Featured Post

Friday, October 11, 2024

The Vegetarian by Han Kang/ Deborah Smith

 പിന്‍ നടത്തിന്റെ വിമോചക സാധ്യതകള്‍



സൌത്ത് കൊറിയയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഗ്വാങ്ജുവില്‍ 1970ല്‍ ജനിച്ച ഹാന്‍ കാങ്ങ്, പത്താം വയസ്സില്‍ സോളിനടുത്തു സിയൂറിയിലേക്ക് കുടിയേറി. അറിയപ്പെടുന്ന നോവലിസ്റ്റായ പിതാവിന്റെ മകളെന്ന നിലയില്‍ സാഹിത്യ പാരമ്പര്യമുള്ള കുടുംബമാണ് അവരുടെതെന്നു പറയാം. 1993ല്‍ ഏതാനും കവിതകളുമായി സാഹിത്യലോകത്തിലേക്ക് കടന്നുവന്ന അവര്‍, 1995ല്‍ "Love of Yeosu" എന്ന പ്രഥമ കഥാ സമാഹാരവും 1998ല്‍ Black Deer എന്ന നോവലും പുറത്തിറക്കി. പ്രാദേശിക, ദേശീയ തലങ്ങളില്‍ സാഹിത്യ പുരസ്കാരങ്ങള്‍ നേടിയ ഹാനിനെ ലോക സാഹിത്യത്തില്‍ അടയാളപ്പെടുത്തിയത് 2007ല്‍ കൊറിയന്‍ മൂലത്തില്‍ പ്രസിദ്ധീകരിക്കുകയും ഡിബോറ സ്മിത്തിന്റെ  ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍  2015ല്‍ പുറത്തിറങ്ങുകയും ചെയ്ത The Vegetarian എന്ന നോവലാണ്‌. നോവല്‍, മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം നേടുകയും ചെയ്തു.

മാനുഷികാവസ്ഥയില്‍ ലീനമായ ഹിംസാത്മകത, അത് സൃഷ്ടിക്കുന്ന ട്രോമ, സ്വത്വ സംഘര്‍ഷങ്ങള്‍, പരമ്പരാഗത, പുരുഷാധികാര മൂല്യങ്ങളും ശ്രേണീബദ്ധമായ കുടുംബ വ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ സംഘര്‍ഷങ്ങളും തുടങ്ങി, ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ വ്യക്തികളും സമൂഹങ്ങളും നേരിടേണ്ടിവരുന്ന ഹിംസയുടെ ശാരീരിക, മാനസിക ആഘാതങ്ങളും വരെ ഹാന്‍ കാങ്ങിന്റെ കൃതികളില്‍ നിരീക്ഷിക്കപ്പെടുന്നു. ലോക വായനാ സമൂഹത്തിന് അവരെ അതിശക്തമായ രീതിയില്‍ പരിചയപ്പെടുത്തിയ കൃതി എന്ന നിലയില്‍, The Vegetarian വായിക്കുന്നത് അവരുടെ രചനാലോകത്തേക്കുള്ള മികച്ച പ്രവേശികയാകും.

The Vegetarian

 ‘മനുഷ്യനായിരിക്കുക എന്നതിനെക്കുറിച്ച് ചോദ്യമുയര്‍ത്താന്‍ ഞാനാഗ്രഹിച്ചു, ഒപ്പം മനുഷ്യ കുലത്തില്‍ ചേര്‍ന്നുനില്‍ക്കാനാഗ്രഹിക്കാത്ത, അത്തരം ഹിംസയില്‍ ആറാടുന്ന മനുഷ്യരില്‍ ഒരാളായിരിക്കുക എന്നതിനെ അതിതീവ്രമായി തിരസ്കരിച്ച ഒരു സ്ത്രീയെ വിവരിക്കാന്‍ ഞാനാഗ്രഹിച്ചു.’ (Han Kang in an interview)

പരമ്പരാഗത കൊറിയന്‍  പുരുഷാധികാര വ്യവസ്ഥയില്‍ പ്രണയവും അനുസരണയും സ്ത്രീയ്ക്കും അധീശത്തവും ദയാവായ്പ്പും പുരുഷനും ഉദാത്ത മൂല്യങ്ങളായി കണക്കാക്കപ്പെടുന്നു. കുടുംബം എന്ന അടിസ്ഥാന യൂണിറ്റില്‍, പ്രസ്തുത വ്യവസ്ഥയുടെ നിലനില്‍പ്പില്‍ വ്യക്തിയുടെ പെരുമാറ്റം/ പെരുമാറ്റ വൈചിത്ര്യങ്ങള്‍ മൊത്തം വ്യവസ്ഥയുടെ കെട്ടുറപ്പിനെ നേരിട്ട് ബാധിക്കുന്നു. മത്സ്യ, മാംസാഹാരമെന്നത് ഭക്ഷണ ക്രമത്തിന്റെയും, അതുവഴി തുടര്‍ന്നുപോരുന്ന സാമൂഹിക പാരസ്പര്യങ്ങളുടെയും അവിഭാജ്യ ഘടകം തന്നെയായ കൊറിയന്‍ സമൂഹത്തില്‍, ഒരു സുപ്രഭാതത്തില്‍ സസ്യഭുക്കാകാനുള്ള യോങ് ഹൈയുടെ തീരുമാനം വലിയ അനുരണനങ്ങളാണ് കുടുംബത്തിന്റെ വ്യവസ്ഥാപിത/ അധികാര ശ്രേണികളിലും സമൂഹവുമായുള്ള ഇടപഴകല്‍ സന്ദര്‍ഭങ്ങളിലും സൃഷ്ടിക്കുന്നത്. പ്രസ്തുത സാഹചര്യത്തെ, വ്യക്തിക്ക്, അതും സ്ത്രീക്ക്, തന്റെ തന്നെ മേലുള്ള പരമാധികാരം, തന്നെ വരിഞ്ഞു മുറുക്കുന്ന സാമൂഹിക പ്രതീക്ഷകളുടെ തിരസ്കാരം, മാനുഷിക അഭിലാഷങ്ങളും പ്രകൃത്യായുള്ള ചോദനകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള ഒരു ആഖ്യാനമാക്കി വികസിപ്പിക്കുകയാണ് നോവലിസ്റ്റ്. നോവലിന്റെ മൂന്നു ഭാഗങ്ങള്‍, രണ്ടുവര്‍ഷങ്ങളുടെ ഇടവേളകളുള്ള, മൂന്നു പേരുടെ വീക്ഷണകോണുകളിലൂടെ, പ്രസ്തുത പ്രമേയങ്ങള്‍ പരിശോധിക്കുന്നു: ആദ്യം മത്സ്യാഹാരം ഉപേക്ഷിക്കുകയെന്ന യോങ് ഹൈയുടെ ‘നിഷേധത്തിലൂടെ, പിന്നീട് സഹോദരീ ഭര്‍ത്താവിനു കലാകാരനെന്ന ഭാവേന അവളോടുള്ള അഭിനിവേശത്തിലൂടെ, ഒടുവില്‍ ഇന്‍ ഹൈക്ക് സഹോദരിയുടെ നേരയുള്ള രാഗ-ദ്വേഷ ബന്ധത്തിലൂടെ. യോങ് ഹൈയുടെ തീരുമാനം, അവളുടെ വൈയക്തിക ഭക്ഷണ അഭിരുചിയുടെ പ്രഖ്യാപനം എന്നതിനപ്പുറം കടക്കുകയും ഭര്‍ത്താവ്, സഹോദരീഭര്‍ത്താവ്, സഹോദരി എന്നിവരുടെ ഐഡന്റിറ്റി, കുടുംബപരമായ കടമകള്‍, സ്വാതന്ത്ര്യം എന്നിവയെ ബാധിക്കുകയും ചെയ്യുന്നു.  അതോടൊപ്പം ഹിംസാത്മകമത, തൃഷ്ണ, ഭ്രാന്ത്, ഉടലധികാരം, അതിജീവനം എന്നിവയെക്കുറിച്ചുള്ള തീക്ഷ്ണമായ നിരീക്ഷണങ്ങളിലേക്കും അന്തിമമായി മനുഷ്യാവസ്ഥയെ കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങളിലേക്കും ഹാന്‍ കാങ്ങ് നോവലിനെ പരിവര്‍ത്തിപ്പിക്കുന്നു.

യോങ് ഹൈയുടെ ഭര്‍ത്താവായ മി. ചിയോങ്ങിന്റെ ആഖ്യാനമായ, നോവലിന്റെ തലക്കെട്ടിന്റെ അതെ പേരുള്ള (The Vegetarian) ആദ്യഭാഗം, ഹിംസയും ചോരയും നിറഞ്ഞ പേടിസ്വപ്നങ്ങളുടെ തുടര്‍ച്ചയെ തുടര്‍ന്ന് ഇനിമുതല്‍ മാംസം കഴിക്കില്ലെന്ന യോങ് ഹൈയുടെ തീരുമാനത്തോടെ ആരംഭിക്കുന്നു. യോങ് ഹൈയെ സംബന്ധിച്ച് മനുഷ്യാസ്തിത്വത്തില്‍ ലീനമായ ഹിംസയുടെ തിരസ്കാരമാണ് അത്. ഈ ഘട്ടത്തില്‍ ചിയോങ്ങിനെ സംബന്ധിച്ച് അതൊരു ചെറിയ നിഷേധ പ്രവര്‍ത്തി മാത്രമാണ്. ബ്രാ ധരിക്കാന്‍ വിസമ്മതിക്കുന്നതു പോലുള്ള യോങ് ഹൈയുടെ നേരത്തെയുള്ള ശീലം പോലെ. എന്നാല്‍,  ഭക്ഷണക്കാര്യത്തിലെ വൈയക്തിക തെരഞ്ഞെടുപ്പ് എന്നതില്‍നിന്ന് അത് കൈവിട്ടുപോകുകയും മാംസാഹാരം ഉണ്ടാക്കാന്‍ വിസമ്മതിക്കല്‍, ലൈംഗിക ബന്ധത്തിന് വിസമ്മതിക്കല്‍, തുടങ്ങിയവയിലേക്ക് പുരോഗമിക്കുന്നതോടെ ജെന്റര്‍ പദവി കടമകളെ കുറിച്ചുള്ള സാമൂഹിക പ്രതീക്ഷകള്‍ തകിടം മറിയുകയാണ്. സ്ത്രീയെ ഉടലായും ഉപയോഗപ്രയോജനമുള്ള വസ്തുവായും മാത്രം കാണുന്ന ചിയോങ്ങിനെ സംബന്ധിച്ച് സെക്സ് എന്നത് സ്ത്രീയുടെ ബാധ്യതയാണ്‌. ആ നിലക്ക് എങ്ങനെയും തന്റെ തൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ സ്ത്രീയെ ബലാല്‍ക്കാരം ചെയ്യുന്നത് തെറ്റല്ല. എന്നാല്‍, ആ മൂല്യബോധത്തിന്റെ എതിരറ്റത്ത് നിലയുറപ്പിക്കുന്ന യോങ് ഹൈയെ സംബന്ധിച്ച് ലൈംഗികത എന്നത് മരണവും. അവളൊരു ബലാല്‍ക്കാര അതിജീവിതയാണ്. അവളുടെ അനുഭവത്തില്‍ ലൈംഗികതയെ നേരിടുകയെന്നാല്‍, ഹിംസ, കയ്യേറ്റം, മരണം എന്നിവയെ നേരിടലാണ്. അത്തരം ഒരു സ്ത്രീക്ക്, സെക്സ് എന്നത് സ്വയം നശീകരണവും മനുഷ്യപ്രകൃതത്തില്‍ ഫ്രോയ്ഡ് നിരീക്ഷിച്ച ആന്തരികവും പ്രാകൃതവുമായ മൃത്യു അഭിവാഞ്ചയും (death wish) ആയിത്തീരുന്നു. സഹോദരീ ഭര്‍ത്താവിന്റെ കടന്നുകയറ്റത്തിനു അവള്‍ നിഷ്ക്രിയമായി വഴങ്ങുന്നത് ഈ മൃത്യുപാസനയുടെ പ്രേരണയിലാണ്.

യോങ് ഹൈയുടെ തെരഞ്ഞെടുപ്പില്‍, ചിയോങ്ങ് പ്രതിനിധാനം ചെയ്യുന്ന സാമൂഹികാവസ്ഥയുടെ കഥയറിയാത്ത ഗുണഭോക്താക്കള്‍ മാത്രമായ കുടുംബത്തിന്റെ കണ്ണില്‍ അവളൊരു വെറും തന്നിഷ്ടക്കാരിയാകുന്നു. അവരുടെ നിലപാടുകള്‍ അവളുടെ മാനസികാവസ്ഥക്ക് ഏതൊക്കെ നിലയില്‍ നിമിത്തമായിരിക്കാം എന്നത് അവര്‍ക്ക് പ്രശ്നമേയല്ല/ അറിയില്ല. കുടുംബ സംഘര്‍ഷം രൂക്ഷമാകുന്ന ഒരു ഘട്ടത്തില്‍ യോങ് ഹൈയുടെ പിതാവ് ബലപ്രയോഗത്തിലൂടെ അവളെ മാംസം തീറ്റിക്കാനുള്ള ശ്രമം നടത്തുന്നു. സ്ത്രീയുടെ ഉടലിനുമേല്‍ സാമൂഹിക പ്രതീക്ഷകള്‍ അടിച്ചേല്‍പ്പിക്കുന്ന ഹിംസാത്മകതയുടെ പ്രകടിത രൂപമാണത്. കൈത്തണ്ടയില്‍ ആഴത്തില്‍ മുറിപ്പെടുത്തി പ്രതിഷേധിക്കുന്ന യോങ് ഹൈയെ ആശുപത്രിയിലെത്തിക്കേണ്ടി വരുന്നത്, അവളുടെത് കേവലനിഷേധം എന്നതിപപ്പുറം പോകുന്ന, സാമൂഹിക അന്യവല്‍ക്കരണത്തിന്റെ തന്റെ മാനങ്ങളുള്ള പ്രതികരണമാണെന്ന്  തെളിയിക്കുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത ഘട്ടങ്ങളില്‍ നഗ്നയാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ഭയങ്കര ചൂടാണ് എന്നാണു അവളുടെ മറുപടി. ആശുപത്രിയില്‍ നിന്ന് മടങ്ങിയ ശേഷം കാണാതാകുന്ന യോങ് ഹൈയെ, തടാകക്കരയില്‍ കയ്യില്‍ ഒരു വെളുത്ത, ചത്ത പക്ഷിയുമായി ഒരു ബെഞ്ചില്‍ ഇരിക്കുന്ന രൂപത്തില്‍ കണ്ടെത്തുന്നു. പക്ഷിയുടെ ജഡത്തില്‍ ഏതോ ഇരപിടിയന്‍ ആക്രമണത്തിന്റെ തെളിവായി ഒട്ടേറെ ചോരക്കരകറകള്‍ കാണാനുണ്ട്. കിരാതമായ പുറംലോകത്തില്‍ വേട്ടയാടപ്പെടുന്ന നൈര്‍മ്മല്യത്തിന്റെ പ്രതീകമാവാം ആ നിസ്സഹായ മരണം.

യോങ് ഹൈയുടെ നിഷേധത്തോടുള്ള മി. ചിയോങ്ങിന്റെ പ്രതികരണം, അവരുടെ ബന്ധത്തില്‍ അതുവരെ വെളിപ്പെടാതെ മൂടപ്പെട്ടുകിടന്ന ഹിംസാത്മകതയുടെ വെളിപ്പെടലാണ്. അവളില്‍ സംഭവിക്കുന്ന പരിണാമത്തിന്റെ പൊരുള്‍ തിരിച്ചറിയാനാകാതെ, അവഗണിക്കപ്പെട്ട പൗരുഷത്തിന്റെ പതിവ് പ്രതികരണമായി അയാളൊരു റേപ്പിസ്റ്റ് ആയിത്തീരുന്നുണ്ട്. മാംസം, ബ്രാ, സെക്സ് ത്രിത്വത്തില്‍ നിന്നുള്ള യോങ് ഹൈയുടെ പിന്മടക്കം, പെണ്ണുടല്‍ വസ്തുവല്‍ക്കരണത്തില്‍ അഭിരമിക്കുന്ന പുരുഷാധികാര ലോകത്തുനിന്നുള്ള യോങ് ഹൈയുടെ അന്യവല്‍ക്കരണം പൂര്‍ണ്ണമാക്കുന്നു.

Mongolian Mark’ എന്നു പേരിട്ട രണ്ടാം ഭാഗം, യോങ് ഹൈയുടെ സഹോദരി ഇന്‍ ഹൈയുടെ ഭര്‍ത്താവും വീഡിയോ ചിത്രകാരനുമായ കഥാപാത്രത്തിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. യോങ് ഹൈയുടെ ഉടലിലുള്ള ജന്മസിദ്ധമായ അടയാളത്തെ കുറിച്ച്, കുഞ്ഞുമകന്‍ ജീ വൂയെ കുളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍, ഇന്‍ ഹൈയില്‍ നിന്ന് അറിയാന്‍ ഇടവരുന്നത്, ഭാര്യാസഹോദരിയോട് അയാളില്‍ നേരത്തെ ഉണ്ടായിരുന്ന അഭിനിവേശം ഇരട്ടിപ്പിക്കുന്നു. പ്രകൃതിയുമായുള്ള ആദിമബന്ധത്തിന്റെ സൂചനയാണ് യോങ് ഹൈയില്‍ ആ അടയാളമെങ്കില്‍, അത് പ്രാകൃത രതിചോദനയായാണ് ഇവിടെ വര്‍ത്തിക്കുന്നത്. മി. ചിയോങ്ങ്, യോങ് ഹൈയെ വിധേയത്തം പുലര്‍ത്തേണ്ട ഭാര്യയായി കാണ്ടപ്പോള്‍, ബന്ധു അവളെ ഒരു കലാകാരന്റെ ഉപാസനാ മൂര്‍ത്തി (artist’s muse) യായി കാണുന്നു. തൃഷ്ണയും കാമനാ വിഭ്രമങ്ങളും പകര്‍ത്തിവെക്കാനുള്ള കാന്‍വാസ് . ഉടലില്‍ പൂക്കള്‍ വരച്ചുവെക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കാനുള്ള മോഡലായി അയാള്‍ യോങ് ഹൈയെ ഉപയോഗിക്കുന്നു. അയാളുടെ ഭാവനയില്‍ അതൊരു രതിപൂര്‍ത്തീകരണമായി മാറുന്നുമുണ്ട്. ആദ്യഭാഗത്തെ ചത്ത പക്ഷിയെപ്പോലെ, പ്രകൃതിയുടെ സൗന്ദര്യവും നൈര്‍മല്യവും ഒപ്പം നശ്വരതയും പ്രതിനിധാനം ചെയ്യുന്ന പൂക്കള്‍ എന്ന ബിംബം ഈ ഭാഗത്ത് സുപ്രധാനമാണ്‌. യോങ് ഹൈയുടെ ഉടലില്‍ വരച്ചു ചേര്‍ക്കുന്ന പൂക്കള്‍, സൗന്ദര്യത്തിന്റെയും അഗമ്യഗമനത്തിന്റെയും പ്രതീകമാണ്‌; മറ്റൊരു പ്രകാരത്തില്‍  സൃഷ്ടിയുടെയും നശീകരണത്തിന്റെയും, ജീവന്റെയും മൃത്യുവിന്റെയും ഇടയിലെ  സമ്മര്‍ദ്ദങ്ങള്‍. ജെ എന്നൊരു പുരുഷ മോഡലിനെ കൂടി ഉള്‍പ്പെടുത്തി സൃഷ്ടിക്കുന്ന പ്രോജക്റ്റില്‍, തന്റെ ലൈംഗിക അഭിനിവേശത്തെ സാക്ഷാത്കരിക്കാന്‍ ചിത്രകാരന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജെ. പൂര്‍ണ്ണമായും സഹകരിക്കുന്നില്ല. ഉടല്‍ വസ്തുവല്‍ക്കരണവും തൃഷ്ണാ പൂരണവും നടക്കുമ്പോഴും, എല്ലാത്തിലും യോങ് ഹായ് നിഷ്ക്രിയമായി സഹകരിക്കുന്നത് മാനുഷിക ബന്ധങ്ങളില്‍നിന്നുള്ള അവളുടെ ഉള്‍വലിയലിന്റെ പ്രകടനമാണ്. പൂക്കളുടെ ഇമേജറി വേണ്ടുവോളമുള്ള സംഗമത്തില്‍ ബന്ധുവിന് വിധേയപ്പെടുന്നത് പ്രണയമല്ല, മറിച്ച് മാനുഷിക ലോകത്തോടുള്ള സമ്പൂര്‍ണ്ണ അന്യവല്‍ക്കരണമാണ്. സഹോദരീ ഭര്‍ത്താവിനെ സംബന്ധിച്ച് അതയാളുടെ സര്‍ഗ്ഗാത്മക അഭിനിവേശത്തിന്റെ പൂര്‍ത്തീകരണവും ഒപ്പം സമൂഹജീവിയും ഒരു ഭര്‍ത്താവുമെന്ന നിലയില്‍ അന്തിമ തകര്‍ച്ചയും ആയിത്തീരും. അരുതാത്ത ബന്ധം കാണാന്‍ ഇടയാകുന്ന ഭാര്യയുടെ പ്രതികരണം സാമൂഹിക ക്രമങ്ങള്‍ക്കനുസരിച്ചായിരിക്കും. ആദ്യഭാഗത്ത് മി. ചിയോങ്ങ് ചെയ്തെന്തോ, അതുതന്നെയാണ് ബന്ധുവും ഒരര്‍ത്ഥത്തില്‍ ആവര്‍ത്തിക്കുന്നത്: ഒരാളുടെ ഇഷ്ടത്തെ മറ്റൊരാളുടെ ഉടലില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുക. യോങ് ഹൈ ഇരുവരെയും നിരാശപ്പെടുത്തുക, അവളുടേത്‌ മറ്റൊരു മൂല്യക്രമം ആയതുകൊണ്ടാണ്‌. ബന്ധുവിന് പേരു നല്കപ്പെട്ടിട്ടില്ല എന്നത്, അയാളുടെ വ്യക്തിത്വത്തിന് ഇവിടെ പ്രസക്തിയില്ല എന്നതുകൊണ്ടും. തൃഷ്ണയും സര്‍ഗ്ഗാത്മക അഭിനിവേശവും കൊണ്ട് അന്ധനായിപ്പോയ വെറുമൊരു നിഴല്‍ കഥാപാത്രമാണ് അയാള്‍.

Flaming Trees  എന്ന മൂന്നാം ഭാഗത്തിന്റെ ആഖ്യാനം നടത്തുന്നത് ഇന്‍ ഹൈ ആണ്. അനിയത്തിയോടും അവളുടെ നിഷേധത്തോടും രാഗ-ദ്വേഷ ബന്ധമുള്ള ഇന്‍ ഹൈ, സമൂഹം സ്ത്രീയില്‍നിന്നു പ്രതീക്ഷിക്കുന്നതെന്തോ അതാവാന്‍ വിധിക്കപ്പെട്ടവളാണ്. കുടുംബത്തിന്റെ സ്ഥിരവരുമാനമാര്‍ഗ്ഗം, അമ്മ, ഭാര്യ, കുടുംബിനി. അനിയത്തി ഭ്രാന്തിലേക്ക് കൂപ്പു കുത്തുന്നത് കാണുമ്പോള്‍, അവള്‍ തന്റെ തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്തുതുടങ്ങും; തന്റെ സ്വാധികാരം പണയപ്പെടുത്തി നേടിയ സാമൂഹിക അംഗീകാരവും, സമ്പൂര്‍ണ്ണ തകര്‍ച്ചയിലും സഹോദരി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യ ബോധവും തമ്മില്‍ അവള്‍ തുലനം ചെയ്തു തുടങ്ങും. ഒരര്‍ത്ഥത്തില്‍, പുരുഷാധികാര സമൂഹത്തില്‍ ഞെരുങ്ങുന്ന സ്ത്രീകള്‍ പരസ്പരം താങ്ങാവുക എന്ന ഫെമിനിസ്റ്റ് സമീപനത്തിന്റെ കണ്ടെടുപ്പും കൂടി അതിലുണ്ട്. ആ നിലയ്ക്ക്, കൊറിയന്‍ സമൂഹത്തിലെ സ്ത്രീയുടെ പ്രതിനിധാനം തന്നെയാണ് ഇന്‍ ഹൈ. ഭക്ഷണം പരിപൂര്‍ണ്ണമായി വര്‍ജ്ജിച്ചു തന്റെ വൃക്ഷജന്മ മോഹം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന യോങ് ഹൈയെ കീഴ്പ്പെടുത്തി, കുഴലിലൂടെ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കാനും അവള്‍ക്കുവേണ്ടത് അവള്‍ നിശ്ചയിക്കട്ടെ എന്ന നിലപാടിലേക്ക് മാറാനും വലിയൊരു ആത്മീയ വികാസത്തിലേക്ക് മുന്നോട്ടു പോകേണ്ടതുണ്ട് അവള്‍ക്ക്. അവള്‍ യോങ് ഹൈ ചര്‍ദ്ദിച്ച രക്തത്തില്‍ അഭിഷിക്തയാകുന്നതും അത് തന്റെ തന്നെ രക്തമാണെന്ന നിലയില്‍ അവള്‍ ധരിക്കുന്നതും സഹനത്തിലൂടെയുള്ള പെണ്‍സൌഭ്രാത്രമെന്ന വലിയ പ്രമേയത്തെ ചെന്നുതൊടുന്നു.

യോങ് ഹൈ ആകട്ടെ, ഈ ഘട്ടം എത്തുമ്പോഴേക്കും, മാംസാഹാര വിമുഖത എന്നതൊക്കെ വിട്ടു ഭക്ഷണ വിമുഖത (anorexia) എന്ന അവസ്ഥയിലാണ്. അവള്‍ വൃക്ഷങ്ങളുമായി സ്വയം താദാത്മ്യപ്പെട്ടു തുടങ്ങുകയാണ്. ഒരു മരമായിത്തീരാനുള്ള അവളുടെ ആഗ്രഹം, മനുഷ്യന്റെ ഹിംസാത്മകതയെയും ഉപഭോഗാസക്തിയെയും മറ്റുള്ളവരുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പ്രവണതയെയും പരിപൂര്‍ണ്ണമായി വര്‍ജ്ജിക്കുന്നതിന്റെ ചിഹ്നമാണ്. അവളുടെ ഉടലില്‍നിന്ന് വേരുകള്‍ ഉയിര്‍ക്കുന്നതിന്റെ സങ്കല്പം, പ്രകൃതിയുടെ ലോകത്തില്‍ മുഴവനായി ലയിക്കാനും മനുഷ്യാസ്തിത്വത്തിന്റെ പങ്കിലതകളെ മറികടക്കാനുമുള്ള ആഗ്രഹത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, ഇതൊക്കെയും അതീന്ദ്രിയമോ ആത്മീയമോ ആയ തലത്തില്‍ ഉദാത്തമായിരിക്കുമ്പോഴും വ്യാവഹാരിക ജീവിതത്തില്‍ ശാരീരിക, മാനസിക തകര്‍ച്ചയുടെ മാത്രം ലക്ഷണങ്ങളാണ്. ഇന്‍ ഹൈ സ്വയം, യോങ് ഹൈയില്‍ തുടക്കം മുതലേ പ്രകടമായിരുന്ന ദുസ്വപ്നാനുഭവങ്ങളിലെക്കു വീണു തുടങ്ങുന്നത്, സഹോദരിയോടുള്ള ഐക്യപ്പെടലിന്റെ സൂചനയാണ്. എന്നാല്‍ അവളിപ്പോഴും മണ്ണില്‍ ചവിട്ടിയാണ് നില്‍പ്പ്, അതവളുടെ സംഘര്‍ഷങ്ങളെ ഒരിക്കലും ലഘൂകരിക്കില്ലെങ്കിലും. സഹോദരിയെ രക്ഷിക്കാനുള്ള വളുടെ ശ്രമങ്ങളുടെ അന്തിമ പരാജയം നോവലിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്നു: ഒരാള്‍ക്ക് സ്വന്തം സത്തയെത്തന്നെ വിലയായൊടുക്കാതെ സാമൂഹികവും കുടുംബപരവുമായ പ്രതീക്ഷകളെ പൂര്‍ത്തീകരിക്കുക അസാധ്യമാണ്.

നോവലിന്റെ പാഠത്തില്‍, ഭര്‍ത്താവ് വിട്ടുവെക്കുന്ന ഉത്തരവാദിത്ത പരാജയങ്ങളില്‍, സന്ദര്‍ഭത്തിനൊത്ത് ഉയരുകയും കുടുംബത്തകര്‍ച്ച ഒഴിവാക്കുകയും ചെയ്യുക എന്ന സാമൂഹ്യ ദൌത്യവും ഇന്‍ ഹൈ ഏറ്റെടുക്കുന്നത് കാണാം: ഭര്‍ത്താവ് എത്തിപ്പെടുന്ന അപമാനം അയാളെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിക്കുമ്പോള്‍, കുടുംബത്തിന്റെ സുരക്ഷ അവള്‍ ഏറ്റെടുക്കുന്നു. അതുകൊണ്ടാണ് യോങ് ഹൈയുടെ നിഷേധ ജീവിതം ഒരേസമയം അവള്‍ക്കു അംഗീകരിക്കാനാകാത്തതും ഒപ്പം ദുരൂഹമാംവിധം ആകര്‍ഷണീയമായിരിക്കുന്നതും: ‘ഗംഭീര ഉത്തരവാദിത്തരാഹിത്യം എന്നാണു അവള്‍ അതിനെ വിളിക്കുക. ജെന്റര്‍ വിഭജിത വിവേചനങ്ങളോ ശ്രേണീ ബദ്ധതയോ ഇല്ലാത്ത, ജലവും സൂര്യപ്രകാശവും മാത്രം ആശ്രയിച്ചു കഴിയുന്ന സസ്യജന്മത്തെ ആഗ്രഹിക്കുന്ന യോങ് ഹൈയെ ഒരേസമയം ഒട്ടൊരു അസൂയയോടെയും ഒപ്പം സഹതാപത്തോടെയും നോക്കിക്കാണാനും പരിചരിക്കാനും ഇന്‍ ഹൈയെ തയ്യാറാക്കുന്നത് അതാണ്. കാലാവസ്ഥാ ഭേദങ്ങളോടും കാറ്റിനോടും വെയിലിനോടും മഴയോടും , എന്തിന്, മരണത്തോടുപോലും, വൃക്ഷത്തെപ്പോലെ യോഗീതുല്യവും സമ്യക്കും അസ്പ്രുശ്യവുമായ ( stoic, unfeeling, and untouchable) യില്‍ നിലക്കൊല്ലാന്‍ കഴിയുന്ന ഒരവസ്ഥയാണ് യോങ് ഹൈ വിഭാവനം ചെയ്യുന്നത്. എന്നാല്‍, മണ്ണില്‍ കാലുറപ്പിച്ച ഇന്‍ ഹൈക്ക് സഹോദരിയോടൊപ്പം കൂട്ടിരിക്കുമ്പോള്‍, അയല്‍ക്കാരിയെ ഏല്‍പ്പിച്ചു പോന്ന ക്ലുഞ്ഞുമകനെ കുറിച്ചുള്ള ഓര്‍മ്മ കുറ്റബോധം പകരുകയും ചെയ്യും. 

യോങ് ഹൈയെ സ്വപ്നത്തില്‍ പ്രലോഭിപ്പിക്കുന്ന ഇരുണ്ട വനത്തില്‍, ഡാന്റെയുടെ തീര്‍ഥാടകനെപ്പോലെ, അവള്‍ക്കു വഴിതെറ്റുന്നുണ്ട്. അതില്‍നിന്നു പുറത്തുകടക്കാന്‍ അവളും നരകം താണ്ടേണ്ടതുണ്ട്. ആ നരകം, രതിബദ്ധമായ നശ്വര ശരീരം തന്നെയാണ്. അതില്‍ ആണ്ടുമുങ്ങിയും ജ്വരബാധിതമായ പ്രജ്ഞയുടെ ഇരുണ്ട അറകള്‍ മറികടന്നും മാത്രമേ അവള്‍ക്ക് ആ വനത്തില്‍നിന്നു പുറത്തു കടക്കാനാകൂ. എന്നാല്‍, തന്റെ മരണവുമായി സന്ധിയിലാകുമ്പോഴും ഡാന്റെയുടെ തീര്‍ഥാടകനെപ്പോലെ അവള്‍ മോക്ഷം പ്രാപിക്കുന്നുണ്ടോ എന്നത് നോവല്‍ ചോദ്യമായി വിട്ടുവെക്കുകയാണ്.   

നോവലില്‍ ഉടനീളം, പുരുഷകഥാപാത്രങ്ങള്‍ പശ്ചാത്തലത്തിലേക്ക് ഒതുങ്ങിപ്പോവുന്നത്, സ്ത്രീകളുടെ സ്വാധികാരം, അതിനുള്ള ശ്രമങ്ങളില്‍ അവര്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദങ്ങള്‍ എന്നിവയിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നു. യോങ് ഹൈയുടെ മേല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കാന്‍ ആദ്യം മി. ചിയോങ്ങും പിന്നീട് സഹോദരീഭര്‍ത്താവും ശ്രമിക്കുന്നുവെങ്കിലും ഇരുവരും അതിവേഗം ആഖ്യാന കേന്ദ്രത്തില്‍ നിന്ന് മറയുന്നു. നോവലന്ത്യം ഉയര്‍ത്തുന്ന ചോദ്യങ്ങളും പ്രധാനമാണ്. യോങ് ഹൈയുടെ അന്തിമ ‘നിഷേധപ്രവര്‍ത്തി, ഒരു മരമാകുക എന്ന ആഗ്രഹം, ഒരര്‍ത്ഥത്തില്‍ മനുഷ്യാസ്തിത്വത്തിന്റെ നിഹിലിസ്റ്റിക് സ്വഭാവമുള്ള ഒരു തിരസ്കാരമായി കാണാം. ഭക്ഷണം, സെക്സ്, സാമൂഹിക സ്ത്രീ ‘ദൌത്യ’ങ്ങള്‍ എന്നിവയെ മുഴുവനും നിഷേധിച്ചു സ്വന്തം ഉടലിനു മേലുള്ള സ്വാധികാരം യോങ് ഹൈ തിരിച്ചു പിടിക്കുന്നു. എന്നാല്‍ ഇതിനു വലിയ വില നല്‍കുന്നുണ്ട്: അവള്‍ക്കു അവളുടെ മാനുഷിക പദവി നഷ്ടമാകുന്നു, മനുഷ്യലോകത്തുനിന്നു ഉന്മാദത്തിന്റെ ലോകത്തേയ്ക്ക് അവള്‍ നിപതിക്കുന്നു. നോവലന്ത്യത്തിലെ മനോഹരമെങ്കിലും എന്തിനെയും വിഴുങ്ങുന്ന കാടിന്റെ ദൃശ്യം, യോങ് ഹൈയുടെ പ്രകൃതിയിലേക്കുള്ള രക്ഷപ്പെടല്‍ വിമോചകം എന്നതിനോടൊപ്പം വിനാശകരവുമാകാം എന്ന് സൂചിപ്പിക്കുന്നു. പ്രകൃതിയില്‍ അര്‍ഹതയുള്ളതേ അതിജീവിക്കൂ എന്നിരിക്കെ, നോവലിന്റെ ഡാര്‍വീനിയന്‍ ധ്വനികളില്‍, വ്യാവഹാരിക ലോകവുമായി ഇടപഴകാന്‍ തയ്യാറില്ലാത്ത യോങ് ഹൈ, സമൂഹത്തിലെ അതിജീവനത്തിന് അയോഗ്യയാകുന്നു. പ്രകൃത്യുപാസനയും മനുഷ്യപ്രകൃതത്തില്‍ അനിവാര്യമായും ലീനമായ ഹിംസാത്മകതയുടെ തിരസ്കാരവും ഒടുവില്‍ അവളുടെ പതനത്തില്‍ കലാശിക്കുന്നു. ആ അര്‍ഥത്തില്‍ നോവല്‍ ഉന്നയിക്കുന്ന ചോദ്യം ഇതാണ്: മനുഷ്യാവസ്ഥയെ സമ്പൂര്‍ണ്ണമായി തിരസ്കരിക്കാതെ സ്വാതന്ത്ര്യവും സ്വാധികാരവും സാധ്യമാണോ? അഥവാ, അത്തരം തിരസ്കാരം സ്വയംനശീകരണം തന്നെയല്ലേ?

 

Read more:

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

This Earth of Mankind by Pramoedya Ananta Toer/ Max Lane

https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html

Man Tiger by Eka Kurniawan

https://alittlesomethings.blogspot.com/2016/10/blog-post.html

The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html

 

Cockroach by Rawi Hage

 

അതിജീവനത്തിന്റെ കീട രൂപകം



    എഴുത്തുകാരുടെ കൂട്ടത്തില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കുന്നു- അവരില്‍ നിന്ന് എനിക്കൊന്നും പഠിക്കാനില്ലെന്നു ഞാന്‍ മനസ്സിലാക്കി. ആളുകള്‍ പ്രസിദ്ധീകരണത്തിന്റെ സാധ്യതകളും പരിമിതികളും സംസാരിക്കുന്നു. അവര്‍ എഴുത്തിനെ കുറിച്ച് ശരിക്ക് ഒന്നും പറയുന്നില്ല. എനിക്കിഷ്ടം എന്റെ പഴയ ടാക്സി ഡ്രൈവര്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനാണ്. അവര്‍ നല്ല കഥ പറച്ചിലുകാരാണ്.” നാല്‍പ്പത്തിനാലുകാരനായ ലബനീസ് – കനേഡിയന്‍ നോവലിസ്റ്റ് റാവി ഹാഗെ, പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന എഴുത്തുകാരും തൊഴിലാളി വര്‍ഗ്ഗമായ കുടിയേറ്റക്കാരും ഹസീദി ജൂതരും ബൊഹീമിയന്‍ യുവതയും തമ്പടിക്കുന്ന മോണ്‍ട്രിയലിലെ ഒരു വിലകുറഞ്ഞ റെസ്റ്ററെന്റില്‍ ഇരുന്ന് ക്വില്‍ ആന്‍ഡ് ക്വയര്‍ മാഗസിന്റെ ലേഖകനോടു പറയുന്നു( quillandquire.com). പ്രഥമ നോവലിന് തന്നെ (De Niro’s Game- 2008) വിഖ്യാതമായ ഇംപാക് ഡബ്ലിന്‍ പുരസ്കാരം ലഭിച്ചത് ഏറെ വിസ്മയത്തോടെയാണു എഴുത്തുകാരന്‍ സ്വയം സ്വീകരിച്ചത്. സെയില്‍സ്മാനും ഹോട്ടല്‍ പരിചാരകാനും ടാക്സി ഡ്രൈവറും ഒക്കെയായുള്ള ജീവിതം എഴുത്തുകാരന്‍ എന്ന പുതിയ വേഷത്തിലേക്ക് അതോടെ ഹാഗെ പരിവര്‍ത്തിപ്പിച്ചു. മികച്ച വായനക്കാരനായിരുന്ന പിതാവിന്റെ പുസ്തക ശേഖരം ഹാഗെ ഓര്‍ക്കുന്നു. കൂടെക്കൂടെ വൈദ്യുതി ബന്ധം നിലക്കുന്ന സംഘര്‍ഷ ഭരിതമായ ബയ്റൂത്തില്‍ “വൈദ്യുതിയില്ലാത്തപ്പോള്‍ ടി. വി. കാണാനാവില്ല. അതുകൊണ്ട് ഞാന്‍ വായിക്കും.” എന്ന് അദ്ദേഹം ഓര്‍ക്കുന്നു. തന്റെ ഭാഷയെ ചിന്തേരിടാന്‍ ഇപ്പോള്‍ വായന തന്നെ സഹായിക്കുന്നുവെന്നു ഹാഗെ കണ്ടെത്തുന്നുണ്ട്. മുസ്ലിം-ക്രിസ്ത്യന്‍ എന്നിങ്ങനെ ഒരു യുദ്ധത്തിന്റെ ഇരുവശങ്ങളില്‍ ആയിപ്പോയി എന്നതുകൊണ്ട്‌ മാത്രം നേരിട്ടു നേരിടേണ്ടി വന്ന വംശീയതയുടെ അനുഭവങ്ങളില്‍ വ്യക്തിപരമായി ഒന്നുമില്ലായിരുന്നെന്നു എമ്പതുകളുടെ തുടക്കത്തില്‍ ദേശംവിടും മുമ്പേ ഹാഗെ കണ്ടെത്തിയിരുന്നു. മോണ്‍ട്രിയലില്‍ ഫോട്ടോഗ്രാഫി പഠനം തുടര്‍ന്ന അനുഭവം പില്‍ക്കാലം എഴുത്തില്‍ പ്രതിഫലിപ്പിച്ച പരീക്ഷണാത്മകതക്കും സ്വപ്നാത്മക, പിരിമുറുക്ക അന്തരീക്ഷനിര്‍മ്മിതിക്കും അദ്ദേഹത്തിനു സഹായകമായി. 

    വിയറ്റ്നാം യുദ്ധം കഴിഞ്ഞതിനു തൊട്ടു പിറകെ നിര്‍മ്മിക്കപ്പെട്ട മൈക്കല്‍ സിമിനോയുടെ വിഖ്യാത ചിത്രമായ ദി ഡിയര്‍ ഹണ്ടര്‍ (1978), യുദ്ധത്തിന്റെ സര്‍വ്വനാശത്തെ അവതരിപ്പിക്കാന്‍ കണ്ടെടുക്കുന്ന രൂപകമാണ്, തങ്ങളെ തടവിലാക്കിയ വടക്കന്‍ വിയറ്റ്നാം യോദ്ധാക്കളുടെ തോക്കിന്‍ മുനയില്‍ നിര്‍ബന്ധിതരായി മൂന്നു മുഖ്യ കഥാപാത്രങ്ങളും നടത്തേണ്ടി വരുന്ന റഷ്യന്‍ റൌലെറ്റ്‌ കളി. സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീഷണമായ ഒരന്തരീക്ഷമാണ് മൃത്യു മുനമ്പിലെ ‘കളി’യുടെ ശ്വാസം മുട്ടിക്കുന്ന നിമിഷങ്ങളായി പരിവര്‍ത്തിക്കപ്പെടുന്നത്. റോബര്‍ട്ട്‌ ഡി നീറോ അവതരിപ്പിക്കുന്ന മുഖ്യ കഥാപാത്രമായ മൈക്ക്, കൂട്ടാളികളായ നിക്ക് (ക്രിസ്റ്റൊഫാര്‍ വോല്‍ക്കന്‍), സ്റ്റീവ് (ജോണ്‍ സാവേജ്) എന്നിവരെയും കഷ്ടിച്ചു രക്ഷപ്പെടുത്തി പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോള്‍ സായ്ഗോണിലെ ഹിംസാത്മകമായ ഇടുക്കുതെരുവുകളില്‍ വന്‍ സംഖ്യയുടെ വാതുവെപ്പില്‍ ഇതേ കളി നടക്കുന്നുണ്ട്. പച്ചക്ക് കാണിക്കാവുന്ന ഹിംസാത്മകതയുടെ അതിരുകള്‍ ഈ രംഗങ്ങള്‍ ഭേദിക്കുന്നില്ലേ എന്ന സന്ദേഹം പോലും ഒരളവു സംഗതമാണെങ്കില്‍ വിയറ്റ്നാം കാല അനുഭവങ്ങളില്‍ ഹിംസയെ അലക്കിവെളുപ്പിക്കാനാവില്ല/ അങ്ങനെ ചെയ്യേണ്ടതില്ല എന്നത് തന്നെയാണ് അതിന്റെ വിശദീകരണം. റാവി ഹാഗേക്ക് വിഖ്യാതമായ ഇംപാക് പുരസ്കാരം നേടിക്കൊടുത്ത പ്രഥമ നോവല്‍ ‘ഡിനിറോയുടെ കളി’ (De Niro’s Game), നോവലിലെ  മുഖ്യ കഥാപാത്രമായ ജോര്‍ജ്ജിന് നല്‍കപ്പെടുന്ന ഡിനിറോ എന്ന ചെല്ലപ്പേരിലൂടെയും ആ റഷ്യന്‍ റൌലെറ്റ്‌ രൂപകത്തിലൂടെയും മാത്രമല്ല സിമിനോ ചിത്രത്തെ ആവാഹിക്കുന്നത്. അത് അതിജീവനമെന്നത് അങ്ങേയറ്റം അപകടം നിറഞ്ഞതും ജീവതമെന്നത് തികച്ചും അശ്രദ്ധമായി ധൂര്‍ത്തടിക്കപ്പെടുന്നതുമായ യുവതയുടെ അസ്തിത്വ പ്രതിസന്ധികളെ കൂടിയാണ് ആഭ്യന്തര യുദ്ധത്തിന്റെ തീരാദുരിതം പേറുന്ന ബയ്റൂത്തിന്റെയും പിന്നീട് കുടിയേറ്റത്തിന്റെ അനിശ്ചിതത്വം മാത്രം കാത്തിരിക്കുന്ന പാരീസിന്റെയും പശ്ചാത്തലങ്ങളില്‍ അവതരിപ്പിക്കുന്നത്‌. ഏതു പ്രശ്നത്തിനുമുള്ള ഏകപരിഹാരം ഹിംസയായി തീരുന്ന പ്രതീക്ഷകളറ്റ ലോകത്ത് എന്തുചെയ്യാനും മടിയില്ലാത്ത ചെറുപ്പക്കാരുടെ ജീവിതം വികാരശൂന്യമായി വരണ്ടു പോകുകയും കാമുവിന്‍റെ അന്യനെ പോലെ (The Outsider- Albert Camus) ആത്മഹത്യയും കൊലയുമെന്ന പരസ്പരം മാറ്റിവെക്കാവുന്ന പ്രഹേളികയായി അസ്തിത്വാന്വേഷണം മാറിത്തീരുകയും ചെയ്യുന്നു. 

    ഹാഗേയുടെ പ്രഥമ നോവലിലെ യുവ നായകന്‍ എമ്പതുകളിലെ കലുഷമായ ബയ്റൂത്തില്‍ നിന്ന് രക്ഷപ്പെട്ട് രക്തപങ്കിലമായ ഭൂതകാലത്തിന്റെ അശാന്ത സ്മൃതികളും പേറി എപ്പോഴും എന്തും സംഭവിക്കാവുന്ന വര്‍ത്തമാന സാഹചര്യത്തില്‍ നിലയുറപ്പിക്കാനുള്ള ജ്വരബാധിതമായ തന്ത്രങ്ങളുമായി പാരീസിലെ തെരുവുകളില്‍ അലയുന്നവനാണെങ്കില്‍, ‘കൊക്രോച്ച്’ പാലായനത്തെ ഒരു തുടക്കമായി എടുക്കുകയും സമകാലിക മോണ്‍ട്രിയലിലെ കുടിയേറ്റക്കാരുടെ ജീവിത പരിചേദം അവതരിപ്പിക്കുകയും ചെയ്യുന്നു. ഡിനിറോയുടെ ലോകത്തുനിന്ന് ഒരു പ്രതിനായക രൂപം വര്‍ത്തമാന മോണ്‍ട്രിയലിലെത്തിയാല്‍ എന്താണ് സംഭവിക്കുക എന്ന മട്ടില്‍ ഏതാണ്ടൊരു തുടര്‍ച്ച പോലെത്തന്നെ രണ്ടാം നോവലിനെ കാണാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ദാരിദ്ര്യവും മയക്കുമരുന്നുപയോഗവും മാനസിക അനാരോഗ്യവും ആത്മഹത്യാ പ്രവണതയും അനുഭവിക്കുന്ന പേര് പറയുന്നില്ലാത്ത പ്രതിനായക സ്വഭാവമുള്ള കുടിയേറ്റക്കാരന്‍ കഥാപാത്രത്തിന്റെ അസ്തിത്വ പ്രതിസന്ധികളാണ് നോവലിന്റെ പ്രമേയം. മോണ്‍ട്രിയലില്‍ എങ്ങോ ഒരിടത്ത് ഒരു മനോരോഗ വിശകലനെ കേന്ദ്രത്തില്‍ പ്രത്യേകിച്ചൊരു വൈദഗ്ദ്യവുമില്ലാത്ത യുവതിയായ സൈക്കയാട്രിസ്റ്റ് ജെനവീവിന്റെ മുന്നിലാണ് അയാളുടെ പല ഘട്ടങ്ങളിലായുള്ള ഏറ്റു പറച്ചില്‍ അരങ്ങേറുന്നതെന്ന് നാം മനസ്സിലാക്കുന്നു. അയാള്‍ നമ്പാന്‍ കൊള്ളാത്ത ആഖ്യാതാവാണെന്നും (unreliable narrator) സ്ത്രീകളോട് അടങ്ങാത്ത അഭിനിവേശമുണ്ടെന്നും ആളുകളുടെ വീടുകളില്‍ ഒളിച്ചു കടന്നു അവരുടെ അടുക്കളകളില്‍ നിന്ന് ഭക്ഷണം കഴിച്ചും ചില്ലറ മോഷണം നടത്തിയും കഴിയുന്ന ഒരു ചെറുകിട തട്ടിപ്പുകാരന്‍ ആണെന്നും നാം പതിയെ മനസ്സിലാക്കുന്നു. കൂറകളോടുള്ള രൂഡബോധം (fixation) താന്‍ ഒരു കൂറയാണെന്ന തോന്നലായി ഒരു രൂപാന്തര ബോധം അയാളില്‍ സൃഷ്ടിച്ചിട്ടുണ്ട്. തന്റെ അസ്തിത്വത്തെ കുറിച്ചും അതിന്റെ ഉദ്ദേശത്തെ കുറിച്ചുമുള്ള ചിന്തകള്‍ അയാളെ അലട്ടുന്നുണ്ട്. ജന്മദേശത്ത് യുദ്ധം, ഹിംസാത്മകമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍, എന്ന് തുടങ്ങി കുടുംബത്തില്‍ തന്നെ നേരിട്ട കൊലപാതകത്തിന്റെ പോലും അനുഭവങ്ങള്‍ അയാള്‍ക്കുണ്ട്. അയാളെ പോലെത്തന്നെ വേരുകളറ്റ കുടിയേറ്റ കഥാപാത്രങ്ങളാണ് അയാളുടെ ചുറ്റുവട്ടത്തിലും. പേര്‍ഷ്യന്‍ സിതാര്‍ വാദകനായ റെസ തന്റെ കേമത്തത്തെ കുറിച്ച് വലിയ ധാരണകള്‍ വെച്ച് പുലര്‍ത്തുന്നു. വിദേശിയെന്ന മേല്‍വിലാസവും നിറം പിടിപ്പിച്ച നുണകളും സ്ത്രീകളെ ആകര്‍ഷിക്കാനുള്ള ഉപാധി കൂടിയാണ് അയാള്‍ക്ക്. റെസയുമായി അത്ര ഊഷ്മള ബന്ധം ഒന്നുമല്ലെങ്കിലും ഇടയ്ക്കിടെ അയാളോടോപ്പം ഒരു ജോയിന്റിനോ ക്ലബ്ബിലെ കറക്കത്തിനോ ആഖ്യാതാവ് മടി കാണിക്കുന്നില്ല. റെസ കടം വാങ്ങിയ നാല്‍പ്പതു ഡോളര്‍ തിരികെ വാങ്ങിക്കാന്‍ ഏതറ്റം വരെയും അയാള്‍ പോകുമെന്ന സൂചനയുമുണ്ട്. അത് കൃത്യമായി പ്രയോഗിക്കുന്നത് ഫലിക്കുന്നുമുണ്ട്. സ്വവര്‍ഗ്ഗാനുരാഗിയായ ഫാരൂദ് എന്ന ‘പ്രൊഫസര്‍’ ഇറാനില്‍ നേരിടേണ്ടി വന്ന ജയില്‍ വാസവും കൊടിയ പീഡനവും കാരണം അഭയാര്‍ഥിയായി എത്തിയ ആളാണ്‌. സ്വന്തം ദാരിദ്ര്യം മറച്ചുവെക്കാന്‍ ശ്രമിക്കുന്ന ജാടക്കാരനായാണ് ആഖ്യാതാവ് അയാളെ വിലയിരുത്തുന്നത്. അയാളോടുള്ള വെറുപ്പാണ് അയാള്‍ സൂക്ഷിക്കുന്ന കുറെ പ്രേമ ലേഖനങ്ങള്‍ മോഷ്ടിക്കാന്‍ ആഖ്യാതാവിനെ പ്രേരിപ്പിക്കുന്നത്; മറ്റൊന്നും അയാളുടെ പക്കല്‍ ഇല്ലായിരുന്നു എന്നതും. അതീവ സുന്ദരിയായ ഷോഹ്റെ എന്ന ഇറാനിയന്‍ യുവതിയാണ് ആഖ്യാതാവിന്റെ ജീവിതവുമായും നോവലിന്റെ പ്രമേയവുമായും ഏറെ കെട്ടുപിണയുന്ന മറ്റൊരു കഥാപാത്രം. അതീവ സാവധാനം ചുരുളഴിയുന്ന നോവലിന്റെ മര്‍മ്മത്തില്‍ ഇസ്ലാമിസ്റ്റ് ടെഹ്റാനിലെ തടവറയില്‍ ഇളം പ്രായത്തില്‍ അവള്‍ നേരിടേണ്ടി വന്ന ആവര്‍ത്തിച്ചുള്ള ബലാല്‍ക്കാരത്തിന്റെ കഥയുണ്ട്. രതിയാവാം, ആഴത്തിലുള്ള ബന്ധങ്ങള്‍ വേണ്ട എന്ന അവളുടെ നിലപാടിന് പിന്നിലും ഇതേ ഓര്‍മ്മകളുടെ വേട്ടയാടല്‍ ഉണ്ടാവാം. ആഖ്യാതാവിന്റെ തന്നെ ഭൂതകാലതിലാകട്ടെ, നിരന്തരം കൊടിയ ഗാര്‍ഹിക പീഡനത്തിനു വിധേയയാകേണ്ടി വന്ന സഹോദരിയും അവള്‍ക്കു വേണ്ടി, തട്ടിപ്പിലും കുറ്റകൃത്യങ്ങളിലും തനിക്കും ഗുരുവും വഴികാട്ടിയുമായിരുന്ന വയോധികന്‍ അബു റോറോയുടെ ഉപദേശപ്രകാരം നടപ്പിലാക്കാന്‍ തുനിഞ്ഞു പരാജയപ്പെട്ട പ്രതികാരത്തിന്റെയും അതിനു വിലയായി അവളുടെ ജീവിതം ഹോമിക്കേണ്ടി വന്നതിന്റെയും ദുരന്തവുമുണ്ട്. നിര്‍ണ്ണായക ഘട്ടത്തില്‍ ചെയ്യേണ്ടത് ചെയ്യാന്‍ അയാള്‍ക്ക് കഴിയാതെ പോയതിന്റെ വിലയായിരുന്നു സഹോദരിയുടെ മരണം. ഒരു ചെറുകിട മോഷ്ടാവും ചില്ലറ ഭീഷണികളിലൂടെ കാലക്ഷേപം കഴിക്കുന്നവനുമെങ്കിലും തോക്കിന്റെ കാഞ്ചി വലിക്കുക എന്നതൊക്കെ അത്ര എളുപ്പമല്ല എന്ന് വലിയ വിലകൊടുത്താണ് ആഖ്യാതാവ് തിരിച്ചറിയുക. എങ്കിലും തികച്ചും ശാരീരികമായ ഒരു മരവിപ്പ് എന്നതിനപ്പുറം ധാര്‍മ്മിക അങ്കലാപ്പിന്റെ ഹാംലെറ്റ് തലത്തിലേക്കൊന്നും മുതിരുന്ന നൈതിക പ്രശ്നമല്ല നോവലില്‍ അത്. ഒരു വേള, നോവലാരംഭത്തിനും മുമ്പേ സംഭവിച്ച ആത്മഹത്യാ ശ്രമം ഈ സ്വയം പരാജയത്തിന്റെ ഫലമാകാം എന്ന സൂചനയുണ്ട്. തെറാപ്പി ഘട്ടങ്ങളിലൂടെ ഒരു തൊഴില്‍ തേടുകയെന്ന കാര്യത്തില്‍ ലഭിക്കുന്ന പ്രോത്സാഹനത്തിലൂടെ അയാള്‍ ഒരു പേര്‍ഷ്യന്‍ റസ്റ്ററെന്റില്‍ ആഴ്ചയില്‍ മൂന്നു ദിവസമെന്ന തോതില്‍ ജോലി കണ്ടെത്തുകയും അവിടെ വെച്ച് ഉടമയുടെ മകള്‍ സെഹറിനെ പരിചയപ്പെടുകയും ചെയ്യുന്നു. കനേഡിയന്‍ ചുറ്റുപാടിലേക്ക് പരിവര്‍ത്തനപ്പെടുകയും പരമ്പരാഗത ധാര്‍മ്മിക കാപട്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന പുതുതലമുറ കുടിയേറ്റക്കാരുടെ ലൈംഗിക സ്വാതന്ത്ര്യ ബോധത്തിന്റെ പ്രതിനിധിയാണ് സെഹര്‍. ഒരിക്കല്‍ അവള്‍ സ്വയംഭോഗം നടത്തുന്നത് കാണാനിടയാകുന്ന ആഖ്യാതാവ് അവളിലേക്ക് അതൊരു വാതായനമായി കണ്ടെടുക്കുന്നുണ്ടെങ്കിലും അവളുടെ ചെയ്തികള്‍ അവളുടെ തെരഞ്ഞെടുപ്പു തന്നെയാണ് എന്നയര്‍ത്ഥത്തില്‍ സെഹര്‍ ഒരു ഇരയല്ല. ഷോഹ്റെ തന്റെ പീഡകനെ പുതിയ വേഷത്തില്‍ റെസ്റ്ററന്റില്‍ വെച്ച് കണ്ടുമുട്ടുന്നതും തന്റെ പ്രതികാര നിര്‍വ്വഹണത്തില്‍ സഹകാരിയായി കൂട്ടുകാരനെ കൂട്ടുന്നതുമാണ് അത് വരെ മന്ദസ്ഥായിയില്‍ പോയ ഇതിവൃത്തത്തെ സിനിമാറ്റിക് ആയ രീതിയില്‍ ചടുലമായ പിരിമുറുക്കത്തിന്റെ അന്ത്യത്തിലേക്ക് എത്തിക്കുന്നത്. അയാള്‍ക്ക് അതൊരു നിനച്ചിരിക്കാതെ വരുന്ന അവസരം കൂടിയാണ്: സഹോദരിയുടെ കാര്യത്തില്‍ സംഭവിച്ച അക്ഷന്തവ്യമായ കൈ മരവിപ്പില്‍ നിന്ന് സ്വയം വിമോചിപ്പിച്ചു തന്റെ കര്‍തൃത്വം തിരിച്ചുപിടിക്കുന്നതിനുള്ള ഒരവസരം. നോവലിലെ കഥാപാത്രങ്ങളെല്ലാം പങ്കുവെക്കുന്ന ജീവിതം അതിന്റെ സാകല്യത്തില്‍ പുതിയൊരു ദേശത്തോട് അവര്‍ എങ്ങനെ മെരുങ്ങുന്നുവെന്നതും ആത്യന്തികമായി ഓരോരുത്തരും അനുഭവിക്കുന്ന ഏകാന്തതയുടെ ആഴവും വെളിപ്പെടുത്തുന്നുണ്ട്.

    ഇതിവൃത്തത്തിലൂടെയുള്ള ഒരു അവലോകനം നല്‍കാനിടയുള്ള  വേണ്ടത്ര സംഭവങ്ങളും നാടകീയതയുമെന്ന പ്രതീതി വാസ്തവത്തില്‍ തെറ്റിദ്ധാരണാജനകമാണ്. നോവലിന്റെ പ്രധാന ഊന്നല്‍ ഒട്ടും നാടകീയതയില്ലാത്ത, അതീവ അവധാനതയുള്ള, തന്നോടുള്‍പ്പടെ ആരോടും പ്രത്യേകിച്ച് ഉത്തരവാദിത്തമില്ലാത്ത പൊങ്ങുതടി ജീവിതം നയിക്കുന്ന വികാരാവേശങ്ങളില്ലാതെ കടുത്തുപോയ (hard-boiled), ‘നോയിറിഷ്’ (noirish) പാത്ര സൃഷ്ടിയായ ആഖ്യാതാവിന്റെയും സമാനമോ ഒട്ടും മികച്ചതോ അല്ലാത്ത ഇതര കഥാപാത്രങ്ങളുടെയും തുറസ്സുകളില്ലാത്ത അഭയാര്‍ഥി ജീവിതങ്ങളുടെ ചിത്രീകരണത്തിലാണ്. സ്വന്തം വികാരങ്ങളെ വിശ്വാസമില്ലാത്ത വ്യക്തിത്വമായാണ് ആദ്യവാചകത്തില്‍ തന്നെ ആഖ്യാതാവ് സ്വയം പരിചയപ്പെടുത്തുന്നത്. അയാളുടെ ആത്മഹത്യാശ്രമം ഗൌരവത്തില്‍ എടുക്കേണ്ട ഒന്നായിപ്പോലും വായനക്കാരന് അനുഭവപ്പെടാത്തതിനു പിന്നിലും ഇതേ കാമ്പില്ലായ്മയാണ്. “ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചത് ഒരു തരം ജിജ്ഞാസ, അല്ലെങ്കില്‍ പ്രകൃതിയോടുള്ള, പ്രപഞ്ചത്തോട് തന്നെ, ആവര്‍ത്തിക്കുന്ന പ്രകാശത്തിനോടുള്ള ഒരു തരം വെല്ലുവിളിയാകാം. അതൊക്കെ എന്നെ പീഡിപ്പിക്കുന്നതായി തോന്നി. അസ്തിത്വത്തിന്റെ പ്രശ്നം എന്നെ മൂടി.” സ്ത്രീകളെ കാണുമ്പോള്‍ തന്നില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള അയാളുടെ വിവരണം ഒരപൂര്‍വ്വ ജീവിയായി സ്വയം വെളിപ്പെടുത്തുന്നു. “സ്ത്രീകളെ കാണുമ്പോള്‍ എന്റെ പല്ലുകള്‍ നേര്‍ത്തു നീണ്ട് കൂര്‍ത്തു വരുന്നത് എനിക്കനുഭവപ്പെടുന്നു. എന്റെ മുതുകില്‍ കൂനുണ്ടാവുകയും നെറ്റിയില്‍ രണ്ടു ആന്റിനകല്‍ മുളക്കുകയും ചെയ്യുന്നു, ശ്രദ്ധ പിടിച്ചു പറ്റാനുള്ള ആഗ്രഹം വിളംബരപ്പെടുത്തിക്കൊണ്ട് അവ കാറ്റില്‍ ആടുന്നു. എനിക്ക് ഞാന്‍ കണ്ടുമുട്ടുന്ന സ്ത്രീകളുടെ കാലുകള്‍ക്കടിയിലേക്ക് ഇഴഞ്ഞു കയറാന്‍, താഴെ നിന്ന് അവരുടെ വടിവൊത്ത രൂപം, മസൃണമായ കാല്‍വണ്ണകള്‍, ആസ്വദിക്കാന്‍ തോന്നും.. വികാരങ്ങളുടെയും ജൈവ ചോദനയുടെയും ഒരു അവലക്ഷണം പിടിച്ച മിശ്രിതമാണ് അത്, അതെന്നെ സ്കൂള്‍കാരികളുടെ മുന്നില്‍ പെട്ട കൂനനെ പോലെ ഈ സ്ത്രീകളെ സമീപിക്കാന്‍ നിര്‍ബന്ധിക്കും.” കുളിമുറിയില്‍ ഷോഹ്റെയുടെ ശരീര സ്രവ്യങ്ങളുടെ ശബ്ദം പോലും കാമനയുടെ ഭാഷയിലാണ് ആഖ്യാതാവ് വിവരിക്കുന്നത്. മറ്റു കഥാപാത്രങ്ങളുടെ പെണ്ണനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ പോലും അയാളുടെ ഭാഷ ‘ഇറോട്ടിക്’ ആവുന്നുണ്ട്‌. റെസ തന്റെ വസ്തുതാപരവും കല്‍പ്പിതവുമായ പീഡാനുഭവങ്ങളുടെ വിവരണത്തിലൂടെ ദീനാനുകമ്പരായ കനേഡിയന്‍ സ്ത്രീകളെ വശംവദരാക്കുന്നത് അയാള്‍ കാണുന്നുണ്ട്, “എന്തും വിശ്വസിക്കുന്ന തലകള്‍ കുലുങ്ങും, അനുകമ്പാര്‍ദ്രമായ കണ്ണുകള്‍ തുറയും, സോഫകള്‍ക്കും കിടക്കകള്‍ക്കും മേല്‍ ബ്ലാങ്കറ്റുകള്‍ വിരിക്കപ്പെടും, ഫ്രിഡ്ജുകളില്‍ നിന്ന് ബാക്കിയായവ പുറത്തു ചാടും, പിന്നെ പൂവനു ഭാഗ്യമുണ്ടെങ്കില്‍, അത് കോഴിക്കാലുകളിലേക്കും ഭുജങ്ങളിലേക്കും ബിയറിന്റെയും വൈനിന്റെയും അകമ്പടിയോടെ നീളും.”

    രൂപകങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഹാഗെ ബോധപൂര്‍വ്വം നിലനിര്‍ത്തുന്ന ഒരു കൃത്യതയില്ലായ്മ, എല്ലാ സാധ്യതകളും പരിഗണിക്കുന്ന ധ്വനികളുടെ മുഴക്കം വിപുലപ്പെടുത്തുന്നുവെന്ന്‍ ജെയിംസ് ലസ്ദൂന്‍ നിരീക്ഷിക്കുന്നത് പ്രസക്തമാണ്. ക്ലോസെറ്റ് സിങ്കിലൂടെ ഒഴുകിപ്പോവുന്ന പ്രണയിനിയുടെ മൂത്രം പട്ടത്തിന്റെ ചരടിനെയും പൊക്കിള്‍ക്കൊടിയേയും, മോക്ഷത്തെയും പുനര്‍ജ്ജനിയെയും സര്‍വ്വവ്യാപിയായ ആഘോഷത്തിന്റെ സുവര്‍ണ്ണ നൂലിനെയും അയാളുടെ മനസ്സില്‍ കൊണ്ടുവരുന്നു. പോണ്‍ പ്രദര്‍ശനശാലയില്‍ മുഷ്ടിമൈഥുനം നടത്തുന്ന ആണുങ്ങള്‍ ജോലിയുടെയും യുദ്ധത്തിന്റെയും നാണക്കേടിന്റെയും ആസക്തിയുടെയും വിവാഹത്തിന്റെയും ചിത്രലിപികള്‍ തീര്‍ക്കുന്നതായി അയാള്‍ നിരീക്ഷിക്കുന്നു. “വക്രമായ ചക്രവാളത്തിനു കുറുകെ നിഴല്‍ ചിത്രങ്ങള്‍ എന്നപോലെ ചെരിഞ്ഞ ചുമലുകളുമായി അസ്തമിക്കുന്ന സൂര്യന്റെ വെളിച്ചത്തില്‍ മത്സ്യം കോരിയെടുക്കുന്ന മുക്കുവരെ പോലെ” അവര്‍ നില്‍ക്കുന്നുവെന്നു അയാള്‍ വിവരിക്കുന്നു. ഇത്തരം ദീര്‍ഘ ഉപമകള്‍ക്ക് സ്വാഭാവികമായി സംഭവിക്കാവുന്ന വലിച്ചുനീട്ടല്‍ പ്രതീതി ഹാഗെയില്‍ അനുഭവപ്പെടാത്തത് കൃത്യതയെക്കാള്‍ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന ആന്തരികവിക്ഷോഭങ്ങളുടെ കലുഷതയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത് എന്നത് കൊണ്ടാണ്. സ്നേഹരാഹിത്യവും ഒഴിഞ്ഞ മടിശ്ശീലയും വിശപ്പുമാണ് ആഖ്യാതാവിനെ തുറിച്ചു നോക്കുന്ന സത്യങ്ങള്‍. തണുത്തുറഞ്ഞ നഗരവീഥികളിലൂടെ ചെറിയതോതില്‍ കട്ടും പിടിച്ചു പറിച്ചും അടങ്ങാത്ത കാമനയുടെ വിശപ്പില്‍ പെണ്ണുടലുകളില്‍ അഭിരമിച്ചും തുല്യ ദുഃഖിതനായ കൂട്ടാളിയില്‍ നിന്ന് കിട്ടാനുള്ള പണം തേടി പിന്തുടര്‍ന്നും കാര്യമായൊന്നും സംഭവിക്കാതെ മുന്നോട്ടു പോകുന്ന ആഖ്യാതാവിനെയാണ് തെറാപ്പിയുടെ വിവിധ ഘട്ടങ്ങളിലൂടെ നോവലിന്റെ ഒട്ടു മുക്കാലും നാം കാണുന്നത്. അവസാനഭാഗങ്ങള്‍ നിയന്ത്രിതമെങ്കിലും ആവേഗത്തോടെ ഭൂതകാല അനുഭവങ്ങളുടെ അവതരണത്തിലേക്കും പരിഹാരങ്ങളിലേക്കും ശ്രദ്ധയൂന്നുന്നു. 

    നോവലിന്റെ തലക്കെട്ടിലെ പ്രാണിജന്മം അനിവാര്യമായും കാഫ്കയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ പരിചരണത്തില്‍ അത് കാഫ്കേയസ്ക്ക് എന്ന് പറയാവുന്ന രീതിയിലല്ല എന്ന് വ്യക്തമാണ്. “ഗ്രിഗോര്‍ സംസയുടെ പരിണാമത്തെ ഒരു പാഷന്‍ പ്ലേയിലെ (passion play) കൃസ്തുസമാനമായ സഹനവും പീഡാനുഭവവുമായി കാഫ്ക എഴുതുമ്പോള്‍, ഹാഗെ ഈ പ്രമേയത്തെ കുറേക്കൂടി തീവ്രവും ധിക്കാരപൂര്‍ണ്ണവുമായ ഒരു ലക്ഷ്യത്തിനായാണ് ഉപയോഗിക്കുന്നത്.  അദ്ദേഹത്തിന്റെ ഇരയെ സംബന്ധിച്ച് പ്രാണിജന്മം തന്നെക്കുറിച്ച് തന്നെയുള്ള ബഹുമുഖ ദര്‍ശനത്തിന്റെ ഭ്രമാത്മക തുടര്‍ച്ചയാണ്; കുടിയേറ്റക്കാരനായ ഭ്രഷ്ടന്‍ (immigrant outcast), പതയുന്ന ആസക്തന്‍ (seething sensualist), ദസ്തയവ്സ്കിയന്‍ അധോതല വ്യക്തിത്വം (Dostoevskian Underground Man), കണ്ടുപിടിക്കാനാവാത്ത കള്ളന്‍, ഭൂമിയുടെ ഭാവി അവകാശി, കാപട്യക്കാരായ ബൂര്‍ഷ്വാകളെയും യാഥാര്‍ത്ഥ്യത്തിന്റെ പാടുകളുടെയും മുള്ളുകളുടെയും കാര്യത്തില്‍ സര്‍വ്വകാര്യ കലാഭിജ്ഞരെയും തുറന്നുകാട്ടുന്നയാള്‍ (agent of exposure among the hypocritical bourgeoisie and all-round connoisseur of the tang and sting of reality) എന്നീ നിലകളില്‍.” (James Lasdun, theguardian.com). കാഫ്കയെക്കാള്‍ കൂടുതല്‍ ഫ്രഞ്ച് നോവലിസ്റ്റ് സെലിനെ (ലൂയിസ് ഫെര്‍ഡിനാന്‍‌ഡ് സെലിനെ), നാടക കൃത്ത് ഴാങ് ഗെനെ, അമേരിക്കന്‍ നോവലിസ്റ്റ് വില്ല്യം എസ്. ബരോസ് എന്നിവരുടെ സ്വാധീനമാണ് ഹാഗെയില്‍ പ്രകടമാകുന്നതെന്ന് ലസ്ദൂന്‍ നിരീക്ഷിക്കുന്നു. എന്നാല്‍ സ്വന്തം ഇരയെന്ന സ്വത്വത്തെ നന്നായി ഉപയോഗിക്കാനറിയാവുന്ന തന്ത്രശാലിയെന്ന സമകാലിക അതിജീവന തന്ത്രത്തിന്റെ പ്രയോഗം നോവലിലെ പല കഥാപാത്രങ്ങളെയും വേറിട്ട്‌ നിര്‍ത്തുന്നു. അവസരം കിട്ടിയാല്‍ തങ്ങള്‍ വിമര്‍ശിക്കുന്ന പൊള്ള മനുഷ്യരേക്കാള്‍ വ്യത്യസ്തരല്ല ഇവരെന്ന് ആഖ്യാതാവിന്റെ തിരിച്ചുകുത്തുന്ന സിനിസിസം വ്യക്തമാക്കുന്നു. ശൈലിയും ഇതിവൃത്ത പരിചരണവും ഒരുമിപ്പിക്കുന്ന എഴുത്തുകാരനാണ്‌ ഹാഗെ എന്ന് കാവ്യാത്മക അവധാനതയില്‍ നിന്ന് സിനിമാറ്റിക് ചടുലതയിലേക്ക് പരിണമിക്കുന്ന നോവലന്ത്യം കൃത്യമായും സമര്‍ഥിക്കുന്നു. പ്രവാസിയുടെ അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തില്‍ ഒന്നും പരിഹരിക്കപ്പെടുന്നതിലല്ല, കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് പരിണമിക്കുന്നതാണ് ഉന്നതങ്ങളില്‍ പിടിപാടുള്ള ഒരാളുടെ കൊലയാളിയായി മാറുന്ന ആഖ്യാതാവിന്റെ വിപര്യയം. മുമ്പ് സഹോദരീ ഭര്‍ത്താവിന്റെ കാര്യത്തില്‍ തനിക്കു സംഭവിച്ച പോലെ സ്വയം പ്രതികാരം ചെയ്യുകയെന്ന കണക്കുകൂട്ടലുകള്‍ തെറ്റുന്ന ഷോഹ്റെക്ക് വേണ്ടിയാണ് അയാള്‍ അത് ചെയ്യുന്നത് എന്നത് വലിയൊരളവ് അയാളെ മാനുഷികമായി വീണ്ടെടുക്കുന്നുണ്ട്. 

    ഓസോണ്‍ പാളിയിലെ സുഷിരങ്ങള്‍ ഉയര്‍ത്തുന്ന പ്രാപഞ്ചിക നാശത്തിന്റെ അന്ത്യവിധിയെ മറികടന്നും അതിജീവിക്കാന്‍ കഴിയുമെന്നതാണ് നോവലിന്റെ കേന്ദ്ര രൂപകമായ പ്രാണി ജന്മത്തിനു മനുഷ്യന് മേലുള്ള ജീവശാസ്ത്രപരമായ ഔന്നത്യമെങ്കില്‍, “മറ്റു മനുഷ്യര്‍ ആകാശത്തേക്ക് നോക്കുന്നു, എന്നാല്‍ ഞാനോ നിന്നോട് പറയുന്നു, ലോകത്തിലൂടെയുള്ള ഒരേയൊരു വഴിയെന്നതു ഭൂമിക്കടിയിലൂടെ കടന്നു പോകുന്നതാണ്” എന്ന കഥാനായകന്‍റെ നിരീക്ഷണം അടയാളപ്പെടുത്തുന്ന അഭയാര്‍ഥിത്വത്തിന്റെ അജ്ഞാതവാസമെന്ന സമകാലിക പതുങ്ങിക്കഴിയലിന്റെ ചിഹ്നമെന്ന നിലയിലാണ് അത് കൂടുതല്‍ പ്രസക്തമാകുന്നത്. ‘മുതലാളിത്ത സംരംഭത്തില്‍ ഭൂമിയുടെ കല്‍ക്കം (scum)’ എന്നാണ് അയാള്‍ തന്നെയും തന്നെപോലുള്ളവരെയും വിലയിരുത്തുന്നത്. തന്നെപോലുള്ളവരുടെ അസ്തിത്വത്തിന്റെ ദൈന്യത്തെയും അനിശ്ചിതത്വത്തെയും  തീക്ഷ്ണമായ കറുത്ത ഹാസ്യത്തില്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളും നോവലിലുണ്ട്. ഒരു റിയാലിറ്റി ഷോ കാണുന്നത് പോലെ തന്നെ നോക്കിക്കാണുന്ന ദമ്പതികള്‍ തന്നില്‍ ഉണ്ടാക്കുന്ന ചിന്തകള്‍ ആഖ്യാതാവ് വിവരിക്കുന്നു, “ഞാനവരുടെ ടി.വി.ഡിന്നറിന്റെ ഭാഗമായിരുന്നു. ഞാനൊരു മൈക്രോവേവ് ഓവനില്‍ തിരിയുകയായിരുന്നു, എന്റെ പ്ലാസ്റ്റിക് കവര്‍ നീക്കം ചെയ്യപ്പെട്ട്, ഭക്ഷിക്കപ്പെട്ട്, പിറ്റേന്ന് രാവിലെ അടുക്കളയില്‍ ഫില്‍റ്റെര്‍ കോഫി തിളക്കുകയും റേഡിയോയിലൂടെ കാലാവസ്ഥ പ്രവചിക്കപ്പെടുകയും നിങ്ങള്‍ ഏതു വസ്ത്രം ധരിക്കണമെന്നും എന്ത് വാങ്ങണമെന്നും, എന്ത് സംസാരിക്കണമെന്നും, ആരെ ശ്രദ്ധിക്കണമെന്നും ആരെ സ്നേഹിക്കണം ആരെ വെറുക്കണം എന്നും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ വിസര്‍ജ്ജിക്കപ്പെടുകയായിരുന്നു.” മാനസികാരോഗ്യം ചോദ്യ ചിഹ്നമായ കഥാപാത്രം നല്‍കുന്ന സര്‍റിയല്‍ തലങ്ങളും ആളുകളെ ‘നഗ്നരാക്കാനും വര്‍ണ്ണങ്ങളുടെയും വേഷപ്പകര്‍ച്ചകളുടെയും ഭാരമില്ലാതെ അവരുടെ അകം പുറം കാണാനും’ ഉള്ള അയാളുടെ കഴിവിനെ അനന്യമാക്കുന്നു.

    ജെനവീവുമായുള്ള വിനിമയം ആഖ്യാതാവിന്റെ മനോനിലയില്‍ എന്തെങ്കിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്നത് പ്രസക്തമല്ല. അയാളുടെ ആത്മഹത്യാശ്രമം ഒരര്‍ഥത്തിലും ഗൌരവമായി പരിഗണിക്കേണ്ട ഒന്നാണെന്ന് നോവലിലെങ്ങും സൂചനയില്ലല്ലോ. എന്നാല്‍, ഇതിവൃത്തത്തില്‍ വ്യത്യസ്ത കണ്ണികള്‍ ഇഴചേരുന്നത് ഈ ഏറ്റുപറച്ചിലുകളിലൂടെയാണ്. ആ അര്‍ഥത്തില്‍ അത് ബോധാധാരാ രീതിയോ ഫ്ലാഷ് ബാക്കോ പോലുള്ള സങ്കേതങ്ങള്‍ക്കുള്ള ഒരു പകരം വെപ്പാണ്. ലൈംഗിക ആകര്‍ഷണീയതയുള്ള സ്വര്‍ണ്ണത്തലമുടിക്കാരിയെ മറ്റൊരു രീതിയിലും ആഖ്യാതാവും ഗൌരവമായി എടുക്കുന്നില്ലെങ്കിലും തെറാപ്പിയുടെ പേരിലുള്ള ഇടപെടലില്‍ പോലും ആസക്തിയുടെ കടന്നു കയറ്റത്തിന് അയാള്‍ മുതിരുന്നുണ്ട്. തെറാപ്പി സെഷനുകള്‍ ആരംഭിക്കുന്നത് മുതല്‍ പിന്നീടങ്ങോട്ട് ആഖ്യാതാവ് ആത്മഹത്യാ ശ്രമം നടത്തുന്നേയില്ല എന്നത് ചികിത്സയുടെ എന്തെങ്കിലും ഗുണം കൊണ്ടൊന്നുമല്ലെന്നു വ്യക്തമാണ്. അയാളും അത് ഗൌരവമായി എടുത്തിട്ടേയില്ല എന്നേയുള്ളൂ. ഇത്തരം നിസ്സാരവല്‍ക്കരണവും ഭൂതകാല ദുരനുഭവങ്ങളെയും ഷോഹ്റെക്കു വേണ്ടിയുള്ള പ്രതികാര ദൌത്യത്തെയും നോവലിന്റെ അതുവരെയുള്ള വേഗതക്ക് ഒട്ടും നിരക്കാത്ത രീതിയില്‍ കൂട്ടിക്കെട്ടുന്നതും ആവശ്യം വേണ്ട വൈകാരികോര്‍ജ്ജം ആഖ്യാനത്തില്‍ നിന്ന് ചോര്‍ത്തിക്കളയുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (Mary Gaitskillnov, nytimes.com). ആഖ്യാതാവിന്റെ നിരീക്ഷണ സിദ്ധിയും ആവിഷ്കാര മികവുമെല്ലാം തികച്ചും അപ്രധാനമായ ചെറു മോഷണങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങി പ്രസക്തമല്ലാത്ത ‘അസ്തിത്വ’ ചിന്തകളില്‍ കുരുങ്ങിപ്പോവുന്നു. ഋണ സ്വഭാവികളായ കഥാപാത്രങ്ങളുടെ പാത്രസൃഷ്ടിയില്‍, വിശേഷിച്ചും ഫ്രാഞ്ചുകാരോ ഫ്രഞ്ച് രീതികള്‍ അനുകരിക്കുന്നവരോ ആയ കഥാപാത്രങ്ങളുടെ കാര്യത്തില്‍, ഏറെകൂടുതല്‍ വലിഞ്ഞു നീളലും ക്ലീഷേ ചേരുവകളും ഉണ്ടെന്നും വിമര്‍ശക കൂട്ടിച്ചേര്‍ക്കുന്നു.

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 116-123)

read more:

The Mountains Sing by Nguyn Phan Quế Mai

https://alittlesomethings.blogspot.com/2024/08/the-mountains-sing-by-nguyen-phan-que.html

Novel without a Name by Duong Thu Huong

https://alittlesomethings.blogspot.com/2024/06/novel-without-name-by-duong-thu-huong.html

On Earth Were Briefly Gorgeous by Ocean Vuong

https://alittlesomethings.blogspot.com/2024/08/on-earth-were-briefly-gorgeous-by-ocean.html

Thursday, October 10, 2024

The Ghost Rider by Ismail Kadare

 

കുഴിമാടത്തിലൊതുങ്ങാത്ത വിമോചനസങ്കല്പങ്ങള്‍


(അല്‍ബേനിയന്‍ സാഹിത്യകുലപതി ഇസ്മയില്‍ കദാരെയുടെ The Ghost Rider എന്ന നോവലിനെ കുറിച്ച്. മിത്തുകള്‍ ഉപയോഗിച്ച് സര്‍വ്വാധിപത്യ വിമര്‍ശനം സാധ്യമാക്കുന്ന നോവല്‍അടക്കം ചെയ്യാനാകാത്ത വിമോചനസ്വപ്നങ്ങളുടെ സങ്കീര്‍ത്തനമാണ്.)

ആധുനിക അല്‍ബേനിയന്‍ സാഹിത്യത്തിലെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന ഇസ്മയില്‍ കദാരെ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് അന്തരിച്ചു. മനുഷ്യജീവിതത്തിന്റെ കോമഡി അവതരിപ്പിക്കുന്നതില്‍ ബല്‍സാക്കിനും എകാധിപത്യവിമര്‍ശനത്തില്‍ ഓര്‍വെല്ലിനും അസ്വാസ്ഥ്യജനകമായ നിഗൂഡത സൃഷ്ടിക്കുന്നതില്‍ കാഫ്‌കക്കും സമശീര്‍ഷനെന്നു വിലയിരുത്തപ്പെടുന്ന കദാരെ ‘യൂറോപ്പിന്റെ അവസാനത്തെ ദേശീയ എഴുത്തുകാരന്‍’ എന്നും വിളിക്കപ്പെടുന്നു. എണ്‍പത്തേഴാം വയസ്സില്‍ പ്രിയപ്പെട്ട ജന്മദേശത്തിന്റെ തലസ്ഥാനമായ ടിരാനയില്‍ വെച്ചു മരിക്കുമ്പോള്‍ എണ്‍പതിലേറെ നോവലുകള്‍, പത്തോളം വീതം കാവ്യസമാഹാരങ്ങളും കഥാസമാഹാരങ്ങളും ഒട്ടേറെ സാംസ്കാരികരാഷ്ട്രീയ ലേഖനങ്ങള്‍ എന്നിവയടങ്ങുന്ന വലിയൊരു സര്‍ഗ്ഗപ്രപഞ്ചത്തിന്റെ സൃഷ്ടാവായിക്കഴിഞ്ഞിരുന്നു അദ്ദേഹം. 1992 ല്‍ ഇരുപത്തിയാറാം വയസ്സില്‍ പ്രസിദ്ധീകരിച്ച ‘മൃതസൈനികരുടെ ജനറല്‍’ (The General oh the Dead Army) എണ്‍പത്താറാം വയസ്സില്‍ പ്രസിദ്ധീകരിച്ച ‘ഒരു ഏകാധിപതി വിളിക്കുന്നു’ (A Dictator Calls) വരെയുള്ള കടാരെയുടെ കൃതികളില്‍ ഏറ്റവും ശക്തമായ ഉത്കണ്ഠകള്‍ നിര്‍ണ്ണയിക്കപ്പെട്ടത് ദേശത്തിന്റെ വിധിവിഹിതങ്ങളുമായി ചേര്‍ന്നുതന്നെയാണ്. ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലഘട്ടമായഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ദേശചരിത്രം അടയാളപ്പെടുത്തിയനാലു പതിറ്റാണ്ട് നീണ്ടുനിന്ന എന്‍വര്‍ ഹോസാ ഭരണത്തിന്റെ സ്റ്റാലിനിസ്റ്റ് ഭീകരതയാണ് അത്. എന്‍വര്‍ ഹോസ ഭരണത്തില്‍ ഒരു ഘട്ടത്തില്‍ സഹകാരിയും മന്ത്രിസഭാ അംഗവും ആയിരുന്ന കദാരെസര്‍വ്വാധിപത്യവും സര്‍ഗ്ഗസൃഷ്ടിയും തമ്മില്‍ സന്ധി സാധ്യമല്ല എന്ന തിരിച്ചറിവിലാണ്1991ല്‍പ്രവാസ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായത്. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ അദ്ദേഹം ഒരു വിമതനായിരുന്നോ അതോ വിധേയനായിരുന്നോ എന്ന വിമര്‍ശനത്തിന് ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്ക് ഒരു വിഡ്ഢിയെ പോലെ പാഞ്ഞുചെന്നിട്ടില്ലെങ്കിലും തന്റെ പുസ്തകങ്ങള്‍ തന്റെ ചെറുത്തുനില്‍പ്പു തന്നെയായിരുന്നു എന്ന് കദാരെ വിശദീകരിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ ജന്മനാ ഏകാധിപത്യത്തിന്റെ ശത്രുവാണെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. ബാള്‍ക്കന്‍ ചരിത്രത്തെയും ഇതിഹാസങ്ങളെയും പുരാണങ്ങളെയും വേണ്ടുവോളം ഉപജീവിക്കുന്ന അദ്ദേഹത്തിന്‍റെ കൃതികള്‍ഒരു സര്‍വ്വാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടവിധം ഗോപ്യമായ ഐറണി പ്രയോഗിക്കുന്നു...........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-ghost-rider-by-ismail-kadare


     


More on Ismail Kadare:

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

The General of the Dead Army by Ismail Kadare/ Derek Coltman

https://alittlesomethings.blogspot.com/2024/09/the-general-of-dead-army-by-ismail.html

A Girl in Exile by Ismail Kadare/ John Hodgson

https://alittlesomethings.blogspot.com/2015/06/blog-post.html

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

Monday, October 7, 2024

10 Minutes 38 Seconds in this Strange World by Elif Shafak

പതിതരുടെ നഗരം – മൃതിയുടെയും


തുര്‍ക്കി സാഹിത്യത്തില്‍ ഇന്നേറ്റവും വായിക്കപ്പെടുന്ന വനിതാ നോവലിസ്റ്റാണ് ആക്റ്റിവിസ്റ്റും അക്കാദമിസ്റ്റുമായ എലിഫ് ഷഫാക്. ദി ബാസ്റ്റാര്‍ഡ് ഓഫ് ഇസ്താന്‍ബൂള്‍ദി ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവ്ത്രീ ഡോട്ടേഴ്സ് ഓഫ് ഈവ് തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവായ അവരുടെ കൃതികള്‍ ഒട്ടുമിക്ക ലോകഭാഷകളിലെക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയിലും ഇംഗ്ലീഷിലും എഴുതുന്ന ധീരയായ ഈ എഴുത്തുകാരി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊപ്പം ഭരണകൂട ഭീഷണിക്കും ഇരയാട്ടുള്ളത് അവരെ പ്രവാസവഴിയിലും എത്തിച്ചിരിക്കുന്നു. തുര്‍ക്കി സമൂഹത്തിലെ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ നിശിതമായി നിരീക്ഷിക്കുന്ന എലിഫ് ശഫാക്കിന്റെ കൃതികളില്‍ പൊതുവായി കണ്ടെത്താവുന്ന ഉത്കണ്ഠകള്‍ വേഗം തിരിച്ചറിയാനാകും. ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ’10 Minutes, 38 Seconds in this Strange World’ നോവലിസ്റ്റിന്റെ മറ്റൊരു ശക്തമായ രചനയാണ്.  

ദുരൂഹമായ രീതിയില്‍ കൊലചെയ്യപ്പെട്ടു ഇസ്താന്‍ബൂളിലെ ഏതോ തെരുവോരത്തെ ചവറ്റുവീപ്പയില്‍ കിടക്കുന്ന ലൈല തകീലയെന്ന ലൈംഗികത്തൊഴിലാളിയുടെ മറഞ്ഞുകൊണ്ടിരിക്കുന്ന ബോധം നടത്തുന്ന ആഖ്യാനമായാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. മരണം സംഭവിക്കുമ്പോള്‍ ബോധം പരിപൂര്‍ണ്ണമായി അണഞ്ഞുപോകാന്‍ പത്തു മിനിട്ടും മുപ്പത്തിയെട്ടു സെക്കന്‍ഡും എടുക്കുമെന്ന ആശയത്തിന്റെ ശാസ്ത്രീയത എന്തായാലും പടിപടിയായുള്ള ഇതിവൃത്ത വികാസത്തിനും ചരിത്ര ഘട്ടങ്ങളോട് അവയെ ചേര്‍ത്തുവെച്ചുകൊണ്ടുള്ള ആവിഷ്കാരത്തിനും ഈ സങ്കല്‍പ്പനം നോവലിസ്റ്റിനു ഏറെ സഹായകമാകുന്നുണ്ട്. ആദ്യഭാഗമായ ‘മനസ്സ് (The Mind) പരിപൂര്‍ണ്ണമായും ലൈലയുടെ ആഖ്യാനമാണ്; രണ്ടാം ഭാഗമായ ‘ഉടല്‍ (The Body)’ അവളുടെ അഞ്ചു കൂട്ടുകാരുടെയും.

ചരിത്ര സന്ദര്‍ഭങ്ങളുമായി കൃത്യമായ ഇഴയടുപ്പത്തോടെ തന്നെയാണ് ഇതിവൃത്ത ധാര ചുരുള്‍ നിവരുന്നത്‌ എന്നത് ശ്രദ്ധേയമാണ്. മൗലികവാദത്തിന്റെ വളര്‍ച്ച, അര്‍മ്മീനിയന്‍, യസീദി വിഭാഗങ്ങള്‍ക്കുനേരെ തുര്‍ക്കി ചരിത്രത്തില്‍ നിരന്തരം നടന്നഇപ്പോഴും തുടരുന്ന വംശീയ വേട്ടകള്‍ഉണരുന്ന സ്ത്രീത്വത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും നേരെ വര്‍ദ്ധിച്ചു വരുന്ന ജിഹാദിസ്റ്റ് കടന്നു കയറ്റങ്ങള്‍ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെ നാള്‍വഴികള്‍ ലൈലയുടെ മറഞ്ഞുകൊണ്ടിരിക്കുന്ന ബോധത്തിലൂടെ ആവിഷകരിക്കപ്പെടുന്ന സ്മൃതി ചിത്രങ്ങളുമായി ചേര്‍ത്തുവെച്ചു വിവരിക്കപ്പെടുന്നുണ്ട്. 

ലൈലയുടെ ആദ്യകാല ഓര്‍മ്മകളില്‍ മുതുമുത്തച്ചന് തങ്ങളുടെ വീട് സ്വന്തമായിക്കിട്ടിയതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. തുര്‍ക്കി ചരിത്രത്തിലെ കറുത്ത ഏടുകളില്‍ ഒന്നായ അര്‍മ്മീനിയന്‍ വംശവിരുദ്ധതയുടെ ക്രൂരതകളുമായാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്. ആ വീടിന്റെ യഥാര്‍ത്ഥ ഉടമയയായിരുന്ന അര്‍മ്മീനിയന്‍ ഡോക്റ്ററെയും ഭാര്യയും ആറു പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തെയും നാടുകടത്താന്‍ ഒത്താശ ചെയ്താണ് അദ്ദേഹം അത് നേടിയത്.

“ചിലയാളുകള്‍ ദേശവിരുദ്ധരാണ് എന്നും അവരെ അധികമാര്‍ക്കും അതിജീവിനം പ്രതീക്ഷിക്കാനാവാത്ത ദേര്‍ സോര്‍ മരുഭൂമിയിലേക്ക് നാടുകടത്തേണ്ടതുണ്ട് എന്നും അധികാരികള്‍ തീരുമാനിച്ചാല്‍ അവര്‍ക്കങ്ങനെത്തന്നെ വേണം – അവര്‍ നല്ല അയല്‍ക്കാര്‍ ആയിരുന്നാലുംപഴയ സുഹൃത്തുക്കള്‍ ആയിരുന്നാലും. ആ വിധം സ്റ്റേറ്റിനോടുള്ള തന്റെ കൂറ് തെളിയിച്ച ശേഷം മഹ്മൂദ് സ്ഥലത്തെ ഒരു പ്രധാനിയായിത്തീര്‍ന്നുനാട്ടുകാര്‍ അദ്ദേഹത്തിന്റെ തികഞ്ഞ നിരയൊത്ത മീശയെലെതെര്‍ ബൂട്ടിന്റെ തിളക്കത്തെശബ്ദത്തിന്റെ ഗാംഭീര്യത്തെ ആരാധിച്ചു. ലോകാരംഭം മുതല്‍ ക്രൂരന്മാരും അധികാരമുള്ളവരുമായ ആളുകളെ ആരാധിക്കുന്ന വിധത്തില്‍അങ്ങേയറ്റത്തെ ഭയത്തോടെസ്നേഹത്തിന്റെ ഒരു തരി പോലുമില്ലാതെ അദ്ദേഹത്തെ ബഹുമാനിച്ചു.”

മുന്‍ അന്തേവാസികള്‍ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന വിശ്വാസത്തില്‍ പുരയിടം കിളച്ചു മറിക്കുന്ന മുത്തച്ചനും ആര്‍ത്തിയുടെ പിന്തുടര്‍ച്ചയില്‍ അതേ വഴി സ്വീകരിച്ചു വീട് പുതുക്കിപ്പണിയാന്‍ നിര്‍ബന്ധിതനായ പിതാവും ലൈലയുടെ ബാല്യകാല സ്മൃതികളിലുണ്ട്.

മൗലികവാദം പിടിമുറുക്കിത്തുടങ്ങിയ സമൂഹത്തില്‍ ഏറെക്കാത്തിരുന്നു പിറന്ന പെണ്‍കുട്ടിയെന്ന അംഗീകാരത്തില്‍നിന്ന് ആറാം വയസ്സുമുതല്‍ നാല്‍പ്പതുകാരനായ അമ്മാവന്റെ പീഡനത്തിന് ആരുമറിയാതെ നിരന്തരം ഇരയായി ചകിതയും ‘പതിത’യുമായി ജീവിതം നേരിടേണ്ടിവരുന്ന ആറു വയസ്സുകാരിയും പതിനാറാം വയസ്സില്‍ അതേ നിസ്സഹായതയോടെ ഗര്‍ഭിണിയായിത്തീരുകയും കുടുംബത്തിന്റെ അന്തസ്സെന്ന ബലിക്കല്ലില്‍ തന്റെ ദുരന്തത്തിനു കാരണകാരനായ അതേ ആളുടെ തന്നെക്കാള്‍ പ്രായം കുറഞ്ഞ മകന്‍ ടോള്‍ഗയുമായുള്ള ‘മത’ വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാനായി ഒളിച്ചോടുകയും സെക്സ് ട്രാഫിക്കിങ്ങിന്റെ ഇരയായി ഇസ്താന്‍ബൂളിലെ വേശ്യാലയത്തില്‍ അടിഞ്ഞു പോകുകയും ചെയ്യുന്ന ലൈലയുടെത് ഒറ്റനോട്ടത്തില്‍ ഒട്ടും പുതുമയുള്ള പുരാവൃത്തമല്ല. രക്ഷകരായി മുന്നിലെത്തുന്നവര്‍ തന്നെയാണ് വേശ്യാലയത്തില്‍ അവളെ വിറ്റുകളയുന്നത് എന്നറിയുമ്പോള്‍ “ഇസ്താന്‍ ബൂള്‍ അവസരങ്ങളുടെ നഗരമായിരുന്നില്ല, മുറിവുകളുടെതായിരുന്നു” എന്ന് ലൈല കണ്ടെത്തുന്നു. എന്നാല്‍ഒരു നിലക്കും സ്വത്വ/ സ്വാതന്ത്ര്യ ബോധത്തിന് വളരാനുള്ള സാഹചര്യമില്ലാത്ത ജീവിത പരിസരങ്ങളിലും പോരാടാനുള്ള വീര്യം ഉള്ളിലുണ്ടായിരുന്നു എന്നിടത്താണ് ലൈല വ്യത്യസ്തയാകുന്നത്. തന്റെ പേരിന്റെ സ്പെല്ലിംഗ് ‘ഇന്നലെ (yesterday) യെ സൂചിപ്പിക്കുന്ന ‘y’ യില്‍ നിന്ന് അനന്തകാലത്തെ (infinity) സൂചിപ്പിക്കുന്ന ‘i’ യിലേക്ക് അവള്‍ മാറ്റുന്നത് ഉള്ളില്‍ എന്നുമുണ്ടായിരുന്ന ജീവിതാസക്തിയുടെ കൂടി ചിഹ്നമാണ്. ഇസ്താന്‍ബൂളില്‍ പ്രായം കുറച്ചു കാണിക്കുന്ന തിരിച്ചറിയല്‍ രേഖ ഉണ്ടാക്കുന്നതും സെക്സ് വര്‍ക്കിന്റെ സാധ്യതകള്‍ പൊലിപ്പിക്കാന്‍ വേണ്ടിയല്ല. ദുസ്സഹമായ തൊഴിലുമായുള്ള ജീവിതം പോലും ലൈലയെ ദോഷൈക ദര്‍ശിയാക്കിയിരുന്നില്ലെന്നു അത്ഭുതത്തോടെയാണ്‌ കൂട്ടുകാരി നാലാന്‍ നിരീക്ഷിക്കുക. ഒട്ടൊരു വേദനയോടെ അവള്‍ തിരിച്ചറിയുന്നു:

“ദോഷൈകദൃക്കുകളാണ് ശുഭാപ്തി വിശ്വാസികളെക്കാള്‍ അതിജീവിക്കുക എന്നതാണ് ലോക ചരിത്രത്തിന്റെ അവസാനമില്ലാത്ത മഹാ ദുരന്തങ്ങളില്‍ ഒന്ന്അഥവാ മനുഷ്യകുലം മുന്നോട്ടു പോയത് അതില്‍ വിശ്വസിക്കാത്തവരെ കൊണ്ടാണ്.”

അതാണ്‌ അവള്‍ക്കൊരു മാന്യമായ അടക്കം നല്‍കിയേതീരൂ എന്ന തീരുമാനത്തില്‍ അവളെ എത്തിക്കുന്നതും മറ്റുള്ളവരെക്കൊണ്ട് അത് അംഗീകരിപ്പിക്കാന്‍ അവള്‍ തയ്യാറാകുന്നതും.

നിധി കുഴിക്കുന്ന മുതിര്‍ന്നവരെയോര്‍ത്തു മുത്തും പവിഴവും നിറഞ്ഞ നാട് സ്വപ്നം കണ്ടുറങ്ങിയ കുട്ടിക്കാലത്ത് ഒരു ബെല്ലി ഡാന്‍സര്‍ ആവാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി, അത്തരം തോന്നലുകള്‍ ശെയ്ത്താന്റെ പണിയാണെന്നും ശെയ്ത്താന്‍ എപ്പോഴും ചഞ്ചല മനസ്കരായ സ്ത്രീകളിലൂടെയാണ് പാപത്തിന്റെ പഴം സമൂഹത്തെ തീറ്റിക്കുക എന്നും വിശ്വസിക്കുന്ന പിതാവിന്റെ തീവ്രമതാത്മകതക്ക് എതിരറ്റത്ത് കുഞ്ഞുന്നാളിലേ സ്വയം അടയാളപ്പെടുത്തിയിരുന്നു. നാട്ടില്‍ പിടിമുറുക്കുന്ന മൗലികവാദത്തിന്റെ ഫലമായി ഉമ്മയും ആന്റിയും ഹിജാബ് ധരിച്ചു തുടങ്ങുന്നത് അവള്‍ അറിയുന്നുണ്ട്. എന്നാല്‍, ‘സെക്കുലറിസമെന്നാല്‍ ശെയ്ത്താന്റെ ഭരണത്തിന്റെ മറ്റൊരു പേരാണ്’ എന്ന് വിശ്വസിക്കുന്ന പിതാവ് പുസ്തകങ്ങളും വാര്‍ത്തകള്‍ കേള്‍ക്കലും നിരോധിക്കുമ്പോള്‍ കളിക്കൂട്ടുകാരന്‍ സിനാനിന്റെ സഹായത്തോടെ അവള്‍ അതൊക്കെ അറിയാന്‍ ശ്രമിക്കുന്നുണ്ട്. “ഞാന്‍ നിന്റെ വിധ്വംസക (sabotage) റേഡിയോ ആണ്” എന്ന സിനാനിന്റെ ഫലിതത്തില്‍ നിന്നാണ് അവള്‍ അവനെ ‘സബോട്ടാഷ് സിനാന്‍’ എന്ന് വിളിച്ചു തുടങ്ങുക. അമ്മാവന്റെ മൂത്ത മകളുടെ വിവാഹഘട്ടത്തിലാണ് വിവാഹശേഷം നടത്തപ്പെട്ടേക്കാവുന്ന പരിശോധനയില്‍ കന്യകാത്വനഷ്ടം കണ്ടുപിടിക്കപ്പെടുന്നതിന്റെ ഭീകരതയില്‍ ലൈല കിടുങ്ങിപ്പോവുന്നതും തന്റെ ഗര്‍ഭാവസ്ഥയുടെ സത്യം അവള്‍ വീട്ടില്‍ അറിയിക്കുന്നതും. അമ്മാവന്‍ തന്റെബാല്യത്തിന്റെ നിസ്സഹായതകള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് എല്ലാം അവളുടെ തെറ്റായിരുന്നു എന്ന് വരുത്തിത്തീര്‍ത്ത അതേ നിലപാടിലാണ് പിതാവും തന്റെ ഗര്‍ഭധാരണത്തെ കാണുന്നത് എന്നറിയുമ്പോഴാണ്‌ അവള്‍ പൊട്ടിത്തെറിക്കുന്നത്. മാനം കാക്കാനും എല്ലാം ‘നോര്‍മല്‍’ ആണെന്ന് വരുത്തിത്തീര്‍ക്കാനും കണ്ടെത്തുന്ന മാര്‍ഗ്ഗത്തിന്റെ അസംബന്ധം അവള്‍ വലിച്ചു പുറത്തിടുന്നു:

“ഈ വീട് നിറയെ നുണകളും ചതികളുമാണ്. നമ്മുടെ ജീവിതം ഒരിക്കലും നോര്‍മല്‍ ആയിരുന്നിട്ടില്ല. നമ്മളൊരു നോര്‍മല്‍ കുടുംബം അല്ല.. എന്തിനാണ് നിങ്ങള്‍ എല്ലായിപ്പോഴും അഭിനയിക്കുന്നത്?” 

ദൈവ നീതിയുടെ അസംബന്ധത്തെ ചോദ്യം ചെയ്യുന്ന മനോനില സ്വന്തം അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കുഞ്ഞുന്നാളിലേ ലൈലയില്‍ രൂഡമാകുന്നുണ്ട്. തെരുവ് പിള്ളാരുടെ ആക്രമണം നേരിടുന്ന യസീദി വൃദ്ധനെ കുറിച്ച് ‘യസീദികള്‍ ചീത്തയാണ്‌” എന്ന വംശവെറിയുടെ ധാരണ പങ്കുവെക്കുന്ന ഉമ്മയോട് അവള്‍ തര്‍ക്കിക്കുന്നു:

“ദൈവം അവരെ യസീദികള്‍ ആയി സൃഷ്ടിച്ചു. എന്നിട്ട് അവര്‍ യസീദികള്‍ ആയതിനു അവരോടു കോപിക്കുകയും ചെയ്തു... അത് അര്‍ഥമില്ലാത്തതാണ്.”

മുന്‍കര്‍- നകീര്‍ മലക്കുകള്‍ മനുഷ്യചെയ്തികളുടെ കണക്കെടുപ്പ് നടത്തിക്കൊണ്ടേയിരിക്കുകയാണെന്ന ആശയം അവള്‍ക്ക് തമാശയായി തോന്നുന്നുണ്ട്: അത് വാചാപരീക്ഷിയായിരിക്കുമോ അതോ എഴുത്തോമുഖാമുഖംഒറ്റവാക്കില്‍ ഉത്തരം...നെഗറ്റീവ് മാര്‍ക്ക് കാണുമോഫ്രാന്‍സിലെയും കാനഡയിലെയും ആളുകള്‍ എങ്ങനെയാകും പരീക്ഷ നേരിടുക? ‘ഒരാള്‍ സ്വന്തം അഹം ബോധവുമായി (നഫ്സ്) ജീവിതകാലം മുഴുവന്‍ നടത്തേണ്ട യുദ്ധം എന്നതില്‍ നിന്ന് അവിശ്വാസികള്‍ക്കെതിരായ യുദ്ധം എന്നതു മാത്രമായി ജിഹാദ് എന്ന ആശയം മാറി’ എന്നതിന്റെ തെളിവാണ് ബാബയിലും കുടുംബത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്ന് അവള്‍ ആരും പറയാതെത്തന്നെ ലൈല തിരിച്ചറിയുന്നുണ്ട്.

ബിറ്റര്‍ മായുടെ ആലയത്തിലെ ‘സാവധാനത്തിലുള്ള മരണം’ തന്നെയാണ് ഇനിയങ്ങോട്ടുള്ള തന്റെ ജീവിതമെന്ന് ലൈല മനസ്സിലാക്കുന്നു. കഠിനാധ്വാനിയാണ് എന്നതും പതിറ്റാണ്ടുകള്‍ക്കുമുമ്പ് ബാള്‍ക്കന്‍ ദേശത്തുള്ള വീട് വിട്ടുപോരുമ്പോള്‍ നഷ്ടമായ ഇളയ സഹോദരിയെ എങ്ങനെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു എന്നതും ബിറ്റര്‍ മാക്ക് ലൈലയെ പ്രിയപ്പെട്ടവളാക്കുന്നു. അമേരിക്കന്‍ സൈനികര്‍ ഇസ്താന്‍ബൂളില്‍ ഇറങ്ങാന്‍ പോകുന്നുവെന്ന അറിവ് വലിയൊരു ബിസിനസ്സ് സാധ്യതയായി മുന്നില്‍ കാണുന്ന ബിറ്റര്‍ മാ എല്ലാം ഒരുക്കി വെടിപ്പാക്കി കാത്തിരിക്കുന്നു. എന്നാല്‍ ഇടതുപക്ഷ വിദ്യാര്‍ഥികളുടെയും പ്രക്ഷോഭകരുടെയും കടുത്ത എതിര്‍പ്പില്‍ മറീനുകള്‍ ഇസ്താന്‍ബൂളില്‍ ഇറങ്ങാതെ തിരിച്ചു പോകുന്നതിനെ തുടര്‍ന്ന് അത് നടക്കാതെ പോകുന്നത് അവരെ ചൊടിപ്പിക്കുന്നു:

“അവളെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസമെന്നത് അതായിരുന്നു: മാന്യരും സദുദ്ദേശക്കാരുമായ ആളുകളുടെ കഠിനാധ്വാനത്തെ അതിഭീകരമായി തുലച്ചുകളയല്‍.”

 ലൈലയോടുള്ള താപര്യം പക്ഷെ ലാഭത്തില്‍ വിട്ടുവീഴ്ച ചെയ്യാനൊന്നും ഒരു ഘട്ടത്തിലും കാരണമാകുന്നില്ലെന്നി ഡി. അലിയില്‍ നിന്ന് വമ്പിച്ചൊരു തുക കൈപ്പറ്റിയ ശേഷമാണ് അവളെ അയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ ബിറ്റര്‍ മാ തയ്യാറായതെന്നതില്‍ വ്യക്തമാണ്. ഒരു ട്രോട്സ്കിയിസ്റ്റ് കലാപകാരിയായി അപകടകരമായ ജിവിതം നയിക്കുന്ന ചെറുപ്പക്കാരന് വേശ്യാലയത്തില്‍ ഒടുങ്ങിപ്പോവുന്ന യുവതിയോട് തികച്ചും പ്ലേറ്റൊണിക് ആയ പ്രണയമെന്നതിലെ അതികാല്‍പ്പനികത അയാളുടെ ആദര്‍ശാത്മകതയുടെ തുടര്‍ച്ച തന്നെയായാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌. സംഘര്‍ഷ ഘട്ടത്തില്‍ കൊല്ലപ്പെടുന്ന ചെറുപ്പക്കാരന്‍ പ്രണയ സാഫല്യത്തിനായി രഹസ്യമായി വട്ടിപ്പലിശക്കാരോടുപോലും വാങ്ങിക്കൂട്ടിയ വന്‍ബാധ്യതകളുടെ ബലതന്ത്രത്തിലാണ് ഒരിക്കല്‍ കൂടി ബിറ്റര്‍ മായുടെ ഏറ്റവും വിലകൂടിയ തെരഞ്ഞെടുക്കപ്പെട്ട കക്ഷികളിലേക്കും ദുരൂഹമായ ദുര്‍വ്വിധിയിലക്കും ലൈലയെ ചെന്നെത്തുക.

ലൈലയുടെ ജീവിതത്തില്‍ സ്നേഹ സാന്നിധ്യങ്ങളാകുന്ന അഞ്ചു സുഹൃത്തുക്കളില്‍ ‘സബോട്ടാഷ് സിനാന്‍’ ഒഴികെ മറ്റു നാലുപേരും അവളെ പോലെത്തന്നെ ദുര്‍വ്വിധികളുടെ ബാലിയടുകളാണ്. മറയുന്ന ബോധത്തിന്റെ നൂല്‍പ്പാലത്തില്‍ നിന്ന് ലൈല അവരെ ഓരോരുത്തരെയായി ആഖ്യാന ഭൂമികയില്‍ കുടിയിരുത്തുന്നു. അവരാണ് രക്തബന്ധ കുടുംബം കയ്യൊഴിയുന്ന ലൈലയുടെ മൃദദേഹത്തിനു പോലും തുണയായെത്തുന്ന അവളുടെ ജല കുടുംബം.’ പ്രസ്തുത ദ്വന്ദ്വവും ചിലപ്പോഴെങ്കിലും ജലം രക്തത്തെക്കാള്‍ കട്ടിയുള്ളതായിരിക്കുമെന്നതും നോവലില്‍ വളരെ പ്രധാനമാണ്. ആരും ഏറ്റുവാങ്ങാന്‍ തയ്യാറില്ലാത്തപ്പോഴും അവിശ്വസനീയമായ സമര്‍പ്പണത്തോടെ ആരുമില്ലാത്തവരുടെ ശ്മശാനത്തില്‍ അടക്കിയ മൃദദേഹം വീണ്ടെടുത്ത് ലൈലയുടെ ആഗ്രഹപ്രകാരം അതിനൊരു വിശ്രാന്തി നല്‍കാന്‍ ജീവന്‍ പണയപ്പെടുത്തിയും കൂട്ടുകാര്‍ തയ്യാറാകുന്നു എന്നതും ഈ പ്രമേയ ധാരയില്‍ പ്രധാനമാണ്. മോര്‍ച്ചറി ഓര്‍ഡര്‍ലിയായ വയോധികന്‍ എഫെന്‍ഡി ഇതര അധികൃതരില്‍ നിന്ന് വ്യത്യസ്തമായി ദുരന്ത വിധിക്കാരികളായ ലൈംഗികത്തൊഴിലാളികള്‍ മറ്റുള്ളവരേക്കാള്‍ സ്വര്‍ഗ്ഗത്തിനു അര്‍ഹരാണ് എന്ന് വിശ്വസിക്കുന്നു. അയാളില്‍ നിന്നാണ് ലൈലയുടെ അടക്ക സ്ഥലത്തെ കുറിച്ച് കൂട്ടുകാര്‍ അറിയുന്നതും. “ശവമടക്കം ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയാണ്അത് തീര്‍ച്ച.” എഫെന്‍ഡി കൂട്ടുകാരെ ഓര്‍മ്മിപ്പിക്കുന്നു,:

“ദുഃഖം ഒരു മീവല്‍ പക്ഷിയാണ്,.. ഒരു ദിവസം ഉറക്കമുണരുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും അത് പോയ്ക്കഴിഞ്ഞുവെന്ന്എന്നാല്‍ അത് ചിറകുകള്‍ക്ക് ചൂട് തേടി മറ്റേതോ ഒരിടത്തേക്ക് ദേശാടനം ചെയ്തതേയുള്ളൂ. വൈകാതെ അത് തിരികെയെത്തുംനിങ്ങളുടെ ഹൃദയത്തില്‍ ചേക്കേറുകയും ചെയ്യും.”

അനധികൃത കുടിയേറ്റത്തിന്റെയും അഭയാര്‍ഥി പ്രവാഹത്തിന്റെ സമകാലിക പരിതോവസ്ഥയുടെ ബാക്കി പാത്രമായി തീരത്തടിയുന്ന അജ്ഞാത ജഡങ്ങളുടെ സെമിത്തേരി ഇസ്താന്‍ബൂളിലെ ഏറ്റവും ജീര്‍ണ്ണമായ ഇടങ്ങളില്‍ ഒന്നാണ്.

ജയിലില്‍ വെച്ചാണ് ലൈല നാലാനെ പരിചയപ്പെടുന്നത് ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായ അവള്‍ അനടോളിയയിലെ കര്‍ഷക കുടുംബത്തില്‍ നിന്ന് ഇസ്താന്‍ബൂളില്‍ എത്തിയത് തന്നെ അതിനായിരുന്നു – ദൈവത്തിനു പറ്റിയ തെറ്റു തിരുത്താന്‍.

“ജീവിതകാലം മുഴുവന്‍ അവള്‍ അപരിചിതമായ ഒരു വിദേശപദം നാവിനെന്ന പോലെ തീര്‍ത്തും അപരിചിതമായ ഒരു ഉടലില്‍ തടവിലായിരുന്നു.”

ഒസ്മാന്‍ എന്ന പഴയ പേരുപേക്ഷിച്ചു നാലാന്‍ ആയ അവളെ ലൈലയാണ് നൊസ്റ്റാള്‍ജിയയെന്നു വിളിച്ചു തുടങ്ങുക. സുഹൃത്തുക്കളില്‍ ഏറ്റവും കരുത്തുള്ള കഥാപാത്രം മാത്രമല്ല സഹൃദയത്വവും പ്രകടിപ്പിക്കുന്നത് നാലാന്‍ ആണ്. നെരൂദയുടെ കവിതയെ നാലാന്‍ വിലയിരുത്തുന്നു:

“അവര്‍ ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക് ദുഖവം സെക്സും കൂട്ടിക്കലര്‍ത്തുന്ന ഒരു പ്രത്യേക രീതിയുണ്ട്. മിക്ക ദേശങ്ങളും ഏതെങ്കിലും ഒന്ന് കൂടുതല്‍ നന്നായി അവതരിപ്പിക്കുമായിരിക്കുംഎന്നാല്‍ ഈ ലാറ്റിനോകള്‍ രണ്ടിലും വെന്നിക്കൊടി പാറിക്കും.”

ലൈംഗികത്തൊഴിലില്‍ തന്നെയും നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളുടെ ബലിയാട് കൂടിയാണ് അവള്‍. ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയാകുമ്പോള്‍ അതിന്റെ മാരകമായ പാര്‍ശ്വഫലങ്ങളെ കുറിച്ച് ആരും അവളെ ബോധ്യപ്പെടുത്തിയിരുന്നില്ല. വേശ്യാലയങ്ങളില്‍ ആരും അത്തരക്കാരെ സ്വീകരിച്ചില്ല; അതിനു നിയമം അനുവദിച്ചതുമില്ല.

“അവള്‍ക്കു വേണ്ടി നിര്‍ത്തിയ ഓരോ കാറും അവളുടെ സംവേദനം നശിച്ച ആത്മാവില്‍ പാടുകള്‍ വീഴ്ത്തിവിജനമായ മണല്‍പ്പുറത്തെ ടയറുകള്‍ പോലെ.”

അവളെ തേടിയെത്തിയ കക്ഷികളിലെല്ലാം കടുത്ത പുച്ഛവും മൃഗീയമായ ആസക്തിയും കൂടിക്കുഴഞ്ഞു. പോലീസ് എല്ലായിപ്പോഴും അവളില്‍ മാത്രം സദാചാര ഭീഷണി കണ്ടെത്തുകയും കൂട്ടാളിയെ വെറുതെ വിടുകയും ചെയ്തു.

“ഞാന്‍ വെറുപ്പിനെ ആകര്‍ഷിക്കുന്ന ഒരു മാഗ്നറ്റ് ആണ്ഞാന്‍ മരിക്കുമ്പോള്‍ കൂട്ടരാരും ഇല്ലാത്തവരുടെ സെമിത്തേരിയില്‍ ഞാന്‍ അടക്കപ്പെടും.”

അവള്‍ പറഞ്ഞു. ശവമോഷ്ടാക്കള്‍ പോലും ഒഴിവാക്കിയ ശാപഗ്രസ്തരുടെ ശ്മശാനത്തില്‍ ലൈലയെ അടക്കിയത്‌ അതുകൊണ്ടുതന്നെ നാലാന്ന് താങ്ങാനാവുന്നതല്ല.

ലൈംഗിക രോഗപരിശോധനക്കായി ഇസ്താന്‍ബൂള്‍ ആശുപത്രിയിലേക്കുള്ള പതിവ് സന്ദര്‍ശനത്തില്‍ പരിചയപ്പെടുന്ന ആദ്യ സുഹൃത്തായിരുന്നു ജമീല.

“ഒരു വിദേശിഎല്ലാ വിദേശികളെയും പോലെമറ്റെങ്ങോ നിന്നുള്ളവള്‍ എന്ന നിഴല്‍ പേറിയവള്‍.”

മുസ്ലിം പിതാവിന്റെയും ക്രിസ്ത്യന്‍ മാതാവിന്റെയും മകളായി മോഗാദിഷുവില്‍ ജനിച്ച ജമീല പള്ളിയില്‍ പോകുന്നതിലൂടെ അമ്മയുടെ മരണത്തിനപ്പുറത്തു നിന്നുള്ള ബന്ധം നിലനിര്‍ത്തി.

“അവളെ സംബന്ധിച്ച്അവള്‍ രണ്ട് അബ്രഹാമിക് മതങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പൊന്നും നടത്തിയിരുന്നില്ലഅവള്‍ തന്റെ അമ്മയുമായി ബന്ധിക്കപ്പെട്ട ഒരദൃശ്യ നൂലില്‍ പിടിച്ചുനില്‍ക്കുക മാത്രമായിരുന്നു. പക്ഷെ ആരും അത് ആ രീതിയില്‍ കണ്ടില്ല. ആരും ഒരിക്കലും അവള്‍ക്കു മാപ്പ് കൊടുത്തില്ല.”

‘വലിയ വായ’ മുഹമെദ് സിയാദ് ബാരെക്കെതിരായ കലാപത്തിലെ കൂട്ടക്കുരുതികളുടെ നാളുകളില്‍ അവള്‍ക്ക് തുര്‍ക്കിയില്‍ ജോലി വാഗ്ദാനം ചെയ്യപ്പെട്ടത് സെക്സ് ട്രാഫിക്കിങ്ങിന്റെ ചതിക്കുഴിയായിരുന്നെന്നു ഏറെ വൈകിയാണ് അവള്‍ മനസ്സിലാക്കുക. “ലോകസഞ്ചാരം നടത്തിയിട്ടില്ലാത്തവന് കണ്ണുകളില്ല.” മനോബലം തകര്‍ക്കുന്ന അനുഭവങ്ങളുടെ നൈരന്തര്യത്തിലും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കാത്ത പ്രകൃതമാണ് ജമീലയുടെത്.

ലൈംഗിക അടിമത്തം മാത്രമല്ല ഗതികേടിന്റെ ചിത്രമായി നോവലില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ലബനാനിലെ സുന്നി കുടുംബത്തില്‍ കുള്ളന്മാര്‍ക്ക് പേരുകേട്ട ഗ്രാമത്തില്‍ ഉയരക്കുറവുള്ള മാതാപിതാക്കളുടെ മകളായി ജനിച്ച സൈനബ് 122, തന്റെ പേരിന്റെ സ്പെല്ലിംഗ് അത്രയും വിധത്തില്‍ എഴുതാനാവുമെന്നും തന്റെ ഉയരം കൃത്യമായും അത്രയും സെന്റിമീറ്റര്‍ ആണെന്നും അവകാശപ്പെടും. മറ്റു സഹോദരങ്ങള്‍ സാധാരണ ഉയരമുള്ളവര്‍ ആയിരുന്നതുകൊണ്ട് അവരൊക്കെ വിവാഹിതരായി. ഉയരക്കമ്മിയോടൊപ്പം നട്ടെല്ലിനു വളവും ഉണ്ടായിരുന്ന സൈനബ് മാതാപിതാക്കളുടെ തീരാവേദനയായിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ ബയ്റൂത്തില്‍ എത്തിയ സന്ദര്‍ഭത്തില്‍ പ്രഗത്ഭയായ രാശിനോട്ടക്കാരിയില്‍ നിന്ന് ആ വിദ്യ പഠിക്കുന്ന സൈനബ് തന്റെ ഉയരക്കുറവ് ഗുണപരമായി ഉപയോഗിക്കാവുന്ന ഒരു മേഖലയായി അതിനെ ഉപയോഗിക്കാം എന്ന വിശ്വാസത്തിലാണ് ഒരു അര്‍മ്മീനിയന്‍ കുടുംബത്തിന്റെ സഹായത്തോടെ ഇസ്താന്‍ബൂളില്‍ എത്തുന്നത്. ഹെയര്‍ ഡ്രെസ്സര്‍ ആയി ജോലി ചെയ്യുന്നതിനിടെ ബിറ്റര്‍ മായുടെ കണ്ണില്‍പ്പെടുന്നതോടെ വേശ്യാലയത്തിലെ തൂപ്പുകാരിയായി എത്തുന്നതാണ് ലൈലയേയും സൈനബിനെയും അടുപ്പിക്കുന്നത്. ഡി. അലിയുമായുള്ള ലൈലയുടെ വിവാഹത്തിനു കാര്‍മ്മികത്വം വഹിക്കുക കടുത്ത മതഭക്ത കൂടിയായ സൈനബാണ്.

നാലാമത് കൂട്ടുകാരി ഹുമൈറക്കും ദുരന്തഭൂതകാലത്തിന്റെ കഥ പറയാനുണ്ട്. മെസോപ്പോട്ടെമിയയിലെ മാര്‍ദിനില്‍ സെന്റ്‌. ഗബ്രിയേല്‍ മഠത്തിനടുത്ത് ഇടത്തരം കുടുംബത്തില്‍ ജനിച്ച ഹുമൈറയുടെ ജീവിതം കലങ്ങിമറിഞ്ഞത് പതിനാറാം വയസ്സില്‍ ഇഷ്ടമില്ലാതെ നടത്തപ്പെട്ട വിവാഹത്തെ തുടര്‍ന്നായിരുന്നു. ദുസ്സഹമായ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭതൃവീട്ടില്‍ നിന്ന് ഇസ്താന്‍ബൂളിലേക്ക് ഒളിച്ചോടുകയായിരുന്നു അവള്‍. പാട്ടുകാരിയെന്ന നിലയില്‍ പേരെടുത്ത ഹുമൈറ ഹോളിവുഡ് ദുഖപുത്രികളുടെ ആരാധികയായിരുന്നു. തെരുവില്‍ കാണപ്പെട്ട ഗുരുതരമായി മുറിവേറ്റ പൂച്ചക്കുഞ്ഞിനെ മൃഗ ഡോക്റ്ററെ കാണിക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ലൈല അവളെ പരിചയപ്പെടുന്നത്. തന്നെ അന്വേഷിച്ചെത്താന്‍ ഇടയുള്ള സഹോദരന്റെ കയ്യാല്‍ ഒരു അഭിമാനക്കൊലയുടെയോ, ബത്ത്മാന്‍ പോലുള്ള തെക്ക് കിഴക്കന്‍ അനടോളിയന്‍ ദേശങ്ങളില്‍ പതിവായവിധം ഒരു നിര്‍ബന്ധിത ആത്മഹത്യയുടെയോ ഇരയാവാനുള്ള സാധ്യത എപ്പോഴും ഭയപ്പെടുന്ന ‘ഹോളിവുഡ്’ ഹുമൈറഎപ്പോഴും ലൈലയെ ആശ്രയിക്കുന്നു.

ലൈലയുടെ അഞ്ച് ആത്മസുഹൃത്തുക്കളില്‍ ഏറ്റവും പഴയ ആളും ഏക പുരുഷനുമായ സിനാന്‍അവളുടെ സമപ്രായക്കാരനായ കളിക്കൂട്ടുകാരന്‍ കൂടിയായിരുന്നു. തക്ക സമയത്ത് അവളോടുള്ള ഇഷ്ടം തുറന്നു പറയാനോ രക്ഷിക്കാനോ കഴിഞ്ഞില്ലെന്ന കുറ്റബോധം അയാള്‍ക്കുള്ളില്‍ എന്നുമുണ്ട്. ലൈല ഒളിച്ചോടുമ്പോള്‍ അവനു മാത്രം എല്ലാം അറിയാമായിരുന്നു; അതിന്റെ കാരണങ്ങളും. ഒരു പ്രായശ്ചിത്തത്തിന്റെ കൂടി ഹൃദയഭാരത്തോടെയാണ് വിവാഹിതനും കുടുംബസ്തനും ആയിരുന്നിട്ടും അയാള്‍ അഞ്ചു കൂട്ടുകാരില്‍ ഒരാളായിത്തുടരുക.   

ലിബറലിസംസുഖലോലുപതപാശ്ചാത്യവല്‍ക്കരണം എന്നീ മൂന്ന് സ്വാധീനങ്ങള്‍ തുര്‍ക്കി യുവതയെ കീഴ്പ്പെടുത്തിയപ്പോള്‍ മൗലികവാദവും അതിതീവ്ര ദേശീയ വാദവും ഇസ്താന്‍ബൂളിനെയും പിടികൂടുന്നതിന്റെ ലക്ഷണമായി ഡി. അലി താമസത്തിനു തെരഞ്ഞെടുക്കുന്ന ‘ഹെയറി കാഫ്ക’ തെരുവിന്റെ പേരിലെ ജൂത സാന്നിധ്യത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ നോവലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. ബിറ്റര്‍ മായുടെ ആലയത്തിന്റെ ചുമരില്‍ സുല്‍ത്താന്‍ അബ്ദുല്‍ അസീസിന്റെ പടം തൂക്കിയതിനു ശകാരിക്കുകയും അത് എടുത്തുകളയാന്‍ നിര്‍ബന്ധിതയാക്കുകയും ചെയ്ത തീവ്ര ദേശീയവാദി, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ മുസ്ലിംകള്‍ ആയിരിക്കില്ലെന്നും അത്തരം നീചവൃത്തിക്ക് ഓട്ടോമന്‍ സാമ്രാജ്യത്തില്‍ ലൈസന്‍സ് ലഭിക്കില്ലെന്നും അയാള്‍ പറയുന്നു. അയാള്‍ക്ക് സിഫിലിസും ഗോണേറിയയും ഉറപ്പുവരുത്തി പ്രതികാരം ചെയ്യാന്‍ ബിറ്റര്‍ മാ മറക്കുന്നില്ല. സൈക്കൊപാത്ത്/ വിജിലാന്റിസ്റ്റ് നിഗൂഡതകള്‍ അകമ്പടി സേവിക്കുന്ന ലൈലയുടെ അന്ത്യം ഫണ്ടമെന്റലിസ്റ്റ് ഫാഷിസത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് അരങ്ങേറുന്നതെന്ന് നോവലില്‍ സൂചനയുണ്ട്. ഉപരി സമൂഹവും കീട ജന്മങ്ങളുമെന്ന ദ്വന്ദ്വത്തിലേക്ക് ഇതിവൃത്ത സംഘര്‍ഷങ്ങളെ കൊണ്ടുപോകുന്നത് നോവലിന്റെ രണ്ടാം ഭാഗത്തിന് ഒരു ‘യെസില്‍കാം’ (Yeşilçam- ഇസ്താന്‍ബൂളിലെ തുര്‍ക്കി സിനിമയുടെ കേന്ദ്രം) ത്രില്ലറിന്റെ ചടുലത പ്രദാനം ചെയ്യുന്നു. അഞ്ചു സുഹൃത്തുക്കളും ചേര്‍ന്ന് ലൈലയുടെ മൃദദേഹം വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെങ്കിലും അധികൃതര്‍ രക്തബന്ധുക്കള്‍ക്ക് മാത്രമേ അതിനര്‍ഹതയുള്ളൂ എന്ന ഔദ്യോഗിക നിലപാടില്‍ അവരെ തൃണവല്‍ഗണിക്കുന്നതിനു പിന്നില്‍ അവരുടെ അധകൃത സാമൂഹിക പദവി തന്നെയാണ് നിര്‍ണ്ണായകമാകുന്നത്.

ഷഫാക് ശരിക്കും തിളങ്ങുന്നത് അവര്‍ക്കിനി സന്ദര്‍ശിക്കാനാകാത്ത “പൊരുതുന്നമത്സരിക്കുന്നഏറ്റുമുട്ടുന്ന” ഒരിടമായി ഇസ്താന്‍ബൂളിനെ ആവാഹിക്കുന്നതിലാണ്“പല രീതിയിലും നോവല്‍ നഗരത്തിനുള്ള ഒരു പ്രണയ ലേഖനമാണ്, അതിന്റെ വിജ്രംഭിക്കുന്ന വാക്യങ്ങള്‍ അവിടത്തെ സംഘര്‍ഷങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Johanna Thomas-Corr: theguardian.com) പുസ്തകം ഏറ്റവും വാചാലമാകുന്ന മുഹൂര്‍ത്തങ്ങളില്‍ ചിലത് ഇസ്താന്‍ബൂളിനെ കുറിച്ച് പറയുന്ന ഇടങ്ങളിലാണ് എന്നത് യാദൃശ്ചികമല്ല:

“രാജകീയ ഇസ്താന്‍ബൂളും ലെസ്ബിയന്‍ ഇസ്താന്‍ബൂളും; ആഗോള ഇസ്താന്‍ബൂളും പ്രാദേശികവാദത്തിന്റെ ഇസ്താന്‍ബൂളും; വിശ്വപൗരനായ ഇസ്താന്‍ബൂളും സ്വാര്‍ത്ഥബുദ്ധിയായ ഇസ്താന്‍ബൂളും; ദൈവനിഷേധിയായ ഇസ്താന്‍ബൂളും ദൈവഭയമുള്ള ഇസ്താന്‍ബൂളും; പുരുഷ മുഖമുള്ള ഇസ്താന്‍ബൂളും സ്ത്രീപക്ഷ ഇസ്താന്‍ബൂളും... പിന്നെ അകലെയെങ്ങോ തുറമുഖങ്ങളിലേക്ക് മുമ്പെങ്ങോ വിട്ടുപോയവരുടെ ഇസ്താന്‍ബൂള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഈ നഗരം എന്നുമൊരു ആസ്ഥാന നഗരമായിരിക്കും, ഓര്‍മ്മകളും മിത്തുകളും നിയോഗ മോഹങ്ങളും നിറഞ്ഞത്‌മൂടല്‍ മഞ്ഞില്‍ മറയുന്ന പ്രണയിയുടെ മുഖം പോലെ എപ്പോഴും അകന്നു പോകുന്നത്.”

 സമ്മിശ്രവികാരങ്ങളോടെയും അങ്ങേയറ്റത്തെ വികാര വായ്പ്പോടെയും നോവലില്‍ ഉടനീളം നഗരം വീക്ഷിക്കപ്പെടുന്നു. “എല്ലാ നിരാശരും എല്ലാ സ്വപ്നാടകരും ഒടുവില്‍ എത്തിച്ചേരുന്ന നഗര”മെന്നും “നിനച്ചിരിക്കാത്ത കാഴ്ച്ചകളുടെയും എപ്പോഴും തയ്യാറായ, ജിജ്ഞാസുക്കളായ കാഴ്ചക്കാരുടെയും നഗര”മെന്നും “ബോധപൂര്‍വ്വമായ മറവിരോഗമുണ്ടായിരുന്ന ഇസ്താന്‍ബൂള്‍” എന്നും വിവരിക്കപ്പെടുന്ന നഗരം അതിന്റെ വിപരീതങ്ങളിലും തെളിഞ്ഞു നില്‍ക്കുന്നുണ്ട്. “ലൈല അറിഞ്ഞ ഇസ്താന്‍ബൂള്‍ ടൂറിസം മന്ത്രാലയം വിദേശികളെ കാണിക്കാന്‍ ഇഷ്ടപ്പെട്ട ഇസ്താന്‍ബൂള്‍ ആയിരുന്നില്ല” എന്ന് നോവല്‍ നിരീക്ഷിക്കുന്നു.

“പാരിസ് പ്രണയത്തിന്റെയുംജറൂസലേം ദൈവത്തിന്റെയും, ലാസ് വെഗാസ് പാപങ്ങളുടെയും നഗരമായിരുന്നെങ്കില്‍ ഇസ്താന്‍ബൂള്‍ ഭിന്ന ദൗത്യങ്ങളുടെ (multi-tasking) നഗരമായിരുന്നു”

നഗരത്തിന്റെ ഭ്രാന്തവൈവിധ്യത്തെ നോവല്‍ വിവരിക്കുന്നുണ്ട്. ഡി/അലിയുടെ വാക്കുകള്‍ അറംപറ്റും പോലെയാണ് ലൈലയുടെയും അയാളുടെ തന്നെയും അന്ത്യവും:

“ഇവിടെ (ഇസ്താന്‍ബൂളില്‍) കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഈ നഗരം മരിച്ചവരുടെതാണ്. നമുക്കുള്ളതല്ല.” 

ഒരു പ്രഹേളികമിത്തിക്കല്‍ ചിത്രമായി നഗരത്തെ വരച്ചുവെക്കുന്നതിലൂടെ ഒരു മക്കോണ്ടോ പരിവേഷം അതിനു നല്‍കാന്‍ നോവലിസ്റ്റിനു കഴിയുന്നുണ്ട്: 

“ഇസ്താന്‍ബൂള്‍ ഒരു മിഥ്യയായിരുന്നുആരു മാന്ത്രികന്റെ പാളിപ്പോയ തന്ത്രം. ഇസ്താന്‍ബൂള്‍ എന്നത് ഹാഷിഷ് തീനികളുടെ മനസ്സില്‍ മാത്രം നിലനിന്ന ഒരു സ്വപ്നമായിരുന്നു.”

ഇതിവൃത്തപ്രധാനം (plot-driven) എന്ന് പറയാവുന്ന ഒന്നാണ് നോവലിന്റെ ഘടന എന്നത് ഒരേസമയം പുസ്തകത്തിന്റെ ശക്തിയും ദൗര്‍ബല്യവും ആയിത്തീരുന്നുണ്ട്. തന്റെ പ്രമേയങ്ങള്‍ അവതരിപ്പിക്കാനുള്ള ക്യാന്‍വാസ്‌ ആയി നോവലിനേയും സംഭവങ്ങളെയും കഥാപാത്രങ്ങളെയും ഉപയോഗിക്കുന്നതിലെ പ്രഭാഷണപരത അതികാല്‍പ്പനിക വല്‍ക്കരണമായും സ്വാഭാവികതയുടെ അതിരുകള്‍ വലിച്ചു നീട്ടുന്നതിലേക്കും നോവലിസ്റ്റിനെ എത്തിക്കുന്നുണ്ടെന്നു കാണാനാവും. വിശേഷിച്ചു പുതുമ അവകാശപ്പെടാനില്ലാത്ത കഥാസന്ദര്‍ഭങ്ങളും ആഗ്രഹ ചിന്തയോളം എത്തുന്ന പാത്ര സൃഷ്ടികളും ക്രുതഹസ്തയായ ഒരെഴുത്തുകാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. എന്നാല്‍ ഇസ്താന്‍ബൂളിനുള്ള ഒരു പ്രണയകാവ്യമെന്ന നിലയില്‍ അതിന്റെ ജീവിത/ അതിജീവനസൗന്ദര്യ/വൈരൂപ്യ വൈചിത്ര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നോവലിസ്റ്റിന്റെ ഭാവഗരിമയും കയ്യടക്കവും എടുത്തുപറയേണ്ടത് തന്നെയാണ്.

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 369-377)

 

 Read more:

The Bird Tattoo by Dunya Mikhail

https://alittlesomethings.blogspot.com/2024/10/the-bird-tattoo-by-dunya-mikhail.html

 Memed, My Hawk by Yaşar Kemal

https://alittlesomethings.blogspot.com/2024/08/memed-my-hawk-by-yasar-kemal.html

Zin by Haritha Savithri

https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html

Daughters of Smoke and Fire by Ava Homa

https://alittlesomethings.blogspot.com/2024/08/daughters-of-smoke-and-fire-by-ava-homa.html