ടുണീഷ്യന്‍ പെണ്ണുങ്ങൾ പറയുന്നത്
ടുണീഷ്യയിലെ
ഖൈറുവാന്‍ നഗരത്തിനടുത്ത അല്‍ ആലയില്‍ 1951ല്‍ ജനിച്ച ഹബീബ് സാലിമി, 1981
മുതല്‍ ഫ്രാന്‍സില്‍ ആണ് കഴിയുന്നതെങ്കിലും അറബ് ഭാഷയില്‍ ആണ് അദ്ദേഹം എഴുതുന്നത്.
ചെറുകഥകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം അവയില്‍ പലതും ടുണീഷ്യന്‍ റേഡിയോയില്‍ പ്രശസ്ത
കവി അഹ്മദ് അല്‍ ലുഖ്മാനി അവതരിപ്പിച്ച “Literary Amateurs” എന്ന പരിപാടിയിലൂടെ അവതരിപ്പിച്ചു. പ്രോഗ്രാമില്‍ മികച്ചവക്ക് മാസാവസാനം
നല്‍കപ്പെട്ട പുരസ്കാരത്തിനും തുടര്‍ന്ന് റേഡിയോ മാഗസിനില്‍ പ്രസാധനത്തിനും അവയില്‍
പലതും തെരഞ്ഞെടുക്കപ്പെട്ടു. Jabal al-'Anz (Goat Mountain), 1988 ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ നോവല്‍. ഇതിനോടകം ഒമ്പതു നോവലുകള്‍
പ്രസിദ്ധീകരിച്ചിട്ടുള്ള സാലിമിയുടെ Rawaïh Marie-Claire (The Scents
of Marie-Claire), 2008, Nisāʾ al-basatīn (The
Women of al-Basatin), 2011, Al-ishtīāq ilā al-jāra (Longing for the Woman Next Door), 2020
എന്നിങ്ങനെ മൂന്നു കൃതികള്‍ വിഖ്യാതമായ അറബ് ബുക്കര്‍ പുരസ്കാരത്തിന് ഷോര്‍ട്ട്
ലിസ്റ്റ് ചെയ്യപ്പെട്ട അപൂര്‍വ്വ ബഹുമതി നേടുകയും ചെയ്തു. നിറയെ സംഭവങ്ങളും
കഥാപാത്രങ്ങളുമുള്ള ഒരു കഥയോ പുരാണമോ അല്ല നോവല്‍ എന്നു വിശ്വസിച്ച സാലിമിയുടെ
നോവലുകളുടെ പ്രകൃതം, വളരെ കുറഞ്ഞ പശ്ചാത്തല വിവരണവും
ചുരുക്കം കഥാപത്ങ്ങരളും എന്നതാണ് *(1). ഉദാഹരണത്തിന്, അദ്ദേഹത്തിന്റെ വിഖ്യാതമായ The Scents of Marie-Claire, ഫ്രാന്‍സില്‍ കഴിയുന്ന ടുണീഷ്യന്‍ പൌരന്‍ മഹ്ഫൂസ് എന്ന മുഖ്യ
കഥാപാത്രത്തിന്റെ പ്രഥമവ്യക്തിക (first person)
ആഖ്യാനമായി മേരി ക്ലെയര്‍ എന്ന ഫ്രഞ്ച് വനിതയുമായുള്ള അയാളുടെ തകര്‍ന്നുപോയ
ബന്ധത്തിന്റെ കഥ പറയുന്നു.
Nisāʾ al-basatīn (‘അല്‍ ബസാതിനിലെ പെണ്ണുങ്ങള്‍’) ഇതുവരെയും (ഏപ്രില്‍, 2023) ഇംഗ്ലീഷില്‍ ലഭ്യമായിട്ടില്ലെങ്കിലും ഡോ. എന്‍. ഷംനാദിന്റെ
അറബിക്കില്‍ നിന്നു നേരിട്ടുള്ള വിവര്‍ത്തനത്തില്‍ മലയാളത്തില്‍ ലഭ്യമായിട്ടുണ്ട്
എന്നത് അഭിനന്ദനാര്‍ഹമാണ് (പ്രസാധനം ഗ്രീന്‍ ബുക്സ്). ‘ടുണീഷ്യയിലെ ടൂനിസില്‍ അല്‍
ബസാതിന്‍ ജില്ലയില്‍ കഴിയുന്ന ഒരിടത്തരം കുടുംബത്തിന്റെ നിത്യജീവിതത്തിന്റെ
തികച്ചും സ്വകീയമായ ആവിഷ്കാരം’ എന്നുവിവരിക്കപ്പെട്ട *(2). നോവല്‍, മാതൃമേധാവിത്തമുള്ള (matriarchal) ചുറ്റുപാടുകളില്‍ വികസിക്കുന്ന കഥയിലൂടെ ടുണീഷ്യന്‍ സമൂഹത്തിന്റെ തന്നെ
സംഘര്‍ഷങ്ങളെയും ആന്തരിക വൈരുധ്യങ്ങളെയും ആണ് ആവിഷ്കരിക്കുന്നത്. നിരന്തരം
പരിണമിക്കുന്ന സമൂഹത്തില്‍ മതാത്മകതയും രോഗാതുര ആധുനികതയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍
ചിത്രീകരിക്കുന്നതിലൂടെ മുല്ലപ്പൂ വിപ്ലവപൂര്‍വ്വ സാഹചര്യങ്ങളുടെ ഒരാവിഷ്കാരം ആയി
അതുമാറുന്നുണ്ട്. സംഭവിക്കാനിരിക്കുന്ന അറബ് വിപ്ലവത്തിന്റെ സൂചനകളൊന്നും അതിനു
തൊട്ടുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട നോവലില്‍ ഇല്ലെങ്കിലും, തങ്ങളുടെ ജീവിതത്തെ കുറിച്ച് ടുണീഷ്യന്‍ ജനത സന്തുഷ്ടരായിരുന്നില്ല എന്ന
വസ്തുത നോവല്‍ അടിവരയിടുന്നുണ്ട്. അത്തരം വിപ്ലവത്തിലേക്കൊന്നും മുതിരാതിരുന്ന
ദേശങ്ങളിലും സമാനമായ അസന്തുഷ്ടി നിലനിന്നു എന്നത്, വിപ്ലവം
അരനിവാര്യ പരിണാമമായൊന്നും നോവലില്‍ സൂചിതമാകാത്തതിനെ വിശദീകരിക്കുന്നുണ്ട് എന്നും
പറയാം. അതെന്തായാലും, അല്‍ബസാതീന്‍ കോളനി ആ അര്‍ത്ഥത്തില്‍
ടുണീഷ്യയുടെ തന്നെ ചെറുപതിപ്പായി (microcosm) മാറുന്നു
എന്നതുതന്നെയാവാം മലയാള വിവര്‍ത്തനത്തിലെ തലക്കെട്ടിന്റെ മാറ്റത്തിനു നിദാനം
(‘ടുണീഷ്യയിലെ പെണ്ണുങ്ങള്‍’).
ഫ്രാന്‍സിലേക്ക്
കുടിയേറുകയും അവിടെ വെച്ച് കാതറിന്‍ എന്ന വിവാഹ മോചിതയെ പരിചയപ്പെട്ടു വിവാഹം
കഴിക്കുകയും പഠനം ഉപേക്ഷിച്ചു സ്കൂള്‍ അദ്ധ്യാപകന്‍ ആവുകയും ചെയ്യുന്ന തൌഫിഖ്, അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം
ഒരവധിക്കാലത്ത് നാട്ടില്‍ വരുന്നതാണ് കഥാസന്ദര്‍ഭം. ഇടവേളയില്‍ നാട്ടില്‍ സംഭവിച്ച
സലഫിസ്റ്റ് മാറ്റങ്ങള്‍ തികച്ചും മതേതരമായ ജീവിതം നയിക്കുന്ന തൌഫിഖിന് കൌതുകരവും ഒപ്പം ഞെട്ടലുണര്‍ത്തുന്നതുമാണ്. ജുമുഅ
സമയത്ത് ബസ് സ്റ്റോപ്പിലുള്ള ഒരേയൊരു മുതിര്‍ന്ന പുരുഷന്‍ താന്‍ മാത്രമാണ് എന്ന്
ഒരിക്കല്‍ അയാള്‍ കണ്ടെത്തുന്നു. കുറെയേറെ
സഹോദരങ്ങലുള്ള അയാള്‍ക്ക്, ഒരൊറ്റ വയസ്സിനു മാത്രം
തന്നെക്കാള്‍ ഇളപ്പമായ ഇബ്രാഹിമിനോടും അയാളുടെ ഭാര്യ യൂസ്രയോടുമാണ് കൂടുതല്‍
അടുപ്പം. അവരുടെ കുഞ്ഞുമകള്‍ വാഇല്‍ അയാളോട് ഒട്ടിപ്പോകുന്നത് വളരെപ്പെട്ടെന്നാണ്.
മുന്‍ വിവാഹത്തില്‍ ഒരു മകനും മകളും ഉണ്ടായിരുന്നെങ്കിലും മകന്റെ മരണം കാതറിന്റെ
മാനസികാവസ്ഥയില്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിച്ചിരുന്നത് കാരണം ഇനിയൊരു കുഞ്ഞു
വേണ്ടെന്നു അവര്‍ തീരുമാനിച്ചിരുന്നു. അതും വാഇലുമായി പെട്ടെന്ന് അടുക്കാന്‍
തൌഫിഖിനു കാരണം ആയിട്ടുണ്ടാവാം. മതകാര്യങ്ങളിലൊന്നും അത്ര
കണിശക്കാരിയായിരുന്നില്ലാത്ത യൂസ്ര ഹിജാബ് ധരിച്ചു തുടങ്ങിയത് അയാള്‍ക്ക്
അത്ഭുതമായിരുന്നു. മുമ്പൊക്കെ തന്നെ ഒട്ടും സങ്കോജം കൂടാതെ കവിളില്‍
ചുംബിക്കുമായിരുന്ന അവള്‍ ഇപ്പോള്‍ കൈ കുലുക്കുന്നതേ ഉള്ളൂവെന്നതും ഒരു സൂചനയാണ്.
അയല്‍ക്കാരിയായ നഈമയുടെ സ്വാധീനത്തിലാണ് യൂസ്രയുടെ മാറ്റമെന്നു വൈകാതെ അയാള്‍
മനസ്സിലാക്കുന്നു. എന്നാല്‍ നഈമ ആ തീവ്രമതാത്മകത ഉപേക്ഷിച്ചു കഴിഞ്ഞുവെന്നു
വ്യക്തമാണ്. ഇളംതലമുറയെ പോലും മതകാര്‍ക്കശ്യങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ
പ്രശ്നങ്ങള്‍ വാഇല്‍, തൌഫിഖിന്റെ മറ്റൊരു സഹോദരനായ ബഷീറിന്റെ
മകന്‍ വാലിദ് എന്നിവരിലൂടെ നോവലിസ്റ്റ് പരിശോധിക്കുന്നു. ഉപ്പയോടൊപ്പം പള്ളിയില്‍
പോകാന്‍ ഏറെ ഉത്സുകനാണ് വാഇല്‍. വെള്ളിയാഴ്ച ദിവസം പള്ളിയില്‍ പോകാത്ത തൌഫിഖ്
അവനു അത്ഭുതമാണ്. കാതറിന്‍ മുസ്ലിം അല്ലെന്നിരിക്കെ, അവളെ
വിവാഹം ചെയ്തതിലൂടെ വന്‍പാപമല്ലേ വലിയച്ചന്‍ ചെയ്യുന്നത് എന്ന് വാലിദ്
വേവലാതികൊള്ളുന്നത്, അത്തരം കാര്യങ്ങള്‍ എങ്ങനെയാണു ഒരു
കുട്ടിയോട് വിശദീകരിക്കേണ്ടത് എന്ന് തൌഫിഖിനെ അങ്കലാപ്പിലാക്കുന്നു.
മൌലികവാദ
സമൂഹത്തിന്റെ സഹജമായ സ്ത്രീവിരുദ്ധത നോവലില്‍ ഏറെ നിശിതമായി സമീപിക്കപ്പെടുന്ന
വിഷയമാണ്. ലൈല, താന്‍ നേരിടുന്ന സ്ത്രീവിരുദ്ധതയെ കേവല വൈയക്തിക പ്രശ്നം എന്നതിനപ്പുറം
ദേശത്തിന്റെ സ്വഭാവം തന്നെയായി തിരിച്ചറിയുന്നു: “ഈ നാട് പുരുഷന്മാരുടെതാണ്. ഇവിടെ
സ്ത്രീകള്‍ക്ക് ജീവിക്കാനെ കഴിയില്ല” എന്നു വിവരിക്കുന്ന ലൈല, ടുണീഷ്യന്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചും ‘മറ്റൊരു അറബ്
രാജ്യത്തും ലഭിക്കാത്ത അവകാശങ്ങള്‍’ എന്നതിനെ
കുറിച്ചുമുള്ള അവകാശവാദങ്ങള്‍ പൊള്ളയാണെന്നു സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍
ഒന്നാംപ്രതി മുസ്ലിം ബ്രദര്‍ഹുഡ് ആണെന്നതിലും അവള്‍ക്കു സംശയമില്ല. ഒരുവേള
തൌഫീഖിനെത്തന്നെ വല്ലാതെ ഭ്രമിപ്പിക്കുന്ന നഈമയുടെ സൗന്ദര്യവും സ്വതന്ത്ര രീതികളും
ഒരിക്കലും വിശദീകരിക്കപ്പെടുന്നില്ലാത്ത വിധം അവളെ മതപോലീസിന്റെ കയ്യില്‍
ദുരന്തത്തിലേക്ക് നയിക്കുന്നതും ഇതേ സ്ത്രീവിരുദ്ധതയുടെ പ്രയോഗസാക്ഷ്യമാണ്.
വാസ്തവത്തില്‍ വസ്തുത എന്തായിരുന്നു എന്നതിനെ കുറിച്ച് ഒരു വിശദീകരണം നല്‍കാന്‍പോലും
നഈമക്ക് അവസരം ലഭിക്കുന്നില്ല. അതിനുപിന്നില്‍ ഇബ്രാഹിമും, തന്നിഷ്ടക്കാരിയും അഭിസാരികയുമെന്നു നഈമയെ മുദ്രകുത്തുന്ന യൂസ്ര
തന്നെയുമായിരുന്നു എന്ന് തൌഫിഖിനറിയാം.
നഈമയുടെ
ഭാഗധേയവും മറ്റുകഥാപാത്രങ്ങള്‍ക്ക് അതിലുള്ള പങ്കും സുപ്രധാനമായ മറ്റുരണ്ടു
പ്രമേയങ്ങളില്‍ ചെന്നുമുട്ടുന്നുമുണ്ട്. അതിലൊന്ന് തൌഫീഖിന്റെ ധാര്‍മ്മിക
ഭീരുത്വവും ആത്മരക്ഷയിലൂന്നിയ ന്യായവാദങ്ങളുമാണ്. നഈമക്ക് സംഭവിച്ചേക്കാവുന്ന
ദുരന്തത്തെ കുറിച്ചു മുന്‍കൂട്ടി അറിഞ്ഞിട്ടും അവള്‍ക്കൊരു മുന്നറിയിപ്പു
കൊടുക്കാന്‍ അയാള്‍ക്കു കഴിയാതെ പോകുന്നത് അയാളുടെ ചപലമായ ‘ഹാംലെറ്റ്’ മനസ്ഥിതി കൊണ്ടാണ് എന്നത് വ്യക്തമാണ്.
പ്രസക്തമായ മറ്റൊന്ന്, നഈമയുടെ ദുരന്തത്തിനു
കാരണക്കാരനാകുന്ന ഇബ്രാഹിമിന്റെ കാപട്യമാണ്. അഭിസാരികത്തെരുവില്‍ പതിവുകാരനായ
അയാള്‍, അത്തരം സന്ദര്‍ശന ദിനങ്ങളില്‍ യൂസ്രയോടു
പതിവില്‍ക്കവിഞ്ഞ വിധേയത്വവും വിട്ടുവീഴ്ചാ മനസ്ഥിതിയും കാണിക്കും. മതവിലക്കുകള്‍
പിന്തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു വാചാലനാകും. മതകാര്‍ക്കശ്യത്തിനു പിന്നില്‍
വിദഗ്ദമായി ഒളിപ്പിച്ചുവെച്ച ദേഹേച്ഛകളില്‍ അഭിരമിക്കുന്ന സമൂഹത്തിന്റെ പകര്‍പ്പായി
ഇബ്രാഹിം മാത്രവുമല്ല ഇവിടെയുള്ളത്. മതാത്മകതക്കുപിന്നിലെ ഹിപ്പോക്രസി എന്ന വിഷയം
നോവലിലെ മുഖ്യപ്രമേയം തന്നെയാണ് *(3) നഈമയോടു തോന്നുന്ന
അദമ്യമായ അഭിലാഷവും ലൈലയെ ബന്ധുത്വത്തിന്റെ വിലക്കുമറന്നും പ്രാപിക്കുന്ന തൃഷ്ണയും
തൌഫിഖില്‍ കുറ്റബോധം ജനിപ്പിക്കുന്നുണ്ടെങ്കിലും അതൊക്കെ അയാള്‍ സ്വതസിദ്ധ
പ്രകൃതമായ സ്വയംന്യായീകരണങ്ങളിലൂടെ മറികടക്കുന്നുണ്ട്. എന്നാല്‍ സ്വപ്നത്തിന്റെ
വന്യതയില്‍ യൂസ്രയായിത്തന്നെ ലൈല പരിണമിക്കുന്ന നിമിഷം അയാള്‍ ശരിക്കും
പൊള്ളിപ്പോകുന്നുണ്ട്. മദ്യം, വിവാഹേതര ബന്ധങ്ങള്‍, പാശ്ചാത്യാനുകരണം തുടങ്ങിയ മതവിരുദ്ധ ചെയ്തികള്‍ നിര്‍ബാധം തുടരുമ്പോഴും
മറ്റുള്ളവര്‍ക്കു നേരെ ഇതേ കുറ്റങ്ങളുടെ പേരില്‍ വിരല്‍ ചൂണ്ടാന്‍ മടിയില്ലാത്ത
സാമൂഹികാന്തരീക്ഷം എങ്ങും നിലനില്‍ക്കുന്നു. താന്‍ നടത്തുന്ന നികുതിവെട്ടിപ്പില്‍
അഭിമാനിക്കുന്ന ബഷീര്‍, പിടിക്കപ്പെടുമ്പോള്‍ കൈക്കൂലി നല്‍കി
ചെറിയ പിഴയൊടുക്കി രക്ഷപ്പെടുകയും ചെയ്യുന്നു. ഫ്രാന്‍സിലാണെങ്കില്‍ കടുത്ത പിഴയും
ജയില്‍ശിക്ഷയും വരെ ലഭിക്കാവുന്ന ‘രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്ന
കുറ്റമാണിത്’ എന്ന് തൗഫിഖ് അയാളോട് പറയുന്നു.
എന്നാല്‍, ഈ ഇരട്ടത്താപ്പ് വിമോചകമാകുന്ന സന്ദര്‍ഭങ്ങളുമുണ്ട്:
ഹിജാബ് ധരിക്കുക്കുകയും കടുത്ത മതചിട്ടകള്‍ പാലിക്കുകയും ചെയ്യുമ്പോഴും സ്ത്രീകള്‍
ജീന്‍സും മിനി സ്കേര്‍ട്ടുകളും ധരിക്കുന്നത് കാണുന്നു. ഓഫീസുകളില്‍ ഹിജാബ്
നിരോധിച്ച ഏകമുസ്ലിം രാജ്യമാണ് ടുണീഷ്യ എന്ന് നോവലില്‍ പരാമര്‍ശമുണ്ട്. യൂസ്രക്ക്
ഫ്രാന്‍സില്‍ നിന്നു കൊണ്ടുവന്ന വളരെ സെക്സിയായ ബ്ലൌസ് നല്‍കുമ്പോള്‍ അവള്‍ക്കത്
ഏറെ ഇഷ്ടമാകുന്നുണ്ട്. വീട്ടില്‍ കഴിയുമ്പോഴോ, പുറത്തുപോകുമ്പോള്‍
മറ്റേതെങ്കിലും വസ്ത്രത്തിനടിയിലോ അത് ധരിക്കാമെന്നു അവള്‍ പറയുന്നു. യൂസ്രയുടെ
സഹോദരി ലൈല, ചേച്ചിയോട് അകലാന്‍ തന്നെ കാരണമായതും ആ ഹിജാബ്
ധാരണമാണ്. മത്തുപിടിപ്പിക്കുന്ന സൌന്ദര്യമുള്ള ലൈല തുടകള്‍ കാണാവുന്ന വിധത്തിലുള്ള
ഇറക്കം കുറഞ്ഞ ഇറുകിയ വസ്ത്രങ്ങളും കയ്യില്ലാത്ത മേല്‍വസ്ത്രങ്ങളും ധരിക്കുന്നു.
തൌഫിഖിനോടുള്ള വേഴ്ച്ചക്ക് മുന്‍കൈ എടുക്കുന്നതും അവളാണ്.
നോവലിലെ
മുഖ്യകഥാപാത്രങ്ങള്‍ മതാത്മകത പുലര്‍ത്തുന്നേയുള്ളൂ എന്നിരിക്കില്, ശരീയത്ത് നിയമത്തിനു വേണ്ടി
വാദിക്കുന്ന മൌലികവാദികള്‍ ശക്തി പ്രാപിക്കുന്നതും കാണാനാകുന്നുണ്ട്.
നമസ്കരിക്കാത്തവരെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കേണ്ടതാണെന്ന നിലപാടുകാരുണ്ട്. “(ഒരു)
ദിനം വരും. സര്‍വ്വശക്തനായ ദൈവത്തിന്റെ തീരുമാനത്തോടെ ഞങ്ങള്‍ ഈ നാട് ഭരിക്കും.
നിങ്ങളെപ്പോലെയുള്ള സകല അവിശ്വാസികളേയും ദൈവനിഷേധികളെയും കപടന്മാരെയും നശിപ്പിച്ചു
ഞങ്ങള്‍ ഈ ഭൂമിയെ ശുദ്ധമാക്കും.” ഈ ആഗ്രഹചിന്തയുടെ പ്രകടിതരൂപമായി അതിദ്രുതം
മഗ്രബ് ദേശങ്ങള്‍ മാറിയത് ചരിത്രമാണല്ലോ. എന്നാല്‍, ‘ഇവിടെ
പ്രശ്നം ഇസ്ലാമല്ല. മറിച്ച് മതത്തിന്റെ പേരില്‍ തീവ്രത പ്രച്ചരിപ്പിക്കുന്നവരാണ്
പ്രശ്നം” എന്ന വിവേകത്തിന്റെ സ്വരവും അവിടെ ഉയരുന്നുണ്ട്. ലൈലയെ പോലെയുള്ള
സ്ത്രീകഥാപാത്രങ്ങള്‍ മാത്രമല്ല ടുണീഷ്യയെ സംബന്ധിച്ച് ഒട്ടും തിളക്കമില്ലാത്ത
നിലപാടു പറയുന്നത്. തൌഫിഖിന്റെ നജീബ് എന്ന സുഹൃത്തിന്റെ അഭിപ്രായത്തില്‍
ഇടക്കൊന്നു വന്നുപോകുന്ന സന്ദര്‍ശകര്‍ക്ക് ടുണീഷ്യയെ സംബന്ധിച്ച് അനുഭവപ്പെടുന്ന
വികസിത രാജ്യ പ്രതീതിയല്ല സത്യം. “ഇവിടെ ജീവിക്കുന്നവരെ സംബന്ധിച്ച് ടുണീഷ്യ ഒരു
നരകമാണ്. വളരെ അസ്ഥിരമായ ഒരു സമൂഹം... അസ്വസ്ഥരും, വഴിതെറ്റിയവരും
ഏതു ദിക്കിലേക്ക് പോകേണ്ടതെന്നറിയാത്തവരുമായ..” ജനത എന്നാണു അയാള്‍ തന്റെ ദേശത്തെ
വിലയിരുത്തുക. ഇസ്ലാമിസ്റ്റ് മൌലികവാദത്തിന്റെ
കെടുതികള്‍ മാത്രമല്ല, മോഷണവും പിടിച്ചുപറിയുമൊക്കെ
നിത്യ സംഭവമാകുന്ന അവസ്ഥകളും നോവലില്‍ പ്രദിപാദിക്കപ്പെടുന്നുണ്ട്. വില കൂടിയ
കാറുകള്‍ മോഷണം പോകുന്നതു കോളനിയില്‍ പതിവാണ്.
ടുണീഷ്യയുടെ സമൃദ്ധിയെ കുറിച്ചും ധൈഷണിക മൂലധനത്തെ കുറിച്ചുമൊക്കെ വാചാലരാകുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ നോവലിലുണ്ട്. പെട്രോളിയമോ പ്രകൃതി വാതകമോ ഇല്ലാഞ്ഞിട്ടും തങ്ങളുടെ നാട് സമൃദ്ധമായിരിക്കുന്നത് ‘അതിന്റെ ബുദ്ധിശക്തിയുടെ ബലം കൊണ്ടാണ്’ എന്ന് ഒരു കഥാപാത്രം അവകാശപ്പെടുന്നു. ഫരീദ് അല്‍ അത്രാഷിന്റെ പ്രസിദ്ധമായ ‘ബസാത് അല്‍ രീഹ്’ (‘മാന്ത്രിക കമ്പളം’) എന്ന ഗാനം പലതവണ നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ടുണീഷ്യന്‍ ഗായിക സലീഹയുടെ ഏറെ പഴക്കമുള്ള ഗാനം ലൈലയെ പോലെ ഒരു പുതുതലമുറക്കാരി ആസ്വദിക്കുന്നത് തൌഫിഖിനെ വിസ്മയിപ്പിക്കുന്നു. പട്ടണത്തിലൂടെ അലഞ്ഞുതിരിയുന്ന തൗഫിഖ്, സംഭവിച്ച മാറ്റങ്ങള്‍ കൌതുകത്തോടെ വീക്ഷിക്കുന്നു. അയാള്‍ ഫ്രാന്‍സിലേക്ക് കുടിയേറിയവനാണ് എന്ന വസ്തുത സമ്മിശ്ര പ്രതികരണം ആണുണ്ടാക്കുന്നത്. അയാള്‍ ഫ്രഞ്ച് പൗരത്വം നേടിയ ‘മതൂരിന്‍’ അല്ലെന്നും ടുനീഷ്യക്കാരന്‍ തന്നെയാണ് എന്നുമുള്ളത് പലര്‍ക്കും അത്ഭുതമാണ്. വിദേശി ഭാവത്തിന്റെ പേരില്‍ പലരും അയാളെ പുച്ഛച്ചിക്കുമ്പോള്‍, മറ്റുപലര്‍ക്കും അസൂയയാണ്. അയാള്‍ക്ക് ഒരു ഫ്രഞ്ച് ഭാര്യയുള്ളതില്‍ അസൂയപ്പെടുന്നവരുണ്ട്. ഒരു വിദേശി ടൂറിസ്റ്റ് തന്നെ കൊണ്ടുപോകുമെങ്കില്‍ സസന്തോഷം തന്റെ കുടുംബത്തെ ഉപേക്ഷിക്കാം എന്ന് പ്രഖ്യാപിക്കുന്നു ഒരു സുഹൃത്ത്. ടൂറിസം, ലൈംഗികശമനകമായും (സ്വവര്‍ഗ്ഗരതി മുതല്‍ ഭിന്നരതി താല്പര്യങ്ങള്‍ ഉള്‍പ്പടെ) മറ്റും മാറുന്ന വിപര്യയം ഇവിടെ സൂചിപ്പിക്കപ്പെടുന്നു. ഫ്രാന്‍സിലേക്ക് കുടിയേറാനുള്ള അവസരമായി അയാളുടെ സൗഹൃദത്തെ കാണുന്നവരില്‍ ഹോട്ടല്‍ ബെയറര്‍ മാത്രമല്ല ഉള്ളത്. ലൈല പോലും അത്തരം ഒരാഗ്രഹം മുന്നോട്ടു വെക്കുന്നു. അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാനും അയാളെ വിവാഹം ചെയ്യാനും പോലും ഒരുക്കവുമാണ്. വാസ്തവത്തില്‍ നോവലില്‍ ഉടനീളം ടുണീഷ്യയുടെ ഫ്രഞ്ച് ബന്ധങ്ങളെ കുറിച്ചും പ്രവാസസാധ്യതകളെ കുറിച്ചും കൊളോണിയല്‍ അനന്തര മാനസികാവസ്ഥയിലുള്ള നിരീക്ഷണങ്ങള്‍ വിവിധ കഥാപാത്രങ്ങളുടെതായി ഇടംപിടിക്കുന്നുണ്ട്. അത് കൊളോണിയല്‍ വിമര്‍ശനമായും വിധേയത്വമായും ഭിന്നരൂപത്തില്‍ പ്രകടിപ്പിക്കപ്പെടുന്നു. “ഒന്നു പുഞ്ചിരിക്കൂ, നിങ്ങള്‍ ടുണീഷ്യയിലാണല്ലോ” എന്ന സ്വാഗത വാചകം നോവലില്‍ ആവര്‍ത്തിക്കപ്പെടുന്നത്, ഒടുവിലാകുമ്പോഴേക്കും, തിരികെ പോകാനായി ടാക്സി കാത്തുനില്‍ക്കുമ്പോള്‍, സാമാന്യം കനത്ത ഐറണിയായി തൌഫിഖിനു അനുഭവപ്പെടുന്നുണ്ട്.
Sources:
1). https://literaturfestival.com/en/authors/habib-selmi/
(2). https://www.arabicfiction.org/en/The%20Women%20of%20al-Basatin
(3) https://www.themodernnovel.org/africa/maghreb/tunisia/selmi/souriez/,
Copyright © The Modern Novel 2015-2023
In Praise of
Hatred by Khaled Khalifa/ Leri Price
https://alittlesomethings.blogspot.com/2024/09/in-praise-of-hatred-by-khaled-khalifa.html
The Doves
Necklace by Raja Alem
https://alittlesomethings.blogspot.com/2024/06/the-doves-necklace-by-raja-alem.html