Featured Post

Monday, October 7, 2024

American War by Omar El Akkad

വിപത് സന്ദേശങ്ങളുടെ പുസ്തകം



ഭീഷണമായ വര്‍ത്തമാന കാലാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ദൌര്‍ഭാഗ്യകാരവും ദുസ്വപ്ന സമാനവും ഇരുണ്ടതുമായ ഭാവിയിലേക്ക് ഉറ്റു നോക്കുന്ന രചനകളെ ‘ഡിസ്റ്റോപ്പ്യന്‍,’ ‘പോസ്റ്റ്‌ അപ്പോകാലിപ്റ്റിക്ക്’ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. സര്‍വ്വാധിപത്യം പോലുള്ള ജനാധിപത്യ വിരുദ്ധവും പ്രതീക്ഷയറ്റതുമായ രാഷ്ട്ര വ്യവസ്ഥകള്‍ തൊട്ട് സര്‍വ്വ നാശത്തിലേക്ക് നയിക്കുന്ന അപചയങ്ങളും മൂല്യച്യുതിയുമൊക്കെ ഇത്തരം രചനകള്‍ക്ക് വിഷയമായിട്ടുണ്ട്. മോശം കാലങ്ങളില്‍ മോശം കാലങ്ങളെ കുറിച്ചുള്ള രചനകളാണ് ഉണ്ടാവുക എന്ന നിലയില്‍ സമകാലിക രചനകളില്‍ ഭാഗികമായോ മുഴു നീളത്തിലോ ഡിസ്റ്റോപ്പ്യന്‍ ഘടകങ്ങള്‍ കടന്നു വരുന്നു. ഓര്‍വെല്ലിന്റെ 1984,  ആല്‍ഡസ് ഹക്സ് ലിയുടെ ബ്രേവ് ന്യു വേള്‍ഡ്ആന്റണി ബര്‍ജസിന്റെ ക്ലോക്ക് വര്‍ക്ക് ഓറഞ്ച്റേ ബ്രാഡ്ബറിയുടെ ഫാരെന്‍ഹീറ്റ് 451 തുടങ്ങി കൊര്‍മാക് മക്‌കാര്‍ത്തിയുടെ ദി റോഡ്‌കാസുവോ ഇഷിഗുരോയുടെ നെവര്‍ ലെറ്റ്‌ മി ഗോ എന്നിങ്ങനെ ഈ നിര നീളുന്നു. ബൂര്‍ഷ്വാ വായനയുടെ ഉപാധിയെന്നു പേരുദോഷമുള്ള നോവല്‍ രൂപത്തിലൂടെത്തന്നെ നമ്മുടെ അലസ ബോധങ്ങളെ ഞെട്ടിച്ചുണര്‍ത്തും വിധം തീവ്രവും വൈവിധ്യ പൂര്‍ണ്ണവുമായ എഴുത്തു വഴി തേടുന്ന ഈ പാരമ്പര്യത്തിലേക്കുള്ള  അതി ശക്തമായ ഒന്നാണ് ഇജിപ്ത്യന്‍ - കനേഡിയന്‍ നോവലിസ്റ്റ് ഒമര്‍ അല്‍ അക്കാദിന്റെ പ്രഥമ നോവല്‍ ‘അമേരിക്കന്‍ വാര്‍’. അമേരിക്കന്‍ ഡ്രീം എന്ന പറഞ്ഞു പതിഞ്ഞ സ്വപ്നവിതരണത്തെ കാലാവസ്ഥാ വ്യതിയാനംആഗോള താപനംഫോസില്‍ ഫ്യുവല്‍ പ്രതിസന്ധിഭീകര വിരുദ്ധ യുദ്ധംജൈവായുധ പ്രയോഗങ്ങള്‍ആത്മഹത്യാ ബോംബര്‍ സംസ്കാരം തുടങ്ങിയ തിരിച്ചടികളുടെ കാലഘട്ടത്തില്‍ ദുസ്വപ്ന സംജ്ഞയായി തിരിച്ചിടുകയാണ് ജേണലിസ്റ്റ് കൂടിയായ രചയിതാവ്.

 

ദുസ്വപ്ന ഭൂമികയിലെ ചിത്രങ്ങള്‍

 

ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഐക്യ നാടുകള്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ചിഹ്നഭിന്നമാകുന്ന ഒരു ഫ്യുചൂറിസ്റ്റിക് ഡിസ്റ്റൊപ്പിയന്‍ സാഹചര്യത്തിലിരുന്നു ക്യാന്‍സര്‍ ബാധിതനും വയോധികനുമായ ഒരാള്‍ പിന്നിട്ട അരനൂറ്റാണ്ട് കാലംവിശേഷിച്ചും 2074-മുതല്‍  2095- വരെ നാടിനെ പിടിച്ചു കുലുക്കിയപതിനൊന്നു മില്ല്യന്‍ മനുഷ്യരുടെ മരണത്തിനിടയാക്കിയ ‘രണ്ടാം ആഭ്യന്തര യുദ്ധം’തുടര്‍ന്ന് അതിന്റെ പത്തിരട്ടി പേരെ കൊന്നൊടുക്കിയ മനുഷ്യ നിര്‍മ്മിത പ്ലേഗ് എന്നിവയുടെയും ഈ ദുരന്തങ്ങളില്‍ ഇരയും ഒപ്പം കര്‍തൃസ്ഥാനീയരും ആയ കേന്ദ്ര കഥാപാത്രങ്ങളുടെയും കഥ ആവിഷ്കരിക്കുന്നു. സംഘര്‍ഷങ്ങള്‍ എണ്ണമറ്റ ജനങ്ങളെവിശേഷിച്ചും ദക്ഷിണ ദേശക്കാരെഅഭയാര്‍ഥികളാക്കിയിരിക്കുന്നു. ആഗോള താപനത്തിന്റെ ഫലമായി ഭൂപടത്തിലെ പ്രാദേശിക അതിരുകള്‍ ഇന്നറിയുന്ന രീതിയില്‍ നിന്ന് മാറിപ്പോയിട്ടുണ്ട്. 2030-കളുടെയും 2040-കളുടെയും കാലത്തെ ‘ഭൂഗോളം നാടിനെതിരെഅഥവാ നാട് തന്നെ അതിനെതിരെതിരയുന്നതിന് തൊട്ടു മുപത്തെ ദശകത്തെ’ ചിത്രീകരിക്കുന്ന പോസ്റ്റ്കാര്‍ഡുകളാണ് തനിക്കേറെ പ്രിയം എന്ന് ആഖ്യാതാവ് ഏറ്റുപറയുന്നുണ്ട്. “അവ മഹാസമുദ്ര തീരങ്ങളെ ഉയര്‍ന്നു പൊങ്ങിയ കടലെടുക്കും മുമ്പുള്ള ചിത്രങ്ങള്‍ അവതരിപ്പിച്ചുതെക്ക് പടിഞ്ഞാറന്‍ ദേശങ്ങള്‍ കനലായി മാറിയതിനും മുമ്പത്തെ ചിത്രങ്ങള്‍തെളിനീലാകാശത്തിനു ചുവടെ അനന്തവും ശൂന്യവുമായി കിടന്ന മധ്യ പാശ്ചാത്യ സമതലങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ഉള്‍പ്രദേശങ്ങളിലേക്കുള്ള പുറപ്പാടുകള്‍ ഒഴിഞ്ഞു പോയ തീരദേശവാസികളെ കൊണ്ട് അവിടം നിറയ്ക്കും മുമ്പ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാതിയില്‍ ഉണ്ടായിരുന്ന അമേരിക്കയുടെ ഒരു ഗോചരമായ ഓര്‍മ്മപ്പെടുത്തല്‍: ഉയര്‍ന്നു പറക്കുന്നത്ആരവം മുഴക്കുന്നത്നിസ്സംഗം.” തിരികെ കിട്ടാത്ത വസന്തസ്മൃതി ക്രൂരമാണ് എന്ന ടി. എസ്. എലിയറ്റിന്റെ നിരീക്ഷണം പോലെ ഇപ്പോള്‍ നഷ്ടപ്രതാപത്തിന്റെ ബാക്കിപത്രത്തില്‍ ലോക സമവാക്യങ്ങള്‍ മാറിപ്പോയിരിക്കുന്നു. അമേരിക്കയുടെ തലസ്ഥാനം കൊടുങ്കാറ്റില്‍ തകര്‍ന്നു പോയ വാഷിംഗ്ടണില്‍ നിന്ന് ഓഹായോയിലെ കൊളംബസിലേക്ക് മാറ്റിയിരിക്കുന്നു. ചൈനയും വടക്കന്‍ ആഫ്രിക്ക കേന്ദ്രമാക്കി ഭരിക്കുന്ന ബൂഅസീസിയെന്ന സാങ്കല്‍പ്പിക പാന്‍ - അറബ് സാമ്രാജ്യവുമാണ് ലോകത്തെ നിയന്ത്രിക്കുന്നത്‌. റിബലുകളുടെ മുദ്രാവാക്യങ്ങളോട് താല്പര്യമില്ലെങ്കിലും ലോകത്തെ ഏക സൂപ്പര്‍ പവറിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബൂഅസീസ്‌ സാമ്രാജ്യം അവരെ സഹായിക്കുന്നു. സൌത്ത് കാരോലൈന പ്ലേഗ് വൈറസിന്റെ പിടിയില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുന്നു. വിഭജന മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ടമാത്രയില്‍ കൊല്ലപ്പെടും. ആഭ്യന്തര യുദ്ധാന്ത്യത്തില്‍ കൊല്ലപ്പെടുന്ന അമേരിക്കന്‍ പ്രസിഡണ്ടിനു ശേഷം സ്ഥാനമേല്‍ക്കുന്ന താല്‍ക്കാലിക പ്രസിഡണ്ടിനു കീഴില്‍ ഇരു ചേരികള്‍ക്കിടയില്‍ഒരിക്കല്‍ കൂടി വടക്കന്‍ മേഖലയുടെ അപ്രമാദിത്തം സ്ഥാപിതമാകുന്ന  ‘പുന:സംയോജന’ ചടങ്ങ് ഭീകരമായ കൃതൃമ ജനിതക വൈറസിന്റെ വ്യാപനത്തിനുള്ള അവസരമായി വിദഗ്ദമായി ഉപയോഗിക്കപ്പെടുന്നതോടെ ദുരന്തം അതിന്റെ പരകോടിയില്‍ എത്തുന്നു. ഒരെഴുത്തുകാരന്റെ ആദ്യ കൃതിയായി സമീപകാലത്തിറങ്ങിയ നോവലുകളില്‍ ഏറെ ശ്രദ്ധേയമായി വിലയിരുത്തപ്പെടുന്ന ഒമര്‍ അല്‍ അക്കാദിന്റെ നോവലിന്റെ കഥാപശ്ചാത്തലമാണ് ഇത്.

 

വൈയക്തിയ ദുരന്ത കഥ

 

കഥയിലെ വൈയക്തികാംശത്തില്‍ കേന്ദ്ര സ്ഥാനീയമായ ലൂസിയാനയിലെ ചെസ്റ്റ്നട്ട് കുടുംബത്തിലെ മൂന്നാം തലമുറക്കാരനും അത്ഭുതകരമായ രീതിയില്‍ പ്ലേഗ് അതിജീവിച്ചവനുമായ ആളാണ്‌ പ്രധാന ആഖ്യാതാവും അഭ്യന്തര യുദ്ധചരിത്ര ഗവേഷകനുമായ ബെഞ്ചമിന്‍ എങ്കിലും കേന്ദ്ര കഥാപാത്രം സാറാ ടി. ചെസ്റ്റ്നട്ട് എന്ന സരാത് ആണ്. ബന്ജമിന്റെ പിതൃസഹോദരി. ലൂസിയാനയില്‍ മിസ്സിസിപ്പിയുടെനോവലിന്റെ വര്‍ത്തമാനകാലം ആവും മുമ്പ് മുങ്ങിപ്പോയ ഭാഗത്തൊരിടത്തു ദരിദ്രമായ കുടിലില്‍ ജനിച്ചവള്‍. ആഭ്യന്തര സംഘര്‍ഷങ്ങള്‍ നാശം വിതച്ചു തുടങ്ങുന്ന ദേശത്തു നിന്ന് വടക്കന്‍ ദേശത്തേക്ക് പോകാന്‍ കുടുംബം തയ്യാറെടുക്കുന്നതിനിടെആത്മഹത്യാ ബോംബറുടെ ആക്രമണത്തില്‍ അച്ഛന്റെ ജീവന്‍ പൊലിയുമ്പോള്‍ അവള്‍ക്ക് പ്രായം ആറു വയസ്സ്. ആ ഓര്‍മ്മകളുമായി അമ്മ മാര്‍ട്ടിനഇരട്ട സഹോദരി ഡാനാഒമ്പതു വയസ്സുള്ള ജ്യേഷ്ഠന്‍ സൈമണ്‍ എന്നിവരോടൊപ്പം സംഘര്‍ഷ മേഖലക്ക് തൊട്ടടുത്ത് തെക്കന്‍ ദേശത്തു നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ‘ക്യാമ്പ് പേഷ്യന്‍സി’ല്‍ കഴിയാന്‍ നിര്‍ബന്ധിതയായവള്‍. സഹോദരന്‍ റിബല്‍ സംഘത്തില്‍ ബാല സൈനികനായിത്തീരുന്നു. തന്റേടിയും ധൈര്യ ശാലിനിയുമായ സരാത് അവിചാരിതമായ കുരുക്കുകളിലൂടെയാണ് അവളുടെ വിധി നിര്‍ണ്ണയിക്കുന്ന ആ ബന്ധത്തില്‍ ചെന്ന് പെടുക: ദുരൂഹ പശ്ചാത്തലങ്ങളുള്ള വയോധികന്‍ ആല്‍ബെര്‍ട്ട് ഗെയ്ന്‍സ് അവളെ നയിക്കുക തിരിച്ചു പോക്കില്ലാത്ത തീവ്ര പ്രതികാര ചിന്തകളിലേക്കും മൗലിക വാദ സ്വഭാവമുള്ള ഹിംസാത്മകതയിലേക്കുമാണ്. ആദ്യ ആഭ്യന്തര യുദ്ധത്തിന്റെ കാരണമായ അടിമത്തം സംബന്ധിച്ച കഥകള്‍ ‘അവളുടെ ജനതയെ കുറിച്ചുള്ള മിഥോളജി’യില്‍ നിന്ന് ബോധപൂര്‍വ്വം അയാള്‍ മാര്‍ച്ച് വെക്കുന്നതു അവള്‍ പാതി ആഫ്രിക്കനും പാതി മെക്സിക്കനും ആണെന്ന ബോധ്യത്തില്‍ തന്നെയാണ്. വടക്കന്‍ മേഖലക്കാര്‍ ചെയ്തുകൂട്ടിയെന്നു അയാള്‍ അവതരിപ്പിക്കുന്ന കൊടും ക്രൂരതകളും ഭീകര പ്രവര്‍ത്തികളും കുസൃതിക്കാരിയെങ്കിലും ദയാലുവും സഹാമനസ്ഥിതിക്കാരിയുമായ ബാലിക എന്നതില്‍ നിന്ന് അവളുടെ ആത്മാവിനെ ദുരന്തത്തിലേക്ക് നയിക്കും വിധം ഹിംസയുടെ വഴിയിലെത്തിക്കും. “അതൊക്കെ എത്രമാത്രം സത്യമായിരുന്നുഎത്രമാത്രം രസകരമായ ഫാന്റസി ആയിരുന്നു എന്നത് കാര്യമായിരുന്നില്ല. അവള്‍ ഓരോ വാക്കും വിശ്വസിച്ചു.” മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ എങ്ങനെയാണ് ചാവേറുകള്‍ സൃഷ്ടിക്കപ്പെടുന്നത് എന്നതിന്റെ തികഞ്ഞ മാതൃകയാണ് സരാത്തില്‍ സംഭവിക്കുന്ന പരിണാമം. ഒന്നൊന്നായി താനറിയാതെ സംഭവിക്കുന്ന ദൗര്‍ഭാഗ്യങ്ങളാവട്ടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവകളെ അവളില്‍ നിന്ന് വറ്റിച്ചു കളയുകയും ചെയ്യും. ഗെയ്ന്‍സിന്റെ ശിക്ഷണത്തിലൂടെ ഒരു തികഞ്ഞ വിശ്വാസിയാവുന്ന സരാത്തില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ വടക്കന്‍ സൈനികര്‍ നടത്തുന്ന ആക്രമണത്തില്‍ അമ്മ കൊല്ലപ്പെടുകയും സഹോദരന് മാരകമായി മുറിവേല്‍ക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ്‌ ഒരു ജൈവ ആയുധം തന്നെയായി മാറാനാവുന്ന മാനസിക പരിണാമം പൂര്‍ണ്ണമാകുക..

 

“ഞാനെന്റെ ജീവിതത്തില്‍ എന്നും ഒരു അറബിയായിരുന്നുഎന്റെ ജീവിതകാലം മുഴുവന്‍ അടിസ്ഥാനപരമായി ഒരു മുസ്ലിമും ആയിരുന്നുഎന്നാല്‍ ലോകത്തിന്റെ ഈ ഭാഗത്തെത്തും വരെ ഞാന്‍ ബ്രൌണ്‍ നിറക്കാരനാണ് എന്ന് ഒരിക്കലും കണ്ടെത്തിയിരുന്നില്ല” എന്ന് മുന്‍ വിധികളുടെ അമേരിക്കന്‍ അനുഭവങ്ങളെ കുറിച്ച് ഏറ്റുപറഞ്ഞിട്ടുള്ള അല്‍ അക്കാദ്സറാത്തിന്റെ പാത്ര സൃഷ്ടിയിലൂടെ ഉന്നയിക്കുന്ന സന്ദേശം സുവ്യക്തമാണ്: ഒരിക്കല്‍ നിങ്ങള്‍ വെറുപ്പിന്റെ വഴി തെരഞ്ഞെടുത്താല്‍ തിരിച്ചു പോക്ക് തുലോം ദുസ്സാധ്യമാണ്. ആഖ്യാതാവ് സരാതിനെ കണ്ടു മുട്ടുന്നതും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും ഉള്ളുലക്കുന്ന ട്രാജഡിയുടെ മാനങ്ങള്‍ ആര്‍ജ്ജിക്കുന്നുണ്ട്. ഗ്വാണ്ടേനാമോയുടെയും അബൂ ഗറൈബിന്റെയും കൂടുതല്‍ ഭീകരമായ പതിപ്പായ തടവറയിരുട്ടില്‍ കഴിച്ചു കൂട്ടിയ വര്‍ഷങ്ങളും മജ്ജ മരവിപ്പിക്കുന്ന പീഡനങ്ങളും കടുപ്പിച്ചു കളഞ്ഞു മൌനത്തിലേക്ക്‌ പിന്‍ വാങ്ങിയ സരാത്ത് കുട്ടിയായ ബെഞ്ചമിനെ സ്നേഹം കൊണ്ട് കീഴടക്കുന്ന അമ്മായിയായി പെരുമാറുകയോ കഥകള്‍ പറഞ്ഞു കൊടുക്കുകയോ ചെയ്യുന്നില്ല. അവരോടുള്ള അമ്മയുടെ അസഹിഷ്ണുതയും അച്ഛന്റെ നിസ്സഹായതയും പൊട്ടലും ചീറ്റലുമാവുന്ന സന്ദര്‍ഭങ്ങളില്‍ വീണു കിട്ടുന്ന നുറുങ്ങുകളിലൂടെ കൌമാര കൌതുകം നെയ്തു കൂട്ടി ഉണ്ടാക്കിയെടുക്കുന്ന ചിത്രമായാണ് ബെഞ്ചമിന്‍ അമ്മായിയെ മനസ്സിലാക്കിത്തുടങ്ങുക. അവരുടെ ആത്മാവില്‍ നന്മ തിന്മകളുടെ പടയോട്ടം നടക്കുന്നതും അവര്‍ നീറിപ്പിടയുന്നതും അവനെയും വേദനിപ്പിക്കുന്നുണ്ട്‌. എന്നാല്‍പ്രതികാരത്തിന്റെ അപരിമേയമായ ഉള്‍വിളിക്ക് കീഴടങ്ങി ലക്ഷക്കണക്കിനു ആളുകളുടെ കുരുതിയിലേക്ക് നയിക്കുന്ന  മഹാപരാധം ചെയ്യുന്ന അമ്മായിയുടെ സ്വകാര്യ കുറ്റസമ്മതം അവനു ബോധ്യമാവുന്നതെയില്ല. ചുരുട്ടിക്കൂട്ടിയെറിഞ്ഞ കത്ത് നാല് പതിറ്റാണ്ട് കാലം പിന്നീടൊരിക്കലും തുറന്നു നോക്കുകയുണ്ടായില്ലെന്നു ആഖ്യാതാവ് ഏറ്റുപറയുന്നുണ്ട്.

 

സരാതിനെ വായനക്കാര്‍ക്ക് പ്രിയങ്കരിയാക്കുക എന്നത് തന്റെ ലക്ഷ്യമേ അല്ലായിരുന്നെന്ന് നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. നോവലന്ത്യമാകുമ്പോഴേക്കും ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രമിക്കുന്നത് മറ്റൊന്നാണ്: നാം ജീവിക്കുന്ന അത്യന്തം ധ്രുവീകരിക്കപ്പെട്ട ലോകത്തില്‍ വായനക്കാരന്‍ “അവളുടെ പക്ഷത്തല്ലഅവളെ പിന്തുണക്കുന്നില്ലഅവള്‍ക്കു വേണ്ടി ക്ഷമ ചോദിക്കുന്നില്ല – എന്നാല്‍ അവളെങ്ങനെ അവള്‍ നില്‍ക്കുന്നയിടത്തെത്തി എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു.” ലക്ഷണമൊത്ത ട്രാജഡിയില്‍ സംഭവിക്കുന്ന കഥാര്‍ട്ടിക് ദൌത്യം കൂടിയാണ് ഇത് എന്ന് നിരീക്ഷിക്കാം. ഇത് നോവലിനെ അഫ്ഘാനിസ്ഥാനിലോ ലിബിയയിലോ പശ്ചാത്തലമാക്കി ചെയ്യാവുന്നത് തന്നെയാണ്. എന്നാല്‍ അമേരിക്കന്‍ പശ്ചാത്തലത്തില്‍ തന്നെ കഥ പറയുന്നത് മറ്റു ചില സുവ്യക്തമായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്: അത് ഒരു സാമ്രാജ്യവും ആത്യന്തികമായി സുരക്ഷിതമല്ല എന്നത് തന്നെയാണ്. പ്രകൃതിയുടെ തന്നെ പ്രതികാരം തുടല്‍ പൊട്ടിക്കാന്‍ തുടങ്ങുമ്പോള്‍ അധികാരസമാവാക്യങ്ങള്‍ കൊണ്ട് തടയിടാനാവില്ല എന്ന് നോവല്‍ അടിവരയിടുന്നു. എന്നാല്‍ അതിനപ്പുറംഇന്ന് നാം മിഡില്‍ ഈസ്റ്റുമായി ചേര്‍ത്തു മനസ്സിലാക്കുന്ന യുദ്ധ സാഹചര്യത്തെ അമേരിക്കയിലേക്ക് പറിച്ചു നടുന്നതിലൂടെപാശ്ചാത്യ വായനക്കാരനെ തങ്ങളുടെ തന്നെ കണ്ണിലൂടെ നിര്‍ഭാഗ്യവാന്മാരായ ജനതയുടെ അനുഭവങ്ങളിലൂടെ കൊണ്ട് പോവുക എന്നതും കൂടി നോവലിസ്റ്റ് ലക്ഷ്യമാക്കുന്നുണ്ട്. അഭയാര്‍ഥിത്വത്തിന്റെയും ഭീകര വിരുദ്ധ പോരാട്ടങ്ങളുടെ മറുപുറ ദര്‍ശനത്തിന്റെയും അനുഭവങ്ങളിലൂടെ ‘ഒന്നാം ലോകം’ തന്നെയും ഫിക് ഷനല്‍ ആയെങ്കിലും കടന്നു പോകേണ്ടതുണ്ട് എന്ന് പുതുതലമുറ എഴുത്തുകാര്‍ ചിന്തിക്കുന്നുണ്ട്. അമേരിക്കയുടെ ഇറാഖ് അധിനിവേശ പശ്ചാത്തലത്തില്‍ സമാനമായ ഒരു ജനിതക വൈറസ് ഭീകരാക്രമണ പദ്ധതിയുടെ പ്രതികാര കഥ പറയുന്ന യാസ്മിന ഖദ്രയുടെ ‘ദി സൈറണ്‍സ് ഓഫ് ബാഗ്ദാദ്’ ഒരു മികച്ച ഉദാഹരണം. മൊഹ്സിന്‍ ഹമീദിന്റെ ‘എക്സിറ്റ് വെസ്റ്റ്’ ഉന്നയിക്കുന്നതും സമാനമായ ചോദ്യമാണ്: കോടിക്കണക്കിനു മനുഷ്യര്‍ അഭയാര്‍ഥികളും നിരന്തര പാലായനത്തിലുള്ളവരും ആയിരിക്കുന്നപാലായനം എന്നത് നിയാമാകമായിരിക്കുന്ന ലോകത്തില്‍ ആരാണ് സുരക്ഷിതര്‍

 

‘രണ്ടാം’ ആഭ്യന്തര യുദ്ധം – വ്യത്യസ്തമായ ആവര്‍ത്തനം.

 

1861-നും 1865-നും ഇടയ്ക്കു അരങ്ങേറിയ അമേരിക്കന്‍ ആഭ്യന്തര യുദ്ധവുമായി നോവലിലെ ഫിക് ഷനല്‍ ആഭ്യന്തര യുദ്ധത്തിനു സാമ്യങ്ങളും വേറിട്ട്‌ പോക്കുമുണ്ട്. ഫെഡറല്‍ നിയമങ്ങളോടുള്ള സ്റ്റേറ്റുകളുടെ സമീപനംഅടിമത്തത്തിന്റെ സാമ്പത്തിക താല്പര്യങ്ങള്‍ തുടങ്ങിയവയായിരുന്നു ഒന്നാം ആഭ്യന്തര യുദ്ധത്തിന്റെ കാരണങ്ങളെങ്കില്‍ വംശീയത നോവലില്‍ പ്രകടമായി ചര്‍ച്ച ചെയ്യപ്പെടുന്നേയില്ല. ചെസ്റ്റ്നട്ട് കുടുംബം കറുത്ത വംശക്കാരാന് എന്ന് സൂചനയുണ്ടെങ്കിലും അത് പ്രമേയത്തില്‍ പ്രസക്തമല്ല. മറിച്ചു സാമൂഹിക ശ്രേണിയെ നിര്‍ണ്ണയിക്കുന്നത് സാമൂഹികാവസ്ഥയും പ്രാദേശിക സ്വത്വവുമാണ്. ദക്ഷിണ ദേശക്കാര്‍ (‘റെഡ്’) ദരിദ്രരും പീഡിതരുമാണ്സ്വന്തം നാട്ടില്‍ അഭയാര്‍ഥികള്‍ ആക്കപ്പെടുന്നവരും. തടവറയും കൊടിയ പീഡനങ്ങളും മരണം തന്നെയുമാണ് അവരെ കാത്തിരിക്കുന്നത്. “ഭൂമിയിലെ ഈ ഭാഗത്ത് ശരിയും തെറ്റുമെന്നത് ശരിയുടേയും തെറ്റിന്റെയും കാര്യം തന്നെയല്ല. അത് നിങ്ങള്‍ നിങ്ങള്ക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നതിന്റെ മാത്രം കാര്യമാണ്” എന്ന് സരാത് നിരീക്ഷിക്കുന്നത് തകര്‍ന്നു പോയഅതീത മൂല്യങ്ങളൊന്നും നിലനില്‍ക്കുന്നില്ലാത്ത ദേശങ്ങള്‍ക്കെല്ലാം ബാധകമാണ്. സംഘര്‍ഷത്തിന്റെ ഈ രണ്ടാമൂഴത്തിന് കാരണമാവുന്നത് പാരിസ്ഥിതിക സന്ദിഗ്ദാവസ്ഥയാണ്. ആഗോള താപനത്തിന്റെ ഫലമായി കടലെടുത്തു പോയ ജോര്‍ജ്ജിയന്‍ തീര ദേശങ്ങള്‍ പോലുള്ള ഇനിയും കണ്ണടക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ യു. എസ്. സര്‍ക്കാര്‍ എടുത്ത നിലപാടിന്റെ ഭാഗമായി ഫോസില്‍ ഫ്യുവല്‍ നിരോധിക്കുകയും ഭാവിയെ പ്രതിയുള്ള നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിരുക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മദ്യനിരോധനകാലത്ത് മദ്യം സുലഭമായിരുന്നത് പോലെ നിയമ വിരുദ്ധമായി പെട്രോളിയം ഉത്പന്നങ്ങളും യഥേഷ്ടം ലഭ്യമാണെങ്കിലുംനിയമ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടാവുന്ന ചേരിതിരിവില്‍ ദക്ഷിണ ദേശങ്ങള്‍ വിട്ടു പോകുന്നു. മിസിസിപ്പിഅലബാമജോര്‍ജ്ജിയദക്ഷിണ കാരോലൈന എന്നിവ ചേര്‍ന്ന് ‘ഫ്രീ സതേണ്‍ സ്റ്റേറ്റ്’ രൂപീകരിക്കുന്നു. ടെക്സാസും വിട്ടുപോകുന്നുവെങ്കിലും, 1800- കാലത്ത് മെക്സിക്കോയില്‍ നിന്ന് അമേരിക്ക പിടിച്ചെടുത്ത ആ ദേശത്തെ ഇപ്പോള്‍ മാതൃ രാജ്യം തങ്ങളോടു ചേര്‍ത്തു പകരം ചോദിക്കുന്നു. ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെതെക്കന്‍ ദേശ പോരാളികള്‍ കുരുതിയും ബോംബാക്രമണവും നടത്തുന്നതിനെതിരെ അതിശക്തരായ വടക്കന്‍ ദേശത്തിന്റെ (‘ബ്ലൂ’) സൈന്യം നടത്തുന്ന പ്രചണ്ഡമായ തിരിച്ചടിയുടെ ദുരനുഭവങ്ങള്‍ സാമാന്യ ജന ജിവിതം ദുസ്സഹമാക്കുന്നു. പഴയ ആഭ്യന്തര യുദ്ധത്തിലെ ചേരികള്‍ സ്വയം ആവര്‍ത്തിക്കുമ്പോള്‍ യുദ്ധോപകരണങ്ങള്‍ തീര്‍ച്ചയായും പുതിയ കാലത്തിന്റെതാണ്: ഡ്രോണുകള്‍ആത്മഹത്യാ ബോംബര്‍മാര്‍ജൈവായുധങ്ങള്‍ - അഫ്ഘാനിസ്ഥാനിലും ഗ്വാണ്ടേനമോയിലും അറബ് സ്പ്രിംഗ് വിസ്ഫോടന വേദികളിലും ജേണലിസ്റ്റായി പ്രവര്‍ത്തിച്ചതിന്റെ പിന്‍ബലം നന്നായി ഉപയോഗിക്കുന്നുണ്ട് അല്‍ അക്കാദ്.  

ചരിത്രപരമായ പിന്നോക്കാവസ്ഥയുടെ ഭാരം ഇപ്പോഴും പേറുന്നുണ്ട് ദക്ഷിണ അമേരിക്കന്‍ പ്രദേശങ്ങള്‍ എന്നതു സുവിദിതമാണ്. ഫോക്നര്‍ നിരീക്ഷിച്ച പോലെ അവിടെ “ഭൂതകാലം ഒരിക്കലും മരിക്കുന്നില്ല. അത് ഭൂതകാലം പോലുമായിട്ടില്ല.” വംശീയതയുടെയും സാംസ്കാരിക സ്വത്വം തിരിച്ചു പിടിക്കാനുള്ള അന്വേഷണങ്ങളുടെയും ശക്തികള്‍ പ്രബലമാണ് എന്നതാണ് സതേണ്‍ സ്റ്റേറ്റുകള്‍ക്ക് ഇപ്പോഴും ശക്തമായ പ്രാദേശിക മുദ്രകള്‍ (regional flavor) നല്‍കുന്നത്. ദക്ഷിണ ദേശത്തിന് അതിന്റേതായ സാഹിത്യവും ചരിത്രവുമുണ്ട്‌. “ആഭ്യന്തര യുദ്ധത്തില്‍ പരാജയപ്പെട്ട പക്ഷത്തിനു അതിന്റെ ഭാവിയെ നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടമായിഇത് പലപ്പോഴും ഭൂതകാലത്തില്‍ കൂടുതല്‍ ഊന്നലോടെ നിക്ഷേപം നടത്താന്‍ ഇടയാക്കി.” എന്ന് നോവലിനെ കുറിച്ചുള്ള പഠനത്തില്‍ ലോറ മില്ലര്‍ നിരീക്ഷിക്കുന്നു (ദി ഗാര്‍ഡിയന്‍ ബുക്ക് റിവ്യൂ). എന്നാല്‍ എല്‍വിസ് പ്രിസ് ലിയുടെയും മാര്‍ഗരെറ്റ് മിച്ചെലിന്റെയും ആ ‘സൗത്ത്’നോവലിന്റെ കാലത്തെത്തുമ്പോള്‍ വിസ്മൃതിയില്‍ ആണ്ടിരിക്കുന്നു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഉണ്ടെങ്കിലും ആരും വംശീയത ചര്‍ച്ചാവിഷയമാക്കുന്നില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശത്തിനു വേണ്ടി ആളുകള്‍ യുദ്ധം ചെയ്യും എന്ന് അമേരിക്കന്‍ പശ്ചാത്തലത്തില്‍ ചിന്തിക്കാന്‍ പ്രയാസകരമായിരിക്കും എന്ന് വിമര്‍ശിക്കപ്പെടാം. എന്നാല്‍ നോവലിന്റെ ഊന്നല്‍ സരാത് നിരീക്ഷിക്കും പോലെ യുദ്ധവും അതുണ്ടാക്കുന്ന ഭീകരാനുഭവങ്ങളും എങ്ങനെയാണ് ‘ലോകത്തിന്റെ ശരിക്കുമുള്ള ഒരേയൊരു സാര്‍വ്വ ലൌകിക ഭാഷ”യെ പ്രതിനിധാനം ചെയ്യുന്നത് എന്നതാണ്. സമാധാന കാലത്ത് ആളുകള്‍ക്ക് ഭിന്ന മുഖങ്ങള്‍ ഉണ്ടാവാംഎന്നാല്‍ യുദ്ധം ‘അവര്‍ പാടുപെട്ടു കടിച്ചു തൂങ്ങിയ പൊള്ളയായ അന്ധവിശ്വാസങ്ങള്‍’ തകര്‍ത്ത് കളയുമ്പോള്‍ അവര്‍ ബന്ധുക്കളാവുമെന്നു സരാത് നിരീക്ഷിക്കുന്നു. “യുദ്ധത്തിന്റെ സാര്‍വ്വലൌകിക മുദ്രാവാക്യംഅതീവ ലളിതമായ ഒന്ന്ഇതാണെന്ന് അവള്‍ പഠിച്ചു: അത് നിങ്ങളായിരുന്നെങ്കില്‍ നിങ്ങളും മറ്റൊന്നാവില്ല ചെയ്തിരിക്കുക.” എപ്പോഴും വിശ്വസിക്കാവുന്നതും നിലനിര്‍ത്തെണ്ടതുമായ മൂല്യങ്ങള്‍ എന്നതിനൊന്നും യുദ്ധത്തിലൂടെ കടന്നു പോകുന്ന ജനതയ്ക്ക് പ്രസക്തിയില്ലെന്ന സരാതിന്റെ നിലപാട്അയഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി കൊല്ലുകയും ചാവുകയും ചെയ്യുന്ന മനുഷ്യ സംസ്കൃതിയുമായി എത്രമാത്രം ചേര്‍ന്ന് പോകുന്നുണ്ട് എന്നത്ലോറ മില്ലര്‍ നിരീക്ഷിക്കുന്നത് പോലെതര്‍ക്ക വിഷയമാവാം. എന്നാല്‍ ഹംഗര്‍ ഗെയിംസിലെ കാറ്റ്നിസിനെയും ഡിവെര്‍ജെന്റ് സിരീസിലെ ട്രിസിനെയും ഓര്‍മ്മിപ്പിക്കുന്ന സരാത് വലിയൊരളവോളം തന്റെ നിലപാടുകള്‍ പങ്കുവെക്കാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന ഒരു പാത്ര സൃഷ്ടിയാണ് എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്‌. കഥപറയുന്ന ആഖ്യാതാവിന്റെ ഭാഷ്യത്തോടൊപ്പം കല്‍പ്പിത ചരിത്ര രേഖകളില്‍ നിന്നും സൈനിക രേഖകളില്‍ നിന്നുമുള്ള പകര്‍പ്പുകളും ഉദ്ധരണികളും ചേര്‍ന്നു സൃഷ്ടിച്ചെടുക്കുന്ന ഫിക് ഷനല്‍ ഡോക്കുമെന്ററി മിശ്രിതം കൌശലപൂര്‍ണ്ണവും ഒപ്പം ഒരു മുന്നറിയിപ്പു കഥാവിഷ്കാരവും ആക്കി നോവലിനെ മാറ്റുന്നു. സംഭാഷണങ്ങളില്‍ പലപ്പോഴും സംഭവിക്കുന്ന സ്വാഭാവികമല്ലാത്ത ബൌദ്ധികതയും ഇതിവൃത്തത്തില്‍ ഇടയ്ക്കിടെ പ്രകടമാകുന്ന കൃതൃമത്വവും ഉണ്ടെങ്കിലുംമറ്റു ഡിസ്റ്റൊപ്പിയന്‍ കൃതികളില്‍ നിന്ന് നോവലിനെ വേറിട്ടു നിര്‍ത്തുന്നത് അല്‍ അക്കാദ് സൃഷ്ടിക്കുന്ന പശ്ചാത്തലത്തിന്റെ സമ്പൂര്‍ണ്ണ വിശ്വസനീയതയാണെന്നും നമുക്ക് ചുറ്റുമുള്ള ലോകത്തില്‍ അതിന്റെ വേരുകള്‍ വേഗം തിരിച്ചറിയാനാവുമെന്നുമുള്ള നിരീക്ഷണം സംഗതമാണ് (Lucy Scholes - Book Review: Indipendent). യുദ്ധം വ്യക്തികളുടെ ജീവിതങ്ങളില്‍ വരുത്തുന്ന തകര്‍ച്ചകളും ആത്മ നാശവും അവതരിപ്പിക്കുന്നതിലൂടെ വിപത്ത് കാലത്ത് ഒരു കുടുംബത്തെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തി അവരുടെ പ്രതിസന്ധികളിലൂടെ ഒരു ദേശത്തിന്റെ കഥ പറയുന്ന കൃതിയാണ് ‘അമേരിക്കന്‍ വാര്‍’ എന്നു പറയാം.

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 331-337)

Read more:

These Are the Names by Tommy Wieringa:

https://alittlesomethings.blogspot.com/2024/10/these-are-names-by-tommy-wieringa.html

Night Boat to Tangier by Kevin Barry

https://alittlesomethings.blogspot.com/2024/09/night-boat-to-tangier-by-kevin-barry.html

Tram 83 by Fiston Mwanza Mujila

https://alittlesomethings.blogspot.com/2017/04/blog-post_19.html

The Patience Stone by Atiq Rahimi/ Polly McLean

https://alittlesomethings.blogspot.com/2018/04/11.html

 

Friday, October 4, 2024

These Are the Names by Tommy Wieringa

 

പുല്‍മേടുകളിലെ തീക്കാലങ്ങള്‍




സമകാലിക ലോക സാഹിത്യത്തില്‍ ഏറ്റവും നിശിതമായി കൈകാര്യം ചെയ്യപ്പെടുന്ന വിഷയം ഒരു പക്ഷെ അഭയാര്‍ഥിജീവിതത്തിന്റെ പ്രതിസന്ധികള്‍ എന്നതാവാം. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്ടിയായ പ്രവാസത്തിലേക്ക് സ്വയം എടുത്തെറിയപ്പെട്ട എഴുത്തുകാരുടെ തന്നെ അനുഭവമായോ അവര്‍ സാക്ഷ്യം വഹിക്കാന്‍ ഇടയാകുന്ന ആഗോള മാനങ്ങളുള്ള സഹന പര്‍വ്വങ്ങളായോ അഭയാര്‍ഥിജീവിതത്തിന്റെ അസ്തിത്വ പ്രതിസന്ധികള്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഇത്തരം ആവിഷ്കാരങ്ങളില്‍ എഴുത്തുകാരന്‍/കാരി സാമാന്യസംവാദങ്ങളില്‍ ഇടപെടുകയും നൈതിക നിലപാട് പ്രഖ്യാപിക്കുകയും ചെയ്യുന്ന വ്യാവഹാരിക ബുദ്ധിജീവിയായി (public intellectual) സ്വയം നിലയുറപ്പിക്കാം. അയാള്‍ക്ക് “നിര്‍ണ്ണായകമായ അറിവും ആശയങ്ങളുമുണ്ട്, അയാള്‍ക്ക് ചര്‍ച്ചകളെ ഉദ്ദീപിപിക്കാനാകുംരാഷ്ട്രീയവും സാമൂഹികവുംനൈതികവുമായ മാനങ്ങളുള്ള വിഷയങ്ങളില്‍ ഇതര സാധ്യതകള്‍ ഉന്നയിക്കുന്നതിലൂടെ പൊതു താല്പര്യമുള്ള കാര്യങ്ങളില്‍ അശിക്ഷിതരായ ശ്രോതാക്കളെ അഭിമുഖീകരിക്കാനാവും.” (The Figure of the Migrant in Tommy Wieringa’s Intellectual Intervention- Oldie Heynders- Tillburg University).  

ജീര്‍ണ്ണലോകങ്ങളിലെ ആത്മാന്വേഷണം

ജോ സ്പീഡ്ബോട്ട്, സീസേറിയന്‍ തുടങ്ങിയ കൃതികളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്ന ഡച്ച് നോവലിസ്റ്റ് ടോമി വെയ്റിങ്കക്ക്ഡച്ച് ബുക്കര്‍ എന്നറിയപ്പെടുന്ന ലിബ്രിസ് പ്രൈസ് നേടിക്കൊടുത്ത നോവലാണ്‌ “These Are the Names.” 2004-ല്‍ നോവലിസ്റ്റ് സാക്ഷ്യം വഹിക്കാന്‍ ഇടയായ ഒരു കോടതി കേസിനെ ആസ്പദമാക്കി രചിക്കപ്പെട്ട കൃതിയില്‍,  പോസ്റ്റ്‌ സോവിയറ്റ് റഷ്യന്‍ ചിഹ്നങ്ങള്‍ നിറഞ്ഞ മിഖൈലോപോള്‍ എന്ന സാങ്കല്‍പ്പിക യൂറേഷ്യന്‍ പട്ടണത്തെ പശ്ചാത്തലമാക്കി വികസിക്കുന്ന രണ്ടു സമാന്തര കഥാധാരകള്‍ സന്ധിക്കുന്നു. പോണ്ടസ് ബേഗ് എന്ന പോലീസ് കമ്മിഷണര്‍ തന്റെ ഓര്‍മ്മകളില്‍ എന്നും പ്രായമാകുകയെന്ന സ്വപ്നം താലോലിച്ചു വന്നവനായിരുന്നു. “മൂക്കിന്റെ പാലത്തില്‍ ഒരു ജോഡി സേഫ്റ്റി ഗ്ലാസ്സുകള്‍ വെച്ചും കൈകള്‍ പിറകില്‍ കെട്ടിയും ... മറ്റെന്തിലുമേറെ വയസ്സനാകാന്‍ മോഹിച്ച്. സാവധാനത്തില്‍അവധാനതയോടെകൊടുങ്കാറ്റിനെ ശാന്തനായി നേരിടുന്ന ക്യാപ്റ്റന്‍.” ഗ്ലാസ്സുകള്‍ മൂക്കില്‍ പാട് വീഴ്ത്തുന്നു എന്നറിയുന്നത് വരെ അത് തുടര്‍ന്നുവന്നു. കാലം കടന്ന് ഇന്നയാള്‍ ഒരമ്പത്തി മൂന്നുകാരനാണ്. ജീവിതം ഏറെ പഠിപ്പിച്ചിട്ടുണ്ട് അയാളെഒപ്പം മരണത്തിന്റെ തുടക്കമെന്നോണം ‘പടിപടിയായി അയാളും ഉടലും വേര്‍പെട്ടു തുടങ്ങുന്ന’തിന്റെ ലക്ഷണമായി ഇടതുകാല്‍ മറ്റാരുടേതോ എന്ന മട്ടില്‍ വാത സംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. പട്ടണത്തിന്റെ അറ്റത്ത്‌ അയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ ഉടമ സിറ്റയുമായി മാസത്തില്‍ ഒരു ദിവസം മാത്രംഅതും അവളുടെ സുരക്ഷിത ദിനത്തില്‍ ഒന്നില്‍, അനുവദിക്കപ്പെടുന്ന ബന്ധം കൂടുതല്‍ വളര്‍ത്തണമെന്നും അവള്‍ കൊതിച്ചിരിക്കുന്ന വിധം ഒരു കുഞ്ഞിനെ നല്‍കണം എന്നുമുണ്ട് അയാള്‍ക്ക്. പക്ഷെ സിറ്റ കാത്തിരിപ്പാണ് – തന്നെക്കാള്‍ പത്തുവയസ്സ് കുറഞ്ഞ തന്റെ കാമുകനും അയാളില്‍ നിന്നുള്ള ഗര്‍ഭധാരണത്തിനും വേണ്ടി. സിറ്റയുമായുള്ള സമാഗമം ബേഗിനെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്- ഓരോ രാവിലും എന്നോ മരിച്ചു പോയ അമ്മയുമായി അവള്‍ നടത്തുന്ന സുദീര്‍ഘ സംഭാഷണങ്ങളുടെ അലോസരം ഒഴികെ. അടിമുടി അഴിമതിയില്‍ മുങ്ങിയ പോലീസ് സമ്പ്രദായത്തില്‍ അത്ര നിഷ്കളങ്കമൊന്നുമല്ല ബേഗിന്റെയും നിലപാടുകള്‍ എന്ന് വ്യക്തമാണ്. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ തുടങ്ങുന്ന യാത്രികന്‍ അയാളെ പ്രകോപിപ്പിക്കുന്നത് പോസ്റ്റ്‌ സോവിയറ്റ് തലമുറയുടെ സ്വാതന്ത്ര്യ ബോധത്തോടുള്ള കലശലായ അസൂയയായിത്തീരുന്നു:

“അയാള്‍ മുപ്പതോടടുത്തവനായിരുന്നുജീന്‍സും സ്നീകെഴ്സും ധരിച്ച്. പുതു തലമുറ: ആരോഗ്യമുള്ളകൂസലില്ലാത്തഅധികൃതരോട് പ്രകടമായ പുച്ഛമുള്ള. കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്ന് അവര്‍ക്കറിയില്ല. അവര്‍ക്ക് ഒരിക്കലും ഒന്നും കുറവുണ്ടായിരുന്നില്ലഅവര്‍ക്ക് അവരുടെ ബ്രെഡ്‌ എപ്പോഴും ഇരുവശത്തും ബട്ടര്‍ പുരട്ടിയ രീതിയില്‍ കിട്ടിയിരുന്നു.”

അയാള്‍ തന്റെ ഇരയെ ഏതാണ്ട് മൃതപ്രായനാക്കുന്നു. അപ്പോള്‍ അയാളില്‍ പ്രവര്‍ത്തിക്കുന്നത് ചിന്താശീലനും പുസ്തക പ്രേമിയുമായ അയാളുടെ സ്വത്വമല്ല; മറിച്ച്കാടിന്റെ നിയമമാണ് എന്നത് ആര്‍ജ്ജിത മനുഷ്യ സംസ്കൃതിയില്‍ നിന്ന് പിറകോട്ടു പോകുന്നഅതിജീവനത്തിന്റെ മൃഗചോദനകള്‍  നിയാമകമാകുന്ന സാഹചര്യങ്ങള്‍ പരിശോധിക്കുന്ന പുസ്തകത്തില്‍ ഏറെ പ്രസക്തമാണ്. ഗതികേടു കൊണ്ട് മൃഗസമാനരാകുന്ന അഭയാര്‍ഥികളില്‍ നിന്ന് അത്രക്കൊന്നും വ്യത്യസ്തരല്ല സുരക്ഷിത ജിവിതം നയിക്കുന്നവരും. ബേഗ് തന്റെ തന്നെ പ്രകൃതത്തെയും പാരമ്പര്യത്തിന്റെ വേരുകളെയും അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരാളാണ്. എന്നാല്‍നോവലിസ്റ്റ് പല സന്ദര്‍ഭങ്ങളിലും അയാളോട് കുസൃതി കലര്‍ന്ന അനുതാപഭാവം നിലനിര്‍ത്തുന്നുണ്ട് എന്ന് കാണാം: തത്വദീക്ഷയില്ലാത്ത ഇടപാടുകള്‍ക്കിടയിലും മാനുഷികമായ മസൃണ ഭാവങ്ങള്‍ അയാളെ മഥിക്കുന്നുണ്ട്: അഴുകിത്തുടങ്ങിയ രീതിയില്‍ മോര്‍ച്ചറിയില്‍ കിടക്കുന്ന അജ്ഞാത സ്ത്രീയെ സംബന്ധിക്കുന്ന നിഗൂഡത പോലെ. പുഷ്കിനെയും ടര്‍ജിനെവിനെയും വായിക്കാന്‍ പ്രേരിപ്പിച്ചിരുന്ന മുന്‍ കാല പ്രണയിനിയെ കുറിച്ചുള്ള ഓര്‍മ്മകളും ഇടയ്ക്കിടെ തന്നോട് തന്നെ മൂളുന്ന, അമ്മ പഠിപ്പിച്ച പാട്ടിന്റെ ഓര്‍മ്മയും അത്തരം മൃദുല ഭാവങ്ങളുടെ അടയാളങ്ങളാണ്.

ബേഗിന്റെ ഉള്ളിലും സ്വന്തം അസ്ഥിത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന ഒരു മനസ്സുണ്ടെന്നു വയോധികനായ റബ്ബിയുടെ അടക്കത്തിനു വേണ്ടി അത്തരം കാര്യങ്ങള്‍ അറിയാവുന്ന മറ്റൊരു ജൂതനെ തേടുന്ന ഘട്ടത്തിലാണ് വ്യക്തമാകുക. അയാള്‍ സമീപിക്കുന്ന വയോധിക റബ്ബി തന്റെ ദേശത്തെ അവസാനത്തെ ജൂതനാണ് എന്നത് ഒരു വേള തന്റെ ശ്രമങ്ങള്‍ തുടങ്ങാന്‍ ഇത്തിരി വൈകിപ്പോയില്ലേ എന്ന് തോന്നിക്കുന്നുണ്ട്. തന്റെ ചുണ്ടുകളില്‍ മാറാതെ പിന്തുടരുന്ന പാട്ടിന്റെ വരികള്‍ ഒരു യിദ്ദിഷ് പ്രേമ ഗാനമായിരുന്നു എന്നറിയുന്നത്, അമ്മ ജൂത വംശജയായിരുന്നോ എന്ന സന്ദേഹത്തിലേക്ക് നയിക്കുന്നു. അത് തീര്‍ച്ചപ്പെടും മുമ്പേ അയാള്‍ക്കൊരു ആഹ്ലാദകരമായ തിരിച്ചറിവായിത്തീരുക “അയാള്‍ക്കും ചില ഉറവിടങ്ങളുണ്ട്അതാണ്‌ ഏറ്റവും തീക്ഷ്ണമായ കാര്യം” എന്നതാണ്. നോവലിന്റെ കേന്ദ്ര പ്രമേയമായ പാലായനത്തിന്റെ സന്ദിഗ്ദതയെന്ന മാനുഷികാനുഭവത്തിന്റെ ചരിത്ര പരവും വര്‍ത്തമാനകാല പതിപ്പുകളും തമ്മിലുള്ള വിനിമയങ്ങള്‍ ഇതോടു കൂടി ബേഗിന്റെ കാര്യത്തില്‍ ഇനി തീര്‍ത്തും മറ്റൊരിടത്തെ/ മറ്റാളുകളുടെ അനുഭവമല്ല എന്ന് വന്നുകൂടുകയാണ്. അയാളുടെ പതിവ് ദോഷൈക ദൃഷ്ടിയും ജീവിത നൈരാശ്യ ഭാവവും  മാറ്റിവെച്ച് അഭയാര്‍ത്ഥികളെ കുറേക്കൂടി സഹാനുഭൂതിയോടെ കാണാന്‍ അതയാളെ പ്രാപ്തനാക്കുന്നുണ്ട്.

പുറപ്പാടിന്റെ പുത്തന്‍ വംശാവലികള്‍ 

പാലായനമെന്ന ജൂതാനുഭവത്തിന് പുറപ്പാടിന്റെ പുസ്തകത്തിലെ മോശെയുടെ അനുയായികളുടെ നാലപ്പതു വര്‍ഷം നീണ്ടു നിന്ന വാഗ്ദത്ത ഭൂമി തേടല്‍ മുതല്‍ ചരിത്രമുണ്ട്. നോവലിന്റെ തലക്കെട്ട്‌ പുറപ്പാട് പുസ്തകത്തിലെ ആദ്യവാക്യമായത് ഈ അര്‍ഥത്തില്‍ കൂടിയാണ്. ഇതിവൃത്ത ധാരയിലെ രണ്ടാം യാനമെന്നത് പുതിയ കാലത്തിന്റെ അഭയാര്‍ഥി പ്രതിസന്ധിയുടെ നേര്‍ച്ചിത്രമായ ആവിഷ്കാരമാണ്. പുറപ്പാടിന്റെ പുത്തന്‍ വംശാവലികളുടെ ‘പോസ്റ്റ്‌ അപ്പോകലിപ്റ്റിക് വിഷന്‍’ (സമ്പൂര്‍ണ്ണ നാശം അടയാളപ്പെടുത്തുന്ന ഭീഷണാവസ്ഥയുടെ സര്‍ റിയല്‍ ആവിഷ്കാരങ്ങള്‍) ഈ ഭാഗങ്ങളെ കൊര്‍മാക് മക്കാര്‍ത്തിയുടെ ദി റോഡ്‌, ജെ. എം. കൂറ്റ്സിയുടെ ‘വെയ്റ്റിംഗ് ഫോര്‍ ദി ബാര്‍ബേറിയന്‍സ്’ തുടങ്ങിയ കൃതികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

നോവല്‍ ആരംഭത്തില്‍പോണ്ടസ് ബേഗ് പുല്‍മേടുകളില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് നോക്കിനില്‍ക്കുമ്പോള്‍മഴയില്‍ കുതിര്‍ന്നും കിതച്ചും ‘ഭൂമിയിലെ ആദ്യത്തെ മനുഷ്യരെ പോലെ’ അതേ പട്ടണത്തിലേക്ക് എത്തിപ്പെട്ട ഒരു ചെറു അഭയാര്‍ത്ഥിക്കൂട്ടം പുലര്‍ന്നു കിട്ടാന്‍ കാത്തിരിക്കുകയാണ്. അതിര്‍ത്തികടത്താമെന്നു വാക്ക് കൊടുത്ത മനുഷ്യക്കടത്തുകാര്‍ അവരെ ചതിക്കുകയായിരുന്നു. വിശപ്പും ദാഹവും മറ്റു രോഗപീഡകളും ചേര്‍ന്നു കൂട്ടത്തില്‍ പലരും മരിച്ചു വീഴുന്നുണ്ട്‌. ഉടലും മനസ്സും തകര്‍ന്ന ഇവര്‍ ബേഗിന്റെ പട്ടണത്തിലെത്തുമ്പോള്‍ കൂട്ടത്തില്‍ ഒരാളുടെ പൊക്കണത്തില്‍ അറുത്തെടുത്ത ഒരു മനുഷ്യ ശിരസ്സുണ്ട്. അതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബേഗിനെ അവരിലേക്കെത്തിക്കുക. അവരുടെ വരവ് ബേഗിന്റെ ആത്മാന്വേഷണങ്ങളെ അമൂര്‍ത്തമായ തലത്തില്‍ നിന്ന് കുറേക്കൂടി യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കാന്‍ ഇടയാക്കും.

 “അയാളുടെ ജീവിതം അഭയാര്‍ത്ഥികളുമായി ബന്ധിതമായിരുന്നുഅവര്‍ സഞ്ചരിച്ച പാതയുമായി. അവര്‍ ആരണ്യകത്തിലൂടെ ജൂതരെ പോലെ അലഞ്ഞിരുന്നുജൂതരെ പോലെ അവരും അവരില്‍ ഒരാളുടെ ഭൌതികാവശിഷ്ടങ്ങള്‍ തങ്ങള്‍ക്കൊപ്പം ചുമന്നിരുന്നു.”

അതില്‍ ഉള്‍പ്പെട്ട കുറ്റകൃത്യം എന്ന ഘടകം മാത്രമല്ല ബേഗിനെ ആകര്‍ഷിക്കുന്നത് എന്നര്‍ത്ഥം. അയാള്‍ക്ക് കണാതിരിക്കാനാവാത്ത സമാന്തരം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും തിട്ടമേതുമില്ലാത്ത അഭിയാനത്തില്‍ ആളുകള്‍ സ്വരുക്കൂട്ടുന്ന അതീത ഭയങ്ങളുടെയും മാനങ്ങള്‍ ഉള്‍കൊള്ളുന്നുണ്ട്. പട്ടണവാസികള്‍ക്ക് അഭയാര്‍ത്ഥികള്‍ ‘കഴിഞ്ഞ നൂറ്റാണ്ടുകളുടെ ഇരുട്ടില്‍ നിന്നെത്തിയ’ ‘മൂവന്തിയുടെ ജീവിക’ളാണ്. ബേഗിനാവട്ടെ അവര്‍ വാഗ്ദത്ത ഭൂമിയിലേക്ക്‌ പോകുന്ന ഇജിപ്തുകാരെ പോലെയും. എന്നാല്‍ഇസ്രയേല്യരില്‍ നിന്ന് വ്യത്യസ്തമായി പ്രജാവത്സലനായ ദൈവമല്ല, ആര്‍ത്തിയുടെയും വഞ്ചനയുടെയും മൂര്‍ത്തികളായ മനുഷ്യക്കടത്തുകാരാണ് പുതിയ പ്രവാസികളെ നയിക്കുന്നത്.

മിത്തും ചരിത്രവും സമകാലികവും

പലായനമെന്ന പ്രമേയത്തിന്റെ പുരാതനവും നവീനവുമായ സൂചകങ്ങള്‍ ഇവിടെ സന്ധിക്കുകയാണ്. ‘കൂട്ടമായി യാത്ര ചെയ്യുന്ന മൃഗങ്ങള്‍’, ‘അജ്ഞാതമായ വഴികളില്‍ നീങ്ങുന്ന’ ജിപ്സികള്‍ഒരിടത്തും കൂടുവെക്കാത്തവര്‍ഹിച്ച്ഹൈക്കര്‍മാര്‍, തെണ്ടികളും കടന്നു പോകുന്നവരും; ‘അങ്ങുമിങ്ങും’ അടിച്ചു പറത്തപ്പെടുന്ന ആളുകള്‍, എന്നിങ്ങനെ പാലായനത്തിന്റെ രൂപകങ്ങള്‍ നോവലില്‍ നിറയുന്നുണ്ട്. യാത്രകൊണ്ടു മുറിഞ്ഞും ഉരുവപ്പെട്ടും അവര്‍ക്ക് സ്വന്തമായുള്ളതെല്ലാംഭൂതകാലവും സ്വത്വവും പലപ്പോഴും ജീവനും തന്നെഅവര്‍ക്ക് നഷ്ടമാവുന്നു. ദാക്ഷീണ്യമില്ലാത്ത കൊടുങ്കാറ്റില്‍ പെട്ട ലിയറിനെ പോലെ‘റിട്ടേണ്‍ ഓഫ് ദി നാറ്റീ’വിലെ എഗ്ഡന്‍ ഹീത്തിനെയും, വുതറിംഗ് ഹൈറ്റ്സിലെ ചതുപ്പുകളെയും പോലെ ആദിമപ്രകൃതിയുമായി ഏറ്റുമുട്ടുന്ന അവസ്ഥപ്രസ്തുത കൃതികളിലെ സ്ഥല ബോധമില്ലാതെ തന്നെഈ അഭയാര്‍ത്ഥികള്‍ നേരിടുന്നുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു (Phoebe Taplin: theguardian.com)അവര്‍ കടന്നു പോകുന്ന ‘ഭീകരതകളുടെ കാട്’ ഡാന്റെയുടെ ഇന്‍ഫെര്‍നോയെ ഓര്‍മ്മിപ്പിക്കുന്നുവെന്നും. ഇവയില്‍ നിന്ന് വ്യത്യസ്തമായിമനുഷ്യവാസമുള്ള ഇടങ്ങള്‍ കുറേക്കൂടി മൂര്‍ത്തമായ രീതിയില്‍ അടയാളപ്പെടുത്തുന്നുണ്ട്‌ നോവലില്‍. കാടുപിടിച്ച സെമിത്തേരിതിളക്കം പൊയ്പ്പോയ വിജന ഗ്രാമം‘ഇയോനിയന്‍ സ്തൂപങ്ങള്‍ക്ക് മേല്‍ സ്ഥാപിച്ച സമര്‍ക്കണ്ടിന്റെ താഴികക്കുടങ്ങള്‍’ നിറഞ്ഞ പുതുപണക്കാരുടെ ആര്‍ഭാട ഭവനങ്ങള്‍തീന്‍പണ്ടങ്ങള്‍ നിറഞ്ഞ ബസാറുകള്‍ എന്നിവ ഒരു വശത്ത്‌പോസ്റ്റ്‌ സോവിയറ്റ് അപചയങ്ങളുടെ നേര്‍പതിപ്പായ മിഖൈലോപോള്‍ പ്രകടമാക്കുന്ന അവിഹിത വിഹിതങ്ങളിലും കൈക്കൂലിനഗ്നമായ പിടിച്ചുപറിവ്യക്തികളില്‍ നിന്നുള്ള മോഷണം എന്നിവയിലും ആറാടുന്ന വ്യവസ്ഥിതിയുടെ ചിഹ്നങ്ങള്‍. തുര്‍ക്ക്‌മെനിസ്താനില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ ‘അശ്ഖ്ബാദില്‍ നിന്നുള്ളയാള്‍’ തന്റെ പൂര്‍വ്വ ദേശത്തെ കുറിച്ച് പറയുന്നത് ഓര്‍വെല്ലിന്റെ മാസ്റ്റര്‍പീസിനെയും സ്റ്റാലിനെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്: അവിടെ “വല്യേട്ടന്‍ വീണുഇളയസഹോദരന്‍ അദ്ദേഹത്തിന്റെ സര്‍വ്വ ചീത്ത ശീലങ്ങളും പകര്‍ത്തുകയും സ്വന്തമായി കുറച്ചു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.”

നോവലിന്റെ തലക്കെട്ട്‌ സൂചിപ്പിക്കുന്നത് പോലെപേരുകളും പേരിടലും അഥവാ പേരുകള്‍ ഇല്ലായ്മയും നോവലിലെ പ്രധാന വിഷയങ്ങളില്‍ ഒന്നാണ് എന്ന് പറയാം. അമ്മയുടെ ആദ്യനാമം മെദ് വദേവ് എന്നാണ് എന്നതാണ് ബേഗിനു തന്റെ ഭൂതകാലത്തെ കുറിച്ചുള്ള ആദ്യ സൂചകമാകുന്നതെങ്കില്‍, അഭയാര്‍ഥികളില്‍ മയക്കുമരുന്ന് കടത്തുകാരനായ മുന്‍കുറ്റവാളി വിറ്റാലിയെ മാറ്റിനിര്‍ത്തിയാല്‍ ആര്‍ക്കും ഏതാണ്ട് ഒടുവില്‍ വരെയും പേരുകളില്ല. ഭേദ്യമുറക്കിടയില്‍ പറയപ്പെടുന്ന പേരുകള്‍ക്ക് കാര്യമായ സാംഗത്യവുമില്ല. പയ്യന്‍പോച്ചര്‍ (ഒളിവേട്ടക്കാരന്‍), അഡിക്റ്റ്, ദീര്‍ഘകായന്‍, എത്യോപ്യക്കാരന്‍, സ്ത്രീ എന്നൊക്കെയാണ് അവര്‍ വിവരിക്കപ്പെടുന്നത്. അതിജീവനത്തിന്റെ ബാദ്ധപ്പാടുകള്‍ക്കിടയില്‍ കരുണ വറ്റിപ്പോകുന്ന സാഹചര്യങ്ങളാണ് അവരുടേത്. എന്നാല്‍‘കറുത്ത മനുഷ്യന്‍’ എന്ന് വിളിക്കുന്ന എത്യോപ്യക്കാരനോട് അരങ്ങേറുന്ന ക്രൂരതയും അയാളുടെ അറുത്തെടുത്ത ശിരസ്സിനെ കുറിച്ചുള്ള അന്വേഷണം വ്യക്തമാക്കുന്ന വിചിത്ര വസ്തുതകളും ഈ കരുണാരാഹിത്യം കൊണ്ടു മാത്രം വിശദീകരിക്കാനാകുന്നതല്ല. നോവലില്‍ ഉടനീളമുള്ള ബിബ്ലിക്കല്‍ സമാന്തരത്തിന്റെയും അവ്യാഖ്യേയമായ ആത്മീയ മൂല്യാന്വേഷണത്തിന്റെയും പാഠങ്ങളുമായി അതിനു ബന്ധമുണ്ട്. നാല്‍പ്പതാണ്ടു നീണ്ട ഇസ്രയേല്യരുടെ പാലായനത്തില്‍ വാഗ്ദത്ത ഭൂമിയില്‍ എത്തും വരെ ദൈവ സഹായത്തിന്റെ പ്രതീക്ഷയുടെ ചിഹ്നമായി കൂടെ കരുതുന്ന ജോസഫിന്റെ ഭൌതികാവശിഷ്ടത്തെ കുറിച്ചു പറയുന്നുണ്ട് (Exodus 13:19). അതുപോലെ തങ്ങളെ വഴിനടത്താന്‍ എത്യോപ്യക്കാരന്റെ സാന്നിധ്യം വേണമെന്ന് അയാളെ വധിച്ചു കളഞ്ഞവര്‍ തന്നെ തീരുമാനിക്കുന്നത്മരിച്ചു കഴിഞ്ഞും അയാള്‍ തങ്ങളുടെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നു എന്ന ബോധത്തിലാണ്. തന്റെ ഉള്ളിലിരുന്ന് അയാളാണ് സ്വപ്‌നങ്ങള്‍ കാണുന്നത് എന്ന് സ്ത്രീ പറയുന്നുണ്ട്. എന്നാല്‍ജോസഫിനോടുള്ള ആരാധനയില്‍ നിന്ന് ഭിന്നമായി കറുത്തവനോടുള്ള വംശീയ വിരോധമാണ് ആ കൊലപാതകം വരെയെത്തുന്ന ആദ്യ പ്രതികരണത്തിലേക്ക് പുതിയ പലായനക്കാരെ എത്തിക്കുന്നത് എന്നത് നോവലില്‍ ഉടനീളമുള്ള വൈരുദ്ധ്യങ്ങളുടെ തുടര്‍ച്ചയാണ്. പ്രാകൃതമായ അതിജീവനത്വരയാല്‍ പ്രചോദിതമായ ഹിംസയുടെയും പിടിച്ചുപറിയുടെയും ഉദാഹരണങ്ങള്‍ പശ്ചാത്ഗമന (atavistic) പ്രവണതകളായി വേറെയും ഒട്ടേറെ ഉണ്ടെന്നതും ശ്രദ്ധേയമാണ്. സെക്കുലറിസവുംമതമൌലികവാദവും കൊമ്പുകോര്‍ക്കുന്ന പുതിയ കാലത്ത് കൃത്യതയില്ലാത്തതെങ്കിലും ആശ്വാസം പകരുന്ന വിശ്വാസത്തിന്റെ ഗുണങ്ങള്‍ പല കഥാപാത്രങ്ങളെയും സ്വാധീനിക്കുന്നുണ്ട് എന്നത് നോവലിനെ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്. ഒരു കുഞ്ഞിനു വേണ്ടി പ്രാര്‍ഥികുന്ന സിറ്റയെ പോലെ‘ഈ ശരീരം ഭക്ഷിക്കുക, ഇങ്ങനെയാണ് ഞാന്‍ എന്റെ അപ്പം സമ്പാദിക്കുന്നത്’ എന്ന് അവസാനത്തെ അത്താഴത്തെ അനുകരിക്കുന്ന അഭിസാരികയെ പോലെബേഗിനെയും മത സൂചകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജൂതന്‍ എന്ന ‘പദം പീഡാനുഭവത്തിന്റെ ഒരു ലോകത്തെ തന്നെ പിറകില്‍ ആനയിക്കുന്നുണ്ട്’ എന്ന് അയാള്‍ നിരീക്ഷിക്കുന്നു. ഒരു പുതുജീവിതത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ആഗ്രഹം എന്ന പ്രമേയം ഒരു രീതിയലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാ കഥാപാത്രങ്ങളെയും ഒരുമിപ്പിക്കുന്നുണ്ട്. സിനഗോഗിലെ ആചാരനിഷ്ടമായ ജലസംഭരണി ആദ്യമായി കാണുന്ന ബേഗ്, സായാഹ്ന സൂര്യന്റെ കിരണങ്ങള്‍ അതില്‍ തീര്‍ക്കുന്ന വര്‍ണ്ണരാജികളില്‍ ലയിച്ചു ചിന്തിക്കുന്നു:

“ആത്മാവിനെ ഉരിഞ്ഞു കളയാന്‍ആ കീറിപ്പറിഞ്ഞ വസ്തുഎന്നിട്ട് പകരം ഒന്ന് സ്വീകരിക്കാന്‍. അതാര്‍ക്കാണ് ആഗ്രഹമില്ലാത്തത്?.” 

പാലായനത്തിന്റെ അതീത സ്മരണകള്‍ ഉള്ള ഒരു വംശത്തിലെ അംഗമാണ് താനും എന്ന ബോധ്യം ബേഗിനെ അഭയാര്‍ത്ഥികളില്‍ തുടര്‍ച്ച കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നതാവാം നോവലന്ത്യത്തില്‍ കുട്ടിയുമായുള്ള അയാളുടെ പുതു ബാന്ധവത്തിനു നിദാനം. വൃദ്ധറബ്ബിയുടെ വാക്കുകള്‍ അയാള്‍ ഓര്‍ക്കുന്നുണ്ടാവണം:

“നാം മെടഞ്ഞ കയറാണ്ഓരോ ഇഴയും ഒരൊറ്റ കയര്‍ ഉണ്ടാക്കാനായി ഇഴകോര്‍ക്കപ്പെട്ടത്‌. നമ്മുടെ സ്മൃതികള്‍ നാലായിരം കൊല്ലം പിറകോട്ടു പോകുന്നു”

അഭയാര്‍ഥിത്തത്തിന്റെ രാഷ്ട്രീയവും നോവല്‍ ശില്‍പ്പവും 

നോവലിലെ സമകാലിക രാഷ്ട്രീയ ഉള്ളടക്കം അഭയാര്‍ഥികള്‍ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന നിരീക്ഷണത്തിലേക്ക് നയിക്കുന്നുണ്ട്‌. ആദ്യ അധ്യായങ്ങളില്‍ വിവരിക്കപ്പെടുന്ന വ്യതിരിക്ത കഥകളിലൂടെ ഓരോരുത്തരുടെയും വ്യക്തിത്വം സ്ഥാപിക്കപ്പെടുന്നുണ്ടെങ്കിലും അതിര്‍ത്തികടക്കാനും മറ്റൊരിടത്തുണ്ടെന്നു കരുതപ്പെടുന്ന ജീവിതം വെട്ടിപ്പിടിക്കാനുമുള്ള അദമ്യമായ ത്വര അവരില്‍ പൊതുവായുള്ള ഘടകമാണ്.

“ഒരിക്കല്‍ രാജ്യങ്ങളും വന്‍കരകളും അവരുടെ ഭാഗധേയം തേടുന്നവര്‍ക്കായി തുറന്നു വെച്ചിരുന്നു, അതിരുകള്‍ മസൃണവും അകത്തു കടക്കാവുന്നതും ആയിരുന്നു, എന്നാലിപ്പോള്‍ അവ കോണ്‍ക്രീറ്റില്‍ വാര്‍ക്കപ്പെട്ടതും മുള്‍വേലികളാല്‍ വലയിതവും ആയിരുന്നു. അന്ധരെ പോലെ ആയിരക്കണക്കിന് യാത്രികര്‍ ഒരു ദുര്‍ബ്ബല ഭാഗത്തിനായി മതിലുകളില്‍ പഴുതു തേടിഒരു വിടവ്അവര്‍ക്ക് നുഴഞ്ഞു കയറാവുന്ന ദ്വാരം. മനുഷ്യരുടെ ഒരു തിര ആ മതിലുകള്‍ക്ക് നേരെ ആര്‍ത്തലച്ചു: അവരെ മുഴുവന്‍  പിറകോട്ടടിപ്പിക്കുക അസാധ്യമായിരുന്നു. എണ്ണമറ്റ സംഖ്യയായി അവര്‍ വന്നു, അങ്ങേ പുറത്തേക്ക് എത്താന്‍ കഴിയുന്ന ഭാഗ്യവാന്മാരില്‍ പെടുന്നവര്‍ തങ്ങളായിരിക്കും എന്ന ആഗ്രഹത്തിലും പ്രതീക്ഷയിലും അവരിലോരോരുത്തരും കഴിഞ്ഞു.”

സരമാഗുവിന്റെ ‘ആദിമവും പരുക്കനുമായ ആദിരൂപ വീക്ഷണ’ത്തോട് കോര്‍മാക് മക് കാര്‍ത്തിയുടെ ‘പ്രചണ്ഡമായ അപ്പൊകലിപ്റ്റിക് ദര്‍ശന’ത്തെ സംയോജിപ്പിക്കുന്നതിലൂടെ തനതായൊരു വീക്ഷണമാണ് വെയ്റിങ്ങ സൃഷ്ടിക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാം ഗാരെറ്റ് മനോഹരമായി നടത്തിയ വിവര്‍ത്തനം സാക്ഷ്യപ്പെടുത്തുന്നത് പോലെ‘അദ്ദേഹത്തിന്റെ ഗദ്യം മുറിച്ചെടുത്ത ഗ്ലാസ് പോലെ സ്പഷ്ടവും ബിംബങ്ങള്‍ തീക്ഷ്ണവുമാണ്ആ ഭൂമികകള്‍ വിജനവും മറ്റൊരു ലോകത്തിന്റെതും ആയിരിക്കുമ്പോഴും അത് സമകാലികവുമാണ്. അദ്ദേഹം നടത്തുന്ന കുടിയേറ്റത്തിന്റെ മായം ചേര്‍ത്തിട്ടില്ലാത്ത അവതരണം നാടുകടത്തപ്പെട്ടവര്‍, കുടിയിറക്കപ്പെട്ടവര്‍യുദ്ധഭൂമികളില്‍ നിന്ന് ഓടിപ്പോന്നവര്‍ എന്നിങ്ങനെ അനവരതം വര്‍ദ്ധിച്ചു വരുന്നവരുടെ പ്രശ്നം നേരിടുന്ന യൂറോപ്പില്‍ മൂര്‍ച്ചയോടെ പ്രതിധ്വനിക്കും. അതുപോലെ സ്വന്തം അതിര്‍ത്തി പോളിസികളുടെ കാലുഷ്യം അനുഭവിക്കുന്ന യു. എസ്സിലും അത് പ്രതിധ്വനിക്കും. വാതിലുകള്‍ തുറക്കണോ അതോ അടച്ചിടണോവന്നുവന്ന്, അതിപ്പോള്‍ ചോദ്യങ്ങളില്‍ ഒന്നു മാത്രമാണ്.’ (KIRKUS REVIEW).  അധികം ദൈര്‍ഘ്യമില്ലാത്ത ഇടവിട്ട അധ്യായങ്ങളിലായി നിയമപാലകനെയും അഭയാര്‍ത്ഥികളെയും പിന്തുടരുന്ന നോവല്‍ എളുപ്പവായന എന്ന പ്രതീതി സൃഷ്ടിക്കുന്ന ഗഹന വായനയാണ് കാത്തുവെക്കുന്നത്. ‘ടോമി വെയ് രിങ്കക്ക് കവിതയെഴുതാനാവും... എന്നാല്‍ .. വെയ് രിങ്ക ഏറ്റവും നന്നായി എഴുതുന്നത് ആളുകളെയാണ്; സൂക്ഷ്മമായി തെരഞ്ഞെടുത്ത ഏതാനും വാക്കുകളിലൂടെ അദ്ദേഹം ഒരു പട്ടണം നിറയെ തികച്ചും വിശ്വസനീയമായ സഹാനുഭൂതിയുണര്‍ത്തുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു, ഓരോരുത്തരും അതിസൂക്ഷ്മമായി തങ്ങളുടെ ഭൂതകാലം പുറത്തെടുക്കുന്നുഅങ്ങനെ ഏതാനും പേജുകള്‍ക്കുള്ളില്‍ വായനക്കാരന്‍ ശബ്ദങ്ങളാല്‍ ചുറ്റപ്പെടുന്നുഅവ മാറിമാറി ഹാസ്യാത്മകവും, വേദനയിയന്നതുംപ്രതീക്ഷാ നിര്‍ഭരവും വിഷാദമൂകവുംആഹ്ലാദപൂര്‍വ്വം കഴുത്തറപ്പനും, അതിലോലം ഊഷ്മളവും ആയിരിക്കുന്നു.. അഗാധവുംചിന്തോദ്ധീപകവും,  സത്യസന്ധവുമായ പുസ്തകം..” എന്ന ജെയ്ന്‍ ഗ്രഹാമിന്റെ നിരീക്ഷണം (scribepublications.com.au) നോവലിനെ മനോഹരമായി സംഗ്രഹിക്കുന്നു.   

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 257-263)

 read more:

Talking to Ourselves by Andrés Neuman/ Nick Caistor, Lorenza Garcia

https://alittlesomethings.blogspot.com/2024/09/talking-to-ourselves-by-andres-neuman.html

Night Boat to Tangier by Kevin Barry

https://alittlesomethings.blogspot.com/2024/09/night-boat-to-tangier-by-kevin-barry.html

The Dinner Guest by Gabriela Ybarra/ Natasha Wimmer

https://alittlesomethings.blogspot.com/2024/09/the-dinner-guest-by-gabriela-ybarra.html

Drive Your Plow Over the Bones of the Dead by Olga Tokarczuk

https://alittlesomethings.blogspot.com/2024/08/drive-your-plow-oolga-tokarczukver.html


Wednesday, October 2, 2024

Idam Paaramitham by V.G.Thampy (Malayalam Novel)

 

മുക്തിയുടെ ഒറ്റയാള്‍പ്പാത; സ്നേഹത്തിന്റെയും.



(കവിയും സാമൂഹ്യ നിരീക്ഷകനും യാത്രാഖ്യായികാകാരനുമായ ശ്രീ വി.ജി.തമ്പിയുടെ ആദ്യ നോവല്‍ ‘ഇദം പാരമിതം എന്ന പുസ്തകത്തെ കുറിച്ച്. കവിയുടെ സാന്ദ്രഭാഷയില്‍ പാരമിതോന്മുഖമായ പ്രജ്ഞയുടെ ദൈവനിരപേക്ഷമായ ആത്മയാനമാണ് നോവല്‍ അടയാളപ്പെടുത്തുന്നത്.)

ഫസല്‍ റഹ് മാന്‍

“വഴിയില്‍ വെച്ച് നീ ബുദ്ധനെ കണ്ടുമുട്ടിയാല്‍, അയാളെ കൊന്നു കളഞ്ഞേക്കുക” എന്നൊരു ഉദ്ബോധനം ഒരു ചൈനീസ് സെന്‍ ഗുരുവിന്റെതായി വായിച്ചിട്ടുണ്ട്. കണ്ടെത്തലല്ല, അന്വേഷണമാണ് ബുദ്ധതത്വം എന്നാവാം ഗുരു പറഞ്ഞുവെച്ചത്‌. അഥവാ, രൂഡബോധ്യങ്ങളിലല്ല, എല്ലാ ബോധ്യങ്ങള്‍ക്കുമപ്പുറത്തെ നിരാസക്ത യാനത്തിലാണ് അതന്വേഷിക്കപ്പെടെണ്ടത് എന്നുമാവാം. എന്നിട്ടോ? ആരെങ്കിലും കണ്ടെത്താറുണ്ടോ? പക്ഷെ അതും പ്രസക്തമല്ല എന്നു കൂടിയാകാം ഗുരു സൂചിപ്പിച്ചതും. ഗുരു തന്നെയും, ‘ഇദം പാരമിതം’ കണ്ടെടുക്കുന്ന പോലെ, ‘മറ്റുള്ളവര്‍ക്കു മാതൃകയാകേണ്ട ഒരു സാമൂഹിക പ്രവര്‍ത്തകനല്ല എന്ന നിസ്വതയും അതിലുണ്ടാവാം. സോര്‍ബയോടുള്ള ആരാധന ഏറ്റുപറയുന്ന ഒരെഴുത്തുകാരന്‍, കവി, തന്റെ ആത്മ ഇരട്ടയെ സൃഷ്ടിച്ചു വെക്കുമ്പോള്‍ അയാള്‍ക്ക് ഉന്മാദത്തിനും ദൈവനിരപേക്ഷമായ ആത്മീയതക്കും ഇടയില്‍ അന്വേഷണത്തിന്റെ അനന്തപഥങ്ങളല്ലാതെ മറ്റെന്താണ് ഒസ്യത്തു നല്‍കപ്പെടുക !

 

“കുഞ്ഞിനെ കൈയിലെടുത്ത് നെഞ്ചോടു ചേര്‍ത്തു. അമ്മയ്ക്ക് തിരിച്ചേല്‍പ്പിച്ചു.

മഴയുടെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു. പുറത്ത് കാറ്റ് ശമിച്ചിട്ടുണ്ടായിരുന്നില്ല. പൊഴിഞ്ഞ ഇലകള്‍ അവനില്‍ മറ്റൊരു വര്‍ഷമായി, മഴത്തുള്ളികളോടൊപ്പം.”

സമാനമായ ഒരിറങ്ങി നടത്തം, സമാനമായ ഒരു സാഹചര്യത്തില്‍, ലെവിന്റെ പഴയൊരു കൂടെപ്പിറപ്പ്‌, മറ്റൊരു ഭൂമികയില്‍, മറ്റൊരു കാലത്ത് നടത്തിയതോര്‍ക്കുന്നു:

“പക്ഷെ ഞാനവരെ പുറത്താക്കുകയും വാതിലടക്കുകയും ലൈറ്റ് അണക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍, അതെല്ലാം നിരര്‍ത്ഥകമായിരുന്നു. അത് ഒരു പ്രതിമയോട് വിടപറയും പോലെയായിരുന്നു. കുറച്ചു കഴിഞ്ഞ്, ഞാന്‍ പുറത്തുകടന്നു, ആശുപത്രി വിട്ട് ഹോട്ടലിലേക്ക് തിരികെ നടന്നു, മഴയില്‍.”

അത് ഫ്രെഡ്രിക് ഹെന്റി. ഹെമിങ് വേയുടെ നായകന്‍. പിറകില്‍ സമരിയയുടെ മുന്‍കാല കൂടെപ്പിറപ്പ്‌. കതെറിന്‍. അവള്‍ക്കും അതേകാരണം കൊണ്ടുണ്ടായ മൃതിയുടെ മരവിപ്പ്. (A Farewell to Arms).

എങ്കിലും ഹെന്റിയുടെ കഥയുടെ നിഹിലിസ്റ്റ് പാഠത്തില്‍ അനിവാര്യമല്ലാത്ത പരിണതി ലെവിന് ആവശ്യമാണ്. കാരണം ലെവിന്‍ ശിവോഹം എന്ന ആമന്ത്രണമുള്ള നാട്ടുകാരനാണ്. ഗംഗയുടെ ഓളങ്ങളിലേക്ക് പ്രിയപ്പെട്ടവളുടെ ചാരം നിമജ്ജനം ചെയ്യേണ്ടതുണ്ട് അയാള്‍ക്ക്. കതെറിന്‍ ഒരു ചാപ്പിള്ളയെയാണ് വിട്ടുവെക്കുന്നതെങ്കില്‍, സമരിയ ഒരു പുതുജന്മത്തിലൂടെ ജീവന്റെ തുടര്‍ച്ച ഉറപ്പുവരുത്തിയാണ് വിട്ടുപോകുന്നത്.   എന്നാല്‍, അതേസമയം, ലെവിന്‍ ഒരു തുറസ്സിലാണ്: മുപ്പത്തിമൂന്ന് എന്ന പ്രായം ഒരു വല്ലാത്ത മുനമ്പാണ്. കൃസ്തുവിന്റെ പ്രായം. ലെവിനില്‍ പൂര്‍ത്തിയായിട്ടില്ലാത്ത ക്രിസ്തുവിനെ കണ്ടത് ഒരാളല്ല; പലരാണ്. ഗുരു നിത്യയടക്കം ഗുരുക്കന്മാര്‍, കാമിനിമാര്‍, സമരിയ. കുരിശുമരണത്തിനു പാകമായ ആ പ്രായത്തെയാണ് അരുന്ധതി റോയ് ‘a viable die-able age’ എന്ന് വിളിച്ചത്. പലരുമങ്ങനെ ക്രിസ്തു സമാനത വിളിച്ചോതുന്നതു ഒരാള്‍ക്ക് അതൊരു മുക്തിയുടെ തുറസ്സും കൂടിയാണ്. പക്ഷെ നോവലിസ്റ്റ് വളരെ പിശുക്കനാണ്: സൂചനകളില്‍ പോലും. അതുകൊണ്ട് ‘കല്ലിനോടൊപ്പം നദികളുടെ ആഴത്തിലെത്തി എന്താവും അയാള്‍ അന്വേഷിക്കുക എന്ന് ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്കും തീര്‍ച്ചയില്ല. അത് വിര്‍ജീനിയ വുള്‍ഫ് തെംസ് നദിയുടെ ആഴങ്ങളില്‍ കണ്ടെത്തിയ അതേ ഔഷധിയാണോ? പിടിതരാത്ത ഉന്മാദങ്ങളുടെ മറുവിളി?

പക്ഷെ അതും പ്രസക്തമല്ല എന്നുവരാം. ഒന്നേയുള്ളൂ പ്രസക്തമായി. അത് അയാള്‍ പിന്നിടുന്ന പാതയാണ്. വഴിവിളക്കുകളായി ഗുരു പ്രസാദങ്ങളും സ്നേഹസ്പര്‍ശങ്ങളായി മാതൃ സാന്നിധ്യങ്ങളും പ്രണയ സാന്ത്വനങ്ങളായി ഉടലും ഹൃദയവും പകുത്തു നല്‍കിയ ഒട്ടേറെ പെണ്‍സുഹൃത്തുക്കളും ബോധനിലാവുകളായി പുസ്തകങ്ങളും തീര്‍ത്ഥഘട്ടങ്ങളും പ്രപഞ്ചമെന്ന അനാദിയായ, വായിച്ചു തീരാത്ത ഇതിഹാസവും. ഹൃദയ / ആത്മ ഭൂമികകളുടെ ഇതേ വൈപുല്യം ഭൗമഭൂമികയിലും അയാള്‍ കടന്നുപോകുന്നുണ്ട്‌: ഒരു വിദേശി സന്ദര്‍ശകന്റെ കൗതുകത്തെരഞ്ഞെടുപ്പുകളിലല്ല, തീര്‍ത്ഥഘട്ട പ്രകൃതമുള്ള ഗുരുസാന്നിധ്യങ്ങളുടെ സാമീപ്യത്തിലേക്കാണ് അയാള്‍ എപ്പോഴും എത്തിപ്പെടുന്നതും. ഒരിടത്തും അയാള്‍ നിരാശനാകുന്നില്ല. എന്നാലോ, വിഷാദത്തിന്റെ വിട്ടുപോകാത്ത കലവറ അയാള്‍ക്ക്‌ സ്വന്തമായുണ്ട്. പക്ഷെ അത് അയാള്‍ക്ക് മാത്രവുമല്ല. ഉടല്‍ മുറിവുകളും ട്രോമകളും ആഴത്തില്‍ ആത്മാവില്‍ പേറുന്നവര്‍ വേറെയുമുണ്ട്. പത്താം ക്ലാസ് പരീക്ഷയുടെ റിസള്‍ട്ട് കാത്തിരിക്കുന്ന ഒരു ദിനം ‘മരിച്ചുപോയ സമരിയയെ പോലെ. രക്താര്‍ബുദത്തിന്റെ മൃതിജലം കുടിച്ചു വറ്റിച്ച ഹെഡയെപ്പോലെ. വിഷാദം ഒരലൌകിക ഭാവം തന്നെയായി നോവലില്‍ ഇടംപിടിക്കുന്നുണ്ട്. ‘ശവക്കൂനകളിലാണ് കഥകള്‍ ജീവിക്കുന്നത്. എല്ലാ കഥകളും കൊലപാതകകഥകളാകുന്നത് എന്തുകൊണ്ടാകാം?’ എന്ന ചോദ്യം ചെറുപ്പത്തിലേ ഹൃദയത്തില്‍ കേറിപ്പറ്റിയ ഒരാള്‍ക്കു മുന്നില്‍ ഒരുവളേ മറ്റൊരുതരം അന്വേഷണോന്മുഖത സ്വാഭാവികമാകുമായിരുന്നു: സാമൂഹിക മുഖമുള്ള ഒന്ന്. നോവലില്‍ ഒരിടത്ത് പറയുന്നതുപോലെ മോശെ മുതല്‍ മുഹമ്മദ്‌ നബി മുതല്‍ അയാളുടെ കുലം അത്തരം ദൗത്യത്തിന് മുന്നിട്ടു നിന്നിട്ടുമുണ്ട്: ‘തന്തയില്ലാ കുഞ്ഞാണ് ലോകത്തെ മാറ്റിമറിക്കുന്നത്.’ പക്ഷെ അയാളുടെ സവേദനത്വത്തിന്റെ എണ്ണമറ്റ ജനിതക ആന്റിനകള്‍ പുറത്തേക്കല്ല, ഉള്ളിലേക്കു തന്നെയാണ് തിരിഞ്ഞിരുന്നത്. ‘അമ്മയുടെ ഗര്‍ഭപാത്രം മുതല്‍ തന്നെ അവനിങ്ങനെയാണ്. തീവ്രവിഷാദി എന്ന് അമ്മതന്നെ സാക്ഷ്യപ്പെടുത്തുന്നു. വിഷാദവും കവിതയും ഭ്രാന്തുമാണ് അവന്റെ ഉണ്മയെന്നു അവരും തിരിച്ചറിയുന്നു. ‘എനിക്ക് നിന്റെ ഈ രൂപംതന്നെയാണിഷ്ടം. സന്തോഷത്തേക്കാള്‍ കുലീനം വിഷാദംതന്നെ.’

‘എന്തെന്നാല്‍ ഇവിടെ നമുക്കൊരു നിതാന്ത നഗരമില്ല, എന്നാല്‍ നാം വരാനിരിക്കുന്ന നഗരം നോക്കിയിരിപ്പാണ്’ എന്ന ബിബ്ലിക്കല്‍ പ്രതീക്ഷയും (Hebrews 13:14) ‘നീയീ പ്രപഞ്ചത്തില്‍ ഒരു  പരദേശിയെപ്പോലാകുക, അഥവാ വഴിപോക്കനെ പോലെ’ എന്ന പ്രവചകവാക്യവും സമാനമായ വേറെയും വേറെയും ഗുരുവാക്യങ്ങളും വഴിനടത്തിയവനാണ് ലെവിന്‍. ‘പിള്ളക്കച്ചകളാല്‍ പൊതിയപ്പെട്ട ദൈവമായി (വചനം ദൈവമാകുന്ന ‘swaddled in baby clothes’ എന്ന എലിയറ്റിന്റെ രൂപകം ഓര്‍ക്കുക- ‘Gerontion’) മനുഷ്യനെ തന്നെ തിരിച്ചറിയുന്ന അയാള്‍ക്ക് വിത്തുകളുടെ പുറന്തോടു പൊട്ടിച്ചാല്‍ പ്രത്യക്ഷപ്പെടുത്താവുന്ന ദൈവത്തിനപ്പുറം മറ്റൊരു ദൈവത്തെ ആവശ്യവുമല്ല. അതൊക്കെക്കൊണ്ടാകണം, ‘ആത്മീയാന്വേഷണം എന്ന പതിവ് പ്രയോഗത്തിലേറെ ഒരു ‘മെറ്റഫിസിക്കല്‍’ ആത്മയാനം (metaphysical odyssey) എന്ന് വിവരിക്കാം ലെവിന്റെ യാത്രയെ എന്നുതോന്നി. അത്യപൂര്‍വ്വമായേ, ‘ഉരുണ്ടുകളിക്കുന്ന ആള്‍ദൈവ’മെന്നു ദലൈ ലാമയുടെ നിലപാടുകളോടുള്ള ഒളിപ്പോരാളികളുടെ തുറന്നെതിര്‍പ്പു പോലെ, വ്യാവഹാരിക ലോകം നോവലില്‍ വിഷയമാകുന്നുള്ളൂ. അത് ആവിഷ്കരിക്കപ്പെടെണ്ടതല്ല എന്ന പുറംതിരിയലല്ല, അതല്ല നോവലിന്റെ പ്രമേയം എന്നതാണ് പ്രസക്തം.

നിര്‍വ്വചിക്കപ്പെട്ട ലക്ഷ്യങ്ങളോ പദ്ധതികളോ പിന്തുടരുന്നതിലല്ല, ആത്മയാനത്തിന്റെ അപാരമായ തടാകത്തിലേക്ക് ജീവിത സാരസ്വമായി സ്വരുക്കൂട്ടിയ മനന വിത്തുകള്‍, തന്റെതന്നെ ആത്മാവിന്റെ തുണ്ടുകള്‍, കൈക്കുടന്നയില്‍ നിന്ന് ഏറ്റിത്തെറിപ്പിക്കുന്ന ചെറുകല്ലുകള്‍ പോലെ വിതറുകയാണ്‌ ലെവിന്‍. അത് ഒട്ടേറെ വലയങ്ങള്‍ തീര്‍ക്കുന്നു, വേറിട്ടും പരസ്പരം ലയിച്ചും തടാകത്തിന്റെ ഉപരിതലത്തില്‍ ഒരേസമയം ആ വലയങ്ങള്‍ വികസിക്കുന്നു. ഒന്നും എങ്ങും പോകുന്നില്ല, എവിടെയും എത്തുന്നുമില്ല. ഇതിവൃത്ത പ്രധാനമായ ഒരാഖ്യാനമായിരുന്നെങ്കില്‍ ‘പികാറെസ്ക്’ (picaresque/ road novel) എന്നുപോലും വിളിക്കാമായിരുന്നത്രയും യാത്രകള്‍, കഥാപാത്രങ്ങള്‍, പാത്രവിശേഷങ്ങള്‍ എല്ലാമുണ്ടായിട്ടും അത്തരം ‘സംഭവവികാസങ്ങളിലൊന്നും ഒരിക്കലും ഊന്നുന്നില്ലാത്ത ഒരു കൃതിയാണ് ‘പാരമിതോന്മുഖ’മായ പ്രജ്ഞയില്‍ ഖനനം ചെയ്യുന്ന നോവല്‍.  

നോവലില്‍ പൂജയുടെ സ്പാനിഷ് കൂട്ടുകാരി അന്ന പ്രസിദ്ധീകരിച്ച ഡാര്‍ക്ക് ടൂറിസം ലേഖനങ്ങളിലേതു പോലെ, മനുഷ്യസൃഷ്ടമായ മഹാദുരന്തങ്ങളുടെ ചരിത്രാഖ്യാനങ്ങളിലേക്ക് ആത്മപീഡനത്വരയോടെ വീണ്ടുംവീണ്ടും എത്തിപ്പെടുന്ന ഒരു വായനക്കാരന്‍ എങ്ങനെയാണ് ‘ഇദം പാരമിതത്തെ സമീപിക്കേണ്ടത് എന്നത്‌ ഇത്തിരി അങ്കലാപ്പുണ്ടാക്കാതെ വയ്യ. ‘ആദ്യമായി എഴുതുന്ന നോവല്‍. ദീര്‍ഘകാലത്തെ തപസ്സ്. സ്നേഹം മാത്രം. അല്ലാതെന്ത്?’ എന്ന നോവലിസ്റ്റിന്റെ സ്വകാര്യ സന്ദേശം കണ്ടപ്പോള്‍ പൊടുന്നനെ കണ്ടെത്താനായി - അതുതന്നെയാണല്ലോ ലെവിനും സമരിയയും അവരുടെ യാത്രകളില്‍ ഒപ്പമുള്ളവരും ചോദിക്കുന്നതും: ‘അന്വേഷണംതന്നെ ഒരു ബുദ്ധിഭ്രമമായിരിക്കെ, സന്യാസി ‘മുക്തനാകുന്നത് നിര്‍വ്വചനങ്ങളില്‍ നിന്നുമാണ് എന്നിരിക്കെ, ‘സ്നേഹം മാത്രം. അല്ലാതെന്ത്!’

pkfrahman@gmail.com

https://www.mathrubhumi.com/books/reviews/fasal-rahman-reviews-vg-thampy-novel-idam-paramitham-1.9936768




Tuesday, October 1, 2024

Salt Houses by Hala Alyan

തിരയെടുക്കുന്ന ഭവനങ്ങള്‍




(പലസ്തീനിയന്‍- അമേരിക്കന്‍ നോവലിസ്റ്റ് ഹല അല്‍യാന്‍ രചിച്ച Salt Houses എന്ന നോവല്‍ ഡയസ്‌പോറ രചനകളുടെ പതിവു ചേരുവകള്‍ക്കപ്പുറം പരിഗണിക്കപ്പെടേണ്ട അസ്തിത്വ പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്നു.)

 

പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന കുറെയേറെ സ്ഥിരം ചേരുവകളുണ്ട്‌: യുദ്ധംദാരിദ്ര്യംഅധികാരസ്ഥാനങ്ങളിലെ അഴിമതി, അഭയാര്‍ഥിത്തംപ്രാക്തനമായ ഒരു തനിമാ സങ്കല്‍പ്പവും കൊളോണിയല്‍ ആധുനികതയും തമ്മിലുള്ള സംഘര്‍ഷം തുടങ്ങി അവ പട്ടികപ്പെടുത്തുക പ്രയാസകരമല്ല. ഡയസ്‌പോറ സാഹിത്യത്തിലെത്തുമ്പോള്‍ ഊന്നലുകള്‍ക്ക് മാറ്റം സംഭവിക്കും.  ഭവന/ ദേശനഷ്ടത്തിന്‍റെ ഗൃഹാതുരത, തിരികെ പോകാനുള്ള അദമ്യമോഹം, ഓര്‍മ്മകളില്‍ നഷ്ടപ്പെടുന്ന മുന്‍തലമുറയും സ്വത്വപ്രതിസന്ധി നേരിടുന്ന പുതുതലമുറയും തമ്മിലുള്ള സംഘര്‍ഷംസമന്വയ (assimilation) ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കും വിധം പിറകിലുപേക്ഷിച്ച/ പലായനം ചെയ്യേണ്ടിവന്ന ഇടത്തിലെ സാംസ്കാരിക ശേഷിപ്പുകളും എത്തിച്ചേര്‍ന്ന ഇടത്തിലെ പുതിയ മൂല്യക്രമങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍, നേരിടേണ്ടി വരുന്ന വര്‍ണ്ണ/വംശീയ മുന്‍വിധികള്‍ തുടങ്ങി അതൊരു വാര്‍പ്പുമാതൃക തന്നെ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പ്രതീക്ഷിക്കപ്പെടുന്ന ഈ ടെമ്പ്ലേറ്റ്  സധൈര്യം മുറിച്ചുകടക്കുന്ന എഴുത്തുകാര്‍ ഇപ്പോള്‍ ധാരാളമായി, വിശേഷിച്ചും ആഫ്രിക്കന്‍-മിഡില്‍ ഈസ്റ്റ്  ദേശങ്ങളില്‍ നിന്ന്വന്നുകൊണ്ടിരിക്കുന്നു. ഈ പാശ്ചാത്തലത്തില്‍ പരിഗണിക്കപ്പെടേണ്ട കൃതിയാണ് പലസ്തീന്‍ - അമേരിക്കന്‍ നോവലിസ്റ്റ് ഹല അല്‍യാന്‍റെ പ്രഥമ നോവല്‍ Salt Houses.  ന്യു യോര്‍ക്ക്‌ യൂനിവേഴ്സിറ്റി അധ്യാപികയും ക്ലിനിക്കല്‍ സൈക്കൊളജിസ്റ്റുമായ ഹലഏതൊരു പലസ്തീനിയന്‍ ഡയസ്‌പോറ എഴുത്തുകാരന്‍/ രിയേയും പോലെ ആ നിതാന്തപ്രമേയത്തില്‍ തന്നെയാണ് തന്‍റെ നോവലും നങ്കൂരമിടുന്നത്. സമകാലിക ലോകം നേരിടുന്ന ഏറ്റവും സങ്കീര്‍ണ്ണവും നിതാന്തവുമായ പ്രശ്നങ്ങളില്‍ ഒന്നായതങ്ങളുടെ ദേശം അധിനിവേശം ചെയ്ത ഇസ്രയേലിനു അടിയറ വെക്കേണ്ടിവന്നു ചിതറിപ്പോകുന്ന പലസ്തീന്‍ ജനത ഇതര ഇടങ്ങളില്‍ ജീവിതവും അസ്തിത്വവും കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ അങ്കലാപ്പുകള്‍ എന്നത് തന്നെയാണ് അത്. പലസ്തീന്‍ ദുരന്തത്തെ സംബന്ധിച്ച അത്തരം വലിയ ചിത്രത്തെ (big picture) കണ്ടില്ലെന്നു നടിച്ചു ഒരാള്‍ക്കും എഴുതാനാകില്ല എന്നത് തീര്‍ച്ച തന്നെയാണ്.

‘ഉപ്പുഭവനങ്ങള്‍..

ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യം മുതല്‍ പുതിയ നൂറ്റാണ്ടിന്‍റെ ആദ്യ ദശകം വരെയുള്ള കാലയളവുകളിലായി നാല് തലമുറകള്‍ നീളുന്ന ഒരു പലസ്തീന്‍ കുടുംബ കഥയാണ് നോവല്‍ പറയുന്നത്. വ്യത്യസ്ത യുദ്ധങ്ങളും യുദ്ധ സമാന സാഹചര്യങ്ങളും മൂലം പലവുരു നാടുവിടേണ്ടി വരുന്നവര്‍. എന്നാല്‍ പ്രസ്തുത സംഘര്‍ഷങ്ങള്‍ നോവലിന്‍റെ കേന്ദ്ര പരിഗണന എന്ന നിലയിലല്ലമറിച്ചു തലമുറകളിലൂടെ നീളുന്ന സ്വതപ്രതിസന്ധികള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള തൊടുത്തുവിടല്‍ എന്ന നിലയില്‍ മാത്രമാണ് പ്രസക്തമാകുന്നത് എന്നിടത്താണ് സാഹിത്യ പാരമ്പര്യത്തില്‍ നേരത്തെ സൂചിപ്പിച്ച വേറിട്ടുപോക്ക് സാധ്യമാകുന്നത്.  കുടുംബ നാഥയായ സെല്‍മയുടെ വീക്ഷണത്തില്‍ ആരംഭിക്കുന്ന നോവലില്‍നബ് ലൂസിലെ മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട യാക്കോബ് കുടുംബം- സെല്‍മയും ഹുസാമും മക്കളായ വിദാദ്ആലിയമുസ്തഫ എന്നിവരോടൊപ്പം,  നക്ബയുടെ ഘട്ടത്തില്‍ അന്നത്തോടെ പുതുരാഷ്ട്രത്തിന്‍റെ ഭാഗമായിത്തീര്‍ന്ന ജാഫയില്‍ നിന്ന് ഓടിപ്പോന്നവരാണ്.  അതായിരുന്നു  ആദ്യ പലായനം. ആ പലായനം അന്നേറെ ഉലച്ചത്‌ എല്ലാം നിശ്ശബ്ദം സഹിക്കാന്‍ മാത്രം കഴിഞ്ഞ മൂത്ത മകള്‍ വിദാദിനെ ആയിരുന്നു:

“നബ് ലൂസിലെ പുതിയ വീട്ടില്‍ അവള്‍ ഉത്സാഹരഹിതയായി  ചുറ്റിത്തിരിഞ്ഞുഒരു വാക്കും മിണ്ടാതെ ഭക്ഷണ മേശയിലിരുന്നു. ജാഫയെ കുറിച്ച് അവളൊരിക്കലും മിണ്ടിയില്ലരോഗിയായ പിതാവ് അവള്‍ക്ക് വിവാഹ സമയമായെന്നു പറഞ്ഞപ്പോഴും അവള്‍ പ്രതിഷേധിച്ചില്ല. സെല്‍മയുടെ അരികില്‍ മാത്രം അവള്‍ കരഞ്ഞുതോട്ടത്തിലിരിക്കെചായക്കോപ്പയിലെ ആവിക്കു മുകളില്‍ വളഞ്ഞുകുത്തി ഇരുന്ന അവളുടെ കണ്ണീര്‍ ഒഴുകി.”

ജാഫയിലെ ഓറഞ്ചു തോട്ടങ്ങളെയോര്‍ത്തു വേദനിച്ചെങ്കിലും കുഞ്ഞുങ്ങളുടെ സംരക്ഷണം മുന്നില്‍ക്കണ്ട് സെല്‍മ എല്ലാം ഉള്ളിലൊതുക്കി.

1963ല്‍ഇളയ മകള്‍ ആലിയയും കാമുകനായ ആതിഫുമായുള്ള വിവാഹത്തലേന്ന് സംഭവിക്കുന്ന പ്രവചനസ്വഭാവമുള്ള ഒരു സംഭവത്തോടെയാണ് നോവലിന്‍റെ തുടക്കം. മകളുടെ ചായക്കോപ്പയിലെ അവശിഷ്ടത്തില്‍ അവളുടെ ഭാവി വായിക്കുന്ന സെല്‍മഅത് തുറന്നു പറയുന്നില്ല: അനിശ്ചിതത്വവും ഭവന നഷ്ടങ്ങളും പലായനങ്ങളുമാണ് അവര്‍ വായിച്ചെടുക്കുന്നത്. തുടര്‍ന്ന്ഓരോ അധ്യായവും ഓരോ തലമുറയുടെ പ്രതിനിധികളായ കഥാപാത്രങ്ങളുടെ വീക്ഷണകോണിലാണ് അവതരിപ്പിക്കപ്പെടുന്നത്. തലക്കെട്ടിന്‍റെ ഉറവിടത്തെ കുറിച്ച് നോവലില്‍ത്തന്നെഏതാണ്ട് ഒടുവില്‍ ആതിഫിന്‍റെ വീക്ഷണത്തില്‍ നാം വായിക്കുന്നു:

“ആ വീട്. അതിനുശേഷം വന്നവ. അന്തര്‍പ്രേരണയാല്‍ ഭൂമിയില്‍ സ്പര്‍ശിച്ചു കൊണ്ട് അയാള്‍ അവയെ കുറിച്ചോര്‍ക്കുന്നു. അവര്‍ താമസിച്ച വീടുകളെല്ലാംഎത്ര ജാലകങ്ങള്‍ ഒരാള്‍ സ്വന്തമാക്കണം?  അവര്‍ വാങ്ങിയ ഇബ്രിക്കുകള്‍പരവതാനികള്‍ജാലക വിരികളും എല്ലാംആ വീടുകള്‍ അയാളുടെ മനസ്സില്‍ ജിന്നുകളെ പോലെഭൂതകാല പ്രണയികളെ പോലെ പൊങ്ങിവന്നു. അയാളുടെ ഉമ്മയുടെ വീടിന്‍റെ ചെരിഞ്ഞ മേല്‍പ്പുരസെല്‍മയുടെ അടുക്കളയിലെ മാര്‍ബിള്‍ ടൈലുകള്‍നബ് ലൂസില്‍ ആലിയക്കൊപ്പം കഴിഞ്ഞ ചെറിയ വീട്. കുവൈറ്റിലെ വീട്. ഇവിടെഅമ്മാനിലെ ഈ വീട്... അവ തിരകള്‍ കടന്നുവന്നു അവയെ തുടച്ചെടുത്തു കൊണ്ടുംപോകും മുമ്പുള്ള ഉപ്പില്‍ പണിത കെട്ടിടങ്ങള്‍ പോലെ അയാളുടെ മനസ്സില്‍ തൂവെള്ളയായി തിളങ്ങി.”

ഉറക്കാത്ത വേരുകള്‍

സെല്‍മയുടെ മൂത്തമകളും കടുത്ത മതയാഥാസ്ഥിതിക നിലപടുകാരിയുമായ  വിദാദ് വിവാഹാനന്തരം കുടുംബസമേതം കുവൈറ്റിലാണ് താമസം. ഹിജാബ് ധരിക്കാന്‍ കൂട്ടാക്കാത്ത ഏറ്റവും ഇളയവള്‍ ആലിയ സ്വതന്ത്രബുദ്ധിയാണ്.  രണ്ടാമനെങ്കിലും ഉമ്മയുടെ ചെല്ലക്കുട്ടിയായ മുസ്തഫക്ക് തൊഴിലാളി സ്ത്രീയായ അയായോടുള്ള പ്രണയം കുടുംബസാമൂഹിക കാരണങ്ങളാല്‍ വിവാഹത്തിലേക്ക് പൂരിപ്പിക്കാന്‍ കഴിയാത്തത് അയാളുടെ  ഊര്‍ജ്ജം  പോരാട്ട വഴികളിലേക്ക് തിരിക്കുന്നതില്‍ മനോവിജ്ഞാനീയ തലങ്ങള്‍ നിരീക്ഷിക്കാനായേക്കും. നവയുവാവ് 1967ലെ ആറുദിന യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. നബ് ലൂസിന്‍റെ  വീഴ്ച്ചയെ തുടര്‍ന്ന് പലസ്തീന്‍ വിടേണ്ടി വരുന്ന  ആലിയയും ആതിഫും കുവൈറ്റിലേക്ക് പോകുന്നു. ഇതാണ് മൂന്നാം പലായനം. എന്നാല്‍  ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ദാരിദ്യ്രം പോലുള്ള പതിവു പ്രശ്നങ്ങള്‍ ഒന്നും അവര്‍ക്ക് നേരിടേണ്ടി വരുന്നില്ല എന്നത് നോവലിസ്റ്റ് അടിവരയിടുന്നുണ്ട്. അതേസമയം കടുത്ത ചൂടും തങ്ങള്‍ക്ക് എങ്ങും പോകാനാകില്ലല്ലോ എന്ന ചിന്തയും ആലിയയെ മഥിക്കുന്നു. ഭവനനഷ്ടത്തിന്‍റെയും അന്യതാബോധത്തിന്‍റെയും കൂടെഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന മുസ്തഫയുടെ അന്ത്യം നേരില്‍ കാണാന്‍ ഇടയായതിന്‍റെ നടുക്കം PTSD ആയും ‘അതിജീവിച്ചവന്‍റെ കുറ്റബോധം’ (survivor’s guilt) ആയും ആതിഫിനെ വേട്ടയാടുന്നു. കുറ്റബോധം മറികടക്കാനായി ആതിഫ് മുസ്തഫക്ക് എഴുതിത്തുടങ്ങുന്ന കത്തുകള്‍നോവലിലെ പ്രധാന ചരിത്ര നിക്ഷേപമാണ്. നാലാം തലമുറയിലെത്തുമ്പോള്‍ ജാഫയിലേക്ക് പോകാന്‍ മനാറിനെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം അതായിരിക്കും.

ഒരു മകനും രണ്ടു പെണ്മക്കളും പിറക്കുന്ന  ആലിയ-ആതിഫ് ദമ്പതികള്‍ക്ക് അവരെ എങ്ങനെ വളര്‍ത്തണം എന്നതില്‍കുവൈറ്റ് നഗരത്തിലെ പാശ്ചാത്യ സംസ്കാരസ്വാധീനത്തെ ഭയമുണ്ടെങ്കിലും  അവരെ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ചേര്‍ക്കാന്‍ ആതിഫ് തയ്യാറാകുന്നു. ഈ സ്വച്ഛത തകര്‍ത്തു കൊണ്ടാണ് 1990-ലെ സദ്ദാമിന്‍റെ കുവൈറ്റ് ആക്രമണം സംഭവിക്കുന്നത്‌. കുടുംബത്തെ സംബന്ധിച്ച് അത് ഒരിക്കല്‍ക്കൂടി പാലായന ഘട്ടമാണ്. ഇത്തവണ അമ്മാനിലേക്ക്. മക്കളുടെ കാര്യത്തിലും ചരിത്രം ആവര്‍ത്തിക്കുന്നുണ്ട്: മുത്തശ്ശി സെല്‍മയോട് ഏറെ ഇഷ്ടമുള്ള മൂത്ത മകള്‍ റിഹാംകടുത്ത മതവിശ്വാസിനിയും ഹിജാബ് ധാരിയുമായിത്തീരുമ്പോള്‍രണ്ടാമത്തവള്‍ സുവാദ് ഉമ്മയെപ്പോലെ സ്വതന്ത്രബുദ്ധിയാണ്. എന്നാല്‍സ്വന്തം മുറിക്കകത്ത് ബാലെ നൃത്തത്തില്‍ മുഴുകുന്ന റിഹാമിനെ നാം കാണുന്നുമുണ്ട്. വാസ്തവത്തില്‍ നോവലില്‍ ഉടനീളം പാത്രസൃഷ്ടിയുടെ ഇത്തരം ത്രിമാനത പ്രകടമാണ്: ഒരൊറ്റ പ്രകൃതത്തില്‍ കുരുങ്ങിപ്പോയ കാര്‍ഡ്ബോര്‍ഡ് ജീവികളല്ല ഒരാളും. പാവപ്പെട്ടവരുടെ ഡോക്റ്ററായ ജോര്‍ദാന്‍കാരന്‍ ലത്തീഫിനെ  വിവാഹം കഴിച്ച റിഹാം അമ്മാനിലേക്ക് പോകുമ്പോള്‍, സുവാദ് സ്കൂള്‍ വിദ്യാഭ്യാസത്തിനു പാരീസിലേക്കും, കറം ബോസ്റ്റണിലേക്കും അയക്കപ്പെടുന്നു. കളിക്കൂട്ടുകാരന്‍ ഏലിയെ വിവാഹം കഴിക്കുന്ന സുവാദ്തുടര്‍ന്ന് ബോസ്റ്റണില്‍ കറമിനോട് ചേരും.  നാലാം തലമുറയിലെത്തുമ്പോള്‍സുവാദിന്‍റെ മകള്‍ മനാര്‍ തീര്‍ത്തും അമേരിക്കന്‍ രീതികളില്‍ വളര്‍ന്നവളായിട്ടും യൂണിവേഴ്സിറ്റി സഹാപാഠികളില്‍ നിന്ന് വംശവെറിയുടെ മുന്‍വിധികള്‍ നേരിടേണ്ടി വരുന്നു. 9/11 ചര്‍ച്ച ചെയ്യുമ്പോള്‍ ഭീകരര്‍ എന്നതിന് പകരം അറബികള്‍ എന്ന് തെറ്റിപ്പറയുന്ന ചരിത്രാധ്യാപകന്‍ ഒരപൂര്‍വ്വതയല്ല. പലസ്തീനികള്‍ അക്രമവാസനയുള്ളവരാണ് എന്ന നിരന്തര അപരവല്‍ക്കരണം ഇത്രയേറെ സമന്വയ ശ്രമങ്ങള്‍ക്കും സാംസ്കാരിക മിശ്രണത്തിനും (hybridity) ശേഷവും നേരിടേണ്ടി വരുന്നത്വേരുകളോട് ബാന്ധവം പുന:സ്ഥാപിക്കാനുള്ള മനാറിന്‍റെ തീരുമാനത്തെ ശക്തിപ്പെടുത്തും.

ചിതറിപ്പോകുന്ന കുടുംബത്തിന്‍റെ ഒരുമയുടെയും വൈകാരിക പങ്കുവെപ്പിന്‍റെയും തുടര്‍ച്ച ഉറപ്പുവരുത്തുന്നത് വേനലവധിക്കാലത്ത് ബൈറൂത്തില്‍ പതിവായി ഒരുമിച്ചുചേരുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മുത്തച്ചന്‍റെയും മുത്തശ്ശിയുടെയും മുതുമുത്തശ്ശി സെല്‍മയുടെയും പലസ്തീന്‍ ഓര്‍മ്മകളില്‍ മുഴുകുന്നതാണ് മനാറിനെ കുടുംബത്തിന്‍റെ ജന്മദേശം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിട്ടുപോന്ന ജന്മഗേഹം മറ്റൊന്നു കൊണ്ടും പകരം വെക്കാനാവില്ലെന്നതിന്‍റെചിതറലിന്‍റെനഷ്ടബോധമാണ് തലമുറകളെ ചേര്‍ത്തുനിര്‍ത്തുന്നത്. അതവരുടെ സഞ്ചിതസ്മൃതിയുടെ ഭാഗമായിത്തീരുകയും പുതുതലമുറയെയും പിന്‍വിളിയായി പിന്തുടരുകയും ചെയ്യുന്നു എന്നതാണ് ഡയസ്‌പോറ സാഹിത്യത്തിന്‍റെവിശേഷിച്ചും ദേശം തന്നെയും ഓര്‍മ്മകളുടെയും വൈകാരിക സാന്നിധ്യത്തിന്‍റെയും മാത്രം ഉണ്മയായ പലസ്തീനിന്‍റെ കാര്യത്തില്‍, അടിത്തറ.  സാമ്പത്തികമായി വളരെ നല്ല നിലയിലുള്ള ഒരു കുടുംബത്തെ ആഖ്യാന കേന്ദ്രത്തില്‍ നിര്‍ത്തുന്നതിലൂടെ നോവലിസ്റ്റ് സൂചിപ്പിക്കുന്നത്, യുദ്ധം എല്ലാവരെയും ഒരുപോലെ തകര്‍ത്തെറിയുന്നു എന്നുകൂടിയാണ്. അസ്തിത്വത്തെ തന്നെ കടപുഴക്കുകയും ഐഡന്റിറ്റി തകര്‍ത്ത് ആ സ്ഥാനത്ത് അവ്യക്തമായ, കൃത്യതയില്ലാത്ത ഒന്ന് (fluid identity) കൊണ്ട് പീഡിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇനിയൊരിക്കലും തിരികെ ലഭിക്കില്ലെന്നറിയുമ്പോഴും ഓര്‍മ്മകളിലും ഹ്രസ്വ സന്ദര്‍ശനങ്ങളിലുമെങ്കിലും തായ് വേരുകള്‍ കൂട്ടിത്തുന്നിയെടുക്കാന്‍ പ്രേരണ വളരുന്നത്‌. പുതിയ കാലത്തെ ജാഫയിലെത്തി തന്‍റെ കുടുംബ ചരിത്രത്തോടും പാരമ്പര്യത്തോടും കണ്ണി ചേരാന്‍ ശ്രമിക്കുന്ന മനാറിനെ  നാം കാണുന്നു.  നബ് ലൂസ് സന്ദര്‍ശിക്കുമെങ്കിലും അതവള്‍ക്ക് തീര്‍ത്തും അന്യമാണ്.

റാഡിക്കല്‍ / വിശ്വാസ മുഖാമുഖങ്ങള്‍

ഉമ്മയുടെ ചെല്ലക്കുട്ടിയും സുമുഖനുമായ മുസ്തഫയില്‍ സംഭവിക്കുന്ന മാറ്റങ്ങളും അയാളുടെ അന്ത്യവുംമാറ്റം ആഗ്രഹിക്കുന്ന യുവമനസ്സുകളെ യുദ്ധം എങ്ങനെയാണു റാഡിക്കല്‍ ചിന്താഗതിയിലെത്തിക്കുന്നത് എന്നതിന്‍റെ നിദര്‍ശനമാണ്. വിശ്വാസകാര്യങ്ങളില്‍ അത്രക്കൊന്നും ദൃഡചിത്തനല്ലായിരുന്ന മുസ്തഫഅടിച്ചമര്‍ത്തലുകള്‍ക്കെതിരെ പള്ളിയിലെത്തുന്ന വിശ്വാസികളുടെ മുന്നില്‍ സ്വയം വക്താവായിത്തീരുന്നു. തനിക്കു നടത്താനുള്ള പ്രസംഗം  ആസ്വദിച്ചു ആവര്‍ത്തിച്ചു പഠിക്കുകയും ആതിഫിനോടൊപ്പം ചൂടുള്ള രാഷ്ട്രീയ സംവാദങ്ങള്‍ പരിശീലിക്കുകയും ചെയ്യുന്ന മുസ്തഫ അതേസമയം ജീവിതം ആസ്വദിക്കുന്നുമുണ്ട്. അയാളുടെ പ്രസംഗം രൂക്ഷമാണെങ്കിലും ജിഹാദി പോരാളികളെ കുറിച്ചുള്ള പാശ്ചാത്യ സങ്കല്‍പ്പത്തിലെ കഠിനമുഖനല്ലതരളമായ സമൂഹസ്നേഹമുള്ളവനാണ് അയാള്‍. “വിശ്വാസികളെ ഒരു മുറിയിലും മറ്റുള്ളവരെ മറ്റൊന്നിലുമായി ഒരുമിപ്പിക്കുന്ന പക്ഷം തെറ്റായ ഇടത്തില്‍ ആവാന്‍ അയാള്‍ ആഗ്രഹിച്ചില്ല” എന്നേയുള്ളൂ അയാളുടെ കാര്യം. ആത്മീയതയുടെയും പ്രാര്‍ത്ഥനയുടെയും പഠനത്തിന്‍റെയും കേന്ദ്രമായ പള്ളിഭരണകൂട അടിച്ചമര്‍ത്തലിനെതിരെ പ്രചരണം നടത്താനും പോരാട്ട വീര്യമുണര്‍ത്താനും ഉള്ള കേന്ദ്രമായിത്തീരുന്നു. വിശ്വാസകാര്യങ്ങളിലെ മുസ്തഫയുടെ ചാഞ്ചാട്ടം മറ്റൊരു പ്രധാന പ്രമേയും കൂടി മുന്നോട്ടു വെക്കുന്നുണ്ട്: മുസ്ലിംകളില്‍ എല്ലാവരും തികഞ്ഞ വിശ്വാസികളല്ലഅഥവാവിശ്വാസബലമല്ല അവരുടെ നിലപാടുകളെ നിര്‍ണ്ണയിക്കുന്നതില്‍ സര്‍വ്വപ്രധാനം. സാധാരണ മനുഷ്യരുടെ വികാര വിചാരങ്ങളും സ്വപ്നങ്ങളും ദൌര്‍ബല്യങ്ങളും ഉള്ള ഒരാളായിഉമ്മയും കുടുംബവും സമൂഹവും എന്ത് ചിന്തിക്കും എന്നോര്‍ത്തു തീവ്ര പ്രണയം പോലും വിസ്മരിക്കാന്‍ തയ്യാറാകുന്ന ഒരുവനായി മുസ്തഫയെ അവതരിപ്പിക്കുന്നതില്‍  നോവലിസ്റ്റിനു കൃത്യമായ കാഴ്ചപ്പാടുണ്ട്. അത് മുസ്ലിം യുവാക്കളുടെ പോരാട്ടത്തെ കുറിച്ചുള്ള പാശ്ചാത്യ നിര്‍മ്മിതികളെയും ഇസ്ലാമോഫോബിയയുടെ വാര്‍പ്പുസങ്കല്‍പ്പങ്ങളെയും സൗമ്യമായി നിരാകരിക്കുന്നു.

ഒന്നാം തലമുറയില്‍ വിദാദിനും മൂന്നാം തലമുറയില്‍ റിഹാമിനും നാലാം തലമുറയില്‍ അബ്ദുല്ലക്കും വിശ്വാസമാണ് അവരുടെ ദാര്‍ശനികനൈതികവൈകാരിക നങ്കൂരമെങ്കില്‍മുസ്തഫക്ക് അതൊരു തന്ത്രപരമായ തെരഞ്ഞെടുപ്പാണ്. ഹിജാബ് ധരിക്കാത്ത ആലിയയല്ലമുത്തശ്ശി സെല്‍മയാണ് റിഹാമിനെ സ്വാധീനിക്കുക. അതേസമയംഭര്‍ത്താവ് ചില്ലിക്കാശു പോലും വാങ്ങാതെ അഭയാര്‍ഥികളെയും മുറിവേറ്റവരെയും ചികിത്സിക്കുന്നതില്‍  ആദ്യമൊക്കെ അഭിമാനം കൊണ്ടിരുന്ന റിഹാംപിന്നെപ്പിന്നെ ആ നഷ്ടക്കച്ചവടത്തില്‍ അസന്തുഷ്ടയാകുന്നതും മറ്റു ഡോക്റ്റര്‍മാരെ പോലെ സമ്പാദിക്കാന്‍ കഴിയാത്തതില്‍ മുറുമുറുക്കുന്നതും അവരെ ഒരു വിശുദ്ധ വനിതയായൊന്നും കാണേണ്ടതില്ല എന്നും വിശ്വാസകാര്‍ക്കശ്യങ്ങളിലും മാനുഷിക അല്പ്പത്തങ്ങള്‍ സ്വാഭാവികമാണ് എന്നും  അടിവരയിടുന്നു. തലമുറകള്‍ മാറുമ്പോള്‍ കടുംപിടുത്തങ്ങള്‍ അയഞ്ഞു തുടങ്ങുന്നതും വ്യക്തമാണ്‌. ഹിജാബ് ധരിക്കുന്നത് ഒഴിവാക്കുന്ന ആലിയ പക്ഷെതന്‍റെ പെണ്മക്കള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അസ്വസ്ഥയാകുന്നുണ്ട്. എന്നാല്‍ അതേ തലമുറക്കാരിയാണ്‌ റിഹാം. ഒടുവില്‍നോവലിസ്റ്റ് സമര്‍ഥിക്കുന്നത്അതെല്ലാം തെരഞ്ഞെടുപ്പാകണംനിര്‍ബന്ധങ്ങള്‍ ആകരുത് എന്നുതന്നെയകാം.

പുതുസാഹിത്യത്തിന്‍റെ വഴികള്‍

ഘാനനൈജീരിയയു.എസ്. എന്നിവിടങ്ങളിലായി ചിതറിപ്പോകുന്ന ഉപരി-മധ്യവര്‍ഗ്ഗ കുടുംബത്തിന്‍റെ  കഥ പറയുന്ന നൈജീരിയന്‍-ഘാനിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് തായേ സലാസിയുടെ വിഖ്യാതമായ Ghana Must Go എന്ന നോവലുമായി Salt Houses ചേര്‍ത്തു പരിശോധിക്കപ്പെട്ടിട്ടുണ്ട് (Ilana Masad, lareviewofbooks.org). ദാരിദ്യംയുദ്ധംഅഴിമതി തുടങ്ങിയ പതിവു ചേരുവകള്‍ അടയാളപ്പെടുത്തുന്ന ‘ആഫ്രിക്കന്‍’ വാര്‍പ്പുമാതൃകാ ആഖ്യാനങ്ങളെ ബോധപൂര്‍വ്വം നിരസിക്കുന്നുണ്ട് സലാസിയുടെ നോവല്‍.  ഏതാണ്ട് സമാനമാണ് പതിവു പലസ്തീന്‍ ആഖ്യാനങ്ങളില്‍ നിന്നുള്ള അല്‍യാന്‍റെ വേറിട്ടുപോക്ക്.  അഭയാര്‍ഥി പ്രതിസന്ധി പോലുള്ള സമകാലിക സാഹചര്യത്തില്‍ ടെന്റ് ജീവിതങ്ങളോചേരികളിലെ ദുരിതങ്ങളോ വിഷയമാകുന്നില്ലാത്ത നോവല്‍ എന്നത് മാത്രമല്ല,  സമ്പന്ന സാഹചര്യത്തിലും നേരിടേണ്ടി വരുന്ന ദേശനഷ്ട വ്യഥകളും ഐഡന്റിറ്റി പ്രതിസന്ധികളും ആവിഷ്കരിക്കുന്ന കൃതി എന്ന നിലയില്‍ ‘ഉപ്പു ഭവനങ്ങള്‍’ പലസ്തീന്‍ ഡയസ്‌പോറ രചനകളില്‍ വേറിട്ടു നില്‍ക്കുന്നു. സലാസിയുടെ നോവലില്‍ എന്നപോലെ ഇവിടെയും പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ വലിയ ചിത്രം വായനക്കാര്‍ക്ക്  സാമാന്യ ധാരണയുണ്ട് എന്ന നിലയിലാണ് സൂചിതമാകുന്നത്.

ഹല അല്‍യാന്‍ ഒരു കവിയാണ്‌ എന്നതിന്‍റെ മുദ്രകള്‍  ഏറ്റവും തെളിഞ്ഞു കാണാനാകുക നോവലിന്‍റെ അവസാന ഭാഗങ്ങളിലാണ്വിശേഷിച്ചും സമാപന അധ്യായത്തില്‍ (Epilogue).   കടല്‍ക്കോളു കൊണ്ട ഒരു ജീവിതത്തിന്‍റെ സാരാംശം ഓര്‍ത്തെടുക്കുന്ന വയോധികയായ ആലിയയുടെ മനസ്സ് നോവലിസ്റ്റ് പകര്‍ത്തിവെക്കുന്നു:

“അവളുടെ കല്യാണത്തലേന്ന് ഉമ്മ എന്തോ അറിഞ്ഞിരുന്നു. ആലിയ അവരുടെ ചുണ്ടുകള്‍ വലിഞ്ഞു മുറുകിയിരുന്നതും, താഴോട്ടുള്ള മുഖം നോട്ടവും  ഓര്‍ത്തെടുക്കുന്നുഎന്നാല്‍ സന്തോഷം കൊണ്ടും  തന്നില്‍ത്തന്നെ ലയിച്ചുപോയിരുന്നതു കൊണ്ടും അവളൊന്നും പറഞ്ഞിരുന്നില്ല, പിന്നീട് ചോദിക്കാമെന്നു മനസ്സില്‍ കുറിക്കുകയും ചെയ്തു. എന്നാല്‍ ആ പിന്നീട് എന്നും അകന്നു പോയി...ഭാര്യയാവുന്നതിന്‍റെയുദ്ധത്തിന്‍റെ, പിന്നെ കുവൈറ്റ്മുസ്തഫ - എല്ലാത്തിന്‍റെയും  കൊടുംകാറ്റു പിടിച്ച വര്‍ഷങ്ങള്‍. അവനെ കുറിച്ചുള്ള ചിന്ത അവളുടെ ശ്വാസകോശം കാലിയാക്കി. ... ജീവിതമാകട്ടെതീരത്തടിയുന്ന ചെറുചിപ്പി പോലെ അവളെ തൂത്തു നീക്കിക്കൊണ്ടിരുന്നു, വീണ്ടും വീണ്ടും അടിയിച്ചു കൊണ്ടിരുന്നു. എന്നിട്ടിപ്പോള്‍   ഇതാ അവള്‍ വൃദ്ധയായിക്കഴിഞ്ഞു. ഉമ്മ മരിച്ചു പോയി. ചോദിക്കാനിരുന്ന ചോദ്യം ചോദിക്കാന്‍ ഇനിയാരുമില്ല”.


 read more:

Ghana Must Go by Taiye Selasi

https://alittlesomethings.blogspot.com/2016/08/blog-post_59.html

Americanah by Chimamanda Ngozi Adichie

 https://alittlesomethings.blogspot.com/2024/08/americanah-by-chimamanda-ngozi-adichie.html

Minor Detail by Adania Shibli

https://alittlesomethings.blogspot.com/2024/09/minor-detail-by-adania-shibli.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html