Featured Post

Saturday, April 19, 2025

Conversation in the Cathedral by Mario Vargas Llosa / Gregory Rabassa


പ്രഥമകൃതികള്‍ പലപ്പോഴും ഒരെഴുത്തുകാരന്റെ പ്രമേയപരവും ധൈഷണികവുമായ ഉത്കണ്ഠകളെ അവയുടെ പരുക്കന്‍ രൂപത്തിലോ, പരിമിത രൂപത്തിലോ പ്രതിനിധാനം ചെയ്യുമെന്ന വസ്തുത യോസയുടെ കാര്യത്തില്‍ പ്രത്യേകം പ്രസക്തമാണ്‌. തന്റെ ആദ്യകാല വായനകളുടെ തുടര്‍ച്ചയായിരുന്നു തന്റെ എഴുത്ത് എന്ന് ഏറ്റുപറഞ്ഞ അദ്ദേഹത്തിന്‍റെ ആദ്യകൃതിയില്‍ ഫോക്നറുടെ ‘Light in August’ ചെലുത്തിയ ഘടനാപരവും സമയദീക്ഷയുടെ പ്രയോഗപരവുമായ സ്വാധീനത്തെ കുറിച്ച് എഫ്രൈന്‍ ക്രിസ്റ്റല്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതുപോലെ, അദ്ദേഹത്തിന്‍റെ പില്‍ക്കാല കൃതികള്‍ ആദ്യകൃതിയുടെ തുടര്‍ച്ചയും വികാസവും തന്നെയാണ് എന്ന് കാണാനാകും. ‘നായകന്റെ സമയം’ മുന്നോട്ടുവെക്കുന്ന നൈരാശ്യഭാവത്തിന്റെയും നിഷ്ഫലതയുടെയും മൂല്യ ധാരണകളുടെ തുടര്‍ച്ച തന്നെയാണ് ‘കത്തീഡ്രലിലെ സംഭാഷണങ്ങള്‍ നല്‍കുന്നത്. സര്‍വ്വാധിപത്യ വിമര്‍ശനം ഒരു സ്ഥാപനത്തിന്റെയും ചുരുക്കം ചില കഥാപാത്രങ്ങളുടെയും പരിമിതികള്‍ക്കപ്പുറം ദേശീയ തലത്തിലെക്കുതന്നെ യോസ ഇവിടെ വികസിപ്പിക്കുന്നു.

‘കത്തീഡ്രല്‍’ എന്ന വൈരുധ്യപൂര്‍ണ്ണമായ പേരുള്ള ഒരു വൃത്തികെട്ട മദ്യശാലയില്‍ വെച്ച് നടത്തുന്ന ദീര്‍ഘവും ഒരിക്കലും എങ്ങുമെത്താത്തവിധം ദിശതെറ്റി കറങ്ങുന്നതുമായ (labyrinthine) സംഭാഷണത്തിലൂടെ ജേണലിസ്റ്റായ സാന്റിയാഗോ സവാല തന്റെ പിതാവിന്റെ മുന്‍ ഡ്രൈവര്‍ ആയിരുന്ന അംബ്രോസിയോ പാര്‍ദോയുമായി ഒരു സമസ്യാപൂരണ ശ്രമത്തിലാണ്: ഓഡ്രിയാ (മാനുവേല്‍ എ. ഓഡ്രിയ) ഭരണത്തിന്റെ (1948-1956) ഏകാധിപത്യ ഭീകരതയുടെ ചരിത്രം ഇഴചേര്‍ത്തു വിവരിക്കുക. മുപ്പതിലേറെ കഥാപാത്രങ്ങളും അവരുടെ കഥകളും ആദിമധ്യാന്ത പൊരുത്തമോ, സ്ഥല – കാല നിര്‍ണ്ണിതാവസ്ഥയോ  കൂടാതെ കടന്നുവരുന്ന നാലു മണിക്കൂര്‍ നീളുന്ന സുദീര്‍ഘ സംഭാഷണം എന്ന സങ്കേതം ആ നിലക്ക് കഥ പറയാനുള്ള ചട്ടക്കൂട് (frame story) മാത്രം. ശ്ലഥമായ ആഖ്യാനത്തില്‍, അധികാരം എങ്ങനെയെല്ലാം സ്വകാര്യ ജീവിതങ്ങളില്‍ അരിച്ചിറങ്ങുന്നു എന്നും  വൈയക്തിക, സാമൂഹിക ഓര്‍മ്മകളെ ഉഴുതുമറിക്കുന്നുവെന്നും അര്‍ത്ഥപൂര്‍ണ്ണമായ വിപ്ലവശ്രമങ്ങളെ സംശയത്തിന്റെ നിഴലില്‍ പെടുത്തുന്നുവെന്നും നോവലിസ്റ്റ് പരിശോധിക്കുന്നു.

സാന്റിയാഗോ സവാലയുടെ കുതറലിനു അസ്ഥിത്വപരമായ ആഴത്തിലുള്ള മാനങ്ങളുണ്ട്. അയാളുടെ പ്രതിഷേധം ഭരണത്തിനെതിരെ മാത്രമല്ല, കുടുംബപരവും ആന്തരികവുമായ വിധേയത്വത്തിനും എതിരെയാണ്. നോവലിലെ ശ്ലഥമായ ആഖ്യാനഘടന, അതിന്റെ പരസ്പരബന്ധം നഷ്ടമാകുന്ന സംഭാഷണങ്ങളോടും സമയക്രമത്തിലെ പൊടുന്നനെ സംഭവിക്കുന്ന മാറ്റങ്ങളോടുമൊപ്പം, സമൂഹത്തിലെ ശ്ലഥാവസ്ഥയുടെ സൂചകം തന്നെയാണ്. ഇവിടെ സത്യം പിടികിട്ടാത്തതും, ചെറുത്തുനില്‍പ്പ്, പരാജയം വിധിക്കപ്പെട്ടതുമാണ്. The Time of the Hero യിലെ ആല്‍ബര്‍ട്ടോയുമായുള്ള സാന്റിയാഗോയുടെ സമാന്തരം വ്യക്തമാണ്‌. ചെറുത്തുനില്‍പ്പിനെ ഒരനിവാര്യതയായി കാണുമ്പോഴും യോസയുടെ പരിചരണത്തില്‍ അതൊരു സിസിഫിയന്‍ പ്രവര്‍ത്തിയായിത്തീരുകയാണ്: വ്യവസ്ഥിതിയെ  ഘടനാപരമായിത്തന്നെ അടിമുടി ബാധിച്ച ജീര്‍ണ്ണതയുടെ പശ്ചാത്തലത്തില്‍ ലിബറല്‍ ആദര്‍ശപരതയുടെ സാധ്യത എത്രമാത്രം പരിമിതമാണ് എന്ന് അത് വ്യക്തമാക്കുന്നു.  

നാലു കഥാപാത്രങ്ങളാണ് മുഖ്യമായും നോവലില്‍ ഇടംപിടിക്കുന്നത്. സാന്റിയാഗോ, പിതാവ് ഡോണ്‍ ഫെര്‍മിന്‍, അയാളുടെ ഡ്രൈവറും സ്വവര്‍ഗ്ഗാനുരാഗ കൂട്ടാളിയുമായ അംബ്രോസിയോ, രഹസ്യ വകുപ്പു തലവന്‍ ബെര്‍മൂഡെസ്,  എന്നിവര്‍. കുടുംബത്തിന്റെ പ്രതീക്ഷകള്‍ ധിക്കരിച്ചു സാന്‍ മാര്‍കോസ് യൂണിവേഴ്സിറ്റിയില്‍ ചേരുന്ന നാള്‍ തൊട്ട് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുന്ന സാന്റിയാഗോയുടെ അസ്ഥിത്വാന്വേഷണം, വിപ്ലവത്തിലൂടെയുള്ള സ്വാതന്ത്ര്യപ്രാപ്തിയില്‍ വിശ്വസിക്കുന്നു. അയാളുടെ കൂട്ടാളികളെ പീഡിപ്പിക്കുന്ന രഹസ്യ വകുപ്പിന്റെ തലവനായ ബെര്‍മൂഡെസുമായുള്ള പിതാവിന്റെ ബന്ധമാണ് തന്നെ മോചിപ്പിക്കുന്നതില്‍ കലാശിച്ചത് എന്നത് ഒരു ഒറ്റായി അയാള്‍ക്ക് അനുഭവപ്പെടുന്നു. ഓഡ്രിയാ ഭരണത്തെ സാമ്പത്തികമയി പിന്തുണക്കുന്നവനും ബെര്‍മൂഡെസിന്റെ സുഹൃത്തുമാണ് ഡോണ്‍ ഫെര്‍മിന്‍. The Time of the Hero യിലെ ആല്‍ബര്‍ട്ടോയെപ്പോലെ, നിരവധി തിരിച്ചടികളുടെ നൈരാശ്യത്തില്‍ സാന്റിയാഗോ ഉടമ്പടികളുടെ ജീവിതപ്പാത തെരഞ്ഞെടുക്കുകയും നേഴ്സ് ആയ അനായെ വിവാഹം കഴിക്കുകയും ജേണലിസ്റ്റ് ആയി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ക്രൈം റിപ്പോര്‍ട്ടര്‍ ആയുള്ള പ്രവര്‍ത്തനത്തിനിടെയാണ് സര്‍ക്കാരിന്റെ ഉള്‍പ്പടെ ഇരുണ്ട ഇടപാടുകളുടെ ഉള്ളുകള്ളികളിലെക്ക് അയാള്‍ എത്തിപ്പെടുന്നതും. ഇരുണ്ട ജീവിത പശ്ചാത്തലത്തില്‍ നിന്നെത്തുന്ന അംബ്രോസിയോ, ബെര്‍മൂഡെസിന്റെ ഗുണ്ടാപിരിവുകാരനും ഒപ്പം ഡ്രൈവറും ആയി പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഡോണ്‍ ഫെര്‍മിന്റെ അടുത്തെത്തുന്നത്. പ്രണയവും ലൈംഗികാപവാദ ഭീഷണിയും അകമ്പടി സേവിക്കുന്ന ഒരു കൊലപാതകം ഉള്‍പ്പടെ ഇതിവൃത്ത ഘടകങ്ങള്‍ ആദ്യനോവലിന്റെ തുടര്‍ച്ചപോലെ അനുഭവപ്പെടാം. അവയെല്ലാം അനിവാര്യമാക്കിയ ഒരു ഒളിച്ചോട്ടം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം, അതിനെല്ലാം ഒരര്‍ത്ഥത്തില്‍ നിമിത്തമായ പ്രണയിനി അമാലിയയുടെ മരണ ശേഷം, ലിമയില്‍ തിരികെയെത്തുന്ന അംബ്രോസിയോ, മുന്‍യജമാനന്റെ മകനെ കണ്ടുമുട്ടുന്നതാണ് നോവലിന്റെ സന്ദര്‍ഭം.

പണവും സ്വാധീനവും കൊണ്ട് രാഷ്ട്രീയത്തില്‍ കിംഗ്‌ മേയ്ക്കര്‍ ആയിത്തീരുന്ന ഉപരിവര്‍ഗ്ഗ, കാപിറ്റലിസ്റ്റ് പ്രതിനിധാനമാണ് ഡോണ്‍ ഫെര്‍മിന്‍ സവാല. ഓഡ്രിയയുടെ പതനം സന്ദിഗ്ദമാകുന്നത് മനസ്സിലാക്കുന്നതോടെ കളംമാറ്റി ചവിട്ടുകയും പ്രതിപക്ഷത്തോടൊപ്പം ചേരുകയും ചെയ്യുന്ന അയാള്‍ക്ക്, സന്തുഷ്ട കുടുംബ ജീവിതത്തിന്റെ പ്രത്യക്ഷത്തിനു പിന്നില്‍ അംബ്രോസിയോയുമായുള്ള ഗേ ബന്ധവുമുണ്ട്‌. ബെര്‍മൂഡെസിന്റെ രഹസ്യക്കാരി ലാ മൂസ, അപവാദ ഭീഷണിയോടെ അമാലിയയുമായുള്ള അംബ്രോസിയോയുടെ പ്രണയത്തിനു ഇടങ്കോലിടുന്ന സന്ദര്‍ഭത്തില്‍ അവളെ കൊന്നുകളയാന്‍ അയാളെ ഉപദേശിക്കുന്നതും ഡോണ്‍ ഫെര്‍മിന്‍ തന്നെയാണ്. ബുദ്ധിമാനും കഠിനാധ്വാനിയുമായ സാന്റിയഗോയെ മറ്റു മക്കളെക്കാള്‍ അച്ഛനു താല്പര്യമാണെങ്കിലും രാഷ്ട്രീയമായി രണ്ടു തട്ടിലാകുന്നത്, ഇരുവര്‍ക്കും ഒരുമിച്ചു പോകല്‍ അസാധ്യമാക്കുന്നു. നോവലിലെ മറ്റൊരു കേന്ദ്ര കഥാപാത്രം, നേരത്തെ സൂചിപ്പിച്ചപോലെ, ബെര്‍മൂഡെസ് ആണ്. ഓഡ്രിയ സര്‍ക്കാറിലെ രഹസ്യ വകുപ്പില്‍ പ്രവര്‍ത്തിച്ച ഒരു യഥാര്‍ത്ഥവ്യക്തിയുടെ ( Alejandro Esparza Zañartu) ഫിക്ഷണല്‍ ആവിഷ്കാരം കൂടിയാണ് കായോ ബെര്‍മൂഡെസ്. യോസ ഒരു ഘട്ടത്തില്‍ തടവിലാക്കപ്പെട്ട സഹപാഠികളെ സഹായിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ നേരില്‍ സന്ദര്‍ശിച്ചിരുന്നു. നിര്‍ണ്ണായക നിമിഷത്തില്‍, പണപ്പെട്ടികളുമായി നാടുവിടെണ്ട അവസ്ഥയിലേക്ക് ബെര്‍മൂഡെസും  എത്തിപ്പെടുന്നു എന്നതില്‍, ഏകാധിപത്യക്രമങ്ങളില്‍ ആരും, വലംകൈ സഹകാരികള്‍ പോലും, സുരക്ഷിതരല്ല എന്ന് കാണിക്കുന്നു.

നോവലില്‍ ഉടനീളം നിഴല്‍വിരിക്കുന്നുണ്ടെങ്കിലും മാനുവേല്‍ ഓഡ്രിയയുടെ നേരിട്ടുള്ള സാന്നിധ്യം ഒരിക്കലുമില്ല എന്നത് പ്രധാനമാണ്. ഏകാധിപതിയെ മുഖാമുഖം നിര്‍ത്തുന്ന യോസാ ആഖ്യാനത്തിന് നാം ‘ആടിന്റെ വിരുന്ന് വരെ കാത്തിരിക്കണം. എതിര്‍ശബ്ദങ്ങളെ മുഴുവന്‍ കിരാത നടപടികളിലൂടെ അമര്‍ച്ച ചെയ്യുകയും ചെയ്യുന്ന അയാള്‍ ഒരു തുറന്ന ജയില്‍ തന്നെയായി നാടിനെ പരിവര്‍ത്തിപ്പിക്കുന്നു.


Friday, April 18, 2025

The Story of a Brief Marriage by Anuk Arudpragasam

 

 മൃത്യുഭൂമിയിലെ വരണമാല്യം


The funeral bak'd meats/ Did coldly furnish forth the marriage tables.” (Hamlet, Act 1, Scene 2)


യുദ്ധത്തിന്റെ കഥ പറയുകയെന്നാല്‍ മനുഷ്യ കാരണമായ സര്‍വ്വനാശത്തിന്റെയും പറഞ്ഞറിയിക്കാനാവാത്ത ഭീകരതകളുടെയും കഥകള്‍ പറയുക എന്നതിനോടൊപ്പം അനിര്‍വ്വചനീയ മനോബലത്തെയും  ജീവിതാസക്തിയേയും ആവിഷകരിക്കുക എന്നുകൂടിയാണ്. ജീവിച്ചിരിക്കുകയെന്നാല്‍ അതിന്റെ മൂലകങ്ങളില്‍, ഒടുവില്‍, ഭക്ഷിക്കല്‍, ഉറക്കം, കുളിക്കുക, സ്പര്‍ശം, സംസാരം, വെളിക്കിറങ്ങല്‍, തുടങ്ങിയ ജൈവധര്‍മ്മങ്ങളാണ്. യുദ്ധമാകട്ടെ ഈ ഈ പ്രാഥമികതകളെ തകിടം മറിക്കുകയും അതുകൊണ്ട് തന്നെ അവയുടെ ആത്യന്തിക മൂല്യത്തെ പൊലിപ്പിക്കുകയും ചെയ്യുന്നു. അഭയാര്‍ഥി ക്യാമ്പ് എന്ന ദുരിതങ്ങളുടെ ചാവേറിടത്തില്‍ കഴിയാന്‍ വിധിക്കപ്പെടുന്നവര്‍ക്കറിയാം ഇപ്പറഞ്ഞ മൌലികാവശ്യങ്ങളെക്കാള്‍ പ്രധാനമായ ഒരസ്തിത്വ പ്രശ്നവും മനുഷ്യകുലം ഇന്നോളം നേരിട്ടിട്ടേയില്ലെന്ന്. അതുകൊണ്ട് തന്നെ, ഭക്ഷണം ഒരു പഴയ ഓര്‍മ്മയായി, കാലിയായ വയറിനു ഒന്നും പുറത്തേക്ക് കളയാന്‍ ഇല്ലാതിരിക്കുമ്പോഴും സ്വസ്ഥമായി ഒന്ന് വെളിക്കിറങ്ങുക അവധാനപൂര്‍വ്വം, ആസ്വദിച്ചു ചെയ്യാനുള്ള പ്രക്രിയയായി മാറുന്ന അപൂര്‍വ്വത, ദിനങ്ങളായി ഉടലില്‍ അടിഞ്ഞു കൂടിയ അഴുക്കും ക്ഷീണവും രാവിന്റെ സാന്ദ്ര മൌനത്തില്‍ നീരൊഴുക്കിന്റെ കുളിര്‍സ്പര്‍ശമായി മുതികിലൂടെ തഴുകിക്കടന്നു പോകുന്നത് ഒരു നീണ്ട അദ്ധ്യായത്തില്‍ വിവരിക്കാനാവുന്ന/ വിവരിക്കേണ്ടതായ അസ്തിത്വ സംസ്ഥാപനമായി മാറുന്ന സര്‍ഗ്ഗ വിനിമയം ഒരേ സമയം വ്യര്‍ത്ഥവും വിരസവും മടുപ്പിക്കും വിധം ഏകതാനവും ഒപ്പം പ്രതീക്ഷയറ്റതുമായ  ജീവിതാവസ്ഥയുടെ രൂപകവും യാഥാര്‍ത്ഥ്യവും ആയിത്തീരുന്നു. ശ്രീലങ്കന്‍ തമിഴ് നോവലിസ്റ്റ് അനൂക് അരുദ്പ്രകാശത്തിന്റെ ‘ഒരു ഹ്രസ്വ വിവാഹത്തിന്റെ കഥ (The Story of a Brief Marriage) ഈ മൗലികചോദനകളുടെ അസ്തിത്വ പ്രാധാന്യത്തെ കുറിച്ചു നിശിതവും അപൂര്‍വ്വവുമായ സംവേദനത്വത്തോടെയും ഭാവനാ പൂര്‍ണ്ണതയോടെയുമുള്ള അന്വേഷണമായിത്തീരുകയാണ്.

മൂന്നു പതിറ്റാണ്ട് നീണ്ട ആഭ്യന്തര സംഘര്‍ഷം ശ്രീലങ്കന്‍ സിംഹളതമിഴ് സാഹിത്യം തീക്ഷണമായി ഏറെ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ശ്രീലങ്കന്‍ ഇംഗ്ലീഷ് സാഹിത്യം ഏറെ വൈകിമാത്രമാണ് ഈ ചരിത്രാനുഭവം പരിഗണനയില്‍ എടുത്തതെന്നും അവയില്‍ പലതും വിദേശ വായനക്കാരെവിശേഷിച്ചും പാശ്ചാത്യ ലോകത്തെലക്‌ഷ്യം വെച്ച് എഴുതപ്പെട്ടതായത് കൊണ്ട് ‘അന്യദേശങ്ങളിലെ പ്രാകൃത ജനത പരസ്പരം കൊല്ലുന്ന’ ആ കൊളോണിയലിസ്റ്റ് പാഠങ്ങളെ അവ അറിഞ്ഞോ അറിയാതെയോ ശരിവെക്കുകയായിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മൈക്കല്‍ ഒണ്ടാജെയുടെ ‘അനില്‍സ് ഘോസ്റ്റ്’നയോമി മുനവീരയുടെ ‘ഐലന്‍ഡ്  ഓഫ് എ തൌസന്റ് മിറെഴ്സ്’ തുടങ്ങിയ ഇംഗ്ലീഷ് നോവലുകളും ശര്‍മ്മിള സയ്യിദിന്റെ ‘ഉമ്മത്ത്‌’ എന്ന നോവലും പോലുള്ള കൃതികളില്‍ വ്യത്യസ്ത രീതിയില്‍ ആവിഷ്കരിച്ചിട്ടുള്ള വംശീയ കലാപത്തിന്റെയും ഉന്മൂലനത്തിന്റെയും കഥയെ ഒരു പകലിന്റെയും ഒരു രാവിന്റെയും ഇടയില്‍ യുദ്ധം/ വിവാഹംജീവിതം/ മരണം,  മനുഷ്യന്റെ നിസ്സാരത/ മനുഷ്യാന്തസ്സ് തുടങ്ങിയ സമസ്യകളിലൂടെവലിയ കാര്യങ്ങള്‍ പറയുന്നുവെന്ന നാട്യങ്ങളെതുമില്ലാതെ സമീപിക്കുയാണ് അരുദ്പ്രകാശത്തിന്റെ നോവല്‍.       

...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-story-of-a-brief-marriage-by-anuk-arudpragasam

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 297-301)

 


A Burning by Megha Majumdar

 

തീപിടിക്കുന്ന ഇന്ത്യന്‍ ദര്‍പ്പണം



2020-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പുസ്തകങ്ങളില്‍ ഏറ്റവും മുന്നിലെത്തിയ പുസ്തകങ്ങളില്‍ ഒന്നായി പല തെരഞ്ഞെടുപ്പുകളിലും ഇടം പിടിച്ച നോവലാണ്‌ കൊല്‍കത്തയില്‍ ജനിച്ച യുവ നോവലിസ്റ്റ് മേഘാ മജുംദാറുടെ പ്രഥമ കൃതിയായ ‘A Burning.’ തൊട്ടറിയാവുന്ന വിധം ഇന്ത്യന്‍ തന്നെയാണ് പുസ്തകംഅതും ഏവര്‍ക്കും അറിയാവുന്ന ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയുടെ കലര്‍പ്പില്ലാത്ത പരിചേഛെദം. ജുംബാ ലാഹിരിയെയും യാ ജ്യാസി (Yaa Gyasi - Homegoing) യെയും ടോമി ഓറഞ്ച് (Tommy Orange – There There) എന്നിവരെ പോലുള്ള ലബ്ദപ്രതിഷ്ടരായ എഴുത്തുകാരുമായി പ്രഥമ കൃതിയിലൂടെ നോവലിസ്റ്റ് താരതമ്യം ചെയ്യപ്പെടുകയും ചെയ്തു.

 

“പോലീസുകാര്‍ എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരെ സഹായിച്ചില്ലെങ്കില്‍അവര്‍ മരിക്കുന്നത് പോലീസുകാര്‍ നോക്കിനിന്നുവെങ്കില്‍എങ്കില്‍പിന്നെ സര്‍ക്കാരും ഒരു ഭീകരനാണ് എന്നല്ലേ അര്‍ത്ഥം?

കൊല്‍ക്കത്തയിലെ ഒരു ചേരി നിവാസിയായ ജീവന്‍ എന്ന മുസ്ലിം യുവതിയുടെ ഈയൊരു ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മേഘാ മജുംദാര്‍ രചിച്ച A Burning എന്ന നോവലില്‍ എല്ലാം ആരംഭിക്കുന്നത്. അവളൊരു നടുക്കുന്ന കാഴ്ച്ച കണ്ടതേയുള്ളൂ: ഒരു ട്രെയിന്‍ സ്റ്റേഷനിലടുക്കുന്നു; ആള്‍ക്കൂട്ടം കത്തിച്ചു പിടിച്ച തീപ്പന്തങ്ങള്‍ അതിന്റെ ജനാലകളിലൂടെ ഉള്ളിലേക്ക് എറിയുന്നു. പുറത്തുകടക്കാന്‍ മാര്‍ഗ്ഗമില്ലാത്ത വിധം കുടുങ്ങിപ്പോവുന്ന ഒട്ടേറെ മനുഷ്യര്‍ അകത്തു കത്തിയെരിയുന്നു. ആരാണ് ഈ ഭീകര പ്രവര്‍ത്തി നടത്തിയതെന്നു മിക്കവാറും ദൃക്സാക്ഷിയെങ്കിലും ജീവന് കാണാനാവുന്നില്ല. തൊട്ടപ്പുറത്തെ ചേരിയില്‍ കഴിയുന്നവളും അപ്പോള്‍ സ്ഥലത്തുണ്ടാവാന്‍ ഇടയായാവള്‍ എന്നിരിക്കിലും “ഞാനാകെ കണ്ടത്.. ബോഗികള്‍തീപ്പിടിത്തംവാതിലുകള്‍ പുറത്തു നിന്ന് പൂട്ടിയിരുന്നുഅപായകരമാം വിധം ചുട്ടുപഴുത്തിരുന്നു.” എന്നാണു അവള്‍ക്കു വിവരിക്കാനാകുക. നിയമപാലകര്‍ നോക്കി നില്‍ക്കെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞിട്ട തീവണ്ടിക്കു തീവെക്കുന്നതും നൂറിലേറെ ആളുകള്‍ വെന്തു മരിക്കുന്നതും ഉള്ളില്‍ നിറക്കുന്ന രോഷമാണ്‌ പിറ്റേ ദിവസം ഫേസ് ബുക്കില്‍ കുറിക്കുമ്പോള്‍ അവളുടെ മനസ്സില്‍. ഭര്‍ത്താവും മകളും പ്രസ്തുത സംഭവത്തില്‍ വെന്തുമരിച്ചതിനെ തുടര്‍ന്ന് ദുഃഖം കൊണ്ട് ഭ്രാന്തു പിടിച്ച ഒരു സ്ത്രീയുടെ വീഡിയോ കാണുമ്പോള്‍ അവളതു ഷെയര്‍ ചെയ്യുന്നു. ആദ്യം ആരാലും കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ പോസ്റ്റ്‌ പോലീസിന്റെ ധാര്‍മ്മിക പങ്കാളിത്തത്തെ കുറിച്ചുള്ള കമെന്റോടെ വീണ്ടും പോസ്റ്റ് ചെയ്യുമ്പോള്‍ കടുത്ത അമര്‍ഷവും ദുഃഖവും ഉണ്ടായിരുന്നു ജീവന്എന്നാല്‍ ഒപ്പം കുറച്ചേറെ ലൈക്കുകള്‍ കിട്ടാനുള്ള മോഹവും. പക്ഷെ അവള്‍ക്കറിയില്ലായിരുന്നു അതവളുടെ അറസ്റ്റിലേക്കും രാജ്യദ്രോഹ/ ഭീകര പ്രവര്‍ത്തന ആരോപണത്തിലേക്കും നിമിത്തവും തെളിവും ആയിത്തീരുമെന്ന്.

..............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/a-burning-by-megha-majumdar

 (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 382- 388)

To purchase, contact ph.no:  8086126024



Hamnet by Maggie O'Farrell

 

ജീവിതം തോല്‍ക്കുന്നിടത്ത് നാടകം എന്തുചെയ്യും!



(ഷേക് സ്പിയറെ പോലെ ഒരു മഹാമേരുവിനെ പിന്‍ നിരയില്‍ നിര്‍ത്തി ലോകമറിയാത്ത / ലോകത്തെ അറിയാത്ത അദ്ദേഹത്തിന്റെ ഭാര്യയെ ആഖ്യാന കേന്ദ്രത്തില്‍ കൊണ്ടുവരിക, കാലഘട്ടത്തിന്റെ അജ്ഞതകളും അര്‍ദ്ധജ്ഞാനങ്ങളും കൊണ്ട് ദുരന്തത്തിലേക്ക് നടന്നു നീങ്ങുന്ന കുടുംബത്തെ അവതരിപ്പിക്കുക, ലോകമറിയുന്ന നാടകകാരനെ പരാജയപ്പെട്ട/ വിശ്വസ്തനല്ലാത്ത  കാമുകനും ഭര്‍ത്താവും പിതാവുമായി അവതരിപ്പിക്കുക, ജീവിതം തുടങ്ങുക മാത്രം ചെയ്ത നിഷ്കളങ്കനായ ഒരു കൌമാരക്കാരനെ അവക്കെല്ലാമിടയില്‍ ബലിയാടാക്കി പാത്രസൃഷ്ടി നടത്തുക... ഒരാദ്യ രചനയില്‍ ഒരെഴുത്തുകാരിക്ക് ഏറ്റെടുക്കാന്‍ അത്രക്കങ്ങു സുരക്ഷിതമല്ലാത്ത വെല്ലുവിളികള്‍ ആണ് ഇവയെല്ലാം. എന്നാലോ, അവിടെയും ഒതുങ്ങുന്നുമില്ല. ലണ്ടനിലെ നാടകവേദിയുടെയും ഒരു ഭാര്യക്കും പൊറുക്കാനാകാത്ത അഗമ്യഗമന ജീവിത രീതികളുടെയും തിരക്കുകളില്‍ ഒരിക്കലും കുഞ്ഞുമക്കളുടെ വിളിപ്പുറത്ത് ഇല്ലാതിരുന്നിട്ടും ആ കുഞ്ഞുമകനും സഹോദരിയും തമ്മിലുള്ള ആത്മൈക്യം തന്റെ നാടകങ്ങളിലെ വിഖ്യാത ഇരട്ടകള്‍ക്ക് പ്രൊടോടൈപ്പുകള്‍ ആക്കി ആഘോഷിക്കുക, അതും പോരാഞ്ഞ് അതേ കുഞ്ഞിന്റെ ദുരന്തത്തെ പ്രചോദനമാക്കി തന്റെ ഏറ്റവും വിഖ്യാതമായ കൃതി രചിക്കുകയും ലോക നാടകാചാര്യ പദവി സ്വായത്തമാക്കുകയും ചെയ്യുക -  ഒരമ്മയ്ക്കും സഹിക്കാനാകാത്ത ഇത്തരം പ്രൊഫഷനല്‍ മികവുകളാണോ ഷേക് സ്പിയര്‍ എന്ന അതികായനെ സൃഷ്ടിച്ചത്?

അതോ,

തനിക്കു കൂട്ടിരിക്കാനാകാത്ത കുഞ്ഞുമക്കളെ നിരന്തരം കൂടെ നിര്‍ത്താനുള്ള അയാളുടെ ഉപായമായിരുന്നോ വയോലയേയും സെബാസ്റ്റ്യനേയും പോലെ തമ്മില്‍ മാറിപ്പോകാവുന്ന ഇരട്ടകള്‍?

അഥവാ, കുഞ്ഞുമകനെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്നതിന്റെ പ്രായശ്ചിത്തമായിരുന്നോ, മകന്‍ (ഹംനെറ്റ്) ഇല്ലാത്ത കാലത്ത് നാടകത്തിലൂടെഅവനെ (ഹാംലെറ്റ്) ഉയിര്‍പ്പിക്കുകയും അവന്റെ ദയക്കുവേണ്ടി ജന്മാന്തരങ്ങള്‍ കടന്നെത്തുന്ന പിതാവിനെ ചിത്രീകരിക്കുകയും ചെയ്യുന്നതിലൂടെ ചെയ്തുവെച്ചത്‌?

പിതാവിന്റെ അഭാവത്തിലും കുഞ്ഞുമക്കളെ ചിറകിനടിയില്‍ ഒതുക്കാന്‍ പാടുപെട്ടു തോറ്റുപോകുന്ന ജനനിയുടെ ദുഖത്തിന്റെ ആഴമാണ് ഉടലിലും ആത്മാവിലും അവരനുഭവിക്കുന്ന അപചയമായി നോവലിസ്റ്റ് വരച്ചുവെച്ചത്.  മഹാമാരികള്‍ക്കുമുന്നില്‍ തളര്‍ന്നു പോകുമ്പോഴും അതിലേറെ അവരെ വേദനിപ്പിക്കുക കുറ്റബോധമാണ്: ഗണികയുടെ തൃക്കണ്ണ് ഉണ്ടായിട്ടും, ആത്മാവിന്റെ കൂടെപ്പിറപ്പായ സഹോദരിയുടെ അതിജീവനത്തിനു പകരമായി വിധിയുടെ മൂര്‍ത്തികള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ സ്വന്തം ഉയിരുകൊടുത്ത കുഞ്ഞുമകന്റെ ദുരന്തം വരുന്നത് അറിയാനായില്ലല്ലോ എന്നതിന്റെ.

മനോവിജ്ഞാനീയ തലങ്ങളില്‍ വായിക്കപ്പെടേണ്ട ഒട്ടേറെ തലങ്ങളുള്ള നോവലാണ്‌ ‘Hamnet.’) 

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാരുടെ ആദ്യ രചനക്ക് നല്‍കപ്പെടുന്ന വിഖ്യാതമായ ബെറ്റി ട്രാസ്ക് പുരസ്‌കാരം നേടിയ After You'd Gone (2000) എന്ന നോവലുമായാണ് ഐറിഷ്/ ബ്രിട്ടീഷ് എഴുത്തുകാരിയായ മാഗി ഓഫെരല്‍ (Maggie O'Farrell) ഇരുപത്തിയെട്ടാം വയസ്സില്‍  സാഹിത്യ ലോകത്ത് തന്റെ വരവറിയിച്ചത്. ഇതിനോടകം സങ്കീര്‍ണ്ണ ഇതിവൃത്തങ്ങള്‍ക്കും ജീവിതത്തിന്റെ അടിസ്ഥാനപരമായ അപ്രവചനീയതകളില്‍ ഉലഞ്ഞുപോകുന്ന പാരമ്പര്യ വിരോധികളായ സ്ത്രീ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്നതിലും ഏറെ പ്രശംസിക്കപ്പെട്ട ഭാവനാസമ്പന്നമായ എട്ടോളം നോവലുകള്‍ കൊണ്ട് അവര്‍ വലിയൊരു വായനാ സമൂഹത്തെ സൃഷ്ടിച്ചിട്ടുണ്ട് . *(1).

തന്റെ എട്ടാമത്തെ നോവലായ Hamnet എന്ന കൃതിയില്‍ ചരിത്ര നോവലിന്റെ തട്ടകത്തിലേക്ക് കടക്കുന്ന ഓഫെരല്‍, ‘മാതാപിതാക്കളുടെ ഏറ്റവും വലിയ പേടിസ്വപ്നത്തെ അഭിമുഖീകരിക്കുന്നു: ഒരു കുഞ്ഞിന്റെ മരണം’ ......................


Thursday, April 17, 2025

Living to Tell the Tale by Gabriel García Márquez / Edith Grossman


മാര്‍ക്കേസ്: ഓര്‍മ്മകളുടെ പുസ്തകം



ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ ആത്മകഥയെന്നു വിശേഷിപ്പിക്കാവുന്ന പുസ്തകമായ 'കഥ പറയാനായ് ജീവിച്ചിരിക്കുക' (Living to Tell the Tale) എന്ന കൃതിയുടെ സ്പാനിഷ് മൂലം 2002-ല്‍ പുറത്തിറങ്ങി. തൊട്ടടുത്ത വര്‍ഷം എഡിത്ത് ഗ്രോസ്മന്‍ പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷ് പതിപ്പ് മറ്റേതൊരു മാര്‍ക്കേസ് കൃതിയും പോലെ സഹൃദയ ലോകം ഉടനടി ഏറ്റെടുക്കുകയായിരുന്നു. 1927-ല്‍ അദ്ദേഹം ജനിച്ച വര്‍ഷം മുതല്‍ 1950-ല്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രണയിനി തന്റെ വിവാഹാഭ്യര്‍ഥന അംഗീകരിക്കുന്നത് വരെയുള്ള കാലമാണ്, നമുക്ക് ലഭ്യമായിട്ടുള്ള ഈ ആത്മകഥാ ഈടുവെപ്പില്‍ കാണാനാവുകയെന്ന് സാമാന്യേന പറയാം.

വടക്കന്‍ കൊളംബിയയിലെ അരക്കാറ്റക്കയിലേക്ക് ഒരു പൊള്ളുന്ന വേനല്‍ക്കാലത്താണ് തന്റെ കുട്ടിക്കാലം ചെലവഴിച്ച അമ്മവീട് വില്‍ക്കാനായിഅമ്മയോടൊപ്പം ഇരുപത്തിമൂന്നുകാരനായ മാര്‍ക്കേസ് യാത്ര തിരിക്കുന്നത്. ആ യാത്ര അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമാവുക യായിരുന്നു. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് സ്ത്രീകളാണെന്ന് എപ്പോഴും ഏറ്റുപറഞ്ഞിട്ടുള്ള മാര്‍ക്കേസ് അതില്‍ രണ്ടുപേരെ പ്രഥമസ്ഥാനീയരായി എടുത്തു പറഞ്ഞിട്ടുണ്ട്. ഒന്ന് , 1927 മാര്‍ച്ച് ആറിന് ഒരു ഞായറാഴ്ച തന്നെ പ്രസവിച്ച അമ്മ, ലൂയിസ് സാന്റിയാഗ മാര്‍ക്കേസ്. മറ്റൊന്ന് മേഴ്സിഡിസ് ബാര്‍ച്ച. അവളുടെ പതിമൂന്നാംവയസ്സ് മുതല്‍ ഗബ്രിയേല്‍ അവളെ പിന്‍ തുടര്‍ന്നു, വിവാഹാഭ്യര്‍ത്ഥനയുമായി. തന്റെ അമ്മയെ കുറിച്ചു പറയുന്നിടത്ത് ഓര്‍മ്മപ്പുസ്തക സഞ്ചയത്തിന് വിഭാവനം ചെയ്ത നിമിഷമേതെന്നു മാര്‍ക്കേസ് വ്യക്തമാക്കുന്നുണ്ട്:
അവര്‍.... രോഗാതുരയായിരുന്നു. അനിശ്ചിതത്വം നിറഞ്ഞ എപ്പോഴും പനിബാധിതമായ `ഒരു കുട്ടിക്കാലമായിരുന്നു അവരുടേത്. എന്നാല്‍ ഒടുവില്‍ നടത്തിയ ചികിത്സ അവരെ മുഴുവനായും സുഖപ്പെടുത്തി. പൂര്‍ണ്ണ ആരോഗ്യത്തോടെ തൊണ്ണൂറ്റി ഏഴാം ജന്മദിനം ആഘോഷിക്കുമ്പോള്‍ തന്റെ പതിനൊന്നു മക്കളും, ഭര്‍ത്താവിന്റെ വേറെ നാലു മക്കളും 65 പേരമക്കളും 88 മൂന്നാംതലമുറക്കാരും 14 നാലാംതലമുറക്കാരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 2003 ജൂണ്‍ ഒമ്പതിന് വൈകുന്നേരം 08.30 ന് സ്വാഭാവികമരണം സംഭവിക്കുമ്പോള്‍ ഞങ്ങള്‍ അവരുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന കാര്യം ആലോചിക്കുകയായിരുന്നു. അന്നേ ദിവസം ഏതാണ്ട് അതേ സമയത്താണ് ഞാന്‍ എന്റെ ഓര്‍മ്മപ്പുസ്തകത്തിനു കുറിച്ച സമയം.”
എന്നാല്‍, പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ സമയം ഇതായിരുന്നില്ല. ................
തുടര്‍ വായനയ്ക്ക്:

Wednesday, April 16, 2025

The Bird Tattoo by Dunya Mikhail

യസീദി സമൂഹത്തിനൊരു സ്നേഹഗീതം



(വിമത ഇറാഖി കവിയും ആക്റ്റിവിസ്റ്റുമായ ദുനിയാ മിഖൈലിന്റെ പ്രഥമ നോവല്‍ The Bird Tattoo, അറബ് ഫിക് ഷനുള്ള അന്താരാഷ്‌ട്ര പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതിയാണ്. യസീദി സമൂഹത്തിനായി രചിക്കപ്പെട്ട ഹൃദയദ്രവീകരണ ശക്തിയുള്ള ഒരു സ്നേഹഗീതമെന്നു നിരീക്ഷിക്കപ്പെടുന്ന നോവല്‍ ഒരു പ്രണയകഥ പശ്ചാത്തലമാക്കി സമൂഹം നേരിടുന്ന വംശീയ ദുരന്തം ആവിഷ്കരിക്കുന്നു.) 

നാദിയ മുറാദ്, ഫരീദ ഖല്ലാഫ് തുടങ്ങിയവരുടെ ആത്മകഥാ ആഖ്യാനങ്ങളിലൂടെ ലോകവായനാ സമൂഹം മനസ്സിലാക്കിയിട്ടുള്ളതാണ് യസീദി സമൂഹത്തിന്റെ ദുര്‍വ്വിധിയുടെ സമകാലിക പാഠങ്ങള്‍. പ്രസ്തുത ദുരന്തത്തിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണം, ഇസ്ലാമിക സമൂഹത്തിന്റെ വികാസ കാലത്തില്‍ തന്നെ ചെന്ന് മുട്ടുന്നുവെന്നു പഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കുര്‍ദിസ്താന്‍ മേഖലയില്‍ അധിവസിച്ചുവന്ന, മുഖ്യമായും കുര്‍മാന്‍ജി ഭാഷ സംസാരിക്കുന്ന ഈ പുരാതന സമൂഹംഅവരുടെ വിശ്വാസാചാരആരാധനാ രീതികളില്‍ വിഗ്രഹാരാധനയെ വര്‍ജ്ജിച്ച ഇസ്ലാമിക സമൂഹത്തിന്റെ മുന്നില്‍ വെറുക്കപ്പെട്ടവര്‍ ആയിത്തീര്‍ന്നതിനു കാരണമുണ്ട്: സ്വയം ഏകദൈവാരാധനയില്‍ വിശ്വസിക്കുമ്പോഴും‘തവൂസി മെലെക് (Tawûsî Melek)’ എന്ന് വിളിക്കപ്പെട്ട മയില്‍ രൂപി ഉള്‍പ്പടെ ഏഴു ദൈവിക സങ്കല്‍പ്പങ്ങളെ ചുറ്റിപ്പറ്റിയാണ് യസീദി വിശ്വാസക്രമങ്ങള്‍ വികസിച്ചത്. സഫാവിദ്ഓട്ടോമന്‍ കാലഘട്ടങ്ങളില്‍‘ഗ്രന്ഥം നല്‍കപ്പെട്ടവര്‍ (അഹ് ലു കിതാബ്) എന്ന പേരില്‍ ക്രിസ്തീയജൂത സമൂഹത്തിനു നല്‍കപ്പെട്ട പരിഗണനകള്‍ക്കും വെളിയില്‍ യസീദി സമൂഹം വേട്ടയാടപ്പെടാന്‍ ഇത് നിമിത്തമായി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ‘സോഫ്റ്റ്‌ ടാര്‍ഗറ്റ്’ ആയി അവര്‍ കണക്കാക്കപ്പെട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ ‘അബ്രഹാമിക്’ മതങ്ങളുടെയും (ജൂതക്രിസ്തീയഇസ്ലാമിക മതങ്ങള്‍), സൊരാഷ്ട്രിയന്‍ മതം പോലുള്ള പേര്‍ഷ്യന്‍ ദര്‍ശനങ്ങളുടെയും എന്ന പോലെ സൂഫി പാരമ്പര്യങ്ങളുടെ പോലും സങ്കരമാണ് യസീദി ക്രമങ്ങള്‍ എന്ന് വിവരിക്കപ്പെടുന്നു (1). 

................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-bird-tattoo-by-dunya-mikhail


The Moor's Account by Laila Lalami

ബഹിഷ്കൃതന്‍ ചരിത്രം പറയുമ്പോള്‍



 മുന്‍ കൃതികളായ Hope and Other Dangerous Pursuits , Secret Son എന്നീ നോവലുകളില്‍ മൊറോക്കന്‍ സമൂഹം അഭിമുഖീകരിച്ച പ്രവാസംദാര്‍ദ്ര്യംഅഴിമതി ഇസ്ലാമിക ഫണ്ടമെന്റലിസം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്ത മൊറോക്കന്‍ - അമേരിക്കന്‍ എഴുത്തുകാരി ലൈല ലലാമി ചരിത്ര നോവലിന്റെ തട്ടകത്തിലേക്ക് കടന്ന, 2014- ല്‍ മാന്‍ ബുക്കര്‍ പരിഗണനാ പട്ടികയിലും പുലിറ്റ്സര്‍ പുരസ്ക്കാരത്തിന്റെ അന്തിമ ലിസ്റ്റിലും ഇടം പിടിച്ച 'ദി മൂര്‍സ് അക്കൌണ്ട്എന്ന നോവലില്‍ അതാണ്‌ സംഭവിക്കുന്നത്‌.

1528- ല്‍ സംഘടിപ്പിക്കപ്പെട്ട 'നാര്‍വെയ്സ് പര്യവേക്ഷണംഎന്നറിയപ്പെട്ട പാന്‍ഫിലിയോ ദേനാര്‍വെയ്സിന്റെ കീഴില്‍ നടന്ന 'സ്പാനിഷ് കോണ്‍ക്വിസ്റ്റഡോര്‍സ് ' ഫ്ലോറിഡ പര്യവേക്ഷണത്തിന്റെ തകര്‍ച്ചയുടെയും അതിനു നല്‍കപ്പെട്ട മാനവിക വിലയുടെയും കഥ വേറിട്ട ഒരു വീക്ഷണത്തില്‍ നോവലില്‍ അവതരിപ്പിക്കുന്നു. 1536-ല്‍ പര്യടനം ആദ്യ പാദം അവസാനിക്കുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന അറുനൂറു പേരില്‍ നിന്ന് ബാക്കിയായത് നാലുപേരായിരുന്നുഅല്‍വാര്‍ നൂനെസ് കബേസ ദേകസാസ് എഴുതിയ 'ലാ റിലെസ്യോന്‍എന്ന ഏക യാത്രാ വിവരണമാണ് ഔദ്യോകികമായി ഇക്കാര്യത്തില്‍ ലഭ്യമായിട്ടുള്ളത്തന്നെക്കൂടാതെ ദേകസാസ് വിവരിക്കുന്ന അലോന്‍സോ ഡെല്‍ കാസ്റ്റിലോ മാല്‍ഡോനാള്‍ഡോആന്ദ്രേസ് ഡോരാണ്ടസ് ദേകരാന്‍സാ എന്നിവര്‍ സംയുക്തമായി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പക്ഷെതങ്ങളോടൊപ്പമുണ്ടായിരുന്നപലപ്പോഴും അതിജീവനത്തിനു ചുക്കാന്‍ പിടിച്ച നാലാമനെ കുറിച്ച് ഒരൊറ്റ വാക്യത്തിലുള്ള വിവരണമേ ഉള്ളൂ :

"നാലാമന്‍ എസ്റ്റവാനിക്കോഅസമ്മൂറില്‍ നിന്നുള്ള ഒരു മൂറിഷ് അടിമ.” 

അതിജീവനം എന്നതിനപ്പുറം വലിയ വിജയമൊന്നും സാധ്യമേ അല്ലായിരുന്നഒരു മഹാത്ഭുതത്തില്‍കുറഞ്ഞ ഒന്നുമല്ലാത്ത എട്ടു വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആ അനിശ്ചിതത്വത്തിനൊടുവിലുംചരിത്രമെഴുതുന്നത് വിജയികള്‍ ആണെങ്കിലും അവിടെപ്പോലും ചിലര്‍ ചിലരെക്കാള്‍ തുല്യരാണ് എന്ന് സാരംരേഖകളില്‍ നിശ്ശബ്ദനാക്കപ്പെട്ട എസ്റ്റബാനിക്കോയുടെ വീക്ഷണത്തില്‍ അമ്പേ പരാജയപ്പെട്ട ആ കൊളോണിയലിസ്റ്റ് പരീക്ഷണത്തിന്റെ മറുവശം തേടുകയാണ് ‘മൂറിന്റെ ഭാഷ്യം’. 'പുതുലോക'ത്തിന്റെ 'കണ്ടുപിടുത്ത'വും അതില്‍ കറുത്ത അടിമകളുടെ പങ്കും ലൈല ലലാമി ശക്തമായി അടയാളപ്പെടുത്തുന്നുനോവലിന്റെ അന്ത്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീണ്ടും ഏറ്റുവാങ്ങി മെക്സിക്കോയിലെ ടെനോഷിത് ലാന്‍ തെരുവുകളിലൂടെ നടക്കുന്ന എസ്റ്റെബാന്‍ ഒരു സ്ത്രീ ധരിച്ചിരുന്ന ഏലസ്സ് കാണുമ്പോള്‍ ഉമ്മ ധരിച്ചിരുന്ന എലസ്സിന്റെ രൂപം അതില്‍ കാണുന്നുണ്ട്അത് ലോഹമായിരുന്നെങ്കില്‍ അപരിചിത ധരിച്ചത് തടിയില്‍ തീര്‍ത്തതായിരുന്നു എന്ന വ്യത്യാസം മാത്രംപുതു ലോക സൃഷ്ടിയില്‍ ആഫ്രിക്കന്‍അറബ്ഇസ്ലാമിക സ്വാധീനങ്ങളുടെ പങ്കിന്റെ പ്രതീകമാണ് അത്.

 

...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-moors-account-by-laila-lalami