത്തിന്റെയും വിശാല മനസ്കതയുടെയും നിമിഷങ്ങള്‍ പോലും സാമ്പത്തികസാംസ്കാരിക അകലങ്ങള്‍ ഒരു പരിധിക്കപ്പുറം അടുക്കുന്നതില്‍ നിന്ന് ഇരുസമൂഹങ്ങളെയും അകറ്റിനിര്‍ത്തുന്നു. പൈപ്പ് ലൈന്‍ പൂര്‍ത്തീകരണം ആഘോഷിക്കുന്ന സന്ദര്‍ഭം പിറ്റേന്ന് കാലത്ത് കൃത്യമായി ഡ്യൂട്ടിക്ക് എത്താനുള്ള കര്‍ശന ഉത്തരവില്‍ അവസാനിക്കുന്നത് ഇതിനുദാഹരണമാണ്.

          പുതിയ ഹറാനിലെ സാമ്പത്തിക രാഷ്ട്രീയ വികാസങ്ങള്‍ നോവല്‍ വിശദമായി പരിശോധിക്കുന്നുണ്ട്. എമിര്‍ ഖാലിദ്‌ അധികാരത്തിലെത്തുമ്പോള്‍ ഇബ്ന്‍ റഷീദിനെ പോലുള്ളവര്‍ എമിറിനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ തൊഴിലാളികളും നാട്ടുകാരും സംശയാലുക്കളാണ്. റേഡിയോടെലിഫോണ്‍ടെലസ്കോപ്പ് പോലുള്ള തനിക്കുകിട്ടിയ സാങ്കേതിക ഉപകരണങ്ങളില്‍ കുട്ടിയെ പോലെ അഭിരമിക്കുന്ന കഴിവുകെട്ട എമിര്‍നേരിട്ടുബാധിച്ചു തുടങ്ങുമ്പോള്‍ മാത്രമാണ് അവരുടെ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുന്നത്. എമിറും കൂട്ടരും അവര്‍ക്കൊപ്പം പുതുതായി ഉയര്‍ന്നുവരുന്ന മധ്യവര്‍ഗ്ഗ ഉപഭോക്തൃ സമൂഹവും പ്രകടിപ്പിക്കുന്ന പുത്തന്‍കൂറ്റ് / പുതുപ്പണ സംസ്കാരം, വാദി അല്‍ ഉയൂനിലെ കാര്‍ഷിക സാമൂഹിക ക്രമത്തിന്റെയും ദാരിദ്ര്യത്തിലും സ്വതന്ത്രവും അഭിമാന മനസ്കരുമായിരുന്ന അതൂം സംസ്കാരത്തിന്റെയും എതിര്‍ ദിശയിലാണ്. എന്നാല്‍ തദ്ദേശീയരില്‍ അതിജീവനം സാധ്യമാകുക പുതിയ ക്രമവുമായി സന്ധിചെയ്യുന്നവര്‍ക്കു മാത്രമാണ്. മുമ്പൊക്കെ നാട്ടുചികിത്സയില്‍ അഭയം തേടുമായിരുന്ന അസുഖങ്ങളുടെ പേരില്‍, ആശുപത്രി ബില്ലടക്കാന്‍ കഴിയാതെ കിടപ്പാടം വില്‍ക്കേണ്ടി വരുന്ന നാട്ടുകാര്‍ പുതിയ സാമ്പത്തികക്രമത്തിന്റെ ബലിയാടുകളാണ്.

           ഹറാന്‍ നിവാസികളില്‍ പതിയെയാണെങ്കിലും ഉണര്‍ന്നുതുടങ്ങുന്ന രാഷ്ട്രീയ ബോധ്യങ്ങള്‍ നോവല്‍ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. തങ്ങളുടെ ജീവിതത്തില്‍ തങ്ങള്‍ക്കൊരു നിയന്ത്രണവുമില്ലെന്ന തോന്നല്‍ രൂഡമായിത്തുടങ്ങുന്നതോടെ ഇബ്ന്‍ റഷീദിന്റെയും കമ്പനിയുടെയും നിയന്ത്രണത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. പെണ്ണുങ്ങളെ കൊണ്ടുള്ള കപ്പല്‍ എത്തുന്നതോടെ മൂന്നു തൊഴിലാളികള്‍, മുമ്പ് ഇബ്ന്‍ റഷീദിനു വിറ്റിരുന്ന തങ്ങളുടെ കുതിരകളെ മോഷ്ടിക്കുകയും ക്യാമ്പ് വിട്ടുപോകുകയും ചെയ്യുന്നു. പൈപ്പ് ലൈന്‍ നിര്‍മ്മാണ ഘട്ടത്തില്‍ മരുഭൂ ചൂടില്‍ നട്ടം തിരിയുന്ന വെള്ളക്കാരെ വട്ടുപിടിപ്പിച്ചു രസിക്കുന്ന തൊഴിലാളികളെ കാണാം. ദുരൂഹമായ വിധത്തില്‍ പൊട്ടിപ്പുറപ്പെടുന്ന തീതങ്ങളുടെ കൂട്ടത്തില്‍ ആരോ മനപ്പൂര്‍വ്വം ചെയ്തതാവാമെന്നു തൊഴിലാളികളില്‍ ചിലര്‍ കരുതുന്നു. ഈ പ്രതിഷേധ സ്വരങ്ങളുടെ അന്ത്യത്തിലാണ് നോവലന്ത്യത്തില്‍ കാണാവുന്ന പൊതുപണിമുടക്ക് സംഭവിക്കുന്നത്‌. അറബ് ഹറാനിലെ തൊഴിലാളികളും നാട്ടുകാരും ഒരുമിച്ചുഎമീറിന്റെ അംഗരക്ഷകനുമായുള്ള വഴക്കില്‍ കൊല്ലപ്പെട്ടുവെന്നു കരുതപ്പെടുന്ന അല്‍ മുഫദ്ദിയെന്ന പാരമ്പര്യ വൈദ്യന്റെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും തൊഴില്‍ സമരത്തില്‍ പുറത്താക്കപ്പെട്ട തൊഴിലാളികളെ തിരികെ എടുക്കണമെന്നും ആവശ്യമുന്നയിക്കുന്നു. സമരം അടിച്ചമര്‍ത്തപ്പെടുന്നുവെങ്കിലും മാനസിക വെല്ലുവിളികള്‍ നേരിടുന്ന എമിര്‍ഹറാന്‍ വിട്ടുപോകും മുമ്പ് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നു. നോവലിന്റെ തുടക്കത്തില്‍ കാണുന്ന അന്ധാളിച്ച ജനത എന്ന അവസ്ഥയില്‍ നിന്ന് മാറി പ്രശ്നങ്ങളുടെ കാതലെന്ത്‌ എന്ന് ചര്‍ച്ച ചെയ്യാനും തങ്ങളുടെ ദുര്‍വ്വിധികളുടെ വേരന്വേഷിക്കാനും കഴിയുന്ന ഹറാന്‍ നിവാസികളെയും തൊഴിലാളികളെയുമാണ് നോവലന്ത്യം കാണിച്ചു തരുന്നത്. സര്‍ക്കാരിന്റെയോ എണ്ണക്കമ്പനിയുടെയോ വെറും കരുക്കളായി അവര്‍ തുടര്‍ന്നേക്കില്ല എന്ന പ്രതീക്ഷ നോവലന്ത്യം മുന്നോട്ടു വെക്കുന്നു.    

     വിഖ്യാത നോവലിസ്റ്റ് അമിതാവ് ഘോഷ് ‘പെട്രോഫിക് ഷന്‍’ എന്ന പദം ഉപയോഗിച്ചുകൊണ്ടാണ് Cities of Salt-നെ റിവ്യുചെയ്തത്. അതിനു ശേഷം പ്രസ്തുത സംവര്‍ഗ്ഗം ഫിക് ഷനിലെ ഒരു ഴോനര്‍ തന്നെയായി പരിഗണിക്കപ്പെട്ടു. പുതിയ നൂറ്റാണ്ടിന്റെ ഒന്നാം ദശകം മുതല്‍, കാലാവസ്ഥാവ്യതിയാനം സാഹിത്യത്തിന്റെ മുഖ്യ ഉത്കണ്ഠകളില്‍ ഒന്നായിത്തീര്‍ന്നത്തോടെ പെട്രോഫിക് ഷന്‍ കൃതികളുടെ വലിയ ഒഴുക്കുണ്ടായി. ആസ്ട്രിയന്‍ നോവലിസ്റ്റ് ഗസ്റ്റാഫ് മെയ്റിങ്കിന്റെ 1903ല്‍ പുറത്തിറങ്ങിയ 'Petroleum, Petroleum' എന്ന ഡിസ്റ്റോപ്പിയന്‍ നോവല്‍ മുതല്‍ ആരംഭിക്കുന്ന ഈ വര്‍ഗ്ഗീകരണത്തില്‍, പെട്രോളിയത്തിന്റെ രൂപത്തിലുള്ള വിഭവചൂഷണവും മൂന്നാം ലോക രാജ്യങ്ങളില്‍ അതെത്തുടര്‍ന്നുണ്ടാകുന്ന കൊളോണിയല്‍/ പാരിസ്ഥിതിക ദുരന്തങ്ങളും മുഖ്യപ്രമേയങ്ങളാകുന്ന ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ ഒട്ടേറെ കൃതികള്‍ ഉള്‍പ്പെടുന്നു *(5). 

 

References:

1. A'SIM NA'AJI ABBASS MOHAMMED RAGEH, The Role of the Hero and Heroic in Abdul Rahman Munif’s Novel Cities of Salt, http://puneresearch.com/media/data/issues/5a004fb14e29f.pdf

2. Daniel S. Burt – ‘Cities of Salt’, The Novel 100, Revised Edition (The Literature 100) (2010),P.354)

3. Jairus Banaji, ‘The Subversive Universe of Saudi Exile Abdelrahman Munif’s 'Cities of Salt'’, The Wire, 24/JUL/2020, https://thewire.in/books/abdelrahman-munif-cities-of-salt. Accessed 04.03.2021

4. Nadia Yakub, Encyclopedia.com, Arts Culture magazines, Cities of Salt https://www.encyclopedia.com/arts/culture-magazines/cities-salt 

5. “Petrofiction,” Wikimedia Foundation, last modified 22 September 2024, 17:28, https://en.wikipedia.org/wiki/Petrofiction