Featured Post

Sunday, October 23, 2016

Bob Dylan

ബോബ് ഡിലാന്‍: ജീവിതമെന്ന സംഗീതം, സംഗീതമെന്ന പോരാട്ടം.

1941 മേയ് 24-ന് മിനെസോട്ടയില്‍ ജനനം. മാമോദീസ പേര് റോബര്‍ട്ട്‌ അലന്‍ സിമ്മര്‍മന്‍ . എല്‍ വിസ് പ്രിസ് ലിയുടെയും ജെറി ലീ ലുവിസിന്റെയും ലിറ്റില്‍ റിച്ചാര്‍ഡിന്റെയും ആരാധകനായി സംഗീത രംഗത്തെത്തിയ റോബര്‍ട്ട്‌, ഗോള്‍ഡന്‍ കോര്‍ഡ്സ്, എല്‍സ്റ്റെന്‍ ഗണ്‍ തുടങ്ങിയ ട്രൂപ്പുകള്‍ സ്വന്തമായി രൂപപ്പെടുത്തിയെടുത്താണ് ആദ്യകാല സംഗീത സപര്യ ആരംഭിക്കുന്നത്.

അറുപതുകളുടെയും എഴുപതുകളുടെയും ക്ഷുഭിത യൌവ്വനങ്ങളുടെ സമരോദ്യുക്തതയെയും യുദ്ധ വിരുദ്ധ വികാരങ്ങളെയും പ്രചോദിപ്പിക്കുന്നതിലും ഒരു തലമുറയെ വെറും പോപ്‌ കള്‍ച്ചറിന്റെ പിടിയില്‍ പെടാതെ സംഗീതത്തെ ഒരു പ്രതി സംസ്കാരത്തിന്റെ (counterculture) ആവിഷ്കാരമാക്കുന്നതിലും തികച്ചും മുമ്പില്‍ നടന്നയാള്‍ തന്നെയാണ് ബോബ് ഡിലാന്‍. അമ്പത് വര്‍ഷത്തിലേറെ സജ്ജീവമായിത്തന്നെ നീണ്ടു നിന്ന സംഗീത സപര്യയില്‍ വ്യത്യസ്ത സംഗീത വിഭാഗങ്ങളെ സമന്വയിപ്പിക്കുന്നതിലും ജനപ്രിയമാക്കുന്നതിലും നിസ്തുലമായ പങ്ക് അദ്ദേഹം വഹിച്ചിട്ടും ഉണ്ട്. റോക്ക് & റോള്‍ സംഗീതത്തിലെ ഗീതങ്ങളെ കുറിച്ച്, അതും തന്റെ സപര്യയില്‍ സജീവമായി ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും, അദ്ദേഹം നടത്തിയ നിരീക്ഷണം സംഗീതത്തോടും അതിന്റെ സാഹിത്യത്തോടും അദ്ദേഹത്തിന്റെ ഗൗരവ പൂര്‍ണ്ണമായ സമീപനത്തിന്റെ നിദര്‍ശനമാണ്. പിടിച്ചിരുത്തുന്ന പ്രയോഗങ്ങളും ചടുല താളങ്ങളും ഒക്കെയുണ്ടെങ്കിലും റോക്ക് & റോള്‍ ഗീതങ്ങള്‍ വേണ്ടത്ര ഗൌരവമുള്ളവയോ ജീവിതത്തെ യഥാതഥമായി പ്രതിഫലിപ്പിക്കുന്നവയോ അല്ലെന്നു അദ്ദേഹം കണ്ടെത്തുന്നു. ഫോക് സംഗീതത്തിന് കൂടുതല്‍ ഗൗരവ സ്വഭാവമുണ്ടെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. ഗീതങ്ങളില്‍ കൂടുതല്‍ നിരാശയും വിഷാദവും, പ്രത്യാശയും അതീന്ത്രിയ ഭാവവും, ആഴമുള്ള വികാരങ്ങളും ഫോക് സംഗീതത്തെ ഉന്നതമാക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 1959-ല്‍ മിനെസോട്ട യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നതോടെ അദ്ദേഹം റോക്ക് & റോളില്‍ നിന്ന് അമേരിക്കന്‍ ഫോക് മ്യൂസിക്കിലെക്കും തുടര്‍ന്നു ഡിങ്കി ടൌണ്‍ ഫോക് മ്യൂസിക് സംഘത്തിലേക്കും എത്തുന്നത് ഈ തിരിച്ചറിവുകളുടെ ഫലമായാണ്. ആ ദിനങ്ങളിലാണ് അദ്ദേഹം റോബര്‍ട്ട്‌ അലന്‍ സിമ്മര്‍മാന്‍ എന്ന പേര് കവി ഡിലാന്‍ തോമസിനോടുള്ള ആരാധനയില്‍ ബോബ് ഡിലാന്‍ എന്നതിലേക്ക് പരിചയപ്പെടുത്തിത്തുടങ്ങുന്നത്. പേരുമാറ്റം തന്നെയും ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അറുപതുകളുടെ തുടക്കത്തില്‍ 'പ്രതിഷേധ ഗീതങ്ങ' (protest songs) ളുടെ രചയിതാവായ വുഡി ഗത്രിയുമായും ഫോക് ഗായകനും ആക്റ്റിവിസ്റ്റുമായ പീറ്റ് സീഗറുമായും ഉണ്ടായ സഹവാസവും ഡിലാന്‍റെ സംഗീതത്തിലെ പോരാട്ട സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്‌. മിസിസിപ്പി യൂനിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ ജെയ്മ്സ് മെറിഡിത്തിന്റെ അനുഭവങ്ങളെ കുറിച്ചുള്ള 'ഓക്സ്ഫോര്‍ഡ് ടൌണ്‍ ' പോലുള്ള ഗീതങ്ങള്‍ അദ്ദേഹത്തിന്റെ രണ്ടാമത് ആല്‍ബമായ 1963-ല്‍ പുറത്തിറങ്ങിയ 'ദി ഫ്രീവീലിംഗ് ബോബ് ഡിലാ'നില്‍ ഇടം പിടിച്ചത് അങ്ങനെയാണ്. അടിമകളുടെ പരമ്പരാഗത സംഗീതത്തിന്റെ താളത്തില്‍ രചിക്കപ്പെട്ട 'ബ്ലോവിംഗ് ദി വിന്‍ഡ് ' , 'നൊ മോര്‍ ഓക് ഷന്‍സ് ' തുടങ്ങിയവ അമേരിക്കന്‍ പൌരാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ക്യൂബന്‍ മിസ്സൈല്‍ പ്രതിസന്ധിയുടെ ഘട്ടത്തിലും വിയെറ്റ്നാം യുദ്ധകാലത്തും ന്യൂക്ലിയര്‍ നിരായുധീകരണത്തിനു വേണ്ടിയുള്ള അമേരിക്കന്‍ യുവതയുടെ പോരാട്ടങ്ങളിലും ഐക്യപ്പെട്ടബോബ് ഡിലാന്‍ , ബീറ്റില്‍സ് പോലുള്ള ഗായക സംഘങ്ങള്‍ക്കും അലന്‍ ഗിന്‍സ്ബര്‍ഗിനെ പോലുള്ള നിഷേധികളായ എഴുത്തുകാര്‍ക്കും പ്രിയങ്കരനായി.

പോരാട്ടങ്ങളുടെ ഉള്ളടക്കം ഗീതങ്ങളില്‍ മാത്രമായിരുന്നില്ല ഡിലാന്. തീവ്ര വലതുപക്ഷ സംഘടനയായിരുന്ന ജോണ്‍ ബിര്‍ച്ച് സൊസൈറ്റിക്ക് അഹിതകരമാവും എന്ന ആരോപണത്തില്‍ തന്റെ രചന സെന്‍സറിംഗിന് വിധേയമാക്കുന്നതിന് നിന്നുകൊടുക്കാതെ പ്രസിദ്ധമായ എഡ് സള്ളിവന്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയ ചരിത്രമുണ്ട് അദ്ദേഹത്തിന്. മൂന്നാമത് ആല്‍ബം 'ദി ടൈംസ് ദേ ആര്‍ ചെയ്ഞ്ചിംഗ് ' കൂടുതല്‍ തീവ്രവും മുനകൂര്‍ത്തതുമായ പ്രതിഷേധ സ്വരമുയര്‍ത്തുന്ന ഗീതങ്ങളാല്‍ സമ്പന്നമാണ്. കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളിലെ രക്തസാക്ഷിത്തമാണ് പല ഗീതങ്ങളുടെയും വിഷയം. എന്നാല്‍ 1963 അവസാനിക്കുമ്പോഴേക്കും പൌരാവകാശ പ്രവര്‍ത്തകരും ഫോക് സംഗീത സംഘങ്ങളും തന്നെ ഉപയോഗിക്കുകയാണെന്ന ചിന്ത അദ്ദേഹത്തില്‍ ബലപ്പെടുകയും കുറെ കൂടി വൈയക്തികവും ലളിത വൈകാരികതയുള്ളതുമായ ഗീതങ്ങളിലേക്കു അദ്ദേഹം തിരിച്ചു പോവുകയും ചെയ്യുന്നുണ്ട്. പരസ്പരം ഏറെ താങ്ങായിരുന്ന ഗായികയും ആക്റ്റിവിസ്റ്റുമായ ജോവാന്‍ ബായെസുമായുണ്ടായിരുന്ന ഹ്രസ്വകാല ബന്ധവും ഉലഞ്ഞുതുടങ്ങിയിരുന്നു. സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റിയുടെ ടോം പെയ്ന്‍ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട് കമ്മിറ്റി കഷണ്ടികയറിയ വൃദ്ധരുടെതാണെന്നും 'ഇനി മുതല്‍ തനിക്കു കറുത്തവരും വെളുത്തവരുമോ , ഇടതും വലതുമോ ഇല്ലെന്നും' കനത്ത മദ്യലഹരിയില്‍ ബോബ് വിളംബരപ്പെടുത്തി. റോക്ക് & റോളിലേക്കുള്ള ഒരു തിരിച്ചു പോക്കും ഈ ഘട്ടത്തില്‍ സംഭവിക്കുന്നുണ്ട്. ഒരു ഫോക് - റോക്ക് പോപ്‌ മ്യൂസിക് താരമായി മാറിയ ബോബ് തന്റെ ജീന്‍സിനും വര്‍ക്ക്‌ ഷര്‍ട്ടിനും പകരം സണ്‍ ഗ്ലാസും ബീറ്റില്‍സ് ബൂട്ടും ധരിച്ചു തുടങ്ങുകയും ചെയ്തു. അറുപതുകളുടെ ബാക്കി വര്‍ഷങ്ങള്‍ ഇരു ക്യാമ്പുകളും തമ്മിലുള്ള വിരോധ പ്രകടനത്തിന്റെതായി. 'മി. ടാംബുരിന്‍ മാന്‍ ', ഇറ്റ്സ് ആള്‍ റൈറ്റ്, മാ' , 'ലൈക് എ റോളിംഗ് സ്റ്റോണ്‍ ' തുടങ്ങിയ വിഖ്യാത ഗീതങ്ങള്‍ ഇക്കാലത്താണ് സൃഷ്ടിക്കപ്പെട്ടത്. അമിതാധ്വാനത്തിന്റെയും തളര്‍ച്ചയുടെയും മറുമരുന്നായി കനത്ത തോതിലുള്ള മയക്കു മരുന്നുപയോഗവും ഇക്കാലത്ത് ശീലമാക്കിയിരുന്നെന്നും എന്നാല്‍ പിന്നീട് അത് ഉപേക്ഷിച്ചു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ ശീലങ്ങളെ കുറിച്ച് ബോബ് കഥകള്‍ ചമയ്ക്കുക പതിവാണെന്ന് കരുതുന്നവരുണ്ട്. 1965-ല്‍ അക്കോസ്റ്റിക് സംഗീതത്തോടൊപ്പം ഇലക്ട്രിക് ഗിറ്റാര്‍ കൂടി ഉപയോഗിക്കുന്ന രീതി ആരംഭിച്ചതോടെ പരമ്പരാഗത ഫോക്ക് സംഗീതത്തിന്റെ ഉപാസകര്‍ അദ്ദേഹത്തെ തുറന്നെതിര്‍ക്കാന്‍ തുടങ്ങി. 'ബ്രിംഗിംഗ് ഇറ്റ്‌ ഓള്‍ ഹോം', 'ഹൈവെ 61 റിവിസിറ്റഡ് ' തുടങ്ങിയവ ഇക്കാലത്തിറങ്ങിയ പ്രസിദ്ധ ആല്‍ബങ്ങളാണ് . തുടര്‍ന്നുള്ള മൂന്നു പതിറ്റാണ്ടുകാലം ബോബ് സ്വയം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1966-ല്‍ ഉണ്ടായ മാരകമായ ഒരു ബൈക്ക് അപകടം ഏതാണ്ട് ഒരു വര്‍ഷം അദ്ദേഹത്തെ കിടപ്പിലാക്കി. ജോണ്‍ വെസ്‌ലി ഹാര്‍ഡിംഗ് (1968) , നാഷ് വില്ല സ്കൈലൈന്‍ (1970) എന്നീ ആല്‍ബങ്ങളില്‍ തന്റെ മനസ്സിനെ മഥിച്ചിരുന്ന പാരുഷ്യങ്ങള്‍ അദ്ദേഹം പ്രതിഫലിപ്പിച്ചിട്ടുണ്ട് എന്ന് വിമര്‍ശക മതം. സെല്‍ഫ് പോര്‍ട്രെയ്റ്റ് (1970), ടാരാന്റുല (1973) എന്നിവ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട ആല്‍ബങ്ങളാണ്. അതേ വര്‍ഷം സാം പെക്കിന്‍പായുടെ വിഖ്യാതമായ പാറ്റ് ഗാരെറ്റ് ആന്‍ഡ് ബില്ലി ദി കിഡ് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ച ബോബ്, ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തു. 'നോക്കിംഗ് ഓണ്‍ ഹെവന്‍സ് ഡോര്‍ എന്ന പ്രശസ്ത ഗാനം ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം രചിച്ചത്.

അപകടത്തിനു ശേഷം ബോബ് നടത്തിയ ആദ്യ മുഴുനീള ടൂര്‍ 1974-ല്‍ ആയിരുന്നു. പ്ലാനറ്റ് വേവ്സ് എന്ന ആല്‍ബം മ്യൂസിക് ചാര്‍ട്ടുകളില്‍ ആദ്യമായി അദ്ദേഹത്തെ ഒന്നാമതെത്തിച്ചു. ബ്ലഡ്‌ ഓണ്‍ ദി ട്രാക്ക്സ്, (1975), ഡിസയര്‍ (1976) എന്നിവയും ഏറെ പ്രസിദ്ധമായപ്പോള്‍ 'ഡിസയറി'ന് വേണ്ടി ബോബ് എഴുതിയ 'ഹരിക്കെയ്ന്‍' എന്ന ഗാനം പ്രമാദമായ ഒരു കൊലപാതക്കേസില്‍ പുനര്‍ വിചാരണക്ക് വരെ വഴിവെച്ചത് ചരിത്രം. ഭാര്യ സാറ ലോണ്ടെസുമായി പിണങ്ങേണ്ടി വന്നതും മുറിവുണക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പരാജയവുമാണ് 'സാറ' എന്ന വിഷാദ ഗീതത്തിന്റെ പ്രഭവം. തുടര്‍ന്നാണ്‌ ബോബിന്റെ പ്രസിദ്ധമായ വിശ്വാസ വഴികളിലേക്കുള്ള തിരിച്ചു പോക്ക് സംഭവിക്കുന്നത്‌. 1979-ല്‍ താനൊരു ക്രിസ്തീയനായി പുനര്‍ജ്ജനിച്ചതായി ബോബ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നിറങ്ങിയ സ്ലോ ട്രെയ്ന്‍ കമിംഗ് എന്ന ആല്‍ബം അദ്ദേഹത്തിനു ആദ്യ ഗ്രാമി അവാര്‍ഡ് നേടിക്കൊടുത്തു. തുടര്‍ന്നു ചില പരാജയങ്ങള്‍ ഉണ്ടായെങ്കിലും 1982-ല്‍ ബോബ് ഗാനരചയിതാക്കളുടെ ഹാള്‍ ഓഫ് ഫെയിമിലും 1989-ല്‍ റോക്ക് ആന്‍ഡ്‌ റോള്‍ ഹാള്‍ ഓഫ് ഫെയ്മിലും ചേര്‍ക്കപ്പെട്ടു. “എല്‍ വിസ് ഉടലിനെ സ്വതന്ത്രമാക്കിയ പോലെ ബോബ് മനസ്സിനെ സ്വതന്ത്രമാക്കി " എന്ന് ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ നിരീക്ഷിക്കുന്നു. 1997-ല്‍ കലാമികവിനുള്ള ഏറ്റവും വലിയ ദേശീയ പുരസ്ക്കാരമായ കെന്നഡി സെന്റര്‍ ബഹുമതി അദ്ദേഹത്തെ തേടിയെത്തി. 1997-ല്‍ ടൈം ഔട്ട്‌ ഓഫ് മൈന്‍ഡ് എന്ന ആല്‍ബം മൂന്നു ഗ്രാമി അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. അതേ വര്‍ഷം പോപ്‌ ജോണ്‍ പോള്‍ രണ്ടാമന് വേണ്ടി നോക്കിംഗ് ഓണ്‍ ഹെവന്‍സ്‌ ഡോര്‍ ഉള്‍പ്പടെ ഗാനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പുതിയ നൂറ്റാണ്ടിലും തളര്‍ച്ചയില്ലാതെ, നിരൂപക പ്രശംസയും ജനസമ്മതിയും ഒരുപോലെ നേടിയെടുത്ത ചെയ്ത സ്റ്റുഡിയോ ആല്‍ബങ്ങളായ മോഡേണ്‍ ടൈംസ് (2006) ടുഗെതര്‍ ത്രൂ ലൈഫ് (2009) തുടങ്ങിയവയുമായി അദ്ദേഹം വിജയകരമായ പര്യടനങ്ങള്‍ തുടര്‍ന്നു. ഇതിനിടെ, 2005-ല്‍ വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസേയുടെ നൊ ഡായറക് ഷന്‍ : ബോബ് ഡിലാന്‍ എന്ന ബയോഗ്രഫിക് ഡോകുമെന്ററിക്കു വേണ്ടി ഇരുപതു വര്‍ഷത്തിനിടെ നല്‍കിയ ആദ്യ മുഴുനീള അഭിമുഖത്തിലും ബോബ് സ്വയം ആവിഷ്കരിച്ചു. പുതിയ ദശകത്തിലും ശ്രദ്ധേയമായ സംഗീത സംഭാവനകളുമായി സജീവമായ ബോബിനെ തേടി ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ കൂടാതെ പ്രസിഡന്റിന്റെ മെഡല്‍ ഓഫ് ഫ്രീഡം (2012) പുരസ്കാരവും ഇപ്പോള്‍ , 1993--ല്‍ ടോണി മോറിസന് ശേഷം ആദ്യമായി ഒരു അമേരിക്കക്കാരനെ തേടിയെത്തുന്ന സാഹിത്യ നോബല്‍ സമ്മാനവും ജീവിതം സംഗീതവും സംഗീതം പോരാട്ടവുമാക്കിയ ഗായകനെ തേടിയെത്തുന്നു. “അമേരിക്കന്‍ ഗാന രചനാ പാരമ്പര്യത്തില്‍ പുതിയ കാവ്യാവിഷ്കാരം സൃഷ്ടിച്ചതിന്" (നോബല്‍ സൈറ്റേഷന്‍) നല്‍കപ്പെടുന്ന ഈ പുരസ്കാരം, ....

(വാരാദ്യമാധ്യമം-23, ഒക്ടോബര്‍,2016)
(ഗള്‍ഫ്‌ മാധ്യമമ൦ - 23, ഒക്ടോബര്‍,2016)

Friday, October 21, 2016

Under the Udala Trees by Chinelo Okparanta


സോദോം - ഗോമോറായുടെ നിഴല്‍


"ഉവ്വ്അത് ആദാമും ഹവ്വയും ആയിരുന്നുപക്ഷേ ബൈബിളില്‍ നമുക്ക് ലഭിച്ചത് ആദാമിന്റെയും ഹവ്വയുടെയും കഥ മാത്രമായിരുന്നെങ്കിലോഎന്ത് കൊണ്ട് അതൊരു ആദാമും ആദാമും എന്നോ ഹവ്വയും ഹവ്വയും എന്നോ ഉള്ള സാധ്യത തള്ളിക്കളയണംഒരു പ്രത്യേക ആദമിലും ഹവ്വയിലും കഥ കേന്ദ്രീകരിച്ചു എന്നത് കൊണ്ട് മറ്റെല്ലാ സാധ്യതകളും തള്ളിക്കളയപ്പെട്ടു എന്നില്ല. ... സ്ത്രീ പുരുഷന് വേണ്ടി സൃഷ്ടിക്കപ്പെട്ടവള്‍ ആണ്, ഉവ്വ്. പക്ഷെ എന്നുവെച്ചു എന്തുകൊണ്ട് സ്ത്രീ മറ്റൊരു സ്ത്രീക്ക് വേണ്ടിയും സൃഷ്ടിക്കപ്പെട്ടവള്‍ ആയിക്കൂടാഅല്ലെങ്കില്‍ പുരുഷന്‍ മറ്റൊരു പുരുഷന് വേണ്ടിഅനന്ത സാധ്യതകള്‍ - ഓരോന്നും മറ്റൊന്നുപോലെ തീര്‍ത്തും സംഭവ്യം.”

(Under the Udala Treesഅദ്ധ്യായം 18)

 

സൃഷ്ടിയുടെ നാളുകളില്‍ പുരുഷനെ എകാന്തനായിക്കണ്ട് അത് നന്നല്ലെന്ന ചിന്തയില്‍ അവനു കൂട്ടായി ദൈവം സ്ത്രീയെ സൃഷ്ടിച്ചുവെന്നു ഉത്പത്തി പുസ്തകംഅത് ആദമും ഹവ്വയും ആയിരുന്നുഎന്നാല്‍ കഥാഗതിയുടെ ഒരു ധാര പിന്തുടര്‍ന്നു എന്നതുകൊണ്ട്‌ മറ്റു സാധ്യതകള്‍ നിരാകരിക്കപ്പെടുന്നു എന്നോ നിരാകരിക്കപ്പെടണം എന്നോ ഇല്ലെന്നു ചിന്തിച്ചു തുടങ്ങുമ്പോള്‍ ഭിന്നരതിയുടെ തലങ്ങള്‍ ഒരു ബിബ്ലിക്കല്‍ അംഗീകാരത്തിനു മുതിരുക കൂടിയാണ്.

തന്റെ പ്രഥമ കഥാ സമാഹാരം Happiness, Like Water എന്ന കൃതിയിലൂടെ 2014 -ല്‍ ലെസ്ബിയന്‍ സാഹിത്യത്തിനുള്ള ലാംഡാ പുരസ്കാരം നേടിയ യുവ നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരി ചിനേലു ഒക് പരാന്റ 2016-ലും പുരസ്കാരനേട്ടം ആവര്‍ത്തിച്ച നോവലാണ്‌ Under the Udala Treesഒപ്പം ജെസ്സി റെഡ്മണ്ട് ഫോസ്സെറ്റ് ബുക്ക് പുരസ്ക്കാരവും ഇതേ നോവലിനെ തേടിയെത്തിനോവലില്‍ മൂന്നു തലമുറകളിലൂടെ ഭിന്നരതിതാല്പര്യത്തിന്റെ (sexual orientationനിതാന്ത യുദ്ധം നടത്തേണ്ടി വരുന്ന ഇയോമയുടെ ജീവിതം പകര്‍ത്തുന്നു. 1967-ല്‍ ബിയാഫ്രന്‍ യുദ്ധം ആരംഭിക്കുന്നതിനു തൊട്ട് മുമ്പ് മുതല്‍ വര്‍ത്തമാന കാലം വരെ നീളുന്ന കഥാഗതിയിലൂടെ , യാഥാസ്ഥിതിക മത മൂല്യങ്ങളില്‍ കഴിയുന്ന ഒരു സമൂഹത്തില്‍ 'വന്‍ നാണക്കേട് '(abominationഎന്നു വിലക്കപ്പെട്ട ഭിന്ന ലൈംഗിക ചോദനയുടെ സംഘര്‍ഷങ്ങള്‍ ആത്മനിന്ദയായും കിടിലം കൊള്ളിക്കുന്ന പാപചിന്തയായും ഏറ്റുവാങ്ങുമ്പോഴും അദമ്യമായ ഒരാകര്‍ഷണത്തില്‍ പുരുഷ കേന്ദ്രിതമായ സാമ്പ്രദായിക വൈവാഹിക ജീവിതത്തിന്‍റെ ചതുര വടിവുകളിലേക്ക് കീഴ്പ്പെടാനാവാതെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നവിശുദ്ധ ഗ്രന്ഥത്തിന്‍റെ തന്നെ ദൃഷ്ടാന്തകഥാ പരിസരങ്ങളില്‍ തന്നെയും തന്നെപ്പോലുള്ളവര്‍ക്കും ഒരു ശ്വസനസ്ഥലി (breathing spaceഉണ്ടാവാതെ വയ്യെന്ന കണ്ടെത്തലിലേക്ക്‌ ഉണരുന്ന സ്ത്രീത്വത്തെയാണ് നോവല്‍ അവതരിപ്പിക്കുന്നത്‌പ്രണയത്തെ പ്രണയമായി തിരിച്ചറിയുന്നഅംഗീകരിക്കുന്ന ഒരു നഗരത്തെനൈജീരിയയെഅഥവാ ലോകത്തെ കുറിച്ചുള്ള സ്വപ്നത്തില്‍ അവസാനിക്കുന്ന നോവല്‍ പക്ഷെ പുറത്തു വന്നത് കഥാപാത്രത്തിന്റെ ജന്മനാട്ടില്‍ ഭിന്ന ലൈംഗികത പതിനാലു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതോ മുസ്ലിം പാരമ്പര്യമുള്ള 'ഹോസവംശജര്‍ക്കു സ്വാധീനമേറിയ വടക്കന്‍ മേഖലകളില്‍ വധശിക്ഷ തന്നെ ലഭിക്കാവുന്നതോ ആയ കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന Jail the Gay' ബില്ലില്‍ (2014അന്നത്തെ നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാതന്‍ ഒപ്പുവെച്ച് രണ്ടു കൊല്ലം കഴിഞ്ഞാണ് .

"ഞങ്ങള്‍ ഒരുമിച്ചു കിടക്കുമ്പോള്‍ എന്നെ പുണര്‍ന്നു കിടന്നു എന്‍ദീദി എന്റെ ചെവിയില്‍ മന്ത്രിക്കുന്നുഒരു നഗരത്തെ കുറിച്ച്അവിടെ പ്രണയം പ്രണയമായിരിക്കും. പുരുഷനും സ്ത്രീക്കുമിടയില്‍പുരുഷനും പുരുഷനുമിടയില്‍സ്ത്രീക്കും സ്ത്രീക്കുമിടയില്‍, യൊറൂബക്കും ഹോസക്കുമിടയില്‍ , ഹോസക്കും ഫുലാനിക്കുമിടയില്‍ എന്ന പോലെ. എന്‍ദീദി നഗരത്തെ വിവരിക്കുന്നുഅതിന്റെ തെരുവുകള്‍ , മണ്ണിന്റെ നിറം.

അവള്‍ പറയുന്നു, “അവയെല്ലാം ഇവിടെ നൈജീരിയയില്‍ ആണ്ഈ സ്ഥലം നൈജീരിയ മുഴുവനുമാകും.”

 ................

തുടര്‍ന്ന് വായിക്കാന്‍:

https://www.fazalrahman.com/essays/article/under-the-udala-trees-by-chinelo-okparanta

.........

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 218-228)

To purchase, contact ph.no:  8086126024


read more:

Monday, October 10, 2016

The Memory of Love by Aminatta Forna

പൊഴിഞ്ഞു വീണിട്ടും വിങ്ങിനില്‍ക്കുന്നവ 




(സ്കോട്ടിഷ് നോവലിസ്റ്റ് അമിനാറ്റ ഫോര്‍നയുടെ 2011-ലെ കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പുരസ്കാരം നേടിയ 'ദി മെമ്മറി ഓഫ് ലവ്' എന്ന നോവലിനെ കുറിച്ച്)

ആധുനിക ആഫ്രിക്കന്‍ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കലാപങ്ങളില്‍ ഒന്നായ സിയറാ ലിയോണിലെ ആഭ്യന്തര സംഘര്‍ഷ (1991 - 2002)ത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കൃതിയാണ് അമിനാറ്റ ഫോര്‍നയുടെ 'ദി മെമറി ഓഫ് ലവ്.' തനിക്കു പതിനൊന്നു വയസ്സുള്ളപ്പോള്‍ രാഷ്ട്രീയത്തടവില്‍ വെച്ച് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പിതാവ് മുഹമ്മദ്‌ ഫോര്‍നയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ് അമിനാറ്റ ഫോര്‍നയുടെ പ്രഥമ കൃതിയായ 'ദി ഡെവിള്‍ ദാറ്റ് ഡാന്‍സ്ഡ് ഓണ്‍ ദി വാട്ടര്‍ .' സ്വന്തം ജീവിതത്തിലെ ആ മുറിഞ്ഞു പോയ കേന്ദ്ര ബിന്ദുവിനെ കുറിച്ചുള്ള അന്വേഷണം തന്നെയാണ് മറ്റൊരു രീതിയില്‍ , 'ബാക്കിയായവരില്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനവും ഭീകരാനുഭാവാനന്തര മാനസികാവസ്ഥ -പോസ്റ്റ്‌ ട്രോമാറ്റിക് സ്ട്രസ്സ് ഡിസോര്‍ഡര്‍ - അനുഭവിക്കുന്ന' ഒരു നഗരത്തിന്റെയും ഒരു ദേശത്തിന്റെയും ദുഃഖഭരിതവും സംഘര്‍ഷ പൂര്‍ണ്ണവുമായ ആവിഷ്കാരമായി 'പ്രണയത്തിന്റെ ഓര്‍മ്മ'യിലും തുടരുന്നത്.

ചോര പൊടിയുന്ന ഓര്‍മ്മ മുറിവുകള്‍

ദരിദ്രമായ സിയറാ ലിയോണിന്റെ വര്‍ത്തമാന കാല പശ്ചാത്തലത്തിലാണ് നോവല്‍ ഇതള്‍ വിരിയുന്നതെങ്കിലും മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങളാണ് ഇതിവൃത്തത്തിന്റെ കാതല്‍ . പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ യുവസര്‍ജ്ജന്‍ ഡോ. കായ് മാന്‍സറേയുടെ ഓര്‍മ്മയില്‍ നീറി നില്‍ക്കുന്ന പ്രണയാനുഭാവമാണ് തലക്കെട്ടിനു ആധാരം.
ഓര്‍മ്മകള്‍ അയാള്‍ക്ക് ഉറങ്ങാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ നിനച്ചിരിക്കാത്ത ഒരു നിമിഷത്തില്‍ കടന്നുവരുന്നു. മുമ്പ്, അത് ഏറ്റവും കടുപ്പമായിരുന്ന കാലത്ത് അംഗങ്ങള്‍ ഛേദിക്കപ്പെട്ട ആളുകളെ അയാള്‍ പരിചരിച്ചിട്ടുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു സ്കോട്ടിഷ് വേദന ചികിത്സാവിദഗ്ധനോടൊപ്പം ജോലി ചെയ്യുമ്പോള്‍ ആ രോഗികളില്‍ ചിലരെ അയാള്‍ വീണ്ടും ചികിത്സിച്ചു. അവര്‍ നഷ്ടപ്പെട്ട അവയവങ്ങളില്‍ വേദന അനുഭവപ്പെടുന്നതിനെ കുറിച്ച് പരാതിപ്പെട്ടു, മുറിച്ചു കളഞ്ഞ ഒരു കയ്യിന്റെയോ പാദത്തിന്റെയോ വേദനിക്കുന്ന പ്രേതം. അത് മനസ്സിന്റെ ഒരു കളിയാണ്, സ്കോട്ട് ലാന്‍ഡുകാരന്‍ കായിക്ക് വിശദീകരിച്ചു കൊടുത്തു, ഞരമ്പുകള്‍ ആ പ്രേത അവയവത്തിനും തലച്ചോറിനുമിടയില്‍ സന്ദേശങ്ങള്‍ കൈമാറുന്നത് തുടരുന്നു. വേദന സത്യമാണ്, എന്നാല്‍ അത് വേദനയുടെ ഒരോര്‍മ്മയാണ്..

എന്നിട്ട് അവളെ കുറിച്ചുള്ള സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ , അത് അപ്പോഴും അയാളെ സംബന്ധിച്ചേടത്തോളം അങ്ങനെത്തന്നെയല്ലേ? നെഞ്ചിലെ ശൂന്യത, തീവ്രമായ അഭിലാഷം, ഓരോ പ്രഭാതത്തിലും ജോലിത്തിരക്കില്‍ മുഴുകി മറക്കാന്‍ കഴിയുന്നത്‌ വരെ അയാള്‍ക്ക് നേരിടേണ്ടി വന്ന ഏകാന്തത. പ്രണയമല്ല. മറ്റെന്തോ ഒന്ന്, വിട്ടുപോവാത്ത ശക്തിയുള്ള എന്തോ ഒന്ന്. പ്രണയമല്ല, മറിച്ച്, പ്രണയത്തിന്റെ ഓര്‍മ്മ.”

.................
തുടര്‍ന്ന് വായിക്കാന്‍: 

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം : ലോഗോസ് ബുക്സ് , പേജ്: 81-88)

To purchase, contact ph.no:  8086126024


Also by Aminatta Forna:  Ancestor Stones by Aminatta Forna

https://alittlesomethings.blogspot.com/2018/08/blog-post_28.html

also read:

I, Tituba, Black Witch of Salem by Maryse Condé

https://alittlesomethings.blogspot.com/2024/08/i-tituba-black-witch-of-salem-by-maryse.html

Ummath: A Novel of Community and Conflict  by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html



The Hired Man by Aminatta Forna

ഭൂതകാല മുറിവുകളും വര്‍ത്തമാന നോവുകളും.





സിയറാലിയോണിന്‍റെ പോസ്റ്റ്‌ കൊളോണിയല്‍ രാഷ്ട്രീയത്തിലെ അഴിമതികള്‍ക്കും എകാധിപത്യത്തിനുമെതിരില്‍ നിലപാടെടുത്തതിനു സ്വജീവന്‍ വില കൊടുക്കേണ്ടിവന്ന പിതാവിന്റെ ഓര്‍മ്മയിലെഴുതിയ ദി ഡെവിള്‍ ദാറ്റ് ഡാന്‍സ്ഡ് ഓണ്‍ ദി വാട്ടര്‍ (2003) , ആഭ്യന്തര യുദ്ധവും അതിജീവനത്തിന്റെ സമസ്യകളും പ്രണയ കഥയുടെ പശ്ചാത്തലത്തില്‍ ആവിഷ്കരിച്ച ദി മെമ്മറി ഓഫ് ലവ് (2010) എന്നീ കൃതികള്‍ക്ക് ശേഷം അമിനാറ്റ ഫോര്‍ന രചിച്ച നോവലാണ്‌ ദി ഹയേഡ് മാന്‍ (2013). മുന്‍ കൃതികളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണനോവലിസ്റ്റ് പശ്ചാത്തലമാക്കുന്നത് ഗോസ്റ്റ് എന്ന അര്‍ത്ഥ ഗര്‍ഭമായ പേരുള്ള ക്രോയേഷ്യന്‍ പട്ടണമാണ്. തൊണ്ണൂറുകളില്‍ മുന്‍ യുഗോസ്ലാവ്യയുടെ തകര്‍ച്ചയെ തുടര്‍ന്നുണ്ടാവുന്ന ശൈഥില്യത്തിന്റെയും ആളുകള്‍ ഉടലിലും മനസ്സിലും പേറിയ ഭീകരമായ ഓര്‍മ്മകളുടെയും മുറിവുകള്‍ അമിനാറ്റ ഫോര്‍നായുടെ സവിശേഷമായ, പ്രമേയ പരമായ പതിവ് ഉത്കണ്ഠകളെ പ്രതിഫലിപ്പിക്കുന്നു. ഗോസ്റ്റ് എന്ന പദം ക്രോയേഷ്യന്‍ ഭാഷയില്‍ ഗസ്റ്റ് എന്നര്‍ത്ഥമാക്കുമ്പോള്‍ , നോവല്‍ മുന്നോട്ടു പോകവേ അതിന്റെ അപശകുന സൂചകമായ അര്‍ത്ഥവും തെളിഞ്ഞു വരുന്നു. ഓര്‍മ്മകളിലെ മുറിവുകളുടെ വേദന നേരനുഭവ യാഥാര്‍ത്ഥ്യം പോലെത്തന്നെ വേട്ടയാടുന്നു എന്നത് ഫോര്‍നയുടെ ഒരു പൊതു പ്രമേയമാണ്. ചെറിയ ചെറിയ വഞ്ചനകളും വിദ്വേഷ പ്രവര്‍ത്തികളും വലിയ ഭീകരാനുഭവങ്ങളും രക്തച്ചൊരിച്ചിലുമായി രൂപം മാറുന്നതും, ചെയ്തുപോയതും മൗനത്തിലൂടെയോ നിശ്ശബ്ദ സഹകരണത്തിലൂടെയോ പങ്കാളിയായതുമായ കുടിലതകള്‍ മറച്ചുവെച്ച് മാന്യരും നിഷ്കളങ്കരുമായി പില്‍ക്കാലം ജീവിച്ചു പോവുന്നതിന്റെ വൈരുദ്ധ്യങ്ങളും അവര്‍ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. പ്രമേയ സന്നിഗ്ദ്ധതയില്‍ കസുവോ ഇഷിഗുരോയെ (ദി റിമെയ്ന്‍സ് ഓഫ് ദി ഡേ) ഓര്‍മ്മിപ്പിക്കുന്നുണ്ട് അമിനാറ്റ ഫോര്‍നയുടെ കൃതികള്‍ .

ഗ്രാമസങ്കല്‍പ്പവും വിദ്വേഷങ്ങളുടെ അധിനിവേശവും

മധ്യവയസ്കയായ ഇംഗ്ലീഷുകാരി ലോറ, തന്റെ ടീനേജുകാരായ രണ്ടു മക്കളുമായി മനോഹരമായ ഒരു ഒഴിവുകാല സങ്കല്‍പ്പനത്തോടെ ഗോസ്റ്റ് എന്ന വിദൂരസ്തമായ ക്രോയേഷ്യന്‍ മലയോര നാട്ടുമ്പുറത്തെത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. സാഗ്രെബിനും തീരദേശത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ലീകാ ദേശത്തുള്ള ഗോസ്റ്റ് ഒരുതരം 'ഗതകാല സൗന്ദര്യം' (old-world charm) നിലനിര്‍ത്തുന്ന പ്രദേശമാണ്. ആഖ്യാതാവായ ഡ്യൂറോയുടെ റൈഫിള്‍ കാഴ്ചയിലൂടെയാണ് അവരെ ആദ്യം കാണുന്നത് എന്നത് ശ്രദ്ധേയമാണ്. ഭൂതകാലത്തോട് പ്രണയത്തിലായ ഇംഗ്ലീഷ് സ്വഭാവവും എന്തിനെയും സംശയത്തോടെയും ഹിംസാത്മകമായ ജാഗ്രതയോടെയും കാണുന്ന/ കാണേണ്ടി വരുന്ന ബാള്‍ക്കന്‍ ജീവിത സാഹചര്യങ്ങളും ആദ്യമേ സൂചിതമാവുകയാണ്. വനത്തില്‍ മാനിനേയും മുയലിനെയും വേട്ടയാടി ജീവിക്കുന്ന ഡ്യൂറോ പക്ഷെ "ആളുകള്‍ സ്വന്തം അമ്മയുടെ നെഞ്ചിലേക്ക് തോക്കു ചൂണ്ടാന്‍ ശീലിച്ച" ഒരു ദേശത്തിന്റെ പ്രകൃതത്തെയും ഉള്‍ച്ചേര്‍ക്കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ സൈനികര്‍ ഉള്‍പ്പടെ ആളുകളെത്തന്നെ അയാള്‍ കൊന്നിട്ടുമുണ്ട്. ഉള്‍പ്രദേശ വാസത്തെ കുറിച്ചൊക്കെയുള്ള കാല്‍പ്പനിക സങ്കല്‍പ്പങ്ങള്‍ മൊബൈല്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തതില്‍ അസ്വസ്തരാവുന്ന കുട്ടികള്‍ക്കും ഇഷ്ട വിഭവങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും പകരം വില കുറഞ്ഞ അനുകരണങ്ങള്‍ മാത്രം ലഭ്യമായ ഒരേയൊരു സ്റ്റോറിലെ തിരക്കില്‍ ലോറക്കും വേഗം തീര്‍ന്നു കിട്ടും.
................
തുടര്‍ന്ന് വായിക്കാന്‍:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 197-201)




Monday, September 26, 2016

Sleepwalking Land by Mia Couto / David Brookshaw

പ്രേതലോകങ്ങളുടെ നിദ്രാടനം

മൊസാംബിക്കിലെ രണ്ടാമത്തെ വലിയ നഗരമായ ബെയ്റയില്‍ തങ്ങളുടെ കൊളോണിയല്‍ മാതൃകയിലുള്ള വീട്ടില്‍ നിന്ന് റോഡിന്റെ മറുവശത്തുള്ള കറുത്ത മനുഷ്യരുടെ മണ്‍കൂരകളിലേക്ക്‌ നോക്കിനിന്ന കുട്ടിക്കാലത്ത് വെളുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് പതിവില്ലാത്ത വിധം റോഡ്‌ മുറിച്ചു കടന്നു ചങ്ങാത്തങ്ങളുണ്ടാക്കിയതും, പതിനാറാം വയസ്സില്‍ തലസ്ഥാന നഗരിയായ മപൂട്ടോയിലേക്ക് താമസം മാറിയപ്പോള്‍ നേരില്‍ക്കണ്ട വര്‍ണ്ണ വെറിയുടെ വിവേചനങ്ങളും കൂട്ടോയെ കൊളോണിയല്‍ വിരുദ്ധ ഗറില്ലാ പ്രസ്ഥാനത്തില്‍ (FRELIMO) എത്തിച്ചത് സ്വാഭാവികംചേ ഗുവേര ആവുന്ന സ്വപ്നം താലോലിച്ചിരുന്നെങ്കിലും 'ഒരിക്കലും തോക്കു കൊണ്ട് യുദ്ധം ചെയ്യാന്‍ കഴിയുമായിരുന്നില്ലാ'ത്ത കൂട്ടോയെ കൊളോണിയല്‍ പത്രത്തില്‍ നുഴഞ്ഞുകയറുകയെന്ന ജോലി ഏല്‍പ്പിച്ച സംഘടനാ നേതൃത്വത്തിന് അക്കാര്യത്തില്‍ അദ്ദേഹം നന്ദി പറയുന്നുണ്ട്ആ ജോലിയില്‍ നിന്നാണ് അദ്ദേഹത്തിലെ എഴുത്തുകാരന്‍ പിറവിയെടുത്തതുംകൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ പക്ഷെ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ വര്‍ഗ്ഗവഞ്ചകരുടെ പ്രതിച്ഛായയാണ് കൂട്ടോ സഹോദരങ്ങള്‍ക്ക് നല്‍കിയത്. “ആഫ്രിക്കന്‍ ആത്മാവുള്ള വെള്ളക്കാരന്‍എന്ന് വിവരിക്കപ്പെട്ട മിയാ കൂട്ടോ തന്നില്‍ സമ്മേളിക്കുന്ന വൈരുധ്യങ്ങളെ കുറിച്ച് സ്വയം വിവരിക്കുന്നത് ഇങ്ങനെയാണ്: “ഞാനൊരു വെള്ളക്കാരനും ഒരു ആഫ്രിക്കക്കാരനുമാണ്യൂറോപ്പുക്കരുടെയും മൊസാംബിക്കുകാരുടെയും മകന്‍വളരെ മതാത്മകമായ ഒരു ലോകത്ത് ഒരു ശാസ്ത്രജ്ഞന്‍വാമൊഴിവഴക്ക സമൂഹത്തില്‍ ഒരു എഴുത്തുകാരന്‍ഇവ സുവ്യക്തമായും വിരുദ്ധ ലോകങ്ങളാണ്ഞാനവയെ ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്നുകാരണം അവയെല്ലാം എന്റെ ഭാഗങ്ങളാണ്.” അതേ സമയംആഭ്യന്തര യുദ്ധകാലത്ത് (1975-1994) അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയും റോഡേഷ്യയും സ്പോന്‍സര്‍ ചെയ്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സായുധ വിഭാഗം (RENAMO)  കൊലപ്പെടുത്തിയ സഹ ജേര്‍ണലിസ്റ്റുകള്‍ തന്നില്‍ കുറ്റബോധം (survivor guilt) ഉണര്‍ത്തുന്നതിനെ കുറിച്ചും കൂട്ടോ ഏറ്റു പറഞ്ഞിട്ടുണ്ട്. “ഞാന്‍ കാല്‍പ്പനികനാവുകയാവാംപക്ഷെ അത് അവര്‍ എന്നോട് പറയുമ്പോലെയാണ് : നീയൊരാളാണ് കഥകള്‍ പറയുക.”

ഇളംമുറക്കാരും വയോധികരും / മരിച്ചുപോയവരും തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലുള്ള ആഖ്യാനസ്വഭാവം കൂട്ടോയുടെ കൃതികളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. 2006-ല്‍ പുറത്തിറങ്ങിയ  'സ്വപ്നാടക ദേശ' (സ്ലീപ്പ് വാക്കിംഗ് ലാന്‍ഡ്ത്തില്‍ ആഖ്യാനം പിന്തുടരുന്നത് പതിനൊന്നുകാരനായ മുയ്ദിന്‍ഗയേയും വയോധികനായ ത്വാഹിറിനെയുമാണ്. ..........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/sleepwalking-land-by-mia-couto

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: പേജ് 23-30

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് )

 

More from Mia Couto:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html


The Tuner of Silences by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post.html

 

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html

Tuesday, September 20, 2016

The Tuner of Silences by Mia Couto / David Brookshaw

യാഥാര്‍ത്ഥ്യം ഉന്മാദത്തെ അധിനിവേശിക്കുമ്പോള്‍


മിയാ കൂട്ടോയെ (António “Mia” Emílio Leite Couto) മനസ്സിലാക്കാന്‍ ‘പാശ്ചാത്യലോകം ‘ആഫ്രിക്ക എന്നീ നിര്‍മ്മിതദ്വന്ദ്വ ധാരണ ഒഴിവാക്കേണ്ടതുണ്ട്. കൂട്ടോ വെള്ളക്കാരനാണ്, എന്നാല്‍ ആഫ്രിക്കക്കാരന്‍ ആവാതെ പോകുന്നുമില്ല. ഒരു ‘ആഫ്രിക്കന്‍ എഴുത്തുകാരന്‍ എന്നുതന്നെയാണ് ആഗോള പോര്‍ച്ചുഗീസ് സാഹിത്യ ലോകത്ത് അദ്ദേഹം അടയാളപ്പെടുന്നത്. മാജിക്, ഫാന്റസി, അസാധാരണം എന്നൊക്കെ തോന്നിക്കുകയും ഒടുവില്‍ എല്ലാം തികച്ചും യാഥാര്‍ത്ഥ്യം തന്നെയായിരുന്നു എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന അപൂര്‍വ്വ രചനാ സിദ്ധിയുടെ ഉടമയായാണ് മിയാ കൂട്ടോ മനസ്സിലാക്കപ്പെടുന്നത്‌. അദ്ദേഹത്തിന്‍റെ പതിവു വിവര്‍ത്തകന്‍ ഡേവിഡ്‌ ബ്രൂക്ക് ഷോ ഇംഗ്ലീഷിലെത്തിച്ച The Tuner of Silences അതീവ ചാരുതയുള്ള വായനാനുഭവം ആയിത്തീരുന്നതിനു പിന്നില്‍, മൂലകൃതിയുടെ കാവ്യാത്മകതയും ഭാവഗരിമയും ഒപ്പിയെടുത്ത വിവര്‍ത്തനത്തിന്റെ മികവ് സുവിദിതമാണ്‌. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി പിതാവു പകര്‍ന്നുനല്‍കിയ പുറംലോകം നിലനില്‍ക്കുന്നില്ല എന്ന അറിവോടെ ഒരു വലയിത ഇടത്തില്‍ വളര്‍ന്നുവരുന്ന എംവാനിറ്റോ എന്ന പതിനൊന്നുകാരനിലൂടെ ആഖ്യാനം ചെയ്യപ്പെടുന്ന നോവല്‍, മിയാ കൂട്ടോയുടെ രചനാ സൌഷ്ടവത്തിന്റെ ലക്ഷണമൊത്ത തികഞ്ഞ മാതൃകയാണ്.


ചരിത്രഭാരവും സാംസ്കാരിക പിന്മടക്കവും

'സ്വപ്നാടക ദേശ'ത്തിലേത് പോലെ 'നിശ്ശബ്ദത ചിട്ടപ്പെടുത്തന്നവനി'(The Tuner of Silences) ലും പ്രധാന ആഖ്യാതാവ് ഒരു പതിനൊന്നുകാരന്‍ തന്നെ- എംവാനിറ്റോ. മുയ്ദിന്‍ഗയെ പോലെ ഒരു മുലാറ്റോ അല്ലെങ്കിലും അമ്മ വഴി അവനിലും ജ്യേഷ്ഠന്‍ എന്‍ടൂന്‍സിയിലും കറുപ്പുനിറത്തിനു ഇത്തിരി വിളര്‍ച്ച പറ്റിയിട്ടുണ്ടെന്ന് അച്ഛന്‍ നിരീക്ഷിക്കും. മൊസാംബിക്കിന്റെ ചരിത്രവിധിയുടെ ഭാരം തന്നെയാണ് അവരുടെ ലോകത്തെയും നിര്‍ണ്ണയിക്കുന്നത്. അച്ഛനും ജ്യേഷ്ഠനും സാക്കറി കലാഷ് എന്ന ഭൃത്യനും അധികം ദൂരെയല്ലാതെ അങ്കിള്‍ അപ്രോക്സിമാഡോയും അടങ്ങുന്ന ഒരു കവചിത സമൂഹമായി അച്ഛന്‍ 'ജസൂസലേം' എന്ന് പേരിട്ട, ഉപേക്ഷിക്കപ്പെട്ട ഒരു പഴയ വന്യമൃഗ സങ്കേതത്തില്‍ അവര്‍ കഴിയുന്നു. ഒരു പേരുമാറ്റം ആവാശ്യമില്ലാത്ത വിധം മുട്ടയില്‍ നിന്ന് വിരിഞ്ഞു തുടങ്ങുക മാത്രമായ എംവാനിറ്റോ ഒഴികെ ആരുടേയും പേര് യഥാര്‍ത്ഥമല്ല; ദുരൂഹമായ ഒരു ഭൂതകാലത്തില്‍ നിന്നോ തന്നെ പിടി മുറുക്കിക്കൊണ്ടിരിക്കുന്ന ഉന്മാദത്തിന്റെ ആവേശിക്കല്‍ കാരണമോ നഗരത്തിലുണ്ടായിരുന്ന വീട് വിട്ടു ദൈവം പോലും ഉപേക്ഷിച്ച 'ജീസസ് സ്വയം കുരിശു വിട്ടിറങ്ങുന്ന (where Jesus would uncrucify himslef)' ഇടത്തിലേക്ക് ചേക്കേറുമ്പോള്‍ അച്ഛന്‍ എല്ലാവരെയും പെരുമാറ്റിയിരുന്നു ('debaptise'). അച്ഛന്‍ സ്വയം മറ്റെയാസ് വെഞ്ച്യൂറ എന്ന പേര് സില്‍വെസ്ട്രെ വിറ്റാലീഷ്യോ എന്ന് മാറ്റിയതും ബാഹ്യലോകത്തെ 'പീഡിതമായ ആത്മാക്കള്‍ പോലുമില്ലാത്ത' 'നിശ്ശൂന്യമായ' 'അങ്ങകലെ' എന്ന് മാത്രം മക്കളെ ബോധ്യപ്പെടുത്തുന്നതും യുദ്ധം അവശേഷിപ്പിച്ച /ഉല്‍പ്പാദിപ്പിച്ച ഉന്മാദത്തിന്റെയും സംസ്കൃതിയിലെ തിരിച്ചു പോക്കിന്റെ (atavism)യും അടയാളങ്ങളാണ്. ജെസബേല്‍ എന്ന പെണ്‍ കഴുതയില്‍ അയാള്‍ തന്റെ ലൈംഗിക ചോദനകള്‍ക്ക് ലജ്ജാലേശമില്ലാതെ ഇടം കണ്ടെത്തുന്നതും കുടുംബത്തില്‍ കടുത്ത ഏകാധിപതിയായി പെരുമാറുന്നതും ഇതേ മാനസികാവസ്ഥയുടെ ഭാഗമാണ്. .........
തുടര്‍ വായനയ്ക്ക്:

http://navamalayali.com/2016/08/29/mia-couto-fazal-rahman-reading/

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 130-138

To purchase, contact ph.no:  8086126024)

More from Mia Couto:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html 

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html

Thursday, August 18, 2016

GraceLand by Chris Abani

മറ്റൊരിടത്തെ ജീവിതം- അതൊരു വര്‍ണ്ണ സ്വപ്നമല്ല


പതിനഞ്ചാം വയസ്സില്‍ പ്രസിദ്ധീകരിച്ച ഒരു ത്രില്ലര്‍ ഭരണകൂട വിരുദ്ധ കലാപത്തിനു തിരികൊളുത്തിയെന്നു വ്യാഖ്യാനിക്കപ്പെടുക, പതിനെട്ടു വയസ്സുമുതല്‍ കിരാതമായ പട്ടാളഭരണത്തിന്റെ തടവില്‍, രാജ്യത്തെ ഏറ്റവും ഭയാനകമായ എകാന്തത്തടവറയില്‍ ഉള്‍പ്പടെ ആറു വര്‍ഷങ്ങളോളം കഴിയേണ്ടി വരിക, തൂക്കുകയറിന്റെ നിഴലില്‍ നിന്ന് കൈക്കൂലിയായി സുഹൃത്തുക്കള്‍ കൈമടക്കിയ പണവും ആയുസ്സിന്റെ ബലവും കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു അന്യ ദേശത്തു പ്രവാസജീവിതം നയിക്കുക, തുടര്‍ന്ന് ലോകമറിയുന്ന കവിയും നോവലിസ്റ്റുമായി സ്വയം അടയാളപ്പെടുത്തുക. നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരന്‍ ക്രിസ് അബാനിയുടെ ജീവചരിത്രം ഇതൊക്കെയുമാണ്. എല്ലാറ്റിനും മുമ്പേ, പോസ്റ്റ്‌ കൊളോണിയല്‍ നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിത ഘട്ടമായിരുന്ന ബിയാഫ്രന്‍ സംഘര്‍ഷത്തില്‍ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ്‌ വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ആ കഥകളൊക്കെ കേട്ടുകൊണ്ടും അതിന്റെ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായ ഇംഗ്ലണ്ടിലേക്കുള്ള പ്രവാസത്തിലും ഒക്കെയാണ്. കുട്ടിക്കാലത്ത് കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ജീവിതങ്ങളുടെ പാരുഷ്യം അബാനിയുടെ നോവലുകളില്‍ തീവ്രവും കാവ്യാത്മകവും, എന്നാല്‍ ഒരു ഘട്ടത്തിലും അതിവൈകാരികത പുരലാത്തതുമായ ഭാഷയില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായും കൌമാര- യൌവ്വനാരംഭ ഘട്ടത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ പല പ്രധാന കൃതികളിലും കടന്നു വരുന്നത്. പതിനാലു വയസ്സിനിടെ ഗാര്‍ഹിക പീഡനത്തിന്റെയും ആവര്‍ത്തിച്ചുള്ള ലൈംഗികകയ്യേറ്റങ്ങളുടെയും ലൈംഗിക മനുഷ്യക്കടത്തിന്റെയും നിയമത്തിന്റെതന്നെ വെട്ടയാടലിന്റെയും ദുരിതങ്ങളിലൂടെ കടന്നുപോവുകയും പോംവഴികളൊന്നുമില്ലാതെ അടഞ്ഞുപോയ ജീവിത സാഹചര്യങ്ങളില്‍നിന്നു മോചനം തേടി തെംസ് നദിയുടെ ആഴങ്ങളില്‍ മറയുകയും ചെയ്യുന്ന അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന 'ബികമിംഗ് അബിഗേയ്ല്‍', സന്തുഷ്ടമായ കുടുംബ സാഹചര്യങ്ങളിലേക്ക് ആഭ്യന്തരയുദ്ധം അധിനിവേശം നടത്തുന്നതോടെ പ്രിയപ്പെട്ടവരേ നഷ്ടമാവുകയും ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുഖമുദ്രയായ ബാല യോദ്ധാക്ക (child soldiers) ളില്‍ ഒരാളായി, റിബല്‍ സൈന്യത്തിന് വേണ്ടി മൈന്‍ നിര്‍വ്വീര്യമാക്കുന്ന ജോലിയില്‍ ഏര്‍പ്പെടാന്‍ നിയുക്തനാവുകയും ചെയ്യുന്ന മൈ ലക്ക് എന്ന കൗമാരക്കാരന്റെ ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങള്‍ ഭ്രമാത്മകവും ഭീകരതയുടെ വിചിത്രസൗന്ദര്യമിയന്ന സാന്ദ്രവുമായ ഭാഷയില്‍ ചിത്രീകരിക്കുന്ന സോംഗ് ഫോര്‍ നൈറ്റ്‌ എന്നിവയെ പോലെ മറ്റൊരു കൗമാരക്കാരന്റെ അതിജീവന സാഹസങ്ങളിലേക്ക് തന്നെയാണ് അവയെപ്പോലെതന്നെ 'മുതിര്‍ന്നുവരവിന്റെ കഥ'യായ ഗ്രേസ്‌ ലാന്‍ഡ്‌ എന്ന നോവലും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

ഓര്‍മ്മകളുടെ ചതുപ്പുകള്‍ - അതിജീവനത്തിന്റെയും............


തുടര്‍ന്ന് വായിക്കാന്‍:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 86-86)