പരിവര്‍ത്തനത്തിന്റെ കുളമ്പടിനാദം
Palace Walk (The Cairo Trilogy – Part I) (1956) Naguib
Mahfouz (Egypt)/ William Maynard Hutchins & Olive E. Kenny (1990)
ഇജിപ്തിലെ
കൈറോയില്‍ 1911ലാണ് വ്യാപാരിയായ അബ്ദുല്‍ അസീസ് ഇബ്രാഹിം മഹ്ഫൂസിന്റെയും ഭാര്യ
ഫാത്മ മുസ്തഫയുടെയും മകനായി നഗീബ് അബ്ദുല്‍ അസീസ് അല്‍ സബില്‍ഗി മഹ്ഫൂസ്
ജനിക്കുന്നത്. മൂത്ത സഹോദരങ്ങളെക്കാള്‍ ഏറെ ഇളപ്പമായിരുന്നതുകൊണ്ട് ഏതാണ്ട്
ഒരൊറ്റക്കുട്ടിയെ പോലെയാണ് മഹ്ഫൂസ് വളര്‍ന്നു വന്നത്. കൈറോ യൂണിവേഴ്സിറ്റിയില്‍
നിന്ന് ഫിലോസഫിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മഹ്ഫൂസ്, പ്രമുഖ സോഷ്യലിസ്റ്റും എഡിറ്ററും ആയിരുന്ന സലാമ മൂസയുടെ ഉപദേശ പ്രകാരം
ചെറുകഥകള്‍ എഴുതിത്തുടങ്ങി. അക്കാലത്ത്, (മുപ്പതുകളില്‍)
ഇജിപ്തില്‍ മൂന്നു പ്രബല ശക്തികളുടെ സ്വാധീനം ഉണ്ടായിരുന്നു: ബ്രിട്ടന് കീഴില്‍
ഒരു പ്രൊട്ടക്റ്ററേറ്റ് ആയിരുന്നു ഇജിപ്ത് അന്ന്. വിദേശ കാര്യം, പ്രതിരോധം, വാര്‍ത്താവിനിമയ സുരക്ഷിതത്വം, എന്നിവയോടൊപ്പം ആംഗ്ലോ-ഇജിപ്ത്യന്‍ സുഡാനിനെയും ബ്രിട്ടന്‍ നിയന്ത്രിച്ചു.
എന്നാല്‍ 1936ല്‍ ഫാറൂഖ് രാജാവ് അധികാരത്തിലേറിയതോടെ, ആംഗ്ലോ-ഇജിപ്ത്യന്‍
ഉടമ്പടി പ്രകാരം ചില പ്രത്യേക പ്രദേശങ്ങളിലെ, വിശേഷിച്ചും
സൂയസ് കനല്‍ പ്രദേശത്തെ, സൈനിക നിയന്ത്രണം മാത്രമായി
ബ്രിട്ടന്റെ അധികാരം ഒതുങ്ങി. ഇതോടൊപ്പം, നാട്ടില്‍
ശക്തപ്രാപിച്ചുകൊണ്ടിരുന്ന ദേശീയ പ്രസ്ഥാനമായിരുന്നു മൂന്നാമതു ശക്തി.
ചെറുകഥകളും
വിവര്‍ത്തനങ്ങളുമായി സാഹിത്യ സപര്യ തുടങ്ങിയ മഹ്ഫൂസ്, തുടര്‍ന്നു രചിച്ച പുരാതന ഇജിപ്ത്യന്‍
ചരിത്രം പശ്ചാത്തലമാക്കിയ നോവല്‍ ത്രയത്തോടെയാണ് നോവലിന്റെ തട്ടകത്തിലേക്കു
കടന്നത്. ആധുനിക സമൂഹത്തെ കുറിച്ചുള്ള സൂചനകള്‍ ഈ കൃതികളിലും അദ്ദേഹം സജീവമായി
നിലനിര്‍ത്തിയിരുന്നു. രണ്ടാം ലോക യുദ്ധാനന്തര സാഹചര്യത്തെ നേരിടുക എന്ന
ദിശാമാറ്റത്തോടെയാണ് കൂടുതല്‍ സമകാലിക പ്രസക്തിയുള്ള അദ്ദേഹത്തിന്‍റെ എഴുത്തു
ഘട്ടം ആരംഭിക്കുന്നത്. ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും ചേര്‍ന്ന സഖ്യ ശക്തികള്‍ക്ക്
സൈനിക ഇടത്താവളം ആയിരുന്നു അക്കാലത്ത് ഇജിപ്ത്. യുദ്ധാനന്തരം, 1951ല്‍, കൈറോ ഉടമ്പടി പിന്‍ വലിക്കപ്പെടുകയും
ഇജിപ്ത് സ്വതന്ത്രമാകുകയും ചെയ്തുവെങ്കിലും, അഴിമതിയിലും
കെടുകാര്യസ്ഥതയിലും മുങ്ങിയ ഫാറൂഖ് ഭരണം അട്ടിമറിക്കപ്പെട്ടു. രാജാവിന്റെ ഏഴു മാസം
പ്രായമുള്ള മകന്‍ പിന്‍ഗാമിയായി വാഴിക്കപ്പെട്ടെങ്കിലും 1953ല്‍ ജനറല്‍ മുഹമ്മദ്
നഗീബിന്റെ കീഴില്‍ റിപ്പബ്ലിക് സ്ഥാപിതമായി. 1954ല്‍ ഗമാല്‍ അബ്ദുല്‍ നാസറിന്റെ
കീഴില്‍ നടന്ന വിപ്ലവത്തെ തുടര്‍ന്നു നഗീബ് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായി. ഈ
സംഭവ വികാസങ്ങളെല്ലാം മഹ്ഫൂസിന്റെ സുപ്രധാന കൃതികളായ ‘കൈറോ ത്രയം’ എന്നറിയപ്പെടുന്ന Palace Walk (1956),
Palace of Desire: Cairo Trilogy II (1957), Sugar
Street: The Cairo Trilogy III (1957) എന്നിവയുടെ
പശ്ചാത്തലത്തില്‍ സജീവമാണ്. *(1)
ആധുനിക അറബ്
സാഹിത്യത്തിലെ ആദ്യത്തെ വലിയ കുടുംബ ഇതിഹാസമായ (family saga) കൈറോ ത്രയം (Palace
Walk (1956), Palace of Desire: Cairo Trilogy II (1957), Sugar Street: The Cairo Trilogy III (1957),
അല്‍ സയ്യിദ് അഹ്മദ് അബ്ദുല്‍ ജവാദ് എന്ന കുലപതിയുടെയും
കുടുംബത്തിന്റെയും മൂന്നു പതിറ്റാണ്ടു നീളുന്ന കഥ പറയുന്നു. ഒന്നാം ലോക യുദ്ധം
മുതല്‍ ഫാറൂഖ് രാജാവ് അധികാര ഭ്രഷ്ടനാക്കപ്പെടുന്നതിന്റെ എട്ടു വര്‍ഷം മുമ്പു
വരെയുള്ള കാലമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. കൈറോയിലെ അല്‍ ജമാലിയ്യ
പ്രവിശ്യയില്‍ നിന്നുള്ള യഥാര്‍ത്ഥ തെരുവുകള്‍ തന്നെയാണ് നോവലുകളുടെ പേരുകള്‍.
മഹ്ഫൂസിന്റെ രചനാരീതിയിലെ സോഷ്യല്‍ റിയലിസ്റ്റിക് ഘട്ടത്തിന്റെ ഏറ്റവും മികച്ച
നേട്ടമായി നോവല്‍ ത്രയത്തെ നിരൂപകര്‍ പരിഗണിക്കുന്നു. (1952ലെ വിപ്ലവത്തെ സ്വാഗതം
ചെയ്തുവെങ്കിലും പില്‍ക്കാലത്ത് വിപ്ലവത്തിനു സംഭവിച്ച അപചയങ്ങളില്‍ നിരാശനായ
മഹ്ഫൂസ്, ആലിഗറി, സിംബോളിസം, പരീക്ഷണാത്മക രീതികള്‍, തുടങ്ങിയവ ഉപയോഗിച്ചു ആത്മീയ
സംഘര്‍ഷങ്ങളുടെയും അന്യതാബോധത്തിന്റെയും കഥകള്‍ ആവിഷ്കരിച്ചു. Children
of Gebelawi പോലുള്ള കൃതികളില്‍ പ്രകോപനപരമായ നിലപാടുകള്‍
അദ്ദേഹത്തെ ഒരു വിവാദ നായകന്‍റെ പദവിയില്‍ എത്തിച്ചു. അദ്ദേഹത്തിന്‍റെ ജീവനു പോലും
ഭീഷണിയുണ്ടായി.)
രണ്ടു
ലോകയുദ്ധങ്ങള്‍ക്കിടയിലെ കാലഘട്ടത്തില്‍ ഇജിപ്ത്യന്‍ നഗര സമൂഹം നേരിട്ട
രാഷ്ട്രീയവും സാമൂഹികവും മതപരവുമായ സംഘര്‍ഷങ്ങളെ നോവല്‍ ത്രയത്തില്‍ മഹ്ഫൂസ്
നിബന്ധിക്കുന്നു. ദേശീയ വാദികളും ബ്രിട്ടീഷ് ഇമ്പീരിയല്‍ താല്‍പര്യങ്ങളുടെ
വക്താക്കളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതില്‍ പ്രധാനം. ആദ്യഭാഗമായ Palace Walk, യഥാര്‍ത്ഥ അറബ് പേര് (Bayn
al-Qasrayn ‘രണ്ടു സ്ഥലങ്ങള്‍ക്കിടയില്‍’)
അന്വര്‍ത്ഥമാക്കുന്ന പോലെ, ഇജിപ്തിന്റെ പ്രത്യേക അവസ്ഥയെ (liminal
position) സൂചിപ്പിക്കുന്നു: ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ (Ottoman
Caliphate) ഭാഗവും ഒപ്പം പുതുതായി സ്വാതന്ത്ര്യത്തിലേക്ക് മുതിരുന്ന
ദേശവും എന്നതാണ് അത്. നോവലിന്റെ മൂന്നില്‍ രണ്ടു ഭാഗവും ജവാദ് കുടുംബാംഗങ്ങളുടെ
നിത്യ ജീവിത പരിസരങ്ങളില്‍ കേന്ദ്രീകരിക്കുന്നു: ആമിന, യാസിന്‍, ഖദീജ, ഫഹ്മി, ആയിഷ, കമാല്‍ എന്നിവരെല്ലാം കുടുംബ നാഥന്‍ അല്‍ സയ്യദിന്റെ കര്‍ക്കശ മേല്‍നോട്ടത്തിനു
കീഴില്‍ കുടുംബത്തിലെ ദൌത്യങ്ങള്‍, വിവാഹം, സാമൂഹിക ചടങ്ങുകള്‍, ഉപചാരങ്ങള്‍, ഭക്ഷണ മര്യാദകള്‍ തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്നു. ബ്രിട്ടന്റെ
സുഡാന്‍ അധിനിവേശത്തിനെതിരെ നടന്ന 1919ലെ വിപ്ലവം വരെയുള്ള രണ്ടു വര്‍ഷക്കാലമാണ്
നോവല്‍ പ്രധാനമായും കഥാകാലമായി എടുക്കുന്നത്. രണ്ടാം ഭാഗത്ത്, രക്തസാക്ഷിയകുന്ന ഫഹ്മിയിലൂടെ ദേശത്തിന്റെ ദേശീയ മുന്നേറ്റത്തെ
നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. ഫഹ്മിയുടെ മരണത്തോടെയാണ് നോവല്‍ അവസാനിക്കുന്നതും.
പുറമേക്ക്
തികഞ്ഞ ഭക്തനെങ്കിലും, കുടുംബത്തില്‍ നടപ്പാക്കുന്ന സദാചാര നിയമങ്ങളൊക്കെ മദ്യത്തിലും
പരസ്ത്രീഗമനങ്ങളിലും മുങ്ങുന്ന രാത്രിസഞ്ചാരങ്ങളില്‍ കാപട്യപൂര്‍വ്വം കാറ്റില്‍പറത്തുന്ന
അല്‍ സയ്യദ്, പുറംലോകവുമായുള്ള സമ്പര്‍ക്ക സാധ്യത വീട്ടിലെ
സ്ത്രീകള്‍ക്കു പൂര്‍ണ്ണമായും നിഷേധിക്കുന്നുണ്ട്. എന്നാല്‍ അവരരിയാതെയെങ്കിലും
പുറത്തു വമ്പിച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. ഒരര്‍ത്ഥത്തില്‍ ആധുനികതക്കും ദേശീയ
മുന്നേറ്റങ്ങള്‍ക്കും എതിരെ സമയത്തെ നിശ്ചലമാക്കി പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ്
ജവാദിന്റെത്. പരാജയം അതിന്റെ വിധിയാവാതെ വയ്യ. ജവാദിന്റെ പിതൃദായ
അധികാരസ്വരൂപത്തിന്റെ നിഴലിലാണ് കുടുംബം എന്നിരിക്കിലും നോവല്‍ ആരംഭിക്കുന്നത്
ആമിനയിലാണ്. ഭര്‍ത്താവിനു തികച്ചും കീഴ്പ്പെട്ട കുടുംബിനി: “എന്റെ അഭിപ്രായം പൂര്‍ണ്ണമായും
അങ്ങയുടെത് തന്നെയാണ്, സാര്‍. എനിക്ക് എന്റെതായ
അഭിപ്രായമില്ല” എന്നത് തന്നെയാണ് അവരുടെ പ്രഖ്യാപിത മാനിഫെസ്റ്റോ. “അവളുടേത്
പോലുള്ള ഏകതാനത നിറഞ്ഞ ഒരു ജീവിതത്തില്‍ വിരസത (boredom)
എന്നത് ഒരുപക്ഷെ അപ്രസക്തമായ ഒരാശയം ആയിരുന്നു” എന്നും നോവലിസ്റ്റ് എഴുതുന്നുണ്ട്.
തന്റെ രാക്കാല വിനോദങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവ് തിരിച്ചെത്തുന്നതും
കാത്തിരിക്കുമ്പോള്‍ ഖുറാന്‍ പാരായണത്തിലൂടെ തന്നെ ഭയപ്പെടുത്തുന്ന പിശാചുക്കളെയും
ജിന്നുകളെയും അകറ്റാന്‍ ശ്രമിക്കുന്ന ആമിന, മതാത്മക
പാട്രിയാര്‍ക്കിക്കും കൊളോണിയല്‍ അരക്ഷിതത്വത്തിനും ഇടയില്‍ കുരുങ്ങിയ സ്ത്രീയുടെ
ഏകാന്തതയുടെ ചിത്രമാണ്. സമാദരണീയനായ മതപണ്ഡിതന്റെ മകളായ ആമിന തികഞ്ഞ മതനിഷ്ഠ
ഉള്ളവളാണ്. എന്നാല്‍ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേര്‍തിരിച്ചു കാണുന്നില്ല
എന്നതാണ് അവരുടെ ഭയപ്പാടുകളുടെ ഉറവിടം. നാലുവര്‍ഷമായി തുടരുന്ന യുദ്ധം ഓട്ടോമന്‍
ഭരണത്തിന്റെയും സഖ്യശക്തിയായ ജര്‍മ്മനിയുടെയും വിജയത്തില്‍ കലാശിക്കണമെന്നും
അതുവഴി ബ്രിട്ടനും നഗരത്തിലെങ്ങും വെട്ടുകിളിക്കൂട്ടം പോലെ വ്യാപിക്കുകയും
നാടിനെയും നാട്ടാരെയും നശിപ്പിക്കുകയും ചെയ്യുന്ന ആസ്ട്രേലിയക്കാരും ഒഴിഞ്ഞുപോകണം
എന്നും അവള്‍ പ്രാര്‍ഥിക്കുന്നു. വീട്ടിനകത്തെ ദൈവഭയമുള്ള ഭാവത്തിനപ്പുറം യഥാര്‍ഥത്തില്‍
ഇരട്ട വ്യക്തിത്വത്തിനുടമയെങ്കിലും ഭര്‍ത്താവ് മിക്കപ്പോഴും സൗമനസ്യ പ്രകൃതനാണ്
എന്നതില്‍ ആമിനക്ക് നന്ദി തോന്നുന്നത് ഒരര്‍ത്ഥത്തില്‍ അവരുടെ നിസ്സഹായതയുടെ
മറുവശം കൂടിയാണ്. ചിലപ്പോഴൊക്കെ അയാള്‍ പുറംലോകത്തു നിന്നുള്ള വാര്‍ത്തകള്‍ പോലും
പങ്കുവെക്കുന്നത് മറ്റൊരു രീതിയിലും അതൊന്നും അറിയാനുള്ള യാതൊരു സാധ്യതയുമില്ലാത്ത
ഭാര്യക്കും പെണ്‍മക്കള്‍ക്കും അങ്ങേയറ്റം കൌതുകകരമാണ്. എന്നാല്‍ ഈ
വിധേയത്വത്തിലേക്ക് ആമിന പരുവപ്പെട്ടത് കനത്ത വിലനല്‍കിത്തന്നെയാണ് എന്ന്
വ്യക്തമാണ്. ഒരു പതിനലുകാരിയായി, വിവാഹിതയായി എത്തിയ
കാലത്ത് ഭര്‍ത്താവിന്റെ രാത്രിസഞ്ചാരങ്ങളെ ചോദ്യം ചെയ്യാനുള്ള തന്റേടം
കാട്ടിയിരുന്നതിനു കിട്ടിയ പ്രഹരങ്ങളാണ് അവളെ നിശ്ശബ്ദയായിരിക്കാന്‍ പഠിപ്പിച്ചത്.
‘തേനീച്ച’ എന്ന് അയല്‍ക്കാരികള്‍ വിളിക്കുന്ന ആമിന, മുതിര്‍ന്ന പെണ്‍മക്കള്‍ ഉണ്ടായിട്ടും ഇപ്പോഴും ഗാര്‍ഹിക ജോലികളില്‍
മുഴുകുന്നതും അവരുടെ എകാന്തതക്കുള്ള മറുമരുന്നാവാം. കുടുംബക്കാരെ കാണാനോ, പ്രിയപ്പെട്ട അല്‍ ഹുസൈന്‍ പള്ളിയില്‍ പോകാനോ പോലും അനുവാദമില്ലാത്ത ആമിന, ഒരിക്കല്‍ മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പുറത്തിറങ്ങുകായും കാറിടിച്ചു
പരിക്കു പറ്റുകയും ചെയ്യുമ്പോള്‍ അതു വലിയ അപമാനമായി ജവാദ് എടുക്കുന്നത്, ആണ്‍തുണയില്ലാതെ പുറത്തിറങ്ങിയ ഭാര്യയുടെ നടപടി മൂലമാണ്.
അഞ്ചുമക്കളില്‍
മൂത്തയാളായ യാസിന്‍ സത്യത്തില്‍ അയാളുടെ മുന്‍ ബന്ധത്തില്‍ പിറന്നവനാണ്. ഒമ്പത്
വയസ്സില്‍ കുടുംബത്തിലെത്തിയ അയാള്‍, പോറ്റമ്മയെ ഉമ്മയായിത്തന്നെ കാണുന്നു. പിതാവിന്റെ അതേ
ജനിതകതാല്പര്യങ്ങളും ജീവിതരീതിയും തന്നെയാണ് അയാളെയും ആകര്‍ഷിക്കുന്നത്. ജവാദിന്റെ
രീതികളോട് പൊരുത്തപ്പെടാനാകാതെ വിവാഹ മോചനത്തില്‍ കലാശിച്ച ആദ്യവിവാഹത്തില്‍
ജനിച്ച യാസീന്‍, പെറ്റമ്മ തന്റെ ഏകാന്തതയില്‍
ഉണ്ടാക്കിയെടുത്ത ആണ്‍സൗഹൃദങ്ങള്‍ കാരണമാണ് അവരെ വിട്ടുപോന്നത് എന്നത്, പിതാവിന്റെ സമാന്തരമായി അയാളെയും മാറ്റുന്നു. “പുരാതന കാലം മുതലേ, വീടുകള്‍ സ്ത്രീകള്‍ക്കും പുറംലോകം ആണുങ്ങള്‍ക്കും ഉള്ളതാണ്” എന്ന്‍ അയാള്‍
ഉദ്ധരിക്കും. എന്നാല്‍, അപഖ്യാതികള്‍ പടരാതെ
സൂക്ഷിക്കാനുള്ള ജവാദിന്റെ വിവേകം മകനില്ല. അതേസമയം, പിതാവിന്റെ
ഇരട്ട ജീവിതത്തെ കുറിച്ചുള്ള അറിവ്, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ, ദേശീയ രാഷ്ട്രീയ ബോധ്യങ്ങളിലേക്കും മതനിഷ്ഠയിലേക്കും ഉണര്‍ന്നു തുടങ്ങുന്ന
ഫഹ്മിയെ ഞെട്ടിച്ചു കളയും. അയല്‍പ്പക്കത്തെ ടെറസ്സില്‍ തുണി അയയിലിടാന്‍ വരുന്ന
മരിയാം തന്നെ പ്രണയിക്കുന്നുണ്ടോ എന്ന ചിന്ത അയാളിലുണ്ടാക്കുന്ന സമ്മിശ്ര വികാരം
ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധം ഒരിക്കലും സാധ്യമല്ലാത്ത പാട്രിയാര്‍ക്കല്‍
കാപട്യങ്ങളുടെ സൃഷ്ടി തന്നെയാണ്: ഒരു വേള അവളൊരു ആധുനിക സ്ത്രീ ആയിരിക്കാം, അല്ലെങ്കില്‍ ഒരു ദുര്‍ന്നടപ്പുകാരി, അതുമല്ലെങ്കിലോ, തന്നെ തിരിച്ചും ഇഷ്ടപ്പെടുന്ന ഒരുത്തി. സ്കൂള്‍ വിദ്യാര്‍ഥിയായ കമാലിനു
കുട്ടിത്തം വിട്ടുമാറിയിട്ടുമില്ല. പിതാവു നിഷ്കര്‍ഷിക്കുന്ന കാര്‍ക്കശ്യങ്ങള്‍
അവന്റെ സ്വതസിദ്ധമായ പ്രസരിപ്പിനെ തടസ്സപ്പെടുത്തുന്നു. ചിലപ്പോഴൊക്കെ പിതാവ്
തന്നെ തല്ലുന്നതു എന്തിനെന്നുപോലും അവനു വ്യക്തമല്ല.
നോവല്‍
ആരംഭത്തില്‍ ഇരുപതുകരിയായ ഖദീജ സുന്ദരിയാണെങ്കിലും തടിച്ച പ്രകൃതത്തെ അഭിലഷണീയമായി
കാണുന്ന സമൂഹത്തില്‍ വേണ്ടതിനേക്കാള്‍ തീരെ മെലിഞ്ഞവളാണ് എന്നത് കുടുംബത്തെ
മഥിക്കുന്നു. ബുദ്ധിമതിയും മൂര്‍ച്ചയുള്ള നാക്കിന്റെ ഉടമയുമായ ഖദീജ, സഹോദരങ്ങളെ അതിന്റെ ചൂട് ഇടയ്ക്കിടെ
അറിയിക്കുകയും ചെയ്യും. മൂത്തവള്‍ നില്‍ക്കെ ഇളയവളെ വിവാഹം ചെയ്തു കൊടുക്കുന്നതിലെ
പൊരുത്തക്കേട് മാറ്റിവെച്ചു അതിസുന്ദരിയായ പതിനാറുകാരി ആയിഷ വിവാഹിതയാകുന്നതില്‍
സാമ്പ്രദായികതയില്‍ നിന്നുള്ള ചെറിയ വേറിട്ടുപോക്കു കാണാം. ആണുങ്ങള്‍ ജോലിക്ക്
പോയ്ക്കഴിഞ്ഞാല്‍ മുകള്‍ നിലയിലെ വിരിയിട്ട ജനാലക്കിപ്പുറമിരുന്നു ഒരു പ്രത്യേക
ചെറുപ്പക്കാരന്റെ തെരുവിലൂടെയുള്ള പോക്ക് നോക്കിയിരിക്കുമായിരുന്ന ആയിഷ തന്നെയും
അവളുടെ പുറമേക്കുള്ള വിനയ പ്രകൃതത്തില്‍ നിന്ന് വ്യത്യസ്തമായ ആന്തര പ്രകൃതം
പ്രകടിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പെണ്‍കുട്ടികള്‍ പുറത്തിറങ്ങിക്കൂടെന്ന
വിലക്കില്‍ സ്കൂള്‍ വിദ്യാഭ്യാസം പോലും തുടരാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍, വിവാഹം എന്ന ഏക മോചനം കാത്തു കുടുംബത്തില്‍ ചുറ്റിക്കറങ്ങി. കുടുംബത്തില്‍ത്തന്നെ
പുരുഷന്മാര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ക്ക് അവകാശമില്ല.
പുറത്തു ലോകം ഇത്തരം ക്രമങ്ങളെ പൊളിച്ചെഴുതി തുടങ്ങുമ്പോഴും ജവാദ് കുടുംബം പഴയ
പാരമ്പര്യങ്ങളില്‍ തുടരുന്നു. പുതുതായി വിവാഹം കഴിക്കുന്ന യാസീന്‍, ഭാര്യയെ പട്ടണത്തിലേക്ക് കൂട്ടുന്നതിനെ കുറിച്ചു ജവാദ് വലിയ കോളിളക്കം
ഉണ്ടാക്കുന്നുണ്ട്. നിസ്കാര വേളകളില്‍ പശ്ചാത്തപിച്ചാല്‍ അതുമൂലം തന്റെ സുഖലോലുപ
ജീവിതാസക്തിയെ ദൈവം മാറ്റിക്കളഞ്ഞാലോ എന്ന ഭയത്തില്‍ പ്രാര്‍ത്ഥന ഒഴിവാക്കുന്ന
യാസീനിനു വിവാഹ ജീവിതം ദുഷ്കരമാണ്. സ്വന്തം കുടുംബത്തില്‍ സ്വതന്ത്ര
വ്യക്തിത്വത്തോടെ ജീവിച്ച സൈനബിനാകട്ടെ, ജവാദ്
കുടുംബത്തില്‍ താനൊരു കീഴൊതുങ്ങല്‍ക്കാരി ആകുന്നുവോ എന്നും ഭയമുണ്ട്. യാസീനിന്റെ
പ്രകൃതവും കൂടിച്ചേരുന്നതോടെ മനം മടുത്തു അവള്‍, ഗര്‍ഭിണിയായിട്ടും, വിവാഹ ജീവിതത്തില്‍ നിന്ന് പിന്തിരിയുന്നു. വിവാഹം ചെയ്തയക്കപ്പെടുന്ന
ആയിഷയും ഖദീജയും തുടര്‍ന്നുള്ള കഥാഭാഗങ്ങളില്‍ ഏതാണ്ട് അപ്രസക്തരാകുന്നത്, കുടുംബത്തിനപ്പുറം ഒരസ്തിത്വവും ഇവിടെ സ്ത്രീക്കില്ല എന്നതിന്റെ കൂടി
സൂചകമാണ്. ആണ്‍മക്കള്‍ മാത്രമുള്ള കുടുംബം മറ്റൊരു ഇടമായി മാറുകയും ചെയ്യുന്നത്
ഏറെ ബാധിക്കുന്നത് കൗമാരം കടക്കുക മാത്രം ചെയ്യുന്ന കമാലിനെയാണ്. സഹോദരിമാരെ
സന്ദര്ശിക്കുമ്പോഴാവട്ടെ, അവര്‍ തികച്ചും
അന്യരായിക്കഴിഞ്ഞ പോലെ അവനു അനുഭവപ്പെടുകയും ചെയ്യുന്നു.
അമിതാധികാര
പ്രയോഗവും അമിത രക്ഷക ഭാവവും ഒന്നായി പരിണമിക്കുന്ന പ്രകൃതമാണ് ജവാദിന്റെത്.
മക്കളെ സ്നേഹിക്കുന്നതും ഉടമസ്ഥപ്പെടുത്തുന്നതും അയാള്‍ക്ക് ഒന്നുതന്നെയാണ്. പെണ്‍കുട്ടികളെ
‘പ്രതിരോധസാധ്യമല്ലാത്ത തിന്മ’ ആയിക്കാണുന്ന അയാള്‍ക്ക് അയാളുടെ ആണ്‍മക്കള്‍ ‘ചരിത്രത്തിന്റെ
ചട്ടക്കൂടിനു വെളിയില്‍’ താന്‍ മാത്രം നിയന്ത്രിക്കുന്ന
പ്രത്യേക ജനുസ്സാണ്. അനിവാര്യമായും സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളോട്
പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്നതാണ് ജവാദിന്റെ നിയന്ത്രണ ശക്തിയെ അന്തിമമായി
ബാധിക്കുക. മക്കള്‍, ആണ്മക്കളും പെണ്മക്കളും, വിവാഹപ്രായം ആകുന്നതോടെ അയാളുടെ ഇരട്ട ജീവിതവും പ്രശ്നഭരിതമാകും.
തെരുവിലൂടെ ഒഴുകാന്‍ തുടങ്ങുന്ന കൊളോണിയല്‍ സൈന്യത്തിന്റെ സാന്നിധ്യവും വിദ്യാര്‍ഥി
പ്രക്ഷോഭങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് സൈനികരുമായുണ്ടാകുന്ന ഏറ്റുമുട്ടലുകളില്‍
നിന്നും സ്വാതന്ത്ര്യ പോരാട്ടത്തില്‍ നിന്നും മകനെ പിന്തിരിപ്പിക്കാന്‍
കഴിയാത്തതും അയാളുടെ പതനത്തെ ത്വരിതപ്പെടുത്തും.
ആസ്ട്രേലിയക്കാരും
ഇംഗ്ലീഷുകരുമായ കൊളോണിയലിസ്റ്റുകളുടെ സാന്നിധ്യം നോവലില്‍ ഉടനീളം അനുഭവവേദ്യമാണ്.
കൈറോയിലെങ്ങും നിരീക്ഷണം വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി അവര്‍ പ്രദേശത്തു
ക്യാമ്പു ചെയ്യുന്നത് കമാലിനു കൌതുകം ജനിപ്പിക്കുമെങ്കിലും, മറ്റുള്ളവരില്‍ ആശങ്കയുണര്‍ത്തുന്നു.
യാസീന്‍ മറ്റെല്ലാ ഇജിപ്തുകരെയും പോലെ അവരെ വെറുക്കുന്നുണ്ട്. എന്നാല്‍ അതേസമയം
അവര്‍ വേറൊരു ജനുസ്സാണെന്നും അയാള്‍ ചിന്തിക്കുന്നു. നിസ്സാരമായ ഒരു സംഭവത്തില്‍
അവരില്‍ ഒരാളോട് ഞൊടിയിട സൗഹൃദം കാണിക്കുന്നത് പിന്നീട് അയാള്‍ക്ക് വലിയ അപകടം
വരുത്തിവെക്കുന്നുണ്ട്.
നോവല്‍
അവസാനിക്കുന്നത് വിപ്ലവത്തിന്റെ വിജയവും സ്വാതന്ത്ര്യത്തിലേക്കുള്ള ഇജിപ്തിന്റെ
ചുവടുവെപ്പും മുന്നില്‍ കാണുന്ന വിധത്തിലാണ്. എന്നാല്‍ ഏറ്റവും ചുരുങ്ങിയത് ജവാദ്
കുടുംബത്തിനെങ്കിലും അത് സംഭവിക്കാന്‍ പോകുന്നില്ല എന്നതാണ് സത്യം.
Palace Walk ശരിക്കുമൊരു കുടുംബ ചിത്രമാണ്: “ഓരോ കുടുംബാംഗത്തിന്റെയും പാത്രസൃഷ്ടി
തികച്ചും പൂര്‍ണ്ണമാണ്, ഓരോരുത്തര്‍ക്കും ഒരു
നിയോഗമുണ്ട് – കാര്യങ്ങളെ കുട്ടികളുടെ കണ്ണിലൂടെ കാണുന്ന കമാല്‍, പ്ലേ ബോയ് യാസീന്‍, രാഷ്ട്രീയക്കാരന് ഫഹ്മി, സുന്ദരി ആയിഷ ഗൗരവക്കാരി ഖദീജ. ചെറുതും വലുതുമായ കുടുംബ പ്രതിസന്ധികള്‍
ഉണ്ടാവുന്നുണ്ട്, എല്ലാത്തിന്റെയും മേലുള്ള കുടുംബ
നാഥന്റെ ഉറച്ച നിയന്ത്രണവും – എന്നിരിക്കിലും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ
നിതാന്ത ഭീഷണി വാതില്‍ മുട്ടുന്നുമുണ്ട്.” (The complete review's Review).
എഴുപത്തിയൊന്നു
ചെറുഅധ്യായങ്ങളിലായി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കും, ഒരു സംഭവത്തില്‍ നിന്നും
മറ്റൊന്നിലേക്കും എന്ന മട്ടില്‍ സാവധാനത്തിലാണ് ആഖ്യാനം നിര്‍വ്വഹിക്കപ്പെടുന്നത്.
എന്നാല്‍ ചില ഘടകങ്ങളുടെ അഭാവവും ഇവിടെ പ്രകടമാണ് എന്ന്
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: ഉദാഹരണത്തിന്, പെണ്‍മക്കള്‍
എങ്ങനെയാണു വിവാഹജീവിതത്തിലേക്ക് പരിണമിക്കുന്നത്
എന്നതിനെ കുറിച്ച് നോവലില്‍ കാര്യമായ സൂചനകള്‍ ഒന്നുമില്ല. *(3).
References:
1. encyclopedia.com content.
‘Mahfouz, Naguib’, Updated Aug 13 2018,
https://www.encyclopedia.com/people/literature-and-arts/miscellaneous-world-literature-biographies/naguib-mahfouz.
Accessed 22.12.2022
2. Sabry Hafiz.
‘Introduction to The Cairo Trilogy, Everyman’s Library Edition, 2001
3. The complete review's
Review, https://www.complete-review.com/reviews/mahfouzn/cairo1.htm. Accessed 22.12.2022
Read more:
Palace of Desire (The Cairo Trilogy 2)
https://alittlesomethings.blogspot.com/2024/08/palace-of-desire-cairo-trilogy-ii-by.html
Sugar Stree (The Cairo Trilogy 3)
https://alittlesomethings.blogspot.com/2024/08/sugar-street-cairo-trilogy-iii-naguib.html