Featured Post

Saturday, August 3, 2024

Quiet Flows the UNA by Faruk Sehic

 

“ഊനാ നദി ശാന്തമായൊഴുകുന്നു”:


മുന്‍ യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ബോസ്നിയയിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ ബോസാന്‍സ്കാ ക്രുപായില്‍ 1970ല്‍ ജനിച്ച ഫരൂക് സെഹിച്ച്, തന്റെ തലമുറയുടെ മൊത്തം ഭാഗധേയം പോലെ, യൗവ്വനകാലം സാക്ഷ്യം വഹിച്ചത് സ്വന്തം ജനത നേരിടേണ്ടിവന്ന കിരാതമായ യുദ്ധത്തിന്റെ അനുഭവങ്ങളായിരുന്നു. സാഗ്രെബില്‍ വെറ്റിനറി പഠനം നടത്തിവന്ന ഇരുപത്തിരണ്ടുകാരന്‍ സന്നദ്ധ സൈനികനായി 130 പേരടങ്ങുന്ന ഒരു യൂണിറ്റിന്റെ ലെഫ്ടനന്റ് ആയിത്തീര്‍ന്നത് യുദ്ധമുഖത്ത് അയാള്‍ക്ക് കര്‍തൃത്വപൂര്‍ണ്ണമായ പങ്കു നല്‍കി. കവിയും സഹൃദയനുമായ യുവാവില്‍ താന്‍ പങ്കാളിയായതും നേരില്‍ കണ്ടതുമായ ചെയ്തികള്‍ വരുത്തിയ പരിണാമങ്ങള്‍, യുദ്ധാനന്തരം സാഹിത്യപഠനം നടത്തിയ കാലത്തേക്കുള്ള ഈടുവെപ്പുകള്‍ ആയിത്തീരുമെന്നു അയാള്‍ അന്ന് കരുതിയിരിക്കാന്‍ ഇടയില്ല. അതെന്തായാലും, സാഹിത്യ നിരൂപകര്‍ ആ “തരിപ്പണമാക്കപ്പെട്ട തലമുറ”യില്‍ (“knocked-over generation”) നിന്നുള്ള ഏറ്റവും പ്രതിഭാശാലിയായ ഒരാള്‍ എന്നു സെഹിച്ചിനെ വിലയിരുത്തുന്നു. “അദ്ദേഹത്തിന്റെ യുദ്ധവിരുദ്ധ കഥകള്‍ ഒരു മുഴുവന്‍ തലമുറയുടെയും അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്നില്ല – അത് തന്നെയാണ് അദ്ദേഹത്തിന്റെ കൃതികളുടെ cult factor ആയിത്തീരാവുന്നത് എന്നിരിക്കിലും”. *(1). 

ബാള്‍ക്കന്‍ ചരിത്രത്തിലൂടെ..

രണ്ടാം ലോക യുദ്ധത്തിനും തുടര്‍ന്നുണ്ടായ രൂക്ഷമായ ആഭ്യന്തര യുദ്ധത്തിനും ശേഷം മാര്‍ഷല്‍ ടിറ്റോയുടെ (Josip Broz Tito) കീഴില്‍ സെര്‍ബിയ, ക്രോയേഷ്യ, സ്ലോവീനിയ, ബോസ്നിയ,   മോണ്ടിനെഗ്രോ, മാസിഡോണിയ എന്നിങ്ങനെ ആറു റിപ്പബ്ലിക്കുകകളെ കൂട്ടിച്ചേര്‍ത്തു   രൂപീകൃതമായ താരതമ്യേന അയഞ്ഞ സമീപനങ്ങള്‍ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് യുഗോസ്ലാവിയ, 1980ല്‍ അദ്ദേഹത്തിന്റെ മരണത്തോടെ ശിഥിലമായിത്തുടങ്ങി. പ്രസിഡന്റ് ടിറ്റോയുടെ കീഴില്‍ പ്രകടമാകാതെ കിടന്ന വംശീയ വൈരുധ്യങ്ങള്‍ പുതുതായി ശക്തിപ്പെട്ട ദേശീയതാ മുദ്രാവാക്യങ്ങളോട് ചേര്‍ന്നതോടെ രൂപപ്പെട്ട രാഷ്ട്രീയ, സാമ്പത്തിക സംഘര്‍ഷങ്ങളുടെ സാഹചര്യം, 1989ലെ ബെര്‍ലിന്‍ മതില്‍ തകര്‍ച്ചയോടെ പൊട്ടിത്തെറിയുടെ വക്കിലെത്തി. ഏകപാര്‍ട്ടി സമ്പ്രദായം അവസാനിച്ച ശേഷം 1990 ല്‍ നടന്ന വ്യത്യസ്ത പാര്‍ട്ടികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ മിക്കയിടങ്ങളിലും ദേശീയവാദികള്‍ ജയിച്ചു കയറി. സാമ്പത്തികമായി മുന്നിട്ടുനിന്ന സ്ലോവീനിയയും ക്രൊയേഷ്യയും വികേന്ദ്രീകരണ മുദ്രാവാക്യം മുന്നോട്ടു വെച്ചു. എന്നാല്‍ ഏറ്റവും വലിയതും സൈനികമായി അതിശക്തവും ആയിരുന്ന സെര്‍ബിയ സ്ലോബോദാന്‍ മിലോസെവിച്ചിന്റെ കീഴില്‍ കേന്ദ്രീകരണം തുടരണം എന്ന നയത്തില്‍ ഉറച്ചുനിന്നു. “എല്ലാ സെര്‍ബുകളും ഒറ്റ സ്റ്റേറ്റില്‍” (“all Serbs in one state”) എന്ന മിലോസെവിച്ചിന്റെ മുദ്രാവാക്യം, ബോസ്നിയയിലെയും ക്രോയെഷ്യയിലെയും സെര്‍ബ് സാന്നിധ്യ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്തു ഒരു വലിയ സെര്‍ബിയ ഉണ്ടാക്കാനുള്ള ശ്രമമായി സ്വാതന്ത്ര്യ വാദികളും അന്താരാഷ്‌ട്ര സമൂഹവും തിരിച്ചറിഞ്ഞു.

1991 ജൂണ്‍  25നു സ്ലോവീനിയന്‍, ക്രോയേഷ്യന്‍ നിയമസഭകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ ബെല്‍ഗ്രേഡ് നിയന്ത്രിത യുഗോസ്ലാവ് സൈന്യം (JNA), ബാധിക്കപ്പെട്ട അതിര്‍ത്തികളും എയര്‍പോര്‍ട്ടുകളും ലക്ഷ്യമാക്കി യുദ്ധസന്നാഹം തുടങ്ങി. പത്തു ദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ വംശീയഐക്യം ശക്തമായിരുന്ന സ്ലോവീനിയയില്‍ നിന്ന് പിന്മാറിയെങ്കിലും, ക്രോയേഷ്യന്‍ സ്വാതന്ത്ര്യത്തെ ശക്തമായി എതിര്‍ത്ത എത്നിക് സെര്‍ബുകളുടെ പിന്തുണയോടെ നാലുവര്‍ഷം നീണ്ട സെര്‍ബ്-ക്രോയേഷ്യന്‍ യുദ്ധം ആരംഭിച്ചു. ഇതേസമയം, യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കില്‍ ഏറ്റവും കൂടുതല്‍ മത/ വംശീയ വൈവിധ്യവും, നാലു മില്ല്യന്‍ ജനസംഖ്യയും ഉണ്ടായിരുന്ന ബോസ്നിയയില്‍ മുസ്ലിം-ക്രോയാറ്റ് സഖ്യം റഫറണ്ടം നടത്തി. മുപ്പതു ശതമാനമുള്ള സെര്‍ബുകളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നു അറുപതു ശതമാനം പിന്തുണയോടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബോസ്നിയക്ക് 1992 ഏപ്രില്‍  6-നു അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചു. ഇതംഗീകരിക്കാന്‍ കൂട്ടാക്കാത്ത റഡോവാന്‍ കരാഡിചിന്റെ സെര്‍ബിയ, പുതുദേശത്തിനെതിരെ വ്യാപകമായ സംഘര്‍ഷങ്ങള്‍ ആരംഭിക്കുകയും അവിടത്തെ സെര്‍ബ് മേഖലകള്‍ കൂട്ടിച്ചേര്‍ത്തു സ്പ്രാസ്ക റിപ്പബ്ലിക് (Republika Srpska) പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ ബോസ്നിയന്‍ ക്രോയാറ്റുകളും മുസ്ലിംകള്‍ക്ക് എതിരായിത്തിരിഞ്ഞതോടെ അതൊരു ത്രിമുഖ പോരാട്ടമായിത്തീരുകയും തുടര്‍ന്ന് മൂന്നര വര്‍ഷങ്ങളോളം പ്രദേശം യുദ്ധഭൂമിയായി മാറുകയും ചെയ്തു.

ബോസ്നിയയിലും ക്രോയെഷ്യയിലുമായി ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ മനുഷ്യര്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വന്നത് ബോസ്നിയന്‍ മുസ്ലിംകള്‍ ആയിരുന്നു. യു. എസ്, റഷ്യ, ചൈന എന്നിവക്കു പിറകെ ലോകത്തിലെ തന്നെ നാലാമത് സൈനികശക്തിയായിരുന്ന യുഗോസ്ലാവിയയുടെ ആയുധി മുഴുവന്‍ സ്വന്തമായ ബെല്‍ഗ്രേഡുമായി പിടിച്ചു നില്‍ക്കാന്‍ പുതുദേശത്തിന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു. വംശീയ ശുദ്ധീകരണ പ്രക്രിയയുടെയോ സുരക്ഷ തേടിയുള്ള പലായനത്തിന്റെയോ ഭാഗമായി ബോസ്നിയന്‍ ജനസംഖ്യയുടെ പാതിയിലേറെ ജനങ്ങള്‍ പറിച്ചെറിയപ്പെട്ടു. നാല്‍പ്പത്തിനാലു മാസം നീണ്ട സരയോവോ ഉപരോധം മൂന്നര ലക്ഷം മനുഷ്യരെ കൊല്ലാക്കൊല ചെയ്തപ്പോള്‍, മലനിരകളില്‍ നിന്നുള്ള സെര്‍ബിയന്‍ സ്നൈപ്പര്‍ ആക്രമണത്തില്‍ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പട്ടിണിക്കിട്ടും കൊടിയ പീഡനങ്ങള്‍ക്കു വിധേയരാക്കിയും കൊട്ടക്കൊലകള്‍ അരങ്ങേറി; ബലാല്‍സംഗ ക്യാമ്പുകളില്‍ വ്യവസ്ഥാപിതമായി പീഡിപ്പിക്കപ്പെട്ട ബോസ്നിയന്‍ സ്ത്രീകളുടെ എണ്ണം പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലെന്നു ഔദ്യോഗിക സ്ഥിതിവിവരങ്ങള്‍ ഇരുട്ടില്‍ തപ്പുന്നു. എണ്ണായിരം ബോസ്നിയന്‍ മുസ്ലികള്‍ കൊല്ലപ്പെട്ട സെബ്രെനിസ കൂട്ടക്കൊലയെ ‘വംശഹത്യ’ എന്നുതന്നെ അന്താരാഷ്‌ട്ര കോടതികള്‍ വിലയിരുത്തി.

1995 ആഗസ്റ്റ്‌ 30നു ബോസ്നിയന്‍ സെര്‍ബ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ നാറ്റോ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് പിന്‍വാങ്ങിയ സെര്‍ബ് ധാര്‍ഷ്ട്യം, ഡേയ്റ്റന്‍ കരാറിനെ തുടര്‍ന്നു വേറെ വഴിയില്ലാതെ അടങ്ങിയതാണ് യുദ്ധം താല്‍ക്കാലികമായെങ്കിലും അവസാനിക്കുന്നതിലേക്ക് നയിച്ചത്. ബോസ്നിയ വംശീയ അടിസ്ഥാനത്തില്‍ ഒരേ കേന്ദ്ര ഭരണത്തിന്റെ നിയന്ത്രണത്തിലുള്ള ബോസ്നിയന്‍-സെര്‍ബ് റിപ്പബ്ലിക്, മുസ്ലിം-ക്രോയാറ്റ് ഫെഡറേഷന്‍ എന്നിങ്ങനെ രണ്ടു സ്വയം ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും വൈകാതെ രണ്ടു ദേശങ്ങളും പൂര്‍ണ്ണ സ്വാതന്ത്ര്യം നേടി. നേരത്തെ സ്വതന്ത്രമായ സ്ലോവീനിയ, മാസിഡോണിയ എന്നിവയെ കൂടാതെ 2006ല്‍ മോണ്ടിനെഗ്രോയും സ്വതന്ത്രമായതോടെ മുന്‍ യോഗോസ്ലാവിയന്‍ റിപ്പബ്ലിക്കുകളുടെ വേറിട്ടു പോക്ക് പൂര്‍ണ്ണമായി. എന്നാല്‍, തെക്കന്‍ സെര്‍ബിയയില്‍ കൊസോവോയിലെ എത്നിക് അല്‍ബേനിയന്‍ വിമതരുമായി 1998 മുതല്‍ തുടങ്ങിയ കലാപം, 2008ല്‍ കൊസൊവോ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതില്‍ കലാശിച്ചെങ്കിലും ഇതുവരെയും സെര്‍ബിയ ആ ദേശത്തെ അംഗീകരിച്ചിട്ടില്ല. *(2), *(3).  

(Also read:

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html )

യുഗോസ്ലാവിയന്‍ സാഹിത്യം

യുഗോസ്ലാവിയന്‍ സാഹിത്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ ആദ്യം പരാമര്‍ശിക്കപ്പെടുക തങ്ങളുടെ ഏറ്റവും വലിയ എഴുത്തുകാരനായി എല്ലാ (മുന്‍) യോഗോസ്ലാവിയന്‍ ദേശങ്ങളും കരുതുന്ന, 1961ലെ സാഹിത്യ നെബേല്‍ ജേതാവായ കവിയും നോവലിസ്റ്റുമായ ഈവോ ആന്ദ്രിച്ചിന്റെ മാസ്റ്റര്‍പീസ്‌ The Bridge on the Drina എന്ന നോവലാണ്‌. പുതുകാല സംഘര്‍ഷങ്ങള്‍ നേരിട്ടു പരാമര്‍ശിക്കുന്നില്ലാത്ത ഒരു മുന്‍ ചരിത്ര ഘട്ടത്തെയാണ് ഡ്രിനാ നദിക്കു കുറുകെ ഇരുകരകളില്‍ ‘കിഴക്കും പടിഞ്ഞാറും’ (‘East and West’) എന്ന ദ്വന്ദ്വത്തില്‍ രണ്ടു ലോകങ്ങളായി നിന്ന സെര്‍ബിയന്‍ ദേശങ്ങളെയും ബോസ്നിയന്‍ തീരത്തെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലത്തെ കേന്ദ്ര ബിംബവും കഥാപാത്രവുമാക്കി അവതരിപ്പിക്കുന്ന നോവല്‍ ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പ്രഭാവകാലം മുതല്‍ ആരംഭിച്ചു ഒന്നാംലോക യുദ്ധാനന്തര കാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ശൈഥില്യവും ആസ്ട്രിയന്‍-ഹംഗേറിയന്‍ അധീനതയിലായ ബോസ്നിയയും സെര്‍ബിയയും തമ്മിലുണ്ടായ സംഘര്‍ഷങ്ങളും അഞ്ചു നൂറ്റാണ്ടുകാലം എല്ലാവിധ അധിനിവേശ/ ആക്രമണങ്ങളിലും ഉലയാതെ ചെറുത്തുനിന്ന പാലത്തിന്റെ ഭാഗികമായ നശീകരണവും വരെയുള്ള ഇതിഹാസമാണ്‌ നോവല്‍ വരച്ചുവച്ചത്. ദേശീയ ബിംബമായി കൊണ്ടാടുമ്പോഴും, ആന്ദ്രിച്ചിന്റെ രചനകളുടെ യഥാര്‍ത്ഥ സത്ത മനസ്സിലാക്കാനാകാതെ ഓരോ വിഭാഗവും തങ്ങളുടെ സവിശേഷ ആശയത്തെ പ്രകാശിപ്പിക്കുന്നില്ല എന്നതിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു എന്നത് വഴിപിരിഞ്ഞ ഭിന്ന സ്വത്വങ്ങള്‍ അടയാളപ്പെടുത്തുന്ന രാഷ്ട്രീയ സാമൂഹികാവസ്ഥയില്‍ സ്വാഭാവികം തന്നെ. ബോസ്നിയന്‍ നോവലിസ്റ്റ് മേസാ സെലിമോവിച്ചിന്റെ Death and the Dervish, ആന്ദ്രിച്ചിന്റെ ക്ലാസിക്കിനു തൊട്ടുപിറകെ യുഗോസ്ലാവിയന്‍ സാഹിത്യത്തില്‍ സ്ഥാനം പിടിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ തുര്‍ക്കി അധീനതയിലുള്ള സരയെവോയിലെ ഒരു ദര്‍ഗ്ഗയില്‍ ഷെയ്ഖ് ആയ ധാര്‍മ്മിക ഭീരുത്വം/ ക്ഷീണം (“malodušnost”)  അനുഭവിക്കുന്ന അഹ്മദ് നൂറുദ്ദീന്‍ എന്ന ദര്‍വീഷിന്റെ പ്രഥമ വ്യക്തിക ആഖ്യാനത്തിലൂടെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അധികാര ശ്രേണികളെ നിരീക്ഷിക്കുകയും സാമൂഹികാവസ്ഥയെ അനാവരണം ചെയ്യുകയും ചെയ്യുന്ന നോവല്‍ യഥാര്‍ഥത്തില്‍ കമ്മ്യൂണിസ്റ്റ് യുഗോസ്ലാവിയയുടെ വിമര്‍ശനമാണ് നടത്തുന്നത് എന്ന് നിരൂപകര്‍ കരുതുന്നു. സഹോദരന്‍ ഹാരൂണ്‍ ദുരൂഹമായി അറസ്റ്റ് ചെയ്യപ്പെടുന്നതോടെ സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷച്ചിറങ്ങുന്ന നൂറുദ്ദീന്‍, ഓട്ടോമന്‍ അധികാര ഇടനാഴികളുടെ ‘കാഫ്കയസ്ക്’ അധോലോകങ്ങളാണ് നേരിടുന്നത്. വിശദമായ ഒരാത്മഹത്യാ കുറിപ്പിന്റെ കുമ്പസാര സ്വരത്തില്‍ ആഖ്യാനം ചെയ്യുന്ന നോവലിലെ ഹാറൂനില്‍ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഇരയായി വധശിക്ഷ നല്‍കപ്പെട്ട സഹോദരന്‍ സെഫ്കിയയുടെ പ്രതിരൂപമാണ് സെലിമോവിച്ച് വരച്ചുവെച്ചത്. *(4). 

തന്റെ ഔപചാരിക വിദ്യാഭ്യാസം, രാഷ്ട്രീയ ആക്റ്റിവിസം, നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള അനുഭവങ്ങള്‍, ബോസ്നിയ, സെര്‍ബിയ, ക്രോയേഷ്യ എന്നിവിടങ്ങളില്‍ കഴിച്ചു കൂട്ടിയ സുദീര്‍ഘ നാളുകള്‍, എന്നിവയുടെ ബലത്തില്‍ ആ ദേശങ്ങളെ കൂട്ടിയിണക്കിയ മാനുഷിക ഘടകങ്ങളെ കുറിച്ച് എഴുതുന്നതിലൂടെ സംഘര്‍ഷങ്ങള്‍ ഒരനിവാര്യതയല്ല എന്ന് സമര്‍ഥിക്കുകയാണ് The Bridge on the Drina എന്ന കൃതിയിലൂടെ ഇവോ ആന്ദ്രിച്ച് ചെയ്തത്. ആ നിലക്ക് യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കിന്റെ സംസ്ഥാപത്തിലേക്ക് നയിച്ച സാഹചര്യങ്ങളാണ് ഇവിടെ വിഷയമാകുന്നതെങ്കില്‍ സെലിമോവിച്ചിന്റെ കൃതി, കമ്മ്യൂണിസ്റ്റ് ഉടോപിയയുടെ തന്നെ മറുപുറം തേടുകയായിരുന്നു എന്ന് പറയാം. അതേസമയം, വംശീയ/ ദേശീയ/ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ‘മിഡില്‍-ഈസ്റ്റ്’, ‘ഏഷ്യന്‍’, ‘ആഫ്രിക്കന്‍’ തുടര്‍ക്കഥകളെ ഏറെ ഔദ്ധത്യത്തോടെ നോക്കിക്കണ്ടുവന്ന യൂറോപ്പിന് നൂറ്റാണ്ടന്ത്യം നല്‍കിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’ കൂടിയായിത്തീര്‍ന്നു ബാള്‍ക്കന്‍ സംഘര്‍ഷങ്ങള്‍. എമിര്‍ കുസ്തൂറിക്കയുടെ ‘Underground’ (1995), ഡാനിസ് ടാനോവിച്ചിന്റെ ‘No Man’s Land (2001), ആര്‍സെന്‍ ആന്‍റന്‍ ഓസ്റ്റോജിക്കിന്റെ ‘Halima’s Path (2012), ജുവാനിറ്റ വിത്സന്റെ ‘As If I Am Not There (2010) തുടങ്ങിയ ചലച്ചിത്രങ്ങളിലും ‘Elegy for Kosovo’ (ഇസ്മയില്‍ കദാരെ), ‘Logovina Street’ (ബാര്‍ബറ ഡെമിക്ക്), Girl at War (സാറ നോവിച്ച്), ‘No Guns for Asmir (ക്രിസ്റ്റബെല്‍ മാറ്റിംഗ് ലി), The Cellist of Sarajevo (സ്റ്റീവന്‍ ഗാലോവേ), Sarajevo Marlboro (മിലെങ്കോ ജെറോവിച്ച്) തുടങ്ങിയ ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍ രചനകളിലും പ്രസ്തുത സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗണത്തില്‍ തികച്ചും വ്യത്യസ്തവും ശക്തവുമായ ഒരു രചനയാണ് ബോസ്നിയന്‍ കവിയും ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഫറൂക് സെഹിച്ചിന്റെ Quiet Flows the Una എന്ന നോവല്‍. മുന്‍ യോഗോസ്ലാവിയന്‍ ദേശങ്ങളില്‍ നിന്നുള്ള കൃതികള്‍ക്കുള്ള പുരസ്കാരമായ മേസാ സെലിമോവിച്ച് അവാര്‍ഡ്‌, യോറോപ്യന്‍ യൂണിയന്‍ സാഹിത്യ പുരസ്‌കാരം എന്നിവ നേടി, ഒട്ടേറെ വിദേശ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നോവല്‍ ഇംഗ്ലീഷിലും ലഭ്യമാണ് (വിവ: Will Firth).

സെഹിച്ച്/ ആഖ്യാതാവ്

1992 മുതല്‍ 1995 വേറെ തുടര്‍ന്ന ബോസ്നിയ- ഹെര്‍സെഗോവിനയിലെ യുദ്ധത്തില്‍ പങ്കളിയായതിന്റെ ട്രോമ, പ്രിയങ്കരമായ ഊനാ നദിയോരത്തു ചെലവഴിച്ച കുട്ടിക്കാലത്തെ കുറിച്ചുള്ള ഒരു കവിയുടേതുപോലെ കാല്‍പ്പനിക ചാരുതയിയന്ന ഓര്‍മ്മകളും പ്രകൃത്യുപാസനയും മാജിക്കും കൊണ്ടു മറികടക്കാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെയാണ് Quiet Flows the Una എന്ന ആത്മകഥാപരമായ നോവലില്‍ ഫരൂക് സെഹിച്ച് അവതരിപ്പിക്കുന്നത്‌: “മുത്തശ്ശി എമിന ഇപ്പോഴും പറയുമായിരുന്നു: വെള്ളിയാഴ്ച്ചത്തലേന്ന് രാത്രി മഴ പെയ്താല്‍, മഴ ഏഴു ദിവസം തുടരും..” “വെള്ളം ഞങ്ങളെ എല്ലാ ഭാഗത്തുനിന്നും വലയം ചെയ്തതായി ഞാന്‍ സ്വപ്നം കണ്ടു, മുത്തശ്ശിയുടെ വീട് അതിന്റെ ആദ്യ യാത്ര പുറപ്പെടുന്നു. ഞങ്ങള്‍ ഉനാ നദിയിലെ യാത്രികര്‍ ആവുംമുമ്പ് ഒരു വന്‍കുലുക്കമുണ്ടായി, വീട് അതിന്റെ ഭൌമവേരുകളില്‍ നിന്ന് സ്വതന്ത്രമാക്കപ്പെട്ടു. അങ്ങനെ ബോംബുമൂടികളുടെയും, രണ്ടാം ലോക യുദ്ധത്തിലെ സ്റ്റബിലൈസറുകളുടെയും അവശിഷ്ടങ്ങള്‍ നിറഞ്ഞ അടിത്തറയില്‍ നിന്ന് വേര്‍പ്പെട്ട്, സഖ്യശക്തികള്‍ പട്ടണത്തില്‍  ബോംബിട്ടപ്പോള്‍ എരിഞ്ഞമര്‍ന്ന പഴയ വീടിന്റെ കല്ലുകളില്‍ നിന്ന് വേര്‍പ്പെട്ട്,..” വീട് സ്വയം “അജ്ഞാതമായതിലെക്കുള്ള യാത്ര” ആരംഭിച്ചു എന്ന് നോവലിസ്റ്റ് എഴുതുന്നു. മുത്തശ്ശിയായിരുന്നു കപ്പിത്താനെങ്കില്‍, ഇടയ്ക്കിടെ പൊങ്ങിവരുന്ന വന്‍ മത്സ്യങ്ങളെ ചാട്ടുളിയെറിഞ്ഞു പിടികൂടുക അമ്മാവനായിരുന്നു. മറ്റൊരു മുത്തശ്ശിയായ ഡെല്‍വയെ “വൃത്തിയുള്ള മൃദുവായ തൂവലുകളുള്ള” ഒരു ചുവന്ന പക്ഷിയായി അയാള്‍ സങ്കല്‍പ്പിക്കുന്നു. ഡെല്‍വ മരിച്ചു പോയെന്നു അയാള്‍ക്കറിയാം, എന്നാല്‍ “അതെന്നെ വിഷമിപ്പിക്കുന്നേയില്ല, കാരണം ഉറക്കത്തിന്റെ ജലരാശിയിലൂടെ ഉലാത്തുമ്പോള്‍ ഞങ്ങള്‍ സംസാരിക്കുന്നുണ്ടല്ലോ എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞാനൊരു കുട്ടിയായിരുന്നപ്പോള്‍ സംസാരിക്കാതെ പോയ എല്ലാ വാക്കുകള്‍ക്കും പരിഹാരം ചെയ്യണം ഞങ്ങള്‍ക്ക് എന്ന്പോലെയയിരുന്നു അത്.” സ്വപ്നങ്ങളും സര്‍റിയല്‍ പ്രത്യക്ഷങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഇത്തരം അതീത തലമാണ് നോവലിന്റെ പാരായണ ക്ഷമത വര്‍ദ്ധിപ്പിക്കുന്നത്. ഭിന്ന വ്യക്തിത്വ സംത്രാസമാണോ കവിമനസ്സാണോ ആഖ്യാതാവില്‍ കൂടുതല്‍ പ്രകടം എന്നത് അപ്രധാനമാണ്. ഒരുവേള, യുദ്ധമെന്ന ഇരുണ്ട യാഥാര്‍ത്ഥ്യത്തെ കാഴ്ചയില്‍/ ചിന്തയില്‍/ ഓര്‍മ്മകളില്‍ നിന്ന് ആവുന്നത്ര പുറകോട്ടു തള്ളാനുള്ള ആഖ്യാതാവിന്റെ വ്യഗ്രതയാണ് മുന്നിട്ടു നില്‍ക്കുന്നത് *(5). 

ആഖ്യാതാവ് ഒരു ഇന്ത്യന്‍ ഫകീറിന്റെ ഹിപ്നോട്ടിസത്തിനു വിധേയനാകുന്നതാണ് മോഹനിദ്രാ പ്രചോദിതമായ ഒരു പ്രയാണത്തിലെന്നോണം മൂന്നു കാലഘട്ടങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്: യുദ്ധത്തിനു മുമ്പുള്ള അയാളുടെ കുട്ടിക്കാലം, യുദ്ധകാലത്തിലെ പോര്‍മുഖങ്ങള്‍, യുദ്ധാനന്തര സമൂഹത്തില്‍ സാധാരണ ജീവിതത്തിലേക്കു തിരികെ വരാന്‍ ശ്രമിക്കുന്ന ഘട്ടം എന്നിങ്ങനെയാണ് അവ. കാവ്യാത്മകവും ധ്യനാത്മകവുമായ ഗദ്യത്തില്‍ ബൈപോളാര്‍ വ്യക്തിത്വമുള്ള ജീവിതാവസ്ഥയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. അയാള്‍ ഒരേസമയം വിമുക്ത ഭടനും കവിയുമാണ്. തന്റെ ജീവിത കഥയുടെ ഇഴകള്‍ ചിലപ്പോഴൊക്കെ അയാള്‍ക്ക് ചേര്‍ത്തുവക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇടയ്ക്കിടെ അയാളതില്‍ തോറ്റു പോകുന്നു. ഓര്‍മ്മകളുടെ സഹായത്തോടെ താന്‍ പെട്ടുപോയിരിക്കുന്ന ദുര്‍ഘടാവസ്ഥ മറികടക്കാന്‍ അയാള്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഈ ശ്രമത്തിനിടയില്‍ അയാള്‍ തന്റെ ഭൂതകാലത്തിന്റെ സ്മാരക സൂക്ഷിപ്പുകാരനും ഒപ്പം പുരാവൃത്തകാരനും ആയിത്തീരുന്നു (both archivist and chronicler of the past) എന്നും ഈ നിയോഗം എല്ലാത്തിനെയും ഒരു തവണ കൂടി പുനസൃഷ്ടിക്കാന്‍ അയാളെ സഹായിക്കുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു. ഈ കഥക്കു സമാന്തരമായി, നദിയോട് ചേര്‍ന്ന് കിടക്കുന്ന നഗരത്തെ കുറിച്ചുള്ള ഖണ്ഡികകള്‍ പുരാണങ്ങളുടെയും സ്വപ്നാത്മകതയുടെയും ഭാവം സ്വീകരിക്കുന്നു. അങ്ങനെ നോവല്‍ പ്രക്രിത്യുപാസനയുടെ, ഋതുഭേദങ്ങളുടെ, ജന്തു-സസ്യ ജാലങ്ങളുടെ കാവ്യാത്മക വിവരണങ്ങളും ഭാവനാ യാനങ്ങളും കൊണ്ട് നിറയുന്നു. (BACK COVER PAGE). 

യുദ്ധത്തിന്റെ ഭീകരത നേരിട്ട് വിവരിക്കുന്ന രീതി നോവലിസ്റ്റ് അവലംബിക്കുന്നില്ല. മറിച്ച്, “അദ്ദേഹം പ്രധമമായും താല്‍പര്യമെടുക്കുന്നത് സംഘര്‍ഷത്തിന്റെ മനശാസ്ത്രപരമായ നീക്കിവെപ്പിലും അതുണ്ടാക്കിയ വിനാശതയിലുമാണ്. കൂടുതല്‍ വിശാലമായ തലത്തില്‍, യുദ്ധം അദ്ദേഹത്തിന്റെ ജന്മനാടിനെ “മഹാവിനാശകതാനന്തര ജീവിതത്തെ കുറിച്ചുള്ള ഒരു സിനിമയില്‍ നിന്നുള്ള തകര്‍ന്നു പോയ സെറ്റിനെ” പോലെ ആക്കിത്തീര്‍ത്തു” (Eileen Battersby). എന്നാല്‍ ആഖ്യാനത്തിന്റെ ശാന്തഭാവത്തെ കീറിമുറിക്കുന്ന ചില ഞൊടിയിടക്കാഴ്ച്ചകള്‍ അത്തരം രംഗങ്ങളെ ആവിഷ്കരിക്കുന്നുമുണ്ട്. ആപ്പിള്‍ കവിളുകളുള്ള സിവിലിയനായ സെര്‍ബിയന്‍ സ്ത്രീ സെഹിച്ചിന്റെ യൂണിറ്റിന്റെ വെടിയേറ്റു വീഴുന്ന രംഗം, സെര്‍ബിയന്‍ അര്‍ദ്ധ സൈനികര്‍ വരിയുടക്കുന്ന ബോസ്നിയന്‍ സഖാവ്, ആഖ്യാതാവ് കുട്ടിക്കാലം ചെലവഴിച്ച വീട് തീയിട്ടു നശിപ്പിക്കപ്പെടുന്ന രംഗം, പട്ടണം “നാശാവിഷിഷ്ടങ്ങളുടെ ഉത്സവം” ആയിത്തീരുന്നത് തുടങ്ങി യുദ്ധം അവസാനിച്ചത്‌ ആസ്വദിക്കാന്‍ വേണ്ടി കൂട്ടുകാര്‍ ഒത്തുചേരാന്‍ തെരഞ്ഞെടുക്കുന്ന പഴയ ഭൂഗര്‍ഭ പീഡന മുറിയില്‍ കുടിച്ചു ബോധം കെടുന്ന സൈനികര്‍ ചിതറിയ ചില്ലുകള്‍ കൊണ്ട് മാരകമായി മുറിയുന്ന രംഗം  എന്നിവയെല്ലാം അക്കൂട്ടത്തില്‍ പെടുന്നു.

“ഊനാ ശാന്തമായൊഴുകുന്നു”

ക്രോയെഷ്യയില്‍ ഉത്ഭവിച്ച് ബോസ്നിയ-ഹെര്‍സെഗോവിനയില്‍ കടന്നു വീണ്ടും ക്രോയെഷ്യയിലേക്ക് തിരികെയത്തുന്ന ഊനാ നദി തെക്കുകിഴക്കന്‍ യൂറോപ്പിനു പ്രകൃതിയുടെ വരദാനമാണ്. മത്സ്യ സമ്പത്തിന്റെയും തീരങ്ങളിലെ സസ്യ, ജന്തുജാലങ്ങളുടെയും സങ്കീര്‍ണ്ണ ആവാസകേന്ദ്രമായ നദി, പുരാണങ്ങളിലും നാടോടിക്കഥകളിലും തലമുറകളുടെ അത്ഭുത കഥകളുടെ കൂടി വിളനിലമാണ്. യുവാവായ നാളുകള്‍ മുതല്‍ യുദ്ധത്തിന്റെയും നിരര്‍ത്ഥകമായ സൈനിക വൃത്തിയുടെയും “വൃത്തികെട്ട വഷളന്‍” ഓര്‍മ്മകള്‍ മാത്രമുള്ള (“My memories are ugly and dirty”) ‘ഒന്നിലേറെ തവണ കൊന്നിട്ടുള്ള’, അതേസമയം അടിസ്ഥാനപരമായി കവി കൂടിയായ ഒരാള്‍ക്ക് നദിയോരത്തെ കന്മഷമില്ലാത്ത കുട്ടിക്കാലം ഒരഭയമാണ്; ഒപ്പം നദി അയാള്‍ക്ക് ജീവിതത്തിന്റെയും മരണത്തിന്റെയും രൂപകവും ആയിത്തീരുന്നു. മൂന്നര വര്‍ഷക്കാലം സന്നദ്ധ സൈനികനായി ബോസ്നിയന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച സെഹിച്ച്, ഇരുവശത്തും നടമാടിയ അത്യാചാരങ്ങള്‍ കണ്ടിട്ടുണ്ട്; അത് ഏറ്റവും സൂക്ഷ്മമായി അദ്ദേഹം നോവലില്‍ കോറിയിടുന്നുമുണ്ട്. ഇന്ത്യന്‍ ഫകീര്‍ നല്‍കുന്ന മോഹനിദ്രയിലൂടെ ഒരു ‘സമയാടകന്‍ (“time traveller”) ആയിത്തീരുന്നതാണ് അയാളെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്‌. തികച്ചും മറ്റൊരു ദേശമായ ഈ ഭൂതകാലത്തില്‍ ഏറെക്കാലം മുമ്പ് മരിച്ചു പോയ മുത്തച്ചനെയും മുത്തശ്ശിയെയും സന്ദര്‍ശിക്കുക മാത്രമല്ല, വരും വരായ്കകള്‍ സുവ്യക്തമായ ആ കാലത്തിലിരുന്നു ഭാവി തനിക്കും തന്റെ ദേശത്തിനും കരുതിവെച്ചതെന്ത് എന്ന് അയാള്‍ അറിയുകയും ചെയ്യുന്നു. പ്രമേയസൂചന നല്‍കുന്ന തലക്കെട്ടുകള്‍ നല്‍കപ്പെട്ട അധിദൈര്‍ഘ്യമില്ലാത്ത അധ്യായങ്ങളിലൂടെ ആഖ്യാതാവിന്റെ തെന്നിപ്പോകുന്ന മനോനില നോവലിസ്റ്റ് പിടിച്ചെടുക്കുന്നു. മാധ്യമങ്ങള്‍ തെറ്റായി സൃഷ്ടിച്ച സങ്കല്‍പ്പത്തിനു വിരുദ്ധമായി ദേശം നേരിട്ടത് ഒരു മത-വംശീയ സംഘര്‍ഷം ആയിരുന്നില്ല എന്നും അത് ശരിക്കും ഭൂപ്രദേശ അതിര്‍ത്തി സംബന്ധിച്ച യുദ്ധമായിരുന്നു എന്നും അയാള്‍ക്കറിയാം. യുദ്ധത്തിന്റെ ഭ്രാന്തുപിടിപ്പിക്കുന്ന നീക്കിവെപ്പിനെ കുറിച്ച് അയാള്‍ ഭംഗിവാക്കുകള്‍ പറയുന്നേയില്ല: “മറ്റുള്ളവരെ പ്രതി ലജ്ജതോന്നാന്‍ വേണ്ട കരുത്തുണ്ടെനിക്ക്” എന്നു ഏറ്റുപറയുമ്പോള്‍ തന്നെ, “വെറുക്കാന്‍ പഠിക്കുക പ്രയസകരമല്ല, നീ നിന്റെ ഉടലിനെ പിന്തുടരുകയെ വേണ്ടൂ, അതിജീവിക്കാന്‍ ആവശ്യമയതെന്തോ അതിന്റെ പിന്തുടരുക എന്നതാണ് അതിന്റെ ഉള്‍പ്രേരണ” എന്ന് കുമ്പസാരിക്കുന്നുമുണ്ട് അയാള്‍.

സംഘര്‍ഷങ്ങള്‍ അടിസ്ഥാനപരമായി അതിരുകള്‍ സംബന്ധിച്ച രാഷ്ട്രീയത്തിന്റെത് ആയിരുന്നു എന്നിരിക്കിലും വംശീയ വിവേചനത്തിന്റെ അന്തര്‍ധാരക്കെതിരെ  നോവലിസ്റ്റ് കണ്ണടക്കുന്നില്ല. തൊണ്ണൂറുകളിലെ ബോസ്നിയാക് വിമുക്തഭടന്‍ എന്ന് സ്വയം വിളിക്കുമ്പോഴും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു: “സെര്‍ബുകളും ക്രോയാറ്റുകളും ‘ബോസ്നിയന്‍ മുസ്ലിം’ എന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു, കാരണം, അവര്‍ പറഞ്ഞു, യുഗോസ്ലാവിയ ശരിക്കും ഉണ്ടായിട്ടേയില്ല.” അങ്ങനെയാണ് താന്‍ ശരിക്കും രണ്ടാളാണ് എന്ന് അയാള്‍ കണ്ടെത്തുന്നത്: അതിലൊന്ന് ഊനാ നദിയോരത്തെ ആ കുട്ടിയാണ്, മറ്റൊന്ന് “നാളെ വീടുകള്‍ തീവെക്കുകയും ഞങ്ങളുടെ അതെ പേരുകളുള്ള ആളുകളെ കൊല്ലുകയും ചെയ്യുന്ന” മറ്റൊരാളും. ബോസ്നിയന്‍ മുസ്ലിം ജനവിഭാഗം നേരിടേണ്ടി വന്ന വംശഹത്യയുടെ ഭീകരത രണ്ടാം ലോക യുദ്ധ കാലത്തെ ജൂതാനുഭാവത്തില്‍ ഒട്ടും കുറഞ്ഞതായിരുന്നില്ല എന്നും അതാണ് തന്നെ പശ്ചാത്തപിക്കേണ്ട തരത്തിലുള്ള കാര്യങ്ങളിലേക്ക് എത്തിച്ചത് ആഖ്യാതാവ് കണ്ടെത്തുന്നുണ്ട്: “ഞാനൊരു കത്തോലിക്കന്‍ ആയിരുന്നെങ്കില്‍, ഒരു സാധാരണ ജീവിതത്തിനുള്ള ആഗ്രഹത്തിനും രക്ത ദാഹത്തിനും ഇടയില്‍ വലിഞ്ഞുമുറുകുകയെന്നാല്‍ അത് യോഗീതുല്യമെന്നതില്‍ ഒട്ടും കുറവല്ല എന്ന് ഞാന്‍ പ്രഖ്യാപിച്ചേനെ. എന്നാല്‍ ഞാനൊരു കത്തോലിക്കനല്ല – ഞാന്‍ തേര്‍ഡ് റെയ്ക്കിലെ ജൂതനെ ഇതു വിധിക്കാണോ അടയാളപ്പെടുത്തി വെച്ചിരുന്നത് അതിനു തന്നെ വിധിക്കപ്പെട്ട 1990കളുടെ ബോസ്നിയയില്‍ പെട്ടുപോയ ഒരു ജനതയിലെ അംഗമായിരുന്നു.” തന്റെ ജനതയുടെ അനുഭവത്തിനു കണക്കു തീര്‍ക്കുന്ന യുദ്ധാനന്തര ബോസ്നിയന്‍ സാഹിത്യ പ്രവണതയല്ല ഉനാ നദിയുടെ പ്രവാഹം അടയാളപ്പെടുത്തുന്ന ഗതകാലത്തിലേക്ക് പേര്‍ത്തും പേര്‍ത്തും തിരിച്ചുപോകുന്ന സെഹിച്ചിന്റെ ആഖ്യാനം പിന്തുടരുന്നത് (Eileen Battersby).  “ഞങ്ങളുടെ പട്ടണം നദിയുമായുള്ള ജനങ്ങളുടെ ബന്ധത്തില്‍ നിന്നാണ് വളര്‍ന്നത്‌. ഊനാ നദിയാണ് ഞങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ശക്തി, അല്ലായിരുന്നെങ്കില്‍ നദിയും അതിന്റെ ജനതയും എന്നേ തുടച്ചു നീക്കപ്പെട്ടിരുന്നേനെ.. ഈ പട്ടണത്തെ വിവാഹം ചെയ്യുന്നവര്‍ ആരായാലും അവര്‍ ലിപിക്കിലെ സെമിത്തെരിയിലോ,   അല്ലെങ്കില്‍ അവിടെയുള്ള ഏ ഒട്ടേറെ കുടുംബ കല്ലറകളില്‍ ഒന്നിലോ അവസാനിക്കുന്നു.” താനും അവിടെയാണ് അന്ത്യവിശ്രമം കൊള്ളാന്‍ പോകുന്നത് എന്ന സാന്ത്വനമാണ് ആഖ്യാതാവിനെ കാത്തിരിക്കുന്നതും.

ഷോളാഖോവിന്റെ മാസ്റ്റര്‍പീസിനെ (And Quiet Flows the Don ) അനുസ്മരിക്കുന്നതാണ് നോവലിന്റെ തലക്കെട്ടെങ്കിലും പ്രസ്തുത കൃതിയെയോ ഇവോ ആന്ദ്രിച്ചിന്റെ ക്ലാസിക്കിനെയോ (The Bridge Over the Drina) എന്നതിലേറെ ടിം ഓബ്രിയന്റെ വിയത്നാം യുദ്ധ ക്ലാസിക് The Things They Carried എന്ന നോവലിനെയാണ് സെഹിച്ചിന്റെ ചുരുക്കെഴുത്തു രീതിയും മോഹനിദ്രാ സാന്ദ്രതയും ഓര്‍മ്മിപ്പിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു *(6). വില്‍ ഫിര്‍ത്തിന്റെ മനോഹരമായ വിവര്‍ത്തനത്തിലൂടെ ഇംഗ്ലീഷിലെത്തുന്ന നോവല്‍ ‘യുദ്ധ സാഹിത്യത്തിലേക്ക് ഒരു വലിയ സംഭാവന’യാണ് എന്നും നിരൂപക കൂട്ടിച്ചേര്‍ക്കുന്നു. 

  

  References:

1. European Union Prize for literature citation, https://www.euprizeliterature.eu/authors/faruk-šehić

2. ‘Balkans war: a brief guide’, BBC News, 18 March 2016, https://www.bbc.com/news/world-europe-17632399. 

3. KEY POINTS ABOUT 1990S BALKAN WARS. JUSTICEINFO.NET, https://www.justiceinfo.net/en/26457-key-points-about-1990s-balkan-wars.html

4. Henry R. Cooper, Jr., Introduction to English Translation, ‘Death and the Dervish’, by Bogdan Rakic and Stephen M Dickey, North Western University Press, Evenston, Illinois, 1966

5. Eileen Battersby, “Quiet Flows the Una review: A river runs through him”, THE IRISH TIMES, JUL 27, 2021, https://www.irishtimes.com/culture/books/quiet-flows-the-una-review-a-river-runs-through-him-1.2586923

6. Kapka Kassabova, Quiet Flows the Una by Faruk Šehić review – ‘a major contribution to war literature’, the guardian, 16 Apr 2016, https://www.theguardian.com/books/2016/apr/16/quiet-flows-the-una-faruk-sehic-review-novel

  (മലയാളം വാരിക, 2021 നവമ്പര്‍ 01)

More to read:

Death and the Dervish by Meša Selimović

https://alittlesomethings.blogspot.com/2024/08/death-and-dervish-by-mesa-selimovic.html

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html


Death and the Dervish by Meša Selimović

 

സന്ദേഹിയായ വിശുദ്ധന്‍



    വടക്ക് പടിഞ്ഞാറന്‍ ബോസ്നിയയിലെ ടുസ്ലയില്‍ ഇടത്തരം കുടുംബത്തില്‍ 1910ല്‍ ജനിച്ച മേശാ സെലിമോവിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബെല്‍ഗ്രേഡ് യൂനിവേര്‍സിറ്റിയില്‍ സെര്‍ബോ-ക്രോയേഷ്യന്‍ ഭാഷയും യുഗോസ്ലാവിയന്‍ സാഹിത്യവും ആണ് ഉന്നത പഠനത്തിനു തെരഞ്ഞെടുത്തത്. യോഗോസ്ലാവിയന്‍ എഴുത്തുകാരുടെ യൂണിയന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട സെലിമോവിച്ചിനു സരാജെവോ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്റ്ററേറ്റ് (1971) പോലുള്ള ബഹുമതികളും ലഭിച്ചിരുന്നു. 1982 ജൂലായ്‌ 11  ബെല്‍ഗ്രേഡില്‍ വെച്ച് മരിക്കുംമുമ്പ് യുഗോസ്ലാവിയന്‍ സാഹിത്യത്തില്‍ ഇവോ ആന്ദ്രിച്ചിന്റെ തൊട്ടടുത്ത സ്ഥാനം അലങ്കരിക്കുന്ന സെലിമോവിച്ച്, വലിയ വിജയങ്ങളും തണുപ്പന്‍ സ്വീകരണങ്ങളും അനുഭവിച്ചു കഴിഞ്ഞിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഏറ്റവും മഹത്തായ നോവല്‍ എന്ന് പോലും ഒട്ടേറെ നിരൂപകര്‍ അദ്ദേഹത്തിന്‍റെ മാസ്റ്റര്‍പീസ്‌ “Death and the Dervish” എന്ന കൃതിയെ വാഴ്ത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സെര്‍ബിയന്‍ സാഹിത്യ പുരസ്കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണത്തിനു അദ്ദേഹത്തിന്റെ പേരു നല്‍കപ്പെട്ടതും. *(1). 

    Death and the Dervish എന്ന ആഴവും പരപ്പുമുള്ള ക്ലാസിക്കിനെ അതിന്റെ സമഗ്രതയില്‍ പഠന വിധേയമാക്കുന്ന ഏറ്റവും മികച്ച ലേഖനം പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് എഴുതപ്പെട്ട ആമുഖം തന്നെയാണ് *(2).  ബാള്‍ക്കന്‍ ചരിത്രത്തിലെ കലുഷമായ കാലങ്ങളിലാണ് സെലിമോവിച്ചിന്റെ ജീവിതവും രചനകളും രൂപപ്പെട്ടത്. ഉമ്മയുടെ ഇസ്ലാമിക ശിക്ഷണത്തില്‍ നിന്ന് സ്വതന്ത്രനായി യുഗോസ്ലാവിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകനും നിരീശ്വരവാദിയുമായിത്തീര്‍ന്ന സെലിമോവിച്ച്, രണ്ടാം ലോക യുദ്ധകാലത്തും തുടര്‍ന്നും ഫാഷിസ്റ്റ്‌/ നാസി വിരുദ്ധ പാര്‍ട്ടിസാന്‍, റസിസ്റ്റന്റ് പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. യുദ്ധത്തിന്റെ അവസാന നാളുകളിലാണ്‌ നോവലിനെ സംബന്ധിച്ചും നിര്‍ണ്ണായകമായ, ഉള്ളുലക്കുന്ന ആ സംഭവം നടന്നത്: സെലിമോവിച്ചിനെ പോലെത്തന്നെ കമ്മ്യൂണിസ്റ്റും പാര്‍ട്ടിസാന്‍ ആക്റ്റിവിസ്റ്റും ആയിരുന്ന ജ്യേഷ്ഠ സഹോദരന്‍ സെഫ്കിയാ സെലിമോവിച്ച് ദുരൂഹമായ കാരണങ്ങളാല്‍ കഴമ്പില്ലാത്ത ഒരു ‘പൊതുമുതല്‍ മോഷണ’ കുറ്റം ചാര്‍ത്തപ്പെട്ടു അറസ്റ്റിലാവുകയും ധൃതിപ്പെട്ട ഏകപക്ഷീയ വിചാരണക്കൊടുവില്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തു. ശത്രുക്കള്‍ ഒറ്റിയതാണോ, അമിത ആദര്‍ശ ജാടയുള്ള പാര്‍ട്ടി അധികാരികള്‍ വിശുദ്ധി തെളിയിച്ചതാണോ എന്ന് തിരിച്ചറിയാനാവാതെ പോയ പ്രസ്തുതസംഭവത്തില്‍,  സെലിമോവിച്ചിനോ പാര്‍ട്ടിക്കാരന്‍ തന്നെയായിരുന്ന മറ്റൊരു സഹോദരന്‍ തൌഫീക്കിനോ ഒന്നും ചെയ്യാനായില്ല. യുദ്ധാനന്തരം ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ചു, പില്‍ക്കാലം അദ്ദേഹത്തിന്‍റെ നിതാന്ത പങ്കളിയായിത്തീര്‍ന്ന ഡാര്‍കാ ബോസിച്ച് എന്ന ‘ബൂര്‍ഷ്വാ’ പ്രഭുകുടുംബാംഗത്തെ വിവാഹം കഴിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സെലിമോവിച്ച്, അവസാന നാളുകളില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. സാഹിത്യ മേഖലയില്‍ അറുപതുകള്‍ അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു. ഒട്ടുമിക്ക യുഗോസ്ലാവിയന്‍ സാഹിത്യ പുരസ്കാരങ്ങളും ഇക്കാലത്ത്  അദ്ദേഹത്തെ തേടിയെത്തി. എഴുപതുകളില്‍ തണുപ്പന്‍ സ്വീകരണം ലഭിച്ച കൃതികളും ബോസ്നിയയില്‍ ശക്തി പ്രാപിച്ച പ്രാദേശികവാദത്തിലെ മനം മടുപ്പും ചേര്‍ന്ന് ബെല്‍ഗ്രേഡിലേക്ക് താമസം മാറ്റിയ സെലിമോവിച്ച്, ജനനം കൊണ്ട് ബോസ്നിയന്‍ ആണെങ്കിലും ജീവിത സായാഹ്നത്തിലും സ്വന്തം തെരഞ്ഞെടുപ്പിലും സെര്‍ബ് സാഹിത്യ പാരമ്പര്യവുമായാണ് താദാത്മ്യപ്പെട്ടത്‌. സെര്‍ബ്/ ക്രോയാറ്റ്/ സ്ലാവിക് മുസ്ലിം വ്യത്യാസങ്ങള്‍ അതതു ദേശീയ വാദികള്‍ അവകാശപ്പെട്ട പോലെ ഭാഷാപരമോ, വംശീയമോ, മതപരമോ അല്ലെന്നും അത് സാമൂഹ്യബോധ്യത്തിന്റെതാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. “ഏതൊക്കെ ദേശീയ മിത്തുകളാണ് ഒരു വ്യക്തി തന്റെതായി കൊണ്ടാടുക? ഏതൊക്കെ കൂട്ടം ആളുകളുമായാണ് ഒരാള്‍ ആഘോഷിക്കുക?” (Henry R. Cooper, Jr). 

    സ്ഥല, കാല ഗണന, പാത്ര സൃഷ്ടി, അവരുടെ ചെയ്തികളെയും നിലപാടുകളെയും നിയന്ത്രിക്കുന്ന ആശയ/ ചിന്താധാരകള്‍ തുടങ്ങിയവയിലെല്ലാം അടിസ്ഥാനപരമായ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും അത് കേന്ദ്രപ്രമേയത്ത്ന്റെ തന്നെ കണ്ണാടിയാണെന്നും ഹെന്റി കൂപ്പര്‍ ചൂണ്ടിക്കാട്ടുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ പ്രബലമായിരുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിനു കീഴിലെ ബോസ്നിയയാണ് നോവലിന്റെ പശ്ചാത്തലം. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ക്രായ്നാ, പോസാവിനാ കലാപങ്ങള്‍ സൂചിതമാകുന്നുണ്ടെങ്കിലും കൃത്യമായ കാലഗണന നല്‍കപ്പെടുന്നില്ല.  ഇസ്ലാമിന്റെ ഏകമത സാന്നിധ്യമുള്ള നോവലില്‍ ക്രിസ്ത്യന്‍ ആഘോഷമായ സെയ്ന്റ് ജോര്‍ജ്ജ് ദിനം ഇസ്ലാമികപൂര്‍വ്വ ഇരുണ്ട കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കിന്റെ (atavistic) ചിഹ്നമായാണ് വീക്ഷിക്കപ്പെടുന്നത്. ‘കസബ’ എന്ന പൊതു സംജ്ഞകൊണ്ട് വിവരിക്കപ്പെടുന്ന, മുഖ്യ ആഖ്യാന ഇടമായ പട്ടണത്തെ സരയേവോയുമായി സാമ്യപ്പെടുത്താമെങ്കിലും പേരു പറയപ്പെടുന്നില്ല. എന്നാല്‍ സംരക്ഷക കവചം എന്നതിലേറെ ഒരു പടുകൂറ്റന്‍ തടവറ പോലുള്ള ഭീഷണമായ കോട്ട, പട്ടണത്തെ വേറിട്ടുനിര്‍ത്തുന്നു. സ്ഥല/ കാലങ്ങളിലെ ബോധപൂര്‍വ്വമായ ഈ അവ്യക്തത കഥക്കു നല്‍കുന്ന സാര്‍വ്വജനീനത നോവലിന്റെ പ്രതീകാത്മക/ ദൃഷ്ടാന്ത കഥാ ധ്വനികളില്‍ സുപ്രധാനമാണ്‌.

    പാത്രസൃഷ്ടികളിലും കൃത്യത എന്നതല്ല മുഖ്യ മാനദണ്ഡമായിത്തീരുന്നത്. ‘മതത്തിന്റെ പ്രകാശം’ എന്നര്‍ത്ഥമുള്ള നൂറുദ്ദീന്‍ എന്ന തന്റെ പേര് തന്റെ യഥാര്‍ത്ഥ പേരല്ല എന്നും അത് തനിക്ക് നല്‍കപ്പെട്ടതാണ്‌ എന്നും ആഖ്യാതാവ് അഹ്മദ് നൂറുദ്ദീന്‍ പറയുന്നു. സരെയാവോയിലെ ദര്‍ഗ്ഗയില്‍ ദര്‍വ്വീഷ് ആയ അഹ്മദ് ‘ഷെയ്ഖ്’ എന്നാണു വിളിക്കപ്പെടുക. അതിശക്തനായ ന്യായാധിപനായ ഖാദി, ഖാദിയുടെ സുന്ദരിയായ ഭാര്യ, നിയമ പാലകന്‍ ‘മുസെല്ലിം’, ദര്‍വ്വീഷിന്റെ ശിഷ്യന്‍ ‘മുല്ല’, പള്ളിയിലെ ‘മുഫ്തി’, ദാഫ്തെദാര്‍ തുടങ്ങിയവൃടെയൊന്നും പേരുകള്‍ പ്രധാനമല്ല. കൃത്യമായി പേരു പറയപ്പെടുന്ന രണ്ടുപേരില്‍ ഒരാള്‍, നൂറുദ്ദീന്‍ താല്‍ക്കാലിക അഭയം നല്‍കുന്ന കുറ്റവാളിയാണ്. എന്നാല്‍, ഇസ്ഹാഖ് എന്ന ആ പേര് ഒരന്വേഷണവും കൂടാതെ നൂറുദ്ദീന്‍ വിളിക്കുന്നതുമാണ്. ശരിക്കും പ്രസക്തമായ ഒരെഉഒരു യഥാര്‍ത്ഥ പേര് നൂറുദ്ദീന്റെ സുഹൃത്തും ശക്തനായ ധാര്‍മ്മിക, വൈകാരിക സാന്നിധ്യവുമായ ഹസന്റെതാണ്; സ്ഥാനപ്പേരുകളുടെ ഭാരമില്ലാത്ത വ്യക്തിത്വം അതൊന്നു മാത്രവുമാണ്. നോവലില്‍ ചിത്രീകരിക്കുന്ന ഇസ്ലാമിനെ കുറിച്ചും സമാനമായ അവ്യക്തത കണ്ടെത്താനാകും. ദര്‍വ്വീശുകള്‍ ഇസ്ലാമിന്റെ സംശുദ്ധ ചൈതന്യത്തിന്റെ വക്താക്കള്‍ ആണെന്നു കരുതപ്പെടുന്നുവെങ്കിലും, നൂറുദ്ദീനോ, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹമോ (tekke) കടുത്ത ധാര്‍മ്മിക അങ്കലാപ്പുകളില്‍ നിന്നു മുക്തമല്ല. സര്‍വ്വാധികരിയായ ഓട്ടോമന്‍ സാമ്രാജ്യത്തെ പോലെത്തന്നെ നഗര ഭരണവും ആദര്‍ശബദ്ധതിയില്ലാത്ത ദുഷിച്ച പ്രവണതകളുടെ പ്രയോക്താക്കളും പ്രായോജകരുമാണ്. വിശുദ്ധഗ്രന്ഥവും സൂക്തങ്ങളും ആവശ്യാനുസരണം വളച്ചൊടിക്കാനും പാരഡി ചെയ്യാനും നൂറുദ്ദീനും മടിക്കുന്നില്ല. നോവലിന്റെ കേന്ദ്ര പ്രമേയമായ, ‘malodušnost’ എന്ന  സെര്‍ബോ-ക്രോയേഷ്യന്‍ പദം അര്‍ത്ഥമാക്കുന്ന ആത്മീയമായ ചുരുങ്ങല്‍/ ധാര്‍മ്മിക ചാഞ്ചാട്ടവും/ കാലുഷ്യവും/ ഒത്തുതീര്‍പ്പു ദൌബല്യങ്ങളുമെന്ന പരിഗണനയുമായി ചേര്‍ന്ന് പോകുന്നവയാണ് ഈ സ്ഥല/ കാല/ ആശയ/ പാത്രസൃഷ്ടി പരമായ അവ്യക്തതകളെല്ലാം. “.. നോവല്‍ ആത്മവത്തയുടെ സങ്കുചിതത്വത്തെ വൈകാരിക ഭീരുത്വത്തെ, ധാര്‍മ്മിക ചാഞ്ചാട്ടത്തെ കുറിച്ചുള്ള ഒരു പഠനമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ സവിശേഷമായ ഈ വ്യാധിയെ കുറിച്ച് ഇതിനെക്കാള്‍ മികച്ച നിരീക്ഷണം മറ്റെതെങ്കിലും ആധുനിക സാഹിത്യത്തില്‍ കണ്ടെത്താന്‍ പ്രയാസമായിരിക്കും” (Henry R. Cooper, Jr.).

    ഏറെക്കുറെ ഋജുവായ ഇതിവൃത്തമാണ് നോവലിനുള്ളത്. അഹ്മദ് നൂറുദ്ദീന്റെ സഹോദരന്‍ ഹാറൂന്‍ ദുരൂഹമായ വിധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ ഭരണകൂടത്തിനു അഹിതകരമായ എന്തൊക്കെയോ അറിയാമായിരുന്ന അയാള്‍, സര്‍വ്വാധിപത്യ ക്രമങ്ങളിലെ പതിവുപോലെ, ‘അപ്രത്യക്ഷമാ’ക്കപ്പെട്ടിരിക്കയാണ്. പ്രാദേശിക സമൂഹത്തിലെ നെടുംതൂണായിരിക്കുമ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതിലും ചാഞ്ചാട്ടങ്ങള്‍ മറികടന്നു പ്രവര്‍ത്തിക്കുന്നതിലും ഷേക്സ്പിയറുടെ ഹാംലെറ്റിനെ പോലെ അക്ഷന്തവ്യമായി അമാന്തിക്കുന്ന പ്രകൃതമുള്ള നൂറുദ്ദീന്‍, പ്രശ്നത്തില്‍ ഇടപെടാന്‍ വല്ലാതെ വൈകിപ്പോകുന്നു. സഹോദരനെ മോചിപ്പിക്കാനും, അതില്‍ പരാജയപ്പെടുന്നതോടെ, കുറ്റബോധം വേട്ടയാടുന്ന പ്രതികാരചിന്തയില്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികളിലൂടെ ഉത്തരവാദികള്‍ ആയവരെ വേട്ടയാടാനുമുള്ള നൂറുദ്ദീന്റെ ശ്രമങ്ങളാണ് ഇതിവൃത്തത്തെ നിര്‍ണ്ണയിക്കുന്നത്. ഹാറൂന്റെ കുറ്റം ഒരിക്കലും വ്യക്തമാക്കപ്പെടുന്നില്ല എന്നതും നൂറുദ്ദീന്‍ നേരിടുന്ന അധികാരത്തിന്റെ അധോതലങ്ങളുമാണ് നോവലിന് ‘കാഫ്കെയസ്ക്’ ഭാവം പകരുന്നത്. പ്രതികാരം ആവശ്യപ്പെടുന്ന വെറുപ്പ്‌, കൂടുതല്‍ വെറുപ്പിനെ ജനിപ്പിക്കുന്നു എന്ന തത്വത്തില്‍, കൂടുതല്‍ വലിയ ഒരു ആസൂത്രണത്തിന്റെ ഇരയായി നൂറുദ്ദീന്‍ മാറുന്നു. അയാളുടെ ഒരേയൊരു യഥാര്‍ത്ഥ സുഹൃത്ത് ഹസ്സനാണ് ആദ്യം അതില്‍ ബലിയാവുക. ഇത്തവണ, അയാളുടെ ധാര്‍മ്മിക ദൌര്‍ബ്ബല്യം പ്രകടമാകുക പുതിയ ന്യായാധിപന്‍ (‘ഖാദി’) എന്ന നിലയില്‍ അയാള്‍ത്തന്നെയാണ് ഹസ്സന്റെ മരണ വാറണ്ടില്‍ ഒപ്പു വെക്കാന്‍ നിര്‍ബന്ധിതനായിത്തീരുന്നത് എന്നിടത്താണ്. ഏകസുഹൃത്തിന്റെ പോലും പിന്തുണയില്ലാതെ, ഒരാളും മറുത്തൊരു വാക്കു പറയാനില്ലാതെ, എന്തിനെന്നറിയാതെ ഹസ്സന്‍ മരണത്തിലേക്കു പോകുന്നു. നോവലന്ത്യം തന്റെ ആത്മീയ ശൂന്യതയേയും രക്ഷപ്പെടാനാകാത്ത ദുരന്തവിധിയെയും നേരിടുന്ന നൂറുദ്ദീന്റെ ഏകാന്തത ആവിഷ്കരിക്കുന്നു.

    അഹ്മദിന്റെ വ്യക്തിത്വത്തില്‍ ലീനമായ ആത്മീയ സ്ഥൈര്യമില്ലായ്മ പ്രകടമായും വ്യക്തമാകുന്ന ആദ്യ സംഭവങ്ങളില്‍ ഒന്ന് അഭയം തേടുന്ന ‘കുറ്റവാളി’ക്ക് അയാള്‍ ഒളിവിടം കൊടുക്കുന്നതാണ്. സമാനമായ മറ്റൊരു ക്ലാസിക് സന്ദര്‍ഭത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ രംഗം: ഴാങ് വലീനിനെ മോഷണക്കുറ്റത്തില്‍ നിന്ന് രക്ഷിക്കുന്ന വിക്റ്റര്‍ യൂഗോയുടെ (Les Misérables) ബിഷപ്പ് മിരിയേലിന്റെ ധാര്‍മ്മിക ബലത്തിന്റെ നേരെ എതിരറ്റത്താണ് ‘പിടിക്കപ്പെട്ടാല്‍ നമ്മല്‍ തമ്മില്‍ കണ്ടിട്ടേയില്ല എന്നുപറയണം’ എന്നു ചകിതനാകുന്ന നൂറുദ്ദീന്‍. പക്വതയോടെ മൌനം പാലിക്കാനോ നേരിട്ടു ഗാര്‍ഡുകളെ അറിയിക്കാനോ തയ്യാറാകാതെ അങ്ങനൊരാള്‍ ഒളിച്ചിരിക്കുന്ന വിവരം തന്നോട് സമ്പൂര്‍ണ്ണവിധേയത്വമുള്ള ശിഷ്യന്‍ മുല്ലാ യൂസുഫിനെ അറിയിക്കുന്നതിലൂടെ, ധാര്‍മ്മിക ഉത്തരവാദിത്തം തനിയെ ചുമക്കാനുള്ള നൂറുദ്ദീന്റെ ഭീരുത്വമാണ് വെളിപ്പെടുന്നത്. സഹോദരനെ രക്ഷിക്കാനുള്ള ദുര്‍ബ്ബലമായ ശ്രമങ്ങള്‍ പോലും സഹോദരസ്നേഹത്തിന്റെ തീക്ഷ്ണതയില്‍നിന്നല്ല,  മറിച്ചൊരു കടമാ നിര്‍വ്വഹണത്തിന്റെ വൈകാരികമായി വന്ധ്യമായ തലത്തിലാണ് അയാള്‍ നടത്തുന്നത്. അപ്പോഴും സ്വയരക്ഷയാണ് അയാളില്‍ മുന്നിട്ടു നില്‍ക്കുന്നതും. ഇതേ ആത്മരക്ഷാ മനോഭാവമാണ് ആത്മസുഹൃത്തിനെ ഒറ്റിക്കൊടുക്കാന്‍ അയാളെ പ്രാപ്തനാക്കുന്നതും ഏതൊരു അധികാര ദുഷ്ടുകളുടെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും പ്രയോഗങ്ങള്‍ക്കെതിരെയാണോ അയാള്‍ പൊരുതാന്‍ ആഗ്രഹിച്ചത്‌, അതേ ജീര്‍ണ്ണതകളിലേക്ക് അയാള്‍ മൂക്കുകുത്താന്‍ ഇടയാക്കുന്നതും. നൂറുദ്ദീന്റെ ജീവിതത്തില്‍ ദൈവത്തിലും നീതിയിലും ഉള്ള വിശ്വാസം തന്റെ ഭൌതിക ജീവിതത്തിലെ ഭാഗ്യനിനിര്‍ഭാഗ്യങ്ങള്‍ക്കനുസരിച്ചു മാറി മറിയുന്നു എന്നും ഭാഗ്യം തന്നോടോപ്പമുള്ളപ്പോള്‍ രണ്ടിലും വിശ്വസിക്കുന്ന അയാള്‍ക്ക്, അതല്ലാത്തപ്പോള്‍ വിശ്വാസം നഷ്ടപ്പെടുന്നു എന്നും ഈ പ്രവണത ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: “Death and the Dervish ദൈവത്തിലും ദൈവത്തിന്റെ അസ്ഥിത്വം ഉറപ്പുനല്‍കുന്ന അതിഭൌതികവും നൈതികവുമായ വ്യവസ്ഥയിലുമുള്ള നൂറുദ്ദീന്റെ വിശ്വാസമില്ലയ്മയോടെയാണ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഒരു ഖാദി എന്ന നിലയില്‍ നൂറുദ്ദീന് തന്റെ വിശ്വാസം തിരികെ ലഭിക്കുമ്പോള്‍ അതൊരു വിച്ഛേദം മാത്രമാണ്, ഒരു ദൃഡവിശ്വാസിയുടെ ജീവിതത്തിലെ മതപരമായ ഒരു പ്രതിസന്ധിയുടെ നിമിഷത്തോട് താരതമ്യപ്പെടുത്താവുന്ന ചാഞ്ചാട്ടത്തിന്റെ നിമിഷം; അതിനു ശേഷം സംതുലനം വീണ്ടെടുക്കും: നൂറുദ്ദീന്‍ ദൈവത്തിലോ നീതിയിലോ ഒരു വിശ്വാസവും കൂടാതെയാണ് തന്റെ മരണത്തിലേക്കു പോകുന്നത്” (3).  നൂറുദ്ദീന്റെ മൌലികവാദം അതിന്റെ സ്വാഭാവിക പരിണതിയില്‍ എത്തുന്നത് അയാളെ ഓട്ടോമന്‍ കാര്‍ക്കശ്യങ്ങളില്‍ പെട്ടുപോകുന്ന സമൂഹത്തിന്റെ പ്രതിനിധിയും ഉപകരണവും ആക്കിത്തീര്‍ക്കുന്നു. ഇസ്ലാമിന്റെ സ്നേഹത്തെ കുറിച്ച് പറയുമ്പോഴും വെറുപ്പും ഭയവുമാണ് അയാളെ ഭരിക്കുന്നത്‌. സ്വസഹോദരനെയും ആത്മസുഹൃത്തിനെയും ബലിയര്‍പ്പിക്കുന്നതില്‍ അയാളെ കൊണ്ടെത്തിക്കുന്നത് ഇസഹാഖിനെ ബലിയര്‍പ്പിച്ച അബ്രഹാമിന്റെ ദൈവഭയമല്ല, മറിച്ചു സ്വന്തം ആത്മീയഭീരുത്വമാണല്ലോ. അതുകൊണ്ടുതന്നെ പ്രജാവത്സലനായ ഒരു ദൈവവും മഹാപാപത്തില്‍ നിന്ന് രക്ഷകനായി അയാളിലേക്ക് എത്തുന്നുമില്ല.

    നോവലില്‍ സാന്ദര്‍ഭികമായി മാത്രം കടന്നു വരുന്ന സ്ത്രീകഥാപാത്രങ്ങളുടെ ചിത്രീകരണത്തിലും മൌലികവാദ, പുരുഷാധിഷ്ടിത സമൂഹത്തിന്റെ ദൌര്‍ബല്യങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്. ഹാറൂനു വേണ്ടി അപേക്ഷിക്കാനായി ഖാദിയുടെ ഭാര്യാപിതാവിന്റെ വീട്ടിലെത്തുന്ന നൂറുദ്ദീന്‍ കണ്ടുമുട്ടുന്ന യുവതിയായ ഖാദിയുടെ ഭാര്യയുടെ മാദക സൌന്ദര്യം അയാളെ മോഹിതനാക്കുന്നുണ്ട്. നോവലന്ത്യത്തില്‍ ശിഷ്യത്വം സ്വീകരിക്കാനെത്തുന്ന, നൂറുദ്ദീന്റെ തന്നെ മകന്‍ ആയേക്കാവുന്ന മുന്‍ കാമുകിയുടെ പത്തൊമ്പതുകാരനായ പയ്യനിലൂടെ കാമനയുടെ മറ്റൊരു ജീവിതഖണ്ഡവും സൂചിതമാകുന്നുണ്ട്. സ്വപ്നപ്രത്യക്ഷം പോലെ ആ പൊയ്പ്പോയ രതിതീക്ഷ്ണസംഗമങ്ങള്‍ ഇപ്പോഴും അയാളിലെത്തുന്നത്, ദെര്‍വ്വീഷിന്റെ ഉള്ളിലും ജൈവകാമനകള്‍ അടങ്ങുന്നില്ല എന്ന് സൂചിപ്പിക്കുന്നു. എന്നാല്‍, ഖാദിയുടെ ഭാര്യ പ്രതിനിധീകരിക്കുന്ന അന്തസ്സാര ശൂന്യതയും ഒരു നിഴലില്‍ അപ്പുറം ഒന്നുമല്ലാത്ത ഗതകാല പ്രണയിനിയും ചേര്‍ന്നു ഇവിടെയൊക്കെ സ്ത്രീസാന്നിധ്യം വെറും കാമമോഹിത ‘വസ്തുക്കള്‍’ (objects of desire) മാത്രമായി നില്‍ക്കുന്നതേയുള്ളൂ എന്നത് സ്ത്രീസമ്പര്‍ക്കം വിലക്കപ്പെട്ട അവിശുദ്ധ ബാന്ധവമാണെന്ന പ്യൂരിറ്റന്‍ ഇസ്ലാമിക കാഴ്ചപ്പാടിന് അനുരോധമാണ്.

(Read here:

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html )

    സെലിമോവിച്ചിന്റെ നോവല്‍ അദ്ദേഹത്തിന്റെ സമകാലികനും യുഗോസ്ലാവിയന്‍ സാഹിത്യത്തിലെ കുലപതിയുമായ ഇവോ ആന്ദ്രിച്ചിന്റെ The Bridge on the Drina എന്ന ക്ലാസിക്കുമായി താരതമ്യം ചെയ്യുക സ്വാഭാവികമാണ്. ആന്ദ്രിച്ചിന്റെ വിഖ്യാത കൃതി, യുഗോസ്ലാവിയയുടെ ഏകീകരണത്തിനു മുമ്പത്തെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതിലൂടെ, ഭിന്നതകള്‍ക്കപ്പുറം ഏകീകരണ സാധ്യതകളാണ്, വൈവിധ്യങ്ങളുടെ കൂടിച്ചേരല്‍ സാധ്യതയാണ് ആഘോഷിച്ചത്. ആ നിലക്ക് അത് ഭിന്ന സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ബഹുസ്വരതയാണ് മുന്നോട്ടുവെച്ചത്‌. എന്നാല്‍ “സെലിമോവിച്ചിന്റെ ബോസ്നിയ അസാധാരണമാം വിധം ഏകരൂപിയാണ്. ആ അര്‍ത്ഥത്തില്‍, ആന്ദ്രിച്ചിന്റെ ബോസ്നിയയുടെ ശബളമായ വൈവിധ്യവുമായി, അഥവാ, ഒരിക്കല്‍ വംശീയബഹുത്വം,  സാംസ്കാരികബഹുത്വം, ഭിന്നമത സമൂഹങ്ങള്‍ എന്നിവയ്ക്ക് കൊണ്ടാടപ്പെട്ടിരുന്ന, ഇപ്പോള്‍ അതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടു കൊണ്ടിരുന്ന നാടിന്റെ യാഥാര്‍ത്ഥ്യവുമായി ഒരു തരത്തിലുള്ള സമാനതയും പേറുന്നില്ല. സെലിമോവിച്ചിന്റെ ബോസ്നിയ വംശശുദ്ധീകരണക്കാരും വിഭാഗീയ ചിന്താഗതിക്കാരും മൌലികവാദികളും, വരട്ടുതത്വവാദികളും യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിച്ചതെന്തോ അതാണ്‌: ഒരൊറ്റ ജനത, ഒരൊറ്റ നിയമത്തിനു കീഴില്‍, ഒരൊറ്റ അധികാരത്തിനു തലകുനിച്ച്. അതൊരു രാക്കാല ദുസ്വപ്നമാണ് (നോവലില്‍ എത്രമാത്രമാണ്‌ രാത്രിയിലെ സംഭവങ്ങള്‍!), അത് നട്ടുച്ചയിലെ കൂരിരുട്ടാണ്, അത് ഒരു പഴയ കാലം പശ്ചാത്തലമാക്കിയ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ഭീകര (കഥ)യാണ്, ആശ്വാസകരമെന്ന് പറയാം ജീവിച്ചിരിക്കുന്നവരുടെ മേല്‍ അത്തരം കാര്‍ക്കശ്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പല (എല്ലമല്ല!) മാര്‍ഗ്ഗങ്ങളും അതില്‍ ഇല്ല” (Henry R. Cooper, Jr.). സെലിമോവിച്ചിന്റെ ഓട്ടോമന്‍ ബോസ്നിയ, രണ്ടാം ലോകയുദ്ധാനന്തര യുഗോസ്ലാവിയയുടെ, അഥവാ പോയ നൂറ്റാണ്ടിന്റെ ജീവിതാവസ്ഥയുടെ തന്നെ, ഒരു ചെറുപതിപ്പാണ്‌ എന്ന് കാണാം. സങ്കീര്‍ണ്ണവും കാവ്യാത്മകവുമായ രീതിയില്‍, നോവലന്ത്യത്തില്‍ മാത്രം വ്യക്തമാകുന്ന ജീവിത നിരീക്ഷണം പക്ഷെ അതീവ ലളിതമാണ്: “അഹ്മദിനും ഹാറൂനിനും ഇടയിലെന്ന പോലെയുള്ള സഹോദര സ്നേഹം, ഹസ്സനും പിതാവിനും ഇടയിലെന്ന പോലെയുള്ള പിതൃ-പുത്ര സ്നേഹം, അഹ്മദിനും ഹസ്സനും ഇടയിലെന്ന പോലുള്ള സുഹൃദ് സ്നേഹം, ഒടുവില്‍, അഹ്മദിന്റെ ജീവിതത്തില്‍ അഭാവത്തിലൂടെ അയാളെ മരണത്തിന്റെ വഴിയിലേക്കയക്കുന്ന കാമനയുടെ സ്നേഹം – ഇതെല്ലാം ഭയത്തെ അകറ്റും, വെറുപ്പിനെ നശിപ്പിക്കും, ഭൂതകാലത്തെ ഉച്ഛാടനം ചെയ്യും, പുതു ജീവനെ/ജീവിതത്തെ ഉരുവപ്പെടുത്തും, സൂര്യപ്രകാശം കടന്നു വരാന്‍ അനുവദിക്കും, സമാധാനം കൊണ്ടുവരും.” ഈ ആശയം നോവല്‍ ഉറ്റുനോക്കുന്നു എന്നെയുള്ളൂവെന്നും നോവല്‍ ത്രയമായി സങ്കല്‍പ്പിക്കപ്പെട്ട രചനാ പദ്ധതിയില്‍ തുടര്‍ന്ന് എഴുതിയ The Fortress എന്ന നോവലും മുഴുവനാക്കാതെ പോയ മൂന്നാം ഭാഗവുമാണ് ആ വഴിക്ക് ശരിക്കും സഞ്ചരിച്ചത് എന്നും നിരീക്ഷിക്കപ്പെടുന്നു (Henry R. Cooper, Jr.).

    കമ്മ്യൂണിസ്റ്റ് യുഗോസ്ലാവിയയുടെ ഫിക് ഷനല്‍ പ്രതിനിധാനമായി ഓട്ടോമന്‍ ഭരണത്തെ നോവലിസ്റ്റ് ഉപയോഗിക്കുന്നു എന്ന ദൃഷ്ടാന്ത കഥാ വായനയും സഹോദരന്റെ തിരോധാനത്തിന്റെ നീറ്റല്‍ രേഖപ്പെടുത്തുന്ന ‘ആത്മകഥാ’ ആവിഷ്കാരം എന്ന സമീപനവും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ വ്യാഖ്യാനങ്ങളില്‍ അമിതമായി ഊന്നുന്നത് കൂടുതല്‍ പ്രധാനമായ ചില പ്രമേയങ്ങളെ അവഗണിക്കലാവും എന്ന് കരുതുന്നവരുണ്ട്. സെലിമോവിച്ച് ഒരിക്കലും തന്റെ കഥാപാത്രങ്ങളെ വിധിക്കുന്നില്ല എന്നും അവരെ പ്രതീകാത്മകതയുടെ ഭാരമൊന്നുമില്ലാതെ അവരായിത്തന്നെയും കാണുന്നുവെന്നും അക്കാര്യത്തില്‍ അദ്ദേഹം ദസ്തയവ്സ്കിയുടെ ഒപ്പമാണ് എന്നും കീത്ത് ഡൌട്ട് നിരീക്ഷിക്കുന്നു “സെലിമോവിച്ച് ദര്‍വ്വീഷിന്റെ ആത്മാവിനെ അതിനെ പ്രതിതന്നെ, അതിന്റെ മാനുഷിക പ്രകൃതത്തിനു എന്നല്ലാതെ വേറെ കാരണമൊന്നുമില്ലാതെത്തന്നെ, അതിന്റെ മൂല്യത്തില്‍ത്തന്നെ അവതരിപ്പിക്കുന്നു, അതെത്രമാത്രം രോഗഗ്രസ്തമാണെന്നിരിക്കിലും.” (4).  

 

References:

(1). (“Serbian Writers, Meša Selimović, Colossal figure of Serbian Literature”, Serbian.com, http://www.serbia.com/about-serbia/culture/literature/serbian-writers/mesa-selimovic/

(2). (Henry R. Cooper, Jr., Introduction to “DEATH AND THE DERVISH” translated by Bogdan Rakić and Stephen M. Dickey, NORTHWESTERN UNIVERSITY PRESS, EVANSTON, ILLINOIS, 1996).

(3). (Zoran Milutinović, “What the Dervish Confessed about Death: Meša Selimović’s Death and the Dervish” Scholarship as the Art of Life: Contributions on Serbian Literature, Culture, and Society by Friends of Radmila (Rajka) Gorup. Slobodanka Vladiv-Glover, ed. Bloomington, IN: Slavica Publishers, 2016, 65–77.)

(4). (Keith Doubt, “Solipsism Narrated Magnanimously: Reflections on Death and the Dervish”, Spirits of Bosnia Vol.05 No.4(2010): October, http://www.spiritofbosnia.org/volume-5-no-4-2010-october/solipsism-narrated-magnanimously-reflections-on-death-and-the-dervish/).  


കൂടുതല്‍ വായനക്ക് :

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html


Quiet Flows the UNA by Faruk Sehic

https://alittlesomethings.blogspot.com/2024/08/quiet-flows-una-by-faruk-sehic.html 

The Unbearable Lightness of Being (1984) (Czechoslovakia)Milan Kundera/ Michael Henry Heim

https://alittlesomethings.blogspot.com/2024/08/the-unbearable-lightness-of-being-1984.html

The Tin Drum by Günter Grass (Germany)/ Ralph Manheim (1959)

https://alittlesomethings.blogspot.com/2024/08/the-tin-drum-by-gunter-grass-germany.html

Memed, My Hawk by Yaşar Kemal / Edouard Roditi

കഴുകന്‍/ വിമോചകന്‍: ഒളിപ്പോരിന്റെ പകര്‍ന്നാട്ടങ്ങള്‍



    തുര്‍ക്കിയിലെ കുര്‍ദിഷ് കുടുംബത്തില്‍ ജനിച്ച യശാര്‍ കെമാല്‍ (1923-2015),  ഒര്‍ഹാന്‍ പാമുക്കിനും എലിഫ് ഷഫാഖിനും മുമ്പ് ഏറ്റവും അറിയപ്പെട്ടിരുന്ന തുര്‍ക്കി നോവലിസ്റ്റ് ആയിരുന്നു. നോബേല്‍ പുരസ്കാര പരിഗണനയില്‍ എപ്പോഴും സജീവമായിരുന്ന അദ്ദേഹം ഗ്രാമീണ ജീവിത കഥകള്‍ പറയുന്നതിലും ഒന്നുമില്ലാത്തവര്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ സംസാരിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. കുട്ടിക്കാലത്തു സംഭവിച്ച ഒരപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട കെമാലിനു തന്റെ അഞ്ചാം വയസ്സില്‍ പള്ളിയില്‍ വെച്ച് പിതാവ് കൊല്ലപ്പെടുന്നതു കാണേണ്ട ദുര്യോഗവുമുണ്ടായി. സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം പലവിധ ജോലികള്‍ ചെയ്ത അദ്ദേഹം, 1950ലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. വൈകാതെ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ പ്രതികരണം ശ്രദ്ധേയമായിരുന്നു: “ഒരു വ്യക്തി കുറ്റവിമുക്തനാക്കപ്പെട്ടു എന്നതിന് ആവിഷ്കാരസ്വാതന്ത്ര്യം കൈവന്നു എന്നര്‍ത്ഥമില്ല. ഒരൊറ്റ പൂ കൊണ്ട് നിങ്ങള്‍ക്ക് വസന്തം വിരിയിക്കാനാവില്ല.” ഒരു വര്‍ഷക്കാലം രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ പോയ അനുഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്: “എനിക്ക് മനസ്സാക്ഷിയുടെ കുത്തലുണ്ടായി: നീയൊരു എഴുത്തുകാരനാണ്‌. നീ സംസാരിച്ചേ തീരൂ എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു.” തുടര്‍ന്ന് ഇസ്താന്‍ബൂളിലേക്ക് പോയ കെമാല്‍, റിപ്പോര്‍ട്ടറായും ലൈബ്രേറിയനായും മറ്റും പ്രവര്‍ത്തിച്ചു. ഇരുപതോളം നോവലുകള്‍ രചിച്ച കെമാലിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി ആദ്യ നോവലായയ İnce Memed (1955; Memed, My Hawk) തന്നെയാണ്. കൊള്ളക്കാരനായ ഫോക്ക് ഹീറോയെ പിന്തുടരുന്ന കൃതിക്ക് മറ്റു മൂന്നു തുടര്‍ച്ചകള്‍ (novel quartet) കൂടി അദ്ദേഹം രചിച്ചു. ടര്‍ക്കിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ അംഗമാകുകയും മാര്‍ക്സിസ്റ്റ്‌ പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്ത കെമാല്‍, കുര്‍ദ്ദ് ജനതയുടെ പോരാട്ടത്തില്‍ സജീവ പങ്കാളിത്തം വഹിച്ചതിന്റെ പേരില്‍ നീണ്ട ജയില്‍വാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. “എനിക്കൊരു പ്രത്യേകം കുര്‍ദ്ദ് രാഷ്ട്രം വേണ്ട. ആര്‍ക്കും വേണ്ട. കുര്‍ദുകള്‍ക്ക് ആകെ വേണ്ടത് അവരുടെ സാര്‍വ്വലൌകിക മനുഷ്യാവകാശങ്ങള്‍ മാത്രമാണ് – തങ്ങളുടെ ഭാഷ, സംസ്കാരം, ഐഡെന്റിറ്റി എന്നിവ നിലനിര്‍ത്താനുള്ള അവകാശം” എന്ന് അദ്ദേഹം തന്റെ നിലപാടു വ്യക്തമാക്കി. “I don’t want to write about issues, I don’t want to write for an audience, I don’t even write for me. I just write” എന്ന കെമാലിന്റെ അവകാശവാദം വസ്തുതാപരം എന്നതിലേറെ അമിത അവകാശവാദങ്ങളോടുള്ള മുഖംതിരിക്കലായേ കാണേണ്ടതുള്ളൂ. *1.

    Memed, My Hawk ന്റെ മിക്ക സന്ദര്‍ഭങ്ങളും സംഭവിക്കുന്നത്‌ അനടോളിയന്‍ പ്രദേശത്താണ്, ടോറസ് മലനിരകള്‍ക്കിടയിലെ ചുകുറൂവ സമതലത്തിലെ കാര്‍ഷിക ഗ്രാമങ്ങളില്‍. ഓട്ടോമന്‍ സുല്‍ത്താനെറ്റിന്റെ പതനവും അതാതുര്‍ക്കിന്റെ (Mustafa Kemal Ataturk (1881–1938) നേതൃത്വത്തില്‍ 1923ല്‍ തുര്‍ക്കി റിപ്പബ്ലിക്കിന്റെ സ്ഥാപനവും ആണ് കഥാകാലം. ദേശത്തിന്റെ ഇതരഭാഗങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കരണങ്ങള്‍ പക്ഷെ, ദാരിദ്ര്യത്തില്‍ മുങ്ങിയ അനടോളിയന്‍ ഗ്രാമ്യമേഖലകളില്‍ ചലനമൊന്നുമുണ്ടാക്കിയില്ല. കൊടുംവേനലും അതിശൈത്യവും മാറിമാറിവന്ന പ്രദേശം, അടിസ്ഥാന സൗകര്യ വികാസമൊന്നും തൊട്ടുതീണ്ടാതെ, വിദൂര പട്ടണങ്ങളുമായി ബന്ധമൊന്നുമില്ലാതെ 800 മുതല്‍ 2,000 വരെ അംഗങ്ങള്‍ അടങ്ങിയ തുരുത്തു സമൂഹങ്ങളായി നിലക്കൊണ്ടു. അവരുടെ ദുരിതം പൂര്‍ണ്ണമാക്കും വിധം അതിക്രൂരരും ചൂഷകരുമായ ജന്മിമാര്‍ ആളും അര്‍ത്ഥവും അടിമത്തത്തിലാക്കി വാണു. അത്തരം അഞ്ചു ഗ്രാമങ്ങളടങ്ങിയ ഒരു ഇടത്തിന്റെ ഏകാധിപതിയായ അബ്ദി ആഘാ എന്ന ഉടയോനും അയാളുടെ കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമരുന്ന ദരിദ്ര, ഭൂരഹിത കര്‍ഷക/ പാട്ടക്കുടിയാന്മാരും അടങ്ങുന്ന സമൂഹത്തെയാണ് നോവല്‍ അവതരിപ്പിക്കുന്നത്‌. മുഖ്യ കഥാപാത്രമായ മെമദ് എന്ന കൗമാരക്കാരന്‍, ലക്ഷണമൊത്ത ഒരു റോബിന്‍ഹുഡ് പരിവേഷത്തിലേക്ക് മുതിര്‍ന്നുവരുന്നതിനുള്ള പശ്ചാത്തലം ഇപ്രകാരം നോവല്‍ ആരംഭം തന്നെ വ്യക്തമാക്കുന്നു. പട്ടിണിക്കിടുകയും കണ്ണില്‍ചോരയില്ലാതെ ചാട്ടയടിക്കുകയും ഇല്ലാത്ത കുറ്റങ്ങളുടെ പേരില്‍ മൂന്നിലൊന്ന് എന്ന സ്വതേ തുലോംകുറഞ്ഞ കുടിയാന്‍ വിഹിതം വീണ്ടും നാലിലൊന്നാക്കി കുറക്കുകയും ചെയ്യുന്ന അബ്ദി ആഘായുടെ ചെയ്തി ഒരു പ്രത്യേക സാഹചര്യത്തില്‍ ഇനിയും സഹിക്കാനാവില്ല എന്ന ചിന്തയോടെ, നിസ്സഹായയും ദുര്‍ബ്ബലയുമായ ഉമ്മയെ തനിച്ചാക്കി അവന്‍ ഓടിപ്പോകുന്നു. കൗമാരക്കാരന്റെ അളവുകളില്‍ ‘ഏറെ ദൂരെ’യായ അടുത്തൊരു ഗ്രാമത്തില്‍ ആട്ടിടയനായി മനുഷ്യപ്പറ്റുള്ള ഒരു കുടുംബത്തില്‍ സ്വാതന്ത്ര്യത്തിന്റെ തീരെചെറിയൊരു ഇടവേളയാണ് പിന്നെ. എന്നാല്‍ വിധിവൈപരീത്യത്തില്‍ വീണ്ടും അബ്ദി ആഘായുടെ പിടിയില്‍ അകപ്പെടുന്ന മെമദും ഉമ്മയും അതിക്രൂരമായ പീഡനത്തിനു വിധേയരാകുന്നു.

    കൂട്ടുകാരനോടൊപ്പം വിദൂരപട്ടണം സന്ദര്‍ശിക്കുന്നതാണ് മെമദിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. പട്ടണത്തിനു ഒരു ‘അബ്ദി ആഘാ’ ഇല്ല എന്ന അറിവ് അവനൊരു അത്ഭുതമാണ്. അവിടെവെച്ചു കണ്ടുമുട്ടുന്ന റിബല്‍ വിപ്ലവ പ്രവര്‍ത്തകന്‍, അങ്ങോട്ടു വന്നാല്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്യുന്നത് അവനു ആശയങ്ങള്‍ നല്‍കുന്നു. തന്റെ ജീവിത സര്‍വ്വസ്വമായ ഹാശെ എന്ന പെണ്‍കുട്ടിയുമായുള്ള തീക്ഷ്ണ പ്രണയമാണ് അവനു കൈകാര്യം ചെയ്യാനുള്ള മറ്റൊരു വലിയ പ്രശ്നം. നിത്യവും രാത്രി സന്ധിക്കാറുള്ള ഇരുവരും ഒരുമിച്ചു ഒളിച്ചോടാന്‍ തീരുമാനിക്കുന്നുവെങ്കിലും വീണ്ടും അബ്ദി ആഘാ തന്നെയാണ് വഴിമുടക്കുക. അയാളുടെ അനന്തിരവനുവേണ്ടി ഹാശെയെ തീരുമാനിച്ചുറപ്പിച്ചതാണ്. പേമാരിയില്‍നിന്ന് അഭയംതേടുന്ന ഗുഹയില്‍ കൊടുംതണുപ്പിനെ മറികടക്കാന്‍ തീകൂട്ടുന്നതും, ആ ചൂടില്‍ ഉടലുണര്‍വ്വിന്റെ ആദ്യാനുഭവമായി പ്രണയ സംഗമവും വിവരിക്കുന്നത് നോവലിലെ ഏറ്റവും മനോഹരമായ ഭാഗമാണ്. ആദ്യവേഴ്ച്ചയുടെതായി മണ്ണില്‍ പതിയുന്ന ഹാശേയുടെ ഉടല്‍പ്പാട്, പക്ഷെ ഏറ്റവും കൊടിയ ദുരന്തത്തിലേക്കു നയിക്കും. തന്റെ അനന്തിരവന്റെ ഭാവിവധുവും കാമുകനും ഒളിച്ചോടിയത്തില്‍ ക്രുദ്ധനാകുന്ന അബ്ദി ആഘാ സംഘടിപ്പിക്കുന്ന തിരച്ചില്‍ സംഘത്തില്‍, ഗ്രാമത്തിലെ ‘ട്രാക്കര്‍’ (ഒളിച്ചോടിയ കണ്ടെത്തുന്ന വിദഗ്ധന്‍) മുടന്തന്‍ അലിക്ക് (lame Ali) അത് നല്‍കുന്ന സന്ദേശം, ഇനിയങ്ങോട്ട് ഒളിച്ചോടിയ കാമുകീകാമുകന്മാരെയല്ല,  അഭിമാനക്കൊല നടത്തപ്പെടെണ്ട വ്യഭിചാരക്കുറ്റം നടത്തിയവരെയാണ് കണ്ടെത്താനുള്ളത് എന്നതാണ്. പിടിക്കപ്പെടും എന്ന ഘട്ടത്തില്‍ മെമാദ് ഉതിര്‍ക്കുന്ന വെടിയില്‍ പ്രതിശ്രുത വരന്‍ കൊല്ലപ്പെടുകയും അബ്ദി ആഘാക്ക് മുറിവേല്‍ക്കുകയും ചെയ്യും. തിരികെയെത്തി അവളെ കൊണ്ടുപോകും എന്ന വാക്കുനല്‍കി ഇരുട്ടില്‍ മറയുന്ന മെമാദ്, തന്റെ പരിണാമത്തിന്റെ അടുത്ത ചുവടു വെക്കുകയാണ്‌. ഒരു ഘട്ടത്തിലും യുവ മിഥുനങ്ങളെ അബ്ദി ആഘാക്കു വേണ്ടി കയ്യൊഴിയാന്‍ ഇഷ്ടമില്ലാതിരുന്ന ഗ്രാമീണരെ, അവരുടെ നിസ്സഹായത തുരുപ്പുശീട്ടാക്കി കൂട്ടക്കള്ളസാക്ഷി പറയിക്കുന്ന അബ്ദി ആഘാ, അനന്തിരവന്റെ കൊലക്കുറ്റം ഹാശേയില്‍ ചാര്‍ത്തി അവളെ ജയിലില്‍ എത്തിക്കുന്നു. അതേസമയം, മറ്റു ഗത്യന്തരമില്ലാതെ ഒരു പിടിച്ചുപറിക്കാരന്റെ സംഘത്തില്‍ എത്തിച്ചേരുന്ന മെമാദ്, തന്നില്‍ത്തന്നെ രണ്ടു കാര്യങ്ങള്‍ കണ്ടെത്തുന്നു. അവന്റെ നേതൃത്വ ഗുണത്തോടൊപ്പം മനസ്സാക്ഷിയില്ലാത്ത കൊള്ളക്കാരനാവുക തനിക്ക് അസാധ്യമാണ് എന്നതുംകൂടിയാണ് അത്. വലിയ അപകടഘട്ടങ്ങളില്‍ തങ്ങളെ സഹായിക്കുന്നവരെപോലും കണ്ണില്‍ചോരയില്ലാതെ കൊള്ളയടിക്കുകയും തന്റെ മുദ്രയായി അവരുടെ അടിവസ്ത്രം വരെ ഉരിഞ്ഞെടുത്തു നഗ്നരാക്കി അപമാനിക്കുകയും ചെയ്യുന്ന സംഘ നേതാവുമായുള്ള ബന്ധം അതിവേഗം അവനു അവസാനിപ്പിക്കേണ്ടി വരുന്നത് അങ്ങനെയാണ്. അബ്ദി ആഘാ മരിച്ചിട്ടില്ല എന്നറിയുന്നതോടെ മെമാദ് നടത്തുന്ന രണ്ടാം ആക്രമണം, അറിയാതെയെങ്കിലും, ഗ്രാമത്തിനു കൊള്ളിവെക്കുന്നതില്‍ കലാശിക്കുന്നതോടെയാണ് അവനെ കുറിച്ച് മിത്തുകള്‍ പ്രചരിച്ചു തുടങ്ങുക. സര്‍വ്വ ശക്തനായ ഏകാധിപതിയെ വെല്ലുവിളിച്ച ഹീറോ ആയും, ഗ്രാമങ്ങള്‍ ചുട്ടെരിക്കുന്ന കൊള്ളക്കാരന്‍ (bandit) ആയും ഭിന്ന പുരാണങ്ങള്‍ പിറക്കുന്നതോടെയാണ് ‘the hawk’ (പരുന്ത്‌/ കഴുകന്‍) എന്ന വിളിപ്പേര് അവനു ചാര്‍ത്തിക്കിട്ടുക.

    ഹാശെ തടവിലായതറിയുന്ന മെമാദ്, അവളെ സന്ദര്‍ശിക്കുന്നത് അത്യന്തം ഹൃദയഹാരിയായ ഒരു ഭാഗമാണ്. ഒരു കടലോളം പറയാനുള്ള ഇരുവര്‍ക്കും മണിക്കൂറുകളോളം ഒന്നും മിണ്ടാനാവുന്നില്ല. പോലീസുകാരെ കയ്യേറി ഹാശേയെയും ജയിലില്‍ അവള്‍ക്കു ഏകകൂട്ടും മാതൃതുല്യയുമായ വയോധികയെയും സ്വതസിദ്ധമായ പോരാട്ടമികവോടെ മോചിപ്പിക്കുന്ന മെമദ്, സര്‍ക്കാര്‍ അധികൃതര്‍ ഉടമ്പടിക്കെത്തുന്നു എന്ന ഊഹാപോഹം വിശ്വസിച്ചു ഗുഹയില്‍ അവര്‍ക്കായി കാത്തിരിക്കുന്നു. അവിടെ വെച്ച് ഹാശേ പ്രസവിക്കുന്ന അതേഘട്ടത്തില്‍, അധികൃതരുമായുണ്ടാകുന്ന വെടിവെപ്പില്‍ അവള്‍ കൊല്ലപ്പെടുന്നു. മെമാദ് എന്നുതന്നെ പേരിടുന്ന കൈക്കുഞ്ഞിനെ വയോധികയെ ഏല്‍പ്പിച്ച് തന്റെ ഇനിയുള്ള ഏകദൗത്യത്തിലേക്ക് മെമാദ് ഇറങ്ങിത്തിരിക്കുന്നു: അബ്ദി ആഘായെ അയാളുടെ മുറിയില്‍ വെച്ചുതന്നെ വകവരുത്തിയ ശേഷം കുതിരയോടിച്ചു പോകുന്ന മെമാദ് മിത്തുകളിലേക്ക് പരകായം നടത്തുന്നു. എന്നാല്‍ അയാള്‍ അഞ്ചു ഗ്രാമങ്ങള്‍ മോചിപ്പിച്ചു കഴിഞ്ഞു എന്നതാണ് സുപ്രധാനം.

    സ്വന്തം ജീവിതാനുഭവങ്ങളിലൂടെ റിബല്‍ ആയിത്തീരുകയും വലിയ ത്യാഗങ്ങളിലൂടെ അഞ്ചു ഗ്രാമങ്ങളെ മോചിപ്പിക്കുകയും ചെയ്ത മെമാദ്, അക്കാലത്തെ പോരാളികളില്‍ പലരില്‍ നിന്നുമുള്ള പ്രചോദനത്തിന്റെ പ്രതീകരൂപമാണെന്നു വ്യക്തമാണ്. ആ പാത്രസൃഷ്ടിയില്‍,  വര്‍ഗ്ഗശത്രുവിനെതിരായ പോരാട്ടം എന്ന നോവലിസ്റ്റിന്റെ മാര്‍ക്സിസ്റ്റ് ആശയധാരയുടെ പ്രചോദനവും കാണാം. അയാളുടെ പോരാട്ടത്തിലുള്ള ഗ്രാമീണരുടെ പങ്കാളിത്തത്തിലും ചരിത്രം സൃഷ്ടിക്കുന്നത് വ്യക്തികളല്ല എന്ന മാര്‍ക്സിസ്റ്റ് നിലപാടിന്റെ സ്വാധീനം കാണാം. അവരുടെ ഭാവനയിലും യഥാര്‍ത്ഥ ചരിത്രത്തിലുമായി എങ്ങനെയാണു മിത്തുകള്‍ രൂപമെടുക്കുന്നത് എന്ന് നോവല്‍ പരിശോധിക്കുന്നു. മെമദിനെ ‘hawk’ എന്ന് ആദ്യമായി വിളിക്കുന്ന മനുഷ്യനെ പോലെ, അബ്ദി ആഘായെ കൊല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ നിന്നെ ഒരു പുരുഷനെന്നു വിളിക്കാനാവില്ല എന്ന് പറയുന്ന സ്ത്രീക്കും ഈ പുരാണ നിര്‍മ്മിതിയില്‍ പങ്കുണ്ട്. അനീതിക്കെതിരെ നിസ്സഹായരായി നിശ്ശബ്ദം നോക്കിനില്‍ക്കുക മാത്രം ചെയ്യുന്ന ഗ്രാമീണര്‍ പോലും തന്റെ കര്‍മ്മത്തിലേക്കു അയാളെ പ്രചോദിപ്പിക്കുന്നുണ്ട്. ഭൗതികതലത്തില്‍, ശത്രുവിനെ കുറിച്ചുള്ള സൂചനകള്‍, ഭക്ഷണം, ഒളിവിടം എന്നിവയ്ക്കൊക്കെ മെമാദ്, ഗ്രാമീണരെ ആശ്രയിക്കുന്നു. എന്നാല്‍ അതിനപ്പുറം മാനുഷികമായ എല്ലാ പരിമിതികളും ചാഞ്ചാട്ടങ്ങളും വികാര വിക്ഷോഭങ്ങളും അങ്കലാപ്പുകളും രാഗ ദ്വേഷങ്ങളും, ഒറ്റവാക്കില്‍, ശക്തി ദൗര്‍ബല്യങ്ങള്‍, ഉള്ള മെമാദ് എന്ന മനുഷ്യനെ മിത്തുകളുടെ തലത്തിലേക്ക് ഉയര്‍ത്തുന്നത് അവര്‍ തന്നെയാണ്. ഒരര്‍ത്ഥത്തില്‍ മെമദ് തനിയെ ഒരിക്കലും സ്വതന്ത്രന്‍ പോലുമല്ല. ആദ്യം അബ്ദി ആഘാ, പിന്നെ, ഉമ്മയും ഹാശേയും, പിന്നെ ഗ്രാമവും ഗ്രാമീണരും. എല്ലാവരും അയാളെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തടവിലാക്കുന്നു: ഭയമായും സ്നേഹമായും പ്രണയമായും ഉത്തരവാദിത്തമായും. ഒടുവില്‍ ആളുകളുടെ ഭാവന സൃഷ്ടിക്കുന്ന പുരാണങ്ങളുടെ തട്ടകത്തില്‍ മാത്രമാണ് അയാള്‍ ശരിക്കും സ്വതന്ത്രനാകുന്നത്. ഭയം എന്ന സാര്‍വ്വലൗകിക പ്രമേയം നോവലില്‍ ഏറ്റവും ശക്തമായി ആവിഷ്കരിക്കപ്പെടുന്നുണ്ട് എന്നതും ആരും അതില്‍നിന്നു മുക്തരല്ല എന്നതും ഇതോടു ചേര്‍ത്തു കാണാം; എല്ലാവരിലും ഭയം അടിച്ചേല്‍പ്പിക്കുന്ന അബ്ദി ആഘാ തന്നെയും. മെമദ്‌ ഒരു കൊള്ളക്കാരനായിരിക്കുന്നു എന്നറിയുന്ന നിമിഷം മുതല്‍, കുടുംബത്തെയും സൗകര്യങ്ങളെയുമെല്ലാം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന അയാളും നിരന്തര ഭയത്തിന്റെ നിഴലിലാണ്. എല്ലാതരം അധികാര സ്വരൂപങ്ങളില്‍ നിന്നും, ഭരണകൂടങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം എന്ന ആശയം മോന്നോട്ടുവെക്കുന്നതിലൂടെ ഉള്ളിന്റെ ഉള്ളില്‍ റിബലുകളായ എല്ലാ മനുഷ്യരുടെയും ആവിഷ്കാരം തന്നെയായിത്തീരുന്നു നോവല്‍ എന്നുപറയാം. എല്ലാതരം കെട്ടുപാടുകളില്‍നിന്നും മുക്തരാകുന്ന അപൂര്‍വ്വ നിമിഷങ്ങളില്‍ ജീവിതം എത്ര ലളിതവും സുന്ദരവുമാണ് എന്ന് അനുഭവിപ്പിക്കുന്ന രംഗമാണ്, മുമ്പ് സൂചിപ്പിച്ച മെമദിന്റെയും ഹാശെയുടെയും ആദ്യാനുഭവ സന്ദര്‍ഭം. പുറത്തു കോരിച്ചൊരിയുന്ന മഴയോ, വേട്ടയാടുന്ന സമൂഹത്തിന്റെ ഭീഷണിയോ അവരെ അപ്പോള്‍ അലട്ടുന്നില്ല. മുടന്തന്‍ അലി മനസ്സില്ലാ മനസ്സോടെയാണ് മെമാദ്- ഹാശെ വേട്ടക്കിറങ്ങുന്നത് എന്നത്, അയാളുടെയും വര്‍ഗ്ഗതാല്‍പ്പര്യം അബ്ദി ആഘാക്കൊപ്പമല്ല എന്ന് വ്യക്തമാക്കുന്നു. ഗ്രാമീണര്‍ ഒന്നടങ്കം ആ കുട്ടികളെ ജീവിക്കാന്‍ വിടണമെന്നും അബ്ദി ആഘായെ വഴിതെറ്റിക്കണമെന്നും അയാളോട് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍, അയാളും സ്വന്തം നിലയില്‍ ഒരു വീരനാണ്: അയാള്‍ക്ക് അയാളുടെ തൊഴിലില്‍ ചതി സാധ്യമല്ല.

തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന ഒരു ബാലന്‍, തന്റെയും തന്റെ ചുറ്റുമുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ തീരുമാനിക്കുകയും അനീതിക്കെതിരെ പൊരുതാന്‍ തയാറാകുകയും ചെയ്യുന്നതിലെ ഡിക്കന്‍സിയന്‍ അന്തരീക്ഷവും എടുത്തുപറയേണ്ടതുണ്ട്. പൗരാണിക വീരന്മാരെ ചിത്രീകരിക്കുന്ന മധ്യകാല നോവലുകളിലെ അന്തരീക്ഷത്തെ തികച്ചും സമകാലികമായ ഒരു കൃതിയില്‍ വിളക്കി ചേര്‍ത്തിരിക്കുന്നു എന്നതും നോവലിന്റെ മേന്മയാണ്. ആധുനികതയോട് മുഖം തിരിച്ചു നില്‍ക്കുന്ന, ബാഹ്യലോകത്തില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട അഞ്ചു മലയോര ഗ്രാമ സഞ്ചയം എന്ന, കാലം തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷമുള്ള ഗ്രാമ ജീവിതം ഒരുവശത്ത്‌,  ഏതെങ്കിലും ഏകാധിപതിയുടെ/ ജന്മിയുടെ സ്വന്തമല്ലാത്ത പട്ടണത്തെ കുറിച്ചുള്ള ബോധ്യത്തിലേക്കുള്ള ‘തെരഞ്ഞെടുക്കപ്പെട്ട’ (chosen/ ordained) നവയുവാവിന്റെ ഉണര്‍വ്വ് മറുവശത്ത്‌. രണ്ടും ചേര്‍ന്ന് ഒരു ‘മുമ്പ്, പിമ്പ്’ കാലിക സമവാക്യം രൂപപ്പെടുന്നുണ്ട് എന്നു പറയാം. ഗ്രാമാന്തരീക്ഷത്തിന്റെ സൃഷ്ടിയില്‍ പ്രകൃതിയുടെ ഘടകങ്ങള്‍ വിന്യസിക്കുന്ന രീതിയില്‍ അമിത വര്‍ണ്ണന കലരുന്നോ എന്ന സംശയം അസ്ഥാനത്താണ് എന്നു സൂക്ഷ്മ നിരീക്ഷണത്തില്‍കാണാം. ശിക്ഷയുടെ ഭാഗമായി മെമദിനെ കൊണ്ട് തനിയെ ഉഴുവിക്കുന്ന നിലത്തിലെ ഉടലാകെ മുറിവേല്‍പ്പിക്കുന്ന കാരമുള്‍ച്ചെടിയെ കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ ഉദാഹരണം. അത് ഗ്രാമീണരുടെ ജീവിതപാരുഷ്യത്തിന്റെതന്നെ പ്രതീകമായി തീരുന്നു. പട്ടണത്തിലെത്തുമ്പോള്‍ ആരായിരിക്കും അതിന്റെ ഉടമസ്ഥന്‍ എന്ന ഒരൊറ്റ ചോദ്യത്തിലൂടെ മെമദിന്റെയും സുഹൃത്തിന്റെയും അതിനിഷ്കളങ്ക (naive) ലോകവീക്ഷണവും ലോകപരിചയത്തിന്റെ പരിമിതിയും നോവലിസ്റ്റ് വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ ശൈലീ ലാളിത്യത്തിന്റെയും ഒപ്പം ധ്വന്യാത്മകതയെയും പ്രകടമാക്കുന്നു. ഘടനാപരമായി, ഒരു ക്ലാസിക്ക് നോവലിന്റെ പ്രകൃതം കൃതിയില്‍ വ്യക്തമാണ്‌: വ്യക്തമായ ഇതിവൃത്തം; നട്ടെല്ലായ കേന്ദ്രകഥാപാത്രം; കൃത്യമായ തുടക്കം, മധ്യം, ഒടുക്കം എന്നിങ്ങനെയുള്ള ഘടന; എന്നതെല്ലാം ഇവിടെ വ്യക്തമായി വ്യവച്ഛേദിക്കാനാകും.

‘ആഘാ’ സമ്പ്രദായത്തെയും വഴിക്കൊള്ളക്കാരുടെ സാന്നിധ്യത്തെ കുറിച്ചുമുള്ള ചരിത്രപരമായ ധാരണ നോവല്‍ വായനയില്‍ ആവശ്യമാണ്. ഓട്ടോമന്‍ ജന്മിത്ത സമ്പ്രദായം അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം നടത്തിയ യുദ്ധാനന്തര റിപ്പബ്ലിക്കില്‍ പുതുതായി ഉയര്‍ന്നുവന്ന പ്രതിഭാസമായിരുന്നു യുദ്ധാനന്തര കാലത്തു വന്‍നേട്ടങ്ങള്‍ കരസ്ഥമാക്കിയ ആഘാമാര്‍. വോട്ടുബാങ്കുകള്‍ സൃഷ്ടിക്കാനുള്ള ഉപാധിയായിരുന്നു സര്‍ക്കാരിന് ഇവരെങ്കില്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കര്‍ഷകര്‍ക്ക് ഇടനിലക്കാരയതും ഇവരാണ്. വമ്പിച്ച തോതില്‍ ഭൂമി സ്വന്തമാക്കിയ ഇക്കൂട്ടര്‍ പലപ്പോഴും അതിനീചമായാണ് കര്‍ഷകരോട് പെരുമാറിയത്. ഫലത്തില്‍, സാങ്കേതികമായി നിര്‍ത്തലാക്കിയ ജന്മിത്തത്തെ അതിശയിക്കുന്ന ചൂഷണമാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഇവരില്‍ നിന്ന് നേരിട്ടത്. അബ്ദി ആഘാ ഈ പ്രതിഭാസത്തിന്റെ തികഞ്ഞ മാതൃകയാണ്. “തങ്ങളുടെ ഭൂമിക്കു മേലുള്ള അവകാശം നിലനിര്‍ത്തുന്നതിന് വേണ്ടി ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ട ദരിദ്ര ജനതക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി സമ്പന്നവിഭാഗം കൊള്ളക്കാരെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അവരുടെ (സമ്പന്നരുടെ) ഭൂസ്വത്തുക്കള്‍ നിരന്തരം കൂടിവന്നു” എന്ന് മെമെദ് നിരീക്ഷിക്കുന്നു. വഴിപോക്കരെയും സാര്‍ത്ഥവാഹക സംഘങ്ങളെയും കൊള്ളയടിക്കുന്ന സമ്പ്രദായം (tradition of brigandage) പുരാതന ഹിറ്റൈറ്റ്‌ കാലം മുതല്‍ തുര്‍ക്കിയില്‍ നിലനിന്നുവെന്നു ചരിത്രം. അധിനിവേശ യുദ്ധങ്ങള്‍ക്കും റിബല്‍ വിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന കൂലിപ്പടയാളികള്‍ പ്രസ്തുത ലക്‌ഷ്യം പിന്നിടുന്നതോടെ പിരിച്ചുവിടപ്പെടുമ്പോള്‍ അവര്‍ നാട്ടിലെങ്ങും അരാജകത്വം സൃഷ്ടിക്കുന്ന സായുധസംഘങ്ങള്‍ ആയി മാറിയതും ഇതിനു നിമിത്തമായി. സമൂഹത്തിലെ അത്തരം അസംതൃപ്ത ഘടകങ്ങളും മെമെദിനെ പോലുള്ള ഒളിച്ചോടിയ കുറ്റവാളികളും കൈകോര്‍ക്കുക പതിവായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മ്മന്‍ പക്ഷത്തു നിലയുറപ്പിച്ച ഓട്ടോമന്‍ സൈന്യത്തില്‍നിന്ന് യുദ്ധാനന്തരം നടത്തപ്പെട്ട ഒന്നിച്ചുള്ള പിരിച്ചുവിടല്‍ അത്തരം കൂട്ടങ്ങളുടെ വന്‍ വര്‍ദ്ധനയ്ക്ക് കാരണമായി. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ ഗിരിനിരകളിലേക്കു പിന്‍വാങ്ങിയ ഇത്തരം സംഘങ്ങളില്‍ ചിലര്‍ പുത്തന്‍ സമ്പന്ന വിഭാഗത്തിനു കൈക്കാരായിത്തീര്‍ന്നു. കഥ നടക്കുന്ന കാലത്ത് അതൊരു  റിബല്‍ പ്രവര്‍ത്തനം കൂടിയായിരുന്നതുകൊണ്ട് പ്രാകൃതവേഷം എന്ന നിലയില്‍ അതാതുര്‍ക്ക് നിയമവിരുദ്ധമാക്കിയ ഓട്ടോമന്‍ ഫെസ് ധരിക്കുന്ന രീതി അവര്‍ തുടര്‍ന്നുവന്നതിനെ കുറിച്ച് മെമെദ് വിവരിക്കുന്നുണ്ട്. ചുവന്ന ഫെസ് ഗിരിനിരകളിലെ കൊള്ളക്കാരുടെ അടയാളമായിരുന്നു. പകരം നിയമപരമായി നിശ്ചയിച്ചിരുന്ന ഹാറ്റ്‌ ധരിച്ച ഒരൊറ്റ കൊള്ളക്കാരനെയും താന്‍ കണ്ടിട്ടില്ല എന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. 

 

1. (artslife@thenational.ae. ‘Turkish novelist Yasar Kemal, perennial critic of power and repression, dies at the age of 91’, thenationalnews.com/arts) ("Memed, My Hawk ." World Literature and Its Times: Profiles of Notable Literary Works and the Historic Events That Influenced Them. . Encyclopedia.com. 23 Feb. 2023 <https://www.encyclopedia.com>.)  


More on Kurd Experience:

Zin by Haritha Savithri

https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html

Zin by Haritha Savithri (Malayalam)

https://alittlesomethings.blogspot.com/2024/06/zin-by-haritha-savithri-malayalam.html

 

Murivettavarude Pathakal by Haritha Savithri/ മുറിവേറ്റവരുടെ പാതകൾ (Malaylam Travelogue)

https://alittlesomethings.blogspot.com/2024/04/blog-post.html

Daughters of Smoke and Fire by Ava Homa

https://alittlesomethings.blogspot.com/2024/08/daughters-of-smoke-and-fire-by-ava-homa.html

 

Your Name Shall Be Tanga by Calixthe Beyala

ഋതുഹാരകളുടെ മാനിഫെസ്റ്റോ




പ്രകോപനപരമായ രീതിയില്‍ പുരുഷാധിപത്യ വിരുദ്ധമെന്നു ഫെമിനിസ്റ്റ് നിരൂപകര്‍ എന്ന് ആഘോഷിക്കുമ്പോള്‍ത്തന്നെ സാഹിത്യ ചോരണത്തിനു ഏറെ ഭത്സിക്കപ്പെടുകയും ചെയ്തിട്ടുള്ള എഴുത്തുകാരിയാണ് കാമറൂണിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് കലിസ്തെ ബിയാല. പോസ്റ്റ്കൊളോണിയല്‍, പുരുഷാധികാര ആഫ്രിക്കന്‍ സമൂഹത്തില്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ വിധേയത്വം അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ത്രീ ജീവിതത്തിന്റെ ദുരിതങ്ങള്‍ വന്യമായ ലൈംഗിക ബിംബങ്ങള്‍ വേണ്ടുവോളം ഉപയോഗിച്ച് ആവിഷ്കരിക്കുന്ന കൃതികളിലൂടെ ഒരു റാഡിക്കല്‍ ഫെമിനിസ്റ്റ് എന്നും പുരുഷ വിദ്വേഷിയെന്നും വിളിക്കപ്പെട്ടിട്ടുണ്ട് അവര്‍. ആഫ്രിക്കന്‍ വാമൊഴി കഥാ പാരമ്പര്യത്തെ പിന്തുടര്‍ന്ന് രേഖീയമല്ലാത്ത ആഖ്യാനങ്ങളിലൂടെ ലൈംഗിക അതിക്രമങ്ങളും പീഡനവും നിരന്തരം അനുഭവിക്കേണ്ടി വരുന്ന, ജീവിതകാലം മുഴുവനും പുരുഷാധിപത്യത്തിന് അടിപ്പെട്ടു കഴിയുന്ന സ്ത്രീകള്‍ക്കു വേണ്ടി, ആഫ്രിക്കന്‍, ആഫ്രിക്കന്‍ കുടിയേറ്റ സമൂഹങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചു അവര്‍ എഴുതുന്നു. രചനാ ശൈലിയില്‍ പോസ്റ്റ്മോഡേന്‍ എന്ന് വിവരിക്കപ്പെടുന്ന രേഖീയമല്ലാത്ത, സങ്കീര്‍ണ്ണവും ശ്ലഥവുമായ ആഖ്യാനം, ഫ്ലാഷ് ബാക്കുകള്‍, തെരുവു സംസാരം ഉള്‍പ്പടെ വ്യത്യസ്ത ഭാഷാ രീതികളുടെ മിശ്രണം, ഭൂതകാലവും വര്‍ത്തമാനവും സൂചകഭേദങ്ങളില്ലാതെ ഇടകലരുന്ന രീതി, വ്യത്യസ്ത ആഖ്യാന സ്വരങ്ങള്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഇടകലരുന്നു.   

കാമറൂണിലെ ഏറ്റവും വലിയ നഗരമായ ദുവാലയില്‍ പരമ ദരിദ്രമായ കുടുംബത്തില്‍ പന്ത്രണ്ടു മക്കളില്‍ ഒരുവളായി 1961ല്‍ ജനിച്ച ബിയാല, ന്യു ബില്ലിലെ ചേരിയില്‍ മൂത്ത സഹോദരിയുടെ സംരക്ഷണയില്‍ ആണ് വളര്‍ന്നത്‌. പതിനേഴാം വയസ്സില്‍ പാരീസിലെത്തിയ ബിയാല അവിടെ വെച്ചാണ്‌ പഠനം പൂര്‍ത്തിയാക്കുന്നതും വിവാഹിതയകുന്നതും. 1987ല്‍ ആദ്യ നോവല്‍ പുറത്തിറക്കിയ ശേഷം ഫ്രാന്‍സിലെ പ്രവാസികളുടെയും ന്യൂന പക്ഷങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപക അംഗം ആയിത്തീര്‍ന്ന ബിയല, തുടര്‍ന്ന് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പേരില്‍ സാഹിത്യ ചോരണത്തിനു കോടതി കയറേണ്ടി വന്നു. ആലീസ് വാക്കര്‍, ബെന്‍ ഓക്രി തുടങ്ങിയ വലിയ എഴുത്തുകാരുടെ ഉള്‍പ്പടെ ദീര്‍ഘമായ അനുരണങ്ങള്‍ അവരുടെ കൃതികളില്‍ ആരോപിക്കപ്പെട്ടു. എന്നാല്‍, സമാന്തരമായി അക്കാഡമി ഫ്രാന്‍സ് പോലുള്ള വലിയ സാഹിത്യ ബഹുമതികളും അവരെ തേടിയെത്തിക്കൊണ്ടിരുന്നു. നിലവിലുള്ള സ്രോതസ്സുകളില്‍ നിന്ന് സമൃദ്ധമായി കടം കൊള്ളുന്ന ആഫ്രിക്കന്‍ വാമൊഴി പാരമ്പര്യത്തിന്റെ പേരില്‍ ബിയാല സ്വയം വിശദീകരിച്ചു.

ആദ്യ നോവല്‍, ‘The Sun Hath Looked upon Me’, ചേരിപ്രദേശത്തെ കുടിലില്‍ അടക്കിഭരിക്കുന്ന അമ്മാവിയുടെ കീഴില്‍ രോഷം ഉള്ളിലൊതുക്കി കഴിയേണ്ടി വരുന്ന അതേബയെന്ന പത്തൊമ്പതുകാരിയുടെ ജീവിതം പകര്‍ത്തുന്നു. ഒടുവില്‍, അടിച്ചമര്‍ത്തുന്ന പുരുഷാധികാര ക്രമത്തിനെതിരില്‍ അവള്‍ പൊട്ടിത്തെറിക്കുന്നുണ്ട്. ഈ നോവലിന്റെ ഏതാണ്ടൊരു തുടര്‍ച്ചയായി Your Name Shall Be Tanga എന്ന കൃതിയ കാണാനാവും. സ്ത്രീത്വത്തിന്റെ ഇരവല്‍ക്കരണം, ദാരിദ്ര്യം, ലൈംഗികത, ലൈംഗികത്തൊഴില്‍, നിത്യജീവിതത്തിലെ ഹിംസാത്മകത, ചരിത്രത്തിന്റെ വിളയാട്ടമോ, അഥവാ ചരിത്രത്തിന്റെ അഭാവമോ, അതിജീവനം, എന്നിങ്ങനെ ആദ്യ നോവലിലെ പ്രമേയങ്ങളില്‍ പലതും ടാങ്കയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും അതെ സമയം കഥ പെണ്‍സൌഭ്രാത്രത്തിലൂടെയുള്ള സ്ത്രീ ശാക്തീകരണം, അതിജീവനം എന്നീ പ്രമേയങ്ങളില്‍ കൂടുതല്‍ കേന്ദ്രീകൃതമാണ് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *1.

ജയില്‍ മുറിയില്‍ മരിച്ചു കൊണ്ടിരിക്കുന്ന ടാങ്ക എന്ന കുട്ടിക്കാലം നിഷേധിക്കപ്പെട്ട ആഫ്രിക്കന്‍ പെണ്‍കുട്ടി (‘girlchild- woman’) അന്നാ ക്ലോദ് എന്ന, ഉന്മാദത്തില്‍ പിടിയില്‍ പെട്ടുപോയ മുതിര്‍ന്ന സ്ത്രീയോട് തന്റെ കഥ പറയുന്നു: പിതാവിന്റെ മരണ ശേഷം ദാരിദ്ര്യം മൂലം അമ്മയുടെ നിര്‍ബന്ധത്തിലൂടെ കുഞ്ഞിലേ ബാലവേശ്യ ആയിത്തീര്‍ന്നതിന്റെ, അവിശുദ്ധ രതിയുടെ (incest), നേരിടേണ്ടി വന്ന ജുഗുപ്സാവഹമായ കയ്യേറ്റങ്ങളുടെ, കുറ്റകൃത്യങ്ങളുടെ, വിരഹത്തിന്റെ. നോവലിന്റെ പശ്ചാത്തലമായ ഇനിംഗുവെന്ന സാങ്കല്‍പ്പിക പട്ടണത്തില്‍, തന്റെ വിദ്യാര്‍ഥികളോടൊപ്പം സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തടവിലാക്കപ്പെട്ടവളാണ് അന്നാ ക്ലോദ്. അവര്‍ പെണ്‍കുട്ടിയെ ടാങ്ക എന്ന് വിളിക്കുകയും തന്റെ കഥ പറയാന്‍ നിര്‍ബന്ധിക്കുകയുമാണ്. പെണ്‍കുട്ടിക്ക് വേണ്ടപോലെ സംസാരിക്കാനാവാത്തതു കൊണ്ട് അന്ന അവളുടെ കൈപിടിക്കുന്നു, ചരിത്രം അവരിലേക്ക്‌ പ്രവഹിക്കുന്നു. ടാങ്കയുടെയും അന്നയുടെയും വ്യക്തിത്വങ്ങള്‍ ഒന്നായിത്തുടങ്ങുകയും ടാങ്കയുടെ മരണ നിമിഷത്തില്‍ അന്ന തീര്‍ത്തും അവളായിത്തീരുകയും ചെയ്യുന്നു. തീര്‍ത്തും അപരിചിതയും വെള്ളക്കാരിയുമായ സ്ത്രീയോട് എന്ന നിലയില്‍ മടിച്ചു മടിച്ചും, വാക്കുകള്‍ക്കു പ്രയാസപ്പെട്ടും തുടങ്ങുന്ന കഥയില്‍ പോകെപ്പോകെയാണ് വിശ്വാസത്തിന്റെ ബലം കടന്നു വരുന്നത്. ടാങ്കയുടെ മരണ ശേഷവും ജീവിതം തുടരുന്ന അന്നയിലേക്ക് അവളുടെ വ്യക്തിത്വം കൂടി സംക്രമിപ്പിക്കുന്നതിലൂടെ പോസ്റ്റ്‌ കൊളോണിയല്‍ സാഹചര്യങ്ങളില്‍ വേര്‍തിരിക്കപ്പെട്ട രീതിയില്‍ മനസ്സിലാക്കപ്പെട്ട ആഫ്രിക്കന്‍ കഥാപത്രവും യൂറോപ്പ്യന്‍ കഥാപാത്രവും സമന്വയിപ്പിക്കപ്പെടുന്നു; അതൊരു സങ്കര മാതൃ സ്വരമായി (a hybrid maternal voice) പരിണമിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *2.

Your Name Shall Be Tanga , ദ്വിമുഖമായ ഒരു ‘പൊളിറ്റിക്കല്‍ മാനിഫെസ്റ്റോ’ ആണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്: ഭാഗികമായി കുട്ടികളുടെ അവകാശങ്ങള്‍ എന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതും ഭാഗികമായി സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതും. *3. കുട്ടിക്കാലം നിഷേധിക്കപ്പെട്ട, അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത, വിസ്മരിക്കപ്പെട്ട ആഫ്രിക്കന്‍ കുട്ടികളെ കുറിച്ച് ബിയാല പലപ്പോഴും സംസാരിച്ചിട്ടുണ്ട്. നോവല്‍ അത്തരം കുട്ടികളുടെ സ്വരം വീണ്ടെടുക്കുന്നു. “അപ്പോള്‍, അത് കുട്ടിക്ക് വേണ്ടിയാണ് – മുതിര്‍ന്നവരായി, ജനിക്കുകയും തങ്ങളുടെ വിധിയുടെ കാഠിന്യം എങ്ങനെ അളക്കണമെന്ന് ഒരിക്കലും മനസ്സിലാക്കുകയും ചെയ്യാനിടയില്ലാത്ത ഈ മുഴുവന്‍ കുട്ടികള്‍ക്കും വേണ്ടിയാണ്; തങ്ങളുടെ കുട്ടിക്കാലത്തിന്റെ വിഭാര്യന്മാരായ (widowers of their childhood) ഈ കുട്ടികള്‍: സമയം പോലും അവര്‍ക്കൊരു വാഗ്ദാനവും നല്‍കുന്നില്ല.” എന്ന് നോവലിസ്റ്റ് എഴുതുന്നു. അയി ക്വയി അര്‍മായുടെ The Beautyful Ones Are Not Yet Born എന്ന നോവലിലെ പേരില്ലാത്ത കഥാപാത്രം, നൂറുദ്ദീന്‍ ഫറായുടെ Maps എന്ന നോവലിലെ ഓസ്കാര്‍ എന്നിവരെ പോലെ ‘സ്വന്തം കുട്ടിക്കാലത്തിന്റെ വിഭാര്യന്മാര്‍’ എന്ന് വിളിക്കപ്പെടാവുന്ന കൌമാര കഥാപാത്രങ്ങളില്‍ ഒന്നായി Your Name Shall Be Tanga യിലെ ടാങ്ക എന്ന കഥാപാത്രത്തെ (‘girlchild-woman’) കാണാമെന്നു സോന്യ ഡാര്‍ലിംഗ്ടണ്‍ നിരീക്ഷിക്കുന്നു (Ibid). തികച്ചും സാര്‍വ്വലൌകികമായി അംഗീകരിക്കപ്പെടുന്ന പെണ്‍കുട്ടി/ മുതിര്‍ന്ന സ്ത്രീ എന്ന ദ്വന്ദ്വത്തിന്റെ അതിര്‍വരമ്പുകള്‍ തീര്‍ത്തും നേര്‍ത്തുപോയ, കുട്ടിക്കാലം നിഷേധിക്കപ്പെട്ട അവസ്ഥയെ സൂചിപ്പിക്കാന്‍ പ്രസ്തുത സംജ്ഞ (‘girlchild-woman’) മുപ്പതു തവണയെങ്കിലും നോവലില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് നിരൂപക ചൂണ്ടിക്കാണിക്കുന്നു. അഥവാ അവളുടേതു പോലുള്ള നെരിപ്പോടു ജീവിതങ്ങള്‍ക്ക് അത്തരം വര്‍ഗ്ഗീകരണങ്ങളുടെ വാര്‍പ്പു മാതൃകകള്‍ പ്രസക്തമല്ല എന്ന് നോവലിസ്റ്റ് പറഞ്ഞുവെക്കുകയാണ്. അതുകൊണ്ടു തന്നെ നോവല്‍ ഒരു ‘മുതിര്‍ന്നു വരവി’ന്റെ (coming-of-the-age) കഥയല്ല. സിറ്റ്സി ദംഗരെമ്പയുടെ റ്റംബുവിനെ പോലെ (Nervous Conditions) മുതിര്‍ന്നു വരവിന്റെ പാതയില്‍ കടന്നുവന്ന വഴികളിലെ തടസ്സങ്ങളെ കുറിച്ച് നിരീക്ഷിക്കുന്ന കഥാപാത്രമായോ, കമാര ലായെയുടെ മുഖ്യ കഥാപാത്രമായ ‘കറുത്ത കുഞ്ഞി’നെ (Camara Laye - Dark Child) പോലെ കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ ശൈശവത്തിന്റെ നിഷ്കളങ്കതയുടെ ആവിഷ്കാരമായോ അല്ല ടാങ്കയുടെ കഥ പറയപ്പെടുന്നത്‌. എഫൂറുവിനെ പോലെ (Efuru- Flora Nwapa) പൊരുതി മുന്നേറുന്ന നായികയുടെ കഥയുമല്ല ടാങ്കയുടെത്.

ബിയാലയുടെ നോവലില്‍ കുട്ടികളുടെ അവകാശം എന്ന കേന്ദ്ര പ്രമേയം കൂടുതല്‍ സ്ഫുടം ചെയ്യപ്പെടുന്നുണ്ട്: അത് പെണ്‍കുട്ടിയാണ്; ഒപ്പം കുട്ടിക്കാലമില്ലാതെ പോയ പെണ്ണും. സമകാലിക ആഫ്രിക്കന്‍ സാഹചര്യത്തില്‍ അത്തരം കുട്ടിയല്ലാത്ത പെണ്‍കുട്ടിയുടെ മേല്‍ വന്നു പതിക്കുന്ന സ്വാതന്ത്ര്യരഹിതമായ നിയതാവസ്ഥ (determinism)ക്ക് സാമ്പത്തികവും പുരുഷാധികാര പരവും മനശാസ്ത്രപരവുമായി അവളെ വരിഞ്ഞു മുറുക്കുന്ന ഒട്ടേറെ മാനങ്ങളുണ്ട്. കുടുംബവും സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം ടാങ്കക്ക് ഒരു കള്ളി വരച്ചു നല്‍കുന്നുണ്ട്: അവള്‍ കുട്ടിയാണെന്നതും അവരെ കയ്യേറ്റം ചെയുന്നവര്‍ ബലാല്‍ക്കാരം ചെയ്യുന്നവരാണ് എന്നതും വിസ്മരിച്ച് അവരൊക്കെ വേശ്യയെന്ന നിലയില്‍ അവളുടെ ലൈംഗികതയെ വര്‍ഗ്ഗീകരിക്കുന്നു. ലൈംഗികത്തൊഴില്‍, ദുര്‍വൃത്തികള്‍, അക്രമം എന്നിങ്ങനെയല്ലാതെ മറ്റു അതിജീവന പോംവഴികള്‍ ഇല്ലാത്ത ഇടമാണത്. ആറാം വയസ്സില്‍ അവളുടെ കണ്‍വെട്ടത്തു വെച്ച് പിതാവ് മറ്റൊരു സ്ത്രീയുമായി ലൈംഗിക വേഴ്ച്ച നടത്തുന്നു. പത്താം വയസ്സില്‍ അയാള്‍ അവളെ ബലാല്‍ക്കാരം ചെയ്യുകയും അതില്‍ പിറക്കുന്ന കുഞ്ഞിനെ വിഷം കൊടുത്ത് കൊല്ലുകയും ചെയ്യുന്നു. പത്രണ്ടാം വയസ്സില്‍ കാമുകനായ ഹസ്സന്‍ അവളെ ബലാല്‍ക്കാരം ചെയ്യുകയും അവളെ പോലോരുത്തി വിവാഹമെന്നു ചിന്തിക്കുന്നതു പോലും വട്ടാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു: “നിനക്കെന്തു പറ്റുമെന്നു നിനക്കറിയാമോ? നിന്റെ സൌന്ദര്യം പോയ്പ്പോകും. മറ്റെല്ലാവരെയും പോലെ,” പിന്നീട് എന്നെ നിരുത്സാഹപ്പെടുത്താനായി അവന്‍ അയഞ്ഞുതൂങ്ങിയ വയറുമായി വരാന്തയിലിരിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. അവരുടെ തൂങ്ങിയ മുലകളെ കുറിച്ചും, നിരാശനായ ഭര്‍ത്താവിന്റെ മടുപ്പ് ബാധിച്ച, പതിയെ പതിയെ നിശബ്ദമാകുന്ന ശബ്ദത്തെ കുറിച്ചും പറയുന്നു.” പതിനാറു വയസ്സാകുമ്പോഴേക്കും ഭിന്ന ദേശക്കാരും വര്‍ഗ്ഗക്കാരും അവളെ ചവച്ചു തുപ്പിയിരിക്കുന്നു; അവളുടെ ഉടല്‍ അതിന്റെ ഫലമായി വല്ലാതെ മുറിഞ്ഞു പോയിരിക്കുന്നു. “ഞാനെന്റെ കാലുകള്‍ക്കിടയിലെ രക്തത്തിന്റെ പിന്‍ഗാമിയായി. എന്റെ തുടകള്‍ക്കിടയിലെ ഒരു ദ്വാരം. വിസ്മൃതിയുടെ നിയമം മാത്രമേ എനിക്ക് സ്വന്തായി കിട്ടിയുള്ളൂ. കാലം കടന്നു പോയി, എന്റെ പൊയ്പ്പോയ ആ ഭാഗവുമായി ഞാന്‍ പൊരുത്തപ്പെട്ടു. ഞാന്‍ ഓര്‍മ്മകളുടെ കൂട്ടത്തെ റാഞ്ചി. ഞാനവയെ കയറുകൊണ്ടു ബന്ധിച്ചു. ഞാനത് കാലത്തിന്റെ വലിപ്പിലേക്ക് ആഴത്തിലേക്ക് പൂഴ്ത്തിവെച്ചു.” എന്നാല്‍ വേറെ ചിലര്‍, ‘ഞാന്‍ ആരുടേയും കുഞ്ഞല്ല.” ("I'm nobody's child") എന്ന് പറയുന്ന ചട്ടുകാലനെ (Footwreck) പോലെ ഇനിംഗൂവിലെ ഊരും പേരുമില്ലാത്ത കുട്ടികളില്‍ ഒന്നായി, ഒരു വര്‍ഗ്ഗീകരണവും സാധ്യമല്ലാത്ത ഒരുവളായി, അവളെ കരുതി. തടവറയില്‍ വെച്ച് അന്നയാണ് അവളെ ടാങ്ക എന്ന് വിളിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്. മനശാസ്ത്ര തലത്തില്‍ അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പീഡകള്‍ക്ക് അവളുടെ ഗര്‍ഭാവസ്ഥയോളം തന്നെ പഴക്കമുണ്ട്. വിശ്വസിക്കാന്‍ കൊള്ളാത്ത ഭര്‍ത്താവിനെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത് എന്ന നിലയില്‍ മമ്മ അപ്പോഴേ അവളെ വെറുത്തു. കുടുംബ വരുമാനത്തിന് വേണ്ടിയും, എരെന്‍ഡിരയുടെ വളര്‍ത്തമ്മയെ പോലെ (“Innocent Erindira”- Marquez) ദുരൂഹമായ ഒരു പിഴ ചുമത്തലായും ലൈംഗികത്തൊഴിലിലേക്ക് തീരെ കുഞ്ഞിലെ അവളെ തള്ളിവിട്ടു. മകളുടെ ശാരീരികവും മാനസികവുമായ ജയില്‍വാസത്തിന് മമ്മയാണ് പ്രധാന കാരണമെന്നും സ്ത്രീയുടെ പീഡനത്തിനു സ്ത്രീ തന്നെ നിമിത്തമാകുന്നതിന്റെ ഉദാഹരമാണ് ഇതെന്നും എന്‍ഫാഹ് അബേന്‍യി നിരീക്ഷിക്കുന്നു *4. ഏതൊരു കൌമാരക്കാരിയെയും പോലെ സ്വന്തം ജീവിതത്തെ നാണക്കേടുകളുടെ അനുസ്യൂതിയായി അവള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. സ്ത്രീലമ്പടനായ പിതാവിന്റെ മകളായി ജനിച്ചതില്‍, അമ്മ നടത്തുന്ന തന്റെ പെണ്‍ചേലാകര്‍മ്മത്തില്‍, ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വസ്ത്രത്തിനും വേണ്ടി തന്റെ കണ്‍മുന്നില്‍ മമ്മ നടത്തുന്ന യാചനയില്‍, ആദ്യം അച്ഛന്‍, പിന്നെ കാമുകന്‍, പിന്നെ പതിനാലു പേരെ കൊന്ന ചരിത്രമുള്ള ആയുധ വ്യാപാരി മോന്‍സ്യോര്‍ ജോണ്‍, പിന്നെ കശാപ്പുകാരന്‍, പിന്നെ പേരറിയാത്ത മറ്റൊരാള്‍ എന്നിങ്ങനെ താന്‍ നേരിട്ട ബാലാല്‍ക്കാരങ്ങളില്‍. ഒന്നിലും ഒരധികാരവുമില്ലാത്ത അവള്‍ക്ക് ആരെയും നിയന്ത്രിക്കാനാവില്ല. വിവാഹ സാധ്യതയില്ല തനിക്കൊരിക്കലും എന്ന ചിന്തയും നാണക്കേടായി അവളെ മഥിക്കുന്നുണ്ട്.     

ബിയാലയുടെ കൃതികളിലെ സ്ത്രീപക്ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ‘ടാങ്ക’യില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ വിമര്‍ശന വിധേയരാക്കുന്നുണ്ട്. സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാത്ത, ഉത്തരവാദിത്ത ബോധമില്ലാത്ത അക്രമ സ്വഭാവികളും മേധാവിത്ത മനസ്ഥിതിക്കാരുമായ പുരുഷന്മാരുടെ പ്രതീകമാണ് ടാങ്കയുടെ പിതാവ്. സ്വന്തം മകളെ ബലാല്‍ക്കാരം ചെയ്യുന്നവന്‍. എന്നാല്‍, പുരുഷാധിപത്യ ക്രമത്തില്‍ സ്ത്രീയുടെ ഇരവല്‍ക്കരണം നടക്കുന്നത് പലപ്പോഴും മറ്റു സ്ത്രീകളുടെ കൂടി പിന്തുണയോടെയോ സഹകരണത്തോടെയോ ആണെന്ന വസ്തുത നോവലിസ്റ്റ് നിശിതമായി നിരീക്ഷിക്കുന്നുണ്ട്. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം അവരുടെ കുട്ടിക്കാലം തട്ടിത്തെറിപ്പിക്കുന്നതില്‍ ടാങ്കയുടെ അമ്മയെ പോലുള്ള സ്ത്രീകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. പരാജയപ്പെടുമെങ്കിലും തനിക്കു സംഭവിച്ച ദുര്‍വ്വിധിയില്‍ നിന്ന് മറ്റു കുട്ടികളെ രക്ഷിക്കാന്‍ ടാങ്ക നടത്തുന്ന ശ്രമങ്ങള്‍ അവളെ വെറുമൊരു ഇരയെന്ന മട്ടില്‍ ചുരുക്കി കാണേണ്ടതില്ല എന്നതിന്റെ തെളിവാണ്. അന്നയെന്ന മുതിര്‍ന്ന സ്ത്രീയിലേക്കു പരകായം നടത്തുന്ന ടാങ്കയിലൂടെ ഇരവല്‍ക്കരണത്തിനെതിരെ തങ്ങളുടെ ചരിത്രം പങ്കിടുന്നതിലൂടെ സ്ത്രീകളുടെ സൗഭ്രാത്രം (solidarity among women) എന്ന ആശയം നോവലിസ്റ്റ് മുന്നോട്ടു വെക്കുന്നു. തന്റെ കഥ പറയുക എന്നത് സ്ത്രീയെ വെറുമൊരു വസ്തു വല്‍കൃത ജീവി എന്നതില്‍ നിന്ന് സ്വന്തം ചരിത്രത്തിന്റെ കര്‍തൃസ്ഥാനത്തേക്ക് മാറ്റുന്നുവെന്നും ചൂഷണം ചെയ്യപ്പെടുന്ന ഏതൊരു കുട്ടിക്കാലമില്ലാത്ത പെണ്‍കുട്ടിയെയും പോലെ അവളും സ്വന്തം കഥയെ/ ചരിത്രത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും മേരി കലിസ നിരീക്ഷിക്കുന്നു. എന്നാല്‍, ബുദ്ധിഭ്രമമുള്ളവള്‍ എന്ന് കണക്കാക്കപ്പെടുകയും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിന് തടവിലാക്കപ്പെടുകയും ചെയ്യുന്ന യൂറോപ്പ്യന്‍ സ്ത്രീയിലൂടെ ടാങ്കയുടെ കഥയ്ക്ക് ഇനിയെന്തു സക്രിയത്വമാണ് ലഭിക്കുക എന്ന ചോദ്യം നോവലന്ത്യത്തെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട് എന്നും നിരൂപക കൂട്ടിച്ചേര്‍ക്കുന്നു. ഘടനാപരമായ സങ്കീര്‍ണ്ണതയും രേഖീയമല്ലാത്തതും ശ്ലഥവുമായ ആഖ്യാനവും പോലുള്ള ഘടകങ്ങള്‍ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ, വിശേഷിച്ചും ആഫ്രിക്കന്‍ വനിതാ സാഹിത്യത്തിന്റെ, പതിവു രീതിയില്‍ നിന്നുള്ള ബോധപൂര്‍വ്വമായ വേറിട്ട്‌ പോക്കാണ് എന്നും അവര്‍ കരുതുന്നു (Marie-Chantal Kalisa).

ടാങ്കക്കു നിഷേധിക്കപ്പെടുന്നത് കുട്ടിക്കാലം മാത്രമല്ല, ഒരു വര്‍ഗ്ഗീകരണ ഘട്ടവും അവള്‍ക്ക് സ്വാഭാവികമായി ലഭ്യമാകുന്നില്ല. ‘പെണ്ണാവുക’ എന്ന അനുഭവം അതൊക്കെ അറിയുകയും മനസ്സിലാക്കുകയും ചെയ്യാനാവും മുമ്പേ കയ്യേറ്റങ്ങള്‍ക്കും ഉടല്‍ ഭേദത്തിനും വിധേയയായ നിലയില്‍ അവള്‍ക്ക് ഉണ്ടാവുന്നില്ല. അവളൊരിക്കലും കാമുകിയോ ഭാര്യയോ ആകില്ല. സുഹൃത്തോ, വ്യക്തിയോ ആകുന്നില്ല, പ്രസവിച്ചെങ്കിലും അമ്മയാകുന്നില്ല. മാലയെ ദത്തെടുക്കുമ്പോള്‍ അവന്‍ തന്നെയും സമൂഹത്തിലെ ആത്യന്തിക ചേരാത്തവന്‍ (ultimate misfit) ആണ്: അമ്മ ഉപേക്ഷിച്ച് ഉടല്‍ ഭാഗങ്ങള്‍ കീടങ്ങള്‍ അരുമ്പിയ നിലയില്‍ വളര്‍ച്ചാ വൈകല്യമുള്ള പന്ത്രണ്ടുകാരന്‍. ഇനിംഗുവിലെ കുട്ടികളെ ഹോളോകോസ്റ്റിലെ കുട്ടികള്‍ എന്ന് ടാങ്ക വിവരിക്കുന്ന സന്ദര്‍ഭമുണ്ട്‌.

നവാല്‍ അല്‍ സഅദാവിയുടെ Woman at Point Zero, എന്ന നോവലും Tanka യിലേതു പോലൊരു സാഹചര്യത്തിലാണ് കഥ പറയുന്നത്. പാത്ര സൃഷ്ടിയില്‍ മോറീഷ്യന്‍ നോവലിസ്റ്റ് ആനന്ദ ദേവിയുടെ Eve Out of Her Ruins,  നൈജീരിയന്‍ നോവലിസ്റ്റ് ക്രിസ് അബാനിയുടെ Becoming Abigail,  തുടങ്ങിയ നോവലുകളിലും ടാങ്കക്ക് സമാനതകള്‍ കണ്ടെത്താനാകും. ടോണി മോറിസന്റെ പിക്കോലോ (The Bluest Eye) യും വായനയില്‍ ഓര്‍മ്മയിലെത്താം.  

  

References:

1.      1. (Marie-Chantal Kalisa -University of Iowa- www.h-net.org/reviews/showrev.php?id=1133).

2.       2.  (Köhler, Sigrid G. "Mad Body-Gifts: A Postcolonial Myth of Motherhood in Calixthe Beyala's Tu t'appelleras Tanga." In Body, Sexuality, and Gender: Versions and Subversions in African Literatures I, edited by Flora Veit-Wild and Dirk Naguschewski, pp. 31-46. Amsterdam, The Netherlands: Rodopi, 2005.)

3.       3. (https://www.encyclopedia.com/arts/culture-magazines/beyala-calixthe-1961)

4.      4.  (Nfah-Abbenyi, Juliana Makuchi. Gender in African Women's Writing. Bloomington: Indiana UP, 1997.)


more on child abuse theme:

Becoming Abigail by Chris Abani

https://alittlesomethings.blogspot.com/2017/04/blog-post.html

God Help the Child by Toni Morrison

https://alittlesomethings.blogspot.com/2015/09/blog-post.html

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html