Featured Post

Monday, April 14, 2025

The Patience Stone by Atiq Rahimi/ Polly McLean


ക്ഷമാശിലയുടെ പിളരുമ്പോള്‍



(അഫ്ഘാന്‍- ഫ്രഞ്ച് നോവലിസ്റ്റ് ആതിഖ് റഹീമിയുടെ ദി പെഷ്യന്‍സ് സ്റ്റോണ്‍ എന്ന നോവലിനെ കുറിച്ച്. ഭാഗികമായി ദൃഷ്ടാന്ത കഥയും ഒപ്പം പ്രതികാര കഥയും ആയിരിക്കുമ്പോള്‍ തന്നെ വീര്‍പ്പു മുട്ടിക്കും വിധം സ്ത്രീവിരുദ്ധവും നഗ്നമായ രീതിയില്‍ പുരുഷ മേധാവിത്ത, മൌലികവാദ പരവുമായ സാമൂഹിക പശ്ചാത്തലത്തില്‍ ലൈംഗിക സദാചാരം, അഭിമാനം, ദാമ്പത്യം യുദ്ധത്തിന്റെ ഇരയായിപ്പോവുന്ന സ്ത്രീജീവിതം തുടങ്ങിയ പ്രമേയങ്ങളെ തീക്ഷ്ണമായ ധ്വനി സാന്ദ്രതയോടെ ആവിഷ്കരിക്കുന്ന കൃതിയാണ് 'ക്ഷമാശില'.)

അഫ്ഘാനിസ്താനില്‍ ജനിച്ച ആതിഖ് റഹിമി സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ രാഷ്ട്രീയ അഭയം തേടിയ എഴുത്തുകാരനും ചലച്ചിത്രകാരനുമാണ്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ രണ്ടാമത് നോവലായ 'ക്ഷമാശില (The Patience Stone)  ഫ്രാന്‍സിലെ ഏറ്റവും വിഖ്യാതമായ സാഹിത്യ പുരസ്കാരമായ പ്രി ഗോണ്‍കോര്‍ (2008)  നേടുകയുണ്ടായി. ഇത്രയും കാലം മുഖമില്ലാത്തവരും ശബ്ദമില്ലാത്തവരുമായി കഴിഞ്ഞ അഫ്ഘാന്‍ സ്ത്രീത്വത്തിന് തന്റെ പുസ്തകത്തിലൂടെ മുഖവും ശബ്ദവും നല്‍കുകയാണ് ആതിഖ് റഹിമി ചെയ്യുന്നതെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ ഖാലിദ് ഹുസൈനി ചൂണ്ടിക്കാണിക്കുന്നു.  ഭാഗികമായി ദൃഷ്ടാന്ത കഥയും ഒപ്പം പ്രതികാര കഥയും ആയിരിക്കുമ്പോള്‍ തന്നെ വീര്‍പ്പു മുട്ടിക്കുംവിധം സ്ത്രീവിരുദ്ധവും നഗ്നമായ രീതിയില്‍ പുരുഷമേധാവിത്ത, മൌലികവാദ പരവുമായ സാമൂഹികപശ്ചാത്തലത്തില്‍ ലൈംഗിക സദാചാരം, അഭിമാനം, ദാമ്പത്യം യുദ്ധത്തിന്റെ ഇരയായിപ്പോവുന്ന സ്ത്രീജീവിതം തുടങ്ങിയ പ്രമേയങ്ങളെ തീക്ഷ്ണമായ ധ്വനി സാന്ദ്രതയോടെ ആവിഷ്കരിക്കുന്ന കൃതിയാണ് 'ക്ഷമാശില'.

പേര്‍ഷ്യന്‍ പുരാണങ്ങളില്‍ പ്രസിദ്ധമായ അതീന്ദ്രിയ, അത്ഭുത സിദ്ധികളുള്ള ശിലയാണ് നോവലിന്റെ കേന്ദ്ര രൂപകം. യുഗാന്തരങ്ങളായി വിശ്വാസികള്‍ തന്നോട് പറയുന്ന രഹസ്യങ്ങളെല്ലാം ആഗിരണം ചെയ്തു അത് നിലക്കൊള്ളുന്നു. ഒരു നാള്‍ ഏറ്റു പറയുന്ന രഹസ്യങ്ങളുടെയും തന്നിലര്‍പ്പിക്കുന്ന വേദനകളുടെയും ഭാരം താങ്ങാനാവാതെ അത് പൊട്ടിത്തെറിക്കുമെന്നും അതായിരിക്കും അന്ത്യവിധിനാള്‍ എന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധ കഅബയിലെ 'കറുത്ത കല്ല്‌ (ഹജറുല്‍ അസ് വദ്) ആണ് പുരാണപ്രോക്തമായ ഈ കല്ല്‌ എന്ന വിശ്വാസവുമുണ്ട്. എന്നാല്‍ നോവലില്‍ ഈ രൂപകം തികച്ചും വ്യത്യസ്തമായ രീതിയില്‍ ആണ് അവതരിപ്പിക്കപ്പെടുന്നത്.  അതിന്റെ പൊട്ടിത്തെറി നിന്നെ എല്ലാ ദുരിതങ്ങളില്‍ നിന്നും സ്വതന്ത്രയാക്കും എന്നാണു പുരാണം പറഞ്ഞുകൊടുക്കുന്ന സ്നേഹമയിയായ അമ്മായി മുഖ്യ കഥാപാത്രത്തോട് പറയുക. ആഭ്യന്തര യുദ്ധം നീറിപ്പുകയുന്ന ജിഹാദിസ്റ്റ് നരകത്തില്‍ പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ ഉമ്മയായ യുവമാതാവ്, കഴുത്തില്‍ ഒരു വെടിയുണ്ടയുമായി കോമ അവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനോട് മുമ്പൊരിക്കൊരിക്കലും അവള്‍ക്കു പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍ തുറന്നു പറയുകയാണ്‌.  ഒരേ സമയം ഭേദ്യം ചെയ്യലും കുമ്പസാരവും വെളിപ്പെടുത്തലും എല്ലാമായി അത് മാറുന്നു.  .......

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-patience-stone-by-atiq-rahimi-polly-mclean

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 140-145)


Sunday, April 13, 2025

The Bad Girl by Mario Vargas Llosa/ Edith Grossman

കല്ലെറിയുക, പ്രണയ പൂര്‍വ്വം.


മരിയോ വാര്‍ഗാസ് യോസയുടെ നോബല്‍ പുരസ്കാരത്തെ കുറിച്ച് സ്വീഡിഷ് അക്കാദമി നടത്തിയ നിരീക്ഷണത്തില്‍ എടുത്തു പറഞ്ഞത് അധികാരസ്വരൂപങ്ങളുടെ ഭൂപടങ്ങള്‍ വരക്കുന്നതിലും വ്യക്തികളുടെ ചെറുത്തുനില്‍പ്പുകളെയും പ്രതിരോധങ്ങളെയും പരാജയങ്ങളെയും രേഖപ്പെടുത്തുന്ന തീക്ഷണ രൂപങ്ങള്‍ ആവിഷ്കരിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ മികവാണ്. ആഴമുള്ള ദാര്‍ശനികതയുള്ള കോണ്‍വര്‍സേഷന്‍സ് ഇന്‍ ദി കതീഡ്രല്‍ മുതല്‍ പ്രസന്നകരമാം വിധം ഹാസ്യാത്മകമായ ഓണ്ട് ജൂലിയ ആന്‍ഡ്‌ ദി സ്ക്രിപ്റ്റ്റൈറ്റര്‍ വരെ, ലാറ്റിന്‍ അമേരിക്കന്‍ ഏകാധിപത്യ സ്വരൂപങ്ങളുടെ ഏറ്റവും തീക്ഷ്ണ ആവിഷ്കാരമായ ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളുടെയും കാലഗണനയില്‍ കോംഗോയുടെ പശ്ചാത്തലത്തില്‍ ഇരുട്ടിന്റെ ആത്മാവിലേക്കുള്ള പുതിയ അന്വേഷണമായ ദി ഡ്രീം ഓഫ് ദി കെല്‍റ്റ് , വീണ്ടുമൊരിക്കല്‍ കൂടി പെറൂവിയന്‍ പശ്ചാത്തലത്തില്‍ തങ്ങളുടെ വിധികളോട് മല്‍പ്പിടുത്തത്തിനിറങ്ങുന്ന രണ്ടു കഥാപാത്രങ്ങളെ പിന്‍ തുടരുന്ന ദി ഡിസ്ക്രീറ്റ് ഹീറോ എന്നിവ വരെ, ചരിത്രവും രാഷ്ട്രീയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഒന്നര ഡസനോളം വിശിഷ്ട കൃതികളുടെയും അവ കൂടാതെ ധൈഷണിക ഔന്നത്യമുള്ള ഒട്ടനേകം ലേഖനങ്ങളുടെയും ലോകമാണ് വര്‍ഗാസ്‌ യോസയുടെ രചനകളുടെത്.


പിക്കറെസ്ക് സ്വഭാവമുള്ള നോവലാണ്‌ മരിയോ വാര്‍ഗാസ് യോസയുടെ ദി ബാഡ്ഗേള്‍. പെറൂവിയന്‍ ബാലന്‍ റിക്കാര്‍ഡോ സൊമോകൂര്‍ഷ്യോ എന്ന പതിനഞ്ചുകാരനില്‍ പ്രണയത്തിന്റെ ഉന്മാദമായി ആവേശിക്കുന്ന ലില്ലി എന്ന ടീനേജുകാരിയായി , മറ്റെല്ലാ അര്‍ത്ഥത്തിലും തികച്ചും വിരസവും അതിസാധാരണവുമായ അയാളുടെ ജീവിതത്തെ നാല് പതിറ്റാണ്ടിലേറെക്കാലം ഇടവിട്ടിടവിട്ട് , മദിപ്പിച്ചും കൊതിപ്പിച്ചും ആവേശിച്ചും ഉപേക്ഷിച്ചും ഒടുവില്‍ ഏതാണ്ട് മടുപ്പിച്ചും ഏറ്റവുമൊടുവില്‍ നിസ്സഹായമായ ഒരു വ്യര്‍ത്ഥജീവിത ബാക്കിപത്രമാക്കി ഏകാന്തതയുടെ വൃദ്ധസാഹചര്യങ്ങളിലേക്ക് അയാളെ തള്ളിവിട്ടു മരണത്തിന്റെ ഇരുളിലേക്ക് കടന്നു പോവുകയും ചെയ്യുന്ന, ജീവിതത്തില്‍ ഒരിക്കലും താന്‍ എന്താണ്/ ആരാണ് എന്ന് പറയുന്നുവോ അതല്ലാത്ത മിന്നായമയായി നോവലിന്റെ പേരിന്റെ ഉടമയായ 'ചീത്തപ്പെണ്ണ്‍'. ഫ്ലോബേറിന്റെ മാഡം ബോവാറിയെപ്പോലെ ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ ഒരിക്കലും തൃപ്തി വരാതെ, എമിലി സോലയുടെ നാനയെ പോലെ സ്വന്തം ഉടലിന്റെ പ്രലോഭനം സ്വയംനശീകരണവും പരനശീകരണവുമായിത്തീരുന്ന നിലയില്ലാച്ചുഴിയില്‍ പെട്ട് ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-bad-girl-by-mario-vargas-llosa-edith-grossman

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 93-100)

The Storyteller by Mario Vargas Llosa/ Helen Lane

ആമസോണിന്റെ അതിജീവന നൊമ്പരങ്ങള്‍



ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം ലോകമെങ്ങുമുള്ള വായനക്കാരുടെ പ്രഥമ പരിഗണനകളില്‍ ഒന്നായ അറുപതുകള്‍ തൊട്ട് ആ ധാരയുടെ സവിശേഷ സ്ഥാനത്തുണ്ട് പെറൂവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ്‌ യോസയുടെ കൃതികള്‍. 2010-ല്‍ അദ്ദേഹത്തിനു നോബല്‍ സമ്മാനം നല്‍കുമ്പോള്‍, അത് കൊണ്ട് തന്നെ, ഏറെ വൈകിപ്പോയ ഒരു തെറ്റ് തിരുത്തുക മാത്രമായിരുന്നു സ്വീഡിഷ് അക്കാദമി. അധികാര പ്രമത്തതയുടെ ഏകാധിപത്യ സ്വരൂപങ്ങളുടെയും വിജയ പരാജയങ്ങള്‍ക്കപ്പുറത്തുള്ള തീക്ഷ്ണമായ ചെറുത്തുനില്‍പ്പിന്റെയും ഗാഥകളാണ് യോസയുടെ പ്രമേയ പരിസരങ്ങളില്‍ ഏറെയും. പെറൂവിയന്‍ സമൂഹത്തെ കുറിച്ചുള്ള നേരനുഭവ/ ജീവിത ബോധ്യങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട് അദ്ദേഹത്തിന്റെ കൃതികളില്‍. ആ നിലക്ക് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനകളില്‍ പ്രത്യേക സ്ഥാനമുണ്ട് കാല്‍ നൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട The Storyteller എന്ന കൃതിക്ക്. ഒരു കൃതി കാലാതിവര്‍ത്തിയാവുന്നത് അതിന്റെ പ്രമേയപരമായ ഉത്കണ്ഠകള്‍ എപ്പോഴും പ്രസക്തമായിരിക്കുമ്പോള്‍ കൂടിയാണല്ലോ.
ജൈവീകവും പ്രകൃതി-പാരിസ്ഥിതിക സൗഹാര്‍ദ്ദപരവും ഒരു സ്പിഷീസ് എന്ന നിലക്ക് മനുഷ്യന്റെ അതിജീവനത്തിന്റെതന്നെ ആദിമത്തനിമയുടെ നിദര്‍ശനവുമായ എന്തിനെയും തകര്‍ത്തുകളയുക എന്ന സ്വയം പരാജയപ്പെടുത്തുന്ന പ്രത്യയ ശാസ്ത്രത്തിലാണ് ആഗോള വല്‍കൃത, മൂലധന കോര്‍പ്പറേറ്റ് താല്പര്യങ്ങളെന്നും ഈ പണ്ടോരയുടെ പെട്ടി അതിന്റെ ഏറ്റവും ഭീഷണമായ രീതിയില്‍ തുറന്നു വിട്ടത് കൊളോണിയലിസത്തിന്റെ ദുരയായിരുന്നു എന്നതും ഇന്ന് തര്‍ക്ക വിഷയമല്ല. ഈ തിരിച്ചു പോക്കില്ലാത്ത ആത്യന്തിക മാനുഷിക വിഡ്ഢിത്തത്തിന്റെ ഏറ്റവും നിസ്സഹായരായ ഇരകള്‍ ലോകമെമ്പാടുമുള്ള/ ഉണ്ടായിരുന്ന ആദിമ നിവാസികള്‍ ആണ്/ ആയിരുന്നു എന്നതും നിസ്തര്‍ക്കം തന്നെ. പെറൂവിയന്‍ ആമസോണ്‍ ഉള്‍ വനങ്ങളുടെ ആദിമത്തനിമയില്‍ തങ്ങളുടെ ഗോത്ര സംസ്കൃതിയില്‍ പൊറുത്തുവന്ന ആദിമ നിവാസികളുടെ ജീവിതത്തിലേക്ക് കൊളോണിയലിസം അതിന്റെ 'വെളുത്തവന്റെ ബാധ്യത' (the white man's burden') ആയ 'സാംസ്കാരികോദ്ധാരണ' ('civilizing the savages')മെന്ന മുച്ചൂടും കപടവും മനുഷ്യത്വരഹിതവുമായ അജണ്ടയുമായി കടന്നു വരുന്നത് ലോകമെമ്പാടുമുള്ള സമാനമായ കടന്നു കയറ്റങ്ങളുടെ ഭാഗമായിട്ട് തന്നെയാണ്. തദ്ദേശീയരെ മിഷണറി പ്രവര്‍ത്തനത്തിന്റെയും നരവംശ ശാസ്ത്ര പഠനത്തിന്റെയും മറവില്‍ പാശ്ചാത്യ വല്‍ക്കരിക്കാനും അത് വഴി അവരുടെ സാംസ്കാരികത്തനിമ നശിപ്പിക്കാനുമുള്ള ശ്രമങ്ങളും ഒരര്‍ഥത്തില്‍, റബ്ബര്‍ കൃഷിക്ക് ആവശ്യമായ മാനുഷിക അദ്ധ്വാന വിഭവം കണ്ടെത്തുന്നതിനായി നടമാടിയ അടിമ വേട്ടയുടെ ഒരു തുടര്‍ച്ച തന്നെയാണ്...........

തുടര്‍ വായനയ്ക്ക്:

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 127-131)

To purchase, contact ph.no:  8086126024

Saturday, April 12, 2025

Freshwater by Akwaeke Emezi

 ഭിന്നരുചികളുടെ ആത്മരൂപങ്ങള്‍



 “I am terrified by this dark thing  

That sleeps in me” – Elm- Sylvia Plath

പുരുഷന്‍/സ്ത്രീ എന്നിങ്ങനെ നിയതമായ ഒരുടല്‍ പ്രത്യക്ഷത്തില്‍ തടവിലായിരിക്കുമ്പോഴും അപര ചോദനകളുടെ ഉള്‍വിളി അപ്രതിരോധ്യമാം വിധം ശക്തമായിരിക്കുന്ന ജന്മങ്ങളുടെത് സ്വയമൊരു നരകം ഉള്ളില്‍ പേറുന്നതിന്റെ വീര്‍പ്പുമുട്ടലാണ്‌. ട്രാന്‍സ് എന്ന പദം അതുച്ചരിക്കപ്പെടുന്ന നിമിഷത്തില്‍ തുടങ്ങിവെക്കുന്ന സാമൂഹിക ബഹിഷ്കരണം മാത്രമായല്ല; അംഗീകൃത/ നിര്‍മ്മിത ലൈംഗിക സ്വതനിര്‍ണ്ണയങ്ങളിലെങ്ങും സ്വയം സ്ഥിതപ്പെടുത്താനാവാത്ത നിലയില്ലായ്മയും കൂടിയാണ് അത്തരം വ്യക്തികള്‍ക്ക് ജീവിതം ഒരു പ്രഹേളികയാക്കുന്നത്. ആമോസ് ടുടുവോലയെയും ചിനുവ അച്ചബെയെയും പോലുള്ള കുലപതികള്‍ മുതല്‍ ബെന്‍ ഓക്രിയും ഹെലെന്‍ ഒയെയെമിയും പോലുള്ള സമകാലിക എഴുത്തുകാര്‍ വരെ മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള Spirit child/ spirit doubles തുടങ്ങിയ സങ്കല്‍പ്പങ്ങളെ തികച്ചും നൂതനവും ലിംഗസ്വത്വങ്ങളെ സംബന്ധിച്ച പുതിയ ബോധ്യങ്ങളുടെ പശ്ചാതലത്തലത്തിലും ഉപയോഗിക്കുകയാണ് യുവ നൈജീരിയന്‍ നോവലിസ്റ്റായ അക് വെകി എമെസി തന്റെ പ്രഥമനോവലായ ‘ഫ്രഷ്‌വാട്ടര്‍’ എന്ന കൃതിയില്‍. സ്തനങ്ങളും ഗര്‍ഭപാത്രവും നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ എമേസി ഒരു ട്രാന്‍സ് ആയി സ്വയം സ്ഥാപിക്കാന്‍ വേണ്ടിവന്ന തന്റെ അനുഭവങ്ങളുടെ തലങ്ങള്‍ കൂടി പ്രഥമ നോവലിലെ നായികക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്.

രക്തപങ്കിലമായ ദൈവപ്പിറവി

കത്തോലിക്കനായ നൈജീരിയന്‍ പിതാവ് സോള്‍ താന്‍ മറന്നു തുടങ്ങിയ ഗോത്ര മൂര്‍ത്തിയായ അലായോട് നിരന്തരം നടത്തിയ പ്രാര്‍ഥനയുടെ ഫലമായാണ് മലേഷ്യന്‍ തമിഴ് ഭാര്യ സാച്ചിയില്‍ രണ്ടാമത് മകളായി ആഡാ ജനിക്കുന്നത്. ഇബോ കൊസ്മോളജിയിലെ ഗൃഹനിലകള്‍ കാലേകൂട്ടി തീരുമാനിച്ച ഒരു പിറവിയില്‍ അവളൊരു ‘ഒബാന്‍യെ’ ആണ്- ‘ഒരു പാദം മറുവശത്തു വെച്ച്’ ആത്മലോകത്ത് നിന്നെത്തി ചെറുപ്പത്തിലെ മരിക്കുകയും വീണ്ടും വീണ്ടും അതേ കുടുംബത്തില്‍ പിറന്നു അച്ഛനമ്മമാരുടെ വേദനയുടെ ആഴമളക്കുകയും ചെയ്യുകയെന്ന നിയോഗമുള്ളവള്‍.  “നീയൊരു പെരുമ്പാമ്പിന്റെ കുഞ്ഞാണെങ്കില്‍ നീയും ഒരു പെരുമ്പാമ്പാവണം – ലളിതം. അതൊന്നിച്ച് വരുന്ന ഒരു പതിവു പടംപൊഴിക്കലുണ്ടാവണമായിരുന്നു, പക്ഷെ ഞാന്‍ പതിവിലുള്ളതായിരുന്നില്ല. എനിക്ക് അത്തരം മൃദുവും സാവധാനത്തിലുള്ളതുമായ പടംപൊഴിക്കല്‍ അനുവദനീയമായിരുന്നില്ല. ഇല്ല, എന്റെ (നിയോഗം) ഞാന്‍ പുറത്തുവന്നയുടന്‍ അത് കീറിക്കളയുക എന്നതായിരുന്നു,  അതിനെ ചീളുകളായി കീറുക, രക്തം കൊണ്ട് കുതിര്‍ന്നു പുറത്തുവരിക. ഇതാണ് മനുഷ്യന് ദൈവ പദാര്‍ത്ഥത്തെ ഉള്‍കൊള്ളാന്‍ കഴിയുമെന്ന് നിങ്ങള്‍ നടിക്കുമ്പോള്‍ സംഭവിക്കുന്നത്‌.”................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/freshwater-by-akwaeke-emezi


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 165-170)

To purchase, contact ph.no:  8086126024


Friday, April 11, 2025

A Girl in Exile by Ismail Kadare/ John Hodgson

 സര്‍വ്വാധിപത്യത്തിലും യൂറിഡീസ് പ്രണയാര്‍ദ്രയാണ്.



(അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മില്‍ കദാരെയുടെ  A Girl in Exile നോവലിനെ കുറിച്ച്. ഓര്‍ഫിയൂസ് – യൂറിഡീസ് പുരാണത്തിന്റെ സ്വകീയമായ പ്രയോഗത്തിലൂടെ അല്‍ബേനിയന്‍ കമ്മ്യൂണിസ്റ്റ് നാളുകളുടെ പശ്ചാത്തലത്തില്‍ സര്‍വ്വാധിപത്യത്തിന്റെ ഒരു അന്യാപദേശകഥ സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്.)

സമകാലിക അല്‍ബേനിയന്‍ സാഹിത്യത്തിലെ ഏറ്റവും പ്രാമാണികമായ പേരാണ് ഇസ്മായില്‍ കദാരെയുടേത്. പ്രഥമ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം ഉള്‍പ്പടെ അന്താരാഷ്‌ട്ര അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുള്ള കദാരെ നോബല്‍ പുരസ്കാര പരിഗണനയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ്. പോസ്റ്റ്‌ മോഡേന്‍ സാംസ്കാരിക സങ്കലനങ്ങളുടെ നിയത ദേശീയസ്വത്വമില്ലായ്മയുടെ കാലത്തും അല്‍ബേനിയന്‍ സ്വത്വം തന്റെ പ്രവാസ ജീവിതത്തിലും തുടരുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ കദാരെയുടെ രാഷ്ട്രീയ ഉത്കണ്ഠകള്‍ ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലഘട്ടമായ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ദേശ ചരിത്രം അടയാളപ്പെടുത്തിയ, നാലു പതിറ്റാണ്ട് നീണ്ടുനിന്ന എന്‍വര്‍ ഓജാ ഭരണത്തിന്റെ സ്റ്റാലിനിസ്റ്റ് ഭീകരതയുമായി ചേര്‍ത്തുവെച്ചു തന്നെയാണ് പരിഗണിക്കേണ്ടത്. പ്രസ്തുത ഭരണത്തില്‍  ഒരു ഘട്ടത്തില്‍ സഹകാരിയും മന്ത്രിസഭാ അംഗവും ആയിരുന്ന കദാരെ, സര്‍വ്വാധിപത്യവും സര്‍ഗ്ഗ സൃഷ്ടിയും തമ്മില്‍ സന്ധി സാധ്യമല്ല എന്ന തിരിച്ചറിവിലാണ് പ്രവാസ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായത്. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ അദ്ദേഹം ഒരു വിമതനായിരുന്നോ അതോ വിധേയനായിരുന്നോ എന്ന വിമര്‍ശനത്തിന് ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്ക് ഒരു വിഡ്ഢിയെ പോലെ പാഞ്ഞു ചെന്നിട്ടില്ലെങ്കിലും തന്റെ പുസ്തകങ്ങള്‍ തന്റെ ചെറുത്തുനില്‍പ്പു തന്നെയായിരുന്നു എന്ന് കദാരെ വിശദീകരിച്ചിട്ടുണ്ട്. കാഫ്കെയസ്ക് കഥകളും പേടിസ്വപ്നാന്തരീക്ഷമുള്ള അന്യാപദേശ ചരിത്രാഖ്യായികകളും സ്വന്തം രീതിയില്‍ രചിക്കപ്പെട്ട മിസ്റ്ററികളുമായി കദാരെ തന്റെ സര്‍ഗ്ഗ സൃഷ്ടി തുടരുന്നു.

വിചിത്ര ബന്ധങ്ങള്‍

മാസ്റ്റര്‍പീസുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട രചനകളില്‍ തന്നെ നിരന്തരം മുഴുകുന്ന കദാരെയുടെ നിരാശപ്പെടുത്തിയ കൃതിയായിരുന്ന ‘The File on H’ - നു ശേഷം പുറത്തുവന്ന നോവലാണ് അദ്ദേഹത്തിന്റെ ഏതൊരു മികച്ച കൃതിയോടും താരതമ്യം ചെയ്യാവുന്ന കൃതിയും വിവര്‍ത്തകന്‍ ജോണ്‍ ഹോഗ്സണിനോട് ചേര്‍ന്നുള്ള നാലാമത് പുസ്തകവുമായ A Girl in Exile.  ഈ കൂട്ടുകെട്ടിലെ മുന്‍ കൃതികളെ (The Accident, The Three-Arched Bridge, The Traitor’s Niche) പോലെത്തന്നെ ഫ്രഞ്ച് പരിഭാഷയെ ആശ്രയിക്കാതെ അല്‍ബേനിയന്‍ മൂലത്തില്‍ നിന്ന് നേരിട്ടാണ് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയിട്ടുള്ളത് എന്നത് അല്‍ബേനിയന്‍ സര്‍ഗ്ഗാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഏറെ സഹായകമായിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. .........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/a-girl-in-exile-by-ismail-kadare-john-hodgson

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 124-131)

More on Ismail Kadare:

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

Three Arched Bridge and Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2015/06/blog-post.html

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html


Sunday, March 30, 2025

by Sarah Ladipo Manyika

 ഓര്‍മ്മപ്പെയ്ത്തിലെ ജീവിതം.

നൈജീരിയയില്‍ ജനനം, കെനിയ, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി വളര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ താമസം – യൂണിവേഴ്സിറ്റി സാഹിത്യാധ്യപികയും എഴുത്തുകാരിയുമായ സാറ ലദീപോ മാന്‍യികയുടെ കൃതികളില്‍ സംസ്കാരാന്തരങ്ങളും ദേശാന്തരങ്ങളും കടന്നു വരുന്നതിനു ഈ വൈയക്തിക ഭൂമിശാസ്ത്രത്തിനും പങ്കുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു (1). In Dependence (2008) എന്ന പ്രഥമ നോവല്‍, സ്കോളര്‍ഷിപ്പോടു കൂടി ഇംഗ്ലണ്ടില്‍ ഓക്സ്ഫോര്‍ഡില്‍ ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്ന തായോ അജായിയെന്ന നൈജീരിയന്‍ യുവാവിനെ പിന്തുടരുന്നു. ‘പ്രതി സംസ്കാര മുന്നേറ്റങ്ങള്‍’ (COUNTERCULTURE MOVEMENT) (2) ശക്തമായ അറുപതുകളുടെ പ്രചണ്ഡമായ ആദര്‍ശ പ്രോചോദിത യുവതയുടെ തലമുറയില്‍ സ്വയം കണ്ടെത്തുന്ന തായോ, ലോകമെമ്പാടും വലിയ മാറ്റങ്ങള്‍ കാണുന്നുണ്ട്: ജന്മദേശം സ്വാതന്ത്ര്യം നേടുന്നു, അമേരിക്കന്‍ പൌരാവകാശ പ്രസ്ഥാനം, സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ലൈംഗിക സ്വത്വ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെയും കുതിപ്പ് – ഈ ഊര്‍ജ്ജസ്വലമായ കാലത്താണ് അയാള്‍ ഒരു മുന്‍ കൊളോണിയല്‍ ഉദ്യോഗസ്ഥന്റെ മകളായ വനേസ്സ റിച്ചാര്‍ഡ്സണ്‍ എന്ന സുന്ദരിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. നൈജീരിയന്‍ ചരിത്രവും രണ്ടു സംസ്കാരങ്ങളും വംശീയതകളും കൂടിക്കലരുന്ന അന്തരീക്ഷവും പ്രണയ ജീവിതത്തെ കലുഷമാക്കുന്ന ഘടകങ്ങളാണ്. “മൂന്നു വന്‍കരകളും കലുഷമായ നാല് ദശകങ്ങളും കടന്ന് പരസ്പരം കണ്ടെത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന രണ്ടുപേരുടെ കഥയാണത് – തീക്ഷ്ണ വികാരങ്ങളുടെയും ആദര്‍ശപരതയുടെയും കഥ, ധീരതയുടെയും ഒറ്റിന്റെയും, ഭ്രാന്തമായി തീവ്രമായി പ്രണയത്തില്‍ അകപ്പെടാനുള്ള സാര്‍വ്വത്രിക ത്വരയുടെ” എന്ന് പുസ്തകത്തിന്റെ (In Dependence) പുറംചട്ട (blurb) വിവരിക്കുന്നു. മാന്‍യികയുടെ അതിസുന്ദരമായി പേരുനല്‍കപ്പെട്ട രണ്ടാമത് കൃതി Like a Mule Bringing Ice Cream to the Sun എന്ന നോവെല്ലയെ, ഒരര്‍ത്ഥത്തില്‍ ആദ്യ നോവലിന്റെ തുടര്‍ച്ചയായി കാണാമെന്നും തായോ, തെരുവില്‍ വെച്ചു പില്‍ക്കാല കൃതിയിലെ മുഖ്യ കഥാപാത്രമായ മൊറായോയിലേക്ക് ഓടിക്കയറിയാല്‍ അത് വളരെ സ്വാഭാവികമായിരിക്കുമെന്നുമുള്ള മുന്‍ സൂചനയിലെ അഭിമുഖകാരിയുടെ (JENNY D. WILLIAMS,) നിരീക്ഷണം സന്തോഷകരമായ കണ്ടെത്തലായി നോവലിസ്റ്റ് സ്വീകരിച്ചു. ഇരുപുസ്തകങ്ങള്‍ക്കുമിടയില്‍ പ്രമേയ സാമ്യങ്ങള്‍ മാത്രമല്ല, പോയ നൂറ്റാണ്ടിന്റെ അറുപതുകളുടെ പശ്ചാത്തലത്തില്‍ നിന്ന് കഥാപാത്രത്തിന്റെ എഴുപതുകളിലേക്കുള്ള സ്വാഭാവിക വികാസത്തിന്റെയും തുടര്‍ച്ച കണ്ടെത്താനാവും എന്നു എഴുത്തുകാരി തന്നെയും തിരിച്ചറിയുകയായിരുന്നു......

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/like-a-mule-bringing-ice-cream-to-the-sun-by-sarah-ladipo-manyika


Satyajit Ray's Nayak - The Hero by Bhaskar Chattopadhyay

 

നായക്: സിനിമയില്‍ നിന്ന് നോവലിലേക്ക്



(സത്യജിത് റേയുടെ നായക് എന്ന ചിത്രത്തെ നോവല്‍ രൂപത്തില്‍ ആവിഷ്കരിക്കുന്ന ഭാസ്കര്‍ ചട്ടോപധ്യായയുടെ ‘നായക്: ദി ഹീറോ എന്ന പുസ്തകത്തെ കുറിച്ച്. സിനിമയില്‍ നിന്ന് നോവലിലേക്കുള്ള രചനാരൂപത്തെ ഒരു തനതായ സാഹിത്യ/ സാംസ്കാരിക പ്രവര്‍ത്തിയായി കാണുന്ന പുതിയ കാലത്തെ ശക്തമായി അടയാളപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ കൃതിയാണ് പുസ്തകം)

കഥയില്‍ നിന്ന് തിരക്കഥയിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എന്നതാണ് ചലച്ചിത്ര രചനയുടെ സാധാരണ വികാസം. സാഹിത്യത്തിലെ മാസ്റ്റര്‍പീസുകള്‍ക്ക് ഈ ഗതിമുന്നേറ്റം ഒന്നിലേറെ തവണ സംഭവിക്കാം. എന്നാല്‍ ചലച്ചിത്രത്തിലെ മാസ്റ്റര്‍പീസുകളോ ഏതെങ്കിലും തരത്തില്‍ നാഴികക്കല്ലുകള്‍ ആവുന്ന സൃഷ്ടികളോ തിരിച്ചൊരു പ്രയാണം നടത്തുന്ന സന്ദര്‍ഭങ്ങളും തീരെ അസാധാരണമല്ല. പാശ്ചാത്യ ലോകത്ത് സിനിമയുടെ ആദ്യകാലം മുതലേ ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു (Gautam Chintamani, firstpost.com). സ്റ്റാര്‍ വാര്‍സ് ചിത്രത്തെ നോവല്‍ രൂപത്തില്‍ ആവിഷ്കരിച്ച Star Wars: From the Adventures of Luke Skywalker, രചയിതാവായ അലന്‍ ഡീനിന് പകരം ചിത്രത്തിന്‍റെ രചയിതാക്കള്‍ക്കു ക്രെഡിറ്റ് ചെയ്യപ്പെട്ടപ്പോള്‍ 2001: A Space Odyssey-യുടെ  നോവല്‍ രൂപം അതിന്റെ രചയിതാവ് ആര്‍തര്‍ സി. ക്ലാര്‍ക്കിന്റെയും സ്റ്റാന്‍ലി കുബ്രിക്കിന്റെയും സംയുക്ത നാമങ്ങളിലാണ് പ്രസിദ്ധീകൃതമായത്. ഇതിനു കാരണം, ഇതില്‍ ആദ്യത്തേതിന് വേണ്ടത്ര തനിമ അവകാശപ്പെടാനില്ലെങ്കിലും ക്ലാര്‍ക്ക്- കുബ്രിക് സഹകരണം വ്യത്യസ്തമായിരുന്നു എന്നതാവാം.  

നോവലില്‍ നിന്ന് സിനിമയെടുക്കുന്നത് ഒരു മികച്ച കലാപ്രവര്‍ത്തനം ആയി കണക്കാക്കപ്പെടുമ്പോള്‍, ‘ഫിലിം നോവല്‍വല്‍ക്കരണം’ എന്ന ആശയം തനിമയുള്ള സാഹിത്യപ്രവര്‍ത്തിയായി പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടില്ല. എന്നാല്‍, സമീപകാലത്തായി അതിനെ ഒരു തനതായ സാഹിത്യ/ സാംസ്കാരിക പ്രവര്‍ത്തിയായി (cultural/literary practice ) കാണണമെന്ന ആശയം ശക്തി പ്രാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ സാഹിത്യ രംഗത്ത് ഈ പ്രവര്‍ത്തനം ശരിയായ രീതിയില്‍ പക്വമായത് സത്യജിത് റേയുടെ ‘നായക് (1965)’ എന്ന ക്ലാസിക്കിന് ഭാസ്കര്‍ ചട്ടോപാധ്യായ നോവല്‍ രൂപം നല്‍കിയതോടെയാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. ചിത്രമിറങ്ങി അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുസ്തകം പുറത്തിറങ്ങുന്നത് എന്നത്, ചിത്രത്തിന്‍റെ സന്ദേശം ഇന്നും പ്രസക്തമാണ് എന്നതിനോടൊപ്പം, റേയുടെ കഥാഖ്യാന സിദ്ധിയുടെ സാക്ഷ്യവുമായി വര്‍ത്തിക്കുന്നുവെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ ശര്‍മ്മിള ടാഗോര്‍ എടുത്തുപറയുന്നുണ്ട്. വെറും കൂലിയെഴുത്തിന്റെ തലത്തില്‍ നില്‍ക്കുമായിരുന്ന ‘ഫിലിം നോവലൈസേഷന്‍’ ശ്രമങ്ങളിലേക്ക് മികച്ച കോളമിസ്റ്റും വിവര്‍ത്തകനുമെന്ന നിലയില്‍ സ്വയം തെളിയിച്ച എഴുത്തുകാരന്‍ കടന്നുവന്നപ്പോള്‍ അതൊരു മികച്ച സാഹിത്യ കൃതി തന്നെയായിത്തീര്‍ന്നത്‌ സ്വാഭാവികമായിരുന്നു................. 

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/satyajit-rays-nayak-the-hero-by-bhaskar-chattopadhyay