Featured Post

Friday, August 2, 2024

Azoora by K R Viswanathan (Malayalam Novel)

 ബലിമൃഗത്തിന്റെ ജാതകം



(കെ. ആര്‍ വിശ്വനാഥന്‍ രചിച്ച അസൂറ എന്ന നോവലിനെ കുറിച്ച്. മലയാളത്തില്‍ ഇന്ന് സജീവമായ എഴുത്തുകാരില്‍ ഇതിഹാസ മാനമുള്ള ആഖ്യാനത്തിലുള്ള വൈഭവം ദേശത്തിന്റെ ജാതകം എന്ന പുരസ്കാര നേട്ടം സാധിച്ച ആദ്യ കൃതിയിലൂടെ തന്നെ തെളിയിച്ച നോവലിസ്റ്റ്വായനാ ക്ഷമതയില്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ കൂടിയാണ്. 'അസൂറ'യിലും അദ്ദേഹം വീര്‍പ്പില്ലാത്ത ഒരൊറ്റയിരിപ്പില്‍ പുസ്തകത്തിന്റെ വായന ഉറപ്പു വരുത്തുന്നത് ആ കഴിവ് കൊണ്ടുതന്നെയാണ്.) 

സൗന്ദര്യവും അസാമാന്യ അഴകളവുകളുമുള്ള അരക്ഷിത പെണ്‍ബാല്യ കൗമാരങ്ങള്‍ കാവല്‍ക്കാരില്ലാത്ത തോട്ടമാണ്. വലിപ്പച്ചെറുപ്പമന്യേ വേട്ടക്കാര്‍ക്ക് ഉന്നം പരിശീലിക്കാനുള്ള വേട്ടമൃഗം. വഴിപോക്കര്‍ക്കോ തോട്ടമുടമകള്‍ക്ക് തന്നെയോ ഇറുത്തെടുക്കാവുന്ന മഞ്ഞു പുതച്ച പൂമൊട്ടുകള്‍. അത്തരം ഒരു പെണ്‍ജന്മത്തെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന നോവലാണ്‌, മുഖ്യ കഥാപാത്രത്തിന്റെ തന്നെ പേരുനല്‍കപ്പെട്ട അസൂറ. ആരുമില്ലാത്തവള്‍. എവിടെയും നങ്കൂരമില്ലാത്തവള്‍. നിസ്സഹായയായ ഒരമ്മയുടെ സാന്നിധ്യമോ ആത്മാന്വേഷനത്തിന്റെ ദുരൂഹ വഴികളില്‍ സ്വയം നഷ്ടമാകുന്ന, ആപത് ഘട്ടങ്ങളിലൊന്നും സന്നിഹിതന്‍ പോലുമല്ലാത്ത പിതൃ സ്ഥാനീയനോ, ജീവിച്ചിരിക്കുമ്പോള്‍ സദാചാര നിയമങ്ങളുടെ നടത്തിപ്പുകാരായി ഭേദ്യം ചെയ്യാന്‍ മാത്രം മുന്നില്‍ നില്‍ക്കുകയും എല്ലാം ഒടുങ്ങിക്കഴിയുമ്പോള്‍ ഫെമിനിസ്റ്റ് സിനിമയെടുത്ത് പ്രതിബദ്ധത തെളിയിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ- പരിഷ്കര്‍ത്താക്കള്‍ ചമയുന്ന ടീച്ചറമ്മമാരോ അവളുടെ ജീവിതത്തില്‍ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. സ്വന്തം ജീവ രക്തത്തില്‍ മുക്കി അവളെഴുതുന്ന കഥ തട്ടിയെടുത്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് അവളുടെ സര്‍ഗ്ഗ സിദ്ധിയുടെ പോലും കൂമ്പടക്കുന്ന സനക ടീച്ചര്‍ തന്നെയാണ് അവളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട്ട് ഫിലിമിനു തിരക്കഥ രചിക്കുക. കൈക്കുഞ്ഞായിരിക്കെ, പിതൃത്വം ഉറപ്പിക്കാന്‍ കഴിയാത്ത പിതാവ് ഇരുചെവിയറിയാതെ നടപ്പിലാക്കാന്‍ മുതിരുന്ന ദയാവധം പോലും വഴിമാറിപ്പോവുന്നത്, നോവലില്‍ വേറൊരു ഘട്ടത്തില്‍ സൂചിതമാകുന്നത് പോലെ, ഭാഗ്യഹീനത തന്നെയാണ്. കുഞ്ഞുന്നാളില്‍ കാളവേലയുടെ വന്യവും അചാരബദ്ധവുമായ ആസുര താളത്തില്‍ ഏറെ മുതിര്‍ന്ന അയല്‍ക്കാരന്‍ തുടങ്ങിവെക്കുന്ന ചോരക്കളി, കാളയെന്ന ബിംബത്തോട്‌ തന്നെയുള്ള അപസ്മാരമുണര്‍ത്തുന്ന ഭയമായി അസൂറയുടെ മനസ്സില്‍ ഉറഞ്ഞു കൂടുന്നുണ്ട്. ഭീഷണവും പ്രാണന്‍ പിടയുന്നതുമായ കയ്യേറ്റങ്ങളുടെ മുഹൂര്‍ത്തങ്ങളെ, ആചാരബദ്ധവും താളാത്മകതവും സുദീര്‍ഘവും വിരാമചിഹ്നങ്ങളില്ലാത്തതുമായ ഒരു ചടങ്ങിന്റെ ആവിഷ്കാരമെന്നോണം ഒരൊറ്റ നെടുങ്കന്‍ വാക്യത്തിലും ശ്വാസം മുട്ടിക്കുന്ന വേഗതയിലുമുള്ള സര്‍ റിയലിസ്റ്റിക് കാളകളി വിവരണമായി ആവര്‍ത്തിക്കുന്നത് അസൂറയുടെ ജീവിതത്തിലെ നിയാമകതയുടെ ആവര്‍ത്തന പര്‍വ്വതത്തെ സാക്ഷ്യപ്പെടുത്തുന്നു. പ്രാകൃത ഗര്‍ഭഛിദ്രത്തിന്റെയും വിവാഹനാട്യത്തിലൂടെ വില്‍പ്പനച്ചരക്കാകുന്ന വാണിഭത്തിന്റെയും കുരുടന്‍ ആനയെക്കാണുന്ന നീതി നിര്‍വ്വഹണ വിശേഷങ്ങളുടെയും നഗര മൂലയിലെ തുറസ്സില്‍ പോലും വേട്ടയാടപ്പെടുന്ന നിസ്സഹായതയുടെയും പെണ്‍ജീവിതങ്ങളില്‍, വിശേഷിച്ചും ദരിദ്രരും ‘അധകൃത’രും കുടുംബ സംരക്ഷണം ഇല്ലാത്തവരുമെങ്കില്‍, വാസ്തവത്തില്‍ പുതുതായി ഒന്നുമില്ല. രേതസ്സിന്റെ തെരുവുകളില്‍ അടിഞ്ഞു പോകുകയോ, പുഴയാഴങ്ങളിലേക്ക് ഇറങ്ങി മറയുകയോഒരു കയര്‍ കുരുക്കിലോ, ഒരു കന്നാസ് മണ്ണെണ്ണയിലോ, റെയില്‍ പാളങ്ങളിലോ അതുമല്ലെങ്കില്‍ മലയോരങ്ങളിലെ അജ്ഞാത ജടങ്ങളുടെ ഫോസിലുകളിലോ വിശ്രാന്തി കണ്ടെത്തുകയോ ചെയ്യുന്ന പെണ്‍ജന്മങ്ങള്‍ വാര്‍ത്തയല്ലാത്ത ഇക്കാലത്ത് അസൂറയുടെ ജീവിതവും കാലവും മരണവും ഉയിര്‍പ്പും നോവലിന്റെ വിഷയമാകുമ്പോള്‍ അവതരണം തന്നെയാണ് മുഖ്യം; ഇതിവൃത്തമല്ല. സ്വയം വരിക്കുന്ന ചിതാ പ്രവേശത്തിന്റെ അപൂര്‍വ്വതയിലേക്ക് അസൂറയുടെ അന്ത്യത്തെ പരിവര്‍ത്തിപ്പിക്കുന്നത് വിശ്വാസ ജടിലമായ സമൂഹത്തില്‍ വിചിത്രമായ ഒരു ദേവീനിയോഗമായി നോവലിസ്റ്റ് സൂചിപ്പിച്ചു വെക്കുന്നുണ്ട്. മലയാളത്തില്‍ ഇന്ന് സജീവമായ എഴുത്തുകാരില്‍ ഇതിഹാസ മാനമുള്ള ആഖ്യാനത്തിനുള്ള വൈഭവം പുരസ്കാര നേട്ടം സാധിച്ച ആദ്യ കൃതിയിലൂടെ തന്നെ തെളിയിച്ച നോവലിസ്റ്റ്, വായനാ ക്ഷമതയില്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ കൂടിയാണ്. പുതിയ കൃതിയില്‍ അദ്ദേഹം വീര്‍പ്പില്ലാത്ത ഒരൊറ്റയിരിപ്പില്‍ പുസ്തകത്തിന്റെ വായന ഉറപ്പു വരുത്തുന്നത് ആ കഴിവ് കൊണ്ടുതന്നെയാണ്.

 



ജന്മമുഹൂര്‍ത്തം മുതല്‍ എപ്പോഴും എതിരുനിന്ന പഞ്ചഭൂതങ്ങള്‍ മുതല്‍ ഒരിക്കലും പിഴക്കാത്ത പട്ടേരി വല്യച്ചനെ പോലും ജാലം കാട്ടി വഴിതെറ്റിക്കുന്ന ഗൃഹനിലകള്‍ വരെ അസൂറയുടെ ജീവിതത്തിലും ദുരന്തത്തിലും ഗൂഡാലോചന നടത്തുന്നത് അവള്‍ക്കും മുണ്ടാല ദേശത്തിനു തന്നെയും ഒരു പുരാണം കല്‍പ്പിച്ചു നല്‍കുകയെന്ന രചനാ തന്ത്രത്തിന്റെ കൂടി ഭാഗമാണ്. സ്നേഹരഹിതവും പരുക്കന്‍ ലൈംഗികത്തെറികളുടെ പ്രയോഗം സാമാന്യവുമായ, സാക്ഷാല്‍ രാമ ലക്ഷ്മണന്മാര്‍ പോലും ‘അടങ്ങു പൊലയാടിച്യെ, അടങ്ങു കൂത്തച്യെ’ എന്നൊക്കെ നിര്‍ബ്ബാധം പ്രയോഗിക്കുന്ന പുരാണ സ്മൃതികളുള്ള പശിമയറ്റ ലോകമാണ് മുണ്ടാലയുടെത്. സീതാശാപത്തില്‍ ഭഗവതി വാഴാത്ത, ഇല്ലാഭഗവതിയെ ധ്യാനിക്കുന്ന ലോകം. അസൂറയുടെ ജീവിതം തന്നെയും അത്തരം ഒറ്റുകളുടെയും കയ്യൊഴിയലിന്റെയും നൈരന്തര്യമാണ്. ഒരിടത്തും, പ്രണയത്തിന്റെ എകാന്തവഴിയില്‍ കൈപിടിച്ച കളിക്കൂട്ടുകാരനില്‍ നിന്നുപോലും, അയാളത് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഒരു തണലും അവള്‍ക്ക് ലഭിക്കുന്നില്ല. ഭദ്രമായ കുടുംബ പശ്ചാത്തലമുള്ള പതിനഞ്ചുകാരന് പ്രണയ ലേഖനമെഴുതാനേ കഴിയൂ, ദുരന്തങ്ങളുടെ പാതാളത്തിലേക്ക് കൂപ്പുകുത്തുന്ന പിഴച്ചു പ്രസവിക്കപ്പെട്ട കൂട്ടുകാരിയെ കൈപിടിച്ചു രക്ഷിക്കാനാവില്ല. സുരക്ഷയുടെ ഒരു ചെറു ഇടവേള പോലെ തോന്നിക്കുന്ന പിതൃസ്ഥാനീയനായ പട്ടേരിയോടൊപ്പമുള്ള ഇത്തിരി നിമിഷങ്ങളില്‍ വീണ്ടും നവഗൃഹങ്ങള്‍ ഇടപെടുകയും ഒരിക്കലും സംഭവിക്കരുതാത്തതു സംഭവിക്കുകയും ചെയ്യുന്നതാണ് അവളുടെ, രക്ഷകന്റെയും, വിപര്യയം. ഒരര്‍ത്ഥത്തില്‍ നിര്‍ണ്ണായക വാദത്തോളമെത്തുന്ന (deterministic) രീതിയില്‍ ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്ക്‌ അസൂറയെ എടുത്തെറിയുന്നതില്‍ നോവലിസ്റ്റ് ഒരുതരം ഉന്മാദം അനുഭവിക്കുന്നുണ്ട് എന്ന് തന്നെ തോന്നാം. പട്ടേരിയുടെ ഗ്രന്ഥശേഖരത്തില്‍ നിന്ന് അസൂറ കണ്ടെടുക്കുന്ന സുവര്‍ണ്ണ ലതാ ഭട്ടതിരിപ്പാടിന്റെ അപൂര്‍ണ്ണമായ ആത്മകഥയിലെ  ബാക്കിയായ ഭാഗങ്ങള്‍ തന്നെയാണ് അവള്‍ ജീവിച്ചു തീര്‍ക്കുന്നത്. നിങ്ങള്‍ വായിക്കുന്നത് ഒരു നോവലാണ്‌ എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഇടയ്ക്കിടെ ഇടയില്‍ കയറുന്ന നോവലിസ്റ്റ്, വായനയെ, നോവലിനെ തന്നെയും, എത്രമാത്രം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്‌ എന്നത് വിമര്‍ശനപരമായി കാണേണ്ടതാണ്; അസൂറയുടെ കഥയുടെ ആസുരവേഗത്തെ അതത്ര ബാധിക്കുന്നില്ലെങ്കിലും. മുണ്ടാല പോലെ പോയ കാലത്തിലെങ്ങോ ഉറഞ്ഞു പോയതെന്നു തോന്നിക്കുന്ന ഒരു ദേശത്തിന് സമകാലിക മുദ്രകള്‍ ചാര്‍ത്തിക്കൊടുക്കാനും, തീക്ഷ്ണനൊമ്പരത്തിന്റെ കഥാന്തരീക്ഷത്തില്‍ ഒട്ടൊരു അയവ് വരുത്താനും ഇടയ്ക്കിടെ നടത്തുന്ന ചില സ്ഥല കാല നട്ടു പിടിപ്പിക്കലുകള്‍ ഒട്ടൊരു അസംബന്ധമായി ചിലപ്പോഴെങ്കിലും അനുഭവപ്പെടുന്നുണ്ട് എന്നത്, കൃതഹസ്തനായ ഈ എഴുത്തുകാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. നവഗ്രഹങ്ങളും ചതിച്ച അസൂറയുടെ ശാപഗ്രസ്തമായ പിറവിയെ പി. ടി. ഉഷയുടെയും ഷൈനി വില്‍സന്റെയും പിറവിയിലെ അനിശ്ചിതത്വങ്ങളുമായൊക്കെ ചേര്‍ത്തു കെട്ടുന്നതില്‍ നിന്നുരുവാകുന്ന കനം കുറഞ്ഞ ഹാസ്യം ഇവിടെ സംഗതമാണോ എന്ന് ശങ്കിക്കാം. ഒരു മെറ്റാഫിക് ഷന്‍ ഘടനയിലേക്ക് പാകപ്പെടുന്ന പ്രമേയമാണോ അസൂറയുടേത് എന്നത് സംശയകരമാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ നോവലിസ്റ്റ് ആ പരിമിതി സ്വയം തിരിച്ചറിഞ്ഞു ഉപേക്ഷിക്കുന്നുണ്ട് എന്ന് വേണം കരുതാനും. 

അസൂറയുടെ കൂടെപ്പിറപ്പുകള്‍ ലോകസാഹിത്യത്തില്‍ 

അസൂറ ലോകത്തെങ്ങും സാഹിത്യത്തില്‍, വിശേഷിച്ചും ജീവിതസാഹചര്യങ്ങള്‍ കടുത്തതും സ്ത്രീസ്വാതന്ത്ര്യം /ബാലാവകാശങ്ങള്‍ തുടങ്ങിയവ ദയനീയാവസ്ഥയില്‍ ഉള്ളതുമായ  ഏഷ്യന്‍ - ആഫ്രിക്കന്‍, സമൂഹ/മൂന്നാംലോക / നോവലുകളില്‍, നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രം തന്നെയാണ്. ടോണി മോറിസന്റെ പിക്കോലോ (The Bluest Eye), മാര്‍ക്കേസിന്റെ എരെന്‍ഡിര (Innocent Erindira), നവാല്‍ അല്‍ സഅദാവിയുടെ ഫിര്‍ദൗസ് (Woman at Point Zero), കാമറൂണ്‍ നോവലിസ്റ്റ് കലിഹ്തെ ബിയാലയുടെ ടാങ്ക (Your Name Shall Be Tanga), മോറീഷ്യന്‍ നോവലിസ്റ്റ് ആനന്ദാ ദേവിയുടെ ഈവ് (Eve Out fo Her Ruins), നൈജീരിയന്‍ നോവലിസ്റ്റ്  ക്രിസ് അബാനിയുടെ അബിഗേല്‍ (Becoming Abigail ) തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ പെട്ടെന്ന് സ്വയം മുന്നോട്ടായുന്നുണ്ട്. ഈ കൗമാരക്കാരികളെല്ലാം പല അര്‍ത്ഥത്തിലും അസൂറയുടെ കൂടെപ്പിറപ്പുകളാണ്,  ഫിര്‍ദൗസ് ഒഴികെ എല്ലാവരും അസൂറയെക്കാള്‍ ഇത്തിരി കൂടി ഇളയതാണ് എന്നേയുള്ളൂ. പക്ഷെ അസൂറ അതിലും നേരത്തെ നേരിട്ടുതുടങ്ങിയതു തന്നെയാണ് ആ അനുഭവങ്ങള്‍. അവര്‍ നേരിടുന്ന അവമതികള്‍ ഒട്ടുമിക്കപ്പോഴും ഗാര്‍ഹിക അരക്ഷിതാവസ്ഥ, അനാഥത്വം അല്ലെങ്കില്‍ സംരക്ഷിക്കേണ്ടവരില്‍ നിന്നുതന്നെ ഏറ്റുവാങ്ങേണ്ടി വരുന്ന പീഡനം എന്നിവയില്‍ തുടങ്ങുന്നു. പിക്കോലോയുടെ ദുരന്തം തുടങ്ങിവെക്കുന്നത്  സ്വന്തം പിതാവു തന്നെ. അച്ഛന്‍ ചോളി ബ്രീഡ് ലൌ രണ്ടുതവണ ബലാല്‍ക്കാരം ചെയ്യുകയും അതില്‍നിന്നു ഗര്‍ഭിണിയാകുകയും ഒടുവില്‍ ഉന്മാദത്തിന്റെ നഷ്ടവഴികളില്‍ തെരുവിലെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഏതോ മാന്ത്രികതയാലെന്നോണം എന്നും ജീവിതാഭിലാഷമായിരുന്ന നീലക്കണ്ണുകളുടെ വരം തനിക്കു ലഭിച്ചതായി വിശ്വസിക്കുകയും ചെയ്യുന്ന പിക്കോലോ ഉള്ളുലക്കുന്ന അനുഭവമാണ്‌.  പിതാവിന്റെ മരണത്തിനു ശേഷം കൊടിയ ദാരിദ്ര്യത്തില്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ബാലവേശ്യയായിത്തീരുന്ന ടാങ്ക, അക്കാര്യത്തില്‍ മാര്‍ക്കേസിന്റെ എരെന്‍ഡിരയുടെയും, പിതാവില്‍നിന്നുതന്നെ ഗര്‍ഭിണിയാകുന്നതില്‍ പിക്കോലോയുടെയും  കൂടെപ്പിറപ്പാണ്. ജയില്‍ മുറിയിലിരുന്നു മറ്റൊരാളോട്/ ആഖ്യാതാവിനോട് സ്വന്തം കഥ പറയുകയും അതുവഴി ഒരര്‍ത്ഥത്തില്‍ കര്‍തൃത്വം സ്ഥാപിക്കുകയും ചെയ്യുന്ന കുറ്റവാളിയും മരണം കാത്തുകഴിയുന്നവളും എന്ന അവസ്ഥയില്‍ ടാങ്ക, ഇജിപ്ഷ്യന്‍ നോവലിസ്റ്റ് നവാല്‍ അല്‍ സഅദാവിയുടെ വിഖ്യാത കൃതിയിലെ (Woman at Point Zero) ഫിര്‍ദൗസിനെയും ഓര്‍മ്മിപ്പിക്കുന്നു. പകല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയും രാത്രി ലൈംഗിക തൊഴിലാളിയുമായി മാറേണ്ടി വരുന്ന ഈവിന്റെ കാര്യവും വ്യത്യസ്തമല്ല. ചെറുപ്പം തൊട്ടേ പ്രദേശത്തെ ആണ്‍കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും എല്ലാ തരം കടന്നു കയറ്റങ്ങളും നേരിടേണ്ടി വന്നിട്ടുള്ള അവള്‍ക്ക് പോര്‍ട്ട്‌ ലൂയിസിലെ തന്നെപ്പോലുള്ള പെണ്‍കുട്ടികളെ കാത്തിരിക്കുന്ന വിധിയെ കുറിച്ച് വ്യാമോഹങ്ങള്‍ ഒന്നിമില്ല എന്നിടത്താണ് അവള്‍ പേരു സൂചിപ്പിക്കുന്ന ആദിമ സ്ത്രീപ്രതീകം തന്നെയാകുന്നത് . ഇരയാകുന്ന /ആക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ‘തന്റെ ഉടലില്‍ നിന്ന് പുറത്തേക്ക് ചുവടുവെച്ച്’ സ്വയം മരവിപ്പിക്കുന്ന ഈവ് നിരാര്‍ഭാടമായ ചേരി ജീവിതത്തിന്റെ പെണ്‍സഹനത്തെയും പ്രതീക്ഷയറ്റ വികാരശൂന്യതയെയും പ്രതിഫലിപ്പിക്കുന്നു. ഇത്തരം പെണ്‍കുട്ടികളുടെ അതിജീവന സൂത്രമായി ഈവ് വളര്‍ത്തിയെടുക്കുന്ന “കടലാമ” തന്ത്രത്തെ വിവരിക്കുന്നുണ്ട് ആനന്ദാ ദേവിയുടെ നോവലിന്റെ അവതാരികയില്‍ നോബല്‍ പുരസ്കാര ജേതാവായ മോറീഷ്യന്‍ നോവലിസ്റ്റ് ജെ.എം.ജി.ലെ ക്ലെസിയോ. മറ്റാരെയും ആശ്രയിക്കാനില്ലാതെ പിതാവിന്റെ കൊടിയ പീഡനങ്ങളില്‍ സ്വയം തല പിന്‍വലിച്ചു ചുരുണ്ട് കൂടുന്ന ഈവിന്റെ പ്രകൃതത്തെ സൂചിപ്പിക്കാന്‍ നോവലില്‍ ഉപയോഗിക്കപ്പെടുന്ന രൂപകമാണ് അത്. ഒരുവളേ, പരപീഡനത്തെ ആത്മപീഡനം തന്നെയാക്കി പരിവര്‍ത്തിപ്പിക്കുന്ന, സ്വയം മുറിവേല്‍പ്പിച്ചും പൊള്ളലേല്‍പ്പിച്ചും വിചിത്ര അതിജീവനം പയറ്റുന്ന ക്രിസ് അബാനിയുടെ അബിഗേലിന്റെതും അത്ര വേറിട്ടൊരു കഥയല്ല. ഒരായുസ്സില്‍ അനുഭവിച്ചു തീര്‍ക്കാനാവുന്നതിലേറെ പീഡന പര്‍വ്വങ്ങള്‍ അനുഭവിച്ചു തീര്‍ത്ത്‌ ഒരു രാവിന്റെ വിജന നിശബ്ദതതയില്‍ അപ്പോള്‍ വലിച്ചു തീര്‍ത്തു വിരലുകള്‍ കൊണ്ട് ഏറ്റിത്തെറിപ്പിച്ച സിഗരറ്റ്‌ കുറ്റിയുടെ ആയത്തെ ഉടലോടെ പിന്‍തുടര്‍ന്ന് തെംസ് നദിയുടെ ആഴങ്ങളില്‍ മറയുമ്പോള്‍ വയസ്സു പതിനാലാണ് അവള്‍ക്ക്. ഈവ് ആകട്ടെ, നിരന്തര പീഡനം കൊണ്ട് മരവിച്ചുപോയ സ്വന്തം ഉടലിനെ തന്റെ കാലുകള്‍ക്കിടയിലെ വിടവിലേക്കു ചുരുക്കുന്നു. എതിര്‍പ്പുകള്‍ നിഷ്ഫലമാണ് എന്ന അറിവില്‍ അവള്‍ സ്വയം തുറന്നിടുന്നു. അപ്പോഴും അവള്‍ സ്കൂള്‍ ക്ലാസുകളില്‍ എത്തിയിട്ടേ ഉള്ളൂ.

മറ്റൊരു പരിഗണനയില്‍, ഉടലഴകിന്റെ ദുരന്തം വേട്ടയാടിയ ദുര്‍വ്വിധി എന്ന പ്രമേയം എപ്പോഴും എമിലി സോലയുടെ നാനയെ (Nana) ഓര്‍മ്മിപ്പിക്കും. എന്നാല്‍, ഉടല്‍ സമൃദ്ധിയുടെ കനലില്‍ സ്വയമെരിയുകയും അടുത്തു വന്നവരേയും ആവാഹിച്ചു വരുത്തിയവരെയും എരിയിക്കുകയും ചെയ്യുന്ന നാനയെക്കാളേറെ ബലിമൃഗത്തിന്റെ ജാതകം എന്ന സമവാക്യം തന്നെയാണ് മുകളില്‍ സൂചിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ അസൂറക്കും ചേരുക. അവരാരും ആരെയും പൊള്ളിക്കുന്നില്ലഎല്ലാ പൊള്ളലുകളും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏറ്റുവാങ്ങുന്നതേയുള്ളൂ. അണക്കെട്ടു നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ആദിമ ജനതയുടെ ദൈന്യം ഇതിഹാസമാനമുള്ള മാനവിക ദുരന്തമായി അവതരിപ്പിച്ച തന്റെ ആദ്യ നോവലിന് നോവലിസ്റ്റ് നല്‍കിയ പേര് ‘ദേശത്തിന്റെ ജാതകം’ എന്നായിരുന്നു എന്നത് ശ്രദ്ധേയമാണ്. അസൂറയില്‍ ദേശമല്ലഒരൊറ്റ കഥാപാത്രം തന്നെയാണല്ലോ നിറഞ്ഞു നില്‍ക്കുന്നത്. ഒട്ടേറെ കഥാപാത്രങ്ങളുള്ള ‘ദേശത്തിന്റെ ജാതക’ത്തില്‍ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രസരിപ്പിക്കുന്ന സ്നേഹത്തിന്റെയും പൊറുത്തുകൊടുക്കലിന്റെ പാരസ്പര്യത്തിന്റെയും വെളിച്ചം അസൂറയില്‍ കാണാനാവാത്തത് മൂവന്തിയില്ലാത്ത ‘കര്‍ക്കടകത്തിന്റെ കറുപ്പി’ലേക്ക്‌ ജനിച്ചു വീണ കുരുതിപ്പൂവിനോട് പുഞ്ചിരിക്കാന്‍ ആവശ്യപ്പെടരുത് എന്ന എഴുത്തുകാരന്റെ തീര്‍പ്പു തന്നെയാവണം. പിന്‍ചട്ട സൂചിപ്പിക്കുന്ന തരത്തില്‍ ദേവീ സങ്കല്‍പ്പമായി ഉയരുകയെന്ന ഇതിവൃത്ത ഘടകം നല്‍കുന്ന സൂചനയില്‍ മലയാളി വായനക്കാരന് ഒരു അപ്രതീക്ഷിതത്വമുണ്ട് എന്ന് കൂടി പറഞ്ഞു വെക്കട്ടെ: കെ. പി. രാമനുണ്ണിയുടെ സൂഫിയുടെ കഥയുമായി വിശേഷിച്ചൊരു താരതമ്യത്തിനും നോവല്‍ ഇടം നല്‍കുന്നില്ല എന്നതാണ് അത്.   



കൂടുതല്‍ വായനക്ക്: 

'ദേശത്തിന്റെ ജാതകം' :

https://alittlesomethings.blogspot.com/2017/02/blog-post.html

നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍

മാജി- ഹാരിസ് നെന്മേനി

https://alittlesomethings.blogspot.com/2024/07/maji-by-haris-nenmeni-malayalam-novel.html

https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html

Becoming Abigail by Chris Abani

https://alittlesomethings.blogspot.com/2017/04/blog-post.html

God Help the Child by Toni Morrison

https://alittlesomethings.blogspot.com/2015/09/blog-post.html

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

  The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html

     

The Golden Chariot by Salwa Bakr

https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html   

Daughters of Smoke and Fire by Ava Homa

        എരിയുമ്പോഴും ചാരമാകാത്ത പെണ്മ 


(ഒരു കുര്‍ദ് വനിതയുടെതായി ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ്‌ അവാ ഹോമ രചിച്ച Daughters of Smoke and Fire. മുതിര്‍ന്നുവരവിന്റെ കഥയും കുടുംബ കഥയും എന്നതിനോടൊപ്പം തീക്ഷ്ണമായ വംശീയനുഭാവങ്ങളിലൂടെ കടന്നു പോകുന്ന കുര്‍ദ് ജനതയുടെ ദുരന്തങ്ങള്‍ കൂടിയാണ് നോവല്‍ വിഷയമാക്കുന്നത്.)

തുര്‍ക്കിഇറാന്‍ഇറാഖ്സിറിയഅര്‍മീനിയ എന്നീ ദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗിരിപ്രദേശമാണ് കുര്‍ദിസ്താന്‍. പതിനേഴാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിനും സഫാവിദ് സാമ്രാജ്യത്തിനുമിടയില്‍ വിഭജിക്കപ്പെട്ടു കിടന്ന പ്രദേശംഒന്നാം ലോകയുദ്ധത്തിനു ശേഷം1923ലെ ലോസാനെ (Treaty of Lausanne) സന്ധിയെ തുടര്‍ന്ന് ഇന്നത്തെ നിലയില്‍ തുര്‍ക്കിഇറാന്‍ഇറാഖ്സിറിയ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളായി വിഭജിതമായി. ഭൂമിശാസ്ത്രപരമായ വിസ്തൃതിയും നാല്‍പ്പതു മില്ല്യനോളം ജനസംഖ്യയും ഉണ്ടായിരുന്നിട്ടും ഒരു ഘട്ടത്തിലും പ്രദേശത്തിനു ദേശരാഷ്ട്രപദവി (statehood) ലഭിക്കുകയുണ്ടായില്ല. സ്വാതന്ത്ര്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ടു. ഇന്ന് ഇറാഖിലും സിറിയയിലും കുര്‍ദുകള്‍ക്ക് സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളുണ്ട്അര്‍മീനിയയില്‍ അവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു പ്രതിനിധിയും. സ്വാതന്ത്ര്യത്തിനായുള്ള സായുധ പോരാട്ടം തുടരുന്ന തുര്‍ക്കിയിലും ഇറാനിലും കുര്‍ദ് ചെറുത്തുനില്‍പ്പു വിഭാഗങ്ങളെ ഭീകര സംഘടനകള്‍ ആയി മുദ്ര കുത്തപ്പെട്ടിരിക്കുന്നു. ജയില്‍ വാസംപീഡനംവധശിക്ഷ എന്നിവയാണ് അവര്‍ക്കു നല്‍കപ്പെടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ യുദ്ധഭൂമിയില്‍ കുര്‍ദ് സ്ത്രീകളുടെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു. ഗോത്ര മുഖ്യനായിരുന്ന തന്റെ ഭര്‍ത്താവിന്റെ അറസ്റ്റിനെ തുടര്‍ന്നു ഓട്ടോമന്‍ സാമ്രാജ്യത്തോടുള്ള തന്റെ കൂറ് തെളിയിക്കുന്നതിനായി മുന്നൂറോളം കുര്‍ദ് കുതിരപ്പടയാളികളെ നയിച്ച്‌ ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത കാര ഫാത്തിമ ഖാനുമിന്റെ കഥ അതിനുദാഹരണമാണ്. ഇന്ന് കുര്‍ദിസ്താനിലെ പോരാളികളില്‍ മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനം വരെ സ്ത്രീകളാണ് എന്ന് കണക്കാക്കപ്പെടുന്നു. സിറിയയില്‍ Women's Protection Unit, the YPJ എന്ന പേരിലുംഇറാഖില്‍ Free Women's Unit, or YJA Star എന്ന പേരിലും നിരോധിക്കപ്പെട്ട കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വനിതാ വിഭാഗങ്ങള്‍ സജീവമാണ്. മോസൂളിലെയും കിര്‍കുക്കിലെയും മുന്നണികളില്‍ വനിതാ പോരാളികളുടെ (Female Peshmerga ie, "those who face death") സാന്നിധ്യം നിര്‍ണ്ണായകമാണ്. ഇറാഖിലെ കുര്‍ദിസ്താന്‍ സൈന്യത്തിലെ ഔദ്യോഗിക വിഭാഗമാണ് അത്. 2014 ആഗസ്റ്റില്‍ വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ഐ.എസ്. ഭീകരര്‍ യസീദി സമൂഹത്തെ വേട്ടയാടുകയും പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക അടിമകള്‍ ആയി പിടികൂടുകയും ചെയ്തു. സംഭവത്തെ യു.എന്‍. വംശഹത്യയായി അടയാളപ്പെടുത്തി. യസീദി ഗായിക ഖതൂന്‍ ഖിദര്‍ കൂട്ടക്കൊലയില്‍ നിന്നു രക്ഷ തേടി ഓടിപ്പോകുകയും ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ മലനിരകളില്‍ ഒളിച്ചു കഴിയുകയും ചെയ്ത ശേഷം താന്‍ പോരാടെണ്ടതുണ്ട് എന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നു. താന്‍ പ്രസിദ്ധയായിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ചു പോരാളിയാവുകയായിരുന്നു എന്ന് PRI റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ്‌ ഹില്ലിനോട് അവര്‍ പറയുകയുണ്ടായി. അവരാണ് ‘Sun Ladies’ എന്ന പേരില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പെഷ്മെര്‍ഗാ ബ്രിഗേഡ് സ്ഥാപിച്ചത്. 2017 ലെ കണക്കു പ്രകാരം പ്രസ്തുത സൈന്യത്തില്‍ 1,700 അംഗങ്ങള്‍ ഉണ്ട്.

സദ്ദാമിന്റെ പതനംസിന്‍ജാരിലെ യസീദി സ്ത്രീകളുടെ മോചനംസിറിയയിലും ഇറാഖിലും ഐ. എസ്സിന്റെ പരാജയം എന്നിവക്ക് കുര്‍ദിഷ് വനിതാ പോരാളികള്‍ നിമിത്തമായിട്ടുണ്ട്. പുരുഷ പോരാളികളോടൊപ്പം അതേ കഠിനസൈനികമുറകള്‍ പരിശീലിച്ചും പോരാടിയും തങ്ങളുടെ കഴിവും ധൈര്യവും സ്ഥിരതയും തെളിയിച്ചിട്ടുണ്ട് അവര്‍. എന്നാല്‍ അതേസമയം അവര്‍ ഒരു സാമൂഹിക രാഷ്ട്രീയ യുദ്ധം കൂടിയാണ് നയിക്കുന്നത്. തങ്ങള്‍ക്ക് അടിച്ചമര്‍ത്തുന്ന സര്‍ക്കാരുകളില്‍ നിന്നു സ്വാതന്ത്ര്യം നേടണം എന്നതിനോടൊപ്പം കുടുംബ രംഗത്തും സ്ത്രീക്ക് സ്വാതന്ത്ര്യവും തുല്യതയും നേടേണ്ടതുണ്ട് എന്നും അവര്‍ കരുതുന്നു.

നോവലിലേക്ക്.. 

ഒരു കുര്‍ദിഷ് വനിതയുടെതായി ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യനോവലാണ് അവാ ഹോമയുടെ Daughters of Smoke and Fire. പുസ്തകം ആരംഭിക്കുന്നത്കുര്‍ദിഷ് കവി ഷെര്‍കോ ബേകാസിന്റെ (Sherko Bekas) കവിതയില്‍ നിന്നുള്ള വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ്:

“നിന്റെ അരങ്ങൊരു തീക്കൊള്ളിയും കാണികള്‍ ഒരു തോക്കുമാവുമ്പോള്‍ നിനക്ക് മറ്റെന്തു ചെയ്യാനാകും?

നിനക്ക് തീനാളത്തിന്റെ മുന കൊണ്ടു കവിതയെഴുതേണ്ടിയിരുന്നു

നിന്റെ ഭയത്തിനും മൗനത്തിനും തീകൊടുക്കേണ്ടിയുമിരുന്നു.”

തന്റെ സഹോദരനെ രക്ഷിക്കാന്‍ വേണ്ടിയും ഒപ്പം തന്റെ ജനതയുടെ സംസ്കാരത്തിനും പോരാട്ടത്തിനും ശബ്ദം നല്‍കുന്നതിനു വേണ്ടിയും വിട്ടുവീഴ്ചയില്ലാതെ നിരന്തര ശ്രമം നടത്തുന്ന കുര്‍ദ് യുവതിയുടെ കഥ പറയുന്നഒരേസമയം സുന്ദരവും എന്നാല്‍ ഭീകരവും തകര്‍ത്തുകളയുന്നതും മസൃണമാംവിധം പ്രതീക്ഷാനിര്‍ഭരവുമായ ഒരു നോവല്‍ രചിക്കുന്നതിലൂടെ കൃത്യമായും കവി പറഞ്ഞത് തന്നെയാണ്,  അവാ ഹോമ നിര്‍വ്വഹിക്കുന്നത് എന്ന് നവോമി ബെനരോണ്‍ നിരീക്ഷിക്കുന്നു *(1). (Naomi Benaron. The BookBrowse Review in June 2020).

ഇറാനിയന്‍ പ്രദേശത്തുള്ള കുര്‍ദ് കുടുംബത്തില്‍ ജനിച്ച ലൈലാ സമാന്‍ എന്ന പെണ്‍കുട്ടിയുടെ മുതിരുന്നു വരവിന്റെ കഥയാണ് നോവല്‍ ആരംഭിക്കുന്നത്. ഇറാനിയന്‍ സൈന്യത്തിന്റെ കടന്നുകയറ്റത്തില്‍ തന്റെ കുടുംബത്തിന്റെ കൂട്ടക്കൊലക്ക് അവളുടെ പിതാവ് സാക്ഷിയാകുന്ന 1963 മുതല്‍2009ല്‍ Green Movement  എന്നറിയപ്പെട്ട ഇറാനിയന്‍ മുന്നേറ്റത്തെ (Persian Awakening or Persian Spring) ഭരണകൂടം അടിച്ചമര്‍ത്തുന്ന ഘട്ടത്തില്‍ അപ്രത്യക്ഷനാകുന്ന സഹോദരനെ കണ്ടെത്താനുള്ള ലൈലയുടെ ശ്രമങ്ങളും പരിണതികളും  വരെയുള്ള അഞ്ചു പതിറ്റാണ്ടോളം കാലമാണ് നോവലിന്റെ കാലഗണന. “യൂണിവേഴ്സിറ്റി പഠനംജോലി സമ്പാദിക്കല്‍എന്റെ സ്വന്തം ക്യാമറ വാങ്ങുകസിനിമകള്‍ നിര്‍മ്മിക്കുക” എന്നതൊക്കെയാണ് ലൈലയുടെ സ്വപ്‌നങ്ങള്‍. എന്നാല്‍ അവള്‍ കുര്‍ദ് ആണ്സ്ത്രീയാണ്ദരിദ്രയാണ്‘വിപ്ലവവിരുദ്ധന്‍’ എന്ന് മുദ്ര കുത്തപ്പെട്ട് നിരോധിത കുര്‍ദ് എഴുത്തുകാരുടെ രണ്ടു കൃതികളുമായി അറസ്റ്റ് ചെയ്യപ്പെട്ടു ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ തടവറയില്‍ നാലുവര്‍ഷം കഴിഞ്ഞ പിതാവിന്റെ മകളാണ്. കണ്ടെടുക്കപ്പെടുന്ന കൃതികളില്‍ ഒന്ന് ഡോ. അബ്ദുറഹ്മാന്‍ ഗസംലു എഴുതിയതും മറ്റൊന്ന് ദേശീയ അഖണ്ഡതക്കു മുകളില്‍ വര്‍ഗ്ഗസമരത്തെ പ്രതിഷ്ടിക്കുന്ന മാര്‍ക്സിസ്റ്റ്‌ ഗ്രന്ഥവും ആയിരുന്നുവെന്നു നോവലിസ്റ്റ് വ്യക്തമാക്കുന്നത്ബാബയുടെ നിലപാടുകളുടെ അനാവരണമാണ്. ഡോക്റ്ററേറ്റ് ഉണ്ടായിട്ടും ജോലി ലഭിക്കാതെ പോയതിനും അസംതൃപ്തനായി അദ്ദേഹം വീട്ടില്‍ ഒതുങ്ങിപ്പോയത്തിനും കാരണം മറ്റൊന്നല്ല. അതേസമയംപരമ്പരാഗത പുരുഷമൂല്യങ്ങളില്‍ നിന്ന് ബാബ തീര്‍ത്തും മുക്തനല്ല. ജോലിയില്ലെങ്കിലും സ്ത്രീകള്‍ ചെയ്യേണ്ടതെന്ന് കണക്കാക്കപ്പെടുന്ന പാചകം പോലുള്ളതൊന്നും തന്റെ അന്തസ്സിനു ചേരില്ലെന്ന ബാബയുടെ നിലപാട് ഉമ്മാക്ക് സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. മാനസികാരോഗ്യ രംഗത്തെ കൌണ്‍സലര്‍ എന്ന നിലക്കുള്ള തിരക്കുകള്‍ മാത്രമല്ല കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങള്‍ക്കും മൂടിക്കെട്ടിയ അവസ്ഥയ്ക്കും കാരണമെന്ന് തിരിച്ചറിയുന്ന സന്ദര്‍ഭം ലൈലക്ക് ശരിക്കുമൊരു ഞെട്ടല്‍ ആയിരിക്കും. ഉമ്മയെ ഉഭയലിംഗ വ്യക്തിയോടൊപ്പം വേഴ്ചയുടെ ഘട്ടത്തില്‍ കാണേണ്ടി വരുമ്പോള്‍ അവള്‍ക്കു തോന്നുന്നു: “ഞാന്‍ തന്നെയും ഒരു അസ്തിത്വ അബദ്ധമായിരുന്നു. ഞാനൊരു തെറ്റായിരുന്നു.”

കുടുംബ കഥക്കപ്പുറം

ലൈലയും അനിയന്‍ ചിയായും വംശീയ പീഡനത്തിനെതിരെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ് നോവലില്‍ അടയാളപ്പെടുത്തപ്പെടുന്നത്. എട്ടുവര്‍ഷം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അന്ത്യത്തില്‍സദ്ദാം ഹുസൈന്‍ ഹലബ്ജായെ രാസായുധം കൊണ്ടു മൂടിയ ദിനത്തിലാണ് ചിയാ ജനിക്കുന്നത് എന്നതില്‍വിധിതന്നെയും അവനെ അതിനായി തെരഞ്ഞെടുത്ത സൂചനയുണ്ട്. ലക്ഷണമൊത്ത ബുദ്ധിജീവിയായി വളരുന്ന ചിയാചെ ഗുവേരയെയും ഗാന്ധിയേയും മണ്ടേലയെയും ആരാധിച്ചു. യുദ്ധവും സമാധാനവും, 1984 തുടങ്ങിയ പുസ്തകങ്ങള്‍ സഹോദരിക്കു നിര്‍ദ്ദേശിച്ചു. എന്നാല്‍തങ്ങളുടെ തന്നെ ദുരന്തങ്ങളുടെ കണ്ണാടിയായ അനുഭവങ്ങളുടെ ആഖ്യാനങ്ങള്‍ വായിക്കാന്‍ അവള്‍ക്ക് താല്പര്യമില്ല. ലൈല രണ്ടു ലോകങ്ങള്‍ക്കിടയില്‍ ഞെരുങ്ങിപ്പോവുന്നു. ഇറാനില്‍ ജനിച്ചെങ്കിലും കുര്‍ദ് ആയതുകൊണ്ട് ഇറാനിയന്‍ എന്ന അംഗീകാരം അവള്‍ക്കു ലഭിക്കുകയില്ല. “ഇവിടെ കഴിഞ്ഞോളൂഎന്നാല്‍ ഒരിക്കലും നീ ഞങ്ങളില്‍ പെട്ടവളാകില്ല” എന്ന് ദേശം തന്നോടു പറയുമ്പോലെ അവള്‍ക്ക് അനുഭവപ്പെടുന്നു. സ്ത്രീക്കു മൂല്യവും സ്വാതന്ത്ര്യവും നിഷേധിക്കുന്ന ഒരു സംസ്കാരത്തിന്റെ ഭാഗമാണ് അവള്‍. അറബിക് മാത്രം അംഗീകൃത ഭാഷയായ സ്കൂളില്‍ സ്വന്തം ഭാഷ സംസാരിച്ചതിനു അടി കിട്ടുന്ന കുര്‍ദ് വംശജ. ജന്മന്ദേശം എന്ന അര്‍ത്ഥത്തില്‍ ‘നിഷ്ത് മാന്‍’ എന്ന് കുര്‍ദ്ദ് പേരില്‍ ലൈലയെ വിളിക്കണം എന്നുണ്ടായിരുന്നു ബാബക്ക്. എന്നാല്‍ ആ വാക്ക് നിരോധിത പദങ്ങളുടെ ലിസ്റ്റില്‍ പെട്ടതായിരുന്നു. അതുകൊണ്ട് ആ പേര് വളര്‍ത്തു പട്ടിക്കിട്ടു ഒരു തരം പ്രതികാരം നിര്‍വ്വഹിക്കുന്നുണ്ട് ലൈല. സ്വന്തം ഭൂതകാലംകൊണ്ടു മുറിവേറ്റ മാതാപിതാക്കള്‍ അവള്‍ക്കു സ്നേഹവും ആത്മവിശ്വാസവും നല്‍കുന്നതില്‍ പരാജയപ്പെടുന്നു. “ലൈലയുടെ പിതാവിന്റെ മുതുകിലുള്ള പീഡനത്തിന്റെ വടുക്കള്‍ അയാള്‍ മക്കള്‍ക്കു പകര്‍ന്നു നല്‍കുന്ന സാംസ്കാരിക DNAയുടെ പ്രതീകമാണ്” (Naomi Benaron). ആ ചാട്ടവാര്‍ തങ്ങളുടെയെല്ലാം മുതുകുകളില്‍ ഒരു വിവേചനവുമില്ലാത്ത അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ടെന്നു ലൈല കരുതുന്നു. നഗരങ്ങളിലെ മികച്ച വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളോട് മത്സരിക്കേണ്ടിവരുന്ന പിന്നോക്ക പ്രദേശത്തു നിന്നുള്ള പെണ്‍കുട്ടി എന്ന നിലയില്‍ മികച്ച കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷകളില്‍ അവള്‍ നിരന്തരം പിന്തള്ളപ്പെടുന്നു. ചിയാക്ക് ഒടുവില്‍ പ്രവേശനം കിട്ടുമ്പോള്‍ അത് അവന്‍ ആഗ്രഹിച്ച നിയമ പഠനത്തിലല്ലമറിച്ച് അവനൊട്ടും താല്‍പ്പര്യമില്ലാത്ത പൊളിറ്റിക്കല്‍ സയന്‍സിലാണ്. നിയമ പഠനം എന്നത് അവനെ സംബന്ധിച്ചുവംശഹത്യയുടെ പ്രനെതാക്കളെ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയില്‍ എത്തിക്കാനുള്ള ഉപാധിയാണ്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു തികഞ്ഞ ആക്റ്റിവിസ്റ്റ് പാതയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ അതും ഒരു കാരണമാണ് അവന്. 

ചിയക്ക് ടെഹ്‌റാന്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിക്കുമ്പോള്‍ ലൈല അയാള്‍ക്കൊപ്പം നഗരത്തിലേക്കു നീങ്ങുന്നു. പുസ്തകപ്പുഴുവായ അവള്‍ക്ക് ഒരു സ്വതന്ത്ര ബുക്ക്സ്റ്റോറില്‍ ജോലി കണ്ടെത്താനാവുന്നത് വരുമാന മാര്‍ഗ്ഗവും ഒപ്പം ആനന്ദവും നല്‍കുന്നു. ആ പണം ഉപയോഗിച്ച് വാങ്ങുന്ന ക്യാമറ കൊണ്ട് അവള്‍ ടെഹ്‌റാനിലെ ജീവിത കഥകള്‍ പകര്‍ത്തുന്നു. പിതാവിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്ന ചിയാമഹ്മൂദ് അഹ്മദി നജാദിന്റെ പുനര്‍ തെരഞ്ഞെടുപ്പു സംബന്ധിച്ച തര്‍ക്കങ്ങളുടെയും കലാപങ്ങളുടെയും ഘട്ടത്തില്‍ജനകീയ മുന്നേറ്റത്തില്‍ (Green Movement) പ്രകടനങ്ങളില്‍ ചേരുകയും ഒരു നാള്‍ അപ്രത്യക്ഷനാകുകയും ചെയ്യുന്നതാണ്‌ ലൈലയുടെ ജീവിതത്തില്‍ വഴിത്തിരിവാകുക. അയാളെ കണ്ടെത്താനും സുരക്ഷ ഉറപ്പുവരുത്താനുമുള്ള ശ്രമത്തിലാണ് അവള്‍ സ്വന്തം സ്വരവും കണ്ടെത്തുക. അവള്‍ സംസാരിക്കുക ചിയക്കു വേണ്ടി മാത്രമല്ലമുഴുവന്‍ കുര്‍ദ് ജനതക്കും വേണ്ടിയാണ്. സ്വാഭാവികമായും അവള്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായിത്തീരുകയും ചെയ്യുന്നു. ലൈലയുടെ കണ്ടെത്തലും തിരിച്ചറിവും മാനവികതയുടെ വിശാല പരിപ്രേക്ഷ്യങ്ങളിലേക്കു കൂടി വ്യാപിക്കുന്നത് ശ്രദ്ധേയമാണ്:

 “ഞാന്‍ തനിച്ചായിരുന്നില്ലഞാന്‍ അവരെയെല്ലാം കണ്ടു. റുവാണ്ടയിലെബോസ്നിയയിലെപ്ലാന്റെഷനുകളിലെവടക്കേ അമേരിക്കയിലെ ആദിവാസി റെസിഡെന്‍ഷ്യല്‍ സ്കൂളുകളിലെ മനുഷ്യര്‍ കുര്‍ദ്ദുകളോടു തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു.” 

പിതാവിന്റെ ദുര്‍വ്വിധി സഹോദരനെ പിടികൂടിയേക്കുമെന്ന ചിന്ത ഒരു പേടിസ്വപ്നമായി ലൈലയെ വേട്ടയാടുന്നു:

“കൂട്ടക്കുരുതികളുടെ ഉത്തരവാദികളെ നീതിക്കുമുന്നില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ച മനുഷ്യനായ ചിയയെകശക്കിയെറിയപ്പെട്ട വേറെയുമൊരു ഇരയായി ജീവിതത്തില്‍ സ്വപ്നാടനം നടത്തുന്നത് കാണേണ്ടി വരുന്നതിലും ഭയപ്പെടുത്തുന്നതായി എനിക്ക് ഒന്നുമുണ്ടായിരുന്നില്ല.”

ടെഹ്‌റാനിലെ തടവറയില്‍ അപ്രത്യക്ഷനാകുന്ന ചിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടി ലൈല ആരംഭിക്കുന്ന കാംപെയ്നിന്റെ ഭാഗമായാണ് അയാളുടെ കുറിപ്പുകള്‍ അവള്‍ ഓണ്‍ലൈനില്‍ എത്തിക്കുന്നത്. എന്നാല്‍നോവലന്ത്യത്തില്‍ കാരോ നിരീക്ഷിക്കുന്നതുപോലെഅതത്ര ഗുണമല്ല ചെയ്തത് എന്നുകാണാം. പ്രാദേശികമായി ചില ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ കുറിപ്പുകളുടെ പ്രകാശനംഅന്താരാഷ്‌ട്ര ശ്രദ്ധ നേടിയേക്കാം എന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഭീഷണിക്കാരനെ എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്ന നിലപാടാണ് ഭരണകൂടം കൈക്കൊണ്ടത്. ഒപ്പം ലൈല വെട്ടയാടപ്പെടുന്നതിലേക്കുംകാരോയുടെ സഹായത്തോടെ കാനഡയില്‍ പ്രവാസ ജീവിതം നയിക്കേണ്ടതിലേക്കും അത് എത്തിക്കുകയും ചെയ്യും. ചിയായുടെ ദുരന്തത്തിനു ഉത്തരവാദിയായി അവള്‍ കണ്ട കാരോ അക്കാര്യത്തിലും നിരപരാധി ആയിരുന്നു എന്നുംവിട്ടുവീഴ്ച്ചയില്ലാത്ത പോരാളിയായ ചിയാ തന്നെയാണ് അപകടം വരുത്തിവെച്ചത് എന്നും തിരിച്ചറിയുന്നതാണ്നോവലന്ത്യം സൂചന നല്‍കുന്ന പുതിയൊരു തുടക്കത്തിലേക്ക് ഇരുവരെയും എത്തിക്കുക. നോവലിലെ ശുഭസൂചനയും അതുമാത്രമാണ്.

സ്ത്രീപക്ഷ നോവല്‍

സ്ത്രീകളാണ് നോവലിന്റെ കേന്ദ്രം. നിയമത്തിനു മുന്നില്‍ സ്ത്രീക്ക് പുരുഷനുള്ളതിന്റെ പാതി അവകാശങ്ങളെ ഉള്ളൂ എന്നു ശഠിക്കുന്ന സാമൂഹിക വ്യവസ്ഥയില്‍ ഇരട്ട യുദ്ധമുഖത്തെയാണ് കുര്‍ദ്ദ് സ്ത്രീ നേരിടുന്നത്. ഒരു വശത്ത്‌ഇതര മിഡില്‍ ഈസ്റ്റ് സംസ്കാരങ്ങളില്‍ കാണാനാവാത്ത ലിബറല്‍ സ്വഭാവം നിലനിര്‍ത്തിയ കുര്‍ദ്ദ് സമൂഹത്തിനു ഭൂരിപക്ഷവും മുസ്ലിംകള്‍ ആണെങ്കിലുംഒരു മതേതര പാരമ്പര്യമുണ്ട്. പര്‍ദ്ദ സമ്പ്രദായം അതിന്റെ ഭാഗമല്ല. 1667ല്‍ മേഖല സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി പെട്രോ ഡെല്ലാ വാലെ തന്റെ ഡയറിയില്‍ രേഖപ്പെടുത്തുന്നത് “കുര്‍ദ് സ്ത്രീകള്‍ ഹിജാബില്ലാതെ സ്വതന്ത്രരായി സഞ്ചരിക്കുന്നത്” കണ്ടു എന്നാണ്(Naomi Benaron). സ്ത്രീയും പുരുഷനും തുല്യരാണ് എന്ന അടിസ്ഥാന തത്വത്തെ പ്രമാണമാക്കുന്ന PKKയുടെ സ്ഥാപക തത്വത്തിലും ഈ ലിബറല്‍ സമീപനം കാണാം. PKK നേതാവായ അബ്ദുല്ലാ ഒചലാന്‍ (Abdullah Ocalan) “സ്ത്രീകള്‍ സ്വതന്ത്രരല്ലാത്തപ്പോള്‍ നാടിനു സ്വതന്ത്രമാകാനാകില്ല” എന്നു വ്യക്തമാക്കുന്നു. അതേസമയംഭരിക്കുന്ന രാജ്യങ്ങളുടെ ദേശീയ സങ്കുചിതത്വംസ്വന്തം ദേശത്തിന്റെ പുരുഷ മേല്‍ക്കോയ്മ,  ഇസ്ലാമിക ഗ്രൂപ്പുകളുടെ സ്ത്രീവിദ്വേഷംതുടര്‍ച്ചയായ യുദ്ധങ്ങള്‍ എന്നിങ്ങനെ കുര്‍ദ് സ്ത്രീകള്‍ ഒട്ടേറെ തലത്തിലുള്ള വിവേചനം നേരിട്ടു. ഗ്രാമീണ മേഖലകളില്‍ ശൈശവ വിവാഹംസ്ത്രീകള്‍ക്കു നേരെയുള്ള ശാരീരിക കടന്നുകയറ്റങ്ങള്‍ദുരഭിമാനക്കൊല എന്നതൊന്നും അസാധാരണമല്ല. ചിലര്‍ ടീനേജില്‍ ചെറുത്തുനില്‍പ്പു സംഘങ്ങളില്‍ ചേര്‍ന്നത്‌ കര്‍ക്കശക്കാരായ മാതാപിതാക്കളില്‍ നിന്നും ഓടിപ്പോന്നിട്ടാണ്. പലരും സൈന്യത്തില്‍ ചേര്‍ന്നത്‌ സ്വാതന്ത്ര്യം തങ്ങളുടെ ജീവിതത്തിന്റെ രാഷ്ട്രീയവും സാമുദായികവും വ്യക്തിപരവുമായ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാന്‍ വേണ്ടിയാണ്. YPJ അംഗമാകുക എന്നത് സ്വത്വബോധമുള്ള കുര്‍ദ്ദ് സ്ത്രീക്ക് ഒരു മോചനമാര്‍ഗ്ഗമായിരുന്നു.

സ്ത്രീകളോടുള്ള വിവേചനത്തിന്റെ തീക്ഷ്ണമായ ആഖ്യാനങ്ങള്‍ നോവലില്‍ ഒട്ടേറെയുണ്ട്.

“സ്ത്രീത്വത്തെയും കലകളെയും ശിക്ഷിക്കുകയും മോഷ്ടാക്കളെയും കൊലപാതകികളെയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ദേശത്തിന്റെ ഭ്രാന്തിന്റെ ഇരകളാണ് നീയും ഞാനും”

എന്ന ശിലറുടെ നിരീക്ഷണം അവളുടെയും അമ്മ ജോവാനിന്റെയും അനുഭവങ്ങള്‍ത്തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീയുടെ ഇരട്ടി പൌരാവകാശമുള്ള ഒരു പുരുഷനെ കൊന്നതാണ് ജോവാനയെ തൂക്കുകയറിന്റെ വക്കിലെത്തിക്കുന്നത്ജീവന്‍ രക്ഷിക്കുന്നത് ഉദരത്തില്‍ ഒരു കുഞ്ഞുണ്ട്‌ എന്നതും. ബലാല്‍ക്കാര ശ്രമത്തിനിടെ സ്വയരക്ഷാര്‍ത്ഥം സംഭവിച്ച കാര്യത്തില്‍ഒരു വിശദീകരണത്തിനു ഒരിക്കലും അവര്‍ക്ക് അവസരം ലഭിക്കുന്നില്ല. എന്നാല്‍ ശിലര്‍ സ്വയം താനൊരു അപശകുനമാണ് എന്ന് വിശ്വസിക്കുന്നു. പിതാവ് തൂക്കിലേറ്റപ്പെട്ട ദിനത്തില്‍ പിറന്നവള്‍. അറസ്റ്റിലാവുമ്പോള്‍ കന്യകാത്വ പരിശോധനയില്‍ തോറ്റുപോകുന്നതിനു വിലയായി മൃഗീയ പീഡനം നേരിടുകയും ഒരു കിഡ്നി മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ എത്തുകയും ചെയ്യുന്നതാണ് അവളുടെ ദുര്‍വ്വിധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. അവള്‍ക്ക് കൊടിയ പീഡനം നേടിക്കൊടുത്ത ചര്‍മ്മ നഷ്ടത്തിലെ മറ്റെയാള്‍ ഷിയയായിരുന്നു എന്നു പിന്നീടാണ് ലൈല അറിയുക. ഷിയക്കും ദുരന്തം കൊണ്ടുവന്നത് ശപിക്കപ്പെട്ട താനാണെന്നു ശിലര്‍ സ്വയം കുറ്റപ്പെടുത്തുന്നു. കഠിന നൈരാശ്യത്തിന്റെ ഘട്ടത്തില്‍ അവള്‍ ലൈലയോട് പറയുന്ന വാക്കുകള്‍ ഹെമിംഗ് വേയുടെ ഹെന്‍ റിയുടെ (A Farewell to Arms ) മൂല്യനിരാസത്തെ ഓര്‍മ്മിപ്പിക്കുന്നു *(2):

 “എന്നെ അങ്ങനെ നോക്കല്ലേലൈല. എനിക്കീ ഭോഗിക്കപ്പെട്ട അവമതി ഇനിയും സഹിക്കാനാകില്ല. നീയൊരു ലെഫ്റ്റിസ്റ്റ് ആണെങ്കില്‍അവര്‍ നിന്നെ കൊല്ലുംനീയൊരു ആക്റ്റിവിസ്റ്റ് ആണെങ്കില്‍ അവര്‍ നിന്നെ കൊല്ലുംഇനി നീയൊന്നിലും വിശ്വസിക്കുന്നില്ലെങ്കിലും എപ്പോഴും ‘ഉവ്വ്സാര്‍’ പറയുകയും ചെയ്താലും അവര്‍ നിന്നെ കൊല്ലും. ഒരു പക്ഷെ ശാരീരികമായി അല്ലായിരിക്കാംപക്ഷെ അവര്‍ നിന്നെ ആത്മാവില്‍ കൊല്ലും. ഇതെല്ലാം എനിക്ക് മടുത്തു – ഇരുണ്ട യുഗങ്ങളില്‍ നിന്നുള്ള നിയമങ്ങള്‍ഈ അപകീര്‍ത്തിപ്പെടുത്തല്‍.. എല്ലാംലൈല. ഈ നാട്ടില്‍ നാം മനുഷ്യരില്‍ താഴെയാണ് (subhuman). നാം സ്ത്രീകളാണ്നാം കുര്‍ദ്ദുകളും ആണ്. എനിക്കിത്തിരി അന്തസ്സു വേണംപ്രതീക്ഷിയര്‍പ്പിക്കാന്‍ എന്തെങ്കിലും. എനിക്ക് ശരിക്കുമൊരു പ്രതികരണം ഉണ്ടാക്കണം. ശരിക്കുമുള്ള പോരാട്ടം. അല്ലെങ്കില്‍ രോഷം എന്റെ നേരെത്തന്നെ തിരിയുംഎന്നെ നശിപ്പിക്കും. എന്നെ നോക്കൂ. ഞാന്‍ അഴുകിക്കൊണ്ടിരിക്കയാണ്. നിന്നെക്കാളും വേഗത്തില്‍”

ശിലര്‍ അന്തരീക്ഷത്തില്‍ കൈകള്‍ വീശി സംസാരം തുടര്‍ന്നു.

 “ഞാനെന്തായാലും മരിക്കാന്‍ പോകുകയാണ്അപ്പോള്‍ എന്തുകൊണ്ട് അതിത്തിരി അന്തസ്സോടെയും അഭിമാനത്തോടെയും ആയിക്കൂടാഎന്തുകൊണ്ട് ചില അധിനിവേശക്കാരെ ആദ്യം കൊന്നുകൂടാ?”

പ്രതിശ്രുത വരന്റെ കാലുമാറ്റത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന ഫാത്തിമ എന്ന സമ്പന്നകുമാരിയുടെ അന്ത്യമാണ് മറ്റൊരു പെണ്‍ദുരന്തം. ഷിറിന്‍ എന്ന പെണ്‍കുട്ടി വയറ്റില്‍ ഒരു കുഞ്ഞുമായി സ്വയം തീയില്‍ചാടി മരിക്കുന്നതും സമാനമായ അനുഭവമാണ്‌. സ്ത്രീകളുടെ തീയില്‍ ചാടിയുള്ള ആത്മഹത്യയില്‍ ലോകത്തിലെ ഒന്നാം സ്ഥാനം കുര്‍ദിസ്താനുണ്ട് എന്നു നോവലിസ്റ്റ് പരിഹസിക്കുന്നു.

മതാന്ധതയുടെ തിട്ടൂരങ്ങള്‍

കുര്‍ദ്ദ് വിവേചനത്തിന്റെ മതപരമായ കാരണങ്ങള്‍ നോവല്‍ സ്പര്‍ശിക്കുന്നുണ്ട്‌. ഖോമെയ്നി കുര്‍ദ്ദുകള്‍ക്കെതിരെ ‘ഇസ്ലാമിന്റെ ശത്രുക്കള്‍’ എന്ന ഫത് വാ പുറപ്പെടുവിക്കുന്നത് മറ്റെന്തിലുമേറെ അവര്‍ ‘സുന്നിവിഭാഗക്കാരാണ് എന്നതുകൊണ്ടാണ്. കുര്‍ദ്ദുകള്‍ക്കു നേരെ അരങ്ങേറിയ അത്യാചാരങ്ങള്‍ക്കു മതപരമായ ന്യായീകരണം ചമയ്ക്കാന്‍ ഇത്തരം നിലപാടുകള്‍ ഹേതുവായി. കന്യകമാര്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്നിരിക്കെലൈംഗിക അടിമത്തം കുര്‍ദ്ദ് സ്ത്രീകള്‍ക്കു മരണാന്തര മോക്ഷവും നിഷേധിക്കുന്ന പ്രക്രിയയായിത്തീര്‍ന്നു.

“ഇറാനില്‍ നിസ്സഹായരായിഇറാഖില്‍ ഭവനരഹിതരായിതുര്‍ക്കിയില്‍ പ്രതീക്ഷാ രഹിതരായിസിറിയയില്‍ ദേശരഹിതരായി”

എന്ന് കുര്‍ദ്ദ് അസ്തിത്വ രാഹിത്യത്തെ ലൈല നിര്‍വ്വചിക്കുന്നു. “ഖോമെയ്നിയാണോ സദ്ദാമാണോ കൂടുതല്‍ ക്രൂരന്‍?” എന്ന ചിയായുടെ ചോദ്യത്തിന് മറുപടി പറയുക ബാബക്ക് എളുപ്പമായിരുന്നില്ല.

“എങ്ങനെ കഴിയുംഇറാന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തിനെയും സഹോദരങ്ങളില്‍ രണ്ടുപേരെയും കൊന്നുകളഞ്ഞിരുന്നു. ഇറാഖ് ആകട്ടെ, 1963ലെ കൂട്ടക്കുരുതിയില്‍ അദ്ദേഹത്തിന്‍റെ അമ്മാവന്മാരേയും മുത്തച്ചനെയും മുത്തശ്ശിയേയുംഅതുപോലെ 1991ലെ കലാപത്തില്‍ ബാക്കിയുള്ള സഹോദരനെയും.”

അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു:

“ഇപ്പോള്‍ ഇറാന്‍തുര്‍ക്കിസിറിയ എന്നിവയെല്ലാം അങ്കലാപ്പിലാണ്. അവരൊക്കെ അവരുടെ കുര്‍ദ്ദ് ജനതകളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.” 

 

കിന്റര്‍ഗാര്‍ട്ടന്‍ കാലത്ത് മാതാപിതാക്കള്‍ പലപ്പോഴും സ്ഥലത്തില്ലാത്തതുകൊണ്ട്‌ അനിയന്റെ പരിപാലകയായി വര്‍ത്തിക്കുമായിരുന്ന ലൈലസ്കൂള്‍ ഗേറ്റില്‍തങ്ങളെ മറന്നിരിക്കാന്‍ ഇടയുള്ളവൈകിയെത്തുന്ന രക്ഷിതാക്കളെ കാത്തുനില്‍ക്കുമ്പോള്‍ അനിയനെ സമാധാനിപ്പിക്കാന്‍ കഥകള്‍ മെനയുകയും റൂമിയുടെ കവിത ചൊല്ലുകയും ചെയ്തു. കവിതയും കഥകളും ഉദ്ധരണികളും ആഖ്യാനത്തില്‍ ഉള്‍ച്ചേര്‍ക്കുന്ന ലൈലയുടെ രീതിയുടെ തുടക്കം ഇവിടെ കാണാം. ദുരിതങ്ങളുടെ തീനാളത്തില്‍ നിന്നാണ് സര്‍ഗ്ഗസൃഷ്ടിയുടെ ഉത്ഭവം എന്നുകൂടിയാണ് അവള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നോവലിന്റെ അവസാനത്തെ മൂന്നിലൊന്നു കേന്ദ്രീകരിക്കുന്ന കനേഡിയന്‍ ഭാഗം ഏതാണ്ടൊരു ‘കൈറ്റ് റണ്ണര്‍’ ശുഭാപ്തിയിലേക്ക് നീങ്ങുന്നുണ്ട് എന്നു തോന്നാം. ആഖ്യാനത്തില്‍ വിട്ടഭാഗങ്ങള്‍ പൂരിപ്പിക്കാനും എല്ലാമൊന്നു തുന്നിക്കെട്ടാനും ശ്രമിക്കുന്ന പ്രസ്തുത ഭാഗംവംശീയാനുഭാവത്തിന്റെ എന്നതിലേറെ വൈയക്തിക തലത്തിലേക്കു ചുരുങ്ങിപ്പോകുന്നുവോ എന്നൊരു വിമര്‍ശനം സാധ്യമാണ്.

 

 

References:

1.      *1. Naomi Benaron. The BookBrowse Review in June 2020

2.      *2. “If people bring so much courage to this world the world has to kill them to break them, so of course it kills them. The world breaks everyone and afterward many are strong at the broken places. But those that will not break it kills. It kills the very good and the very gentle and the very brave impartially. If you are none of these you can be sure it will kill you too but there will be no special hurry.”

-          (Ernest Hemingway, A Farewell to Arms, Chapter XXXIV)


More on Kurd Experience:

Memed, My Hawk by Yaşar Kemal

https://alittlesomethings.blogspot.com/2024/08/memed-my-hawk-by-yasar-kemal.html

10 Minutes 38 Seconds in this Strange World by Elif Shafak

https://alittlesomethings.blogspot.com/2024/10/10-minutes-38-seconds-in-this-strange.htm

Zin by Haritha Savithri (Malayalam)

https://alittlesomethings.blogspot.com/2024/06/zin-by-haritha-savithri-malayalam.html

Murivettavarude Pathakal by Haritha Savithri/ മുറിവേറ്റവരുടെ പാതകൾ (Malaylam Travelogue)

https://alittlesomethings.blogspot.com/2024/04/blog-post.html



Thursday, August 1, 2024

The Anarchy by William Dalrymple

 അധിനിവേശത്തിന്റെ കപ്പല്‍ച്ചാലുകള്‍





ഹിന്ദുസ്താനിയില്‍ നിന്ന് ഏറ്റവും ആദ്യം ഇംഗ്ലീഷ് ഭാഷയിലെത്തിയ വാക്കുകളില്‍ ഒന്ന് കൊള്ളമുതല്‍ എന്നര്‍ത്ഥം വരുന്ന ‘loot’ എന്ന പദമായത് യാദൃശ്ചികമല്ല എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് വില്ല്യം ഡാര്‍ലിമ്പിളിന്റെ  പുസ്തകം The Anarchy – The East India Company, Corporate Violence, and the Pillage of an Empire ആരംഭിക്കുന്നത്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സമ്പൂര്‍ണ്ണ ചരിത്രമോ അതിന്റെ ബിസിനസ് സംരംഭങ്ങളുടെ സാമ്പത്തിക വിശകലനമോ അല്ല പുസ്തകത്തിന്റെ ലക്ഷ്യമെന്നും മറിച്ച് ലണ്ടനിലെ ഒരു ഓഫീസ് കെട്ടിടം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ഒരൊറ്റ ബിസിനസ്സ് സ്ഥാപനത്തിന് എങ്ങനെയാണു 1756-നും 1803-നുമിടയിലെ അഞ്ചു പതിറ്റാണ്ടിനു ചുവടെ കാലം കൊണ്ട് അതിശക്തമായിരുന്ന മുഗള്‍ സാമ്രാജ്യത്തെ അട്ടിമറിക്കാനും ഉപഭൂഖണ്ഡത്തിന്റെ അധിപന്മാരാകാനും സാധിച്ചത് എന്നതാണ് അത് പരിശോധിക്കുന്നത് എന്നും ആമുഖത്തില്‍ ഗ്രന്ഥകാരന്‍ പറഞ്ഞുവെക്കുന്നു.

മുഗള്‍ സാമ്രാജ്യത്തിന്റെ പ്രഭാവം അതിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ എത്തുന്നത്. അറംഗസീബിന്റെ കെടുകാര്യസ്ഥതയും മറാത്തഅഫ്ഘാന്‍ ശക്തികളുടെ ഉയര്‍ച്ചയും മൂലമുണ്ടായ പ്രശ്നങ്ങള്‍ പേര്‍ഷ്യന്‍ സഫാവിദ് ആക്രമണകാരി നാദിര്‍ ഷായുടെ കടന്നു വരവോടെ മൂര്‍ദ്ധന്യത്തിലെത്തി. ഒരു മഹാ സാമ്രാജ്യം നേരിട്ട ഈ തകര്‍ച്ചയും ഒട്ടേറെ ചെറു രാജ്യങ്ങളായി ഭിന്നിച്ചു പോയ സാഹചര്യവുമാണ് പുസ്തകത്തിന്റെ തലക്കെട്ടിലെ ‘അരാജകത്വമായിത്തീരുന്നത്. ഏതൊക്കെയോ ചക്രവര്‍ത്തിമാരും നവാബുമാരും വസീര്‍മാരും നിരന്തരം ഉടമ്പടികളില്‍ ഏര്‍പ്പെടുകയും മഷിയുണങ്ങും അവ വിസ്മരിക്കുകയും പുതിയ ബാന്ധവങ്ങള്‍ കണ്ടെത്തുകയും ചെയ്തുവന്ന ആ ഇടവേളയില്‍ ആര് ആരെയാണ് ഭരിക്കുന്നതെന്നോ ആരാണ് ഭരണീയര്‍ എന്നോ തിരിച്ചറിയാനാവാത്ത അവസ്ഥയുണ്ടായി. തങ്ങളുടെ ഓഹരിയുടമകളോടൊഴിച്ചു മറ്റാരോടും ബാധ്യതയില്ലാത്ത ഒരു കഴുത്തറപ്പന്‍ കോര്‍പ്പറെറ്റിനു മുന്നില്‍ കാവല്‍ക്കാരില്ലാത്ത സ്വര്‍ണ്ണനഗരി പോലെ ഒരു മഹാരാജ്യം അനാഥമായിക്കിടന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെയും പൊതു സഭയിലെയും ഏതാണ്ട് പകുതി പേരും ഓഹരിയുടമകള്‍ ആയിരുന്ന കമ്പനിക്ക് തങ്ങളുടെ വ്യാപാര താല്‍പ്പര്യങ്ങളില്‍ ഏതറ്റം വരെയും പോകാനുള്ള അലിഖിത സ്വാതന്ത്ര്യവും സ്വാഭാവികമായിരുന്നു. ഏറ്റവും ചുരുങ്ങിയത് നാലിരട്ടിയായിരുന്നു ഇന്ത്യയില്‍ നിന്നെത്തിയ കപ്പലുകള്‍ ഷെയര്‍ ഉടമകള്‍ക്ക് ഉറപ്പുവരുത്തിയ ലാഭമെന്ന് പുസ്തകം നിരീക്ഷിക്കുന്നു. അതിവേഗം രാഷ്ട്രീയാധികാരം കൂടിയായി പരിണമിച്ച കമ്പനിയുടെ വ്യാപനത്തില്‍ 1763 ആകുമ്പോഴേക്കും ബംഗാള്‍, ബീഹാര്‍ഒറീസ്സ എന്നീ കിഴക്കന്‍ മേഖലകളില്‍ മാത്രം അഞ്ഞൂറോളം ഫാക്റ്ററികള്‍ കമ്പനിക്കു കീഴെ പ്രവര്‍ത്തിച്ചു വന്നു. തുറമുഖ നഗരമായ കല്‍ക്കത്ത കമ്പനിയുടെ ഇന്ത്യന്‍ സിരാകേന്ദ്രമായി മാറ്റിയെടുക്കപ്പെട്ടു.  

തന്റെ മുന്‍ സുഹൃത്ത് നാദിര്‍ ഷായുടെ കൈകളാല്‍ അന്ധനാക്കപ്പെട്ട യുവ മുഗള്‍ ചക്രവര്‍ത്തി ഷാ ആലം രണ്ടാമനെ തോല്‍പ്പിച്ചു സമ്പന്നമായ ദേശത്തിന്റെ ഭരണ നിര്‍വ്വഹണാധികാരം 1756-ല്‍ കൈക്കലാക്കിയ കമ്പനിതങ്ങള്‍ ഊട്ടി വളര്‍ത്തിയ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് കണ്ണില്‍ചോരയില്ലാത്ത വിധം നികുതി പിരിവ് ആരംഭിച്ചത് ഫലത്തില്‍ ചരിത്രത്തിലെ ഏറ്റവും ദുരുപദിഷ്ടമായ സ്വകാര്യവല്‍ക്കരണം ആയിത്തീരുകയായിരുന്നു. കമ്പനിയുടെ സ്ഥാപനം നിയമവിധേയമാക്കിയ ചാര്‍ട്ടറില്‍ എഴുതിപ്പിടിപ്പിച്ചിരുന്ന ‘യുദ്ധം ചെയ്യാനുള്ള അവകാശ’മെന്ന ഉപവാക്യം ഏതുതരം ഹിംസക്കും ന്യായീകരണമായപ്പോള്‍അതിവേഗം അത് സില്‍ക്കും സുഗന്ധ വ്യജ്ഞനങ്ങളും വിപണനം ചെയ്യുന്ന ഒരു അന്താരാഷ്‌ട്ര കോര്‍പ്പോരെറ്റ് എന്നതിനപ്പുറം കടന്നു. ബഹുരാഷ്ട്ര വ്യാപാര ഭീമന്‍ എന്ന പേരു മറയാക്കി അതൊരു കൊളോണിയല്‍ അധികാരകേന്ദ്രമായിത്തീര്‍ന്നു. പരസ്പരം പോരടിച്ച നാട്ടു രാജ്യങ്ങളില്‍ ബ്രിട്ടന്റെ കുപ്രസിദ്ധമായ ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം യഥാര്‍ഥത്തില്‍ തുടങ്ങിവെക്കുന്നത് കമ്പനിയാണ്. നാലരപ്പതിറ്റാണ്ടുകൊണ്ട് ബ്രിട്ടന്റെ മൊത്തം സൈന്യത്തിന്റെ ഇരട്ടി അംഗ ബലമുള്ള രണ്ടുലക്ഷം സൈനികര്‍ അതിന്റെ സംരക്ഷകരായി. ബംഗാളില്‍ ആരംഭിച്ച ജൈത്രയാത്ര ഉപഭൂഖണ്ഡം മുഴുവന്‍ കീഴടക്കി 1803 ആവുമ്പോഴേക്കും മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയിലെത്തി.

കമ്പനിയുടെ വളര്‍ച്ചയില്‍ പതിയിരിക്കുന്ന അപകടം തുടക്കം മുതലേ ഇന്ത്യന്‍ ജനത മനസ്സിലാക്കാതിരുന്നില്ലെന്നു പുസ്തകം ചൂണ്ടിക്കാട്ടുന്നുണ്ട്. മറാത്ത രാജ്യതന്ത്രജ്ഞന്‍ നാനാ ഫട്നാവിസ്, മൈസൂറില്‍ ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവര്‍ കമ്പനിയുടെ ലക്ഷ്യങ്ങള്‍ ശരിയാം വിധം മനസ്സിലാക്കി. മതപരമായ ഭിന്നതകള്‍ മാറ്റിവെച്ചു കമ്പനിക്കെതിരെ കൈകോര്‍ക്കാന്‍ അവര്‍ തയ്യാറായി. ഫ്രഞ്ചുകാരുടെ സഹായത്തോടെ സൈന്യത്തെ ആധുനികവല്‍ക്കരിച്ചും തന്ത്രപരമായ പോരാട്ടങ്ങള്‍ നടത്തിയും കമ്പനിക്കു മേല്‍ അവര്‍ നേടിയ വിജയങ്ങള്‍ പലപ്പോഴും തീരെ ചെറിയ വിധിവിളയാട്ടത്തിലാണ് ലക്‌ഷ്യം കാണാതെ പോയത്. കമ്പനി ഉദ്യോഗസ്ഥരും ചോറ്റുപട്ടാളവും നാടൊട്ടുക്കും നടത്തിവന്ന കൊള്ളയും കൊലയും ഉള്‍പ്പടെ ഭീകരതകളില്‍ മറ്റിടങ്ങളിലും നിരന്തര പരാതികള്‍ ഉയര്‍ന്നു. നവാബ് മിര്‍ ഖാസിം പ്രാദേശിക വ്യാപാരികളുമായി കൈകോര്‍ത്ത് കമ്പനിക്കെതിരായി നടത്തിയ ചെറുത്തുനില്‍പ്പ് പക്ഷെ അദ്ദേഹം സ്ഥാന ഭ്രാഷ്ടനാകുന്നതില്‍ കലാശിച്ചു. 1763 ആവുമ്പോഴേക്കും ‘സ്വതന്ത്ര സാമ്രാജ്യത്വ ശക്തിയായി സ്വയം പ്രഖ്യാപിച്ച കമ്പനി കരസേനയും നാവിക സേനയും സ്വന്തമായുള്ള അധികാര കേന്ദ്രമായിത്തീര്‍ന്നു. മിര്‍ ഖാസിമിന്റെ പ്രവിശ്യയില്‍ തുടങ്ങിയ കീഴടക്കല്‍ തദ്ദേശീയര്‍ക്കു മേല്‍ അമിത നികുതി ചുമത്തുന്നതിലൂടെ ബ്രിട്ടനില്‍ നിന്നുള്ള കപ്പലുകളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള വിലയായി സ്വര്‍ണ്ണം കൊണ്ടുവരേണ്ടതില്ലാത്ത സാഹചര്യം സൃഷ്ടിച്ചു. കമ്പനി സ്വാശ്രയ സംരംഭം ആയിമാറി.   

ആദ്യകാല കൊളോണിയല്‍ ഇന്ത്യയില്‍ മതാധിഷ്ടിത വിഭാഗീയത ഇന്നുള്ള പോലെ തീക്ഷ്ണമായിരുന്നില്ല എന്ന ആശയം പുസ്തകത്തിലെ ഒരു സുപധാന നിരീക്ഷണമാണ്. ഡല്‍ഹിയില്‍ ഷാ ആലമിനെ പുനരവരോധിക്കുന്നത് ഹിന്ദു മറാത്താ ശക്തിയാണ്. ബ്രാഹ്മണ സ്ഥാപനങ്ങളുമായി ടിപ്പുവിനുണ്ടായിരുന്ന മികച്ച ബന്ധവും ഹിന്ദു ഭൂരിപക്ഷമുള്ള ഒരു ദേശത്തു  ആയിരത്തിലേറെ കൊല്ലങ്ങളായി ഇസ്ലാം മത വിശ്വാസം സുരക്ഷിതമായി നിലക്കൊണ്ടതും വിവരിക്കുന്ന പുസ്തകം സമകാലിക ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ദേശീയതയുടെ വിഭാഗീയ ചരിത്രാഖ്യാനങ്ങളെ സൌമ്യമായി നിഷേധിക്കുന്നുണ്ട്. ഉപഭൂഖണ്ഡത്തെ മുമ്പ് അധീനപ്പെടുത്തിയ പേര്‍ഷ്യന്‍തുര്‍ക്കി ശക്തികളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ സാംസ്കാരിക ഭൂമികയില്‍ ലയിക്കാന്‍ തയ്യാറില്ലായിരുന്നു ഈ പുതിയ കടന്നുകയറ്റക്കാര്‍. സാമ്പത്തിക ചൂഷണം മാത്രം ലക്ഷ്യമായിരുന്ന ഇക്കൂട്ടര്‍ നടത്തിയ കൊള്ളയുടെ വ്യാപ്തി ഞെട്ടിക്കുന്നതാണ്. നഗ്നമായി കൊള്ളയടിക്കപ്പെട്ട ഇന്ത്യന്‍ സമ്പത്തുമായി ഇംഗ്ലണ്ടിലേക്ക് തിരിച്ച കപ്പലുകള്‍ രാജ്യത്തെ അതിവേഗം ഊറ്റിയെടുത്തതിന്റെ വിശദമായ ചിത്രങ്ങള്‍ പുസ്തകത്തിലുണ്ട്. നാണയങ്ങള്‍ പോലും അപ്രത്യക്ഷമായ സാഹചര്യത്തില്‍ പ്രസിദ്ധമായ ജഗത് സേത്ത് ബാങ്കിന്റെ സ്ഥാനം കമ്പനിയുടെ കയ്യാളുകള്‍ ആയി പ്രവര്‍ത്തിച്ച വട്ടിപ്പലിശക്കാര്‍ ഏറ്റെടുത്തതിനെ കുറിച്ച് പുസ്തകം വിവരിക്കുന്നു.

ചരിത്രത്തിന്റെ അസംബന്ധ നാടകങ്ങളും ക്രൂരതകളും വേണ്ടുവോളം അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിന്റെ ചിത്രം അവതരിപ്പിക്കുമ്പോള്‍ എല്ലാ സ്വയം കല്‍പ്പിത നിയന്ത്രണങ്ങളും പാലിക്കുമ്പോഴും ചിലപ്പോഴൊക്കെ സ്തോഭജനകമായ ചിത്രങ്ങള്‍ കടന്നു വരാതിരിക്കില്ല. ഗുലാം ഖാദിറിന്റെ അന്ത്യം പോലുള്ള വിവരണങ്ങള്‍ അത്തരത്തിലുള്ളതാണ്. തുടര്‍ന്നു ലണ്ടനില്‍ വെച്ചു നടന്ന വിചാരണാ പ്രഹസനം അന്വേഷണക്കമ്മറ്റിയിലെ ഫിലിപ് ഫ്രാന്‍സിസ് എന്ന അംഗത്തിന് വാറന്‍ ഹേസ്റ്റിംഗ്സിനോടുള്ള കലിപ്പു തീര്‍ക്കാനുള്ള അവസരമായി മാറിയതും വെറും വാചാടോപം മാത്രമായി മാറിയ എഡ്മണ്ട് ബര്‍ക്കിന്റെ വിധിപ്രസ്ഥാവവുമെല്ലാം ഒട്ടൊരു പരിസാഹത്തോടെ പുസ്തകം വിവരിക്കുന്നുണ്ട്. ശരിക്കും വിചാരണ നേരിടെണ്ടിയിരുന്ന റോബര്‍ട്ട് ക്ലൈവ് വീരപരിവേഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഹേസ്റ്റിംഗ്സിനാവട്ടെഏഴു വര്‍ഷം നീണ്ടുനിന്ന അര്‍ത്ഥശൂന്യമായ കോടതി നടപടികള്‍ക്ക് ശേഷമാണ് കുറ്റവിമുക്തനാകാന്‍ കഴിഞ്ഞത്. ഹേസ്റ്റിംഗ്സിനെ തുടര്‍ന്ന് കമ്പനിയുടെ നേതൃത്വം ഏറ്റെടുത്ത കോണ്‍വാലീസ് പ്രഭുഅമേരിക്കയില്‍ തന്റെ കീഴില്‍ 13 കോളനികള്‍ നഷ്ടപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനുള്ള അവസരമായാണ്‌ ഇന്ത്യന്‍ നിയോഗത്തെ കണ്ടത്. ഇന്നത്തെ യു. എസ്. പോളിസിയുടെ മുന്‍ മാതൃകയായ ദ്വിമുഖ തന്ത്രങ്ങളിലൂടെ അയാള്‍ തന്റെ ലക്‌ഷ്യം നേടുകയും ചെയ്തു: ഭിന്നിപ്പിച്ചും സ്വദേശീ കയ്യാളുകളെ മുന്നില്‍ നിര്‍ത്തിയും ഭരിക്കുകയും കീഴടക്കുകയും ചെയ്യുക എന്നതായിരുന്നു അത്. തുടര്‍ന്നെത്തിയ വെല്ലസ്ലി പ്രഭുസഹോദരന്‍ ആര്‍തര്‍ തുടങ്ങിയവരും അതേ പാത പിന്തുടര്‍ന്നു. പുസ്തകത്തിന്റെ ഒരധ്യായത്തിന്റെ പേര് വെല്ലസ്ലിയുടെ കുപ്രസിദ്ധമായ ടോസ്റ്റ്‌ ആവര്‍ത്തിക്കുന്നു: “ഇന്ത്യയുടെ ശവത്തിന്’ (‘to the corpse of India’).  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ കോടിക്കണക്കിനു ജനതയുടെ ഭാഗധേയം നിര്‍ണ്ണയിച്ച ഈ ഭീമന്‍ കോര്‍പ്പോറെറ്റിന്റെ ഭരണ സിരാകേന്ദ്രമായ ലണ്ടന്‍ ഓഫീസ് ‘അഞ്ചു ജനാലകള്‍ക്കു മാത്രം വീതിയുണ്ടായിരുന്ന’ ഒന്നായിരുന്നു എന്നും ആകെ മുപ്പത്തിയഞ്ചു പേരാണ് അവിടെ ജോലി ചെയ്തത് എന്നും ഭരണകൂടം ബാങ്കുകളെ ഭയക്കുകയെന്ന കോര്‍പ്പോറെറ്റ് നീതിയുടെ തുടക്കം അവിടെയായിരുന്നു എന്നും ഒട്ടൊരു കൌതുകത്തോടെ ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. സൈന്യവും നേവിയുമില്ലാതെ തങ്ങളുടെ അധിനിവേശം സാധ്യമാക്കുന്ന ബഹുരാഷ്ട്രക്കുത്തകകളുടെ കാലത്തോട് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരിത്രത്തെ ചേര്‍ത്തുവെച്ചു കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.  

കമ്പനിയുടെ പ്രവര്‍ത്തികള്‍ അതിരു കടക്കുന്നതിനെതിരില്‍ ബ്രിട്ടനില്‍ തന്നെ ലിബറല്‍ ചിന്താഗതിക്കാരില്‍ കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നു. എഡ്മണ്ട് ബര്‍ക്ക്‌ നടത്തിയ വിഖ്യാതമായ പ്രസംഗം അമേരിക്കന്‍ വിപ്ലവകാരികള്‍ക്കു പോലും പ്രചോദനമായി. സമ്മര്‍ദ്ദങ്ങളുടെ പാരമ്യത്തില്‍ 1774-ല്‍ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പാര്‍ല മെന്ററി കമ്മീഷന് കമ്പനി അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്ന തണുത്ത സ്വീകരണം വ്യക്തമായ സൂചനയായിരുന്നു: സര്‍ക്കാര്‍ നിയമങ്ങളല്ല തങ്ങളെ ഭരിക്കുന്നത്‌. 1859-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുക്കും വരെ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അതിന്റെ കിരാത ചൂഷണം നിര്‍ബ്ബാധം തുടരാനായി എന്നത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ മുറിപ്പടായി ഇന്നും ശേഷിക്കുന്നുബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴാവട്ടെ അതൊരു പൊളിച്ചെഴുത്താവുകയല്ലമറിച്ച് കൂടുതല്‍ നിയമ സാധുതയുള്ള തുടര്‍ച്ച മാത്രമായി അവശേഷിക്കുകയാണല്ലോ ഉണ്ടായത്.  

(ബുക്ക്‌ പിക്ക്, ദേശാഭിമാനി വാരാന്തം)

   More to read:

Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand by Peter Lehr

https://alittlesomethings.blogspot.com/2024/08/militant-buddhism-rise-of-religious.html

Wednesday, July 31, 2024

Palace Walk: Cairo Trilogy I by Naguib Mahfouz

 പരിവര്‍ത്തനത്തിന്റെ കുളമ്പടിനാദം


Palace Walk (The Cairo Trilogy – Part I) (1956) Naguib Mahfouz (Egypt)/ William Maynard Hutchins & Olive E. Kenny (1990)


ഇജിപ്തിലെ കൈറോയില്‍ 1911ലാണ് വ്യാപാരിയായ അബ്ദുല്‍ അസീസ്‌ ഇബ്രാഹിം മഹ്ഫൂസിന്റെയും ഭാര്യ ഫാത്മ മുസ്തഫയുടെയും മകനായി നഗീബ് അബ്ദുല്‍ അസീസ്‌ അല്‍ സബില്‍ഗി മഹ്ഫൂസ് ജനിക്കുന്നത്. മൂത്ത സഹോദരങ്ങളെക്കാള്‍ ഏറെ ഇളപ്പമായിരുന്നതുകൊണ്ട് ഏതാണ്ട് ഒരൊറ്റക്കുട്ടിയെ പോലെയാണ് മഹ്ഫൂസ് വളര്‍ന്നു വന്നത്. കൈറോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മഹ്ഫൂസ്പ്രമുഖ സോഷ്യലിസ്റ്റും എഡിറ്ററും ആയിരുന്ന സലാമ മൂസയുടെ ഉപദേശ പ്രകാരം ചെറുകഥകള്‍ എഴുതിത്തുടങ്ങി. അക്കാലത്ത്(മുപ്പതുകളില്‍) ഇജിപ്തില്‍ മൂന്നു പ്രബല ശക്തികളുടെ സ്വാധീനം ഉണ്ടായിരുന്നു: ബ്രിട്ടന് കീഴില്‍ ഒരു പ്രൊട്ടക്റ്ററേറ്റ് ആയിരുന്നു ഇജിപ്ത് അന്ന്. വിദേശ കാര്യംപ്രതിരോധംവാര്‍ത്താവിനിമയ സുരക്ഷിതത്വംഎന്നിവയോടൊപ്പം ആംഗ്ലോ-ഇജിപ്ത്യന്‍ സുഡാനിനെയും ബ്രിട്ടന്‍ നിയന്ത്രിച്ചു. എന്നാല്‍ 1936ല്‍ ഫാറൂഖ് രാജാവ് അധികാരത്തിലേറിയതോടെ, ആംഗ്ലോ-ഇജിപ്ത്യന്‍ ഉടമ്പടി പ്രകാരം ചില പ്രത്യേക പ്രദേശങ്ങളിലെ, വിശേഷിച്ചും സൂയസ് കനല്‍ പ്രദേശത്തെസൈനിക നിയന്ത്രണം മാത്രമായി ബ്രിട്ടന്റെ അധികാരം ഒതുങ്ങി. ഇതോടൊപ്പം, നാട്ടില്‍ ശക്തപ്രാപിച്ചുകൊണ്ടിരുന്ന ദേശീയ പ്രസ്ഥാനമായിരുന്നു മൂന്നാമതു ശക്തി.

ചെറുകഥകളും വിവര്‍ത്തനങ്ങളുമായി സാഹിത്യ സപര്യ തുടങ്ങിയ മഹ്ഫൂസ്തുടര്‍ന്നു രചിച്ച പുരാതന ഇജിപ്ത്യന്‍ ചരിത്രം പശ്ചാത്തലമാക്കിയ നോവല്‍ ത്രയത്തോടെയാണ് നോവലിന്റെ തട്ടകത്തിലേക്കു കടന്നത്‌. ആധുനിക സമൂഹത്തെ കുറിച്ചുള്ള സൂചനകള്‍ ഈ കൃതികളിലും അദ്ദേഹം സജീവമായി നിലനിര്‍ത്തിയിരുന്നു. രണ്ടാം ലോക യുദ്ധാനന്തര സാഹചര്യത്തെ നേരിടുക എന്ന ദിശാമാറ്റത്തോടെയാണ് കൂടുതല്‍ സമകാലിക പ്രസക്തിയുള്ള അദ്ദേഹത്തിന്‍റെ എഴുത്തു ഘട്ടം ആരംഭിക്കുന്നത്. ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും ചേര്‍ന്ന സഖ്യ ശക്തികള്‍ക്ക് സൈനിക ഇടത്താവളം ആയിരുന്നു അക്കാലത്ത് ഇജിപ്ത്. യുദ്ധാനന്തരം1951ല്‍കൈറോ ഉടമ്പടി പിന്‍ വലിക്കപ്പെടുകയും ഇജിപ്ത് സ്വതന്ത്രമാകുകയും ചെയ്തുവെങ്കിലുംഅഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ ഫാറൂഖ് ഭരണം അട്ടിമറിക്കപ്പെട്ടു. രാജാവിന്റെ ഏഴു മാസം പ്രായമുള്ള മകന്‍ പിന്‍ഗാമിയായി വാഴിക്കപ്പെട്ടെങ്കിലും 1953ല്‍ ജനറല്‍ മുഹമ്മദ്‌ നഗീബിന്റെ കീഴില്‍ റിപ്പബ്ലിക് സ്ഥാപിതമായി. 1954ല്‍ ഗമാല്‍ അബ്ദുല്‍ നാസറിന്റെ കീഴില്‍ നടന്ന വിപ്ലവത്തെ തുടര്‍ന്നു നഗീബ് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായി. ഈ സംഭവ വികാസങ്ങളെല്ലാം മഹ്ഫൂസിന്റെ സുപ്രധാന കൃതികളായ ‘കൈറോ ത്രയം’ എന്നറിയപ്പെടുന്ന Palace Walk (1956), Palace of Desire: Cairo Trilogy II (1957),  Sugar Street: The Cairo Trilogy III (1957) എന്നിവയുടെ പശ്ചാത്തലത്തില്‍ സജീവമാണ്. *(1)

ആധുനിക അറബ് സാഹിത്യത്തിലെ ആദ്യത്തെ വലിയ കുടുംബ ഇതിഹാസമായ (family saga) കൈറോ ത്രയം (Palace Walk (1956), Palace of Desire: Cairo Trilogy II (1957),  Sugar Street: The Cairo Trilogy III (1957), അല്‍ സയ്യിദ് അഹ്മദ് അബ്ദുല്‍ ജവാദ് എന്ന കുലപതിയുടെയും കുടുംബത്തിന്റെയും മൂന്നു പതിറ്റാണ്ടു നീളുന്ന കഥ പറയുന്നു. ഒന്നാം ലോക യുദ്ധം മുതല്‍ ഫാറൂഖ് രാജാവ് അധികാര ഭ്രഷ്ടനാക്കപ്പെടുന്നതിന്റെ എട്ടു വര്‍ഷം മുമ്പു വരെയുള്ള കാലമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. കൈറോയിലെ അല്‍ ജമാലിയ്യ പ്രവിശ്യയില്‍ നിന്നുള്ള യഥാര്‍ത്ഥ തെരുവുകള്‍ തന്നെയാണ് നോവലുകളുടെ പേരുകള്‍. മഹ്ഫൂസിന്റെ രചനാരീതിയിലെ സോഷ്യല്‍ റിയലിസ്റ്റിക് ഘട്ടത്തിന്റെ ഏറ്റവും മികച്ച നേട്ടമായി നോവല്‍ ത്രയത്തെ നിരൂപകര്‍ പരിഗണിക്കുന്നു. (1952ലെ വിപ്ലവത്തെ സ്വാഗതം ചെയ്തുവെങ്കിലും പില്‍ക്കാലത്ത് വിപ്ലവത്തിനു സംഭവിച്ച അപചയങ്ങളില്‍ നിരാശനായ മഹ്ഫൂസ്ആലിഗറിസിംബോളിസംപരീക്ഷണാത്മക രീതികള്‍, തുടങ്ങിയവ ഉപയോഗിച്ചു ആത്മീയ സംഘര്‍ഷങ്ങളുടെയും അന്യതാബോധത്തിന്റെയും കഥകള്‍ ആവിഷ്കരിച്ചു. Children of Gebelawi പോലുള്ള കൃതികളില്‍ പ്രകോപനപരമായ നിലപാടുകള്‍ അദ്ദേഹത്തെ ഒരു വിവാദ നായകന്‍റെ പദവിയില്‍ എത്തിച്ചു. അദ്ദേഹത്തിന്‍റെ ജീവനു പോലും ഭീഷണിയുണ്ടായി.)

രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയിലെ കാലഘട്ടത്തില്‍ ഇജിപ്ത്യന്‍ നഗര സമൂഹം നേരിട്ട രാഷ്ട്രീയവും സാമൂഹികവും മതപരവുമായ സംഘര്‍ഷങ്ങളെ നോവല്‍ ത്രയത്തില്‍ മഹ്ഫൂസ് നിബന്ധിക്കുന്നു. ദേശീയ വാദികളും ബ്രിട്ടീഷ് ഇമ്പീരിയല്‍ താല്‍പര്യങ്ങളുടെ വക്താക്കളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതില്‍ പ്രധാനം. ആദ്യഭാഗമായ Palace Walk, യഥാര്‍ത്ഥ അറബ് പേര് (Bayn al-Qasrayn ‘രണ്ടു സ്ഥലങ്ങള്‍ക്കിടയില്‍) അന്വര്‍ത്ഥമാക്കുന്ന പോലെ, ഇജിപ്തിന്റെ പ്രത്യേക അവസ്ഥയെ (liminal position) സൂചിപ്പിക്കുന്നു: ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ (Ottoman Caliphate) ഭാഗവും ഒപ്പം പുതുതായി സ്വാതന്ത്ര്യത്തിലേക്ക് മുതിരുന്ന ദേശവും എന്നതാണ് അത്. നോവലിന്റെ മൂന്നില്‍ രണ്ടു ഭാഗവും ജവാദ് കുടുംബാംഗങ്ങളുടെ നിത്യ ജീവിത പരിസരങ്ങളില്‍ കേന്ദ്രീകരിക്കുന്നു: ആമിനയാസിന്‍ഖദീജഫഹ്മിആയിഷകമാല്‍ എന്നിവരെല്ലാം കുടുംബ നാഥന്‍ അല്‍ സയ്യദിന്റെ കര്‍ക്കശ മേല്‍നോട്ടത്തിനു കീഴില്‍ കുടുംബത്തിലെ ദൌത്യങ്ങള്‍വിവാഹംസാമൂഹിക ചടങ്ങുകള്‍ഉപചാരങ്ങള്‍ഭക്ഷണ മര്യാദകള്‍ തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്നു. ബ്രിട്ടന്റെ സുഡാന്‍ അധിനിവേശത്തിനെതിരെ നടന്ന 1919ലെ വിപ്ലവം വരെയുള്ള രണ്ടു വര്‍ഷക്കാലമാണ് നോവല്‍ പ്രധാനമായും കഥാകാലമായി എടുക്കുന്നത്. രണ്ടാം ഭാഗത്ത്, രക്തസാക്ഷിയകുന്ന ഫഹ്മിയിലൂടെ ദേശത്തിന്റെ ദേശീയ മുന്നേറ്റത്തെ നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. ഫഹ്മിയുടെ മരണത്തോടെയാണ് നോവല്‍ അവസാനിക്കുന്നതും.

പുറമേക്ക് തികഞ്ഞ ഭക്തനെങ്കിലുംകുടുംബത്തില്‍ നടപ്പാക്കുന്ന സദാചാര നിയമങ്ങളൊക്കെ മദ്യത്തിലും പരസ്ത്രീഗമനങ്ങളിലും മുങ്ങുന്ന രാത്രിസഞ്ചാരങ്ങളില്‍ കാപട്യപൂര്‍വ്വം കാറ്റില്‍പറത്തുന്ന അല്‍ സയ്യദ്, പുറംലോകവുമായുള്ള സമ്പര്‍ക്ക സാധ്യത വീട്ടിലെ സ്ത്രീകള്‍ക്കു പൂര്‍ണ്ണമായും നിഷേധിക്കുന്നുണ്ട്. എന്നാല്‍ അവരരിയാതെയെങ്കിലും പുറത്തു വമ്പിച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. ഒരര്‍ത്ഥത്തില്‍ ആധുനികതക്കും ദേശീയ മുന്നേറ്റങ്ങള്‍ക്കും എതിരെ സമയത്തെ നിശ്ചലമാക്കി പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് ജവാദിന്റെത്. പരാജയം അതിന്റെ വിധിയാവാതെ വയ്യ. ജവാദിന്റെ പിതൃദായ അധികാരസ്വരൂപത്തിന്റെ നിഴലിലാണ് കുടുംബം എന്നിരിക്കിലും നോവല്‍ ആരംഭിക്കുന്നത് ആമിനയിലാണ്. ഭര്‍ത്താവിനു തികച്ചും കീഴ്പ്പെട്ട കുടുംബിനി: “എന്റെ അഭിപ്രായം പൂര്‍ണ്ണമായും അങ്ങയുടെത് തന്നെയാണ്, സാര്‍. എനിക്ക് എന്റെതായ അഭിപ്രായമില്ല” എന്നത് തന്നെയാണ് അവരുടെ പ്രഖ്യാപിത മാനിഫെസ്റ്റോ. “അവളുടേത്‌ പോലുള്ള ഏകതാനത നിറഞ്ഞ ഒരു ജീവിതത്തില്‍ വിരസത (boredom) എന്നത് ഒരുപക്ഷെ അപ്രസക്തമായ ഒരാശയം ആയിരുന്നു” എന്നും നോവലിസ്റ്റ് എഴുതുന്നുണ്ട്. തന്റെ രാക്കാല വിനോദങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവ് തിരിച്ചെത്തുന്നതും കാത്തിരിക്കുമ്പോള്‍ ഖുറാന്‍ പാരായണത്തിലൂടെ തന്നെ ഭയപ്പെടുത്തുന്ന പിശാചുക്കളെയും ജിന്നുകളെയും അകറ്റാന്‍ ശ്രമിക്കുന്ന ആമിന,  മതാത്മക പാട്രിയാര്‍ക്കിക്കും കൊളോണിയല്‍ അരക്ഷിതത്വത്തിനും ഇടയില്‍ കുരുങ്ങിയ സ്ത്രീയുടെ ഏകാന്തതയുടെ ചിത്രമാണ്‌. സമാദരണീയനായ മതപണ്ഡിതന്റെ മകളായ ആമിന തികഞ്ഞ മതനിഷ്ഠ ഉള്ളവളാണ്. എന്നാല്‍ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേര്‍തിരിച്ചു കാണുന്നില്ല എന്നതാണ് അവരുടെ ഭയപ്പാടുകളുടെ ഉറവിടം. നാലുവര്‍ഷമായി തുടരുന്ന യുദ്ധം ഓട്ടോമന്‍ ഭരണത്തിന്റെയും സഖ്യശക്തിയായ ജര്‍മ്മനിയുടെയും വിജയത്തില്‍ കലാശിക്കണമെന്നും അതുവഴി ബ്രിട്ടനും നഗരത്തിലെങ്ങും വെട്ടുകിളിക്കൂട്ടം പോലെ വ്യാപിക്കുകയും നാടിനെയും നാട്ടാരെയും നശിപ്പിക്കുകയും ചെയ്യുന്ന ആസ്ട്രേലിയക്കാരും ഒഴിഞ്ഞുപോകണം എന്നും അവള്‍ പ്രാര്‍ഥിക്കുന്നു. വീട്ടിനകത്തെ ദൈവഭയമുള്ള ഭാവത്തിനപ്പുറം യഥാര്‍ഥത്തില്‍ ഇരട്ട വ്യക്തിത്വത്തിനുടമയെങ്കിലും ഭര്‍ത്താവ് മിക്കപ്പോഴും സൗമനസ്യ പ്രകൃതനാണ് എന്നതില്‍ ആമിനക്ക് നന്ദി തോന്നുന്നത് ഒരര്‍ത്ഥത്തില്‍ അവരുടെ നിസ്സഹായതയുടെ മറുവശം കൂടിയാണ്. ചിലപ്പോഴൊക്കെ അയാള്‍ പുറംലോകത്തു നിന്നുള്ള വാര്‍ത്തകള്‍ പോലും പങ്കുവെക്കുന്നത് മറ്റൊരു രീതിയിലും അതൊന്നും അറിയാനുള്ള യാതൊരു സാധ്യതയുമില്ലാത്ത ഭാര്യക്കും പെണ്‍മക്കള്‍ക്കും അങ്ങേയറ്റം കൌതുകകരമാണ്. എന്നാല്‍ ഈ വിധേയത്വത്തിലേക്ക് ആമിന പരുവപ്പെട്ടത് കനത്ത വിലനല്‍കിത്തന്നെയാണ് എന്ന് വ്യക്തമാണ്‌. ഒരു പതിനലുകാരിയായിവിവാഹിതയായി എത്തിയ കാലത്ത് ഭര്‍ത്താവിന്റെ രാത്രിസഞ്ചാരങ്ങളെ ചോദ്യം ചെയ്യാനുള്ള തന്റേടം കാട്ടിയിരുന്നതിനു കിട്ടിയ പ്രഹരങ്ങളാണ് അവളെ നിശ്ശബ്ദയായിരിക്കാന്‍ പഠിപ്പിച്ചത്. ‘തേനീച്ച’ എന്ന് അയല്‍ക്കാരികള്‍ വിളിക്കുന്ന ആമിനമുതിര്‍ന്ന പെണ്‍മക്കള്‍ ഉണ്ടായിട്ടും ഇപ്പോഴും ഗാര്‍ഹിക ജോലികളില്‍ മുഴുകുന്നതും അവരുടെ എകാന്തതക്കുള്ള മറുമരുന്നാവാം. കുടുംബക്കാരെ കാണാനോപ്രിയപ്പെട്ട അല്‍ ഹുസൈന്‍ പള്ളിയില്‍ പോകാനോ പോലും അനുവാദമില്ലാത്ത ആമിനഒരിക്കല്‍ മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പുറത്തിറങ്ങുകായും കാറിടിച്ചു പരിക്കു പറ്റുകയും ചെയ്യുമ്പോള്‍ അതു വലിയ അപമാനമായി ജവാദ് എടുക്കുന്നത്ആണ്‍തുണയില്ലാതെ പുറത്തിറങ്ങിയ ഭാര്യയുടെ നടപടി മൂലമാണ്.

അഞ്ചുമക്കളില്‍ മൂത്തയാളായ യാസിന്‍ സത്യത്തില്‍ അയാളുടെ മുന്‍ ബന്ധത്തില്‍ പിറന്നവനാണ്. ഒമ്പത് വയസ്സില്‍ കുടുംബത്തിലെത്തിയ അയാള്‍പോറ്റമ്മയെ ഉമ്മയായിത്തന്നെ കാണുന്നു. പിതാവിന്റെ അതേ ജനിതകതാല്പര്യങ്ങളും ജീവിതരീതിയും തന്നെയാണ് അയാളെയും ആകര്‍ഷിക്കുന്നത്. ജവാദിന്റെ രീതികളോട് പൊരുത്തപ്പെടാനാകാതെ വിവാഹ മോചനത്തില്‍ കലാശിച്ച ആദ്യവിവാഹത്തില്‍ ജനിച്ച യാസീന്‍പെറ്റമ്മ തന്റെ ഏകാന്തതയില്‍ ഉണ്ടാക്കിയെടുത്ത ആണ്‍സൗഹൃദങ്ങള്‍ കാരണമാണ് അവരെ വിട്ടുപോന്നത് എന്നത്പിതാവിന്റെ സമാന്തരമായി അയാളെയും മാറ്റുന്നു. “പുരാതന കാലം മുതലേവീടുകള്‍ സ്ത്രീകള്‍ക്കും പുറംലോകം ആണുങ്ങള്‍ക്കും ഉള്ളതാണ്” എന്ന്‍ അയാള്‍ ഉദ്ധരിക്കും. എന്നാല്‍അപഖ്യാതികള്‍ പടരാതെ സൂക്ഷിക്കാനുള്ള ജവാദിന്റെ വിവേകം മകനില്ല. അതേസമയംപിതാവിന്റെ ഇരട്ട ജീവിതത്തെ കുറിച്ചുള്ള അറിവ്, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായദേശീയ രാഷ്ട്രീയ ബോധ്യങ്ങളിലേക്കും മതനിഷ്ഠയിലേക്കും ഉണര്‍ന്നു തുടങ്ങുന്ന ഫഹ്മിയെ ഞെട്ടിച്ചു കളയും. അയല്‍പ്പക്കത്തെ ടെറസ്സില്‍ തുണി അയയിലിടാന്‍ വരുന്ന മരിയാം തന്നെ പ്രണയിക്കുന്നുണ്ടോ എന്ന ചിന്ത അയാളിലുണ്ടാക്കുന്ന സമ്മിശ്ര വികാരം ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധം ഒരിക്കലും സാധ്യമല്ലാത്ത പാട്രിയാര്‍ക്കല്‍ കാപട്യങ്ങളുടെ സൃഷ്ടി തന്നെയാണ്: ഒരു വേള അവളൊരു ആധുനിക സ്ത്രീ ആയിരിക്കാംഅല്ലെങ്കില്‍ ഒരു ദുര്‍ന്നടപ്പുകാരിഅതുമല്ലെങ്കിലോതന്നെ തിരിച്ചും ഇഷ്ടപ്പെടുന്ന ഒരുത്തി. സ്കൂള്‍ വിദ്യാര്‍ഥിയായ കമാലിനു കുട്ടിത്തം വിട്ടുമാറിയിട്ടുമില്ല. പിതാവു നിഷ്കര്‍ഷിക്കുന്ന കാര്‍ക്കശ്യങ്ങള്‍ അവന്റെ സ്വതസിദ്ധമായ പ്രസരിപ്പിനെ തടസ്സപ്പെടുത്തുന്നു. ചിലപ്പോഴൊക്കെ പിതാവ് തന്നെ തല്ലുന്നതു എന്തിനെന്നുപോലും അവനു വ്യക്തമല്ല.

നോവല്‍ ആരംഭത്തില്‍ ഇരുപതുകരിയായ ഖദീജ സുന്ദരിയാണെങ്കിലും തടിച്ച പ്രകൃതത്തെ അഭിലഷണീയമായി കാണുന്ന സമൂഹത്തില്‍ വേണ്ടതിനേക്കാള്‍ തീരെ മെലിഞ്ഞവളാണ് എന്നത് കുടുംബത്തെ മഥിക്കുന്നു. ബുദ്ധിമതിയും മൂര്‍ച്ചയുള്ള നാക്കിന്റെ ഉടമയുമായ ഖദീജസഹോദരങ്ങളെ അതിന്റെ ചൂട് ഇടയ്ക്കിടെ അറിയിക്കുകയും ചെയ്യും. മൂത്തവള്‍ നില്‍ക്കെ ഇളയവളെ വിവാഹം ചെയ്തു കൊടുക്കുന്നതിലെ പൊരുത്തക്കേട് മാറ്റിവെച്ചു അതിസുന്ദരിയായ പതിനാറുകാരി ആയിഷ വിവാഹിതയാകുന്നതില്‍ സാമ്പ്രദായികതയില്‍ നിന്നുള്ള ചെറിയ വേറിട്ടുപോക്കു കാണാം. ആണുങ്ങള്‍ ജോലിക്ക് പോയ്ക്കഴിഞ്ഞാല്‍ മുകള്‍ നിലയിലെ വിരിയിട്ട ജനാലക്കിപ്പുറമിരുന്നു ഒരു പ്രത്യേക ചെറുപ്പക്കാരന്റെ തെരുവിലൂടെയുള്ള പോക്ക് നോക്കിയിരിക്കുമായിരുന്ന ആയിഷ തന്നെയും അവളുടെ പുറമേക്കുള്ള വിനയ പ്രകൃതത്തില്‍ നിന്ന് വ്യത്യസ്തമായ ആന്തര പ്രകൃതം പ്രകടിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പെണ്‍കുട്ടികള്‍ പുറത്തിറങ്ങിക്കൂടെന്ന വിലക്കില്‍ സ്കൂള്‍ വിദ്യാഭ്യാസം പോലും തുടരാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍വിവാഹം എന്ന ഏക മോചനം കാത്തു കുടുംബത്തില്‍ ചുറ്റിക്കറങ്ങി. കുടുംബത്തില്‍ത്തന്നെ പുരുഷന്മാര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ക്ക് അവകാശമില്ല. പുറത്തു ലോകം ഇത്തരം ക്രമങ്ങളെ പൊളിച്ചെഴുതി തുടങ്ങുമ്പോഴും ജവാദ് കുടുംബം പഴയ പാരമ്പര്യങ്ങളില്‍ തുടരുന്നു. പുതുതായി വിവാഹം കഴിക്കുന്ന യാസീന്‍ഭാര്യയെ പട്ടണത്തിലേക്ക് കൂട്ടുന്നതിനെ കുറിച്ചു ജവാദ് വലിയ കോളിളക്കം ഉണ്ടാക്കുന്നുണ്ട്. നിസ്കാര വേളകളില്‍ പശ്ചാത്തപിച്ചാല്‍ അതുമൂലം തന്റെ സുഖലോലുപ ജീവിതാസക്തിയെ ദൈവം മാറ്റിക്കളഞ്ഞാലോ എന്ന ഭയത്തില്‍ പ്രാര്‍ത്ഥന ഒഴിവാക്കുന്ന യാസീനിനു വിവാഹ ജീവിതം ദുഷ്കരമാണ്. സ്വന്തം കുടുംബത്തില്‍ സ്വതന്ത്ര വ്യക്തിത്വത്തോടെ ജീവിച്ച സൈനബിനാകട്ടെജവാദ് കുടുംബത്തില്‍ താനൊരു കീഴൊതുങ്ങല്‍ക്കാരി ആകുന്നുവോ എന്നും ഭയമുണ്ട്. യാസീനിന്റെ പ്രകൃതവും കൂടിച്ചേരുന്നതോടെ മനം മടുത്തു അവള്‍, ഗര്‍ഭിണിയായിട്ടുംവിവാഹ ജീവിതത്തില്‍ നിന്ന് പിന്തിരിയുന്നു. വിവാഹം ചെയ്തയക്കപ്പെടുന്ന ആയിഷയും ഖദീജയും തുടര്‍ന്നുള്ള കഥാഭാഗങ്ങളില്‍ ഏതാണ്ട് അപ്രസക്തരാകുന്നത്കുടുംബത്തിനപ്പുറം ഒരസ്തിത്വവും ഇവിടെ സ്ത്രീക്കില്ല എന്നതിന്റെ കൂടി സൂചകമാണ്. ആണ്‍മക്കള്‍ മാത്രമുള്ള കുടുംബം മറ്റൊരു ഇടമായി മാറുകയും ചെയ്യുന്നത് ഏറെ ബാധിക്കുന്നത് കൗമാരം കടക്കുക മാത്രം ചെയ്യുന്ന കമാലിനെയാണ്‌. സഹോദരിമാരെ സന്ദര്‍ശിക്കുമ്പോഴാവട്ടെഅവര്‍ തികച്ചും അന്യരായിക്കഴിഞ്ഞ പോലെ അവനു അനുഭവപ്പെടുകയും ചെയ്യുന്നു.

അമിതാധികാര പ്രയോഗവും അമിത രക്ഷക ഭാവവും ഒന്നായി പരിണമിക്കുന്ന പ്രകൃതമാണ് ജവാദിന്റെത്. മക്കളെ സ്നേഹിക്കുന്നതും ഉടമസ്ഥപ്പെടുത്തുന്നതും അയാള്‍ക്ക് ഒന്നുതന്നെയാണ്. പെണ്‍കുട്ടികളെ ‘പ്രതിരോധസാധ്യമല്ലാത്ത തിന്മ’ ആയിക്കാണുന്ന അയാള്‍ക്ക് അയാളുടെ ആണ്‍മക്കള്‍ ‘ചരിത്രത്തിന്റെ ചട്ടക്കൂടിനു വെളിയില്‍’ താന്‍ മാത്രം നിയന്ത്രിക്കുന്ന പ്രത്യേക ജനുസ്സാണ്. അനിവാര്യമായും സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്നതാണ് ജവാദിന്റെ നിയന്ത്രണ ശക്തിയെ അന്തിമമായി ബാധിക്കുക. മക്കള്‍ആണ്മക്കളും പെണ്‍മക്കളുംവിവാഹപ്രായം ആകുന്നതോടെ അയാളുടെ ഇരട്ട ജീവിതവും പ്രശ്നഭരിതമാകും. തെരുവിലൂടെ ഒഴുകാന്‍ തുടങ്ങുന്ന കൊളോണിയല്‍ സൈന്യത്തിന്റെ സാന്നിധ്യവും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് സൈനികരുമായുണ്ടാകുന്ന ഏറ്റുമുട്ടലുകളില്‍ നിന്നും സ്വാതന്ത്ര്യ പോരാട്ടത്തില്‍ നിന്നും മകനെ പിന്തിരിപ്പിക്കാന്‍ കഴിയാത്തതും അയാളുടെ പതനത്തെ ത്വരിതപ്പെടുത്തും.

ആസ്ട്രേലിയക്കാരും ഇംഗ്ലീഷുകരുമായ കൊളോണിയലിസ്റ്റുകളുടെ സാന്നിധ്യം നോവലില്‍ ഉടനീളം അനുഭവവേദ്യമാണ്. കൈറോയിലെങ്ങും നിരീക്ഷണം വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി അവര്‍ പ്രദേശത്തു ക്യാമ്പു ചെയ്യുന്നത് കമാലിനു കൌതുകം ജനിപ്പിക്കുമെങ്കിലും, മറ്റുള്ളവരില്‍ ആശങ്കയുണര്‍ത്തുന്നു. യാസീന്‍ മറ്റെല്ലാ ഇജിപ്തുകരെയും പോലെ അവരെ വെറുക്കുന്നുണ്ട്. എന്നാല്‍ അതേസമയം അവര്‍ വേറൊരു ജനുസ്സാണെന്നും അയാള്‍ ചിന്തിക്കുന്നു. നിസ്സാരമായ ഒരു സംഭവത്തില്‍ അവരില്‍ ഒരാളോട് ഞൊടിയിട സൗഹൃദം കാണിക്കുന്നത് പിന്നീട് അയാള്‍ക്ക് വലിയ അപകടം വരുത്തിവെക്കുന്നുണ്ട്.

നോവല്‍ അവസാനിക്കുന്നത് വിപ്ലവത്തിന്റെ വിജയവും സ്വാതന്ത്ര്യത്തിലേക്കുള്ള ഇജിപ്തിന്റെ ചുവടുവെപ്പും മുന്നില്‍ കാണുന്ന വിധത്തിലാണ്. എന്നാല്‍ ഏറ്റവും ചുരുങ്ങിയത് ജവാദ് കുടുംബത്തിനെങ്കിലും അത് സംഭവിക്കാന്‍ പോകുന്നില്ല എന്നതാണ് സത്യം. 

Palace Walk ശരിക്കുമൊരു കുടുംബ ചിത്രമാണ്‌: “ഓരോ കുടുംബാംഗത്തിന്റെയും പാത്രസൃഷ്ടി തികച്ചും പൂര്‍ണ്ണമാണ്ഓരോരുത്തര്‍ക്കും ഒരു നിയോഗമുണ്ട് – കാര്യങ്ങളെ കുട്ടികളുടെ കണ്ണിലൂടെ കാണുന്ന കമാല്‍പ്ലേ ബോയ്‌ യാസീന്‍രാഷ്ട്രീയക്കാരന്‍ ഫഹ്മിസുന്ദരി ആയിഷ ഗൗരവക്കാരി ഖദീജ. ചെറുതും വലുതുമായ കുടുംബ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്എല്ലാത്തിന്റെയും മേലുള്ള കുടുംബ നാഥന്റെ ഉറച്ച നിയന്ത്രണവും – എന്നിരിക്കിലും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ നിതാന്ത ഭീഷണി വാതില്‍ മുട്ടുന്നുമുണ്ട്.” (The complete review's Review).

എഴുപത്തിയൊന്നു ചെറുഅധ്യായങ്ങളിലായി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുംഒരു സംഭവത്തില്‍ നിന്നും മറ്റൊന്നിലേക്കും എന്ന മട്ടില്‍ സാവധാനത്തിലാണ് ആഖ്യാനം നിര്‍വ്വഹിക്കപ്പെടുന്നത്. എന്നാല്‍ ചില ഘടകങ്ങളുടെ അഭാവവും ഇവിടെ പ്രകടമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: ഉദാഹരണത്തിന്പെണ്‍മക്കള്‍ എങ്ങനെയാണു  വിവാഹജീവിതത്തിലേക്ക് പരിണമിക്കുന്നത് എന്നതിനെ കുറിച്ച് നോവലില്‍ കാര്യമായ സൂചനകള്‍ ഒന്നുമില്ല. *(3).  

   

 References:

1. encyclopedia.com content. ‘Mahfouz, Naguib’, Updated Aug 13 2018, https://www.encyclopedia.com/people/literature-and-arts/miscellaneous-world-literature-biographies/naguib-mahfouz. Accessed 22.12.2022

2. Sabry Hafiz. ‘Introduction to The Cairo Trilogy, Everyman’s Library Edition, 2001

3. The complete review's Review, https://www.complete-review.com/reviews/mahfouzn/cairo1.htm. Accessed 22.12.2022

Read more:

 Palace of Desire (The Cairo Trilogy 2)    

https://alittlesomethings.blogspot.com/2024/08/palace-of-desire-cairo-trilogy-ii-by.html

Sugar Stree  (The Cairo Trilogy 3) 

https://alittlesomethings.blogspot.com/2024/08/sugar-street-cairo-trilogy-iii-naguib.html


Chronicle in Stone by Ismail Kadare / Arshi Pipa

 

മുതിര്‍ന്നുവരവിന്റെ ശിലാ ലിഖിതങ്ങള്‍




കദാരെയുടെ ഏറ്റവും ശ്രദ്ധേയമായ കൃതികളില്‍ 'മൂന്നു ആര്‍ച്ചുകളുള്ള പാലം (The Three Arched Bridge)', 'സ്വപ്നങ്ങളുടെ കൊട്ടാരം (The Palace of Dreams)' തുടങ്ങിയ അന്യാപദേശ സ്വഭാവം പ്രകടമാക്കിയ രാഷ്ട്രീയ , ദേശീയ സത്യാന്വേഷണങ്ങളെ അപേക്ഷിച്ച് കൂടുതല്‍ യഥാതഥമെന്നു പറയാവുന്ന ഒന്നാണ് കൂടുതല്‍ ആത്മാകഥാപരവുമായ 'ശിലയിലെ പുരാവൃത്തം (Chronicle in Stone) .' ഇതര കൃതികളില്‍ നിന്ന് വ്യത്യസ്തമായി , ചരിത്രപ്പഴമയെയും മിത്തുകളെയും പശ്ചാത്തലമായി കൂട്ട് പിടിക്കാത്ത, സ്വന്തം ബാല്യ- കൗമാരാനുഭവങ്ങളുടെ സര്‍ഗ്ഗാത്മക പുന സൃഷ്ടിയാണ് ഈ കൃതി

ദക്ഷിണ അല്‍ബേനിയയിലെ ചെങ്കുത്തായ മലയോരനഗരമായ ജിറോകാസ്റ്റര്‍ എന്ന അടുക്കടുക്കായ ശിലാ നിര്‍മ്മിത ഗൃഹ സമുച്ചയ പ്രദേശം ഏറെ ചരിത്ര പ്രസക്തിയുള്ളതും തന്ത്ര പ്രധാനവുമായ ഇടമായിരുന്നുയുഎന്നിന്‍റെ ഹെറിറ്റേജ്‌ വിഭാഗത്തില്‍ ഇടം പിടിച്ചിട്ടുള്ള നഗരത്തിന്‍റെ മതിലുകള്‍ക്ക് എഡിമൂന്നാം നൂറ്റാണ്ട് മുതല്‍ പഴക്കമുണ്ട്കദാരെ വളര്‍ന്ന വീട്1677-ല്‍ നിര്‍മ്മിക്കപ്പെട്ടതാണ്പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കോട്ടയുള്ള നഗരത്തില്‍ ഇത് താരതമ്യേന പുതിയതാണെന്ന് പറയാംഅഞ്ചു നിലകള്‍ വരെ ഉയരമുള്ളവയാണ് മിക്ക ഭവനങ്ങളുംചെങ്കുത്തായ മലയോരത്തെ ഭവനങ്ങങ്ങളില്‍ ഒരു നിരയുടെ മേല്‍ക്കൂര തൊട്ടു മുകളിലേതിന്റെ അടിവാരത്താവാംഒരു വീടിന്റെ മുകളില്‍ നിന്ന് വീണാല്‍ തൊട്ടടുത്തതിന്റെ മേല്‍ക്കൂരയില്‍ പതിക്കാം എന്നു പ്രദേശത്തെ കുടിയന്മാര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നെന്നു നോവലില്‍ പരാമര്‍ശമുണ്ട്രണ്ടാം ലോക യുദ്ധ കാലത്ത് വൈദേശികാക്രമണങ്ങളുടെ ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് പഴമയുടെ ഗന്ധം എങ്ങും തളം കെട്ടി നില്‍ക്കുന്ന ഈ നഗരം.

 

"അതൊരു അസാധാരണ നഗരമായിരുന്നുഒരു മഞ്ഞു കാല രാവില്‍ താഴ് വരയില്‍ ഉരുവം കൊണ്ട ഏതോ ചരിത്രാതീതകാല ജീവി പോലെയായിരുന്നു അത്ഇപ്പോള്‍ അത് മലയോരത്തുകൂടെ അള്ളിപ്പിടിച്ചു മുകളിലേക്ക് കയറുകയായിരുന്നുനഗരത്തിലുള്ളതെല്ലാം പുരാതനവും ശിലാ നിര്‍മ്മിതവും ആയിരുന്നുതെരുവുകളും ഉറവകളും മുതല്‍ഭീമന്‍ ചെതുമ്പലുകള്‍ പുതച്ച പോലെ ചാര വര്‍ണ്ണമായ പൊറ്റകളുമായി എങ്ങും പരന്നു കിടന്ന കാലപ്പഴക്കമേറിയ ഭവനങ്ങള്‍ വരെ ശക്തമായ ആമത്തോടിനു ചുവടെ ജീവന്റെ മൃദുല മാംസം നിലനില്‍ക്കുകയും പെരുകുകയും ചെയ്തുവന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

.......... 

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/chronicle-in-stone-by-ismail-kadare

 (കഥകൊണ്ടു നേരിട്ട യുദ്ധങ്ങള്‍  -  ലോഗാസ് ബുക്ക്സ്  പേജ്  85-92)

More on Ismail Kadare:

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

Chronicle in Stone and The Accident by Ismail Kadare https://alittlesomethings.blogspot.com/2015/06/blog-post.html

Three Arched Bridge and Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2015/06/blog-post.html

 

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html