Featured Post

Thursday, June 20, 2024

'Aaidun ila haifa'/ Return to Haifa by Ghassan Kanafani

 എരിയുന്ന വീട്ടിലേക്കുള്ള പിന്‍വിളികള്‍


(ഗസ്സാന്‍ കനഫാനിയുടെ ‘ആഇദൂന്‍ ഇലാ ഹൈഫ എന്ന ചെറുനോവിന്റെ മലയാള വിവര്‍ത്തനമായ ‘ഹൈഫയിലേക്ക് തിരികെ പോകുന്നവര്‍ എന്ന് പുസ്തകത്തെ കുറിച്ച്)

“ജനനം മുതല്‍ അദ്ദേഹത്തിന്‍റെ ജീവിത സാഹചര്യങ്ങള്‍ പലസ്തീനിയന്‍ വിഷയവുമായി അഭേദ്യമായി കേട്ടുപിണഞ്ഞതായിരുന്നു. അദ്ദേഹത്തിന്‍റെ “ജോലി/ എഴുത്ത്/സര്‍ഗ്ഗസൃഷ്ടി” (‘work’) സ്വന്തവും പലസ്തീനികള്‍ എന്ന തന്റെ ജനതയുടെയും അതിജീവനമായിരുന്നു.” ഗസ്സാന്‍ കനഫാനിയുടെ ജീവചരിത്ര ലേഖനത്തില്‍ (Karen E. Riley. ‘Gassan Kanafani: A Biographical Essay’, Palestine’s Children: Returning to Haifa & Other Stories, Ghassan Kanafani, translated by Barbara Harlow & Karen E. Riley, Lynne Rienner Publishers, Inc, 2000.) കാരെന്‍ റിലെ എഴുതുന്നു. 1948 ല്‍ കനഫാനിയുടെ പന്ത്രണ്ടാം ജന്മദിനത്തില്‍ അരങ്ങേറിയ ദെയിര്‍ യാസിന്‍ കൂട്ടക്കൊല ഇനിയൊരിക്കലും ജന്മദിനം ആഘോഷിക്കില്ലെന്ന തീരുമാനത്തില്‍ അദ്ദേഹത്തെ എത്തിച്ചു. പ്രസ്തുത സംഭവത്തിനും ഒരു മാസത്തിനുള്ളില്‍ ആക്കര്‍ നഗരം സയനിസ്റ്റുകള്‍ പിടിച്ചെടുത്തതോടെ ആരംഭിച്ച പലായനവും പ്രവാസവും പലസ്തീനികളുടെ നിതാന്ത വിധിയായിത്തീരും എന്ന് പതിയെയെങ്കിലും വളരെയേറെ വേദനയോടെയും ഇച്ഛാഭംഗത്തോടെയുമാണ് തന്റെ ജനതയെ പോലെത്തന്നെ കനഫാനിയും  തിരിച്ചറിഞ്ഞത്. കടുത്ത പ്രമേഹത്തിന്റെ ശാരീരിക കൊലയാളി ഉള്ളിലും പലസ്തീനിയന്‍ വിധിയുടെ ഊരാക്കുടുക്കിനെ കുറിച്ചുള്ള ബോധ്യം മനസ്സിലും ചേര്‍ന്ന് തികച്ചും അശുഭദര്‍ശിയായ അവസ്ഥയില്‍ 1960 ലെ ഡയറിക്കുറിപ്പില്‍ അദ്ദേഹം കുറിച്ചു: “നമുക്കറിയാവുന്ന ഏകകാര്യം നാളെ, ഇന്നത്തെക്കാള്‍ ഒട്ടും മെച്ചമായിരിക്കില്ല എന്ന് മാത്രമാന്; ഒപ്പം, ഒരിക്കലും വരാത്ത ഒരു ബോട്ടിനുവേണ്ടി ആശയോടെ തീരത്ത്‌ കാത്തിരിക്കുകയാണ് നമ്മളെന്നും. നാം എല്ലാത്തില്‍നിന്നും വേര്‍പിരിക്കപ്പെടാന്‍ ശിക്ഷിക്കപ്പെട്ടവരാണ് – നമ്മുടെ സര്‍വ്വനാശത്തില്‍ നിന്നൊഴികെ.” എന്നാല്‍, അല്‍ ഹുറിയത്ത് പത്രത്തില്‍ ചേരാനുള്ള ജോര്‍ജ്ജ് ഹബാഷിന്റെ ക്ഷണം നല്‍കിയ പുതിയ ഉത്തരവാദിത്ത ബോധം, മരണത്തോടു പോലും തമാശ പറയാന്‍ കഴിയുന്ന ഊര്‍ജ്ജമാണ് അദ്ദേഹത്തിനു നല്‍കിയത്. പലസ്തീന്‍ അഭയാര്‍ഥി പ്രതിസന്ധിയെ കുറിച്ച് ഗവേഷണം നടത്താനെത്തിയ ഡാനിഷ് യുവതി ആനി ഹൂവറെ കണ്ടുമുട്ടുകയും വിവാഹം ചെയ്ത കനഫാനി, ഔദ്യോഗിക രേഖകളുടെ അഭാവത്തില്‍ ഒളിച്ചു കഴിയുന്നതിനിടെയാണ് Men in the Sun രചിക്കുന്നത്‌. കുവൈറ്റിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്ന മൂന്നു പലസ്തീനിയന്‍ പ്രവാസികളുടെ ദുരന്തം ആവിഷ്കരിച്ച നോവല്‍, അറബ്/പലസ്തീനിയന്‍ സാഹിത്യത്തിലെ നാഴികക്കല്ലാണ്. ജേണലിസം വിട്ടു എഴുത്തില്‍ കേന്ദ്രീകരിക്കാന്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചപ്പോള്‍, അത്തരം വേര്‍തിരിവിന്റെ ആര്‍ഭാടം തനിക്കു ലഭ്യമല്ല എന്ന് അദ്ദേഹം പ്രതികരിച്ചത് അദ്ദേഹത്തിന്‍റെ സര്‍ഗ്ഗപരമായ ഉത്കണ്ഠകളെ വ്യക്തമാക്കുന്നു. രാഷ്ട്രീയം ജീവിതത്തിലേക്ക് കടന്നു കയറിയ മനുഷ്യര്‍ക്ക് എഴുത്ത് ചെറുത്തുനില്‍പ്പ്‌ തന്നെയാണ്. ചെറുത്തുനില്‍പ്പിന്റെ സാഹിത്യം (Literature of Resistance)” എന്ന് തന്നെയാണ് അധിനിവിഷ്ട പലസ്തീന്‍ സാഹിത്യത്തെ അദ്ദേഹം വിളിച്ചതും. പലസ്തീനിയന്‍ സാഹിത്യത്തില്‍ കനഫാനിയുടെ സമകാലികരായ മറ്റു രണ്ടു  കുലപതികള്‍ ജബ്ര ഇബ്രാഹിം ജബ്ര, എമിലി ഹബീബി എന്നിവരില്‍ നിന്ന് അദ്ദേഹത്തെ വേര്‍തിരിക്കുന്നതും ഈ തുറന്ന പ്രതിബദ്ധ സമീപനമാണ്.

മിഡില്‍ ഈസ്റ്റിനെയും അറബ് ലോകത്തെ ആകെയും പോയ നൂറ്റാണ്ടു മുഴുവന്‍ പിടിച്ചുലച്ച സംഘര്‍ഷങ്ങള്‍ക്ക് കൃത്യമായ പലസ്തീനിയന്‍ വീക്ഷണകോണ്‍ നല്‍കിയ ആദ്യത്തെ വലിയ എഴുത്തുകാരനാണ്‌ കനഫാനി.  ആറുദിന യുദ്ധത്തിലെ (1967 ജൂണ്‍ 5 മുതല്‍ 10 വരെ) പരാജയത്തെ തുടര്‍ന്ന് പലസ്തീനിയന്‍ മനസ്സ് നേരിട്ട പ്രതിസന്ധിയും നൈരാശ്യവും വളരെ വലുതും ബഹുതല സ്പര്‍ശിയുമായിരുന്നു.  ‘ഹൈഫയിലേക്ക് തിരിച്ചു പോകുന്നവര്‍’  (Return to Haifa) ഇരുപതു വര്‍ഷത്തെ ഇടവേളയുള്ള രണ്ടു ചരിത്ര ഘട്ടങ്ങളാണ് പശ്ചാത്തലമാക്കുന്നത്.  1948 ഏപ്രില്‍ 21ന്റെ അഭിശപ്ത ദിനത്തില്‍, കുടിയൊഴിപ്പിക്കപ്പെട്ടു പലായനം ചെയ്യുന്ന ആയിരങ്ങളുടെ കൂടെ സൈദിനും നവവധു സഫിയക്കും ജന്മഗേഹം പിറകിലുപേക്ഷിക്കേണ്ടി വന്ന സന്ദര്‍ഭം. 1967 ആറുദിന യുദ്ധത്തില്‍ വെസ്റ്റ്‌ ബാങ്ക്, സീനായ്, ഗാസ, ഗോലാന്‍ കുന്നുകള്‍ എന്നിവ ഇസ്രയേല്‍ അധീനതയില്‍ വീണതിനു ശേഷം അതിര്‍ത്തികള്‍ തുറന്ന സന്ദര്‍ഭത്തില്‍ വെസ്റ്റ്‌ ബാങ്കിലെ റമാലയിലുള്ള വസതിയില്‍ നിന്ന് തിരികെ, ഹൈഫയിലുള്ള  പഴയ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന സന്ദര്‍ഭം എന്നിവയാണ് അവ. ഇസ്രായേലിനും പുത്തന്‍ അധിനിവിഷ്ട പ്രദേശങ്ങള്‍ക്കുമിടയിലെ 1967ലെ അതിര്‍ത്തി തുറക്കല്‍, പ്രവാസി പലസ്തീനികള്‍ക്ക് അവരുടെ ഭൂതകാലത്തെ ഭൌതികാര്‍ത്ഥത്തിലും മാനസികമായും നേരിടേണ്ട വെല്ലുവിളിയായിത്തീര്‍ന്നു. നഷ്ടപ്പെടുന്നതിന്റെയും പിറകിലുപേക്ഷിക്കുന്നതിന്റെയും ഇടയിലെ ധാര്‍മ്മിക തലങ്ങളെ അതിതീവ്രമായി പ്രശ്നവല്‍ക്കരിക്കുന്നു എന്നിടത്താണ്, കനഫാനിയുടെ പ്രതിഭ തിളങ്ങി നില്‍ക്കുന്നത്. കൈക്കുഞ്ഞായിരുന്ന ഖാല്‍ദൂന്‍, ഓഷ് വിറ്റ്സ് അതിജീവിച്ചെത്തിയ മിറിയം – ഇഫ്രാത്ത് കോഷന്‍ ദമ്പതികളുടെ മകന്‍/ വളര്‍ത്തുമകന്‍ ദോഫ് ആയിത്തീരുന്നത് വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്ന് നൈതിക വിചാരണ സാധ്യമാക്കുന്നുണ്ട്. മിരിയമിനെയും ഇഫ്രെതിനെയും മാത്രം അച്ഛനമ്മമാര്‍ ആയി അറിഞ്ഞ യുവാവിന്, കൈക്കുഞ്ഞിനെ ‘ഉപേക്ഷിച്ചു പോയവരോട് വെറും ജീവശാസ്ത്രപരമായ ബാന്ധവത്തിന്റെ പേരില്‍ വൈകാരിക ബാധ്യതകളില്ല. അയാള്‍ ജൂതനായി വളര്‍ന്നു, ആ ആശയങ്ങളില്‍ മുങ്ങിക്കുളിച്ചു സൈനികനായി. തങ്ങള്‍ക്കു സംഭവിച്ചതെന്ത്, തങ്ങളുടെ നിസ്സഹായതയുടെ ആഴമെന്ത് എന്നൊന്നും മകനോട്‌ തര്‍ക്കിക്കുന്നതില്‍ പ്രസക്തിയില്ല എന്ന തിരിച്ചറിവ് ഏതാണ്ട് വൈരാഗ്യപൂര്‍ണ്ണമായ അകല്‍ച്ചയായി സൈദ്‌ ഉറപ്പിക്കുന്നതോടെ മകനയാള്‍ക്ക് ആരുമല്ലാതാകുന്നു. രണ്ടാമത്തെ മകനെ അന്ന് വരെ നിരുത്സാഹപ്പെടുത്തിയിരുന്നത് മറന്നു ഫിദായിന്‍ പോരാളിയാക്കാന്‍ ആ നിമിഷം അയാള്‍ തീരുമാനിക്കുന്നത്, മൂത്തവന്റെ സയണിസ്റ്റ് വിധേയത്വത്തോടുള്ള പ്രതിഷേധം കൂടിയാണ്. ഒരേ ഇടത്തിന് രണ്ടു അവകാശികള്‍ ഉണ്ടാവുകയും സഹജീവനം സാധ്യമല്ലാതാകുകയും ചെയ്യുകയെന്ന അടിസ്ഥാനപരമായ പലസ്തീന്‍ ഊരാക്കുടുക്കിന്റെ ഏറ്റവും തീക്ഷ്ണമായ രൂപകം ആയിത്തീരുകയാണ് ഖാല്‍ദൂന്‍ - ഖാലിദ് സഹോദരങ്ങള്‍ക്കിടയില്‍ അവരറിയാതെത്തന്നെ സംഭവിക്കുന്ന ധ്രുവീകരണം. ആര്‍ക്കറിയാം, അടുത്ത നാളില്‍ ഫിദായീന്‍ പോരാളിയുടെ നെഞ്ചിലേക്ക് തുളച്ചുകയറാനുള്ള വെടിയുണ്ട സ്വസഹോദരന്റെ തോക്കില്‍ നിന്നാവില്ല എന്ന് !

കനഫാനിയുടെ ‘പൊരിവെയിലിലെ മനുഷ്യര്‍ (Men in the Sun) നേരത്തെ മലയാളത്തില്‍ എത്തിയിട്ടുണ്ടെങ്കിലും Return to Haifa ക്ക് ഇപ്പോഴാണ്‌ മൊഴിമാറ്റം ഉണ്ടാകുന്നത്; അതും അറബ് മൂലത്തില്‍ നിന്ന്. ‘അനന്തമായി തുടരുന്ന ഫലസ്തീന്‍ യുദ്ധവിശേഷങ്ങള്‍ക്കൊപ്പം നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട ഒരു ലഘുകൃതിയായി ഞങ്ങളിത് സമര്‍പ്പിക്കുന്നു എന്ന് പ്രസാധകക്കുറിപ്പില്‍ എഡിറ്റര്‍ ഓര്‍മ്മിപ്പിക്കുന്നു. ‘വിവര്‍ത്തകക്കുറിപ്പ്’ എന്ന പേരില്‍ വിവര്‍ത്തകനായ ശ്രീ മുഹമ്മദലി വാഫി അങ്ങാടിപ്പുറം നല്‍കുന്ന സമഗ്രമായ ആമുഖലേഖനം, പലസ്തീന്‍ പ്രശ്നത്തിന്റെയും കനഫാനിയുടെ ജീവചരിത്ര സൂക്ഷ്മാംശങ്ങളുടെയും സാഹിത്യസപര്യയുടെയും ഒരു ചെറുചിത്രത്തോടൊപ്പം പുസ്തക വായനക്ക് അവശ്യം വേണ്ട സൂചനകള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. BOOK PLUS പ്രസാധനം ചെയ്തിരിക്കുന്ന പുസ്തകം സ്നേഹപൂര്‍ണ്ണമായ വായനയാണ് നമ്മുടെ കാലഘട്ടത്തോട് ആവശ്യപ്പെടുന്നത്.  

Manja Nadikalude Sooryan by E.K. Sheeba (Malayalam Novel)

 

തീക്കാലത്തെ മഞ്ഞുപുതപ്പിക്കുമ്പോള്‍ 



അറുപതുകള്‍ മുതല്‍ കേരളീയ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട് കെട്ടടങ്ങുകയും ചെയ്ത, പുതിയ കാലത്ത് വിസ്മരിക്കപ്പെടുകയും ഒരുവേള അപഹസിക്കപ്പെടുകയും ചെയ്ത നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ജീവിച്ചിരിക്കുന്ന ചില ആദ്യകാല പ്രവര്‍ത്തകരെ കുറിച്ച് ഒരു നോവലെഴുതാന്‍ ഇറങ്ങിത്തിരിക്കുന്ന നിരുപമയെന്ന യുവതിയുടെ വ്യക്തിജീവിതത്തിലും സര്‍ഗ്ഗജീവിതത്തിലും ഉണ്ടാവുന്ന പ്രതിസന്ധികളാണ് ഇ. കെ. ഷീബയുടെ ‘മഞ്ഞ നദികളുടെ സൂര്യന്‍’ ചിത്രീകരിക്കുന്നത്. നോവലെഴുത്തിനെ കുറിച്ചുള്ള നോവല്‍ എന്ന എന്ന മെറ്റാ ഫിക്ഷന്‍ തലത്തില്‍ സര്‍ഗ്ഗപ്രക്രിയയും വ്യക്തിജീവിതവും രണ്ടല്ലാത്ത നിരുപമയുടെ അന്വേഷണത്തില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളിലൂടെയാണ് അറുപതുകളുടെ നക്സല്‍ബാരി ബാരി കലാപം ആരംഭിക്കുന്ന കല്‍ക്കത്താ തെരുവുകള്‍ മുതല്‍ നിലമ്പൂര്‍ കാടുകളിലെ മാവോയിസ്റ്റ് വേട്ടയുടെ സമകാലിക ചിഹ്നങ്ങള്‍വരെ ആവിഷ്കരിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നത്. ഒരു ചെറുനോവലിന് താങ്ങാനാവുന്നതിലും വലിയ ചരിത്രഭാരവും കാലഭാരവും നോവലിനെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നുണ്ട് എന്നാണ് ഈ ലേഖകന്റെ നിഗമനം. അതുമറികടക്കാന്‍ നോവലിസ്റ്റ് അവലംബിക്കുന്ന രീതികളാവട്ടെ ആവിഷ്കാരം (showing) എന്നതിനുപകരം പ്രസ്താവനകളുടെ (telling) കുറുക്കുവഴി തേടലായിപ്പോകുന്നുണ്ട് ഒട്ടുമിക്കപ്പോഴും. പത്മസേനന്‍ മാഷുടെ അനുഭവങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്ന കല്‍ക്കത്തന്‍ പശ്ചാത്തലത്തിലെ നക്സല്‍ബാരി കലാപത്തുടക്കത്തിന്റെയും പഴയ ഉന്മൂലന സമരങ്ങളുടെയും രഞ്ജന്‍ ഓര്‍ത്തെടുക്കുന്ന സാംസ്കാരിക വേദി മുന്നേറ്റങ്ങളുടെയും ചിത്രങ്ങള്‍ അവയെക്കുറിച്ച് അക്കാലത്തുതന്നെ കേട്ടുമറന്ന പതിവു ജേണലിസ്റ്റിക്ക് ‘സ്റ്റോറി’കള്‍ക്കപ്പുറം അത്രയൊന്നും മൗലികമല്ല. അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷിത്തം, തലശ്ശേരി-പുല്‍പള്ളി ആക്രമണങ്ങള്‍, മഠത്തില്‍ മത്തായി വധം തുടങ്ങിയ നക്സലൈറ്റ് കാലഘട്ടത്തിലെ സംഭവങ്ങളുടെ ഫിക് ഷനല്‍ അവതരണങ്ങള്‍ പത്മസേനന്‍ മാഷെപ്പോലെ ആ തീക്കാലങ്ങളിലൂടെ നടന്നു പോവുകയും പില്‍ക്കാലം പലര്‍ക്കും സംഭവിച്ച അപചയങ്ങള്‍ക്ക് വശംവദനാകാതെ ഉറച്ചുനില്‍ക്കുകയും ചെയ്ത ഒരാളില്‍നിന്ന് കൂടുതല്‍ അവധാനതയോടെ, കൂടുതല്‍ മൗലികതയോടെ ചുരന്നെടുക്കുന്നതില്‍ എഴുത്തുകാരി കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരുന്നു എന്നുതോന്നി. അത് സംഭവിക്കാതെ പോയത്, നോവലിന്റെ ഫോക്കസിനെ കുറിച്ചുള്ള അടിസ്ഥാനപരമായ ഒരാശയക്കുഴപ്പം ആയിരുന്നോ എന്നും സന്ദേഹിക്കാം.

നിരുപമയുടെ ജീവിതസംഘര്‍ഷങ്ങളിലേക്ക് പേര്‍ത്തും പേര്‍ത്തും നോവലിസ്റ്റ് തിരികെ പോകുന്നതും നോവലന്ത്യം അവതരിപ്പിക്കുന്ന അതികാല്‍പ്പനികവും പശ്ചാത്താപഭരിതവും ത്യാഗപൂര്‍ണ്ണവുമായ ശുഭാന്ത്യവും ആരെയാണ് അടിസ്ഥാനപരമായി നോവല്‍ പിന്തുടരാന്‍ ശ്രമിച്ചത് എന്ന അങ്കലാപ്പ് വായനക്കാരില്‍ ഉണ്ടാക്കുന്നുണ്ട്. പാത്രസൃഷ്ടിയിലെ പതിവു ചാലുകള്‍ ജീവിതത്തെ പിന്തുടരുക എന്നതിനപ്പുറം ഒരു പ്രവചിത പരിസമാപ്തിയിലേക്ക് കൊണ്ടെത്തിക്കുക എന്ന നോവലിസ്റ്റിന്റെ കടന്നുകയറ്റമായി അനുഭവപ്പെടും. ആദിയുടെ അരാജകജീവിതം കലാകാരനെക്കുറിച്ചുള്ള വാര്‍പ്പുമാതൃകകള്‍ അപ്പടി പകര്‍ത്തിവെക്കുന്നു. അതിനു വിശദീകരണമായി സദാചാരനിയമങ്ങളുടെ അതിരുകളില്‍ അറംപറ്റിയ അയാളുടെ കുടുംബപശ്ചാത്തലവും ചിത്രകാരന്‍ എന്ന നിലയില്‍ ബൊഹീമിയന്‍ ചുറ്റുവട്ടങ്ങളില്‍ നിന്ന് മുക്തിനേടാനാവാത്ത നിസ്സഹായതയും നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു. സീറോസിസിന്റെ അനിവാര്യദുരന്തം ഏറ്റുവാങ്ങുകയും പുതിയ ഇഷ്ടക്കാരി ഇനിയും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോവുന്നതിനെ തുടര്‍ന്ന് അനാഥനാകുകയും ചെയ്യുന്ന ആദിക്കരികില്‍ കരള്‍ പകുത്തുനല്‍കാന്‍ തയ്യാറായി എത്തുന്ന നിരുപമ, നോവലിസ്റ്റിന്റെ നായികാസ്വരൂപത്തിലേക്ക് പതിവുചാലുകളിലൂടെ തന്നെയാണ് വളരുന്നത്‌.

നിരുപമക്കും രഞ്ജിത്തിനും ഇടയില്‍ ഉരുത്തിരിയുന്ന ബന്ധത്തിലും കനംകുറഞ്ഞ അതികാല്‍പ്പനികത തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. തകര്‍ന്ന ദാമ്പത്യത്തിന്റെ കയ്പ്പുനീര്‍ എന്ന പശ്ചാത്തലം അയാള്‍ക്കുമുണ്ട്. എഴുത്തില്‍ ഫെമിനിസ്റ്റ് ടാഗ് ഇഷ്ടമല്ല എന്നൊക്കെ ഇരുവരും പറയുന്നുണ്ടെങ്കിലും രഞ്ജന്‍ അടിസ്ഥാനപരമായി നിലയുറപ്പിക്കുന്ന സ്ത്രീവിരുദ്ധത പേര്‍ത്തും പേര്‍ത്തും നോവലില്‍ സൂചിതമാകുന്നുണ്ട്. ‘സ്ത്രീകളെല്ലാം’ എന്ന വര്‍ഗ്ഗീകരണം അയാളുടെ വ്യവഹാരങ്ങളില്‍ നിരന്തരം കടന്നുവരുന്നത് സ്ത്രീയെ വ്യക്തിയായി കാണാനുള്ള പുരുഷാധികാരവിമുഖത തന്നെയാണ്. തീര്‍ത്തും പാളിപ്പോയ മറ്റൊരു പാത്രസൃഷ്ടിയായി അനുഭവപ്പെട്ടത് കീര്‍ത്തിയുടെതാണ്. പരമ്പരാഗത പുരുഷാധികാര മൂല്യങ്ങളില്‍ വളര്‍ത്തപ്പെട്ട ഒരു കുട്ടിയുടെ ശരാശരി തന്റേടം പോലുമില്ലാതെ പത്തുലക്ഷം സ്ത്രീധനം നല്‍കിയാലേ വിവാഹം അനിവദിക്കൂ എന്നു ശഠിക്കുന്ന പൊങ്ങച്ചകുടുംബത്തിലെ വ്യക്തിത്വലേശമില്ലാത്ത കാമുകനുവേണ്ടി കരഞ്ഞു കണ്ണീരൊലിപ്പിക്കുന്ന കീര്‍ത്തി, പഴയ ആദര്‍ശശീലത്തിനും കുടുംബനാഥന്റെ റോള്‍ ആവശ്യപ്പെടുന്ന പുതിയ അനുരജ്ഞനങ്ങള്‍ക്കും ഇടയില്‍ പെട്ടുപോകുന്ന അച്ഛന്‍ അനുഭവിക്കുന്ന സംത്രാസം അവതരിപ്പിക്കാന്‍വേണ്ടി സൃഷ്ടിക്കപ്പെട്ട കൃത്രിമപാത്രമാണ്. മറവിരോഗത്തിന്റെ പിടിയില്‍ പെട്ടുപോകും മുമ്പ്, മകളുടെ പൊരുളറിയാത്ത അവഗണനയുടെ തീരാവേദനയില്‍ സ്വയം ബഹിഷ്കൃതയായി വൃദ്ധസദനത്തിലേക്ക് പിന്‍വാങ്ങിയ അമ്മയുടെ മുന്നില്‍ അപ്പോള്‍ മാത്രം തിരിച്ചറിഞ്ഞ രഹസ്യത്തിന്റെ പാശ്ചാതാപബോധത്തോടെ അഭയം തേടുകയും അത് വല്ലാതെ വൈകിപ്പോയി എന്ന തിരിച്ചറിവില്‍ അസ്തിത്വപ്രതിസന്ധി അനുഭവിക്കുകയും ചെയ്യുന്നുണ്ട് നിരുപമ. പ്രായശ്ചിത്തമെന്നോണം സേവനപദ്ധതിയിലേക്കുള്ള പിന്‍വാങ്ങലില്‍ സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ ലഭിക്കുന്ന സാമ്പത്തിക പിന്തുണയുമായി അവള്‍ക്കു കൂട്ടുവരുന്ന രഞ്ജന്‍, വീണ്ടും ഒരു പ്രവചിത പരിണാമഗുപ്തിയിലാണ് നോവലിനെ കൊണ്ടുനിര്‍ത്തുന്നത്.

ഒരു തീക്കാലത്തെ കുറിച്ച് നോവലെഴുതാന്‍ ഇറങ്ങിപ്പുറപ്പെട്ട്, ജീവിതത്തെ സംബന്ധിച്ച അതികാല്‍പ്പനിക, അതിവൈകാരിക ചുരുക്കെഴുത്തുകളില്‍ സ്വയം വിശ്രാന്തി കണ്ടെത്തുന്ന മറ്റൊരു വിമലയെ (‘മഞ്ഞ്’) ചിത്രീകരിക്കുന്നതില്‍ ഒതുങ്ങിപ്പോയ കൃതിയെന്നാണ് പുസ്തകത്തെ കുറിച്ച് പറയാനാകുക. ഒപ്പം, സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വിശ്വാസ ധാര്‍മ്മികതയും സ്വതന്ത്രബന്ധങ്ങളെ കുറിച്ചുള്ള വികലനിലപാടുകളും സങ്കീര്‍ണ്ണമാക്കുന്ന സാഹചര്യങ്ങളിലേക്ക് എത്തിനോക്കാന്‍ നോവല്‍ നടത്തുന്ന ശ്രമങ്ങളും വിമോചനാത്മകമല്ല എന്നതും എടുത്തുപറയണം. ഇതിനപ്പുറം മറ്റൊരു സാംസ്കാരിക പരാജയംകൂടി നോവലിന് സംഭവിക്കുന്നുണ്ട് എന്നാണു ഈ ലേഖകന്റെ നിലപാട്. അത് ഇതാണ്: മഞ്ഞ നദികളുടെ സൂര്യന്‍ എന്ന രൂപകം അടയാളപ്പെടുത്തുന്ന തീക്കാലങ്ങളെ കുറിച്ച് നോവല്‍ നല്‍കുന്ന ഉള്‍ക്കാഴ്ച ഒട്ടും പക്വമല്ല. ആ കനലുകളിലൂടെ നടന്നു പോയവരെ കുറിച്ച് പുതിയ സ്നേഹമോ ബഹുമാനമോ ജനിപ്പിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടില്ല എന്നുമാത്രമല്ല, വളരെ ചുരുങ്ങിയ വരകളിലെങ്കിലും സ്നേഹപൂര്‍ണ്ണമായി കോറിയിട്ട ചിത്രമായ പത്മസേനന്‍ മാഷേ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു കഥാപാത്രവും വ്യക്തിത്വപൂര്‍ണ്ണതയുള്ള ആവിഷ്കാരങ്ങളെന്ന നിലയില്‍ ആ കാലത്തിന്റെതായി നോവലില്‍ അടയാളപ്പെടുന്നുമില്ല. മറ്റൊരു രീതിയില്‍, വ്യക്തിത്വപ്രതിസന്ധി അനുഭവിക്കുന്ന ഒരു ഏകാകിനിയായ നായികയുടെ അതികാല്പാനിക കഥപറയുന്നതിനിടെ അതിനൊരു ഗഹനത നല്‍കാന്‍ ഒരു പൊള്ളുന്ന കാലത്തിന്റെ മേല്‍മുദ്രകള്‍ ചാര്‍ത്തുകയാണ് നോവലിസ്റ്റ്. ആമുഖകുറിപ്പില്‍ എഴുത്തുകാരി സൂചിപ്പിക്കുന്ന എം. ടി. യുടെ ‘ആരണ്യകം’ ഒരു യാദൃശ്ചികതയല്ല.   

താനെഴുതിയ കഥ വായിച്ചു ഇ മെയില്‍ സന്ദേശം അയക്കുന്ന വായനക്കാരന്‍ നല്‍കുന്ന സൂചനകളും എഴുത്തുകാരിയെന്ന നിലയില്‍ പ്രചോദിപ്പിച്ച കാലത്തെ കുറിച്ചും അതില്‍ അവശേഷിക്കുന്ന ആളുകളെ കുറിച്ചും അന്വേഷിച്ചിറങ്ങുമ്പോള്‍ കണ്ടെത്തുന്ന വസ്തുതകളും വെച്ച് നോവല്‍ രചിക്കുകയെന്ന ഘടനയും എഴുത്തിന്റെ ശക്തി കൊണ്ടുവരുന്ന അംഗീകാരങ്ങളും ആരാധനയും ത്യാഗപൂര്‍ണ്ണമായ സേവനോദ്യുക്തതയായി പരിണമിക്കുന്ന കഥാന്ത്യവും ഏതാണ്ടൊരു സിനിമാറ്റിക് അവധാനത നോവലിന്റെ പരിചരണത്തില്‍ വരുത്തുന്നുണ്ട്. കഥാപാത്രങ്ങളുടെ പേരുകളില്‍ നിഴലിക്കുന്ന പാന്‍ ഇന്ത്യന്‍ ചുവ ഏതൊക്കെയോ സിനിമാ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുപക്ഷെ, മണ്ണില്‍ ചവിട്ടി നടന്ന മനുഷ്യരെയല്ല വരച്ചുവെക്കുക എന്ന് നോവലിസ്റ്റ് അറിയാതെയല്ല; മറിച്ച് ആ ‘അകലവല്‍ക്കരണം’ പ്രമേയ ഹൃദയത്തിലുള്ള കാല്‍പ്പനിക ഭാവത്തിന്റെ നിദര്‍ശനമാണ്.

(March.2017)

Wednesday, June 19, 2024

Novel without a Name by Dương Thu Hương/ Phan Huy Duong & Nina McPherson

 

തൂങ്ങിയാടുന്ന ചിലന്തിവല



        (യുദ്ധമുഖത്ത്- അത് സാമ്രാജ്യത്വമാകട്ടെ, ഇരയാക്കപ്പെടുന്ന കൊളോണിയല്‍/ അധിനിവിഷ്ട ദേശങ്ങളാകട്ടെ, എപ്പോഴും നായക പരിവേഷത്തോടെ ഇടംപിടിക്കുക ഒട്ടുമുക്കാലും പുരുഷസൈനികരാണ്. സ്ത്രീകള്‍ കഥാപാത്രങ്ങളാകുമ്പോള്‍ പലപ്പോഴും ഏതെങ്കിലും നിലയിലുള്ള സാന്ത്വനസ്പര്‍ശങ്ങള്‍ ആയാണ് അവര്‍ അവതരിപ്പിക്കപ്പെടുക. ഹെമിങ് വേയുടെ കാതറിന്‍ ബാര്‍ക്ക്‌ ലിയെ പോലെയോ (A Farewell to Arms), മൈക്കേല്‍ ഒണ്ടാറ്റ് യേയുടെ  (The English Patient) ഹനായെ പോലെയോ മുറിവേറ്റ സൈനികര്‍ക്ക് ശുശ്രൂഷ നല്‍കുന്ന മാലാഖ സാന്നിധ്യങ്ങളായാണ് മുഖ്യധാരാ സാഹിത്യത്തില്‍ അവര്‍ പലപ്പോഴും ഇടംപിടിച്ചത്. അല്ലെങ്കില്‍, ഹെമിങ് വേയുടെ തന്നെ മരിയ (For Whom the Bell Tolls)നെ പോലെയോ, തങ്ങളുടെ അധിനിവിഷ്ട ദേശങ്ങളില്‍ ജപ്പാന്‍ സൃഷ്ടിച്ച‘സമാശ്വാസ സ്ത്രീക’ളെ (comfort women) പ്രതിനിധീകരിച്ച ടാന്‍ ട്വാന്‍ എങ്ങിന്റെ യുന്‍ ഹോങ് (The Garden of Evening Mists) നെ പോലെ അവര്‍ യുദ്ധത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങുന്ന ഇരകളായിരിക്കും. എന്നാല്‍ ലോകമെങ്ങുമുള്ള ഗറില്ലാ പോരാട്ടങ്ങളില്‍, ശ്രീലങ്കന്‍ -തമിഴ് ചെറുത്തുനില്‍പ്പ് സൈന്യത്തിലും പലസ്തീന്‍ പോരാട്ടത്തിലും കുര്‍ദ് പോരാട്ടങ്ങളിലും എന്നപോലെ, അവരുടെ സാന്നിധ്യം മുന്നണി പോരാളികളുടെത് തന്നെയാണെന്ന് സമകാലിക സാഹിത്യം അപൂര്‍വ്വമായെങ്കിലും അടയാളപ്പെടുത്തുന്നുണ്ട്‌. അള്‍ജീരിയന്‍ പോരാട്ടങ്ങളില്‍ പുരുഷ സൈനികരോട് തോളോടുതോള്‍ ചേര്‍ന്നുള്ള സ്ത്രീകളുടെ പോരാട്ടങ്ങള്‍ ആസിയാ ജബ്ബാറിനെ പോലുള്ള വലിയ എഴുത്തുകാര്‍ അടയാളപ്പെടുത്തിയിട്ടുണ്ട് (Fantasia: An Algerian Cavalcade). ഈ ഗണത്തില്‍ അതിശക്തമായ കൃതികള്‍ സംഭാവന ചെയ്തിട്ടുള്ള, എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അത്രയൊന്നും അറിയപ്പെടാതെ പോയ എഴുത്തുകാരിയാണ് വിയെറ്റ്നാം പോരാട്ടത്തില്‍ മുന്നണിയില്‍ തന്നെ പൊരുതിയ സ്വന്തം അനുഭവത്തിന്റെ ചൂടില്‍ എഴുതിയ നോവലിസ്റ്റ് ഡ്വാങ് തു ഹ്വാങ് ) 

        വിമത വിയറ്റ്നമീസ് നോവലിസ്റ്റ് ഡ്വാങ് തു ഹ്വാങ് (Duong Thu Huong)  വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കന്‍ വിരുദ്ധ യുദ്ധമുഖത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച യുവ വനിതാ ബ്രിഗേഡില്‍ അംഗമായിരുന്നുനാല്‍പ്പതു പേരുണ്ടായിരുന്ന സംഘത്തില്‍ അതിജീവിച്ച മൂന്നു പേരില്‍ ഒരാളും. 1975ല്‍ യുദ്ധം അവസാനിക്കും വരെ ഏഴുവര്‍ഷക്കാലം ഏറ്റവും കനത്ത ബോംബാക്രമണങ്ങള്‍ നടന്ന യുദ്ധമുഖങ്ങളില്‍ അവര്‍ സൈനിക സേവനം ചെയ്തു. 1979ലെ ചൈന-വിയറ്റ്നാം യുദ്ധകാലത്തും അവര്‍ യുദ്ധമുഖത്തുണ്ടായിരുന്നു. എന്നാല്‍തുടര്‍ന്ന് ജനാധിപത്യ നിലപാടുകളുടെ പേരില്‍ 1989ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും കുറഞ്ഞൊരു കാലം തടവില്‍ കഴിയേണ്ടി വന്നതിന്റെയും സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിന്റെയും അനുഭവങ്ങളും അവര്‍ക്കു നേരിടേണ്ടി വന്നു. ‘വിമത എഴുത്തുകാരി’യെന്നു മുദ്ര കുത്തപ്പെട്ടിട്ടുള്ള അവരുടെ കൃതികള്‍ മിക്കതും വിയറ്റ്നാമിനു പുറത്താണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നത് സ്വാഭാവികമാണ്. എന്നാല്‍ആശയ പ്രചോദിതമായിരുന്ന സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ സാമ്രാജ്യത്വ നിലപാടുകളോട് ഒരിക്കലും സന്ധി ചെയ്തിട്ടില്ലാത്ത എഴുത്തുകാരി യു. എസ്സിലും ഏറെയൊന്നും സ്വാഗതം ചെയ്യപ്പെട്ടിട്ടില്ല എന്നത് കൊണ്ടാവാംഅവയില്‍ പലതും‘പേരില്ലാത്ത നോവല്‍’ (Novel without a Name)  ഉള്‍പ്പടെഅമേരിക്കന്‍ എഡിഷന്‍ പുറത്തിറങ്ങാതിരുന്നത്.

        1991ല്‍ പുറത്തിറങ്ങിയ ‘എ നോവല്‍ വിത്തൌട്ട് എ നെയിം’ വനിതാ എഴുത്തുകാര്‍ അത്രയധികം കടന്നു ചെന്നിട്ടില്ലാത്ത ഒരു അനുഭവലോകമാണ് ആവിഷ്കരിക്കുന്നത്: യുദ്ധമുഖത്തെ നേരനുഭവങ്ങളുടെ ആഖ്യാനം. ഓര്‍മ്മകളുടെയും അര്‍ദ്ധ ഫിക് ഷനല്‍ ആവിഷ്കരണത്തിന്റെയും രൂപത്തില്‍ ഇത്തരം ഒരു കൃതി രചിക്കാന്‍ എഴുത്തുകാരിക്ക് കഴിയുന്നത്‌ ഇരുപത്തിയൊന്നാം വയസ്സ് മുതല്‍ അതേ മേഖലയില്‍ നേരിട്ട് പങ്കെടുത്തതിന്റെ ബലത്തില്‍ തന്നെയാണ്. നോവലിലെ മുഖ്യ കഥാപാത്രം എഴുത്തുകാരിയുടെ സമപ്രായക്കാരനും സമാനരീതിയില്‍, ജീവന്മരണ സംഘര്‍ഷങ്ങളുടെ ഇരുണ്ട ഗഹ്വരങ്ങളിലൂടെ ആദര്‍ശ പരതയില്‍ നിന്ന് നൈരാശ്യത്തിലേക്ക്‌ പതിയെ കടന്നു പോകുന്നവനുമെങ്കിലും ഒരു പുരുഷനാണ്. എന്നിരിക്കിലും പുസ്തകത്തിന്റെ വീക്ഷണ കോണ്‍ ഇത്തരം കൃതികളില്‍ പതിവായ പരുഷ ഗര്‍വ്വിന്റെ (toxic masculinity) ആഘോഷമല്ല എന്നത് പ്രധാനമാണ്. വിമോചന സങ്കല്‍പ്പങ്ങളുടെ രാഷ്ട്രീയ പ്രയോഗത്തിനടയിലും വ്യക്തി/കുടുംബ ബന്ധങ്ങളുടെ സ്നിഗ്ധമായ ഓര്‍മ്മകളിലും സുഹൃദ്/പ്രണയ ഗൃഹാതുരതകളുടെ ദുഃഖഭരിതമായ വൈകാരിക തലങ്ങളിലും വിഷലിപ്തമായ ബോംബാക്രമണങ്ങളില്‍ ചരിത്രമായിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയുടെ കാര്‍ഷിക സ്മൃതികളിലും ഇടയ്ക്കിടെ മുഴുകിപ്പോകുന്ന തരള മനസ്കരായ ഗറില്ലാ പോരാളികളുംകാത്തിരിക്കുന്ന നിരാലംബരായ അമ്മമാര്‍ക്കും കാമിനിമാര്‍ക്കും ഒരിക്കലും കൈമാറാനാകാത്ത എഴുത്തുകള്‍ കാത്തുവെച്ചു മരണത്തിനു കീഴടങ്ങുന്ന ഇളം പ്രായക്കാരായ സൈനികരും പതിവു യുദ്ധനോവല്‍ ചേരുവയല്ല. വിശപ്പിന്റെ കാഠിന്യം മൂലം ഉറങ്ങുട്ടാനുകളെ നായാടുന്ന തന്റെ കീഴിലുള്ള സൈനികരുടെ വിഭവത്തില്‍ മനം പിരട്ടലുണ്ടാകുന്ന മുഖ്യ കഥാപാത്രം തന്നെയാണ് യുദ്ധത്തിന്റെ ‘പരുക്കന്‍ ഭൂമികക്കു നിരക്കാത്ത മസൃണ ഭാവത്തിന്റെ ഏറ്റവും മികച്ച മാതൃക: “നാം കുരങ്ങുകളില്‍ നിന്നാണ് പരിണമിച്ചത്. അതിന്റെ ഭീകരത.” സഹസൈനികരുടെ നിര്‍ബന്ധത്തിനു വഴങ്ങി അതൊന്നു രുചിച്ചു പോകുന്നത് അയാളെ തകര്‍ത്തുകളയുന്നു: “അത് സംഭവിച്ചു കഴിഞ്ഞിരുന്നു. ഞാനത് തിന്നു കഴിഞ്ഞിരുന്നുഇനിയൊന്നിനും അതിനെ മാറ്റാനാവില്ല. അതെ കുറിച്ചു ചിന്തിച്ചപ്പോള്‍ ഞാന്‍ ഭീകരമായി ഞെട്ടി വിറച്ചു. എന്റെ വായില്‍ മനുഷ്യ മാംസത്തിന്റെ രുചി.” സമാനമായ ഒരനുഭവത്തെ കുറിച്ച് ആഫ്രിക്കന്‍ ബാല സൈനികരുടെ കഥ പറയുന്ന ക്രിസ് അബാനിയുടെ ‘സോങ് ഫോര്‍ നൈറ്റ്’ എന്ന നോവലില്‍ വിവരിക്കുന്നുണ്ട്.

ഒരു കൂട്ടം സ്ത്രീകള്‍ മുനിഞ്ഞു കത്തുന്ന ഒരു അഗ്നികുണ്ഡത്തിനരികില്‍ കൂനിക്കൂടിയിരിക്കുന്നത് ഞങ്ങള്‍ കണ്ടുകുട്ടിക്കാലത്തു കേട്ട എല്ലാ മുത്തശ്ശിക്കഥകളിലും ഒള്ള യക്ഷികളെപ്പോലെ...”  (ഭക്ഷണം പങ്കുവെക്കാമോ എന്ന ചോദ്യവുമായി അടുത്തെത്തുമ്പോഴാണ് ബീഭത്സമായ ആ രംഗം അവന്‍ കാണുന്നത്:)  “ഒരു കുഞ്ഞു കൈയ്യില്‍ അവസാനിക്കുന്ന കുഞ്ഞു കൈപ്പത്തികണ്ട് ഞാന്‍ പിറകോട്ടടിച്ചു,  കുഞ്ഞു തലയില്‍ രോമ വളര്‍ച്ചയുടെ ആദ്യ സൂചനകളുണ്ടായിരുന്നു.  എന്റെ ഞെട്ടലിന്റെയും മനം പിരട്ടലിന്റെയും ഫലം തിരിച്ചറിയാന്‍ ആ സ്ത്രീകള്‍ക്ക് ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ,  ഞാന്‍ എന്റെ ഏകെ. 47 കൈയ്യില്‍ എടുത്തപ്പോഴേക്കും അവര്‍ ചിതറിയോടി,  അപ്പോഴും അവരുടെ ഭീകര വിഭവത്തിന്റെ കഷണങ്ങള്‍ കടിച്ചെടുക്കാന്‍ മറക്കാതെത്തന്നെ.  ഞാന്‍ ഒരു ക്ലിപ്പ് അവരുടെ നേരെ കാലിയാക്കിവൃദ്ധമായ എല്ലുകളും ഒടിയുന്നതിന്റെയും തളര്‍ന്ന മാംസം നിശ്വസിക്കുന്നതിന്റെയുമിടയില്‍ എന്റെ പ്ലാറ്റൂണ്‍ അംഗങ്ങള്‍ എന്നെ ഉറക്കെ പ്രോത്സാഹിപ്പിച്ചു,  ഞാന്‍ എന്തിനാണ് ആ സ്ത്രീകളെ കൊന്നുകൊണ്ടിരുന്നത് എന്നത് അറിയാതെത്തന്നെ.  കുഞ്ഞിന്റെ തല അപ്പോഴും പിടിച്ചിട്ടുണ്ടായിരുന്ന സ്ത്രീ വെടിയേറ്റ് വീണപ്പോള്‍ അതിന്റെ പിടിവിട്ടു,  അത് മണ്ണില്‍ വീണുരുണ്ട് എന്റെ ഭാഗത്തേക്ക് വന്നു.

ഈ കുഞ്ഞു മുഖമാണ്കുറച്ചു മാസങ്ങളായിക്കാണണംഎന്നെ വിശ്രമിക്കാന്‍ അനുവദിക്കാത്തത്"  (സോംഗ് ഫോര്‍ നൈറ്റ്ക്രിസ് അബാനി)

 

        യുദ്ധത്തിലെ ഹിംസയെ ഏതാണ്ടൊരു മനോവൈകല്യം പോലെ ആസ്വദിക്കുന്ന സഹ സൈനികനില്‍ നിന്ന് വ്യത്യസ്തമായി ഏതു ചുറ്റുപാടിലും മാനുഷിക ഭാവങ്ങള്‍ നിലനിര്‍ത്താനാവുന്നുണ്ട് ക്വാനിന്. കൊല്ലപ്പെടുന്ന ഓരോ സൈനികന്റെയും വേര്‍പാടില്‍ ഇപ്പോഴും വേദനിക്കുന്നഅവരുടെ അമ്മമാരെയും കുടുംബത്തെയും ഓര്‍ത്ത്‌ സങ്കടപ്പെടുന്ന മനസ്സുണ്ട് അയാള്‍ക്ക്. കവിതയെഴുതുന്നില്ലെങ്കിലും അയാളില്‍ ഒരു കവിയുടെ മസൃണതയുണ്ട്; ഭാഷയും: “വാക്കുകള്‍. പശ്ചാതാപത്തിനും നൈരാശ്യത്തിനുമിടയില്‍ ഒരു പാലം പോലെ നാം അവ എറിയുന്നു. അങ്ങനെയായിരുന്നെങ്കില്‍...”. വനത്തിലെ ക്യാമ്പില്‍ അയാളുടെ പൌരുഷം ആഗ്രഹിക്കുന്ന ഏകയായ സ്ത്രീ അയാളുടെ കഴിവുകേടിനെ അമിത രാസായുധ പ്രയോഗങ്ങളുടെ പരിണതിയായി കണക്കാക്കുന്നുണ്ട്. മലേറിയയും ഭ്രാന്തും പിടിമുറുക്കുന്ന സൈനികര്‍ അത് തന്നെയല്ല അനുഭവിക്കുന്നത് എന്നും പറയാനാവില്ലഅമേരിക്കന്‍ ബോംബുകളുടെയും എജന്റ് ഓറഞ്ചിന്റെയും ഇതര രാസായുധ പ്രയോഗങ്ങളുടെയും സ്ഥൂല വര്‍ണ്ണനകളില്‍ നോവലിസ്റ്റ് ഊന്നുന്നില്ലെങ്കിലും. തിരികെയെത്തുന്ന വേളയില്‍ ഗ്രാമത്തിനു സംഭവിച്ച അപചയം മുഴുവനായും യുദ്ധത്തിന്റെ മാത്രം സൃഷ്ടിയായിരുന്നില്ല എന്നും അയാള്‍ നിരീക്ഷിക്കുന്നുണ്ട്: “കര്‍ഷകര്‍ ഉപയോഗിച്ച കീടനാശിനികള്‍ നാട്ടുമ്പുറത്തെ ജീവജാലങ്ങളില്‍ നിന്നു വിജനമാക്കിയിരുന്നുബോംബുകള്‍ ഞങ്ങളുടെ ആത്മാക്കളില്‍ നിന്ന് ഞങ്ങളുടെ ജീവിതങ്ങളെ ഒരിക്കല്‍ നിറച്ചിരുന്ന ദൈവിക പ്രചോദനെമന്ന പോലുള്ള എന്തിനെയൊക്കെയോ നശിപ്പിച്ചു കളഞ്ഞ പോലെ.” ബലാല്‍ക്കാരത്തിനു വിധേയരായി കൊല്ലപ്പെടുന്ന ആറു സഹ വനിതാ യോദ്ധാക്കളുടെ അഴുകിയ ജഡങ്ങള്‍ കാണുമ്പോള്‍ ക്വാന്‍ നിരീക്ഷിക്കുന്നു: “അപ്പോള്‍ ഇങ്ങനെയാണ് വളരെ ശാലീനമായി പെണ്‍കുട്ടികളുടെ ഉടലുകള്‍ അഴുകിയത്ചീര്‍ത്ത ശവങ്ങളായി ജീര്‍ണ്ണിച്ചുകൊണ്ട്ചത്ത തവളകളെ പോലെ വീര്‍ത്ത്.” ഭൗമരാഷ്ട്രീയ, ഫെമിനിസ്റ്റ് സമീപനങ്ങളുടെ രീതിയില്‍ പുസ്തകത്തെ സമീപിക്കുന്നത് അസ്ഥാനത്താവില്ല എന്ന് ഈ വസ്തുതകള്‍ സൂചിപ്പിക്കുന്നു.

        വടക്കന്‍ വിയറ്റ്നാമിലെ ദരിദ്രമായ റെഡ് റിവര്‍ ഡെല്‍റ്റയില്‍ ജനിച്ചു വളര്‍ന്ന് പതിനെട്ടാം വയസ്സില്‍ ‘ബോദോയി’ (‘ജനകീയ സൈനികന്‍) അംഗമായിത്തീര്‍ന്ന ക്വാന്‍ യുദ്ധത്തിന്റെ അന്ത്യനാളുകളിലെത്തുമ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും ദേശീയ വിമോചന മുദ്രാവാക്യത്തോടും അചഞ്ചലമായ വിശ്വാസത്തോടെതികഞ്ഞ ആദര്‍ശ പരതയോടെ സൈനിക വൃത്തി തുടരുന്നു: “ഈ യുദ്ധം വിദേശ അക്രമണത്തിനെതിരെയുള്ള മറ്റൊരു യുദ്ധം മാത്രമായിരുന്നില്ല;  അത് ഞങ്ങളുടെ പുനരുഥാനത്തിനുള്ള അവസരം കൂടിയായിരുന്നു. വിയറ്റ്നാം ചരിത്രത്തിന്റെ തെരഞ്ഞെടുപ്പായിരുന്നു. യുദ്ധത്തിനു ശേഷംഞങ്ങളുടെ ദേശം മാനവികതയുടെ സ്വര്‍ഗ്ഗരാജ്യമാകും. ഞങ്ങളുടെ ജനത സ്വന്തമായൊരു സ്ഥാനം നേടും. ഒടുവില്‍ ഞങ്ങള്‍ മാനിക്കപ്പെടുംബഹുമാനിക്കപ്പെടുംമതിക്കപ്പെടും. ഞങ്ങളിങ്ങനെ വിശ്വസിച്ചുഅതുകൊണ്ട് ഞങ്ങളാ ദൗര്‍ബല്യങ്ങളുടെ കണ്ണീരില്‍ നിന്ന് മുഖം തിരിച്ചു.” എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം ദുസ്സഹ ഭീകരതകള്‍ക്കും ക്ഷാമത്തിനും നടുവിലൂടെ തന്റെ പ്ലറ്റൂനിനെ ഒരു ഒടുവിലത്തെ ദൌത്യത്തിലേക്ക് നയിക്കുമ്പോള്‍ അയാളില്‍ യുദ്ധം വരുത്തിവെച്ച അര്‍ത്ഥരഹിതമായ വിനാശകതകളെ കുറിച്ച് ഒട്ടേറെ സന്ദേഹങ്ങളുണ്ട്. ഒരു സഹ സൈനികനെ തേടിയുള്ള ദൌത്യത്തില്‍ ജന്മദേശത്തേക്കും വിദൂര മേഖലകിലേക്കുമുള്ള കാനന യാത്രഓര്‍മ്മകളിലേക്കും ആദര്‍ശ പരതയുടെ പോയ കാലങ്ങളിലേക്കും ദേശ ചരിത്രത്തിലേക്കുമുള്ള ഒന്നായി മാറുന്നു. വനത്തിലേക്ക് കടക്കുമ്പോള്‍ അനുഭവപ്പെടുന്ന അതീന്ദ്രിയാനുഭവത്തോടൊപ്പമുള്ള നിസ്സഹായതയെ കുറിച്ച് നോവല്‍ നിരീക്ഷിക്കുന്നുണ്ട്: “അത് സ്വപ്നം കാണുന്നത് പോലെയാണ്. വനത്തിലേക്ക് നിങ്ങള്‍ ഊളിയിടുമ്പോള്‍ അത് അതുപോലെയാണ്. നിങ്ങള്‍ക്ക് ഇഷ്ടം പോലെ അലറാം,  കരയാം;  ആരും നിങ്ങളെ കേള്‍ക്കുകയില്ല.” ഇരുപത്തിയെട്ടാം വയസ്സില്‍ അസ്തിത്വ ക്ഷീണവും അകാല നരയും ബാധിച്ച ക്വാന്‍ നേരിടുന്ന ദുസ്സഹ അനുഭവങ്ങളില്‍ യുദ്ധം മാനസിക ആരോഗ്യം തകര്‍ത്ത് ഉന്മാദത്തിന്റെ കാണാക്കയങ്ങില്‍ മുങ്ങിത്തുടങ്ങിയ സുഹൃത്തും ശത്രുസൈനികരുടെ ബലാല്‍ക്കാരത്തിലൂടെ ഗര്‍ഭിണിയായി മലമുകളില്‍ തനിച്ചു കഴിയാന്‍ നിര്‍ബന്ധിതയായ, കാത്തിരിക്കാമെന്നു വാക്കുകൊടുത്തിരുന്ന കളിക്കൂട്ടുകാരിയും ഉള്‍പ്പെടും. ഗാര്‍ഹിക പീഡനത്തിനു വിധേയയായിരുന്ന ടൈഫോയിഡ് പിടിപെട്ടു മരിച്ച അമ്മയെ ഏറെ സ്നഹപൂര്‍വ്വം  അയാള്‍ ഓര്‍മ്മിക്കുന്നു: “യുദ്ധം ചെയ്യലും മരണവും: രണ്ടു പ്രവര്‍ത്തികള്‍യുദ്ധത്തിന്റെ വിശദീകരിക്കാനാവാത്ത അതെ സൌന്ദര്യം. പൊടുന്നനെ ഞാനെന്റെ അമ്മയുടെ ഭീകരമായഹൃദയ ഭേദകമായ കരച്ചില്‍ കേട്ടുഅവരുടെ മുഖം വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നുഅവരുടെ ഉടല്‍ വിരൂപമാക്കിയ കൊടിയ വേദനയുടെ തള്ളല്‍എന്നിട്ട്അതെ ഭീകരമായ കോടിയ മുഖത്തോടെ ഒരു കുഞ്ഞിന്റെ കരച്ചിലിനൊപ്പം വിടര്‍ന്ന പുഞ്ചിരിയുടെ തിളക്കംഅവന്റെ ചെഞ്ചോരക്കുഞ്ഞിക്കാലുകള്‍ അന്തരീക്ഷത്തില്‍ ഇളകുന്നത് കാണുമ്പോള്‍... ജീവന്റെ, സൃഷ്ടിയുടെ പ്രാകൃത സൌന്ദര്യം. അത് തെന്നിപ്പോയികുട്ടിക്കാലത്തിന്റെ അനേക സ്മൃതികലില്‍ അലിഞ്ഞു പോയി.”  എന്നാല്‍ ക്വാനിനു അച്ഛനെ കുറിച്ചുള്ളതു ഒട്ടും ദയാപൂര്‍ണ്ണമല്ലാത്ത ഓര്‍മ്മകളാണ്. മൂത്ത മകനായിരുന്ന ക്വാന്‍ ഒരിക്കലും അയാളെ സ്നേഹിച്ചില്ലഅനുസരിച്ചതെ ഉള്ളൂ: “ഞങ്ങള്‍ എന്നും പരസ്പരം അന്യരായിരുന്നു. ഒരേ വയലിലെ പരസ്പരം കൂട്ടിച്ചേര്‍ക്കാന്‍ അരുവിയില്ലാത്ത രണ്ടു കുളങ്ങള്‍ പോലെ.” വേരുകള്‍ ആയുസ്സിന്റെ തന്നെ ഭാഗമായി കാണുന്ന ദേശവാസികള്‍ ഗര്‍ഭകാലം ചേര്‍ത്താണ് വയസ്സുപോലും നിര്‍ണ്ണയിക്കുന്നത്. മിടുക്കനായ വിദ്യാര്‍ഥി ആയിരുന്നിട്ടും തന്റെ ആദര്‍ശത്തിന്റെ പേരില്‍ നാടിനു വേണ്ടി പോരാടാന്‍ ക്വാനിന്റെ അനിയനെയും പറഞ്ഞുവിട്ടതിന്റെ കുറ്റബോധത്തില്‍ വിഷാദ രോഗിയായിത്തീര്‍ന്ന മുന്‍ കാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന വൃദ്ധ പിതാവും പുരുഷന്മാര്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായവൃദ്ധരും സ്ത്രീകളും രോഗികളും നിറഞ്ഞ തരിപ്പണമായ ഗ്രാമവും യുദ്ധം ഇരകളെ സംബന്ധിച്ച് ഒരിക്കലും അവസാനിക്കുന്നില്ല എന്നതിന്റെ തെളിവായി ഉയിര്‍ത്തു നില്‍ക്കുന്നു. കാവ്യാത്മക ഭാഷയില്‍ വിവരിക്കപ്പെടുന്ന ഓര്‍മ്മകള്‍ വിയറ്റ്‌നമീസ് ഭൂപ്രകൃതിയുടെ ഗതകാല സൌഭഗത്തെ യുദ്ധ രംഗ റിപ്പോര്‍ട്ടുകളുമായി വിരുദ്ധോക്തിയില്‍ അതിതീവ്രമായി കണ്ണിചേര്‍ക്കുന്നു.

        ആഫ്രിക്കന്‍ലാറ്റിന്‍ അമേരിക്കന്‍ കൃതികളില്‍ ചിരപരിചിതമായ, മൃതിയും ജീവിതവും നേരിയ വ്യത്യാസത്തില്‍ പരസ്പരം വെച്ച് മാറുന്ന ഇതിവൃത്ത ഘടനയുള്ള ആഖ്യാനങ്ങളില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരും ഞൊടിയിട വിനിമയങ്ങളിലും സ്വപ്ന സമ്പര്‍ക്കങ്ങളിലും ഇടപെടുന്ന ശൈലി അതീവ ഹൃദ്യമായ ഭാഷയില്‍ നോവലില്‍ കടന്നു വരുന്നുണ്ട്. യുദ്ധം സൈനികര്‍ക്കിടയിലും മുമ്പേ പോയവര്‍ക്കിടയിലും ഉരുവാക്കുന്ന സാഹോദര്യം മരണത്തിന്റെ അതിരിനപ്പുറവും തുടരുന്നതിന്റെ തെളിവാണ് നോവലില്‍ അത്തരം സന്ദര്‍ഭങ്ങള്‍. നോവല്‍ ആരംഭം തന്നെ ‘നഷ്ടാത്മാക്കളുടെ ഇടനാഴി’യിലെ രാവില്‍ ക്വാന്‍ നടത്തുന്ന പ്രാര്‍ത്ഥനയോടെയാണ്: “പ്രിയ സഹോദരിമാരെമനുഷ്യരെന്ന നിലയില്‍ ഇവിടെ ജീവിച്ചു മരിച്ച നിങ്ങള്‍: ഇനിയും ഞങ്ങളെ വേട്ടയാടരുതേ. ഞങ്ങളെ സംരക്ഷിക്കുക. ഞങ്ങളുടെ ഉടലുകള്‍ക്ക് കോട്ട തീര്‍ക്കുകഞങ്ങളുടെ ആത്മാക്കള്‍ക്ക് വഴിവെട്ടം നല്‍കുക, അപ്പോള്‍ എല്ലാ യുദ്ധങ്ങളിലും ഞങ്ങള്‍ക്ക് കീഴ്പ്പെടുത്താനായേക്കും. വിജയമെത്തുമ്പോള്‍നമ്മുടെ നാട്ടില്‍ സമാധാനമെത്തുമ്പോള്‍ഞങ്ങള്‍ നിങ്ങളുടെ പൂര്‍വ്വികരുടെ ദേശത്തേക്ക് തിരികെ കൊണ്ടുപോകും.” താഴ് വരയില്‍ വഴിതെറ്റിപ്പോവുന്ന ക്വാനിനു വഴികാണിക്കുന്ന ആത്മരൂപിയുംമുന്നറിയിപ്പുകളുമായി സ്വപ്ന പ്രത്യക്ഷമാകുന്ന പൂര്‍വ്വസൂരികളും ഇത്തരം സന്ദര്‍ഭങ്ങളാണ്. കമ്യൂണിസ്റ്റ് ആശയത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ക്വാനിന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത് അയാളില്‍ ഉരുവായിത്തുടങ്ങുന്ന നൈരാശ്യത്തിന്റെയും അങ്കലാപ്പുകളുടെയും മാത്രം ചിഹ്നങ്ങള്‍ എന്നതിലപ്പുറം ഒരു സര്‍ഗ്ഗ വാസനയുടെ അടയാളവുമാവാം: കമ്യൂണിസ്റ്റ് മിത്തോളജിയുടെ പറുദീസാ നഷ്ടം അയാളെ തന്റെ ജനതയുടെ വേരുകളിലേക്കും വിശ്വാസ ക്രമങ്ങളുടെ കാവ്യ പാരമ്പര്യങ്ങളിലേക്കും വീണ്ടും പ്രലോഭിപ്പിക്കുകയാവാം. ഒരു ഘട്ടത്തില്‍ ട്രെയിന്‍ യാത്രക്കിടെ അധികാര പ്രമത്തതയുടെ അശ്ലീല പ്രതീകങ്ങളായ ഉദ്യോഗസ്ഥര്‍ ‘കോമ്രേഡ്’ എന്ന പദത്തെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ആഖ്യാതാവ് നിരീക്ഷിക്കുന്നു: “ഈ രണ്ടു തട്ടിപ്പുകാരും ടിക്കറ്റ് കലക്റ്ററെ ‘കോമ്രേഡ്’ എന്നു വിളിച്ചു. ടിക്കറ്റ് കളക്റ്ററും ഞങ്ങളെ അങ്ങനെത്തന്നെ വിളിച്ചു. സത്യത്തില്‍ആദ്യത്തേത് നിയമ ഭേദകരും നിയമ പാലകനും തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്നമായിരുന്നു. രണ്ടാമത്തേതോഅത് യജമാനന്മാരും ഭൃത്യരും തമ്മിലുള്ള ബന്ധവും. പാര്‍ട്ടിയെന്നത് ഹോ ചി മിന്‍ പറയുന്നത് പോലെ ജനങ്ങളുടെ സത്യസന്ധതയുള്ള ഭൃത്യനായിരുന്നെങ്കില്‍അപ്പോള്‍ ടിക്കറ്റ് കലക്റ്റര്‍ ഒരു ഭൃത്യന്റെ ഭൃത്യന്‍ മാത്രമായിരുന്നു. അത് സുവ്യക്തമല്ലേഅപ്പോള്‍ ‘കോമ്രേഡ്’ എന്ന പദത്തിന് പല അര്‍ത്ഥങ്ങളെ ഉള്‍കൊള്ളാന്‍ കഴിയും. ഭാഷാശാസ്ത്രപരമായി അതൊരു നുണയാണ്.” എന്നാല്‍ സൈനികര്‍ക്ക് തങ്ങളുടെ വിധേയത്വങ്ങള്‍ വിട്ടുപോകുക നാണക്കേടായി അനുഭവപ്പെടുന്നു. ക്വാനിന്റെ ഒരപര സ്വത്വമായ ബിയെന്‍ തന്റെ ആദര്‍ശപരതയില്‍ ഏതു ദുരിതത്തിലും മഹത്തായ ലക്ഷ്യത്തിനു വേണ്ടിയുള്ള സഹനമെന്ന ഖ്യാതിയിലേക്ക് ഉറ്റുനോക്കുന്നു: “തന്റെ തരുണമായ കര്‍ഷക ഹൃദയത്തിലെങ്ങോ അയാളപ്പോഴും ഖ്യാതി തേടുകയായിരുന്നു എന്നത് സംശയാതീതമായിരുന്നു. അയാള്‍ക്ക് പോരാട്ടത്തെ കയ്യൊഴിയാന്‍ ആവില്ലായിരുന്നു. അതിനു പകരം ഈ അതിവിശാലമായ യുദ്ധരംഗത്ത് ദൈവം പോലുമുപേക്ഷിച്ച ഏതെങ്കിലും ഇടത്തില്‍ വിജയ ദിനം വരെയും ബിയെന്‍ ഒളിച്ചു പാര്‍ത്തേനേ – വിജയ പതാകക്ക് ചുവടെ ഞങ്ങള്‍ ബാക്കിയെല്ലാവരുടെയും കൂടെ മാര്‍ച്ച് ചെയ്യാന്‍ കഴിയും വരെ.” താന്‍ വിശ്വാസമര്‍പ്പിച്ചവരെല്ലാം തങ്ങളെ വഞ്ചിച്ചു എന്ന് തോന്നുന്ന ഘട്ടത്തില്‍ ക്വാനിന്റെ വൈകാരിക മരവിപ്പ് രോഷമായി ഉയരുന്നുണ്ട്: “എന്റെ വേദനകളുടെ ആഴങ്ങളില്‍ നിന്ന് രോഷത്തിന്റെ ഒരു തിരയിളക്കം എന്നെ മൂടി. അതെന്നില്‍ ഉയരുന്നത് ഞാനറിഞ്ഞുഏറ്റുമുട്ടലിന്റെ ജ്വരബാധവെറുപ്പ്‌കൊല്ലാനുള്ള അദമ്യമായ ആഗ്രഹംഉന്മൂലനം ചെയ്യാന്‍എന്റെ ഉടലിലൂടെ പാഞ്ഞുപോകുന്ന ഒരഗ്നി ബാധ പോലെ.”   .

        ക്വാനിന്റെതു പോലുള്ള മാനസിക വ്യാപാരങ്ങളില്‍ കൊലപാതകം അചിന്ത്യവും യുദ്ധം മാനവികതക്കു നിരക്കാത്തതും ആവാതെ വയ്യ. എങ്കിലും അയാളിപ്പോള്‍ അവയുടെ മധ്യത്തിലാണ്‌ എന്നത് ഒരാത്യന്തിക നിരര്‍ത്ഥകതയുടെ ആവിഷ്കാരം തന്നെയാണ്. “വിപ്ലവംപ്രണയം പോലെപുഷ്പിക്കുകയും പൊഴിഞ്ഞു പോകുകയും ചെയ്യും. എന്നാല്‍ വിപ്ലവം പ്രണയത്തേക്കാള്‍ ഏറെ വേഗത്തില്‍ അഴുകിപ്പോകും.” അത് മുറിച്ചു കടക്കാന്‍ അയാള്‍ക്ക് ആദര്‍ശാത്മക പ്രതിബദ്ധതക്കപ്പുറം വിജയത്തിന്റെയും പരാജയത്തിന്റെയും തിളക്കങ്ങളെയും വിലയേയും സംബന്ധിച്ച പുതിയ ബോധ്യങ്ങളിലേക്ക് ക്വാനിനു വളരാനുണ്ട്: “ഒരു കയ്യില്‍ കലപ്പയും മറു കയ്യില്‍ റൈഫിളുമായി യുദ്ധ മുന്നണിയില്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ പ്രതീക്ഷ കാക്കും” എന്ന ആദ്യ കാല നിരീക്ഷണത്തില്‍ നിന്ന് നോവലന്ത്യത്തിലെ “അന്തരീക്ഷത്തില്‍ തൂങ്ങിനില്‍ക്കുന്ന ഈ ചിലന്തിവല.. നാം യുദ്ധമെന്ന പേരില്‍ വിളിക്കുന്ന ഈ ഒളിച്ചുകളി” എന്ന അസംബന്ധ ബോധത്തിലേക്കുള്ള വളര്‍ച്ച കൂടിയാണ് നോവല്‍ അടയാളപ്പെടുത്തുന്നത്.

        യുദ്ധരംഗത്തെ ഭയപ്പാടുകള്‍ ശത്രുവിന്റെ ആയുധിയുടെതു മാത്രമല്ല. മനുഷ്യരും മൃഗങ്ങളുമെന്ന സനാതന ഉടമ്പടി ലംഘിക്കപ്പെടുന്ന വിധം വിയറ്റ്നാം കാടുകളില്‍ കശാപ്പു ചെയ്യപ്പെടുന്ന വിയറ്റ്‌കോങ് സൈനികരുടെ ജഡങ്ങള്‍ സൃഷ്ടിക്കുന്ന നരഭോജി കടുവകള്‍മലേറിയഅതിസാരംസംശയങ്ങളുടെയും തിരിച്ചറിയല്‍ പ്രയാസകരമാകുന്ന സാഹചര്യങ്ങളുടെയും ഫലമായി സ്വന്തം വിഭാഗങ്ങളുടെ തന്നെ വെടിയുണ്ട, സംസ്കാരത്തിന്റെ സീമകള്‍ ഉല്ലംഘിക്കുന്ന സാഹചര്യങ്ങളില്‍ പതിവാകുന്ന പരസ്പര പോര്‍വിളികള്‍ എന്നിവയൊക്കെ ദുരന്തകാരണങ്ങള്‍ ആകുന്നുണ്ട്. അത്തരമൊരു അബദ്ധത്തില്‍ കൊല്ലപ്പെടുന്ന സാത്വികനായിരുന്ന ഫിയെനിന്റെ അടയാത്ത കണ്‍പോളകള്‍ നോക്കി ക്വാന്‍ നെടുവീര്‍പ്പിടുന്നു: “എന്തൊരു കുലടഈ ജീവിതം: അതിജീവിച്ചവന്‍ തന്റെ കണ്ണുകള്‍ അടച്ചിരുന്നു(ശിക്ഷയായി) ബുള്ളറ്റ് പ്രതീക്ഷിച്ചു കൊണ്ട്. അതേ സമയം മരിച്ചവന്‍ തന്റെ കണ്ണുകള്‍ അന്തരീക്ഷത്തിലേക്ക് തുറന്നു വെച്ചു.” ദൌത്യം പൂര്‍ണ്ണമാകുന്ന ഘട്ടമാകുമ്പോഴേക്കും മുതിര്‍ന്ന സൈനികരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അവശേഷിക്കുന്നത്ഏതാനും പുതു റിക്രൂട്ടുകളും. പിടിക്കപ്പെടുന്ന അമേരിക്കന്‍ ജേണലിസ്റ്റ് തങ്ങളുടെ ഭക്ഷണത്തിന്റെ പങ്കുപറ്റുന്നതില്‍ പ്രകോപിതരാകുന്ന സൈനികരെ അന്താരാഷ്‌ട്ര യുദ്ധ മര്യാദകള്‍ ഓര്‍മ്മിപ്പിക്കാനും അയാളുടെ ജീവന്‍ സംരക്ഷിക്കാനും ക്വാനിനു ഏറെ പണിപ്പെടേണ്ടി വരുന്നതും യുദ്ധ സാഹചര്യങ്ങളില്‍ മൂല്യങ്ങള്‍ തകിടം മറിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ്. “സ്വര്‍ണ്ണത്തലമുടിതെളിഞ്ഞ നീലക്കണ്ണുകള്‍, ചുവന്ന തൊലിയും രോമനിബിഡമായ നെഞ്ചും. ഈ വൈദേശിക ചിഹ്നങ്ങള്‍ അയാളെ പണ്ടേക്കു പണ്ടേ ഞങ്ങളുടെ പൂര്‍വ്വികമായ വെറുപ്പിന്റെ ഉന്നമാക്കി. വിദേശ അധിനിവേശക്കാരന്‍. ഹൂണന്മാരുടെ മെടഞ്ഞ മുടിയോട് ഞങ്ങളുടെ പൂര്‍വ്വികര്‍ക്ക് അതേ വെറുപ്പു തോന്നിയിരുന്നു.” ക്ലൈമാക്സുകള്‍ ഇല്ലാതെ ഏതാണ്ട് വര്‍ത്തുളമായും ഏകാതാനതയോടെയും ചലിക്കുന്ന നോവലിന്റെ ഘടന നീണ്ട സംഘര്‍ഷത്തിന്റെ ഏകാതാനതയെ സൂചിപ്പിക്കുന്നുവെന്നു കാണാം. ‘വിയറ്റ്നാം കാടുകളില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുള്ള അമേരിക്കന്‍  നിര്‍മ്മിത ധാരണകളെ അപ്പാടെ തകര്‍ക്കുന്നതോടൊപ്പം യുദ്ധം എന്ന പ്രക്രിയ ഉത്പാദിപ്പിക്കുന്ന ആത്മീയത്തളര്‍ച്ചയും ഭീകരതയും തുളഞ്ഞിറങ്ങും വിധം  അടയാളപ്പെടുത്തുന്ന നോവല്‍’ എന്നു  പുസ്തകം വിവരിക്കപ്പെട്ടിട്ടുണ്ട്. ഡുവോങ് തു ഹുവോങ്ങിലൂടെ ഒരു ജനതയുടെ നിത്യ ദുരിതത്തിനും ദശലക്ഷങ്ങളുടെ മരണത്തിനും ഇടയാക്കിയ വിയറ്റ്നാം യുദ്ധമെന്ന ഭീകരതയ്ക്ക് ഒരേ സമയം ഭാവസാന്ദ്രവും ഒപ്പം നിശിതവുമായ ഒരാഖ്യനസ്വരമാണ് സ്വരമാണ് ലഭിച്ചത്. യുദ്ധത്തിന്റെ അവസാന നാളുകളില്‍ നിലയുറപ്പിക്കുന്ന ആഖ്യാനം യുദ്ധ നോവല്‍ എന്ന നിലയില്‍ All Quiet on the Western Front പോലുള്ള ക്ലാസിക്കുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

 read more:

 On Earth Were Briefly Gorgeous by Ocean Vuong

https://alittlesomethings.blogspot.com/2024/08/on-earth-were-briefly-gorgeous-by-ocean.html

The Mountains Sing by Nguyn Phan Quế Mai

 

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: അമ്പതു ലോകനോവലുകള്‍ -

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് – പേജ് 16-22)


  


 

 

 

My Father's Dreams by Evald Flisar / Alan McConnell-Duff

 

ദുസ്വപ്നങ്ങളുടെ  അധിനിവേശം




“ഞാനെന്റെ കൈകള്‍ എന്റെ നെഞ്ചിനു മുന്നില്‍ ചേര്‍ത്തുവെച്ചുകണ്ണുകള്‍ അടച്ചുകൊണ്ട്‌ പറഞ്ഞു‘ദൈവമേഇതൊരു സ്വപ്നമാണെങ്കില്‍ എനിക്ക് ഉണരണം.’

പിന്നീട് ഞാന്‍ പറഞ്ഞു‘ദൈവമേഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍ എനിക്ക് സ്വപ്നം കാണാന്‍ തുടങ്ങണം.

ദൈവത്തിനു പ്രതികരിക്കാന്‍ എന്തെങ്കിലും ഉദ്ദേശമുണ്ട് എന്നതിന്റെ സൂചനയൊന്നുമുണ്ടായിരുന്നില്ല

(My Father’s Dreams’- Evald Flisar പേജ്.178)

 

സ്ലോവീനിയന്‍ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ എവാല്ദ് ഫ്ലിസറുടെ കൃതികള്‍ ലോക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അലന്‍ മക് കോണല്‍ ഡഫിനോടൊപ്പം ചേര്‍ന്ന് ഗ്രന്ഥകാരന്‍ തന്നെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ‘എന്റെ പിതാവിന്റെ സ്വപ്‌നങ്ങള്‍’ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നോവലാണെന്നു മിക്ക നിരൂപകരും കരുതുന്നു.

പേരു പറയുന്നില്ലാത്ത നാട്ടില്‍ബഹളക്കാരിയും സമൂഹത്തിനു മുന്നില്‍ തന്റെ വേഷഭാവങ്ങളെ കുറിച്ച് ഏറെ ഉത്കണ്ഠയുള്ളവളും അതിവൈകാരിക പ്രകൃതിയുമെന്നു വിവരിക്കപ്പെടുന്ന അമ്മ മേരിയും താന്‍ തികഞ്ഞ ആരാധനയോടെ കാണുന്നഗ്രാമ ഡോക്റ്റര്‍ കൂടിയായ പിതാവ് ജോസഫുമൊന്നിച്ചു കഴിയുന്ന ഏകാകിയായ ആദം എന്ന പതിനാലുകാരന്‍ നടത്തുന്ന സ്വപ്ന/ദുസ്വപ്നാനുഭവ വിവരണം പോലയാണ് ആഖ്യാനം. സ്വപ്നമേത്യാഥാര്‍ത്ഥ്യമേത്എവിടെ രണ്ടും കൂട്ടിമുട്ടുന്നുവേര്‍പിരിയുന്നു എന്ന് വേര്‍തിരിക്കാനാവാത്തവിധം രണ്ടും ഇഴ ചേര്‍ന്നിരിക്കുന്നു എന്നതാണ് ആഖ്യാനത്തിന്റെ മികവ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.*1 പിതാവിനെ തന്റെ ലോകത്തിന്റെ കേന്ദ്രബിന്ദുവായിക്കാണുന്ന ആദമിന് അദ്ദേഹത്തിനു താന്‍ മൂലം എന്തെങ്കിലും അലോസരമുണ്ടാകുന്നത് ചിന്തിക്കാനാവില്ല. കുട്ടിക്കഥകള്‍ മുതല്‍ ഗെയ്ഥെയും ഡി സാദേയും കാഫ്കയും പോലെ ക്ലാസ്സിക്കുകള്‍ വരെ നിറഞ്ഞ പിതാവിന്റെ ലൈബ്രറിയിലെ പുസ്തകങ്ങളാണ് അധികം കൂട്ടുകാരില്ലാത്ത അവന്റെ ഒഴിവുസമയ മേച്ചില്‍പ്പുറങ്ങള്‍. മുഖ്യ കൂട്ടുകാരന്‍ താഴെ അറയില്‍ ആര്‍ക്കും പ്രവേശനമില്ലാത്ത പിതാവിന്റെ ദുരൂഹ പരീക്ഷണ ശാലയില്‍ സ്വന്തം സഹോദരന്റേതെന്നു കരുതാവുന്ന ‘അബോര്‍ട്ടസ്’ എന്ന് പേരിട്ടഫോര്‍മല്‍ ഡി ഹൈഡില്‍ കഴിയുന്ന വികസിത ഭ്രൂണമാണ് എന്നതില്‍ നോവലിന്റെ ഇരുണ്ട ഉള്ളടക്കങ്ങളിലേക്കുള്ള സൂചന കാണാം. അതിനു പിന്നില്‍ പിതാവിനും അമ്മയ്ക്കും ഇടയിലെ സംഘര്‍ഷങ്ങളുടെ മാത്രമല്ല,   പിതാവിന്റെ ‘സാമാരാധ്യ’ വ്യക്തിത്വത്തിന്റെ മറുപുറവും കണ്ടെത്താം.

‘അബോര്‍ട്ടസ്’ പേരു സൂചിപ്പിക്കുന്നത് പോലെത്തന്നെഭൂണഹത്യക്ക് വിധേയമാക്കപ്പെട്ടതാവാമെങ്കിലും കൃത്യമായും എന്താണ് സംഭവിച്ചതെന്ന് ഒരിക്കലും വ്യക്തമാക്കപ്പെടുന്നില്ല. കൌമാരത്തിലേക്കു കടക്കുന്നതോടെ സ്വപ്‌നങ്ങള്‍ ആദമിന്റെ ഉണര്‍വ്വിലും ഉറക്കിലും പതിവായിത്തുടങ്ങുകയും അവയുടെ ഉള്ളടക്കങ്ങള്‍ ഉണ്മയോ തോന്നലോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഹോം വര്‍ക്ക് പാഠങ്ങളെ പോലും നിയന്ത്രിച്ചു തുടങ്ങുകയും ചെയ്യുന്നതോടെ അമ്മയും അധ്യാപകരും ഞെട്ടിപ്പോകുന്നു. “ഇക്കഴിഞ്ഞ രാത്രിയിലെ എന്റെ സ്വപ്നം” എന്ന പേരില്‍ അവനെഴുതിയ ക്ലാസ് അസൈന്മെന്റ് സംബന്ധിച്ചുഅതുവായിച്ചു അന്ധളിച്ചുപോയ ടീച്ചര്‍ മാതാപിതാക്കളെ അറിയിക്കുന്നു. വിധിവിളയാട്ടത്തിന്റെ വസ്തുത പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അച്ഛനോടൊപ്പം ചേര്‍ന്ന് ട്രെയിന്‍ അട്ടിമറിക്കുന്ന സ്വപ്നം കാണ്ടുന്നുണ്ട് ആദം. അവര്‍ കരുതിയതിനപ്പുരം ഭീകരമായ പരിനതിയില്‍ അമ്മയുള്‍പ്പടെ 123 പേര്‍ കൊല്ലപ്പെടുന്നു എന്നതാണ് സ്വപ്നത്തിന്റെ ഉള്ളടക്കം. പ്രസ്തുത സംഭവം അമ്മയെ  തകര്‍ത്ത് കളയുന്നുണ്ടെങ്കിലും പിതാവ് അതില്‍ ഉത്സുകനായിത്തീരുകയാണ്. “ഒരു സ്വപ്നജീവി പലപ്പോഴും പ്രതിഭാശാലിയായേക്കാം” എന്ന് ചിന്തിക്കുന്ന അയാള്‍ ആദമില്‍ എന്തെങ്കലും മനോവൈകല്യം വളരുന്നുവോ എന്നറിയാന്‍ അവന്‍ ഡയറി എഴുതിത്തുടങ്ങണം എന്ന് നിര്‍ദ്ദേശിക്കുന്നു. ഒപ്പംഅമ്മയെ സമാധാനിപ്പിക്കാനായി മാത്രംആദം ഗൗരവപ്പെട്ട പുസ്തകങ്ങള്‍ വായിക്കുന്നത് നിര്‍ത്തണമെന്നും.

അവന്റെ സ്വപ്നങ്ങളില്‍ നിരന്തം കടന്നു വരുന്ന ഒന്നായിത്തീരുന്നു ഒരൊഴിവുകാല വേനലില്‍ അയല്പക്കത്ത് താമസത്തിനെത്തിയ ഈവ് എന്ന കൌമാരക്കാരിയും തന്റെ പിതാവുമായുള്ള നിരന്തര വേഴ്ച. പടിപടിയായുള്ള മയക്കുമരുന്ന് വിധേയത്വം വളര്‍ത്തിയെടുത്തു പെണ്‍കുട്ടിയെ ലൈംഗിക അടിമയും ഭ്രൂണഹത്യക്കും ദുരന്ത വിധിക്കും  ഇരയാക്കുകയായിരുന്നു ഡോക്റ്റര്‍ എന്ന വസ്തുതയും സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന മട്ടില്‍ നോവല്‍ ചിത്രീകരിക്കുന്നു. ഈവിനോട് ആദാമിന് തോന്നുന്ന ആകര്‍ഷണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി മകന്‍ ബന്ധപ്പെടുന്നു എന്ന് പുറത്തറിഞ്ഞാല്‍ തന്നെ ജയിലില്‍ എത്തിക്കുമെന്നും അതിനിട വരുത്തരുതെന്നും അയാള്‍ വിലക്കുന്നുണ്ട് എന്നതില്‍ ഫ്രോയ്ഡിയന്‍ ഈഡിപ്പല്‍ സംഘര്‍ഷങ്ങള്‍ പ്രകടമാണ്. സെപ്തംബറില്‍ ഈവ് നഗരത്തിലേക്ക് തിരിച്ചു പോകുന്നതോടെ പിതാവിനെയും പെണ്‍കുട്ടിയെയും ചേര്‍ത്തുള്ള സ്വപ്‌നങ്ങള്‍ നിലക്കുന്നു. തന്റെ സ്വപ്‌നങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്യരുതെന്ന് വിലക്കുന്ന പിതാവ് അവയെല്ലാം ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിവെക്കാന്‍ ആവശ്യപ്പെടുന്നതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമായ രണ്ടു നോട്ടുബുക്കള്‍ക്ക് നിദാനം. അടുത്ത തലമുറയില്‍ ആദമിന്റെ മകന്‍ കണ്ടെടുക്കുന്നതാണോ പുസ്തകങ്ങള്‍ എന്ന സൂചനയും അവസാന ഭാഗത്തുണ്ട്.

സ്വപ്നാവിഷ്കാരം പോലുള്ള അനുഭവങ്ങളായി കൌമാര ലൈംഗികതയുടെ ഉണര്‍വ്വ് ആവിഷ്കരിക്കുന്നത് ആദമിന്റെ മനോവ്യാപാരങ്ങള്‍ മറയില്ലാതെ ചിത്രീകരിക്കാന്‍ നോവലിസ്റ്റിനു അവസരമൊരുക്കുന്നു. ഡയറികള്‍ ഒളിപ്പിച്ചുവെക്കാന്‍ തന്റെ രഹസ്യങ്ങളെല്ലാം തുറന്നു സംവദിക്കാറുള്ള ‘അബോര്‍ട്ടസി’ന്റെ ഭരണിക്ക് പിന്നില്‍ സുരക്ഷിത ഇടവും അവന്‍ കണ്ടെത്തുന്നു. മുതിര്‍ന്നവരുമായി അവ സംവദിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഫ്രോയ്ഡിയന്‍- യുങ്ങിയന്‍ വിശകലനങ്ങളില്‍ ചെന്നുമുട്ടുന്നത് കാണുന്ന ആദം ഈവിന്റെ ദയാലുവായ മുത്തച്ചനോടൊഴിച്ചു മറ്റാരോടും അതൊന്നും വെളിപ്പെടുത്താറില്ലായിരുന്നു. സ്വപ്നാനുഭവങ്ങള്‍ ഒരു ബാധയായിത്തീരുമ്പോഴും ഓരോ ഘട്ടത്തിലും താന്‍ സ്വപ്നം കാണുകയാണ് എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ കഴിയുന്നതുകൊണ്ട് താന്‍ യഥാര്‍ത്ഥ അപകടങ്ങളില്‍ നിന്ന് അകലെയാണ് എന്ന് അവന്‍ ചിന്തിക്കുന്നു.

ആദമിന്റെ സ്വപ്നാഖ്യാനങ്ങള്‍ ഒരു തരത്തില്‍ അവന്‍ അനുഭവിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്ന കാര്യങ്ങളില്‍ നിന്നുള്ള മനശാസ്ത്രപരമായ ഒരു പ്രതിരോധ തന്ത്രമാണെന്നും കാണാംബോധപൂര്‍വ്വം അവന്‍ അങ്ങനെ ചിന്തിക്കുന്നില്ലെങ്കിലും. മയക്കുമരുന്നു വിധേയത്വം,   ബാലപീഡനം,   ആത്മഹത്യാ വാസന തുടങ്ങിയ ഇരുണ്ട വിഷയങ്ങള്‍ അമാനുഷികവും അതിവിചിത്രവും ആയ സര്‍റിയല്‍ ആഖ്യാനമായി കൌമാരക്കാരന്റെ കണ്ണിലൂടെ അവതരിപ്പിക്കാന്‍ സ്വപ്നാത്മക/ ഭ്രമാത്മക തലങ്ങള്‍ ഐച്ഛികമെന്നല്ലഏക വഴി എന്നുതന്നെ വരാം. ഫ്ലിസാര്‍ കഥാപാത്രങ്ങള്‍ക്കു നല്‍കുന്ന പേരുകള്‍ വ്യക്തമായും പ്രതീകമിത്ത് സ്വഭാവമുള്ളവയാണ് എന്നുകാണാം. ജോസഫിന്റെയും മേരിയുടെയും മകനായ ആദം ഈവിലേക്ക് ആകൃഷ്ടനാകുക എന്നതിലെ ബിബ്ലിക്കല്‍ ധ്വനികള്‍ വളരെ പ്രകടമാണ്. പേരുകളിലെ ബിബ്ലിക്കല്‍ സമാനതകള്‍ പാപം,  പാപബോധം തുടങ്ങിയവയുമായി കെട്ടുപിണഞ്ഞ പറുദീസ/ പറുദീസാ നഷ്ടം തുടങ്ങിയ സങ്കല്‍പ്പങ്ങളെ ഉള്‍ച്ചേര്‍ക്കുന്നതും പ്രകടമാണ്. ഇരുണ്ട അറയില്‍ ഡോക്റ്റര്‍ എന്ന നിലയിലുള്ള തന്റെ സിദ്ധികളെ ദുരുപയോഗം ചെയ്തു ദുരൂഹ വിനിമയങ്ങളില്‍ ഇടപെടുന്ന ജോസഫ് ഒരു എതിര്‍ബിംബമാണ്: ദൈവ സഹജമായ സൃഷ്ടിയെ സംഹാരമായും വിശ്വാസത്തെ വിധേയത്വമായും മാറ്റിയെടുക്കുന്ന സാത്താനിക പ്രതീകം. തന്നോട് അയാള്‍ ചെയ്തതിനോടോന്നും പാപബോധാമോഎതിര്ഭാവമോ ഈവിനു അനുഭവപ്പെടാത്തത് ഡോക്റ്റര്‍ എന്ന നിലയിലുള്ള അയാളുടെ പദവിയോടൊപ്പം  സാത്താനിക പ്രഭാവത്തോടുള്ള വിധേയത്വം കൂടിയാകാം. എന്നാല്‍അവള്‍ക്കു തോന്നാത്ത പാപബോധം ആദമിന് അനുഭവപ്പെടുന്നുണ്ട്. സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ വിവേചിക്കാന്‍ കഴിയാത്ത കൗമാരക്കാരന്റെ കഴിവുകേട്അവനെ നിയന്ത്രിച്ചു വഴക്കാന്‍ ജോസഫിനെ സഹായിക്കുകയും ചെയ്യും.  അര്‍ഥത്തില്‍ ആദം തന്നെയും അബോര്‍ട്ടസിനെ പോലെ അയാളുടെ പരീക്ഷണ മേഖലയാണ്. ജനി മൃതികള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന സഹോദര ഭ്രൂണത്തോട് ഉള്ളിലെ രഹസ്യങ്ങള്‍ വിവരിക്കുന്ന കൌമാരക്കാരന്‍ ഒരേ സമയം ദൈന്യത്തിന്റെ പ്രതീകവും ഒപ്പം വിചിത്രമായ ഏതോ പേക്കിനാവിലെ ഗതികിട്ടാത്ത എകാകികിയുമാണ്. മൃതനായ സഹോദരന്‍ അവന്റെ പിറവിയെടുത്തില്ലാത്ത അപര സ്വത്വവും (doppelganger )  ആത്മസുഹൃത്തുമാണെന്ന് ആദം നിരീക്ഷിക്കുന്നുണ്ട്: “അബോര്‍ട്ടസിനോട് മാത്രമേ എനിക്ക് ഒരു സമനോട് എന്നോണം സംസാരിക്കാന്‍ ആവുമായിരുന്നുള്ളൂഒരു പാതിക്ക് മറു പാതിയോടെന്നോണംഒരുമിച്ചു മാത്രമേ ഞങ്ങള്‍ ഒരു സമ്പൂര്‍ണ്ണ വ്യക്തിയാകൂ.”

നോവലില്‍ മറ്റൊരു ശക്തമായ മിത്തിക്കല്‍ സാന്നിധ്യമായി അനുഭവപ്പെടുക ഈവിന്റെ മുത്തച്ഛനും അബോര്‍ട്ടസിനെ കൂടാതെ ആദം വിശ്വസിക്കാന്‍ തയ്യാറാകുന്ന ഏക കഥാപാത്രവുമായ വയോധികന്‍ ഡൊമിനിക്കാണ്. ഒരു പുരാതന വീട്ടില്‍തന്റെ യാത്രകള്‍ക്കിടയില്‍ സ്വരുക്കൂട്ടിയ ആഫ്രിക്കന്‍ മൂര്‍ത്തികളുടെ പ്രതിമകള്‍ക്കിടയില്‍ ‘അവയുടെ ചിന്തകളുടെ ദ്വിഭാഷിയെ പോലെ’   അയാള്‍ കഴിയുന്നു. അയാളുടെ ഏകാന്തതയും സന്ദര്‍ശകരാരുമില്ലാത്ത ഒറ്റപ്പെടലും തന്നെയാണ് അബോര്‍ട്ടസിന്റെ ജാര്‍ സൂക്ഷിക്കാമെന്ന് ഏല്‍ക്കാന്‍ അയാളെ പ്രാപ്തനാക്കുന്നത്.

ഒരു വ്യക്തിയുടെ വളര്‍ച്ചയിലെ ഏറ്റവും വലിയ അപകടസ്ഥലിയായ കൗമാരം എന്ന അനിശ്ചിതത്വത്തെഅതിന്റെ വിഹ്വലതകളും ആശങ്കകളും ആസക്തികളും തീവ്രത ചോരാതെ ആവിഷ്കരിക്കുകയെന്നത് ഒരെഴുത്തുകാരന് വലിയ വെല്ലുവിളിയാണ്. അതാണ്‌യാഥാര്‍ത്ഥ്യവും സ്വപ്നവും അപകടകരമാം വിധം കൂടിക്കുഴയുകയും ഉന്മാദവും ഭ്രമാത്മകതയും തിരിച്ചറിയാനാവാത്ത വിധം ഒന്നായിത്തീരുകയും ചെയ്യുന്ന ആഖ്യാനമായി അവതരിപ്പിക്കുന്നതിലൂടെ നോവലിസ്റ്റ് ഏറ്റെടുത്തു വിജയിപ്പിക്കുന്നുത്. പിന്നോക്ക ഗ്രാമീണാന്തരീക്ഷ പശ്ചാത്തല സൃഷ്ടിയിലും അതിനിഷ്കളങ്ക ഭാവത്തിലും (naive tone) പോയ നൂറ്റാണ്ടിന്റെ ആദ്യ കാലത്തെ ഗോഥിക് ഹൊററിന്റെയും മനോവിജ്ഞാനീയ നാടകകീയാഖ്യാനങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുമ്പോഴും നോവലിലെ പ്രമേയങ്ങള്‍ അവയുടെ പ്രസക്തിയിലും ആവിഷ്കാര രീതിയിലും ഴോനര്‍ ഫിക് ഷന്റെ അതിരുകള്‍ ഭേദിക്കുന്നതും തികച്ചും സമകാലികവും അസ്വാസ്ഥ്യജനകവുമാണ്. മിത്തും മനോവിജ്ഞാനീയ ഭ്രമചിന്തകളും ദു/സ്വപ്നമേത്യാഥാര്‍ത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത വിധം ഇടകലരുന്ന നോവല്‍ഒരേസമയം ഗോഥിക് ഫാന്റസിയുടെയും സമകാലിക യൂറോപ്യന്‍ ഫിക് ഷന്റെയും ഹൃദ്യമായ മിശ്രണമായി അനുഭവപ്പെടും.

*1 . (A. M. Bakalar. ‘Evald Flisar’s “My Father’s Dreams’, https://wordswithoutborders.org/book-reviews/evald-flisars-my-fathers-dreams-a-m-bakalar/.12.11.2012, Accessed 20.06.2024).