എഴുതാനുദ്ദേശിക്കുന്ന
നോവലിനുള്ള റിസേര്‍ച്ച് ആവശ്യത്തിനായി ആന്‍റ് വേര്‍പ്പിലെ റെഡ് ലൈറ്റ് ഇടങ്ങളിലൂടെ മിനി സ്കേര്‍ട്ടും കാല്‍വണ്ണയോളമെത്തുന്ന
ബൂട്ടുകളുമണിഞ്ഞു അലയാന്‍ ഒരു യുവ എഴുത്തുകാരി തയ്യാറാവുന്നത് അത്ര
സാധാരണമല്ലെന്ന് ബെര്‍ണാര്‍ഡ് എവാരിസ്റ്റോ (independent.co.uk) നിരീക്ഷിക്കുന്നു. ‘ഓണ്‍ ബ്ലാക്ക് സിസ്റ്റേഴ്സ് സ്ട്രീറ്റ്’ എന്ന നോവലിന്
വേണ്ടി ചികാ ഉനിഗ് വെ എന്ന യുവ നൈജീരിയന്‍ നോവലിസ്റ്റ് ബെല്‍ജിയത്തിന്റെ
തുറമുഖ നഗരത്തിലൂടെ അത്തരം സാഹസിക ഉദ്യമം നടത്തിയത്, യൂറോപ്പ്യന്‍
നഗരങ്ങളില്‍ കുരുങ്ങിപ്പോവുന്ന ആഫ്രിക്കന്‍ ലൈംഗികത്തൊഴിലാളികളുടെ ജീവിതം നേരില്‍
കാണുകയും അവരുടെ കഥകള്‍ ആവിഷ്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
അറിഞ്ഞും അറിയാതെയും, വേറെ വഴിയില്ലാതെയും ചതിക്കപ്പെട്ടും
ആഗോള മനുഷ്യക്കടത്തിന്റെയും ലൈംഗികഅടിമത്തത്തിന്റെയും ഇരകളായിപ്പോവുന്നവരുടെ
മാഫിയാ ലോകം ഇന്ന് ഒട്ടും പുതിയ പ്രമേയമല്ല. എന്നാല്‍ കുടുംബാനുഭവങ്ങളും
വൈയക്തികാനുഭവങ്ങളും മാത്രമല്ല, ദേശാനുഭവങ്ങളും
പശ്ചാത്തലമായി വരുന്ന നോവലിന്റെ ലോകം പതിവു ചാലുകളിലല്ല ആവിഷ്കൃതമാകുന്നത്.
നിസ്സഹായര്‍ക്കുള്ള
ചൂണ്ടകള്‍
ലാഗോസിലെ പുറമേക്ക്
മാന്യനും സമ്പന്നനുമായ കൂട്ടിക്കൊടുപ്പുകാരന്‍/ മനുഷ്യക്കടത്തുകാരന്‍ സെന്‍ഗോര്‍
ഡീലേയെന്ന ‘രക്ഷക’ന്റെ വലയിലയിപ്പോവുന്ന കഥയറിയാത്ത നാലു യുവതികളാണ് ആഖ്യാന
കേന്ദ്രത്തില്‍. വഷളനും കണ്ണില്‍ചോരയില്ലാത്തവനുമായ ഡീലേ മധുര വാക്കുകളിലൂടെ
ശാരീരിക മുഴുപ്പും സൗന്ദര്യവുമുള്ള ഇരകളെ കണ്ടെത്തുകയും വലിയ ഔദാര്യം ചെയ്യുന്ന
ഭാവേന മുപ്പതിനായിരം യൂറോയെന്ന ‘മിതമായ’ തുക, അതും ‘ജോലിയില്‍’ പ്രവേശിച്ച ശേഷം വര്‍ഷങ്ങള്‍ നീളുന്ന തവണകളായി
വീട്ടിയാല്‍ മതിയെന്ന ഉദാര വ്യവസ്ഥയില്‍ പെണ്‍കുട്ടികളെ യൂറോപ്പ്യന്‍
പട്ടണങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നു. “എല്ലാ മാസവും ഞാന്‍ പെണ്‍കുട്ടികളെ
യൂറോപ്പിലേക്കയക്കുന്നു. ആന്‍റ് വേര്‍പ്പ്. മിലാന്‍. മാഡ്രിഡ്. അവരെന്റെ പെണ്‍കുട്ടികളാണ്.
ഓരോ മാസവും, നാലു കുട്ടികള്‍. ചിലപ്പോള്‍ അഞ്ചും അത്ലിം
കൂടുതലും.” എന്താണ് അവരെ കാത്തിരിക്കുന്നത് എന്ന് അവര്‍ക്കറിയില്ല. എന്നാല്‍,
പിടിച്ചു വെക്കുന്ന കള്ളപ്പാസ്പ്പോര്‍ടിനോടോപ്പം, വഞ്ചിച്ചു കടക്കാന്‍ ശ്രമിച്ചാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കുമെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്നുണ്ട്. നോവലിലെങ്ങും
പുരുഷന്മാര്‍ പൊതുവേ ഒരു വശത്ത് കുടിയന്മാരും കൊലയാളികളും ബലാല്‍സംഗികളും കഠിന
ഹൃദയരും മറുവശത്ത് ദുര്‍ബ്ബലരും
ദയനീയ ഭാവത്തിലുള്ളവരും ആണ്. എന്നാല്‍ സ്ത്രീകളെല്ലാം അബലകളും കര്‍തൃത്വമില്ലാത്ത
ഇരകളുമാണ് എന്ന് പറയാനാവില്ല. മിക്കപ്പോഴും അവര്‍ അറിഞ്ഞുകൊണ്ട് നടത്തുന്ന
തെരഞ്ഞെടുപ്പു തന്നെയാണ് അവരുടെ വിധി. ഡീലേ ആത്യന്തികമായി എന്താണ് അവര്‍ക്ക്
കണ്ടുവെച്ചിട്ടുള്ള തൊഴില്‍ എന്ന് വ്യക്തമാക്കുന്നുണ്ട്. ‘’ജെന്നിഫര്‍ ലോപ്പസിനെ
വെല്ലുന്ന പിന്‍ഭാരവും അതിനൊത്ത മാറിട സമ്പത്തും തികഞ്ഞ നിനക്കെങ്ങനെയാണ് ജോലി
കിട്ടാതിരിക്കുക?” എന്നാണു അയാള്‍ ഷിസോമിനോട് അയാള്‍
ചോദിക്കുക. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ നടത്തുന്ന തെരഞ്ഞെടുപ്പ് അവരുടെ
സാഹചര്യങ്ങളും ലാഗോസിന്റെ അവസ്ഥയും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ്. മുന്നിലുള്ള ഏക
പോംവഴി അവരെ എവിടെയെത്തിക്കുന്നുവെന്നും അവര്‍ക്കെന്തു സംഭവിക്കുന്നു എന്നും നോവല്‍
പരിശോധിക്കുന്നു. ലോകം നേരിടുന്ന സമകാലിക ദുരന്തങ്ങളില്‍ ഏറ്റവും വലിയ ഒന്നായ
പ്രവാസികളോടുള്ള സമീപനത്തില്‍ അസഹിഷ്ണുതയുടെ നിലപാട് വെച്ചുപുലര്‍ത്തുന്നവര്‍
പൊതുവേ കാണാതെ പോകുന്ന പ്രശ്നങ്ങളാണ് കൊടിയ അനിശ്ചിതത്വവും ജീവ ഭയവും
പതിയിരിക്കുന്ന ദുരന്ത സാധ്യതകള്‍ പോലുമവഗണിച്ച് എന്തുകൊണ്ട് ആളുകള്‍ ജന്മ
ദേശങ്ങള്‍ വിട്ടോടിപ്പോവുന്നു എന്നതും ‘വാഗ്ദത്ത ഭൂമിയില്‍’ എത്താന്‍
ഭാഗ്യമുണ്ടാവുന്നവര്‍ തന്നെ നേരിടേണ്ടി വരുന്ന ഭീകര ചൂഷണങ്ങളുടെ ആഴം എത്രയെന്നതും.
മനുഷ്യക്കടത്തിന്റെയും സെക്സ് ട്രാഫിക്, അവയവ മാഫിയ പോലുള്ള
കുറ്റകൃത്യങ്ങളുടെതുമായ പെട്ടുപോയാല്‍ മുങ്ങിത്താഴുക മാത്രം സംഭവിക്കുന്ന
സാഹചര്യങ്ങള്‍ ആരുടേയും സന്തോഷപൂര്‍വ്വമായ തെരഞ്ഞെടുപ്പല്ലതന്നെ. തന്റെ
കഥാപാത്രങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക അവസ്ഥകള്‍
പ്രതിഫലിപ്പിക്കുന്ന കുറ്റമറ്റ ഇംഗ്ലീഷും നാടന്‍ ‘പിജിന്‍’ ഇംഗ്ലീഷും ഒപ്പം ഇബോ,
യൊറൂബ ശൈലികളും ഇടകലരുന്ന ഭാഷയില്‍, നൈജീരിയയില്‍
ജനിച്ചു ബെല്‍ജിയത്തില്‍ താമസമാക്കിയ യുവഎഴുത്തുകാരി ചിക ഉനിഗ് വെ, ആന്‍റ് വെര്‍പ്പിലെ ഒരു അപ്പാര്‍ട്ട്മെന്റ് ഷെയര്‍ ചെയ്യുന്ന നാലു
ആഫ്രിക്കന്‍ ലൈംഗികത്തൊഴിലാളികളുടെ കഥകളിലൂടെ ഈ സാഹചര്യങ്ങളെയാണ്
ആവിഷ്കരിക്കുന്നത്. ഡീലേയുടെ ബാധ്യതയും ‘മാഡ’ത്തിന്റെ വീട്ടുവാടകയും തങ്ങളുടെ വരുമാനത്തിന്റെ
സിംഹ ഭാഗവും തിന്നു തീര്‍ക്കുമെന്നതിനാല്‍ വര്‍ഷങ്ങള്‍ നീണ്ട ലൈംഗികഅടിമത്തം
തന്നെയാണ് അവരെ കാത്തിരിക്കുന്നത്. എന്നാല്‍
ഇത്വൃത്തത്തിന്റെ തോടുത്തുവിടല്‍ ആയിത്തീരുന്ന, കൂട്ടത്തില്‍
പ്രതികരണ ശീലമുണ്ടായിരുന്ന സിസിയുടെ ദുരൂഹ മരണത്തെ തുടര്‍ന്നുണ്ടാവുന്ന
സാഹചര്യത്തില്‍ മാത്രമാണ് മറ്റു മൂവരും തങ്ങളുടെ സ്വകാര്യ സുരക്ഷിതത്വത്തിന്റെ
രഹസ്യാത്മകത വിട്ടു പരസ്പരം കുടുംബാനുഭവങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറാവുന്നത്
എന്നത് ഒരേ സമയം ഇരകളുടെ നിസ്സഹായതയുടെയും നിസ്സംഗതയുടെയും അടയാളമാണ്.
പുരാവൃത്തങ്ങള്‍
വീട്ടു വേലക്കാരായി
ആണ്‍കുട്ടികളാണോ സ്ത്രീകളാണോ നല്ലത് എന്നൊക്കെ തര്‍ക്കിക്കുമായിരുന്ന മധ്യവര്‍ഗ്ഗ
കുടുംബത്തിലെ അംഗമായിരുന്ന അമാ, ആന്‍റ് വേര്‍പ്പിലെ ചുവന്ന തെരുവിലെത്തുന്നതിനു പിന്നില്‍ പാസ്റ്ററും ‘യോഗിവര്യനു’മായ രണ്ടാനച്ഛന്‍ തന്റെ
നേരെ എട്ടാം വയസ്സുമുതല്‍ നിരന്തരം നടത്തിപ്പോന്ന പീഠനം തുറന്നു പറഞ്ഞതിന്റെയും
മകളുടെ ആരോപണം തള്ളിക്കളയുകയോ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതയാവുകയോ ചെയ്യുന്ന
അമ്മയുടെയും നിസ്സഹായതയുണ്ട്. പള്ളിപ്രസംഗത്തില്‍ അയാള്‍ എന്നും
തള്ളിപ്പറയുമായിരുന്ന തരത്തില്‍ പെട്ട ഒരുത്തിയാവാനുള്ള അമായുടെ തീരുമാനം ഒരേ സമയം
ഗതികേടും ഒപ്പം മാനുഷിക, വിശ്വാസ കാപട്യത്തിനു നേരെയുള്ള
പ്രതിഷേധവുമാണ്. സ്വന്തം വീട്ടിലെ ദൈവ ഭയമുള്ള ഭാഷയില്‍ നിന്ന് വ്യത്യസ്തമായി
മുത്തശ്ശി മാമാ ഇകോയുടെ അഭയത്തില്‍ വേണ്ടപ്പോളിത്തിരി തെറിയൊക്കെ പറയാന്‍
കിട്ടുന്ന സ്വാതന്ത്ര്യം ശുദ്ധവായുവായി ‘കട്ടെടുക്കുന്ന സന്തോഷമായി’ അവള്‍ക്കനുഭവപ്പെടുന്നു.
അവളുടെ കൊതിപ്പിക്കുന്ന സൗന്ദര്യം കാരണം താനൊരു ക്രിസ്ത്യാനിയല്ലായിരുന്നെങ്കില്‍
അവളെ രണ്ടാം ഭാര്യയാക്കിയേനെ എന്ന് ഡീലേ മോഹിക്കുന്നുണ്ട്. എന്നെങ്കിലും സ്വതന്ത്രയായി നൈജീരിയയിലേക്ക് പോവുക എന്ന സ്വപ്നമുണ്ട്
അമായ്ക്ക് ജീവിതത്തിലെന്നും നഷ്ടബോധം തോന്നുക മാമാ
ഇകോയുടെ സ്നേഹം മാത്രമാണ്. രണ്ടായിരത്തിലെ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത കൊടും
ചൂടിലേക്ക് ആന്‍റ് വേര്‍പ്പില്‍ വന്നിറങ്ങുമ്പോള്‍,
യാത്ര ചോദിക്കുമ്പോള്‍ മാമാ ഇകോ നല്‍കിയ സ്വര്‍ണ്ണക്കുരിശു രൂപം
അവളുടെ ഏറ്റവും വിലയേറിയ ഓര്‍മ്മവസ്തു ആയിരിക്കും. തൊണ്ണൂറ്റി മൂന്നാം വയസ്സിലാണ്
അമാ മരിക്കുകയെന്നു ദീര്‍ഘ ദര്‍ശനം ചെയ്യുന്ന നോവലിസ്റ്റ് അവളുടെ വാക്കുകള്‍
രേഖപ്പെടുത്തുന്നു: “എനിക്ക് പാസ്റ്റര്‍മാരെ ഇഷ്ടമല്ല. ഒരിക്കലും അവരെ (ഞാന്‍)
വിശ്വസിച്ചില്ല. ഇനിയിപ്പോള്‍ അത് തുടങ്ങാനും പരിപാടിയില്ല.” പ്രണയത്തെ കുറിച്ചും
രതിയെ കുറിച്ചുമുള്ള ഒരു ബാല ഗായക സംഗത്തിന്റെ പാട്ട് കേട്ടുകൊണ്ടാണ് അവള്‍
മരിക്കുകയെന്നു നോവലിസ്റ്റ് പ്രവചിക്കുന്നു.
എഫെ തന്റെ പതിനാറാം
വയസ്സിലാണ് രതിയുടെ നിശ്ശൂന്യതയായി ആദ്യാനുഭവം നേരിടുന്നത്. അതി സമ്പന്നനായ
നാല്പ്പത്തിയഞ്ചുകാരന്‍ കൃതൃമ മുടി വില്‍പ്പനക്കാരന്‍ ആഴ്ചകള്‍ നീണ്ട
കെണിയൊരുക്കിയാണ് അവളെ വലയിലാക്കിയത്. ഭൂമിയില്‍ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്തയാള്‍
അവള്‍ ഗര്‍ഭിണിയാണെന്നറിയുന്ന നിമിഷം തണുത്തുറഞ്ഞു പോകുന്നു. ടൈറ്റസിന്റെ
ജീവിതത്തിലെ സമാനമായ ആറാമത് ഇരയായിരുന്നു താനെന്നും അയാളുടെ നിയമപ്രകാരമുള്ള ഭാര്യ
എല്ലാത്തിനും കൂട്ടായിരുന്നു എന്നും അവള്‍ അറിയുക വൈകിയാണ്. അമ്മയുടെ മരണം
ഉണ്ടാക്കിയ ശൂന്യത വാറ്റു മദ്യത്തില്‍ മുക്കിത്തീര്‍ക്കുന്ന പിതാവിനെ വിട്ടു പോവുക
അവള്‍ക്ക് എളുപ്പമായിരുന്നു. ‘നീയൊരു നല്ല ഭാര്യയാവാന്‍ പിറന്നവളാണ്’ എന്ന്
എപ്പോഴും അനുഗ്രഹിക്കുമായിരുന്ന അമ്മ തന്റെ പതനം കാണാന്‍ ജീവിച്ചിരിക്കാത്തതില്‍
ഒരു വേള അവള്‍ക്ക് ആശ്വാസം തോന്നുന്നുണ്ട്. ആഗ്രഹിക്കാതെ കിട്ടിയതെങ്കിലും
പിന്നീട് സ്നേഹിച്ചു പോകുന്ന മകന് ശോഭനമായ ഭാവിയെന്ന സ്വപ്നമാണ് അവനെ അനിയത്തി
റിറ്റയെ ഏല്‍പ്പിച്ച് സെന്ഗോര്‍ ഡീലേയുടെ അരികിലും തുടര്‍ന്ന് ആന്‍റ് വേര്‍പ്പിലും അവളെ എത്തിക്കുക.
പ്രസവത്തെ തുടര്‍ന്ന് തളര്‍ന്നു പോയ സഹോദരിയോടു ചോദിക്കാനാവാതെ അനിയത്തിയിടുന്ന
ലക്കി എന്ന പേരിനൊപ്പം കുട്ടിയുടെ പിതാവിന്റെ മധ്യ നാമമായ ഇക്പോന്‍വോസ എന്നതും
ചേര്‍ത്ത് അവള്‍ മകന് എല്‍. ഐ. എന്ന് ചുരുക്കപ്പെരിടും. വിദേശത്തു ലണ്ടനില്‍ പോവുക
എന്ന സ്വപ്നം ‘അതിനടുത്തുള്ള ബെല്‍ജിയത്തില്‍’ എത്തുമ്പോള്‍ കുറെയേറെ
സാക്ഷാത്കൃതമാനും എന്ന് അവള്‍ മോഹിക്കുന്നു. ലൈബീരിയന്‍ ആഭ്യന്തര സംഘര്‍ഷങ്ങളുടെ
ഇരയായി കുടുംബമൊന്നടങ്കം കൊല ചെയ്യപ്പെടുന്നതിന് സാക്ഷിയായി വെറും കയ്യോടെ
ഓടിപ്പോന്നവള്‍ എന്ന എന്ന ഫിക് ഷന്‍ ആണ് ഡീലേ എഫെക്ക് നല്‍കുക. “കണ്ണീര്‍ കഥകള്‍
വെള്ളക്കാര്‍ ആസ്വദിക്കുന്നു. നമ്മള്‍ പരസ്പരം കൊല്ലുന്നതിനെ കുറിച്ച് കേള്‍ക്കാന്‍
അവര്‍ക്കിഷ്ടമാണ്. നിരര്‍ത്ഥകമായ വംശീയാതിക്രമങ്ങളില്‍ നമ്മള്‍ പരസ്പരം തലകള്‍
കൊയ്യുന്നത്. കഥ എത്രമാത്രം ബീഭത്സമാണോ അത്രയും നന്ന്.” ഡീലേയുടെ കടം
വീട്ടിക്കഴിഞ്ഞാല്‍ സ്വന്തമായി ഒരു വേശ്യാലയം തുടങ്ങുന്നതിനെ കുറിച്ചുള്ള സങ്കല്‍പ്പമാണ്
എഫേക്കുള്ളത്.
അമായില്‍ നിന്നും
എഫെയില്‍ നിന്നും വ്യത്യസ്തമായ പുരാവൃത്തമാണ് കൂട്ടത്തില്‍ ഇളയവളായ ജോയ്സ് എന്ന്
വിളിക്കുന്ന അലെക്കിനുള്ളത്. പേവിഷ ബാധയെ തുടര്‍ന്ന് മരിച്ച മുത്തശ്ശിയുടെ പേരാണ്
അവള്‍ക്ക് കിട്ടിയത്. ആഭ്യന്തര സംഘര്‍ഷ കാലത്ത് സുഡാനിലെ ജാന്‍ജാവീദ്
മിലീഷ്യയുടെ തേരോട്ടത്തില്‍ കൂട്ട ബാലല്‍ക്കാരത്തിനും ബുദ്ധി മരവിപ്പിക്കുന്ന
ഭീകരതള്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ ഇരയാവേണ്ടി വന്ന പെണ്‍കുട്ടി. പതിനഞ്ചാം വയസ്സില്‍ സൈനികരുടെ
കയ്യേറ്റത്തില്‍ കീറിപ്പറിഞ്ഞ ഉടലുമായി രേതസ്സില്‍ കുളിച്ചു എത്തിച്ചേരുന്ന അഭയാര്‍ഥി
ക്യാമ്പില്‍ വെച്ച് പ്രണയത്തിലായ പൊളികാര്‍പ്പ് എന്ന നൈജീരിയന്‍ സമാധാന
സേനാംഗവുമായുണ്ടാകുന്ന ബന്ധം ഏറെ മോഹത്തോടെ അവളെ ലാഗോസില്‍ എത്തിക്കുന്നുണ്ട്.
മിക്ക ദിനങ്ങളിലും റോട്ടില്‍ ചിതറിക്കിടക്കുന്ന ശവശരീരങ്ങള്‍ ലാഗോസിനെ കുറിച്ചുള്ള
അവളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് കളയുന്നു. ലക്ക് തെറ്റിയ വാഹനങ്ങള്‍ ഇടിച്ചിട്ടതോ,
കൂടോത്രത്തിനു വേണ്ട മനുഷ്യ രക്തത്തിന് വേണ്ടി കൊല്ലപ്പെട്ടവരോ ആണ്
അനാഥ പ്രേതങ്ങള്‍ എന്ന അറിവ് തന്റെ ഖാര്‍ത്തൂം അനുഭവങ്ങളില്‍ നിന്ന് ഇവിടം ഒട്ടും
വ്യത്യസ്തമല്ല എന്ന് അവളെ ബോധ്യപ്പെടുത്തുന്നു. അഭയാര്‍ഥിയെ
വിവാഹം കഴിക്കുന്നത് പൊളികാര്‍പ്പിന്റെ അമ്മ വിലക്കുന്നതോടെ അവള്‍ അനാഥയായിത്തീരുന്നു. തന്റെ കുറ്റബോധം
മറികടക്കാന്‍ പൊളികാര്‍പ്പ് അവള്‍ക്ക് വേണ്ടി ഡീലേക്ക് കൊടുക്കേണ്ട പണം
കൊടുക്കുന്നത് ആന്‍റ് വേര്‍പ്പില്‍ ‘മാഡ’മിന്റെ കേന്ദ്രത്തില്‍ അവള്‍ക്ക് ചില
സൌജന്യങ്ങള്‍ ലഭിക്കാന്‍ ഇടയാക്കുന്നുണ്ട്. “ദാരുവിലെ സൈനികര്‍ അവളുടെ ശക്തി ചോര്‍ത്തിക്കളഞ്ഞിരുന്നു.
പൊളികാര്‍പ്പിന്‍റെ വഞ്ചന അത് തിരിച്ചു പിടിക്കുന്നതില്‍ നിന്നും അവളെ
വിമുഖയാക്കുകയും ചെയ്തു.” മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയായി ഒരു ആയയായാണ്
തനിക്കു ജോലി കിട്ടുകയെന്നു ജോയ്സ് വിശ്വസിച്ചിരുന്നു. ഒരു നാള്‍ തിരികെ നാട്ടില്‍
ഒരു ബൊട്ടെക് തുറക്കുന്ന സ്വപ്നവും ഉണ്ട് ചിലപ്പോഴൊക്കെ അവള്‍ക്ക്.
പ്രണയവിഷം
തീണ്ടരുതെന്നു തന്നെ
നാലു സ്ത്രീകളില്‍
ഏറ്റവും ഹൃദയ ഭേദകമായ വിധിയിലേക്കുള്ള സിസിയുടെ പതനം ഏറെ അവധാനതയോടെ ചിതറിയ
അധ്യായങ്ങളിലായി സാന്ദ്രമായ ഭാഷയിലാണ് നോവലില്‍ ഇതള്‍ വിടര്‍ത്തുന്നത്. അവളുടേത്
അമായെ പോലെ വിലക്കപ്പെട്ട രതിയുടെയോ, എഫെയേ പോലെ ചതിക്കപ്പെടലിന്റെയോ ജോയ്സിനെ പോലെ വംശ ഹത്യയുടെയോ
പുരാവൃത്തമല്ല. മറിച്ച് അത് ഏതൊരു ഉറച്ച മനസ്സിനെയും പടിപടിയായി തകര്‍ത്തുകളയുന്ന
ഇച്ഛാഭംഗങ്ങളുടെ ആകത്തുകയാണ്. അതിസമര്‍ത്ഥനായിട്ടും ഒമ്പത് മക്കളുള്ള കുടുംബത്തിലെ
ഭാരം പങ്കുവെക്കാനായി വെറുമൊരു ഗുമസ്തന്‍ ആവേണ്ടി വന്ന പിതാവില്‍ അത് തുടങ്ങുന്നു. “എനിക്കൊരു ഡോക്റ്റര്‍ ആവാന്‍ കഴിയുമായിരുന്നു. അല്ലെങ്കില്‍ ഒരു
എഞ്ചിനീയര്‍. എനിക്കൊരു വലിയ ആള്‍ ആവാമായിരുന്നു.” തനിക്കു
കിട്ടാതെ പോയത് മകള്‍ക്ക് കിട്ടണം എന്ന ആഗ്രഹമായിരുന്നു മകളെ പഠിപ്പിക്കുമ്പോള്‍
അയാള്‍ക്ക്. “നിന്റെ പുസ്തകങ്ങളെ അഭിമുഖീകരിക്കുക, അപ്പോള്‍ ആകാശമാണ് നിന്റെ പരിധി.” മകളിലൂടെ
സാക്ഷാത്കരിക്കുന്ന വലിയ വീട്, കാറ്, പൂന്തോട്ടം.. അതൊക്കെ. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള
പരിഹാരം വിദ്യാഭ്യാസത്തിലാണ് എന്ന് വിശ്വസിച്ചിരുന്ന അച്ഛന്റെ മകളായി ജനിച്ച,
വലിയ സ്വപ്നങ്ങളോടെ മികച്ച രീതിയില്‍ യൂണിവേഴ്സിറ്റി ഡിഗ്രി
നേടുമ്പോള്‍ തൊഴില്‍ ഒരു പ്രശ്നമാവില്ല എന്ന് വിശ്വസിച്ചിരുന്ന ഷിസോം എന്ന
യുവതിക്ക് നൈജീരിയന്‍ അഴിമതിയുടെയും സ്വജന പക്ഷപാതിത്തത്തിന്റെയും പാഠങ്ങള്‍
ബോധ്യപ്പെടുക, ഇന്റര്‍വ്യൂവിനു ക്ഷണിക്കപ്പെടാന്‍ പോലും
‘ശരിയായ ബന്ധങ്ങള്‍’ അനിവാര്യമാണ് എന്ന് തിരിച്ചരിയുമ്പോഴാണ്. ദാരിദ്ര്യവും
നിന്ന് തിരിയാന്‍ ഇടമില്ലാത്ത വീട്ടിലെ പ്രാരാബ്ദങ്ങളും പിതാവിന്റെ തൊഴില്‍നഷ്ടവും
വീട്ടിലെ അംഗസഖ്യയുമെല്ലാം ചേര്‍ന്ന് ഒന്ന് മറ്റൊന്നിലേക്ക് എന്ന രീതിയിലാണ് അവളെ
സ്നേഹ സമ്പന്നനെങ്കിലും തുല്യമായ രീതിയില്‍ നിസ്സഹായനായ പീറ്ററിന്റെ അഭ്യര്‍ത്ഥന
മറികടന്ന് സെന്‍ഗോര്‍ ഡീലേയുടെ സമീപത്തെത്തിക്കുക. നോവലിന്റെ അവസാന താളുകളില്‍
മാത്രം വിവരിക്കപ്പെടുന്ന ‘സസ്പെന്‍സ്’ ഘടകം സിസിയുടെ മരണത്തിന്റെ ദുരൂഹതയുമായും
ബന്ധപ്പെട്ടതാണ്. തങ്ങളുടേത് പോലുള്ള ജീവിതങ്ങളില്‍ പ്രണയത്തിനു സ്ഥാനമില്ലെന്നും
അത് വന്‍ ബാധ്യതയായിത്തീരുമെന്നും കൃത്യമായും അറിഞ്ഞിരുന്നെങ്കിലും ജീവിതം
പലപ്പോഴും കണക്കു കൂട്ടലുകളുടെയും കാവല്‍ മനസ്സിന്റെയും കള്ളികളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല.
എങ്കിലും മരിക്കുന്നതിനു തൊട്ടു മുമ്പ് ‘മകള്‍ വിദേശത്തു ഉന്നത ജോലിയിലുള്ള
പിതാവിന്റെ സ്റ്റാറ്റസിനു ചേരുന്ന വിധത്തിലുള്ള ജീവിത സൌകര്യങ്ങള്‍’ എന്ന
പിതാവിന്റെയും കുടുംബത്തിന്റെയും കൂട്ടായ സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്ത് അന്ന്
വരെ അയച്ചിട്ടില്ലാത്ത വലിയ തുക അവള്‍ വീട്ടിലേക്കു അയക്കുന്നുണ്ട് – അതിനു വേണ്ടി
ഡീലേയുടെ അടവ് മുടക്കുകയും ‘മാഡ’മിന്റെ കേന്ദ്രത്തില്‍ നിന്ന് ഒളിച്ചോടുകയും
ചെയ്യുന്നതിലൂടെ അവള്‍ തന്റെ വിധിയെ കൂടിയാണ് മുദ്ര വെച്ചത് എന്ന് മാത്രം.
“ജീവിതത്തെ അതിന്റെ കാല്‍മടമ്പില്‍ തൂക്കി അള്ളിപ്പിടിക്കാനും അതിന്റെ മുഖത്തു
നോക്കി പരിഹസിക്കാനും” ഒരു ‘വിന്‍ഡോ ഗേള്‍’ തയ്യാറാകുക ആത്മഹത്യാപരമായ നിഷേധമാണ്. പ്രണയം നല്‍കുന്ന ധൈര്യം.
കൊടിയ ദാരിദ്ര്യവും
അതുണ്ടാക്കുന്ന സങ്കീര്‍ണ്ണ മാനസികാവസ്ഥയും ചിക ഉനിഗ് വെ നന്നായി
മനസ്സിലാക്കുന്നുണ്ട് എന്ന് ഫെര്‍നാന്‍ഡാ എബെര്‍സ്റ്റാഡ്നിരീക്ഷിക്കുന്നു. (www.nytimes.com). നാലു പ്രധാന കഥാപാത്രങ്ങളും വെറും സഹതാപമല്ല അര്‍ഹിക്കുന്നതെന്നും അവര്‍
അറിഞ്ഞുകൊണ്ടുള്ള ചൂതാട്ടം തന്നെയാണ് നടത്തുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
“തങ്ങളുടെ കാലുകള്‍ക്കിടയില്‍ ദൈവം ഘടിപ്പിച്ച തുരുപ്പുശീട്ട്” ഉപയോഗിച്ച് ഒന്ന്
പയറ്റിനോക്കാന്‍, അത് വഴി ജീവിത വിജയം നേടാന്‍, തന്നെയാണ്, വെറും ഇരകളായിപ്പോവാതെ ഈ സ്ത്രീകള്‍
ശ്രമിക്കുന്നത് എന്ന് നോവലില്‍ തന്നെ പരാമര്‍ശമുണ്ട്. നാറ്റമുള്ള ഒരു
നാല്പ്പത്തിയഞ്ചുകാരന്റെ ഒക്കാനമുണ്ടാക്കുന്ന ഉടലിനു കീഴെ കിടന്നു തന്റെ
കന്യകാത്വം ബലി കൊടുക്കുമ്പോള്‍ എഫെ നല്ല ലിപ്സ്റ്റിക്കും തിരുപ്പനും കിട്ടുമെന്ന
മോഹത്തിലാണ്. ബെല്‍ജിയത്തിലെത്തി കയ്യില്‍ കിട്ടുന്ന ആദ്യ ഭക്ഷണക്കിറ്റ് അതിന്റെ
വിഭവ സമൃദ്ധിയില്‍ ഇനിയെന്നും ഇത് തുടരാമല്ലോ എന്ന് സിസിയെ മോഹിപ്പിക്കുന്നു.
നൈജീരിയയില്‍ അതൊരു കുടുംബത്തിനു മതിയാവും എന്ന് അവള്‍ കണക്കു കൂട്ടുന്നു. ഒരു
ദിനം പതിനഞ്ചു പേരെ വരെ ലൈംഗികമായി സംതൃപ്തരാക്കി ജീവിക്കുമ്പോഴും അതിജീവിക്കുന്ന
മൂന്നു പേരും നിലനിര്‍ത്തുന്ന ഭാവിയെ സംബന്ധിച്ച സ്വപ്നങ്ങളും ഇതോടു ചേര്‍ത്തു
പറയാം. എന്നാല്‍, ഇതിനു മറുവശമായി ആളുകള്‍ അനാഥരും
എകാകികളുമായി മരിക്കേണ്ടിവരുന്ന യൂറോപ്പ്യന്‍ വിപര്യയവും നോവലിസ്റ്റ് കാണാതെ
പോകുന്നില്ല. ശക്തമായ വാമൊഴി പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ദുരന്ത
മുഖത്തും കുതിച്ചു നില്‍ക്കുന്ന ഉള്‍ക്കരുത്തിന്റെ, പ്രതീക്ഷയുടെ,
സ്ത്രീസഹജമായ കൂട്ടുതേടല്‍ മനോഭാവത്തിന്റെ, ഐക്യപ്പെടലിന്റെ,
സൗഹൃദത്തിന്റെ കഥ പറയുകയാണ് സമകാലിക ആഫ്രിക്കന്‍ നോവലിസ്റ്റുകളില്‍
വേറിട്ട ശബ്ദമായ ചികാ ഉനിഗ് വെ തന്റെ നൈജീരിയന്‍ സാഹിത്യ പുരസ്കാരം (2012) നേടിയ
നോവലില്‍.
(കലാപൂര്‍ണ്ണ
മാസിക, ഫെബ്രുവരി 2018)
10 Minutes 38 Seconds in this Strange World by Elif Shafak
https://alittlesomethings.blogspot.com/2024/10/10-minutes-38-seconds-in-this-strange.htm
Welcome to Lagos by Chibundu
Onuzo
https://alittlesomethings.blogspot.com/2024/08/welcome-to-lagos-by-chibundu-onuzo.html
Saman by Ayu Utami
https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html
The Madonna of Excelsior by Zakes
Mda
https://alittlesomethings.blogspot.com/2017/12/blog-post.html
Beauty Is a Wound by Eka Kurniawan
https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html