Featured Post

Sunday, January 7, 2018

In the Country of Men by Hisham Matar

ആണ്‍കോയ്മയുടെ ശൂന്യസ്ഥലികള്‍


1970-ല്‍ ന്യു യോര്‍ക്കില്‍ ജനിച്ച ഹിഷാം മതാര്‍ ലിബിയന്‍ മാതാപിതാക്കളോടൊപ്പം മൂന്നാം വയസ്സില്‍ ട്രിപ്പോളിയില്‍ എത്തിയതോടെ സൌഭാഗ്യകരമായ ബാല്യത്തിന്റെ ജീവിത പരിസരങ്ങളില്‍ നിന്ന് കലുഷമായ ഒരു നാടിന്റെ അന്തരീക്ഷത്തിലേക്കാണ് പറിച്ചു നടപ്പെട്ടത്. ഒമ്പതാം വയസ്സില്‍, ലിബിയന്‍ ഏകാധിപതി മുഅമ്മാര്‍ ഗദ്ദാഫിയുടെ അധികാരാവരോഹണത്തെ തുടര്‍ന്ന് കുടുംബ സമേതം ഇജിപ്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായത്തോടെ ഹിഷാമിന്റെയും സഹോദരന്റെയും സ്കൂള്‍ വിദ്യാഭ്യാസം കൈറോയിലായി. തുടര്‍ന്ന് 1986-ല്‍ ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍ എത്തിയ ഹിഷാം അവിടെ നിന്ന് ആര്‍ക്കിടെക്ച്ചര്‍ ബിരുദം നേടി. 1990-ല്‍ വിമതന്‍ എന്ന പേരില്‍ ഇജിപ്ത്യന്‍ രഹസ്യപ്പോലീസ് കൈറോയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ലിബിയന്‍ ഭരണകൂടത്തിനു കൈമാറിയ പിതാവ് ജബല്ല മതാറിനെ കുറിച്ച് പിന്നീട് ദുരൂഹതകള്‍ മാത്രമാണ് അവശേഷിച്ചത്. അപ്രത്യക്ഷനായതിനു ശേഷം ആറു വര്‍ഷം കഴിഞ്ഞ് 1996-ല്‍ പിതാവിന്റെ സ്വന്തം കൈപ്പടയില്‍ വീട്ടിലെത്തിയ കത്തില്‍ നിന്നാണ് അദ്ദേഹത്തിനു എന്ത് സംഭവിച്ചു എന്നതിന്റെ ആദ്യ സൂചനകള്‍ കുടുംബത്തിനു ലഭിക്കുന്നത്. 2002-ല്‍ പിതാവ് ജീവിച്ചിരിപ്പുണ്ട് എന്ന സൂചനകള്‍ ലഭിച്ചതില്‍ നിന്ന് ട്രിപ്പോളിയിലെ കുപ്രസിദ്ധമായ അബുസലീം ജയിലിലാക്കപ്പെട്ടിരുന്നവരില്‍ 1996-ലെ കൂട്ടക്കൊലക്ക് വിധേയരായ 1200 പേരില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല എന്ന് അനുമാനിക്കാനായി. ഇന്നും ദുരൂഹത മാത്രം ശേഷിക്കുന്ന ആ കാണാതാവലിന്റെ പിന്നാമ്പുറമായും പിതാവിനെ തേടിയുള്ള അന്വേഷണങ്ങളായുമാണ് ഹിഷാമിന്റെ നോവലുകള്‍ In the Country of Men, Anatomy of a Disappearance എന്നിവയും The Return എന്ന നോണ്‍ ഫിക് ഷന്‍ കൃതിയും രചിക്കപ്പെട്ടത്‌. ഒരു ഒമ്പതു വയസ്സുകാരന്റെ കണ്ണിലൂടെ ഗദ്ദാഫിയുടെ അധികാരാവരോഹണ ഘട്ടത്തിലെ ലിബിയന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അപകടകരമായ സാഹചര്യങ്ങളിലെ അതിജീവത്തിന്റെയും ദുരന്തങ്ങളുടെയും കുടുംബ കഥ ആവിഷ്കരിക്കുന്ന ‘പുരുഷന്മാരുടെ നാട്ടില്‍’ (2006) എന്ന പ്രഥമ നോവല്‍ ഗാര്‍ഡിയന്‍ ഫസ്റ്റ് ബുക്ക് അവാര്‍ഡ്, മാന്‍ ബുക്കര്‍ പ്രൈസ് എന്നിവയ്ക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും കോമണ്‍വെല്‍ത്ത് റൈറ്റെഴ്സ് പ്രൈസ്, അറബ് അമേരിക്കന്‍ ബുക്ക് അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.

1979-ലെ വേനല്‍ക്കാലം. കേണല്‍ ഗദ്ദാഫി ദാക്ഷീണ്യമില്ലാത്ത രീതിയില്‍ വിമതരെയും എതിരാളികളെയും കൊന്നൊടുക്കിയും പീഡിപ്പിച്ചും തന്റെ ഭരണം അരക്കിട്ടുരപ്പിക്കുന്ന ഘട്ടം. തന്റെ നാട്ടിലും വീട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തുടക്കം മുതലേ അങ്കലാപ്പിലാണ് ഒമ്പതുകാരന്‍ സുലൈമാന്‍ ദവാനി. ഗദ്ദാഫി ഭരണം നാടെങ്ങും അരങ്ങേറുന്ന കൊടിയ അടിച്ചമര്‍ത്തലിന്റെയും ഭീകരതയുടെയും അനുഭവങ്ങള്‍ അവനു കാണനാവും വിധം സംഭവിക്കുക അവന്റെ ഏറ്റവും നല്ല സുഹൃത്തിന്റെ പിതാവും കോളേജ് അധ്യാപകനുമായ ഉസ്താദ് റഷീദിന്റെ കാര്യത്തിലാണ് – ടെലിവിഷനില്‍ ആവര്‍ത്തിച്ചു കാണിക്കുന്ന ‘കുറ്റസമ്മതം’, ബാസ്കറ്റ്ബാള്‍ സ്റ്റേഡിയത്തിലെ പരസ്യമായ തൂക്കിലേറ്റല്‍ എന്നിവ. സ്വന്തം കുടുംബത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ശൈഥില്യത്തിനും അവന്‍ ദൃക്സാക്ഷിയാണ്. ജനാധിപത്യവാദിയെന്ന നിലയില്‍ വേട്ടയാടപ്പെടുന്ന പിതാവും രോഷവും നൈരാശ്യവും ഉള്ളിലൊതുക്കി ‘നിഗൂഡ’മായ അസുഖത്തിനു മരുന്നെന്ന വ്യാജേന രഹസ്യമായി വാങ്ങുന്ന മദ്യത്തില്‍ മുങ്ങിത്താഴുന്ന യുവ മാതാവുമാണ് അവനുള്ളത്. നാടിനെ മൂടുന്ന രഹസ്യാത്മകത കുടുംബത്തെയും ഗ്രസിച്ചിരിക്കുന്നു. ബിസിനസ് ആവശ്യാര്‍ത്ഥം എന്ന് ഇടയ്ക്കിടെ ‘നാടുവിടുന്ന’ പിതാവ് ഫറാജിനെ അതെ സമയം പട്ടണത്തില്‍ കാണാനാവുന്നുണ്ട്. രഹസ്യമായി ചെറുത്തുനില്‍പ്പു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഫറാജ് ഒമ്പത് വയസ്സുകാരന് പിടികിട്ടാത്ത വസ്തുതയാണ്. മാതാവ് നജ് വയോടൊപ്പം വീട്ടില്‍ തനിച്ചാവുന്ന സുലൈമാന് മദ്യാസക്തിയിലും വൈകാരിക സംഘര്‍ഷങ്ങളിലും പെട്ടുപോകുന്ന അവരോടു ഉത്തരവാദിത്തവും ഒപ്പം നിസ്സഹായതയും അനുഭവപ്പെടുന്നുണ്ട്. “മമ്മയും ഞാനും മിക്ക സമയവും ഒരുമിച്ചായിരുന്നു- അവര്‍ തനിച്ച്, എനിക്ക് അവരെ വിട്ടുപോകാനാവാതെ. ഒരൊറ്റ നിമിഷത്തേക്കു പോലും, നോട്ടത്തിന്റെ കാഠിന്യം കുറയ്ക്കാനായി, ഞാന്‍ മറ്റെങ്ങോട്ടെങ്കിലും കണ്ണു പായിച്ചാല്‍ ലോകം എങ്ങനെ മാറിപ്പോകും എന്ന് ഞാന്‍ ഭയന്നു. എന്റെ ശ്രദ്ധ പൂര്‍ണ്ണമായും അര്‍പ്പിച്ചാല്‍ അപകടം അകറ്റി നിര്‍ത്താനാവും എന്നും അവര്‍ സുഖം പ്രാപിച്ചും ചീത്തയാവാതെയും ഇനിയും സ്വയം നഷ്ടപ്പെട്ട്  മറുതീരത്ത് തനിയെ കാത്തു നില്‍ക്കേണ്ടി വരാതെയും തിരിച്ചെത്തുമെന്നും എനിക്കുറപ്പായിരുന്നു. എന്നാല്‍, അവരുടെ പ്രവചനാതീതതയും അടിയന്തിര സ്വഭാവമുള്ള കഥകളും എന്ന്റെ പീഡിപ്പിച്ചെങ്കിലും, എന്റെ ജാഗ്രതയും അന്ന് എനിക്ക് അവരുടെ രോഗം എന്ന് മാത്രം വിശദീകരിക്കാനാവുമായിരുന്ന കാര്യവും ഞങ്ങളെ, പില്‍ക്കാലം എന്‍റെ ഏറ്റവും ഉള്ളിലുള്ള സ്നേഹത്തിന്റെ ഓര്‍മ്മയായി ഞാന്‍ അറിഞ്ഞ ഒരു അടുപ്പത്തില്‍ ബന്ധിച്ചു. സ്നേഹം എവിടെയെങ്കിലും തുടങ്ങുന്നുവെങ്കില്‍, അത് ഒരു കണ്ണാടി പോലെ വ്യക്തി കാരണം പുറമേക്ക് വരുന്ന ഒരു ഗോപ്യ ശക്തിയാണെങ്കില്‍, എന്നെ സംബന്ധിച്ച് അവരായിരുന്നു ആ വ്യക്തി. ചിലപ്പോള്‍ ദേഷ്യമുണ്ടായിരുന്നു; സഹതാപമുണ്ടായിരുന്നു, വെറുപ്പിന്റെ കറുത്ത ഇളം ചൂടുള്ള ആലിംഗനം പോലുമുണ്ടായിരുന്നു, പക്ഷെ എപ്പോഴും സ്നേഹം, സ്നേഹത്തിന്റെ പ്രാരംഭം കുറിക്കുന്ന സന്തോഷം.” ഭര്‍ത്താവിന്റെ പുസ്തകങ്ങള്‍ കത്തിച്ചു കളയാനും ചുവരില്‍ ഗദ്ദാഫിയുടെ പദം തൂക്കാനും നിര്‍ബന്ധിതയാവുന്നുണ്ട്. രഹസ്യപ്പോലീസിന്റെ ടാപ്പിംഗ് കാരണം ഇങ്ങോട്ട് വരുന്ന ഭീഷണികള്‍ എന്നല്ലാതെ സ്വതന്ത്രമായി ഫോണ്‍ ഉപയോഗിക്കാന്‍ പോലുമാവില്ല. ഈ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ മമ്മയോടുള്ള തന്റെ ഉത്തരവാദിത്തം കൂടുന്നതായി സുലൈമാന് അനുഭവപ്പെടുന്നു, “ബാബ അകലെയായിരുന്ന ആ ശൂന്യ ദിനങ്ങളില്‍ പലപ്പോഴും അവര്‍ അലക്ഷ്യമായി വീട്ടില്‍ ചുറ്റിനടന്നു. കുളിക്കുമ്പോഴോ കണ്ണാടിക്കു മുന്നില്‍ നിന്ന് കണ്ണെഴുതുമ്പോഴോ അല്ലെങ്കില്‍ തോട്ടത്തിലിരുന്നു വരക്കുംപോഴോ പതിവുണ്ടായിരുന്ന മട്ടില്‍ ആ പതിഞ്ഞ അലസമായ ഈണത്തില്‍ ഇപ്പോള്‍ അവര്‍ പാടുന്നേയില്ലായിരുന്നു. സ്കൂളില്‍ നിന്ന് വീട്ടിലേക്കു മടങ്ങുകയും വിരലുകള്‍ ചുവരില്‍ ഉരസുകയും ചെയ്യുമായിരുന്ന ഒരു പെണ്‍കുട്ടിയെ താനറിയാതെ തന്നില്‍ നിന്ന് ആവാഹിക്കുമായിരുന്ന ആ പാട്ട്: ഇറ്റാലിയന്‍ കോഫി ഹൗസിന് മുമ്പില്‍ ഒരു നിമിഷം, നിഷ്കളങ്കതയുടെ തെളിമയില്‍ സുരക്ഷിതമായിരുന്ന ഒരു നിമിഷം, “വേണ്ട,” എന്നൊന്ന് പറയാന്‍ പോലുമുള്ള അവസരം നല്‍കും മുമ്പ്, തര്‍ക്കിക്കുന്നതിനു മുമ്പ്, അവളെ സ്ത്രീത്വത്തിലേക്കും പിന്നീട് തിരിച്ചൊരു വഴിയില്ലാത്ത വിധം മാതൃത്വത്തിലേക്കും അതിരു കടത്തുകയും ചെയ്ത ആ ശീഘ്ര ശക്തിക്ക് മുമ്പ്.”

മമ്മ പറയുന്ന കഥകളില്‍, ഒരു ഇറ്റാലിയന്‍ റസ്റ്ററെന്റില്‍ ആണ്‍കുട്ടികള്‍ കൂടിയുള്ള കൂട്ടുകാരോടൊപ്പം കാപ്പി കഴിച്ചതിന്റെ പേരില്‍ അഭിമാന സംരക്ഷണാര്‍ത്ഥം എത്രയും വേഗം നടത്തേണ്ടതെന്ന കുടുംബത്തിലെ പുരുഷന്മാരുടെ തീരുമാനത്തിന് വിധേയമായി പതിനാലാം വയസ്സില്‍ വിവാഹിതയാവാനും പതിനഞ്ചാം വയസ്സില്‍ അവന്റെ മാതാവാകാനും നിര്‍ബന്ധിതയായ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയായാണ് നോവലിന്റെ തലക്കെട്ടില്‍ സൂചിതമാകുന്ന പുരുഷ മേധാവിത്ത സമൂഹത്തിലെ പെണ്ണനുഭവം എന്ന പ്രമേയം കടന്നു വരുന്നത്. അന്ന് തനിക്കു വേണ്ടാതെ ഉരുവായത് മൂലം നശിപ്പിച്ചുകളയാന്‍ അവള്‍ ആഗ്രഹിച്ച കുഞ്ഞായിരുന്നു സുലൈമാന്‍ എന്ന് അവള്‍ ഓര്‍ക്കുന്നുണ്ട്. കുടുംബത്തിലെ പുരുഷന്മാരുടെ സംഘം എന്നത് നോവലിലെ ദേശാനുഭാവത്തില്‍ ഗദ്ദാഫിയുടെ ‘ഹൈ കൌണ്‍സി’ലിന്റെ ഒരു ചെറുപതിപ്പ് തന്നെയാണ്. പുരുഷ ലോകവുമായുള്ള തന്റെ അനുഭവം വെച്ച് അവരെയെല്ലാം അപകടകാരികളായ വിഡ്ഢികളായി തന്നെയാണ് നജ് വ മനസ്സിലാക്കുക. സ്വയം ഒരമേരിക്കന്‍ യുവതിയെ വിവാഹം ചെയ്തവനായിരുന്നു എന്നതൊന്നും സഹോദരിയുടെ കാര്യത്തില്‍ പരമ്പരാഗത കടും പിടുത്തം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് നജ് വയുടെ സഹോദരനെ പിന്തിരിപ്പിക്കുന്നില്ല. സമൂഹം ആവശ്യപ്പെടുന്ന വിധേയത്വത്തിലേക്ക് കീഴ്പ്പെട്ട്‌ ഭര്‍ത്താവും കുഞ്ഞും എന്ന ‘ലോകം’ അംഗീകരിച്ചു കഴിഞ്ഞു നജ് വ. നോവലിന്റെ ഹൃദയത്തില്‍ സുലൈമാന് ഉമ്മയോടുള്ള സ്നേഹം തന്നെയാണെങ്കിലും ഫറാജ് വീട്ടിലില്ലാത്ത സന്ദര്‍ഭത്തിലെല്ലാം മദ്യത്തില്‍ മുങ്ങിത്താഴുന്ന ഉമ്മയുടെ കണ്ണുവെട്ടിച്ച് ഇടക്കൊക്കെ അവന്‍ തന്റെ പ്രിയ സുഹൃത്ത് കരീം റഷീദിനെയും അവന്റെ പിതാവിന്റെ സുഹൃത്ത് മൂസയേയും അഭയം പ്രാപിക്കുന്നു.

സുലൈമാന്റെ ആഖ്യാനത്തിലൂടെ ട്രിപ്പോളിയുടെ ചരിത്ര ഘട്ടത്തെയും സാധാരണ മനുഷ്യര്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്ന രീതിയും അവതരിപ്പിക്കുക എന്നത് നോവലിസ്റ്റിനെ സംബന്ധിച്ചേടത്തോളം വലിയൊരു സര്‍ഗ്ഗാത്മക വെല്ലുവിളിയാണ്. ദേശം നേരിടുന്ന രാഷ്ട്രീയ, ബൌദ്ധിക ശൂന്യത വ്യക്തമാകുന്ന രംഗങ്ങള്‍ നോവലിലുണ്ട്: ഗദ്ദാഫിയുടെ റവലൂഷനറി ഗാര്‍ഡിലെ അംഗങ്ങള്‍ ടൈപ്റൈറ്റര്‍ കയ്യിലുള്ള ഒരാളെ വേട്ടയാടുന്ന ഒരു രംഗം ഉദാഹരണം. തന്റെ അപക്വമായ ദര്‍ശനങ്ങള്‍ പാഠപുസ്തകങ്ങളിലൂടെ പോലും പ്രച്ചരിപ്പിക്കുമായിരുന്ന ഏകാധിപതി ബുദ്ധിജീവികളെ ഭയപ്പെട്ടിരുന്നതിന്റെ ചിത്രമാണത്. ഇവിടെയൊക്കെ ആഖ്യാതാവിനു പൂര്‍ണ്ണമായും മനസ്സിലാകാത്ത കാര്യങ്ങളാണ് ആവിഷ്കരിക്കപ്പെടുന്നത്. ഉസ്താദ് റഷീദിന്റെ അറസ്റ്റും തൂക്കിലെറ്റപ്പെടലും പോലെ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യ പോലീസിന്റെ ശ്രദ്ധ ക്ഷണിച്ചു വരുത്തുന്നതും ഫോണ്‍ ടാപ്പ് ചെയ്യപ്പെടുന്നതും റവലൂഷനറി കമ്മിറ്റി ഒടുവില്‍ പിതാവിനെ അറസ്റ്റ് ചെയ്യുന്നതും എന്തിനെന്നു സുലൈമാന് പൂര്‍ണ്ണമായും അറിയില്ല. കൊടിയ ജയില്‍ പീഡനങ്ങള്‍ക്കൊടുവില്‍ ശാരീരികവും മാനസികവുമായി തകര്‍ന്ന മനുഷ്യനായാണ് ഫറാജ് ഏറെ നാളുകള്‍ക്ക് ശേഷം തിരിച്ചെത്തുക. ഏകാധിപത്യം തന്നെപോലുള്ള കുട്ടികളുടെയും തന്റെ ഉമ്മയെ പോലുള്ള സ്ത്രീകളുടെയും മാത്രമല്ല മുതിര്‍ന്ന മനുഷ്യരുടെയും ജീവിതങ്ങള്‍ ഉഴുതുമറിക്കുന്നതെങ്ങനെ എന്ന് ഇളം പ്രായത്തില്‍ തന്നെ സുലൈമാന്‍ മുഖാമുഖം കാണുകയാണ്. തകര്‍ന്നു പോയ ഫറാജിനെ ശുശ്രൂഷിക്കാന്‍ ആവതു ശ്രമിക്കുമ്പോഴും അയാളുടെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ നജ് വക്ക് കഴിയുന്നില്ല; വീട്ടിനു പുറത്തു അവര്‍ക്കൊരു ജീവിതവുമില്ല. പുരുഷന്മാരാണ് വീട് ഭരിക്കുന്നത്‌. പക്ഷെ അതും വലിയ ശക്തികള്‍ പിടിമുറുക്കും വരെ മാത്രം. ഇതിനനുസൃതമായി ചിട്ടപ്പെടുത്തപ്പെട്ട ശ്വാസം മുട്ടിക്കുന്ന ഒതുങ്ങിയ ജീവിതരീതിയാണ് സുലൈമാനും ഉള്ളത്. വീടിനും തോട്ടത്തിനും അപ്പുറം കാര്യമായൊന്നും പുറത്തു പോകാത്ത സുലൈമാന്‍ വല്ലപ്പോഴും തെരുവില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങുമെങ്കിലും അപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ്. കാരണം ആ കുട്ടികള്‍ ഒന്നുകില്‍ പുതുതായി ഉദയം കൊണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ സമൂഹത്തില്‍ നിന്നോ അല്ലെങ്കില്‍ ജനാധിപത്യ വാദികളായ ആക്റ്റിവിസ്റ്റുകളുടെ മക്കളോ ആണ്. പുറം ലോകം വല്ലപ്പോഴും വീടുമായി ബന്ധപ്പെടുമ്പോള്‍ അത് ഭീഷണികളോ റവലൂഷനറി കമ്മിറ്റിയുടെ ഭീകരതകള്‍ ഒളിപ്പിച്ചു വെച്ച ടെലിവിഷന്‍ വിചാരണകളോ അറിയിപ്പുകാളോ ആണ്. തന്റെ അങ്കലാപ്പും അജ്ഞതയും കാരണം സുലൈമാന്‍ തന്നെ കരീമിനെയും സ്വന്തം പിതാവിനെ തന്നെയും ഒറ്റിക്കൊടുക്കുന്നതില്‍ പങ്കാളിയാവുന്നുണ്ട്. കരീമിന്‍റെ രഹസ്യങ്ങള്‍ മറ്റു കുട്ടികള്‍ക്ക് അവന്‍ പറഞ്ഞുകൊടുക്കാന്‍ ഇടയാവുമ്പോള്‍, സുരക്ഷാ വകുപ്പിനോട് സഹകരിക്കുന്നത് ഒടുവില്‍ പിതാവിനെ രക്ഷിക്കും എന്ന മിഥ്യാ ധാരണയാണ് അവനെ വഴിതെറ്റിക്കുക. സര്‍വ്വാധിപത്യം വിഷയമായി വരുന്ന കൃതികളില്‍ പലപ്പോഴും കാണാവുന്ന ഒന്നാണ് ഇരകള്‍ തന്നെ പരസ്പരം നടത്തുന്ന ഇത്തരം ഒറ്റിക്കൊടുക്കല്‍. അതിന്റെ ദൂഷിത വലയത്തില്‍ നിന്ന് ആരും മുക്തരല്ലതന്നെ. വാസ്തവത്തില്‍, ഗദ്ദാഫി വിരുദ്ധരായിരുന്ന ചെറുത്തുനില്‍പ്പുകാരും നൈതികമായോ ധൈഷണികമായോ കുറ്റമറ്റവരോ ഉന്നതരോ അല്ല എന്ന സൂചനകള്‍ നോവലില്‍ എങ്ങുമുണ്ട്. സുലൈമാന്‍ തന്റെപക്വതയില്ലായ്മയിലാണ് ഫലത്തില്‍ ഒരു ഒറ്റുകാരന്‍ ആവുന്നതെങ്കില്‍, പീഠനം ദുസ്സഹമാവുന്ന ഘട്ടത്തില്‍ ഫറാജ് തന്നെയും തന്റെ കൂട്ടാളികലേ ഒറ്റിക്കൊടുക്കുന്നുണ്ട്. ഒരു പക്ഷെ അത് കുടുംബത്തിന്റെ രക്തത്തില്‍ തന്നെയുള്ള ദൌര്‍ബല്യമാവാം. എന്നാല്‍ പിടിക്കപ്പെടുന്ന മറ്റു വിപ്ലവകാരികളിലും ഈ ദൌര്‍ബല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘രക്തസാക്ഷികളുടെ ചത്വര’ത്തിലേ രഹസ്യ ഫ്ലാറ്റില്‍ ഒരുമിച്ചു കൂടി വിദ്യാര്‍ഥികളെയും മറ്റു യുവ ജനതയെയും കലാപത്തിനു പ്രേരിപ്പിക്കുന്ന ലഘു ലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നവര്‍ ആത്മരക്ഷയുടെ പ്രലോഭനങ്ങള്‍ മറികടക്കുന്നതില്‍ എപ്പോഴും വിജയിക്കുന്നവര്‍ ഒന്നുമല്ല. അത്തരം ഒറ്റിനു വിസമ്മതിക്കുന്ന ഉസ്താദ് റഷീദിനെ പോലുള്ള ധീരരായ പോരാളികളാവട്ടെ തൂക്കുകയര്‍ അതിജീവിക്കുന്നുമില്ല.

 

കൗമാരക്കാരന്റെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്നത് കൊണ്ടാവാം, നോവല്‍ പ്രകടമായ രാഷ്ട്രീയ സംവാദ ഭാവം കൈക്കൊള്ളുന്നില്ല. ഗദ്ദാഫി വിരുദ്ധ മുന്നേറ്റങ്ങളുടെ വ്യാപ്തിയും വിശദാംശങ്ങളും നേരിട്ട് നോവലിന്റെ വിഷയവുമല്ല. ഹാഷിം മതാറിന്റെ പ്രഥമ പരിഗണന സുലൈമാന്റെ അനുഭാവാവിഷ്കാരത്തോടുള്ള സത്യസന്ധതയിലാണ്. കുടുംബാന്തരീക്ഷത്തിന്റെ പരിമിതികളില്‍ കഴിയുന്ന കൌമാരക്കാരന് പുറം ലോകത്തെ കുറിച്ച് പരിമിതമായെ കാഴ്ചകളും സ്വരങ്ങളും അനുഭവവേദ്യമാകുന്നുള്ളൂ. എന്നാല്‍, ഇരുപത്തിനാലു വയസ്സിലെത്തിയ സുലൈമാന്‍ തന്റെ പിന്നിട്ട കാലം ഓര്‍ത്തെടുക്കുന്ന രീതിയിലാണ് ആഖ്യാനം നടത്തുന്നത് എന്നത് അന്ന് ചേരാതെ പോയ കണ്ണികളെ മനസ്സിലാക്കാന്‍ അവനെ സഹായിച്ചിരിക്കാം. ട്രിപ്പോളിയില്‍ അവന്റെ സുരക്ഷിതത്വത്തെ കുറിച്ച് ഭയപ്പാടുണ്ടായിരുന്ന അവടെ മാതാപിതാക്കള്‍ അവനെ കൈറോയിലേക്ക്  അയക്കുകയായിരുന്നു. അത് പക്ഷെ അവന്‍ കരുതിയതിലും നീണ്ട പ്രവാസമായിത്തീര്‍ന്നു. പിതാവിന്റെ മരണ സമയത്ത് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും അവനു ലിബിയയിലെക്ക് തിരികെ പോകാനാവുന്നില്ല. ആ അര്‍ഥത്തില്‍ അവന്‍റെ മാതാപിതാക്കളും അവനോട് ഒരു ചതി പ്രയോഗിക്കുകയായിരുന്നു എന്ന് പറയാം. കുട്ടിക്കാലത്തിന്റെ ചിതറിയ ശേഷിപ്പുകളില്‍ നിന്ന് അവനു തന്റെ ജീവിതം സ്വയം കൂട്ടിത്തുന്നിയെടുക്കണം.


 

Hope and Other Dangerous Pursuits by Laila Lalami (revised)

കാറ്റുപിടിച്ച ചങ്ങാടങ്ങള്‍



    മൊറോക്കന്‍ - അമേരിക്കന്‍ നോവലിസ്റ്റായ ലൈലാ ലലാമിജേണലിസ്റ്റ്സാമൂഹ്യ നിരീക്ഷകനോവലിസ്റ്റ് എന്നീ നിലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പുതുതലമുറ എഴുത്തുകാരിയാണ്. പുലിറ്റ്സര്‍ പുരസ്ക്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുകയും അമേരിക്കന്‍ ബുക്ക് അവാര്‍ഡ്അറബ് അമേരിക്കന്‍ ബുക്ക് അവാര്‍ഡ്ഹേസ്റ്റന്‍ റൈറ്റ് ലഗസി അവാര്‍ഡ്തുടങ്ങിയവ നേടുകയും ചെയ്ത ദി മൂര്‍സ് അക്കൌണ്ട് (2015) ഉള്‍പ്പടെ ഇതിനോടകം മൂന്ന് നോവലുകള്‍ അവരുടേതായി പുറത്തു വന്നിട്ടുണ്ട്. മൊറോക്കോയിലെ റബാത്തില്‍ ജനിച്ചു വളര്‍ന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിബ്രിട്ടീഷ് കൌണ്‍സില്‍ ഫെലോഷിപ്പോടെ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ലിംഗ്വിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് അവര്‍ മൊറോക്കോയില്‍ ജേണലിസ്റ്റ് ആയി ജോലി തുടങ്ങിയത്. ഇക്കാലം മുതല്‍ കൂടുതല്‍ തീവ്രമായി തൊട്ടറിഞ്ഞ മൊറോക്കന്‍ സമൂഹത്തിലെ ദാരിദ്ര്യവും മത തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളികളും പ്രവാസ ദുരന്തങ്ങളുമാണ് പ്രവാസ എഴുത്തുകാരില്‍ പലപ്പോഴും കാണാവുന്ന ഉദാര മഹാമാനസ്കതയുടെയും കനം കുറഞ്ഞ ഗൃഹാതുരതയുടെയും ഭാരങ്ങളില്ലാതെ തീക്ഷ്ണമായ സത്യ സന്ധതയോടെ അവര്‍ തന്റെ നോവലുകള്‍ക്ക് വിഷയമാക്കിയത്. ലൈലാ ലലാമിയുടെ പ്രഥമ ഫിക് ഷനല്‍ കൃതിയായ Hope and Other Dangerous Pursuits (2005) അവരുടെ ഉത്കണ്ഠകളെ ആഗോള വായനാ സമൂഹത്തിനു മുന്നില്‍ ആവിഷ്കരിച്ച ആദ്യ രചനയെന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

 Also by Laila Lalami: The Moor's Account by Laila Lalami

https://alittlesomethings.blogspot.com/2016/09/blog-post_27.html

പരസ്പരം ബന്ധിതമായ കഥാസമാഹാരമായും അയഞ്ഞ ഘടനയുള്ള നോവല്‍ ആയും വായിക്കാവുന്ന കൃതിയാണ് ‘പ്രതീക്ഷയും മറ്റു അപകടകരമായ അന്വേഷണങ്ങളും’. സമാകാലിക സാമൂഹ്യ ദുരന്തങ്ങളില്‍ ഏറ്റവും വലിയതെന്നു പറയാവുന്ന ഒന്നായ ആഫ്രിക്കന്‍ ദേശങ്ങളില്‍ നിന്ന് യൂറോപ്പിലേക്കുള്ള കൂട്ടപ്പാലായനങ്ങള്‍ വിഷയമാക്കുന്ന നോവല്‍ സുരക്ഷിതത്വത്തിന്റെ മാനദണ്ഡങ്ങള്‍ ഒന്നുമേ പാലിക്കാത്ത കാറ്റ് നിറച്ച ലൈഫ് ബോട്ട് ഉപയോഗിച്ച് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് മുറിച്ചു കടന്ന് മാഡ്രിഡിലേക്ക് പോകുന്ന നാലു മൊറോക്കന്‍ അഭയാര്‍ഥികളെ പിന്‍ തുടരുന്നു. സ്പെയിന്‍ ഈ വ്യക്തികള്‍ക്ക് അവരുടെ സ്വന്തം ഇരുണ്ട വിധികളെ മാറ്റിയെഴുതാനുള്ള അവസരമാണ്. ആറുപേര്‍ക്ക് അനുവദനീയമായ ബോട്ടില്‍ ഭീമന്‍ തുക നല്‍കി മുപ്പതിലേറെ പേരാണ് തള്ളിക്കയറിയിട്ടുള്ളത്. റോന്തു ചുറ്റുന്ന തീരദേശ ഗാര്‍ഡുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ തീരത്തെത്തുന്നതിനും ഇരുനൂറ്റിയമ്പത് മീറ്റര്‍ അകലെ ഇറക്കി വിടുന്ന അഭയാര്‍ഥികളില്‍ നീന്താന്‍ വശമില്ലാത്തവരും രോഗികളും കുഞ്ഞുങ്ങളും ദുര്‍ബ്ബലരും പലപ്പോഴും മരണപ്പെടുന്നു. കടലിലെ ഒഴുക്കിനനുസരിച്ച് സുരക്ഷിത ഇടങ്ങളില്‍ എത്തിപ്പെടുക എന്നത് പലപ്പോഴും ദുസ്സാധ്യമാവുകയും പിടികൂടപ്പെടുന്നവര്‍ തിരികെ അയക്കപ്പെടുകയോ തടവറകളില്‍ ഒടുങ്ങുകയോ ചെയ്യുന്നതും സാധാരണം. തിരികെ അയക്കപ്പെടുന്നവര്‍ ഇനിയും വിറ്റുപെറുക്കിയും മരീചികയാവുന്ന സുഭിക്ഷതയുടെ ജാമ്യത്തില്‍ കടമെടുത്തും വീണ്ടും സ്വപ്നങ്ങളുടെ ഭാണ്ഡം മുറുക്കുന്നു. നോവലില്‍നാലു മുഖ്യ കഥാപാത്രങ്ങളുടെ യാത്രാരംഭം ആവിഷ്കരിക്കുന്ന ‘ദി ട്രിപ്പ്‌’ എന്ന് പേരായാ ആദ്യ ഭാഗം മുറാദിന്റെ വീക്ഷണത്തിലാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. തുടര്‍ന്ന് വരുന്ന ‘മുമ്പ്’, ‘പിന്നീട്’ എന്നീ രണ്ടു ഭാഗങ്ങള്‍ ഓരോന്നും നാലുവീതം കഥകളായി നാല് കഥാപാത്രങ്ങളുടെ ജീവിതങ്ങളുടെ പുരോഭാഗങ്ങളും യാത്രാനന്തര ജീവിതങ്ങളും ആവിഷ്കരിക്കുന്നു. താരതമ്യേന ഋജുവായ ഈ ഘടന ആദ്യ രചനയുടെ പരിമിതികള്‍ ഒട്ടൊക്കെ മറികടന്ന് കഥാപാത്രങ്ങളെ അടുത്തറിയാന്‍ മാത്രമല്ല അവര്‍ നേരിടുന്ന ജീവിത യുദ്ധത്തിന്റെ തീക്ഷ്ണത ആവിഷ്കരിക്കാനും നോവലിസ്റ്റിനെ സഹായിക്കുന്നുണ്ട്.

    ഇരുപതു കടക്കുക മാത്രം ചെയ്ത മുറാദ് ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന നിലയില്‍ നില നില്‍ക്കാനുള്ള ബദ്ധപ്പാടില്‍ തോറ്റുപോകുന്നതോടെയാണ് പ്രവാസവഴി തെരഞ്ഞെടുക്കുന്നത്. കാര്‍വീട്ഫാന്‍സി വാച്ച് തുടങ്ങിയ യൂറോപ്പ്യന്‍ സ്വപ്നങ്ങളാണ് അവനെ നയിക്കുന്നത്. പിതാവിന്റെ മരണശേഷം കുടുംബ കാര്യങ്ങള്‍ നോക്കാന്‍ താന്‍ പ്രാപ്തനല്ല എന്ന ചിന്തയില്‍ നീറുമ്പോഴാണ് തട്ടിപ്പും കള്ളക്കടത്തും തൊഴിലാക്കിയ റഹാലിന്റെ കെണിയില്‍ അയാള്‍ വീഴുന്നത്. ഉമ്മയുടെ ആഭരണങ്ങള്‍ വിറ്റുകിട്ടുന്ന ഇരുപതിനായിരം ദിര്‍ഹം നല്‍കിയാണ്‌ മറ്റുള്ളവരുടെ കൂടെ അയാളും ചങ്ങാടത്തില്‍ ഇടം കണ്ടെത്തുന്നത്. കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത് കാരണം തിരികെയെത്തുമ്പോള്‍ അയാള്‍ ജീവിതത്തെ പുനര്‍ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റൊരു മുഖ്യ കഥാപാത്രമായ, പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തീവ്രസമീപനങ്ങളില്‍ ആകൃഷ്ടയായ ഫാതെന്‍ കോളേജില്‍ പരീക്ഷയില്‍ കോപ്പിയടിച്ചു പിടിക്കപ്പെടുകയും നൂറിനെ പോലുള്ള മറ്റു പെണ്‍കുട്ടികള്‍ക്കു മേല്‍ അപകടകരമായ സ്വാധീനമായിതീരുന്നത് കാരണം പഴയ സുഹൃദ് വലയങ്ങളിലും അനഭിമതയാവുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ്‌ നാടുവിടുന്നത്. മെക്കാനിക്കായി ജീവിതം പരാജയപ്പെടുന്ന അസീസ്‌ അമോര്‍ കൂടുതല്‍ സാമ്പത്തിക വിജയം നേടി ഭാര്യാ വീട്ടുകാരുടെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു. ഇതയാളുടെ രണ്ടാമത് ശ്രമമാണ്. അഞ്ചുവര്‍ഷം പെടാപ്പാടുപെട്ടാണ് അയാള്‍ പിടിച്ചു നില്‍ക്കാനാവുന്ന ഒരു ജോലി കണ്ടെത്തുന്നതും നാട്ടില്‍ ഭാര്യ സൊഹറാക്കും ഉമ്മക്കും പണമയക്കാന്‍ പ്രാപ്തനാകുന്നതും. എന്നാല്‍ ഒടുവില്‍ ഭാര്യയേയുംകൂട്ടി തിരികെ പോകാനായി നാട്ടില്‍ തിരിച്ചെത്തുന്ന അസീസ്‌, കാസബ്ലാങ്കയെ ഒരു മടുപ്പിക്കുന്ന നഗരമായി തിരിച്ചറിയുന്നു. സൊഹറായുടെ ചെറിയ ലോകം മാഡ്രിഡിലെ ജീവിതവുമായി ഇണങ്ങിപ്പോവില്ലെന്ന ചിന്തയോടെ അയാള്‍ തനിയെ തിരിച്ചു പോകുന്നു. ‘വെറും ശാരീരികം’ മാത്രമായിരുന്ന തന്റെ ഇതര ബന്ധങ്ങള്‍ സംശയപ്രകൃതമില്ലാത്ത സൊഹറയില്‍ നിന്ന് മറച്ചു വെക്കാന്‍ അയാള്‍ക്കൊട്ടും പ്രയാസമുണ്ടായിരുന്നതുമില്ല. ഹലീമാ ബൂഹംസയാകട്ടെ തന്റെ രണ്ടു മൂന്ന് മക്കളോടൊപ്പം നാടുവിടുന്നത് ഭര്‍ത്താവിന്റെ പീഡനത്തില്‍നിന്ന് രക്ഷതേടിയും വിവാഹ മോചനം കിട്ടിയാലും കുട്ടികളുടെ സംരക്ഷണാവകാശം നിലനിര്‍ത്താനും വേണ്ടിയുമാണ്. 

    വ്യത്യസ്ത കഥാപാത്രങ്ങളുടെ കാഴ്ച്ചപ്പാടുകളിലൂടെ പറയപ്പെടുന്ന കഥകളിലൂടെയാണ് മുഖ്യകഥാപാത്രങ്ങളെ നാം അടുത്തറിയുന്നത്. ഫാതെനിനെ കുറിച്ച് ആദ്യം നിരീക്ഷിക്കപ്പെടുന്നത് അവളുടെ അടുത്ത സുഹൃത്ത് നൂറിന്റെ പിതാവും മൊറോക്കന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനും പുരോഗമന നിലപാടുകാരനുമായ ലാര്‍ബി അമ്രാനിയിലൂടെയാണ്. മതതീവ്ര നിലപാടുകളുടെ കാറ്റും വെളിച്ചവുമില്ലാത്ത കാര്‍ക്കശ്യങ്ങളില്ലാതെ സ്വതന്ത്രയായി ജീവിക്കാന്‍ കഴിയും വിധം ഓമനിച്ചു വളര്‍ത്തിയ മകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അയാളെ അങ്കലാപ്പിലാക്കുന്നു. ക്ലാസിക്കല്‍ അറബിക് പരിജ്ഞാനമില്ലാത്ത മകള്‍ സയ്യിദ് ഖുതുബിന്റെ ഇസ്ലാമിസ്റ്റ് ഗ്രന്ഥങ്ങള്‍ വായിക്കുന്നതും തിയേറ്റര്‍ പോലുള്ള ഉല്ലാസങ്ങളോട് വിമുഖയാവുന്നതും അയാളെ വിഷമിപ്പിക്കുന്നു. മികച്ച വിദ്യാര്‍ഥിനിയായതുകൊണ്ട് ന്യൂ യോര്‍ക്ക്‌ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് പഠിക്കാന്‍ ലഭിക്കുന്ന സ്വപ്നതുല്യമായ അവസരം പാശ്ചാത്യ വിദ്യാഭ്യാസ വിരോധവും ഇസ്ലാമിക സംസ്കാരത്തോടുള്ള അഭിനിവേശവും കാരണം നൂറ തള്ളിക്കളയുന്നു. ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങുന്ന മകളോട് യുക്തിബോധത്തോടെ തര്‍ക്കിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതോടെ ഫാതെനിനെ ഇനി മുതല്‍ കാണരുതെന്ന് അയാള്‍ വിലക്കുന്നു. പരീക്ഷാ ഹാളില്‍ ഫാതെനിനെ കോപ്പിയടിക്കാന്‍ സഹായിച്ചു പിടിക്കപ്പെടുന്ന മകളോട് ഇതെങ്ങനെയാണ് നിന്റെ കര്‍ക്കശ നീതിബോധവുമായി ഒത്തുപോകുന്നത് എന്ന് അയാള്‍ ചോദിക്കുന്നുണ്ട്. ഫാതെനിനെ സ്കൂളില്‍നിന്ന് പുറത്താക്കുന്നതിനു പിന്നില്‍ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള ലാര്‍ബിയുടെ ഇടപെടലുണ്ട്‌. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഹലീമ തന്റെ ഉമ്മയുടെ വീട്ടില്‍ അഭയം തേടുമ്പോള്‍ മടുപ്പും വിരക്തിയും സ്നേഹനിരാസവും മുഖമുദ്രയായ കിഴവി ഇങ്ങനെയാണ് പ്രതികരിക്കുക: “വീണ്ടും?.”  എക്സ്റ്റന്‍ഷന്‍ കോഡ് കൊണ്ടുള്ള അടിയേറ്റു മുറിപ്പാടുകളുമായി വേദനിക്കുന്ന ഹലീമയുടെ അവസ്ഥ തനിയാവര്‍ത്തനമാണെന്നും ഒരു നിശ്ചയവുമില്ലാത്ത പലായനത്തിലേക്കുപോലും അവര്‍ ഇറങ്ങിത്തിരിക്കുന്നത്‌ ഒട്ടും അസ്വാഭാവികമല്ലെന്നും ഇങ്ങനെയാണ് വായനക്കാരന്‍ തിരിച്ചറിയുക. ചങ്ങാടത്തില്‍ നിന്ന് ഇറക്കിവിടുമ്പോള്‍ മുങ്ങിമരിക്കാന്‍ പോയ തന്നെയും ഇളയ രണ്ടു സഹോദരങ്ങളെയും സാഹസികമായി രക്ഷപ്പെടുത്തുന്ന കൌമാരക്കാരനായ മൂത്ത മകന്‍ ഒരു അത്ഭുതപ്രവര്‍ത്തകന്‍ വിശുദ്ധന്‍ ആയി തെറ്റിദ്ധരിക്കപ്പെടുന്നതും നിരക്ഷരരായ സ്ത്രീകള്‍ അവനെ അനുഗ്രഹത്തിനായി ശല്യം ചെയ്യുന്നതുമൊക്കെ ഇത്തിരിയൊരു നേരമ്പോക്കായാണ് ഹലീമ ഉള്‍കൊള്ളുക. ഒട്ടേറെ അപമാനത്തിനു ശേഷമെങ്കിലും ഭര്‍ത്താവ് വിവാഹമോചനം നല്‍കുന്നതോടെ ഹലീമ വീണ്ടും ഭാവിയെ കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങുന്നു. 

    പാലായനാനന്തര ഘട്ടത്തില്‍ ഓരോരുത്തരും ആയിത്തീരുന്നതെന്തോ അത് അവര്‍ സ്വപ്നം കണ്ടിരുന്ന ജീവിതത്തില്‍ നിന്ന് എത്രമാത്രം വിരുദ്ധമാണ് എന്നത് അഭയാര്‍ഥി ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നു കാട്ടുന്നുണ്ട്. ഇസ്ലാമിസ്റ്റ് കാര്‍ക്കശ്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും മറ്റുള്ളവരെ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വഴിയിലേക്ക് ആകര്‍ഷിക്കാനും ശ്രമിച്ചിരുന്ന ഫാതെന്‍ മാഡ്രിഡിലെ ഒരു ലൈംഗികത്തൊഴിലാളി ആയിത്തീരുന്നത് ഉള്ളുലക്കുന്ന അനുഭവമാണ്. സുന്ദരിയായ യുവതിയെ തേടിയെത്തുന്നവരില്‍ പതിവുകാരുണ്ട്. അക്കൂട്ടത്തില്‍ മാര്‍ട്ടിന്‍ എന്ന ഇളം യുവാവുമായി അവള്‍ക്കുണ്ടാവുന്ന ബന്ധം നോവലിലെ കൂടുതല്‍ സൂക്ഷ്മമായ ചില പ്രമേയങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ജനറല്‍ ഫ്രാങ്കോയുടെ സൈന്യത്തില്‍ പ്രവര്‍ത്തിച്ച മുത്തച്ഛനെയും അച്ഛനെയും ‘ഫാഷിസ്റ്റ് പന്നികള്‍’ എന്നൊക്കെ വിളിക്കുന്ന പുരോഗമന നിലപാടുകാരന്‍ പക്ഷെഅറബ് സ്ത്രീകളുടെ ‘ലൈംഗിക വശീകരണ മിടുക്ക്’ സംബന്ധിച്ച വാര്‍പ്പു നിലപാടുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഫാതെന്‍ അയാളുടെ രക്ഷപ്പെടുത്തല്‍ വാഗ്ദാനത്തിന്റെയെല്ലാം അപ്പുറം തിരിച്ചറിയുന്നു: “അടുത്ത തവണ നീ വേറെ ആളെ കണ്ടെത്തണം” എന്ന് അവള്‍ ആ ബന്ധം അവസാനിപ്പിക്കുന്നു. ഫാതെന്‍ തന്റെയുള്ളിലെ പോരാളിലെ ഇനിയും കൊന്നു കളഞ്ഞിട്ടില്ല. തന്നെ സഹായിക്കാന്‍ മറ്റാരുമില്ലെന്നും താന്‍ തന്നെ അത് ചെയ്യണമെന്നും ഉള്ള പുതിയ തിരിച്ചറിവിലാണ് അവള്‍ ഈദ് വിഭവങ്ങള്‍ ഒരുക്കി പിണക്കത്തിലായിരുന്ന മുറിയുടെ പങ്കുകാരിക്കു വിളമ്പുന്നത്.     

    കൂട്ടപ്പാലായനങ്ങളുടെ കഥകള്‍ അക്കങ്ങളായി ഇത്രയിത്ര ‘തീരത്തടിഞ്ഞ ജഡങ്ങ’ളും ‘കപ്പലില്‍ കണ്ടെത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാ’രും ‘രേഖകളില്ലാത്ത വീട്ടുവേലക്കാ’രും എന്നുമാത്രം പറയപ്പെടുന്ന കാലത്ത് അവര്‍ക്ക് പേരുകള്‍ നല്‍കുകയും അവര്‍ക്കോരോ കഥകള്‍ നല്‍കുകയും ചെയ്തു അവരെ വ്യക്തിവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ്. അവര്‍ക്കും പ്രതീക്ഷകള്‍ ഉണ്ടെന്നും അവര്‍ അപകടകരമായ രീതിയിലും അവയെ പിന്തുടരുകയാണെന്നുമാണ് നോവലിന്റെ തലക്കെട്ടു തന്നെയും പറഞ്ഞു വെക്കുന്നത്. നോവലിലെ രണ്ടു കേന്ദ്ര കഥാപാത്രങ്ങള്‍ സ്പെയിനില്‍ എത്തിച്ചേരുന്നതില്‍ വിജയിക്കുന്നുണ്ടെങ്കിലും അവരുടെ ജീവിതവും അത് സാധിക്കാതെ പോയവരുടെതില്‍ നിന്ന് ഗുണപരമായി ഏറെയൊന്നും വ്യത്യസ്തമല്ല എന്ന് സൂചിപ്പിക്കപ്പെടുന്നുണ്ട്. ഫാതെന്‍ മാഡ്രിഡില്‍ എത്തുന്നുവെങ്കിലും അവള്‍ക്കുപോലും അപമാനം തോന്നുന്ന ജീവിതമാണ് നയിക്കേണ്ടി വരുന്നത്. അസീസ്‌ ആവട്ടെസ്വപ്നഭൂമിയില്‍ തന്നെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സമൂഹത്തില്‍ ഏകാകിയായി കഴിയേണ്ടി വരുന്നു. തിരികെ നാട്ടിലെത്തുന്ന ഹലീമയും മുറാദും പതിയെയെങ്കിലും ജീവിതവുമായി സന്ധിയാവുന്നുമുണ്ട്. മൊറോക്കന്‍ സമൂഹത്തിന്റെ സമഗ്രമായ ഒരു പരിഛേദം സൃഷ്ടിക്കാന്‍ നോവലിസ്റ്റ് ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട് എന്ന് കാണാം: വിവാഹിതരും അവിവാഹിതരും, വിദ്യാസമ്പന്നരും നിരക്ഷരരുംസെക്കുലര്‍ ചിന്താഗതിക്കാരും മതനിഷ്ഠ ഉള്ളവരും, പുരുഷന്മാരും സ്ത്രീകളും എന്നിങ്ങനെ മുഖ്യ കഥാപാത്രങ്ങളില്‍ ദ്വന്ദ്വങ്ങള്‍ പ്രകടമാണ്. പാശ്ചാത്യ സ്വാധീനങ്ങള്‍ക്കും പരമ്പരാഗത മൂല്യങ്ങള്‍ക്കുമിടയില്‍ ഇടറി നില്‍ക്കുന്ന പോസ്റ്റ്‌ കൊളോണിയല്‍ മോറോക്കൊയുടെ ആവിഷ്കാരത്തിലാണ് ലലാമിയുടെ കൈത്തഴക്കം പ്രകടമാകുന്നത്. ഒരേ സമയം അറേബ്യനും ഒപ്പം പാശ്ചാത്യവും ആഫ്രിക്കനുമായ ഒരു ലോകത്തെയാണ് ഇത്തിരി പ്രകടനപരമാം വിധം എന്നുതന്നെ പറയാവുന്ന രീതിയില്‍ നോവല്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ എല്ലായിപ്പോഴും അവര്‍ അവതരിപ്പിക്കുന്ന സംഘര്‍ഷങ്ങള്‍ അഭയാര്‍ഥിത്വത്തിന്റെ സാര്‍വ്വലൗകിക മാനങ്ങള്‍ ഉള്ളതാണ്. 

 

    രാഷ്ട്രീയ ദര്‍ശനങ്ങളിലെ സംഘര്‍ഷങ്ങളില്‍ അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുന്ന ലോകത്ത് സ്വത്വത്തിന്റെയും പദവിയുടെയും സാംഗത്യം അന്വേഷിക്കുന്ന, 2009-ലെ ഓറഞ്ച് പ്രൈസിന് പരിഗണിക്കപ്പെട്ട Secret Son എന്ന നോവലിലേക്കും കൊളോണിയല്‍ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണ്ണമായ അധിനിവേശ പര്യടനങ്ങളില്‍ ഒന്നായ ‘നാര്‍ വെയ്സ് പര്യവേക്ഷണ’ത്തിന്റെ തമസ്കരിക്കപ്പെട്ട പിന്നാമ്പുറം ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ എസ്റ്റെവാനിക്കോ എന്ന മൂറിഷ് പര്യവേഷകന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന The Moor’s Account എന്ന കൃതിയിലേക്കുമുള്ള ലൈലാ ലലാമിയുടെ മുന്നേറ്റം തികച്ചും സ്വാഭാവികമാണ് എന്ന് കാണാം. ആദ്യകൃതിയില്‍ പ്രമേയത്തിന്റെ വൈപുല്യത്തോട് നീതിപുലര്‍ത്തുന്നതില്‍ ഇടര്‍ച്ച കാണിച്ച ക്രാഫ്റ്റിന്റെ മേല്‍ നോവലിസ്റ്റ് പിന്നീട് നേടിയ കയ്യടക്കം ‘മൂറിന്റെ ഭാഷ്യ’ത്തില്‍ വെന്നിക്കൊടി പാറിക്കുന്നതും കാണാം. 

(ഞായര്‍ പ്രഭാതം 2018 ജനുവരി 17) 

(നോവല്‍ ലോകങ്ങള്‍ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 229-235)

 

To purchase, contact ph.no:  8086126024

 More reading:

The Moor's Account by Laila Lalami

https://alittlesomethings.blogspot.com/2016/09/blog-post_27.html

The Kindness of Enemies by Leila Aboulela

https://alittlesomethings.blogspot.com/2018/08/blog-post_6.html

Aano by G. R. Indugopan (Malayalam)

https://alittlesomethings.blogspot.com/2024/06/aano-by-g-r-indugopan-malayalam.html

Exit West by Mohsin Hamid

https://alittlesomethings.blogspot.com/2017/10/blog-post_24.html

Sunday, December 10, 2017

The Madonna of Excelsior by Zakes Mda

കുരിശേറുന്ന മഡോണമാര്‍

നോവലിസ്റ്റ്, തിയേറ്റര്‍ ആക്റ്റിവിസ്റ്റ്, എച്ച്.ഐ.വി. & എയിഡ്സ് ആക്റ്റിവിസ്റ്റ്, തുടങ്ങിയ ബഹുമുഖ വ്യക്തിത്വവും അക്കാദമീഷ്യനുമാണ് വിഖ്യാത സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരന്‍ സാകെസ് എംദാ. അപ്പാര്‍ത്തീഡ് ഭരണത്തോളം തന്നെ അധികാര പ്രമത്തതയുള്ളതും അഴിമതി നിറഞ്ഞതുമായ കറുത്ത വര്‍ഗ്ഗക്കാരുടെ തന്നെ പുതിയ സര്‍ക്കാര്‍ ചെറുത്തു നില്‍പ്പിന്റെ മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിക്കുന്ന ഉത്കണ്ഠകളില്‍ പ്രധാനം. ആഫ്രിക്കന്‍ വാമൊഴിക്കഥാ വഴക്കവും ഹോസാ നാടക പാരമ്പര്യവും മാജിക്കല്‍ റിയലിസത്തിന്റെ ധാരകളും യൂറോപ്യന്‍ അസംബന്ധ നാടക വേദിയുടെ സ്വാധീനവും ഇഴ കോര്‍ക്കുന്ന ശൈലിയില്‍ അപ്പാര്‍ത്തീഡ് അനന്തര സൌത്ത് ആഫ്രിക്കന്‍ സമൂഹത്തെ ഗ്രസിക്കുന്ന ഉപഭോക്തൃ സംസ്കാരം, പാരമ്പര്യവുമായി ഏറ്റുമുട്ടുന്നതിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ പ്രമേയങ്ങള്‍ അദ്ദേഹം തന്റെ കൃതികളില്‍ ആവിഷ്കരിക്കുന്നു. കറുത്ത വര്ഗ്ഗക്കാരന്റെ കാഴ്ചപ്പാടില്‍ നടത്തപ്പെടുന്ന ഈ ആവിഷ്കാരങ്ങളില്‍ വെളുത്ത വര്‍ഗ്ഗക്കാരുടെ പങ്കു തുലോം കുറവാണ്. എംദായുടെ വിഖ്യാതമായ ആദ്യ നോവല്‍ വേയ്സ് ഓഫ് ഡൈയിംഗ് (1995) മണ്ടേലയുടെ ജയില്‍ മോചനത്തിനും അപ്പാര്‍ത്തീഡ് ഭരണം അവസാനിപ്പിച്ചു രാജ്യം ഒരു ജനാധിപത്യ രാഷ്ട്രം ആയിത്തീരുന്നതിനും ഇടയിലുള്ള സംഘര്‍ഷ കാലത്തിന്റെ പശ്ചാത്തലത്തില്‍ പട്ടണത്തിലെ ശവമടക്ക സ്ഥലങ്ങളില്‍ ഒരു മൃത്യു വിലാപക്കാരന്‍ (professional mourner) ആയി സ്വയം കണ്ടെത്തിയ തൊലോകിയെ പിന്തുടരുന്നു. പേര് പറയുന്നില്ലാത്ത ഒരു സൌത്ത് ആഫ്രിക്കന്‍ നഗരത്തിന്‍റെ പട്ടണ വീഥികളിലൂടെ ‘സ്വാഭാവിക മരണം’ എന്നത് തീര്‍ത്തും ‘അസ്വാഭാവിക’മായ കാലത്ത് തന്റെ തൊഴിലില്‍ ഏറെ തിരക്കുകളില്‍ പെട്ട് അലയുന്ന തൊലോകി വിഭാഗീയ സംഘട്ടനങ്ങള്‍ തുടര്‍ക്കഥയാവുന്ന പട്ടണങ്ങളിലൂടെ, ചേരികളിലൂടെയുള്ള യാത്രയില്‍ തന്റെ ആദ്യ പ്രണയിനിയെ വീണ്ടെടുക്കുന്നു. ഇതിവൃത്തം ചുരുള്‍ നിവരുമ്പോള്‍ വായനക്കാരന്‍ കണ്ടെത്തുന്നത് ഇതാണ്: മിക്കവാറും എല്ലാവരുടെയും മരണം തങ്ങളുടെ തന്നെ സമൂഹങ്ങളിലെ തീവ്ര നിലപാടുകാരുടെയും സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള അക്രമികളുടെയും സൃഷ്ടിയാണ്. 2000-ല്‍ പുറത്തിറങ്ങിയ ദി ഹാര്‍ട്ട് ഓഫ് റെഡ്നെസ്സ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ഹോസാ സമൂഹത്തില്‍ സംഭവിച്ച ഒരു ചരിത്ര ഘട്ടത്തെ പശ്ചാത്തലമാക്കുന്നു. നോംഖാവൂസേ എന്ന ദുരന്ത പ്രവാചികയുടെ പ്രവചനപ്രകാരം അരങ്ങേറിയ കന്നുകാലി നശീകരണം (1856 – ’57) ഹോസാ സമൂഹത്തെ വിശ്വാസികളും അവിശ്വാസികളുമായി വിഭജിക്കുകയും വരള്‍ച്ചയും പട്ടിണിയും സൃഷ്ടിച്ച ദുരിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്തു. പതിനായിരങ്ങള്‍ മരിക്കുകയും ലക്ഷക്കണക്കിന്‌ മാടുകള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം, സ്വതേ ദുര്‍ബ്ബലമായിരുന്ന സമൂഹത്തെ അവരുടെ ഭൂമിക്കു മേലുള്ള അവകാശത്തോടൊപ്പം കുടിയേറ്റക്കാരുടെ വരുതിയില്‍ പൂര്‍ണ്ണമായും എത്തിക്കുന്നതില്‍ കലാശിച്ചു. നോവലില്‍, നിരന്തരം ഇഴകോര്‍ക്കുന്ന വര്‍ത്തമാന കാലവും കഥാകാലവും, മിത്തും ചരിത്രവും തമ്മിലുള്ള സങ്കീര്‍ണ്ണമായ വിനിമയങ്ങള്‍ ചിത്രീകരിക്കുന്നതിലൂടെ കൊളോണിയല്‍ അധിനിവേശത്തെയും അത് പോലെത്തന്നെ ആഭ്യന്തര സംഘര്‍ഷങ്ങളെയും നേരിടേണ്ടി വരുന്ന തനതു സംസ്കൃതികളെ തുറിച്ചു നോക്കുന്ന അനിശ്ചിതത്വങ്ങളെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. തങ്ങളുടെ കാലികളെ മുഴുവന്‍ കൊന്നൊടുക്കിയാല്‍ ബ്രിട്ടീഷുകാര്‍ക്കു മേല്‍ വിജയം നേടാന്‍ പൂര്‍വ്വികരുടെ ആത്മാക്കള്‍ സഹായിക്കുമെന്ന് വിശ്വസിപ്പിക്കപ്പെട്ട ജനങ്ങള്‍ നേരിട്ട ആന്തരിക വിഭജന ദുരന്തങ്ങള്‍ വര്‍ത്തമാന കാലത്തും തുടരുന്നുവെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു.

 

വംശവെറിയുടെ സദാചാര നിയമം 

“ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത്‌ ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് (All these things flow from the sins of our mothers )” എന്ന ആദ്യ വാചകത്തിനും “ഞങ്ങളുടെ അമ്മമാരുടെ പാപങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങളെല്ലാം ഒന്നൊന്നായി സംഭവിക്കുന്നത് (From the sins of our mothers all these things flow)” എന്ന തിരിച്ചിട്ട അവസാന വാക്യത്തിനുമിടക്കാണ് എംദായുടെ നോവലുകളില്‍ ഏറെ പ്രിയപ്പെട്ടതായി അദ്ദേഹം തന്നെ എടുത്ത് പറയാറുള്ള മറ്റൊരു ചരിത്രോപജീവിത ആഖ്യാനമായ എക്സല്‍സ്യോറിലെ വിശുദ്ധ മാതാവ് (The Madonna of Excelsior) കഥ പറയുന്നത്. അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയിലെ ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ എക്സല്‍സ്യോര്‍ പ്രവിശ്യയില്‍ 1971-ല്‍ അരങ്ങേറിയ പ്രമാദമായ ‘എക്സല്‍സ്യോര്‍ കേസ്’ എന്നറിയപ്പെട്ട ഇരു വര്‍ഗ്ഗങ്ങളും ഉള്‍പ്പെട്ട ലൈംഗികാപവാദ ക്കേസിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായാണ് എംദയുടെ മൂന്നാമത് നോവല്‍ രചിക്കപ്പെട്ടത്‌. സംഭവത്തിന്റെ ഔദ്യോഗിക ചരിത്രത്തെ അതില്‍ ഉള്‍പ്പെട്ട കറുത്ത വര്‍ഗ്ഗക്കാരിയായ നികിയുടെയും മകള്‍ പോപിയുടെയും കാഴ്ചപ്പാടുകളിലൂടെ ആവിഷ്കരിക്കുന്നതിലൂടെ വംശീയ സങ്കരത്തിന്റെയും സംഘര്‍ഷങ്ങളുടെയും വിനിമയങ്ങളെ, അഥവാ സൌത്ത് ആഫ്രിക്കന്‍ ജീവിതത്തിന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും തന്നെ, പ്രശ്നവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ്.

1927-ല്‍ നിര്‍മ്മിക്കപ്പെടുകയും 1950 –ല്‍ പുനര്‍ നിര്‍വ്വചിക്കുകയും ചെയ്ത സദാചാര നിയമ പ്രകാരം – Immorality Act – ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രധാന മന്ത്രി ജെ. ജി. സ്ട്രൈഡോം (Johannes Gerhardus Strijdom - Prime Minister of South Africa from 30 November 1954 to 24 August 1958) ശരിയായി നിരീക്ഷിച്ച പോലെ കേപ് ടൗണില്‍ നങ്കൂരമിട്ട പര്യവേഷകര്‍ ഖോയ് ഖോയ് സ്ത്രീകളുടെ മഞ്ഞ നിറമുള്ള ശരീര ഭാഗങ്ങള്‍ കണ്ട ആദ്യ ദിനം മുതല്‍ ‘നേരമ്പോക്കായിത്തീര്‍ന്ന’ സമ്പ്രദായം പാര്‍ലമെന്റിന്റെ നിയമ നിര്‍മ്മാണം കാത്തുനിന്ന ഒരേര്‍പ്പാടായിരുന്നില്ലല്ലോ. ആഫ്രിക്കാനര്‍ പുരുഷന്മാര്‍ ‘കവര്‍ന്നെടുത്ത’ ‘വിലക്കപ്പെട്ട സന്തോഷങ്ങള്‍’ ആയ ‘കറുത്ത തേന്‍’ ആവോളം രുചിച്ചുവന്നതാണ്; പരമ്പരാഗതമായിത്തന്നെ യുവ ആഫ്രിക്കാനര്‍ പുരുഷ കാമന, തങ്ങളുടെ പിതാക്കള്‍ ഗൂഡമായി ആസ്വദിച്ചു വന്ന വിഭവം കീഴ്പ്പെടുത്തിയും രുചിച്ചും തിന്നു തീര്‍ത്തും തന്നെയാണ് അവരുടെ ‘വ്യത്യസ്തത തേടല്‍’ വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. തങ്ങളുടെ ആയമാരുടെ കടും ചുവപ്പ് വസ്ത്രങ്ങള്‍ക്കുള്ളിലെ ‘വിലക്കപ്പെട്ട മേച്ചില്‍പ്പുറങ്ങളില്‍’ മദിച്ചു രസിച്ചാണ് അവര്‍ വളര്‍ന്നത്‌. “വയലുകളില്‍, തുറസ്സുകളില്‍, തെരുവുകകളുടെ കൈവഴികളില്‍, കൃഷി ഫാമുകളില്‍, സ്വന്തം വീടിന്റെ അടുക്കളകളിലും; അവര്‍ക്കായി ഡിന്നര്‍ ഒരുക്കിയ പരിചാരികമാരിലും എല്ലായിടത്തും അവര്‍ കറുത്ത തേനിനു വേണ്ടിയുള്ളതെന്നു വിശേഷിപ്പിച്ച വേട്ടയാടല്‍ നടത്തി”. പിതാക്കളും പുത്രന്മാരും കിണഞ്ഞു ശ്രമിച്ചതിന്റെ ഫലമായിരുന്നു പോപിയെയും ‘പാട്ടു വില്പ്പനക്കാരി’യെയും പോലുള്ള ദേശത്തിന്റെ വര്‍ണ്ണ നിയമങ്ങളെ അപ്രസക്തമാക്കിയ സങ്കര നിറമുള്ള കുഞ്ഞുങ്ങളുടെ ആധിക്യം. സൗത്ത് ആഫ്രിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരായ ‘ആഫ്രിക്കാനര്‍’ രക്തത്തില്‍ 71% സങ്കരം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞും നാഷനലിസ്റ്റ് സര്‍ക്കാര്‍ സ്ഥാപിച്ചെടുത്ത ഒരു മിത്തായിരുന്നു വെളുത്തവന്റെ വംശീയ വിശുദ്ധി.

രാജ്യത്തെ ഏറ്റവും നീണ്ടതും വിവാദ പരവുമായിത്തീര്‍ന്ന എക്സല്‍സ്യോര്‍ വിചാരണയില്‍ രാഷ്ട്രീയ പ്രമുഖരടക്കം വെളുത്ത വര്‍ഗ്ഗക്കാരായ ഏഴു പുരുഷന്മാരും പതിനാലു കറുത്ത വര്ഗ്ഗക്കാരികളായ സ്ത്രീകളും സദാചാര നിയമപ്രകാരം വിചാരണ നേരിട്ടു. ആണുങ്ങളില്‍ ഒരാള്‍ കേസിന്റെ പ്രഥമ ഹിയറിങ്ങില്‍ തന്നെ ഒഴിവാക്കപ്പെട്ടപ്പോള്‍ പട്ടണത്തിലെ കശാപ്പുകാരനായ മറ്റൊരാള്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. മൂന്നാമതൊരാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയപ്പോള്‍ ദേശവാസികള്‍ മുഴുവന്‍ ഒറ്റപ്പെടുത്തിയതിന്റെ ദുരിതം എല്ലാവരും പേറേണ്ടി വന്നു. എന്നാല്‍ പ്രമാദമായ വിചാരണയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ‘അമിതമായ മാധ്യമ ശ്രദ്ധ പ്രോസിക്യൂഷന്‍ സാക്ഷികളെ ഭയപ്പെടുത്തിയത് മൂലം’ കേസ് പിന്‍വലിക്കുന്നതായി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. ‘ചെകുത്താന്‍ പെട്ടി’ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന ഭയം മൂലം ദേശീയ സര്‍ക്കാര്‍ ടെലിവിഷന് ഏര്‍പ്പെടുത്തിയിരുന്ന സെന്‍സര്‍ഷിപ്പു കാരണം ഇംഗ്ലണ്ടിലും അമേരിക്കയിലും പ്രേക്ഷകര്‍ തത്സമയം കണ്ട ചൂടന്‍ വിഭവം പത്രറിപ്പോര്‍ട്ടുകളിലൂടെ ഏറെ ആറിത്തണുത്താണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. 

ബ്ലൂംഫോണ്ടെയ്നിലെ ഡോക്റ്റര്‍ തന്റെ കുഞ്ഞിന്റെ രക്തത്തില്‍ കലര്‍പ്പുണ്ടെന്നു കണ്ടെത്തുമ്പോള്‍ നികി അത്ഭുതപ്പെടുന്നു: “എന്തിന്റെ കലര്‍പ്പ്? അതെല്ലാം ചുവപ്പു തന്നെയല്ലേ?” കുഞ്ഞിന്റെ ചെമ്പന്‍ തലമുടി മൊട്ടയടിച്ചും ചാണക വിറകിന്റെ തീകായിച്ചു കുഞ്ഞിനെ കറുപ്പിച്ചെടുക്കാന്‍ വൃഥാ ശ്രമം നടത്തിയും താന്‍ പെട്ടുപോകുന്ന അവസ്ഥ മറി കടക്കാന്‍ നികി ശ്രമിക്കുന്നത് എന്നെന്നേക്കുമുള്ള പോള്ളിയടര്‍ന്ന പാടുകള്‍ നല്‍കുന്നുണ്ട് പോപിക്ക്. സാഹചര്യത്തെ നേരിടാന്‍ ധൈര്യമില്ലാതെ ഭാര്യയുടെ കണ്ണുകള്‍ക്ക് മുന്നില്‍ ചൂളിപ്പോയി ആത്മഹത്യ ചെയ്യുന്ന സ്റ്റെഫാനസ് ക്രോന്യേ സൂര്യകാന്തിപ്പാടത്തു വെച്ചും മാഡം കോര്‍നേലിയ വീട്ടില്‍ ഇല്ലാതിരുന്ന സമയം അവരുടെ പതുപതുത്ത വിരിപ്പില്‍ വെച്ചും കറുത്ത ആഫ്രിക്കയുടെ ‘മരുഭൂ മധ്യത്തിലെ അപൂര്‍വ്വ പുഷ്പ’മായ നികിയുമായി ‘കാര്യങ്ങള്‍ ചെയ്ത’തിന്‍റെ ഉല്‍പ്പന്നമാണ് പോപി. കേസിനാസ്പ്പദമായ കാമപ്പേക്കൂത്തിന്റെ ഒരസാധാരണ രാവില്‍ ഇണകളെ വെച്ചുമാറി രസിച്ച കൂട്ടാളികള്‍ക്കിടയില്‍ ആര്‍ക്കും പങ്കിടാതെ നികിയോടുള്ള പ്രത്യേക താല്‍പര്യം ലോലമനസ്കനായ ക്രോന്യേ തെളിയിക്കുന്നുണ്ട്. സംഭവം പുറത്താവുകയും കൂട്ടത്തിലുള്ള എംമാംപൊ ലദീമോ എന്ന സ്ത്രീ മാപ്പുസാക്ഷി ആവുകയും ചെയ്യുമ്പോള്‍ കുറ്റാരോപിതരായ പുരുഷന്മാര്‍ ‘സ്വയം നിരപരാധികളെങ്കിലും’ മാനുഷിക പരിഗണനയില്‍ സ്ത്രീകളെ ജാമ്യത്തിലെടുക്കുമ്പോള്‍ കൈക്കുഞ്ഞുമായി നികി ജയിലിലടക്കപ്പെടുന്നത് അതിനോടകം ക്രോന്യേ സ്വയം ശിക്ഷാവിധി നടപ്പിലാക്കുന്നത് കൊണ്ടാണ്. പ്രിട്ടോറിയയില്‍ പാര്‍ലമെന്റിനെ ഇളക്കി മറിച്ചും, ആഫ്രിക്കാനര്‍ പുരുഷന്മാരെ വഴിപിഴപ്പിക്കാന്‍ നടക്കുന്ന കറുത്ത വര്‍ഗ്ഗക്കാരികളായ വശീകരണക്കാരികളോടുള്ള പകയായും ഉപജാപങ്ങളില്‍ ഇടം നേടുന്ന സംഭവം വിചാരണ നടത്തുന്ന ആഫ്രിക്കാനര്‍ ജഡ്ജിമാര്‍ക്ക് ‘വേദനാജനകമായ ഉദ്ധാരണം’ നല്‍കുന്നതിനെ കുറിച്ചും നോവലില്‍ പരിഹാസ പരാമര്‍ശമുണ്ട്. എന്നാല്‍, ആത്യന്തികമായി ഇരു വര്‍ഗ്ഗക്കാരെയും അകറ്റി നിര്‍ത്താന്‍ വേണ്ടി ഒരുക്കപ്പെട്ട ‘സൗത്ത് ആഫ്രിക്കന്‍ വംശീയ നിയമങ്ങളുടെ നെടുന്തൂണ്‍’ ആയ സദാചാര നിയമം തികച്ചും കാപട്യവും അപ്രാവര്‍ത്തികവും തികഞ്ഞ പൊള്ളത്തരവുമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു എക്സല്‍സ്യോര്‍ വിചാരണ.

 

ജീര്‍ണ്ണത പുതുകാലത്തിലേക്കും

 

പതിനാലു കൊല്ലങ്ങള്‍ക്ക് ശേഷം വെറുക്കപ്പെട്ട കണ്ണാടിയില്‍ നോക്കി നില്‍ക്കുമ്പോള്‍ ‘അപ്പാര്‍ത്തീഡിന്റെ ഘടനാ വൈരുധ്യങ്ങളും ഹിംസാത്മകതയും (structural violence and violations)’ അതില്‍ നിന്ന് പ്രതിഫലിക്കുന്നതായി പോപിക്ക് തോന്നുന്നു. തന്റെ അസ്ഥിത്വം ഒരു വിഭാഗത്തിലും പെടുന്നില്ലെന്ന വേദന അവളുടെ മുഖം സാക്ഷ്യപ്പെടുത്തുന്നു:

“കണ്ണാടി.. അവള്‍ എന്തായിരുന്നോ അതായിത്തന്നെ വെളിക്കു കാണിച്ചു. ഒരു ബോസ്മന്‍ പെണ്‍കുട്ടി. ഒരു ഹോട്ട്നോട്ട് പെണ്‍കുട്ടി... നീയൊരു ബുഷ്‌മന്‍. അതുമല്ലെങ്കില്‍, നിന്റെ അയല്‍ക്കാരന്‍ വിനയം കാണിക്കാന്‍ ശ്രമിക്കുമ്പോള്‍, ഒരു കളേഡ് ഗേള്‍. അവള്‍ തന്റെ ജീവിതത്തിനിടയില്‍ കുറെയേറെ കണ്ണാടികള്‍ പൊട്ടിച്ചു കളഞ്ഞിട്ടുണ്ടായിരുന്നു. ഒരു കണ്ണാടി സ്വകാര്യത ഭേദിക്കുന്ന ഒരിടപെടലാണ്. അയാളുടെ മുഖത്തെ വേദനയില്‍ ചുഴിഞ്ഞു നോക്കുന്നത്. എങ്കിലും അവള്‍ തന്റെ മുഖത്തെ വരകളിലേക്ക് പ്രഭാതത്തിലും ഉച്ചക്കും രാത്രിയിലും കണ്ണു നട്ടു. എല്ലാ ദിവസവും. അവള്‍ പ്രാര്‍ഥിച്ചു, തന്റെ മുഖത്തെ വരകള്‍ യോജിച്ചു ചേര്‍ന്നിരുന്നെങ്കില്‍, അപ്പോള്‍ മഹാലാത് സ്വെറ്റ്സയിലെ മറ്റു കുട്ടികളെ പോലിരുന്നേനെ അവളും.”

ഒളിവില്‍ പ്രവര്‍ത്തിക്കുന്ന റസിസ്റ്റന്‍സ് ആക്റ്റിവിസ്റ്റ് ആയി വളരുന്ന ജ്യേഷ്ഠന്‍ വലികിയില്‍ നിന്ന് വ്യത്യസ്തമായി അത്തരം കാര്യങ്ങളില്‍ വിമുഖയായ പോപി ഉറച്ച പോരാളിയായിത്തീരുന്നത് പോലീസില്‍ നിന്ന് അകാരണമായി ഏല്‍ക്കേണ്ടി വരുന്ന കൊടിയ പീഡനത്തെ തുടര്‍ന്നാണ്‌. വലികിയും പോപിയും പ്രതിനിധാനം ചെയ്യുന്ന രണ്ടാം പാതിയിലാണ് വര്‍ത്തമാന സൌത്ത് ആഫ്രിക്കന്‍ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണതകള്‍ സൂചിതമാകുന്നത്. ആദ്യാനുഭവമായി ഹെയറി ബട്ടക്സ് എന്ന പരിഹാസപ്പേരുള്ള വെള്ളക്കാരന്‍ കര്‍ഷകന്‍ യോഹാനാസ് സ്മിറ്റിന്റെ ബലാല്‍ക്കാരം നേരിടേണ്ടി വന്ന ശേഷമാണ് പുലേയുമായുള്ള നികിയുടെ വിവാഹവും വലികിയുടെ പിറവിയും. സ്വര്‍ണ്ണ ഖനിത്തൊഴിലാളിയായ പുലെ തൊഴിലിടത്തേക്ക് പോകുമ്പോള്‍ അനിവാര്യമായത് സംഭവിക്കുന്നത്‌ പോലെയാണ് കാര്യങ്ങള്‍ പോപിയുടെ പിറവിയില്‍ എത്തുന്നതും കേസും വിചാരണയും പിന്നീടുള്ള ദുരിത ജീവിതവും. ഇതിനോടകം മാറി മറിഞ്ഞ അധികാര സമവാക്യങ്ങളില്‍ മണ്ടേലാ സര്‍ക്കാരിന്റെ പിറവിയും തുടര്‍ന്ന് പ്രാദേശിക കൌണ്‍സിലുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളും സംഭവിക്കുന്നു. പ്രസ്ഥാനത്തിന്റെ ഭാഗമായി വലികിയും പോപിയും കൌണ്‍സിലര്‍മാരാവുന്നു. വലികി ചെയര്‍മാന്‍ ആവുന്നതോടെ അധികാരത്തിന്റെ പ്രലോഭനങ്ങള്‍ അയാളുടെ ആദര്‍ശ പരതയെ ബാധിക്കുന്നത് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറില്ലാത്ത പോപിയുമായുള്ള അകല്‍ച്ചയിലേക്ക് നയിക്കുന്നു. പ്രസ്ഥാനത്തിന് സംഭവിക്കുന്ന അപചയവും ഒറ്റുകാര്‍ ആയിരുന്നവര്‍ നേതൃത്വത്തില്‍ എത്തുന്നതും പോപിയെ പോലുള്ളവര്‍ തഴയപ്പെടുന്നതും സമാന്തരമായി സംഭവിക്കുന്ന വിപര്യയങ്ങളാണ്. പൊതു ഗാര്‍ഹിക പദ്ധതികള്‍ തങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി ഉപയോഗിക്കുന്ന വലികി ഉള്‍പ്പടെ കൌണ്‍സിലര്‍മാര്‍ ഒന്നിലേറെ വീടുകള്‍ നേടിയെടുക്കുമ്പോള്‍, പോപിയുടെ സ്വന്തം വീടെന്ന സ്വപ്നം തന്റെ തുച്ഛമായ അലവന്‍സ് അനുവദിക്കുന്ന തറപ്പണിക്കപ്പുറം പോകുന്നതേയില്ല. പോപിയുടെ അര്‍ദ്ധ സഹോദരനും തികഞ്ഞ ആഫ്രിക്കാനര്‍ പക്ഷപാതിയുമായ ടിജാര്‍റ്റ് ക്രോന്യേ പിതൃ രക്തത്തിന്റെ ചിഹ്നമായ പോപിയുടെ കാലുകളിലെ രോമവളര്‍ച്ച ചൂണ്ടിക്കാട്ടി അവളെ തേജോവധം ചെയ്യുന്നത്, ഇരു വിഭാഗങ്ങളും അകറ്റി നിര്‍ത്തുന്ന സങ്കര സന്തതികളുടെ അവസ്ഥ സൂചിപ്പിക്കുന്നു: അപ്പാര്‍ത്തീഡ് കാലത്ത് അവര്‍ വേണ്ടത്ര വെളുത്തവര്‍ ആയിരുന്നില്ല; പിന്നീട് വേണ്ടത്ര കറുത്തവരും. പോപി തന്റെ കൌണ്‍സിലര്‍ പദവിക്കാലത്ത് സ്ഥാപിച്ചെടുത്ത പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങളില്‍ അഭയം കണ്ടെത്തുമ്പോള്‍, പഴയ ‘എക്സല്‍സ്യോര്‍ 19’-ലെ മറ്റൊരു ‘മഡോണ’യുടെ മകളായ ‘പാട്ടുവില്‍പ്പനക്കാരി’യുടെ ഉടലിലാണ് വലികി പ്രവാസയിടം കണ്ടെത്തുന്നത്. കൌണ്‍സിലിലേക്ക് നടക്കുന്ന അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിന്റെ സഹായമില്ലാതെ മത്സരിച്ച് വൃത്തിയായി തോല്‍ക്കുന്ന വലികി തികച്ചും വിസ്മൃതനാകുന്നു. പോപി മമ്മയോടോത്തുള്ള ജീവിതമെന്ന സാന്ത്വനത്തിലേക്ക് സ്വയം ചുരുങ്ങുന്നു. ഇതൊക്കെ സംഭവിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം ആശ്വാസമുണ്ട്: ‘എന്റെ മക്കളെയും അവര്‍ തട്ടിയെടുത്തു’ എന്ന് ഇപ്പോഴും പരാതി പറയുമായിരുന്ന നികിക്ക്.

 

മഡോണയും പതിതയും

 

മണ്ടേലാ ഭരണം ആറു വര്‍ഷം പിന്നിട്ട 2000-മാണ്ടില്‍ സാകെസ് എംദാ തന്റെ പെണ്‍മക്കളോടൊപ്പം ബെല്‍ജിയന്‍ ചിത്രകാരനായ ഫാദര്‍ ഫ്രാന്‍സ് ക്ലേറൂട്ടിനെ സന്ദ്രശിച്ചതിനെ കുറിച്ചുള്ള പരാമര്‍ശമാണ് നോവലിന്റെ സമര്‍പ്പണം. തന്റെ സൃഷ്ടികളെ കുറിച്ചുള്ള ഒരു പുസ്തകം നോവലിസ്റ്റിനു സമ്മാനിക്കും മുമ്പ് അദ്ദേഹം അതിന്റെ കവറിന്റെ ഉള്‍പ്പേജില്‍ വരച്ചു ചേര്‍ക്കുന്ന പക്ഷിക്കാണ് നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഫാദര്‍ ക്ലേറൂറ്റിനെ ഓര്‍മ്മിപ്പിക്കുന്ന ‘ദി ട്രിനിറ്റി’ എന്ന് മാത്രം വിശേഷിപ്പിക്കുന്ന ‘വ്യക്തി, പാതിരി, കലാകാരന്‍’ രചിച്ച ചിത്രങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അധ്യായങ്ങളുടെ ആരംഭത്തില്‍ കടന്നു വന്നുണ്ട്. നികിയും പോപിയും വ്യത്യസ്ത ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ മഡോണ സിരീസില്‍ മോഡലുകള്‍ ആയിട്ടുണ്ട്‌. നോവലിന്റെ പ്രമേയത്തില്‍ കേന്ദ്ര സ്ഥാനീയമായ ‘വിശുദ്ധ കന്യക – വേശ്യ’ സങ്കല്പ്പനത്തില്‍ (Madonna- Whore Complex) ഈ സൂചനകള്‍ കണ്ണി ചേരുന്നു. ആഫ്രിക്കാനര്‍ സമൂഹത്തില്‍ നില നിന്ന ലൈംഗിക കാപട്യത്തില്‍ സ്ത്രീയെ സംബന്ധിച്ച ആദര്‍ശ വല്‍ക്കരണത്തിന്റെ മറുവശം, തങ്ങളുടെ ലൈംഗിക കാമനകള്‍ക്ക് കുറ്റബോധമില്ലാതെ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ വംശീയമായിത്തന്നെ ‘പതിതകള്‍’ ആയ കറുത്ത പെണ്ണുടലുകള്‍ വേട്ടയാടുക എന്നതായിത്തീര്‍ന്നു. ഇതുമൂലം ആദിപാപത്തിലും വിശുദ്ധ മാതാവ്/ കന്യകാ മാതാവ് സങ്കല്‍പ്പത്തിലും ചുറ്റിക്കറങ്ങിയ അടിച്ചമര്‍ത്തപ്പെട്ട പുരുഷ കാമനകള്‍ (suppressed sexuality) രണ്ടു രീതിയിലും പൂര്‍ത്തീകരിക്കപ്പെട്ടു: പതിതയുമായി ചേര്‍ത്തു വെക്കപ്പെടുന്ന ‘പ്രലോഭക’ഭാവം വെള്ളക്കാരനായ പുരുഷനെ സ്വാഭാവികമായും ന്യായീകരിക്കാനുള്ള വംശീയ മുന്‍വിധിയോടു ഒത്തുപോയി. ഒപ്പം കടപ്പാടുകാളോ ബാധ്യതകളോ ഇല്ലാതെ യഥേഷ്ടം വേട്ടയാടാനുള്ള മേച്ചില്‍ പുറങ്ങളായി കറുത്ത പെണ്ണുടലുകള്‍ സുലഭമായിരുന്നത് കൊണ്ട് തങ്ങളുടെ ഭാര്യമാരെയോ സ്ത്രീകളെയോ അവരുടെ ‘വിശുദ്ധ’ ഭാവങ്ങളില്‍ (Madonna figure) നിലനിര്‍ത്തി ‘സംരക്ഷിക്കുന്നത്’ പുരുഷ കാമനക്ക് ശാരീരികമായും വെല്ലുവിളി അല്ലാതായി. നോവലില്‍ ഉടനീളം കാണാവുന്നതെങ്കിലും ക്രോന്യേ – മാഡം കോര്‍നേലിയ – നികി ത്രികോണത്തിന്റെ ദുരന്തം ഈ സങ്കീര്‍ണ്ണതകളെ ഏറ്റവും കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട് എന്നു കാണാം. എക്സല്‍സ്യോര്‍ 19-ലെ മറ്റു സ്ത്രീകളും ‘നീല മഡോണമാര്‍’ ആയി ട്രിനിറ്റിയുടെ ചിത്രങ്ങളില്‍ ഇടം പിടിക്കുന്നുണ്ട്, പുറം ചട്ടയിലെ അമ്മയും കുഞ്ഞുമായി (Madonna and the Child) ആയി നികിയും പോപിയും ഏറ്റവും സാര്‍ത്ഥകമായ ഒരു പ്രതിനിധാനമാണ്.

കലയുടെ സത്യവും സാക്ഷ്യവും

ട്രിനിറ്റിയുടെ മഡോണ ചിത്രങ്ങള്‍ കലയുടെ ‘കഥാര്‍ടിക്’ ലക്ഷ്യവുമായി ബന്ധപ്പെട്ട ചിന്തകളും ആവിഷ്കരിക്കുന്നുണ്ട്. “ബ്രൌണ്‍ നിറമുള്ള, വലിയ മുലകലുള്ള മഡോണമാര്‍, വെള്ളപ്പൂക്കള്‍ വിരിച്ച കട്ടിലില്‍ കിടക്കുന്ന നഗ്നയായ മഡോണ, കണ്ണുകള്‍ അടച്ച്, ചുണ്ടുകള്‍ കോട്ടി, മദാലസമായി തുടകള്‍ അകറ്റി വെച്ച് മഴയേറ്റു വാങ്ങാന്‍ പാകത്തില്‍ കിടക്കുന്ന മഡോണ” - പോപിയും നികിയും ശരിക്കും ഉടലില്‍ ഉള്ളപോലെയല്ല അത്. യാഥാര്‍ത്ഥ്യത്തെ വക്രീകരിക്കാന്‍/ മാറ്റങ്ങള്‍ വരുത്താന്‍ ആര്‍ട്ടിസ്റ്റിനു എന്തവകാശം എന്ന് പോപി അത്ഭുതപ്പെടുന്നുണ്ട്. എന്നാല്‍ എക്സല്‍സ്യോര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ നിന്ന് യൂറോപ്യന്‍ ആര്‍ടിനെ സംബന്ധിച്ച തടിയന്‍ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവള്‍ക്ക് ബോധ്യമാകുന്നു: യഥാതഥമായ അവതരണം എന്നതിലേറെ കല ലക്ഷ്യമാക്കുന്നത് ബഹുരൂപിയായ അനുഭവ/അനുഭൂതി ആവിഷ്ക്കാര സാധ്യതയാണ്. എഴുപതുകളിലെ അപ്പാര്‍ത്തീഡ് കറുപ്പ്/വെളുപ്പു സൌത്ത് ആഫ്രിക്കന്‍ ദ്വന്ദ്വത്തെ വ്യത്യസ്ത സങ്കരങ്ങളിലേക്കും സാധ്യതകളിലേക്കും തുറന്നിടുകയാണ്, അങ്ങനെ പൊളിച്ചെഴുതുകയാണ് ഈ ചിത്രങ്ങള്‍. യഥാതഥമായി ആവിഷ്ക്കരിച്ച സൃഷ്ടികള്‍ വൈകാരികമായി വന്ധ്യമായിരുന്നു എന്നവള്‍ കണ്ടെത്തുന്നു. ചിത്രങ്ങളില്‍ ചിലതിന്റെ ‘അര്‍ഥം’ അവള്‍ക്കു പിടികിട്ടിയില്ലെങ്കിലും അവയുടെ ധ്വനികള്‍ അവളെ മുഗ്ദയാക്കുന്നു.

   “എന്താണ് അവയൊക്കെ അര്‍ത്ഥമാക്കിയത്!...അതിന്റെ പിടിവിടാത്ത സ്വഭാവം ആസ്വദിക്കാനായി എന്നത് മതിയാവില്ലേ ...അതിന് എന്തെങ്കിലും ‘അര്‍ത്ഥ’മുണ്ടാവണം എന്നെന്താണ് നിര്‍ബന്ധം? അത് ധ്വനിപ്പിക്കുന്നു എന്നത് പോരേ?”

ആത്യന്തികമായി ഈ അനുഭവങ്ങള്‍ അവളെ വിമലീകരിക്കുന്നു

“വീട്ടിലേക്കുള്ള ടാക്സിയില്‍ ക്ഷീണാവസ്ഥ ഒരു വലിയ ഉന്മാദാവസ്ഥക്ക് വഴിമാറി.  ഇനിയൊരിക്കലും അവളില്‍ കോപത്തിനോ വെറുപ്പിനോ സ്ഥാനമില്ല. എന്നാലും തന്‍റെ ഹൃദയമെന്ന് നിനച്ചിടത്ത് ഒരു ശൂന്യത നിലനിന്നു. രോഷം നശിച്ചു പോയിരുന്നു, പകരം ഒരു ശൂന്യത നിലനിന്നു.”

    എങ്ങനെയാണ് അവളീ ശൂന്യത നിറക്കുക?”

 

കറുത്ത തേനും തേനീച്ചക്കാരിയും

 

    നികിയുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി നോവലില്‍ അവതരിപ്പിക്കുന്നുണ്ട്. പ്യൂലെ വിട്ടുപോകുന്നതിനുശേഷം രണ്ടു കുഞ്ഞുങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സ്വയം എറ്റെടുക്കുന്ന നികിടിജാര്‍ട്ട് ക്രോന്യയുടെ നാനിയായി ക്രോന്യേ കുടുംബത്തില്‍ വേണ്ടപ്പെട്ടവളാകുന്നു. ഖനിത്തൊഴില്‍ സ്വാഭാവികമായി നല്‍കുന്ന ശ്വാസകോശരോഗം മൂര്‍ച്ചിച്ച ഘട്ടത്തില്‍ തിരിച്ചെത്തുന്ന പ്യൂലെയുടെ അന്ത്യനാളുകളില്‍ അവള്‍ കൂട്ടുണ്ട്, ‘പുതുതായി ഉയിര്‍ത്ത ക്രിസ്ത്യാനി’യായി നികിക്ക് മാപ്പുകൊടുത്തു അയാള്‍ തന്‍റെ വിധിയിലേക്ക് പോകുന്നു. വലികിയും പോപിയും യൌവനയുക്തരാവുകയും നാടിന്‍റെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവമാവുകയും ചെയ്യുമ്പോള്‍ അമ്പതോടടുക്കുന്നേയുള്ളുവെങ്കിലും ഏതാണ്ടൊരു വയോധികഭാവത്തോടെ നികി ജീവിതത്തിന്‍റെ അകത്തളങ്ങളിലേക്ക് പിന്‍വാങ്ങുന്നു. പട്ടണത്തിലെ കൗണ്‍സില്‍ ഹാളിനു വെളിയില്‍ കൂടുകൂട്ടുന്ന വന്‍തേനീച്ചക്കൂട്, സമര്‍ത്ഥമായി അതിലെ റാണിയെ പിടികൂടി സ്വന്തം വീട്ടുവളപ്പില്‍ കൂടുവെച്ചു താമസിപ്പിക്കുന്നതോടെ അവള്‍ ‘തേനീച്ചസ്ത്രീ’ (The Bee Woman) എന്നറിയപ്പെട്ടു തുടങ്ങുന്നു. എന്നാല്‍, കേവലമായ ഒരു ജീവന/ജീവിത രീതി എന്നതിലപ്പുറം ഈ സംജ്ഞ നോവലില്‍ പ്രധാനമാണ്.

Immorality Act  അതിന്‍റെ പ്രവര്‍ത്തന ക്ഷമമല്ലായ്കയിലൂടെ സൃഷ്ട്ടിച്ച ശൂന്യത മറികടക്കേണ്ടതെങ്ങനെ എന്ന പാഠമാണ് തേനീച്ചകളുടെ സങ്കരജീവിതം നികിക്ക് പകര്‍ന്നുനല്‍കുന്നത്. ‘സുവര്‍ണ്ണകാലു’കള്‍ ഉള്ള തേനീച്ചറാണി ‘കറുത്ത തേന്‍’ ഒളിപ്പിച്ചുവെച്ച ആ പഴയ ‘മരുഭൂമധ്യത്തിലെ അപൂര്‍വ പുഷ്പത്തെ’ ഓര്‍മ്മിക്കുന്നുണ്ട്.  തേനീച്ച വളര്‍ത്തല്‍ ഒരു വ്യാപാരമാക്കാന്‍ അവള്‍ക്കു താല്‍പ്പര്യമില്ല. ജീവിതത്തിന്‍റെ പൊയ്പ്പോയ പ്രശാന്തത തിരിച്ചുപിടിക്കാനുള്ള ഉപാധിയാണ് അവള്‍ക്കത്. അമ്മയെ പിന്തുടരുന്ന മകള്‍ക്കും തേനീച്ചകള്‍ ഗുരുപ്രസാദമാകുന്നു. രോഗശയ്യയില്‍ വെച്ച് ടിജാര്‍റ്റ് ക്രോന്യേ അവളോട്‌ മാപ്പ് പറയുകയും സാഹോദര്യം അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം അവളൊരു സുന്ദരിയാണെന്ന് അവളെ ആദ്യമായി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പുതുതായി കൈവന്ന ആത്മവിശ്വാസം കണ്ണാടികളോടുള്ള പ്രണയമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ ആത്മരതി അതിരുകവിയുന്നതിന്‍റെ അപകടം നികി അവളെ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നിരിക്കിലും തന്‍റെ കാലുകളിലെ രോമവളര്‍ച്ച നീക്കം ചെയ്യാന്‍ ടിജാര്‍റ്റ് നല്‍കിയ ക്രീം അവള്‍ ഉപയോഗിക്കില്ല. പുസ്തകത്തിന്‍റെ സമര്‍പ്പണത്തിലെ സുവര്‍ണ്ണ പക്ഷിയില്‍നിന്നു സുവര്‍ണ്ണ റാണിയീച്ചയിലേക്ക്, കറുത്ത തേനില്‍നിന്നു സുവര്‍ണ്ണ തേനിലേക്ക്, നികി പൊള്ളിച്ചു കറുപ്പിച്ച തൊലിയിലെ മുറിവുകളില്‍നിന്നു ഇനി വടിച്ചുകളയുന്നില്ലാത്ത സുവര്‍ണ്ണ മുടിയിലേക്ക് ഉള്ള വസ്തുനിഷ്ഠ അതിരുകള്‍ മാഞ്ഞുപോകുന്ന, കൊളോണിയല്‍ ഉടല്‍ വര്‍ണ്ണ നിയമങ്ങളുടെ അപ്രമാദിത്തം മാഞ്ഞുപോകുന്ന അപാര്‍തീഡ് അനന്തര പരിണാമങ്ങളാണ് നികി-പോപി ജീവിതചിത്രങ്ങള്‍ സ്ഫുടം ചെയ്തെടുക്കുന്നത്‌. വേയ്സ് ഓഫ് ഡൈയിംഗ് എന്ന പ്രഥമ നോവലിലേത് പോലെ പ്രഥമപുരുഷ ബഹുവചനം (ഞങ്ങള്‍) ആഖ്യാതാവിനായി ഉപയോഗിക്കുന്നതിലൂടെ കഥകള്‍ സമൂഹത്തിന്റെതാണ് എന്ന നിലപാട് നോവലിസ്റ്റ് വ്യക്തമാക്കുന്നതും ഈ സാമൂഹികാര്‍ത്ഥം ഊട്ടിയുറപ്പിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ പരമ്പരാഗത കഥപറച്ചില്‍ - വാമൊഴിവഴക്ക രീതി മനോഹരമായി ഉപയോഗിക്കുന്നത് അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അതേ സമയം ഏതാണ്ട് യവന നാടകത്തിലെ കോറസ് എന്ന പോലെ അത്യപൂര്‍വ്വ നിമിഷങ്ങളില്‍ സംഭവഗതികളെ കുറിച്ചുള്ള പ്രതികരണ രൂപത്തില്‍ മാത്രമാണ് ഈ ബഹുവചന സ്വരം പ്രകടമായി മുന്നോട്ടു വരുന്നത് എന്നത് കൊണ്ട് നികിയുടെയും പോപിയുടെയും കാഴ്ചപ്പാട് തന്നെ എപ്പോഴും വായനക്കാരന് മുന്നില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു.

(എതിര്‍ദിശ , നവംബര്‍ 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം : പേജ് 64-72 - To purchase, contact ph.no:  8086126024)


Read more:

Ways of Dying by Mda Zakes

https://alittlesomethings.blogspot.com/2017/08/blog-post_13.html

Welcome to Our Hillbrow by Phaswane Mpe

https://alittlesomethings.blogspot.com/2024/08/welcome-to-our-hillbrow-by-phaswane-mpe.html


 

Sunday, November 19, 2017

Desert by J.M.G. Le Clézio / C. Dickson

തിരിച്ചു വിളിക്കുന്ന മരുഭൂ മൗനങ്ങള്‍.


ഫ്രഞ്ച് - മോറീഷ്യന്‍ നോവലിസ്റ്റ് ഴാങ്ങ് മറീ-ഗിസ്റ്റാഫ് ലേ ക്ലെസിയോ (Jean-Marie Gustave Le Clézio ) യ്ക്ക് സാഹിത്യത്തിനുള്ള 2008 -ലേ നോബല്‍ സമ്മാനം നല്‍ക്കുമ്പോള്‍സ്വീഡിഷ് അക്കാഡമി നടത്തിയ നിരീക്ഷണത്തില്‍ "പുതിയ പുറപ്പാടുകളുടെ എഴുത്തുകാരന്‍കാവ്യാത്മക സാഹസിക യാത്രകളുടെയും വികാര തീവ്രതയുടെയുംനിലനില്‍ക്കുന്ന സംസ്കൃതിയുടെ പരിധികള്‍ക്കപ്പുറം പോവുന്ന മാനവികതയുടെയും പര്യവേക്ഷകന്‍ ” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. അന്തരീക്ഷ സൃഷ്ടിയില്‍വിശേഷിച്ചു മരുഭൂമിയുടെ ചിത്രീകരണത്തില്‍ അദ്ദേഹത്തിന്റെ ഊന്നല്‍ അക്കാഡമി എടുത്തു പറയുകയുണ്ടായി. യുദ്ധത്തിന്റെയും നാടുകടത്തലിന്റെയും പാലായനത്തിന്റെയും കഥകള്‍ പറയുന്ന "അലയുന്ന നക്ഷത്രം (The Wandering Star) ", "മരുഭൂമി (Desert) " തുടങ്ങിയ കൃതികളിലൂടെ ലേ ക്ലെസിയോ തന്റെ ഉത്കണ്ഠകള്‍ പങ്കുവെച്ചിട്ടുണ്ട്.  മെരുങ്ങാത്ത ഭൂപ്രകൃതിയുടെ എഴുത്തുകാരനായ ലെ ക്ലെസിയോ തന്റെ നോബല്‍ സ്വീകാര പ്രസംഗത്തിലുടനീളംമുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ യാത്ര ചെയ്ത ഡാരിയന്‍ പ്രദേശത്തെ കുറിച്ചും ലാറ്റിനമേരിക്കന്‍ ഭൂപ്രകൃതിയെ കുറിച്ചും ഏറെ വാചാലനായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയായി പൊതുവേ വിലയിരുത്തപ്പെടുന്ന 'മരുഭൂമി'യുടെ പരിഗണനയില്‍ ഇക്കാര്യം ഏറ്റവും പ്രധാനമാണ്.

പാരായണ ക്ഷമത പ്രഥമ പരിഗണന ആയിക്കാണുന്ന വായനക്കാര്‍ക്കു അത്ര പഥ്യമാവാനിടയില്ല ഈ പുസ്തകം. ശക്തമായ കഥാപാത്ര സൃഷ്ടിയോ ഇതിവൃത്ത പരിചരണമോ നോവലിസ്റ്റിന്റെ രീതിയല്ലഇവിടെ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിലനിന്ന ചരിത്ര സന്ധികളായ കൊളോണിയലിസവും യുദ്ധങ്ങളുമൊക്കെ നോവലിന് പശ്ചാത്തലമാവുന്നുണ്ടെങ്കിലും അവയൊന്നും വിശദമായി പ്രതിപാദിക്കപ്പെടുന്നതേയില്ല. രണ്ടു കാലഘട്ടങ്ങളിലൂടെ പാലായനത്തിന്റെയും പ്രവാസത്തിന്റെയും കഥ പറയുകയാണ് 'മരുഭൂമി'.  ആദ്യത്തേതില്‍ 1900-1910 കാലഘട്ടത്തിലെ കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ നെടുനായകനായിരുന്ന അഭിവന്ദ്യ ഷെയ്ഖ് മാ-എല്‍-ഐനീന്റെ ('ഇരു കണ്ണുകളിലെ ജലം') നേതൃത്വത്തില്‍ 'മരുഭൂമിയുടെ നീല മനുഷ്യര്‍എന്നറിയപ്പെട്ട തദ്ദേശീയരായ ആയിരക്കണക്കിന് മൊറോക്കന്‍ നിവാസികള്‍ വടക്കന്‍ ആഫ്രിക്കയില്‍ അധിനിവേശം നടത്തിയ ഫ്രഞ്ച് കൊളോണിയലിസ്സ്റ്റുകള്‍ക്കെതിരെയുള്ള സഹാറാ മരുഭൂമിക്കു കുറുകെ അവരുടെ ദുരന്തത്തിലൊടുങ്ങാനുള്ള പോരാട്ട - പാലായനത്തിലാണ്. ആദ്യം സ്പാനിഷ് സഹാറയിലെ സമാറ നഗരത്തിലേക്കും പിന്നീട് വടക്കന്‍ മൊറോക്കോയിലെക്കും അവര്‍ പലായനം ചെയ്യുന്നു. “അവര്‍ മണലിന്റെയും കാറ്റിന്റെയും പ്രകാശത്തിന്റെയും രാത്രിയുടെയും പുരുഷന്മാരും സ്ത്രീകളും ആയിരുന്നു. ഒരു മണല്‍ക്കൂമ്പാരത്തിന്റെ മുകളില്‍ സ്വപ്നത്തിലെന്നപോലെമേഘങ്ങളൊഴിഞ്ഞ ആകാശത്തിന്റെ സന്തതികളാണെന്നപോലെ അവര്‍ കാണപ്പെട്ടു. അപാരതയുടെ കാര്‍ക്കശ്യം തങ്ങളുടെ കൈകാലുകളില്‍ അവര്‍ പേറിയിരുന്നു. വിശപ്പും ചോരയൊലിക്കുന്ന ചുണ്ടുകളുടെ ദാഹവും മിന്നിത്തിളങ്ങുന്ന സൂര്യന്റെ കഠിനമായ നിശ്ശബ്ദതയും തണുത്ത രാത്രികളും ക്ഷീരപഥത്തിന്റെ തിളക്കവും ചന്ദ്രനും അവര്‍ തങ്ങളോടൊപ്പം കൊണ്ടു നടന്നു. സന്ധ്യക്ക്‌ അവരുടെ കൂറ്റന്‍ നിഴലുകളും അവരുടെ ചെരിഞ്ഞ കാലുകള്‍ ചവിട്ടി നടന്ന കന്നിമണ്ണിന്റെ അലകളും അപ്രാപ്യമായ ചക്രവാളവും അവരെ അനുഗമിച്ചു. മറ്റെന്തിനും ഉപരിയായികണ്‍ വെള്ളയില്‍ മിന്നിത്തിളങ്ങുന്ന പ്രകാശം അവര്‍ അവരോടൊപ്പം കൊണ്ടു നടന്നു.” ആദ്യ ഘട്ടത്തില്‍ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു മുമ്പോട്ട്‌ പോകുന്ന ജനതആവശ്യത്തിനു വേണ്ട വിഭവങ്ങളോ ആയുധങ്ങളോ ഒന്നുമില്ലാതെസ്ത്രീകളും കുട്ടികളും പ്രായമായവരും രോഗികളുമൊക്കെയായുള്ള അനിശ്ചിതാവസ്ഥയെ നേരിടുന്നു. “ഓരോ ദിനവും ആളുകള്‍ നൈരാശ്യത്തിന്റെയും രോഷത്തിന്റെയും അരികിലെത്തിക്കൊണ്ടിരുന്നുനൂറിനു തന്റെ തൊണ്ട കൂടുതല്‍ അടഞ്ഞുപോകുന്നതായിത്തോന്നി. ഷെയ്ഖിന്റെ വിദൂരസ്ഥമായ കണ്ണുകള്‍ രാത്രി കാലങ്ങളില്‍ അദൃശ്യമായ മലകള്‍ക്ക് മുകളില്‍ അലഞ്ഞു തിരിയുന്നതായി അവനു തോന്നിപിന്നീടവ ഒരു നിമിഷാര്‍ദ്ധം അവന്‍റെ മേല്‍ ഉടക്കി നിന്നുതന്നെ ആന്തരാ പ്രകാശിപ്പിച്ച ഒരു കണ്ണാടിയിലെ മിന്നായം പോലെ.” കൂട്ടക്കൊലയില്‍ ഒടുങ്ങുന്ന സുനിശ്ചിത പരാജയത്തിലേക്കുള്ള യാനത്തില്‍ ടോരെഗ് വംശജരെ കൊന്നൊടുക്കുന്ന സൈനികരില്‍ ഒട്ടുമുക്കാലും സെനഗലില്‍ നിന്നുള്ളവരാണ് എന്നത്സാമ്രാജ്യത്വ ശക്തികളുടെ ആധുനിക സൈനിക ശേഷിക്കു മുന്നില്‍ പരമ്പരാഗത സമൂഹങ്ങളുടെ പരാജയവും അവര്‍ തങ്ങളുടെ തന്നെ സഹജീവികളുടെ അന്തകരായി സാമ്രാജ്യത്വത്തിന്റെ ചട്ടുകങ്ങള്‍ ആയി മാറുന്നതും എങ്ങനെയെന്ന നോവലിന്റെ സുപ്രധാന ചോദ്യത്തെ മുന്നോട്ടു വെക്കുന്നു.

കുറെയേറെ കഥാപാത്രങ്ങളെ നാം തുടക്കത്തിലേ കണ്ടുമുട്ടുന്നുണ്ടെങ്കിലും നോവലിസ്റ്റ് ചരിത്ര പരതയിലേക്കോ രാഷ്ട്രീയ-സാമൂഹിക മാനങ്ങളിലേക്കോ അത്രയൊന്നും ഊന്നുന്നില്ലമറിച്ചു ഈ അടിയൊഴുക്കുകളില്‍ പെട്ട് പോകുന്ന മനുഷ്യരുടെ നിത്യ ജീവിതാവസ്ഥകളിലേക്കാണ് അദ്ദേഹം ശ്രദ്ധയൂന്നുന്നത്. നൂര്‍ എന്ന ബാലന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ ആദ്യഭാഗത്തിനു ചരിത്രപരമായ പശ്ചാത്തലമുണ്ട് ഈ ഭാഗത്തിന്. മരുഭൂമിയിലെ നാടോടി സമൂഹത്തിന്റെ തലവന്‍ മാ -എല്‍- ഐനീന്റെ നേതൃത്വത്തില്‍ പശ്ചിമ സഹാറയില്‍ സമാറാ പട്ടണം നിര്‍മ്മിക്കപ്പെട്ടതും ഫ്രഞ്ച്- സ്പാനിഷ് കൊളോണിയലിസ്റ്റുകള്‍ക്കെതിരെയെന്ന പോലെത്തന്നെപില്‍ക്കാലത്ത് ഒന്നാം ലോക യുദ്ധത്തില്‍ 'കശാപ്പുകാരന്‍' ('The Butcher') എന്ന് കുപ്രസിദ്ധനായിത്തീര്‍ന്ന ജനറല്‍ ചാള്‍സ് മാംഗിന്റെ (General Charles Mangin) നേതൃത്വത്തില്‍ ഇസ്ലാമിനെതിരെ ഉണ്ടായ ക്രിസ്ത്യന്‍ അധിനിവേശത്തിനെതിരെ നടന്ന ജിഹാദ് യുദ്ധങ്ങളും മാ-അല്‍-ഐനീന്റെ അന്തിമ പരാജയവുമൊക്കെ ചരിത്ര വസ്തുതകളാണ്. നൂറിന്റെ കാഴ്ചയിലൂടെ ഈ 'നൊമാഡിക്കുടുംബങ്ങള്‍ അവരുടെ നാട്ടില്‍ നിന്ന് തുരത്തപ്പെടുന്നതും വറുതിയിലും ദാഹത്തിലും മൊറോക്കന്‍ തീരങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടുന്നതും നമ്മള്‍ കാണുന്നു. മാ-എല്‍-ഐനീന്റെ പടയാളികളായ 'മരുഭൂമിയുടെ നീല മനുഷ്യ'രേ ഫ്രഞ്ച് സൈന്യം നിലം പരിശാക്കുന്നതോടെ പരാജയത്തിലും അവര്‍ തങ്ങള്‍ക്കൊഴിച്ചു മറ്റാര്‍ക്കും നിവസിക്കാനാവാത്ത അവരുടെ മരുഭൂ നാട്ടിലേക്ക് തിരിച്ചു പോവുന്നു.

രണ്ടാം ഘട്ടത്തില്‍ നമ്മള്‍ ലല്ലയെ പരിചയപ്പെടുന്നു. വ്യക്തമാക്കപ്പെടുന്നില്ലെങ്കിലും എഴുപതുകളുടെ കാലപരിസരമാണെന്നു ഈ ഭാഗത്തെ കുറിച്ച് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നൂറിന്റെ; 'നീല മനുഷ്യ'രുടെ പിന്‍ മുറക്കാരിയാണ് ലല്ല. അനാഥ. മരുഭൂമിയുടെ ജീവന്‍ തുടിപ്പുകളെയൊക്കെയും ഇഷ്ടപ്പെടുന്നവള്‍: അതിന്റെ പ്രാണികളെകുഞ്ഞുറുമ്പുകളെഈയലുകളെകടല്‍ കാക്കകളെ. ഈ ഇഷ്ടം തന്നെയാണ് അവളെ മരുഭൂമിയുടെ നിശ്ശബ്ദ ആത്മാവ് തന്നെയായ ഇടയയുവാവ് ‘എല്‍ സേര്‍ (രഹസ്യം)’ എന്ന് വിളിക്കുന്ന മരുപ്പച്ചയില്‍ താമസിക്കുന്ന കറുത്തവനായ അപരിഷ്കൃതന്‍ എന്ന അര്‍ത്ഥത്തില്‍ അറബികള്‍ നിന്ദയോടെ പേരിട്ട 'ഹര്‍ത്താനി'യുമായി അടുപ്പിക്കുന്നതും. ‘നീല മനുഷ്യ’രില്‍ ഒരാള്‍ ഒരു കിണറ്റിന്‍ കരയില്‍ ഉപേക്ഷിച്ചു പോയ ബാലന്‍ ഇപ്പോള്‍ ഒരു ഇടയനാണ്. ആദ്യകഥയില്‍ ഷെയ്ഖിന്റെ നോട്ടം ഉടക്കിനിന്ന നൂറിന്റെ നിഗൂഡ ആത്മാംശമുണ്ട് ഹര്‍ത്താനിയില്‍ എന്ന് പറയാം. “അവന്‍ ഒരൊറ്റക്കാലില്‍ അവിടെ നില്‍ക്കുന്നുചലനമില്ലാതെസൂര്യ നാളങ്ങളെറ്റ്മറ്റേ പാദം ഈ കാലിന്റെ മുട്ടിനു ചുവടെ പിന്‍ കാല്‍വണ്ണയില്‍ വെച്ച്അവന്‍ വിദൂരതയിലേക്ക് നോക്കിനില്‍ക്കുന്നുഅവിടെ പ്രതിബിംബങ്ങള്‍ കാറ്റില്‍ നൃത്തം ചെയ്യുന്നുആട്ടിന്‍പറ്റം മേഞ്ഞുകൊണ്ടിരുന്ന ഭാഗത്തേക്ക് നോക്കി.”  പ്രകൃതിയുമായി അതീന്ദ്രിയ ഭാവത്തോടെ ഇണങ്ങി നില്‍ക്കുന്ന രണ്ടു പേര്‍ എന്നതും അനാഥത്വത്തിന്റെ സമാനാനുഭാവമുള്ളവര്‍ എന്നതുമാവാം ഇരുവരെയും ഒരുമിപ്പിക്കുന്നതും പ്രണയത്തിന്റെ തുരുത്ത് സൃഷ്ടിക്കുന്നതും. നോവലിലെ ഏറ്റവും കാവ്യ സാന്ദ്രവും ഹൃദയാവര്‍ജ്ജകവുമായ ആഖ്യാനവും ലല്ല – ഹര്‍ത്താനി ബന്ധത്തിന്‍റെ ചിത്രീകരണത്തിലാണ്. “ഇവിടെയായിരുന്നു – മരുഭൂമിയുടെ വന്ധ്യമായ ക്രമത്തില്‍ - എന്തും സാധ്യമാവുന്ന ഇടത്തില്‍സ്വന്തം മൃതിയുടെ സീമകളില്‍ ഒരാള്‍ നിഴലില്ലാത്തവനായി നടക്കുന്ന ഇവിടെയായിരുന്നു അത്. നീലമനുഷ്യര്‍ സമാറയിലെക്കുള്ള അദൃശ്യപാതയില്‍ ചലിച്ചുലോകത്തിലെ ഇതു ജീവിയെക്കാലും സ്വതന്ത്രരായി.”

അമ്മാവന്റെയും അമ്മായിയുടെയും കൂടെ കുടിലില്‍ കഴിയുന്ന ലല്ല ആധുനികതയുമായി മുഖാമുഖം വന്നിട്ടേയില്ല. കിഴവന്‍ മുക്കുവന്റെ കഥകളില്‍ കേള്‍ക്കുന്ന നിറം പിടിപ്പിച്ച വടക്കന്‍ പ്രദേശ ഗാഥകള്‍ അവളെ മോഹിപ്പിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് പ്രായക്കൂടുതലുള്ള ഒരു ധനികനുമായുള്ള ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്ന് ഒളിച്ചോടാനായി അവള്‍ ഓടിപ്പോവുന്നതും മാര്‍സേയ്ല്‍സില്‍ എത്തിപ്പെടുന്നതും. തൂപ്പുകാരിയായി പ്രവാസ ജീവിതം തുടങ്ങുന്ന ലല്ലഒരു ഫാഷന്‍ ഫോട്ടോഗ്രാഫറുടെ കണ്ണില്‍ പെടുന്നതോടെ കുറഞ്ഞൊന്നു പ്രശസ്തയാവുന്നുമുണ്ട്. എന്നാല്‍മരുഭൂമിയുടെ സന്തതിക്കു പണത്തിലും പ്രസിദ്ധിയിലും താല്പര്യമില്ല. മരുഭൂമിയുടെ ആത്മാവ് പോലെത്തന്നെ നിഗൂഡമായ രഥ്യകളുള്ള ഹര്‍ത്താനിയില്‍ നിന്ന് അവള്‍ ഗര്‍ഭിണിയാണ്. എന്നാല്‍ അവന് ഒന്നിനോടും പ്രത്യേകം ചേര്‍ന്ന് നില്‍ക്കാനാവില്ല. മറു വശത്ത്‌ നഗരം അവള്‍ക്കായി കാത്തു വെച്ചതൊന്നും അവള്‍ സങ്കല്‍പ്പിച്ചതേ അല്ലായിരുന്നു. അംബര ചുംബികള്‍ക്കിടയില്‍തെളിഞ്ഞു വരുന്ന തന്റെ ഉടലിലേക്ക് കൂര്‍ത്തുവരുന്ന നോട്ടങ്ങള്‍ക്കിടയില്‍ലല്ലക്ക് ഏകാന്തതയും വീര്‍പ്പുമുട്ടലും അനുഭവപ്പെടുന്നു. അവള്‍ക്കു തിരിച്ചു പോവാതെ വയ്യമരുഭൂമിയുടെ അത്തിത്തണലിലേക്ക്.

ആദ്യ ഖണ്ഡത്തില്‍ സ്വാതന്ത്ര്യത്തിന്റെയും അതിജീവനത്തിന്റെയും അന്വേഷണം മരുഭൂമി മുറിച്ചു കടക്കാന്‍ ഒരു ജനതയെ പ്രേരിപ്പിക്കുന്നുവെങ്കില്‍രണ്ടാം ഭാഗത്ത് സ്വയം തെരഞ്ഞെടുപ്പിലൂടെ തന്റെ ഇടം അവിടെത്തന്നെയാണ് എന്ന് കണ്ടെത്തുന്ന ലല്ലയെ നമ്മള്‍ കാണുന്നു. നാഗരീകതയും മെരുങ്ങാത്തതെങ്കിലും നൈസര്‍ഗ്ഗികമായ വന്യപ്രകൃതിയും തമ്മിലുള്ള താരതമ്യത്തില്‍ തന്റെ തെരഞ്ഞെടുപ്പ് എന്താണെന്ന് ലെ ക്ലെസിയോ വ്യക്തമാക്കുന്നുണ്ട് എന്നുതന്നെ പറയാം. സംസ്കൃതി യുടെ നിഷ്ടുര ശേഷിപ്പുകളായ  ജന്മദേശത്തു നിന്ന് തുരത്തപ്പെടുന്നതിന്റെ യുംഅറ്റമില്ലാത്ത ചാക്രിക പാലായനങ്ങളുടെയുംപ്രവാസത്തിന്റെയുംവംശീയ ഉന്‍മൂലന ത്തിന്റെയുമൊക്കെ മാനുഷികദുരന്ത ഗാഥകളില്‍ ആകൃഷ്ടനായ ഒരെഴുത്തുകാരനെ സംബന്ധിച്ചിട ത്തോളം അതൊരു പക്ഷെ തികച്ചും സ്വഭാവികവുമാണല്ലോ.


 

 

Saturday, November 4, 2017

The Blue Between Sky and Water by Susan Abulhawa

വിലാപങ്ങളുടെ പുസ്തകം; പ്രതീക്ഷകളുടെയും.

  


1967 –ലെ ‘ആറു ദിന യുദ്ധ’ത്തെ തുടര്‍ന്ന് തോക്കിന്‍ മുനയില്‍ ജന്മ ദേശത്തു നിന്നു ബഹിഷ്കൃതനായ പലസ്തീനിയന്‍ മാതാ പിതാക്കളുടെ മകളായി പ്രവാസത്തിന്റെ സന്തതിയായി പിറന്ന എഴുത്തുകാരിയും പലസ്തീന്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റുമായ സൂസന്‍ അബുല്‍ഹവാ ഇസ്രയേല്‍ ദേശപ്പിറവിക്കും തുടര്‍ന്നും പലസ്തീന്‍ ഒടുക്കേണ്ടി വന്ന വിലയെ സാന്ദ്രവും കാവ്യാത്മകവുമായ ഭാഷയില്‍ അവതരിപ്പിക്കുന്ന നോവലിസ്റ്റാണ്. പ്രഥമ നോവല്‍ ‘ജനിനിലെ പ്രഭാതങ്ങള്‍’ 1948 –ലെ നക്ബയെന്നറിയപ്പെട്ട അധിനിവേശ ദുരന്തത്തെ തുടര്‍ന്ന് പലസ്തീനിലെ എയ്ന്‍ ഹോദില്‍ നിന്ന് ജെനിനിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെടുന്ന അബുല്‍ ഹേജ കുടുംബത്തിന്റെ അനുഭവങ്ങളിലൂടെ നാലു തലമുറകളിലൂടെ വിവിധ ദേശങ്ങളിലൂടെ പലസ്തീന്‍ അഭയാര്‍ഥിത്തത്തെയും അപ്പോഴും ഉള്ളില്‍ പേറുന്ന പലസ്തീന്‍ എന്ന വികാരത്തെയും അവതരിപ്പിച്ചു. ജെനിനിലെ പ്രഭാതങ്ങള്‍’ക്ക് ഒരു തുടര്‍ച്ചയാണ് അബുല്‍ഹവായുടെ  The Blue Between Sky and Water എന്ന നോവല്‍.

 

നക്ബയെ തുടര്‍ന്ന് ബെയ്ത് ദറാസിലെ പ്രശാന്ത ജീവിതം ഉപേക്ഷിച്ചു ഗാസയിലേക്ക് പാലായനം ചെയ്യേണ്ടി വരുന്ന ഒട്ടേറെ അംഗങ്ങളും താവഴികളുമുള്ള ബരാക കുടുംബമാണ് നോവലിന്റെ കേന്ദ്രത്തില്‍. സുലൈമാന്‍ എന്ന് വിളിക്കുന്ന ഒരു ആത്മാവ് കൂട്ടുള്ള കുടുംബ കാരണവത്തിയായ ഉമ്മു മംദൂഹിന് വിചിത്ര സിദ്ധികളുണ്ട്. ഇസ്രായേലികള്‍ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പൈശാചത്തെ കുറിച്ച് അവര്‍ മുന്നേ പ്രവചിക്കുന്നുണ്ട്. “ഈ മലകളില്‍ നിന്ന് തദ്ദേശീയരുടെ രക്തമൊഴുകും” എന്ന ദുരന്തപ്രവചനത്തോടൊപ്പം “എന്നാല്‍ ഈ ദേശം വീണ്ടും ഉയിര്‍ക്കും” എന്ന് ശുഭാപ്തി പകരുന്നുമുണ്ട് സുലൈമാന്‍. ഇളയ മകള്‍ മറിയാമിന്നു നിറപ്പകര്‍ച്ചകളെ സൂക്ഷ്മമായി കാണാനും അതില്‍ നിന്ന് ആളുകളുടെമാനസികാവസ്ഥയും സ്വഭാവവും വിലയിരുത്താനും കഴിയും. മാജിക്കല്‍ റിയലിസത്തിന്റെ സ്വഭാവമുള്ള ഇത്തരം സൂചനകളിലൂടെ നിരന്തരം അരങ്ങേറുന്ന ഭവന നശീകരണവും കൂട്ടബലാല്‍ക്കാരങ്ങളും ശിശുഹത്യകളും പോലുള്ള കൊടിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരു ജനതയെ അവരുടെ ശിഥില ജീവിതങ്ങളുടെ നിരര്‍ത്ഥക ആവര്‍ത്തനങ്ങല്‍ക്കിടയിലും സര്‍ഗ്ഗ സ്പര്‍ശമുള്ളതാക്കുന്ന നോവലിസ്റ്റിന്റെ രീതി, സമാനമായ ദുര്യോഗങ്ങള്‍ അനുഭവിക്കുന്ന ജനജീവിതങ്ങളെ ആവിഷ്കരിക്കുന്ന ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരുടെ രീതിയുമായി താരതമ്യപ്പെടുത്താവുന്നതാണ്. മുറിവേറ്റ മകനെയും കൊണ്ട് ക്യാമ്പിലേക്ക് പോകുന്ന വഴി ഇസ്രായേലി സൈനികര്‍ ഉമ്മു മംദൂഹിനെ വെടി വെക്കുമ്പോള്‍ അവര്‍ അവരെ നോട്ടം കൊണ്ട് ചൂളയിലിട്ടു എന്ന് നോവലിസ്റ്റ് വിവരിക്കുന്നു: “അവരുടെ അസ്ഥികള്‍ നുരയായിത്തീര്‍ന്നു, ഹൃദയങ്ങള്‍ ഐസുകട്ടകളും, മുഖങ്ങള്‍ വിളറിവെളുത്തു, പിന്നീട് തീനാളങ്ങളായിത്തീര്‍ന്നു, പുളഞ്ഞെരിഞ്ഞു, കത്തിയമര്‍ന്നു.” ബെയ്ത് ദാറാസിലെ അന്തിമാനുഭാവമായി സൈനികരുടെ കൂട്ട ബലാല്‍ക്കാരം നേരിടുന്ന നെസ്മിയ അതിനോടകം കൊല്ലപ്പെട്ടിരുന്ന അനിയത്തി മറിയാമിന്റെ ആത്മ സ്വരം കേള്‍ക്കുന്നുണ്ട്, “എന്നെ വിട്ടേക്കൂ, എനിക്ക് ബെയ്ത് ദറാസ് വിട്ടുപോരാനാവില്ല.” ഗാസയിലെ ദുരിത ജീവിതത്തില്‍ ഇപ്പോഴും തനിക്കു മറിയാമിന്റെ സംരക്ഷണമുണ്ട് എന്ന് നെസ്മിയക്ക് അനുഭവപ്പെടുന്നുണ്ട്. കാണുന്നില്ല എന്നതുകൊണ്ട്‌ അങ്ങനെയൊന്നില്ല എന്ന് കരുതരുത് എന്ന് അവള്‍ ഭര്‍ത്താവ് അതിയയോട് പറയുന്നുമുണ്ട്. ആദ്യമകന്‍ പിറക്കുമ്പോള്‍ അവന്റെ വെള്ളാരംകണ്ണുകളില്‍ തന്നെ ബലാല്‍ക്കാരം ചെയ്ത സൈനികനെ കാണുന്ന നെസ്മിയെ അവനെ ഇബ് ലീസ് എന്ന് പേരിടണമെന്ന് ക്രുദ്ധയാകുന്നു. എന്നാല്‍ മൊഴി ചൊല്ലുമെന്ന ഭര്‍ത്താവിന്റെ ഭീഷണിയേക്കാള്‍ ഏറെ കുഞ്ഞുമകന് മുലയൂട്ടുന്നതിന്റെ സ്പര്‍ശമാണ് അവനെ സ്നേഹിക്കാന്‍ അവളെ പഠിപ്പിക്കുക. പില്‍ക്കാലം അവന്റെ പിതൃത്വത്തിന് നേരെ ചോദ്യമുയര്‍ത്തുന്നവരെ ഊറ്റത്തോടെ നേരിടുന്നുമുണ്ട് അവര്‍; അതിനോടകം മസെനിന്റെ മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍ മുളപൊട്ടിത്തുടങ്ങുമെങ്കിലും. മറിയാമിന്റെ ആത്മ നിര്‍ദ്ദേശമായി മകള്‍ക്ക് അല്‍വാന്‍ എന്ന പേരിടടാന്‍ മറ്റു പതിനൊന്ന് ആണ്‍കുട്ടികളെ കൂടി പ്രസവിക്കേണ്ടിയിരുന്നു നെസ്മിയക്ക്‌.

 

ആറു ദിന യുദ്ധഘട്ടത്തില്‍ അടുത്ത മൂന്നു കൊല്ലത്തേക്ക്‌ ചലനശേഷി നഷ്ടപ്പെടും വിധം കാലിനു വെടിയേറ്റെങ്കിലും ഏറ്റവും മോശമായത് സംഭവിക്കാതിരുന്നത് അപ്പോഴും മറിയം തന്നെ സംരക്ഷിച്ചത് കൊണ്ടാണ് എന്ന് നെസ്മിയെ വിശ്വസിക്കുന്നു. അറബ് അവമതി നല്‍കുന്ന പുതു വിജയം ഉന്‍ മാദികളാക്കിയ സൈനികര്‍ ടെലിവിഷന്‍ കാഴ്ചയായി. “പോളണ്ട്, ആസ്ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, റഷ്യ, യുക്രൈന്‍, ഇറാന്‍, തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവര്‍, അയല്‍പക്കത്തുള്ള ജൂതരുടെതല്ലാത്ത ഇടങ്ങളൊക്കെ തരിപ്പണമാക്കി ജരൂസലെമിലേക്ക് മാര്‍ച്ച് ചെയ്തു. അത് ലോകത്തെ രണ്ടായി പകുത്ത ഒരു ഭീകര നിമിഷമായിരുന്നു: ആഹ്ലാദിക്കുന്നവരുടെയും വിലപിക്കുന്നവരുടെയും”. ഗാസ കേന്ദ്രമായി വളരുന്ന ചെറുത്തു നില്‍പ്പിന്റെ മുന്‍ നിരയില്‍ മെസാനും ഉണ്ട് എന്നത് നോവലില്‍ ചുരുങ്ങിയ സൂചകങ്ങളിലൂടെ വ്യക്തമാകുക ഈ ഘട്ടത്തിലാണ്. അധിനിവിഷ്ട ഇസ്രായേലിക്കുള്ള പൈപ്പ് ലൈന്‍ നശീകരണത്തിനു പിന്നില്‍ അവനായിരുന്നു എന്ന കുറ്റം ചാര്‍ത്തിയാണ് അവന്‍ അറസ്റ്റ് ചെയ്യപ്പെടുക. ഇരുപതു തികഞ്ഞിട്ടും ‘യാസര്‍ അരഫാത്തിനെ പോലെ ചെറുത്തുനില്‍പ്പിനെ മാത്രം വിവാഹം ചെയ്തവനായി” കഴിഞ്ഞ യുവാവ് ഇസ്രയേല്‍ കാരാഗൃഹത്തിലെത്തുന്നു.

 

നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ബരാക്ക കുടുംബത്തിലെ നാലാം തലമുറയില്‍ അമേരിക്കയില്‍ ജനിച്ച നൂര്‍ വാല്‍ഡെസ് എന്ന പെണ്‍കുട്ടിയുടെ ജീവിതാനുഭാവങ്ങലുമായും വേരുകളിലെക്കുള്ള വളുടെ തിരിച്ചെത്തലുമായും കണ്ണി ചേര്‍ന്നാണ് അവതരിപ്പിക്കപ്പെടുന്നത്. ആറു ദിന യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്യുന്ന മംദൂഹിന്റെ കൊച്ചു മകള്‍. “കഥകള്‍ പ്രധാനമാണ്. നമ്മുടെ കഥകളിലൂടെയാണ് നാം പിറക്കുന്നത്‌. മനുഷ്യഹൃദയം നാമത്തില്‍ നിക്ഷേപിക്കുന്ന വാക്കുകള്‍ കൊണ്ടാണ് ഉണ്ടായിത്തീരുന്നത്. ആരെങ്കിലും നിന്നോട് മോശമായ കാര്യങ്ങള്‍ പറയുന്നുവെങ്കില്‍ അത് നിന്റെ ഹൃദയത്തില്‍ ചെല്ലാന്‍ അനുവദിക്കരുത്, അതുപോലെ മറ്റുള്ളവരുടെ ഹൃദയങ്ങളിലേക്ക് മോശം വാക്കുകള്‍ കടത്തിവിടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം” എന്ന് കൊച്ചു മകളെ ഉപദേശിക്കുമായിരുന്ന ജിദ്ധോ (മുത്തച്ഛന്‍) ബെയ്ത് ദറാസില്‍ നിന്നുള്ള ഒരായിരം കഥകള്‍ പറഞ്ഞുകൊടുത്തു അവളെ വളര്‍ത്തി. ആഫ്രിക്കയുടെ ഉള്‍ഗ്രാമത്തില്‍ ജുഫൂറെയില്‍ നിന്ന് വേട്ടയാടപ്പെട്ട് അടിമക്കപ്പലില്‍ അമേരിക്കയില്‍ എത്തിയ അലെക്സ് ഹാലിയുടെ റൂട്ട്സ് എന്ന കുണ്ട കിന്റെ തന്റെ വംശത്തിന്റെ കഥകള്‍ വരും തലമുറകള്‍ ഓര്‍മ്മിക്കാന്‍ നിഷ്ക്കര്‍ഷയോടെ പറയുന്നതിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് മംദൂഹിന്റെ കഥകള്‍. പില്‍ക്കാലം തന്‍കാര്യം മാത്രം നോക്കിയ മാതാവിന്റെ അവഗണനയും ബാലപീഡകനായിരുന്ന രണ്ടാനച്ഛനില്‍ നിന്നേറ്റ ഹീനമായ മുറിവുകളും കെയര്‍ ടേക്കര്‍മാരായ പല വീടുകളിലെ അനാഥത്വവും നല്‍കിയ കൈയ്പ്പേറിയ അനുഭവങ്ങള്‍ അവള്‍ മറികടക്കുക ഈ കഥകള്‍ നല്‍കിയ ഊര്‍ജ്ജവും സാമൂഹ്യ സേവന വകുപ്പിലെ പ്രവര്‍ത്തകയായ സൌത്ത് ആഫ്രിക്കന്‍ യുവതി എന്‍സിംഗയെയുടെ സ്നേഹ സാന്ത്വനവും ഉപയോഗപ്പെടുത്തിയായിരിക്കും. ഗാസയിലല്ലെങ്കിലും “പലസ്തീനിയാവുക എന്നതിന്റെ ഏറ്റവും അടിസ്ഥാന സത്യം അവളുടെ ജീവിതം പ്രതിഫലിപ്പിച്ചു എന്നത് വൈരുധ്യമായിരുന്നു: ഒന്നുമില്ലാത്തവലാകുക, ആരുമില്ലാത്തവലാകുക, ബഹ്ഷ്കൃതയാവുക.” വേണ്ടെന്നു തോന്നുമ്പോള്‍ വലിച്ചെറിയാനുള്ള ഒരു പഴയ ചെരുപ്പല്ല നൂര്‍ എന്ന് സ്വന്തം മകള്‍ക്കെതിരെ കൊച്ചു മകളെ സംരക്ഷിച്ച ടിയോ സാന്റിയാഗോയുടെ യഥാ സമയത്തുള്ള ഇടപെടലിന്റെ മാത്രം കാരണം കൊണ്ട് ജീവിതത്തിലേക്ക് തിരികെ വരുന്ന നൂര്‍, നല്ല വിദ്യാര്‍ഥിനിയായും വകതിരിവുല്ലവലായും എന്‍സിംഗയുടെ പ്രതീക്ഷ നിറവേറ്റും. “ഒരിക്കല്‍ നീ സ്വന്തം കുടുംബം ഉണ്ടാക്കിയെടുക്കും, നൂര്‍. നീ നിന്റെ ജിദ്ധോയുടെ ഹൃദയത്തിലെ ആ ലോകത്തേക്ക് വഴി കണ്ടെത്തുമെന്ന് ഞാന്‍ ആശിക്കുന്നു. നീ അറബിക് പഠിക്കണമെന്നും പലസ്തീനിലലെ നിന്റെ ജനതയെ അറിയണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.” ഇനിയുമൊരിക്കല്‍ അവള്‍ക്ക് സ്വയം താനൊരു വലിച്ചെറിയാനുള്ള ചെരുപ്പാണ് എന്ന് തോന്നുക, പ്രണയത്തിന്റെ മരീചികയായി അവളുടെ ജീവിതത്തിലെത്തുകയും ഉള്ളില്‍ ഉരുവാകുന്ന ജീവന്റെ തുടിപ്പിനോടൊപ്പം ഉപേക്ഷിക്കുകയും ചെയ്യുന്ന ജമാലിന്റെ അവഗണനയിലാണ്. അത് സംഭവിക്കുക ഗാസയിലാണ്. ഹാജ് നെസ്മിയയുടെ സഹോദരന്റെ കൊച്ചുമകള്‍ തിരികെ ഗാസയില്‍ എത്തിയിരിക്കുന്നു എന്ന വാര്‍ത്ത “റോമിലെ മഡോണ പ്രതിമയുടെ കണ്ണില്‍ നിന്ന് ചോര വാര്‍ന്നു വീഴുന്നുവെന്ന അഭ്യൂഹം പോലെ ക്യാംപിലെങ്ങും പടര്‍ന്നു” എന്നാണു നോവലില്‍ വിവരിക്കുന്നത്. ഇത്തവണ അവള്‍ക്ക് തുണയാവുക നെസ്മിയ മുത്തശ്ശിയും അല്‍വാന്‍ അമ്മായിയുമാണ്. അമേരിക്കയിലെ പോലെ പ്രണയം തോന്നുന്ന ആരുമായും കിടപ്പറ പങ്കിടാന്‍ ഗാസയില്‍ പറ്റില്ലെന്നും ഒരാള്‍ മറ്റെന്തിലും പ്രധാനമായി കുടുംബത്തിന്റെ അഭിമാനത്തെ കാണണമെന്നും ഓര്‍മ്മിപ്പിക്കുംപോഴും, പാപം സംഭവിച്ചു കഴിഞ്ഞു, ഗര്‍ഭച്ചിദ്രമെന്ന മറ്റൊരു പാപത്തിലൂടെ നടത്തുന്ന അഭിമാന സംരക്ഷണം എല്ലാം കാണുന്നവന്റെ കണ്ണില്‍ പാപ മോചനമല്ലെന്നു മുത്തശ്ശി തീരുമാനിക്കുന്നു. സ്വന്തക്കാര്‍ എന്ന നിലയിലല്ലാതെ ആത്മീയമായ ഒരര്‍ത്ഥത്തില്‍ തന്നെ തിരിച്ചും സ്നേഹിക്കുന്ന ഒരാളെ തനിക്കു സ്നേഹിക്കാന്‍ ആവശ്യമുണ്ട് എന്നതാണ് കുഞ്ഞിനെ വളര്‍ത്തുന്നതിനു ന്യായീകരണമായി എന്‍സിംഗയോട് നൂര്‍ പറയുക. പലസ്തീനിന്റെ സമര ചരിത്രത്ത്ന്റെ ഉജ്ജ്വല മുഖമായ അമേരിക്കന്‍ യുവതി റേച്ചല്‍ കോറിയുടെ ഓര്‍മ്മയില്‍ ‘റേറ്റ് ഷെല്‍’ എന്ന് പേരിട്ട കുടുംബത്തിന്റെ അരുമയായ അല്‍വാന്‍റെ കുഞ്ഞുമകളോട് നൂറിനു തോന്നുന്ന വാത്സല്യം സാക്ഷി നിര്‍ത്തി എന്‍സിംഗെയും അവള്‍ക്കുറപ്പു കൊടുക്കുന്നു: നീ ഒരു ക്ലാസ്സിക് ടെക്സ്റ്റ് ബുക്ക് നാര്‍സ്സിസിസ്റ്റ് ആയ നിന്റെ മമ്മയെ പോലെ പരാജയപ്പെട്ട ഒരമ്മയായിരിക്കില്ല. നീയൊരു നല്ല മാതാവായിരിക്കും. 

 

ആണുങ്ങളെല്ലാം ഒന്നുകില്‍ സമര മുഖത്തും ഒളിവിലും അല്ലെങ്കില്‍ ഇസ്രയേല്‍ തടവറകളിലും എന്ന നിലയുള്ള ഗാസയില്‍ പെണ്‍കരുത്തില്‍ തന്നെയാണ് അതിജീവനം സാധ്യമാകുന്നത്, നഷ്ടങ്ങളുടെ അറ്റമില്ലാചുഴികളിലും ജീവിതത്തില്‍ മുറുകെ പിടിക്കുന്ന ഈ സ്ത്രീ കഥാ പാത്രങ്ങളില്‍ ഏറ്റവും അത്ഭുതകരമായ പാത്ര സൃഷ്ടി ഹാജ് നെസ്മിയ എന്ന നെസ്മിയ മുത്തശ്ശിയുടെത് തന്നെയാണ്. തലമുറകളുടെ ജനിയും മൃതിയും കണ്ടവള്‍, ജ്വലിക്കുന്ന സൌന്ദര്യമുണ്ടായിരുന്ന യൌവ്വനവും ഏറെ സന്തതികളെ പെറ്റു പോറ്റിയ അനുഭവ സമ്പത്തും ഒപ്പം ഒട്ടും നാണമില്ലാതെ ലൈംഗികച്ചുവയുള്ള പരുക്കന്‍ ഫലിതങ്ങളുമായി ചുറ്റുമുള്ള തകര്‍ന്ന ജന്മങ്ങള്‍ക്ക് തണലാവുന്നവള്‍. നേരില്‍ കാണുന്നതിനും അറിയുന്നതിനും മുമ്പേ നൂറിന്റെ ഒറ്റപ്പെടലും അനാഥത്തവും അതീന്ത്രിയ ശക്തിയാലെന്നോണം അറിഞ്ഞു കൊണ്ടിരുന്നവള്‍ - “മറിയം വീണ്ടും മരിച്ചിരിക്കുന്നു, നൂര്‍ ആവട്ടെ എകാകിനിയും ഭയ ചകിതയും.”. ഫലസ്തീന്‍ ദുരന്തം വിഷയമാകുന്ന കൃതികളില്‍ പെണ്‍കരുത്തിന്റെ ഈ വിളംബരം സാധാരണമാണ്. ഏലിയാസ് ഖൌറിയുടെ സൂര്യ കവാടം എന്ന നോവലില്‍ ഒരു കഥാപാത്രം പറയുന്നത് പോലെ, “ഈ അമ്മമാര്‍ വല്ലാത്ത കൂട്ടരാണിഷ്ടാ..!’. എന്നാല്‍ നോവലിന്റെ പരിമിതിയായി ചൂണ്ടിക്കാണിക്കാവുന്ന ചില പ്രശ്നങ്ങള്‍ പ്രകടമാണ്. ഒരു ഘട്ടത്തില്‍ ഒരു പലസ്തീന്‍ കുരുന്നിന് മിട്ടായി നല്‍കുന്ന ഒരൊറ്റ സൈനികനെ മാറ്റി നിര്‍ത്തിയാല്‍ നോവലിലുടനീളം ഇസ്രയേല്‍ സൈനികര്‍ ക്രൂരതയുടെയും നൃശംസതയുടെയും പര്യായങ്ങളാണ്. ഇസ്രയേല്‍ പിറവിയുടെ മറുവശത്തെ കുറിച്ചുള്ള ഒരു സമ്പൂര്‍ണ്ണ തമസ്ക്കരണം നോവലിനെ വല്ലാതെ ഏകപക്ഷീയമാക്കുന്നുണ്ട്. ഇല്യാസ് ഖൌറിയുടെ പുസ്തകം പോലെത്തന്നെ, ലേ ക്ലെസിയോയുടെ ‘ദി വാണ്ടറിംഗ് സ്റ്റാര്‍’, സെല്‍മ ദെബ്ബാഗിന്റെ ‘ഔട്ട്‌ ഓഫ് ഇറ്റ്‌’, റബായ് അല്‍ മദ്ഹൂനിന്റെ ‘ലേഡി ഫ്രം ടെല്‍ അവീവ്’ തുടങ്ങിയ കൃതികളുമായി ചേര്‍ത്തു വെക്കുമ്പോള്‍ ഈ പരിമിതി സുവ്യക്തമാണ്. അമേരിക്കയില്‍ സാമാന്യേന സൌകര്യങ്ങളില്‍ വളര്‍ന്ന നൂറിനു ലോകത്തിലെ ഏറ്റവും കടുത്ത തുറന്ന ജയിലായ ഗാസയിലെ ശ്വാസം മുട്ടിക്കുന്ന സാഹചര്യങ്ങളോട് സമ്മര്‍ദ്ദമേതുമില്ലാതെ ഇഴുകിച്ചേരാന്‍ കഴിയുന്നതും അത്ര സ്വാഭാവികമല്ല. കുളിമുറിയില്‍ തങ്ങളുടെ ഒരു മാസത്തേക്കുള്ള വെള്ളത്തിന്റെ റേഷന്‍ ഒറ്റയടിക്ക് തീര്‍ത്തേക്കുമെന്ന പേടിക്ക്‌ അവളുടെ അമേരിക്കന്‍ ശീലം കാരണമാകുന്നത് അല്‍വാന്‍ അമ്മായി കണ്ടെത്തുന്നുണ്ട്. ഇവിടെ കുളിച്ച വെള്ളം തന്നെ ശേഖരിച്ചു വേണം ടോയ് ലെറ്റ്‌ ഫ്ലഷ് ചെയ്യാന്‍.

 

ആയിരത്തൊന്നു രാവുകളുടെ മാതൃകയില്‍ കഥകള്‍ക്ക് പിറകെ കഥകളായി ഇരയായവരുടെ ജീവിതാവസ്ഥകള്‍ ആവിഷ്കരിക്കുന്ന രീതിയാണ് നോവലില്‍. നോവല്‍ ആരംഭിക്കുന്നത് തന്നെ പലസ്തീനികളുടെ മേല്‍ ഭക്ഷ്യ, പോഷക ദൗര്‍ബല്യം അടിച്ചേല്‍പ്പിക്കാനുള്ള ഔദ്യോഗിക ഇസ്രായേലി നയത്തെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ്. “പലസ്തീനികളെ ഡയറ്റിംഗിന് വിധേയരാക്കുക എന്നതാണ് ആശയം” എന്ന വെയ്സ്ഗ്ലാസ് സിദ്ധാന്തം (Dov Weisglass)  പലസ്തീനികളെ കൊല്ലാതെ കൊല്ലാനുള്ള മാര്‍ഗ്ഗമായിരുന്നു. ഈജിപ്തില്‍ നിന്ന് തുരങ്കങ്ങള്‍ വഴി അവശ്യ വസ്തുക്കള്‍  എത്തിക്കുന്നത് ഒരു സമാന്തര സമ്പദ്ഘടന തന്നെയായിത്തീരുന്നു. ഒരു ഘട്ടത്തില്‍ നൂര്‍ തന്നെയും ആ വഴി തിരികെയെത്തുന്നുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു പോകുന്ന വീടുകളുടെ ഇഷ്ടികയും മറ്റും നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കുള്ള ഗാസയില്‍ ഏറെ ആവശ്യക്കാരുള്ളതാണ്. പലസ്തീനിയെ നിരന്തരം വേട്ടയാടുന്ന ചെക്ക് പോയിന്റുകള്‍ എന്ന നരകവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍, ആഖ്യാനം ഏതാണ്ട് മുഴുവനായും നടത്തുന്നത് ഗാസാ ബോംബിംഗിനിടെ ഏതാണ്ട് കോമ അവസ്ഥയില്‍ പെട്ട് കണ്ണിമ മാത്രം നേരിയ തോതില്‍ ചലിപ്പിക്കാനാവുന്ന, ജനനത്തിനും മുമ്പുണ്ടായിരുന്ന അതീത കാലത്തെയോ ഇടത്തെയോ അടയാളപ്പെടുത്തുന്ന തലക്കെട്ടിലെ ‘ആകാശത്തിനും ജലത്തിനുമിടയിലെ നീലിമയില്‍’ കഴിയുന്ന ഖാലിദ് എന്ന റേറ്റ് ഷേലിന്‍റെ പത്തു വയസ്സുകാരന്‍ സഹോദരന്റെ അതീത ബോധമാണ് എന്നിരിക്കെ, ഒരു പത്തു വയസ്സുകാരന്റെ ഭാഷാ പരിമിതികളോ ധാരണാവൈകല്യങ്ങളോ ഇല്ലാത്ത ആഖ്യാനരീതിയിലും വൈരുദ്ധ്യമുണ്ട്. ഇതൊക്കെയാണെങ്കിലും മഹാദുരിതങ്ങളുടെ കുത്തൊഴിക്കിലും ഇടക്കൊരോ നൃത്തോത്സവങ്ങളും കടല്‍ക്കരയിലെ കൊച്ചു പാര്‍ട്ടികളും എപ്പോഴും അത്ര ‘ശ്ലീല’മല്ലെങ്കിലും അല്‍വാന്‍റെ ബ്രെസ്റ്റ് ക്യാന്‍സര്‍ പോലെ രോഗവും വൈകല്യങ്ങളും ചൂഴ്ന്നു നില്‍ക്കുന്ന ഗൃഹാന്തരീക്ഷത്തിലെ ഘനീഭാവം ലഘൂകരിക്കുന്ന ഫലിത പ്രയോഗങ്ങളും സര്‍വ്വോപരി നാടിനു വേണ്ടിയുള്ള ത്യാഗം അടയാളപ്പെടുത്തുന്ന വീരോചിത പ്രവര്‍ത്തികളും എല്ലാമായി, നോവലന്ത്യത്തില്‍ ഹമാസിന്റെ തടവിലുള്ള ഒരു ഇസ്രയേല്‍ സൈനികന് പകരമായി മോചിപ്പിക്കപ്പെടാന്‍ പോകുന്ന ആയിരം പലസ്തീന്‍ തടവുകാരുടെ കൂട്ടത്തില്‍ കുടുംബം ഉറ്റുനോക്കുന്ന മെസാനിന്റെ ജയില്‍ മോചനം പോലുള്ള പ്രതീക്ഷകളിലേക്ക് ജീവിതമുണരുന്ന ഒരു പലസ്തീന്‍ സാധ്യതയെ പുസ്തകം ഉറ്റുനോക്കുന്നു; ഒരു പക്ഷെ നൂറിനും മെസാനിനും ഇടയില്‍ നെസ്മിയ മുത്തശ്ശി ആഗ്രഹിക്കും/ പ്രതീക്ഷിക്കും പോലെ ഒരു പുതിയ പ്രണയകഥയുടെ നീലിമയിലേക്കും. 

 

(ഞായര്‍ പ്രഭാതം 2017 നവംബര്‍ 05)

 (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 201-208)

To purchase, contact ph.no:  8086126024

more from Abulhawa

Mornings in Jenin by Susan Abulhawa

https://alittlesomethings.blogspot.com/2015/12/blog-post_9.html

more on Palestine:

Fractured Destinies by Rabai al-Madhoun

https://alittlesomethings.blogspot.com/2024/09/fractured-destinies-by-rabai-al-madhoun.html

The Lady of Tel Aviv by Rabai al-Madhoun

https://alittlesomethings.blogspot.com/2017/09/blog-post_87.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html