Featured Post

Friday, July 18, 2025

Louise Glück : Three Poems Translation

 

നോബേല്‍ സമ്മാനം നേടിയ കവിയുടെ മൂന്നു കവിതകള്‍ -

മൊഴിമാറ്റം: ഫസല്‍ റഹ്മാന്‍







മുങ്ങി മരിച്ച കുഞ്ഞുങ്ങള്‍

-ലൂയിസ് ഗ്ലക്ക്

നോക്കൂ, വിവേക ചിന്തയില്ലവര്‍ക്ക്.

അതിനാലവര്‍ മുങ്ങിത്താഴ്കയെന്നതും ന്യായം.

ആദ്യമാ മഞ്ഞുപാളികള്‍ ചേര്‍ത്തണക്കുമവരെ

ശൈത്യം മുഴുവനാ കമ്പിളി സ്കാര്‍ഫുകള്‍

പൊങ്ങിനില്‍ക്കും, താഴ്ന്നുപോണോര്‍ക്കു പിമ്പേ,

പിന്നീയെല്ലാം ശാന്തം.

പൊയ്ക,യതിന്നിരുണ്ടതാം ബഹുഭുജങ്ങളില്‍ താങ്ങിയെടുക്കു,മവരെയപ്പോള്‍.

 

എങ്കിലും മൃത്യു വെവ്വേറെയായ് വരേണ,മവരിലേക്ക്,

ആദിയോടത്രക്കടുത്ത്.

അവരെന്നു,മന്ധരും ഭാര

രഹിതരുമെന്ന പോല്‍. ആകയാ-

ലെല്ലാം കനവായ് കണ്ടത്, ചെരാത്, 

മേശവിരിയാം തൂവെള്ള വസ്ത്രം,

അവര്‍ തന്നുടല്‍.

 

എന്നിട്ടുമവര്‍ കേള്‍പ്പൂ പതിവാം പേരുകള്‍

പൊയ്കത്തടത്തില്‍,ത്തെന്നും ചൂണ്ട പോല്‍:

എന്തേ കാത്തുനില്‍പ്പൂ നീ,

വരിക, വരിക, വീട്ടിലേക്ക്, വഴിതെറ്റി

ജലരാശിയില്‍, നീലയാം, നിതാന്തമായ്. 

 

(Descending Figure (1980) എന്ന സമാഹാരം കുഞ്ഞുങ്ങളുടെ മരണം എന്ന പ്രമേയത്തെ സവിശേഷമായി സമീപിക്കുന്നു. ഒരു യുവ മാതാവെന്ന നിലയില്‍ ഇതെഴുതിയ കാലത്ത് തന്റെ കുഞ്ഞിനെ നഷ്ടപ്പെടുകയെന്ന ഭയം കവിയെ മഥിച്ചിരുന്നു. “The Drowned Children” എന്ന ഈ കവിതയില്‍ മാതൃത്വത്തിന്റെ സംരക്ഷക വലയമില്ലാത്ത അജ്ഞാതരായ കുഞ്ഞുങ്ങളുടെ മുങ്ങിമരണത്തെ സ്വാഭാവികമായികാണുന്നുണ്ടോ? ഇരുണ്ട, അനുതാപമില്ലാത്ത പൊയ്ക അവരെ അവഗണിക്കുന്ന മാതൃത്വം തന്നെയോ? അതോ, അവസാന വരികളില്‍ സൂചിതമാകും പോലെ, അപ്പോഴും അവര്‍ തിരികെയെത്തുമെന്ന പ്രതീക്ഷയാണോ, മാതൃ സാന്നിധ്യം?)

 

 

  പര്‍വ്വതം

-ലൂയിസ് ഗ്ലക്ക്

എന്‍ പഠിതാക്കള്‍ നോക്കുന്നുവെന്നെ, പ്രതീക്ഷാനിര്‍ഭരം.

വിവരിക്കുന്നു ഞാന്‍, കലാജീവിതമെന്നാല്‍

നിതാന്ത ശ്രമത്തിന്‍ ജീവിതം. ഭാവമാറ്റ

മൊട്ടുമില്ലവരില്‍; അറിയണമവര്‍-

ക്കിത്തിരിക്കൂടിയാ നിതാന്ത ശ്രമത്തെ.

ചൊല്ലുന്നൂ ഞാ,നതിനാല്‍ സിസിഫസിന്‍ കഥ,

എങ്ങനാണയാള്‍ ശപ്തനായീ, യുരുട്ടിക്കയറ്റാ-

നൊരു ശില, മലയിലേക്ക്, നേടില്ലൊന്നുമി-

പ്പണികൊണ്ടെന്നു,മെങ്കിലും

തുടരുമിതു താനെന്നയറിവോടെ,

യതനന്തമായ്. പറയുന്നു ഞാന്‍

ഉണ്ടിതിലാനന്ദം, കലാ ജീവിതത്തില്‍,

അതൊന്നേ പിടിതരില്ലൊരു

വിധികല്‍പ്പനക്കും, മൊഴി തുടര്‍കിലും ഞാന്‍

തള്ളുകയാ,ണൊരു ശില, രഹസ്യമായ്,

ഗോപ്യമായ് തള്ളുന്നു, ചെങ്കുത്താം

മലയിലേക്ക്. എന്തിനെന്റെയീ കള്ള-

മീ കുട്ടികളോട്? കേള്‍ക്കുകയല്ലവര്‍,

വഞ്ചിതരല്ലവര്‍, വിരലാല്‍

താളമിട്ടിരിപ്പാണവര്‍ മരമേശമേല-

തിനാല്‍ ഞാന്‍ ചുരുക്കുന്നൂ

പുരാണം; പറയുന്നൂ ഞാനതു

സംഭവിപ്പതാത്മ ലോകത്തല്ലോ,

കവിയസത്യമല്ലോ പറയുന്ന,തെന്തെന്നാല്‍

അവിടെയാ പര്‍വ്വതാഗ്രത്തില്‍ കണ്ടെത്തും

നേട്ടത്തിലല്ലോ കണ്ണയാള്‍ക്ക,

വിടയാള്‍ക്കുണ്ടനശ്വര വാസ മോഹം,

തന്‍ ഭാരത്താല്‍ മറ്റൊന്നാവു-

മൊരിടം: ഓരോ ശാസ്വവു-

മെത്തിക്കുന്നെന്നെയാ പര്‍വ്വതാഗ്രത്തില്‍.

എന്നിരുകൈകളും സ്വതന്ത്രം. ശിലയോ പെരുക്കുന്നു

മലതന്നുയരത്തെ.

 

(The Triumph of Achilles (1985), എന്ന സമാഹാരത്തില്‍ നിന്നുള്ള കവിതയാണ് The Moutain. പ്രണയം പോലുള്ള ഭാവഗീത വിഷയങ്ങള്‍ സ്വീകരിക്കുമ്പോഴും ബിബ്ലിക്കല്‍, ക്ലാസിക്കല്‍ ബിംബ കല്‍പ്പനയും മിത്തുകളും സ്വീകരിക്കുന്ന രീതി ഈ സമാഹാരത്തിലെ കവിതകളിലൂടെയാണ് കവി തുടങ്ങിവെക്കുന്നത്. ആത്മകഥാംശമുള്ള അനുഭവങ്ങള്‍ക്ക് സാര്‍വ്വ ജനീനത നല്കാന്‍ മിത്തുവല്‍ക്കരണം കവി ഉപയോഗിക്കുകയാണ്. സിസിഫസ് പുരാണത്തിന്റെ ചുവടുപിടിച്ച് ഒരേ സമയം അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിലെ പരസ്പരം മനസ്സിലാക്കലിന്റെ സങ്കീര്‍ണ്ണതകളും എഴുത്തുകാരിയുടെ സര്‍ഗ്ഗസംതൃപ്തിയുടെ അന്വേഷണവും കവി ആവിഷ്കരിക്കുന്നു.)

 

 

 

ഭത്സനം

-ലൂയിസ് ഗ്ലക്ക്

കാമനേ*, നീയെന്നെ ഒറ്റി.

എന്റെ യഥാര്‍ത്ഥ പ്രണയത്തെ

നീയെന്നിലെത്തിച്ചു.

 

ഒരുയര്‍ന്ന കുന്നില്‍ നീ തീര്‍ത്തു

അവന്റെ തെളിഞ്ഞ നോട്ടം;

നിന്റെ അസ്ത്രത്തോളം 

കഠിനമല്ലായിരുന്നെന്‍ ഹൃദയം.

 

 

സ്വപ്നങ്ങളില്ലെങ്കില്‍

എന്തിനുകൊള്ളാമൊരു കവിയെ?

ഞാനുണര്‍ന്നു കിടക്കുന്നു; അറിയുന്നു

ഉടല്‍സാന്നിധ്യമെന്റെ മേല്‍

എന്നെ നിശ്ശബ്ദമാക്കാനുറച്ച്-

പുറത്ത്, കൂരിരുട്ടില്‍

ഒലിവു മരങ്ങള്‍ക്കു മേല്‍

കുറച്ചു നക്ഷത്രങ്ങള്‍.

 

കടുത്തൊരവമതിയായ് തോന്നുന്നു:

എനിക്കിഷ്ടമാണ് നടക്കാന്‍

തോട്ടത്തിലെ ചുറ്റിവളഞ്ഞ വഴിയിലൂടെ

മെര്‍ക്കുറിത്തുള്ളികള്‍

മിന്നിത്തിളങ്ങുമീ നദിയോരത്തു

നടക്കാന്‍. കിടക്കാനിഷ്ടമാണെനിക്ക്

നദിയോരത്തെ നനഞ്ഞ പുല്ലില്‍,

ഓടിപ്പോകാന്‍, കാമനേ, 

ആരും കാണ്‍കേയല്ല, മറ്റാണുങ്ങള്‍ക്കൊപ്പം

ആരും കാണാതെ, അടക്കിപ്പിടിച്ച് –

 

ജീവിതം മുഴുവന്‍ ഞാന്‍

കപട ദൈവങ്ങളെ ധ്യാനിച്ചു.

മറുതീരത്തെ മരങ്ങളെ

നോക്കി നില്‍ക്കുമ്പോള്‍,

എന്റെ ഹൃദയത്തിലെ അസ്ത്രം

അവയിലൊന്നു പോലെയാണ്.

ആടിയുലഞ്ഞും വിറച്ചും.

 

(*ഫ്രോയ്ഡിയന്‍ മനോവിജ്ഞാനീയത്തിലെ അടിസ്ഥാന സങ്കല്‍പ്പങ്ങളില്‍ ഒന്നായ Eros. ജീവിതോന്മുഖമായ കാമനകള്‍ - പ്രണയം, സര്‍ഗ്ഗാത്മകത, ലൈംഗികത, ആത്മസംതൃപ്തി, തുടങ്ങിയവയെല്ലാം പ്രതിനിധാനം ചെയ്യുന്നു. എറോസിനെ അഭിസംബോധന ചെയ്യുന്ന കവിതയാണ് THE REPROACH. നേടുന്നതിലല്ല, തേടുന്നതിലാണ്; പൂരണത്തിലല്ല, കാമനയിലാണ് സര്‍ഗ്ഗാത്മകത എന്ന വൈരുധ്യം കവിതയില്‍ വായിച്ചെടുക്കാവുന്ന പ്രമേയങ്ങളില്‍ ഒന്നാണ്; ഒപ്പം സുവ്യക്തമായ ഒരു സ്ത്രീ വീക്ഷണവും. The Triumph of Achilles (1985),  എന്ന സമാഹാരത്തില്‍ നിന്നു തന്നെയാണ് ഈ കവിതയും.)

 

 

 

Friday, July 11, 2025

Mario Vargas Llosa

 

യോസ: അധികാരസ്വരൂപങ്ങളുടെ ഭൂപടങ്ങള്‍



(The Time of the Hero, Conversation in the Cathedral, The Feast of the Goat എന്നീ നോവലുകളിലൂടെ അധികാരവും ചെറുത്തു നില്‍പ്പുമെന്ന ദ്വന്ദ്വത്തെ യോസ എങ്ങനെയെല്ലാം സമീപിക്കുന്നു എന്ന് അന്വേഷിക്കുന്നു.)

മാരിയോ വാര്‍ഗാസ് യോസയുടെ ജീവിതകലത്തിനിടെ എകാധിപത്യത്തിനും ജനാധിപത്യത്തിനുമിടയില്‍ അദ്ദേഹത്തിന്‍റെ ജന്മദേശമായ പെറു മാറിമാറി കൊണ്ടിരുന്നത് ഇതരദേശങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലക്ക് അധികാര കൈമാറ്റം നടന്ന അതേ വേഗതയിലാണ്*1. ഏകാധിപത്യം/ സര്‍വ്വാധിപത്യം എന്നിവയുടെ ബദലായിത്തന്നെയാണ് യോസ എഴുത്തിനെ, വിശേഷിച്ചും ഫിക് ഷനെ ഉയര്‍ത്തിപ്പിടിച്ചത്. നോബല്‍ സ്വീകാര പ്രസംഗത്തില്‍, ജീവിതത്തെ ജീവിതാര്‍ഹാമാക്കുന്നതിന് അനിവാര്യമായ സ്വാതന്ത്ര്യത്തെ ഓര്‍മ്മിപ്പിക്കുക ഫിക് ഷനും വായനയും ആണെന്ന്  എടുത്തുപറഞ്ഞ യോസ, അതിന്റെ അഭാവത്തില്‍ ലോകം ഏകാധിപത്യം, തത്വശാസ്ത്രങ്ങള്‍, മതം തുടങ്ങിയവ കൊണ്ട് വീര്‍പ്പുമുട്ടും എന്നും ഓര്‍മ്മിപ്പിച്ചു. തനിക്കൊരു ഒരു ചുരുക്കെഴുത്ത് (epigraph) ആയി എന്താണ് താല്‍പര്യപ്പെടുക എന്ന ചോദ്യത്തിന് യോസ നല്‍കിയ ഉത്തരം ഇതായിരുന്നു: “അയാള്‍ ജീവിതം അതിന്റെ പാരമ്യതയില്‍ ജീവിച്ചു, സാഹിത്യത്തെ മറ്റെന്തിനെക്കാളും സ്നേഹിക്കുകയും ചെയ്തു.”*2

പെറുവിലെ അരെകിപ നഗരത്തില്‍ 1936ല്‍ ജനിച്ച യോസ, സന്തുഷ്ടമായ കുട്ടിക്കാലം അദ്ദേഹത്തിന്‍റെ ഓര്‍മ്മ പുസ്തകത്തില്‍ (A Fish in the Water, 1993) ഓര്‍ത്തെടുക്കുന്നുണ്ട്. അച്ഛന്‍ ഏനെസ്റ്റോ വാര്‍ഗാസ് പിണങ്ങിപ്പോയ ശേഷം അദ്ദേഹം മരിച്ചുപോയി എന്ന വിശ്വാസത്തോടെ അമ്മയോടും കുടുംബത്തോടുമൊപ്പം ബൊളീവിയയില്‍ കഴിഞ്ഞ നാളുകള്‍. യോസക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ അമ്മ, ഭര്‍ത്താവുമായി വീണ്ടും ഐക്യപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ പേടിസ്വപ്ന നാളുകള്‍ ആരംഭിച്ചു. തികച്ചും പീഡനസ്വഭാവിയായ ചൂരല്‍ പ്രേമിയായിരുന്നു അച്ഛന്‍. അമ്മയുടെ കുലീന കുടുംബപശ്ചാത്തലം ‘സാമൂഹിക അപകഷബോധ’മായി അച്ഛനെ വെട്ടയാടിയിരുന്നുവെന്നും ഇത് ഒരു ‘ദേശീയ അസുഖം’ തന്നെയായിരുന്നു എന്നും യോസ എഴുതുന്നു. പതിനാലു വയസ്സുള്ളപ്പോള്‍ ലിമയിലെ മിലിട്ടറി അക്കാദമിയില്‍ ചേര്‍ക്കപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ ആദ്യനോവലിന്റെ (The Time of the Hero, 1962) പ്രചോദനവും പശ്ചാത്തലവും ആയിത്തീര്‍ന്നത്. പതിനാറു വയസ്സുള്ളപ്പോള്‍ ക്രൈം റിപ്പോര്‍ട്ടര്‍ ആയി ജോലി തുടങ്ങിയ യോസ, പത്തൊമ്പതതാം വയസ്സില്‍ തന്നെക്കാള്‍ ഏറെ മുതിര്‍ന്ന ബന്ധുവിനെ വിവാഹം ചെയ്തു ഒളിച്ചോടി. ഹൂലിയ ഓര്‍കീദിയാണ് ‘Aunt Julia and the Scriptwriter’ എന്ന നോവലിന് പ്രചോദനമായതും.

അമ്പതുകളുടെ മധ്യത്തില്‍ യൂണിവേഴ്സിറ്റി കാലത്ത് യോസ കമ്യൂണിസ്റ്റ് സെല്ലുകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെട്ടു. എന്നാല്‍, കാസ്ട്രോ വിപ്ലവത്തോടുള്ള സമീപനത്തില്‍ യോസ പതിയെ തണുത്തു പോയപ്പോള്‍ അടുത്ത സുഹൃത്ത് മാര്‍ക്കേസ് ജീവിതകാലം മുഴുവന്‍ കാസ്ട്രോയോടുള്ള ഊഷ്മള സൗഹൃദം തുടര്‍ന്നു. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം അധ്യാപകനും വിവര്‍ത്തകനും നോവലിസ്റ്റും എല്ലാമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞതാണ് യൂറോപ്യന്‍, അമേരിക്കന്‍ സാഹിത്യത്തോടുള്ള യോസയുടെ താല്പര്യം വളരാന്‍ ഇടവരുത്തിയത്. രാഷ്ട്രീയമായി ഇടതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുള്ള വേറിട്ടുപോക്ക് അദ്ദേഹത്തെ ഒരു ഒറ്റയാനാക്കി. എണ്‍പതുകളില്‍ ഡ്രഗ് ട്രാഫിക്കിംഗ്, അഴിമതി, ഭീകരാക്രമണങ്ങള്‍ തുടങ്ങിയവ കൊണ്ട് നില തെറ്റിയ പെറൂവിയന്‍ ജീവിതത്തെ കുറിച്ച് അദ്ദേഹം എഴുതി: “എന്താണ് ശരിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കല്‍ ശരിക്കും അസാധ്യമായതുകൊണ്ട് നമ്മള്‍ പെറു ജനത, നുണ പറയുകയും, കണ്ടുപിടിക്കുകയും സ്വപ്നം കാണുകയും മിഥ്യയില്‍ അഭയം തേടുകയും ചെയ്യുന്നു.” (The Real Life of Alejandro Mayta, Mario Vargas Llosa 1984). എന്നാല്‍ ഇതെഴുതിയ സന്ദര്‍ഭത്തില്‍ തന്നെയാണ് പ്രായോഗിക രാഷ്ട്രീയത്തിന്റെ ‘രോഗം’ബാധിക്കാന്‍ യോസ സ്വയം വിട്ടുകൊടുത്തു പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് എന്നതില്‍ വൈചിത്ര്യമുണ്ട്. തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ ജയിച്ചു കയറിയ യോസ രണ്ടാം ഘട്ടത്തില്‍ ആല്‍ബെര്‍ട്ടോ ഫുജിമോറിയോട് അടിയറവു പറഞ്ഞു. നാടിനെ സംബന്ധിച്ച് പിന്നീടു കണ്ടത്, പട്ടാള രഹിത ഏകാധിപത്യത്തിന്റെ ഊഴമായിരുന്നു. യോസ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു. ഈ നൈരാശ്യത്തിന്റെ ആഴം Death in the Andes (1993) കാണാം.

 

ലാറ്റിന്‍ അമേരിക്കന്‍ ബൂം

...............

https://www.fazalrahman.com/essays/article/mario-vargas-llosa

 

Wednesday, July 9, 2025

The Feast of the Goat by Mario Vargas Llosa / Edith Grossman

 ഏകാധിപത്യത്തിന്റെ അനാട്ടമി

 



https://www.fazalrahman.com/essays/article/the-feast-of-the-goat-by-mario-vargas-llosa-edith-grossman

 സ്വരുക്കൂട്ടിയ അധികാരത്തിന്റെയും ചെറുത്തുനില്‍പ്പ്‌, വിമര്‍ശനം എന്നിവയുടെ അഭാവത്തിന്റെയും കാരണത്താല്‍ ഭീകര ജന്തുവായി മാറുന്ന ഒരു മനുഷ്യനെ കുറിച്ചുള്ള ഒരു യഥാതഥ ആഖ്യാനം നടത്താന്‍ ഞാന്‍ ആഗ്രഹിച്ചു... ദൈവമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ നിങ്ങള്‍ ചെകുത്താനാകും.” - The Feast of the Goat (2000) എഴുതിയതിനെ കുറിച്ച് – quoted in ‘Mario Vargas Llosa obituary’, by Nick Castor, the Guardian, 14.04.2025

The Time of the Hero, Conversation in the Cathedral എന്നിവയില്‍ കണ്ട അസ്തിത്വ സംത്രാസങ്ങളെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുകയും വേറിട്ടൊരു പരിണതിയിലേക്ക് പ്രസ്തുത അന്വേഷണത്തെ വ്യാപിപ്പിക്കുകയും ചെയ്യുന്ന കൃതിയാണ് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ അതിശക്തമായ ‘ഏകാധിപതി നോവല്‍ (Dictator Novel) വിഭാഗത്തോട് ചേര്‍ന്നു പോകുകയും ഒപ്പം, അനന്യമായ ഒരു ജെന്‍ഡര്‍ അവബോധം പങ്കുവെക്കുകയും ചെയ്യുന്ന The Feast of the Goat. മുന്‍ നോവലുകളില്‍ നിന്ന് വ്യത്യസ്തമായി ചെറുത്തുനില്‍പ്പിന്റെ വില നിഷ്ഫലതയല്ല ഇവിടെ. മറിച്ച്, ട്രോമയും പാപങ്ങളിലെ പങ്കാളിത്തവും കുറ്റബോധവും എന്ന തലങ്ങളിലേക്കാണ് അത് വികസിക്കുന്നത്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സ്വേച്ചാധിപതിയും ലാറ്റിന്‍ അമേരിക്കന്‍ ഏകാധിപതികളില്‍ ഏറെ വിചിത്ര ഗാംഭീര്യത്തിന്റെയും ഒപ്പം അനന്യമായ ക്രൂരതയുടെയും ഉടമയും ആയ റഫായേല്‍ ട്രുഹിയോയുടെ (Rafael Leónidas Trujillo) മുപ്പത്തിയൊന്നു വര്‍ഷം (1930-1961) നീണ്ട ഭരണത്തിന്റെ അന്ത്യനാളുകള്‍ ആവിഷ്കരിക്കുന്ന നോവല്‍, മൂന്നു ആഖ്യാന ധാരകളെ പിന്തുടരുന്നു: 1961ല്‍, ജനറലിനെ വധിക്കുന്ന കൊലയാളികളുടെ വീക്ഷണത്തില്‍, പ്രസ്തുത ദൌത്യത്തിനായി തക്കം പാര്‍ക്കാന്‍ തുടങ്ങുന്ന ഘട്ടം മുതല്‍ തങ്ങളുടെ അന്ത്യം വരെ; തന്റെ അന്ത്യദിനത്തിലെ പ്രഭാതം മുതല്‍ സായഹ്നം വരെ ജനറലിന്റെ വീക്ഷണത്തില്‍ ; കൂടാതെ, സങ്കല്‍പ്പിക കഥാപാത്രമായ, എന്നാല്‍ നോവലിന്റെ നൈതിക ദര്‍ശനത്തിന്റെ കേന്ദ്രമായ, ഉറാനിയ കബ്രാള്‍ എന്ന കഥാപാത്രത്തിന്റെയും. അതില്‍ ആദ്യത്തേത് ഉറാനിയ കബ്രാളിന്റെതാണ്. മന്‍ഹാട്ടനില്‍ ലോകബാങ്കിനു വേണ്ടി മികച്ച അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന ഉറാനിയ, തന്നെ വേട്ടയാടുകയും ഒപ്പം ആകര്‍ഷിക്കുകയും ചെയ്യുന്ന ഭൂതകാല സ്മൃതികളുടെ സാന്റോ ഡോമിംഗോയില്‍ തിരികെയെത്തുന്നത് നീണ്ട മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. എന്തുകൊണ്ടാണ് കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞു ഉറാനിയ തന്റെ പതിനാലാം വയസ്സില്‍, 1961ല്‍, ജനറലിന്റെ വധത്തിനു തൊട്ടുമുമ്പ് നാടുവിട്ടത്, നാട്ടിലില്ലാത്തപ്പോഴും ട്രുഹിയോ ഭരണ കാലത്തെ കുറിച്ച് അവര്‍ നിരന്തര നിരീക്ഷണം നടത്തിക്കൊണ്ടിരുന്നത്, സാന്റോ ഡോമിംഗോയില്‍ എത്തുമ്പോള്‍ വീട്ടിലേക്കു പോകുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ പോലും അവള്‍ ചകിതയാകുന്നത്, ഇതൊക്കെയുണ്ടെങ്കിലും ട്രുഹിയോ ഭരണകാലത്ത് സെനറ്റര്‍ ആയിരുന്ന, ഇപ്പോള്‍ സംസാരശേഷി നഷ്ടമായിരിക്കുന്ന പിതവിനെ സന്ദര്‍ശിക്കാന്‍ അവള്‍ ഉറപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട് എന്നതെല്ലാം, നോവലിന്റെ മര്‍മ്മസ്പര്‍ശിയായ ഘടകങ്ങളാണ്.  പിതാവുമായും ബന്ധുക്കളുമായുള്ള  ഉറാനിയയുടെ സംഭാഷണങ്ങള്‍ നോവലിസ്റ്റിനെ സംബന്ധിച്ച് വര്‍ത്തമാന കാലത്തുനിന്നു അറുപതുകളുടെ തുടക്കത്തില്‍, ട്രുഹിയോ ഭരണം അതിന്റെ കരാളതയുടെ ഉത്തുംഗത്തില്‍ ആയിരുന്ന നാളുകളിലേക്കുള്ള കാലിക മാറ്റത്തിനു വേണ്ട ഉപാധിയായിത്തീരുന്നു. ഉറാനിയയുടെ വാക്കുകളില്‍ തെളിയുന്ന ചെറുപ്രായത്തിലെ അനുഭവങ്ങള്‍, പിതാവ് അഗസ്റ്റിന്‍ കബ്രാള്‍, ജനറല്‍ ട്രുഹിയോ, 1961ലെ ട്രുഹിയോ വിരുദ്ധ കലാപത്തിനു ചുക്കാന്‍ പിടിക്കുകയും ജനറലിനെ വധിക്കുകയും ചെയ്ത കൊലയാളികള്‍ എന്നിവരിലെക്കുള്ള നോവലിസ്റ്റിന്റെ പാലമായിത്തീരുന്നു. ഉറാനിയ കബ്രാള്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്നു പറയുമ്പോഴും, നോവല്‍ പുറത്തിറങ്ങിയ ഘട്ടത്തില്‍ തന്നെത്തേടിയെത്തിയ ഒരു കത്തിനെ കുറിച്ച് യോസ നേരത്തെ സൂചിപ്പിച്ച ചിക്കാഗോ പ്രഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഉറാനിയയുടെ അനുഭവം താനെ അനിയത്തിക്കുണ്ടായ നേരനുഭവത്തിന്റെ കൃത്യമായ ആവിഷ്കാരമാണ് എന്ന് കത്തെഴുതിയ ആള്‍ സാക്ഷ്യപ്പെടുത്തി. ട്രുഹിയോ കാലത്ത് അത് സാധാരണമായിരുന്നു.

ഇടവിട്ട അധ്യായങ്ങളിലായി ആഖ്യാനം എഴുപതുകാരനായ ‘ആട് എന്ന ഇരട്ടപ്പേരുള്ള ജനറലിലേക്ക് തിരയുന്നു. അന്ത്യനാളിലും പതിവുതെറ്റിക്കാത്ത അരമണിക്കൂര്‍ കടുത്ത വ്യായാമത്തിനും ഇതരപ്രഭാത കര്‍മ്മങ്ങള്‍ക്കുമിടയില്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക് നേരിടുന്ന സാമ്പത്തിക ഉപരോധത്തെ കുറിച്ചും മറ്റും വാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ അയാള്‍ മറക്കുന്നില്ല. ഇതോടൊപ്പം കതോലിക്ക സഭയുമായുള്ള അസ്വാരസ്യങ്ങളും അയാളെ മഥിക്കുന്നുണ്ട്. സ്വകാര്യമായി അവഗണിക്കാന്‍ ശ്രമിക്കുന്ന പ്രോസ്ട്രേറ്റ് ക്യാന്‍സറിന്റെ രൂപത്തില്‍ പൌരുഷ നഷ്ടവും അയാളെ അലട്ടുന്നു. ആണത്തഘോഷണം (machismo) കൂടെപ്പിറപ്പായ ലാറ്റിന്‍ അമേരിക്കന്‍ എകാധിപതിക്ക് സ്വയം തെളിയിക്കാന്‍ ആടു ചമഞ്ഞേ പറ്റൂ എന്നതും കൂടിയാണ് നോവലിന്റെ തലക്കെട്ടിന്റെ പ്രസക്തിയും. അയാളുടെ കേളീസങ്കേതമായ മഹോഗണി ഹൌസിലേക്ക് അന്നുരാത്രിയും ഒരുവള്‍ വരേണ്ടതാണ്. പക്ഷെ അയാളറിയാതെ വഴിയില്‍ കാത്തിരുപ്പുള്ളത് മറ്റൊന്നാണ്. ട്രുഹിയോയുടെ രോഗാതുരതയും ആണത്തനഷ്ടവും അയാളുടെ ധാര്‍മിക പാപ്പരത്തത്തിന്റെയും അധികാര ദുഷ്ടിന്റെയും രൂപകമായിത്തീരുന്നു. 

കബിനറ്റ് അംഗങ്ങള്‍, ഇതര ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരില്‍ നിന്ന് സമ്പൂര്‍ണ്ണ വിധേയത്വം ആവശ്യപ്പെട്ട ട്രുഹിയോയില്‍, എല്ലാ ഏകാധിപതികളെയും പോലെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഭയം ഒരു പാരനോയ ആയി വര്‍ത്തിക്കുന്നു. എല്ലാവരെയും എല്ലായിപ്പോഴും സംശയ ദൃഷ്ടിയിലൂടെ കണ്ട ഏകാധിപതി, വെറുംതോന്നലുകളുടെ പേരില്‍പ്പോലും വിശദീകരണം എതുമില്ലാത്ത ശിക്ഷാ നടപടികളും പുറത്താക്കലും അരങ്ങേറി, ഉറാനിയയുടെ പിതാവും അതിന്റെ വിലയൊടുക്കി. ഹോസെ റെനെ ‘പൂപോ റോമാന്‍ എന്ന സൈനിക സെക്രട്ടറിയുടെ അനുഭവം നോവലില്‍ അത്തരത്തിലുള്ള ഏറ്റവും തീക്ഷ്ണവും ദീര്‍ഘവുമായ ഒന്നാണ്. ട്രുഹിയോയുടെ മകന്‍ റാംഫിസ് അയാളെ കൊല്ലാക്കൊല ചെയ്യുന്നതില്‍ പിതാവിനെ വെല്ലുന്ന ക്രൂരത അരങ്ങേറുന്നു.

ട്രുഹിയോയെ വധിക്കാനുള്ള ഗൂഡപദ്ധതി പ്രധാനമായും ഏഴു പേരാണ് ആസൂത്രണം ചെയ്യുന്നത്. അവര്‍ക്ക് വ്യത്യസ്ത കാരണങ്ങളാണ് അതിനു പിറകിലുള്ളത്. പദ്ധതി നടപ്പിലാവുന്നുവെങ്കിലും, തുടര്‍ന്ന് തീരുമാനിച്ചിരുന്ന പോലെ ജനറല്‍ റോമാന്റെ കീഴിലെ സൈനിക ഇടപെടല്‍ നടപ്പിലാക്കാന്‍ സാധിക്കാതെ പോകുന്നതാണ്, കൊലയാളികള്‍ വെട്ടയാടപ്പെടാനും രണ്ടുപേരൊഴികെ എല്ലാവരും വധിക്കപ്പെടാനും ഇടവരുത്തുന്നത്. പ്രസിഡന്റ് വോക്കിം ബലാഗേര്‍ അധികാരം ഉറപ്പിക്കുകയും ബാക്കിയായ രണ്ടുപേരെ വീരനായകന്മാരായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ട്രുഹിയിലിസം അവസാനിപ്പിച്ചു ജനാധിപ്ത്യ ക്രമത്തിന്റെതായ ഒരു തുടക്കത്തിന്റെ സൂചനയിലേക്ക് ദേശത്തെ നയിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുമുണ്ട്. കൊലയാളികളുടെ വിധി, ചരിത്രത്തില്‍ ഇടപെടുന്നതിന്റെയും കര്‍തൃത്വത്തിന്റെയും വില അടയാളപ്പെടുത്തുന്നു – പ്രതികാര നടപടി, പീഡനം, പ്രസ്തുത ശ്രമങ്ങള്‍ നടത്തുന്ന ആദര്‍ശവാദികളെ വലിച്ചെടുക്കാനും ഉന്മൂലനം ചെയ്യാനുമുള്ള വ്യവസ്ഥിതിയുടെ പ്രാപ്തി എന്നതാണ് അത്.

നോവലിന്റെ അവസാനഭാഗം ഒരിക്കല്‍ക്കൂടി കൂടി ഉറാനിയയിലേക്ക് തിരയുമ്പോഴാണ് നേരത്തെ സൂചിതമായ ചോദ്യങ്ങളുടെ വിശദാംശങ്ങളിലേക്ക് നാം എത്തിച്ചേരുന്നത്. പതിനാലുകാരിയ ‘ആടി’ന്  കൂട്ടിക്കൊടുത്ത് നഷ്ടപ്രതാപവും പദവിയും തരിച്ചു പിടിക്കാന്‍ ശ്രമിച്ച പിതാവും, അവള്‍ കടന്നുപോയ ട്രോമയും ലാറ്റിന്‍ അമേരിക്കന്‍ നോവലുകളില്‍, വിശേഷിച്ചും ‘ഏകാധിപതി നോവല്‍ പാരമ്പര്യത്തില്‍ അത്യപൂര്‍വ്വമായ ഒരു ജെന്റര്‍ സംവേദനത്വ വ്യതിയാനം അടയാളപ്പെടുത്തുന്നു. പെണ്ണുടല്‍ തന്നെയും യുദ്ധഭൂമിയും ട്രോമകളുടെ വാഹക ഇടവുമായിത്തീരുക എന്ന, ആണധികാരവും അധികാരവും ഒന്നായിത്തീരുന്ന, ആഖ്യാനങ്ങളില്‍ അവള്‍ കര്‍തൃത്വം തിരിച്ചുപിടിക്കുകയും സ്വന്തം വ്യക്തിത്വം സ്ഥാപിക്കുകയും ചെയ്യുന്നത് പ്രസ്തുത പാരമ്പര്യത്തില്‍ തികച്ചുമൊരു വേറിട്ടുപോക്ക് തന്നെയാണ്.  ഉറാനിയയുടെ സംഭാഷണങ്ങള്‍ ഫലത്തില്‍ പിതാവിന്റെയും അതുപോലെ മൌനം കൊണ്ടോ, മൌനാനുവാദമോ പിന്തുണയോ കൊണ്ടോ, സര്‍വ്വാധിപത്യ പാപങ്ങളിലെ സഹകുറ്റവാളിത്തത്തിന്റെയും (complicity) ധാര്‍മ്മിക വിചാരണ തന്നെ ആയിത്തീരുകയാണ്.

ഏകാധിപതിയും പങ്കാളികളും, ചെറുത്തുനില്‍പ്പുകാരും കര്‍തൃത്വത്തോടെ ഇടപെടുന്നവരും, ഇരകളും ട്രോമകള്‍ നേരിടുന്നവരും എന്ന ത്രിതല ഘടനയിലൂടെ ഏകാധിപത്യത്തിന്റെ സമ്പൂര്‍ണ്ണ അനാട്ടമിയാണ്  യോസ ചിത്രീകരിക്കുന്നത് എന്നു പറയാം - അതില്‍ അധികാര ഘടന മാത്രമല്ല, അതെങ്ങനെ വ്യക്തി ജീവിതങ്ങളെയും ഉടലുകളെയും, ഓര്‍മ്മകളെയും ഭാവിയെയും കൂടി ഉള്‍കൊള്ളുന്നു എന്ന അന്വേഷണം കൂടി ഉള്‍കൊള്ളുന്നു എന്നിടത്താണ് യോസയുടെ നിരീക്ഷണങ്ങളുടെ സമഗ്രത. മുന്‍ നോവലുകളില്‍ (The Time of the Hero, Conversation in the Cathedral) നിന്ന് The Feast of the Goat വേറിട്ടുപോകുന്നതും പൂരിപ്പിക്കുന്നതും എന്തെല്ലാമാണ് എന്ന അന്വേഷണം,  ‘അധികാരസ്വരൂപങ്ങളുടെ ഭൂപടങ്ങള്‍ വരക്കുന്നതിലും വ്യക്തികളുടെ ചെറുത്തുനില്‍പ്പുകളെയും പ്രതിരോധങ്ങളെയും പരാജയങ്ങളെയും രേഖപ്പെടുത്തുന്ന തീക്ഷ്ണ രൂപങ്ങള്‍ ആവിഷ്കരിക്കുന്നതിലുമുള്ള മികവ് എന്ന് നോബല്‍ അക്കാദമി വിവരിച്ച യോസയുടെ സിദ്ധികളുടെ വികാസ പരിണാമങ്ങള്‍ നിര്‍വ്വചിക്കാന്‍ സഹായകമാകും. ആദ്യ കൃതികളില്‍ ലിബറല്‍ ആദര്‍ശപരതയുടെ അസ്തിത്വപരമായ, ദാര്‍ശനികതലത്തിലുള്ള പരാജയങ്ങളായി ആവിഷ്കരിക്കപ്പെട്ട (‘rebellion as a necessary but ultimately Sisyphean act, exposing the tragic limitations of liberal idealism in the face of structural decay" (Kristal, 1998)) ചെറുത്തുനില്‍പ്പു ശ്രമങ്ങള്‍, ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ട്രോമ, എങ്ങുമെത്താതെ പാഴായിപ്പോകുന്ന ധീരാതാ പ്രകടനം, എകാധിപതിയോ, പങ്കാളികാളോ നടത്തുന്ന പൈശാചിക ന്യായീകരണങ്ങള്‍ എന്നിങ്ങനെ മൂന്നാമതു കൃതിയില്‍ പരിവര്‍ത്തിക്കപ്പെടുന്നു. ഇവിടെ കര്‍തൃത്വം സാധ്യമാണ്, പക്ഷെ ചരിത്രം/ പരിണിത ഫലങ്ങള്‍ അതിനെ വിഴുങ്ങിക്കളയും.

അസംബന്ധം എന്നതില്‍ നിന്ന് ഒരാഗധ ഗര്‍ത്തത്തിലേക്ക് അറിഞ്ഞുകൊണ്ടുതന്നെയുള്ള പതനം എന്ന ഊന്നല്‍ മാറ്റം, കൂടുതല്‍ ഇരുണ്ടതും ദുരന്തബോധം നിറഞ്ഞതുമെങ്കിലും,  യാഥാര്‍ത്ഥ്യബോധത്തെ പ്രതിഫലിപ്പിക്കുന്നു. ആ അര്‍ഥത്തില്‍, The Feast of the Goat അസ്തിത്വപരമായ ദാര്‍ശനിക ആകുലതയുടെ ആവിഷ്കാരമല്ല, അത് ഉടലോടെ അറിയുന്ന ദുരന്തത്തെ കുറിച്ചാണ്, ജെന്‍ഡര്‍ മാനങ്ങളുള്ള ഹിംസയെ കുറിച്ചാണ്, ചരിത്രപമായ ഓര്‍മ്മകളെയും ഏകാധിപത്യവും അതിനു പരവതാനി വിരിക്കുന്ന പങ്കാളിത്തവും സംബന്ധിച്ചാണ്. വ്യര്‍ത്ഥതാബോധത്തിലേക്കാണ് ആല്‍ബെര്‍ട്ടോയുടെയും (The Time of the Hero), സാന്റിയാഗോ സവാലയുടെയും ( Conversation in the Cathedral) പ്രതിഷേധങ്ങള്‍ പരിവര്‍ത്തിക്കപ്പെട്ടതെങ്കില്‍, ജീവിതം മുഴുവന്‍ അനുഭവിക്കേണ്ട ട്രോമയാണ് ഉറാനിയയുടെ വിധിവിഹിതം. ‘നായകന്റെ സമയം സ്ഥാപനവല്കൃത ജീര്‍ണ്ണതയുടെ ബ്ലു പ്രിന്റ്‌ ആയിരുന്നെങ്കില്‍, ‘കത്തീഡ്രലിലെ സംഭാഷണങ്ങള്‍’ അതിനെ വികസിപ്പിക്കുകയും ചെയ്തുവെങ്കില്‍, ‘ആടിന്റെ വിരുന്ന് ആ ഘടനയുടെ നാശാവിശിഷ്ടങ്ങള്‍ക്കു മേല്‍ പണിതുയര്‍ത്തിയ ഒരു പ്രേതാവിഷ്ട ഭവനമാണ് – അവിടെ വിപ്ലവം ആരെയും വെറുതെ വിടുന്നതേയില്ല; എന്നാലോ, മൗനം എല്ലാവരെയും കുറ്റവാളികള്‍ ആക്കുകയും ചെയ്യും.

ആധുനികതയുടെ അമേരിക്കന്‍ തലമുറയില്‍ (‘Lost Generation’) ഫോക്നറെയും ഡോസ് പോസോസ്സിനെയും ആരാധിക്കുന്ന യോസ എന്തുകൊണ്ടാണ് വിപ്ലവപ്രവര്‍ത്തനത്തിലും അതിന്റെ മുറിവുകളിലും ജീവിക്കുകയും എഴുതുകയും ചെയ്ത ഹെമിങ് വേയെ കുറിച്ച് ഒന്നും പറയുന്നില്ലാത്തത് എന്നൊരു കൌതുകം ഈ ലേഖകന് ഉണ്ടായിരുന്നു. അതിന്റെ വിശദീകരണവും ഇവിടെയുണ്ട് എന്നുതോന്നുന്നു. ഹെമിങ് വെ മുറിവനുഭവത്തെ അസ്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി കാണുകയും നിസ്സംഗവ്യര്‍ത്ഥബോധത്തില്‍ (stoic nihilism) നങ്കൂരമിടുകയും ചെയ്തപ്പോള്‍, യോസയുടെ ആഖ്യാന വികാസം അതിനെ ചരിത്ര ശക്തികളുടെ സൃഷ്ടിയായി മനസ്സിലാക്കി. പ്രാപഞ്ചികമായ, വിധിവാദത്തോളം (universal fatalism) എത്തുന്ന ദുരന്തബോധം എന്നതില്‍നിന്ന് രാഷ്ട്രീയ സക്രിയതയിലേക്കുള്ള ഊന്നലിലൂടെ, ഏവരെയും മുറിവേല്‍പ്പിക്കുന്ന ലോകം എന്ന അമൂര്‍ത്ത സാകല്യത്തില്‍ നിന്ന് ഏവരെയും കെണിയില്‍പ്പെടുത്തുകയും തകര്‍ത്തു കളയുകയും ചെയ്യുന്ന അധികാരസ്വരൂപങ്ങള്‍ എന്ന തൊട്ടറിയാവുന്ന സമൂര്‍ത്തതയിലാണ് യോസ നിലയുറപ്പിക്കുന്നത്.  ഇവിടെ ഏകാധിപതി ഒരു ശാരീരിക ഉണ്മ തന്നെയാണ്: സ്വയം ദൃശ്യ വസ്തുവും (theatre), രോഗവും, നിയന്ത്രകനും, നിയന്ത്രണവുമായി അടയാളപ്പെടുത്തുന്നവന്‍, ആന്തരാ അഴുകിക്കൊണ്ടിരിക്കുമ്പോഴും ഭയവും മുറിവുകളും അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നവന്‍, അഗുസ്തോ റോവ ബാസ്തോസിന്റെ പരാഗ്വേയന്‍ ഏകാധിപതിയെ പോലെ (I, the Supreme), മാര്‍ക്കേസിന്റെ കരീബിയന്‍ ഏകാധിപതിയെ പോലെ (The Autumn of the Patriarch) ആത്മരതിയുടെയും പാരനോയയുടെയും ആള്‍രൂപം. ആണത്ത പ്രതിസന്ധി അനുഭവിക്കുന്ന ഏകാധിപതി അധികാരത്തെ ആണത്തഘോഷണമാക്കി പരിവര്‍ത്തിപ്പിക്കുന്നതും, ലൈംഗിക അക്രമത്തെ രാഷ്ട്രീയ വിജയമായി കാണുന്നതും ഒട്ടേറെ വൈരുധ്യങ്ങള്‍ ഉള്‍കൊള്ളുന്നു. എന്നാല്‍, അതിലേറ്റവും പ്രധാനം, ഉറാനിയ എങ്ങനെയാണ് അയാളുടെ എതിര്‍പാഠവും ഭാവിയും അടയാളപ്പെടുത്തുന്നത് എന്നതാണ്. ട്രുഹിയോ പ്രതിനിധാനം ചെയ്യുന്ന ഹൈപര്‍ മാസ്കുലിന്‍, ഏകാധിപതി സ്വരൂപം ആന്തരാ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുകയാണ്. ഉറാനിയയുടെ ചെറുപ്പം, സ്ത്രീത്വ സ്വത്വബോധം, അതിലുപരി, അവള്‍ അതിജീവിക്കുന്നു, ശക്തമായി അതിജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും – ഇവയെല്ലാം അവളെ ട്രുഹിയോ പ്രതിനിധാനം ചെയ്യുന്ന ജീര്‍ണ്ണതയുടെയും ആസന്ന നശ്വരതയുടെയും എതിരറ്റത്തു സ്ഥാപിക്കുകയും ഭാവിയുടെ പ്രതീകമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. നിരന്തരം അനുഭവിക്കാനുള്ള ട്രോമയുടെ അകമ്പടിയോടെയാണെങ്കിലും അവള്‍ പാട്രിയാര്‍ക്കല്‍ - ഏകാധിപത്യ പാരമ്പര്യത്തില്‍ നിന്നുള്ള വിചേദത്തിന്റെ പ്രതീകമാണ് ഉറാനിയ.

പുരുഷാധികാര ഗര്‍വ്വിന്റെ അനന്തര കാലത്തിലേക്ക് ഉറ്റുനോക്കുന്ന ഒരു കഥാപാത്രത്തെ നോവലിന്റെ നൈതികകേന്ദ്രമായി സ്ഥാപിക്കുന്നതിലൂടെ ജെന്‍ഡര്‍ ബോധ്യങ്ങളുടെ കാര്യത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ പ്രാമാണികമായി നിലനിന്ന പുരുഷകേന്ദ്രിത ആഖ്യാന പാരമ്പര്യത്തില്‍ വ്യതസ്തമായ ഒരു വഴി തുറക്കുകയും ചരിത്രപരമായ ഒരു തമസ്കരണത്തെ അവസാനിപ്പിക്കുകയുമായിരുന്നു യോസ. ഉരാനിയ അതൊക്കെയും ചെയ്യുന്നത് മുന്‍ നോവലുകളിലെ പുരുഷന്മാരായ മുഖ്യ കഥാപാത്രങ്ങളെപ്പോലെ ചാഞ്ചാട്ട മനസ്ഥിതിയോടെയോ, ഇടയ്ക്കു പിന്‍ വാങ്ങിയോ, ഉടമ്പടികള്‍ക്ക് വിധേയപ്പെട്ടോ അല്ല എന്നത് ഏറ്റവും പ്രധാനമാണ്. അവള്‍ വമ്പന്‍ വെടിവെപ്പുകളോ എട്ടുമുട്ടലുകളോ നടത്തുന്നില്ലായിരിക്കാം, എന്നാലവളുടെ നൈതിക ബോധ്യങ്ങള്‍ സുവ്യക്തവും ഉറച്ചതുമാണ്. ആഖ്യാനം തന്നെയാണ് അവളുടെ പ്രവര്‍ത്തനം. എല്ലാവരും മറക്കാന്‍ ശ്രമിച്ചത് അവള്‍ ഓര്‍മ്മിക്കുന്നു, ഓര്‍മ്മിച്ചു പറയുന്നു, പറഞ്ഞു മുഖാമുഖം നിര്‍ത്തുന്നു. ഒരുവളേ ഇതെല്ലാം അവളെയും ഒരു ‘എക്സിസ്റ്റന്‍ഷ്യല്‍ ഹീറോ ആക്കുന്നുണ്ട്‌. എന്നാല്‍, പരാജയം സമ്മതിക്കുന്ന മുന്‍ഗാമികളെ പോലെ, (ആല്‍ബെര്‍ട്ടോ, സാന്റിയാഗോ..) അവള്‍ക്കു തന്റെ ആന്തരിക സത്യത്തിന്റെ ആര്‍ജ്ജവം ഒരു ഘട്ടത്തിലും കൈമോശം വരുന്നില്ല; അതവളെ കടുത്ത ഒറ്റപ്പെടലിലേക്ക് തള്ളിയിടുമ്പോള്‍ പോലും.

യോസയുടെ രചനാ ലോകത്തില്‍, ശീതസമാരകാല നൈരാശ്യത്തിന്റെയും ധാര്‍മ്മിക പാപ്പരത്തത്തിന്റെയും പ്രതീകങ്ങളായ ബുദ്ധിജീവി പുരുഷകഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന നിഹിലിസ്റ്റ് പാഠങ്ങളില്‍ നിന്ന് ധാര്‍മ്മിക വിചാരണയുടെ സക്രിയതയുള്ള അതിജീവിത- സാക്ഷ്യ വീക്ഷണത്തിലേക്കുള്ള പരിവര്‍ത്തനത്തെ കൂടി, കൃത്യമായ ജെണ്ടര്‍ ബോധ്യത്തോടൊപ്പം, ഉറാനിയ അടയാളപ്പെടുത്തുന്നു. ആല്‍ബര്‍ട്ടോയും സാന്റിയാഗോയും സിനിസിസം കൊണ്ടും കുറ്റബോധം കൊണ്ടും നിഷ്ക്രിയരാകുമ്പോള്‍ ഉറാനിയ അവളുടെ വൈകാരിക നിയന്ത്രണവും ധാര്‍മ്മിക സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നു, വൈയ്യക്തിക ട്രോമയെയും രാഷ്ട്രീയ വഞ്ചനയെയും നേരിടുകയും ചെയ്യുന്നു. അളന്നു മുറിച്ചതും അതിഭാവുകത്വം തൊട്ടു തെറിച്ചിട്ടില്ലാത്തതുമായ സ്വരത്തില്‍ പച്ചക്കറി അവസ്ഥയില്‍ കിടക്കുന്ന തന്റെ പിതാവിനെ വരെ ഭേദ്യം ചെയ്യുന്ന അവളുടെ നിലപാട്, ഒരു പുതിയ നൈതികതയുടെതാണ് – ദാര്‍ശനിക മോക്ഷത്തിനു പകരം ഓര്‍മ്മയും കണക്കുപറയിക്കലും അടിസ്ഥാനമാക്കുന്ന ഒന്ന്. പിതൃ അധികാര ഘടനയുടെയും രാഷ്ട്രീയ അധികാര ഹിംസാത്മകതയുടെയും പെണ്‍ ബോധ്യമുള്ള അതിജീവിത - gendered survivor- എന്ന നിലയില്‍ ഉറാനിയ കേവല ഇരയല്ല, ചരിത്രപരമായ അനീതികളുടെ വിചാരണക്കാരിയാണ് (judge of historical wrongs). ഇതിലൂടെ, ട്രോമ, സാക്ഷ്യം തുടങ്ങിയ കേന്ദ്ര പ്രമേയങ്ങളിലേക്ക് തിരിയുന്ന എകാധിപത്യാനന്തര സാഹിത്യത്തിലേക്കുള്ള (post-dictatorship literature) ഒരു മുന്‍ഗാമി ആയിത്തീരുകയാണ് ഉറാനിയ – ആദര്‍ശ ചിന്തകളിലേറെ അതിജീവിതാഖ്യാനങ്ങളും സാക്ഷ്യങ്ങളും മുഖ്യമായിത്തീരുന്ന, ടോണി മോറിസന്‍, ആസിയ ജബാര്‍ തുടങ്ങിയ എഴുത്തുകാര്‍ ലോകസാഹിത്യത്തില്‍ കൂടുതല്‍ അടയാളപ്പെടുത്താന്‍ പോകുന്ന തരം പാത്രസൃഷ്ടിയുടെ ഒരാദ്യപ്രതീകം. 

 

Please leave a comment......

Hurma by Ali al-Muqri/ T.M.Aplin

‘ഹുര്‍മ – മൗലികവാദവിമര്‍ശനം എന്ന നൂല്‍പ്പാലം



(യമനി സാഹിത്യത്തിലെ വിഗ്രഹഭഞ്ജകനായ എഴുത്തുകാരന്‍ അലി അല്‍ മുക്രിയുടെ വിവാദ നോവല്‍ “Hurma” (വിവര്‍ത്തനം T. M. Aplin ), മൌലികവാദ മതാത്മകതക്കുള്ളിലെ കാപട്യവും സ്ത്രീവിരുദ്ധതയും വിട്ടുവീഴ്ചയില്ലാതെ തുറന്നുകാട്ടുന്നു.)

 

യമനി സാഹിത്യം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്നും അതില്‍ത്തന്നെ കഥാഖ്യാന വിഭാഗം അതീവപ്രാധാന്യം നേടിയെടുത്തുകൊണ്ടിരിക്കുന്നു എന്നും സമകാലിക വികാസങ്ങള്‍ മുന്‍ നിര്‍ത്തി നിരീക്ഷിക്കപ്പെടുന്നു. ഇതര അറബ് ദേശങ്ങളെ പോലെത്തന്നെയമനിലും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് ചെറുകഥയും നോവലും കവിതയോടൊപ്പം പ്രാധാന്യം നേടിയെടുത്തു തുടങ്ങിയത്. നോവലിന്റെ വികാസം 1960-കളോടെയാണ് ശക്തമാകുന്നത്. വടക്കന്‍ യമനില്‍ ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന മതാധിപത്യം അവസാനിപ്പിച്ച 1962-ലെ വിപ്ലവാനന്തര കാലവുംഅറുപതുകളില്‍ ആദേനില്‍ (Aden) ശക്തമായ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പ്പും ആധുനിക കഥാഖ്യാന സംസ്കാരത്തെ പോഷിപ്പിച്ച ഘടകങ്ങളായിരുന്നു. ആധുനിക അറബ് ആഖ്യാന പാരമ്പര്യം യൂറോപ്യന്‍ സാഹിത്യത്തിന്റെ അനുരണനം ആയിരുന്നതുകൊണ്ട് കൊളോണിയല്‍ ശക്തിയെന്ന നിലയില്‍ പാശ്ചാത്യ സ്വാധീനം നിലനിന്ന ഏദന്‍ പോലുള്ള ഇടങ്ങളില്‍ അതിന്റെ വളര്‍ച്ച ശക്തമായത് സ്വാഭാവികമായിരുന്നു. കൊളോണിയല്‍/ ബ്രിട്ടീഷ് വിരുദ്ധ ഉള്ളടക്കം ആദ്യം മുതലേ യമനി സാഹിത്യത്തിന്റെ പ്രഭവം ആയിത്തീര്‍ന്നതും അതുകൊണ്ട് തന്നെ *(1). യമനി സംഘര്‍ഷം സംബന്ധിച്ച ‘വിഭാഗീയതാ മാതൃക’ (sectarian paradigm)   അതിനെ സുന്നി-ഷിയാ സംഘര്‍ഷമെന്ന ലളിത യുക്തിയില്‍,  ഏതാണ്ട് ‘സംസ്കാരങ്ങളുടെ സംഘര്‍ഷ’ (‘Clash of Civilizations’ – Samuel Huntington) സിദ്ധാന്തത്തെ പോലെ,   വിവരിക്കുന്നുവെന്നും നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന സാംസ്കാരിക വിഭജനത്തില്‍ സംഘര്‍ഷത്തെ സമൂലമായി നിബന്ധിക്കുന്നു എന്നും സൗദിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബോംബിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരു മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ലേഖനം നിരീക്ഷിച്ചു *(2). പ്രസ്തുത പശ്ചാത്തലത്തില്‍യമനി സാഹിത്യത്തിന്റെ സമകാലിക അവസ്ഥയെ കുറിച്ച് ലേഖനം നടത്തുന്ന നിരീക്ഷണങ്ങള്‍ അതീവ ശ്രദ്ധേയമാണ്: പ്രസിദ്ധീകരണ സൌകര്യങ്ങളുടെ പരിതാപകരമായ അവസ്ഥ എന്ന യാഥാര്‍ത്ഥ്യം ഇരിക്കിലുംയമനി സഹിത്യം കാലങ്ങളായി ദേശം നേരിട്ട അധിനിവേശംആഭ്യന്തര യുദ്ധംഅഴിമതിദാരിദ്ര്യം തുടങ്ങി,  മീഡിയ നിരന്തരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആ ലളിത വല്‍ക്കരണത്തിനും അപ്പുറത്തുള്ള ദേശീയ പരിതോവസ്ഥകളുടെ ഒരു പ്രിസം ആയി വര്‍ത്തിക്കുന്നു. 2014 മുതല്‍ യമനി നോവല്‍ സാഹിത്യത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടം ഇരുപതാം നൂറ്റാണ്ടുമുതല്‍ ഇതര അറബ് ദേശങ്ങളില്‍ കഥനോവല്‍ സാഹിത്യ ശാഖകളില്‍ ഉണ്ടായ ഉണര്‍വ്വിന്റെ വൈകിയ തുടര്‍ച്ചയായി വിലയിരുത്തപ്പെടുന്നു. സര്‍വ്വാധിപത്യംചെറുത്തുനില്‍പ്പ്രാഷ്ട്രാന്തരീയ ബന്ധങ്ങള്‍ലിംഗ പദവി യാഥാസ്ഥിതികതയുടെ വിമര്‍ശനം എന്നതൊക്കെ ഈ പുതിയ സാഹിത്യം പ്രതിഫലിപ്പിക്കുന്നു.

തുടര്‍ വായനയ്ക്ക്: 

https://www.fazalrahman.com/essays/article/hurma-by-ali-al-muqri-tmaplin

Tuesday, July 8, 2025

The Handsome Jew by Ali Al-Muqri/ Mbarek Sryfi

 സ്നേഹസാമ്രാജ്യങ്ങളുടെ സാധ്യതകള്‍




(യമനി സാഹിത്യത്തിലെ അതികായനായ അലി അല്‍ മുക്രിയുടെ The Handsome Jew എന്ന നോവലിനെ കുറിച്ച്. അറബ് ബുക്കര്‍ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട നോവല്‍മുസ്ലിം – ജൂത സഹജീവന സാധ്യത എന്ന വര്‍ത്തമാന മിഡില്‍ ഈസ്റ്റ് ഭൗമ-രാഷ്ട്രീയ സാഹചര്യത്തിലെ ഏറ്റവും പൊള്ളുന്ന വിഷയത്തെ ചരിത്രനോവല്‍ ഘടനയെ മറയാക്കി അവതരിപ്പിക്കുന്നു.)

മുല്ലപ്പൂ വിപ്ലവാനന്തര അറബ് സാഹിത്യത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് യമനി സാഹിത്യം. വിവാദങ്ങളുടെ കളിത്തോഴനായ യമനി എഴുത്തുകാരന്‍ അലി അല്‍ മുക്രി പാശ്ചാത്യ ലോകത്ത് വലിയ തോതില്‍ അവതരിപ്പിക്കപ്പെട്ടത് മതംലൈംഗികതയുദ്ധം തുടങ്ങിയ വിഷയങ്ങളിലെ വിലക്കപ്പെട്ട അതിരുകള്‍ ഭേദിക്കുകയും സമൂഹത്തിന്റെ പുരുഷാധിപത്യ/ സ്ത്രീവിരുദ്ധ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ മതമൌലിക വാദത്തിന്റെ പങ്ക് പ്രകോപന പരമാം വിധം തുറന്നു കാണിക്കുകയും ചെയ്യുന്നതിലൂടെ അറബ് ലോകത്തെ/ മിഡില്‍ ഈസ്റ്റിനെ കുറിച്ചുള്ള പാശ്ചാത്യ ആഖ്യാനങ്ങള്‍ക്ക് അനുരോധമായ നിലപാട് ജനകീയമാക്കുന്നു എന്നത് കൊണ്ടാണെന്ന് ഒരു വശത്ത്‌ നിരീക്ഷിക്കപ്പെടുന്നു *(1) . എന്നാല്‍ പ്രകോപനപരമായ സത്യസന്ധതയോടെ “അതിരുകള്‍ ഭേദിക്കുകയും വിലക്കപ്പെട്ടത് വാരിപ്പുണരുകയും ചെയ്യുന്നുദുസ്സാധ്യമായ പ്രമേയങ്ങള്‍ അങ്ങേയറ്റത്തെ ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നു” *(2) എന്നതാണ് അദ്ദേഹത്തെ വിവാദ നായകനാക്കുന്നത് എന്ന നിരീക്ഷണവും ശക്തമാണ്. തന്റെ എഴുത്തുജീവിതത്തില്‍ ഉടനീളം അറബ് ലോകത്തെങ്ങും വിവാദങ്ങള്‍ക്കു തിരികൊളുത്തിയ എഴുത്തുകാരനാണ്‌ അലി അല്‍ മുക്രി. Black Taste, Black Smell എന്ന ആദ്യനോവല്‍ യമനിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരുടെ ജീവിതം ആവിഷ്കരിച്ചപ്പോള്‍, The Handsome Jew അതേ നിലയില്‍ ജൂത സമൂഹത്തെ ചിത്രീകരിച്ചു. ഈ രണ്ടു കൃതികളും അറബ് നോവലിനുള്ള അന്താരാഷ്‌ട്രപുരസ്കാരത്തിന് (IPAF) ലിസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമായ അദ്ദേഹത്തിന്റെ ആദ്യകൃതിയായ Hurma, സ്ത്രൈണ ലൈംഗിക ചോദനയെന്ന വിലക്കപ്പെട്ട വിഷയത്തെ ഒളിവും മറയും കൂടാതെ സമീപിച്ചതാണ്മറ്റെന്തിലുമേറെഎഴുത്തുകാരന് ഏറ്റവും കൂടുതല്‍ ശത്രുക്കളെ നേടിക്കൊടുത്തതുംആവര്‍ത്തിച്ചുള്ള വധഭീഷണികളെ തുടര്‍ന്ന് കുടുംബം പാരീസിലേക്ക്‌ കുടിയേറുന്നതില്‍ എത്തിച്ചതും. അല്‍മുക്രിയുടെ The Handsome Jew ആകട്ടെമുസ്ലിം – ജൂത സഹജീവന സാധ്യത എന്ന വര്‍ത്തമാന മിഡില്‍ ഈസ്റ്റ് ഭൌമ-രാഷ്ട്രീയ സാഹചര്യത്തിലെ ഏറ്റവും പൊള്ളുന്ന വിഷയമാണ്‌ ചരിത്രനോവല്‍ ഘടനയെ മറയാക്കി അവതരിപ്പിക്കുന്നത്‌.

നോവലിലേക്ക്

വടക്കു പടിഞ്ഞാറന്‍ യമനില്‍ സന്‍ആയ്ക്കടുത്ത് റൈദ എന്ന പട്ടണത്തില്‍ പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന പ്രണയകഥയായാണ്‌ അലി അല്‍ മുക്രിയുടെ The Handsome Jew അവതരിപ്പിക്കപ്പെടുന്നത്. ഇസ്ലാമിനു മുമ്പ് ജൂദായിസം മാത്രമാണ് യമനില്‍ പ്രമുഖമായി ഉണ്ടായിരുന്ന മതം. 

തുടര്‍ വായനയ്ക്ക് : 

https://www.fazalrahman.com/essays/article/the-handsome-jew-by-ali-al-muqri-mbarek-sryfi

 

 

Sunday, July 6, 2025

Pamparam by Damu Nair (Malayalam Novel)

 വിനാശകതയിലേക്കുള്ള ഒറ്റയാള്‍ വഴി


    ആസക്തിയുടേത് ഒരു വിചിത്രവഴിയാണ്. ഏകാന്തതയുടെ/ മടുപ്പിന്റെ/ ആവേശാന്വേഷണത്തിന്റെ പ്രായേണ നിരുപദ്രവമായ രീതികളില്‍ തുടങ്ങി സാഹചര്യങ്ങളിലും സൗഹൃദങ്ങളിലും വളര്‍ന്നു സമ്പൂര്‍ണ്ണ വിധേയത്വത്തിന്റെ/ അടിമത്തത്തിന്റെ ഊരാകുടുക്കിലൂടെ മുന്നോട്ടു പോയിഇനിയൊരു ഘട്ടത്തില്‍ തിരികെ സൗഹൃദ നഷ്ടങ്ങളുടെ പിന്‍ നടത്തത്തിലൂടെ വീണ്ടും ഒറ്റപ്പെടലിലേക്കും ഏകാന്തതയിലേക്കും ഒടുവില്‍ സ്വയം നശീകരണത്തിന്റെ ഗതികേടിലേക്കും അത് സഞ്ചരിക്കുന്നു. വ്യക്തികളുടെ പടിപടിയായുള്ള ഈ തകര്‍ച്ച സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഒട്ടേറെ കൃതികള്‍ ലോക സാഹിത്യത്തിന്റെ ഭാഗമാണ്. ഫ്ലോബേറിന്റെ മദാം ബോവേറി (Madame Bovary ), എമിലി സോലയുടെ നാനാ (Nana), ടോള്‍സ്റ്റോയിയുടെ അന്ന ( Anna Karenina തുടങ്ങിയ കഥാപാത്രങ്ങള്‍തങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാനാകാത്ത സ്വയം നശീകരണ പ്രവണതയില്‍ ആണ്ടു മുങ്ങുകയും തങ്ങളെയും ചുറ്റുമുള്ളവരെയും സര്‍വ്വനാശത്തിന്റെ നിലയില്ലാക്കയത്തില്‍ മുക്കിക്കൊല്ലുകയും ചെയ്യുന്നവരാണ്. ആംഗലേയ സാഹിത്യത്തിലെ അപൂര്‍വ്വ പ്രതിഭാസമായിരുന്ന ബ്രോണ്ടി സഹോദരിമാരില്‍ ഏറ്റവും കുറച്ചു അറിയപ്പെട്ടവരായിരുന്ന ആന്‍ ബ്രോണ്ടിയുടെ മാസ്റ്റര്‍പീസ്‌ ‘The Tenant of Wildfell Hall’, വിവാദങ്ങള്‍ക്കു തിരികൊളുത്തിയതും ‘പെണ്‍കുട്ടികളുടെ കയ്യില്‍ ഒരിക്കലും എത്തിപ്പെട്ടു കൂടാത്തത് എന്ന വിമര്‍ശനത്തോടെ *1എന്ന ലേബലോടെ ദീര്‍ഘകാലം ഔട്ട്‌ ഓഫ് പ്രിന്റില്‍ തുടര്‍ന്നതിനും പിന്നില്‍ ഗാര്‍ഹിക പീഡന രംഗങ്ങളുടെയും അമിത മദ്യപാന ചിത്രീകരണത്തിന്റെയും പേരിലായിരുന്നു. ഇന്ന് ഫെമിനിസ്റ്റ് സാഹിത്യത്തിന്റെ ശക്തമായ ഒരാദ്യകാലകാല ഈടുവെപ്പായി നോവല്‍ അംഗീകരിക്കപ്പെടുന്നു. മദ്യത്തിലും മറ്റു ലഹരികളിലും മുങ്ങിത്താഴുകയും തന്നെയും ചുറ്റുമുള്ളവരെയും അതിന്റെ കെടുതികളില്‍ ആഹൂതി ചെയ്യിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ സമകാലിക നോവലുകളില്‍ - വിശേഷിച്ചും അസംതൃപ്തവും അതിദയനീയവുമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന അധസ്ഥിതര്‍, സാമൂഹികമായി പാര്‍ശ്വവല്കരിക്കപ്പെട്ടവര്‍ തുടങ്ങിയ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന ഏഷ്യന്‍ - ആഫ്രിക്കന്‍, ആഫ്രിക്കന്‍ അമേരിക്കന്‍, ഗോത്ര/ ആദിമ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ കഥകളില്‍ - എത്രയും കാണാം. ടോണി മോറിസന്റെ നോവലുകള്‍ (Beloved, The Bluest Eye …) മുതല്‍, ജെസ്മിന്‍ വാര്‍ഡിന്റെ Salvage the Bones ലൂടെ ആ പട്ടിക നീളുന്നു.

    കാല്‍പ്പനികതാ പ്രസ്ഥാനത്തിന്റെ ആത്മനിഷ്ട വൈകാരികതക്കെതിരായി കൂടുതല്‍ സത്യസന്ധവും യഥാതഥവുമായ വസ്തുനിഷ്ഠ സമീപനത്തിലൂടെ മനുഷ്യ ദുരന്തങ്ങളുടെ ആഴം തേടുകയെന്ന സമീപനം ( Naturalism ) സോലയെയും ഫ്ലോബേറിനെയും ടോള്‍സ്റ്റോയിയെയും ആകര്‍ഷിച്ചപ്പോള്‍,   ദുരന്തകാരണമായി നിലക്കൊണ്ടത് പാരമ്പര്യം (heredity), ചുറ്റുപാടുകള്‍ (environment ) എന്നീ ഘടകങ്ങളുടെ നിര്‍ണ്ണായകത്വം (deterministic view) എന്നതായിരുന്നു. ഹെമിംഗ് വെസ്റ്റീന്‍ബക്ക്ഫോക്നര്‍ തുടങ്ങിയ വലിയ പ്രതിഭകളിലൂടെ ആധുനിക സാഹിത്യത്തിലേക്കും വ്യാപിച്ച, അടിസ്ഥാനപരമായി അശുഭാപ്തിവിശ്വാസ (pessimistic) പ്രകൃതമുള്ള naturalism’   അതിന്റെ വകഭേദങ്ങളായി മലയാള സാഹിത്യത്തെയും സ്വാധീനിക്കാതെ വഴിയില്ല. എം.ടിമുകുന്ദന്‍ തുടങ്ങിയവരുടെ ആദ്യകാല കൃതികളിലെ വിഷാദാത്മക/ മൂല്യ നിരാസ (nihilistic ) മനോഭാവങ്ങളില്‍ അത്തരം സ്വാധീനം കണ്ടെത്താനായേക്കും. എന്നാല്‍ ഗൃഹാതുരതയുടെ കാല്‍പ്പനിക പരിവേഷം കുടഞ്ഞു കളയുന്നതില്‍ അവ ഒട്ടുമേ മുന്നോട്ടു പോവുകയുണ്ടായില്ല. ഖസാക്കിലെ രവിയിലെത്തുമ്പോള്‍ ഘനീഭവിച്ച ദാര്‍ശനികതയുടെ അമിതഭാരം നോവലിനെ കഥാപാത്രത്തിന്റെയും ഒരുവേള എഴുത്തുകാരന്റെ തന്നെയും ആത്മനിഷ്ഠ ഭൂമികയാക്കി മാറ്റുകയും ചെയ്യുന്നു.

    ദാമു നായര്‍ രചിച്ച ‘പമ്പരം’ എന്ന നോവല്‍ മദ്യാസക്തിയെന്ന ദുരന്തകാരിയായ വിഷയത്തെ ഒരു നാച്ചുറലിസ്റ്റ് നോവലിസ്റ്റിന്റെ സൂക്ഷ്മതയോടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന കൃതിയാണ്. ഭേദപ്പെട്ട കുടുംബ ചുറ്റുപാടുകളും മാന്യമായ സര്‍ക്കാര്‍ ഉദ്യോഗവുമുള്ള കുടുംബസ്ഥനായ മുഖ്യ കഥാപാത്രം അവക്കപ്പുറം നല്ല വായനക്കാരനും എല്ലുറപ്പുള്ള സാമൂഹിക ബോധ്യങ്ങളുള്ള, കാലഘട്ടത്തിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങളെ ഉള്‍ക്കാഴ്ചയോടെ പിന്തുടരുന്ന എഴുത്തുകാരനുമാണ്. എഴുപതുകളുടെയും എമ്പതുകളുടെയും ഊര്‍ജ്ജസ്വലമായിരുന്ന കേരളീയ സാംസ്കാരിക ഭൂമികയോടും അക്കാലത്തെ ബൗദ്ധികാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ച എഴുത്തുകാരോടും സാംസ്കാരിക നായകരോടും വലിയൊരു ആരാധന നോവലിസ്റ്റ് പങ്കുവെക്കുന്നുണ്ട് എന്ന് വ്യക്തം. ലോക സാഹിത്യത്തിലെ അതികായന്മാരുടെ കൃതികള്‍ക്കുള്ള അര്‍ച്ചനയായി ഒട്ടേറെ സൂചനകളും നോവലില്‍ നിറയുന്നുണ്ട്. അയാളുടെ സൗഹൃദ വലയത്തില്‍ പെട്ടവരില്‍ സമാന ചിന്താഗതികള്‍ ഉള്ളവരും ദാര്‍ശനികവേദാന്ത വിഷയങ്ങളില്‍ തല്‍പ്പരരും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, ദസ്തയവ്സ്കിയുടെ ‘ചൂതാട്ടക്കാര’നെപ്പോലെ രാമചന്ദ്രന് സ്വയം തോറ്റുപോവുക അയാളുടെ മദ്യാസക്തിയുടെ മുമ്പിലാണ്. നഷ്ടങ്ങളുടെ നൈരന്തര്യം പതിയെ പതിയെ തുടങ്ങുകയും സുരതാവേഗത്തോടെ അയാളെ ആമഗ്നനാക്കുകയും ചെയ്യും. ആദ്യം ജോലി, പിന്നെ വീട്, പുരയിടം ഒടുവില്‍ അയാളുടെ ആത്മവത്ത തന്നെയും അയാള്‍ക്ക് കൈവിട്ടു പോകും. ഒരുകാലത്ത് എന്തിനും ഏതിനും കൂട്ടായി മദ്യമേശയില്‍ ചുറ്റിക്കൂടിയവര്‍ അറപ്പുളവാക്കുന്ന പകര്‍ച്ച വ്യാധിക്കാരനെ പോലെ തന്നില്‍ നിന്ന് അകന്നു പോകുന്നത് അയാള്‍ക്ക് കാണേണ്ടി വരും. മദ്യാസക്തിയുടെ നീരാളിപ്പിടുത്തത്തില്‍ കര്‍തൃത്വഗുണങ്ങളെല്ലാം നഷ്ടപ്പെട്ട്, സസ്പെന്‍ഷന്‍ കാലയളവിന്റെ ജീവനാംശം പോലും നേടിയെടുക്കാനാവാതെ മദ്യശാലകളില്‍ നിന്ന് മദ്യശാലകളിലേക്കും അതിനുള്ള വരുമാനം തേടി ഫലത്തില്‍ ഇരക്കുന്ന മനോ നിലയിലേക്കുമുള്ള രാമചന്ദ്രന്റെ പതനം ഏകാഗ്രതയോടെ നോവലിസ്റ്റ് പിന്തുടരുന്നു. കടം വാങ്ങി കടം വീട്ടുകയെന്ന ഉടന്തടി പരിഹാര രീതിയിലേക്കു വീണുപോകുന്ന ഒരാള്‍ വട്ടിപ്പലിശക്കാരുടെ ഇരയായിത്തീരുക എന്നതും വര്‍ത്തമാനകാല സാമൂഹിക അനിവാര്യത തന്നെയാണ്. നിത്യജീവിതം തള്ളിനീക്കുകയെന്ന വെല്ലുവിളികടബാധ്യതയില്‍ നിന്ന് കൂടുതല്‍ കടബാധ്യതയിലേക്ക് എന്ന ചതുപ്പില്‍ വീഴ്ത്തിക്കളയുന്ന ഒരാള്‍ക്ക് അയാളുടെ ധൈഷണിക, സര്‍ഗ്ഗാത്മക ജീവിതമൊക്കെ എരിഞ്ഞടങ്ങുന്നതിനും സാക്ഷിയാകാതെ വയ്യ. അങ്ങനെ നോക്കുമ്പോള്‍, രാമചന്ദ്രന്റെത് ആസക്തിയുടെ വിനാശകതയും സാമൂഹിക സാമ്പത്തിക നിര്‍ണ്ണായത്വത്തിന്റെ അപ്രമാദിത്തവും ചേരുന്ന ക്ലാസിക്കല്‍ ദുരന്ത സന്ധിയാണ്.

    എന്നാല്‍ വലിയൊരു പാരമ്പര്യത്തോട് കണ്ണിചേരാനുള്ള നോവലിന്റെ ഈ സാധ്യതയെ ഒമ്പതു പേജുകള്‍ മാത്രമുള്ള ആറാംഭാഗം അട്ടിമറിക്കുന്നു എന്നൊരു നിരീക്ഷണം സാധ്യമാണ്. ജീവിതോന്മുഖതയുടെ ഒരു വെളിച്ചത്തില്‍ വേണം തന്റെ ആഖ്യാനം അവസാനിപ്പിക്കാന്‍ എന്നു നോവലിസ്റ്റ് തീരുമാനിച്ചെങ്കില്‍ അതിനു അതിന്റേതായ സത്യമുണ്ടാവാം. പക്ഷെ, വിനാശകമായ ആസക്തിയെന്ന വിഷയത്തെ ഉടനീളം സത്യസന്ധമായി പിന്തുടരുകയും ആ വഴിയില്‍ പല കഥാപാത്രങ്ങളുടെയും ആത്മഹത്യകള്‍ ഉള്‍പ്പടെയുള്ള എരിഞ്ഞടങ്ങല്‍ സൂചിപ്പിക്കുകയും ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയും കാണിക്കാതെ മുന്നോട്ടു പോവുന്ന നോവലിന് ഈ ഭാഗം ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ തുറവു ലഭിച്ചേനെ എന്ന തോന്നല്‍ അമിത വിമര്‍ശക ദൃഷ്ടിയും ആകാം. നോവലിലെ മറ്റൊരു പരിമിതിയായി അനുഭവപ്പെട്ടത് ഇതര കഥാപാത്രങ്ങളുടെ പതനങ്ങള്‍ ‘പറഞ്ഞു പോകുന്ന’ രീതിയാണ്. നോവലിലെ ദുരന്ത കഥാപാത്രങ്ങളില്‍ ദാര്‍ശനിക മാനങ്ങളുള്ള പരാജയങ്ങള്‍ മുതല്‍ ആതിഥേയ പ്രിയതയുടെ ധാരാളിത്തത്തില്‍ മുടിഞ്ഞു പോവുകയും കൂട്ടാളിയായി കൂടെക്കൂടുന്നവന്‍ ഭാര്യയുടെ ജാരനായിത്തീരുന്നതു കണ്ടു ആത്മനിന്ദയില്‍ ഒടുങ്ങിപ്പോവുകയും ചെയ്യുന്നവര്‍ വരെയുണ്ട്. എന്നാല്‍, ഇത്തരം നീറ്റലുകളെ അതാതു കഥാപാത്രങ്ങളിലോ അവരുടെ ജീവിതാവസ്ഥകളിലോ നോവലിസ്റ്റ് കാര്യമായി പിന്തുടരുന്നില്ല. മറിച്ചു, കഥാനായകന്റെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു സംഭവിക്കുന്ന പതനങ്ങളുടെ ചിത്രീകരണം സൃഷ്ടിക്കുന്ന ഏകാതാനത  പലപ്പോഴും അസ്വാരസ്യം സൃഷ്ടിക്കുന്നുമുണ്ട്‌. പാത്രദീക്ഷയിലെ ഊന്നല്‍പരിമിതി ഏറ്റവും തെളിഞ്ഞു കാണാനാകുക, ഒരു കുടുംബിനിയുടെ ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ ഏതാണ്ട് ഒറ്റയ്ക്കു പേറേണ്ടി വരുന്ന രാമചന്ദ്രന്റെ ഭാര്യയുടെ ചിത്രീകരണമാണ്. മദ്യത്തിന് അടിമയാകുന്ന ഒരാള്‍ കര്‍തൃത്വം തീര്‍ത്തും നഷ്ടപ്പെട്ടു എല്ലാം ‘സംഭവിക്കാന്‍’ കാത്തു നില്‍ക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ആ ഭാരം കൂടി സ്വയം ഏറ്റെടുക്കേണ്ടിവരുന്ന ഒരമ്മ/ ഭാര്യ അത്ര നിശബ്ദമായാവുമോ അതൊക്കെയും നേരിട്ടിട്ടുണ്ടാവുക എന്ന സന്ദേഹം അസ്ഥാനത്തല്ല. ആവിഷ്കാര രീതിയില്‍ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരുന്നില്ല എന്നതും മുകളില്‍ സൂചിപ്പിച്ച ഏകാതാനതയുടെ കാരണമാകാം. എന്നിരുന്നാലും, അനുഭവ വൈവിധ്യങ്ങളെ പിന്തുടരുന്നതില്‍ ഒരിക്കലും മടിച്ചു നിന്നിട്ടില്ലാത്ത മലയാള നോവല്‍ സാഹിത്യത്തില്‍ എന്തുകൊണ്ടോ വേണ്ടത്ര ആഴത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രമേയത്തെ കേന്ദ്ര സ്ഥാനത്തില്‍ നിര്‍ത്തി ആവിഷ്കരിക്കുന്ന കൃതി എന്ന നിലയില്‍ ‘പമ്പരം’ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.   

 *1. *1. (“…the fault of the book is coarseness—not merely that coarseness of subject which will be the stumbling‑block of most readers, and which makes it utterly unfit to be put into the hands of girls…”- "Mr. Newby Will Publish On The 24th, Mr. Acton Bell's Novel, The Tenant Of Wildfell Hall". The Morning Post. 23 June 1848. p. 8 – via British Newspaper Archive.- recovered with AI help

ഫസല്‍ റഹ്മാന്‍

 


The Druze of Belgrade by Rabee Jaber

 

‘ബെല്‍ഗ്രേഡിലെ ദുറൂസികള്‍: ചരിത്രനീതിയെന്ന പ്രഹേളിക




ലബനീസ് നോവലിസ്റ്റ് റബീ ജാബെറിന് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പ്രകാരം (IPAF- 2012) നേടിക്കൊടുത്ത നോവലാണ്‌ ബെല്‍ ഗ്രേഡിലെ ദുറൂസികള്‍’ (The Druze of Belgrade).  ചരിത്രത്തിന്റെ നിരങ്കുശവും ഏകപക്ഷീയവും നീതിരഹിതവുമായ ഇടപെടലില്‍ കുരുങ്ങിപ്പോകുന്ന മനുഷ്യരുടെ ദുരന്തപൂര്‍ണ്ണവും ദുരിതപൂര്‍ണ്ണവുമായ ജീവിതകഥയാണ് നോവല്‍ ആവിഷ്കരിക്കുന്നത്. സാമ്രാജ്യത്വ സംഘട്ടനങ്ങളുടെയും വിഭാഗീയ അക്രമങ്ങളുടെയും രാഷ്ട്രീയ ഗൂഢാലോചനകളുടെയും വേലിയേറ്റത്തിൽ കുടുങ്ങിപ്പോകുന്ന നിരപരാധിയായ, വെറുമൊരു മുട്ടക്കച്ചവടക്കാരനായ ഹന്ന യാക്കൂബ് എന്ന പാവം യുവാവിന്റെ കഥയാണ് അതിന്റെ കാതൽ. ചരിത്രത്തിനു കേവലം വ്യക്തികളെ രൂപപ്പെടുത്തുക മാത്രമല്ല, അവരെ അകാരണമായും ദയാരഹിതമായും മുഴുവനായും ദഹിപ്പിച്ചു കളയാനും കഴിയും എന്നതിന്റെ മരവിപ്പിക്കുന്ന ഓർമ്മപ്പെടുത്തലും കൂടിയാണ് ഈ നോവൽ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ലെബനനില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളില്‍ ഒരു ഭാഗത്ത് മാരോനൈറ്റ് ക്രിസ്ത്യാനികളും മറുഭാഗത്ത് ദുറൂസി മുസ്ലിംങ്ങളും ഏറ്റുമുട്ടി. ഭാഗധേയങ്ങള്‍ മാറിമറിഞ്ഞ സംഘര്‍ഷം, ഒടുവില്‍ ക്രിസ്ത്യന്‍ കൂട്ടക്കൊലയിലേക്ക് നയിച്ചു. അക്കാലമാകുമ്പോഴേക്കും അപചയപ്പെട്ടുകൊണ്ടിരുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിന്, ക്രിസ്ത്യന്‍ സംരക്ഷകരായി ഇടപെടാന്‍ തുടങ്ങിയേക്കാമായിരുന്ന ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദ്ദത്തില്‍ അക്രമകാരികള്‍ക്കെതിരില്‍ നടപടിഎടുക്കല്‍ അനിവാര്യമായി. ത

തുടര്‍ വായനയ്ക്ക് :


https://www.fazalrahman.com/essays/article/the-druze-of-belgrade-by-rabee-jaber