Featured Post

Thursday, August 18, 2016

GraceLand by Chris Abani

മറ്റൊരിടത്തെ ജീവിതം- അതൊരു വര്‍ണ്ണ സ്വപ്നമല്ല


പതിനഞ്ചാം വയസ്സില്‍ പ്രസിദ്ധീകരിച്ച ഒരു ത്രില്ലര്‍ ഭരണകൂട വിരുദ്ധ കലാപത്തിനു തിരികൊളുത്തിയെന്നു വ്യാഖ്യാനിക്കപ്പെടുക, പതിനെട്ടു വയസ്സുമുതല്‍ കിരാതമായ പട്ടാളഭരണത്തിന്റെ തടവില്‍, രാജ്യത്തെ ഏറ്റവും ഭയാനകമായ എകാന്തത്തടവറയില്‍ ഉള്‍പ്പടെ ആറു വര്‍ഷങ്ങളോളം കഴിയേണ്ടി വരിക, തൂക്കുകയറിന്റെ നിഴലില്‍ നിന്ന് കൈക്കൂലിയായി സുഹൃത്തുക്കള്‍ കൈമടക്കിയ പണവും ആയുസ്സിന്റെ ബലവും കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു അന്യ ദേശത്തു പ്രവാസജീവിതം നയിക്കുക, തുടര്‍ന്ന് ലോകമറിയുന്ന കവിയും നോവലിസ്റ്റുമായി സ്വയം അടയാളപ്പെടുത്തുക. നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരന്‍ ക്രിസ് അബാനിയുടെ ജീവചരിത്രം ഇതൊക്കെയുമാണ്. എല്ലാറ്റിനും മുമ്പേ, പോസ്റ്റ്‌ കൊളോണിയല്‍ നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിത ഘട്ടമായിരുന്ന ബിയാഫ്രന്‍ സംഘര്‍ഷത്തില്‍ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ്‌ വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ആ കഥകളൊക്കെ കേട്ടുകൊണ്ടും അതിന്റെ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായ ഇംഗ്ലണ്ടിലേക്കുള്ള പ്രവാസത്തിലും ഒക്കെയാണ്. കുട്ടിക്കാലത്ത് കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ജീവിതങ്ങളുടെ പാരുഷ്യം അബാനിയുടെ നോവലുകളില്‍ തീവ്രവും കാവ്യാത്മകവും, എന്നാല്‍ ഒരു ഘട്ടത്തിലും അതിവൈകാരികത പുരലാത്തതുമായ ഭാഷയില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായും കൌമാര- യൌവ്വനാരംഭ ഘട്ടത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ പല പ്രധാന കൃതികളിലും കടന്നു വരുന്നത്. പതിനാലു വയസ്സിനിടെ ഗാര്‍ഹിക പീഡനത്തിന്റെയും ആവര്‍ത്തിച്ചുള്ള ലൈംഗികകയ്യേറ്റങ്ങളുടെയും ലൈംഗിക മനുഷ്യക്കടത്തിന്റെയും നിയമത്തിന്റെതന്നെ വെട്ടയാടലിന്റെയും ദുരിതങ്ങളിലൂടെ കടന്നുപോവുകയും പോംവഴികളൊന്നുമില്ലാതെ അടഞ്ഞുപോയ ജീവിത സാഹചര്യങ്ങളില്‍നിന്നു മോചനം തേടി തെംസ് നദിയുടെ ആഴങ്ങളില്‍ മറയുകയും ചെയ്യുന്ന അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന 'ബികമിംഗ് അബിഗേയ്ല്‍', സന്തുഷ്ടമായ കുടുംബ സാഹചര്യങ്ങളിലേക്ക് ആഭ്യന്തരയുദ്ധം അധിനിവേശം നടത്തുന്നതോടെ പ്രിയപ്പെട്ടവരേ നഷ്ടമാവുകയും ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുഖമുദ്രയായ ബാല യോദ്ധാക്ക (child soldiers) ളില്‍ ഒരാളായി, റിബല്‍ സൈന്യത്തിന് വേണ്ടി മൈന്‍ നിര്‍വ്വീര്യമാക്കുന്ന ജോലിയില്‍ ഏര്‍പ്പെടാന്‍ നിയുക്തനാവുകയും ചെയ്യുന്ന മൈ ലക്ക് എന്ന കൗമാരക്കാരന്റെ ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങള്‍ ഭ്രമാത്മകവും ഭീകരതയുടെ വിചിത്രസൗന്ദര്യമിയന്ന സാന്ദ്രവുമായ ഭാഷയില്‍ ചിത്രീകരിക്കുന്ന സോംഗ് ഫോര്‍ നൈറ്റ്‌ എന്നിവയെ പോലെ മറ്റൊരു കൗമാരക്കാരന്റെ അതിജീവന സാഹസങ്ങളിലേക്ക് തന്നെയാണ് അവയെപ്പോലെതന്നെ 'മുതിര്‍ന്നുവരവിന്റെ കഥ'യായ ഗ്രേസ്‌ ലാന്‍ഡ്‌ എന്ന നോവലും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

ഓര്‍മ്മകളുടെ ചതുപ്പുകള്‍ - അതിജീവനത്തിന്റെയും............


തുടര്‍ന്ന് വായിക്കാന്‍:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 86-86)

Wednesday, August 17, 2016

The Spider King's Daughter by Chibundu Onuzo


ചിലന്തിവലയുടെ പൈതൃകങ്ങള്‍



"ലോകത്തെവിടെയായാലും , സമ്പന്നരും പാവപ്പെട്ടവരും തുല്യനിലയില്‍ കണ്ടുമുട്ടുക എന്നത് ദുസ്സാധ്യമാണ്. എന്നാല്‍ എല്ലയിടത്തും, ഈ സാമൂഹിക വിഭാഗങ്ങളുടെ കണ്ടുമുട്ടലിനു ചില പ്രത്യേക അഭിരുചി ഭേദങ്ങളുണ്ട്. ഉദാഹരണത്തിന്, ഇംഗ്ലണ്ടില്‍ നൈജീരിയയില്‍ എന്ന പോലെ, ആളുകള്‍ വീട്ടുവേലക്കാരികളെ ജോലിക്കെടുക്കാറുണ്ട്, എന്നാല്‍ നിങ്ങളുടെ വേലക്കാരിയെ അടിക്കുക എന്നത് ഇംഗ്ലണ്ടില്‍ ക്രിമിനല്‍ കുറ്റമാണ്. നൈജീരിയയില്‍ ആവട്ടെ, അത് പരമാവധി നെറ്റി ചുളിപ്പിക്കുകയേ ഉള്ളൂ. അതുകൊണ്ട് ആ 'പഴയ സമ്പന്ന കുമാരി ദരിദ്ര കുമാരനെ കണ്ടുമുട്ടുന്ന' ക്ലീഷേയില്‍ ലാഗോസിന്റെ സാമൂഹിക ഘടന എന്ത് ട്വിസ്റ്റ്‌ ആണ് കൂട്ടിച്ചേര്‍ക്കുക എന്നറിയാന്‍ നിങ്ങള്‍ 'ചിലന്തി രാജാവിന്റെ മകള്‍ ' വായിക്കണം എന്നാണ് എനിക്ക് തോന്നുന്നത്
 (-ചിബുണ്ടു ഒനൂസോ, ഒരു അഭിമുഖത്തില്‍ നിന്ന് )

ഇംഗ്ലണ്ടിലെ പ്രസിദ്ധപ്രസാധകര്‍ ഫേബര്‍ & ഫേബര്‍ ചിബുണ്ടു ഒനൂസോയുടെ പ്രഥമ കൃതി ഉള്‍പ്പടെ രണ്ടു പുസ്തകങ്ങള്‍ക്ക് അവരുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ (2010) എഴുത്തുകാരിക്ക് പത്തൊമ്പത് വയസ്സായിരുന്നു പ്രായം, അവരെ ആകര്‍ഷിച്ച ആ പ്രഥമ കൃതി എഴുതിത്തുടങ്ങുമ്പോള്‍ വയസ്സ് പതിനേഴും. വോലെ സോയിങ്കയെയും ചിനുവ അച്ചബെയെയും ചിമമാന്‍ഡാ അദീചിയെയും ആരാധിക്കുന്ന ചിബുണ്ടു ഒനൂസോ, അങ്ങനെ ഫേബര്‍ & ഫേബര്‍ പ്രസിദ്ധീകരണ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എഴുത്തുകാരിയെന്ന ബഹുമതി നേടിയെടുത്തു. ലാഗോസിലെ സമ്പന്നകുടുംബത്തില്‍ ഡോക്റ്റര്‍ ദമ്പതികളുടെ നാല് മക്കളില്‍ ഇളയവളായിപ്പിറന്ന ഇമാചിബുണ്ടു ഒലുവദാരാ ഒനൂസോ ഒരു നാള്‍ തെരുവില്‍ കണ്ടുമുട്ടാന്‍ ഇടയായ തെരുവുകച്ചവടക്കാരിയായ കൌമാരക്കാരി അവളുടെ ജീവിതത്തെ കുറിച്ച് നല്‍കിയ ചുരുങ്ങിയ വാക്കുകളിലെ വിവരണത്തില്‍ നിന്നാണ് തന്റെ കഥാപാത്രമായ 'തെരുവുകച്ചവടക്കാര'നെ (മൈ ഹോക്കര്‍ എന്ന് മാത്രം നോവലില്‍ ) കണ്ടെത്തിയതെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു പകല്‍ മുഴുവന്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പിറകില്‍ , തങ്ങളുടെ ആ നിമിഷത്തിന്റെ ഉല്ലാസത്തിന് വേണ്ടി ഇരകാട്ടിക്കളിപ്പിക്കുന്ന വളര്‍ത്തു മൃഗങ്ങളെപ്പോലെ പ്രലോഭിപ്പിക്കുന്ന സമ്പന്നയാത്രക്കാരുടെ കളിപ്പാട്ടമാകുമ്പോഴും കഷ്ടിച്ച് അന്നാന്നത്തെ അഷ്ടിക്കുള്ളത് കണ്ടെത്താനാവാത്ത അത്തരക്കാരുടെ 'ഓട്ടം' ലാഗോസിലെ തനിക്കു പരിചിതമല്ലാത്ത മറ്റൊരു ജീവിതത്തിന്‍റെ രൂപകമായി അവര്‍ തിരിച്ചറിയുകയായിരുന്നു. രണ്ടായിരം നൈറ എന്ന തുച്ഛമായ വിഹിതമാണ് ഈ മത്സരയോട്ടത്തില്‍ ഏറ്റവും മിടുക്കനായ കഥാനായകന് ദിനാന്ത്യത്തില്‍ നേടാനാവുമായിരുന്നത് എന്ന് നോവലില്‍ പരാമര്‍ശമുണ്ട്. തൊട്ടടുത്ത് കഴിയുമ്പോഴും സാമൂഹിക ശ്രേണിയില്‍ ഭിന്ന ധ്രുവങ്ങളില്‍ കഴിയുന്നവര്‍ക്കിടയിലെ പാരസ്പര്യ സാധ്യതയും അതിന്റെ അഭാവവും ഒരു റോമിയോ- ജൂലിയറ്റ് സമവാക്യത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ പരിശോധിക്കുന്നു.

കുടിലും കൊട്ടാരവും- പ്രണയ ദുരന്തത്തിന്റെ തനിയാവര്‍ത്തനം............
മുഴുവന്‍ വായനക്ക്:


(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 239-238)

To purchase, contact ph.no:  8086126024

Also from Chibundu Onuzo:

Welcome to Lagos by Chibundu Onuzo

https://alittlesomethings.blogspot.com/2024/08/welcome-to-lagos-by-chibundu-onuzo.html


Saturday, August 6, 2016

The Bleeding of the Stone by Ibrahim al-Koni / Christopher Tingley & May Jayyusi

ജൈവ ബോധം കുരിശേറുമ്പോള്‍



അറേബ്യന്‍ സാഹിത്യത്തില്‍ ഇന്ന് ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് ഇബ്രാഹിം അല്‍ കോനി എന്ന ലിബിയന്‍ നോവലിസ്റ്റ്. എഴുത്തില്‍ ധാരാളിയായ അല്‍ കോനിയുടെ രചനാലോകം മിത്തുകളുടെയും അസ്തിത്വപരമായ ഉത്കണ്ഠകളുടെയും ലോകമാണ് തുറന്നു വെക്കുന്നത്. സഹാറാ മരുഭൂമിയില്‍ ലിബിയ മുതല്‍ മൊറോക്കോ വരെ ആഫ്രിക്കയിലെങ്ങും സഞ്ചരിക്കുന്ന, എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന, ഒരിടത്ത് തറഞ്ഞുനില്‍ക്കുകയെന്നാല്‍ അടിമത്തമാണെന്നു വിശ്വസിക്കുന്ന 'മൂടുപടമിട്ടവര്‍ ', 'നീല മനുഷ്യര്‍ ' എന്നൊക്കെ അറിയപ്പെടുന്ന ടോരെഗ്- നാടോടി വിഭാഗക്കാര്‍ മരുഭൂമിയെ സ്വാതന്ത്ര്യത്തിന്റെയും പ്രകൃതിയുമായുള്ള സമന്വയത്തിന്റെയും കേന്ദ്രമായിക്കാണുന്നു. ടോരെഗ് വിഭാഗക്കാരനായ അല്‍ കോനിയുടെ കൃതികളില്‍ സൂഫിസത്തിന്റെയും പൗരസ്ത്യ ആത്മീയപാരമ്പര്യങ്ങളുടെയും കനത്ത സ്വാധീനവും മാജിക്കല്‍ റിയലിസത്തിന്റെയും ദൃഷ്ടാന്തകഥാ രീതികളുടെയും സ്വഭാവങ്ങളും വ്യക്തമാണ്. അല്‍ കോനിയുടെ രചനകളില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യകൃതിയാണ് 'ദി ബ്ലീഡിംഗ് ഓഫ് ദി സ്റ്റോണ്‍ '. നോബല്‍ പുരസ്ക്കാരജേതാവ് ലേ ക്ലെസിയോയുടെ 'മരുഭൂമി' എന്ന നോവലിലും 'നീല മനുഷ്യര്‍ ' പ്രധാന പ്രദിപാദ്യ വിഷയമാണ്.

ഒറ്റനോട്ടത്തില്‍ ദൃഷ്ടാന്ത കഥയുടെ ലാളിത്യമുള്ള ഈ ചെറു നോവലിന് പക്ഷെ കൃത്യമായ രാഷ്ട്രീയ- പാരിസ്ഥിതിക മാനങ്ങളുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കൊളോനിയളിസ്റ്റ് തേര്‍ വാഴ്ചകള്‍ ലോകത്തെങ്ങും മനുഷ്യനും പ്രകൃതിക്കും ഭീഷണമായ ആഘാതങ്ങള്‍ ഏല്‍പ്പിച്ചുവന്ന കാലത്തിന്റെ പശ്ചാത്തലത്തിലാണ് കഥാഗതിയെങ്കിലും കാലാതീതമായ തിരിച്ചറിവുകളുടെ പാഠങ്ങളാണ് നോവലിനെ അനശ്വരമാക്കുന്നത്. ദക്ഷിണ ലിബിയന്‍ മരുഭൂമിയിലെ മലയോരങ്ങളില്‍ കാലിമേച്ചു കഴിയുന്ന അസൂഫ് എന്ന ബദവി, മനുഷ്യനും വന്യപ്രകൃതിയും തമ്മിലുള്ള പാരസ്പര്യങ്ങളെ കുറിച്ചുള്ള ആദിമ ജ്ഞാനങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയാണ്. പുരാവസ്തു പര്യവേഷകര്‍ കണ്ടെത്തിയെ കുറെയേറെ പുരാതന ഗുഹകളുടെയും ചുമര്‍ ചിത്രങ്ങളുടെയും കാവലാളായി പാശ്ചാത്യ വിനോദ സഞ്ചാരികള്‍ക്ക് വഴികാണിക്കുന്ന ജോലിയും അയാള്‍ക്കുണ്ട്. ആ നിലയില്‍ ആധുനിക ലോകം, വന്യ സൗന്ദര്യമിയന്നതെങ്കിലും സ്വതേ ദുര്‍ബ്ബലമായ പ്രകൃതിയില്‍ നടത്തുന്ന കടന്നുകയറ്റങ്ങളുടെ ദുരന്ത ഫലം അയാള്‍ മുന്‍ കൂട്ടിക്കാണുന്നുണ്ട്.

മരുഭൂമിയുടെ രഹസ്യങ്ങളറിയാവുന്ന ബദവിയില്‍ , തങ്ങളുടെ ദുര തീര്‍ക്കാന്‍ വേണ്ട അറിവുകളുണ്ട് എന്ന് ഒരു നാള്‍ അതിഥി വേഷങ്ങളിലെത്തുന്ന കായേന്‍, മസൂദ് എന്നീ രണ്ടു വേട്ടക്കാര്‍ തിരിച്ചറിയുന്നതോടെ സാത്വികനായ ആ മനുഷ്യന്റെ ജീവിതം കലങ്ങിമറിയുകയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സനാതനമായ ഉടമ്പടിയുടെ വിശുദ്ധി കളങ്കപ്പെടുകയും ചെയ്യുന്നു. ...............

തുടര്‍ വായനയ്ക്ക്:

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 217-221)

To purchase, contact ph.no:  8086126024


Thursday, July 21, 2016

Oil on Water by Helon Habila

എണ്ണപ്പാടങ്ങളില്‍ എരിഞ്ഞുതീരുന്നവര്‍



to him the meaning of an episode was not inside like a kernel but outside, enveloping the tale which brought it out only as a glow brings out a haze, in the likeness of one of these misty halos that sometimes are made visible by the spectral illumination of moonshine.”
(Heart of Darkness- Joseph Conrad)

കോര്‍പ്പോറേറ്റ് അധിനിവേശങ്ങള്‍ക്ക് ലോകമെങ്ങും ഒരു പൊതു രീതിയുണ്ട്: അത് ആദ്യ ഘട്ടത്തില്‍ ഒരു വമ്പന്‍ പ്രതീക്ഷയാണ് സ്വപ്നവ്യാപാരം നടത്തുക. ദരിദ്രരും തൊഴില്‍ രഹിതരുമായ തദ്ദേശീയര്‍ക്ക് പെട്ടെന്നുണ്ടാവുന്ന മികച്ച വേതനമുള്ള അവസരങ്ങളിലൂടെ സമ്പന്നതയുടെ ഒരു മായക്കാഴ്ച. എന്നാല്‍ പ്രകൃതിയും മനുഷ്യനും അതിനു സ്വാഭാവികമായി നല്‍കേണ്ടിവരുന്ന വിലയെന്തെന്ന് ഒട്ടും താമസിയാതെ തിരിച്ചറിയുമ്പോഴേക്കും ദുര്‍ബ്ബലരും പരിമിത സ്വാധീനമുള്ളവരുമായ തദ്ദേശീയര്‍ക്ക് മുകളില്‍ കൊര്‍പ്പരെറ്റ് ഭീമന്‍, ഉദ്യോഗസ്ഥ മേധാവിത്തത്തിന്റെയും ദല്ലാള്‍ രാഷ്ട്രീയ - ഭരണകൂട ശക്തികളുടെതുമായ ഒരു സംരക്ഷണ വലയം കൊണ്ട് പ്രതിരോധം സജ്ജമാക്കിയിരിക്കും. തുടര്‍ന്നുണ്ടാവുക പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ഒറ്റിക്കൊടുക്കലുകളുടെയും കലുഷകാലമായിരിക്കും. വിജയസാധ്യത തുലോം കുറവായ പോരാട്ടങ്ങള്‍ക്കൊടുവില്‍ എങ്ങാനും കൊര്‍പ്പോരെറ്റ് ഭീമന്‍ ഒഴിഞ്ഞു പോയാല്‍ പോലും അപ്പോഴേക്കും അത് ആഴത്തിലേല്‍പ്പിച്ച മുറിവുകള്‍ മണ്ണിലും മനസ്സിലും വടുകെട്ടി നില്‍ക്കും. അതേ സമയം, പുറം ലോകവും അന്താരാഷ്‌ട്ര സമൂഹവും ചിലപ്പോഴെങ്കിലും നിസ്സഹായരുടെ നിലവിളി കേള്‍ക്കാനും പ്രതിരോധ പോരാട്ടങ്ങളോട് ഐക്യപ്പെടാനും ചെറിയ സാധ്യതയും ഇല്ലാതില്ല. എന്നാല്‍, വിഷയം ഇതേ അന്താരാഷ്‌ട്ര സമൂഹത്തിന്റെയും താല്‍പര്യങ്ങളുമായി കെട്ടുപിണഞ്ഞതാണെങ്കില്‍ ഇത്തരം പിന്തുണയുടെ സാധ്യതയും സങ്കീര്‍ണ്ണമായിരിക്കും. കോള ഭീമന്‍റെ ജല ചൂഷണത്തിനെതിരില്‍ തദ്ദേശീയരെ പിന്തുണക്കാന്‍ തയാറാവുന്ന അന്താരാഷ്‌ട്ര സമൂഹം, അവര്‍ക്ക് കൂടി ആവശ്യമായ എണ്ണയാണ് ഉത്പന്നമെങ്കില്‍ പ്രതികരിക്കുന്നത് മറ്റൊരു വിധത്തിലാവാം, അഥവാ പ്രതികരിച്ചില്ല എന്നും വരാം.

1950-കളില്‍ നൈജര്‍ ഡെല്‍റ്റയില്‍ എണ്ണ കണ്ടെത്തുമ്പോള്‍ , ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും സമ്പന്നമായ രാജ്യമാവാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു നൈജീരിയക്ക്. എന്നാല്‍ , അര നൂറ്റാണ്ടിനിപ്പുറവും നൈജീരിയന്‍ ഭരണ കൂടവും പെട്രോളിയം കൊര്‍പ്പോരെറ്റ് കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബാന്ധവം, ഭരണകൂടമേല്‍ത്തട്ടിലെ വമ്പന്മാരുടെ സ്വിസ്സ് ബാങ്ക് അക്കൌണ്ടുകളും കമ്പനികളുടെ കുതിച്ചുയരുന്ന ലാഭാവിഹിതങ്ങളുമായി പരിണമിച്ചതേയുള്ളൂ . എണ്ണക്കമ്പനികള്‍ സൃഷ്ടിച്ച വന്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കെതിരില്‍ സമാധാനപരമായിത്തന്നെ പോരാടിയവരെ നേരിടുന്നതിലും കമ്പനികളും ഭരണകൂടവും കൈകോര്‍ക്കുകയായിരിന്നു. 1995-ല്‍ കെന്‍ സാരോ വിവാ തൂക്കിലേറ്റപ്പെട്ടത്‌ ആ അവിശുദ്ധ ബാന്ധവത്തിന്റെ ഫലമായിരുന്നു. അന്താരാഷ്‌ട്ര സമൂഹമാവട്ടെ, സുവ്യക്തമായ കാരണങ്ങളാല്‍ നെജീരിയന്‍ ഡെല്‍റ്റയിലെ ഇരുപതു മില്ല്യന്‍ ജനതയുടെ ദുരന്തം വെറുതെ നോക്കി നില്‍ക്കുകയും ചെയ്യുന്നു. യുവ നൈജീരിയന്‍ കവിയും നോവലിസ്റ്റുമായ ഹെലന്‍ ഹബിലയുടെ 'ഓയില്‍ ഓണ്‍ വാട്ടര്‍ ' എന്ന നോവല്‍ ഈ പരിതോവസ്ഥയാണ് പശ്ചാത്തലമാക്കുന്നത്. ഒരു വശത്ത്‌ എണ്ണക്കമ്പനികളും അവരുമായി അവിശുദ്ധ ബാന്ധവം നടത്തുന്ന അധികൃത- മിലിട്ടറി ശക്തികളും, മറുവശത്ത്‌ ചെറുത്തുനില്‍പ്പുകാരായ, ഗറില്ലാ യുദ്ധം നടത്തുന്ന സാതന്ത്ര്യപ്പോരാളികളും , ഇവര്‍ക്കിടയില്‍ പെട്ടുപോകുന്ന, തങ്ങളുടെ മണ്ണിലും വിഭവങ്ങളിലുമുള്ള ജന്മ സിദ്ധമായ അവകാശം നഷ്ടപ്പെട്ടു പോകുന്ന നിസ്സഹായരായ തദ്ദേശീയരും, ഇവര്‍ക്കെല്ലാവര്‍ക്കും ഒപ്പമായോ സമാന്തരമായോ പലപ്പോഴും സാക്ഷികളും ചരിത്ര സൂക്ഷിപ്പുകാരും ചിലപ്പോഴൊക്കെ ഇടപെടുന്നവരുമായോ മീഡിയ പ്രവര്‍ത്തകരും അടങ്ങുന്ന ഒരു ലോകമാണ് നോവല്‍ തുറന്നുവെക്കുന്നത്.

.............
തുടര്‍ന്ന് വായിക്കാന്‍:

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 107-118)

To purchase, contact ph.no:  8086126024

Saturday, July 16, 2016

Baking Cakes in Kigali by Gaile Parkin

കിഗാലിയില്‍ കേയ്ക്ക് പാകമാകുന്നു; പുതിയ ജീവിതവും



കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ചായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗിക, സര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കി. സ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതി പ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്. റുവാണ്ടന്‍ റേഡിയോ ഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ് ; എല്ലാ കൂറകളേയും നശിപ്പിക്കെണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). പിന്നീട് നൂറു ദിനങ്ങളില്‍ റുവാണ്ടയില്‍ , വിശേഷിച്ചും കിഗാലിയിലും പരിസരങ്ങളിലും, ഹുടു അര്‍ദ്ധസൈനിക സംഘ('Interahamwe' )ങ്ങളുടെ മുന്‍കയ്യില്‍ അരങ്ങേറിയ നരമേധം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ ടുട്സികളും ഹുടു വിഭാഗത്തിലെ തന്നെ മിതവാദികളും ഉള്‍പ്പടെ എട്ടുലക്ഷം പേരെയെങ്കിലും കൊന്നൊടുക്കി, രണ്ടര ലക്ഷം സ്ത്രീകള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടു.

കലാപം കഴിഞ്ഞു പതിയെ പുന:സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന റുവാണ്ടയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട 'ബെയ്ക്കിംഗ് കേയ്ക്ക്സ് ഇന്‍ കിഗാലി' എന്ന നോവലില്‍ ദുരന്തകാരിയായ കൊളോണിയല്‍ നിര്‍മ്മിതികളെ കുറിച്ച് വംശഹത്യാ വിചാരണക്കോടതിയിലെ നിയമജ്ഞനായ ഇജിപ്തുകാരന്‍ മി. ഒമര്‍ നിരീക്ഷിക്കുന്നുണ്ട്: ഏതോ തലക്കുസ്ഥിരതയില്ലാത്ത കൊളോണിയല്‍ പര്യവേഷകന്‍ പറഞ്ഞ അബദ്ധം- ടുട്സികള്‍ കൂടുതല്‍ അറബ് വംശജരെപ്പോലെയുണ്ട്. വംശഹത്യക്കാര്‍ അതാണ്‌ പറഞ്ഞു വന്നത്:
അവര്‍ ഇവിടത്തുകാരല്ല, അതുകൊണ്ട് അവര്‍ നൈലിലൂടെ അവര്‍ വന്നയിടത്തേക്ക് പോകട്ടെ... അവര്‍ എല്ലാ ജഡങ്ങളും കഗേരാ നദിയിലൊഴുക്കി, നദി അവയെ വിക്ടോറിയാ തടാകത്തിലെത്തിച്ചു.”
നൈലിന്റെ ഉത്ഭവം.”
ഏതു പാതി അന്ധനായ കൊളോണിയലിസ്റ്റാണ് ആ നിരീക്ഷണം നടത്തിയതെങ്കിലും അയാളെ വംശഹത്യക്ക് വിചാരണ ചെയ്യണം, അയാള്‍ എന്നേ മരിച്ചു പോയെങ്കിലും . അയാളുടെ വാക്കുകളാണ് വംശഹത്യ വേവിച്ചെടുക്കാനുള്ള തീ കത്തിച്ചത്- ബെല്‍ജിയന്‍ ഭരണമാവട്ടെ, വ്യത്യാസങ്ങളെ ഊതിവീര്‍പ്പിച്ചു എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്തു.”

..................
തുടര്‍ന്ന് വായിക്കാന്‍:

(കാക്ക ത്രൈമാസിക, ജൂലൈ- സെപ്തംബര്‍ 2016)

more on Rwandan genocide:

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley



Friday, June 10, 2016

Running the Rift by Naomi Benaron

ഹൃദയദൂരങ്ങളില്‍ കാലിടറുമ്പോള്‍




"വംശഹത്യ വിഷമയമായ ഒരു അടിക്കാടാണ് ; രണ്ടോ മൂന്നോ വേരുകളില്‍ നിന്നല്ല അത് വളരുക. മറിച്ച്, ആരാലും ശ്രദ്ധിക്കപ്പെടാതെ ഭൂമിക്കടിയില്‍ ഉരുവം കൊണ്ട സമൂലമായ ഒരു കെട്ടുപിണച്ചിലില്‍ നിന്നാണ്.”
ജീന്‍ ഹാര്‍ട്സ്ഫെല്‍ഡ് രചിച്ച റുവാണ്ടന്‍ വംശഹത്യയുടെ അനുഭവവിവരണമായ "ലൈഫ് ലെയ്ഡ് ബെയര്‍ " എന്ന കൃതിയിലെ വംശഹത്യ അതിജീവിച്ച ക്ലോഡൈന്‍ എന്ന സ്ത്രീയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് നവോമി ബെനരോണ്‍ 2010-ല്‍ സാമൂഹികപ്രതിബദ്ധമായ കൃതികള്‍ക്കുള്ള വിഖ്യാത പുരസ്ക്കാരമായ ബെല്‍വെതര്‍ സമാനം നേടിയ തന്റെ 'റണ്ണിംഗ് ദി റിഫ്റ്റ്' എന്ന നോവലിലേക്ക് കടക്കുന്നത്‌. റുവാണ്ടന്‍ സമൂഹത്തില്‍ അടിയൊഴുക്കായി നിലനിന്നു വന്ന വംശീയവ്യവസ്ഥയില്‍ കൊളോണിയല്‍ താല്പര്യങ്ങള്‍ മൂര്‍ച്ച കൂട്ടിയ സംഘര്‍ഷങ്ങളും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം രൂക്ഷമായിത്തീര്‍ന്ന വിദ്വേഷ രാഷ്ട്രീയവും പൊട്ടിത്തെറിക്കുകയായിരുന്നു 1994-ല്‍ . കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ചായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗിക, സര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കി. സ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതി, പ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്. 'ഹുടു പവര്‍ റേഡിയോ' ഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ് ; എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" ("Cut all the tall trees") . പിന്നീട് നൂറു ദിനങ്ങളില്‍ റുവാണ്ടയില്‍ , വിശേഷിച്ചും കിഗാലിയിലും പരിസരങ്ങളിലും, ഹുടു അര്‍ദ്ധസൈനിക സംഘ('Interahamwe' )ങ്ങളുടെ മുന്‍കയ്യില്‍ അരങ്ങേറിയ നരമേധം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ ടുട്സികളും ഹുടു വിഭാഗത്തിലെ തന്നെ മിതവാദികളും ഉള്‍പ്പടെ എട്ടുലക്ഷം പേരെയെങ്കിലും കൊന്നൊടുക്കി, രണ്ടര ലക്ഷം സ്ത്രീകള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടു. നാസി ഹോളോകാസ്റ്റിലോ ഖമേര്‍ റൂഷ് നരമേധങ്ങളിലോ കാണാനാവാത്ത വിധം തലേന്ന് വരെ ഒരുമിച്ചു കഴിഞ്ഞ അയല്‍വാസി, യാത്രക്ക് വിളിച്ച ടാക്സിയുടെ ഡ്രൈവര്‍ , അതുമല്ലെങ്കില്‍ ഒരൊറ്റ ബെഞ്ചിലിരുന്നു പഠിച്ച സഹപാഠി- മനുഷ്യന്‍ വ്യക്തി എന്ന നിലയില്‍ തന്നെ അപരന്റെ കൊലയാളിയായി ഇത്ര ഭീകരമായ കൂട്ടക്കുരുതി അരങ്ങേറിയ അനുഭവം ചരിത്രത്തില്‍ വേറെയുണ്ടോ എന്ന് സംശയം. കൊന്നു തള്ളേണ്ടവര്‍ ഏറെയാവുമ്പോള്‍ ബുള്ളറ്റിന്റെ ചെലവ് ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു കണ്ടെയ്നര്‍ വഴി എത്തിയ പത്തു ഫ്രാങ്കിന് താഴെ വിലക്ക് വരുന്ന ചൈനീസ് നിര്‍മ്മിത വടിവാള്‍ (machette). ഇത്തരം ഒരു പൊള്ളുന്ന ദേശാനുഭവത്തെ ഫിക് ഷന്റെ തുറസ്സുകളിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ അനുവാചകന് പേടിസ്വപ്നങ്ങളുടെ വാഗ്ദാനത്തിനപ്പുറം പാരായണക്ഷമതയുടെ പോലും സാധ്യത നല്‍കുക എഴുത്തുകാരന്/കാരിക്ക് വെല്ലുവിളി തന്നെയാവും. നവോമി ബെനരോണ്‍ എന്ന അമേരിക്കന്‍ ആക്റ്റിവിസ്റ്റ്- എഴുത്തുകാരി തന്റെ പ്രഥമകൃതിയിലൂടെ ഈ വെല്ലുവിളിയാണ് നേരിടുന്നത്.


ദുരന്തത്തിന് ഒരു ദശകം മുമ്പ് തൊട്ട് റുവാണ്ടന്‍ സമൂഹത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിത്തുടങ്ങുന്ന മുന്‍കാലവും ദുരന്തത്തിലേക്ക് നയിക്കുന്ന നിമിത്തങ്ങളും മുന്‍ സൂചനകളും വിഷയമാക്കുന്ന 'ഇന്നലെ' , 'ഒരു പക്ഷി അതിന്റെ കൂടുകെട്ടുന്നു' എന്നീ ആദ്യ രണ്ടു ഭാഗങ്ങളാണ് നോവലില്‍ ഏറ്റവും ദീര്‍ഘമായവ. 'മരണത്തിനു വിശക്കുന്നു' എന്ന മൂന്നാം ഭാഗം ആ ഭ്രാന്തുപിടിച്ച നാളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹ്രസ്വമായ 'ഭൂമിയുടെ അങ്ങേ ഭാഗം' എന്ന നാലാം ഖണ്ഡവും, ഒടുവില്‍ 'നാളെയുടെ കാര്യങ്ങള്‍ ' എന്ന അഞ്ചാം ഖണ്ഡവും പേരുകള്‍ സൂചിപ്പിക്കുന്ന പോലെത്തന്നെ വംശഹത്യാപൂര്‍വ്വഘട്ടത്തിലെ ജീവിതം തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങളെ കണ്ണോടിക്കുന്നു. ഓരോ ഭാഗവും ഇതിവൃത്ത വികാസത്തെ കൃത്യമായും സൂചിപ്പിക്കുന്ന ഒരോ റുവാണ്ടന്‍ പഴമൊഴികളോടെ ആരംഭിക്കുന്നു.

..................
തുടര്‍ വായനയ്ക്ക്:

(ദേശാഭിമാനി വാരിക, 12 ജൂണ്‍ 2016)


(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 154-162)

more on Rwandan genocide:

Murambi, The Book of Bones by Boubacar Boris Diop

https://alittlesomethings.blogspot.com/2017/05/blog-post_62.html

Baking Cakes in Kigali by Gaile Parkin

https://alittlesomethings.blogspot.com/2016/07/blog-post.html

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley

Friday, April 8, 2016

Judgment at Nuremberg and Labyrinth of Lies (Cinema)

ചരിത്രത്തിന്റെ വിചാരണ - മൗനത്തിന്റെയും


ശ്രദ്ധേയമായ ചലച്ചിത്ര സംരംഭംങ്ങള്‍ക്ക് പലതരത്തിലുള്ള തുടര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്: കഥയുടെ നേര്‍തുടര്‍ച്ച എന്ന നിലയില്‍ ഒരേ അണിയറപ്രവര്‍ത്തകരുടെ തന്നെ സൃഷികള്‍ എന്ന നിലയിലോ, അതല്ലെങ്കില്‍ ഭാഗികമായോ പൂര്‍ണ്ണമായോ മറ്റു ചലച്ചിത്രകാരന്മാരുടെ മുന്‍ കയ്യിലോ ഉണ്ടാവുന്ന അത്തരം തുടര്‍ച്ചകള്‍ മുഖ്യ കഥാപാത്രങ്ങളുടെ ജീവിതങ്ങളിലെ കഥാ സന്ദര്‍ഭങ്ങളെയാണ് പലപ്പോഴും ആവിഷ്ക്കരിക്കുക. ഇതില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും ഒന്നോ അതില്‍ക്കൂടുതലോ കഥാപാത്രങ്ങളെ മാത്രം ആദ്യ ചിത്രത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു സ്വതന്ത്രമായി ആഖ്യാനിക്കുന്ന എപ്പിസോഡിക് സ്വഭാവമുള്ള ചിത്രങ്ങളും ധാരാളമുണ്ട്. കുറ്റാന്വേഷകനായോ, സാഹസികനായോ ഒരേ കഥാപാത്രത്തെ സങ്കല്‍പ്പിച്ചുള്ള ചിത്രങ്ങളില്‍ മുന്‍ ചിത്രങ്ങളിലേക്കുള്ള സൂചകങ്ങള്‍ വെറും കൌതുക ചിഹ്നങ്ങള്‍ എന്നതിലപ്പുറം ആസ്വാദനത്തിനു ആവശ്യമാകും വിധം പ്രസക്തമാവാറില്ല. എന്നാല്‍, ഗൌരവമേറിയ ചിത്രങ്ങളില്‍ അന്തര്‍ദ്ധാരയായി വര്‍ത്തിക്കുന്ന പ്രമേയ പരിസരങ്ങളുടെ പരസ്പര ബന്ധം മൂലം ഒരു തരം തുടര്‍ച്ചയുടെ സാംഗത്യം അറിഞ്ഞോ അറിയാതെയോ സംഭവിക്കാം- ഒരു സവിശേഷ ചരിത്ര ഘട്ടത്തെയോ പ്രമേയത്തെയോ മുന്‍ നിര്‍ത്തി ഒരേ രചയിതാവ് തന്നെയോ ഒരു കൂട്ടം രചയിതാക്കാളോ ഒന്നിച്ചു ചേര്‍ന്ന് ചെയ്യുന്ന ഇത്തരം ചിത്രങ്ങള്‍ ചിലപ്പോള്‍ ഒരു ചലച്ചിത്ര സഞ്ചയം -anothology film- ആയിത്തീര്‍ന്നേക്കാം. ഏറെ വിദൂരസ്ഥമായ രണ്ടുകാലങ്ങളില്‍ , രണ്ടു സ്ഥലങ്ങളില്‍ പിറവിയെടുത്ത രണ്ടു ചിത്രങ്ങള്‍ അങ്ങനെ ബോധപൂര്‍വ്വം തീരുമാനിക്കപ്പെടാതെ തന്നെ പ്രമേയ പരമായ ഉത്കണ്ഠകളുടെ ഇഴയടുപ്പം കൊണ്ട് ഏതാണ്ടൊരു തുടര്‍ ചിത്ര സംരംഭം (sequel) ആയിത്തീരുന്നത് തീര്‍ച്ചയായും ഒരപൂര്‍വ്വതയാണ്. 1961-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് മാസ്റ്റര്‍പീസ്‌ Judgment at Nuremberg, ഇങ്ങ് 2015-ല്‍ ജര്‍മ്മന്‍ ചിത്രം Labyrinth of Lies എന്നിവ ഈ നിലയില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.

ന്യൂറമ്പര്‍ഗ് വിചാരണ -
നിയമം 'ദേശസ്നേഹ'ത്തിനു വഴിമാറുമ്പോള്‍
ന്യൂറമ്പര്‍ഗ് വിചാരണകളില്‍ മൂന്നാമാത്തേതായിരുന്ന 'ജഡ്ജുമാരുടെ വിചാരണ' (മാര്‍ച്ച് അഞ്ച്- ഡിസംബര്‍ നാല് , 1947) അടിസ്ഥാനമാക്കി അബി മന്‍ രചിച്ച് സ്റ്റാന്‍ലി ക്രേമര്‍ സംവിധാനം ചെയ്ത്1961-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് എക്കാലത്തെയും മികച്ച 'കോര്‍ട്ട് ഡ്രാമാ' ചിത്രങ്ങളില്‍ ഒന്നായ Judgment at Nuremberg. ഇതിഹാസ താരം സ്പെന്‍സര്‍ ട്രേസി, ജഡ്ജ് ഹേയ് വുഡ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഇതര കഥാപാത്രങ്ങളെ അവതരിപ്പിച്ചതും വിഖ്യാത അഭിനേതാക്കളാണ്. രണ്ടാം ലോക യുദ്ധം കഴിഞ്ഞു മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടു നടന്ന ന്യൂറമ്പര്‍ഗ് വിചാരണകളില്‍ തേര്‍ഡ് റേയ്ക്കിലെ 'യുദ്ധക്കുറ്റങ്ങളും മാനവികതക്കു നേരെയുള്ള കുറ്റങ്ങളും (war-crimes and crimes against humanity) പന്ത്രണ്ടോളം അമേരിക്കന്‍ സ്ഥാപിത യുദ്ധക്കുറ്റവിചാരണാ ട്രൈബ്യൂണലുകള്‍ മുഖാന്തരം വിചാരണ ചെയ്യപ്പെട്ടു. ഇക്കൂട്ടത്തില്‍ സവിശേഷ സ്ഥാനമുണ്ട് 'ജഡ്ജുമാരുടെ വിചാരണ'ക്ക്.
..................
തുടര്‍ വായനയ്ക്ക്:

(ദേശാഭിമാനി വാരിക: 10 ഏപ്രില്‍


 2016)