കുരിശേറുന്ന മഡോണമാര്‍
നോവലിസ്റ്റ്, തിയേറ്റര്‍ ആക്റ്റിവിസ്റ്റ്, എച്ച്.ഐ.വി. & എയിഡ്സ്
ആക്റ്റിവിസ്റ്റ്, തുടങ്ങിയ
ബഹുമുഖ വ്യക്തിത്വവും അക്കാദമീഷ്യനുമാണ് വിഖ്യാത സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരന്‍
സാകെസ് എംദാ. അപ്പാര്‍ത്തീഡ് ഭരണത്തോളം തന്നെ അധികാര പ്രമത്തതയുള്ളതും അഴിമതി
നിറഞ്ഞതുമായ കറുത്ത വര്‍ഗ്ഗക്കാരുടെ തന്നെ പുതിയ സര്‍ക്കാര്‍ ചെറുത്തു നില്‍പ്പിന്റെ
മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിക്കുന്ന
ഉത്കണ്ഠകളില്‍ പ്രധാനം. ആഫ്രിക്കന്‍ വാമൊഴിക്കഥാ വഴക്കവും ഹോസാ നാടക പാരമ്പര്യവും
മാജിക്കല്‍ റിയലിസത്തിന്റെ ധാരകളും യൂറോപ്യന്‍ അസംബന്ധ നാടക വേദിയുടെ സ്വാധീനവും
ഇഴ കോര്‍ക്കുന്ന ശൈലിയില്‍ അപ്പാര്‍ത്തീഡ് അനന്തര സൌത്ത് ആഫ്രിക്കന്‍ സമൂഹത്തെ
ഗ്രസിക്കുന്ന ഉപഭോക്തൃ സംസ്കാരം, പാരമ്പര്യവുമായി
ഏറ്റുമുട്ടുന്നതിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ പ്രമേയങ്ങള്‍ അദ്ദേഹം തന്റെ കൃതികളില്‍
ആവിഷ്കരിക്കുന്നു. കറുത്ത വര്ഗ്ഗക്കാരന്റെ കാഴ്ചപ്പാടില്‍ നടത്തപ്പെടുന്ന ഈ
ആവിഷ്കാരങ്ങളില്‍ വെളുത്ത വര്‍ഗ്ഗക്കാരുടെ പങ്കു തുലോം കുറവാണ്. എംദായുടെ
വിഖ്യാതമായ ആദ്യ നോവല്‍ വേയ്സ് ഓഫ് ഡൈയിംഗ് (1995) മണ്ടേലയുടെ ജയില്‍ മോചനത്തിനും അപ്പാര്‍ത്തീഡ് ഭരണം അവസാനിപ്പിച്ചു രാജ്യം
ഒരു ജനാധിപത്യ രാഷ്ട്രം ആയിത്തീരുന്നതിനും ഇടയിലുള്ള സംഘര്‍ഷ കാലത്തിന്റെ
പശ്ചാത്തലത്തില്‍ പട്ടണത്തിലെ ശവമടക്ക സ്ഥലങ്ങളില്‍ ഒരു മൃത്യു വിലാപക്കാരന്‍ (professional
mourner) ആയി സ്വയം കണ്ടെത്തിയ തൊലോകിയെ
പിന്തുടരുന്നു. പേര് പറയുന്നില്ലാത്ത ഒരു സൌത്ത് ആഫ്രിക്കന്‍ നഗരത്തിന്‍റെ പട്ടണ
വീഥികളിലൂടെ ‘സ്വാഭാവിക മരണം’ എന്നത് തീര്‍ത്തും ‘അസ്വാഭാവിക’മായ കാലത്ത് തന്റെ
തൊഴിലില്‍ ഏറെ തിരക്കുകളില്‍ പെട്ട് അലയുന്ന തൊലോകി വിഭാഗീയ സംഘട്ടനങ്ങള്‍ തുടര്‍ക്കഥയാവുന്ന
പട്ടണങ്ങളിലൂടെ, ചേരികളിലൂടെയുള്ള യാത്രയില്‍
തന്റെ ആദ്യ പ്രണയിനിയെ വീണ്ടെടുക്കുന്നു. ഇതിവൃത്തം ചുരുള്‍ നിവരുമ്പോള്‍
വായനക്കാരന്‍ കണ്ടെത്തുന്നത് ഇതാണ്: മിക്കവാറും എല്ലാവരുടെയും മരണം തങ്ങളുടെ തന്നെ
സമൂഹങ്ങളിലെ തീവ്ര നിലപാടുകാരുടെയും സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള
അക്രമികളുടെയും സൃഷ്ടിയാണ്. 2000-ല്‍ പുറത്തിറങ്ങിയ ദി ഹാര്‍ട്ട് ഓഫ് റെഡ്നെസ്സ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ഹോസാ സമൂഹത്തില്‍
സംഭവിച്ച ഒരു ചരിത്ര ഘട്ടത്തെ
പശ്ചാത്തലമാക്കുന്നു. നോംഖാവൂസേ എന്ന ദുരന്ത പ്രവാചികയുടെ പ്രവചനപ്രകാരം അരങ്ങേറിയ
കന്നുകാലി നശീകരണം (1856 – ’57) ഹോസാ സമൂഹത്തെ വിശ്വാസികളും അവിശ്വാസികളുമായി വിഭജിക്കുകയും വരള്‍ച്ചയും
പട്ടിണിയും സൃഷ്ടിച്ച ദുരിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്തു. പതിനായിരങ്ങള്‍
മരിക്കുകയും ലക്ഷക്കണക്കിന് മാടുകള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം, സ്വതേ ദുര്‍ബ്ബലമായിരുന്ന സമൂഹത്തെ അവരുടെ ഭൂമിക്കു മേലുള്ള
അവകാശത്തോടൊപ്പം കുടിയേറ്റക്കാരുടെ വരുതിയില്‍ പൂര്‍ണ്ണമായും എത്തിക്കുന്നതില്‍
കലാശിച്ചു. നോവലില്‍, നിരന്തരം
ഇഴകോര്‍ക്കുന്ന വര്‍ത്തമാന കാലവും കഥാകാലവും, മിത്തും ചരിത്രവും തമ്മിലുള്ള സങ്കീര്‍ണ്ണമായ വിനിമയങ്ങള്‍
ചിത്രീകരിക്കുന്നതിലൂടെ കൊളോണിയല്‍ അധിനിവേശത്തെയും അത് പോലെത്തന്നെ ആഭ്യന്തര
സംഘര്‍ഷങ്ങളെയും നേരിടേണ്ടി വരുന്ന തനതു സംസ്കൃതികളെ തുറിച്ചു നോക്കുന്ന
അനിശ്ചിതത്വങ്ങളെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. തങ്ങളുടെ കാലികളെ മുഴുവന്‍
കൊന്നൊടുക്കിയാല്‍ ബ്രിട്ടീഷുകാര്‍ക്കു മേല്‍ വിജയം നേടാന്‍ പൂര്‍വ്വികരുടെ
ആത്മാക്കള്‍ സഹായിക്കുമെന്ന് വിശ്വസിപ്പിക്കപ്പെട്ട ജനങ്ങള്‍ നേരിട്ട ആന്തരിക
വിഭജന ദുരന്തങ്ങള്‍ വര്‍ത്തമാന കാലത്തും തുടരുന്നുവെന്ന് നോവലിസ്റ്റ്
സൂചിപ്പിക്കുന്നു.
വംശവെറിയുടെ സദാചാര നിയമം
“ഇക്കാര്യങ്ങളെല്ലാം
ഒന്നൊന്നായി സംഭവിക്കുന്നത് ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് (All these
things flow from the sins of our mothers )” എന്ന ആദ്യ വാചകത്തിനും “ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ്
ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത് (From the sins of our
mothers all these things flow)” എന്ന
തിരിച്ചിട്ട അവസാന വാക്യത്തിനുമിടക്കാണ് എംദായുടെ നോവലുകളില്‍ ഏറെ
പ്രിയപ്പെട്ടതായി അദ്ദേഹം തന്നെ എടുത്ത് പറയാറുള്ള മറ്റൊരു ചരിത്രോപജീവിത
ആഖ്യാനമായ എക്സല്‍സ്യോറിലെ വിശുദ്ധ മാതാവ് (The Madonna of Excelsior) കഥ പറയുന്നത്. അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയിലെ ഓറഞ്ച്
ഫ്രീ സ്റ്റേറ്റിലെ എക്സല്‍സ്യോര്‍ പ്രവിശ്യയില്‍ 1971-ല്‍ അരങ്ങേറിയ പ്രമാദമായ ‘എക്സല്‍സ്യോര്‍ കേസ്’
എന്നറിയപ്പെട്ട ഇരു വര്‍ഗ്ഗങ്ങളും ഉള്‍പ്പെട്ട ലൈംഗികാപവാദ ക്കേസിന്റെ ഫിക് ഷനല്‍
ആവിഷ്കാരമായാണ് എംദയുടെ മൂന്നാമത് നോവല്‍ രചിക്കപ്പെട്ടത്. സംഭവത്തിന്റെ ഔദ്യോഗിക
ചരിത്രത്തെ അതില്‍ ഉള്‍പ്പെട്ട കറുത്ത വര്‍ഗ്ഗക്കാരിയായ നികിയുടെയും മകള്‍
പോപിയുടെയും കാഴ്ചപ്പാടുകളിലൂടെ ആവിഷ്കരിക്കുന്നതിലൂടെ വംശീയ സങ്കരത്തിന്റെയും
സംഘര്‍ഷങ്ങളുടെയും വിനിമയങ്ങളെ, അഥവാ സൌത്ത്
ആഫ്രിക്കന്‍ ജീവിതത്തിന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും തന്നെ, പ്രശ്നവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ്.
1927-ല്‍ നിര്‍മ്മിക്കപ്പെടുകയും 1950 –ല്‍ പുനര്‍ നിര്‍വ്വചിക്കുകയും ചെയ്ത സദാചാര നിയമ പ്രകാരം – Immorality
Act – ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള
ലൈംഗിക ബന്ധം കുറ്റകരമാക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രധാന മന്ത്രി ജെ. ജി.
സ്ട്രൈഡോം (Johannes Gerhardus Strijdom - Prime Minister of South
Africa from 30 November 1954 to 24 August 1958) ശരിയായി നിരീക്ഷിച്ച പോലെ കേപ് ടൗണില്‍ നങ്കൂരമിട്ട പര്യവേഷകര്‍ ഖോയ് ഖോയ്
സ്ത്രീകളുടെ മഞ്ഞ നിറമുള്ള ശരീര ഭാഗങ്ങള്‍ കണ്ട ആദ്യ ദിനം മുതല്‍
‘നേരമ്പോക്കായിത്തീര്‍ന്ന’ സമ്പ്രദായം പാര്‍ലമെന്റിന്റെ നിയമ നിര്‍മ്മാണം
കാത്തുനിന്ന ഒരേര്‍പ്പാടായിരുന്നില്ലല്ലോ. ആഫ്രിക്കാനര്‍ പുരുഷന്മാര്‍ ‘കവര്‍ന്നെടുത്ത’
‘വിലക്കപ്പെട്ട സന്തോഷങ്ങള്‍’ ആയ ‘കറുത്ത തേന്‍’ ആവോളം രുചിച്ചുവന്നതാണ്; പരമ്പരാഗതമായിത്തന്നെ യുവ ആഫ്രിക്കാനര്‍ പുരുഷ കാമന, തങ്ങളുടെ പിതാക്കള്‍ ഗൂഡമായി ആസ്വദിച്ചു വന്ന വിഭവം
കീഴ്പ്പെടുത്തിയും രുചിച്ചും തിന്നു തീര്‍ത്തും തന്നെയാണ് അവരുടെ ‘വ്യത്യസ്തത
തേടല്‍’ വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. തങ്ങളുടെ ആയമാരുടെ കടും ചുവപ്പ്
വസ്ത്രങ്ങള്‍ക്കുള്ളിലെ ‘വിലക്കപ്പെട്ട മേച്ചില്‍പ്പുറങ്ങളില്‍’ മദിച്ചു രസിച്ചാണ്
അവര്‍ വളര്‍ന്നത്. “വയലുകളില്‍, തുറസ്സുകളില്‍, തെരുവുകകളുടെ കൈവഴികളില്‍, കൃഷി ഫാമുകളില്‍, സ്വന്തം
വീടിന്റെ അടുക്കളകളിലും; അവര്‍ക്കായി
ഡിന്നര്‍ ഒരുക്കിയ പരിചാരികമാരിലും എല്ലായിടത്തും അവര്‍ കറുത്ത തേനിനു
വേണ്ടിയുള്ളതെന്നു വിശേഷിപ്പിച്ച വേട്ടയാടല്‍ നടത്തി”. പിതാക്കളും പുത്രന്മാരും
കിണഞ്ഞു ശ്രമിച്ചതിന്റെ ഫലമായിരുന്നു പോപിയെയും ‘പാട്ടു വില്പ്പനക്കാരി’യെയും
പോലുള്ള ദേശത്തിന്റെ വര്‍ണ്ണ നിയമങ്ങളെ അപ്രസക്തമാക്കിയ സങ്കര നിറമുള്ള
കുഞ്ഞുങ്ങളുടെ ആധിക്യം. സൗത്ത് ആഫ്രിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരായ ‘ആഫ്രിക്കാനര്‍’
രക്തത്തില്‍ 71% സങ്കരം
നടന്നിട്ടുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞും നാഷനലിസ്റ്റ് സര്‍ക്കാര്‍ സ്ഥാപിച്ചെടുത്ത
ഒരു മിത്തായിരുന്നു വെളുത്തവന്റെ വംശീയ വിശുദ്ധി.
രാജ്യത്തെ
ഏറ്റവും നീണ്ടതും വിവാദ പരവുമായിത്തീര്‍ന്ന എക്സല്‍സ്യോര്‍ വിചാരണയില്‍ രാഷ്ട്രീയ
പ്രമുഖരടക്കം വെളുത്ത വര്‍ഗ്ഗക്കാരായ ഏഴു പുരുഷന്മാരും പതിനാലു കറുത്ത
വര്ഗ്ഗക്കാരികളായ സ്ത്രീകളും സദാചാര നിയമപ്രകാരം വിചാരണ നേരിട്ടു. ആണുങ്ങളില്‍
ഒരാള്‍ കേസിന്റെ പ്രഥമ ഹിയറിങ്ങില്‍ തന്നെ ഒഴിവാക്കപ്പെട്ടപ്പോള്‍ പട്ടണത്തിലെ
കശാപ്പുകാരനായ മറ്റൊരാള്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. മൂന്നാമതൊരാളുടെ
ഭാര്യ അയാളെ ഉപേക്ഷിച്ചു പോയപ്പോള്‍ ദേശവാസികള്‍ മുഴുവന്‍ ഒറ്റപ്പെടുത്തിയതിന്റെ
ദുരിതം എല്ലാവരും പേറേണ്ടി വന്നു. എന്നാല്‍ പ്രമാദമായ വിചാരണയുടെ നിര്‍ണ്ണായക
ഘട്ടത്തില്‍ ‘അമിതമായ മാധ്യമ ശ്രദ്ധ പ്രോസിക്യൂഷന്‍ സാക്ഷികളെ ഭയപ്പെടുത്തിയത്
മൂലം’ കേസ് പിന്‍വലിക്കുന്നതായി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു.
‘ചെകുത്താന്‍ പെട്ടി’ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന ഭയം മൂലം ദേശീയ സര്‍ക്കാര്‍
ടെലിവിഷന് ഏര്‍പ്പെടുത്തിയിരുന്ന സെന്‍സര്‍ഷിപ്പു കാരണം ഇംഗ്ലണ്ടിലും
അമേരിക്കയിലും പ്രേക്ഷകര്‍ തത്സമയം കണ്ട ചൂടന്‍ വിഭവം പത്രറിപ്പോര്‍ട്ടുകളിലൂടെ
ഏറെ ആറിത്തണുത്താണ് നാട്ടുകാര്‍ക്ക് ലഭിച്ചത്.
ബ്ലൂംഫോണ്ടെയ്നിലെ
ഡോക്റ്റര്‍ തന്റെ കുഞ്ഞിന്റെ രക്തത്തില്‍ കലര്‍പ്പുണ്ടെന്നു കണ്ടെത്തുമ്പോള്‍ നികി
അത്ഭുതപ്പെടുന്നു: “എന്തിന്റെ കലര്‍പ്പ്? അതെല്ലാം ചുവപ്പു തന്നെയല്ലേ?” കുഞ്ഞിന്റെ
ചെമ്പന്‍ തലമുടി മൊട്ടയടിച്ചും ചാണക വിറകിന്റെ തീകായിച്ചു കുഞ്ഞിനെ
കറുപ്പിച്ചെടുക്കാന്‍ വൃഥാ ശ്രമം നടത്തിയും താന്‍ പെട്ടുപോകുന്ന അവസ്ഥ മറി
കടക്കാന്‍ നികി ശ്രമിക്കുന്നത് എന്നെന്നേക്കുമുള്ള പോള്ളിയടര്‍ന്ന പാടുകള്‍ നല്‍കുന്നുണ്ട്
പോപിക്ക്. സാഹചര്യത്തെ നേരിടാന്‍ ധൈര്യമില്ലാതെ ഭാര്യയുടെ കണ്ണുകള്‍ക്ക് മുന്നില്‍
ചൂളിപ്പോയി ആത്മഹത്യ ചെയ്യുന്ന സ്റ്റെഫാനസ് ക്രോന്യേ സൂര്യകാന്തിപ്പാടത്തു വെച്ചും
മാഡം കോര്‍നേലിയ വീട്ടില്‍ ഇല്ലാതിരുന്ന സമയം അവരുടെ പതുപതുത്ത വിരിപ്പില്‍
വെച്ചും കറുത്ത ആഫ്രിക്കയുടെ ‘മരുഭൂ മധ്യത്തിലെ അപൂര്‍വ്വ പുഷ്പ’മായ നികിയുമായി
‘കാര്യങ്ങള്‍ ചെയ്ത’തിന്‍റെ ഉല്‍പ്പന്നമാണ് പോപി. കേസിനാസ്പ്പദമായ
കാമപ്പേക്കൂത്തിന്റെ ഒരസാധാരണ രാവില്‍ ഇണകളെ വെച്ചുമാറി രസിച്ച കൂട്ടാളികള്‍ക്കിടയില്‍
ആര്‍ക്കും പങ്കിടാതെ നികിയോടുള്ള പ്രത്യേക താല്‍പര്യം ലോലമനസ്കനായ ക്രോന്യേ
തെളിയിക്കുന്നുണ്ട്. സംഭവം പുറത്താവുകയും കൂട്ടത്തിലുള്ള എംമാംപൊ ലദീമോ എന്ന
സ്ത്രീ മാപ്പുസാക്ഷി ആവുകയും ചെയ്യുമ്പോള്‍ കുറ്റാരോപിതരായ പുരുഷന്മാര്‍ ‘സ്വയം
നിരപരാധികളെങ്കിലും’ മാനുഷിക പരിഗണനയില്‍ സ്ത്രീകളെ ജാമ്യത്തിലെടുക്കുമ്പോള്‍
കൈക്കുഞ്ഞുമായി നികി ജയിലിലടക്കപ്പെടുന്നത് അതിനോടകം ക്രോന്യേ സ്വയം ശിക്ഷാവിധി
നടപ്പിലാക്കുന്നത് കൊണ്ടാണ്. പ്രിട്ടോറിയയില്‍ പാര്‍ലമെന്റിനെ ഇളക്കി മറിച്ചും, ആഫ്രിക്കാനര്‍ പുരുഷന്മാരെ വഴിപിഴപ്പിക്കാന്‍ നടക്കുന്ന
കറുത്ത വര്‍ഗ്ഗക്കാരികളായ വശീകരണക്കാരികളോടുള്ള പകയായും ഉപജാപങ്ങളില്‍ ഇടം നേടുന്ന
സംഭവം വിചാരണ നടത്തുന്ന ആഫ്രിക്കാനര്‍ ജഡ്ജിമാര്‍ക്ക് ‘വേദനാജനകമായ ഉദ്ധാരണം’ നല്‍കുന്നതിനെ
കുറിച്ചും നോവലില്‍ പരിഹാസ പരാമര്‍ശമുണ്ട്. എന്നാല്‍, ആത്യന്തികമായി ഇരു വര്‍ഗ്ഗക്കാരെയും അകറ്റി നിര്‍ത്താന്‍
വേണ്ടി ഒരുക്കപ്പെട്ട ‘സൗത്ത് ആഫ്രിക്കന്‍ വംശീയ നിയമങ്ങളുടെ നെടുന്തൂണ്‍’ ആയ
സദാചാര നിയമം തികച്ചും കാപട്യവും അപ്രാവര്‍ത്തികവും തികഞ്ഞ പൊള്ളത്തരവുമാണെന്ന്
വ്യക്തമാക്കുന്നതായിരുന്നു എക്സല്‍സ്യോര്‍ വിചാരണ.
ജീര്‍ണ്ണത പുതുകാലത്തിലേക്കും
പതിനാലു
കൊല്ലങ്ങള്‍ക്ക് ശേഷം വെറുക്കപ്പെട്ട കണ്ണാടിയില്‍ നോക്കി നില്‍ക്കുമ്പോള്‍
‘അപ്പാര്‍ത്തീഡിന്റെ ഘടനാ വൈരുധ്യങ്ങളും ഹിംസാത്മകതയും (structural
violence and violations)’ അതില്‍
നിന്ന് പ്രതിഫലിക്കുന്നതായി പോപിക്ക് തോന്നുന്നു. തന്റെ അസ്ഥിത്വം ഒരു
വിഭാഗത്തിലും പെടുന്നില്ലെന്ന വേദന അവളുടെ മുഖം സാക്ഷ്യപ്പെടുത്തുന്നു:
“കണ്ണാടി.. അവള്‍ എന്തായിരുന്നോ
അതായിത്തന്നെ വെളിക്കു കാണിച്ചു. ഒരു ബോസ്മന്‍ പെണ്‍കുട്ടി. ഒരു ഹോട്ട്നോട്ട് പെണ്‍കുട്ടി...
നീയൊരു ബുഷ്‌മന്‍. അതുമല്ലെങ്കില്‍, നിന്റെ അയല്‍ക്കാരന്‍ വിനയം കാണിക്കാന്‍ ശ്രമിക്കുമ്പോള്‍, ഒരു കളേഡ് ഗേള്‍.
അവള്‍ തന്റെ ജീവിതത്തിനിടയില്‍ കുറെയേറെ കണ്ണാടികള്‍ പൊട്ടിച്ചു
കളഞ്ഞിട്ടുണ്ടായിരുന്നു. ഒരു കണ്ണാടി സ്വകാര്യത ഭേദിക്കുന്ന ഒരിടപെടലാണ്. അയാളുടെ
മുഖത്തെ വേദനയില്‍ ചുഴിഞ്ഞു നോക്കുന്നത്. എങ്കിലും അവള്‍ തന്റെ മുഖത്തെ
വരകളിലേക്ക് പ്രഭാതത്തിലും ഉച്ചക്കും രാത്രിയിലും കണ്ണു നട്ടു. എല്ലാ ദിവസവും.
അവള്‍ പ്രാര്‍ഥിച്ചു, തന്റെ മുഖത്തെ
വരകള്‍ യോജിച്ചു ചേര്‍ന്നിരുന്നെങ്കില്‍, അപ്പോള്‍ മഹാലാത് സ്വെറ്റ്സയിലെ മറ്റു കുട്ടികളെ പോലിരുന്നേനെ അവളും.”
ഒളിവില്‍
പ്രവര്‍ത്തിക്കുന്ന റസിസ്റ്റന്‍സ് ആക്റ്റിവിസ്റ്റ് ആയി വളരുന്ന ജ്യേഷ്ഠന്‍
വലികിയില്‍ നിന്ന് വ്യത്യസ്തമായി അത്തരം കാര്യങ്ങളില്‍ വിമുഖയായ പോപി ഉറച്ച
പോരാളിയായിത്തീരുന്നത് പോലീസില്‍ നിന്ന് അകാരണമായി ഏല്‍ക്കേണ്ടി വരുന്ന കൊടിയ
പീഡനത്തെ തുടര്‍ന്നാണ്. വലികിയും പോപിയും പ്രതിനിധാനം ചെയ്യുന്ന രണ്ടാം
പാതിയിലാണ് വര്‍ത്തമാന സൌത്ത് ആഫ്രിക്കന്‍ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണതകള്‍
സൂചിതമാകുന്നത്. ആദ്യാനുഭവമായി ഹെയറി ബട്ടക്സ് എന്ന പരിഹാസപ്പേരുള്ള വെള്ളക്കാരന്‍
കര്‍ഷകന്‍ യോഹാനാസ് സ്മിറ്റിന്റെ ബലാല്‍ക്കാരം നേരിടേണ്ടി വന്ന ശേഷമാണ്
പുലേയുമായുള്ള നികിയുടെ വിവാഹവും വലികിയുടെ പിറവിയും. സ്വര്‍ണ്ണ ഖനിത്തൊഴിലാളിയായ
പുലെ തൊഴിലിടത്തേക്ക് പോകുമ്പോള്‍ അനിവാര്യമായത് സംഭവിക്കുന്നത് പോലെയാണ്
കാര്യങ്ങള്‍ പോപിയുടെ പിറവിയില്‍ എത്തുന്നതും കേസും വിചാരണയും പിന്നീടുള്ള ദുരിത
ജീവിതവും. ഇതിനോടകം മാറി മറിഞ്ഞ അധികാര സമവാക്യങ്ങളില്‍ മണ്ടേലാ സര്‍ക്കാരിന്റെ
പിറവിയും തുടര്‍ന്ന് പ്രാദേശിക കൌണ്‍സിലുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളും
സംഭവിക്കുന്നു. പ്രസ്ഥാനത്തിന്റെ ഭാഗമായി വലികിയും പോപിയും കൌണ്‍സിലര്‍മാരാവുന്നു.
വലികി ചെയര്‍മാന്‍ ആവുന്നതോടെ അധികാരത്തിന്റെ പ്രലോഭനങ്ങള്‍ അയാളുടെ ആദര്‍ശ പരതയെ
ബാധിക്കുന്നത് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറില്ലാത്ത പോപിയുമായുള്ള അകല്‍ച്ചയിലേക്ക്
നയിക്കുന്നു. പ്രസ്ഥാനത്തിന് സംഭവിക്കുന്ന അപചയവും ഒറ്റുകാര്‍ ആയിരുന്നവര്‍
നേതൃത്വത്തില്‍ എത്തുന്നതും പോപിയെ പോലുള്ളവര്‍ തഴയപ്പെടുന്നതും സമാന്തരമായി
സംഭവിക്കുന്ന വിപര്യയങ്ങളാണ്. പൊതു ഗാര്‍ഹിക പദ്ധതികള്‍ തങ്ങള്‍ക്കും
വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി ഉപയോഗിക്കുന്ന വലികി ഉള്‍പ്പടെ കൌണ്‍സിലര്‍മാര്‍
ഒന്നിലേറെ വീടുകള്‍ നേടിയെടുക്കുമ്പോള്‍, പോപിയുടെ സ്വന്തം വീടെന്ന സ്വപ്നം തന്റെ തുച്ഛമായ അലവന്‍സ് അനുവദിക്കുന്ന
തറപ്പണിക്കപ്പുറം പോകുന്നതേയില്ല. പോപിയുടെ അര്‍ദ്ധ സഹോദരനും തികഞ്ഞ ആഫ്രിക്കാനര്‍
പക്ഷപാതിയുമായ ടിജാര്‍റ്റ് ക്രോന്യേ പിതൃ രക്തത്തിന്റെ ചിഹ്നമായ പോപിയുടെ
കാലുകളിലെ രോമവളര്‍ച്ച ചൂണ്ടിക്കാട്ടി അവളെ തേജോവധം ചെയ്യുന്നത്, ഇരു വിഭാഗങ്ങളും അകറ്റി നിര്‍ത്തുന്ന സങ്കര സന്തതികളുടെ
അവസ്ഥ സൂചിപ്പിക്കുന്നു: അപ്പാര്‍ത്തീഡ് കാലത്ത് അവര്‍ വേണ്ടത്ര വെളുത്തവര്‍
ആയിരുന്നില്ല; പിന്നീട് വേണ്ടത്ര കറുത്തവരും.
പോപി തന്റെ കൌണ്‍സിലര്‍ പദവിക്കാലത്ത് സ്ഥാപിച്ചെടുത്ത പബ്ലിക് ലൈബ്രറിയിലെ
പുസ്തകങ്ങളില്‍ അഭയം കണ്ടെത്തുമ്പോള്‍, പഴയ ‘എക്സല്‍സ്യോര്‍ 19’-ലെ മറ്റൊരു ‘മഡോണ’യുടെ മകളായ ‘പാട്ടുവില്‍പ്പനക്കാരി’യുടെ
ഉടലിലാണ് വലികി പ്രവാസയിടം കണ്ടെത്തുന്നത്. കൌണ്‍സിലിലേക്ക് നടക്കുന്ന അടുത്ത
തെരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിന്റെ സഹായമില്ലാതെ മത്സരിച്ച് വൃത്തിയായി തോല്‍ക്കുന്ന
വലികി തികച്ചും വിസ്മൃതനാകുന്നു. പോപി മമ്മയോടോത്തുള്ള ജീവിതമെന്ന
സാന്ത്വനത്തിലേക്ക് സ്വയം ചുരുങ്ങുന്നു. ഇതൊക്കെ സംഭവിക്കുമ്പോള്‍ ഒരാള്‍ക്ക്
മാത്രം ആശ്വാസമുണ്ട്: ‘എന്റെ മക്കളെയും അവര്‍ തട്ടിയെടുത്തു’ എന്ന് ഇപ്പോഴും പരാതി
പറയുമായിരുന്ന നികിക്ക്.
മഡോണയും പതിതയും
മണ്ടേലാ
ഭരണം ആറു വര്‍ഷം പിന്നിട്ട 2000-മാണ്ടില്‍ സാകെസ് എംദാ തന്റെ പെണ്‍മക്കളോടൊപ്പം
ബെല്‍ജിയന്‍ ചിത്രകാരനായ ഫാദര്‍ ഫ്രാന്‍സ് ക്ലേറൂട്ടിനെ സന്ദ്രശിച്ചതിനെ
കുറിച്ചുള്ള പരാമര്‍ശമാണ് നോവലിന്റെ സമര്‍പ്പണം. തന്റെ സൃഷ്ടികളെ കുറിച്ചുള്ള ഒരു
പുസ്തകം നോവലിസ്റ്റിനു സമ്മാനിക്കും മുമ്പ് അദ്ദേഹം അതിന്റെ കവറിന്റെ ഉള്‍പ്പേജില്‍
വരച്ചു ചേര്‍ക്കുന്ന പക്ഷിക്കാണ് നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഫാദര്‍
ക്ലേറൂറ്റിനെ ഓര്‍മ്മിപ്പിക്കുന്ന ‘ദി ട്രിനിറ്റി’ എന്ന് മാത്രം വിശേഷിപ്പിക്കുന്ന
‘വ്യക്തി,
പാതിരി, കലാകാരന്‍’
രചിച്ച ചിത്രങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അധ്യായങ്ങളുടെ ആരംഭത്തില്‍ കടന്നു
വന്നുണ്ട്. നികിയും പോപിയും വ്യത്യസ്ത ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ മഡോണ സിരീസില്‍
മോഡലുകള്‍ ആയിട്ടുണ്ട്. നോവലിന്റെ പ്രമേയത്തില്‍ കേന്ദ്ര സ്ഥാനീയമായ ‘വിശുദ്ധ
കന്യക – വേശ്യ’ സങ്കല്പ്പനത്തില്‍ (Madonna- Whore Complex) ഈ സൂചനകള്‍ കണ്ണി ചേരുന്നു. ആഫ്രിക്കാനര്‍ സമൂഹത്തില്‍ നില
നിന്ന ലൈംഗിക കാപട്യത്തില്‍ സ്ത്രീയെ സംബന്ധിച്ച ആദര്‍ശ വല്‍ക്കരണത്തിന്റെ മറുവശം, തങ്ങളുടെ ലൈംഗിക കാമനകള്‍ക്ക് കുറ്റബോധമില്ലാതെ മേച്ചില്‍പ്പുറങ്ങള്‍
തേടാന്‍ വംശീയമായിത്തന്നെ ‘പതിതകള്‍’ ആയ കറുത്ത പെണ്ണുടലുകള്‍ വേട്ടയാടുക
എന്നതായിത്തീര്‍ന്നു. ഇതുമൂലം ആദിപാപത്തിലും വിശുദ്ധ മാതാവ്/ കന്യകാ മാതാവ് സങ്കല്‍പ്പത്തിലും
ചുറ്റിക്കറങ്ങിയ അടിച്ചമര്‍ത്തപ്പെട്ട പുരുഷ കാമനകള്‍ (suppressed
sexuality) രണ്ടു രീതിയിലും പൂര്‍ത്തീകരിക്കപ്പെട്ടു:
പതിതയുമായി ചേര്‍ത്തു വെക്കപ്പെടുന്ന ‘പ്രലോഭക’ഭാവം വെള്ളക്കാരനായ പുരുഷനെ
സ്വാഭാവികമായും ന്യായീകരിക്കാനുള്ള വംശീയ മുന്‍വിധിയോടു ഒത്തുപോയി. ഒപ്പം
കടപ്പാടുകാളോ ബാധ്യതകളോ ഇല്ലാതെ യഥേഷ്ടം വേട്ടയാടാനുള്ള മേച്ചില്‍ പുറങ്ങളായി
കറുത്ത പെണ്ണുടലുകള്‍ സുലഭമായിരുന്നത് കൊണ്ട് തങ്ങളുടെ ഭാര്യമാരെയോ സ്ത്രീകളെയോ
അവരുടെ ‘വിശുദ്ധ’ ഭാവങ്ങളില്‍ (Madonna figure) നിലനിര്‍ത്തി ‘സംരക്ഷിക്കുന്നത്’ പുരുഷ കാമനക്ക് ശാരീരികമായും വെല്ലുവിളി
അല്ലാതായി. നോവലില്‍ ഉടനീളം കാണാവുന്നതെങ്കിലും ക്രോന്യേ – മാഡം കോര്‍നേലിയ – നികി
ത്രികോണത്തിന്റെ ദുരന്തം ഈ സങ്കീര്‍ണ്ണതകളെ ഏറ്റവും കൃത്യമായി
പ്രതിഫലിപ്പിക്കുന്നുണ്ട് എന്നു കാണാം. എക്സല്‍സ്യോര്‍ 19-ലെ മറ്റു സ്ത്രീകളും
‘നീല മഡോണമാര്‍’ ആയി ട്രിനിറ്റിയുടെ ചിത്രങ്ങളില്‍ ഇടം പിടിക്കുന്നുണ്ട്, പുറം ചട്ടയിലെ അമ്മയും കുഞ്ഞുമായി (Madonna and
the Child) ആയി നികിയും പോപിയും ഏറ്റവും
സാര്‍ത്ഥകമായ ഒരു പ്രതിനിധാനമാണ്.
കലയുടെ സത്യവും സാക്ഷ്യവും
ട്രിനിറ്റിയുടെ
മഡോണ ചിത്രങ്ങള്‍ കലയുടെ ‘കഥാര്‍ടിക്’ ലക്ഷ്യവുമായി ബന്ധപ്പെട്ട ചിന്തകളും
ആവിഷ്കരിക്കുന്നുണ്ട്. “ബ്രൌണ്‍ നിറമുള്ള, വലിയ മുലകലുള്ള മഡോണമാര്‍, വെള്ളപ്പൂക്കള്‍
വിരിച്ച കട്ടിലില്‍ കിടക്കുന്ന നഗ്നയായ മഡോണ, കണ്ണുകള്‍ അടച്ച്, ചുണ്ടുകള്‍
കോട്ടി,
മദാലസമായി തുടകള്‍ അകറ്റി വെച്ച് മഴയേറ്റു വാങ്ങാന്‍
പാകത്തില്‍ കിടക്കുന്ന മഡോണ” - പോപിയും
നികിയും ശരിക്കും ഉടലില്‍ ഉള്ളപോലെയല്ല അത്. യാഥാര്‍ത്ഥ്യത്തെ വക്രീകരിക്കാന്‍/
മാറ്റങ്ങള്‍ വരുത്താന്‍ ആര്‍ട്ടിസ്റ്റിനു എന്തവകാശം എന്ന് പോപി
അത്ഭുതപ്പെടുന്നുണ്ട്. എന്നാല്‍ എക്സല്‍സ്യോര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ നിന്ന്
യൂറോപ്യന്‍ ആര്‍ടിനെ സംബന്ധിച്ച തടിയന്‍ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവള്‍ക്ക്
ബോധ്യമാകുന്നു: യഥാതഥമായ അവതരണം എന്നതിലേറെ കല ലക്ഷ്യമാക്കുന്നത് ബഹുരൂപിയായ അനുഭവ/അനുഭൂതി ആവിഷ്ക്കാര സാധ്യതയാണ്.
എഴുപതുകളിലെ അപ്പാര്‍ത്തീഡ് കറുപ്പ്/വെളുപ്പു സൌത്ത് ആഫ്രിക്കന്‍ ദ്വന്ദ്വത്തെ
വ്യത്യസ്ത സങ്കരങ്ങളിലേക്കും സാധ്യതകളിലേക്കും തുറന്നിടുകയാണ്, അങ്ങനെ പൊളിച്ചെഴുതുകയാണ് ഈ ചിത്രങ്ങള്‍. യഥാതഥമായി ആവിഷ്ക്കരിച്ച സൃഷ്ടികള്‍ വൈകാരികമായി
വന്ധ്യമായിരുന്നു എന്നവള്‍ കണ്ടെത്തുന്നു. ചിത്രങ്ങളില്‍ ചിലതിന്റെ ‘അര്‍ഥം’ അവള്‍ക്കു പിടികിട്ടിയില്ലെങ്കിലും അവയുടെ
ധ്വനികള്‍ അവളെ മുഗ്ദയാക്കുന്നു.
“എന്താണ്
അവയൊക്കെ അര്‍ത്ഥമാക്കിയത്!...അതിന്റെ പിടിവിടാത്ത സ്വഭാവം ആസ്വദിക്കാനായി എന്നത്
മതിയാവില്ലേ ...? അതിന്
എന്തെങ്കിലും ‘അര്‍ത്ഥ’മുണ്ടാവണം എന്നെന്താണ് നിര്‍ബന്ധം? അത് ധ്വനിപ്പിക്കുന്നു എന്നത് പോരേ?”
ആത്യന്തികമായി ഈ അനുഭവങ്ങള്‍
അവളെ വിമലീകരിക്കുന്നു;
“വീട്ടിലേക്കുള്ള ടാക്സിയില്‍
ക്ഷീണാവസ്ഥ ഒരു വലിയ ഉന്മാദാവസ്ഥക്ക് വഴിമാറി. ഇനിയൊരിക്കലും അവളില്‍ കോപത്തിനോ വെറുപ്പിനോ സ്ഥാനമില്ല. എന്നാലും തന്‍റെ ഹൃദയമെന്ന് നിനച്ചിടത്ത് ഒരു ശൂന്യത
നിലനിന്നു. രോഷം നശിച്ചു പോയിരുന്നു, പകരം ഒരു ശൂന്യത നിലനിന്നു.”
എങ്ങനെയാണ്
അവളീ ശൂന്യത നിറക്കുക?”
കറുത്ത തേനും തേനീച്ചക്കാരിയും
നികിയുടെ
ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി നോവലില്‍ അവതരിപ്പിക്കുന്നുണ്ട്.
പ്യൂലെ വിട്ടുപോകുന്നതിനുശേഷം രണ്ടു കുഞ്ഞുങ്ങളുടെ ജീവിതം
കരുപ്പിടിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സ്വയം എറ്റെടുക്കുന്ന നികി, ടിജാര്ട്ട്
ക്രോന്യയുടെ നാനിയായി ക്രോന്യേ
കുടുംബത്തില്‍ വേണ്ടപ്പെട്ടവളാകുന്നു. ഖനിത്തൊഴില്‍ സ്വാഭാവികമായി
നല്‍കുന്ന ശ്വാസകോശരോഗം മൂര്‍ച്ചിച്ച ഘട്ടത്തില്‍ തിരിച്ചെത്തുന്ന പ്യൂലെയുടെ
അന്ത്യനാളുകളില്‍ അവള്‍ കൂട്ടുണ്ട്, ‘പുതുതായി ഉയിര്‍ത്ത ക്രിസ്ത്യാനി’യായി നികിക്ക് മാപ്പുകൊടുത്തു അയാള്‍ തന്‍റെ
വിധിയിലേക്ക് പോകുന്നു. വലികിയും
പോപിയും യൌവനയുക്തരാവുകയും നാടിന്‍റെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍
സജീവമാവുകയും ചെയ്യുമ്പോള്‍ അമ്പതോടടുക്കുന്നേയുള്ളുവെങ്കിലും ഏതാണ്ടൊരു
വയോധികഭാവത്തോടെ നികി ജീവിതത്തിന്‍റെ അകത്തളങ്ങളിലേക്ക് പിന്‍വാങ്ങുന്നു.
പട്ടണത്തിലെ കൗണ്‍സില്‍ ഹാളിനു വെളിയില്‍ കൂടുകൂട്ടുന്ന വന്‍തേനീച്ചക്കൂട്, സമര്‍ത്ഥമായി അതിലെ റാണിയെ പിടികൂടി സ്വന്തം വീട്ടുവളപ്പില്‍
കൂടുവെച്ചു താമസിപ്പിക്കുന്നതോടെ അവള്‍ ‘തേനീച്ചസ്ത്രീ’ (The Bee
Woman) എന്നറിയപ്പെട്ടു തുടങ്ങുന്നു.
എന്നാല്‍,
കേവലമായ ഒരു ജീവന/ജീവിത രീതി എന്നതിലപ്പുറം ഈ സംജ്ഞ നോവലില്‍
പ്രധാനമാണ്.
Immorality Act അതിന്‍റെ പ്രവര്‍ത്തന ക്ഷമമല്ലായ്കയിലൂടെ സൃഷ്ട്ടിച്ച
ശൂന്യത മറികടക്കേണ്ടതെങ്ങനെ എന്ന പാഠമാണ് തേനീച്ചകളുടെ സങ്കരജീവിതം നികിക്ക് പകര്‍ന്നുനല്‍കുന്നത്.
‘സുവര്‍ണ്ണകാലു’കള്‍ ഉള്ള തേനീച്ചറാണി ‘കറുത്ത തേന്‍’ ഒളിപ്പിച്ചുവെച്ച ആ പഴയ
‘മരുഭൂമധ്യത്തിലെ അപൂര്‍വ പുഷ്പത്തെ’ ഓര്‍മ്മിക്കുന്നുണ്ട്. തേനീച്ച വളര്‍ത്തല്‍ ഒരു വ്യാപാരമാക്കാന്‍ അവള്‍ക്കു താല്‍പ്പര്യമില്ല.
ജീവിതത്തിന്‍റെ പൊയ്പ്പോയ പ്രശാന്തത തിരിച്ചുപിടിക്കാനുള്ള ഉപാധിയാണ് അവള്‍ക്കത്.
അമ്മയെ പിന്തുടരുന്ന മകള്‍ക്കും തേനീച്ചകള്‍ ഗുരുപ്രസാദമാകുന്നു. രോഗശയ്യയില്‍
വെച്ച് ടിജാര്‍റ്റ് ക്രോന്യേ അവളോട് മാപ്പ് പറയുകയും സാഹോദര്യം
അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം അവളൊരു സുന്ദരിയാണെന്ന് അവളെ ആദ്യമായി
ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പുതുതായി കൈവന്ന ആത്മവിശ്വാസം കണ്ണാടികളോടുള്ള
പ്രണയമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ ആത്മരതി അതിരുകവിയുന്നതിന്‍റെ അപകടം നികി
അവളെ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നിരിക്കിലും തന്‍റെ കാലുകളിലെ രോമവളര്‍ച്ച
നീക്കം ചെയ്യാന്‍ ടിജാര്‍റ്റ് നല്‍കിയ ക്രീം അവള്‍ ഉപയോഗിക്കില്ല. പുസ്തകത്തിന്‍റെ
സമര്‍പ്പണത്തിലെ സുവര്‍ണ്ണ പക്ഷിയില്‍നിന്നു സുവര്‍ണ്ണ റാണിയീച്ചയിലേക്ക്, കറുത്ത തേനില്‍നിന്നു സുവര്‍ണ്ണ തേനിലേക്ക്, നികി പൊള്ളിച്ചു കറുപ്പിച്ച തൊലിയിലെ മുറിവുകളില്‍നിന്നു
ഇനി വടിച്ചുകളയുന്നില്ലാത്ത സുവര്‍ണ്ണ മുടിയിലേക്ക് ഉള്ള വസ്തുനിഷ്ഠ അതിരുകള്‍
മാഞ്ഞുപോകുന്ന, കൊളോണിയല്‍ ഉടല്‍ വര്‍ണ്ണ നിയമങ്ങളുടെ അപ്രമാദിത്തം മാഞ്ഞുപോകുന്ന അപാര്‍തീഡ്
അനന്തര പരിണാമങ്ങളാണ് നികി-പോപി ജീവിതചിത്രങ്ങള്‍ സ്ഫുടം ചെയ്തെടുക്കുന്നത്. വേയ്സ് ഓഫ് ഡൈയിംഗ് എന്ന പ്രഥമ നോവലിലേത് പോലെ പ്രഥമപുരുഷ
ബഹുവചനം (ഞങ്ങള്‍) ആഖ്യാതാവിനായി ഉപയോഗിക്കുന്നതിലൂടെ കഥകള്‍ സമൂഹത്തിന്റെതാണ്
എന്ന നിലപാട് നോവലിസ്റ്റ് വ്യക്തമാക്കുന്നതും ഈ സാമൂഹികാര്‍ത്ഥം
ഊട്ടിയുറപ്പിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ പരമ്പരാഗത
കഥപറച്ചില്‍ - വാമൊഴിവഴക്ക രീതി മനോഹരമായി ഉപയോഗിക്കുന്നത് അതിനെ ബലപ്പെടുത്തുകയും
ചെയ്യുന്നു. എന്നാല്‍ അതേ സമയം ഏതാണ്ട് യവന നാടകത്തിലെ കോറസ് എന്ന പോലെ അത്യപൂര്‍വ്വ നിമിഷങ്ങളില്‍ സംഭവഗതികളെ കുറിച്ചുള്ള
പ്രതികരണ രൂപത്തില്‍ മാത്രമാണ് ഈ ബഹുവചന സ്വരം പ്രകടമായി മുന്നോട്ടു വരുന്നത്
എന്നത് കൊണ്ട് നികിയുടെയും പോപിയുടെയും കാഴ്ചപ്പാട് തന്നെ എപ്പോഴും വായനക്കാരന്
മുന്നില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു.
(എതിര്‍ദിശ , നവംബര്‍ 2017)
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം : പേജ് 64-72 - To purchase, contact ph.no: 8086126024)
Read more:
Ways of Dying by Mda Zakes
https://alittlesomethings.blogspot.com/2017/08/blog-post_13.html
Welcome to Our Hillbrow by Phaswane Mpe
https://alittlesomethings.blogspot.com/2024/08/welcome-to-our-hillbrow-by-phaswane-mpe.html