Featured Post

Wednesday, April 23, 2025

At Night All Blood is Black by David Diop / Anna Moschovakis

 നരകത്തിലും വര്‍ണ്ണ വിവേചനമുണ്ട്



(സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പിന്റെ At Night All Blood Is Black: A Novel  ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം നേടിയ നോവലാണ്‌. ഒരു നൂറ്റാണ്ടിനിപ്പുറം ഒന്നാം ലോക യുദ്ധത്തിലെ കിടങ്ങുകളില്‍ അടിഞ്ഞു പോയ ജീവിതങ്ങളുടെ കഥയിലേക്ക്‌ തികച്ചും വ്യത്യസ്തവും നൂതനവുമായ ഒരു വീക്ഷണത്തില്‍ കടന്നു ചെല്ലുകയാണ് നോവലിസ്റ്റ് ഇവിടെ.)

 

യുദ്ധത്തെ ‘എല്ലാവരുടെയും പിതാവ്, എല്ലാവരുടെയും രാജാവ്’ (‘the father of all and the king of all’) എന്ന് നിര്‍വ്വചിച്ചത് ഗ്രീക്ക് തത്വ ചിന്തകന്‍ ഹെരാക്ലിറ്റസാണ്. ആ വീക്ഷണത്തില്‍ നാം നശ്വര മനുഷ്യര്‍ യുദ്ധത്തിന്റെ അസന്തുഷ്ടരായ മക്കളും പ്രജകളുമാണ്. ലോകോത്തര സാഹിത്യ കൃതികളുടെ കാര്യത്തിലും ഇതുതന്നെ ശരി എന്നു പറയാം. ഇന്ത്യന്‍, യവന, റോമന്‍, ഹീബ്രു പുരാണങ്ങള്‍, ഇതിഹാസ കാവ്യങ്ങള്‍, ചരിത്രാഖ്യായികകള്‍ എന്നിവയെല്ലാം യുദ്ധങ്ങളെ ചുറ്റിപ്പറ്റിയോ അവയെ കേന്ദ്രീകരിച്ചോ രചിക്കപ്പെട്ടവയാണ്. മഹാഭാരതം, ഇലിയഡ്‌, ഒഡീസ്സി, തുടങ്ങിയവയെല്ലാം ആ അര്‍ഥത്തില്‍ “യുദ്ധ സാഹിത്യം” (war literature) തന്നെയാണ്. “പുരാതന പാശ്ചാത്യ സാഹിത്യത്തില്‍ മുഴുവന്‍ ട്രോജന്‍ യുദ്ധം ചെലുത്തിയ സ്വാധീനം കേന്ദ്രസ്ഥാനീയമാണ്, ആദ്യകാല പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് ആകെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒറ്റവിഷയം തെരഞ്ഞെടുത്താല്‍ അത് അതുതന്നെയാണ്” *(1).  മധ്യകാല സാഹിത്യത്തെ അടയാളപ്പെടുത്തുന്ന ‘റൊമാന്‍സ്’ (medieval romances) കൃതികള്‍ എല്ലാം തന്നെ യുദ്ധവും പ്രണയവുമെന്ന ദ്വന്ദ്വത്തിലാണ് കേന്ദ്രീകരിക്കുന്നത്. ആധുനിക സാഹിത്യത്തിന്റെ തന്നെയും സ്ഥിതി വ്യത്യസ്തമല്ല. ടോള്‍സ്റ്റോയിയുടെ War and Peace, ഡിക്കന്‍സിന്റെ A Tale of Two Cities പോലുള്ള ക്ലാസ്സിക്കുകള്‍ സാക്ഷ്യപ്പെടുത്തുന്ന ഈ പാരമ്പര്യത്തിലേക്ക് രണ്ടു ലോക യുദ്ധങ്ങള്‍, വിയറ്റ്നാം, കംബോഡിയ, ബര്‍മ്മ, കൊറിയ, തുടങ്ങിയ ചരിത്ര സംഘര്‍ഷങ്ങള്‍ വിഷയമാക്കിയ ഒട്ടേറെ കൃതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒന്നാം ലോക യുദ്ധം ഇവിടെ സാന്ദര്‍ഭികമായി കൂടുതല്‍ പ്രസക്തമാണ്. റബേക്ക വെസ്റ്റ് (The Return of the Soldier-2018), ഐസക് ബാബേല്‍ (Red Cavalry – 1926), ഹെമിംഗ് വെ (A Farewell to Arms-1929), എറിക് മരിയ റമാര്‍ക്ക് (All Quiet on the Western Front-1929), തുടങ്ങിയ അതികായര്‍ മുതല്‍ സെബാസ്റ്റ്യന്‍ ഫോക്സ് (Birdsong- 1993), പാറ്റ് ബാര്‍ക്കര്‍ (Regeneration Trilogy-1991-1994), ജെരോസ്ലാവ് ഹാസെക് (The Good Soldier Švejk- 2005) തുടങ്ങിയ സമകാലികരായ എഴുത്തുകാര്‍ വരെ ഫിക് ഷനില്‍ നിബന്ധിക്കുന്ന ഈ തീക്കാലത്തെ തികച്ചും വ്യത്യസ്തവും അപൂര്‍വ്വവുമായ ഒരു വീക്ഷണകോണില്‍ ആവിഷ്കരിക്കുന്ന കൃതിയാണ് സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പ് രചിച്ച At Night All Blood Is Black. ‘യുദ്ധകഥയും ദൃഷ്ടാന്തകഥയും മിത്തും സമന്വയിപ്പിക്കുന്ന’ ‘ബിബ്ലിക്കല്‍ അനുരണനങ്ങള്‍ ഉള്ള പ്രതികാര കഥ’ എന്നു വിവരിക്കപ്പെട്ട *(2) തന്റെ പ്രഥമ നോവലില്‍ ലോക യുദ്ധത്തില്‍ അധിനിവേശ ശക്തികള്‍ക്കു വേണ്ടി പോരാടിയ ആഫ്രിക്കക്കാരായ കഥാപാത്രങ്ങളെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്; അതുവഴി ഫ്രഞ്ച് കൊളോണിയല്‍ ചരിത്രത്തില്‍ ഒട്ടുമുക്കാലും തമസ്കരിക്കപ്പെട്ട, വടക്കന്‍ ഫ്രാന്‍സിലെ യുദ്ധഭൂമികളില്‍ പതിനായിരങ്ങള്‍ ഹോമിക്കപ്പെട്ട ചരിത്രത്തിലെ ഭീകരമായ ഒരനുഭവ കാണ്ഡം ആവിഷ്കരിക്കുകയുമാണ്‌.

കലാ സിദ്ധാന്തങ്ങളില്‍ യുദ്ധം ഇടപെടുന്നു..

പത്തു മില്ല്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഒന്നാം ലോകയുദ്ധം യൂറോപ്പ്യന്‍ ആയുധസാങ്കേതികതയെ മാത്രമല്ല കലാതത്വങ്ങളെ തന്നെയും അടിമുടി മാറ്റിക്കളഞ്ഞു. യന്ത്രവല്‍കൃത പൈശാചികതയുടെ മുമ്പില്‍ പഴയ യഥാതഥവാദം കാലഹരണപ്പെട്ടതിന്റെ ഫലമായി പുതിയ ആവിഷ്കാര രീതികള്‍ ആവശ്യമായി വന്നു. ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/at-night-all-blood-is-black-by-david-diop-anna-moschovakis

   

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 330-341)

To purchase, contact ph.no:  8086126024



Americanah by Chimamanda Ngozi Adichie

 

അമേരിക്കാനാഹ് – ഫെമിനിസത്തിന്റെ പക്ഷാന്തരങ്ങളും രാഷ്ട്രാന്തരങ്ങളും 



(നൈജീരിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് ചിമമാന്‍ഡാ അദീചിയുടെ ‘Americanah’ എന്ന നോവല്‍ പ്രണയ കഥയുടെ ചട്ടക്കൂട് നിലനിര്‍ത്തുമ്പോഴും ട്രാന്‍സ്നാഷണല്‍ പഠനങ്ങളുടെ കാലത്തെ സ്ത്രീപക്ഷ നിലപാടിലൂന്നി സാമൂഹിക, സാംസ്കാരിക സങ്കലനങ്ങളുടെയും സ്വത്വ പ്രതിസന്ധികളുടെയും സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കുന്നു)

 

പ്രവാസി എഴുത്തുകാര്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന് രക്ഷാധികാരി ചമയുകയോ രാഷ്ട്രീയ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാതെത്തന്നെ നിശിതമായ സാമൂഹിക വിമര്‍ശനം സാധ്യമാവുമോ എന്നതാണ്; അഥവാ, ഉന്നതമായ സാഹിത്യ മൂല്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്പഷ്ടമായ സാമൂഹിക നിരീക്ഷണങ്ങള്‍ നടത്തുക എന്നതാണ്. ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ് നൈജീരിയന്‍ അമേരിക്കന്‍ എഴുത്തുകാരി ചിമമാന്‍ഡാ അദീചി. അദീചിയുടെ ഏറെ പ്രശസ്തമായ ആദ്യ നോവലുകള്‍ Purple Hibiscus, Half of a Yellow Sun എന്നിവ നൈജീരിയന്‍ പശ്ചാത്തലത്തില്‍ തന്നെയാണ് കഥകള്‍ പറഞ്ഞതെങ്കില്‍, അവരുടെ മൂന്നാമതു നോവല്‍ ‘Americanah’ , മുഖ്യ കഥാപാത്രങ്ങളായ ഇഫെമേലുവിന്റെയും ഒബിന്‍ജെയുടെയും ജന്മദേശമായ നൈജീരിയയുടെയും അമേരിക്കന്‍, ബ്രിട്ടീഷ് പ്രവാസത്തിന്റെയും പശ്ചാത്തലങ്ങളില്‍ സാമൂഹിക, സാംസ്കാരിക സങ്കലനങ്ങളുടെയും സ്വത്വ പ്രതിസന്ധികളുടെയും സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കുന്നു. കറുപ്പിന്റെ സ്വത്വം നൈജീരിയയിലും അമേരിക്കയിലും ബ്രിട്ടനിലും എങ്ങനെയാവും നിരീക്ഷിക്കപ്പെടുക എന്നു പരിശോധിക്കുന്നതിനോടൊപ്പം സാര്‍വ്വ ജനീനമായ മനുഷ്യാവസ്ഥയെ സംബന്ധിച്ച പതിവു പല്ലവികളെയും സ്വത സിദ്ധമായ കൃത്യതയോടെ പൊളിച്ചടുക്കുന്നുണ്ട് അദീചി തന്റെ നോവലില്‍.

അദീചിയുടെ രചനകള്‍

ആദ്യ നോവല്‍ Purple Hibiscus (2003), തുടര്‍ന്നിറങ്ങിയ Half of a Yellow Sun (2006) എന്നിവയില്‍ രണ്ടിലും പ്രണയം ഒരു മുഖ്യ പ്രമേയമായിരുന്നെങ്കിലും അവ പ്രധാനമായും യുദ്ധത്തെ കുറിച്ചായിരുന്നു. എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ Americanah, രണ്ടു പതിറ്റാണ്ടുകളിലൂടെ, മൂന്നു വന്‍കരകള്‍ പശ്ചാത്തലമാക്കുന്ന ഒരു പ്രണയ കഥയാണ്‌. ഒപ്പം ദേശീയത,  വംശീയത,  സാംസ്കാരിക സംഘര്‍ഷങ്ങള്‍, സമൂഹത്തില്‍ ഉയരാന്‍ ശ്രമിക്കുന്നവരുടെ അഭിലാഷങ്ങള്‍, ഭിന്ന സംസ്കൃതികളോട് ഇഴുകിച്ചേരാനുള്ള സ്വമന്വയ ശ്രമങ്ങളുടെ പ്രശ്നങ്ങള്‍, അധികാര സ്വരൂപങ്ങളുമായുള്ള വിനിമയങ്ങള്‍ തുടങ്ങിയ പോസ്റ്റ്കൊളോണിയല്‍ സാഹിത്യത്തിന്റെ തനതു പ്രമേയങ്ങള്‍ തുല്യ പ്രാധാന്യത്തോടെ നോവല്‍ ആവിഷ്കരിക്കുന്നു. പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തിലെ മൂന്നാം തരംഗത്തില്‍ (Third-Wave Postcolonial Fiction) പെടുന്ന നോവലിസ്റ്റ് ആണെങ്കിലും മുന്‍ തലമുറകള്‍ കൈകാര്യം ചെയ്ത വംശീയത, ഡയസ്പോറ അനുഭവങ്ങള്‍ എന്നിവയൊക്കെ അദീചിയുടെയും പ്രമേയങ്ങളാണ്. ഭിന്ന രൂപങ്ങളില്‍ പ്രതിഫലിക്കുന്ന സാംസ്കാരിക സങ്കലനമായി (hybridity) ഈ സങ്കീര്‍ണ്ണതകള്‍ പ്രകടമാണ്: സ്വദേശീയവും വിദേശീയവുമായ രണ്ടു സംസ്കാരങ്ങള്‍ ഒന്നിനെയും ഉപേക്ഷിക്കാതെ ഇടകലരുന്നു; വെള്ളക്കാരന്റെ വീക്ഷണത്തിലൂടെ നിരീക്ഷിക്കപ്പെടുന്ന കറുത്തവന്റെ ആത്മ പരിശോധന തീര്‍ക്കുന്ന ഇരട്ട ബോധം (‘double-consciusness, this sense of looking at one’s self through the eyes of others’ – W.E.B. Du Bois, The Souls of the Black People (1903)); വെള്ളക്കാരായ യൂറോപ്പുകാര്‍ ഇതര മനുഷ്യരെ ഒന്നുകില്‍ ചെകുത്തന്മാരോ അല്ലെങ്കില്‍ നിഗൂഡത നിറഞ്ഞവരോ അതുമല്ലെങ്കില്‍ അതിനിഷ്കളങ്കരായ പ്രാകൃതാരോ ആയിക്കാണുന്ന അപരവല്‍ക്കരണങ്ങളാണ് ഈ പ്രകട രൂപങ്ങള്‍.............

തുടര്‍ വായനയ്ക്ക്: 

 https://www.fazalrahman.com/essays/article/americanah-by-chimamanda-ngozi-adichie


Tuesday, April 22, 2025

Half of a Yellow Sun by Chimamanda Ngozi Adichie

മഞ്ഞസൂര്യന്‍ എരിഞ്ഞ കാലം



"പട്ടിണി ഒരു നൈജീരിയന്‍ യുദ്ധ ആയുധമായിരുന്നു. പട്ടിണി ബിയാഫ്രയെ തകര്‍ത്ത്, ബിയാഫ്രക്ക് പ്രശസ്തി നേടിക്കൊടുത്തു, നിലനിന്നിടത്തോളം കാലം ബിയാഫ്രയെ നിലനിര്‍ത്തി. പട്ടിണി ലാഗോസിലും ലണ്ടനിലും മോസ്ക്കൊയിലും ചെക്കൊസ്ലോവാക്യയിലും (അതിലേക്കു) ജനശ്രദ്ധ കൊണ്ടുവരികയും പ്രകടനങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സാംബിയായെയും ടാന്‍സാനിയായെയും ഐവറി കോസ്റ്റിനെയും ഗാബോണിനെയും കൊണ്ട് ബിയാഫ്രായെ അംഗീകരിപ്പിച്ചു, പട്ടിണി ആഫ്രിക്കയെ നിക്സന്റെ അമേരിക്കന്‍ ക്യാമ്പെയ്നിലെക്ക് കൊണ്ടുവരികയും ലോകമെങ്ങുമുള്ള മാതാപിതാക്കളെ കൊണ്ട് അവരുടെ കുട്ടികളോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സന്നദ്ധ സംഘടനകളെ കൊണ്ട് ഇരുട്ടിന്റെ മറപറ്റി വായുമാര്‍ഗ്ഗം ബിയാഫ്രായിലേക്ക് ഭക്ഷണം ഒളിച്ചു കടത്താന്‍ പ്രേരിപ്പിച്ചു, കാരണം ഇരുവശങ്ങള്‍ക്കും യാത്രാമാര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ കഴിഞ്ഞില്ല. പട്ടിണി ഫോട്ടോ ഗ്രാഫര്‍മാരുടെ തൊഴിലിനെ സഹായിച്ചു. പട്ടിണി അന്താരാഷ്‌ട്ര റെഡ് ക്രോസിനെ കൊണ്ട് ബിയാഫ്രായെ രണ്ടാം ലോക യുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും ഗുരുതരമായ സന്നിഗ്ധാവസ്ഥ എന്ന് വിളിപ്പിച്ചു.”
(ഹാഫ് ഓഫ് എ യെല്ലോ സണ്‍ : അധ്യായം - 21)




കര്‍ക്കശമായ കത്തോലിക്കാ വിശ്വാസിയായ മതഭ്രാന്തനും സാഡിസ്റ്റ് പ്രവണതകളുള്ള കുടുംബനാധനുമായ പിതാവിന്റെ നിഴലില്‍ നിന്ന് ജീവിതത്തിന്‍റെ തുറസ്സുകളിലേക്ക് യാതനാപൂര്‍വ്വം മുതിരാന്‍ തുടങ്ങുന്ന കൂടപ്പിറപ്പുകളുടെയും ഗാര്‍ഹസ്ഥ്യത്തിന്റെ അച്ചടക്കത്തില്‍ എല്ലാം നിശ്ശബ്ദം സഹിക്കുകയും ഒടുവിലൊരു ദുര്‍ബ്ബല നിമിഷത്തില്‍ പൊട്ടിത്തെറിക്കുകയും അതിനു വിലയായി ഉന്മാദത്തിന്റെ കാണാക്കയങ്ങളില്‍ സ്വയം മുങ്ങിത്താഴുകയും ചെയ്യുന്ന ഒരമ്മയുടെയും, ജീവിതം എല്ലാ ദുരിതപര്‍വ്വങ്ങള്‍ക്കിടയിലും ജീവിച്ചു വിജയിക്കാനുള്ളതാണ് എന്ന് അവരെ പഠിപ്പിക്കുന്ന അടുത്ത ബന്ധുക്കളായ മറ്റൊരു കുടുംബത്തിന്റെയും ഹൃദയസ്പര്‍ശിയായ കഥ, നാടിനു സംഭവിച്ചു കൊണ്ടിരിക്കുന്ന പരിതോവസ്ഥകളുടെ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്ന പര്‍പ്പിള്‍ ഹൈബിസ്ക്കസ് എന്ന പ്രഥമ കൃതിയിലൂടെ സാഹിത്യലോകത്തേക്ക് തന്റെ വരവ് മുഴക്കത്തോടെ അറിയിച്ചു കൊണ്ടാണ് ചിമമാന്‍ഡാ എന്‍ഗോസി അദീചി എന്ന യുവ നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരി 2003-ല്‍ രംഗപ്രവേശനം ചെയ്തത്. ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പുതു തലമുറ ആഫ്രിക്കന്‍ പ്രവാസി എഴുത്തുകാരുടെ സംഭാവനകളില്‍ , അന്താരാഷ്ട്രതലത്തില്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള മൂന്നു നോവലുകള്‍ ഉള്‍പ്പടെ അദീചിയുടെ കൃതികള്‍ ഏറെ ശ്രദ്ധേയമായ മുതല്‍ക്കൂട്ടാണ്. അദീചിയുടെ രണ്ടാമത് നോവലാണ്‌ 2007-ല്‍ പുറത്തിറങ്ങിയ ഹാഫ് ഓഫ് അ യെല്ലോ സണ്‍ . 'ചോരച്ചെമ്പരത്തി'യിലെ പോലെത്തന്നെ, വികാര സാന്ദ്രവും തീക്ഷ്ണവുമായ വൈയക്തിക/കുടുംബ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോഴും ചരിത്രവും നാടും സജീവ സാന്നിധ്യമാണ് 'മഞ്ഞ സൂര്യന്റെ പാതി'യിലും.


ദാരുണ ചരിത്രത്തിന്റെ ശ്രാദ്ധം

നൈജീരിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ തൊട്ടുമുമ്പും യുദ്ധകാലത്തുമായാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. 'അറുപതുകളുടെ ആദ്യകാലം', 'അറുപതുകളുടെ അവസാന കാലം' എന്നിങ്ങനെ ഈരണ്ടു തവണ ഇടവിട്ട്‌ നോവലിന്റെ കാലഗണന അവതരിപ്പിക്കുന്നു. അറുപത്തി ഏഴ് ജൂലായില്‍ തുടങ്ങി 1970 ജനുവരി മധ്യം വരെ നീണ്ടു നിന്ന ബിയാഫ്രന്‍ സംഘര്‍ഷം സ്വതന്ത്ര നൈജീരിയ കണ്ട ഏറ്റവും രക്തരൂക്ഷിതമായ അനുഭവമായിരുന്നു. ..............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 135-143)

To purchase, contact ph.no:  8086126024


Purple Hibiscus by Chimamanda Ngozi Adichie

ശൈഥില്യത്തിലും പൂക്കുന്ന ചെമ്പരത്തി.



സ്വാതന്ത്ര്യാനന്തര നൈജീരിയയില്‍ വിദ്യാസമ്പന്നവും സാമ്പത്തിക ഭദ്രതയുള്ളതുമായ പശ്ചാത്തലത്തില്‍ ജനിച്ചു പത്തൊമ്പതാം വയസ്സില്‍ ഐക്യനാടുകളില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തിയ ചിമമാന്‍ഡാ എന്‍ഗോസി അദീച്ചി, പുതുതലമുറ ആഫ്രിക്കന്‍ പ്രവാസാനുഭവ എഴുത്തുകാരില്‍ പ്രമുഖയാണ്‌. 2004-ല്‍ പുറത്തിറങ്ങിയ പ്രഥമ കൃതി പര്‍പ്പിള്‍ ഹൈബിസ്കസ് വിഖ്യാതമായ ഒറഞ്ച് പ്രൈസ് അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും 2005-ല്‍ ഏറ്റവും മികച്ച പ്രഥമ കൃതിക്കുള്ള കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പുരസ്ക്കാരം നേടുകയും ചെയ്തു. 2007-ല്‍ പുറത്തിറങ്ങിയ 'ഹാഫ് ഓഫ് എ യെല്ലോ സണ്‍ ' അതേ വര്‍ഷം ഒറഞ്ച് പ്രൈസ്, അനിസ്ഫീല്‍ഡ് ബുക്ക് അവാര്‍ഡ് എന്നിവ കരസ്ഥമാക്കി. 2014-ല്‍ പ്രസിദ്ധീകരിച്ച 'അമേരിക്കാനാഹ്' എന്ന നോവലും പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും നിറവിലാണ്. കൂടാതെ, ശ്രദ്ധേയമായ കഥാസമാഹാരങ്ങളും പ്രവാസാനുഭവത്തിന്റെയും, സാംസ്കാരിക വൈവിധ്യങ്ങളെയും തനിമയേയും തമസ്ക്കരിക്കുന്ന വാര്‍പ്പുമാതൃകകളുടെ അപകടങ്ങളെ കുറിച്ചും ഫെമിനിസ്റ്റ് നിലപാടുകളെ കുറിച്ചും ആഴത്തില്‍ ചിന്തിക്കുന്ന പ്രഭാഷണങ്ങളും എന്‍ഗോസി അദീചിയുടെതായി ഉണ്ട്.

നൈജീരിയന്‍ യാഥാര്‍ത്ഥ്യത്തിന്റെ ചൂടിലൂടെ കടന്നു പോകുന്ന ആധുനിക എഴുത്തുകാര്‍ക്ക് കണ്ടില്ലെന്നു വെക്കാനാവാത്ത അനുഭവകാണ്ഡമാണ് സ്വാതന്ത്ര്യ പ്രാപ്തി (1960)ക്ക് ഏഴു വര്‍ഷത്തിനു ശേഷമുണ്ടായ ബിയാഫ്രന്‍ യുദ്ധമെന്ന് വിളിക്കപ്പെട്ട രക്തരൂക്ഷിതമായ ആഭ്യന്തര സംഘര്‍ഷം. സംഘര്‍ഷത്തിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ഇബോ വിഭാഗത്തില്‍പ്പെട്ട അദീചിയുടെ രണ്ടാമത് നോവല്‍ 'ഹാഫ് ഓഫ് എ യെല്ലോ സണ്‍ ', അത് നേരിട്ടനുഭവിച്ച തലമുറയുടെ പിന്മുറക്കാരി മാത്രമെങ്കിലും, ഈ കാലഘട്ടത്തെയാണ് പശ്ചാത്തലമാക്കുന്നത്. 'ചോരച്ചെമ്പരത്തി'യാവട്ടെ, പില്‍ക്കാലം എണ്‍പതുകളുടെ പാതിയില്‍ ആരംഭിച്ച ഇബ്രാഹിം ബബാന്‍ഗിഡയുടെ സൈനിക ഏകാധിപത്യ ഭരണകാലത്ത് അരങ്ങേറിയ അടിച്ചമര്‍ത്തലും കിരാത വാഴ്ചയും പശ്ചാത്തലമാക്കുന്നു. നോവലില്‍ സൂചിപ്പിക്കപ്പെടുന്ന ജനറല്‍, ബാബാന്‍ഗിഡ തന്നെയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ആഡേ കോക്കര്‍ എന്ന കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ പട്ടാള ഭരണത്തിനെതിരില്‍ ശബ്ദിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെടുകയും തപാല്‍ ബോംബിന്റെ ഇരയായി 1986-ല്‍ കൊല്ലപ്പെടുകയും ചെയ്ത പത്ര പ്രവര്‍ത്തകന്‍ ഡെലി ഗിവായുടെ പുനരാവിഷ്കാരവുമാണ്.

ഏകാധിപത്യത്തിന്റെ പിതൃ സ്വരൂപം

പുറത്തു എല്ലാത്തരം സ്വാതന്ത്ര്യ ബോധത്തെയും മൃത്യുമുനമ്പിലേക്ക് വലിച്ചിഴക്കും വിധം നൈജീരിയയുടെ അധികാര രാഷ്ട്രീയം ഏകാധിപതികളുടെ കയ്യില്‍ കലുഷമാവുന്നു. ..............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 67-73)


Sunday, April 20, 2025

The Gypsy Goddess by Meena Kandasamy

കുപ്പമാടങ്ങളില്‍ ചിതയെരിഞ്ഞപ്പോള്‍ 


(കവിയും പരിഭാഷകയും ആക്റ്റിവിസ്റ്റും, കൊളമിസ്റ്റുമായ പ്രശസ്ത തമിഴ്- ഇംഗ്ലീഷ് എഴുത്തുകാരി മീന കന്ദസാമിയുടെ പ്രഥമ നോവല്‍ 'ദി ജിപ്സി വുമന്‍' എന്ന കൃതിയെ കുറിച്ച്. അടക്കം ചെയ്തിട്ടും എരിയുന്ന ചിതകളിലൂടെ, ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ചുവപ്പ് നാടകളിലൂടെ, പോലീസ് റിപ്പോര്‍ട്ടുകളുടെയും കോടതി നടപടികളുടെയും രാവണന്‍ കോട്ടകളിലൂടെ, തെളിവില്ലായ്മയെന്ന നീതിനിരാസത്തിന്റെ അമാവാസിയിലൂടെ, പരസ്പര പൂരകമാല്ലാത്ത കഥ/ സാക്ഷി മൊഴികളുടെ സ്വയം വരിക്കുന്ന പരാജയങ്ങളിലൂടെ ഒരു വ്യവസ്ഥിതി എങ്ങനെയാണ് അത് സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരില്‍ ഏറ്റവും നിസ്സഹായരായ ജന വിഭാഗങ്ങളെ നിരന്തരം ഒറ്റിക്കൊടുക്കുന്നത് ഒരു ദുരന്ത ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ പരിശോധിക്കുന്നു.)

കവി, പരിഭാഷക, ആക്റ്റിവിസ്റ്റ്, കൊളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ തമിഴ്- ഇംഗ്ലീഷ് എഴുത്തുകാരിയായ മീന കന്ദസാമി സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് തീക്ഷണമായി പ്രതികരിക്കുന്ന, ഫെമിനിസ്റ്റ് നിലപാടുകളിലും ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഒരു പോലെ സജീവമായ വ്യക്തിത്വമാണ്.  

“എന്റെ കവിത നഗ്നമാണ്‌, എന്റെ കവിത കണ്ണീരിലാണ്, എന്റെ കവിത കോപം കൊണ്ട് അലറുന്നു, എന്റെ കവിത വേദന കൊണ്ട് പുളയുന്നു.എന്റെ കവിത രക്തം മണക്കുന്നു, എന്റെ കവിത ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നു. എന്റെ കവിത എന്റെ ജനതയെ പോലെ സംസാരിക്കുന്നു, എന്റെ കവിത എന്റെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു” എന്ന് തുറന്നു പറഞ്ഞിട്ടുള്ള മീനയുടെ വാക്കുകള്‍ അവരുടെ മുഴുവന്‍ രചനകളെ  കുറിച്ചുമുള്ള ഒരു സത്യപ്രസ്താവം തന്നെയായി മാറുന്നുണ്ടെന്നതിനു പ്രഥമ നോവല്‍ 'ദി ജിപ്സി വുമന്‍' തന്നെയും സാക്ഷി.

'ഒരു യഥാര്‍ത്ഥ ജീവിത കൂട്ടക്കൊലയെ കുറിച്ചുള്ള നോവല്‍, ഒപ്പം  യഥാര്‍ത്ഥ ജീവിത കൂട്ടക്കൊലയെ കുറിച്ച് ഒരു നോവല്‍ എഴുതുന്നതിന്റെ അസാധ്യതയെ കുറിച്ചുള്ള നോവലും" എന്നാണു പുസ്തകത്തിന്റെ പിന്‍ചട്ട കൃതിയെ പരിചയപ്പെടുത്തുന്നത്. ..................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-gypsy-goddess-by-meena-kandasamy

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 364-369)

To purchase, contact ph.no:  8086126024



Island of a Thousand Mirrors by Nayomi Munaweera

മരതക കാന്തിയില്‍ ചോര പടരുമ്പോള്‍



“ധമനികള്‍, അരുവികള്‍, പിന്നെ പുഴകള്‍ : തമിഴ്‌ ജനതയുടെ. അവ നഗരത്തില്‍ നിന്ന് പുറത്തേക്കൊഴുകി. അവര്‍ക്ക് പിന്നില്‍ അവര്‍ വിട്ടേച്ചുപോവുന്നത്: കൊള്ളയടിക്കപ്പെട്ട, കരിപിടിച്ചു കറുത്തുപോയ വീടുകള്‍, പ്രിയപ്പെട്ടവരുടെ കത്തിത്തീര്‍ന്നിട്ടില്ലാത്തതോ മറവു ചെയ്യപ്പെട്ടിട്ടില്ലാത്തതോ ആയ ശരീരങ്ങള്‍, പാരമ്പര്യ സ്വത്ത്, കാണാതായ കുഞ്ഞുങ്ങള്‍, നാടെന്ന ബോധം, ദേശീയത. അത് നാക്കില്‍ കയ്പ്പുണ്ടാക്കി നിലനില്‍ക്കുന്ന ഒരു പട്ടികയാണ്. പ്രതികാരത്തിന്റെ, വിഭജനത്തിന്റെ, വിട്ടുപോക്കിന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അത് ജന്മം നല്‍കും. ദശകങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോന്ന പൂര്‍വ്വികരുടെ ഗ്രാമങ്ങളിലേക്ക് അവര്‍ പലായനം ചെയ്യുന്നു, ഇവിടെ ഈ വടക്കന്‍ ദേശങ്ങളിലാണ് ആ ജൂലായിലെ(1983) സംഭവങ്ങള്‍ അവരെ ഏറ്റവും കടുത്ത പോരാളികളും ദൃഡ നിശ്ചയമുള്ള വിഘടന വാദികളും ആക്കുക.”

-(Island of A Thousand Mirrors- Page-89)

 

ശ്രീലങ്കന്‍ - അമേരിക്കന്‍ നോവലിസ്റ്റ് നയോമി മുനവീരയുടെ 2013-ലെ കോമണ്‍വെല്‍ത്ത് ബുക്ക്‌ പ്രൈസ്‌ (ഏഷ്യ) നേടിയ നോവലാണ് 'ഒരായിരം കണ്ണാടികളുടെ ദ്വീപ്‌'. 1948-ല്‍ ദ്വീപില്‍ നിന്നുള്ള കൊളോണിയല്‍ കൊള്ളമുതല്‍ നിറച്ച അവസാനത്തെ ഇംഗ്ലീഷ്‌ കപ്പല്‍ യാത്ര തിരിക്കുന്നത് തൊട്ട് വംശീയ കൂട്ടക്കൊലയുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും ചോരയും ചലവും ഉണങ്ങിയിട്ടില്ലാത്ത വര്‍ത്തമാന കാലം വരെയുള്ള ആറു പതിറ്റാണ്ടുകളുടെ അനുഭവങ്ങളാണ് നോവലിന് വിഷയമാവുന്നത്. നാല് തലമുറയിലൂടെ, മൂന്നു കുടുംബങ്ങളിലൂടെ, കൊളംബോയുടെ ഉപ്പുകാറ്റടിക്കുന്ന മനോഹരമായ തീരദേശ വീഥികളിലൂടെ, വടക്കന്‍ ദേശത്തിന്റെ വംശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ചോരപ്പുഴകളിലൂടെ, ലോസ് ഏഞ്ചല്‍സിന്റെ മനുഷ്യപ്പറ്റില്ലാത്ത യാന്ത്രിക ക്രമബദ്ധതയിലൂടെ, വിട്ടു പോകുമ്പോഴും ഹൃദയത്തിലും ഉയിരിലും നിത്യ സാന്നിധ്യമായ മരതക ദ്വീപിന്റെ കൊളോണിയല്‍ അനന്തര ജീവിതാവസ്ഥ നഷ്ടങ്ങളുടെയും ഹൃദയത്തിലും ഉടലിലുമേല്‍ക്കുന്ന ഉണങ്ങാത്ത മുറിവുകളുടെയും കാമനകളുടേയും പ്രണയ ഭംഗങ്ങളുടേയും കടന്നു കയറ്റങ്ങളുടേയും സമര്‍പ്പണങ്ങളുടേയും ബലിദാനങ്ങളുടേയും പാലായനങ്ങളുടേയും കുരുതികളുടേയും പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടുന്നു. നാടും വീടും പ്രവാസവുമെന്ന അനുഭവ ദ്വന്ദ്വത്തിന്റെ സര്‍വ്വ കാല പ്രസക്തമായ പ്രമേയം തുടക്കത്തിലേ സൂചിതമാവുന്നുമുണ്ട്: വര്‍ഷങ്ങളായി ദ്വീപില്‍ കഴിഞ്ഞ കപ്പിത്താന് നാട് എന്നത് പതിറ്റാണ്ടുകള്‍ താന്‍ കണ്ട ദ്വീപും അതിന്റെ വശ്യ പ്രകൃതിയും തന്നെയാവുമ്പോള്‍ പുതുമോടിക്കാരിയായ അയാളുടെ ഭാര്യ 'പൊള്ളുന്ന ചൂടും കൊതുകുകളുമില്ലാത്ത' മാഞ്ചസ്റ്ററിന്റെ വൃത്തിയുള്ള തെരുവുകളിലേക്ക് തിരിച്ചു പോവുന്നതിന്റെ ആവേശത്തിലാണ്. നോവലിന്റെ ഒടുവില്‍ 'പ്രവാസവും മറവിയും രക്ഷപ്പെടലും സാധ്യമെന്നല്ല, സാധാരണം തന്നെയായ' അമേരിക്കന്‍ നഗരങ്ങളില്‍ ഏറ്റവും 'യൂറോപ്യന്‍' ആയ സാന്‍ ഫ്രാന്‍സിസ്ക്കോയിലെ മഞ്ഞു മാറിയ സുഖകരമായ കാലാവസ്ഥയിലിരുന്നു, തന്റെ കുഞ്ഞു മകള്‍ സമുദ്രയെ മഹാദുരന്തങ്ങളുടെ ഓര്‍മ്മകളിലേക്കുണര്‍ത്താതിരിക്കാനായി ജന്മ ദേശത്തെക്കുറിച്ച് ഒന്നുമറിയിക്കാതിരിക്കാന്‍ പാട് പെടുന്ന യശോധര കണ്ടെത്തുന്നതും അതാണ്‌: സംഘര്‍ഷങ്ങള്‍ നിലച്ചു സമാധാനത്തിന്റെ ദിനങ്ങള്‍ വരുമ്പോള്‍ "ഞാനവളോടൊപ്പം അവളുടെ പേരിന്റെ ഉറവിടമായ കടല്‍ പങ്കിടും. ഞാനവളെ ദ്വീപ്‌ കാണിച്ചു കൊടുക്കും.”

................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/island-of-a-thousand-mirrors-by-nayomi-munaweera


(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 71-83)

To purchase, contact ph.no:  8086126024


Saturday, April 19, 2025

Anil's Ghost by Michael Ondaatje

കുരുതിപ്പാടങ്ങളിലെ അശാന്ത സാന്നിധ്യങ്ങള്‍




ശ്രിലങ്കയില്‍ (പഴയ സിലോണ്‍) കുടിയേറിയ യൂറേഷ്യന്‍ വംശജരായ ബഹ്ഗര്‍ (Burgher) വിഭാഗത്തില്‍ ഡച്ച് – തമിഴ്-സിംഹള-പോര്‍ച്ചുഗീസ് സമ്മിശ്ര പൈതൃക ധാര അവകാശപ്പെടാവുന്ന കുടുംബത്തില്‍ ജനിച്ചു (1943) ഇംഗ്ലണ്ടിലും കാനഡയിലുമായി വളരുകയും വിദ്യാഭ്യാസം നേടുകയും ചെയ്ത മൈക്കല്‍ ഒണ്ടാറ്റ് യെ ഇന്നൊരു കനേഡിയന്‍ പൌരനാണ്. കവിയും നോവലിസ്റ്റുമായ അദ്ദേഹം തന്റെ രചനകള്‍ക്ക് മിത്തിക്, മതാത്മക ചട്ടക്കൂടുകള്‍ നല്‍കാറുണ്ട് എന്നതു സുവിദിതമാണ്‌. ആദ്യകാല കവിതകളില്‍ ട്രോജന്‍ പുരാണങ്ങളും 'In the Skin of a Lion' എന്ന നോവലില്‍ ഗില്ഗാമേഷിന്റെ പുരാണവും The English Patient-ല്‍ ബൈബിളിലെ ഗ്രെയില്‍ പുരാണവും ഉപയോഗിച്ചതു പോലെ Anil's Ghost എന്ന നോവലിലെത്തുമ്പോള്‍1983 -ല്‍ ആരംഭിച്ച ശ്രീലങ്കന്‍ ആഭ്യന്തര അടിയന്തരാവസ്ഥയുടെ മറവില്‍ അരങ്ങേറിയ ചേരിതിരിഞ്ഞുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ ചിത്രീകരണത്തിന് ബുദ്ധിസ്റ്റ് ചിഹ്നങ്ങളും ശ്രീലങ്കന്‍ ബുദ്ധിസത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഒന്നായ 'കുലവംശ'യില്‍ നിന്നുള്ള ദാര്‍ശനിക ഖണ്ഡങ്ങളും ഉപയോഗിക്കുന്നുണ്ട് *(1).   നോവലിന്റെ തുടക്കത്തിലൊരിടത്ത് ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ ദേവാലയത്തെ കുറിച്ചു നടത്തുന്ന വിവരണം ബുദ്ധിസത്തിന്റെ ആത്മീയ അന്തരീക്ഷവും ദാര്‍ശനിക ഘടനയും നോവലിലേക്ക് കൊണ്ട് വരുന്നു. ബോധിസത്വന്റെ ഇരുപത്തിനാല് അവതാരങ്ങളുടെ ഗുഹാചിത്രങ്ങളില്‍ കൊടുവാളുകളും മറ്റു പണിയായുധങ്ങളും നടത്തിയ പാടുകളില്‍ ചുവപ്പ് പ്രസരിച്ചത് മുറിവടയാളം പോലെ കാണപ്പെടുന്നതിനെ കുറിച്ച് നോവലില്‍ വിവരിക്കുന്നുണ്ട്: “ഒന്നും അനശ്വരമല്ല.” പാലിപാന അവരോടു പറഞ്ഞു. “അതൊരു പഴയ സ്വപ്നമാണ്. കല എരിയുന്നു,  ഒടുങ്ങുന്നു. ചരിത്രത്തിന്റെ വൈരുധ്യത്തോടൊപ്പം സ്നേഹിക്കപ്പെടുക എന്നതോ- അതത്ര കാര്യവുമല്ല.” നോവലിന്റെ സമാപന അധ്യായത്തില്‍ ശ്രീലങ്കന്‍ കുരുതിപ്പാടങ്ങളെ നോക്കി നില്‍ക്കുന്ന ബുദ്ധന്റെയും ബോധിസത്വന്റെയും പ്രതിമകള്‍ ഇങ്ങനെ വിവരിക്കപ്പെടുന്നു: “ഇവിടമാണ്‌ ബുദ്ധിസവും അതിന്റെ മൂല്യങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ കടുത്ത രാഷ്ട്രീയ സംഭവങ്ങളെ നേരില്‍ കണ്ട ആ ഇടങ്ങള്‍.”

തലക്കെട്ടു സൂചിപ്പിക്കുന്ന പോലെ നോവലിലെ കേന്ദ്രത്തില്‍ അനില്‍ ടിസേരയാണ്- പതിനഞ്ചു വര്‍ഷം മുമ്പ് തന്റെ പതിനേഴാം വയസ്സില്‍ ജന്മനാടായ ശ്രീലങ്ക വിട്ടു പോയ യുവതി. ഇന്ന് മനുഷ്യാവകാശ സംഘടനക്കു വേണ്ടി ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളായി ദുരൂഹമായി കാണാതാവുന്നവരെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അന്വേഷിച്ചത്തുന്ന ഫൊറെന്‍സിക് വിദഗ്ധ. സര്‍ക്കാര്‍ സൈന്യവും, വിമതരും, ഭാഷാ ന്യൂനപക്ഷത്തിന്റെ വിഘടനവാദികളും ചേരുന്ന അത്യാചാരങ്ങളില്‍ അക്ഷരാരര്‍ത്ഥത്തില്‍ എരിയുന്ന നാട്ടില്‍, സര്‍ക്കാര്‍ നിയോഗിച്ച വഴികാട്ടിയായി ശരത് ദിയസേനയെന്ന അമ്പതോടടുത്ത പുരാവസ്തു ഗവേഷകന്‍ അനിലിനു കൂട്ടുണ്ട്. എന്നാല്‍ വൈയക്തിക ദുരന്താനുഭവങ്ങളും ഏകാന്തതയും ഒപ്പം സംശയാസ്പദമായ രാഷ്ട്രീയ ബന്ധങ്ങളും അയാളെ കുറിച്ച് അനിലിനെ ചകിതയാക്കുന്നുണ്ട്. അയാളുടെ ഭാര്യ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ,   അയാളുടെ ബന്ധുവിനു സര്‍ക്കാരുമായുള്ള ബന്ധം എങ്ങനെയാണ്, ഇടയ്ക്കിടെ അയാള്‍ ദിവസങ്ങളോളം അപ്രത്യക്ഷനാകുന്നത് എങ്ങോട്ടാണ്, അനിലിനു അയാളെ വിശ്വസിക്കാമോ തുടങ്ങി ഒട്ടേറെ ദുരൂഹതകള്‍. പക്ഷെ അവള്‍ക്കു മറ്റൊരു പോംവഴിയില്ല.

ബന്ദാരവേലക്കടുത്തുള്ള ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന പുരാതനമായ സന്യാസിമാരുടെ ശ്മശാനത്തില്‍ കണ്ടെത്തുന്ന പഴക്കമില്ലാത്ത ഒരസ്തിപഞ്ജരം അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുക എന്ന ദൗത്യത്തിലേക്ക് ഇരുവരെയും എത്തിക്കുന്നതാണ് നോവലിന്റെ ആദ്യഭാഗത്തെ ചടുലമാക്കുന്നത്. ഗ്വാട്ടിമാലയിലെ കുരുതിപ്പാടങ്ങളില്‍ സമാനമായ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോന്നിട്ടുള്ള അനിലിനു അതത്ര ദുരൂഹമല്ല താനും. പുരാവസ്തു ഗവേഷണത്തിന്റെയും ഫൊറെന്‍സിക് നിരീക്ഷണങ്ങളുടെയും സാധ്യതകളിലൂടെ കണ്ടെത്തുന്ന നിഗമങ്ങള്‍ അധികൃതര്‍ മൂടിവെക്കാന്‍ ശ്രമിക്കുന്ന ഇരുണ്ട രഹസ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുക. ദ്വീപിലെങ്ങും അരങ്ങേറുന്ന കുരുതികളുടെ തുടര്‍ക്കഥകളില്‍ സര്‍ക്കാരിന്റെ പങ്കിലേക്ക് വിരല്‍ചൂണ്ടുന്ന ആദ്യ വെളിപ്പെടുത്തല്‍ ആകാവുന്ന കണ്ടെത്തല്‍ ശരത്തിനെ ആകുലനാക്കുന്നുണ്ട്: “നിങ്ങള്‍ക്കു ചുറ്റുമുള്ള സുരക്ഷിതമല്ലാത്ത ഒരു നഗരത്തില്‍ സത്യം കൈകാര്യം ചെയ്യുന്നതില്‍ അപകടങ്ങള്‍ ഉണ്ടായിരുന്നു. ഒരു പുരാവസ്തു ഗവേഷകന്‍ എന്ന നിലയില്‍ ശരത് സത്യത്തെ തത്വത്തില്‍ വിശ്വസിച്ചു. എന്നുവെച്ചാല്‍, സത്യത്തിനു വേണ്ടി അയാള്‍ ജീവന്‍ നല്‍കുമായിരുന്നു, സത്യം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍” എന്ന് നോവലിസ്റ്റ്‌ എഴുതുന്നു. ഒരു ത്രില്ലറിന്റെ ഘടനയുള്ള ശ്രമങ്ങളിലൂടെ ശരത്തിന്റെ പഴയ കാല അദ്ധ്യാപകനും പുരാതന പാലി കൃതികളുടെയും ശിലാ ലിഖിതങ്ങളുടെയും വിവര്‍ത്തകനുമായ പാലിപാനയുടെ നിര്‍ദ്ദേശമനുസരിച്ചു തേടിപ്പിടിക്കുന്ന മുഴുക്കുടിയനായ ശില്‍പ്പി ആനന്ദ ഉദുഗാമയുടെ സഹായത്തോടെ അസ്ഥിപഞ്ജരത്തിനു മേല്‍ പുന: സൃഷ്ടിക്കപ്പെടുന്ന മുഖത്തിലൂടെ ആളെ തിരിച്ചറിയുന്നത്‌ വ്യക്തമായും വിരല്‍ ചൂണ്ടുക സര്‍ക്കാര്‍ ഇടപെടലിന് നേരെ തന്നെയാണ്. ‘നാവികന്‍’ എന്ന് അനിലും ശരത്തും പേരു നല്‍കുന്ന അസ്ഥിപഞ്ജരം, നോവലിന്റെ കേന്ദ്ര പ്രമേയം തന്നെയായ സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ഹിംസാത്മകതയും പ്രതീകം തന്നെയായിത്തീരുന്നു. അഞ്ചു തലമുറകള്‍ ജീവിച്ചു പോയ വിക്രമസിംഗ കുടുംബത്തിന്റെ ആള്‍പ്പാര്‍പ്പില്ലാത്ത ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ മൂവരും ചേര്‍ന്നു പ്രസ്തുത പുന:സൃഷ്ടി നടത്തുന്ന ഭാഗം, ഒണ്ടാറ്റ് യെയുടെ ഏറ്റവും പ്രശസ്ത കൃതിയായ The English Patient നെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു*(2).  ഏറെ കാല വിളംബത്തോടെയും ഏറെ നിര്‍ബന്ധിക്കപ്പെട്ടും മാത്രമെങ്കിലും പൂര്‍ത്തിയാക്കുന്ന ഈ പുന:സൃഷ്ടി ആനന്ദയില്‍ ഏല്‍പ്പിക്കുന്ന മാനസിക ക്ഷതം അയാളെ ആത്മഹത്യാശ്രമത്തിലേക്ക് വലിച്ചിഴക്കുന്നുണ്ട്.  അനില്‍ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ സംഭവിച്ചേക്കാമായിരുന്ന ആ ദുരന്തം നോവലിലെ ഒരു കേന്ദ്ര പ്രമേയത്തെ കൂടി അടിവരയിടുന്നു: ശരത്തും ഗാമിനിയും പാലിപാനയും അനിലും മാത്രമല്ല, ഒരു വിധത്തിലല്ലങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാ കഥാപാത്രങ്ങളും യുദ്ധത്തിന്റെ കെടുതികള്‍ പേറുന്നവര്‍ തന്നെയാണ് എന്നതാണ് അത്. ശരത്തിന്റെ സഹോദരനും അത്യാഹിത വിഭാഗം ഡോക്റ്ററുമായ ഗാമിനിയില്‍ നിന്ന് കിട്ടുന്ന സൂചനകളും ശരത്തിനെ കുറിച്ചുള്ള ദുരൂഹതകള്‍ തീര്‍ക്കുന്നതല്ല. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് വ്യക്തിജീവിതത്തില്‍ നേരിട്ട നഷ്ടങ്ങളില്‍ നിന്നു മുഖം തിരിക്കാന്‍ ജോലിയില്‍ മുഴുസമയം മുഴുകുന്ന ഗാമിനിക്ക് ഇപ്പോള്‍ വ്യക്തി ജീവിതത്തിന്റെ നേരിയ നാട്യങ്ങള്‍ പോലുമില്ല.  അയാള്‍ മരണം എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, സമാന ദുരന്തങ്ങളിലൂടെ കടന്നു പോന്നിട്ടുള്ള ശരത്തും അതേ ചോദനകള്‍ പിന്തുടര്‍ന്നു കൂടെന്നില്ല. മനസ്സും ആത്മാവും മരവിച്ചു പോയ ഗാമിനിയിലൂടെയാണ് പാശ്ചാത്യ- പൌരസ്ത്യ ഭിന്നതകള്‍ ഉള്‍പ്പടെ നിശിതമായ സാമൂഹിക നിരീക്ഷണങ്ങള്‍ പലതും നടത്തപ്പെടുന്നതും, ശരത്തിനോട് എന്നതിലേറെ അനില്‍ അടുപ്പം സ്ഥാപിക്കുന്നതും അയാളോടാണ്. ഒടുവില്‍ സംഘര്‍ഷങ്ങളുടെ ബാക്കിപത്രത്തില്‍ യഥാര്‍ത്ഥത്തില്‍ അതിജീവിക്കുന്നതും അയാളായിരിക്കും. എന്നാല്‍ നോവലന്ത്യത്തില്‍, സ്വന്തം വ്യക്തിത്വം അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം സ്ഥാപിക്കുന്ന ശരത്തിന്റെ ആത്മത്യാഗത്തിലൂടെയും അനില്‍ സ്വയം കണ്ടെത്തിയ സത്യങ്ങളുടെയും ഫലമായി ജീവന്‍ തന്നെ അപകടത്തിലാകുന്ന ശ്രീലങ്കന്‍ സാഹചര്യത്തില്‍ നിന്ന് വിദേശത്തേക്ക് മാത്രമല്ല, ജീവിതത്തിലേക്ക് തന്നെയാണ് അവള്‍ തിരികെ പോകുക.   

ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ ഭൂതകാലത്തില്‍ നിന്നുള്ള ഒരു സംഭവത്തെ കുറിച്ചുള്ള ചെറു സൂചനകിലൂടെ തുടങ്ങുന്ന എട്ടു അധ്യായങ്ങളായാണ് നോവല്‍ വികസിക്കുന്നത്. മിക്കവാറും രേഖീയമായി, കഥാപാത്രങ്ങളില്‍ ശ്രദ്ധയൂന്നി നടത്തപ്പെടുന്ന ആഖ്യാനം യുദ്ധമെങ്ങനെയാണ് ഓരോരുത്തെരെയും ബാധിച്ചത് എന്നതും അതിനു നല്‍കേണ്ടി വന്ന മാനുഷിക വിലയും അതെങ്ങനെയാണ്‌ ദേശം അനുഭവിച്ച ഹിംസാത്മകതയുടെ പങ്കു പറ്റുന്നത് എന്നും ആവിഷ്കരിക്കാന്‍ നോവലിസ്റ്റിനെ സഹായിക്കുന്നു. 'ശരത്', 'സന്യാസികളുടെ ഉപവനം', 'ഒരു സഹോദരന്‍', 'ആനന്ദ', ''ചുണ്ടെലി', 'ഹൃദ്സ്പന്ദങ്ങള്‍ക്കിടയില്‍', 'ജീവിത ചക്രം', 'അകലം' എന്നീ പേരുകള്‍ തന്നെ പാത്രവികാസത്തിലും ബുദ്ധിസ്റ്റ് ജീവിത ദര്‍ശനത്തിലും നോവലിനുള്ള താല്പര്യം സൂചിപ്പിക്കുന്നുണ്ട്.   എല്ലാ കഥാപാത്രങ്ങളും യുദ്ധം മൂലമുണ്ടായ വൈയക്തിക നഷ്ടങ്ങള്‍ നേരിട്ടുണ്ടെങ്കിലും അവരൊക്കെയും വീണ്ടും കാണാച്ചരടുകളിലൂടെ അതിനോട് ബന്ധിതരുമാണ്. ഈയവസ്ഥ വ്യക്തമാക്കുന്ന ഒരു ചെറു സംഭവം ശരത് വിവരിക്കുന്നുണ്ട്: കണ്ണുമൂടിക്കെട്ടിയ നിലയില്‍ ഒന്നുമറിയാത്ത ഒരു മനുഷ്യനെ രണ്ടു സായുധ സൈനികര്‍ കൊണ്ട് പോകുന്നു.   സൈക്കിളില്‍,  മറിഞ്ഞു വീഴാതിരിക്കാന്‍ അയാള്‍ക്ക് അതിലൊരാളുടെ കഴുത്തില്‍ ചുറ്റിപ്പിടിക്കേണ്ടി വരുന്നു.   നോവലിലുള്ള എല്ലാ കഥാപാത്രങ്ങളും തങ്ങള്‍ക്കിഷ്ടമല്ലെങ്കിലും തങ്ങളുടെ സ്വന്തമോ ദേശീയമോ ആയ ചരിത്രത്തിന്റെ ഹിംസയുമായി മുഖാമുഖം നിന്നേ പറ്റൂ.  ആ അര്‍ഥത്തില്‍ നോവലില്‍ അന്യായായ (outsider) ഒരു കഥാപാത്രം അനില്‍ മാത്രമാണ്. അനാഥത്വത്തിന്റെ കുട്ടിക്കാലവും ബ്രിട്ടനിലും അമേരിക്കയിലുമായി ചെലവഴിച്ച ചെറുപ്പകാലവും മാത്രമല്ല, സിംഹള ഭാഷ നന്നായി വശമില്ലാത്തതും ജന്മദേശത്തു ഏതാനും പരിചയക്കാര്‍ ഒഴികെ ആരുമില്ലാത്തതും അവളുടെ അന്യതാബോധം പൂര്‍ണ്ണമാക്കുന്ന ഘടകങ്ങളാണ്. സിനിമയും പാട്ടുകളും ബൌളിംഗ്, സ്വിമ്മിംഗ് വഴക്കങ്ങളും ചേര്‍ന്നുള്ള അവളുടെ അമേരിക്കന്‍ ജീവിത പരിസരം നല്‍കുന്ന ആധുനിക സങ്കല്‍പ്പങ്ങളും ഫോറെന്‍സിക്ക് പരിശീലനം നല്‍കുന്ന ശാസ്ത്രീയ സമീപനങ്ങളും അവയുടെ ഗുണാത്മകതക്ക് നേര്‍ക്കുനേര്‍ വിപരീതമായ ശ്രീലങ്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ എതിരറ്റത്താണ്.   നാടിന്റെ ഹിംസാത്മകതയല്ല അവളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നത് എന്നത് തന്നെയാണ് അവയില്‍ നിന്ന് അകന്നു കഴിഞ്ഞ അവളെ വസ്തുതകളുടെ ഇരുണ്ട വശം അപകടകരമാം വിധം പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതും. ശരത്തിന്റെ ഭയപ്പാടുകളെ അവള്‍ തെറ്റിദ്ധരിക്കുന്നതും ഏറ്റവും കടുത്ത ഒരു ത്യാഗത്തിലൂടെ മാത്രം അവള്‍ക്കു മുന്നില്‍ സ്വയം തെളിയിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നതും ഈ 'പാശ്ചാത്യ - പൗരസ്ത്യ' വൈരുദ്ധ്യത്തിന്റെ പ്രകടഭാവമാണ്. സത്യം പറയാതിരിക്കുക എന്നത് അതിജീവന മാര്‍ഗ്ഗമായിത്തീരുന്ന ശ്രീലങ്കന്‍ അവസ്ഥ പാശ്ചാത്യമായ ജനാധിപത്യ ബോധ്യത്തിന് അത്രമേല്‍ പരിചിതമല്ല. സത്യവും നീതിയും ഒടുക്കാനാവുന്നതിലും വലിയ വില ആവശ്യപ്പെടുന്ന നാട്ടില്‍ സ്വാതന്ത്ര്യത്തിന്റെ അതീത തലങ്ങളിലേക്ക് ഒരാള്‍ക്ക് കടക്കാനാകുക ഒരു പക്ഷെ സംന്യാസത്തിന്റെ തലത്തില്‍ മാത്രമാകാം എന്ന് കൂടിയാണ് വയോധികനായ പാലിപാനിയുടെ പാത്രസൃഷ്ടിയിലൂടെ നോവലിസ്റ്റ് സൂചിപ്പിക്കുന്നത്.   അതാവട്ടെ, സര്‍വ്വം ത്യജിച്ചു മാത്രമേ സാധ്യമാകുകയുമുള്ളു. അന്ധനായിക്കഴിഞ്ഞ വയോധികന്‍ ബുദ്ധ സന്യാസിമാരുടെ ജീവിതക്രമം പോലെ വനത്തിലുള്ള പുരാതന സന്യാസി മഠത്തിലേക്ക്  ('Grove of Ascetics')മാത്രമല്ല പിന്‍ വാങ്ങിയിട്ടുള്ളത്; അയാള്‍ ദേശീയ വിവാദങ്ങളിലൊന്നും ഇപ്പോള്‍ തല്‍പ്പരനല്ല. ദേശീയതയുടെയും വംശീയതയുടെയും പേരിലുള്ള യുദ്ധങ്ങള്‍ സന്യാസിയുടെ ആത്മീയ വ്യാപാരങ്ങളുമായി ചേര്‍ന്ന് പോകുന്നതല്ല. നയോമി മുനവീരയുടെ 'ആയിരം കണ്ണാടികളുടെ ദ്വീപ്‌' (Island of a Thousand Mirrors) എന്ന നോവലില്‍ സിംഹള- തമിഴ് സംഘര്‍ഷത്തിന്റെ ഫലമായി നടക്കുന്ന ഹിംസയെ കുറിച്ച് ഒരു കഥാപാത്രം നിരീക്ഷിക്കുന്നുണ്ട്: “ഇതൊരു ബുദ്ധമത രാജ്യമാണ്; ഇവിടെ അത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ല.” പ്രാപഞ്ചിക ലോകവുമായി സവിശേഷ ബന്ധം സ്ഥാപിച്ചു കഴിഞ്ഞ അന്ധനായ വയോധികന്റെ തപോവനത്തില്‍ തന്റെ  'മിടിപ്പ് സുഷുപ്തിയിലായ പോലെ, ലോകത്തിലെ ഏറ്റവും സാവധാനത്തിലുള്ള മൃഗം പുല്ലിലൂടെ നടക്കുന്നത് പോലെ" തന്നെക്കുറിച്ച് അനിലിനു തോന്നുന്നുണ്ട്.   വയോധികന്റെ കര്‍ണ്ണപുടങ്ങള്‍  'അകലെ വനങ്ങളിലെ പക്ഷിസ്വനങ്ങളും' 'ഇളം കാറ്റും തന്റെ മെലിഞ്ഞ മുഖത്തിനരികിലൂടെ കടന്നു പോകുന്ന ഇതര ശബ്ദ വീചികളും' തിരിച്ചറിയുന്നു എന്ന് അവള്‍ക്ക് തോന്നുന്നു. നിരീക്ഷകന്റെ അഹംബോധം ചുറ്റുമുള്ള പ്രകൃതിയോട് വിലയം പ്രാപിക്കുന്നതായുള്ള ഈ തോന്നലുകള്‍ നോവലന്ത്യത്തില്‍ ആനന്ദയുടെ ശില്‍പ്പവേലയിലെ ജ്ഞാനോദയത്തിന്റെ ബുദ്ധനേത്ര വര്‍ണ്ണനയിലേക്കുള്ള സൂചകങ്ങള്‍ കൂടിയാണ്. കാര്‍ട്ടേഷ്യന്‍ ദ്വന്ദ്വ ചിന്തയില്‍ പരിശീലിക്കപ്പെട്ട അനില്‍ സ്വയം നിര്‍വ്വചിക്കുന്നതിന്റെ ഭാഗമായി സഹോദരന്റെ പുരുഷ നാമം സ്വീകരിച്ചു സ്ത്രീനാമങ്ങളെ കുറിച്ചുള്ള സാമൂഹിക രീതിയെ ബഹിഷ്കരിച്ചവളാണ്.   എന്നാലിപ്പോള്‍ ആ പാശ്ചാത്യ സ്വത്വത്തില്‍ നിന്ന് അകലെ മറ്റൊരു തരം ബാഹ്യ- ആത്മ ഏകീകരണം അവള്‍ നേരില്‍ കാണുന്നു.

കൂട്ടായ ജീവിതമെന്ന സങ്കല്‍പ്പങ്ങള്‍ പോലുമില്ലാത്ത ഒറ്റപ്പെടലാണ് എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗധേയമായി കണ്ടെത്തുന്നത് എന്നതാണ് നോവലിനെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നു ക്ലെയര്‍ മെസൂദ് നിരീക്ഷിക്കുന്നത് കൃത്യമാണ്. സഹോദരങ്ങളായ ശരത്തിനും ഗാമിനിക്കുമിടയില്‍ ഹൃദയ ഐക്യമില്ല. ‘നാവിക’ന്റെ പുനസൃഷ്ടിക്കുവേണ്ടി ഒരുമിക്കുന്ന മൂവരും അടിസ്ഥാനപരമായി പരസ്പരം അന്യരാണ്. അന്ധ സന്യാസിയും ഏതാണ്ട് പ്രവാചകനുമായ വയോധികന്‍ പാലിപാന മാത്രമാണ് പ്രശാന്തതയുടെ ജീവിതം കണ്ടെത്തുന്നത്. അതാവട്ടെ,  വ്യാവഹാരിക ജീവിതത്തില്‍ നിന്നു സംന്യാസത്തിന്റെ പരിത്യാഗ അവസ്ഥയിലേക്കു കടന്നുകൊണ്ടു മാത്രവുമാണ്. ‘നോവലിസ്റ്റിന്റെ പുരോഭാഗമുള്ള കവി’യായ (Claire Messud) ഒണ്ടാറ്റ് യെയുടെ കാവ്യാത്മക ശൈലിയും സാന്ദ്ര ഗദ്യവും ന്യൂനോക്തിയില്‍ വരയ്ക്കപ്പെടുന്ന ചടുല രംഗങ്ങളും ചേര്‍ന്നു ഈ ഏകാന്തതയെ പൊലിപ്പിച്ചെടുക്കുകയും ചെയ്യുന്നു. അതേസമയം, “ഒണ്ടാറ്റ് യേയുടെ നോവല്‍ ഫിക് ഷന്റെ ഏറ്റവും ഉദാത്തമായ ഒരു ദൗത്യത്തെ തൃപ്തിപ്പെടുത്തുന്നു: അത് സഹതാപത്തിലൂടെയും ഭയാനകതയിലൂടെയും (pity and terror) മനുഷ്യാവസ്ഥയെ പ്രകാശിപ്പിക്കുന്നു”*(3). 

References:

1. Michael Ondaatje’s Anil’s Ghost: Civil Wars, Mystics, and Rationalists - John Bolland -https://journals.lib.unb.ca/index.php/scl/article/view/12751/13699)

2. Claire Messud, ‘Glorious spectres, Claire Messud admires Michael Ondaatje's long-awaited new novel, Anil's Ghost, https://www.theguardian.com/books/2000/apr/29/fiction.reviews2, 29 Apr 2000

3.https://www.publishersweekly.com/9780375410536

Read more:

The Story of a Brief Marriage by Anuk Arudpragasam

https://alittlesomethings.blogspot.com/2024/08/the-story-of-brief-marriage-by-anuk.html

A Passage North by Anuk Arudpragasam

https://alittlesomethings.blogspot.com/2024/08/a-passage-north-by-anuk-arudpragasam.html

Ummath: A Novel of Community and Conflict by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html

Island of a Thousand Mirrors by Nayomi Munaweera 

https://alittlesomethings.blogspot.com/2015/05/blog-post_22.html

The Seven Moons of Maali Almeida by Shehan Karunatilaka

https://alittlesomethings.blogspot.com/2024/08/srilankan-conflict-novels-part-3.html