Featured Post

Sunday, August 25, 2024

The Anatomy of Hate by Laul Revati

പൗരത്വംകൊണ്ടു മുറിവേറ്റവര്‍

(ഗുജറാത്ത് വംശഹത്യയിലെ കൊലയാളി സംഘങ്ങളില്‍ സജീവമായിരുന്ന വ്യക്തികളുടെ മാനസിക വ്യാപാരങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് രേവതി ലോല്‍ എഴുതിയ The Ananatomy of Hate.)

വംശഹത്യാനന്തര സാഹിതീയ, സാമൂഹികാന്വേഷണങ്ങള്‍ ഒട്ടുമിക്കപ്പോഴും ഇരകളുടെയും ഫാസിസ്റ്റ് വിരുദ്ധ വിമര്‍ശകരുടെയും ആഖ്യാനങ്ങളായി ഭവിക്കുന്നത് നിസ്സഹായതയോട് രോഷപൂര്‍വ്വം ഐക്യപ്പെടാനുള്ള സ്വാഭാവിക മാനുഷിക ചോദനയുടെ നിദര്‍ശനമാകാം. എന്നാല്‍ ഒരു മുന്നറിയിപ്പു കഥയോ ഓര്‍മ്മപ്പെടുത്തലോ ആയി അത്തരം ആഖ്യാനങ്ങള്‍ക്ക് ചരിത്ര ദൌത്യം നിറവേറ്റാനാകുക ഒരു വേള, കൊലയാളികളുടെ മനസ്സുകള്‍ അനാവരണം ചെയ്യുമ്പോഴും അവരെങ്ങനെ അത്തരക്കാരായി എന്നു വിശദീകരിക്കാന്‍ കഴിയുമ്പോഴും ആയിരിക്കും. ഈ അര്‍ത്ഥത്തില്‍ ഏറെ പ്രസക്തമാണ് രേവതി ലോല്‍ എഴുതിയ ‘വെറുപ്പിന്റെ ഘടനാശാസ്ത്രം എന്ന പുതിയ പുസ്തകം. ഗുജറാത്ത് വംശഹത്യയില്‍ അതി നീചമായ മാനുഷിക വിരുദ്ധതകളില്‍ ആറാടിയ മൂന്നു വ്യക്തികളുടെ കഥകളിലൂടെ വെറുപ്പിന്റെ തത്വശാസ്ത്രം മനുഷ്യനെ എന്താക്കി മാറ്റുന്നു എന്ന അന്വേഷണമാണ് എഴുത്തുകാരി നടത്തുന്നത്.

ജാതിയും മതവും ലിംഗപദവിയും പരിഷ്കൃതസമൂഹത്തിനു ചേരാത്ത  പൈശാചങ്ങള്‍ തുടലഴിക്കപ്പെടുന്നതിനുള്ള വിവേചക ഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന രീതി ഇന്ത്യന്‍ ചരിത്രത്തിന്റെ ചിരകാല പ്രകൃതമാണ്. ദളിതനും മുസ്ലിമും സ്ത്രീയും ആദിവാസിയും ഇരസ്ഥാനീയരായ ഈ കുറ്റകൃത്യങ്ങള്‍ അതില്‍ മുഴുകുന്നവരെ മുഖമില്ലാത്ത ആള്‍ക്കൂട്ടമാക്കി മാറ്റുമ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അതിനു ദാര്‍ശനിക കാര്‍മ്മികത്വം നല്‍കുന്നത് സഹസ്രാബ്ധങ്ങളുടെ പാരമ്പര്യ വിശേഷം പറയുന്ന സാംസ്കാരിക പൈതൃകമെന്നു പ്രച്ഛന്നപ്പെടുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് എന്നിടത്താണ് അതിന്റെ യഥാര്‍ത്ഥ ഭീകരത. നിസ്സഹായരായ ഇരകള്‍ക്കുമേല്‍ നൈമിഷികമായി സ്ഥാപിച്ചെടുക്കുന്ന വേട്ടക്കാരന്റെ ഔദ്ധത്തില്‍ പരമ്പരാഗതമായി തങ്ങളുടെ ജീനുകളില്‍ അലിഞ്ഞു ചേര്‍ന്ന സവര്‍ണ്ണ വിധേയത്വവും ജാതിയപകര്‍ഷവും ഒരു ഞൊടി മറികടക്കാനുള്ള അവസരമാണ് വെറും ചട്ടുകങ്ങള്‍ ആയി ഉപയോഗിക്കപ്പെടുന്ന ആള്‍ക്കൂട്ടത്തിന്റെ തുണ്ടുകള്‍ക്ക് ലഭിക്കുന്നത്. അതവരെ ലഹരിപിടിപ്പിക്കുന്ന അധികാരപ്രയോഗമായി മാറുന്നതാണ് ഗര്‍ഭിണിയുടെ വയര്‍ കുത്തിത്തുറക്കാനും ഭ്രൂണത്തെ ശൂലത്തില്‍ തറക്കാനും കഴിയും വിധം അവരെ അധമരാക്കുന്നത്; ഒപ്പം ‘യുദ്ധമുതല്‍ പങ്കുവെക്കാന്‍ കിട്ടുന്ന ഗോത്ര ലാഭവും. എന്നാല്‍, ഈ ആള്‍ക്കൂട്ട ഖണ്ഡങ്ങളെ ഒറ്റക്കൊറ്റക്കെടുത്താല്‍ അവരും മനുഷ്യരാണെന്നും സ്വജീവിതത്തില്‍ സ്വപ്നങ്ങളും മോഹഭംഗങ്ങളും പ്രണയങ്ങളും നൈരാശ്യങ്ങളും അടയാളപ്പെടുത്തുന്ന വ്യക്തികള്‍ തന്നെയാണെന്നും കണ്ടെത്താനാകും.

2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം പതിനാലു വര്‍ഷമെടുത്തു നൂറോളം പുരുഷന്മാരെ (പുരുഷന്മാര്‍ എന്നത് സുപ്രധാനം തന്നെയാണ്) അഭിമുഖം നടത്തിയും പലരെയും ദീര്‍ഘകാലം പിന്തുടര്‍ന്നും തങ്ങളുടെ കഥയും പാപങ്ങളും ഏറ്റുപറയാന്‍ തയ്യാറുള്ളവരെ മുഖ്യമായും ആശ്രയിച്ചും തയ്യാറാക്കിയ പുസ്തകം, ഒടുവില്‍, മൂന്നു പേരുടെ കഥയിലാണ് ഫോക്കസ് ചെയ്യുന്നത്. കലാപ നാളുകളില്‍ കൂട്ടുകാരോടൊപ്പം ഹോസ്റ്റലില്‍ നിന്നിറങ്ങി മുസ്ലിം കടകള്‍ കൊള്ളയടിക്കുകയും വിലകൂടിയ ഷൂസ്, വസ്ത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുകയും ചെയ്യുന്ന പ്രണവ് എന്ന കോളേജ് വിദ്യാര്‍ഥി, തന്റെ പ്രവൃത്തിയില്‍ യാതൊരു വിധ കുറ്റബോധമോ നൈതിക ചിന്തയോ കൂടാതെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കുന്നത് വിചിത്രമായി തോന്നാം. ഉന്നത ജാതിയില്‍ പെട്ട പ്രണവിനു ദാരിദ്ര്യത്തിന്റെയോ ആവശ്യത്തിന്റെയോ പ്രശ്നമൊന്നുമില്ല. ഉള്ളത് തീര്‍ത്തും അപരവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ വീട്ടുകാരോട് റിബല്‍ ചെയ്തു കഴിയുന്ന തന്റെ സാഹസങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള അവസരം മാത്രം. വീട്ടുകാരോടുള്ള എതിര്‍പ്പിന്റെ ഭാഗമായിത്തന്നെ കലാപ ബാധിതരെ സഹായിക്കുന്ന ഒരു എന്‍.ജി.ഓ.  യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നതാണ് അയാളുടെ നിലപാടുകളില്‍ വഴിത്തിരിവാകുക. അന്താരാഷ്‌ട്ര സഹായങ്ങള്‍പോലും അധികാര കേന്ദ്രങ്ങളുടെ ഇടപെടലുകള്‍ക്ക് വിധേയമായിരുന്നു എന്നും ഇരകള്‍ക്കിടയില്‍ പോലും വിവേചന പൂര്‍വ്വമായാണ് അവ എത്തിയതെന്നും അയാള്‍ കണ്ടു. താന്‍ അതുവരെ മനസ്സിലാക്കി വെച്ചിരുന്ന ജാതി, വര്‍ഗ്ഗധാരണകളുടെ അബദ്ധങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞുവന്നത് അയാളുടെ മനോനിലയെ തന്നെ ഉലക്കുന്നുണ്ട്‌. എന്നാല്‍ ഇന്നയാള്‍ തീര്‍ത്തും പരിണമിച്ച ഒരു മനുഷ്യനാണ്. ജനിക്കുന്ന ജാതിയോ മതമോ ആരുടേയും തെരഞ്ഞെടുപ്പിനനുസരിച്ചല്ല എന്നിരിക്കെ, നമുക്ക് ലഭ്യമല്ലാത്ത തെരഞ്ഞെടുപ്പുകളെ അടിസ്ഥാനപ്പെടുത്തിയുള്ള സംഘര്‍ഷങ്ങള്‍ അസംബന്ധമാണെന്ന് അയാള്‍ എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കുന്നു.

ഭീല്‍ ഗോത്രത്തില്‍ പെട്ട ആദിവാസിയായ ദുംഗാറിനെ വിശ്വഹിന്ദു പരിഷത്തില്‍ എത്തിക്കുന്നത് അതയാള്‍ക്ക് നല്‍കാനിടയുള്ള അധികാരവും അന്തസ്സുമെന്ന സങ്കല്‍പ്പമാണ്. ആദിവാസികള്‍ക്കിടയിലെ മദ്യവര്‍ജ്ജനം പോലുള്ള മുദ്രാവാക്യങ്ങള്‍ പരിഷത്തിന് നല്‍കിയ വിശ്വാസ്യതയും അയാളെ സ്വാധീനിച്ചു. രാമായണം സീരിയലിലൂടെ വര്‍ഗ്ഗീയതയില്‍ വയസ്സറിയിച്ച ദുംഗാര്‍, ‘നിങ്ങള്‍ക്ക് ഒരു ദിവസം മാത്രം. മുസ്ലിംകളെ ചുട്ടുകൊല്ലുക എന്ന ആഹ്വാനം അയല്‍വാസികളായ പതിമൂന്നു കൊടുംബങ്ങളുടെ വീടുകള്‍ തീവെച്ചും അവരെ ഗ്രാമത്തില്‍ നിന്ന് തുരത്തിയും കൃത്യതയോടെ അനുസരിച്ചു. ഒരര്‍ത്ഥത്തില്‍ തങ്ങളുടെ ജനതയെ തോല്‍പ്പിച്ച സമൂഹത്തെ അതിന്റെ തന്നെ ആയുധങ്ങളിലൂടെ നേരിടുകയെന്ന വര്‍ഗ്ഗയുക്തി കുയുക്തിയായിത്തീരുന്നതിന്റെ ഉദാഹരണമാണ് ദുംഗാര്‍. ദളിത്‌ റിക്രൂട്ടുകളെ കൊല്ലിനും കൊലക്കും ഉപകരണമാക്കുകയെന്ന ഹിന്ദുത്വ തന്ത്രത്തിനു അച്ചെട്ടായിരുന്നു അയാള്‍. തീവെപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അയാളുടെ കണക്കില്‍ കൊലകള്‍ ഇല്ലെന്ന വസ്തുത പുസ്തകം എടുത്തുപറയുന്നുണ്ട്. കലാപാനന്തരം ഒരൊന്നാന്തരം രാഷ്ട്രീയ തന്ത്രശാലിയായിത്തീര്‍ന്ന ദുംഗാര്‍, താന്‍ തന്നെ നശിപ്പിച്ച വീടുകളുടെ പുനര്‍ നിര്‍മ്മാണം ഏറ്റെടുക്കുകയും കൂടുതല്‍ മികച്ച മേച്ചില്‍പ്പുറം കോണ്‍ഗ്രസ് ആണെന്ന തിരിച്ചറിവില്‍ പാര്‍ട്ടി മാറുകയും ചെയ്യുന്നുണ്ട്.

വംശഹത്യയിലെ ഏറ്റവും ഭീകര മുഖമായിരുന്ന അഹ്മദാബാദിലെ നരോദാപാട്യക്കടുത്തു ചാരാനഗറില്‍ നിന്നുള്ള സുരേഷ് ലാങ്ങ്ദോ, താന്‍ ബലാല്‍ക്കാരം ചെയ്തു ചതച്ചു കൊന്ന മുസ്ലിം സ്ത്രീകളെ കുറിച്ച് താന്‍പോരിമയോടെ വീമ്പിളക്കുമ്പോഴും ഫര്‍സാനയെന്ന തന്റെ മുസ്ലിം ഭാര്യയോടു പ്രണയത്തിലായിരുന്നു. അയാളാണ് ആ കുപ്രസിദ്ധമായ ഭ്രൂണഹത്യ അരങ്ങേറുക. തസ്കര ഗോത്ര പാരമ്പര്യത്തില്‍ ജനിച്ച ലാങ്ങ്ദോ തങ്ങളുടെ സമൂഹത്തെ ഭ്രഷ്ടരാക്കിയ വ്യവസ്ഥിതിയോട് കലഹിക്കുക കൂടിയായിരുന്നു. കുടുംബ കലഹം പതിവായ അന്തരീക്ഷത്തില്‍, തന്നെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത പിതാവിന്റെ അവഗണന അനുഭവിച്ചു വളര്‍ന്ന യുവാവ് ഉള്ളിലെ കുറ്റവാളി ജീനുകളെ അതിവേഗം കണ്ടെടുക്കുകയായിരുന്നിരിക്കണം. ജുഗുപ്സാവഹമായ ക്രൂരതയോടെ ബലാല്‍ക്കാരവും കൊലയും നടത്തിയതിനു ശേഷം നാറുന്ന വസ്ത്രങ്ങളുമായി തിരികെയെത്തുകയും ഒന്നു കഴുകിക്കളയുക പോലും ചെയ്യാതെ ഫര്‍സാനയെ പ്രാപിക്കുകയും ചെയ്യുന്ന അയാള്‍ മനുഷ്യനെന്ന നിലയിലുള്ള പതനത്തിന്റെ ആഴമളക്കുകയാണ്. സഹോദരി മുസ്ലിം യുവാവിനെ വിവാഹം ചെയ്തതിനുള്ള പ്രതികാരമായാണ് പ്രായം തികഞ്ഞിട്ടില്ലാത്ത ഫര്‍സാനയെ അയാള്‍ വന്‍കോളിളക്കം സൃഷ്ടിച്ചു വിവാഹം ചെയ്തതും. എന്നാല്‍ പ്രണയത്തിന്റെ നിമിഷങ്ങള്‍ സ്വയം നിയന്ത്രിക്കാനാവാത്ത വിധം അയാളില്‍ ഇടയ്ക്കിടെ പ്രവര്‍ത്തിക്കുന്നത് മാനുഷികതയുടെ വൈചിത്ര്യമാണ്. അയാള്‍ നടത്തുന്ന ഏറ്റുപറച്ചിലാണ്, ഒടുവില്‍, മായ കോട്നാനി വരെ നീളുന്ന വെളിപ്പെടുത്തലിലെത്തുക; അതൊന്നും എങ്ങുമെത്തിയില്ലെന്നത് വേറെ വസ്തുതയാണെങ്കിലും.

മാതാവിന്റെ ഉടലിലേക്ക് അവരുടുത്ത പോളിയെസ്റ്റര്‍ സാരിയില്‍ ഉരുകിയുറഞ്ഞു പോയ അഫ്രീന്‍ ബാനുവിന്റെയും ഷഹീന്‍ ബാനുവിന്റെയും മൃതദേഹങ്ങള്‍ പോലെ, ശൂലത്തില്‍ തറക്കപ്പെട്ട ഭ്രൂണം പോലെ, ഉപേക്ഷിക്കപ്പെട്ട സൈക്കിള്‍ ചക്രത്തില്‍ കോര്‍ത്തുവെക്കപ്പെട്ട ഉടലില്ലാത്ത ശിരസ്സുപോലെ വംശഹത്യയുടെ സ്ഥൂലചിത്രങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ക്കപ്പുറം സൂക്ഷ്മമായ മാനവിതയുടെ അപചയ ചിത്രങ്ങളാണ് പ്രശസ്തയായ ടിവി, മാധ്യമ ജേണലിസ്റ്റായ എഴുത്തുകാരി ഒട്ടേറെ ഭീഷണികള്‍ക്ക് നടുവില്‍, പേരുകള്‍ സാങ്കല്‍പ്പികമെങ്കിലും, വസ്തുതകളില്‍ മായം ചേര്‍ക്കാതെ  ആഖ്യാനം ചെയ്തു വെക്കുന്നത്.

read more:

The Gypsy Goddess by Meena Kandasamy

https://alittlesomethings.blogspot.com/2024/08/the-gypsy-goddess-by-meena-kandasamy.html

A Burning by Megha Majumdar

https://alittlesomethings.blogspot.com/2024/08/a-burning-by-megha-majumdar.html

Traitor / Ghaddaar by Krishan Chander

https://alittlesomethings.blogspot.com/2024/07/traitor-ghaddaar-by-krishan-chander.html

Bitter Wormwood by Easterine Kire

https://alittlesomethings.blogspot.com/2024/08/bitter-wormwood-by-easterine-kire.html

Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand by Peter Lehr

https://alittlesomethings.blogspot.com/2024/08/militant-buddhism-rise-of-religious.html

A Constellation of Vital Phenomena by Anthony Marra

 കൊക്കേഷ്യന്‍ രണഭൂവിലെ സ്നേഹമുദ്രകള്‍



കരിങ്കടലിനും കാസ്പ്പിയന്‍ സമുദ്രത്തിനുമിടയില്‍ കോക്കസസ് മലനിരകളിലായി വ്യാപിച്ചു കിടന്ന അമ്പത്തിയഞ്ചോളം വംശീയതകളില്‍ വടക്കുകിഴക്കന്‍ കോക്കസസിലെ ‘വൈനാഖ്’ ("Vainakh") ഭാഷാ വിഭാഗമായിരുന്ന ചെചന്‍ ദേശക്കാര്‍ ഭാഷ, മതം, സംസ്കാരം, ജനിതക പ്രകൃതം എന്നിവയിലൊക്കെ റഷ്യന്‍ വംശജരില്‍ നിന്ന് വ്യത്യസ്തരായിരുന്നു. എന്നിരിക്കിലും പതിനാറാം നൂറ്റാണ്ടുമുതല്‍ ഈ ദേശത്തെ തങ്ങളുടെ അധികാരപരിധിയില്‍ കൊണ്ടുവരാനും ഓട്ടോമന്‍ തുര്‍ക്കിക്കും പേര്‍ഷ്യക്കുമിടയില്‍ ഒരു ബഫര്‍ ഇടമാക്കി നിര്‍ത്താനും സാര്‍ ഭരണകൂടം ശ്രമിച്ചുവന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുഴുവന്‍ദാഗെസ്താന്‍ ചെറുത്തുനില്‍പ്പിന്റെ മഹാനായ നേതാവ് ഇമാം ശമീല്‍ 1859-ല്‍ എതിരാളിയുടെ പോലും ആദരംകിട്ടുംവിധം പൊരുതി കീഴടങ്ങുന്നത് വരെപോരാട്ടങ്ങളുടെ ചരിത്രമായിരുന്നു. 1922-ല്‍ സ്ഥാപിതമായ ചെചന്‍ സോവിയറ്റ് ഒടോണമസ് റിപ്പബ്ലിക് 1944-ല്‍ സ്റ്റാലിന്റെയും ലെവ്റെന്റി ബെറിയയുടെയും തീരുമാനപ്രകാരം ഇല്ലാതായി. 1934, 1944 കാലത്തെ ചെചന്‍ ‘ശുദ്ധീകരണങ്ങ’ളിലും (purges) നാസി ചായ്‌വ് ആരോപിച്ചുള്ള നാടുകടത്തലിലും മറ്റുമായി ദശലക്ഷക്കണക്കിന് ചെച്നിയക്കാര്‍ കൊല്ലപ്പെടുകയോ ദേശരഹിതര്‍ ആവുകയോ ചെയ്തു. 1957-ല്‍ ക്രൂഷ്ചേവ് ചെചന്‍-ഇന്‍ഗുഷ്‌ എ.എസ്.എസ്.ആര്‍. പുനസ്ഥാപിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് 1991 -ല്‍ തെരഞ്ഞെടുപ്പിലൂടെ ദ്യോകാര്‍ ദുദായെവ് അധികാരത്തിലെത്തിയെങ്കിലും റഷ്യ അതംഗീകരിച്ചില്ല. 1993-ല്‍ റഷ്യന്‍ സൈന്യം ചെച്നിയ വിട്ടുപോയെങ്കിലും 1994-നും 1996-നും ഇടയില്‍ ദേശത്തു വമ്പിച്ച നാശനഷ്ടങ്ങള്‍ക്കും ആള്‍നാശത്തിനും ഇടയാക്കിയ ഒന്നാം റഷ്യന്‍-ചെച്നിയന്‍ യുദ്ധം സംഭവിച്ചു. 1996-ല്‍ ദുദായെവ് കൊല്ലപ്പെട്ട ശേഷം പ്രസിഡണ്ട്‌ ആയ അസ്ലാന്‍ മഷ്കദോവ്, റഷ്യയിലെ യെല്‍സിന്‍ ഭരണകൂടവുമായി ഒരിക്കലും പാലിക്കപ്പെടുകയുണ്ടായില്ലാത്ത കരാറില്‍ ഏര്‍പ്പെട്ടു. 1999 ആഗസ്റ്റില്‍ ജിഹാദിസ്റ്റ് ഗ്രൂപ്പുകള്‍ ദാഗെസ്താന്‍ പ്രദേശത്തു നുഴഞ്ഞുകയറിയത് മറയായി ആരംഭിച്ച ‘വടക്കന്‍ കോക്കസസ് പ്രദേശത്തെ ഭീകരതാ വിരുദ്ധ കാമ്പെയ്ന്‍’ വ്ലാദിമിര്‍ പുടിന് പതിനൊന്നു വര്‍ഷത്തോളം നീണ്ടുനിന്ന രണ്ടാം ചെചന്‍ യുദ്ധം തുടങ്ങാനുള്ള മറയായിത്തീര്‍ന്നു.

കുടുംബ കഥദേശ കഥ.

ആന്റണി മര്‍റയെന്ന യുവ അമേരിക്കന്‍ നോവലിസ്റ്റിന്റെ പ്രഥമ നോവലായ A Constellation of Vital Phenomena,  2013-ലാണ് പുറത്തിറങ്ങിയത്. പ്രഥമ ജോണ്‍ ലെനാഡ് അവാര്‍ഡ്അനിസ്ഫീല്‍ഡ് ബുക്ക് അവാര്‍ഡ്തുടങ്ങിയ വിഖ്യാത പുരസ്കാരങ്ങള്‍ പുസ്തകം കരസ്ഥമാക്കുകയുമുണ്ടായി. സോവിയറ്റ് അനന്തര റഷ്യന്‍- ചെചന്‍ ചരിത്രത്തിലും സംഘര്‍ഷങ്ങളിലുമുള്ള മര്‍റയുടെ താല്‍പര്യം അദ്ദേഹത്തിന്റെ 2009- ല്‍ പ്രസിദ്ധീകരിച്ച ‘ചെച്നിയഎന്ന ചെറുകഥയും 2015-ല്‍ പുറത്തിറങ്ങിയ The Tsar of Love and Techno: Stories എന്ന സമാഹാരവും വ്യക്തമാക്കുന്നുണ്ട്. സഹൃദയനായ കലാകാരന്‍ എന്ന നിലയില്‍രണ്ടാം ചെചന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പറയപ്പെടുന്ന നോവലിന്റെ ഇതിവൃത്തത്തില്‍ പക്ഷെ കേന്ദ്ര സ്ഥാനീയരായി നാം കണ്ടുമുട്ടുന്നത് ഫെഡറലിസ്റ്റുകളെയോ റിബലുകളെയോ ഇസ്ലാമിക മൌലികവാദികളെയോ അല്ല. ഇപ്പറഞ്ഞവരൊക്കെ സാന്ദര്‍ഭികമായി എത്തിനോക്കുന്നുണ്ടെങ്കിലും മുഖ്യ കഥാപാത്രങ്ങള്‍ വിശേഷിച്ചു രാഷ്ട്രീയമോ മതചിന്തയോ ഉള്ളവര്‍ പോലുമല്ല. പകരം അവര്‍ ഉറ്റവര്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും അമ്മമാരും അച്ഛന്മാരും ചരിത്രത്തിന്റെ ചതിക്കുഴികളില്‍ വീണുപോയ അയല്‍ക്കാരും എല്ലാമാണ്. ഒരേസമയം ഭീകരതയും ഒപ്പം അയുക്തിക സ്വപ്നാത്മതയും ഉള്ള ആദ്യവാചകം നോവലിന്റെ സ്വരം കൃത്യമായി നിര്‍ണ്ണയിക്കുന്നുണ്ട്:

“ഫെഡ്സ് അവളുടെ വീടിനു തീവെക്കുകയും പിതാവിനെ കൊണ്ട് പോകുകയും ചെയ്തതിനു പിറ്റേ പ്രഭാതത്തില്‍ ഹവാ അനിമോണുകളുടെ സ്വപ്നത്തില്‍ നിന്നുണര്‍ന്നു.”

എല്‍ദാര്‍ എന്ന ചെറുഗ്രാമത്തില്‍ പത്തുവര്‍ഷക്കാലം നീണ്ടുനിന്ന സമാന ഭീകരതകളുടെ ഏതാണ്ട് അന്ത്യത്തിലാണ് ഹവായുടെ പിതാവിന്റെ ദുരന്തം സംഭവിക്കുന്നത്‌. മകളെ ഏറെ ഓമനിച്ചു വളര്‍ത്തിയ, വൃക്ഷപരിപാലകനായിരുന്ന പിതാവ് ദോക്കക്ക് ഫെഡറല്‍ സൈന്യവുമായുള്ള മുന്‍ മുഖാമുഖത്തില്‍ കൈവിരലുകള്‍ നഷ്ടപ്പെട്ടിരുന്നു. തിരോധാനത്തിനു ശേഷം വനത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന എട്ടു വയസ്സുകാരിയെ അയല്‍വാസിയും പിതൃ തുല്യനുമായ അഖ്മദ് തനിക്കറിയാവുന്ന ഒരഭയകേന്ദ്രത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. ദോക്കയുടെ വീട്ടില്‍ അഭയം തെടുമായിരുന്ന റിബലുകളില്‍ ഒരാളില്‍നിന്ന് കിട്ടിയ അറിവുവെച്ച് ഉപേക്ഷിക്കപ്പെട്ട പഴയൊരു ആശുപത്രിയില്‍ ബാക്കിയായ ഏക ഡോക്റ്റര്‍ സോന്യ റബീനയെ അവളെ ഏല്‍പ്പിക്കാന്‍ അയാള്‍ ശ്രമിക്കുന്നത് ഫെഡറല്‍ സൈന്യത്തിന്റെ രീതി അറിയാവുന്നത് കൊണ്ടാണ്. പിടിക്കപ്പെടുകയും കൊന്നുകളയുകയും ചെയ്യുന്ന ശത്രു പക്ഷക്കാരുടെ കുടുംബാംഗങ്ങളെയും അതേ ശിക്ഷാവിധിക്ക് വിധേയരാക്കുകയും അതുവഴി ഒളിപ്പോരിനിറങ്ങുന്ന പ്രവണതയെ തകര്‍ക്കുകയും ചെയ്യുക എന്നതാണ് അത്. ഏതുനിമിഷവും കൊച്ചു ശത്രുവിനെ ഉന്മൂലനം ചെയ്യാന്‍ സൈനികര്‍ തിരികെയെത്തുമെന്നു അയാള്‍ക്കറിയാം. മെഡിക്കല്‍ പഠനം ഒരു വൈദഗ്ദ്യവും ഇല്ലാതെ ലിസ്റ്റില്‍ ഒടുവിലായി നടത്തിയ പുരോഭാഗമുള്ള അഖ്മദ്, സംഘര്‍ഷകാലത്ത് ഒരു ഡോക്റ്റര്‍ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികള്‍ ഭയന്ന് ചിത്രംവരയിലേക്ക് തിരിഞ്ഞയാളാണ്. എന്നാല്‍ സുഹൃത്തിന്റെ മകള്‍ക്ക് അഭയം നല്‍കാന്‍ സോന്യയെ സമ്മതിപ്പിക്കുന്നതിനു വേണ്ടി അയാള്‍ ആശുപത്രിയിലെ ക്ലീനിംഗ് ജോലി ഏറ്റെടുക്കുന്നു. അയല്‍വാസിയായ റംസാന്‍ ഫെഡറലുകള്‍ക്ക് വേണ്ടി ചാരപ്പണി നടത്തുന്ന ആളാണെന്നും തന്നെയും ഹവായെയും കുറിച്ചും അയാള്‍ വിവരം നല്‍കുമെന്നും അറിയാവുന്നത് കൊണ്ട് അയാളുടെ നീക്കങ്ങള്‍ എല്ലാം അതീവ ജാഗ്രതയോടെയാണ്. എന്നാല്‍ റംസാന്‍ എന്ന കഥാപാത്രത്തെ വെറുക്കപ്പെട്ട ഒറ്റുകാരന്‍ എന്ന നിലക്കല്ല നോവലില്‍ അവതരിപ്പിക്കുന്നത്‌. യുദ്ധം മനുഷ്യരിലെ മനുഷ്യത്വത്തെ തന്നെ നിസ്സഹായമാക്കി അസ്തമിപ്പിക്കുന്നതെങ്ങനെ എന്ന വലിയ ചോദ്യമാണ് അയാളിലൂടെ ഉന്നയിക്കപ്പെടുന്നത്‌. റംസാന്‍ അത്തരം ഒരു ജോലി ചെയ്യുന്നതിനു പിറകില്‍ അയാള്‍ ഏല്‍ക്കേണ്ടിവന്ന മനുഷ്യ സാധ്യമല്ലാത്ത പീഡന സഹനമുണ്ടെന്നത് ഒട്ടേറെ ഗ്രാഫിക് പീഡന ദൃശ്യങ്ങള്‍ ഉള്ള നോവലില്‍ ഒരനിവാര്യതയും നാളെ ഒരു വേളറംസാന്‍ തന്നെ പറയുമ്പോലെഅഖ്മദ് തന്നെയും നേരിടേണ്ടി വരുന്ന, രക്ഷപ്പെടാനാകാത്ത വിധിയുമാണ്.

“അവര്‍ നിന്നോട് ചോദിക്കില്ല പെണ്‍കുട്ടി എവിടെയാണെന്ന്. അവര്‍ നിന്നെക്കൊണ്ട് അവളെ അവരുടെയടുക്കല്‍ കൊണ്ടുവരുവിക്കുംഅത് നീ ചെയ്യുന്നത് നിനക്ക് തന്നെ കാണാം.. ഒരിക്കല്‍ ഞാന്‍ നിന്നെപോലെ ആയിരുന്നുവൈകാതെ നീ എന്നെപ്പോലെയാവും.”

ഒരു നിരൂപകന്‍ നിരീക്ഷിക്കും പോലെ “ഇതാണ് എല്ലാത്തിലും വെച്ച് ഏറ്റവും ഭീകരമായ തിരോധാനം: പീഡനത്തിനു കീഴെ സ്വത്വം നശിപ്പിക്കപ്പെടുന്നത്. ഈ നോവല്‍ മനുഷ്യ സാധ്യതയുടെ ഏറ്റവും മോശമായ അറ്റം കണ്ടമാനം പ്രദര്‍ശിപ്പിക്കുന്നു. വോള്‍ചാന്‍സ്കിനും എല്‍ദാറിനും ഇടയില്‍ എവിടെയോ ഉള്ള ഭേദ്യം ചെയ്യുന്ന ഏതോ പാതാളമുറിയില്‍ ബോള്‍ട്ട് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റപ്പെടുന്ന വിരലുകളും വൃഷണങ്ങളും ഒരു തുടക്കം മാത്രമാണ്.” (Madison Smartt Bell, nytimes.com).

മകന്‍ ചെയ്യുന്നതെന്തെന്ന് അറിയാവുന്ന റംസാന്റെ പിതാവിന് അയാളെ കൊന്നുകളയണമെന്നുണ്ട്പക്ഷെ അവസരം ലഭിക്കുമ്പോഴും അതൊരു പിതാവിന് സാധ്യവുമല്ലല്ലോ. അതുകൊണ്ട്മദ്യത്തില്‍ മുങ്ങി അവനൊന്നും പിന്നീട് ഓര്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള സന്ദര്‍ഭങ്ങളില്‍ മാത്രമേ അയാള്‍ അവനോടു സംസാരിക്കൂ. ദോക്കയുടെ തിരോധാനത്തിനു പിന്നിലും റംസാന്‍ ആണെന്ന് വെളിപ്പെടുന്നുണ്ട്. ഒരു ഘട്ടത്തില്‍ ഒരു റഷ്യന്‍ ഓഫീസറുടെ കൊലപാതകത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയ തോക്ക് അയാളുടെ കയ്യിലുണ്ടായിരുന്നു എന്നതിന്റെ അന്വേഷണമാണ് ദോക്കയെ ഒറ്റുന്നതില്‍ എത്തിച്ചേരുക. എന്നാല്‍പ്രസ്തുത തോക്കിന്റെയും റഷ്യന്‍ ഓഫീസറുടെ വധത്തിന്റെയും രഹസ്യങ്ങള്‍ ഇതിവൃത്തത്തിലെ മറ്റൊരു ധാരയുമായാണ് കണ്ണിചേരുകയും സ്വയം വ്യക്തമാകുകയും ചെയ്യുക. കൈവിരലുകള്‍ ഇല്ലാത്ത ദോക്കാക്ക് ഒരു തോക്ക് ഉപയോഗിക്കാനാവുമായിരുന്നില്ല എന്ന് മാത്രമല്ലഅതുമായി ഏതെങ്കിലും വിധത്തില്‍ ഹവായെ ബന്ധപ്പെടുത്താന്‍ ഇടയുള്ളത് കൊണ്ട് അയാള്‍ക്കത് കയ്യില്‍ വെക്കാന്‍ പോലും താല്‍പര്യവുമുണ്ടായിരുന്നില്ല.

രക്തം രക്തത്തെ തേടുന്നു

സോന്യയുടെ കഥയിലും നഷ്ടത്തിന്റെയും അന്വേഷണത്തിന്റെയും ഇഴകോര്‍ക്കലുണ്ട്. റഷ്യന്‍ വംശജയായ അവളുടെ പുരാവൃത്തത്തില്‍, ചെച്നിയയിലെ സ്റ്റാലിനിസ്റ്റ് അധിനിവേശ കാലത്ത് അവിടെയെത്തിയ മാതാപിതാക്കളുടെ ഓര്‍മ്മയുണ്ട്. വിദഗ്ദ സര്‍ജ്ജനായ സോന്യക്ക് ഡെന്റല്‍ ഫ്ലോസ് ഉപയിഗിച്ചു കുഴിബോംബ് സ്ഫോടനത്തിന്റെയും ശസ്ത്രക്രിയയുടെയും മുറിവുകള്‍ തുന്നാനാവും. ചെചന്‍ വംശജനായ അഖ്മദ് ആവട്ടെഒരു കഴിവുമില്ലാത്തആരുമായും ബന്ധമില്ലാതെ തന്റെ വരകളില്‍ മുഴുകി കഴിയുന്ന, റൊനാള്‍ഡ്‌ റീഗനെ റൊണാള്‍ഡ്‌ മക്ഡോനാള്‍ഡ്‌ എന്ന് ഓര്‍ത്തെടുക്കുന്ന ഒരാളാണ്. എല്‍ദാറിലെ സൈനിക നീക്കത്തില്‍ പരിക്കേറ്റു നിശ്ചേതനാവസ്ഥയില്‍ കഴിയുന്ന ഭാര്യയെ പരിചരിച്ചു കഴിയുന്ന അയാളുടെ ഏക സുഹൃത്തായിരുന്നു ദോക്ക എന്നതാണ് അയാള്‍ക്ക് ഹവായോടുള്ള ആത്മബന്ധം. സോന്യയാകട്ടെവോള്‍ചാന്‍സ്കില്‍ നിന്ന് രണ്ടാമതൊരു തവണ കൂടി അപ്രത്യക്ഷ്യയായ സഹോദരി നടാഷയെ തേടുകയാണ്. കുട്ടിക്കാലത്ത് പഠിക്കാന്‍ മിടുക്കിയായിരുന്ന സോന്യ, ലണ്ടനില്‍ മെഡിസിന്‍ പഠനത്തിനു ചേരുകയും യുദ്ധം മാതാപിതാക്കളുടെ മരണത്തിനു കാരണമാകുകയും ചെയ്തപ്പോഴാണ് സുന്ദരിയായ സഹോദരി ആദ്യം അപ്രത്യക്ഷയായത്. നടാഷക്ക് സംഭവിച്ചതും ഹവായുടെ ഓര്‍മ്മപ്പെട്ടിയിലെ സ്മാരക വസ്തുക്കളും റംസാനെയും ദോക്കയെയും റഷ്യന്‍ സൈനിക പീഡന മുറികളിലെ ഇരകളാക്കുന്ന തോക്കും സൈനിക മേധാവിയുടെ വധവും എല്ലാംചേര്‍ന്ന് ഉരുവാക്കുന്ന രഹസ്യങ്ങളുടെ വലക്കണ്ണികള്‍ നോവല്‍ ഉടനീളം, കാലത്തില്‍ മുമ്പോട്ടും പിറകോട്ടും ചലിക്കുന്ന ആഖ്യാനത്തെ അതീവ സൂക്ഷ്മതയോടെ പിന്തുടര്‍ന്നാല്‍ മാത്രമാണ് അനുവാചകന് മുന്നില്‍ തെളിഞ്ഞു കിട്ടുക. അതില്‍, ചെചന്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സുന്ദരിയായ യുവതിയുടെ സഹോദരിയെ തേടിയുള്ള പുറപ്പാടുണ്ട്മനുഷ്യക്കടത്തിന്റെ ചതിക്കുഴികളും ബോധപൂര്‍വ്വം ഇരകളില്‍ ഉണ്ടാക്കിയെടുക്കുന്ന ഹെറോയിന്‍ അടിമത്തവും ലൈംഗിക അടിമത്തവുമുണ്ട്ലഹരി അടിമത്തത്തില്‍ നിന്ന് മുക്തി തേടാനുള്ള ഉറച്ച ശ്രമങ്ങളുണ്ട്വീണ്ടുമൊരു പാലായനത്തിന്റെ അനിവാര്യതയില്‍അഭയാര്‍ഥികള്‍ക്ക് സ്നേഹപൂര്‍വ്വം ഇടത്താവളം നല്‍കുമായിരുന്ന, കൈവിരലുകള്‍ ഇല്ലാത്ത ഒരു മനുഷ്യന്‍ ഒരു സ്വയരക്ഷക്കായി നല്‍കിയ തോക്കുണ്ട്ഒരു ബലാല്‍ക്കാര ശ്രമവും ഒരന്തിമ പ്രതികാരവും അങ്ങനെയൊരു സൈനിക മേധാവിയുടെ വധവുമുണ്ട്. നടാഷ പക്ഷെ അന്തിമമായി ബലിയാട് തന്നെയാണ്: എണ്ണമറ്റ വെടിയുണ്ടകളില്‍ പൊലിഞ്ഞു പോകുന്നവള്‍. ഒരു തിരിച്ചറിയല്‍ ഉപാധിയായിത്തീരുക (anagnorisis) സോന്യ സഹോദരിക്ക് നല്‍കിയിരുന്ന കളിപ്പാട്ടമാണ്. തന്റെ കൈകളിലേക്ക് പിറന്നു വീണ കുഞ്ഞിനു നടാഷ അത് കൈമാറിയിരുന്നു. ഹവായുടെ ഓര്‍മ്മപ്പെട്ടിയില്‍ അങ്ങനെയാണ് അത് എത്തിച്ചേരുക.

ചരിത്രം പിടിമുറുക്കമ്പോള്‍

ചരിത്രത്തിന്റെ വലക്കണ്ണികളില്‍ നിന്ന് ആരും മുക്തരല്ലെങ്കിലും അതിനപ്പുറം കടക്കുന്ന ഭാവനാപൂര്‍ണ്ണമായ വര്‍ത്തമാന- ഭാവി സ്വരൂപങ്ങള്‍ നോവലിസ്റ്റ് പല കഥാപാത്രങ്ങള്‍ക്കും പകര്‍ന്നു നല്‍കുന്നുണ്ട്. കുഴിബോംബില്‍ മരണപ്പെടുന്ന ഒരാളുടെ ശേഷിപ്പായ വസ്തത്തിന്റെ അറ്റത്ത്‌ തനിക്കു നല്‍കേണ്ട അടക്കത്തെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കാണുന്നത് ഗൌരവമായി എടുക്കുകയും അതിനെ പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്യുന്ന അഖ്മദിനോട് ആശുപത്രിയിലെ ഏറെ പ്രായമുള്ള ഏക നേഴ്സ് പറയുന്നു: അയാള്‍ നഗരത്തിലെ ക്രിമാറ്റൊരിയത്തില്‍ നിന്ന് മേഘങ്ങളിലേക്ക് കടന്നു കഴിഞ്ഞു. നോവലിസ്റ്റ് അയാള്‍ക്കൊരു കഥ മെനഞ്ഞു നല്‍കുന്നു:

“ആ മനുഷ്യന് ഷാലിയില്‍ ഒരു സഹോദരിയുണ്ടായിരുന്നുഅവള്‍ അവളുടെ ട്രാവല്‍ ഏജന്‍സിക്കും... അവളുടെ ഭര്‍തൃ മാതാപിതാക്കള്‍ക്കും ഇപ്പോള്‍ ചവറ്റുകുട്ടയുടെ അടിയില്‍ കിടക്കുന്ന ആ കുറിപ്പ് കയ്യില്‍ കിട്ടാന്‍ വേണ്ടി, ജീവിതത്തില്‍ താന്‍ ഒന്നും കൊടുത്തില്ലല്ലോ എന്ന് വിഷമിച്ച ആ സഹോദരന്റെ അന്ത്യാഭിലാഷം കൈപ്പറ്റുന്നതിനു വേണ്ടി തന്റെ അനശ്വരമായ ആത്മാവിന്റെ പത്തില്‍ ഒമ്പതും നല്‍കിയേനേ.”

നോവലില്‍ ആവര്‍ത്തിച്ചു കടന്നു വരുന്ന മനുഷ്യാഭിലാഷങ്ങളുടെ പവിത്രതയെന്ന പ്രമേയം ഏറ്റവും ദീപ്തമായി കാണാവുന്ന ഒരു മുഹൂര്‍ത്തവും ആണിത്. വായനക്കാര്‍ ഒരിക്കലും കാണുന്നില്ലാത്ത ഈ കഥയിലെ അജ്ഞാത മനുഷ്യനെ അടയാളപ്പെടുത്തുന്ന തിരിച്ചറിയല്‍ രേഖപോലെ അനേകം രേഖകള്‍ അടങ്ങിയ ആശുപത്രിയിലെ പെട്ടി പോലെഹവായുടെ കയ്യിലെ പെട്ടിയിലും അവളുടെ വീട്ടില്‍ രാപ്പാര്‍ത്തിരുന്ന അനേകം അഭയാര്‍ഥികളുടെ ഓര്‍മ്മച്ചീന്തുകള്‍ ആണുള്ളത്; അതില്‍ നടാഷയുടെ ഓര്‍മ്മയായ കളിപ്പാട്ടമൊഴിച്ചു ഒന്നിനും ഇപ്പോള്‍ ആരും ഉടമസ്ഥരല്ലെങ്കിലും. അഖ്മദിന്റെ അയല്‍വാസി തയ്യാറാക്കുന്ന 3300 പേജുകള്‍ വരുന്ന ചെച്നിയയുടെ ചരിത്രവും പ്രസാധകരുടെ വിവേചനപൂര്‍ണ്ണമായ തിരസ്കാരവും അയാളെ പരാജിതന്റെ നിലപാടില്‍ എത്തിക്കുന്നു: “ചരിത്രം സ്വയം രചിച്ചോളുംഅതിനു എന്റെ ആവശ്യമില്ല.” അയാളുടെ സ്വന്തം ചരിത്രത്തില്‍  കസഖ്സ്താനിലേക്ക് കുടിയേറിയിരുന്ന ചെചന്‍ വംശജരെ തിരിച്ചയച്ച 1956-ലെ പാലായന ഘട്ടത്തില്‍താന്‍ കൊണ്ടു വന്ന പെട്ടിയില്‍ മാതാപിതാക്കളുടെ അസ്ഥിശകലങ്ങള്‍ ഉണ്ടായിരുന്നതിന്റെ ഓര്‍മ്മകളുണ്ട്‌. അതിലും വലിയ നൊമ്പരമായി മകന്‍ റഷ്യന്‍ ഒറ്റുകാരന്‍ ആയിക്കഴിയുന്നതിന്റെ വേദനയും. ഹവായുടെ ജീവിതത്തെയും സുദീര്‍ഘമായ ഒരു ഭാവികാലത്തിന്റെ സ്വസ്ഥതയിലേക്ക് ദീര്‍ഘ ദര്‍ശിത്തം ചെയ്യുന്നതിലൂടെ അവളെയും ചരിത്രത്തിന്റെ നിര്‍ണ്ണായകത്വത്തിനപ്പുറം സ്വതന്ത്രയാക്കുകയാണ് നോവലിസ്റ്റ്. നൂറു പിന്നിട്ട്അവള്‍ ജനിച്ച അതേ ആശുപത്രിക്കിടക്കയില്‍ കിടന്നാണ് അവള്‍ മരിക്കുകയെന്നു നോവലിസ്റ്റ് പറഞ്ഞുവെക്കുന്നുണ്ട്. കുറച്ചു പേരുടെ അതിജീവനത്തിലും പുനരുഥാന സാധ്യതയിലും സനാതനമായ പ്രതീക്ഷയുടെ ഭാവി നോവലിസ്റ്റ് കണ്ടെടുക്കുയാവാം. വീറില്ലാത്ത ദുരന്തങ്ങളില്‍ കുരുങ്ങിപ്പോവുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒരു സാധ്യതയുമില്ലാത്ത ഇത്തരം അതീത ശാന്തഭാവം പകര്‍ന്നെടുക്കുന്ന രീതി, ചെചന്‍ പശ്ചാത്തലത്തില്‍ ഉള്ള കൃതി തന്നെയായ ‘ഹാജി മുറാദ്’ എന്ന നോവലിന്റെ കൂടി കര്‍ത്താവായ സാക്ഷാല്‍ ടോള്‍സ്റ്റോയിയില്‍ നിന്നാണ് മര്‍റ പഠിച്ചെടുക്കുന്നത് എന്ന് മാഡിസന്‍ ബെല്‍ നിരീക്ഷിക്കുന്നുണ്ട്: “‘കോണ്‍സ്റ്റലേഷന്‍’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ‘യുദ്ധവും സമാധാനവും’ ആണ്, ചാരന്‍ (റംസാന്‍) മുന്നറിയിപ്പ് നല്‍കും പോലെയഥാര്‍ത്ഥ സമാധാനം ഇവിടെയില്ല എന്നേയുള്ളൂ: “അവര്‍ ഹവായെ കൊല്ലുംഎന്നിട്ടതിനെ സമാധാനം എന്ന് വിളിക്കും.” എന്നാല്‍ഹവായുടെ ജീവിതം അയാളുടെ ശൂന്യവാദത്തിനപ്പുറം പോകുന്നതിലൂടെ പുസ്തകത്തിന്റെ ദുര്‍ജ്ഞേയമായ തലക്കെട്ടിന്റെ സാംഗത്യം ഒരു വിധത്തില്‍ഏറെ വ്യാഖ്യാനപരമായെങ്കിലും, വെളിവാകുന്നു: നോവലിന്റെ പാഠത്തില്‍ ഒന്നിലേറെ തവണ ആവര്‍ത്തിക്കപ്പെടുന്ന മെഡിക്കല്‍ ടെക്സ്റ്റ് ഉദ്ധരണി ഇങ്ങനെ വായിക്കാം: “ജീവിതം: ജീവത് പ്രതിഭാസങ്ങളുടെ ഒരു നക്ഷത്ര ജാലിക: വ്യവസ്ഥപ്പെടുത്തല്‍ക്ഷിപ്രകോപംസ്ഥാനചലനംവളര്‍ച്ചപുനരുല്‍പ്പാദനംചേര്‍ന്നുപോവല്‍.

സ്നേഹപാശങ്ങളുടെ അതിജീവനം   

നായക ഗുണങ്ങള്‍ ഒന്നുമില്ലാത്ത അഖ്മദ് കര്‍ഷകന്‍ എന്ന് അവകാശപ്പെടുമ്പോള്‍ അതല്ലഡോക്റ്റര്‍ എന്ന് നടിക്കുമ്പോള്‍ അതും. ഒരര്‍ത്ഥത്തില്‍ ഒളിച്ചിരിക്കുന്നിടത്തു നിന്ന് അഖ്മദ് ഹവായെ കണ്ടെത്തുന്നതു മുതല്‍ അഞ്ചു ദിവസങ്ങളാണ് നോവലിന്റെ സക്രിയകാലം. എന്നാല്‍ ഈ കഥാപാത്രങ്ങള്‍ കാലത്തിന്റെ രേഖീയ ചലനത്തിന് വെളിയില്‍ തള്ളപ്പെട്ടവരാണ്. അവരുടെ അനുഭവങ്ങള്‍ തീക്ഷ്ണമായ നടുക്കങ്ങളുടെയും അനുഭൂതികളുടെയും ഫ്ലാഷ് ബാക്കുകളിലൂടെ നമ്മിലെത്തുന്നു. ടൈംലൈനില്‍ നിരന്തരം സംഭവിക്കുന്ന മുന്നോട്ടും പിന്നോട്ടുമുള്ള ചലനങ്ങള്‍ ഒരോ അധ്യായത്തിന്റെ ആരംഭത്തില്‍ തന്നെ കൃത്യമായും രേഖപ്പെടുത്തിയിട്ടുള്ളത് ചരിത്ര ഘട്ടങ്ങളെ എപ്പോഴും സജീവമാക്കി നിര്‍ത്തുന്നു. പുസ്തകത്തിന്റെ ഒടുവില്‍ നല്‍കിയിട്ടുള്ള കുറിപ്പില്‍ ചെച്നിയന്‍ ചരിത്രവും ജീവിതവും സംഘര്‍ഷ കാലവും പഠിച്ചെടുക്കാന്‍ ഉപയോഗപ്പെട്ട പുസ്തകങ്ങളും ഇതര ഉറവിടങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത് ഫിക് ഷന്റെ അതിരുകള്‍ക്കപ്പുറം പോകുന്ന നോവലിന്റെ തലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കഥാപാത്രങ്ങള്‍ആ ക്ലീഷേയുടെ പ്രയോഗത്തിലെന്ന പോലെസാങ്കല്‍പ്പികമായിരിക്കാംപക്ഷെ കഥകള്‍ തീര്‍ച്ചയായും അതല്ലെന്നതാണ് ഈ നോവലിന്റെ പ്രത്യേകത. ‘ദി ഏഞ്ചല്‍ ഓഫ് ഗ്രോസ്നി’ അസ്നെ സിയെര്‍സ്റ്റാദ്) പോലുള്ള ജേണലിസ്റ്റിക് മാസ്റ്റര്‍പീസുകള്‍അന്നാപോളിറ്റ്കോവ്സ്കായയെ പോലുള്ള അപകടകരമായി അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുകയും സ്വജീവന്‍ അതിനു വിലയായി കൊടുക്കുകയും ചെയ്ത ജേണലിസ്റ്റുകള്‍ തുടങ്ങി നോവലിന്റെ റിസര്‍ച്ച് വേളയില്‍ മര്‍റയെ സ്വാധീനിച്ച പുസ്തകങ്ങളും വ്യക്തികളും ഏറെയുണ്ട്. ഒരിക്കല്‍ സോവിയറ്റ് ഇടപെടലില്‍ വിജനമാക്കപ്പെടുകയും പിന്നീട് ഔദ്യോഗികമായി ജനങ്ങളെ പുനര്‍ വിന്യസിക്കുകയും ചെയ്ത ചരിത്രമുള്ള ദേശം ഇപ്പോള്‍ ഭീകരവാദ പ്രവര്‍ത്തികളുടെയും അതിനെതിരെയുള്ള ‘ഭീകരതാവിരുദ്ധ അത്യാചാരങ്ങളുടെയും പിടിയിലാണെന്ന് സമകാലിക വസ്തുത. നോവലില്‍ എമ്പാടും കാണാവുന്ന, വായനയെപ്പോലും നടുക്കിക്കളയുന്ന പീഡന മുറകള്‍ ഈ പൊള്ളുന്ന ചരിത്രത്തിന്റെ സാക്ഷ്യം തന്നെയാണ്. ഹവായെ ഒളിപ്പിക്കാന്‍ അഖ്മദ് കണ്ടെത്തുന്ന ആശുപത്രി എന്നു പേരുമാത്രമുള്ള വിജനവും നിരാലംബവുമായ ഇടംകൂടെക്കൂടെ അവിടെ ആര്‍ത്തലച്ചെത്തുന്ന അംഗഭംഗങ്ങളുടെയും ജീവച്ഛവങ്ങളുടെയും മൃതിയുടെയും തിരയിളക്കങ്ങളില്‍ ഒരു അതീതസര്‍ റിയലിസ്റ്റ് ഭ്രാന്തലോകം പോലെ അനുഭവപ്പെടും. അവിടെ മൃതിയുടെ കാവല്‍ക്കാരിയായി നഷ്ടബോധങ്ങളിലും കെടാത്ത നൈതികതയുമായി യുവത്വം വിട്ടുമാറിയിട്ടില്ലാത്ത ഒരു ഡോക്റ്റര്‍പന്ത്രണ്ട് പ്രണയപരാജയങ്ങള്‍ക്കുമിപ്പുറം ആണുങ്ങളെ കാണുന്നത് വരെ മാത്രം പുരുഷവിദ്വേഷവും അതിനപ്പുറം ശൃംഗാരവുമായി അടുത്തുകൂടുന്ന വൃദ്ധനേഴ്സ്ഒരിടത്തും സ്വയം തെളിയിക്കാനാവാത്ത ചകിതനും ഒട്ടൊരു വിഡ്ഢിയുമെങ്കിലും ഒരു കൊച്ചു പെണ്‍കുട്ടിയുടെ ജീവിതം തളിര്‍ത്തുകാണാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍ തയാറുള്ള ഒരു യുവ മുറിവൈദ്യന്‍- ഇത്തിരി കോമാളിത്തത്തോടൊപ്പം അപാരമായ സര്‍വ്വനാശത്തിന്റെ ശൂന്യത വിളിച്ചോതുന്ന ഒരു ഭൂമികയാണ് നോവലിന്റെത്. എന്നാല്‍ഇതിനിടയിലും ഏതിരുട്ടിലും ജീവിതം മുന്നോട്ടു തന്നെയെന്നു സാക്ഷ്യപ്പെടുത്തുന്ന ഒരു പെണ്‍കുട്ടിയുണ്ടെന്നതാണ് നോവല്‍ ഉറ്റുനോക്കുന്നത്. സ്നേഹ ബന്ധങ്ങളും സ്നേഹവേദനകളും അങ്ങേയറ്റം പരീക്ഷിക്കപ്പെടുന്ന യുദ്ധകാലമെന്ന മെരുങ്ങാ സാഹചര്യവുംസഹജീവികളോടുള്ള അനുതാപമെന്ന വികാരത്തെ ഏതു പ്രതിസന്ധികള്‍ക്കിടയിലും വിസ്മരിക്കാനാവാത്ത ഏതാനും മനുഷ്യരുടെ അപൂര്‍വ്വ സുന്ദരമായ ഒത്തുചേരലും സൃഷ്ടിക്കുന്ന വെളിച്ചം നോവലിന്റെ ആത്യന്തിക മൂല്യ ദര്‍ശനത്തെ പൊലിപ്പിക്കുന്നുണ്ട്. ദേശക്കൂറിന്റെ വെല്ലുവിളിക്കു മുന്നില്‍ സ്വന്തം മകനെ കൊന്നുകളയാനായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകുന്ന പിതാവിന് അതിനു കഴിയാത്തവിധം രക്തബന്ധം അയാളെ ദുര്‍ബ്ബലനാക്കുന്നത് നോവലില്‍ ഒരു പ്രധാന പ്രമേയമായ പിതാക്കളും മക്കളുമെന്ന ജന്മാന്തര ബന്ധുതയുടെ നിദര്‍ശനമാണ്: ദോക്കയും ഹവായും തമ്മിലുംപിന്നീട് അഖ്മദും ഹവായും തമ്മിലും, ഒരു വേള ഹവായും സോന്യയും തമ്മില്‍ തന്നെയുംഇതേ സ്നേഹപാശത്തിന്റെ ഇഴയടുപ്പം കാണാം. ദോക്കയെ പോലെ കുടുംബത്തിന്റെ ജീവിതം പോലും അപകടപ്പെടുത്തിയും അഭയാര്‍ഥികള്‍ക്ക് ചേക്കയിടം നല്‍കുന്ന നിസ്വനായ മനുഷ്യരുടെ ത്യാഗങ്ങളുടെ തുടര്‍ച്ച തന്നെയാണ് എല്ലാവരും ഉപേക്ഷിച്ചുപോയിട്ടും, ആശുപത്രിയെന്ന വിദൂരസ്മൃതിയും പേറി തന്നെത്തേടിയെത്തുന്ന മുറിവേറ്റവരെയും മൃതപ്രായരെയും കാത്ത് അവിടെത്തന്നെ നില്‍ക്കാന്‍ റഷ്യക്കാരിയെന്ന സുരക്ഷിത വഴി ലഭ്യമായിരിക്കെ തന്നെ സോന്യയെ പ്രേരിപ്പിക്കുന്നത്. വിരുദ്ധ ചേരികളുടെ വംശീയ മേല്‍വിലാസങ്ങള്‍ ഉള്ളവരാണ് തങ്ങള്‍ ഇരുവരും എന്നത് അഖ്മദിനോ സോന്യക്കോ ഇടയില്‍ ഒരിക്കലും ഒരു വിഷയമാകുന്നില്ല. സംഘര്‍ഷ ഭൂമികളില്‍ കഴിയാന്‍ വിധിക്കപ്പെട്ട ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ചിഹ്നങ്ങള്‍ തന്നെയാണ് ഈ കഥാപാത്രങ്ങളിലും നമുക്ക് കണ്ടെടുക്കാനാവുക: അവര്‍ക്ക് വേണ്ടത് പാരസ്പര്യമാണ്‌. പഴയ മുറിവുകളില്‍ എരിവു പുരട്ടി വീറും വൈരാഗ്യവും പൊലിപ്പിച്ചു നിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് പൊറുക്കാനാവുംപക്ഷെ മറക്കാനാവില്ല.

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 212-218)

read more:

The World and All That It Holds by Aleksandar Hemon

https://alittlesomethings.blogspot.com/2024/08/the-world-and-all-that-it-holds-by.html

At Night All Blood is Black by David Diop

https://alittlesomethings.blogspot.com/2024/08/at-night-all-blood-is-black-by-david.html

The Kindness of Enemies by Leila Aboulela

https://alittlesomethings.blogspot.com/2018/08/blog-post_6.html 

Saturday, August 24, 2024

The World and All That It Holds by Aleksandar Hemon

 മാനവികതക്കു കുറുകെ തീര്‍ത്ത കിടങ്ങുകള്‍




പത്തു മില്ല്യന്‍ സൈനികരടക്കം മുപ്പതു മില്ല്യനും നാല്‍പ്പതു മില്ല്യനും ഇടയ്ക്കു മനുഷ്യര്‍ കൊല്ലപ്പെട്ട ഒന്നാം ലോകയുദ്ധം യൂറോപ്യന്‍ ആയുധസാങ്കേതികതയെ മാത്രമല്ല കലാതത്വങ്ങളെ തന്നെയും അടിമുടി മാറ്റിക്കളഞ്ഞു. യന്ത്രവല്‍കൃത പൈശാചികതയുടെ മുമ്പില്‍ പഴയ യഥാതഥവാദം കാലഹരണപ്പെട്ടതിന്റെ ഫലമായി പുതിയ ആവിഷ്കാരരീതികള്‍ ആവശ്യമായിവന്നു. വ്യവസായവല്‍കൃത ക്ഷേമസിദ്ധാന്തത്തോടും പ്രചണ്ഡമായ ദേശീയവാദത്തോടുമുള്ള പ്രതികരണമായി ദാദായിസം, ഫ്യൂച്ചറിസം, ആധുനികതാ സിദ്ധാന്തങ്ങള്‍തുടങ്ങിയ ആവിഷ്കാരരീതികള്‍ അവതരിപ്പിക്കപ്പെട്ടു. വിര്‍ജീനിയ വുള്‍ഫ് മുതല്‍ ടി.എസ്. എലിയറ്റ് വരെ ഇംഗ്ലീഷ് ലോകത്തെ എഴുത്തുകാരെ ആഴത്തില്‍ സ്വാധീനിച്ച ഈ ആധുനികതാ സിദ്ധാന്തങ്ങള്‍ പക്ഷെ സാമൂഹിക, രാഷ്ട്രീയ, ധാര്‍മ്മിക പ്രതിസന്ധികളെ അമൂര്‍ത്തമായ ദാര്‍ശനിക പശ്ചാത്തലം ആക്കിനിര്‍ത്തി വ്യക്തി ശൈഥില്യത്തിന്റെ ആഖ്യാനങ്ങള്‍ ചമക്കാനാണ് ശ്രമിച്ചത്. ആധുനികതയെ ഉത്തുംഗ കലയുടെ (high art) നിദര്‍ശനമായി ഒരു വിഭാഗം കൊണ്ടാടിയപ്പോള്‍, വരേണ്യം, ദുരൂഹം,   പുരുഷാധിപത്യപരംസാമ്രാജ്യത്വ വിധേയത്വമുള്ളത്പ്രതിലോമപരം (elitist, inaccessible, patriarchal, imperialist, reactionary)  എന്നിങ്ങനെ അത് വിമര്‍ശിക്കപ്പെടുകയും ചെയ്തുചരിത്രവും സമൂഹവും രാഷ്ട്രീയവും പിന്‍നിരയിലേക്ക് ഒതുക്കപ്പെട്ട ആധുനികതക്ക് രണ്ടുലോക യുദ്ധങ്ങള്‍നരമേധങ്ങള്‍കൊളോണിയല്‍ ഭീകരതകള്‍ഹോളോകോസ്റ്റ് തുടങ്ങിയ മഹാദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ട ആന്തരികശേഷിയില്ലെന്ന തിരിച്ചറിവിലാണ് സാഹിത്യമണ്ഡലത്തില്‍ പുതിയ ആവിഷ്കാര ശൈലികള്‍ ഇടം പിടിച്ചത്. പോസ്റ്റ്‌മോഡേണിസംപോസ്റ്റ്‌കൊളോണിയലിസം എന്നൊക്കെ വിളിക്കപ്പെട്ട പുതിയ പ്രതിഭാസങ്ങളില്‍ അത്തരം ‘വലിയ ചിത്രങ്ങള്‍’ (big pictures)  സജീവമായിരുന്നു. പുതുതായി ഉയര്‍ന്നുവന്ന ഈ സാഹിത്യപ്രവണതകള്‍, വൈകിയാണെങ്കിലും ഒന്നാം ലോകയുദ്ധത്തിന്റെ കിടങ്ങുകളില്‍ ഹോമിക്കപ്പെട്ട ദശലക്ഷങ്ങളുടെ കടംവീട്ടുക എന്ന സാഹിതീയദൗത്യം ഏറ്റെടുത്തതിന്റെ മാതൃകകള്‍ കുറെയേറെ കണ്ടെത്താനാകും. റബേക്ക വെസ്റ്റ് (The Return of the Soldier-2018)ഐസക് ബാബേല്‍ (Red Cavalry – 1926)ഹെമിംഗ് വെ (A Farewell to Arms-1929)എറിക് മരിയ റമാര്‍ക്ക് (All Quiet on the Western Front-1929)തുടങ്ങിയ അതികായര്‍ മുതല്‍ സെബാസ്റ്റ്യന്‍ ഫോക്സ് (Birdsong- 1993)പാറ്റ് ബാര്‍ക്കര്‍ (Regeneration Trilogy-1991-1994), ജെരോസ്ലാവ് ഹാസെക് (The Good Soldier Švejk- 2005) തുടങ്ങിയ സമകാലികരായ എഴുത്തുകാര്‍ വരെ ഫിക് ഷനില്‍ നിബന്ധിക്കുന്ന ഈ തീക്കാലത്തെ തികച്ചും വ്യത്യസ്തവും അപൂര്‍വ്വവുമായ വീക്ഷണ കോണുകളില്‍ ആവിഷ്കരിക്കുന്ന കൃതികളാണ് സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപിന്റെ At Night All Blood Is Black, ബോസ്നിയന്‍ അമേരിക്കന്‍ നോവലിസ്റ്റ് അലക്സാണ്ടര്‍ ഹേമന്റെ The World and All That It Holds  തുടങ്ങിയവ. ഡിയോപ്പിന്റെ നോവല്‍ പ്രസ്തുത കിടങ്ങുകളില്‍ ഹോമിക്കപ്പെട്ട ലക്ഷക്കണക്കിനു കറുത്ത വര്‍ഗ്ഗക്കാരുടെ ദുരന്തം ആവിഷ്കരിച്ചപ്പോള്‍അലക്സാണ്ടര്‍ ഹേമന്റെ കൃതിഇതേ വിധി അനുഭവിച്ച ബോസ്നിയന്‍ സൈനികരില്‍ പെട്ട കഥാപാത്രങ്ങളെയാണ് പിന്തുടരുന്നത്. ഡിയോപ്, യുദ്ധത്തിന്റെ വിനാശകതക്കെതിരെ ആത്മാവില്‍ കൂടെപ്പിറപ്പുകളായ രണ്ടു യുവാക്കളുടെ സ്നേഹപാരസ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ഹേമന്റെ കൃതിയില്‍ അതേ പ്രകാശസ്പര്‍ശം സ്വവര്‍ഗ്ഗാനുരാഗികളായ രണ്ടു സുഹൃത്തുക്കളുടെ മരണത്തിനുമപ്പുറം തളിര്‍ത്തുനില്‍ക്കുന്ന പ്രണയവുംതന്റെ രക്തത്തില്‍ പിറന്നതല്ലാതിരുന്നിട്ടും മകളായിത്തീരുന്ന ഒരു കുഞ്ഞിനോടുള്ള സ്നേഹവുമാണ്. ആദ്യത്തേത് ഇടത്തിന്റെ കാര്യത്തില്‍ കേന്ദ്രീകരണ സ്വഭാവം കാണിക്കുമ്പോള്‍രണ്ടാമത്തേതിന് ഒരു പിക്കാറസ്ക് നോവലിന്റെ സ്ഥലകാല സംഭവ ബാഹുല്യമുണ്ട്.

Nowhere Man, The LazarusProject തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ അലക്സാണ്ടര്‍ ഹേമന്‍, ദേശനഷ്ടത്തിന്റെയും കുടിയേറ്റത്തിന്റെയും പ്രമേയങ്ങളില്‍ തല്‍പ്പരനായത്, അദ്ദേഹത്തിന്‍റെ ജീവിതപശ്ചാത്തലത്തിന്റെ സ്വാധീനം കൊണ്ടുതന്നെയാണ്. മുന്‍ യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കില്‍ ബോസ്നിയ-ഹെര്‍സെഗോവിനയുടെ തലസ്ഥാനമായ സരയെവോയിലാണ് ഹേമന്‍ ജനിച്ചത്‌ (1964). ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പ് യുക്രൈനില്‍ നിന്നും ബോസ്നിയയില്‍ എത്തിയതായിരുന്നു അദ്ദേഹത്തിന്‍റെ മുതുമുത്തച്ചന്‍ തിയഡോര്‍ ഹേമന്‍. അന്ന് ഇരുരാജ്യങ്ങളും ആസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1992 മുതല്‍ അമേരിക്കയില്‍ താമസമാക്കിയ ഹേമന്‍പ്രിന്‍സ്റ്റനില്‍ പ്രൊഫസറാണ്. ജന്മദേശത്തിന്റെ ചരിത്രാനുഭവങ്ങള്‍ അദ്ദേഹം തന്റെ കൃതികള്‍ക്ക് വിഷയമാക്കിയിട്ടുണ്ട്. ബോസ്നിയന്‍ യുദ്ധം (1992-1995) പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ഒരു പര്യടനത്തിന്റെ ഭാഗമായി അവിടെയുണ്ടായിരുന്ന ഹേമന്‍സരയെവോ ഉപരോധഘട്ടത്തില്‍ അവിടെ കുടുങ്ങിപ്പോയിരുന്നു. ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഹേമന്‍കോണ്‍റാഡ്, നബകൊവ് തുടങ്ങിയ അതികായരുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അവരെപോലെ ഹേമനും മുതിര്‍ന്നതിനു ശേഷമാണു ഇംഗ്ലീഷ് പഠിക്കുകയും ആ ഭാഷയില്‍ നൈപുണ്യം നേടുകയും ചെയ്തത്. പോസ്റ്റ്‌മോഡേണിസം എന്ന സാഹിതീയ പ്രസ്ഥാനവുമായി അദ്ദേഹത്തിന്‍റെ കൃതികള്‍ എപ്പോഴും ചേര്‍ത്തുവെക്കപ്പെടുന്നു.

Also read:

At Night All Blood is Black by David Diop

https://alittlesomethings.blogspot.com/2024/08/at-night-all-blood-is-black-by-david.html

ചരിത്രത്തെ പകുത്ത നിമിഷം

സരയേവോയില്‍ 1914ല്‍ ആരംഭിച്ച്  1947 ല്‍ ഷാങ്ഹായില്‍ അവസാനിക്കുന്ന ഇതിഹാസമാനമുള്ള ആഖ്യാനമാണ് The World and All That It Holds. പന്ത്രണ്ടു വര്‍ഷം നീണ്ട നോവലിന്റെ രചനാകാലത്തിനുള്ള വിശദീകരണം ഈ ഇതിഹാസവ്യാപ്തി തന്നെയാണ്. റഫായേല്‍ പിന്റോ എന്ന ബോസ്നിയന്‍ സെഫാര്‍ദിക് ജൂതവൈദ്യന്‍ വിയന്നയിലെ വൈദ്യപഠനം കഴിഞ്ഞു തിരിച്ചെത്തിയതാണ്. സ്വവര്‍ഗ്ഗാനുരാഗിയും കറുപ്പു തീറ്റക്കാരനുമായ പിന്റോപൈതൃകമായി കിട്ടിയ തന്റെ ഫാര്‍മസിയില്‍ ചേരുവകള്‍ തയ്യാറാക്കുന്നതിനിടയിലാണ് ലോകചരിത്രത്തിന്റെ നിര്‍ണ്ണായകമായ ഒരു സംഭവത്തിനു സാക്ഷിയകാനുള്ള നിയോഗം അയാള്‍ക്ക്‌ വന്നുചേരുന്നത്. വിയന്നയില്‍ കവിതയും ദിവാസ്വപ്നങ്ങളും സ്വതന്ത്ര ജീവിതവുമായി കഴിഞ്ഞ നാളുകളുടെ നഷ്ടബോധം, ഷെല്‍ഫില്‍ എപ്പോഴും ലഭ്യമായ കറുപ്പ് കുഴമ്പും തെരുവിലൂടെ നടന്നുപോകുന്നവരെ കുറിച്ചുള്ള ഫാന്റസികളുമായി മറികടക്കാന്‍ ശ്രമിക്കുന്ന അയാള്‍തലവേദനക്ക് മരുന്ന് തേടിയെത്തുന്ന യുവസൈനികന്റെ ചുണ്ടുകളില്‍ പൊടുന്നനെ ഉമ്മവെക്കുന്നു. അതിരുകടന്നതെന്നു പറയാവുന്ന അയാളുടെ ചെയ്തി പക്ഷെ ഭിന്നഭാഷകളും വിശ്വാസക്രമങ്ങളും സ്വതന്ത്ര മൂല്യങ്ങളുമുള്ള അക്കാലത്തെ സരയെവോയില്‍ ഒന്ന് ശ്രമിച്ചു നോക്കാവുന്നത് തന്നെയായിരുന്നു; ‘ലോകത്തെ വീണ്ടും വീണ്ടും സൃഷ്ടിക്കുകയും സംഹരിക്കുകയും’ ചെയ്യുന്ന ‘വിശുദ്ധന്‍ ഒരുവന്‍’ ആ ലോകക്രമത്തിനു അന്ത്യം കുറിക്കുകയും പിന്റൊയെയും അയാളെ പോലുള്ളവരെയും കാല്‍നടയായി യൂറേഷ്യന്‍ ഭൂതലത്തിലെങ്ങും ആട്ടിത്തെളിക്കുകയും ചെയ്യാന്‍ തുടക്കമിട്ട അതേ മുഹൂര്‍ത്തം വരെയും. അതോടെ അയാളുടെ വിധിയും നിര്‍ണ്ണയിക്കപ്പെട്ടു. തുടര്‍ന്ന് മൂന്നര പതിറ്റാണ്ടു കാലം, ഒടുവില്‍ ഷാങ്ഹായില്‍ എത്തിപ്പെടുംവരെഅയാള്‍ ആ ഓട്ടത്തിലായിരുന്നു. ‘എന്താണിതെ’ന്നു  ദുര്‍ബ്ബലമായി പ്രതിഷേധിക്കുന്ന സൈനികനെ തെരുവില്‍ പിന്തുടരുന്ന ഘട്ടത്തിലാണ് അത് സംഭവിക്കുന്നത്‌: ആര്‍ച്ഡ്യൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനാന്‍‌ഡിന്റെ വധം. അതാണല്ലോ ലോകയുദ്ധം തുടങ്ങിവെച്ചത്.

റോണ്‍ ചാള്‍സ് നിരീക്ഷിക്കുന്നതുപോലെദൈവത്തിനൊഴികെ മറ്റാരിലും ഇത്തിരി അതിരുകടന്ന അവകാശവാദം എന്നുപറയാവുന്ന ഒന്നാണ് നോവലിന്റെ തലക്കെട്ട്‌ എന്നിരിക്കിലും ഹേമന്‍ അത് വിശ്വസനീയമായി മറിക്കടക്കുന്നുണ്ട് *(1). ഉത്പത്തിപുസ്തകത്തെ അനുസ്മരിപ്പിക്കും വിധംഅഥവാ ഹേമന്‍ സ്വന്തം നോവലില്‍ ഒരു ഉത്പത്തിപുസ്തകം രചിക്കും വിധമാണ് നോവലാരംഭം:

“പരിശുദ്ധനായവന്‍ ലോകങ്ങളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്തുകൊണ്ടേയിരുന്നു, എന്നിട്ട്പദ്ധതി ഉപേക്ഷിക്കുന്നതിന് തൊട്ടുമുമ്പ്അവന്‍ ഈയൊരെണ്ണം പണിതീര്‍ത്തു. കാര്യം ഇതിനേക്കാള്‍ എത്രയോ മോശമായേനെ.”

 എല്ലാമൊരു പുതുപുത്തന്‍ ലോകമാണ് എന്ന ശുഭാപ്തിയിലേക്ക് നീങ്ങാന്‍ പിന്റൊയ്ക്കും പ്രേരണ നല്‍കുംവിധമാണ് ആ ചുംബന നിമിഷത്തിന്റെയും പിറവി. പക്ഷെ അതേ നിമിഷത്തിലാണ് അശനിപാതം ഭവിക്കുന്നതും. അതുകൊണ്ടാണ് ആ വധം നോവലിസ്റ്റ് വിവരിക്കുന്നത്:

“കൃത്യമായ നിമിഷംഹൃദയ മിടിപ്പുകള്‍ക്കിടയില്‍ സംഭവിക്കുന്നതെന്തോ അതിലും ദൈര്‍ഘ്യമേറിയതായിരുന്നില്ലഅത് ലോകത്തെ രണ്ടായി പകുത്തുഅതിനുമുമ്പ്അതിനു ശേഷം.”

അങ്ങനെയാണ് അയാളെ പോലെ പതിനായിരക്കണക്കിനു ബോസ്നിയക്കാര്‍ലോകത്തെ മറ്റേതൊരു സ്ഥലങ്ങളിലെ എന്നപോലെത്തന്നെഒന്നാം ലോകയുദ്ധത്തിന്റെ കിടങ്ങുകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ടത്‌. എന്നാല്‍എത്രയും സൂക്ഷ്മതയോടെ പ്രസ്തുത സംഭവത്തിന്റെ പരിണതി സൂചിപ്പിക്കുമ്പോഴുംസംഭവം സ്വയം നോവലില്‍ പിന്തുടരപ്പെടുന്നേയില്ല. അഥവാഅതൊരു തൊടുത്തുവിടല്‍ മാത്രമാണ്: യുദ്ധം ചരിത്രത്തെയും മനസ്സുകളെയും മനുഷ്യരെയും കീറിമുറിക്കുന്നതും പകുക്കുന്നതും എങ്ങനെയെന്ന അനാദിയായ അന്വേഷണത്തിന്റെ. 

പിക്കാറസ്ക് യാനങ്ങള്‍

ഇംഗിത പൂര്‍ത്തീകരണത്തിനു മുന്‍കൈ എടുക്കുന്ന പ്രകൃതം പിന്റോക്ക് ഉണ്ടെന്നതിന്റെ സൂചന തുടക്കത്തിലേ നോവലിസ്റ്റ് സ്ഥാപിക്കുന്നുണ്ടെങ്കിലും അയാള്‍ ആവശ്യപ്പെടുന്നതു തിരിച്ചുനല്‍കുക മാത്രമല്ല, ഒരു മുന്‍കൈ ഉദാരത എന്നപോലെ അയാളോട് അത്തരം ‘കടന്നുകയറ്റം’ നടത്തുകയും ചെയ്യുന്ന ഒസ്മാന്‍ കാരിസിക് എന്ന അനാഥനായ മുസ്ലിം യുവാവിനെ അയാള്‍ കണ്ടുമുട്ടുന്നത്രണ്ടുവര്‍ഷങ്ങക്കു ശേഷം, ആസ്ട്രോ-ഹംഗേറിയന്‍ സൈന്യത്തില്‍ വൈദ്യനായി സേവനം ചെയ്യുമ്പോഴാണ്. പിന്റോ മൂന്നു തരത്തില്‍ സമൂഹഭ്രഷ്ടന്‍/ അന്യന്‍ ആണ് എന്ന നിരീക്ഷണം *(2) ഇവിടെ ഏറ്റവും പ്രസക്തമാണ്‌. ജൂതന്‍സ്വവര്‍ഗ്ഗാനുരാഗി,   കറുപ്പുപയോഗിക്കുന്നവന്‍. സമൂഹത്തിന്റെ വരേണ്യതട്ടകങ്ങളില്‍ നിഷ്കാസിതനെന്ന നിലയില്‍ അയാള്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നവനാണ്. തന്റെ നിലനില്‍പ്പിന്റെ അര്‍ത്ഥശൂന്യതയെ അടുത്ത ചുംബനത്തിലോ അടുത്ത കറുപ്പുഡോസിലോ ഇറക്കിവെക്കുന്നവന്‍. ഒസ്മാന്‍ അയാള്‍ക്ക് നല്‍കുന്നത് ഒട്ടും സ്ഥായിയാവാന്‍ ഇടയില്ലാത്തെങ്കിലും അത്തരമൊരു സാന്ത്വനമാണ്. ഇല്ലാതാവുമ്പോള്‍ പോലും ഒസ്മാന്‍ ഉള്‍സ്വരമായി സംസാരിക്കുന്നുണ്ട്. “മരിക്കാന്‍ ഭയമായതുകൊണ്ടു മാത്രം നാം ജീവിതം തുടരുന്നു. ഭീരുത്വംകൊണ്ട് നാം ജീവിച്ചിരിക്കുന്നു” എന്ന സ്വന്തം തത്വശാസ്ത്രം മറികടന്നും പിന്റോ, റഹേലിനുവേണ്ടി ജീവിതം തുടരുന്നതിന് പിന്നിലും സൂക്ഷ്മാര്‍ത്ഥത്തില്‍ ഒസ്മാന്‍ തന്നെ. പിന്റോ അയാളെ ആദ്യം കണ്ടുമുട്ടുമ്പോള്‍കിടങ്ങുയുദ്ധത്തിന്റെ ദുസ്സഹാവസ്ഥക്ക് ഒരുതരത്തിലും നിരക്കാത്ത ആഹ്ലാദകരമായ ഒരു ചൂളംകുത്തലോടെ തന്റെ കക്ഷം തണുത്ത വെള്ളംകൊണ്ട് കഴുകുകയാണ് അയാള്‍. അതയാളുടെ ജീവിതാശയുടെയും ആദിമചോദനകളുടെയും നിദര്‍ശനമാണ് എന്ന നിരീക്ഷണം ശ്രദ്ധേയമാണ് *(3). പ്രണയബദ്ധരാകുന്ന ഇരുവരും ഒരു പികാറസ്ക് സ്വഭാവമുള്ള പലായനത്തില്‍, കാര്‍പാതിയന്‍ മലനിരകളില്‍ കോളറയെന്ന പോലെ ലക്ഷങ്ങള്‍ മരിച്ചുവീണ ഗലീഷ്യയിലെ റഷ്യന്‍ ആക്രമണവും (Brusilov Offensive - 1916) അതിജീവിക്കുന്നുണ്ട്. ഒടുവില്‍ യുദ്ധത്തടവുകാര്‍ക്കായുള്ള താഷ്കെന്റിലെ റഷ്യന്‍ തടവറയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. അവിടെനിന്നുള്ള മോചനഘട്ടത്തില്‍ സന്തോഷത്തിന്റെതായ ചെറിയൊരിടവേള കിട്ടുന്നുവെങ്കിലും ബോള്‍ഷെവിക് വിപ്ലവത്തിന്റെ തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷങ്ങളില്‍ തുര്‍കിസ്ഥാനിലെ മലനിരകളില്‍ വെച്ചു ഇരുവരും വേര്‍പിരിയാന്‍ ഇടവരുന്നു. എന്നാല്‍ശാരീരികാര്‍ത്ഥത്തില്‍ ഇല്ലാതാകുമ്പോഴും സ്വരസാന്നിധ്യമായും ആത്മസാന്നിധ്യമായും ആഖ്യാന മാധ്യമമായും പിന്റൊയുടെയും റഹേലയുടെയും കാവല്‍ മാലാഖയായും ഒസ്മാന്‍ നോവലിലെങ്ങും നിറഞ്ഞുനില്‍പ്പുണ്ട്.

അതിജീവനവും അര്‍ഥം തേടലും

പിന്റൊയെ സംബന്ധിച്ച് തുടര്‍ന്നങ്ങോട്ടുള്ളത് സ്വയമൊരു ഇടം കണ്ടെത്താനുള്ള പോരാട്ടം മാത്രമല്ല താന്‍ ദത്തെടുത്ത കുഞ്ഞുമകള്‍ റഹേലയുടെ സംരക്ഷണദൗത്യം കൂടിയാണ്. മരുഭൂമിയിലെ കുറെയേറെ കൊല്ലങ്ങളുടെ അതിജീവനശ്രമങ്ങള്‍ക്കു ശേഷം ഷാങ്ഹായിലെത്തുന്ന ഇരുവര്‍ക്കും രണ്ടാം ചൈന-ജാപ്പനീസ് യുദ്ധത്തോടൊപ്പം പിന്റൊയുടെ കറുപ്പ് അടിമത്തത്തെയും നേരിടേണ്ടിവരുന്നു. ഈ ഘട്ടത്തിലെല്ലാം ഒസ്മാന്റെ ആത്മസാന്നിധ്യം ഇരുവരെയും പൊതിഞ്ഞു നില്‍പ്പുണ്ട്: ‘മഹാ അന്ധകാരം’  (“la gran eskuridad” (the great darkness) തന്നെ വിഴുങ്ങുന്നു എന്ന് തോന്നുന്ന ഏറ്റവും ഇരുണ്ട സന്ദര്‍ഭങ്ങള്‍ പോലും അതിജീവിക്കാന്‍ പിന്റോയെ സഹായിക്കുന്നത് അയാളുടെ സ്വരവും കഥപറച്ചില്‍ സിദ്ധിയുമാണ്. ദൈവത്തിന്റെ അസ്ഥിത്വംപോലും ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുംവിധം ഭീകരതകളുടെ നൈരന്തര്യമുള്ള ലോകത്തെയാണ് ഹേമന്‍ കഥാപാത്രങ്ങള്‍ നേരിടുന്നത്. “ഭൂതകാലം മാത്രമാണ് പ്രസക്തംകാരണം എല്ലാത്തിനെയും,   എല്ലാവരെയും അതിജീവിക്കുന്ന ഒരേയൊരു കാര്യം അതാണ്” എന്ന നിഹിലിസ്റ്റ് ചിന്തയിലൂടെ പോയകാലത്തെ നല്ല മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുന്ന പിന്റോ നിരീക്ഷിക്കുന്നുണ്ട്.

യുദ്ധത്തിന്റെ അസംബന്ധം ആവാഹിക്കുന്ന ചിത്രങ്ങള്‍ ഏറെയുണ്ട് നോവലില്‍:

“കിടങ്ങ് നിറയെ ജടങ്ങളായിരുന്നുമരത്തിനു താഴെ വീണുകിടക്കുന്ന ആപ്പിളുകള്‍ പോലെചീഞ്ഞുതുടങ്ങിയത്അടിഞ്ഞുകൂടിയ മൂക്കിള പോലെ ദുര്‍ഗന്ധം കൂടിവന്നു.”

 എന്നാല്‍അത്തരം ഭീകരദൃശ്യങ്ങള്‍ക്കെതിരെ നോവലിസ്റ്റ് ഉയര്‍ത്തിപ്പിടിക്കുന്നത് ആദ്യം ആ പിന്റോ – ഒസ്മാന്‍ പ്രണയ കഥയുടെയും പിന്നീട് അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെയും ചിത്രങ്ങളാണ്‌. ഒസ്മാന്റെ മകളെന്നു വ്യക്തമായ റഹേലയാണ് അയാളുടെ ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്. “തന്റേതു പോലുമല്ലാത്ത ഒരു കുഞ്ഞിനോട് ശിരസ്സിനുള്ളില്‍ തുടിച്ച സ്നേഹം” എന്ന് നോവലിസ്റ്റ് അതെക്കുറിച്ച് വിവരിക്കുന്നു. പിന്റോ-റഹേല ബന്ധംചെച്നിയന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ആന്തണി മര്‍റയുടെ A Constellation of Vital Phenomena എന്ന നോവലിലെ അഖ്മത്- ഹവാ ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒസ്മാന്റെ പാത്രസൃഷ്ടി ഐസക് ബാഷെവിസ് സിങ്ങറെയും ആന്തണി മര്‍റയെയും ഓര്‍മ്മിപ്പിക്കുന്നുവെന്നു റോണ്‍ ചാള്‍സ് നിരീക്ഷിക്കുന്നതും ഇതോടു ചേര്‍ത്തുപറയാം. അഭയാര്‍ഥി ജീവിതത്തിന്റെ മടുപ്പും ദുരിതങ്ങളും നൈരാശ്യങ്ങളുംആവശ്യമായ രേഖകള്‍ ഒന്നുമില്ലാതെ ഏതുനിമിഷവും പിടിക്കപ്പെടാവുന്നതിന്റെ അനിശ്ചിതത്വങ്ങളും അവഹേളനങ്ങളും ആവിഷ്കരിക്കുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. പിന്റോയും റഹേലയും പരസ്പരം ആശ്രയിക്കാനും മറ്റുള്ളവരില്‍ നിന്ന് ഒരുസഹായവും പ്രതീക്ഷിക്കാതിരിക്കാനും പഠിക്കുന്നത് അനുഭവങ്ങളില്‍ നിന്നുതന്നെയാണ്. ഭിന്നഭാഷകള്‍ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ ഏറെയുള്ളതിന്റെ പ്രതിഫലനമായി അത്തരം സങ്കരങ്ങള്‍ നോവലിലും കടന്നുവരുന്നു. ‘വൈകിവരുന്ന അല്ലെങ്കില്‍ ഇല്ലാത്ത സബ്‌ടൈറ്റിലോടെ ഒരു വിദേശ സിനിമ കാണുമ്പോലെ’ (Adam Mars-Jones) പലപ്പോഴും വിവര്‍ത്തനം ചെയ്യപ്പെടാതെയോ ഒരു പിന്‍നോട്ടത്തില്‍ വിവര്‍ത്തനം ചെയ്തോ അത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കുന്നു. ബോസ്നിയന്‍,   ജര്‍മ്മന്‍ടര്‍ക്കിഷ് ഭാഷകളും യിദ്ദിഷിന്റെ സെഫാര്‍ദിക് വകഭേദമായ സ്പാന്യോള്‍/ ലദീനോയും ഒപ്പം പ്രാദേശിക മൊഴിഭേദങ്ങളും അറിയാവുന്ന പിന്റോ ശരിക്കും ബഹുഭാഷാ പ്രവീണനാണ്. കുഞ്ഞുറഹേലയാകട്ടെ അങ്ങിങ്ങായി സ്വരുക്കൂട്ടിയ താജിക്കിര്‍ഗിസ്വീഗര്‍ പദങ്ങള്‍ കൊണ്ടുള്ള സ്വകീയ സങ്കരം ഉപയോഗിക്കുന്നു; പിന്റൊക്ക് മാത്രമാണ് അത് മനസ്സിലാകുക.

യാഥാര്‍ത്ഥ്യവും അതിയാഥാര്‍ത്ഥ്യവും

ചരിത്രനോവല്‍ എന്നു പരിഗണിക്കുമ്പോള്‍ അത്ര സാധാരണമല്ലാത്ത സങ്കീര്‍ണ്ണതകളുള്ള ഒന്നാണ് The World and All That It Holds. യാഥാര്‍ത്ഥ്യവും കാല്‍പ്പനിക വൈചിത്ര്യങ്ങളും ഇവിടെ സംഗമിക്കുന്നുണ്ട്. ഉടല്‍മുക്തമായ ഒരു നിഴല്‍ സദാ സന്നിതമാണ്. വാചാലമായ ഹീബ്രുവില്‍ നരമേധങ്ങള്‍ പ്രവചിക്കുന്ന ഒരു കാര്‍പ്പ് മത്സ്യത്തെ നാം കാണുന്നു. പിന്റൊയുടെ ഓപിയം നിമിഷങ്ങള്‍ ആഖ്യാനത്തെ ഭ്രമാത്മകമാക്കുന്ന മറ്റൊരു ഘടകമാണ്. സെമറ്റിക് മതങ്ങളും മഹാത്ഭുതങ്ങളും സൂചനകളായി നോവലിലെങ്ങും സജീവമാണ്. പിന്റോ നിരന്തരം ഉദ്ധരിക്കുന്ന ബാബിലോണിയന്‍ താല്‍മൂദ് സൂക്തങ്ങള്‍ പോലെ എങ്ങും നിഴല്‍വിരിക്കുന്ന ‘വിശുദ്ധ ഒരുവന്‍’   ഭയത്തിന്റെയും നിഗൂഡതയുടെയും സ്ഥിരസാന്നിധ്യമായി തുടരുന്നു. സഹൃദയനും കവിമനസ്സുള്ളവനുമായ പിന്റോ ആണ് മുഖ്യ ആഖ്യാതാവ് എന്നതും ഈ ഘടകങ്ങളെ കൂടുതല്‍ സാന്ദ്രമാക്കുന്നു. 

പിന്റൊയുടെയും ഒസ്മാന്റെയും കാഴ്ചപ്പാടുകള്‍ കൂടാതെ ബ്രിട്ടീഷ് ചാരത്തലവനായ മേജര്‍ മോസര്‍ എതറിംഗ് എന്ന സ്പാര്‍ക്കിയുടെ ആഖ്യാനവും ഏറ്റവുമൊടുവില്‍ നോവലിസ്റ്റിന്റെ തന്നെ അപരസ്വരവും നോവലിലുണ്ട്. ജോണ്‍ ബുക്കാന്റെ സാന്റി ആര്‍ബത്നോട്ടിനെ അനുസ്മരിപ്പിക്കുന്ന *(4).  എതറിംഗ്, ഇടയ്ക്കിടെ അപ്രത്യക്ഷനാകുകയും ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം നിനച്ചിരിക്കാത്ത ഘട്ടങ്ങളില്‍ തികച്ചും മറ്റൊരു അവതാരത്തില്‍ പ്രത്യക്ഷനാകുകയും ചെയ്യുന്നു. റഷ്യയും ഇംഗ്ലണ്ടും തമ്മില്‍ ദക്ഷിണേഷ്യയില്‍ കളിക്കുന്ന സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ ‘വലിയ കളിയില്‍ (the Great Game) ഒരു വെറ്ററനായ അയാള്‍ബോള്‍ഷെവിക്കുകള്‍ കളിനിയമങ്ങള്‍ വളരെയേറെ തിരുത്തിക്കഴിഞ്ഞും ഏറെ സജീവമാണ്. മികച്ച വേട്ടക്കാരനായ എതറിംഗ്, കൊലകളിലും അതിനിപുണനാണ്. ഒരേസമയം കാല്പ്പനികന്‍ഒപ്പം ചപല വികാരങ്ങള്‍ ഏതുമില്ലാത്തവന്‍. മാര്‍ലോയുടെ ടാംബര്‍ലെയ്നിന്റെയും കൊളറിജിന്റെ കുബ്ലാഖാന്റെയും ഭാഷയില്‍ ഇരുപതാംനൂറ്റാണ്ടിന്റെ സംഘര്‍ഷങ്ങളെ കുറിച്ചു വിവരിക്കുന്നവന്‍. പിന്റൊയുടെ ആഖ്യാനഭാഗങ്ങളില്‍ ആര്‍ദ്രവും ഭാഷണ പ്രധാനവുമാകുന്ന ഹേമന്‍ ഭാഷ, എതറിംഗിലെത്തുമ്പോള്‍ ഭയജനകവും മുഴക്കമുള്ളതും പ്രക്ഷുബ്ധവും ആയിത്തീരുന്നു (Lucy Hughes-Hallett). താഷ്കെന്റില്‍ വെച്ചാണ്‌ പിന്റോ ആദ്യം സ്പാര്‍ക്കിയെ കണ്ടുമുട്ടുന്നത്. അയാളുടെ കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥ ഒഴിവാക്കുന്നത് പിന്റൊയുടെ ഇടപെടലാണെങ്കില്‍, സ്പാര്‍ക്കി അയാളുടെ ജീവന്‍ രക്ഷിക്കുകയും ഷങ്ഹായ് കാലത്ത് റഹേലക്ക് അമേരിക്കന്‍ സ്കൂളില്‍ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു.

മുഖ്യകഥാപാത്രങ്ങളുടെ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്ന ചെറുഖണ്ഡങ്ങളിലൂടെ തുന്നിക്കൂട്ടിയെടുക്കുന്നതാണ് പുസ്തകത്തിന്റെ ഘടന. ചിലപ്പോള്‍ ചില ഖണ്ഡങ്ങള്‍ പൊടുന്നനെ അവസാനിക്കുകയും വര്‍ഷങ്ങള്‍ മുന്‍പോട്ടു കുതിക്കുകയും ചെയ്യുന്നു. മൂന്നാമത് ആഖ്യാതാവായി വരുന്ന നോവലിസ്റ്റിന്റെ തന്നെ അപരസ്വത്വം/ നോവലിസ്റ്റ് അപൂര്‍വ്വമായി മാത്രമേ കടന്നുവരുന്നുള്ളൂ. ഈ പ്രഥമവ്യക്തിക (first person) ആഖ്യനസ്വരമാണ് നോവലിനെ വര്‍ത്തമാനകാലവുമായി കൂട്ടിയിണക്കുന്നത്. കൊച്ചുറഹേലയെ പുറകിലേറ്റിമലനിരകള്‍ കടന്നു കൊസാക്കുകളുടെയും മണല്‍ക്കാറ്റിന്റെയും ആക്രമണങ്ങള്‍ അതിജീവിച്ച് ചൈന- ജാപ്പനീസ് യുദ്ധത്തിന്റെയും ചൈനീസ് കമ്യൂണിസ്റ്റുകളുടെയും കടന്നാക്രമണങ്ങള്‍ നേരിട്ട്, പിന്റൊയുടെ തന്നെ അന്ത്യവും കടന്ന് നോവല്‍ സമാപന അധ്യയത്തിലെത്തുന്നു: അവിടെ9/11 ഒരാഴ്ച മുമ്പ് ജറുസലേം പശ്ചാത്തലമാക്കുന്ന അന്തിമ അധ്യായത്തില്‍ (epilogue) ഒരു സാഹിത്യസമ്മേളനത്തിവെച്ചു നോവലിസ്റ്റ്, സരയേവോ ഉപരോധം അതിജീവിച്ച ചില വ്യക്തികളെ കണ്ടുമുട്ടുന്നു. അക്കൂട്ടത്തില്‍ ദുര്‍ബ്ബലയായ ഒരു വയോധികയെയും. റഹേല പിന്റോ എന്ന വയോധിക ഒരു ബോസ്നിയന്‍ പാട്ടുപാടുകയും അവരുടെ ഭൂതകാലത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്യുന്നു. അത് രണ്ടു പിതാക്കന്മാരെ കുറിച്ചാണ്. അതില്‍നിന്ന് ഒരു നോവലിന്റെ ആശയം പിറക്കുന്നു. ഇത്തരം ഒരന്ത്യം ഇത്തിരി അടിച്ചേല്‍പ്പിച്ച ഓട്ടോഫിക് ഷന്‍ ഘടനയാണ് എന്ന് തോന്നിയേക്കാമെങ്കിലും നോവലിസ്റ്റ് സൃഷ്ടിക്കുന്ന ചരിത്ര ഫിക് ഷന്‍ ഭാവം അതിനെ മറികടക്കും വിധം ശക്തമാണ് (Lucy Hughes-Hallett).

 Referemces:

1.       Ron Charles. ‘‘The World and All That It Holds’ lives up to its sweeping title’, washingtonpost, 17.01.2023, https://www.washingtonpost.com/books/2023/01/17/aleksandar-hemon-novel-review/. Accessed 09.09.2023

2.       https://www.kirkusreviews.com/book-reviews/aleksandar-hemon/the-world-and-all-that-it-holds/

3.       Adam Mars-Jones. ‘Aleksandar Hemon Sets a Gay Love Story Amid the Great War’, nytimes, 21.01.2023 . Accessed 09.09.2023

4.       Lucy Hughes-Hallett. review – ‘an engrossing epic’, theguardian, 26.01.2023, https://www.theguardian.com/books/2023/jan/26/the-world-and-all-that-it-holds-by-aleksandar-hemon-review-an-engrossing-epic. Accessed 09.09.2023


 read more:

At Night All Blood is Black by David Diop

https://alittlesomethings.blogspot.com/2024/08/at-night-all-blood-is-black-by-david.html

A Constellation of Vital Phenomena by Anthony Marra

https://alittlesomethings.blogspot.com/2024/08/a-constellation-of-vital-phenomena-by.html


Friday, August 23, 2024

Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand by Peter Lehr

 രക്തസ്നാതനായ ബുദ്ധന്‍

(അഹിംസയുടെയും സമാധാനത്തിന്റെയും മതമായി മനസ്സിലാക്കപ്പെട്ട ബുദ്ധ ദര്‍ശനം എങ്ങനെയാണ് യുദ്ധോദ്യുക്തതയുടെ പ്രഭവമായിത്തീരുന്നത് എന്ന് നിരീക്ഷിക്കുന്ന പുസ്തകമാണ് പീറ്റര്‍ ലെഹര്‍ എഴുതിയ ‘Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand.’)

പിറുപിറുക്കലുകള്‍ വിളക്കിന്റെ വെളിച്ചത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പാറ്റകളെ എന്ന പോലെ ചിറകടിക്കുന്നു“കൊളംബോയില്‍ അവര്‍ തമിഴരെ കൊല്ലുകയാണ്.” കൂരിരുട്ടില്‍ നിന്ന് ഒരു മറുപടി“ഇതൊരു ബുദ്ധമത രാജ്യമാണ്. അത്തരം കാര്യങ്ങള്‍ ഇവിടെ സംഭവിക്കാന്‍ പാടില്ല.”

-(Island of A Thousand Mirrors – Nayomi Munaweera – Page-27)

റോഡില്‍ വെച്ച് നീ ബുദ്ധനെ കണ്ടുമുട്ടിയാല്‍ അയാളെ കൊന്നുകളയുക’ എന്ന് ഉദ്ബോധിപ്പിച്ചത് ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിഖ്യാത ചൈനീസ് ബുദ്ധമതാചാര്യന്‍ ലിന്‍ജി യിഹുവാന്‍ (Linji Yixuan) ആണെന്ന് കരുതപ്പെടുന്നു. പുറമേ നിന്ന് കണ്ടെത്തേണ്ട ‘ആചാര്യന്‍’ ആയല്ല ഉള്ളില്‍ തന്നെയുള്ള ആത്മപ്രകൃതമായി സാക്ഷാത്കരിക്കേണ്ടതാണ് നിന്റെ ബുദ്ധനിയോഗം എന്നാണു ഗുരു പറഞ്ഞുവെച്ചത്‌. ഈ ബോധിസത്വ സങ്കല്‍പ്പത്തില്‍ നിന്ന് ശ്രീലങ്കയിലെയും മ്യാന്മാറിലെയും തായ് ലണ്ടിലെയും യുദ്ധോദ്യുക്തരായി ചെന്നിണം പുരണ്ട വാളുകളുമായി പരേഡ് ചെയ്യുന്ന ബുദ്ധ സന്യാസിമാരിലെത്തുമ്പോള്‍ ബുദ്ധദര്‍ശനത്തെ കുറിച്ചു കേട്ടുമടുത്ത ലൗകിക വിരക്തി, അഹിംസ, ശാന്തിഭാവം തുടങ്ങിയ മൂല്യങ്ങളും ഇവരും തമ്മിലെന്ത് ചിന്തിച്ചു പോകും; രോഹിങ്ക്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും. എന്നാല്‍അതത്ര അസ്വാഭാവിക വികാസമായി അങ്കലാപ്പുണ്ടാക്കേണ്ടതില്ല എന്നും ‘അബ്രഹാമൈറ്റ് മതങ്ങളിലും രാഷ്ട്രീയ ഹിന്ദുത്വയിലും എന്നപോലെ അത്തരം യുദ്ധോദ്യുക്തതയുടെ അടിവേരുകള്‍ ബുദ്ധമതത്തിലും ആഴ്ന്നു കിടപ്പുണ്ടെന്നും നിരീക്ഷിക്കുന്ന പുസ്തകമാണ് പീറ്റര്‍ ലെഹര്‍ എഴുതിയ Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand.’  അശോകന്റെ ശിലാശാസനങ്ങളില്‍ തന്റെ അഹിംസാധിഷ്ടിത ബുദ്ധിസ്റ്റ് യുടോപിയയുടെ ആധാരശിലയായി രേഖപ്പെടുത്തിയ ‘ഭേരീഘോഷത്തില്‍ നിന്ന് ‘ധര്‍മ്മഘോഷത്തിലേക്കുള്ള പരിണാമം, കുരിശുയുദ്ധങ്ങള്‍ കൊണ്ടാടിയ ക്രിസ്ത്യന്‍ മൗലികവാദത്തിന്റെയും താലിബാന്‍- ഐസിസ് മോഡല്‍ സലഫിസ്റ്റ്/ ജിഹാദിസ്റ്റ് ഇസ്ലാമിന്റെയും മിലിറ്റന്റ് സയണിസത്തിന്റെയും തീവ്രവലതുപക്ഷ ഹിന്ദുത്വയുടെയും പൂര്‍വ്വസൂരിയാകാന്‍ കഴിയും വിധം ഏതാണ്ട് അതേ കാലത്ത് തന്നെ രൂപം മാറിത്തുടങ്ങിയിരുന്നുവെന്ന വസ്തുത ബി.സി. 250 കാലത്ത് പാടലീപുത്രത്തില്‍ നടന്ന മൂന്നാം ബുദ്ധമത സമ്മേളനത്തില്‍ ആരംഭിച്ച തെരവാദ (Theravada) ബുദ്ധിസത്തിന്റെ ഉത്പത്തിയില്‍ ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു.

പോയ നൂറ്റാണ്ടിന്റെ രണ്ടാം പാതി നീഷിയന്‍ ദൈവമരണ പ്രഖ്യാപനത്തെ സാധൂകരിക്കുംവിധം മതാത്മകതയുടെ പ്രസക്തിയെ ഫലത്തില്‍ തിരസ്കരിച്ചപ്പോള്‍ അതിനു ‘ആള്‍ക്കൂട്ടത്തിന്റെ കറുപ്പ്’ ആകാനുള്ള കഴിവ് നഷ്ടപ്പെട്ടതായി കരുതപ്പെട്ടു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടാവുമ്പോഴേക്കും മതവിശ്വാസികളെ ഒരു ആഗോള മതേതര സംസ്കാരത്തെ പ്രതിരോധിക്കാനായി ഒത്തുകൂടിയ ചെറുകൂട്ടങ്ങള്‍ ആയി മാത്രമേ കാണപ്പെടാന്‍ ഇടയുള്ളൂ’ എന്നുപോലും പ്രവചിക്കപ്പെട്ടു (Peter Berger). എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. അങ്ങേയറ്റം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട രൂപത്തില്‍ എല്ലാ പ്രധാനമതങ്ങളും നൂറ്റാണ്ടൊവില്‍തന്നെ ശക്തമായി തിരിച്ചെത്തി. പുതിയ നൂറ്റാണ്ട് ദൈവത്തിന്റെതായിരിക്കും (God’s Century) എന്ന് പ്രവചിക്കപ്പെട്ടു.   തെരവാദ ബുദ്ധിസ്റ്റ് പാരമ്പര്യം തുടര്‍ന്ന ദേശങ്ങളിലാകട്ടെമുമ്പുമുതലേ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായി മതം ഇടപെട്ടതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ പുസ്തകം ചൂണ്ടിക്കാണിക്കുന്നുണ്ട്. 1915 ലും അമ്പതുകള്‍ തൊട്ടു നിരന്തരമായും നടന്ന ശ്രീലങ്കന്‍- തമിഴ് സംഘഷളും ബര്‍മ്മയിലെ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളും (1880) ഇന്‍ഡോ- ബര്‍മ്മീസ് കലാപങ്ങളും (1938) എഴുപതുകളില്‍ തായ് ലാന്‍ഡില്‍ അരങ്ങേറിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘര്‍ഷങ്ങളും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഹിംസാത്മകതയുടെ വേരുകള്‍ ‘കൊല്ലരുത്!’ എന്ന ശാസനയെ നിബന്ധനകളുടെ ഒഴികഴിവുകളിലേക്ക് കൂട്ടിച്ചേര്‍ത്തതിലാണ് കണ്ടെത്താനാവുക. യുദ്ധത്തെ രാജധര്‍മ്മമായിക്കണ്ട രാജാക്കന്മാരോട് അഹിംസ നിര്‍ദ്ദേശിക്കാതിരിക്കാനുള്ള യാഥാര്‍ത്ഥ്യബോധം ബുദ്ധമതം എന്നും കാണിച്ചിരുന്നുവെന്നും രാജ്യവിസ്തൃതിക്കായുള്ള യുദ്ധം വിലക്കിയപ്പോഴും പ്രതിരോധ ലക്ഷ്യത്തോടെ ആയുധമെടുക്കുന്നതിനെ തെരവാദ ബുദ്ധിസം അംഗീകരിച്ചിരുന്നുവെന്നും പുസ്തകം നിരീക്ഷിക്കുന്നു. ബുദ്ധിസം പുറമേ നിന്നുള്ള ഭീഷണി നേരിടുമ്പോള്‍ അനുവദനീയമായ ഈ ഹിംസാത്മകത, തീവ്രദേശീയതയുടെയും വംശീയമൗലികവാദ നിലപാടുകാരുടെയും മുദ്രാവാക്യങ്ങള്‍ക്ക് സാധൂകരണമായി. സൂക്ഷ്മ തലത്തില്‍ ‘ആക്രമകാരികളായ’ വ്യക്തികളും സ്ഥൂലാര്‍ത്ഥത്തില്‍ ‘അപര’ സമൂഹങ്ങളും ദേശങ്ങള്‍ തന്നെയും ഈ ‘ഭീഷണ’ സാന്നിധ്യങ്ങള്‍ ആയിത്തീരുന്നത് നിര്‍മ്മിത നരേറ്റീവുകള്‍ ധാരാളമായിരുന്നു.

ശ്രീലങ്കമ്യാന്മാര്‍തായ് ലാന്‍ഡ്‌ എന്നിവിടങ്ങളില്‍ മുസ്ലിം വിരുദ്ധ സംഘര്‍ഷങ്ങളുടെ കാരണങ്ങളും വര്‍ത്തമാന സാഹചര്യങ്ങലും പുസ്തകം വിശദമായി പരിഗണിക്കുന്നുണ്ട്. മൂന്നിടങ്ങളിലും ഉണ്ടായ സംഭവങ്ങളില്‍ ഒട്ടേറെ സമാനതകള്‍ നിരീക്ഷിക്കപ്പെടുന്നു. ദേശവും ജനതയും ബുദ്ധമതവും ആഴത്തില്‍ കൂടിച്ചേര്‍ന്നതാണ് സിംഹള സ്വത്വത്തില്‍ കാതല്‍. ശ്രീലങ്കന്‍ ജനസംഖ്യയുടെ 75 ശതമാനം വരുന്ന സിംഹള ജനതയുടെ വംശീയതയും ഭാഷയും ബുദ്ധിസവുമായിത്തന്നെ സമീകരിക്കപ്പെട്ടതോടെ അതല്ലാത്തവര്‍ ‘അപര’രായി. റോം ക്രിസ്ത്യാനിക്ക്ജറുസലേം ജൂതന്മക്ക മുസ്ലിമിന് എന്ന് പറയുന്നത് പോലെ കൊച്ചു മരതക ദ്വീപ് സിംഹള ബുദ്ധിസ്റ്റിന് എന്ന നരേറ്റീവ് സൃഷ്ടിക്കപ്പെട്ടു. ദക്ഷിണേന്ത്യന്‍ തീരത്തോടുള്ള ഭീഷണമായ അടുപ്പം പോലുള്ള ഭൂമിശാസ്ത്ര ഘടകങ്ങളെയും പാകിസ്താന്‍ പോലുള്ള മുസ്ലിം രാജ്യങ്ങളുമായി ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാവുമെന്നു പ്രചരിപ്പിക്കപ്പെട്ട സ്വാധീനം പോലുള്ള രാഷ്ട്രീയ ഘടകങ്ങളും മറ്റും ആധാരമാക്കി സൃഷ്ടിക്കപ്പെട്ട സാങ്കല്‍പ്പിക ന്യൂനപക്ഷ ബോധം (imaginative minority fear) ‘മുസ്ലിംകള്‍ വളര്‍ന്ന് സിംഹളര്‍ക്കൊപ്പമായാല്‍..!’ എന്ന നിര്‍മ്മിത ഭയപ്പാടായി ഈലം ഉന്മൂലാനന്തര കാലത്ത് തീവ്ര ദേശീയതയുടെ വക്താക്കളില്‍ വേരു പിടിച്ചു. ഗലഗോദ അത്തെ ജ്ഞാനസാര തെറോയുടെ (Galagoda Aththe Gnanasara Thero) ബോദു ബല സേന (Bodu Bala Sena) ഈ സ്വയം പ്രഖ്യാപിത ദേശീയതയുടെ വക്താക്കളായി. സമാനമായ ദേശീയതാ ബോധനിര്‍മ്മിതിയും മുസ്ലിം അപരവല്‍ക്കരണവും തന്നെയാണ് 88 ശതമാനവും തെരവാദ ബുദ്ധിസ്റ്റ് ഭൂരിപക്ഷമുള്ള ബര്‍മ്മയിലും പ്രയോഗിക്കപ്പെട്ടത്. ‘ബര്‍മ്മക്കാരനാവുകയെന്നാല്‍ ബുദ്ധമതാനുയായി ആവുകയെന്നാണ്’ എന്ന് കണക്കാക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ നിസ്സംഗതയും ന്യൂനപക്ഷ വേട്ടക്ക് സഹായകമായി. ‘നിങ്ങള്‍ക്ക് നിറയെ സ്നേഹവും കാരുണ്യവും ആവാംഎന്നാല്‍ നിങ്ങള്‍ക്കൊരു ഭ്രാന്തന്‍ നായുടെ അരികില്‍ കിടന്നുറങ്ങാനാവില്ല. നാം ദുര്‍ബ്ബലരായാല്‍ നമ്മുടെ നാട് മുസ്ലിം ദേശമാകും” എന്ന് ജനസംഖ്യയുടെ നാലര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു വിഭാഗത്തെ മുന്‍നിര്‍ത്തി ആഷിന്‍ വിരാതു (Ashin Wirathu) ജല്‍പ്പനം നടത്തി. 95 ശതമാനം ബുദ്ധിസ്റ്റ് ജനസംഖ്യയായ തായ് ലാന്‍ഡില്‍ മുസ്ലിം ഭയമെന്നത്‌ തെക്കന്‍ ദേശങ്ങളില്‍ മാത്രം ഒതുങ്ങിനിന്നപ്പോഴും തീവ്രദേശീയ വാദികള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ബോധപൂര്‍വ്വം തമസ്കരിക്കുന്ന ആഖ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു.

‘ബുദ്ധിസം ആക്രമിക്കപ്പെടുന്നു’, ‘ഇങ്ങനെ പോയാല്‍ നാം ന്യൂന പക്ഷമാകും’ തുടങ്ങിയ   വെറുപ്പിന്റെ ജല്‍പ്പനങ്ങളും തദ്ഫലമായി ഉയര്‍ന്നുവരുന്ന തീവ്ര വലതുപക്ഷ ദേശീയതയും ഭൂരിപക്ഷത്തിന്റെ നിസ്സംഗതയോട് ചേരുമ്പോള്‍ സംജാതമാകുന്ന സാഹചര്യമാണ്, ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച നോവലിലെ വാക്യങ്ങള്‍ പോലെ, ഹിംസ പകല്‍ വെട്ടത്തിലും വിവേകത്തിന്റെ സ്വരം ഇരുട്ടില്‍ മറഞ്ഞു പിറുപിറുക്കുന്നതിലും എത്തിച്ചേരുന്ന അവസ്ഥക്ക് മഹത്തായൊരു ദര്‍ശനത്തിന്റെ പിന്‍മുറക്കാര്‍ എന്നു മേനി നടിക്കുന്ന ദേശങ്ങളില്‍ പോലും നിമിത്തമാകുന്നത്.  


Read more:

The Anarchy by William Dalrymple

https://alittlesomethings.blogspot.com/2024/08/the-anarchy-by-william-dalrymple.html

The Anatomy of Hate by Laul Revati

https://alittlesomethings.blogspot.com/2024/08/the-anatomy-of-hate-by-laul-revati.html