Featured Post

Showing posts sorted by date for query Eve out of Her Ruins by Ananda Devi. Sort by relevance Show all posts
Showing posts sorted by date for query Eve out of Her Ruins by Ananda Devi. Sort by relevance Show all posts

Wednesday, April 30, 2025

Eve out of Her Ruins by Ananda Devi / Jeffrey Zuckerman

 ആത്മപീഡയുടെ കവചം



“my mouth will be the mouth of those calamities that have no mouth”

-     Aimé Césaire

ഇന്ത്യന്‍ - ക്രിയോള്‍ പാരമ്പര്യമുള്ള മോറീഷ്യന്‍ എഴുത്തുകാരി ആനന്ദ ദേവിയുടെ കൃതികള്‍ ഇന്‍ഡോ- മോറീഷ്യന്‍ സമൂഹത്തിലെ സ്ത്രീത്വത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയും പ്രശ്നങ്ങളെ കാവ്യാത്മക, ഭാവഗീതാത്മക ശൈലിയില്‍ ആവിഷ്കരിക്കുന്നു. പതിനഞ്ചാം വയസ്സില്‍ ആദ്യ സാഹിത്യ സമ്മാനം നേടിയ ആനന്ദ ദേവി, തുടര്‍ന്നിങ്ങോട്ട്‌ ഒട്ടേറെ വിഖ്യാത പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സാഹിത്യ ചര്‍ച്ചകളില്‍ അത്രയൊന്നും കൊണ്ടാടപ്പെട്ട ഒന്നല്ല മോറീഷ്യന്‍ സാഹിത്യമെങ്കിലും ആനന്ദാ ദേവിയുടെ സംഭാവനകളിലൂടെ ആ കുറവ്  വലിയ തോതില്‍   അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഭയും ധീരമായ വീക്ഷണവും വിട്ടുവീഴ്ചയില്ലാത്ത നൈതികതയും ചേര്‍ന്ന സമ്പന്നമായ രചനാ ലോകത്തിലൂടെ അവര്‍ സ്വന്തം നാട്ടുകാരനായ മറ്റൊരു വലിയ ജീനിയസ്സിന്റെ പാത പിന്തുടര്‍ന്നു: നോബല്‍ പുരസ്കാര ജേതാവായ സാക്ഷാല്‍ ഴാങ് മറീ ഗിസ്റ്റാഫ് ലെ ക്ലെസിയോയുടെ. കാവ്യസുന്ദരമായ ഗദ്യമുപയോഗിച്ചു ദാരിദ്ര്യവും സ്ത്രീവിരുദ്ധതയും ‘വിഷലിപ്തമായ പൌരുഷവും’ (toxic masculinity) അടയാളപ്പെടുത്തുന്ന പ്രാദേശിക ജീവിതം ചിത്രീകരിക്കുന്നതിലൂടെ നതാഷ അപ്പനായെ പോലുള്ള മറ്റു മോറീഷ്യന്‍ എഴുത്തുകാര്‍ക്ക് അവര്‍ വഴികാട്ടിയുമായി. എട്ടു നോവലുകളും കുറെയേറെ ചെറുകഥാ - കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള അവരുടെ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട രണ്ടാമത് നോവലാണ്‌ Eve Out of Her Ruins.  

ബഹുസ്വരമായി ആവിഷ്കരിക്കപ്പെടുന്ന ‘ഈവ്’ ടീനേജുകാരായ നാലു പേരുടെ മാറിമാറി വരുന്ന, വ്യക്തിത്വ വൈവിധ്യം വിളിച്ചോതുന്ന സ്വഗതാഖ്യാന സ്വഭാവമുള്ള ചെറു അധ്യായങ്ങളിലൂടെയാണ് ചുരുള്‍ നിവരുന്നത്. മോറീഷ്യസിന്റെ പ്രസിദ്ധമായ ടൂറിസം പോരിമ വിളിച്ചോതുന്ന മാനുവലുകളില്‍ ഇടം പിടിക്കാത്ത കൊടിയ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും മുഖമുദ്രയായ, പോര്‍ട്ട്‌ ലൂയിസ് എന്ന തലസ്ഥാന നഗരിയിലെ കൌമാര/ യുവകുറ്റവാളി സംഘങ്ങള്‍ കയ്യടക്കിയ ട്രോമൊരോണ്‍ ചേരികളുടെ പശ്ചാത്തലത്തില്‍ ഉണര്‍ന്നു വരുന്ന ലൈംഗിഗതയുടെയും സ്വത്വ സംഘര്‍ഷങ്ങളുടെയും മോചനമില്ലാത്ത ഇരുണ്ട സാധ്യതകളുടെ ജീവിതതാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിന്റെയും അനിവാര്യ ദുരന്തങ്ങളുടെയും വ്യര്‍ത്ഥബോധത്തിന്റെയും സ്വയമെരിഞ്ഞടങ്ങുന്ന പ്രതികാരത്തിന്റെയും കഥയാണത്.  ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/eve-out-of-her-ruins-by-ananda-devi-jeffrey-zuckerman


Friday, September 20, 2024

The Dew Breaker by Edwidge Danticat

 ഭൂതകാലത്തിന്റെ നിഴല്‍പ്പാടുകള്‍



ഹെയ്തിയന്‍ - അമേരിക്കന്‍ കഥാകൃത്തും നോവലിസ്റ്റുമായ എഡ് വീജ് ഡാന്റികാഹ് (Edwidge Danticat)  നന്നേ ചെറുപ്പത്തിലെ ന്യു യോര്‍ക്കിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണെങ്കിലും എന്നും ഹെയ്തിയെ തന്റെ നാടും യു. എസ്സിനെ താമസ സ്ഥലവും ആയി കാണുന്ന എഴുത്തുകാരിയാണ്. ദേശീയ വ്യക്തിത്വവും മാതൃ-പുത്രീ ബന്ധവും പ്രവാസജീവിത രാഷ്ട്രീയവുമാണ് അവരുടെ കൃതികളിലെ ഏറ്റവും മുഖ്യമായ ഉത്കണ്ഠകള്‍ എന്ന് പൊതുവേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജന്മനാ ലഭിച്ച ഹെയ്തിയന്‍ ക്രിയോള്‍, ഫ്രഞ്ച് ഭാഷകള്‍ കൂടാതെ അവര്‍ ഇംഗ്ലീഷ് സ്വായത്തമാക്കിയത് ആലിസ് വാക്കര്‍, ജയിംസ് ബാള്‍ഡ് വിന്‍, റിച്ചാര്‍ഡ് റൈറ്റ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചു കൊണ്ടാണ്. ബ്രൌണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഡാന്റികായുടെ ആദ്യ നോവലായ Breath, Eyes, Memory (1994) ഓപ്രാ ബുക്ക് ക്ലബ് സെലക്ഷന്‍ നേടി ശ്രദ്ധേയമായി. Krik? Krak! (1995) നാഷണല്‍ ബുക്ക് അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ The Farming of Bones (1998) അമേരിക്കന്‍ ബുക്ക് അവാര്‍ഡ് നേടി. ഡേയ്റ്റന്‍ ബുക്ക് അവാര്‍ഡ്‌, ആന്‍ഡ്രൂ കാര്‍നഗീ മെഡല്‍ തുടങ്ങി എഴുത്തില്‍ന്റെ മേഖലയില്‍ അവരെ തേടിയെത്തിയ പുരസ്കാരങ്ങള്‍ ഒട്ടേറെയാണ്. ഡാന്റികായുടെ നോവലുകളില്‍ ഏറ്റവും പ്രശസ്തമായ The Dew Breaker (2004) വിഖ്യാതമായ അനിസ്ഫീല്‍ഡ് ബുക്ക് അവാര്‍ഡ്‌ നേടുകയും വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ ഒരു പോലെ പിടിച്ചു പറ്റുകയും ചെയ്ത കൃതിയാണ്.

            1957 -ല്‍ ഹെയ്തിയില്‍ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ആയി അധികാരത്തിലേറിയ ഗ്രാമീണ ഡോക്റ്റര്‍ ഫ്രാന്‍സ്വാ ഡുവാലിയര്‍ (‘പപ്പാ ഡോക്’) പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ ചരിത്രത്തിലെ ഏറ്റവും കിരാതനായ ഏകാധിപതികളില്‍ ഒരാളായി മാറിയത് അതിവേഗത്തിലായിരുന്നു. ഹെയ്തിയന്‍ സൈന്യത്തിന്റെയും കാത്തോലിക്ക സഭയുടെയും സ്വാധീനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഡുവാലിയര്‍ രൂപം നല്‍കിയ ‘ദേശീയ സുരക്ഷിതത്വ സന്നദ്ധ സേന’ (Volunteers for National Security)’ എന്ന സര്‍വ്വാധികാര സൈനിക വിഭാഗം ‘Tonton Macoutes’ എന്നറിയപ്പെട്ടു. ഇരകളുടെ വീടുകളില്‍ ഇലകളില്‍ മഞ്ഞുത്തുള്ളികള്‍ തങ്ങിനില്‍ക്കും നേരം” അഥവാ പുലരും മുമ്പ് എത്തുന്ന പീഡകന്റെ രീതിയില്‍ നിന്നാണ് അവര്‍ ‘dew breaker’ എന്നറിയപ്പെട്ടത്. ഡുവാലിയര്‍ ഭരണത്തിന്റെ പതിനാലു വര്‍ഷങ്ങള്‍ക്കിടെ മുപ്പതിനായിരത്തോളം പേരുടെ കുരുതികള്‍ക്കും അതിലുമെത്രയോ പേരുടെ പാലായനത്തിനും ഈ കൊലയാളി സംഘം ഉത്തരവാദികളായി. ഡുവാലിയറുടെ കൊട്ടാരത്തിനകത്ത് പോലും ഇരകളുടെ രക്തം തിരിച്ചറിയാനാവാത്ത രീതിയില്‍ പെയിന്റ് ചെയ്യപ്പെട്ട ഒരു പീഡന മുറി ഉണ്ടായിരുന്നുവെന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവിടെ മറച്ചു പിടിച്ച പഴുതുകളിലൂടെ ആ രംഗങ്ങള്‍ കണ്ടാസ്വദിക്കുമായിരുന്നു സാമ്രാട്ട് തന്നെ. 1971-ല്‍ പിതാവിന്റെ മരണ ശേഷം പുത്രന്‍ ‘ബേബി ഡോക്’ ഴാങ് ക്ലോദ് ഡുവാലിയര്‍ അധികാരത്തിലെത്തിയപ്പോള്‍ പപ്പയുടെ പീഡനാനന്ദ പാരമ്പര്യം കോട്ടം തട്ടാതെ തുടര്‍ന്നു. പത്ര സ്വാതന്ത്ര്യത്തെയും  പ്രതിപക്ഷത്തെയും ഇല്ലാതാക്കിയ മകന്‍, കൊടിയ സാമ്പത്തിക തിരിമറികളിലൂടെ പൊതു ഖജനാവ് കൊള്ളയടിക്കുകയും ചെയ്തു. ഫ്രഞ്ച് സംസാരിക്കുന്ന തീരെ ചെറിയ വരേണ്യ ന്യൂനപക്ഷം രാജ്യത്തെ സമ്പത്തിന്റെ പാതിയും കയ്യടക്കിയെങ്കിലും ക്രിയോള്‍ ജനത അനുഭവിച്ച  അസമത്വത്തെ നേരിടുക ഭരണകൂടത്തിന്റെ അജണ്ടയേ ആയിരുന്നില്ല. ഈ അസംതൃപ്തികളില്‍ സ്വാഭാവികമായി ഉയര്‍ന്നുവന്ന ചെറുത്തുനില്‍പ്പ് എമ്പതുകളില്‍ ശക്തിപ്പെട്ടു. 1983-ല്‍ ഹെയ്തി സന്ദര്‍ശിച്ച പോപ്‌ ജോണ്‍ രണ്ടാമന്‍ മാറ്റം അനിവാര്യമാണെന്ന് ആഹ്വാനം ചെയ്തു. 1986-ല്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായ ഡുവാലിയര്‍ ഫ്രാന്‍സില്‍ അഭയം തേടി. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 1990-ല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലക്കൊണ്ട റോമന്‍ കാതോലിക്ക പുരോഹിതന്‍ ഴാങ് ബര്‍ട്രാണ്ട് അരിസ്റ്റെഡ് 67 ശതമാനം വോട്ടിന്റെ പിന്തുണയോടെ പ്രസിഡന്റ് ആയി എത്തിയതോടെയാണ് ജനാധിപത്യ ക്രമത്തിലേക്കുള്ള ഹെയ്തിയുടെ പരിണാമം യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത്. 2006-ല്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പിലൂടെ റെനെ പ്രെവാല്‍ പ്രസിഡന്റ് ആയതോടെ, ജനാധിപത്യത്തിന്റെ പുതിയൊരു യുഗം ഹെയ്തിയില്‍ ആരംഭിച്ചു.

അറുപതുകളുടെ ഏകാധിപത്യ നാളുകള്‍ തൊട്ടു സമാന്തരമായി ആരംഭിക്കുന്ന ഒന്നാണ് യു. എസ്സിലെക്കുള്ള ഹെയ്തിയന്‍ പൗരന്മാരുടെ പലായനത്തിന്റെ പ്രവാസത്തിന്റെയും ചരിത്രം. സമൂഹത്തിലെ എമ്പത്‌ ശതമാനവും ദാരിദ്ര്യ രേഖക്ക് താഴെ കഴിയാന്‍ വിധിക്കപ്പെട്ട, വിമത ശബ്ദങ്ങളും അങ്ങനെ ആരോപിക്കപ്പെട്ടവയുമെല്ലാം വിവേചനലേശമെന്യേ കൊലയറകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യത്ത് നിന്ന് നിയമ വിരുദ്ധമായി കുടിയേറിയ ഹെയ്തിയന്‍ ജനത, അവര്‍ നാട് വിടാന്‍ കണ്ടെത്തിയ ഉപാധിയുടെ പേരില്‍ ‘boat people’  എന്ന് വിളിക്കപ്പെട്ടു. സൌത്ത് ഫ്ലോറിഡയിലും മയാമിയിലും വെസ്റ്റ് പാം ബീച്ചിലും തമ്പടിച്ച ഈ ഹതഭാഗ്യരില്‍ ഏതെങ്കിലും രീതിയില്‍ നിയമാനുസൃത അഭയം ലഭിച്ചവരില്‍ പലരും പിന്നീട് യു. എസ്. പൌരന്മാര്‍ ആയിത്തീര്‍ന്നു. ഇവരില്‍ പലരും ബാര്‍ബര്‍ ഷോപ്പുകള്‍, ഹെയ്തിയന്‍ ഭക്ഷണ ശാലകള്‍ തുടങ്ങിയവയില്‍ അതിജീവനോപാധികള്‍ കണ്ടെത്തി. ആദ്യതലമുറ ഹെയ്തിയന്‍ കുടിയേറ്റക്കാരില്‍ ഒട്ടുമുക്കാലും ദാരിദ്രരായിരുന്നെങ്കിലും രണ്ടാം തലമുറയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെയും മെച്ചപ്പെട്ട സാമ്പത്തിക നിലയുടെയും ഗുണങ്ങള്‍ ഉണ്ടായി.  

            പരസ്പര ബന്ധിതമായ ഒമ്പത് കഥകളുടെ രൂപത്തിലാണ് നോവലിന്റെ ഘടന. ഡുവാലിയര്‍ ഭരണ കാലത്തെ ഹെയ്തി, അല്ലെങ്കില്‍ ഹെയ്തിയന്‍- അമേരിക്കന്‍ സമൂഹം എന്നിവയാണ് ഓരോ കഥകളുടെയും പശ്ചാത്തലം. തന്റെ പൂര്‍വ്വകാലം പിറകില്‍ ഉപേക്ഷിച്ച് ന്യുയോര്‍ക്കിലെ ഹെയ്ത്തിയന്‍ പ്രവാസി സമൂഹത്തിനിടയില്‍ ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിശ്ശബ്ദം കഴിയാന്‍ ശ്രമിക്കുന്ന ഒരു മുന്‍കാല ഡുവാലിയര്‍ കൊലയാളി സൈനികനാണ് തലക്കെട്ടിലെ കഥാപാത്രം. മറവിയിലൂടെ പാപ ദണ്ഡനം ചെയ്യാന്‍ ശ്രമിക്കുന്ന കഥാപാത്രത്തിലൂടെ പീഡകന്റെ മനസ്സിന്റെ ദുരൂഹ വഴികളും സഹാനുഭൂതിയുടെ പരിധികളും നിരീക്ഷിക്കുകയാണ് നോവലിസ്റ്റ്.

ആദ്യ ഭാഗമായ കാ - യുടെ പുസ്തകം (The Book of Ka) നോവലിലെ മൂന്നു മുഖ്യ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. ഹെയ്തിയന്‍ അമേരിക്കന്‍ ടെലിവിഷന്‍ താരവും അപൂര്‍വ്വ വസ്തുക്കള്‍ ശേഖരിക്കുന്ന കമ്പക്കാരനുമായ ഗബ്രിയേല്‍ ഫോണ്ടെനുവിനു ഒരു മഹാഗണി പ്രതിമ വില്‍ക്കാന്‍ പിതാവിനൊപ്പം പോകുന്ന പെണ്‍കുട്ടിയുടെ ജീവിതം ആ യാത്ര നിനച്ചിരിക്കാത്ത ചില വെളിപാടുകള്‍ കൊണ്ട് തകിടം മറിക്കും: പിതാവിന്റെ രൂപം കൊത്തിയ ശില്‍പ്പം പുഴയില്‍ എറിഞ്ഞു കളഞ്ഞെന്ന് ഒരു പകലിന്റെ ദുരൂഹമായ തിരോധാനത്തിനു ശേഷം തിരിച്ചെത്തുമ്പോള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു. കുപിതയായ പെണ്‍കുട്ടിയോട് അയാളത് വിശദീകരിക്കുക താനതിനു യോഗ്യനല്ല എന്നാണ്. കേട്ടുവളര്‍ന്ന കഥകളില്‍ നിന്ന് വ്യത്യസ്തമായി അയാളൊരിക്കലും ഹെയ്തിയില്‍ തടവിലായിരുന്നില്ല എന്നും മറിച്ച് ഒട്ടേറെ ജയില്‍പുള്ളികളുടെ കൊടും പീഡനത്തിനും കൊലകള്‍ക്കും ഉത്തരവാദിയായിരുന്ന ഭൂതകാലമായിരുന്നു തന്റെത് എന്നും അയാള്‍ മകളോട് കുറ്റസമ്മതം നടത്തുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും അയാള്‍ ചെയ്യുന്നേയില്ല. പതറിപ്പോകുന്ന പെണ്‍കുട്ടി മമ്മയെ വിളിച്ചു ചോദിക്കുന്നുണ്ട് അവര്‍ക്കെങ്ങനെയാണ് ഇത്തരം ഒരാളെ സ്നേഹിക്കാന്‍ കഴിഞ്ഞതെന്ന്. അമ്മയും മകളുമാണ് അയാളെ മഹാപാപത്തിന്റെ വഴികളില്‍ നിന്ന് രക്ഷിച്ചതെന്നും ഭാവിഭാര്യയെ കണ്ടെത്തിയത് മുതല്‍ അയാള്‍ ആ ജീവിതം ഉപേക്ഷിച്ചുവെന്നും മമ്മ അവളോട്‌ പറയുന്നു. തൊട്ടടുത്ത ദിവസം ഫോണ്ടെനുവിനോട് സംസാരിക്കവേ തന്റെ ജന്മദേശത്തെ കുറിച്ച് അയാള്‍ നുണ പറയുന്നത് തിരിച്ചറിയപ്പെടുക എന്ന സാധ്യതയെ അകറ്റിനിര്‍ത്താനാണ്. അഥവാ, ഭൂതകാലം എന്നത് എപ്പോഴും ഭീഷണമായ ഒന്നായി അയാളെ വേട്ടയാടുന്നുണ്ട്‌.  

രണ്ടാം കഥ ‘സെവെന്‍’ –ജെ.എഫ്. കെ വിമാനത്താവളത്തില്‍ ഭാര്യയെ കാത്തു നില്‍ക്കുന്ന കുടിയേറ്റക്കാരന്റെ ആഖ്യാനമാണ്. ന്യു യോര്‍ക്കിലെ ഹെയ്തിയന്‍ സമൂഹത്തില്‍ മറ്റൊരു ഹെയ്തിയന്‍ ദമ്പദികളുടെ ബേസ്മെന്റ് എപ്പാര്‍ട്ട്‌മെന്റിലെ വാടകക്കാരന്‍. ഏഴു വര്‍ഷക്കാലം രണ്ടു ഷിഫ്റ്റുകളില്‍ ജോലി ചെയ്താണ് ഭാര്യയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യമായ ഗ്രീന്‍ കാര്‍ഡ് അയാള്‍ സമ്പാദിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ കാ – യുടെ മാതാപിതാക്കളാണെന്നതാണ് ആദ്യഭാഗത്തോട് രണ്ടാം കഥയെ പ്രകടമായി ബന്ധിപ്പിക്കുന്നത്. എന്നാല്‍, പുതുതായി എത്തിപ്പെട്ട ഇടത്തില്‍ ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍, നാട്ടിലേക്കു കത്തുകള്‍ എഴുതിയും റേഡിയോയില്‍ ഹെയ്തിയന്‍ സ്റ്റേഷനുകള്‍ ശ്രവിച്ചും നേരംപോക്കുന്ന യുവതി അനുഭവിക്കുന്ന ഏകാന്തതയും പുറത്തിറങ്ങുന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വവും കുടിയേറ്റക്കാരുടെ ജീവിതാവസ്ഥ ആവിഷ്കരിക്കുന്നു. ‘വാട്ടര്‍ ചൈല്‍ഡ്’ എന്ന മൂന്നാം ഭാഗം, ബ്രൂക്ക് ലിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഹോസ്പിറ്റലില്‍ ഇ എന്‍ ടി വിഭാഗത്തില്‍ നേഴ്സ് ആയ നദീന്‍ എന്ന മുപ്പതുകാരി പ്രവാസിയെ പരിചയപ്പെടുത്തുന്നു. കുടുംബവുമായി അത്ര ഊഷ്മള ബന്ധങ്ങളില്ലാത്ത നദീന്‍ തകര്‍ന്നു പോയ പ്രണയ ബന്ധത്തിന്റെയും ഗര്‍ഭ ഛചിദ്രത്തിന്റെയും വേദന പേറുന്നുണ്ട്. തന്റെ രോഗിയായ മിസ് ഹിന്ദ്സ് ശ്വാസനാള ശസ്ത്രക്രിയക്കു ശേഷം സംസാര ശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ്. അവരോടു യാത്ര പറയുന്ന ദിവസത്തിലാണ് ഒരു സര്‍ റിയല്‍ പ്രത്യക്ഷമായി തന്റെ സ്വന്തം വികൃത രൂപം ലിഫ്റ്റിലെ ലോഹപാളിയില്‍ കാണുന്ന നദീന്‍, ഈ ആഴ്ചയായിരുന്നു തന്റെ കുഞ്ഞ് പിറക്കെണ്ടിയിരുന്നതെന്ന് വേദനയോടെ ഓര്‍ത്തെടുക്കുന്നത്. ‘സെവെനി’ലെ നല്ല ഭര്‍ത്താവായ എറിക് ആണ് അവളുടെ കഥയിലെ ഉപേക്ഷിച്ചിട്ടു പോയ കാമുകന്‍ എന്നതാണ് ഈ ഭാഗത്തെ മുന്‍ ഭാഗവുമായി ബന്ധിപ്പിക്കുന്നത്. നാലാം ഭാഗമായ അത്ഭുതങ്ങളുടെ പുസ്തകത്തില്‍ (The Book of Miracles) ‘ഡ്യൂ ബ്രേക്ക’റുടെ ഭാര്യ ആന്‍ ആണ് ആഖ്യാതാവ്. കുടുംബത്തില്‍ ദിവ്യാത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന ഏക അംഗമായ ആന്‍ മൂവരും ഒന്നിച്ചു പള്ളിയില്‍ പോകുന്ന ഏകസന്ദര്‍ഭം എന്ന നിലയില്‍ ക്രിസ്മസ് രാവിന്റെ പ്രാര്‍ത്ഥനയില്‍ ഏറെ ആവേശഭരിതയാണ്. എന്നാല്‍, ഹെയ്തിയിലെ ആ കൊലയാളി സൈനികാംഗമായ ഇമ്മാനുവേല്‍ കോണ്‍സ്റ്റന്റിനെ അന്വേഷിക്കുന്ന പടം കാ- യാദൃശ്ചികമായി കാണാന്‍ ഇടയാകുന്നത് ആനിനെ ഭയപ്പെടുത്തുന്നു. നാളെ ആ സ്ഥാനത്ത് ഭര്‍ത്താവിന്റെ പടം വന്നേക്കാം എന്ന ചിന്ത, അയാളുടെ ഭൂതകാലത്തെ കുറിച്ച് മകള്‍ അറിയാന്‍ ഇടവരുത്തുമെന്ന ഭയത്തിനു കാരണമാകുന്നു. അതുകൊണ്ട് ഇനിമേല്‍ ഇത്തരം പള്ളിയില്‍ പോക്ക് ഒഴിവാക്കാം എന്ന് അവള്‍ ഉറപ്പിക്കുന്നു. ആദ്യ ഭാഗത്തിനും മുമ്പാണ് ഈ ഭാഗത്തിന്റെ കഥാകാലം എന്ന് വ്യക്തമാണ്. ‘രാത്രി ഭാഷണക്കാര്‍’ (Night Talkers) എന്ന ഭാഗം പീഡകരും ഇരകളും പങ്കുവെക്കുന്ന വിചിത്ര വിധികളുടെ സങ്കീര്‍ണ്ണതകളെ അനുപമമായ കയ്യടക്കത്തോടെ ആവിഷ്കരിക്കുന്നു. ‘സെവെനി’ലെ എറിക്കിന്റെ കൂട്ടാളികളായ മറ്റു രണ്ടു വാടകക്കാരില്‍ ഒരാള്‍ ഡാനിയുടെ കഥയാണ് ഈ ഭാഗം പിന്തുടരുന്നത്. തന്റെ ഹെയ്തിയന്‍ ഗ്രാമത്തില്‍ ഒറ്റമുറി വീട്ടില്‍ കഴിയുന്ന അന്ധയായ എസ്റ്റിന എസ്റ്റെമേ അമ്മായിയെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ യുവാവിനു വലിയൊരു രഹസ്യം അവരോടു പറയാനുണ്ട്. തന്റെ ആറാം വയസ്സില്‍, ശപിക്കപ്പെട്ട ഒരു നാളില്‍ തന്റെ അച്ഛനമ്മമാരെ കൊന്നു കളയുകയും അമ്മായിയെ അന്ധയാക്കുകയും ചെയ്ത നരാധമനെ അയാള്‍ കണ്ടെത്തിയിരിക്കുന്നു. ആ കുറ്റവാളിയുടെ വീട്ടില്‍ വാടകക്കാരനാണ് അയാളിപ്പോള്‍. ഒരു രാത്രി അയാളെ വധിക്കാന്‍ പതുങ്ങി ചെന്നതാണ് അയാള്‍. എന്നാല്‍, തന്റെ കണ്ടെത്തല്‍ തെറ്റാവാനുള്ള സാധ്യത ഭയന്ന് അയാള്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, വിധി വൈപരീത്യത്തിന്റെ ഒരിടപെടല്‍ കൂടി അയാളുടെ കാര്യത്തില്‍ സംഭവിക്കുന്നു: അയാള്‍ അമ്മായിയോട് കഥ പറയാന്‍ തുടങ്ങുമ്പോഴേക്കും ഒരു സന്ദര്‍ശകന്‍ എത്തുന്നു. അന്ന് രാത്രി ഉറക്കത്തില്‍, കഥ കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ എസ്റ്റെമ അമ്മായി മരിക്കുന്നു. പ്രതികാരത്തിന്റെ സാധ്യത മാത്രമല്ല അതിന്റെ ആസ്വാദ്യത കൂടിയാണ് നോവലിസ്റ്റ് പ്രശ്നവല്‍ക്കരിക്കുന്നത്. ‘വിവാഹവസ്ത്രക്കാരി’യിലെ (The Bridal Seamstress)  ബിയാട്രിസ്, റിട്ടയര്‍ ചെയ്യുന്ന ഘട്ടത്തില്‍ അഭിമുഖത്തിനെത്തുന്ന അലൈന്‍ കജൂസ്റ്റെയെന്ന ജേണലിസ്റ്റിനോട് ഹെയ്തിയില്‍ കഴിഞ്ഞ കാലത്തെ കിരാതമായ ഒരോര്‍മ്മ പങ്കുവെക്കുന്നു. നൃത്തത്തില്‍ പങ്കാളിയാകാന്‍ വിസമ്മതിച്ചതിന് തന്റെ കാല്‍പ്പാദങ്ങള്‍ തല്ലിപ്പൊളിച്ച തടവറ കാവല്‍ക്കാരനെ കുറിച്ചാണ് അത്. അയാളിപ്പോള്‍ തൊട്ടടുത്ത് ഒരു വീട്ടിലുണ്ട്. എന്നാല്‍, അലൈനിന്റെ അന്വേഷണത്തില്‍ ആ വീട് പൂട്ടിയിട്ടിരിക്കയാണ്. ബിയാട്രിസിന് പക്ഷെ സംശയമേതുമില്ല. അയാള്‍ ഒഴിഞ്ഞ വീടുകളിലാണ് താമസം; ആരും തിരിച്ചറിയാതിരിക്കാനുള്ള അയാളുടെ മുന്‍കരുതലാണ് അത്. ദുരനുഭവങ്ങളുടെ സൃഷ്ടിയായ മനോവിഭ്രാന്തിയായി അലൈന്‍ ആ കഥ തള്ളിക്കളയുന്നു. ‘കുരങ്ങന്റെ വാലുക’ളിലെ (Monkey Tails) മൈക്കല്‍, ഡ്യു ബ്രേക്കറുടെ അപ്പാര്‍ട്ട്മെന്റിലെ മൂന്നാം വാടകക്കരനാണ്. 1986-ലെ ഹെയ്തിയന്‍ ഭീകര നാളുകളിലൊന്നില്‍ അച്ഛനില്ലാത്ത ഒരു പന്ത്രണ്ടുകാരനായി അയാള്‍ സ്വയമോര്‍ക്കുന്നു. ‘ബേബി ഡോക്’ അധികാര ഭ്രഷ്ടനാക്കപ്പെട്ടതിനെ തുടര്‍ന്ന് കൊലയാളി സൈനികരെ ജനം വേട്ടയാടുന്ന ഘട്ടം. അക്കൂട്ടത്തില്‍ പെട്ട റെഗുലാസ് എന്ന കൊലയാളിയുടെ മകന്‍ റൊമെയ്ന്‍ എന്ന സുഹൃത്തില്‍ നിന്ന് തന്റെ പിതാവാരെന്ന സൂചന അവനു കിട്ടുന്നു. അത് താന്‍ സംശയിച്ചത് തന്നെയാണെന്ന് അവനു മനസ്സിലാകുന്നു. താന്‍ നാട് വിടുകയാണെന്ന് റൊമെയ്ന്‍ അവനെ അറിയിക്കുന്നു. എന്നാല്‍ അന്ന് രാത്രി റെഗുലാസ് ആത്മഹത്യ ചെയ്യുന്നതോടെ റൊമെയ്ന്‍ അപ്രത്യക്ഷനാകുന്നു. ‘വിലാപ ഗായിക’ (The Funeral Singer)  എന്ന ഖണ്ഡത്തില്‍ എഴുപതുകളില്‍ ന്യുയോര്‍ക്കിലേക്ക് കുടിയേറുകയും യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ക്ലാസ്സില്‍ ആകെയുള്ള ഹെയ്തിയന്‍ വിദ്യാര്‍ഥിനികള്‍ എന്ന നിലയില്‍ കൂട്ടുകാരികള്‍ ആയിത്തീരുകയും ചെയ്യുന്ന മൂന്നു പെണ്‍കുട്ടികളുടെ കഥയാണ്‌. മരണചടങ്ങുകളില്‍ വിലാപഗായികയായിരുന്ന ഫ്രെഡ, പിതാവിന്റെ അറസ്റ്റും പീഡനവും പിന്നീടു കടലില്‍ വെച്ചുണ്ടായ അദ്ദേഹത്തിന്റെ ദുരൂഹ തിരോധാനത്തെയും തുടര്‍ന്ന് ഏകാധിപതിയുടെ കൊട്ടാരത്തില്‍ പാടാന്‍ വിസമ്മതിക്കുകയായിരുന്നു. അപകടം മണത്ത അവളുടെ അമ്മയാണ് നാടുവിടാന്‍ അവളെ പ്രേരിപ്പിച്ചത്. മാരിസെല്ലെയുടെ ഭര്‍ത്താവ് വരച്ച പ്രസിഡന്റിന്റെ ചിത്രം അധികൃതര്‍ക്ക് ബോധിക്കാതെ പോയത് അയാളുടെ മരണത്തില്‍ കലാശിച്ചപ്പോള്‍, സൈനിക ബലാല്‍ക്കാരമായിരുന്നു റെസിയയുടെ ദുരന്തം. പുതിയ ദേശത്ത്‌ നല്ലൊരു ഭാവി സ്വപ്നം കാണുകയാണ് മൂന്നു പെണ്‍കുട്ടികളും.

ഒടുവിലത്തെ ആഖ്യാനമായാണ് കേന്ദ്ര കഥാപാത്രത്തിന്റെ കഥയിലേക്ക്‌ കടക്കുന്നതെങ്കിലും അതാണ്‌ ഏറ്റവും പഴക്കമേറിയതും. ‘രാത്രി ഭാഷണക്കാ’രിലെ ഡാനിയുടെ കഥ മാറ്റിവെച്ചാല്‍ നോവലിലെ ഏറ്റവും ചടുലവും വൈകാരിക സാന്ദ്രതയിയന്നതുമായ ഭാഗം ‘ദി ഡ്യൂ ബ്രേക്കര്‍’ എന്ന ഈ അവസാന ഖണ്ഡം തന്നെയാണ്. വിധിവൈപരീത്യങ്ങളുടെ വിളയാട്ടവും ഇതിവൃത്ത സങ്കീര്‍ണ്ണതയുടെ കയ്യടക്കവും ഇത്രമേല്‍ സമ്മേളിക്കുന്ന ഫിക് ഷനല്‍ ക്ലൈമാക്സുകള്‍ അപൂര്‍വ്വമാണ്. ‘സന്നദ്ധര്‍’ എന്ന് വിളിക്കപ്പെട്ട സൈനിക വിഭാഗത്തില്‍ അയാള്‍ എത്തിപ്പെട്ട് ഒരു പതിറ്റാണ്ട് പിന്നിട്ട 1967-ലാണ് അത് തുടങ്ങുന്നത്. കാസേര്‍നസ് മിലിട്ടറി ബാരക്കില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങളെ ആസ്വദിക്കുന്നയാള്‍ എന്ന നിലയില്‍ ഏറെ പ്രസിദ്ധനായിരുന്ന പീഡകന്‍, ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ഒരു ബാപ്റ്റിസ്റ്റ് പാസ്റ്ററെ വധിക്കാനുള്ള ദൗത്യത്തിലാണ്. അതെ സമയം, അധികൃതരുടെ കൈകളാല്‍ ഭാര്യ കൊല്ലപ്പെട്ട പാസ്റ്റര്‍ തന്റെ വിധിയും ഉടന്‍ നടപ്പിലായേക്കും എന്നറിയുമ്പോഴും നിര്‍ഭയനാണ്. സഭാ മേധാവികളുടെ മുന്നറിയിപ്പ് പോലും അവഗണിച്ച് ചര്‍ച്ചിലേക്ക് പോകുന്ന പാസ്റ്റര്‍ ഡ്യു ബ്രേക്കറുടെയും സംഘത്തിന്റെയും കയ്യില്‍ അകപ്പെടുകയും കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നു. എന്നാല്‍ പാസ്റ്ററെ ഒരു രക്തസാക്ഷി പരിവേഷത്തിലേക്ക് ഉയര്‍ത്തുന്നത് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കുന്ന അധികൃതര്‍ അയാളെ വിട്ടയക്കാന്‍ ഉത്തരവിടുന്നുവെങ്കിലും ആകസ്മികമായ ചില സംഭവവി കാസങ്ങളെ തുടര്‍ന്ന് ഡ്യു ബ്രേ ക്കറുടെ മുഖത്ത് വലിയ മുറിവേല്‍ക്കാനും അയാളുടെ വെടി കൊണ്ട് പാസ്റ്റര്‍ മരിക്കാനും ഇടയാക്കുന്നു. ഇപ്പോള്‍, കല്‍പ്പന ധിക്കരിച്ചതിനു വേട്ടയാടപ്പെടാന്‍ സാധ്യതയുള്ള നിലയില്‍ സ്വയം ഒളിച്ചോടെണ്ട അവസ്ഥ അയാള്‍ക്ക് വന്നു ചേരുന്നു. പാസ്റ്ററുടെ അര്‍ദ്ധസഹോദരി ആന്‍ മുറിവേറ്റ ഡ്യു ബ്രേക്കറെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഇരയായി കാണുകയും അയാളുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ഇരുവരും ഒരുമിച്ചു നാടുവിടുന്നതിലും ന്യു യോര്‍ക്കില്‍ എത്തുന്നതിലും കലാശിക്കുന്നത്. ആ രാത്രിയിലെ സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം ഇരുവരും മുഴുവനായി ചര്‍ച്ച ചെയ്യുന്നതേയില്ല. അതിനു ശേഷം അയാള്‍ ആരെയും ഉപദ്രവിച്ചിട്ടില്ല എന്ന് മാത്രം. മകള്‍ പിറക്കുമ്പോള്‍ അവളോടുള്ള സ്നേഹം ഇരുവരും ഒരു പാപ മോചനമായി കണ്ടെടുക്കുന്നു. ‘നല്ല മാലാഖ’ എന്നയര്‍ത്ഥത്തില്‍ മകള്‍ക്ക് ‘കാ’ എന്ന് പേരിടുന്നത് തന്നെ ആ വിമോചന ശ്രമത്തിന്റെ പ്രതീകമായാണ്. എന്നാല്‍ അയാളുടെ പാപമോചന ശ്രമം ഒരിക്കലും പൂര്‍ണ്ണ വിജയമാകില്ല എന്നതിന്റെ തെളിവ് അയാളുടെ കയ്യാല്‍ കൊല്ലപ്പെട്ട പാസ്റ്റര്‍ നല്‍കിയ ആഴത്തിലുള്ള മുറിവടയാളത്തിന്റെ രൂപത്തില്‍ ആ മുഖത്തു എന്നും കല്ലിച്ചു കിടക്കും.

നോവലിന്റെ വര്‍ത്തമാന കാലത്ത് ചകിതനും പശ്ചാത്താപ വിവശനുമായി ബ്രൂക്ക് ലിനിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നിശ്ശബ്ദമായി ജീവിതം പുലര്‍ത്തിക്കഴിയുകയാണ് ഡാന്റികായുടെ ഡ്യു ബ്രേക്കര്‍. ഒളിച്ചു കഴിയുന്ന മുന്‍കാല ഭരണകൂട പീഡകനെ വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ ആവിഷകരിക്കുന്ന കൃതിയായി നോവലിനെ കാണാം. എത്രയൊക്കെ ഓടിയൊളിക്കാന്‍ ശ്രമിച്ചാലും ഭൂതകാലം മനുഷ്യനെ വേട്ടയാടുക തന്നെ ചെയ്യും; പ്രത്യേകിച്ചും പറഞ്ഞറിയിക്കാനാവാത്ത ക്രൂരതകള്‍ ചെയ്തു കൂട്ടിയവരുടെ കാര്യത്തില്‍. ഹെയ്തി വിട്ടു മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും കടലുകള്‍ താണ്ടിയുള്ള അന്യദേശത്തു അജ്ഞാതവാസം നയിക്കാന്‍ ശ്രമിക്കുന്ന മുഖ്യ കഥാപാത്രത്തിന് കണ്‍വെട്ടത്തു തന്നെ അയാളുടെ ഭൂതകാലത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളായി ഏറെപ്പേരുണ്ട്‌. അയാളുടെ വാടകക്കാര്‍ മാത്രമല്ല, പ്രണയപൂര്‍വ്വം ഒരുമിച്ചു കഴിയുന്ന ഭാര്യ തന്നെയും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ വൈകാരിക ആഘാതത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കും വിധം സാവധാനം അനാവരണം ചെയ്യപ്പെടുന്ന നിഗൂഡതകളിലല്ല നോവലിസ്റ്റിന്റെ താല്പര്യം എന്ന് വ്യക്തമാണ്. ഓരോ ഖണ്ഡത്തിലും വ്യത്യസ്ത കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിലൂടെ പീഡകനെ കുറിച്ച് കൂടുതല്‍ കൂടുതല്‍ വെളിവാക്കപ്പെടുകയും ഒടുവിലത്തെ ഭാഗത്തിലൂടെ അയാളുടെ ‘പ്രവര്‍ത്തന’രീതികളെ തന്നെ നാം നേരില്‍ കാണുകയും ചെയ്യുന്നുണ്ടെങ്കിലും അയാളിലേറെ അയാള്‍ക്ക് ചുറ്റും കഴിയുന്നവരുടെയും അവരുടെ അനുഭവങ്ങളുടെയും അവയുടെ സാമൂഹിക ദേശീയ മാനങ്ങളുടെയും ആവിഷ്കാരത്തിലാണ് നോവലിസ്റ്റ് ഊന്നുന്നത്. ആന്‍ കണ്ടെത്തുന്നത് പോലെ, പാപ ബോധത്തിനും വിട്ടുവീഴ്ചക്കും ഇടയില്‍ ഒരു പെന്‍ഡുലം പോലെ നോവലിലെ അനുഭവ തലം ചലിക്കുന്നു.

 read more:

Crooked Plow by Itamar Vieira Junior

https://alittlesomethings.blogspot.com/2024/09/crooked-plow-by-itamar-vieira-junior.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

Half Blood Blues by Esi Edugyan

https://alittlesomethings.blogspot.com/2024/08/half-blood-blues-by-esi-edugyan.html

The Last Brother by Nathacha Appanah

https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html

Crooked Plow by Itamar Vieira Junior

 ചരിത്രത്തിന്‍റെ മുറിഞ്ഞ നാവ്




(ഇറ്റമാര്‍ വിയേറ ജൂനിയറിന്‍റെ  പ്രഥമ നോവല്‍ Crooked Plow പുതിയ നൂറ്റാണ്ടില്‍ ഇതുവരെ എഴുതപ്പെട്ട ഏറ്റവും മികച്ച ബ്രസീലിയന്‍ നോവല്‍ എന്ന് പ്രകീര്‍ത്തിക്കപ്പെട്ട കൃതിയാണ്. ഇന്റര്‍ നാഷണല്‍ ബുക്കര്‍ പുരസ്കാരത്തിന്റെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിക്കുകയും ഒട്ടേറെ അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത നോവല്‍, ബ്രസീലിയന്‍ ചരിത്രത്തിലെ ഇരുണ്ട ഏടുകളിലേക്ക് കടന്നു ചെല്ലുന്നു.)

പുതിയ നൂറ്റാണ്ടില്‍ ഇതുവരെ എഴുതപ്പെട്ട ഏറ്റവും മികച്ച ബ്രസീലിയന്‍ നോവല്‍ എന്ന് പ്രകീര്‍ത്തിക്കപ്പെട്ട കൃതിയാണ് ഇറ്റമാര്‍ വിയേറ ജൂനിയര്‍ എന്ന ആഫ്രോ-ബ്രസീലിയന്‍ എഴുത്തുകാരന്റെ പ്രഥമ നോവല്‍ Crooked Plow. വിയേറയുടെ നോവല്‍ നാട്ടില്‍ വന്‍ വിജയമായതിനു പിന്നില്‍ ബ്രസീലിയന്‍ സാഹിത്യത്തിലെ ചില പുതുപ്രവണതകള്‍ പ്രധാനകാരണമായിരുന്നു. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ കാഴ്ചപ്പാടിലുള്ള കഥകളില്‍ കൂടുതല്‍ ഊന്നുന്ന സമീപനമായിരുന്നു അത്. വിയേറയെ പോലെ ഏതാനും എഴുത്തുകാര്‍ അടിമത്തം, വംശീയത എന്നീ വിഷയങ്ങളെ ന്യൂനപക്ഷങ്ങളുടെയും അനുഭവിച്ച വിഭാഗങ്ങളുടെയും കാഴ്ചപ്പാടില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ബ്രസീലിന്‍റെ വേദനാകരമായ കൊളോണിയല്‍ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം നിലനിന്നുവന്ന ഏകപക്ഷീയ ആഖ്യാനങ്ങളില്‍ അവഗണിക്കപ്പെട്ടവര്‍ക്ക് അവരുടെ കര്‍തൃത്വം തിരിച്ചു നല്‍കുകയും ചെയ്തു. ബോള്‍സോനാരോ പ്രസിഡണ്ടായതിനു ശേഷം ആദിവാസി മേഖലകളിലേക്കുള്ള കടന്നുകയറ്റം നിയമാനുസൃതമാകുകയും സമൂഹത്തിലെ വംശീയത പോലുള്ള വസ്തുതകള്‍ക്കു നേരെ കണ്ണടക്കുന്ന പ്രവണത നിയാമകമാകുകയും ചെയ്തു.  ഈ സാഹചര്യത്തില്‍ വിയേറയുടെയും കൂട്ടാളികളുടെയും ദൗത്യം കൂടുതല്‍ പ്രസക്തമായിത്തീര്‍ന്നു. ‘ബ്രസീലിന്‍റെ ഭൂതകാലം പുനരവതരിപ്പിക്കുന്നതിലൂടെ ബ്രസീലിന് എന്താവാന്‍ കഴിയും എന്നത് പുനര്‍വിഭാവനം ചെയ്യാന്‍ ഈ എഴുത്തുകാര്‍ പ്രതിജ്ഞാബദ്ധരാവുകയാണ്’ *(1). 

വടക്കു കിഴക്കന്‍ ബ്രസീലിലെ ബാഹിയ സ്റ്റേറ്റ് പോലുള്ള ഉള്‍പ്രദേശങ്ങളില്‍ കൊളോണിയല്‍ കാലം മുതല്‍ വലിയ പ്ലാന്‍റെഷനുകളില്‍ അടിമത്തമോ, അതിനു സമാനമായ കുടിയാന്‍ /കുടികിടപ്പു സമ്പ്രദായമോ നിലനിന്നുവന്നു.  ‘കിലോംബോല’ (quilombola) എന്നറിയപ്പെട്ട സമൂഹങ്ങള്‍, അടിമത്ത കാലത്ത് ഓടിപ്പോന്ന ആഫ്രിക്കന്‍ അടിമകളും  തദ്ദേശീയരില്‍ പെട്ട റിബലുകളും ചേര്‍ന്ന് സൃഷ്ടിക്കപ്പെട്ടവയാണ്. നോവല്‍ അവരെ സംക്ഷിപ്തപ്പെടുത്തുന്നു: 

“സ്വന്തം മണ്ണില്‍നിന്നു പിഴുതെടുക്കപ്പെട്ട ശക്തരായ ഒരു ജനത, അവര്‍ ഒരു കടല്‍ താണ്ടിയിരുന്നു, അവരുടെ സ്വപ്‌നങ്ങള്‍ പിറകില്‍ ഉപേക്ഷിച്ചിരുന്നു, പ്രവാസത്തില്‍ അവര്‍ പുതിയതും തിളക്കമുള്ളതുമായ ഒരു പുതുജീവിതം കെട്ടിച്ചമച്ചിരുന്നു.”

ചരിത്രപരമായി, ബ്രസീലാണ് ട്രാന്‍സ് അറ്റ്ലാന്റിക് അടിമക്കച്ചവടത്തില്‍നിന്ന്  ഏറ്റവും ഒടുവില്‍ പിന്‍വാങ്ങിയ രാജ്യം. പോര്‍ച്ചുഗീസ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വതന്ത്രമായി 66  വര്‍ഷങ്ങള്‍ക്കു ശേഷമാണ് (1888) പ്രസ്തുത ‘സുവര്‍ണ്ണ നിയമം’ (“Golden Law”) ഏഴു ലക്ഷം അടിമകളുടെ ഔപചാരിക മോചനത്തിന് നിമിത്തമായത്. തുടര്‍ന്നു നിലവില്‍വന്ന, ഒട്ടും മെച്ചമല്ലാത്ത കുടിയാന്‍ സമ്പ്രദായം തൊഴില്‍ചൂഷണം നിര്‍ബാധം തുടരാന്‍ ജന്മിമാരെ സഹായിക്കും വിധത്തിലുള്ളതായിരുന്നു.  കുടിയാന്മാര്‍ക്ക് വലിയ ഔദാര്യം പോലെ വീടുവെച്ചു താമസിക്കാന്‍ അനുവാദം ലഭിച്ചപ്പോള്‍, അത് ചുടുകട്ട കൊണ്ടുള്ള, സ്ഥിരതയുള്ള വീടുകള്‍ ആവരുതെന്നും മണ്ണു പൊത്തിയ, മഴക്കാലത്തിനു ശേഷം  കൊല്ലംകൊല്ലം പുതുക്കേണ്ടി വരുന്നത്ര മാത്രം ഉറപ്പുള്ളവ ആയിരിക്കണമെന്നും നിബന്ധന ഉണ്ടായിരുന്നു. പകരം അവര്‍ ജന്മിക്കുവേണ്ടി കൂലിയില്ലാതെ കഠിനാധ്വാനം ചെയ്തു. വീട്ടിനു പിറകില്‍ ചെറിയ തോട്ടം ഉണ്ടാക്കി അന്നത്തിനുള്ള വക കണ്ടെത്തെണ്ടിയിരുന്നു, അതില്‍ത്തന്നെ ജന്മിക്കു മൂന്നിലൊന്ന്, പലപ്പോഴും അതില്‍കൂടുതലും കൊടുക്കേണ്ടിയും വന്നു. 2003ല്‍ കുടിയന്മാരുടെ ഭൂമിക്കുമേലുള്ള അവകാശം സര്‍ക്കാര്‍ അംഗീകരിക്കുംവരെ ഈ നില തുടര്‍ന്നു. 

നോവലിന്‍റെ തുടക്കം, മുകളില്‍ സൂചിപ്പിച്ച പശ്ചാത്തലധാരണ അനിവാര്യമാണോ എന്ന ശങ്ക ഉയര്‍ത്തും വിധം രണ്ടു കൗമാരക്കാരികളിലും അവരുടെ കുടുംബത്തിലും കേന്ദ്രിതമാണ്‌. ‘ഏറെ സവിശേഷമായ കഥയില്‍ നിന്ന് ഒരു പ്രദേശത്തിന്‍റെ മുഴുവന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെയും കഥയിലേക്ക്‌ സാവധാനം മുന്നേറുന്ന’ രീതി വിയേറയുടെ നേട്ടത്തെ തിളക്കമുള്ളതാക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *(2).  ഫെസാന്റ ആഗുവ നെഗ്ര എന്ന പ്ലാന്‍റെഷനില്‍ കറുത്തവര്‍ഗ്ഗക്കാരായ കുടിയാന്‍ കുടുംബത്തിലെ അംഗങ്ങളാണ് ഏഴു വയസ്സുകാരി ബിബിയാനയും ഒരു വയസ്സിനു ഇളപ്പമായ സഹോദരി  ബെലോനേഷ്യയും. മുത്തശ്ശി ഡോനാനയുടെ കര്‍ശന വിലക്ക് മറികടന്നു അവരുടെ മുറിയില്‍ കടക്കുന്ന ഇരുവരും കണ്ടെത്തുന്ന ആനക്കൊമ്പ് പിടിയും വെട്ടിത്തിളങ്ങുന്ന ബ്ലേഡുമുള്ള കത്തി രക്തപങ്കിലമായ ഒരു തുടക്കം നല്‍കും ഇതിവൃത്തത്തിന്. നോവിന്‍റെ ഗതിയില്‍ നിര്‍ണ്ണായകമാകുന്ന  നിഷേധവാസനയും ഒപ്പം കുട്ടിത്തത്തിന്‍റെ സഹജമായ കൗതുകവും കലര്‍ന്ന ഒരു പരീക്ഷണത്തില്‍ മൂത്തവള്‍ക്ക് ഭാഗിക സംസാര ശേഷി നഷ്ടപ്പെടും. ഇളയവളുടെ നാവു മുറിഞ്ഞുപോകും. ഇനിയങ്ങോട്ട് ഇരുവരും  ‘ഒരൊറ്റ നാവു പങ്കുവെക്കും’.  സമൂഹത്തില്‍ സാമാന്യം നിലയും വിലയുമുള്ള കുടുംബമാണ് അത്. സെക്കാ ചാപ്പോ ഗ്രാന്‍റെ എന്ന പിതാവ് ‘ഹീലര്‍’ ആണ്: നാട്ടു വൈദ്യനും മന്ത്രവാദിയും.  സമൂഹത്തില്‍ വേരുരപ്പിച്ച ആഫ്രോ-ബ്രസീലിയന്‍ മതമായ ‘ജാരെ’ (Jaré)  വിശ്വാസക്രമത്തിന്‍റെ പുരോഹിതനുമാണ് അയാള്‍. ഹീലര്‍ എന്ന നിലയില്‍ അച്ഛന്‍ വീട്ടില്‍ നടത്തുന്ന ബാധയൊഴിപ്പിക്കല്‍ കണ്ടുകൊണ്ടാണ് ഇരട്ടകള്‍ വളരുന്നത്‌. പോര്‍ച്ചുഗീസ് വംശജരായ പിസോതോ കുടുംബംത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫാമില്‍ കുടുംബത്തോടൊപ്പം എത്തിപ്പെടും മുമ്പ് സ്വന്തം ജീവിതത്തിലും ബാധയൊഴിപ്പിക്കലിനു വിധേയനായ യൗവ്വനകാലം സെക്കാക്ക് ഉണ്ടായിരുന്നു. വിധി തെളിച്ച വഴിയില്‍ സമൂഹത്തിലെ ‘ഹീലര്‍’ – (വൈദ്യ, മാന്ത്രിക/ന്‍) ആകാന്‍ വിസമ്മതിച്ച അമ്മ ഡോനാനയുടെ ചെയ്തി, ഭ്രാന്ത് എന്ന ശാപത്തിലേക്ക് മകനെ എത്തിച്ചു. ഒരു പുള്ളിപ്പുലിയെ പോലെ നഗ്നനും വന്യനുമായി കഴിഞ്ഞ ഭൂതകാലമായിരുന്നു അത്. നോവലിലെ മാജിക്കല്‍ റിയലിസ്റ്റ് ആഖ്യാനഗതി ഏറ്റവും വ്യക്തമാകുന്ന ഭാഗങ്ങളാണ് സെക്കായുടെ പുരാവൃത്തം. ഡോക്റ്റര്‍ ഹൃദയ മിടിപ്പ് ശ്രവിക്കുന്ന പോലെ പരീക്ഷണ ഘട്ടങ്ങളില്‍ മണ്ണിന്‍റെ ആഴങ്ങളിലെ മിടിപ്പിനു ചെവിയോര്‍ക്കുന്ന സെക്കാ ചാപ്പോയില്‍, പോകെപ്പോകെ, പ്ലാന്‍റെഷന്‍ ഓവര്‍സിയര്‍ക്കും തൊഴിലാളികള്‍ക്കും ഇടയിലെ മധ്യസ്ഥനാവുകയെന്ന ദൗത്യവും വന്നുചേരും. അമ്മ സലൂസ്റ്റിയാന നിക്കൊലോ എന്ന സലൂ, നാട്ടിലെ വയറ്റാട്ടിയാണ്. ചാപ്പിള്ളകളായി രണ്ടുപേരും ചെറുപ്പത്തിലേ മരിച്ച രണ്ടുപേരും കൂടാതെ നാലുമക്കള്‍ ജീവിച്ചിരിപ്പുണ്ട്. നിഗൂഡമായ പൂര്‍വ്വ കാലത്തിനുടമയായ മുത്തശ്ശി ഡോനാന, ഇതിഹാസമാനമുള്ള ദുരന്തങ്ങള്‍ അനുഭവിച്ചു തീര്‍ത്തവരാണ് എന്ന് വെളിപ്പെടാന്‍ നോവലന്ത്യം വരെ വായനക്കാര്‍ കാത്തിരിക്കുകയും വേണം. മൂന്നു തവണ വിധവയായവള്‍, പന്ത്രണ്ടു മക്കളെ പ്രസവിച്ചവള്‍, കൊടിയ ഭ്രാന്തിന്‍റെ നിലയില്ലാ കയത്തില്‍ നിന്ന് മകനെ മോചിപ്പിച്ചെടുക്കുന്നവള്‍ - എന്നാല്‍, ദുരൂഹമായി കാണാതായ / ഓടിപ്പോയ പന്ത്രണ്ടു വയസ്സുകാരിയായ മകള്‍ കാര്‍മ്മലീറ്റയെ  ഇന്നും വേദനയോടെ ഓര്‍ത്തിരിക്കുന്നവള്‍. മകന്‍ സെക്കാക്ക് ഹീലര്‍ സിദ്ധികള്‍ പകര്‍ന്നു നല്‍കുന്നതും ഡോനാനയാണ്. പേരക്കിടാങ്ങള്‍ക്ക് താന്‍ മൂലം വന്നുപെട്ട ദുര്‍ഗ്ഗതി അവരെ വേട്ടയാടും. പുഴയുടെ കൈകളില്‍ ഒരു ജന്മത്തിന്‍റെ ഭാരം ഇറക്കിവെക്കാന്‍ അതും കൂടിയാവാം അവരെ പ്രേരിപ്പിക്കുന്നതും. പ്ലാന്‍റെഷന്‍ ജീവിത ദുരന്തങ്ങളുടെയും പെണ്‍സഹനത്തിന്‍റെയും ആകത്തുകയായ, ആഫ്രിക്കന്‍ - കരീബിയന്‍ നോവലുകളില്‍ മുന്‍ഗാമികളെയും പിന്‍ഗാമികളെയും കണ്ടെത്താനാകുന്ന അത്തരം ഒരു കഥാപാത്രത്തിന് വേണ്ടത്ര ഇടം നോവല്‍ അനുവദിച്ചിട്ടില്ല എന്നൊരു നൈരാശ്യം ഈ ലേഖകന് അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ ഗംഭീര പാരമ്പര്യങ്ങളൊന്നും കുടുംബത്തിന്‍റെ ഭൗതിക സാഹചര്യം സമൂഹത്തില്‍ ഏതെങ്കിലും വിധത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ സഹായിക്കുന്നില്ല.

മൂന്നു അധ്യായങ്ങളായി മൂന്നു ആഖ്യാതാക്കളിലൂടെ അവതരിപ്പിക്കപ്പെടുന്ന നോവലില്‍ ആദ്യ ഭാഗമായ ‘വാള്‍ത്തലപ്പ്’ (Edge of the Blade) ആഖ്യാതാവ് ബിബിയാനയാണ്‌. സര്‍വോ അമ്മാവനും ഹെര്‍മലിന അമ്മായിയും ആറു മക്കളും പ്ലാന്‍റെഷനില്‍ എത്തുന്നതോടെ യൂണിയന്‍ ആക്റ്റിവിസ്റ്റായ മൂത്തവന്‍ സിവേറോ, ബിബിയാനയില്‍ പ്രണയം അങ്കുരിപ്പിക്കുന്നുണ്ട്. അനാവശ്യമായ ഒരു അസൂയയുടെ തള്ളിച്ച അവളെ ബെലോനേഷ്യയില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും അകറ്റുകയും ചെയ്യും. ഗര്‍ഭിണിയാകുന്ന ബിബിയാന, സിവേറോയോടൊപ്പം പട്ടണത്തിലേക്ക് പോകുംവരെയാണ് നാം അവളുടെ ആഖ്യാനം പിന്തുടരുന്നത്. തുടര്‍ന്ന് രണ്ടാം ഭാഗമായ ‘വക്രമായ കലപ്പ’ ( Crooked Plow’) ബെലോനേഷ്യയുടെ ആഖ്യാനമാണ്. അധ്യാപന പരിശീലനം പോലുള്ള സ്വപ്നങ്ങളുള്ള ബിബിയാനക്ക് പട്ടണം ആകര്‍ഷണമാണെങ്കില്‍, ആഫ്രിക്കന്‍ ആത്മലോക (encantados) വിശ്വാസങ്ങളില്‍ മുഴുകുന്ന ബെലോനേഷ്യക്ക് അത്തരം സാന്നിധ്യങ്ങളുടെ വിഹാര രംഗം കൂടിയായ ഗ്രാമീണ ജീവിതം തുടരണം. അവളുടെ പിതാവ് ഇതേ സാന്നിധ്യങ്ങളെ ചികിത്സാ കാര്യത്തിനായി ഉപയോഗിക്കും: “വിഭജിത ആത്മാവിന്‍റെ രോഗങ്ങള്‍ - എങ്ങനെയോ തങ്ങളുടെ കഥകള്‍ നഷ്‌ടമായ മനുഷ്യര്‍, ഓര്‍മ്മകള്‍ നഷ്ടമായവര്‍, തങ്ങളില്‍ നിന്നുതന്നെ വേര്‍പിരിക്കപ്പെട്ടവര്‍”. അതേസമയം, പ്ലാന്‍റെഷനിലെ ജീവിതത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അധിക പ്രഹരമായ ഗാര്‍ഹിക പീഡനങ്ങളുടെ ചിത്രങ്ങളും അവക്കെതിരെ ബെലോനേഷ്യ നടത്തുന്ന തുറന്ന യുദ്ധവും  ഏറ്റവും സമൂര്‍ത്തമായി ആവിഷ്കരിക്കുന്നതും ഈ ഭാഗത്താണ്. മരിയ കബോക്ല എന്ന അകാല വാര്‍ദ്ധക്യം ബാധിച്ച മുപ്പതുകാരിയുടെ ജീവിതം അവളും പറക്കമുറ്റാത്ത മക്കളും മുഴുക്കുടിയനായ ഭര്‍ത്താവിന്‍റെ കയ്യില്‍ നിന്ന് ദിനേന നേരിടേണ്ടി വരുന്ന കയ്യേറ്റങ്ങളില്‍ കരിഞ്ഞുണങ്ങുന്നത്, തന്റേടിയും പോരാളിയുമായ ബെലോനെഷ്യക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. മുത്തശ്ശിയുടെ കത്തിയുമായി അവള്‍ കനത്തൊരു ഭീഷണിയോടെ അതിനൊരു താല്‍ക്കാലിക വിരാമം കണ്ടെത്തുമെങ്കിലും, മക്കളുടെ പട്ടിണിക്കു മുന്നില്‍ തന്‍റെ പീഡന കാണ്ഡത്തിലേക്ക് തിരിച്ചു പോകുന്ന മരിയ, അത് നിഷ്ഫലമാക്കും. അതാ സമൂഹത്തിലെ സ്ത്രീയുടെ വിധിവിഹിതമാണ്. സ്വന്തം വിവാഹ ജീവിതത്തിലും സ്നേഹപൂര്‍ണ്ണമായ ആദ്യനാളുകള്‍ക്കു പിറകെ പതിവു പുരുഷ രീതികളിലേക്ക് മടങ്ങുന്ന ടോബിയാസിനെ അതേ നാണയത്തില്‍ ബെലോനേഷ്യ കൈകാര്യം ചെയ്യുന്നുണ്ട്. തന്‍റെ പിതാവും സഹോദരനും നയിച്ച സമത്വപൂര്‍ണ്ണമായ കുടുംബ ജീവിതങ്ങള്‍ നിയാമകമല്ലെന്നും, അവ അത്യപൂര്‍വ്വ മാതൃകകള്‍ മാത്രമാണെന്നും ബെലോനേഷ്യ മനസ്സിലാക്കുന്നു. 

ആഗുവാ നെഗ്രയുടെ സ്ഥാപകര്‍മൂന്നു പേരാണ് -സാറ്റെര്‍നിനോ, ഡോമിയാനോ, സെക്കാ. സാറ്റെര്‍നിനോയുടെ മക്കള്‍ ക്രിസ്പിനയും ക്രിസ്പിനിയാനയുമാണ് ഒരേപോലുള്ള ഇരട്ടകളാണ്-പ്ലാന്‍റെഷനിലെ അത്തരം ഏക ജോഡി. സഹോദരി തന്‍റെ കാമുകനോടൊപ്പം ശയിക്കുന്നത്‌ കാണുന്നതിനെ തുടര്‍ന്ന് മുഴു ഭ്രാന്തിലേക്ക് കൂപ്പുകുത്തുന്ന ക്രിസ്പിനയെ ചികിത്സിക്കുന്നത് സെക്കായാണ്. സെക്കായുടെ പൂര്‍വ്വ കാലം, ക്രിസ്പിനയുടെ ഭ്രാന്ത്, മക്കളില്‍ നിന്നു പിരിക്കപ്പെടുന്ന അമ്മമാരുടെ മാനസികത്തകര്‍ച്ച തുടങ്ങിയവ പ്ലാന്‍റെഷനില്‍ സാധാരണമായ ദുരവസ്ഥയുടെ കൂടി ചിഹ്നമാണ്. ‘ആത്മാവിന്‍റെ രോഗങ്ങള്‍’ (‘maladies of the spirit’) എന്ന് സെക്കാ അതിനെ വിശദീകരിക്കും.

ബിബിയാനയും ബെലോനെഷ്യയും അവരുടെ ആഖ്യാനങ്ങള്‍ നിര്‍വ്വഹിച്ചു കഴിയുമ്പോള്‍, മൂന്നാം ഭാഗം ‘ചോരപ്പുഴ (‘River of Blood’) ആഖ്യാനം നടത്തുന്നത് എല്ലാമറിയുന്ന (omniscient narrator) ഒരു ആത്മസാന്നിധ്യമാണ് – ‘സാന്റാ റീറ്റ എന്ന മുക്കുവസ്ത്രീ’ (Santa Rita the Fisherwoman) എന്ന ഈ ആത്മസാന്നിധ്യം നോവലില്‍ മുമ്പേ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സെവേറോയെ പോലുള്ളവരുടെ ആത്മത്യാഗത്തിന്‍റെ സത്യവും അനിവാര്യതയും വെളിപ്പെടുന്നതും സാന്റാ റീറ്റയുടെ വാക്കുകളിലാണ്:

“യജമാനന്മാര്‍ അടിമകളെ ശിക്ഷയുടെ ഭാഗമായി കെട്ടിത്തൂക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് . ഒരു ഡയമണ്ട് മോഷ്ടിച്ചതിന് കൈകൾ വെട്ടിക്കളയുന്നത്. അടിമയായി തുടരാൻ മടിച്ചു സ്വയം തീവെച്ച ഒരു സ്ത്രീയെ ഞാൻ സഹായിച്ചിട്ടുണ്ട് . സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെ അവർ അടിമത്തത്തിലേക്ക് പിറക്കാതിരിക്കാനായി ഗര്‍ഭപാത്രത്തിൽ നിന്ന് പറിച്ചെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് , ഇതിന്‍ഫലമായി ആ സ്ത്രീകളിൽ പലരും മരിക്കും. വിറ്റു കളയുന്ന മക്കളിൽ നിന്ന് വേർപെടുത്തപ്പെട്ട സ്ത്രീകൾ ഭ്രാന്തികളായിപ്പോകുന്നത് ഞാൻ കണ്ടിട്ടുണ്ട് . പതിവായി കറുത്ത സ്‌ത്രീകളോടൊപ്പം കിടക്കുകയും അതിനുശേഷം തന്നെ കാമത്തിനു കീഴടക്കിയെന്ന ദുഷ്ടതയില്‍നിന്ന് സ്വയം  ദണ്ഡനം ചെയ്യാനെന്നോണം അവരെ തല്ലിക്കൊന്ന ശേഷം നടന്നു പോകുകയും ചെയ്യന്ന യജമാനന്‍റെ ക്രൂരത ഞാൻ ഓർക്കുന്നു. ഒരു ഉടമ തന്‍റെ ബോട്ടിന്‍റെ ചോര്‍ച്ചയടക്കാന്‍ ഒരടിമയെ വിടവില്‍ തിരുകിക്കയറ്റിയത് ഞാന്‍ കണ്ടു. ബോട്ട് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി, അടിമ അതിനകത്ത് മുങ്ങിമരിച്ചിരുന്നു. വരള്‍ച്ചക്കാലങ്ങളില്‍ ആണുങ്ങളും പെണ്ണുങ്ങളും തങ്ങളുടെ തുണ്ടുഭൂമി ഒരു ബാഗ് പയറിന്, അല്ലെങ്കില്‍ ഒരു കഷണം ബീഫിന്, പകരം വില്‍ക്കുന്നത് ഞാന്‍ കണ്ടു, കാരണം അവര്‍ക്ക് ഇനിയും വിശപ്പ്‌ സഹിക്കാന്‍ വയ്യായിരുന്നു. സെവേറോ കൊല്ലപ്പെട്ടത് അയാള്‍ തന്‍റെ സമൂഹത്തിനു വേണ്ടി പോരാടിയത് കൊണ്ടായിരുന്നു, അവരുടെ ഭൂമിക്കു വേണ്ടി..”

സെവേറോയുടെ രക്തസാക്ഷിത്തത്തെ തുടര്‍ന്ന് ബിബിയാന അതേ ദൗത്യത്തിലേക്ക് സ്വയം ഉയരുന്നതാണ് കുടിയാന്‍ ജനതയുടെ പ്രതിഷേധ ജ്വാലകള്‍ ആളിക്കത്തിക്കുന്നതിലും പോരാട്ടത്തിനു മൂര്‍ത്തമായ ചെറുത്തുനില്‍പ്പിന്‍റെ സ്വഭാവം കൈവരുന്നതിലും എത്തിച്ചേരുക. അധ്യാപക പരിശീലനം കഴിഞ്ഞു തിരികെയെത്തുന്ന ബിബിയാന, പ്ലാന്‍റെഷനിലെ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതും  മാറ്റങ്ങളുടെ നാന്ദിയാണ്. സാന്റാ റീറ്റ മാറിമാറി പരകായങ്ങള്‍ നടത്തുന്നുണ്ട്: സ്വയം പാതിവനിതയും പാതി മത്സ്യവുമായും മറ്റും അത്തരം പരകായങ്ങള്‍ നടത്തുന്ന തദ്ദേശീയയായ നിഗൂഡ വനിത മിയൂദ, ബിബിയാന, ബെലോനേഷ്യ തുടങ്ങിയവരിലേക്കൊക്കെ അത് പടരുന്നു. സാന്റാ റീറ്റയുടെ ആഖ്യാനത്തില്‍ തന്നെയാണ് ഡോനാനാ മുത്തശ്ശിയുടെയും നിഗൂഡ വാളിന്‍റെയും കഥകളും ചുരുളഴിയുക. അതിലൊരു മാതാവിന്‍റെ നിസ്സഹായതയുണ്ട്; തന്‍റെ ജനതയെ ഊറ്റിക്കുടിച്ചു തഴച്ചവരെ മോഷ്ടിക്കുന്നതില്‍ കുറ്റബോധം അശേഷം വേണ്ടെന്ന അടിമത്ത/ കൊളോണിയല്‍ വിരുദ്ധ നിലപാടിന്‍റെ ആര്‍ജ്ജവമുണ്ട്‌; കുഞ്ഞുമകളെ പീഡിപ്പിച്ച മൂന്നാം ഭര്‍ത്താവിനെ രാവിന്‍റെ മറവില്‍ രക്തബലികൊണ്ട് പുഴയാഴങ്ങളില്‍ മറവു ചെയ്യുന്ന ക്രൗര്യമുണ്ട്; ഒടുവില്‍, തന്‍റെ അശ്രദ്ധയുടെ രൂപത്തില്‍ അരുമയായ പേരക്കിടാങ്ങള്‍ക്ക് സംഭവിച്ചതെന്തോ അതിനെ തന്‍റെ ചെയ്തികള്‍ക്കുള്ള ദൈവകോപമായി തിരിച്ചറിഞ്ഞു നടത്തുന്ന സ്വജീവന്‍ കൊണ്ടുള്ള പ്രായശ്ചിത്തവുമുണ്ട്. ഡോനാന മുത്തശ്ശി സ്വയമൊരു ഇതിഹാസമാനമുള്ള കഥാപാത്രമാണ്.

ബ്രസീല്‍ അതിന്‍റെ മഹാനഗരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അതിന്‍റെ ഗ്രാമീണ ഭൂപ്രദേശങ്ങളും  ഭൂമിയുടെ മേലുള്ള ഉടമസ്ഥത സംബസ്ന്ധിച്ച തര്‍ക്കങ്ങളുമാണ് അതിന്‍റെ ചരിത്രത്തിന്‍റെ സിംഹഭാഗത്തെയും നിര്‍ണ്ണയിച്ചത്. ആഫ്രോ-ബ്രസീലിയന്‍ അടിമകളുടെ പിന്‍ഗാമികളായ സമൂഹങ്ങളുടെ രാഷ്ട്രീയ ശബ്ദമില്ലായ്മയാണ് അവരുടെ അടിമത്തം, നിയമം മൂലം നിരോധിക്കപ്പെട്ടതിനു ശേഷവും തുടരാന്‍ ഇടവരുത്തിയതും. ഈ ശബ്ദമില്ലായ്മയുടെ പ്രതീകമാണ്‌ ബെലോനേഷ്യയുടെ നാവുനഷ്ടം. അതുതന്നെയാണ് തലക്കെട്ടിലെ ‘വക്ര കലപ്പയു’യും:

“എന്‍റെ സ്വരം ഒരു വക്രമായ കലപ്പയായിരുന്നു, വികലമായത്, ഭൂമിയെ ഊഷരവും തരിപ്പണമാക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതും ആക്കാന്‍ കഴിയും വിധം മണ്ണില്‍ ആണ്ടുപോകുന്നത്.”

ബെലോനെഷ്യയുടെ മുന്‍ ഗാമികളായി,  ഗ്രീക്ക് പുരാണത്തിലെ ഫിലോമേലയുടെ കഥ മുതല്‍ അപ്രകാരം നിശ്ശബ്ദരാക്കപ്പെടുന്ന സ്ത്രീകളുടെ ഇതിഹാസങ്ങള്‍ സാഹിത്യത്തില്‍ ഒട്ടേറെ ഉണ്ടെന്നും അത് പല വിതാനങ്ങളില്‍ വായിച്ചെടുക്കാവുന്ന അനുഭവമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു *(3).  ബെലോനേഷ്യയുടെ നാവെടുക്കുന്ന വാള്‍ തന്നെ സ്ത്രീകള്‍ക്കു നേരെ ഉയരുന്ന കൊടിയ അക്രമങ്ങള്‍ക്കുള്ള പ്രതികാര ആയുധവും ആയിത്തീരുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലിലുണ്ടല്ലോ.

സമകാലിക ബ്രസീലാണ് നോവലിന്‍റെ പശ്ചാത്തലമെങ്കിലും ബിബിയാനയുടെയും ബെലോനെശ്യയുടെയും കഥ പഴയൊരു കാലത്തിന്‍റെതുമാകാം. തങ്ങളുടെ പൂര്‍വ്വികരുടെ അടിമത്തത്തെ ഓര്‍മ്മിപ്പിക്കുന്ന സാഹചര്യങ്ങളില്‍ തന്നെയാണ് ഇന്നുംകുടിയാന്‍/ കര്‍ഷക തൊഴിലാളി ജീവിതം. “ആഗുവാ നെഗ്രയുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന രഹസ്യ രക്തം ദുരിതമായിരുന്നു” എന്ന് നോവലിസ്റ്റ് എഴുതുന്നു. കാലിക വ്യത്യാസങ്ങള്‍ അപ്രസക്തമാക്കുന്ന ഈ അവസ്ഥ വിശകലനം ചെയ്യുന്നതിലൂടെ, വംശീയതയുടെയും കൊളോണിയല്‍ വിവേചനങ്ങളുടെയും അടിയൊഴുക്കുകളാണ് നോവല്‍ അനാവരണം ചെയ്യുന്നത്; ഒപ്പം, എങ്ങോട്ടും പോകാന്‍ ഇടമില്ലാത്തപ്പോള്‍ ‘സ്വാതന്ത്ര്യം’ തന്നെയും വെറും പാഴ്വാക്കാണ് എന്ന് അടിവരയിടുകയും ചെയ്യുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ അടിച്ചേല്‍പ്പിക്കപ്പെട്ട മൗനത്തിന്‍റെ പ്രതീകമാണ്‌ ബെലോനെഷ്യയുടെ സംസാരശേഷി നഷ്ടം. നോവലിന്‍റെ ആഖ്യാനം മുഴുവനായും സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് എന്നതുതന്നെയും പെണ്‍തിരിച്ചറിവിന്‍റെ കണ്ടെടുപ്പായി കാണണം – മൃഗീയ ഭാവമുള്ള പിതാക്കളെയും സഹോദരങ്ങളെയും ഭര്‍ത്താക്കന്മാരെയുമല്ല ഇനിയും കേള്‍ക്കേണ്ടത് എന്ന പുരുഷനായ എഴുത്തുകാരന്‍റെ പ്രഖ്യാപനം. ഒട്ടും സംഭാഷണ പ്രധാനമല്ലാത്ത നോവലില്‍ സംഭവ പരമ്പരകളുടെ ആഖ്യാനമാണ് മൂന്നു ആഖ്യാതാക്കളും നടത്തുന്നത്. ആത്മസാന്നിധ്യങ്ങള്‍ (encantados) ഭൗതിക മണ്ഡലത്തില്‍ ഇടപെടുകകയും അതിനു കൃത്യമായ ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന നോവലില്‍ സോഷ്യല്‍ റിയലിസത്തിന്‍റെയും മാജിക്കല്‍/ മിസ്റ്റിക് റിയലിസത്തിന്‍റെയും മനോഹരമായ മിശ്രിതം കണ്ടെത്താനാകും. ഇത് ബ്രസീലിയന്‍ കഥാഖ്യാന പാരമ്പര്യത്തോട് ചേര്‍ന്ന് പോകുകയും പ്രഥമ നോവലിലൂടെത്തന്നെ നോവലിസ്റ്റിനെ ഹോര്‍ഹെ അമാദു, ഗ്രസീലിയാനോ റാമോസ്, ഹോസെ ലിനസ് ഡോരേഗോ, ഹുവാവോ ഗിമറായെസ് റോസാ തുടങ്ങിയ ബ്രസീലിയന്‍ സാഹിത്യകുലപതികളുടെ നിരയിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.  വടക്കു കിഴക്കന്‍ ബ്രസീലിലെ ആഫ്രിക്കന്‍ വംശജരുടെ ഇന്നും തുടരുന്ന ദയനീയമായ അവസ്ഥയെ കുറിച്ച് ഗവേഷണം നടത്തിയ വിയേറയുടെ ശൈലിയില്‍ പ്രസ്തുത അക്കാദമിക ഗദ്യമല്ല മുദ്ര പതിപ്പിക്കുന്നത് , മറിച്ച്, ബ്രസീലിയന്‍ ഉള്‍പ്രദേശ (sertão) ശൈലിയും പുരാതന കഥാഖ്യാന രീതികളും ആത്മ സാന്നിധ്യങ്ങളുമാണ് *(4). പുസ്തകത്തിന്‍റെ  ഇംഗ്ലീഷ് പതിപ്പിന് നല്‍കപ്പെട്ടിരിക്കുന്ന, തെറ്റിദ്ധരിപ്പിക്കുംവിധം പ്രസന്നമായ പുറംചട്ട, ഒരര്‍ത്ഥത്തില്‍ നോവലിന്‍റെ തീക്ഷണ പ്രമേയങ്ങളെ വിപരീതത്തില്‍ പൊലിപ്പിക്കുന്നു എന്നു പറയാം. കുറെയേറെ സുപ്രധാന പുരസ്കാരങ്ങള്‍ നേടുകയും അനേകം വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്തിട്ടുള്ള നോവല്‍ ഇംഗ്ലീഷില്‍ എത്തിച്ച ജോണി ലോറെന്‍സ്, മനോഹരമായാണ് ഇത് നിര്‍വ്വഹിച്ചിരിക്കുന്നത് എന്ന് നിരൂപക മതം.

References:

(1). (Jimin Kang. ‘In Brazil, a Best-Selling Novel Confronts the Brutal Afterlife of Slavery’, The Nation, OCTOBER 25, 2023, https://www.thenation.com/article/culture/crooked-plow-itamar-vieira-junior/).

(2). https://www.kirkusreviews.com/book-reviews/itamar-vieira-junior/crooked-plow/

(3). (Laura Garmeson. ‘Laura Garmeson reviews Crooked Plow by Itamar Vieira Junior’. Asymptote© 2024, https://www.asymptotejournal.com/criticism/itamar-vieira-junior-crooked-plow/).

(4). (Angel Gurría-Quintana. ‘Crooked Plow by Itamar Vieira Junior — the lost voices’, Financial Times, 20.07.2023).

read more:

The Dew Breaker by Edwidge Danticat

https://alittlesomethings.blogspot.com/2024/09/the-dew-breaker-by-edwidge-danticat.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

Half Blood Blues by Esi Edugyan

https://alittlesomethings.blogspot.com/2024/08/half-blood-blues-by-esi-edugyan.html

The Last Brother by Nathacha Appanah

https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html

Wandering Star by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Desert+by+J.M.G.+Le+Cl%C3%A9zio


Sunday, August 4, 2024

The Last Brother by Nathacha Appanah / Geoffrey Strachan

 “ഹോളോകോസ്റ്റിന്റെ മോറീഷ്യന്‍ ചിത്രം”




ചരിത്രത്തിന്റെ മഹാപാപങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരികയും എണ്ണമറ്റ ഇരകളുടെ അന്ത്യത്തിന് ശേഷം, തിരയടങ്ങിയ ‘സമാധാന’ കാലത്തേക്ക് ജീവിച്ചിരിക്കുകയും ചെയ്യുന്ന മനുഷ്യരില്‍ ഉരുവാകുന്ന ‘അതിജീവിച്ചവന്റെ കുറ്റബോധം’ (survivor guilt) ഹോളോകോസ്റ്റ് അനന്തര ലോക സാഹിത്യത്തില്‍ ഏറെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വംശജയായ  ഫ്രഞ്ച്- മോറീഷ്യന്‍ നോവലിസ്റ്റ് നതാഷ അപ്പനായുടെ The Last Brother ഹോളോകോസ്റ്റ് ചരിത്രത്തിലെ ഏറെയൊന്നും അറിയപ്പെടാത്ത ഒരു ഖണ്ഡത്തെയാണ് പശ്ചാത്തലമാക്കുന്നത്. നാസി ഭീകരതയുടെ നാളുകളില്‍ പോളണ്ട്, ചെക്കോസ്ലോവാക്യ, ഓസ്ട്രിയ തുടങ്ങിയ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് വാഗ്ദത്ത ഭൂമിയായ പലസ്തീന്‍ ലക്ഷ്യമാക്കി യാത്ര തിരിക്കുകയും രാഷ്ട്രീയ കാരണങ്ങളാല്‍ ബ്രിട്ടീഷ് നിയന്ത്രിത പലസ്തീനിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും അന്ന് ബ്രിട്ടീഷ് കോളനിയായിരുന്ന മോറീഷ്യസിലെ ബോ ബാസ്സിന്‍ ജയിലില്‍ തടവിലാക്കപ്പെടുകയും ചെയ്ത ആയിരത്തി അഞ്ഞൂറോളം ജൂത അഭയാര്‍ഥികളുടെ ദുരന്ത പശ്ചാത്തലത്തില്‍ അപൂര്‍വ്വമായ ഒരു കൌമാര സൌഹൃദത്തിന്റെയും വിധിവൈപരീത്യങ്ങളുടെയും നിസ്സഹായതകളുടെയും കഥയാണ് നോവല്‍ അവതരിപ്പിക്കുന്നത്‌.

എഴുപതിലെത്തിയ രാജ് എന്ന ഇന്ത്യന്‍-മോറീഷ്യന്‍ വംശജന്റെ ഓര്‍മ്മകളില്‍ തെളിയുന്ന അപൂര്‍വ്വ സൌഹൃദത്തില്‍, ഡേവിഡ് എന്ന പത്തുവയസ്സുകാരന്‍ അഭയാര്‍ഥി പയ്യനുണ്ട്: നാസി അധിനിവേശ നാളുകളില്‍ ചെക്കോസ്ലോവക്യയില്‍ പ്രാഗില്‍ നിന്ന് നിന്ന് ഓടിപ്പോന്ന അനാഥന്‍. വര്‍ഷം 1945. രാജിന്റെ ഓര്‍മ്മകളില്‍ സ്വപ്നാനുഭാവമായി ഡേവിഡ് പലപ്രായത്തില്‍ എത്തുമെങ്കിലും പത്തു വയസ്സില്‍ മരിച്ചു പോയവനാണ് ആ അതീവ ഹ്രസ്വ സൌഹൃദത്തിലെ സഹോദര സമാനന്‍. എട്ടാം വയസ്സുവരെ രാജ് ജീവിച്ചത് വടക്കന്‍ ദേശത്തെ മാപൂവിലാണ്. പഞ്ചസാര ഫാക്റ്ററിയില്‍ തൊഴിലാളിയായിരുന്ന പിതാവിനെ അവനൊരിക്കലും പപ്പയെന്നോ മറ്റോ ഉള്ള സ്നേഹസൂചക പദങ്ങളൊന്നും ചേര്‍ത്തു വിളിക്കാത്തത് അയാള്‍ ഗാര്‍ഹിക പീഡനത്തിന്റെ ഏറ്റവും ബീഭത്സ മുഖം ആയിരുന്നത് കൊണ്ടാണ്. ഫ്രാന്‍സ് ഫാനന്റെ പ്രസിദ്ധമായ പ്രയോഗത്തെ കടമെടുത്ത് “ഭൂമിയിലെ അഭിശപ്തര്‍ (the wretched of the earth)” എന്ന് നോവലിസ്റ്റ് വിളിക്കുന്ന സമൂഹത്തില്‍, പ്ലാന്റെഷന്‍ തൊഴിലാളികള്‍ക്ക് (indentured labourers) ഇടയില്‍ പതിവായിരുന്ന വിധം എന്നും വൈകീട്ട് മദ്യ ലഹരിയില്‍ അയാളത് ഭാര്യക്കും മക്കള്‍ക്കുമെതിരെ വീട്ടില്‍ അരങ്ങേറി. അച്ഛന്‍റെ പ്രകൃതത്തിനു നേര്‍വിപരീതമായി മമ്മ ‘ദരിദ്ര ജീവിതത്തിന്റെ കരുണാര്‍ദ്രമായ വശ’ത്തെ പ്രതിനിധാനം ചെയ്തു. രാജിനേക്കാള്‍ ഒന്നോ രണ്ടോ വയസ്സുമാത്രം മൂപ്പുണ്ടായിരുന്ന സഹോദരന്‍ വിനോദ് വിഫലമായ ചെറുത്തുനില്‍പ്പിന് ശ്രമച്ചിരുന്നുവെങ്കിലും അതും നീണ്ടു നിന്നില്ല. എല്ലാ ദുരിതങ്ങള്‍ക്കുമിടയില്‍ പ്രകൃതിയുടെ അത്ഭുതങ്ങള്‍ക്ക് കാതോര്‍ത്ത കൌമാരക്കാര്‍ തൊട്ടടുത്തുള്ള കാട്ടിലും മലയിലും കൌമാര സാഹസങ്ങളുടെ ഇടവേളകള്‍ കണ്ടെത്തി. അത്തരം ഒരു ഘട്ടത്തില്‍, ദുരന്തം അതിന്റെ മുഴുവന്‍ പ്രഹര ശേഷിയും പുറത്തെടുത്തു. 1944ന്റെ കൊല്ലപ്പിറവി ദിനത്തില്‍, കൊടുങ്കാറ്റും പേമാരിയും തകര്‍ത്ത ഒരു പ്രളയ ദിനത്തില്‍, ഒരൊറ്റ സായാഹ്നത്തില്‍ വിനോദിനോടൊപ്പം അനിയന്‍ അനിലും നഷ്ടപ്പെട്ടുപോയ വേദനിപ്പിക്കുന്ന ഓര്‍മ്മയില്‍ കഴിയുന്ന കുടുംബം, അച്ഛന് പട്ടണത്തില്‍ ജയില്‍ ഗാര്‍ഡ് ആയി ജോലി കിട്ടുന്നതോടെ അങ്ങോട്ടേക്ക് താമസം മാറ്റുന്നു.

നോവലിന്റെ വര്‍ത്തമാന കാലത്തില്‍ ഫ്ലാഷ് ബാക്കുകളിലൂടെ ഒരു മുത്തച്ചന്‍ ആയിക്കഴിഞ്ഞ രാജ് നടത്തുന്ന ആഖ്യാനം ഫലത്തില്‍ ഒരു സ്തുതിഗീതം കൂടിയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: ഡേവിഡിന്, അവനൊപ്പം തടവറയില്‍ ഒടുങ്ങിയ 127 ജൂത അഭയാര്‍ഥികള്‍ക്ക്, രാജിന്റെ സഹോദരന്മാരായ അനിലിനും വിനോദിനും, ഒപ്പം നഷ്ടപ്പെട്ടുപോയ കുട്ടിക്കാലത്തിനും (Dalia Sofer: Castaways- nytimes.com).

 “എന്നെപ്പോലെ, എന്റെ അമ്മയും അനിലിന്റെയും വിനോദിന്റെയും മരണത്തിന്റെ ഭാരം ഉള്ളില്‍ പേറി. നിങ്ങള്‍ക്ക് സ്വയം നിങ്ങളെ അനാഥന്‍ എന്നോ, വിധവയെന്നോ വിഭാര്യന്‍ എന്നോ വിളിക്കാം, എന്നാല്‍ ഒരൊറ്റ ദിവസത്തില്‍ രണ്ടു മക്കളെ, ഒരൊറ്റ ദിവസത്തില്‍ രണ്ടു സഹോദരങ്ങളെ നഷ്ടമായാല്‍, പിന്നെ നിങ്ങള്‍ എന്താണ്? നിങ്ങളെന്തായിക്കഴിഞ്ഞു എന്ന് പറയാന്‍ ഏതു വാക്കാണ്‌ പിന്നെയുള്ളത്? അത്തരം ഒരു വാക്ക് ഞങ്ങളെ തുണച്ചേനേ”

എന്ന് ഭാഷയുടെ പരിമിതിയില്‍ ചെന്ന് മുട്ടുന്ന നോവല്‍, ദുഃഖഭാരങ്ങള്‍ക്കു മറുമരുന്നായി ഉയര്‍ത്തിക്കാട്ടുന്നത് സുദൃഡമായ സൗഹൃദത്തിന്റെ ബന്ധുത്വമായി രണ്ടു കൌമാരക്കാരുടെയും ഇല്ലാതായ മക്കളുടെ സ്ഥാനത്തേക്ക് അനാഥപ്പയ്യനു ഹൃദയത്തില്‍ ഇടം കൊടുക്കുന്ന അമ്മയുടെയും നിലപാടുകളാണ്.    

ഭാഷയുടെ പരിമിതിയെന്ന പ്രമേയത്തോടൊപ്പം തന്നെയാണ് ഏകാന്തതയുടെ ദുഖവും നോവലില്‍ സുപ്രധാന വിഷയമാകുന്നത്‌. ജയിലിലെ അന്തേവസികളെ കുറിച്ചുള്ള അച്ഛന്റെ വിവരണത്തിലെ കുറ്റവാളികള്‍, കൊള്ളക്കാര്‍ തുടങ്ങിയ അപൂര്‍വ്വ മനുഷ്യരെ കാണാനുള്ള കൌമാരസഹജമായ ജിജ്ഞാസയോടെ കുറ്റിക്കാടിനു പിറകില്‍ മറഞ്ഞിരിക്കുന്ന രാജ്, വിളറിവെളുത്തു മൃതപ്രായരായ പ്രേതരൂപികളെ പോലുള്ള ഒരു കൂട്ടം മനുഷ്യരെ ജയില്‍ വളപ്പില്‍ കണ്ടെത്തുന്നത് ഒരു അപൂര്‍വ്വ സൌഹൃദത്തിന്റെ തുടക്കമാകുന്നു. സ്വര്‍ണ്ണത്തലമുടിയുള്ള ഒരു പയ്യന്‍ ഒരു മൂലയിലിരുന്നു വിതുമ്മുന്നത് അവന്‍ ശ്രദ്ധിക്കുന്നു.

“അന്നേ ദിവസം ഡേവിഡ് ചെയ്തത് തന്നെ ഞാനും ചെയ്തു,.. ഞാനെന്റെ തല ഇലകള്‍ക്കിടയില്‍ പൂഴ്ത്തി വിതുമ്മി, ഏതാനും വാരയകലെ അവന്‍ ചെയ്തു കൊണ്ടിരുന്ന പോലെ.”

ഈ നൈസര്‍ഗ്ഗിക ആത്മ ഐക്യം സൌഹൃദമായി വളരുക തൊട്ടടുത്ത ദിവസത്തിലാണ്. അച്ഛന്റെ പതിവു പീഡനത്തെ തുടര്‍ന്ന് ജയിലിലെ ആശുപത്രിയിലെത്തുന്ന രാജ് മലമ്പനിക്ക്‌ ചികിത്സ തേടുന്ന ഡേവിഡുമായി ചങ്ങാത്തം സ്ഥാപിക്കുന്നു, എന്നാല്‍ യുദ്ധത്തെ കുറിച്ചോ ജൂതാനുഭവത്തെ കുറിച്ചോ ഇപ്പോഴും അവന്‍ തീര്‍ത്തും അജ്ഞനാണ്. ഇരുവര്‍ക്കും അന്യമായ മുറി ഫ്രഞ്ചില്‍ ഇരുവരും അവരവരുടെ ദുഖത്തിന്റെ അന്തസ്സത്ത വെളിപ്പെടുത്തുന്നു: “ഞാന്‍ തനിച്ചാണ്.” “ഞാനുമതെ.” അതീവ സാഹസികമായ ഒരു ശ്രമത്തിലൂടെ ഡേവിഡിനെ പുറത്തെത്തിക്കാന്‍ രാജ് പാടുപെടുന്നത് അവനെ രക്ഷിക്കാന്‍ വേണ്ടി മാത്രമല്ല തന്റെ എകാന്തതക്കുള്ള പരിഹാരമായും രണ്ടു മക്കളെ നഷ്ടപ്പെട്ട അമ്മക്ക് പകരം ഒരു മകനെ നല്‍കുകയെന്ന ആഗ്രഹത്തിലുമാണ്.

“ഞാന്‍ കരുതി എനിക്കവനെ .. ഒരു ഒരു പ്രിയ സഹോദരനെ ചേര്‍ത്തു നിര്‍ത്തും പോലെ എന്നോട് ചേര്‍ത്തു നിര്‍ത്താനാവും,.. മറ്റൊരു മകനെ കൊണ്ട് കൊടുക്കുന്നതിലൂടെ എന്റെ അമ്മയുടെ ദുഖത്തില്‍ കുറച്ചു ഇല്ലാതാക്കാനാകും എന്ന്.”

നോവലില്‍ ഉടനീളം എതിരറ്റങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന രീതിയുണ്ടെന്നു ഡാലിയ സോഫാര്‍ നിരീക്ഷിക്കുന്നു: (ibid). നഷ്ടത്തിന്റെ ദുഖവും സ്നേഹത്തിന്റെ സന്തോഷവും, യുദ്ധത്തിന്റെ ഭീകരതയും സൌഹൃദത്തിന്റെ സൗന്ദര്യവും, ചില ദിനങ്ങളിലെ പ്രകൃതിയുടെ താണ്ഡവവും മറ്റു ഘട്ടങ്ങളിലെ പരിലാളനയും, എന്നിങ്ങനെ തുടങ്ങി ഹൃദയ ശുദ്ധിയുള്ള കഥാപാത്രങ്ങളും നേര്‍വിപരീത ചിത്രങ്ങളും നോവലില്‍ ഏറെയുണ്ട്. നോവല്‍ തന്നെയും ചരിത്രത്തിന്റെ അപാരമായ ഒരു ദുരന്ത ഘട്ടത്തെ ആവിഷ്കരിക്കുമ്പോഴും ‘ആമന്ത്രണം ചെയ്യപ്പെടുന്ന ഒരു ദൃഷ്ടാന്തകഥ’യുടെ സാരള്യവും ഉള്‍ച്ചേര്‍ക്കുന്നുണ്ട് എന്നു നിരൂപക (ഡാലിയ സോഫാര്‍) ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, വൈരുധ്യങ്ങളെ ആവിഷ്കരിക്കുന്നതില്‍ ഐറണിയുടെ സ്പര്‍ശം ഒട്ടുമില്ലെന്നും ഡേവിഡിന്റെ ഇത്തിരി കോടിയ ചിരി പോലും ഒട്ടും പരിഹാസസൂചകമായിരുന്നില്ല എന്നും മറിച്ചു ‘സുന്ദരമായതെന്തോ’ ഒന്നിനുള്ള തുടക്കമായിരുന്നു എന്നും രാജ് നിരീക്ഷിക്കുന്നു. സുന്ദരമായതെന്തോ ഒന്നിനു വേണ്ടിയുള്ള അന്വേഷണം നോവലില്‍ എല്ലാ കഥാപാത്രങ്ങളും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നടത്തുന്നുണ്ട്. രണ്ടു സഹോദരന്മാരെ പ്രകൃതി ദുരന്തം തട്ടിയെടുത്ത വേദനിപ്പിക്കുന്ന ഓര്‍മ്മകളുള്ള ഇടം വിട്ടു രാജിന്റെ കുടുംബം, പ്രാഗില്‍ നിന്നുള്ള ഡേവിഡിന്റെ പലായനം, വാഗ്ദത്ത ഭൂമി തേടിയുള്ള ജൂതയാനം, തടവറയില്‍ നിന്ന് രാജിന്റെ സഹായത്തോടെയുള്ള ഡേവിഡിന്റെ രക്ഷപ്പെടല്‍, രാജും സഹോദരങ്ങളും തങ്ങളുടെ ദുസ്സഹ ജീവിതത്തില്‍ നിന്ന് പറന്നകലാന്‍ നടത്തുന്ന വിമാനം കളി, ഒരു ചിത്രശലഭമായി ഭാരമില്ലാതെ പറന്നകലാനുള്ള രാജിന്റെ മോഹം എന്നതൊക്കെ ഈ മനോനിലയുടെ പ്രതിരൂപങ്ങളാണ്. എന്നാല്‍ രക്ഷപ്പെടല്‍ ഒരു മോഹം മാത്രമായി അവശേഷിക്കും. അനിലിന്റെ ‘U’ മാതൃകയിലുള്ള വടി പോലെ, ദിവസങ്ങളോളം വനത്തിലൂടെ ഓടിയിട്ടും തുടങ്ങിയ ഇടത്തില്‍ തന്നെ തിരികെയെത്തുകയും പോലീസിന്റെ പിടിയിലായി ജയിലില്‍ ഒടുങ്ങുകയും ചെയ്യുന്ന ഡേവിഡിനെ പോലെ. അതേ സമയം ശാരീരികമായി സാധ്യമല്ലാത്ത രക്ഷപ്പെടല്‍ ഭാഷയിലൂടെയും പാട്ടുകളിലൂടെയും സാധ്യമാക്കുന്നുണ്ട്, ജയില്‍ ഹോസ്പിറ്റലില്‍ കഴിയുന്ന ജൂതത്തടവുകാര്‍ അവരുടെ യിദ്ദിഷ് പാട്ടുകളിലൂടെ. വനത്തിനുള്ളില്‍, മരണത്തെ മുഖാമുഖം കാണുന്ന ഘട്ടത്തില്‍ ഡേവിഡ് പാടുന്നത് ഏറെ കാവ്യാത്മക ഭാഷയിലാണ് രാജ് വിവരിക്കുന്നത്:

“ഡേവിഡിന്റെ കുഞ്ഞു ശബ്ദം കസ്തൂരി മരത്തിനരികില്‍ നിന്നുയര്‍ന്നു, അവന്റെ യിദ്ദിഷ് വാക്കുകള്‍ ഉഷ്ണമേഖലാ രാവില്‍ നിറഞ്ഞു, ഈ ജൂത ഗാനം കാടിനെ ആലിംഗനം ചെയ്തു, എന്നെ, കൊച്ചു രാജിനെ, ആലിംഗനം ചെയ്തു. അവന്റെ സ്വരം അത്ര പ്രശാന്തമായിരുന്നു, വാക്കുകള്‍ നൈസര്‍ഗ്ഗികമായി ഒഴുകി, ഈ ആലാപനം എന്നില്‍ പ്രവേശിച്ചു എന്റെ ഹൃദയത്തിലെത്തി, അതെന്നെ എനിക്ക് ചുറ്റുമുള്ള ലോകവുമായി ഒന്നാക്കിത്തീര്‍ത്തു, അതുവരെയും ഞാനൊരു അന്യനായിരുന്നു എന്ന മട്ടില്‍. ഈ വിലാപം ജീവിതത്തിന്റെ സൌന്ദര്യത്തെ കുറിച്ച് തന്നെയാണ് പറഞ്ഞത്”

എന്ന് രാജ് നിരീക്ഷിക്കുന്നു. അവന്റെ പേരിന്റെ ഉറവിടമായ ഡേവിഡ് രാജാവ് “ഇസ്രായേലിന്റെ മാധുര്യമൂരുന്ന ഗായകന്‍” ആയിരുന്നു എന്നത് പ്രസക്തമാണ്. രാജിന്റെ അമ്മയുടെ പ്രകൃതിചികിത്സാ സിദ്ധിയെ കുറിച്ച് നോവലില്‍ സൂചനയുണ്ട്:

“അവരുടെ വിരലുകളുടെ സ്പര്‍ശത്തില്‍, ഓരോ ചെടിയും അതിന്റെ വിധിവിഹിതം തിരിച്ചറിഞ്ഞു: സുഖപ്പെടുത്തല്‍, സംരക്ഷണം, വേദന ശമിപ്പിക്കല്‍, ചിലപ്പോള്‍ കൊല്ലലും.”

ഒരുപക്ഷെ പ്രമേയത്തിന്റെ ദുരന്തഭാവത്തിനെതിരെ നോവലിസ്റ്റ് ഉയര്‍ത്തിപ്പിടിക്കുന്നതും ഈ പ്രസന്നമായ ആഖ്യാനസ്വരം തന്നെയാണ് എന്ന് പറയാം. സ്വര്‍ണ്ണത്തലമുടിയുടെ പ്രഭാവലയം (halo) ഉള്ള ഡേവിഡും മുറിവുകളില്‍ സാന്ത്വനമാകുന്ന മമ്മയും തന്റെ ജീവിതത്തിലെ മാലാഖമാരായിരുന്നുവെന്നു രാജ് കരുതുന്നു. മകന്റെ മുറിവുകള്‍ തലോടുന്ന അമ്മയിലും കൂട്ടുകാരന്റെ മുറിവേറ്റ പാദങ്ങള്‍ കഴുകി ശുദ്ധീകരിക്കുന്ന രാജിലും മഡോണ – ക്രിസ്തു പ്രതീകങ്ങളുടെ സാന്നിധ്യവും പ്രസക്തമാണ്‌.

അതിജീവിച്ചവന്റെ കുറ്റബോധം എന്ന വിഷയം കഥപറയാനുള്ള യോഗ്യതയുടെ ധാര്‍മ്മികത സംബന്ധിച്ച ചോദ്യമായി ആഖ്യാതാവിനെ മഥിക്കുന്നുണ്ട്:

“പക്ഷെ ഇന്ന് ഈ അന്ധാളിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചെല്ലാം പറയാന്‍ എനിക്കെന്തൊക്കെയോ അവകാശമുണ്ട്‌ എന്ന മട്ടില്‍ ഈ കഥ പറയാന്‍, ഇതെല്ലാം പറയാന്‍, അവനെ കുറിച്ച് ഇതുപോലെ സംസാരിക്കാന്‍, ഞാനാരാണ്? .. അവനെങ്ങനെയായിരുന്നിരിക്കണം അനുഭവപ്പെട്ടിരിക്കുക, നാടുകടത്തലിനെ കുറിച്ചോ, കൂട്ടക്കുരുതികളെ കുറിച്ചോ എനിക്കെന്തറിയാം, തടവറയെ കുറിച്ച് എനിക്കെന്തറിയാം?”

മഹാദുരന്തങ്ങള്‍ സുരക്ഷിത അകലങ്ങളില്‍ ഇരുന്നു കഥയും ഇതിഹാസവുമാക്കുന്നതിന്റെ അസംബന്ധ പൂര്‍ണ്ണമായ ഐറണിയാണ് ഈ ചോദ്യങ്ങളില്‍ മുഴങ്ങുന്നത്.

“ഇത് പറയുന്നതില്‍ ലജ്ജിക്കേണ്ടതില്ലേ എന്ന് എനിക്കറിയില്ല. പക്ഷെ അതായിരുന്നു സത്യം: നാലു കൊല്ലമായി ഒരു ലോകയുദ്ധം നടക്കുകയായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു, ആശുപത്രിയില്‍ വെച്ച് ഡേവിഡ് എന്നോട് ഞാന്‍ ജൂതനായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അതിന്റെ പൊരുള്‍ എനിക്കറിയില്ലായിരുന്നു. ഹോസ്പിറ്റലില്‍ ആയിരുന്നത് കൊണ്ട് ജുവിഷ് എന്നത് ഏതോ രോഗത്തിന്റെ പേരായിരിക്കും എന്ന അവ്യക്ത ധാരണയോടെ ഞാന്‍ പറഞ്ഞു, അല്ല. ഞാന്‍ ജര്‍മ്മനിയെ കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നില്ല, സത്യത്തില്‍ എനിക്കൊന്നും അറിയില്ലായിരുന്നു. ഡേവിഡില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലാത്ത ഒരു സുഹൃത്തിനെയാണ് എനിക്ക് കിട്ടിയത്, സ്വര്‍ഗ്ഗത്തില്‍ നിന്നൊരു സമ്മാനം, അന്ന് 1945ന്റെ തുടക്കത്തില്‍ അതായിരുന്നു എനിക്ക് ഒരേയൊരു കാര്യവും.”

പ്രകൃതി എപ്പോഴും സൌഹാര്‍ദ്ദപരമായി മാത്രം മനുഷ്യ ജീവിതത്തില്‍ ഇടപെടുന്ന പ്രതിഭാസമാണ് എന്ന കാല്‍പ്പനികവല്‍ക്കരണം നോവല്‍ പിന്തുടരുന്നില്ല. മറിച്ചു മാരക ശേഷിയുള്ളതും സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുമായ ഒരു സാന്നിധ്യമാണത്:

 “എനിക്കറിയാമായിരുന്നു, എവിടെയാണ് ഒരു വലിയ മാവില്‍ നിന്ന് പുളഞ്ഞു മാറേണ്ടത്, തന്ത്രപൂര്‍വ്വം വീഴ്ത്തിയേക്കാവുന്ന വേരുകളെ കരുതി ബദാമിനടുത്ത് ഇടതു വശത്തുകൂടി  മെല്ലെ പോകേണ്ടത്, യൂകാലിപ്റ്റസിന്റെ പൊട്ടിപ്പിളര്‍ന്ന ചില്ലകളെ കുനിഞ്ഞൊഴിയേണ്ടത്, ടര്‍പന്റൈന്‍ മണക്കുന്ന മാവുകള്‍ക്കിടയില്‍, ഇടയ്ക്കു നിര്‍ത്താതെ, ചിന്തിക്കാന്‍ നില്‍ക്കാതെ, മറ്റേ മാവിനരികിലൂടെ കുതിച്ചു ചാടേണ്ടത്‌, കാരണം അവിടെയൊരു മാളമുണ്ടായിരുന്നു, ആ മാളത്തിനരികില്‍ ചിതല്‍ പുറ്റും നിറയെ തിളങ്ങുന്ന അടിവശമുള്ള വലിയ ചുവപ്പന്‍ ഉറുമ്പുകളും, അവയുടെ കടി കടുത്ത കടച്ചിലും അതീവ വേദനയും നല്‍കുമായിരുന്നു.”

കാവ്യാത്മക/ പ്രകൃതി രൂപകങ്ങളെ നോവലിസ്റ്റ് ഉപയോഗിക്കുന്ന രീതിയിലും ഈ തിരിച്ചറിവിന്റെ സാന്നിധ്യമുണ്ട്. കേവലം ഭാവഗീതാത്മക സൗന്ദര്യ സൃഷ്ടി മാത്രം ഉദ്ദേശിച്ചുള്ളതല്ല അത്. കൊച്ചു രാജ് ആഹ്ലാദത്തോട് കണ്ടുനില്‍ക്കുന്ന ചക്രവാളത്തില്‍ തിരയിളക്കുന്ന മേഘപാളികളെ കുറിച്ചുള്ള വര്‍ണ്ണന കരീബിയന്‍ നോവലിസ്റ്റ് ജമൈക്ക കിന്‍കെയ്ഡിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും എന്നാല്‍ പിന്നീടത്‌ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്ന് ഉയരുന്ന “തീയില്‍ പൊട്ടിപ്പിളരുന്ന കരിമ്പ് തണ്ടുകള്‍ക്ക് പകരം ആളുകള്‍, സ്ത്രീകള്‍, കുട്ടികള്‍ ഒക്കെ” ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ പുകയുടെ ഭീകരതയിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നുവെന്നും ആന്റെഴ്സന്‍ ടെപ്പര്‍ നിരീക്ഷിക്കുന്നത് (Anderson Tepper: wordswithoutborders.org) ഇതോടു ചേര്‍ത്തു പറയാം. ജീവിത പരിസരം കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും തികച്ചും വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്ന രണ്ടു കൌമാരക്കാരുടെ തീരെ ഹ്ര്വസ്വമായ ഒരു പാരസ്പര്യം ജീവിതകാലം മുഴുവനും ഓര്‍ത്തുവെക്കാനും ആഖ്യാതാവിന്റെ ജീവിത വീക്ഷണത്തെ അപ്പാടെ മാറ്റി മറിക്കാനും നിമിത്തമാകുകയും ഒപ്പം ചരിത്രത്തിന്റെ ചോരപ്പാടുകളിലേക്ക് സാഹിത്യത്തിന്റെ ഉള്‍ക്കണ്ണ്‍ തുറപ്പിക്കുവാനും ഇടയാക്കുകായും ചെയ്യുന്നതില്‍ നതാഷേ അപ്പനായുടെ നോവല്‍ തന്റെ നാട്ടുകാരനായ മറ്റൊരു വലിയ പ്രതിഭയുടെ മാസ്റ്റര്‍പീസിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: ലേ ക്ലെസിയോയുടെ ‘അലയുന്ന നക്ഷത്രം’ (Wandering Star) എന്ന നോവലിലെ എസ്തറിനെയും നജ്മയെയും ഞൊടിയിട പാരസ്പര്യം അടയാളപ്പെടുത്തുന്ന അവരുടെ വിധിയെയും. ലേ ക്ലെസിയോയും ആവിഷ്കരിക്കുന്നത് പലസ്തീന്‍ വാഗ്ദത്ത ഭൂമിയിലേക്കുള്ള ജൂത പ്രയാണത്തിന്റെ കഥയാണ്‌ എന്നതും ഇരു നോവലുകളെയും ഒരുമിപ്പിക്കുന്ന മറ്റൊരു തലമാണ്. എന്നാല്‍, വൈയക്തിക തലത്തില്‍ തന്നെ ഹോളോകോസ്റ്റ് അനുഭവത്തെ നേരിടുകയും അതിനെ ലോക സാഹിത്യത്തിന്റെ തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ഏലി വീസല്‍, പ്രിമോ ലെവി, ആന്ദ്രെ ഷ്വാസ് ബാര്‍ട്ട് തുടങ്ങിയ സാഹിത്യ കുലപതികളുടെ നിരയിലേക്ക് ഉയരാന്‍ അപ്പനായുടെ എഴുത്തിനു കഴിയുന്നില്ലെന്നും കുറ്റബോധത്തിന്റെയും ദുഃഖത്തിന്റെയും വൈകാരികതയെ വേണ്ടത്ര തീവ്രതരമാക്കുന്നതില്‍ അവരിനിയും മുന്നോട്ടു പോകേണ്ടതുണ്ട് എന്നും മാര്‍ത്ത ടോള്‍ നിരീക്ഷിക്കുന്നു (Martha Toll: washingtonindependentreviewofbooks.com).

 

മോറീഷ്യന്‍ സാഹിത്യത്തില്‍ നിന്ന് കൂടുതല്‍:


  Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/search?q=Eve+out+of+Her+Ruins+by+Ananda+Devi

 

Desert by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Desert+by+J.M.G.+Le+Cl%C3%A9zio

 

Wandering Star by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Wandering+Star+by+J.M.G.+Le+Cl%C3%A9zio

 

 

Desert and Wandering Star by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Desert+and+Wandering+Star+by+J.M.G.+Le+Cl%C3%A9zio

More on Holocaust:


Saturday, August 3, 2024

Your Name Shall Be Tanga by Calixthe Beyala

ഋതുഹാരകളുടെ മാനിഫെസ്റ്റോ




പ്രകോപനപരമായ രീതിയില്‍ പുരുഷാധിപത്യ വിരുദ്ധമെന്നു ഫെമിനിസ്റ്റ് നിരൂപകര്‍ എന്ന് ആഘോഷിക്കുമ്പോള്‍ത്തന്നെ സാഹിത്യ ചോരണത്തിനു ഏറെ ഭത്സിക്കപ്പെടുകയും ചെയ്തിട്ടുള്ള എഴുത്തുകാരിയാണ് കാമറൂണിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് കലിസ്തെ ബിയാല. പോസ്റ്റ്കൊളോണിയല്‍, പുരുഷാധികാര ആഫ്രിക്കന്‍ സമൂഹത്തില്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ വിധേയത്വം അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ത്രീ ജീവിതത്തിന്റെ ദുരിതങ്ങള്‍ വന്യമായ ലൈംഗിക ബിംബങ്ങള്‍ വേണ്ടുവോളം ഉപയോഗിച്ച് ആവിഷ്കരിക്കുന്ന കൃതികളിലൂടെ ഒരു റാഡിക്കല്‍ ഫെമിനിസ്റ്റ് എന്നും പുരുഷ വിദ്വേഷിയെന്നും വിളിക്കപ്പെട്ടിട്ടുണ്ട് അവര്‍. ആഫ്രിക്കന്‍ വാമൊഴി കഥാ പാരമ്പര്യത്തെ പിന്തുടര്‍ന്ന് രേഖീയമല്ലാത്ത ആഖ്യാനങ്ങളിലൂടെ ലൈംഗിക അതിക്രമങ്ങളും പീഡനവും നിരന്തരം അനുഭവിക്കേണ്ടി വരുന്ന, ജീവിതകാലം മുഴുവനും പുരുഷാധിപത്യത്തിന് അടിപ്പെട്ടു കഴിയുന്ന സ്ത്രീകള്‍ക്കു വേണ്ടി, ആഫ്രിക്കന്‍, ആഫ്രിക്കന്‍ കുടിയേറ്റ സമൂഹങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചു അവര്‍ എഴുതുന്നു. രചനാ ശൈലിയില്‍ പോസ്റ്റ്മോഡേന്‍ എന്ന് വിവരിക്കപ്പെടുന്ന രേഖീയമല്ലാത്ത, സങ്കീര്‍ണ്ണവും ശ്ലഥവുമായ ആഖ്യാനം, ഫ്ലാഷ് ബാക്കുകള്‍, തെരുവു സംസാരം ഉള്‍പ്പടെ വ്യത്യസ്ത ഭാഷാ രീതികളുടെ മിശ്രണം, ഭൂതകാലവും വര്‍ത്തമാനവും സൂചകഭേദങ്ങളില്ലാതെ ഇടകലരുന്ന രീതി, വ്യത്യസ്ത ആഖ്യാന സ്വരങ്ങള്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഇടകലരുന്നു.   

കാമറൂണിലെ ഏറ്റവും വലിയ നഗരമായ ദുവാലയില്‍ പരമ ദരിദ്രമായ കുടുംബത്തില്‍ പന്ത്രണ്ടു മക്കളില്‍ ഒരുവളായി 1961ല്‍ ജനിച്ച ബിയാല, ന്യു ബില്ലിലെ ചേരിയില്‍ മൂത്ത സഹോദരിയുടെ സംരക്ഷണയില്‍ ആണ് വളര്‍ന്നത്‌. പതിനേഴാം വയസ്സില്‍ പാരീസിലെത്തിയ ബിയാല അവിടെ വെച്ചാണ്‌ പഠനം പൂര്‍ത്തിയാക്കുന്നതും വിവാഹിതയകുന്നതും. 1987ല്‍ ആദ്യ നോവല്‍ പുറത്തിറക്കിയ ശേഷം ഫ്രാന്‍സിലെ പ്രവാസികളുടെയും ന്യൂന പക്ഷങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപക അംഗം ആയിത്തീര്‍ന്ന ബിയല, തുടര്‍ന്ന് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പേരില്‍ സാഹിത്യ ചോരണത്തിനു കോടതി കയറേണ്ടി വന്നു. ആലീസ് വാക്കര്‍, ബെന്‍ ഓക്രി തുടങ്ങിയ വലിയ എഴുത്തുകാരുടെ ഉള്‍പ്പടെ ദീര്‍ഘമായ അനുരണങ്ങള്‍ അവരുടെ കൃതികളില്‍ ആരോപിക്കപ്പെട്ടു. എന്നാല്‍, സമാന്തരമായി അക്കാഡമി ഫ്രാന്‍സ് പോലുള്ള വലിയ സാഹിത്യ ബഹുമതികളും അവരെ തേടിയെത്തിക്കൊണ്ടിരുന്നു. നിലവിലുള്ള സ്രോതസ്സുകളില്‍ നിന്ന് സമൃദ്ധമായി കടം കൊള്ളുന്ന ആഫ്രിക്കന്‍ വാമൊഴി പാരമ്പര്യത്തിന്റെ പേരില്‍ ബിയാല സ്വയം വിശദീകരിച്ചു.

ആദ്യ നോവല്‍, ‘The Sun Hath Looked upon Me’, ചേരിപ്രദേശത്തെ കുടിലില്‍ അടക്കിഭരിക്കുന്ന അമ്മാവിയുടെ കീഴില്‍ രോഷം ഉള്ളിലൊതുക്കി കഴിയേണ്ടി വരുന്ന അതേബയെന്ന പത്തൊമ്പതുകാരിയുടെ ജീവിതം പകര്‍ത്തുന്നു. ഒടുവില്‍, അടിച്ചമര്‍ത്തുന്ന പുരുഷാധികാര ക്രമത്തിനെതിരില്‍ അവള്‍ പൊട്ടിത്തെറിക്കുന്നുണ്ട്. ഈ നോവലിന്റെ ഏതാണ്ടൊരു തുടര്‍ച്ചയായി Your Name Shall Be Tanga എന്ന കൃതിയ കാണാനാവും. സ്ത്രീത്വത്തിന്റെ ഇരവല്‍ക്കരണം, ദാരിദ്ര്യം, ലൈംഗികത, ലൈംഗികത്തൊഴില്‍, നിത്യജീവിതത്തിലെ ഹിംസാത്മകത, ചരിത്രത്തിന്റെ വിളയാട്ടമോ, അഥവാ ചരിത്രത്തിന്റെ അഭാവമോ, അതിജീവനം, എന്നിങ്ങനെ ആദ്യ നോവലിലെ പ്രമേയങ്ങളില്‍ പലതും ടാങ്കയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും അതെ സമയം കഥ പെണ്‍സൌഭ്രാത്രത്തിലൂടെയുള്ള സ്ത്രീ ശാക്തീകരണം, അതിജീവനം എന്നീ പ്രമേയങ്ങളില്‍ കൂടുതല്‍ കേന്ദ്രീകൃതമാണ് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *1.

ജയില്‍ മുറിയില്‍ മരിച്ചു കൊണ്ടിരിക്കുന്ന ടാങ്ക എന്ന കുട്ടിക്കാലം നിഷേധിക്കപ്പെട്ട ആഫ്രിക്കന്‍ പെണ്‍കുട്ടി (‘girlchild- woman’) അന്നാ ക്ലോദ് എന്ന, ഉന്മാദത്തില്‍ പിടിയില്‍ പെട്ടുപോയ മുതിര്‍ന്ന സ്ത്രീയോട് തന്റെ കഥ പറയുന്നു: പിതാവിന്റെ മരണ ശേഷം ദാരിദ്ര്യം മൂലം അമ്മയുടെ നിര്‍ബന്ധത്തിലൂടെ കുഞ്ഞിലേ ബാലവേശ്യ ആയിത്തീര്‍ന്നതിന്റെ, അവിശുദ്ധ രതിയുടെ (incest), നേരിടേണ്ടി വന്ന ജുഗുപ്സാവഹമായ കയ്യേറ്റങ്ങളുടെ, കുറ്റകൃത്യങ്ങളുടെ, വിരഹത്തിന്റെ. നോവലിന്റെ പശ്ചാത്തലമായ ഇനിംഗുവെന്ന സാങ്കല്‍പ്പിക പട്ടണത്തില്‍, തന്റെ വിദ്യാര്‍ഥികളോടൊപ്പം സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തടവിലാക്കപ്പെട്ടവളാണ് അന്നാ ക്ലോദ്. അവര്‍ പെണ്‍കുട്ടിയെ ടാങ്ക എന്ന് വിളിക്കുകയും തന്റെ കഥ പറയാന്‍ നിര്‍ബന്ധിക്കുകയുമാണ്. പെണ്‍കുട്ടിക്ക് വേണ്ടപോലെ സംസാരിക്കാനാവാത്തതു കൊണ്ട് അന്ന അവളുടെ കൈപിടിക്കുന്നു, ചരിത്രം അവരിലേക്ക്‌ പ്രവഹിക്കുന്നു. ടാങ്കയുടെയും അന്നയുടെയും വ്യക്തിത്വങ്ങള്‍ ഒന്നായിത്തുടങ്ങുകയും ടാങ്കയുടെ മരണ നിമിഷത്തില്‍ അന്ന തീര്‍ത്തും അവളായിത്തീരുകയും ചെയ്യുന്നു. തീര്‍ത്തും അപരിചിതയും വെള്ളക്കാരിയുമായ സ്ത്രീയോട് എന്ന നിലയില്‍ മടിച്ചു മടിച്ചും, വാക്കുകള്‍ക്കു പ്രയാസപ്പെട്ടും തുടങ്ങുന്ന കഥയില്‍ പോകെപ്പോകെയാണ് വിശ്വാസത്തിന്റെ ബലം കടന്നു വരുന്നത്. ടാങ്കയുടെ മരണ ശേഷവും ജീവിതം തുടരുന്ന അന്നയിലേക്ക് അവളുടെ വ്യക്തിത്വം കൂടി സംക്രമിപ്പിക്കുന്നതിലൂടെ പോസ്റ്റ്‌ കൊളോണിയല്‍ സാഹചര്യങ്ങളില്‍ വേര്‍തിരിക്കപ്പെട്ട രീതിയില്‍ മനസ്സിലാക്കപ്പെട്ട ആഫ്രിക്കന്‍ കഥാപത്രവും യൂറോപ്പ്യന്‍ കഥാപാത്രവും സമന്വയിപ്പിക്കപ്പെടുന്നു; അതൊരു സങ്കര മാതൃ സ്വരമായി (a hybrid maternal voice) പരിണമിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *2.

Your Name Shall Be Tanga , ദ്വിമുഖമായ ഒരു ‘പൊളിറ്റിക്കല്‍ മാനിഫെസ്റ്റോ’ ആണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്: ഭാഗികമായി കുട്ടികളുടെ അവകാശങ്ങള്‍ എന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതും ഭാഗികമായി സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതും. *3. കുട്ടിക്കാലം നിഷേധിക്കപ്പെട്ട, അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത, വിസ്മരിക്കപ്പെട്ട ആഫ്രിക്കന്‍ കുട്ടികളെ കുറിച്ച് ബിയാല പലപ്പോഴും സംസാരിച്ചിട്ടുണ്ട്. നോവല്‍ അത്തരം കുട്ടികളുടെ സ്വരം വീണ്ടെടുക്കുന്നു. “അപ്പോള്‍, അത് കുട്ടിക്ക് വേണ്ടിയാണ് – മുതിര്‍ന്നവരായി, ജനിക്കുകയും തങ്ങളുടെ വിധിയുടെ കാഠിന്യം എങ്ങനെ അളക്കണമെന്ന് ഒരിക്കലും മനസ്സിലാക്കുകയും ചെയ്യാനിടയില്ലാത്ത ഈ മുഴുവന്‍ കുട്ടികള്‍ക്കും വേണ്ടിയാണ്; തങ്ങളുടെ കുട്ടിക്കാലത്തിന്റെ വിഭാര്യന്മാരായ (widowers of their childhood) ഈ കുട്ടികള്‍: സമയം പോലും അവര്‍ക്കൊരു വാഗ്ദാനവും നല്‍കുന്നില്ല.” എന്ന് നോവലിസ്റ്റ് എഴുതുന്നു. അയി ക്വയി അര്‍മായുടെ The Beautyful Ones Are Not Yet Born എന്ന നോവലിലെ പേരില്ലാത്ത കഥാപാത്രം, നൂറുദ്ദീന്‍ ഫറായുടെ Maps എന്ന നോവലിലെ ഓസ്കാര്‍ എന്നിവരെ പോലെ ‘സ്വന്തം കുട്ടിക്കാലത്തിന്റെ വിഭാര്യന്മാര്‍’ എന്ന് വിളിക്കപ്പെടാവുന്ന കൌമാര കഥാപാത്രങ്ങളില്‍ ഒന്നായി Your Name Shall Be Tanga യിലെ ടാങ്ക എന്ന കഥാപാത്രത്തെ (‘girlchild-woman’) കാണാമെന്നു സോന്യ ഡാര്‍ലിംഗ്ടണ്‍ നിരീക്ഷിക്കുന്നു (Ibid). തികച്ചും സാര്‍വ്വലൌകികമായി അംഗീകരിക്കപ്പെടുന്ന പെണ്‍കുട്ടി/ മുതിര്‍ന്ന സ്ത്രീ എന്ന ദ്വന്ദ്വത്തിന്റെ അതിര്‍വരമ്പുകള്‍ തീര്‍ത്തും നേര്‍ത്തുപോയ, കുട്ടിക്കാലം നിഷേധിക്കപ്പെട്ട അവസ്ഥയെ സൂചിപ്പിക്കാന്‍ പ്രസ്തുത സംജ്ഞ (‘girlchild-woman’) മുപ്പതു തവണയെങ്കിലും നോവലില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് നിരൂപക ചൂണ്ടിക്കാണിക്കുന്നു. അഥവാ അവളുടേതു പോലുള്ള നെരിപ്പോടു ജീവിതങ്ങള്‍ക്ക് അത്തരം വര്‍ഗ്ഗീകരണങ്ങളുടെ വാര്‍പ്പു മാതൃകകള്‍ പ്രസക്തമല്ല എന്ന് നോവലിസ്റ്റ് പറഞ്ഞുവെക്കുകയാണ്. അതുകൊണ്ടു തന്നെ നോവല്‍ ഒരു ‘മുതിര്‍ന്നു വരവി’ന്റെ (coming-of-the-age) കഥയല്ല. സിറ്റ്സി ദംഗരെമ്പയുടെ റ്റംബുവിനെ പോലെ (Nervous Conditions) മുതിര്‍ന്നു വരവിന്റെ പാതയില്‍ കടന്നുവന്ന വഴികളിലെ തടസ്സങ്ങളെ കുറിച്ച് നിരീക്ഷിക്കുന്ന കഥാപാത്രമായോ, കമാര ലായെയുടെ മുഖ്യ കഥാപാത്രമായ ‘കറുത്ത കുഞ്ഞി’നെ (Camara Laye - Dark Child) പോലെ കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ ശൈശവത്തിന്റെ നിഷ്കളങ്കതയുടെ ആവിഷ്കാരമായോ അല്ല ടാങ്കയുടെ കഥ പറയപ്പെടുന്നത്‌. എഫൂറുവിനെ പോലെ (Efuru- Flora Nwapa) പൊരുതി മുന്നേറുന്ന നായികയുടെ കഥയുമല്ല ടാങ്കയുടെത്.

ബിയാലയുടെ നോവലില്‍ കുട്ടികളുടെ അവകാശം എന്ന കേന്ദ്ര പ്രമേയം കൂടുതല്‍ സ്ഫുടം ചെയ്യപ്പെടുന്നുണ്ട്: അത് പെണ്‍കുട്ടിയാണ്; ഒപ്പം കുട്ടിക്കാലമില്ലാതെ പോയ പെണ്ണും. സമകാലിക ആഫ്രിക്കന്‍ സാഹചര്യത്തില്‍ അത്തരം കുട്ടിയല്ലാത്ത പെണ്‍കുട്ടിയുടെ മേല്‍ വന്നു പതിക്കുന്ന സ്വാതന്ത്ര്യരഹിതമായ നിയതാവസ്ഥ (determinism)ക്ക് സാമ്പത്തികവും പുരുഷാധികാര പരവും മനശാസ്ത്രപരവുമായി അവളെ വരിഞ്ഞു മുറുക്കുന്ന ഒട്ടേറെ മാനങ്ങളുണ്ട്. കുടുംബവും സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം ടാങ്കക്ക് ഒരു കള്ളി വരച്ചു നല്‍കുന്നുണ്ട്: അവള്‍ കുട്ടിയാണെന്നതും അവരെ കയ്യേറ്റം ചെയുന്നവര്‍ ബലാല്‍ക്കാരം ചെയ്യുന്നവരാണ് എന്നതും വിസ്മരിച്ച് അവരൊക്കെ വേശ്യയെന്ന നിലയില്‍ അവളുടെ ലൈംഗികതയെ വര്‍ഗ്ഗീകരിക്കുന്നു. ലൈംഗികത്തൊഴില്‍, ദുര്‍വൃത്തികള്‍, അക്രമം എന്നിങ്ങനെയല്ലാതെ മറ്റു അതിജീവന പോംവഴികള്‍ ഇല്ലാത്ത ഇടമാണത്. ആറാം വയസ്സില്‍ അവളുടെ കണ്‍വെട്ടത്തു വെച്ച് പിതാവ് മറ്റൊരു സ്ത്രീയുമായി ലൈംഗിക വേഴ്ച്ച നടത്തുന്നു. പത്താം വയസ്സില്‍ അയാള്‍ അവളെ ബലാല്‍ക്കാരം ചെയ്യുകയും അതില്‍ പിറക്കുന്ന കുഞ്ഞിനെ വിഷം കൊടുത്ത് കൊല്ലുകയും ചെയ്യുന്നു. പത്രണ്ടാം വയസ്സില്‍ കാമുകനായ ഹസ്സന്‍ അവളെ ബലാല്‍ക്കാരം ചെയ്യുകയും അവളെ പോലോരുത്തി വിവാഹമെന്നു ചിന്തിക്കുന്നതു പോലും വട്ടാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു: “നിനക്കെന്തു പറ്റുമെന്നു നിനക്കറിയാമോ? നിന്റെ സൌന്ദര്യം പോയ്പ്പോകും. മറ്റെല്ലാവരെയും പോലെ,” പിന്നീട് എന്നെ നിരുത്സാഹപ്പെടുത്താനായി അവന്‍ അയഞ്ഞുതൂങ്ങിയ വയറുമായി വരാന്തയിലിരിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. അവരുടെ തൂങ്ങിയ മുലകളെ കുറിച്ചും, നിരാശനായ ഭര്‍ത്താവിന്റെ മടുപ്പ് ബാധിച്ച, പതിയെ പതിയെ നിശബ്ദമാകുന്ന ശബ്ദത്തെ കുറിച്ചും പറയുന്നു.” പതിനാറു വയസ്സാകുമ്പോഴേക്കും ഭിന്ന ദേശക്കാരും വര്‍ഗ്ഗക്കാരും അവളെ ചവച്ചു തുപ്പിയിരിക്കുന്നു; അവളുടെ ഉടല്‍ അതിന്റെ ഫലമായി വല്ലാതെ മുറിഞ്ഞു പോയിരിക്കുന്നു. “ഞാനെന്റെ കാലുകള്‍ക്കിടയിലെ രക്തത്തിന്റെ പിന്‍ഗാമിയായി. എന്റെ തുടകള്‍ക്കിടയിലെ ഒരു ദ്വാരം. വിസ്മൃതിയുടെ നിയമം മാത്രമേ എനിക്ക് സ്വന്തായി കിട്ടിയുള്ളൂ. കാലം കടന്നു പോയി, എന്റെ പൊയ്പ്പോയ ആ ഭാഗവുമായി ഞാന്‍ പൊരുത്തപ്പെട്ടു. ഞാന്‍ ഓര്‍മ്മകളുടെ കൂട്ടത്തെ റാഞ്ചി. ഞാനവയെ കയറുകൊണ്ടു ബന്ധിച്ചു. ഞാനത് കാലത്തിന്റെ വലിപ്പിലേക്ക് ആഴത്തിലേക്ക് പൂഴ്ത്തിവെച്ചു.” എന്നാല്‍ വേറെ ചിലര്‍, ‘ഞാന്‍ ആരുടേയും കുഞ്ഞല്ല.” ("I'm nobody's child") എന്ന് പറയുന്ന ചട്ടുകാലനെ (Footwreck) പോലെ ഇനിംഗൂവിലെ ഊരും പേരുമില്ലാത്ത കുട്ടികളില്‍ ഒന്നായി, ഒരു വര്‍ഗ്ഗീകരണവും സാധ്യമല്ലാത്ത ഒരുവളായി, അവളെ കരുതി. തടവറയില്‍ വെച്ച് അന്നയാണ് അവളെ ടാങ്ക എന്ന് വിളിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്. മനശാസ്ത്ര തലത്തില്‍ അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പീഡകള്‍ക്ക് അവളുടെ ഗര്‍ഭാവസ്ഥയോളം തന്നെ പഴക്കമുണ്ട്. വിശ്വസിക്കാന്‍ കൊള്ളാത്ത ഭര്‍ത്താവിനെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത് എന്ന നിലയില്‍ മമ്മ അപ്പോഴേ അവളെ വെറുത്തു. കുടുംബ വരുമാനത്തിന് വേണ്ടിയും, എരെന്‍ഡിരയുടെ വളര്‍ത്തമ്മയെ പോലെ (“Innocent Erindira”- Marquez) ദുരൂഹമായ ഒരു പിഴ ചുമത്തലായും ലൈംഗികത്തൊഴിലിലേക്ക് തീരെ കുഞ്ഞിലെ അവളെ തള്ളിവിട്ടു. മകളുടെ ശാരീരികവും മാനസികവുമായ ജയില്‍വാസത്തിന് മമ്മയാണ് പ്രധാന കാരണമെന്നും സ്ത്രീയുടെ പീഡനത്തിനു സ്ത്രീ തന്നെ നിമിത്തമാകുന്നതിന്റെ ഉദാഹരമാണ് ഇതെന്നും എന്‍ഫാഹ് അബേന്‍യി നിരീക്ഷിക്കുന്നു *4. ഏതൊരു കൌമാരക്കാരിയെയും പോലെ സ്വന്തം ജീവിതത്തെ നാണക്കേടുകളുടെ അനുസ്യൂതിയായി അവള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. സ്ത്രീലമ്പടനായ പിതാവിന്റെ മകളായി ജനിച്ചതില്‍, അമ്മ നടത്തുന്ന തന്റെ പെണ്‍ചേലാകര്‍മ്മത്തില്‍, ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വസ്ത്രത്തിനും വേണ്ടി തന്റെ കണ്‍മുന്നില്‍ മമ്മ നടത്തുന്ന യാചനയില്‍, ആദ്യം അച്ഛന്‍, പിന്നെ കാമുകന്‍, പിന്നെ പതിനാലു പേരെ കൊന്ന ചരിത്രമുള്ള ആയുധ വ്യാപാരി മോന്‍സ്യോര്‍ ജോണ്‍, പിന്നെ കശാപ്പുകാരന്‍, പിന്നെ പേരറിയാത്ത മറ്റൊരാള്‍ എന്നിങ്ങനെ താന്‍ നേരിട്ട ബാലാല്‍ക്കാരങ്ങളില്‍. ഒന്നിലും ഒരധികാരവുമില്ലാത്ത അവള്‍ക്ക് ആരെയും നിയന്ത്രിക്കാനാവില്ല. വിവാഹ സാധ്യതയില്ല തനിക്കൊരിക്കലും എന്ന ചിന്തയും നാണക്കേടായി അവളെ മഥിക്കുന്നുണ്ട്.     

ബിയാലയുടെ കൃതികളിലെ സ്ത്രീപക്ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ‘ടാങ്ക’യില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ വിമര്‍ശന വിധേയരാക്കുന്നുണ്ട്. സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാത്ത, ഉത്തരവാദിത്ത ബോധമില്ലാത്ത അക്രമ സ്വഭാവികളും മേധാവിത്ത മനസ്ഥിതിക്കാരുമായ പുരുഷന്മാരുടെ പ്രതീകമാണ് ടാങ്കയുടെ പിതാവ്. സ്വന്തം മകളെ ബലാല്‍ക്കാരം ചെയ്യുന്നവന്‍. എന്നാല്‍, പുരുഷാധിപത്യ ക്രമത്തില്‍ സ്ത്രീയുടെ ഇരവല്‍ക്കരണം നടക്കുന്നത് പലപ്പോഴും മറ്റു സ്ത്രീകളുടെ കൂടി പിന്തുണയോടെയോ സഹകരണത്തോടെയോ ആണെന്ന വസ്തുത നോവലിസ്റ്റ് നിശിതമായി നിരീക്ഷിക്കുന്നുണ്ട്. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം അവരുടെ കുട്ടിക്കാലം തട്ടിത്തെറിപ്പിക്കുന്നതില്‍ ടാങ്കയുടെ അമ്മയെ പോലുള്ള സ്ത്രീകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. പരാജയപ്പെടുമെങ്കിലും തനിക്കു സംഭവിച്ച ദുര്‍വ്വിധിയില്‍ നിന്ന് മറ്റു കുട്ടികളെ രക്ഷിക്കാന്‍ ടാങ്ക നടത്തുന്ന ശ്രമങ്ങള്‍ അവളെ വെറുമൊരു ഇരയെന്ന മട്ടില്‍ ചുരുക്കി കാണേണ്ടതില്ല എന്നതിന്റെ തെളിവാണ്. അന്നയെന്ന മുതിര്‍ന്ന സ്ത്രീയിലേക്കു പരകായം നടത്തുന്ന ടാങ്കയിലൂടെ ഇരവല്‍ക്കരണത്തിനെതിരെ തങ്ങളുടെ ചരിത്രം പങ്കിടുന്നതിലൂടെ സ്ത്രീകളുടെ സൗഭ്രാത്രം (solidarity among women) എന്ന ആശയം നോവലിസ്റ്റ് മുന്നോട്ടു വെക്കുന്നു. തന്റെ കഥ പറയുക എന്നത് സ്ത്രീയെ വെറുമൊരു വസ്തു വല്‍കൃത ജീവി എന്നതില്‍ നിന്ന് സ്വന്തം ചരിത്രത്തിന്റെ കര്‍തൃസ്ഥാനത്തേക്ക് മാറ്റുന്നുവെന്നും ചൂഷണം ചെയ്യപ്പെടുന്ന ഏതൊരു കുട്ടിക്കാലമില്ലാത്ത പെണ്‍കുട്ടിയെയും പോലെ അവളും സ്വന്തം കഥയെ/ ചരിത്രത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും മേരി കലിസ നിരീക്ഷിക്കുന്നു. എന്നാല്‍, ബുദ്ധിഭ്രമമുള്ളവള്‍ എന്ന് കണക്കാക്കപ്പെടുകയും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിന് തടവിലാക്കപ്പെടുകയും ചെയ്യുന്ന യൂറോപ്പ്യന്‍ സ്ത്രീയിലൂടെ ടാങ്കയുടെ കഥയ്ക്ക് ഇനിയെന്തു സക്രിയത്വമാണ് ലഭിക്കുക എന്ന ചോദ്യം നോവലന്ത്യത്തെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട് എന്നും നിരൂപക കൂട്ടിച്ചേര്‍ക്കുന്നു. ഘടനാപരമായ സങ്കീര്‍ണ്ണതയും രേഖീയമല്ലാത്തതും ശ്ലഥവുമായ ആഖ്യാനവും പോലുള്ള ഘടകങ്ങള്‍ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ, വിശേഷിച്ചും ആഫ്രിക്കന്‍ വനിതാ സാഹിത്യത്തിന്റെ, പതിവു രീതിയില്‍ നിന്നുള്ള ബോധപൂര്‍വ്വമായ വേറിട്ട്‌ പോക്കാണ് എന്നും അവര്‍ കരുതുന്നു (Marie-Chantal Kalisa).

ടാങ്കക്കു നിഷേധിക്കപ്പെടുന്നത് കുട്ടിക്കാലം മാത്രമല്ല, ഒരു വര്‍ഗ്ഗീകരണ ഘട്ടവും അവള്‍ക്ക് സ്വാഭാവികമായി ലഭ്യമാകുന്നില്ല. ‘പെണ്ണാവുക’ എന്ന അനുഭവം അതൊക്കെ അറിയുകയും മനസ്സിലാക്കുകയും ചെയ്യാനാവും മുമ്പേ കയ്യേറ്റങ്ങള്‍ക്കും ഉടല്‍ ഭേദത്തിനും വിധേയയായ നിലയില്‍ അവള്‍ക്ക് ഉണ്ടാവുന്നില്ല. അവളൊരിക്കലും കാമുകിയോ ഭാര്യയോ ആകില്ല. സുഹൃത്തോ, വ്യക്തിയോ ആകുന്നില്ല, പ്രസവിച്ചെങ്കിലും അമ്മയാകുന്നില്ല. മാലയെ ദത്തെടുക്കുമ്പോള്‍ അവന്‍ തന്നെയും സമൂഹത്തിലെ ആത്യന്തിക ചേരാത്തവന്‍ (ultimate misfit) ആണ്: അമ്മ ഉപേക്ഷിച്ച് ഉടല്‍ ഭാഗങ്ങള്‍ കീടങ്ങള്‍ അരുമ്പിയ നിലയില്‍ വളര്‍ച്ചാ വൈകല്യമുള്ള പന്ത്രണ്ടുകാരന്‍. ഇനിംഗുവിലെ കുട്ടികളെ ഹോളോകോസ്റ്റിലെ കുട്ടികള്‍ എന്ന് ടാങ്ക വിവരിക്കുന്ന സന്ദര്‍ഭമുണ്ട്‌.

നവാല്‍ അല്‍ സഅദാവിയുടെ Woman at Point Zero, എന്ന നോവലും Tanka യിലേതു പോലൊരു സാഹചര്യത്തിലാണ് കഥ പറയുന്നത്. പാത്ര സൃഷ്ടിയില്‍ മോറീഷ്യന്‍ നോവലിസ്റ്റ് ആനന്ദ ദേവിയുടെ Eve Out of Her Ruins,  നൈജീരിയന്‍ നോവലിസ്റ്റ് ക്രിസ് അബാനിയുടെ Becoming Abigail,  തുടങ്ങിയ നോവലുകളിലും ടാങ്കക്ക് സമാനതകള്‍ കണ്ടെത്താനാകും. ടോണി മോറിസന്റെ പിക്കോലോ (The Bluest Eye) യും വായനയില്‍ ഓര്‍മ്മയിലെത്താം.  

  

References:

1.      1. (Marie-Chantal Kalisa -University of Iowa- www.h-net.org/reviews/showrev.php?id=1133).

2.       2.  (Köhler, Sigrid G. "Mad Body-Gifts: A Postcolonial Myth of Motherhood in Calixthe Beyala's Tu t'appelleras Tanga." In Body, Sexuality, and Gender: Versions and Subversions in African Literatures I, edited by Flora Veit-Wild and Dirk Naguschewski, pp. 31-46. Amsterdam, The Netherlands: Rodopi, 2005.)

3.       3. (https://www.encyclopedia.com/arts/culture-magazines/beyala-calixthe-1961)

4.      4.  (Nfah-Abbenyi, Juliana Makuchi. Gender in African Women's Writing. Bloomington: Indiana UP, 1997.)


more on child abuse theme:

Becoming Abigail by Chris Abani

https://alittlesomethings.blogspot.com/2017/04/blog-post.html

God Help the Child by Toni Morrison

https://alittlesomethings.blogspot.com/2015/09/blog-post.html

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html