Featured Post

Saturday, September 21, 2024

In Praise of Hatred by Khaled Khalifa/ Leri Price

 സിറിയന്‍ നെരിപ്പോടിന്റെ നോവല്‍ ഭാഷ്യം




(അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന അറബ് സാഹിത്യത്തിനുള്ള അന്താരാഷ്‌ട്ര പുരസ്കാരത്തിന് പ്രഥമ വര്‍ഷം (2008) അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച കൃതിയാണ് സിറിയന്‍ നോവലിസ്റ്റ് ഖാലിദ് ഖലീഫയുടെ ‘In Praise of Hatred’. സിറിയന്‍ സംഘര്‍ഷങ്ങളുടെ ചരിത്രപരവും വംശീയവുമായ അടിവേരുകള്‍ സര്‍ഗ്ഗാത്മകമായി അന്വേഷിക്കുന്ന പുസ്തകം അപരവിദ്വേഷമെന്ന  ഋണാത്മക ശക്തി എങ്ങനെയാണ് ഊര്‍ജ്ജവും വിനാശവും ആയിത്തീരുന്നത് എന്ന് മൌലിക വാദസമൂഹത്തിലെ സ്ത്രീജീവിത സാക്ഷ്യങ്ങളിലൂടെ ആവിഷ്കരിക്കുന്നു.)

ഇന്നത്തെ വടക്കന്‍ സിറിയയിലെ അലെപ്പോ നഗരത്തെ സമാന്തരമാക്കുന്ന, മരണം ‘വഴിയോരത്തേക്കു തള്ളുന്ന ഒരു വണ്ടി അഴുകിയ പീച്ച് പഴങ്ങള്‍ പോലെ അത്രയും സ്വാഭാവികമായ’ ഇടമാണ് സുപ്രസിദ്ധ സിറിയന്‍ നോവലിസ്റ്റ് ഖാലിദ് ഖലിഫയുടെ ‘വിദ്വേഷത്തെ പുകഴ്ത്തിക്കൊണ്ട്‌’ എന്ന നോവലിന്റെ ഭൂമിക. സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിന്റെ പിതാവ് ഹാഫെസ് അല്‍ അസദിന്റെ ഭരണകൂടവും മുസ്ലിം ബ്രദര്‍ഹുഡും തമ്മില്‍ എഴുപതുകളില്‍ തുടങ്ങിയ രക്തരൂക്ഷിത സംഘര്‍ഷങ്ങള്‍ 1982-ലെ ഹമായിലെ നരമേധം എന്നറിയപ്പെട്ട കൂട്ടക്കൊലയിലാണ് മൂര്‍ദ്ധന്യത്തില്‍ എത്തിയത്. ഈ കൂട്ടക്കൊല തന്നെയും നോവലില്‍ സൂചിതമാകുന്നുണ്ടെങ്കിലും പുസ്തകത്തിന്റെ പശ്ചാത്തലം ശരിക്കും ഇസ്ലാമിസ്റ്റ് റിബലുകളും മുഖാബറാത് രഹസ്യപ്പോലീസും തമ്മില്‍ അലെപ്പോയില്‍ അരങ്ങേറിയ സുദീര്‍ഘമായ കലാപങ്ങളാണ്. ലോകനഗരമായിരുന്ന അലെപ്പോയുടെ സെക്കുലര്‍ സഹിഷ്ണുതയെ തകര്‍ത്തെറിഞ്ഞ സംഭവങ്ങള്‍ വിഭാഗീയതക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വിത്തുപാകിയതെങ്ങനെയെന്ന അന്വേഷണത്തിന് വര്‍ത്തമാന പരിതസ്ഥിതിയില്‍ ഏറെ സാംഗത്യമുണ്ട്. വിലക്കപ്പെട്ട വിഷയത്തെ കുറിച്ചുള്ള ആഖ്യാനമെന്ന നിലയില്‍ നോവല്‍ സിറിയയില്‍ ഉടനടി നിരോധിക്കപ്പെട്ടതും സ്വാഭാവികമായിരുന്നു.

അപരവിദ്വേഷമെന്ന ഋണാത്മക ഊര്‍ജ്ജം

ഒലീവ് തോട്ടങ്ങളും പിസ്താ വയലുകളും നിറഞ്ഞ പുരാതന നഗരത്തില്‍ - ഭൂമിയില്‍ എക്കാലവും ജനവാസമുണ്ടായിരുന്ന നഗരങ്ങളില്‍ ഏറ്റവും പുരാതനം എന്ന ബഹുമതി ഡമാസ്കസ്സിനൊപ്പം പങ്കുവെക്കുന്ന നഗരമെന്നു പുസ്തകത്തിന്റെ അനുബന്ധ ലേഖനത്തില്‍ റോബിന്‍ യാസിന്‍ കസബ് - കടുത്ത മതനിഷ്ടതയുള്ള കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയാണ് വലിയ തറവാട്ടു വീട്ടില്‍ കഴിയുന്ന പേര് പറയുന്നില്ലാത്ത ആഖ്യാതാവായ പെണ്‍കുട്ടി. മൂന്ന് അമ്മായിമാരും വയോധികനായ അന്ധ ഭൃത്യനും ഉള്ള കുടുംബത്തില്‍ നിഷേധികളായ ഇളയ രണ്ട് അമ്മായിമാര്‍ മൂത്തവളായ മറിയം അമ്മായിയുടെ മത കാര്‍ക്കശ്യങ്ങളില്‍ നിന്ന് അവളെ വേറിട്ട്‌ വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ‘പുകവലി ഭീകരമാണ്എന്നാല്‍ ഹറാം അല്ല’ എന്നാണു അവര്‍ പറയുക. എന്നാല്‍ ദൈവപ്രീതിക്കായി കറുത്ത വസ്ത്രം ധരിച്ചും മൂടുപടമിട്ടും വളരുന്ന ഏകാന്തതയേയും അനാഥത്വത്തെയും കുറിച്ച് ചകിതയായി വാതില്‍പ്പടിക്കല്‍ നില്‍ക്കുമായിരുന്ന ലജ്ജാലുവായ പെണ്‍കുട്ടി’ എന്നതില്‍ നിന്ന്, സ്ത്രീയെന്നാല്‍ ‘ജീവനുള്ള അഴുക്ക്’ ആണെന്നു പഠിപ്പിക്കപ്പെട്ടപൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ആയ അമ്മാവന്മാരുടെ നിയന്ത്രണത്തില്‍ വളരുന്ന അവള്‍ കൌമാരമനസ്സില്‍ ‘മരത്തില്‍ നീരെന്ന പോലെ .. ഉയരുന്ന ആസക്തിയെ നുള്ളിക്കളയുകയും കൂമ്പിവരുന്ന മാറിടങ്ങള്‍ കട്ടിയുള്ള ചട്ടകള്‍ കൊണ്ട് ഒതുക്കിക്കളയുകയും ചെയ്യുന്നു. ‘എന്റെ ഉടല്‍ ഒരു ഇരുണ്ട അറയാണെന്ന് എനിക്ക് തോന്നിഈറന്‍ചിലന്തികള്‍ ഇഴയുന്നത്.’ തങ്ങളുടെ ഉടല്‍ ഭാഗങ്ങളെ തുറന്നു കാട്ടുന്നതില്‍ മടിയില്ലാത്ത സെക്കുലറിസ്റ്റുകളെയും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും കുറിച്ച് നരകപാപ ഭയമുള്ള പെണ്‍കുട്ടിയില്‍, ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗങ്ങള്‍ യൂണിഫോമും ആയുധങ്ങളും കാണിച്ചു കോളേജിലും തെരുവിലും നടത്തുന്ന പ്രകടനങ്ങളും ചേരുന്നതോടെ അവരോടുള്ള വെറുപ്പുണ്ടാകുകയും അതിന്റെ സ്വാഭാവിക തുടര്‍ച്ചയെന്നോണം മുഴുവന്‍ ‘അപര വിഭാഗങ്ങളോടുമുള്ള വെറുപ്പിനു അവള്‍ കീഴടങ്ങുകയും ചെയ്യുന്നു. രാഷ്ട്രീയ അപഥസഞ്ചാരവും ധാര്‍മ്മികഛ്യുതിയും ആഖ്യാതാവിന്റെ മനസ്സില്‍ കെട്ടുപിണയുന്നുണ്ട്‌. തന്റെ പ്രിയപ്പെട്ട അമ്മാവന്‍ ബക്കറിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് ഇസ്ലാമിസ്റ്റ് ഗ്രൂപ്പില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടി ആ അപകടകരമായ നിലപാടില്‍ എത്തിച്ചേരുന്നു: വിദ്വേഷം ഒന്ന് മാത്രമാണ് ഹിംസ നിറഞ്ഞ ലോകത്തില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ട ഊര്‍ജ്ജവും പ്രചോദനവും നല്‍കുക. ഏഴു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജയില്‍ വാസവും കൊടിയ പീഡനങ്ങളും അതിനു വിലയായി നല്‍കേണ്ടി വരുന്നതാണ് അവളുടെ ജീവിതത്തില്‍ പരിണാമങ്ങള്‍ സൃഷ്ടിക്കുക.

കൃത്യമായി പറയുന്നില്ലെങ്കിലും നോവലിലെ അപരവിഭാഗമെന്നത് ബാത്ത് പാര്‍ട്ടി ഭരണത്തില്‍ ഭൂരിപക്ഷമുള്ള ഷിയാ വിഭാഗമായസെക്കുലര്‍ നാട്യം സൌകര്യപൂര്‍വ്വം നിലനിര്‍ത്തുന്ന അലവി ന്യൂനപക്ഷമാണ്. പെണ്‍കുട്ടിയുടെ കുടുംബമാകട്ടെസുന്നി ഭൂരിപക്ഷവും. അപരവിദ്വേഷത്തിന്റെതായ പാഠങ്ങളില്‍ അവളുടെ ശിക്ഷണം പൂര്‍ത്തിയാക്കുന്നതില്‍ ഡമരു കൊട്ടുന്ന ഇസ്ലാമിസ്റ്റുകളും അവളുടെ ‘പെന്‍ഗ്വിന്‍’ വേഷത്തെ കളിയാക്കുകയും പീഡകരുമായുള്ള ദുരന്ത ബന്ധത്തില്‍ ചെന്ന് ചാടുകയും ചെയ്യുന്ന സെക്കുലര്‍ നാട്യക്കാരോ മാര്‍ക്സിസ്റ്റുകളോ ആയ സഹപാഠികളും പിന്നീട് ജയില്‍വാസക്കാലത്ത് തന്നോടൊപ്പം കഴിയുന്നവരും ചേര്‍ന്നാണ്- ചിലര്‍ ഇസ്ലാമിക രാജ്യത്തിന്റെ ‘പച്ച’ സ്വപ്നം കാണുമ്പോള്‍ മറ്റു ചിലര്‍ കമ്യൂണിസത്തിന്റെ ‘ചുവന്ന’ ലോകത്തെ ഉറ്റുനോക്കുന്നു എന്നാണ് നോവലിലെ പരാമര്‍ശം. എതിരാളികളുടെ മതാന്ധത പെരുപ്പിക്കുന്നതില്‍ ഭരണകൂടവും ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതില്‍ ഇസ്ലാമിസ്റ്റുകളും മത്സരിക്കുന്നത് ഫലത്തില്‍ പരസ്പരം പോഷിപ്പിക്കുന്ന നില വരുത്തുന്നു. ഇരുവശത്തും ഭീകരതകള്‍ അരങ്ങേറുന്നുണ്ട്;  ഇളംപ്രായക്കാരായ അലവി കേഡറ്റുകളുടെ കൊലകള്‍ മുതല്‍ ആഖ്യാതാവിന്റെ സഹോദരന്‍ കൊല്ലപ്പെടുന്ന മരുഭൂ തടവറയിലെ കൂട്ടക്കൊല – ഹമാ കൂട്ടക്കൊല- പോലെ ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്. ഹമായില്‍ സൈനികര്‍ ‘ജയില്‍പുള്ളികള്‍ക്ക് നേരെ നിഷ്കരുണം വെടിവെപ്പു നടത്തിഅവരുടെ തലച്ചോറുകള്‍ ചുവരിലും സീലിങ്ങിലും എല്ലായിടത്തും പടര്‍ത്തി.. എണ്ണൂറിലേറെ തടവുകാര്‍ ഒരു മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടു.”

സ്ത്രീപാത്രസൃഷ്ടിയിലെ സൂക്ഷ്മതലങ്ങള്‍

അമ്മായിമാര്‍ ഏറെ സൂക്ഷ്മമായി സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളാണ്. മറിയം അവരുടെ സ്വന്തം ‘അഴുക്കായനിഷേധിയായ’ ഉടലുമായി യുദ്ധത്തിലാണെങ്കില്‍ മര്‍വ അമ്മായി ബ്രദര്‍ഹുഡ് വേട്ടക്കാരായ കൊലയാളി സൈന്യത്തിലെ ഒരു ഓഫീസറെ വിവാഹം ചെയ്തേക്കാന്‍ ഇടയുള്ളത് കൊണ്ട് കട്ടിലില്‍ ബന്ധിതയായി കഴിയുന്നു. സ്വതന്ത്ര ബുദ്ധിയും ജീവിതം മുഴുവനായും ആസ്വദിക്കുന്നവളുമായിരുന്ന സഫാ അമ്മായിയുടെ ദുരന്തം സ്ത്രീജീവിതം സംഘര്‍ഷങ്ങളുടെയും മൌലികവാദത്തിന്റെയും വീര്‍പ്പുമുട്ടലില്‍ എങ്ങനെയാണ് തോറ്റുപോകുന്നത് എന്നതിന്റെ ചിത്രമാണ്. ഖണ്ഡഹാറില്‍ മുജാഹിദ് പോരാളിയായിരുന്ന മുന്‍ കമ്യൂണിസ്റ്റുകാരനായ ഭര്‍ത്താവ് കൊല ചെയ്യപ്പെട്ട ശേഷം അവര്‍ ബുര്‍ഖയില്‍ ഒതുങ്ങിപ്പോവുന്നു. ആഖ്യാതാവായ മുഖ്യ കഥാപാത്രത്തിന് പേരു പറയുന്നില്ലെങ്കിലും ശക്തമായി ആവിഷ്കരിക്കപ്പെട്ട പാത്രസൃഷ്ടി തന്നെയാണ് അവരുടെതും. ഒരര്‍ത്ഥത്തില്‍ അവര്‍ സമാന ജീവിതം അനുഭവിക്കുന്ന സമൂഹത്തിലെ സ്ത്രീത്വത്തിന്റെ പ്രതിനിധാനം തന്നെയാണ്: “എന്റെ ജീവിതം മറ്റുള്ളവരുടെതായിരുന്ന ദൃഷ്ടാന്ത കഥകളുടെ സംഘാതമായിരുന്നു. നിങ്ങള്‍ക്കായി മറ്റുള്ളവര്‍ നിശ്ചയിക്കുന്ന വിശ്വാസ ക്രമങ്ങളില്‍ വിശ്വസിച്ചു കൊണ്ട് ജീവിതകാലം മുഴുവന്‍ കഴിയുക എത്ര വിഷമകരമാണ്അവര്‍ നിങ്ങള്‍ക്കൊരു പേര് കണ്ടെത്തുന്നുപിന്നീട് നിങ്ങള്‍ക്കതിനെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്തേ പറ്റൂനിങ്ങള്‍ ആരാധിക്കേണ്ട ദൈവത്തെ അവര്‍ തെരഞ്ഞെടുക്കുംപോലെത്തന്നെഅവന്റെ ചൈതന്യത്തെ കുറിച്ചുള്ള അവരുടെ ഭാഷ്യത്തെ എതിര്‍ക്കുന്നവര്‍ ആരായാലും അവരെനിങ്ങള്‍ ‘അവിശ്വാസികള്‍’ എന്ന് വിളിക്കുന്നവരെ മുഴുവന്‍ കൊന്നുകൊണ്ട്. എന്നിട്ട് ഒരു വെടിയുണ്ടമഴ വര്‍ഷിക്കുന്നുഅങ്ങനെ മരണം ഒരു യാഥാര്‍ത്ഥ്യം ആയിത്തീരുന്നു.”

സ്ത്രീ ജീവിതത്തിന്റെ പ്രതിസന്ധികള്‍ തീക്ഷണമായി ചിത്രീകരിക്കുന്ന മറ്റൊരു സന്ദര്‍ഭമാണ് ഹതഭാഗ്യയായ ഒരധ്യാപികയുടെത്. എങ്ങും ചാരന്മാര്‍ നിറഞ്ഞയിടത്തില്‍ ഒരു ജ്യോഗ്രഫി അധ്യാപിക മുഖാബരാത് കുടുംബത്തിലെ വിദ്യാര്‍ഥിയെ തോല്‍പ്പിച്ചതിന്റെ പേരില്‍ വിവസ്ത്രയാക്കപ്പെടുന്നു.

മസ്തിഷ്കപ്രക്ഷാളനത്തിലൂടെ വിഭാഗീയ ചിന്ത രൂഡമാകുന്ന പെണ്‍കുട്ടിയുടെ കഥ സിറിയന്‍ യാഥാര്‍ത്ഥ്യത്തിന്റെ യഥാതഥമായ ആവിഷ്കാരം തന്നെയെങ്കിലും തിരിച്ചറിവുകളുടെ പാഠശാലയാകുന്നത് തടവറയാണ് എന്നത് നോവലിലെ ഹൃദ്യമായ വൈരുധ്യമാണ്. മുഖാബരാത് പോലീസിന്റെ മനുഷ്യത്വ ഹീനമായ പീഡനങ്ങള്‍ നിത്യ സംഭവമാകുന്ന തടവറയില്‍ പക്ഷെ ദുരിതപര്‍വ്വങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന വിചിത്ര ബന്ധുത്വം വിദ്വേഷങ്ങളുടെ മതിലുകള്‍ തകര്‍ത്ത് കളയുന്നു. ഇസ്ലാമിസ്റ്റ് വിമതരായി ജയിലിലെത്തിയവരും കമ്യൂണിസ്റ്റ് ബന്ധങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരും വേശ്യകളും ഇതര കുറ്റവാളികളുമെല്ലാം പീഡനങ്ങളുടെ ഇടവേളകളില്‍ പരസ്പരം താങ്ങും തുണയുമാകുന്നു. ഉണക്ക ബ്രെഡും ‘ഇക്കിളി വര്‍ത്തമാനങ്ങളും’ പങ്കു വെക്കുന്നു. തഴക്കം ചെന്ന വേശ്യകള്‍ ‘രാഷ്ട്രീയ’ക്കാരോട് സഹതപിക്കുന്നു. തടവറയില്‍ പിറക്കുന്ന കുഞ്ഞ് ‘ഇരുപത്തിരണ്ടു അമ്മമാരുടെ കുഞ്ഞായി’ വളരുന്നു. ‘വിഭാഗീയതയുടെ ജ്വരം’ മടുത്ത് ബയ്റൂത്തിലേക്ക് പോയ പിതാവിനെ ഇപ്പോള്‍ ആഖ്യാതാവിന് മനസ്സിലാകുന്നുണ്ട്: അദ്ദേഹം ‘നമ്മുടെ വിഭാഗത്തില്‍ പെട്ട അഴിമതിക്കാരായ രാജ്യതന്ത്രജ്ഞരെ കുറിച്ചും പീഡനങ്ങളെ കുറിച്ചും സംസാരിച്ചുമറുവശത്ത്‌ സത്യം പറയാനുള്ള ഞങ്ങളുടെ അവകാശത്തിനു വേണ്ടി ശബ്ദിച്ച മറുവിഭാഗത്തിലെ ആളുകളെ കുറിച്ചും.” ആഖ്യാതാവിന്റെ അപര വിദ്വേഷം ആത്മനിന്ദയുടെ സൃഷ്ടിയാണെങ്കില്‍ സ്വയം തിരിച്ചറിഞ്ഞു അംഗീകരിക്കുന്നതിലാണ് സഹിഷ്ണുത എന്ന് നോവല്‍ സൂചിപ്പിക്കുന്നു.

തീവ്രവാദവും പെണ്‍കര്‍തൃത്വവും

കര്‍തൃത്വം നിഷേധിക്കപ്പെടുന്ന സ്ത്രീജീവിതത്തില്‍ തീവ്രവാദ പ്രവര്‍ത്തനം – മത പരമോവംശീയമോരാഷ്ട്രീയമോ - നല്‍കുന്ന ‘പരമമായ സുനിശ്ചിതത്വത്തിന്റെ ആനന്ദം’ (നോവലില്‍ നിന്ന്) ഉന്മാദമായിത്തീരുന്നതിന് ലോകമെങ്ങും സംഘര്‍ഷ ഭൂമികളില്‍ ഉദാഹരണങ്ങളുണ്ട്. എല്‍.ടി.ടി.ഇ. പോരാട്ടത്തിലെ വലിയ തോതിലുള്ള സ്ത്രീ സാന്നിധ്യത്തിന് പിന്നില്‍ ശ്രീലങ്കന്‍ സൈന്യം തമിഴ് സ്ത്രീത്വത്തിനു നേരെ നടത്തിവന്ന അത്യാചാരങ്ങളിലുള്ള പ്രതികാര ബോധം മാത്രമായിരുന്നില്ല‘പുലിക്കൊടിച്ചി’ എന്ന പ്രയോഗം സിവിലിയന്‍/ പുലി ഭേദമെന്യേ കേള്‍ക്കേണ്ടി വന്നതിന്റെ അവമതിയും ഉണ്ടായിരുന്നുവെന്ന് നയോമി മുനവീരയുടെ ‘ആയിരം കണ്ണാടികളുടെ ദ്വീപ്’ എന്ന നോവലില്‍ ഒരു കഥാപാത്രം നിരീക്ഷിക്കുന്നുണ്ട്. പലസ്തീന്‍ സംഘര്‍ഷം പ്രമേയമാകുന്ന കൃതികളിലും പോരാളികളുടെ നിശ്ചയ ദാര്‍ഡര്‍ദ്യം പ്രകടിപ്പിക്കുന്ന സ്ത്രീകഥാപാത്രങ്ങളെ കാണാം. മത മൌലികവാദത്തിന്റെ കഥപറയാന്‍ പതിവ് ‘ആണ്‍ രക്തസാക്ഷി’ ബിംബത്തിനു പകരം ഒരു സ്ത്രീവീക്ഷണ കോണ്‍ ഉപയോഗിക്കുന്നു എന്നിടത്തു തന്നെ ഖാലിദ് ഖലീഫയുടെ നോവല്‍ വ്യത്യസ്തമാകുന്നു. ആകെ മൂടിക്കെട്ടിയ തറവാട്ടു വീട്ടിലെ ജീവിതം വെറുപ്പ്‌ എന്ന ‘ഊര്‍ജ്ജ’ത്തെ പോഷിപ്പിക്കാന്‍ പാകത്തിലുള്ളതുമാണ്. പ്രണയം പോലെ ഊര്‍ജ്ജദായകമാണ് വെറുപ്പും എന്ന് അവള്‍ കണ്ടെത്തുന്ന സന്ദര്‍ഭമുണ്ട്‌: “വിദ്വേഷം പ്രകീര്‍ത്തിക്കപ്പെടാന്‍ അര്‍ഹതയുള്ളതാണ് എന്ന് ഞാന്‍ കണ്ടെത്തികാരണം അത് പ്രണയം എങ്ങനെയാണോ നമുക്കുള്ളില്‍ കഴിയുന്നത്‌ അതുപോലെത്തന്നെ കഴിയുന്നു. അത് നിമിഷം പ്രതി വളരുകയും ഒടുവില്‍ നമ്മുടെ ആത്മാവില്‍ വാസമുറപ്പിക്കുകയും ചെയ്യുന്നുനമ്മളോ, അത് നമ്മെ വേദനിപ്പിക്കുമ്പോള്‍ പോലും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുകയില്ല.” തടവിലാക്കപ്പെടുമ്പോഴും പീഡിതര്‍ ആവുന്ന സ്ത്രീകള്‍ക്കിടയില്‍ വെറുപ്പിന്റെതായ ഒരു പെണ്‍ സൌഭ്രാത്രം വളരുന്നത്‌ അവള്‍ അറിയുന്നു. കാമനകളുടെ ഉണര്‍വ്വ് സംഭവിച്ചു തുടങ്ങുമ്പോള്‍ അവളുടെ ജൈവ ചോദനകള്‍ തീവ്ര മതനിഷ്ടയുമായി സംഘര്‍ഷത്തിലാണ്. ചില സന്ദര്‍ഭങ്ങളില്‍ ലെസ്ബിയന്‍ ചോദനകളായും അധികവും ജയില്‍ ഗാര്‍ഡുകള്‍ക്കു നേരെയുള്ള തീക്ഷ്ണ ലൈംഗിക ആകര്‍ഷണമായും അനുഭവപ്പെടുന്ന വികാരങ്ങള്‍ക്കെതിരെ സ്വയം ശാസിച്ചു പിന്‍ വലിയുന്ന അവസരങ്ങള്‍ പലതുണ്ട്. ആഖ്യാനതലത്തില്‍ ആണ്‍നോട്ടത്തിന്റെ വിമര്‍ശനം ക്ഷണിച്ചു വരുത്തും വിധം സ്ഥൂലമാകുന്നുണ്ട് പലപ്പോഴും നോവലിസ്റ്റിന്റെ ശൈലി - വിശേഷിച്ചും സ്തന വര്‍ണ്ണനകളുടെ ആധിക്യത്തില്‍. ആഖ്യാതാവിനെ പോലെത്തന്നെ  തങ്ങളുടെ ജൈവചോദനകളെ അടക്കിനിര്‍ത്താന്‍ നിര്‍ബന്ധിതരാകുന്ന അമ്മായിമാരും തങ്ങളോടു തന്നെ തുടരുന്ന അടിച്ചമര്‍ത്തല്‍ നോവലിന്റെ കേന്ദ്ര പ്രമേയമായ ഹിംസയുടെ – രാഷ്ട്രീയസൈനികമൌലികവാദ, വിദ്വേഷാധിഷ്ടിത കടന്നു കയറ്റങ്ങളുടെ – തുടര്‍ച്ചയോ പൂരകമോ ആണ് എന്ന് കാണാം. നോവലിലെങ്ങും കാണാവുന്ന ഇരുണ്ട അറകള്‍മൂടുപടങ്ങള്‍അടഞ്ഞ ഇടങ്ങള്‍ തുടങ്ങിയ ബിംബങ്ങളും ആദര്‍ശങ്ങള്‍ചരിത്രംവിദ്വേഷം തുടങ്ങിയ ബഹുരൂപ തടവറകളില്‍ അടഞ്ഞു പോയ ജീവിതങ്ങളുടെ പ്രതീകവല്‍ക്കരണമായി കാണാമെന്ന് യാസിന്‍ കസബ് നിരീക്ഷിക്കുന്നുണ്ട്.  

യാസിന്‍ കസബ് എഴുതിയ അനുബന്ധലേഖനവും വിവര്‍ത്തകന്‍ ലെറി പ്രൈസ് എഴുതിയ കുറിപ്പും നോവലിന്റെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചും കലാപരമായ മേന്മയെ കുറിച്ചും ഹ്രസ്വമെങ്കിലും ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്. സിറിയന്‍ ഏകാധിപത്യ ഭരണം സെക്കുലറിസമെന്ന ആശയത്തെ തന്നെ അശ്ലീലമാക്കിയതിനെ കുറിച്ച് യാസിന്‍ കസബ് ചൂണ്ടിക്കാണിക്കുന്നു. അതൊരു നിര്‍ബന്ധിതവും വിഭാഗീയവുമായ നാട്യമായിരുന്നുവെന്നും മധ്യ പൌരസ്ത്യ ദേശങ്ങളുടെ പോസ്റ്റ്‌ കൊളോണിയല്‍ ഉത്പന്നമെന്ന നിലയില്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയായിരുന്നു എന്നും അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ‘ന്യൂനപക്ഷ സൈന്യം’ ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തിന്റെ സൃഷ്ടിയായിരുന്നു. 1963-ല്‍ ബാത്ത് പാര്‍ട്ടിയുടെ സൈനിക വിഭാഗം അധികാരത്തില്‍ പിടിമുറുക്കി. 1970 ആകുമ്പോഴേക്കും ഹാഫെസ് അല്‍ അസദും അദ്ദേഹത്തിന്റെ ജനറല്‍മാരും ചേര്‍ന്ന് പാര്‍ട്ടിയെ പരമാധികാര കേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ആദ്യകാലത്ത് നഗരവാസികളായ സുന്നി ബൂര്‍ഷ്വാസിക്കെതിരെ ആധുനികതയുടെയും ദേശീയ വാദത്തിന്റെയും ജനകീയ മുഖമായി പ്രത്യക്ഷപ്പെട്ട അസദ് ഭരണംകര്‍ഷക മുന്നേറ്റങ്ങളുടെ ജിഹ്വയായി വര്‍ത്തിച്ചു. എന്നാല്‍ എഴുപതുകളുടെ രണ്ടാം പാതിയിലെത്തുമ്പോള്‍ താക്കോല്‍ സ്ഥാനങ്ങളില്‍ മുഴുവന്‍ അലാവി വിഭാഗക്കാരെ കുത്തിനിറച്ചും അടിമുടി അഴിമതിയില്‍ മുങ്ങിയും ജനങ്ങളില്‍ നിന്ന് അകന്നു പോയ ഭരണം, 1976-ല്‍ പലസ്തീനിലെ ഇടതു പക്ഷ- മുസ്ലിം സഖ്യത്തിനെതിരെ ലബനനിലെ ഫലാംഗിസ്റ്റ് സൈന്യത്തെ പിന്തുണക്കുക കൂടി ചെയ്തതോടെ അസംതൃപ്തികള്‍ മൂര്‍ദ്ധന്യത്തില്‍ എത്തി. സിറിയന്‍ ഇസ്ലാമിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും തുറന്ന സംഘട്ടനങ്ങള്‍ ആരംഭിക്കുന്ന ഈ സന്ദര്‍ഭമാണ് നോവല്‍ അടയാളപ്പെടുത്തുന്നത്. നാസ്തിക നിലപാടുള്ള ബാത്തിസ്റ്റുകളുടെ സെക്കുലര്‍ മൂല്യങ്ങളെ തകിടം മറിച്ച് ശരീയത്ത് നിയമം കൊണ്ടുവരാനുള്ള അവസരമായി മുസ്ലിം ബ്രദര്‍ഹുഡ് സന്ദര്‍ഭത്തെ ഉപയോഗിച്ചപ്പോള്‍ മാര്‍ക്സിസ്റ്റുകളുടെ എതിര്‍പ്പിനുള്ള കാരണങ്ങളും സുവ്യക്തമായിരുന്നു. എന്നാല്‍ അസദ്‌ ഭരണം എല്ലാതരം വിമതസ്വരങ്ങളെയും കണ്ണില്‍ ചോരയില്ലാതെ അടിച്ചമര്‍ത്തി. അലേപ്പോ ഉപരോധ നാളുകളില്‍ രഹസ്യപ്പോലീസിന്റെ പിടിയില്‍ അകപ്പെട്ടു പീഡനം സഹിക്കേണ്ടി വരും എന്ന് വരുന്ന ഘട്ടത്തില്‍ എരിയുന്ന ഓവനില്‍ ചാടി ആത്മഹത്യ ചെയ്യുന്ന സിവിലിയന്റെ ചിത്രം ആ രക്ത രൂക്ഷിത കാലത്തിന്റെ ശക്തമായൊരു രൂപകമാണ്. ഇരു വശങ്ങളിലെ ഹിംസാത്മകതയെയും വിറങ്ങലിച്ചു പോയ സമൂഹത്തിന്റെ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുന്നതില്‍ ഗുന്തര്‍ ഗ്രാസിന്റെയും ജെ. എം. കൂറ്റ്സിയുടെയും കൂടെയാണ് ഖാലിദ് ഖലീഫയെന്നു യാസിന്‍ കസബ് നിരീക്ഷിക്കുന്നു. കഥാപാത്രങ്ങളുടെ വിശദമായ പശ്ചാത്തല വിവരണങ്ങളും ആഖ്യാനങ്ങളും നാഗിബ് മഹ്ഫൂസിനെ അതിശയിക്കുന്ന ഇഴയടുപ്പമുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കൊല്ലപ്പെട്ട വിപ്ലവ കവി റബി ഗാസിയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കവേപിതാവിന്റെ പുത്രന്‍ - ബഷാര്‍ അല്‍ അസദ്‌ - നേതൃത്വം കൊടുക്കുന്ന ഭരണത്തികൂടത്തിന്റെ പുതുകാല ഏജന്റുമാരുടെ ആക്രമണത്തില്‍ പരിക്കേറ്റു സ്ലിങ്ങില്‍ ഉള്ള കൈയ്യുമായി നോവലിസ്റ്റിനെ നേരില്‍ കണ്ട കാര്യം യാസിന്‍ കസബ് വിവരിക്കുന്നത്നോവലിന്റെ ഹിംസാത്മക കാലം വര്‍ത്തമാനത്തിലേക്ക്‌ ഭേദിച്ച് കേറുന്നതിന്റെ ശരിയായ ചിത്രമാണ്. 

 read more:

Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ  by Habib Selmi

https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html

The Doves Necklace by Raja Alem

https://alittlesomethings.blogspot.com/2024/06/the-doves-necklace-by-raja-alem.html


The Dance of the Deep-Blue Scorpion by Akram Musallam / Sawad Hussain

ഇടംതേടുന്നവരുടെ നിഷ്ഫലനൃത്തം

 


“Once in camp I put a log on a fire and it was full of ants. As it commenced to burn, the ants swarmed out and went first toward the center where the fire was; then turned back and ran toward the end. When there were enough on the end they fell off into the fire. Some got out, their bodies burnt and flattened, and went off not knowing where they were going. But most of them went toward the fire and then back toward the end and swarmed on the cool end and finally fell off into the fire. I remember thinking at the time that it was the end of the world and a splendid chance to be a messiah and lift the log off the fire and throw it out where the ants could get off onto the ground. But I did not do anything but throw a tin cup of water on the log, so that I would have the cup empty to put whiskey in before I added water to it. I think the cup of water on the burning log only steamed the ants.”

 Ernest Hemingway, A Farewell to Arms

 

കൊളോണിയല്‍നുകം അഴിച്ചുവെക്കുകയും ദേശനിര്‍മ്മിതിയുടെ ഘട്ടവും കടന്നു ദേശീയതാനന്തര കാലത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത ഇടങ്ങളില്‍ നിന്നുള്ള സമകാലികസാഹിത്യം (post-postmodern or contemporary literature) സാമാന്യാനുഭവങ്ങളുടെ  ഘട്ടവും കടന്നു അനന്യാനുഭവങ്ങളുടെ ആഖ്യാനങ്ങളിലേക്ക് വലിയ തോതില്‍ ശ്രദ്ധയൂന്നുന്നുണ്ട്. എന്നാല്‍ഭൗമാര്‍ത്ഥത്തില്‍ ഉണ്മ പോലുമല്ലാത്ത, ദേശീയതയുടെ തലത്തില്‍ മാത്രം നിലനില്‍ക്കുന്ന പലസ്തീന്‍,  ഇസ്രയേലിന്റെ അപ്പാര്‍ത്തീഡ്,  കൊളോണിയല്‍ അധിനിവേശത്തിനു മുന്നില്‍ അസ്തിത്വസ്ഥാപനത്തി ന്റെയും പ്രതിരോധത്തിന്റെയും വെല്ലുവിളികളാണ് ഇപ്പോഴും നേരിടുന്നത്. അതുകൊണ്ടു തന്നെ,  പലസ്തീനിയന്‍ സാഹിത്യം ഭവനനഷ്ടത്തിന്റെയും എല്ലാം തുടങ്ങിവെച്ച 1948 ലെ നക്ബയുടെയും സഞ്ചിത അനുഭവങ്ങളില്‍ തന്നെയാണ് ഇപ്പോഴും നങ്കൂരരമിടുന്നതും. പുതിയ സാഹിത്യത്തിന്റെ ബൃഹദാഖ്യാന വിമുഖതയുടെ പ്രവണതകള്‍ സ്വാംശീകരിക്കുന്ന പുതുതലമുറ എഴുത്തുകാരില്‍ ചിലരെങ്കിലും ഇതൊരു സര്‍ഗ്ഗാത്മക പ്രതിസന്ധിയായി മനസ്സിലാക്കുന്നുണ്ട് എന്ന് ന്യായമായും കരുതാന്‍ ഇടനല്‍കുന്ന ഒരു നോവലാണ്‌ ഹ്രസ്വമെങ്കിലും അനേകം തലങ്ങളില്‍ വായിക്കാനാകുന്ന ‘കരിന്തേളിന്റെ നൃത്തം (The Dance of the Deep-Blue Scorpion) എന്ന അക്റം മുസല്ലമിന്റെ നോവല്‍. വിഖ്യാത വിവര്‍ത്തക സവാദ് ഹുസൈനിന്റെ മനോഹരമായ വിവര്‍ത്തനത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമായ പ്രസ്തുതകൃതിഫാന്റസിയും അസംബന്ധബോധവും മേളിക്കുന്ന ആഖ്യാനത്തിന്റെ വിചിത്ര സങ്കേതത്തിലൂടെ നഷ്ടങ്ങളുടെയും ഓര്‍മ്മകളുടെയും പലസ്തീനിയന്‍ ഹൃദയത്തിലേക്ക് കടന്നുചെല്ലുന്നു.

സ്വപ്നം/ നോവല്‍

1988ലെ ഒരു ദിനത്തില്‍ ഇസ്രയേല്‍ അതിര്‍ത്തിയിലുള്ള ഒരു ഹോട്ടലിലെ ടീനേജറായ പലസ്തീനി ആഖ്യാതാവിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന സ്വപ്നസദൃശമായ ഓരോര്‍മ്മയോടെയാണ് നോവല്‍ ആരംഭിക്കുന്നത്: ആഖ്യാതാവുംപുറകില്‍ നട്ടെല്ലിനു തൊട്ടുചുവടെ ഇളംനീല നിറത്തില്‍ തേളിന്റെ രൂപം പച്ചകുത്തിയ ഫ്രഞ്ചുകാരിയായ ഒരു ടീനേജ് പെണ്‍കുട്ടിയും ആഖ്യാതാവ് ജോലിനോക്കുന്ന ഡാന്‍സ് ഹാളില്‍ വെച്ചു കണ്ടുമുട്ടുന്നു. കടല്‍തീരത്തിന്റെ നിറമുള്ളശബളമായ ഉടലില്‍ അവളയാളെ ആ ടാറ്റൂ കാണിച്ചുകൊടുക്കും. ഒരു രാവിന്റെ ബാന്ധവത്തിനു ശേഷംരാവൊടുവില്‍അവളുടെ നഗ്നമായ ഉടല്‍ കണ്ണാടിയില്‍ ചേര്‍ത്തുനിര്‍ത്തി നിതംബത്തിന്റെ ആകൃതി ലിപ്സ്റ്റിക് ഉപയോഗിച്ച് അതില്‍ വരച്ചുവെക്കും അയാള്‍. മുത്തം കൊണ്ടൊരു ശുഭരാത്രിനേര്‍ന്നു പിറ്റേന്ന് പുലര്‍ച്ചെ പെണ്‍കുട്ടി വന്നപോലെ അപ്രത്യക്ഷയാകുംഅവള്‍ പറഞ്ഞപോലെ പാരീസിലേക്ക്. പിന്നീടൊരിക്കലും ഇരുവരും കണ്ടുമുട്ടുന്നേയില്ല. എന്നാല്‍സംഭവം അയാളുടെ ജീവിതത്തിലെ ഒരു വൈകാരിക നങ്കൂരമായിത്തീരും. ഡിസൈനില്‍ സ്പര്‍ശിക്കുമ്പോഴൊക്കെ തേളിനു ജീവന്‍ വെക്കുന്നതായും അത് കണ്ണാടിയില്‍ വരച്ചുചേര്‍ത്ത ഉടലിലേക്ക് കയറിപ്പോകാന്‍ ശ്രമിക്കുന്നതായും എല്ലായിപ്പോഴും തിരികെ വീഴുന്നതായും അയാള്‍ സ്വപ്നം കാണും. തുടക്കത്തിലേ വ്യക്തമാകുന്നപോലെ നമ്പാന്‍ കൊള്ളാത്ത ആഖ്യാതവിനെ (unreliable narrator) സംബന്ധിച്ച് ആ വേഴ്ച്ച ശരിക്കും സംഭവിച്ചതുതന്നെയോ അതോ തന്റെ സ്വപ്നം മാത്രമായിരുന്നോ എന്നു തീര്‍ച്ചയില്ല. നിലവിലില്‍ ഇല്ലാതായിപ്പോയ ഒരിടത്തേക്ക് കേറിപ്പറ്റാനും അങ്ങനെ ഒരിടം സ്ഥാപിക്കാനും ശ്രമിക്കുന്ന തേളിനെതന്റെ കഥയിലെ നായകന്റെ അസ്തിത്വമായി മനസ്സിലാക്കാന്‍ തുടങ്ങുന്നതോടെആദ്യ അധ്യായം അവസാനിക്കുമ്പോള്‍ത്തന്നെ നോവലിസ്റ്റ് ചോദിക്കുന്നു: “ഇത് ഒരു നോവല്‍ സദൃശമായ സ്വപ്നമല്ലേഅല്ലെങ്കില്‍ ഒരു സ്വപ്നമായ നോവല്‍?” (a novelesque dream or a dream of a novel). നോവലിന്റെ മെറ്റഫിക് ഷന്‍ തലം അപ്രകാരം ഉറപ്പിച്ചെടുക്കുന്നതിലൂടെ അത് ‘നഷ്ടത്തെ കുറിച്ചുള്ള ഒരു നോവലിനെ കുറിച്ചുള്ള നോവല്‍’ ആയിമാറുകയും ഒരേസമയം വിഷാദാത്മകവും ഒപ്പം അസംബന്ധപൂര്‍ണ്ണവും ആവുകയും ചെയ്യുന്നു .

2006 മധ്യത്തോടെയാണ് തന്റെ ‘നോവല്‍ പോലുള്ള സ്വപ്ന’ത്തെ എഴുത്തില്‍ സാക്ഷാത്കരിക്കാന്‍ ആഖ്യാതാവ് തയ്യാറാകുന്നതും അതിനായി റമാലയിലെ ഒരു പാര്‍ക്കിംഗ് ലോട്ട് കണ്ടെത്തുന്നതും. പിന്നീടുള്ള പലഭാഗങ്ങളിലും ആഖ്യാതാവ്സ്വപ്നാടക ഭാവനകളെ വ്യാഖ്യാനിക്കുന്ന ‘സ്വപ്ന സ്ത്രീ’യായ അമ്മായി എന്ന കഥാപാത്രത്തിലൂടെ സ്വപ്നമെന്ന പ്രമേയത്തിലേക്കു തിരികെ പോകുന്നുമുണ്ട്. മറ്റേതു സംസ്കാരങ്ങളിലുമെന്ന പോലെ പലസ്തീനിയന്‍ സംസ്കാരത്തിലും കഥകള്‍ക്കുള്ള പ്രാധാന്യത്തെ ദ്യോതിപ്പിക്കുന്ന ഒരു പാത്രസൃഷ്ടിയായ, ‘പര്‍വ്വതങ്ങളില്‍ നിന്നുള്ള സ്ത്രീ’യായ അമ്മായി സ്വപ്നവ്യാഖ്യാതാവും കഥകളുടെ സൂക്ഷിപ്പുകാരിയുമാണ്. ഒപ്പംഐക്യനാടുകളിലേക്ക് കടന്ന ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിന്റെ ദുഃഖം പേറുന്നവളും.

രേഖീയമല്ലാത്ത ആഖ്യാനത്തില്‍എഴുത്തുകാരനാകാന്‍ മോഹിക്കുന്ന ജേണലിസ്റ്റായ ആഖ്യാതാവിന് താന്‍ ആദ്യമായി പെണ്‍കുട്ടിയെ കണ്ടുമുട്ടിയ ഡാന്‍സ് ഹാളിനടുത്തുവെച്ചു അത് എഴുതണം എന്നുണ്ടായിരുന്നു. അത് സാധ്യമാകാതെ വരുന്നതാണ് അയാളെ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിക്കുന്നത്. അവിടെ എകാന്തനായിരുന്ന്‍ അയാള്‍ കഥകള്‍ കൂട്ടിച്ചേര്‍ക്കുന്നുഒന്നില്‍നിന്നു മറ്റൊന്നിലേക്കു അനായാസമായി നീങ്ങുന്നുഅയാളുടെ മാനസിക പ്രക്ഷേപങ്ങള്‍ (projections) ആയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാര്‍ക്കിംഗ് ലോട്ടിലെ അറ്റന്റര്‍ ആദ്യമൊക്കെ അവിടെയിരുന്നുള്ള നോവലെഴുത്തു പദ്ധതിയെ എതിര്‍ക്കുന്നുവെങ്കിലും പിന്നീട് സമ്മതിക്കുന്നത്സൂപ്പര്‍വൈസര്‍ അത് സ്വാഗതം ചെയ്യുന്നത് കൊണ്ടാണ്. ഇസ്രയേല്‍ ജയിലില്‍ പതിനെട്ടു വര്‍ഷം തടവിലായിരുന്നതടവുപുള്ളി എന്നു തന്നെ നോവലില്‍ വിളിക്കുന്ന സൂപ്പര്‍വൈസര്‍ക്ക് ഒരു നോവല്‍ സൃഷ്ടിക്കപ്പെടുന്നതിനു സാക്ഷ്യംവഹിക്കണം. അയാള്‍ ക്ലാസിക്കല്‍ നാടകങ്ങളിലെ കോറസ് പോലെനോവലിനെ കുറിച്ചുംനോവലിസ്റ്റിനെ കുറിച്ചും നിരീക്ഷണങ്ങള്‍ നടത്തുകയുംഒപ്പം ജയിലനുഭവകഥകള്‍ പറയുകയുംചെയ്യും. യഥാര്‍ത്ഥ ജീവിതമാണ്‌ ആഖ്യാതാവിന്റെ കഥയ്ക്ക് ഉറവിടമാകുന്നത്. അത് രേഖപ്പെടുത്തുന്നതില്‍ അയാളെടുക്കുന്ന സ്വാതന്ത്ര്യം യഥാര്‍ഥത്തില്‍ വിധിയും ചരിത്രവും അയാളുടെ വഴിയില്‍ സൃഷ്ടിക്കുന്ന വിടവുകളെ നേരിടാനുള്ള ഉപാധിയുമാണ്‌:

എന്നെ വിശ്വസിക്കൂപേരുകള്‍ പ്രധാനമല്ല. സാധാരണ എന്റെ നോവലില്‍ പേരുകള്‍ ഉണ്ടാവില്ല എന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേപേരുകള്‍ കഥാപാത്രങ്ങള്‍ക്ക് പരിമിതിയാണ്എനിക്കവ ഇഷ്ടമേയല്ല. എന്റെ കഥാപാത്രങ്ങളെ വ്യതിരിക്തരാക്കുന്നതെന്തോ അതുവെച്ച് അവരെ വിവരിക്കാനാണ്‌ എനിക്കിഷ്ടം. അപ്പോള്‍എന്റെ സുഹൃത്തെനിങ്ങള്‍ക്ക് ഒരു നോവലിസ്റ്റ് ‘യഥാര്‍ത്ഥ ജീവിതകാര്യങ്ങള്‍’ എഴുതണം. നോക്കൂ: സത്യത്തെ കുറിച്ച് സംസാരിക്കണമെങ്കില്‍ ഒരുപാടാളുകള്‍ മരിക്കാന്‍ കാത്തിരിക്കേണ്ടതുണ്ട്സത്യം പറയുകയെന്നത് ഒരുപാട് പേരുടെ മരണത്തിലേക്ക് നയിച്ചേക്കാം.”

 

നിതാന്തനഷ്ടങ്ങളുടെ രൂപകങ്ങള്‍

നോവലിന്റെ ഇടവും മൃഗ/ കീട രൂപകങ്ങളും തന്നെയും പലസ്തീനിന്റെ നിത്യവിധിയുടെ ദര്‍പ്പണങ്ങള്‍ തന്നെയാണ്: പാര്‍ക്കിംഗ് ലോട്ട് സ്ഥലം മുമ്പൊരു കെട്ടിടമായിരുന്നെന്നും അതില്‍ വാടകയൊഴിയാന്‍ കൂട്ടാക്കാത്ത ഒരു വടക്കേ ആഫ്രിക്കക്കാരന്‍ കൈവശപ്പെടുത്തിയിരുന്ന രണ്ടു അപ്പാര്‍ട്ട്മെന്റുകളില്‍ അയാള്‍ മറിച്ചു വാടകയ്ക്ക് കൊടുത്ത ഒന്നിലാണ് പലസ്തീനിയന്‍ കവി ഹുസൈന്‍ ബര്‍ഗൂതി താമസിച്ചിരുന്നതെന്നും ആഖ്യാതാവിനറിയാം. കവി താമസിച്ച ഇടം തന്നെയും സര്‍ഗ്ഗാത്മകമായി പ്രചോദിപ്പിക്കും എന്നയാള്‍ ആശിക്കുന്നു. അല്‍മനാസ ചത്വരത്തിലെ സിംഹപ്രതിമപലസ്തീനിയുടെ പിടിച്ചുനില്‍ക്കാനുള്ള കഴിവിനെ പ്രതിനിധീകരിക്കുന്നു എന്നുപറയാം. തേളുകളെ കുറിച്ചുള്ള നോവലിലെ വിവരണങ്ങളും ശ്രദ്ധേയമാണ്. നൂറുകണക്കിന് ഇനങ്ങളുള്ള അവയില്‍ പലതും വിഷമില്ലാത്തവയാണ്. വേഴ്ചയില്‍ ആണിന്റെ മരണമാണ് അവസാനം സംഭവിക്കുന്നത്‌ എന്നത് അതിനെ മൃത്യുനൃത്തം കൂടിയാക്കുന്നു. ഒരേസമയം രാഷ്ട്രീയവും വ്യക്തിപരവുമായ പലസ്തീനിയുടെആഖ്യാതാവിന്റെയുംപോരാട്ടത്തിന്റെ പ്രതീകമായി അത് മാറുന്നു. അയാള്‍ ചോദിക്കുന്നു: “ഞാന്‍ തന്നയോ തേള്‍അതോ തേള്‍ ഞാനയതാണോ?” ഹെമിങ് വേയുടെ ഒരിക്കലും രക്ഷപ്പെടാനാകാത്ത ഉറുമ്പുകള്‍ (A Farewell to Arms) തങ്ങളുടെ വിധി നിര്‍ണ്ണയിക്കപ്പെട്ടിട്ടും, ഒടുവില്‍ എരിഞ്ഞടങ്ങും വരെ ഇല്ലാത്ത രക്ഷതേടി പരക്കംപായുന്നതിലെ നിർണയവാദപരമായ (deterministic) ദയനീയ അസംബന്ധം തന്നെയാണ്, ഒരുവളേ, കരിന്തേളിന്റെ ശ്രമത്തെയും പ്രതീകാത്മകമായി പലസ്തീനിയുടെ ശ്രമത്തെയും അടയാളപ്പെടുത്തുന്നത്. കണ്ണാടി എന്ന രൂപകം നോവലില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നത് ഇതോടു ചേര്‍ത്തുപറയാം. ഇവിടെയുള്ള ഓരോ കഥാപാത്രങ്ങളിലും അടിസ്ഥാനപരമായ എന്തോ ഒന്നിന്റെ നഷ്ടമുണ്ട്ആ നഷ്ടം വിട്ടുവെക്കുന്ന ശൂന്യതയുടെ പ്രഭാവം ശക്തവുമാണ്. അയാളുടെ കഥകളില്‍ വിവരിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ പ്രധാനികളെല്ലാം ഒരിക്കലും ലഭിക്കാത്ത എന്തൊക്കെയോ നേടിയെടുക്കാന്‍ വേണ്ടിയുള്ള നിരന്തര ശ്രമത്തിലാണ്:

അയാള്‍ ഒരു പ്രത്യേകതരം വാശിയോടെ ശ്രമിച്ചുകൊണ്ടേയിരുന്നുഒടുവില്‍ തീര്‍ത്തും ക്ഷീണിതനായിവിയര്‍പ്പില്‍ കുളിച്ചു വീഴുംവരെ. അയാള്‍ മലര്‍ന്നടിച്ചുവീണുതലയും കൈകാലുകളും ഗതികെട്ട അവധാനതയോടെ ചലിപ്പിച്ചുകൊണ്ടിരുന്നു. ആ ചലനങ്ങള്‍ അതയാളുടെ അവസാനമാണ് എന്ന മട്ടില്‍ഏതാണ്ട് യാന്ത്രികമായിരുന്നു.”

ഈ വാക്യങ്ങള്‍ കണ്ണാടിയില്‍ വരച്ചിട്ടുള്ള ഉടല്‍രൂപത്തിലേക്ക് കടന്നിരിക്കാന്‍ ശ്രമിക്കുന്ന തേളിനെ കുറിച്ചാണ്അതുപോലെ മുറിച്ചുമാറ്റിയ കാല് സൃഷ്ടിക്കുന്ന ശൂന്യതയെ ചൊറുകാന്‍ ശ്രമിക്കുന്ന ആഖ്യാതാവിന്റെ പിതാവിനെ കുറിച്ചാണ്. ഒപ്പം അത്പണ്ടെന്നോ ഉണ്ടായിരുന്ന കോണിപ്പടിയിലൂടെ കെട്ടിടത്തിന്റെ മുകളിലേക്ക് കേറിപ്പോകാന്‍ ശ്രമിക്കുന്ന വാടകക്കാരനെക്കുറിച്ചും തന്നെയും പലസ്തീനിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആഖ്യാതാവിനോട് അപേക്ഷിക്കുന്നഇറാഖിലെ അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച പലസ്തീനിയെ കുറിച്ചുമാണ്. ഇവരെല്ലാം ഇങ്ങിനി തിരിച്ചുകിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത ചിലത് തേടിക്കൊണ്ടേയിരിക്കുന്നു. ആ നഷ്ടത്തെ കുറിച്ച് എന്നും ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്യുന്ന വേദനിപ്പിക്കുന്ന ശൂന്യത മാത്രമാണ് അവരുടെ കൈമുതല്‍. ആഖ്യാതാവു തന്നെയും സമാനമായ ഒരു നഷ്ടം സൃഷ്ടിച്ച വേദനിപ്പിക്കുന്ന ശൂന്യത അനുഭവിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തേളിനെ പച്ചകുത്തിയ പെണ്‍കുട്ടിയുമായുണ്ടായ സമാഗമം നടന്ന ഹോട്ടല്‍ ഇപ്പോഴില്ല. മുപ്പതു ജീവനുകളോടൊപ്പം അത് ബോംബിട്ടു തകര്‍ക്കപ്പെട്ടിരുന്നു. എഴുതാനുള്ള നോവലിന്റെ പശ്ചാത്തലം ഡാന്‍സ് ഹാളിലേക്ക് മാറ്റിയതും ആ സമാഗമ സ്ഥലിയെ കേടുപാടുകൂടാതെ ഓര്‍മ്മയില്‍ നിലനിര്‍ത്തുകയെന്ന പാഴ്ശ്രമത്തിലാണെന്ന്‍ അബോധത്തില്‍ അയാള്‍ക്കറിയാം.

അനേകം വികാരവിക്ഷോഭങ്ങളുള്ള നോവലില്‍ പക്ഷെ ശൂന്യതയെന്ന പദം ഒട്ടേറെ തവണ ആവര്‍ത്തിക്കുന്നു. എന്നാല്‍എല്ലാറ്റിനുമുപരിഅത് നഷ്ടത്തെ കുറിച്ചാണ്. ഡാന്‍സ് ഹാളില്‍ നിന്നുള്ള ഫ്രഞ്ച് പെണ്‍കുട്ടികാര്‍പാര്‍ക്കിലെ എഴുത്തിടംസുഹൃത്തായ തടവുപുള്ളി. ഒപ്പമത് ഹുസൈന്‍ ബര്ഗൂതി മുതല്‍ ഇപ്പോഴാരും വായിക്കുന്നില്ലാത്ത റെബാബ് വരെയുള്ള പലസ്തീനിയന്‍ സംസ്കാരത്തിന്റെ നഷ്ടത്തെ കുറിച്ചാണെന്നും ഒട്ടേറെ സൂചകങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്‌ .

മെറ്റാഫിക് ഷന്‍

രചനാപ്രക്രിയയെ കുറിച്ചു തന്നെയുള്ള ഒരു നിരീക്ഷണമായി നോവലിനെ സമീപിക്കാം. രചനയുടെ ക്രാഫ്റ്റ്ഇതിവൃത്തസൃഷ്ടിആഖ്യാനമാറ്റങ്ങള്‍പ്രമേയസാധ്യതകളുടെ അന്വേഷണം തുടങ്ങിയവയെ കുറിച്ചൊക്കെയുള്ള നിരീക്ഷണങ്ങള്‍ നോവലിലെങ്ങും കാണാനാകും. ഇതും പല കഥാപാത്രങ്ങളും അനുഭവിക്കുന്ന ശൂന്യതയുമായി ബന്ധിതമാണ്. എഴുത്തുതന്നെയും അത്തരം ശൂന്യസ്ഥലികള്‍ തൊട്ടുനോക്കാനുള്ള ശ്രമമല്ലേ എന്ന് ആഖ്യാതാവ് അത്ഭുതപ്പെടുന്നുണ്ട്:

എഴുത്തുംഒരര്‍ത്ഥത്തില്‍ഒരേസമയം നിലനില്‍ക്കുകയും നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന എന്തിനെയോ ചൊറുകുന്ന പ്രക്രിയയല്ലേനമുക്കറിയാവുന്നനാം അനുഭവിക്കുന്നതൊടാന്‍പിടിക്കാന്‍നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒന്ന്എഴുത്ത് ഒരു തരത്തില്‍ ഒരു കണ്ണാടിയിലൂടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന ഒരു തേളല്ലേഎന്നിട്ട് ഒരു ഘട്ടത്തില്‍ അത് ഏതോ മനസ്സിലെ ഒരു ചിത്രത്തില്‍ തങ്ങിനില്‍ക്കും. അതല്ലേ എഴുത്ത്?”

ഒട്ടും സന്തോഷകരമാല്ലാത്ത കുട്ടിക്കാലമാണ്‌ അയാളുടെ ഓര്‍മ്മകളിലുള്ളത്. അസാന്നിധ്യങ്ങളാണ് അയാളുടെ ജീവിതത്തെ അടയാളപ്പെടുത്തിയത്. കെട്ടിട നിര്‍മ്മാണത്തിനിടെ ആണി കയറി ശരിയായ ചികിത്സക്ക് വിധേയനാകാതെ പഴുപ്പുകയറി ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു പിതാവിന്. കുടുംബത്തെ മുഴുവന്‍ ഈ ദുരന്തം ബാധിച്ചു. ഉമ്മ പിന്നീട് പ്രസവിക്കാതിരുന്നതിനു കാരണം അവരുടെ ഗര്‍ഭപാത്രത്തിന്റെ ദുഃഖമാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഉപ്പയാകട്ടെനഷ്ടപ്പെട്ട കാലിന്റെ ചൊറിച്ചില്‍ ഇപ്പോഴും അനുഭവിച്ചു. ആഖ്യാതാവിന് ആ ശൂന്യത ചൊറുകി കൊടുക്കേണ്ടിവന്നു. ഇതായിരുന്നു ഒരുവേള അയാളെ അധിനിവിഷ്ടഭൂമിയിലെ സംഘര്‍ഷകാലങ്ങളിലേക്ക് പരുവപ്പെടുത്തിയ ആദ്യ അനുഭവം: ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളും ഓര്‍മ്മകളും ഇല്ലാതാവുകയോ തിരിച്ചു പിടിക്കാനാവാത്തവിധം പരിവര്‍ത്തിക്കപ്പെടുകയോ ചെയ്യുന്നതിന്റെയുംതങ്ങളുടെ ചരിത്രംതന്നെ മായ്ക്കപ്പെടുന്നതിന്റെയും അനുഭവങ്ങളെ നേരിടാന്‍ പ്രാപ്തനാക്കിയത്. യുദ്ധം തന്റെ ജീവിതത്തെ ബാധിക്കാതിരുന്നെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അത് എല്ലാത്തിലും എല്ലായിടത്തും കടന്നു കയറുക തന്നെ ചെയ്യും. എന്തായലും പിതാവ് ഉള്ളതെല്ലാം സ്വരുക്കൂട്ടി മലമുകളില്‍ ഒരു പുരയിടവും വീടും സ്വന്തമാക്കും. ശാസ്ത്ര അധ്യപികയായ ഉമ്മയുടെ കൂടി സഹായത്തോടെ കുടുംബം അതിജീവിക്കുകയും ചെയ്യും. 

ഉപ്പയുടെ പാദനഷ്ടംപാലസ്തീന്‍ ഭൗമനഷ്ടത്തിന്റെ പ്രതീകമായി താന്‍ കരുതുന്നില്ല എന്ന ആഖ്യാതാവിന്റെ നിരാസനാട്യം വിപരീതാര്‍ത്ഥത്തില്‍ ആ സാധ്യത തന്നെയാണ് സൂചിപ്പിക്കുന്നത്. അതേസമയംതുടക്കത്തില്‍ സൂചിപ്പിച്ച പലസ്തീന്‍ സാഹിത്യം നേരിടുന്ന ഒരു പ്രതിസന്ധിയും ഇവിടെ സൂചിതമാണ്‌. 1972ല്‍ ജനിച്ചഅറബിക് സാഹിത്യത്തില്‍ ബിരുദം നേടി ജേണലിസ്റ്റ് ആയി റാമല്ലയില്‍ പ്രവര്‍ത്തിക്കുന്ന നോവലിസ്റ്റ്സാമാന്യാനുഭവത്തിന്റെ പ്രതീകാത്മകത എന്ന പരിമിതി തിരിച്ചറിയുന്നു.  എന്നാല്‍ പലസ്തീനിയന്‍ എഴുത്തുകാരനെ സംബന്ധിച്ച് അതൊരു വൈരുധ്യപൂര്‍ണ്ണമായ നിലപാട് (ironical position) ആവാതെ തരമില്ല. ആഖ്യാതാവ് ഒരു സ്വാഭാവിക പ്രക്രിയയെന്നോണം ഇന്‍തിഫാദ ആക്റ്റിവിസ്റ്റ് ആവുന്നുണ്ടെങ്കിലുംഅക്കാര്യത്തില്‍ നോവലിസ്റ്റ് ഊന്നുന്നില്ലാത്തതും അതുകൊണ്ടുതന്നെ. വാസ്തവത്തില്‍നോവലിനെ സംബന്ധിച്ച വ്യത്യസ്തമായ ഒരുകാര്യവും ഇതാണ്: പലസ്തീന്‍ നോവലുകളിലെ പതിവുകാഴ്ചയായ ഇസ്രായേലി അക്രമങ്ങളുടെ ചിത്രങ്ങള്‍ നോവലില്‍ ഉണ്ടെങ്കിലും അത് ന്യൂനോക്തിയിലാണ്‌ അവതരിപ്പിക്കപ്പെടുന്നത്. നേരിട്ട് കാണുന്നതിലേറെ സൂചനകളായാണ് അവ കടന്നുവരുന്നത്‌. അതിനോടുള്ള പലസ്തീനി പ്രതികരണങ്ങളും മിക്കപ്പോഴും പതിഞ്ഞ രീതിയിലാണ്.

ഭീകരപ്രവര്‍ത്തനത്തെ നോവലെഴുത്തുമായി ആഖ്യാതാവ് താരതമ്യം ചെയ്യുന്നത് നോവലിന്റെ മെറ്റഫിക് ഷന്‍ തലത്തെ ബലപ്പെടുത്തുന്നതോടൊപ്പം സ്വതന്ത്ര സാംസ്കാരികപ്രവര്‍ത്തനം ദുഷ്കരമായ സാഹചര്യങ്ങളുടെ ആവിഷ്കാരവുമാണ്: കൃത്യമായ കാമുഫ്ലാഷും സൂക്ഷ്മമായ സമയനിഷ്ടയുമില്ലെങ്കില്‍ നോവലില്‍ വിജയകരമായ ഇതിവൃത്തമില്ല. എന്നാല്‍ എല്ലാ തകിടംമറിയുന്നു എന്നതാണ് സംഭവിക്കുന്നത്‌: കാര്‍ പാര്‍ക്ക് അവര്‍ കിളച്ചുമറിക്കും. തടവുപുള്ളി വീണ്ടും അറസ്റ്റിലാകും. ഡാന്‍സ് ഹാള്‍ ഒരു ടെററിസ്റ്റ് ടാര്‍ഗറ്റ് ആയിത്തീരുകയും ചെയ്യും.

നോവലിലെ ‘കഥകളുടെ വൈവിധ്യം’ എഴുത്തുകാരന് പലസ്തീനിലെ രാഷ്ട്രീയവും ചരിത്രപരവുമായ ചില സംഭവങ്ങളെ കുറിച്ചും അധിനിവേശത്തിനു കീഴില്‍ രചനാ പ്രക്രിയയുടെ സ്ഥാനത്തെ കുറിച്ചും നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാനുമുള്ള അടിത്തറ നല്‍കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. “കിറുക്കന്‍ കഥാപാത്രങ്ങളും കുടുംബ പുരാണങ്ങളും ബാഹ്യതലത്തില്‍ നിറഞ്ഞിരിക്കുന്ന അതിലളിതമെന്നു തോന്നിക്കുന്ന കഥയഥാര്‍ഥത്തില്‍ തീക്ഷ്ണമായ ചരിത്ര സംഭവങ്ങളുടെ ഭാരം ഉള്ളിലൊതുക്കുന്നുണ്ട്: രണ്ടാം ഇന്‍തിഫാദ, 2002ലെ നെതാന്യ കൂട്ടക്കൊലയും (Passover Massacre in Netanya)അധിനിവേശവും തുടങ്ങിയ സംഭവങ്ങളാണ് നോവലിന് പശ്ചാത്തലമാകുന്നത്. സ്വപ്നസദൃശമായ ഒരാഖ്യാന സങ്കേതത്തിലൂടെ ആ ചരിത്രപരതയുടെയും എങ്ങും നിഴലിടുന്ന പലസ്തീന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെയും സാമാന്യഭാവമുള്ള കാലികതയെ (topicality) ഒന്നു പ്രച്ഛന്നപ്പെടുത്താന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു എന്നേയുള്ളൂ.

 read more:

Minor Detail by Adania Shibli

https://alittlesomethings.blogspot.com/2024/09/minor-detail-by-adania-shibli.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html

Friday, September 20, 2024

The Dew Breaker by Edwidge Danticat

 ഭൂതകാലത്തിന്റെ നിഴല്‍പ്പാടുകള്‍



ഹെയ്തിയന്‍ - അമേരിക്കന്‍ കഥാകൃത്തും നോവലിസ്റ്റുമായ എഡ് വീജ് ഡാന്റികാഹ് (Edwidge Danticat)  നന്നേ ചെറുപ്പത്തിലെ ന്യു യോര്‍ക്കിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണെങ്കിലും എന്നും ഹെയ്തിയെ തന്റെ നാടും യു. എസ്സിനെ താമസ സ്ഥലവും ആയി കാണുന്ന എഴുത്തുകാരിയാണ്. ദേശീയ വ്യക്തിത്വവും മാതൃ-പുത്രീ ബന്ധവും പ്രവാസജീവിത രാഷ്ട്രീയവുമാണ് അവരുടെ കൃതികളിലെ ഏറ്റവും മുഖ്യമായ ഉത്കണ്ഠകള്‍ എന്ന് പൊതുവേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജന്മനാ ലഭിച്ച ഹെയ്തിയന്‍ ക്രിയോള്‍ഫ്രഞ്ച് ഭാഷകള്‍ കൂടാതെ അവര്‍ ഇംഗ്ലീഷ് സ്വായത്തമാക്കിയത് ആലിസ് വാക്കര്‍ജയിംസ് ബാള്‍ഡ് വിന്‍റിച്ചാര്‍ഡ് റൈറ്റ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചു കൊണ്ടാണ്. ബ്രൌണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഡാന്റികായുടെ ആദ്യ നോവലായ Breath, Eyes, Memory (1994) ഓപ്രാ ബുക്ക് ക്ലബ് സെലക്ഷന്‍ നേടി ശ്രദ്ധേയമായി. Krik? Krak! (1995) നാഷണല്‍ ബുക്ക് അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ The Farming of Bones (1998) അമേരിക്കന്‍ ബുക്ക് അവാര്‍ഡ് നേടി. ഡേയ്റ്റന്‍ ബുക്ക് അവാര്‍ഡ്‌ആന്‍ഡ്രൂ കാര്‍നഗീ മെഡല്‍ തുടങ്ങി എഴുത്തില്‍ന്റെ മേഖലയില്‍ അവരെ തേടിയെത്തിയ പുരസ്കാരങ്ങള്‍ ഒട്ടേറെയാണ്. ഡാന്റികായുടെ നോവലുകളില്‍ ഏറ്റവും പ്രശസ്തമായ The Dew Breaker (2004) വിഖ്യാതമായ അനിസ്ഫീല്‍ഡ് ബുക്ക് അവാര്‍ഡ്‌ നേടുകയും വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ ഒരു പോലെ പിടിച്ചു പറ്റുകയും ചെയ്ത കൃതിയാണ്.

            1957 -ല്‍ ഹെയ്തിയില്‍ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ആയി അധികാരത്തിലേറിയ ഗ്രാമീണ ഡോക്റ്റര്‍ ഫ്രാന്‍സ്വാ ഡുവാലിയര്‍ (‘പപ്പാ ഡോക്) പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ ചരിത്രത്തിലെ ഏറ്റവും കിരാതനായ ഏകാധിപതികളില്‍ ഒരാളായി മാറിയത് അതിവേഗത്തിലായിരുന്നു. ഹെയ്തിയന്‍ സൈന്യത്തിന്റെയും കാത്തോലിക്ക സഭയുടെയും സ്വാധീനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഡുവാലിയര്‍ രൂപം നല്‍കിയ ‘ദേശീയ സുരക്ഷിതത്വ സന്നദ്ധ സേന’ (Volunteers for National Security)’ എന്ന സര്‍വ്വാധികാര സൈനിക വിഭാഗം ‘Tonton Macoutes’ എന്നറിയപ്പെട്ടു. ഇരകളുടെ വീടുകളില്‍ ഇലകളില്‍ മഞ്ഞുത്തുള്ളികള്‍ തങ്ങിനില്‍ക്കും നേരം” അഥവാ പുലരും മുമ്പ് എത്തുന്ന പീഡകന്റെ രീതിയില്‍ നിന്നാണ് അവര്‍ ‘dew breaker’ എന്നറിയപ്പെട്ടത്. ഡുവാലിയര്‍ ഭരണത്തിന്റെ പതിനാലു വര്‍ഷങ്ങള്‍ക്കിടെ മുപ്പതിനായിരത്തോളം പേരുടെ കുരുതികള്‍ക്കും അതിലുമെത്രയോ പേരുടെ പാലായനത്തിനും ഈ കൊലയാളി സംഘം ഉത്തരവാദികളായി. ഡുവാലിയറുടെ കൊട്ടാരത്തിനകത്ത് പോലും ഇരകളുടെ രക്തം തിരിച്ചറിയാനാവാത്ത രീതിയില്‍ പെയിന്റ് ചെയ്യപ്പെട്ട ഒരു പീഡന മുറി ഉണ്ടായിരുന്നുവെന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവിടെ മറച്ചു പിടിച്ച പഴുതുകളിലൂടെ ആ രംഗങ്ങള്‍ കണ്ടാസ്വദിക്കുമായിരുന്നു സാമ്രാട്ട് തന്നെ. 1971-ല്‍ പിതാവിന്റെ മരണ ശേഷം പുത്രന്‍ ‘ബേബി ഡോക്’ ഴാങ് ക്ലോദ് ഡുവാലിയര്‍ അധികാരത്തിലെത്തിയപ്പോള്‍ പപ്പയുടെ പീഡനാനന്ദ പാരമ്പര്യം കോട്ടം തട്ടാതെ തുടര്‍ന്നു. പത്ര സ്വാതന്ത്ര്യത്തെയും  പ്രതിപക്ഷത്തെയും ഇല്ലാതാക്കിയ മകന്‍കൊടിയ സാമ്പത്തിക തിരിമറികളിലൂടെ പൊതു ഖജനാവ് കൊള്ളയടിക്കുകയും ചെയ്തു. ഫ്രഞ്ച് സംസാരിക്കുന്ന തീരെ ചെറിയ വരേണ്യ ന്യൂനപക്ഷം രാജ്യത്തെ സമ്പത്തിന്റെ പാതിയും കയ്യടക്കിയെങ്കിലും ക്രിയോള്‍ ജനത അനുഭവിച്ച  അസമത്വത്തെ നേരിടുക ഭരണകൂടത്തിന്റെ അജണ്ടയേ ആയിരുന്നില്ല. ഈ അസംതൃപ്തികളില്‍ സ്വാഭാവികമായി ഉയര്‍ന്നുവന്ന ചെറുത്തുനില്‍പ്പ് എമ്പതുകളില്‍ ശക്തിപ്പെട്ടു. 1983-ല്‍ ഹെയ്തി സന്ദര്‍ശിച്ച പോപ്‌ ജോണ്‍ രണ്ടാമന്‍ മാറ്റം അനിവാര്യമാണെന്ന് ആഹ്വാനം ചെയ്തു. 1986-ല്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായ ഡുവാലിയര്‍ ഫ്രാന്‍സില്‍ അഭയം തേടി. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 1990-ല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലക്കൊണ്ട റോമന്‍ കാതോലിക്ക പുരോഹിതന്‍ ഴാങ് ബര്‍ട്രാണ്ട് അരിസ്റ്റെഡ് 67 ശതമാനം വോട്ടിന്റെ പിന്തുണയോടെ പ്രസിഡന്റ് ആയി എത്തിയതോടെയാണ് ജനാധിപത്യ ക്രമത്തിലേക്കുള്ള ഹെയ്തിയുടെ പരിണാമം യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത്. 2006-ല്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പിലൂടെ റെനെ പ്രെവാല്‍ പ്രസിഡന്റ് ആയതോടെ, ജനാധിപത്യത്തിന്റെ പുതിയൊരു യുഗം ഹെയ്തിയില്‍ ആരംഭിച്ചു.

അറുപതുകളുടെ ഏകാധിപത്യ നാളുകള്‍ തൊട്ടു സമാന്തരമായി ആരംഭിക്കുന്ന ഒന്നാണ് യു. എസ്സിലെക്കുള്ള ഹെയ്തിയന്‍ പൗരന്മാരുടെ പലായനത്തിന്റെ പ്രവാസത്തിന്റെയും ചരിത്രം. സമൂഹത്തിലെ എമ്പത്‌ ശതമാനവും ദാരിദ്ര്യ രേഖക്ക് താഴെ കഴിയാന്‍ വിധിക്കപ്പെട്ടവിമത ശബ്ദങ്ങളും അങ്ങനെ ആരോപിക്കപ്പെട്ടവയുമെല്ലാം വിവേചനലേശമെന്യേ കൊലയറകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യത്ത് നിന്ന് നിയമ വിരുദ്ധമായി കുടിയേറിയ ഹെയ്തിയന്‍ ജനത, അവര്‍ നാട് വിടാന്‍ കണ്ടെത്തിയ ഉപാധിയുടെ പേരില്‍ ‘boat people’  എന്ന് വിളിക്കപ്പെട്ടു. സൌത്ത് ഫ്ലോറിഡയിലും മയാമിയിലും വെസ്റ്റ് പാം ബീച്ചിലും തമ്പടിച്ച ഈ ഹതഭാഗ്യരില്‍ ഏതെങ്കിലും രീതിയില്‍ നിയമാനുസൃത അഭയം ലഭിച്ചവരില്‍ പലരും പിന്നീട് യു. എസ്. പൌരന്മാര്‍ ആയിത്തീര്‍ന്നു. ഇവരില്‍ പലരും ബാര്‍ബര്‍ ഷോപ്പുകള്‍, ഹെയ്തിയന്‍ ഭക്ഷണ ശാലകള്‍ തുടങ്ങിയവയില്‍ അതിജീവനോപാധികള്‍ കണ്ടെത്തി. ആദ്യതലമുറ ഹെയ്തിയന്‍ കുടിയേറ്റക്കാരില്‍ ഒട്ടുമുക്കാലും ദാരിദ്രരായിരുന്നെങ്കിലും രണ്ടാം തലമുറയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെയും മെച്ചപ്പെട്ട സാമ്പത്തിക നിലയുടെയും ഗുണങ്ങള്‍ ഉണ്ടായി.  

            പരസ്പര ബന്ധിതമായ ഒമ്പത് കഥകളുടെ രൂപത്തിലാണ് നോവലിന്റെ ഘടന. ഡുവാലിയര്‍ ഭരണ കാലത്തെ ഹെയ്തിഅല്ലെങ്കില്‍ ഹെയ്തിയന്‍- അമേരിക്കന്‍ സമൂഹം എന്നിവയാണ് ഓരോ കഥകളുടെയും പശ്ചാത്തലം. തന്റെ പൂര്‍വ്വകാലം പിറകില്‍ ഉപേക്ഷിച്ച് ന്യുയോര്‍ക്കിലെ ഹെയ്ത്തിയന്‍ പ്രവാസി സമൂഹത്തിനിടയില്‍ ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിശ്ശബ്ദം കഴിയാന്‍ ശ്രമിക്കുന്ന ഒരു മുന്‍കാല ഡുവാലിയര്‍ കൊലയാളി സൈനികനാണ് തലക്കെട്ടിലെ കഥാപാത്രം. മറവിയിലൂടെ പാപ ദണ്ഡനം ചെയ്യാന്‍ ശ്രമിക്കുന്ന കഥാപാത്രത്തിലൂടെ പീഡകന്റെ മനസ്സിന്റെ ദുരൂഹ വഴികളും സഹാനുഭൂതിയുടെ പരിധികളും നിരീക്ഷിക്കുകയാണ് നോവലിസ്റ്റ്.

ആദ്യ ഭാഗമായ കാ - യുടെ പുസ്തകം (The Book of Ka) നോവലിലെ മൂന്നു മുഖ്യ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. ഹെയ്തിയന്‍ അമേരിക്കന്‍ ടെലിവിഷന്‍ താരവും അപൂര്‍വ്വ വസ്തുക്കള്‍ ശേഖരിക്കുന്ന കമ്പക്കാരനുമായ ഗബ്രിയേല്‍ ഫോണ്ടെനുവിനു ഒരു മഹാഗണി പ്രതിമ വില്‍ക്കാന്‍ പിതാവിനൊപ്പം പോകുന്ന പെണ്‍കുട്ടിയുടെ ജീവിതം ആ യാത്ര നിനച്ചിരിക്കാത്ത ചില വെളിപാടുകള്‍ കൊണ്ട് തകിടം മറിക്കും: പിതാവിന്റെ രൂപം കൊത്തിയ ശില്‍പ്പം പുഴയില്‍ എറിഞ്ഞു കളഞ്ഞെന്ന് ഒരു പകലിന്റെ ദുരൂഹമായ തിരോധാനത്തിനു ശേഷം തിരിച്ചെത്തുമ്പോള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു. കുപിതയായ പെണ്‍കുട്ടിയോട് അയാളത് വിശദീകരിക്കുക താനതിനു യോഗ്യനല്ല എന്നാണ്. കേട്ടുവളര്‍ന്ന കഥകളില്‍ നിന്ന് വ്യത്യസ്തമായി അയാളൊരിക്കലും ഹെയ്തിയില്‍ തടവിലായിരുന്നില്ല എന്നും മറിച്ച് ഒട്ടേറെ ജയില്‍പുള്ളികളുടെ കൊടും പീഡനത്തിനും കൊലകള്‍ക്കും ഉത്തരവാദിയായിരുന്ന ഭൂതകാലമായിരുന്നു തന്റെത് എന്നും അയാള്‍ മകളോട് കുറ്റസമ്മതം നടത്തുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും അയാള്‍ ചെയ്യുന്നേയില്ല. പതറിപ്പോകുന്ന പെണ്‍കുട്ടി മമ്മയെ വിളിച്ചു ചോദിക്കുന്നുണ്ട് അവര്‍ക്കെങ്ങനെയാണ് ഇത്തരം ഒരാളെ സ്നേഹിക്കാന്‍ കഴിഞ്ഞതെന്ന്. അമ്മയും മകളുമാണ് അയാളെ മഹാപാപത്തിന്റെ വഴികളില്‍ നിന്ന് രക്ഷിച്ചതെന്നും ഭാവിഭാര്യയെ കണ്ടെത്തിയത് മുതല്‍ അയാള്‍ ആ ജീവിതം ഉപേക്ഷിച്ചുവെന്നും മമ്മ അവളോട്‌ പറയുന്നു. തൊട്ടടുത്ത ദിവസം ഫോണ്ടെനുവിനോട് സംസാരിക്കവേ തന്റെ ജന്മദേശത്തെ കുറിച്ച് അയാള്‍ നുണ പറയുന്നത് തിരിച്ചറിയപ്പെടുക എന്ന സാധ്യതയെ അകറ്റിനിര്‍ത്താനാണ്. അഥവാ, ഭൂതകാലം എന്നത് എപ്പോഴും ഭീഷണമായ ഒന്നായി അയാളെ വേട്ടയാടുന്നുണ്ട്‌.  

രണ്ടാം കഥ ‘സെവെന്‍’ –ജെ.എഫ്. കെ വിമാനത്താവളത്തില്‍ ഭാര്യയെ കാത്തു നില്‍ക്കുന്ന കുടിയേറ്റക്കാരന്റെ ആഖ്യാനമാണ്. ന്യു യോര്‍ക്കിലെ ഹെയ്തിയന്‍ സമൂഹത്തില്‍ മറ്റൊരു ഹെയ്തിയന്‍ ദമ്പദികളുടെ ബേസ്മെന്റ് എപ്പാര്‍ട്ട്‌മെന്റിലെ വാടകക്കാരന്‍. ഏഴു വര്‍ഷക്കാലം രണ്ടു ഷിഫ്റ്റുകളില്‍ ജോലി ചെയ്താണ് ഭാര്യയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യമായ ഗ്രീന്‍ കാര്‍ഡ് അയാള്‍ സമ്പാദിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ കാ – യുടെ മാതാപിതാക്കളാണെന്നതാണ് ആദ്യഭാഗത്തോട് രണ്ടാം കഥയെ പ്രകടമായി ബന്ധിപ്പിക്കുന്നത്. എന്നാല്‍പുതുതായി എത്തിപ്പെട്ട ഇടത്തില്‍ ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍നാട്ടിലേക്കു കത്തുകള്‍ എഴുതിയും റേഡിയോയില്‍ ഹെയ്തിയന്‍ സ്റ്റേഷനുകള്‍ ശ്രവിച്ചും നേരംപോക്കുന്ന യുവതി അനുഭവിക്കുന്ന ഏകാന്തതയും പുറത്തിറങ്ങുന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വവും കുടിയേറ്റക്കാരുടെ ജീവിതാവസ്ഥ ആവിഷ്കരിക്കുന്നു. ‘വാട്ടര്‍ ചൈല്‍ഡ്’ എന്ന മൂന്നാം ഭാഗംബ്രൂക്ക് ലിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഹോസ്പിറ്റലില്‍ ഇ എന്‍ ടി വിഭാഗത്തില്‍ നേഴ്സ് ആയ നദീന്‍ എന്ന മുപ്പതുകാരി പ്രവാസിയെ പരിചയപ്പെടുത്തുന്നു. കുടുംബവുമായി അത്ര ഊഷ്മള ബന്ധങ്ങളില്ലാത്ത നദീന്‍ തകര്‍ന്നു പോയ പ്രണയ ബന്ധത്തിന്റെയും ഗര്‍ഭ ഛചിദ്രത്തിന്റെയും വേദന പേറുന്നുണ്ട്. തന്റെ രോഗിയായ മിസ് ഹിന്ദ്സ് ശ്വാസനാള ശസ്ത്രക്രിയക്കു ശേഷം സംസാര ശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ്. അവരോടു യാത്ര പറയുന്ന ദിവസത്തിലാണ് ഒരു സര്‍ റിയല്‍ പ്രത്യക്ഷമായി തന്റെ സ്വന്തം വികൃത രൂപം ലിഫ്റ്റിലെ ലോഹപാളിയില്‍ കാണുന്ന നദീന്‍ഈ ആഴ്ചയായിരുന്നു തന്റെ കുഞ്ഞ് പിറക്കെണ്ടിയിരുന്നതെന്ന് വേദനയോടെ ഓര്‍ത്തെടുക്കുന്നത്. ‘സെവെനി’ലെ നല്ല ഭര്‍ത്താവായ എറിക് ആണ് അവളുടെ കഥയിലെ ഉപേക്ഷിച്ചിട്ടു പോയ കാമുകന്‍ എന്നതാണ് ഈ ഭാഗത്തെ മുന്‍ ഭാഗവുമായി ബന്ധിപ്പിക്കുന്നത്. നാലാം ഭാഗമായ അത്ഭുതങ്ങളുടെ പുസ്തകത്തില്‍ (The Book of Miracles) ‘ഡ്യൂ ബ്രേക്ക’റുടെ ഭാര്യ ആന്‍ ആണ് ആഖ്യാതാവ്. കുടുംബത്തില്‍ ദിവ്യാത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന ഏക അംഗമായ ആന്‍ മൂവരും ഒന്നിച്ചു പള്ളിയില്‍ പോകുന്ന ഏകസന്ദര്‍ഭം എന്ന നിലയില്‍ ക്രിസ്മസ് രാവിന്റെ പ്രാര്‍ത്ഥനയില്‍ ഏറെ ആവേശഭരിതയാണ്. എന്നാല്‍ഹെയ്തിയിലെ ആ കൊലയാളി സൈനികാംഗമായ ഇമ്മാനുവേല്‍ കോണ്‍സ്റ്റന്റിനെ അന്വേഷിക്കുന്ന പടം കാ- യാദൃശ്ചികമായി കാണാന്‍ ഇടയാകുന്നത് ആനിനെ ഭയപ്പെടുത്തുന്നു. നാളെ ആ സ്ഥാനത്ത് ഭര്‍ത്താവിന്റെ പടം വന്നേക്കാം എന്ന ചിന്തഅയാളുടെ ഭൂതകാലത്തെ കുറിച്ച് മകള്‍ അറിയാന്‍ ഇടവരുത്തുമെന്ന ഭയത്തിനു കാരണമാകുന്നു. അതുകൊണ്ട് ഇനിമേല്‍ ഇത്തരം പള്ളിയില്‍ പോക്ക് ഒഴിവാക്കാം എന്ന് അവള്‍ ഉറപ്പിക്കുന്നു. ആദ്യ ഭാഗത്തിനും മുമ്പാണ് ഈ ഭാഗത്തിന്റെ കഥാകാലം എന്ന് വ്യക്തമാണ്. ‘രാത്രി ഭാഷണക്കാര്‍’ (Night Talkers) എന്ന ഭാഗം പീഡകരും ഇരകളും പങ്കുവെക്കുന്ന വിചിത്ര വിധികളുടെ സങ്കീര്‍ണ്ണതകളെ അനുപമമായ കയ്യടക്കത്തോടെ ആവിഷ്കരിക്കുന്നു. ‘സെവെനി’ലെ എറിക്കിന്റെ കൂട്ടാളികളായ മറ്റു രണ്ടു വാടകക്കാരില്‍ ഒരാള്‍ ഡാനിയുടെ കഥയാണ് ഈ ഭാഗം പിന്തുടരുന്നത്. തന്റെ ഹെയ്തിയന്‍ ഗ്രാമത്തില്‍ ഒറ്റമുറി വീട്ടില്‍ കഴിയുന്ന അന്ധയായ എസ്റ്റിന എസ്റ്റെമേ അമ്മായിയെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ യുവാവിനു വലിയൊരു രഹസ്യം അവരോടു പറയാനുണ്ട്. തന്റെ ആറാം വയസ്സില്‍ശപിക്കപ്പെട്ട ഒരു നാളില്‍ തന്റെ അച്ഛനമ്മമാരെ കൊന്നു കളയുകയും അമ്മായിയെ അന്ധയാക്കുകയും ചെയ്ത നരാധമനെ അയാള്‍ കണ്ടെത്തിയിരിക്കുന്നു. ആ കുറ്റവാളിയുടെ വീട്ടില്‍ വാടകക്കാരനാണ് അയാളിപ്പോള്‍. ഒരു രാത്രി അയാളെ വധിക്കാന്‍ പതുങ്ങി ചെന്നതാണ് അയാള്‍. എന്നാല്‍തന്റെ കണ്ടെത്തല്‍ തെറ്റാവാനുള്ള സാധ്യത ഭയന്ന് അയാള്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍വിധി വൈപരീത്യത്തിന്റെ ഒരിടപെടല്‍ കൂടി അയാളുടെ കാര്യത്തില്‍ സംഭവിക്കുന്നു: അയാള്‍ അമ്മായിയോട് കഥ പറയാന്‍ തുടങ്ങുമ്പോഴേക്കും ഒരു സന്ദര്‍ശകന്‍ എത്തുന്നു. അന്ന് രാത്രി ഉറക്കത്തില്‍കഥ കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ എസ്റ്റെമ അമ്മായി മരിക്കുന്നു. പ്രതികാരത്തിന്റെ സാധ്യത മാത്രമല്ല അതിന്റെ ആസ്വാദ്യത കൂടിയാണ് നോവലിസ്റ്റ് പ്രശ്നവല്‍ക്കരിക്കുന്നത്. ‘വിവാഹവസ്ത്രക്കാരി’യിലെ (The Bridal Seamstress)  ബിയാട്രിസ്റിട്ടയര്‍ ചെയ്യുന്ന ഘട്ടത്തില്‍ അഭിമുഖത്തിനെത്തുന്ന അലൈന്‍ കജൂസ്റ്റെയെന്ന ജേണലിസ്റ്റിനോട് ഹെയ്തിയില്‍ കഴിഞ്ഞ കാലത്തെ കിരാതമായ ഒരോര്‍മ്മ പങ്കുവെക്കുന്നു. നൃത്തത്തില്‍ പങ്കാളിയാകാന്‍ വിസമ്മതിച്ചതിന് തന്റെ കാല്‍പ്പാദങ്ങള്‍ തല്ലിപ്പൊളിച്ച തടവറ കാവല്‍ക്കാരനെ കുറിച്ചാണ് അത്. അയാളിപ്പോള്‍ തൊട്ടടുത്ത് ഒരു വീട്ടിലുണ്ട്. എന്നാല്‍, അലൈനിന്റെ അന്വേഷണത്തില്‍ ആ വീട് പൂട്ടിയിട്ടിരിക്കയാണ്. ബിയാട്രിസിന് പക്ഷെ സംശയമേതുമില്ല. അയാള്‍ ഒഴിഞ്ഞ വീടുകളിലാണ് താമസംആരും തിരിച്ചറിയാതിരിക്കാനുള്ള അയാളുടെ മുന്‍കരുതലാണ് അത്. ദുരനുഭവങ്ങളുടെ സൃഷ്ടിയായ മനോവിഭ്രാന്തിയായി അലൈന്‍ ആ കഥ തള്ളിക്കളയുന്നു. ‘കുരങ്ങന്റെ വാലുകളിലെ (Monkey Tails) മൈക്കല്‍ഡ്യു ബ്രേക്കറുടെ അപ്പാര്‍ട്ട്മെന്റിലെ മൂന്നാം വാടകക്കരനാണ്. 1986-ലെ ഹെയ്തിയന്‍ ഭീകര നാളുകളിലൊന്നില്‍ അച്ഛനില്ലാത്ത ഒരു പന്ത്രണ്ടുകാരനായി അയാള്‍ സ്വയമോര്‍ക്കുന്നു. ‘ബേബി ഡോക്’ അധികാര ഭ്രഷ്ടനാക്കപ്പെട്ടതിനെ തുടര്‍ന്ന് കൊലയാളി സൈനികരെ ജനം വേട്ടയാടുന്ന ഘട്ടം. അക്കൂട്ടത്തില്‍ പെട്ട റെഗുലാസ് എന്ന കൊലയാളിയുടെ മകന്‍ റൊമെയ്ന്‍ എന്ന സുഹൃത്തില്‍ നിന്ന് തന്റെ പിതാവാരെന്ന സൂചന അവനു കിട്ടുന്നു. അത് താന്‍ സംശയിച്ചത് തന്നെയാണെന്ന് അവനു മനസ്സിലാകുന്നു. താന്‍ നാട് വിടുകയാണെന്ന് റൊമെയ്ന്‍ അവനെ അറിയിക്കുന്നു. എന്നാല്‍ അന്ന് രാത്രി റെഗുലാസ് ആത്മഹത്യ ചെയ്യുന്നതോടെ റൊമെയ്ന്‍ അപ്രത്യക്ഷനാകുന്നു. ‘വിലാപ ഗായിക’ (The Funeral Singer)  എന്ന ഖണ്ഡത്തില്‍ എഴുപതുകളില്‍ ന്യുയോര്‍ക്കിലേക്ക് കുടിയേറുകയും യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ക്ലാസ്സില്‍ ആകെയുള്ള ഹെയ്തിയന്‍ വിദ്യാര്‍ഥിനികള്‍ എന്ന നിലയില്‍ കൂട്ടുകാരികള്‍ ആയിത്തീരുകയും ചെയ്യുന്ന മൂന്നു പെണ്‍കുട്ടികളുടെ കഥയാണ്‌. മരണചടങ്ങുകളില്‍ വിലാപഗായികയായിരുന്ന ഫ്രെഡ, പിതാവിന്റെ അറസ്റ്റും പീഡനവും പിന്നീടു കടലില്‍ വെച്ചുണ്ടായ അദ്ദേഹത്തിന്റെ ദുരൂഹ തിരോധാനത്തെയും തുടര്‍ന്ന് ഏകാധിപതിയുടെ കൊട്ടാരത്തില്‍ പാടാന്‍ വിസമ്മതിക്കുകയായിരുന്നു. അപകടം മണത്ത അവളുടെ അമ്മയാണ് നാടുവിടാന്‍ അവളെ പ്രേരിപ്പിച്ചത്. മാരിസെല്ലെയുടെ ഭര്‍ത്താവ് വരച്ച പ്രസിഡന്റിന്റെ ചിത്രം അധികൃതര്‍ക്ക് ബോധിക്കാതെ പോയത് അയാളുടെ മരണത്തില്‍ കലാശിച്ചപ്പോള്‍സൈനിക ബലാല്‍ക്കാരമായിരുന്നു റെസിയയുടെ ദുരന്തം. പുതിയ ദേശത്ത്‌ നല്ലൊരു ഭാവി സ്വപ്നം കാണുകയാണ് മൂന്നു പെണ്‍കുട്ടികളും.

ഒടുവിലത്തെ ആഖ്യാനമായാണ് കേന്ദ്ര കഥാപാത്രത്തിന്റെ കഥയിലേക്ക്‌ കടക്കുന്നതെങ്കിലും അതാണ്‌ ഏറ്റവും പഴക്കമേറിയതും. ‘രാത്രി ഭാഷണക്കാ’രിലെ ഡാനിയുടെ കഥ മാറ്റിവെച്ചാല്‍ നോവലിലെ ഏറ്റവും ചടുലവും വൈകാരിക സാന്ദ്രതയിയന്നതുമായ ഭാഗം ‘ദി ഡ്യൂ ബ്രേക്കര്‍’ എന്ന ഈ അവസാന ഖണ്ഡം തന്നെയാണ്. വിധിവൈപരീത്യങ്ങളുടെ വിളയാട്ടവും ഇതിവൃത്ത സങ്കീര്‍ണ്ണതയുടെ കയ്യടക്കവും ഇത്രമേല്‍ സമ്മേളിക്കുന്ന ഫിക് ഷനല്‍ ക്ലൈമാക്സുകള്‍ അപൂര്‍വ്വമാണ്. ‘സന്നദ്ധര്‍’ എന്ന് വിളിക്കപ്പെട്ട സൈനിക വിഭാഗത്തില്‍ അയാള്‍ എത്തിപ്പെട്ട് ഒരു പതിറ്റാണ്ട് പിന്നിട്ട 1967-ലാണ് അത് തുടങ്ങുന്നത്. കാസേര്‍നസ് മിലിട്ടറി ബാരക്കില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങളെ ആസ്വദിക്കുന്നയാള്‍ എന്ന നിലയില്‍ ഏറെ പ്രസിദ്ധനായിരുന്ന പീഡകന്‍, ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ഒരു ബാപ്റ്റിസ്റ്റ് പാസ്റ്ററെ വധിക്കാനുള്ള ദൗത്യത്തിലാണ്. അതെ സമയംഅധികൃതരുടെ കൈകളാല്‍ ഭാര്യ കൊല്ലപ്പെട്ട പാസ്റ്റര്‍ തന്റെ വിധിയും ഉടന്‍ നടപ്പിലായേക്കും എന്നറിയുമ്പോഴും നിര്‍ഭയനാണ്. സഭാ മേധാവികളുടെ മുന്നറിയിപ്പ് പോലും അവഗണിച്ച് ചര്‍ച്ചിലേക്ക് പോകുന്ന പാസ്റ്റര്‍ ഡ്യു ബ്രേക്കറുടെയും സംഘത്തിന്റെയും കയ്യില്‍ അകപ്പെടുകയും കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നു. എന്നാല്‍ പാസ്റ്ററെ ഒരു രക്തസാക്ഷി പരിവേഷത്തിലേക്ക് ഉയര്‍ത്തുന്നത് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കുന്ന അധികൃതര്‍ അയാളെ വിട്ടയക്കാന്‍ ഉത്തരവിടുന്നുവെങ്കിലും ആകസ്മികമായ ചില സംഭവവി കാസങ്ങളെ തുടര്‍ന്ന് ഡ്യു ബ്രേ ക്കറുടെ മുഖത്ത് വലിയ മുറിവേല്‍ക്കാനും അയാളുടെ വെടി കൊണ്ട് പാസ്റ്റര്‍ മരിക്കാനും ഇടയാക്കുന്നു. ഇപ്പോള്‍കല്‍പ്പന ധിക്കരിച്ചതിനു വേട്ടയാടപ്പെടാന്‍ സാധ്യതയുള്ള നിലയില്‍ സ്വയം ഒളിച്ചോടെണ്ട അവസ്ഥ അയാള്‍ക്ക് വന്നു ചേരുന്നു. പാസ്റ്ററുടെ അര്‍ദ്ധസഹോദരി ആന്‍ മുറിവേറ്റ ഡ്യു ബ്രേക്കറെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഇരയായി കാണുകയും അയാളുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ഇരുവരും ഒരുമിച്ചു നാടുവിടുന്നതിലും ന്യു യോര്‍ക്കില്‍ എത്തുന്നതിലും കലാശിക്കുന്നത്. ആ രാത്രിയിലെ സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം ഇരുവരും മുഴുവനായി ചര്‍ച്ച ചെയ്യുന്നതേയില്ല. അതിനു ശേഷം അയാള്‍ ആരെയും ഉപദ്രവിച്ചിട്ടില്ല എന്ന് മാത്രം. മകള്‍ പിറക്കുമ്പോള്‍ അവളോടുള്ള സ്നേഹം ഇരുവരും ഒരു പാപ മോചനമായി കണ്ടെടുക്കുന്നു. ‘നല്ല മാലാഖ’ എന്നയര്‍ത്ഥത്തില്‍ മകള്‍ക്ക് ‘കാ’ എന്ന് പേരിടുന്നത് തന്നെ ആ വിമോചന ശ്രമത്തിന്റെ പ്രതീകമായാണ്. എന്നാല്‍ അയാളുടെ പാപമോചന ശ്രമം ഒരിക്കലും പൂര്‍ണ്ണ വിജയമാകില്ല എന്നതിന്റെ തെളിവ് അയാളുടെ കയ്യാല്‍ കൊല്ലപ്പെട്ട പാസ്റ്റര്‍ നല്‍കിയ ആഴത്തിലുള്ള മുറിവടയാളത്തിന്റെ രൂപത്തില്‍ ആ മുഖത്തു എന്നും കല്ലിച്ചു കിടക്കും.

നോവലിന്റെ വര്‍ത്തമാന കാലത്ത് ചകിതനും പശ്ചാത്താപ വിവശനുമായി ബ്രൂക്ക് ലിനിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നിശ്ശബ്ദമായി ജീവിതം പുലര്‍ത്തിക്കഴിയുകയാണ് ഡാന്റികായുടെ ഡ്യു ബ്രേക്കര്‍. ഒളിച്ചു കഴിയുന്ന മുന്‍കാല ഭരണകൂട പീഡകനെ വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ ആവിഷകരിക്കുന്ന കൃതിയായി നോവലിനെ കാണാം. എത്രയൊക്കെ ഓടിയൊളിക്കാന്‍ ശ്രമിച്ചാലും ഭൂതകാലം മനുഷ്യനെ വേട്ടയാടുക തന്നെ ചെയ്യും; പ്രത്യേകിച്ചും പറഞ്ഞറിയിക്കാനാവാത്ത ക്രൂരതകള്‍ ചെയ്തു കൂട്ടിയവരുടെ കാര്യത്തില്‍. ഹെയ്തി വിട്ടു മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും കടലുകള്‍ താണ്ടിയുള്ള അന്യദേശത്തു അജ്ഞാതവാസം നയിക്കാന്‍ ശ്രമിക്കുന്ന മുഖ്യ കഥാപാത്രത്തിന് കണ്‍വെട്ടത്തു തന്നെ അയാളുടെ ഭൂതകാലത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളായി ഏറെപ്പേരുണ്ട്‌. അയാളുടെ വാടകക്കാര്‍ മാത്രമല്ലപ്രണയപൂര്‍വ്വം ഒരുമിച്ചു കഴിയുന്ന ഭാര്യ തന്നെയും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ വൈകാരിക ആഘാതത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കും വിധം സാവധാനം അനാവരണം ചെയ്യപ്പെടുന്ന നിഗൂഡതകളിലല്ല നോവലിസ്റ്റിന്റെ താല്പര്യം എന്ന് വ്യക്തമാണ്. ഓരോ ഖണ്ഡത്തിലും വ്യത്യസ്ത കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിലൂടെ പീഡകനെ കുറിച്ച് കൂടുതല്‍ കൂടുതല്‍ വെളിവാക്കപ്പെടുകയും ഒടുവിലത്തെ ഭാഗത്തിലൂടെ അയാളുടെ ‘പ്രവര്‍ത്തനരീതികളെ തന്നെ നാം നേരില്‍ കാണുകയും ചെയ്യുന്നുണ്ടെങ്കിലും അയാളിലേറെ അയാള്‍ക്ക് ചുറ്റും കഴിയുന്നവരുടെയും അവരുടെ അനുഭവങ്ങളുടെയും അവയുടെ സാമൂഹിക ദേശീയ മാനങ്ങളുടെയും ആവിഷ്കാരത്തിലാണ് നോവലിസ്റ്റ് ഊന്നുന്നത്. ആന്‍ കണ്ടെത്തുന്നത് പോലെപാപ ബോധത്തിനും വിട്ടുവീഴ്ചക്കും ഇടയില്‍ ഒരു പെന്‍ഡുലം പോലെ നോവലിലെ അനുഭവ തലം ചലിക്കുന്നു.

 read more:

Crooked Plow by Itamar Vieira Junior

https://alittlesomethings.blogspot.com/2024/09/crooked-plow-by-itamar-vieira-junior.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

Half Blood Blues by Esi Edugyan

https://alittlesomethings.blogspot.com/2024/08/half-blood-blues-by-esi-edugyan.html

The Last Brother by Nathacha Appanah

https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html

Crooked Plow by Itamar Vieira Junior

 ചരിത്രത്തിന്‍റെ മുറിഞ്ഞ നാവ്




(ഇറ്റമാര്‍ വിയേറ ജൂനിയറിന്‍റെ  പ്രഥമ നോവല്‍ Crooked Plow പുതിയ നൂറ്റാണ്ടില്‍ ഇതുവരെ എഴുതപ്പെട്ട ഏറ്റവും മികച്ച ബ്രസീലിയന്‍ നോവല്‍ എന്ന് പ്രകീര്‍ത്തിക്കപ്പെട്ട കൃതിയാണ്. ഇന്റര്‍ നാഷണല്‍ ബുക്കര്‍ പുരസ്കാരത്തിന്റെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിക്കുകയും ഒട്ടേറെ അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത നോവല്‍, ബ്രസീലിയന്‍ ചരിത്രത്തിലെ ഇരുണ്ട ഏടുകളിലേക്ക് കടന്നു ചെല്ലുന്നു.)

പുതിയ നൂറ്റാണ്ടില്‍ ഇതുവരെ എഴുതപ്പെട്ട ഏറ്റവും മികച്ച ബ്രസീലിയന്‍ നോവല്‍ എന്ന് പ്രകീര്‍ത്തിക്കപ്പെട്ട കൃതിയാണ് ഇറ്റമാര്‍ വിയേറ ജൂനിയര്‍ എന്ന ആഫ്രോ-ബ്രസീലിയന്‍ എഴുത്തുകാരന്റെ പ്രഥമ നോവല്‍ Crooked Plow. വിയേറയുടെ നോവല്‍ നാട്ടില്‍ വന്‍ വിജയമായതിനു പിന്നില്‍ ബ്രസീലിയന്‍ സാഹിത്യത്തിലെ ചില പുതുപ്രവണതകള്‍ പ്രധാനകാരണമായിരുന്നു. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ കാഴ്ചപ്പാടിലുള്ള കഥകളില്‍ കൂടുതല്‍ ഊന്നുന്ന സമീപനമായിരുന്നു അത്. വിയേറയെ പോലെ ഏതാനും എഴുത്തുകാര്‍ അടിമത്തംവംശീയത എന്നീ വിഷയങ്ങളെ ന്യൂനപക്ഷങ്ങളുടെയും അനുഭവിച്ച വിഭാഗങ്ങളുടെയും കാഴ്ചപ്പാടില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ബ്രസീലിന്‍റെ വേദനാകരമായ കൊളോണിയല്‍ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം നിലനിന്നുവന്ന ഏകപക്ഷീയ ആഖ്യാനങ്ങളില്‍ അവഗണിക്കപ്പെട്ടവര്‍ക്ക് അവരുടെ കര്‍തൃത്വം തിരിച്ചു നല്‍കുകയും ചെയ്തു. ബോള്‍സോനാരോ പ്രസിഡണ്ടായതിനു ശേഷം ആദിവാസി മേഖലകളിലേക്കുള്ള കടന്നുകയറ്റം നിയമാനുസൃതമാകുകയും സമൂഹത്തിലെ വംശീയത പോലുള്ള വസ്തുതകള്‍ക്കു നേരെ കണ്ണടക്കുന്ന പ്രവണത നിയാമകമാകുകയും ചെയ്തു.  ഈ സാഹചര്യത്തില്‍ വിയേറയുടെയും കൂട്ടാളികളുടെയും ദൗത്യം കൂടുതല്‍ പ്രസക്തമായിത്തീര്‍ന്നു. ‘ബ്രസീലിന്‍റെ ഭൂതകാലം പുനരവതരിപ്പിക്കുന്നതിലൂടെ ബ്രസീലിന് എന്താവാന്‍ കഴിയും എന്നത് പുനര്‍വിഭാവനം ചെയ്യാന്‍ ഈ എഴുത്തുകാര്‍ പ്രതിജ്ഞാബദ്ധരാവുകയാണ് *(1). 

വടക്കു കിഴക്കന്‍ ബ്രസീലിലെ ബാഹിയ സ്റ്റേറ്റ് പോലുള്ള ഉള്‍പ്രദേശങ്ങളില്‍ കൊളോണിയല്‍ കാലം മുതല്‍ വലിയ പ്ലാന്‍റെഷനുകളില്‍ അടിമത്തമോഅതിനു സമാനമായ കുടിയാന്‍ /കുടികിടപ്പു സമ്പ്രദായമോ നിലനിന്നുവന്നു.  ‘കിലോംബോല’ (quilombola) എന്നറിയപ്പെട്ട സമൂഹങ്ങള്‍, അടിമത്ത കാലത്ത് ഓടിപ്പോന്ന ആഫ്രിക്കന്‍ അടിമകളും  തദ്ദേശീയരില്‍ പെട്ട റിബലുകളും ചേര്‍ന്ന് സൃഷ്ടിക്കപ്പെട്ടവയാണ്. നോവല്‍ അവരെ സംക്ഷിപ്തപ്പെടുത്തുന്നു: 

“സ്വന്തം മണ്ണില്‍നിന്നു പിഴുതെടുക്കപ്പെട്ട ശക്തരായ ഒരു ജനതഅവര്‍ ഒരു കടല്‍ താണ്ടിയിരുന്നുഅവരുടെ സ്വപ്‌നങ്ങള്‍ പിറകില്‍ ഉപേക്ഷിച്ചിരുന്നുപ്രവാസത്തില്‍ അവര്‍ പുതിയതും തിളക്കമുള്ളതുമായ ഒരു പുതുജീവിതം കെട്ടിച്ചമച്ചിരുന്നു.”

ചരിത്രപരമായിബ്രസീലാണ് ട്രാന്‍സ് അറ്റ്ലാന്റിക് അടിമക്കച്ചവടത്തില്‍നിന്ന്  ഏറ്റവും ഒടുവില്‍ പിന്‍വാങ്ങിയ രാജ്യം. പോര്‍ച്ചുഗീസ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വതന്ത്രമായി 66  വര്‍ഷങ്ങള്‍ക്കു ശേഷമാണ് (1888) പ്രസ്തുത ‘സുവര്‍ണ്ണ നിയമം’ (“Golden Law”) ഏഴു ലക്ഷം അടിമകളുടെ ഔപചാരിക മോചനത്തിന് നിമിത്തമായത്. തുടര്‍ന്നു നിലവില്‍വന്നഒട്ടും മെച്ചമല്ലാത്ത കുടിയാന്‍ സമ്പ്രദായം തൊഴില്‍ചൂഷണം നിര്‍ബാധം തുടരാന്‍ ജന്മിമാരെ സഹായിക്കും വിധത്തിലുള്ളതായിരുന്നു.  കുടിയാന്മാര്‍ക്ക് വലിയ ഔദാര്യം പോലെ വീടുവെച്ചു താമസിക്കാന്‍ അനുവാദം ലഭിച്ചപ്പോള്‍അത് ചുടുകട്ട കൊണ്ടുള്ള, സ്ഥിരതയുള്ള വീടുകള്‍ ആവരുതെന്നും മണ്ണു പൊത്തിയമഴക്കാലത്തിനു ശേഷം  കൊല്ലംകൊല്ലം പുതുക്കേണ്ടി വരുന്നത്ര മാത്രം ഉറപ്പുള്ളവ ആയിരിക്കണമെന്നും നിബന്ധന ഉണ്ടായിരുന്നു. പകരം അവര്‍ ജന്മിക്കുവേണ്ടി കൂലിയില്ലാതെ കഠിനാധ്വാനം ചെയ്തു. വീട്ടിനു പിറകില്‍ ചെറിയ തോട്ടം ഉണ്ടാക്കി അന്നത്തിനുള്ള വക കണ്ടെത്തെണ്ടിയിരുന്നു, അതില്‍ത്തന്നെ ജന്മിക്കു മൂന്നിലൊന്ന്, പലപ്പോഴും അതില്‍കൂടുതലും കൊടുക്കേണ്ടിയും വന്നു. 2003ല്‍ കുടിയന്മാരുടെ ഭൂമിക്കുമേലുള്ള അവകാശം സര്‍ക്കാര്‍ അംഗീകരിക്കുംവരെ ഈ നില തുടര്‍ന്നു. 

നോവലിന്‍റെ തുടക്കംമുകളില്‍ സൂചിപ്പിച്ച പശ്ചാത്തലധാരണ അനിവാര്യമാണോ എന്ന ശങ്ക ഉയര്‍ത്തും വിധം രണ്ടു കൗമാരക്കാരികളിലും അവരുടെ കുടുംബത്തിലും കേന്ദ്രിതമാണ്‌. ‘ഏറെ സവിശേഷമായ കഥയില്‍ നിന്ന് ഒരു പ്രദേശത്തിന്‍റെ മുഴുവന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെയും കഥയിലേക്ക്‌ സാവധാനം മുന്നേറുന്ന’ രീതി വിയേറയുടെ നേട്ടത്തെ തിളക്കമുള്ളതാക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *(2).  ഫെസാന്റ ആഗുവ നെഗ്ര എന്ന പ്ലാന്‍റെഷനില്‍ കറുത്തവര്‍ഗ്ഗക്കാരായ കുടിയാന്‍ കുടുംബത്തിലെ അംഗങ്ങളാണ് ഏഴു വയസ്സുകാരി ബിബിയാനയും ഒരു വയസ്സിനു ഇളപ്പമായ സഹോദരി  ബെലോനേഷ്യയും. മുത്തശ്ശി ഡോനാനയുടെ കര്‍ശന വിലക്ക് മറികടന്നു അവരുടെ മുറിയില്‍ കടക്കുന്ന ഇരുവരും കണ്ടെത്തുന്ന ആനക്കൊമ്പ് പിടിയും വെട്ടിത്തിളങ്ങുന്ന ബ്ലേഡുമുള്ള കത്തി രക്തപങ്കിലമായ ഒരു തുടക്കം നല്‍കും ഇതിവൃത്തത്തിന്. നോവിന്‍റെ ഗതിയില്‍ നിര്‍ണ്ണായകമാകുന്ന  നിഷേധവാസനയും ഒപ്പം കുട്ടിത്തത്തിന്‍റെ സഹജമായ കൗതുകവും കലര്‍ന്ന ഒരു പരീക്ഷണത്തില്‍ മൂത്തവള്‍ക്ക് ഭാഗിക സംസാര ശേഷി നഷ്ടപ്പെടും. ഇളയവളുടെ നാവു മുറിഞ്ഞുപോകും. ഇനിയങ്ങോട്ട് ഇരുവരും  ‘ഒരൊറ്റ നാവു പങ്കുവെക്കും.  സമൂഹത്തില്‍ സാമാന്യം നിലയും വിലയുമുള്ള കുടുംബമാണ് അത്. സെക്കാ ചാപ്പോ ഗ്രാന്‍റെ എന്ന പിതാവ് ‘ഹീലര്‍’ ആണ്: നാട്ടു വൈദ്യനും മന്ത്രവാദിയും.  സമൂഹത്തില്‍ വേരുരപ്പിച്ച ആഫ്രോ-ബ്രസീലിയന്‍ മതമായ ‘ജാരെ’ (Jaré)  വിശ്വാസക്രമത്തിന്‍റെ പുരോഹിതനുമാണ് അയാള്‍. ഹീലര്‍ എന്ന നിലയില്‍ അച്ഛന്‍ വീട്ടില്‍ നടത്തുന്ന ബാധയൊഴിപ്പിക്കല്‍ കണ്ടുകൊണ്ടാണ് ഇരട്ടകള്‍ വളരുന്നത്‌. പോര്‍ച്ചുഗീസ് വംശജരായ പിസോതോ കുടുംബംത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫാമില്‍ കുടുംബത്തോടൊപ്പം എത്തിപ്പെടും മുമ്പ് സ്വന്തം ജീവിതത്തിലും ബാധയൊഴിപ്പിക്കലിനു വിധേയനായ യൗവ്വനകാലം സെക്കാക്ക് ഉണ്ടായിരുന്നു. വിധി തെളിച്ച വഴിയില്‍ സമൂഹത്തിലെ ‘ഹീലര്‍’ – (വൈദ്യ, മാന്ത്രിക/ന്‍) ആകാന്‍ വിസമ്മതിച്ച അമ്മ ഡോനാനയുടെ ചെയ്തിഭ്രാന്ത് എന്ന ശാപത്തിലേക്ക് മകനെ എത്തിച്ചു. ഒരു പുള്ളിപ്പുലിയെ പോലെ നഗ്നനും വന്യനുമായി കഴിഞ്ഞ ഭൂതകാലമായിരുന്നു അത്. നോവലിലെ മാജിക്കല്‍ റിയലിസ്റ്റ് ആഖ്യാനഗതി ഏറ്റവും വ്യക്തമാകുന്ന ഭാഗങ്ങളാണ് സെക്കായുടെ പുരാവൃത്തം. ഡോക്റ്റര്‍ ഹൃദയ മിടിപ്പ് ശ്രവിക്കുന്ന പോലെ പരീക്ഷണ ഘട്ടങ്ങളില്‍ മണ്ണിന്‍റെ ആഴങ്ങളിലെ മിടിപ്പിനു ചെവിയോര്‍ക്കുന്ന സെക്കാ ചാപ്പോയില്‍, പോകെപ്പോകെ, പ്ലാന്‍റെഷന്‍ ഓവര്‍സിയര്‍ക്കും തൊഴിലാളികള്‍ക്കും ഇടയിലെ മധ്യസ്ഥനാവുകയെന്ന ദൗത്യവും വന്നുചേരും. അമ്മ സലൂസ്റ്റിയാന നിക്കൊലോ എന്ന സലൂനാട്ടിലെ വയറ്റാട്ടിയാണ്. ചാപ്പിള്ളകളായി രണ്ടുപേരും ചെറുപ്പത്തിലേ മരിച്ച രണ്ടുപേരും കൂടാതെ നാലുമക്കള്‍ ജീവിച്ചിരിപ്പുണ്ട്. നിഗൂഡമായ പൂര്‍വ്വ കാലത്തിനുടമയായ മുത്തശ്ശി ഡോനാന, ഇതിഹാസമാനമുള്ള ദുരന്തങ്ങള്‍ അനുഭവിച്ചു തീര്‍ത്തവരാണ് എന്ന് വെളിപ്പെടാന്‍ നോവലന്ത്യം വരെ വായനക്കാര്‍ കാത്തിരിക്കുകയും വേണം. മൂന്നു തവണ വിധവയായവള്‍പന്ത്രണ്ടു മക്കളെ പ്രസവിച്ചവള്‍കൊടിയ ഭ്രാന്തിന്‍റെ നിലയില്ലാ കയത്തില്‍ നിന്ന് മകനെ മോചിപ്പിച്ചെടുക്കുന്നവള്‍ - എന്നാല്‍ദുരൂഹമായി കാണാതായ / ഓടിപ്പോയ പന്ത്രണ്ടു വയസ്സുകാരിയായ മകള്‍ കാര്‍മ്മലീറ്റയെ  ഇന്നും വേദനയോടെ ഓര്‍ത്തിരിക്കുന്നവള്‍. മകന്‍ സെക്കാക്ക് ഹീലര്‍ സിദ്ധികള്‍ പകര്‍ന്നു നല്‍കുന്നതും ഡോനാനയാണ്. പേരക്കിടാങ്ങള്‍ക്ക് താന്‍ മൂലം വന്നുപെട്ട ദുര്‍ഗ്ഗതി അവരെ വേട്ടയാടും. പുഴയുടെ കൈകളില്‍ ഒരു ജന്മത്തിന്‍റെ ഭാരം ഇറക്കിവെക്കാന്‍ അതും കൂടിയാവാം അവരെ പ്രേരിപ്പിക്കുന്നതും. പ്ലാന്‍റെഷന്‍ ജീവിത ദുരന്തങ്ങളുടെയും പെണ്‍സഹനത്തിന്‍റെയും ആകത്തുകയായ, ആഫ്രിക്കന്‍ - കരീബിയന്‍ നോവലുകളില്‍ മുന്‍ഗാമികളെയും പിന്‍ഗാമികളെയും കണ്ടെത്താനാകുന്ന അത്തരം ഒരു കഥാപാത്രത്തിന് വേണ്ടത്ര ഇടം നോവല്‍ അനുവദിച്ചിട്ടില്ല എന്നൊരു നൈരാശ്യം ഈ ലേഖകന് അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ ഗംഭീര പാരമ്പര്യങ്ങളൊന്നും കുടുംബത്തിന്‍റെ ഭൗതിക സാഹചര്യം സമൂഹത്തില്‍ ഏതെങ്കിലും വിധത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ സഹായിക്കുന്നില്ല.

മൂന്നു അധ്യായങ്ങളായി മൂന്നു ആഖ്യാതാക്കളിലൂടെ അവതരിപ്പിക്കപ്പെടുന്ന നോവലില്‍ ആദ്യ ഭാഗമായ ‘വാള്‍ത്തലപ്പ്’ (Edge of the Blade) ആഖ്യാതാവ് ബിബിയാനയാണ്‌. സര്‍വോ അമ്മാവനും ഹെര്‍മലിന അമ്മായിയും ആറു മക്കളും പ്ലാന്‍റെഷനില്‍ എത്തുന്നതോടെ യൂണിയന്‍ ആക്റ്റിവിസ്റ്റായ മൂത്തവന്‍ സിവേറോ, ബിബിയാനയില്‍ പ്രണയം അങ്കുരിപ്പിക്കുന്നുണ്ട്. അനാവശ്യമായ ഒരു അസൂയയുടെ തള്ളിച്ച അവളെ ബെലോനേഷ്യയില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും അകറ്റുകയും ചെയ്യും. ഗര്‍ഭിണിയാകുന്ന ബിബിയാനസിവേറോയോടൊപ്പം പട്ടണത്തിലേക്ക് പോകുംവരെയാണ് നാം അവളുടെ ആഖ്യാനം പിന്തുടരുന്നത്. തുടര്‍ന്ന് രണ്ടാം ഭാഗമായ ‘വക്രമായ കലപ്പ’ ( Crooked Plow’) ബെലോനേഷ്യയുടെ ആഖ്യാനമാണ്. അധ്യാപന പരിശീലനം പോലുള്ള സ്വപ്നങ്ങളുള്ള ബിബിയാനക്ക് പട്ടണം ആകര്‍ഷണമാണെങ്കില്‍, ആഫ്രിക്കന്‍ ആത്മലോക (encantados) വിശ്വാസങ്ങളില്‍ മുഴുകുന്ന ബെലോനേഷ്യക്ക് അത്തരം സാന്നിധ്യങ്ങളുടെ വിഹാര രംഗം കൂടിയായ ഗ്രാമീണ ജീവിതം തുടരണം. അവളുടെ പിതാവ് ഇതേ സാന്നിധ്യങ്ങളെ ചികിത്സാ കാര്യത്തിനായി ഉപയോഗിക്കും: “വിഭജിത ആത്മാവിന്‍റെ രോഗങ്ങള്‍ - എങ്ങനെയോ തങ്ങളുടെ കഥകള്‍ നഷ്‌ടമായ മനുഷ്യര്‍ഓര്‍മ്മകള്‍ നഷ്ടമായവര്‍തങ്ങളില്‍ നിന്നുതന്നെ വേര്‍പിരിക്കപ്പെട്ടവര്‍”. അതേസമയംപ്ലാന്‍റെഷനിലെ ജീവിതത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അധിക പ്രഹരമായ ഗാര്‍ഹിക പീഡനങ്ങളുടെ ചിത്രങ്ങളും അവക്കെതിരെ ബെലോനേഷ്യ നടത്തുന്ന തുറന്ന യുദ്ധവും  ഏറ്റവും സമൂര്‍ത്തമായി ആവിഷ്കരിക്കുന്നതും ഈ ഭാഗത്താണ്. മരിയ കബോക്ല എന്ന അകാല വാര്‍ദ്ധക്യം ബാധിച്ച മുപ്പതുകാരിയുടെ ജീവിതം അവളും പറക്കമുറ്റാത്ത മക്കളും മുഴുക്കുടിയനായ ഭര്‍ത്താവിന്‍റെ കയ്യില്‍ നിന്ന് ദിനേന നേരിടേണ്ടി വരുന്ന കയ്യേറ്റങ്ങളില്‍ കരിഞ്ഞുണങ്ങുന്നത്തന്റേടിയും പോരാളിയുമായ ബെലോനെഷ്യക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. മുത്തശ്ശിയുടെ കത്തിയുമായി അവള്‍ കനത്തൊരു ഭീഷണിയോടെ അതിനൊരു താല്‍ക്കാലിക വിരാമം കണ്ടെത്തുമെങ്കിലും, മക്കളുടെ പട്ടിണിക്കു മുന്നില്‍ തന്‍റെ പീഡന കാണ്ഡത്തിലേക്ക് തിരിച്ചു പോകുന്ന മരിയഅത് നിഷ്ഫലമാക്കും. അതാ സമൂഹത്തിലെ സ്ത്രീയുടെ വിധിവിഹിതമാണ്. സ്വന്തം വിവാഹ ജീവിതത്തിലും സ്നേഹപൂര്‍ണ്ണമായ ആദ്യനാളുകള്‍ക്കു പിറകെ പതിവു പുരുഷ രീതികളിലേക്ക് മടങ്ങുന്ന ടോബിയാസിനെ അതേ നാണയത്തില്‍ ബെലോനേഷ്യ കൈകാര്യം ചെയ്യുന്നുണ്ട്. തന്‍റെ പിതാവും സഹോദരനും നയിച്ച സമത്വപൂര്‍ണ്ണമായ കുടുംബ ജീവിതങ്ങള്‍ നിയാമകമല്ലെന്നുംഅവ അത്യപൂര്‍വ്വ മാതൃകകള്‍ മാത്രമാണെന്നും ബെലോനേഷ്യ മനസ്സിലാക്കുന്നു. 

ആഗുവാ നെഗ്രയുടെ സ്ഥാപകര്‍മൂന്നു പേരാണ് -സാറ്റെര്‍നിനോ, ഡോമിയാനോ, സെക്കാ. സാറ്റെര്‍നിനോയുടെ മക്കള്‍ ക്രിസ്പിനയും ക്രിസ്പിനിയാനയുമാണ് ഒരേപോലുള്ള ഇരട്ടകളാണ്-പ്ലാന്‍റെഷനിലെ അത്തരം ഏക ജോഡി. സഹോദരി തന്‍റെ കാമുകനോടൊപ്പം ശയിക്കുന്നത്‌ കാണുന്നതിനെ തുടര്‍ന്ന് മുഴു ഭ്രാന്തിലേക്ക് കൂപ്പുകുത്തുന്ന ക്രിസ്പിനയെ ചികിത്സിക്കുന്നത് സെക്കായാണ്. സെക്കായുടെ പൂര്‍വ്വ കാലംക്രിസ്പിനയുടെ ഭ്രാന്ത്, മക്കളില്‍ നിന്നു പിരിക്കപ്പെടുന്ന അമ്മമാരുടെ മാനസികത്തകര്‍ച്ച തുടങ്ങിയവ പ്ലാന്‍റെഷനില്‍ സാധാരണമായ ദുരവസ്ഥയുടെ കൂടി ചിഹ്നമാണ്. ‘ആത്മാവിന്‍റെ രോഗങ്ങള്‍’ (‘maladies of the spirit’) എന്ന് സെക്കാ അതിനെ വിശദീകരിക്കും.

ബിബിയാനയും ബെലോനെഷ്യയും അവരുടെ ആഖ്യാനങ്ങള്‍ നിര്‍വ്വഹിച്ചു കഴിയുമ്പോള്‍മൂന്നാം ഭാഗം ‘ചോരപ്പുഴ (‘River of Blood’) ആഖ്യാനം നടത്തുന്നത് എല്ലാമറിയുന്ന (omniscient narrator) ഒരു ആത്മസാന്നിധ്യമാണ് – ‘സാന്റാ റീറ്റ എന്ന മുക്കുവസ്ത്രീ’ (Santa Rita the Fisherwoman) എന്ന ഈ ആത്മസാന്നിധ്യം നോവലില്‍ മുമ്പേ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സെവേറോയെ പോലുള്ളവരുടെ ആത്മത്യാഗത്തിന്‍റെ സത്യവും അനിവാര്യതയും വെളിപ്പെടുന്നതും സാന്റാ റീറ്റയുടെ വാക്കുകളിലാണ്:

“യജമാനന്മാര്‍ അടിമകളെ ശിക്ഷയുടെ ഭാഗമായി കെട്ടിത്തൂക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് . ഒരു ഡയമണ്ട് മോഷ്ടിച്ചതിന് കൈകൾ വെട്ടിക്കളയുന്നത്. അടിമയായി തുടരാൻ മടിച്ചു സ്വയം തീവെച്ച ഒരു സ്ത്രീയെ ഞാൻ സഹായിച്ചിട്ടുണ്ട് . സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെ അവർ അടിമത്തത്തിലേക്ക് പിറക്കാതിരിക്കാനായി ഗര്‍ഭപാത്രത്തിൽ നിന്ന് പറിച്ചെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് , ഇതിന്‍ഫലമായി ആ സ്ത്രീകളിൽ പലരും മരിക്കും. വിറ്റു കളയുന്ന മക്കളിൽ നിന്ന് വേർപെടുത്തപ്പെട്ട സ്ത്രീകൾ ഭ്രാന്തികളായിപ്പോകുന്നത് ഞാൻ കണ്ടിട്ടുണ്ട് . പതിവായി കറുത്ത സ്‌ത്രീകളോടൊപ്പം കിടക്കുകയും അതിനുശേഷം തന്നെ കാമത്തിനു കീഴടക്കിയെന്ന ദുഷ്ടതയില്‍നിന്ന് സ്വയം  ദണ്ഡനം ചെയ്യാനെന്നോണം അവരെ തല്ലിക്കൊന്ന ശേഷം നടന്നു പോകുകയും ചെയ്യന്ന യജമാനന്‍റെ ക്രൂരത ഞാൻ ഓർക്കുന്നു. ഒരു ഉടമ തന്‍റെ ബോട്ടിന്‍റെ ചോര്‍ച്ചയടക്കാന്‍ ഒരടിമയെ വിടവില്‍ തിരുകിക്കയറ്റിയത് ഞാന്‍ കണ്ടു. ബോട്ട് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിഅടിമ അതിനകത്ത് മുങ്ങിമരിച്ചിരുന്നു. വരള്‍ച്ചക്കാലങ്ങളില്‍ ആണുങ്ങളും പെണ്ണുങ്ങളും തങ്ങളുടെ തുണ്ടുഭൂമി ഒരു ബാഗ് പയറിന്അല്ലെങ്കില്‍ ഒരു കഷണം ബീഫിന്പകരം വില്‍ക്കുന്നത് ഞാന്‍ കണ്ടുകാരണം അവര്‍ക്ക് ഇനിയും വിശപ്പ്‌ സഹിക്കാന്‍ വയ്യായിരുന്നു. സെവേറോ കൊല്ലപ്പെട്ടത് അയാള്‍ തന്‍റെ സമൂഹത്തിനു വേണ്ടി പോരാടിയത് കൊണ്ടായിരുന്നുഅവരുടെ ഭൂമിക്കു വേണ്ടി..”

സെവേറോയുടെ രക്തസാക്ഷിത്തത്തെ തുടര്‍ന്ന് ബിബിയാന അതേ ദൗത്യത്തിലേക്ക് സ്വയം ഉയരുന്നതാണ് കുടിയാന്‍ ജനതയുടെ പ്രതിഷേധ ജ്വാലകള്‍ ആളിക്കത്തിക്കുന്നതിലും പോരാട്ടത്തിനു മൂര്‍ത്തമായ ചെറുത്തുനില്‍പ്പിന്‍റെ സ്വഭാവം കൈവരുന്നതിലും എത്തിച്ചേരുക. അധ്യാപക പരിശീലനം കഴിഞ്ഞു തിരികെയെത്തുന്ന ബിബിയാനപ്ലാന്‍റെഷനിലെ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതും  മാറ്റങ്ങളുടെ നാന്ദിയാണ്. സാന്റാ റീറ്റ മാറിമാറി പരകായങ്ങള്‍ നടത്തുന്നുണ്ട്: സ്വയം പാതിവനിതയും പാതി മത്സ്യവുമായും മറ്റും അത്തരം പരകായങ്ങള്‍ നടത്തുന്ന തദ്ദേശീയയായ നിഗൂഡ വനിത മിയൂദബിബിയാനബെലോനേഷ്യ തുടങ്ങിയവരിലേക്കൊക്കെ അത് പടരുന്നു. സാന്റാ റീറ്റയുടെ ആഖ്യാനത്തില്‍ തന്നെയാണ് ഡോനാനാ മുത്തശ്ശിയുടെയും നിഗൂഡ വാളിന്‍റെയും കഥകളും ചുരുളഴിയുക. അതിലൊരു മാതാവിന്‍റെ നിസ്സഹായതയുണ്ട്; തന്‍റെ ജനതയെ ഊറ്റിക്കുടിച്ചു തഴച്ചവരെ മോഷ്ടിക്കുന്നതില്‍ കുറ്റബോധം അശേഷം വേണ്ടെന്ന അടിമത്ത/ കൊളോണിയല്‍ വിരുദ്ധ നിലപാടിന്‍റെ ആര്‍ജ്ജവമുണ്ട്‌; കുഞ്ഞുമകളെ പീഡിപ്പിച്ച മൂന്നാം ഭര്‍ത്താവിനെ രാവിന്‍റെ മറവില്‍ രക്തബലികൊണ്ട് പുഴയാഴങ്ങളില്‍ മറവു ചെയ്യുന്ന ക്രൗര്യമുണ്ട്; ഒടുവില്‍തന്‍റെ അശ്രദ്ധയുടെ രൂപത്തില്‍ അരുമയായ പേരക്കിടാങ്ങള്‍ക്ക് സംഭവിച്ചതെന്തോ അതിനെ തന്‍റെ ചെയ്തികള്‍ക്കുള്ള ദൈവകോപമായി തിരിച്ചറിഞ്ഞു നടത്തുന്ന സ്വജീവന്‍ കൊണ്ടുള്ള പ്രായശ്ചിത്തവുമുണ്ട്. ഡോനാന മുത്തശ്ശി സ്വയമൊരു ഇതിഹാസമാനമുള്ള കഥാപാത്രമാണ്.

ബ്രസീല്‍ അതിന്‍റെ മഹാനഗരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അതിന്‍റെ ഗ്രാമീണ ഭൂപ്രദേശങ്ങളും  ഭൂമിയുടെ മേലുള്ള ഉടമസ്ഥത സംബസ്ന്ധിച്ച തര്‍ക്കങ്ങളുമാണ് അതിന്‍റെ ചരിത്രത്തിന്‍റെ സിംഹഭാഗത്തെയും നിര്‍ണ്ണയിച്ചത്. ആഫ്രോ-ബ്രസീലിയന്‍ അടിമകളുടെ പിന്‍ഗാമികളായ സമൂഹങ്ങളുടെ രാഷ്ട്രീയ ശബ്ദമില്ലായ്മയാണ് അവരുടെ അടിമത്തംനിയമം മൂലം നിരോധിക്കപ്പെട്ടതിനു ശേഷവും തുടരാന്‍ ഇടവരുത്തിയതും. ഈ ശബ്ദമില്ലായ്മയുടെ പ്രതീകമാണ്‌ ബെലോനേഷ്യയുടെ നാവുനഷ്ടം. അതുതന്നെയാണ് തലക്കെട്ടിലെ ‘വക്ര കലപ്പയുയും:

“എന്‍റെ സ്വരം ഒരു വക്രമായ കലപ്പയായിരുന്നുവികലമായത്ഭൂമിയെ ഊഷരവും തരിപ്പണമാക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതും ആക്കാന്‍ കഴിയും വിധം മണ്ണില്‍ ആണ്ടുപോകുന്നത്.”

ബെലോനെഷ്യയുടെ മുന്‍ ഗാമികളായി,  ഗ്രീക്ക് പുരാണത്തിലെ ഫിലോമേലയുടെ കഥ മുതല്‍ അപ്രകാരം നിശ്ശബ്ദരാക്കപ്പെടുന്ന സ്ത്രീകളുടെ ഇതിഹാസങ്ങള്‍ സാഹിത്യത്തില്‍ ഒട്ടേറെ ഉണ്ടെന്നും അത് പല വിതാനങ്ങളില്‍ വായിച്ചെടുക്കാവുന്ന അനുഭവമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു *(3).  ബെലോനേഷ്യയുടെ നാവെടുക്കുന്ന വാള്‍ തന്നെ സ്ത്രീകള്‍ക്കു നേരെ ഉയരുന്ന കൊടിയ അക്രമങ്ങള്‍ക്കുള്ള പ്രതികാര ആയുധവും ആയിത്തീരുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലിലുണ്ടല്ലോ.

സമകാലിക ബ്രസീലാണ് നോവലിന്‍റെ പശ്ചാത്തലമെങ്കിലും ബിബിയാനയുടെയും ബെലോനെശ്യയുടെയും കഥ പഴയൊരു കാലത്തിന്‍റെതുമാകാം. തങ്ങളുടെ പൂര്‍വ്വികരുടെ അടിമത്തത്തെ ഓര്‍മ്മിപ്പിക്കുന്ന സാഹചര്യങ്ങളില്‍ തന്നെയാണ് ഇന്നുംകുടിയാന്‍/ കര്‍ഷക തൊഴിലാളി ജീവിതം. “ആഗുവാ നെഗ്രയുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന രഹസ്യ രക്തം ദുരിതമായിരുന്നു” എന്ന് നോവലിസ്റ്റ് എഴുതുന്നു. കാലിക വ്യത്യാസങ്ങള്‍ അപ്രസക്തമാക്കുന്ന ഈ അവസ്ഥ വിശകലനം ചെയ്യുന്നതിലൂടെ, വംശീയതയുടെയും കൊളോണിയല്‍ വിവേചനങ്ങളുടെയും അടിയൊഴുക്കുകളാണ് നോവല്‍ അനാവരണം ചെയ്യുന്നത്; ഒപ്പംഎങ്ങോട്ടും പോകാന്‍ ഇടമില്ലാത്തപ്പോള്‍ ‘സ്വാതന്ത്ര്യം തന്നെയും വെറും പാഴ്വാക്കാണ് എന്ന് അടിവരയിടുകയും ചെയ്യുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ അടിച്ചേല്‍പ്പിക്കപ്പെട്ട മൗനത്തിന്‍റെ പ്രതീകമാണ്‌ ബെലോനെഷ്യയുടെ സംസാരശേഷി നഷ്ടം. നോവലിന്‍റെ ആഖ്യാനം മുഴുവനായും സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് എന്നതുതന്നെയും പെണ്‍തിരിച്ചറിവിന്‍റെ കണ്ടെടുപ്പായി കാണണം – മൃഗീയ ഭാവമുള്ള പിതാക്കളെയും സഹോദരങ്ങളെയും ഭര്‍ത്താക്കന്മാരെയുമല്ല ഇനിയും കേള്‍ക്കേണ്ടത് എന്ന പുരുഷനായ എഴുത്തുകാരന്‍റെ പ്രഖ്യാപനം. ഒട്ടും സംഭാഷണ പ്രധാനമല്ലാത്ത നോവലില്‍ സംഭവ പരമ്പരകളുടെ ആഖ്യാനമാണ് മൂന്നു ആഖ്യാതാക്കളും നടത്തുന്നത്. ആത്മസാന്നിധ്യങ്ങള്‍ (encantados) ഭൗതിക മണ്ഡലത്തില്‍ ഇടപെടുകകയും അതിനു കൃത്യമായ ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന നോവലില്‍ സോഷ്യല്‍ റിയലിസത്തിന്‍റെയും മാജിക്കല്‍/ മിസ്റ്റിക് റിയലിസത്തിന്‍റെയും മനോഹരമായ മിശ്രിതം കണ്ടെത്താനാകും. ഇത് ബ്രസീലിയന്‍ കഥാഖ്യാന പാരമ്പര്യത്തോട് ചേര്‍ന്ന് പോകുകയും പ്രഥമ നോവലിലൂടെത്തന്നെ നോവലിസ്റ്റിനെ ഹോര്‍ഹെ അമാദുഗ്രസീലിയാനോ റാമോസ്ഹോസെ ലിനസ് ഡോരേഗോ, ഹുവാവോ ഗിമറായെസ് റോസാ തുടങ്ങിയ ബ്രസീലിയന്‍ സാഹിത്യകുലപതികളുടെ നിരയിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.  വടക്കു കിഴക്കന്‍ ബ്രസീലിലെ ആഫ്രിക്കന്‍ വംശജരുടെ ഇന്നും തുടരുന്ന ദയനീയമായ അവസ്ഥയെ കുറിച്ച് ഗവേഷണം നടത്തിയ വിയേറയുടെ ശൈലിയില്‍ പ്രസ്തുത അക്കാദമിക ഗദ്യമല്ല മുദ്ര പതിപ്പിക്കുന്നത് , മറിച്ച്ബ്രസീലിയന്‍ ഉള്‍പ്രദേശ (sertão) ശൈലിയും പുരാതന കഥാഖ്യാന രീതികളും ആത്മ സാന്നിധ്യങ്ങളുമാണ് *(4). പുസ്തകത്തിന്‍റെ  ഇംഗ്ലീഷ് പതിപ്പിന് നല്‍കപ്പെട്ടിരിക്കുന്നതെറ്റിദ്ധരിപ്പിക്കുംവിധം പ്രസന്നമായ പുറംചട്ടഒരര്‍ത്ഥത്തില്‍ നോവലിന്‍റെ തീക്ഷണ പ്രമേയങ്ങളെ വിപരീതത്തില്‍ പൊലിപ്പിക്കുന്നു എന്നു പറയാം. കുറെയേറെ സുപ്രധാന പുരസ്കാരങ്ങള്‍ നേടുകയും അനേകം വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്തിട്ടുള്ള നോവല്‍ ഇംഗ്ലീഷില്‍ എത്തിച്ച ജോണി ലോറെന്‍സ്മനോഹരമായാണ് ഇത് നിര്‍വ്വഹിച്ചിരിക്കുന്നത് എന്ന് നിരൂപക മതം.

References:

(1). (Jimin Kang. ‘In Brazil, a Best-Selling Novel Confronts the Brutal Afterlife of Slavery’, The Nation, OCTOBER 25, 2023, https://www.thenation.com/article/culture/crooked-plow-itamar-vieira-junior/).

(2). https://www.kirkusreviews.com/book-reviews/itamar-vieira-junior/crooked-plow/

(3). (Laura Garmeson. ‘Laura Garmeson reviews Crooked Plow by Itamar Vieira Junior’. Asymptote© 2024, https://www.asymptotejournal.com/criticism/itamar-vieira-junior-crooked-plow/).

(4). (Angel Gurría-Quintana. ‘Crooked Plow by Itamar Vieira Junior — the lost voices’, Financial Times, 20.07.2023).

read more:

The Dew Breaker by Edwidge Danticat

https://alittlesomethings.blogspot.com/2024/09/the-dew-breaker-by-edwidge-danticat.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

Half Blood Blues by Esi Edugyan

https://alittlesomethings.blogspot.com/2024/08/half-blood-blues-by-esi-edugyan.html

The Last Brother by Nathacha Appanah

https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html

Wandering Star by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Desert+by+J.M.G.+Le+Cl%C3%A9zio