Featured Post
Sunday, May 4, 2025
The Wind-Up Bird Chronicle by Haruki Murakami/Jay Rubin
Saturday, May 3, 2025
A Wild Sheep Chase by Haruki Murakami / Alfred Birnbaum
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 110-117)
Friday, May 2, 2025
Efuru by Flora Nwapa
എഫൂറു: ഫെമിനിസ്റ്റല്ലാത്ത സ്ത്രീപക്ഷ രചന
‘ആധുനിക കാലത്ത് ഒരു മുഴുനീള നോവല്‍ രചിച്ച ആദ്യ നൈജീരിയന്‍ വനിത’യായ ഫ്ലോറ ന്‍
വാപയുടെ എഴുത്തിനോട് അക്കാലത്തെ പുരുഷ മേധാവിത്ത സമൂഹം ഒരു പാതി ആരാധനയുടെയും
മറുപാതി ഒരാവശ്യവുമില്ലാത്ത പുരുഷ അനുകരണ ആരോപണത്തിന്റെയും സമ്മിശ്ര പ്രതികരണമാണ്
രേഖപ്പെടുത്തിയത് എന്നാല്‍ സാവാധാനം ആ എഴുത്തിന്റെ മേന്മ തിരിച്ചറിയപ്പെട്ടു
തുടങ്ങി: സമീപനങ്ങളിലും രീതികളിലും ഇതര എഴുത്തുകാരില്‍ നിന്ന് ഏറെയൊന്നും
വ്യത്യസ്തമായിരുന്നില്ലെങ്കിലും സ്ത്രീകള്‍ക്കു കൂടുതല്‍ നന്നായി കൈകാര്യം
ചെയ്യാന്‍ കഴിയുന്ന വിഷയങ്ങളെ കുറിച്ച് അവര്‍ ആഴത്തില്‍ എഴുതുന്നുവെന്നതും അവരുടെ
പ്രമേയങ്ങള്‍ പ്രായേണ അനന്യമാണെന്നും തിരിച്ചറിയപ്പെടുകയായിരുന്നു. വിവാഹം, മാതൃ സംരക്ഷണം, വീട്, കുടുംബ ജീവിതം പരമ്പരാഗത സമൂഹത്തിലെ സ്ത്രീയുടെ പദവി, ഇബോ (Igbo) സമൂഹത്തിന്റെ ശ്രേണീബദ്ധത, ഗോത്ര സമൂഹങ്ങളില്‍ ശാന്തിയും
വ്യവസ്ഥയും ഉറപ്പുവരുത്തുന്നതില്‍ ദൈവങ്ങളുടെ പങ്ക് എന്നിവയാണ് അവരുടെ
പ്രമേയങ്ങളെന്നു Efuru, Idu എന്നീ മുഖ്യ നോവലുകളെ ആസ്പദമാക്കി മനസ്സിലാക്കാമെന്നും ബാഹ്യ സ്വാധീനങ്ങള്‍
തുലോം കുറഞ്ഞ ഗ്രാമീണ സമൂഹങ്ങളെയാണ് അവര്‍ സൃഷ്ടിക്കുന്നത് എന്നും
നിരീക്ഷിക്കപ്പെടുന്നു. (Oladele Taiwo,
‘Flora Nwapa’, Female Novelists of Modern Africa, ST. MARTIN’S PRESS, New York,
1984, P. 47).
കൊളോണിയല്‍ നൈജീരിയയിലെ
ഒഗൂത്തയില്‍ 1931-ല്‍ ജനിച്ച ഫ്ലോറ (ന്‍)വാപ്പ ഇബാദാനിലും സ്കോട്ട്ലന്റിലും
വിദ്യാഭ്യാസവും അധ്യാപന പരിശീലനവും നേടിയ ശേഷം കുറഞ്ഞൊരു കാലം പെണ്‍കുട്ടികള്‍ക്കായുള്ള
ഒരു സ്കൂളില്‍ അധ്യാപികയായി സേവനമനുഷ്ടിക്കുകയും തുടര്‍ന്ന്, സ്വാതന്ത്ര്യാനന്തരം, 1962 മുതല്‍
ബിയാഫ്രന്‍ യുദ്ധം (6 July 1967 – 15 January 1970) പൊട്ടിപ്പുറപ്പെടും വരെ ലാഗോസ് യൂണിവേഴ്സിറ്റിയില്‍
അഡ്മിനീസ്ട്രെറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. സംഘര്‍ഷ കാലത്ത് ഇബോ
വിഭാഗത്തിലെ മറ്റു പല ഉന്നതരെയും പോലെ കിഴക്കന്‍ ദേശത്തേക്ക് പിന്‍ വാങ്ങാന്‍ നിര്‍ബന്ധിതയായ
അവര്‍, 1966-ലാണ് ആഫ്രിക്കന്‍ സാഹിത്യത്തില്‍ ഒരു
സ്ത്രീയുടെതായി ആദ്യം പുറത്തുവന്ന നോവലായ എഫൂറു പ്രസിദ്ധീകരിച്ചത്. 1976-ല്‍ അവര്‍
ആരംഭിച്ച ടാനാ പ്രസ്സ് എന്ന പ്രസിദ്ധീകരണ സ്ഥാപനവും അത്തരത്തില്‍ ഒരാദ്യ സംരഭം
ആയിരുന്നു- കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു സ്ത്രീയുടെ ഉടമസ്ഥതയില്‍ സ്ഥാപിതമായ
പ്രസിദ്ധീകരണാലയം. 1993 അറുപത്തിമൂന്നാം വയസ്സില്‍ മരിക്കുവോളവും എഴുത്തില്‍
സജ്ജീവമായിരുന്ന ഫ്ലോറ, ആഫ്രിക്കന്‍ പെണ്ണെഴുത്തില്‍ ശക്തമായ ഒരു സ്വാധീനമാണ്............
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/efuru-by-flora-nwapa
.................
(ആഫ്രിക്കന്‍
നോവലിലെ പെണ്ണെഴുത്ത് ഭാഗം – ഒന്ന്
ലോഗോസ് ബുക്സ്, പേജ്: 65-72)
To purchase, contact ph.no:
8086126024
ഓര്‍ക്കുക, മൃഗം പുറത്തല്ല: ഫാസിസത്തിന്റെ ചലച്ചിത്ര പഠനങ്ങള്‍ .
ഓര്‍ക്കുക, മൃഗം പുറത്തല്ല: ഫാസിസത്തിന്റെ ചലച്ചിത്ര പഠനങ്ങള്‍ .
അധികാരം/
അധികാര
ബോധം,
വ്യവസ്ഥാപിതത്വം/
ഏകാധിപത്യം,
പൌര
(ജനാധിപത്യ)ബോധം/
അടിച്ചമര്‍ത്തല്‍
മനോഭാവം,
സ്വാതന്ത്ര്യ
ബോധം /അരാജകത്വം
എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയിലാണ്
വ്യക്തി/
സമൂഹം,
ഗോത്രം/
സ്റ്റേറ്റ്,
ദേശം/ഇതര
ദേശ രാജ്യങ്ങള്‍ എന്നീ
ദ്വന്ദങ്ങളും സംഘര്‍ഷങ്ങളും
അവക്കുള്ളിലും പരസ്പരവുമുള്ള
ഒറ്റതിരിഞ്ഞതും കൂട്ടായതുമായ
ഏറ്റുമുട്ടലുകളും യുദ്ധങ്ങളും
ഉരുത്തിരിയുന്നതും ചരിത്രത്തിന്റെ
ഗതി രക്ത പങ്കിലമാക്കുന്നതും
എന്നാണ് സാമാന്യ പാഠം.
സ്വതേ
ശിഥിലമായ മനുഷ്യപ്രകൃതത്തെയും
ചുറ്റുപാടിനെയും ജീവിതാര്‍ഹമാം
വിധം അനുനയിപ്പിച്ചെടുക്കുക
എന്ന അതിജീവനോന്മുഖമായ പൊതു
ബോധ്യം തന്നെയാണ് അധികാര
കേന്ദ്രങ്ങള്‍ ഉണ്ടാക്കപ്പെടുന്നതിന്റെ
ശരിയായ ഉദ്ദേശ്യവും.
പിന്നെയും
എവിടെയാണ് അധികാര സ്വരൂപങ്ങളുടെ
ചരിത്രം രക്തച്ചൊരിച്ചിലിന്റെയും
കൂട്ടക്കുരുതികളുടെയും
നിന്ദ്യമായ അടിച്ചമര്‍ത്തലുകളുടെയും
പാഴ്വേലയായിത്തീരുന്നത്?
സാഹിത്യത്തിലെന്ന
പോലെ ചലച്ചിത്രങ്ങളിലും ഈ
അന്വേഷണം ശക്തമായി
ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളതിന്
ഏറെ ഉദാഹരണങ്ങളുണ്ട്.
നിഷ്കളങ്ക ബാല്യം എന്ന കെട്ടുകഥ :
1954 -ല്‍ പ്രസിദ്ധീകരിക്കപ്പെട്ട വില്ല്യം ഗോള്‍ഡിങ്ങിന്റെ Lord of the Flies എന്ന നോവലിന് 1963-ലും 1990-ലും ചലച്ചിത്ര ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പീറ്റര്‍ ബ്രൂക്ക് സംവിധാനം ചെയ്ത ആദ്യ ഭാഷ്യമാണ് നോവലിനോട് ഏറെ അടുത്തു നില്‍ക്കുന്നത്. യുദ്ധകാല ലണ്ടനില്‍ നിന്ന് വ്യോമ യാത്രക്കിടെ വിമാനം തകര്‍ന്ന് ഒരു ദ്വീപില്‍ ഒറ്റപ്പെട്ടു പോകുന്ന ആറിനും പതിനാലിനുമിടെ പ്രായമുള്ള ഒരു കൂട്ടം ബാലന്മാര്‍ മുതിര്‍ന്നവരുടെ അധികാര ചിട്ടവട്ടങ്ങളില്ലാത്ത സ്വതന്ത്ര, നൈസര്‍ഗ്ഗിക സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറുന്നു, എന്തായിത്തീരുന്നു എന്നതാണ് അന്വേഷണ വിഷയമാവുന്നത്. ബാലെന്റൈനിന്റെ (ദി കോറല്‍ ഐലന്‍ഡ്) സംസ്കൃത ചിത്തരായ ഇംഗ്ലീഷ് പബ്ലിക് സ്കൂള്‍ ഉല്‍പന്നങ്ങളെ പോലെയോ, റോബിന്‍സന്‍ ക്രൂസോയെ പോലെയോ ധാര്‍മ്മിക സാംസ്കാരിക ഈടുവെപ്പുകളുടെ കാവലാളുകളായി തുടരുമോ അതോ മുതിര്‍ന്നവരെ പോലും ലജ്ജിപ്പിക്കും വിധം പ്രാകൃതവും ശുദ്ധ ഹിംസാത്മകവുമായ അധികാരപ്രമത്തതയിലേക്ക് പരകായ പ്രവേശം നടത്തുമോ? ഫ്രോയ്ഡിന്റെ ഈദ്- ഈഗോ- സൂപ്പര്‍ ഈഗോ വിഭജനങ്ങള്‍ ഗോള്‍ഡിങ്ങിന്റെ ചിന്തയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ജാക്- റാല്‍ഫ്- പിഗ്ഗി ത്രയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രാകൃത ചോദനകളും .................
Thursday, May 1, 2025
The Dictator's Last Night by Yasmina Khadra / Julian Evans
ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന അല്‍ജീരിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് യാസ്മിന ഖദ്ര (മുഹമ്മദ് മൌലേ സഹൂല്‍) (ദി സ്വാലോസ് ഓഫ് കാബൂള്‍, ദി അറ്റാക്ക്, ദി സൈറന്‍സ് ഓഫ് ബാഗ്ദാദ്) താന്‍ വിട്ടേച്ചു പോന്ന യുദ്ധകാലാനുഭവങ്ങളുടെയും ശിഥിലമായ ദേശങ്ങളുടെയും നേര്‍ക്കാഴ്ചകളുടെ പിന്‍ബലത്തിലാണ് തന്റെ നോവലുകള്‍ രചിക്കുന്നത്. സൈന്യത്തിലെ സെന്‍സര്‍ഷിപ് ഒഴിവാക്കാനുള്ള തന്ത്രമായാണ് അദ്ദേഹം സ്ത്രൈണമായ പേര് തൂലികാ നാമമായി സ്വീകരിച്ചത്. അള്‍ജീരിയന്‍ ആഭ്യന്തര യുദ്ധകാലത്ത് അജ്ഞാതനായിരിക്കുക എന്നത് മാത്രമായിരുന്നു എഴുത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ മാര്‍ഗ്ഗം. പാശ്ചാത്യ ലോകം ഇതരലോകത്തെ നോക്കിക്കാണുന്ന രീതിക്ക് യാഥാര്‍ത്ഥ്യവുമായി പലപ്പോഴും ബന്ധമില്ലെന്നും ഒരു മുസ്ലിം എന്ന നിലയില്‍ മത തീവ്രവാദം പോലുള്ള വിഷയങ്ങളെ സമീപിക്കുന്ന രീതിയില്‍ വാര്‍പ്പു മാതൃകകള്‍ മാറ്റി വെക്കേണ്ടതുണ്ടെന്നും താന്‍ കരുതുന്നതായി ആദ്ദേഹം നിരീക്ഷിക്കുന്നു. താലിബാന് കീഴിലെ പെണ്‍ജീവിതത്തെ അടയാളപ്പെടുത്തുന്ന ദി സ്വാലോസ് ഓഫ് കാബൂള്‍ (2006) മുതല്‍ യാസ്മിന ഖദ്രയുടെ നോവലുകള്‍ ഏറെ പ്രശസ്തവും പുരസ്കാരങ്ങള്‍ നേടിയവയും ആണ്.
പേര് പറയുന്നില്ലാത്ത ഒരു കരീബിയന്‍ ദേശത്തിന്റെ സര്‍വ്വാധിപതിയുടെ
പതനം ആവിഷ്കരിക്കുന്ന മാര്‍ക്കേസിന്റെ ‘കുലപതിയുടെ ശിശിരം (The Autumn of
the Patriarch)’, ഡൊമിനിക്കന്‍ ഏകാധിപതി റാഫേല്‍ ട്രുഹിയോയുടെ
ജീവിതത്തിലെ അവസാന മണിക്കൂറുകള്‍ വിഷയമാക്കുന്ന യോസയുടെ ‘ആടിന്റെ വിരുന്ന് (The
Feast of the Goat) തുടങ്ങിയ കൃതികളില്‍ പരിശോധിക്കുന്ന
പ്രമേയമാണ് അധികാരത്തിന്റെ ഏകാന്തത. ഈ മാസ്റ്റര്‍പീസുകളുടെ ഇതിഹാസ മാനമോ ആഴമോ
അവകാശപ്പെടാനാവില്ലെങ്കിലും ചടുലവും വികാര വിക്ഷുബ്ദവുമായ ഭാഷയില്‍ രചിക്കപ്പെട്ട, സമാനമായ മറ്റൊരു ‘ഏകാധിപതിയുടെ പതന’ നോവലാണ് ലിബിയയുടെ മുഅമ്മാര്‍
ഗദ്ദാഫിയുടെ അന്ത്യ രാവ് ചിത്രീകരിക്കുന്ന യാസ്മിന ഖദ്രയുടെ ‘ദി ഡിക്റ്റെറ്റേഴ്സ്
ലാസ്റ്റ് നൈറ്റ്.’ ഗദ്ദാഫിയുടെ സ്വന്തം ആഖ്യാനം ആയാണ് നോവല്‍ വികസിക്കുന്നത്.
‘അന്താരാഷ്‌ട്ര വേദികളില്‍ തന്റെ അധികാര സ്ഥലം അടയാളപ്പെടുത്താനായി
മൂത്രമൊഴിക്കുമായിരുന്ന അസൂയാലുവായ മെരുങ്ങാക്കടുവ’ ഇപ്പോള്‍ ട്രിപ്പോളിയില്‍
നിന്നുള്ള പാലായനത്തില്‍ സിര്‍ത്തെയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്കൂളില്‍
കുടുങ്ങിക്കിടപ്പാണ്. 2011 ഒക്ടോബര്‍
പത്തൊമ്പതിന്റെ രാത്രി. നാറ്റോ ബോംബിംഗിന്റെയും റിബല്‍ സൈന്യത്തിന്റെ
വെടിയുണ്ടകളുടെയും ഫലമായി കത്തിയെരിയുന്ന ആകാശത്തിനു ചുവടെ അയാളുടെ ജനറല്‍മാര്‍
ഒന്നുകില്‍ തളര്‍ന്നു പോയിരിക്കുന്നു, അല്ലെങ്കില്‍
സൈന്യത്തെ ഉപേക്ഷിച്ചു പാലായനത്തിലാണ്. പടിഞ്ഞാറിന്റെ പാവകളായ അറേബ്യന്‍
ഏകാധിപതികളില്‍ നിന്ന് വ്യത്യസ്തനായി, പരസ്പരം
പോരടിച്ചു ചിതറി നിന്ന ഗോത്രങ്ങള്‍ക്കിടയില്‍ നിന്ന് ലിബിയയെ ശക്തമായ ഒരു
രാജ്യമാക്കി മാറ്റിയത് താനാണ്. റിബലുകളുടെ മുന്നേറ്റം തടഞ്ഞു നിര്‍ത്താനാവാത്ത
ഘട്ടത്തില്‍ ഒരു കലുങ്കില്‍ അഭയം തേടുന്ന ഗദ്ദാഫി തന്റെ നാടിന്റെ നന്ദികേടില്‍
ക്രൂദ്ധനും നിസ്സഹായനുമാണ്. അവിടെ വെച്ചാണ് അയാള്‍ പിടിക്കപ്പെടുകയും അന്തിമ വിധി
ഏറ്റുവാങ്ങുകയും ചെയ്യുക.
ഒരേ സമയം എല്ലാവരെയും ചകിതരാക്കി കാല്‍ക്കീഴില്‍ നിര്‍ത്തുകയും വലിയ വായില്‍ സര്‍വ്വശക്തന്‍ ചമയുകയും ആത്മ രതിയുടെ ഊതി വീര്‍പ്പിച്ച സ്വന്തം സ്വത്വം മാധ്യമങ്ങളിലൂടെ നിരന്തരം നെടുനീളത്തില്‍ പ്രഘോഷിക്കുകയും പ്രജകളുടെ ഭയത്തില്‍ പിറന്ന മൗനത്തെ/ വിധേയത്വ ഭാവത്തെ തനിക്കുള്ള സര്‍വ്വ സമ്മതിയായി മനസ്സിലാക്കുകയും ചെയ്യുകയും ഒപ്പം ഏറെ വികാര വായ്പ്പോടെയും സൂക്ഷ്മ സംവേദന ഭാവത്തോടെ താന്‍ ഉണ്ടാക്കിയെടുത്ത ദേശത്തെ ചിറകിനടിയില്‍ സംരക്ഷിക്കാന്‍ വ്യഗ്രത കൊള്ളുകയും ചെയ്യുന്ന, ഒട്ടേറെ വൈരുധ്യങ്ങള്‍ നിറഞ്ഞ വ്യക്തിത്വമായാണ് ഗദ്ദാഫി നോവലില്‍ സ്വയം വെളിപ്പെടുന്നത്. സ്വന്തം മകന്‍ മുതസ്സിമിനെ ഒഴികെ ആരെയും വിശ്വാസത്തിലെടുക്കാതെയും ഏതു നിമിഷവും ആരുടെ വാക്കിലും ഒരു പ്രകോപനം കണ്ടെത്തി അയാളെ വക വരുത്തുന്ന പ്രകൃതക്കാരനായും അയാള്‍ ഭീകരത സൃഷ്ടിക്കുന്നത് ഇപ്പോഴും തുടരുന്നു. സെക്യൂരിറ്റി ചീഫ് മന്‍സൂര്‍ ദാവോ, ജന: അബുബക്കര്‍ യൂനിസ് ജബര്‍, തുടങ്ങിയവരൊക്കെ ഈ ക്ഷിപ്രകോപ പ്രകൃതം അനുഭവിക്കേണ്ടി വരുന്നുണ്ട്. ബെന്‍ അലിയെ പോലുള്ള പല മന്ത്രിമാരും അടുത്ത അനുയായികളും രിബലുകളോട് ചേരുന്ന വിവരം വന്നു കൊണ്ടേയിരിക്കുന്നു.
ബങ്കറില്‍ തന്റെ ഉറപ്പായ വിധി കാത്തു കഴിയുമ്പോഴും ജര്‍മ്മനിയെന്നാല്‍
താനാണെന്നു വീമ്പു പറഞ്ഞ ഹിറ്റ് ലറെ പോലെ ഗദ്ദാഫിയുടെ മൊഴികള്‍ ഒരു വശത്ത് സ്വയം
‘ഉടല്‍ രൂപം പൂണ്ട ഇതിഹാസം (mythology made flesh)’ എന്നും “ലിബിയ എല്ലാത്തിനും എന്നോട് കടപ്പെട്ടിരിക്കുന്നു!” എന്നുമുള്ള
താന്‍പോരിമയില്‍ അഭിരമിക്കുമ്പോള്‍ മറുവശത്ത് വിധിയൊരുക്കിയ വഴിയിലാണ് താനെന്നു
നിസ്സഹായമാവുന്നുമുണ്ട്;
“ഒരൊറ്റ ആശയമേ ഉള്ളൂ.. നമ്മുടെ വിധിയെ
വിശദീകരിക്കുന്ന ഒന്ന് മാത്രം. നാം അഭിനേതാക്കള്‍ മാത്രമാണ്; നാം നമ്മള്‍ തന്നെ തെരഞ്ഞെടുത്തതാവണം എന്നില്ലാത്ത വേഷം ആടുകയാണ്, സ്ക്രിപ്റ്റ് നോക്കാന്‍ അനുവാദവും ഇല്ല.”
ഇടവേളയില്‍ ഖുറാന്‍ പാരായണം ചെയ്യുകയും നോമ്പനുഷ്ടിക്കുകയും ചെയ്യുന്നയാള്‍
മയക്കുമരുന്നും കടിഞ്ഞാണില്ലാത്ത സ്ത്രീ സംസര്‍ഗ്ഗവും യഥേഷ്ടം തുടരുന്നുമുണ്ട്.
റിബലുകളെ കുറിച്ച് ‘ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ലെ’ന്നും താന്‍
അവരോടു ക്ഷമിക്കുന്നുവെന്നും ഒരേ സമയം കൃസ്തുവിനെ പോലെ വിനീതനാവുകയും ദൈവത്തെ പോലെ
മഹാമനസ്കന്‍ ആവുകയും ചെയ്യുന്നു. ‘എന്തിനെന്നെ കയ്യൊഴിഞ്ഞു?’ എന്ന്
വിലപിച്ച ദൈവ പുത്രനില്‍ നിന്ന് വ്യത്യസ്തനായി, ഒടുവിലത്തെ
കൊടും പീഡനങ്ങളില്‍ നിന്ന് ഒരു വെടിയുണ്ടയിലൂടെ തന്നെ മോചിപ്പിക്കുന്ന വിധിയില്‍
‘ദൈവം എന്നെ കൈവെടിയില്ല!’ എന്ന് അയാള്‍ ആശ്വസിക്കുന്നുമുണ്ട്. ചരിത്രപരമായി
ഗദ്ദാഫിയുടെ അന്ത്യത്തെ കുറിച്ചും വെടിയുതിര്‍ത്തതാര്, പിന്നീടെന്തു
സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങളിലും നോവലിസ്റ്റ് താല്‍പര്യം എടുക്കുന്നേയില്ല.
എങ്ങനെയാണ് ഗദ്ദാഫി ഇതെല്ലാം നേരിട്ടത് എന്ന് ഫിക് ഷനല്‍ രൂപത്തില്‍
അന്വേഷിക്കുകയാണ് നോവലിസ്റ്റ്. വൈരുദ്ധ്യങ്ങളുടെ സങ്കരമായി തന്റെ ഏകാധിപതിയെ
വരച്ചു വെക്കുന്നതിലൂടെ ഗദ്ദാഫിയെ സംബന്ധിച്ച മുഖ്യമായും പാശ്ചാത്യമായ കരികേച്ചര്‍
നിര്‍മ്മിതിയെ നോവലിസ്റ്റ് പൊളിച്ചെഴുതുന്നുണ്ട്. ലിബിയക്ക് വെളിയില്‍ അതിനാടകീയത
ഇഷ്ടപ്പെട്ട, സ്ത്രീകളെ അംഗ രക്ഷകരായി നിയമിച്ച ലോകത്തെ
ഏക എകാധിപതിയായാണ് ഗദ്ദാഫി ചിത്രീകരിക്കപ്പെട്ടത്.
ഗൌസ് ഗോത്രവംശജനായി തന്റെ ഏറ്റവും വിനീതമായ ബദൂയിന്‍
പാരമ്പര്യവും പിതൃത്വം സംബന്ധിച്ച അവമതിയും ഗദ്ദാഫിയെ എന്നും വേട്ടയാടിയിരുന്നു; ഒരു വേല ഈ അനുഭവങ്ങളാണ് അയാളുടെ പ്രകൃതം രൂപപ്പെടുത്തിയത് എന്ന് നോവല്‍
സൂചിപ്പിക്കുന്നു. 1941 –ല്‍ ഒരിക്കല്‍ തങ്ങളുടെ
ദേശത്തു തകര്‍ന്നു വീണ ജര്‍മ്മന്‍ ഫൈറ്ററിന്റെ പൈലെറ്റ് കോര്‍സിക്കക്കാരന്‍ ആല്‍ബെര്‍ട്ട്
പേര്‍സിയോസിയാണ് തന്റെ പിതാവെന്നു അപശ്രുതി കേട്ട യൗവ്വനകാലത്ത് ഗദ്ദാഫി അതോര്‍ത്ത്
ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ സിംഹാസനാവരോഹനത്തിനു ശേഷം അയാള്‍ കണ്ടെത്തി,
“ഞാന്‍
എന്നില്‍ത്തന്നെ ജനിച്ചവനാണ്, സ്വയം ജനിപ്പിച്ചവനും.”
ഒരാള്‍ എന്തായി സ്വയം ആക്കിത്തീര്‍ക്കുന്നുവോ അതാണ് പ്രധാനം, മറിയമിന്റെ
പുത്രന്‍ ഈസായെ പോലെ. സോവിയറ്റ് യൂണിയന് സ്റ്റാലിന്, ചൈനക്ക്
മാവോ, ഈജിപ്തിന് നാസര്‍ എന്ന പോലെ താനാണ് ലിബിയയുടെ
ചരിത്രമാകുക എന്നയാള്‍ വിശ്വസിച്ചു. വന്ന വഴി മറക്കാത്ത പ്രകൃതം, ഒളിവിടത്തിലെ ഭക്ഷണ ദൌര്‍ലഭ്യം പട്ടിണി കിടന്നുള്ള തന്റെ ശീലം കൊണ്ട് മറി
കടക്കുന്നുമുണ്ട്.
“ഞാനൊരു ബദൂയിന്‍ ആണ്, നിസ്വരുടെ
രാജാവ്, രാജാക്കന്മാരിലെ ഏറ്റവും നിസ്വന്‍.”
താന്‍ ദുര മൂത്തവനെ പെരുമാറിയപ്പോള്‍ അവയെ പുച്ഛക്കാന്‍ വേണ്ടി
മാത്രമായിരുന്നു എന്ന് ഗദ്ദാഫി പറയുന്നു. എന്നാല്‍, തന്റെ ആദ്യപ്രണയമായിരുന്ന ഫാതെനിന്റെ
പിതാവ് സ്കൂള്‍ ഹെഡ് മാസ്റ്ററെ പോലെ അതുപയോഗിച്ച് തന്നെ അപമാനിച്ചവരെ, അധികാരാരോഹണശേഷം ഒട്ടും കാരുണ്യപൂര്‍വ്വമായല്ല അയാള്‍ നേരിട്ടതും.
“എതിര്‍ക്കുന്നവരെ
കീഴടക്കുന്നത് പുതിയ ദേശങ്ങള്‍ കീഴടക്കും പോലെ ആസ്വദിച്ചു”
എന്നാണു അയാള്‍ ഏറ്റുപറയുന്നത്. കിരീടധാരത്തിനു
മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം 1972-ല്‍ ഫാതെനിന്റെ ഭര്‍ത്താവ്
ഇല്ലാകേസില്‍ വെട്ടയാടപ്പെട്ടപ്പോള്‍ അവള്‍ മൂന്നാഴ്ചക്കാലം ഗദ്ദാഫിയുടെ ലൈംഗിക
തടവിലായി. പിതാവ് ‘അപ്രത്യക്ഷനായി’. ആദ്യപ്രണയം അവമാനത്തില്‍ ഒരുങ്ങിയതാണ്
ഗദ്ദാഫിയെ ഒരു സ്ത്രീലമ്പടനാക്കിയത് എന്ന് ആഖ്യാനത്തില്‍ സൂചനയുണ്ട്. പൗരസ്ത്യ
സംഗീതം ഒഴികെ ഒരു കലാ രൂപത്തിലും തനിക്കു താല്പര്യമില്ലെന്നും മണല്‍ക്കാടില്‍
കാറ്റടിക്കുന്ന ശബ്ദമാണ് തനിക്കേറെ ഇഷ്ടം എന്നും ഗദ്ദാഫി പറയുന്നുണ്ട്. 1969 ആഗസ്റ്റ് മുപ്പത്തിയൊന്നിനു ഇദ്റീസ് രാജാവ് ചികിത്സാര്‍ത്ഥം
വിദേശത്തായിരുന്ന സന്ദര്‍ഭത്തിലാണ് ഗദ്ദാഫിയുടെ അട്ടിമറി അരങ്ങേറുന്നത്. അടുത്ത
കിരീടാവകാശി അധികാരം ഉപേക്ഷിച്ചപ്പോള്‍, രാജാവ്
പിന്നീട് തിരികെ വന്നതുമില്ല. ബെന്‍ഗാസി റേഡിയോയിലൂടെ ഗദ്ദാഫി തന്റെ ലിബിയന്‍ അറബ്
റിപ്പബ്ലിക് പ്രാഖ്യാപിച്ചു. തന്റെ പാതിവെന്ത ഇസ്ലാമിക് സോഷ്യലിസമെന്ന വികലമായ
ആശയം ഗ്രീന്‍ ബുക്ക് എന്ന പേരില്‍ പാഠ പുസ്തകമാക്കി. ഉമര്‍ മുഖ്താറിന്റെ നാട്ടില്‍
ഇനി കുരിശു യുദ്ധക്കാര്‍ വേണ്ട എന്ന നിലപാടാണ് പാശ്ചാത്യ ശക്തികള്‍ക്ക് ഗദ്ദാഫിയെ
ചതുര്‍ഥിയാക്കിയത്. നാട്ടില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പിന്നില്‍ അല്‍
ക്വായിദയാണ് എന്ന പല്ലവി അധികാരം ഉറപ്പിക്കാനും അമിതാധികാര പ്രയോഗത്തെ
ന്യായീകരിക്കാനും നിരന്തരം ഉപയോഗിക്കപ്പെട്ടു. തന്റെ വളര്‍ത്തു മകളെയടക്കം
കൊലപ്പെടുത്തിയ അമേരിക്കന്‍ ആക്രമണത്തിനുള്ള ‘കൊലാറ്റെരല്‍ ഡാമേജ്’ ഇനത്തില്‍
ലോക്കെര്‍ബി വിമാന ദുരന്തത്തെ ന്യായീകരിക്കുന്നുണ്ട് ഗദ്ദാഫി. അബു സലിം
കൂട്ടക്കൊല കലാപകാരികളെ ഒതുക്കാന്‍ ആവശ്യമായിരുന്നു എന്നും ഇല്ലായിരുന്നെങ്കില്‍
അള്‍ജീരിയയില്‍ സംഭവിച്ച പോലെ അരാജകത്വം സംഭവിച്ചേനെ എന്നും ഗദ്ദാഫി
ന്യായീകരിക്കുന്നു. തുടര്‍ന്ന് പത്തു വര്‍ഷം ലിബിയയില്‍ അരങ്ങേറിയ കിരാത
ഭരണത്തിന്റെ അന്ത്യ്മായാണ് ഇപ്പോള്‍ അയാള്‍ മരണ വക്ത്രത്തില്‍ നില്‍ക്കുന്നത്.
ഇതൊക്കെയാണെങ്കിലും അവമതിയുടെ നിമിഷങ്ങളില്‍ വായനക്കാരുടെ
സഹതാപം അയാളോടൊപ്പം നില്‍ക്കുന്നുണ്ട്. “ഒരു ദിനം ഇരപിടിയനും അടുത്ത നാള്‍ ഇരയും”
എന്ന രീതിയില്‍ അയാള്‍ ഭാവം പകരുന്നു. ‘സഹോദരതുല്യനായ വഴികാട്ടി’, ‘എന്നിലൂടെയാണ് മോക്ഷം’, ‘ഞാന്‍ കൊടുങ്കാറ്റിനെയോ
അട്ടിമറികളെയോ ഭയപ്പെടുന്നില്ല’, ‘ദൈവം എന്നോടൊപ്പം’,
‘ഞാന്‍ മുഅമ്മര്‍ ഗദ്ദാഫി. വിശ്വാസം അചഞ്ചലമായിരിക്കാന്‍ അത് മതി’
.. എന്നൊക്കെയാണ് അയാള്‍ സ്വയം അവരോധിക്കുക. എന്നാല്‍ ഇപ്പോള്‍, ജനറല്മാറില് നിന്ന് അടുത്ത ചലനം എങ്ങനെ, എങ്ങോട്ടായിരിക്കണം
എന്ന വിവരമെത്താനായി കാത്തിരിക്കുന്ന ഘട്ടത്തിലെ ഓര്‍മ്മകള്‍ ചികയുന്ന ഇടവേളയില്‍
പതിവ് ഹെറോയിന്‍ കുത്തിവെപ്പിന്റെ മായികക്കാഴ്ച്ചകളായി ഏകാധിപതി യുടെ ഭരണകാലത്ത്
അരങ്ങേറിയ കൂട്ടക്കുരുതികളും പ്രതികാര സന്ദര്‍ഭങ്ങളും ഇഴ കോര്‍ക്കുന്നു. ‘എന്റെ
പൗരുഷം കൊണ്ട് ഞാന്‍ പ്രസാദിപ്പിച്ച സ്ത്രീകളും’ കീഴടക്കിയ ‘നിശ്ചേതനരായിപ്പോയ’
കന്യകമാരും പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ഗദ്ദാഫിയുടെ കുപ്രസിദ്ധമായ
ഹാരെമുകളെ കുറിച്ചുള്ള വിവരണം അത് കുറിച്ചുള്ള മറ്റു ജനപ്രിയ ആഖ്യാനങ്ങളില്‍
നിന്ന് വ്യത്യസ്തമായി വളരെ മിതത്വത്തോടെയാണ് നോവലിസ്റ്റ് നടത്തുന്നത്.
ഭ്രമക്കാഴ്ചകളില്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം കൂടെക്കൂടെ കടന്നു വരുന്ന വാന്‍ഗോഗ്, ഒരു ഘട്ടത്തില്‍ പ്രത്യക്ഷനാകുന്ന സദ്ദാം ഹുസൈന്, വെടിയുണ്ടയേറ്റ് ബോധം മറയുന്ന ഒരേയൊരു ഘട്ടത്തില്‍ എത്തുന്ന മാതാവ്
എന്നിവരൊക്കെ തന്റെ അസ്തിത്വത്തിന്റെ അനിശ്ചിതത്വവുമായി അയാളെ മുഖാമുഖം നിര്‍ത്തുന്നുണ്ട്.
ഹിഷാം മതാറിന്റെ ‘പുരുഷന്മാരുടെ നാട്ടില്‍ (In the Country of Men) പോലുള്ള കൃതികളില്‍ ആവിഷ്കരിക്കപ്പെട്ട ലിബിയന്‍ സാമൂഹിക പ്രതിസന്ധികള്‍
ഇവിടെ ഏകാധിപതിയുടെ തന്നെ അനുഭവ മണ്ഡലത്തില്‍ നിന്ന് നോക്കിക്കാണുകയാണ്.
Swallows of Kabul by Yasmina Khadra
https://alittlesomethings.blogspot.com/2014/12/blog-post_26.html
Also read:
In the
Country of Men by Hisham Matar
https://alittlesomethings.blogspot.com/2024/08/in-country-of-men-by-hisham-matar.html
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ - 1: ലോഗോസ് ബുക്ക്സ് പേജ് 358-363)
To purchase, contact ph.no: 8086126024
Swallows of Kabul by Yasmina Khadra / John Cullen
അല്‍ജീരിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് യാസ്മിന ഖദ്ര (മുഹമ്മദ്
മൌലേ സഹൂല്‍) (ദി അറ്റാക്ക്, ദി
സൈറന്‍സ് ഓഫ് ബാഗ്ദാദ് ) താലിബാന്റെ കീഴിലുള്ള
കാബൂളിനെ പശ്ചാത്തലമാക്കി രചിച്ച കൃതിയാണ് 'കാബൂളിലെ
മേവല്‍ പക്ഷികള്‍' (The Swallows of Kabul). ഒരു പട്ടാള
ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം താന്‍ വിട്ടേച്ചു പോന്ന യുദ്ധകാലാനുഭവങ്ങളുടെയും
ശിഥിലമായ ദേശങ്ങളുടെയും നേര്‍ക്കാഴ്ചകളുടെ പിന്‍ബലത്തിലാണ് തന്റെ നോവലുകള്‍
രചിക്കുന്നത്. താലിബാന് കീഴെ ജീവിക്കുക എന്നത്
പിന്തുണക്കുന്നവര്‍ക്കും വിമതര്‍ക്കും ഒരു പോലെ എത്ര മാത്രം ദൗര്‍ഭാഗ്യകരമാണെന്ന്
എന്ന് ചടുലവും ഹ്രസ്വവും ഒപ്പം കാവ്യാത്മകവുമായ ഭാഷയില്‍ നോവല്‍ വരച്ചു കാട്ടുന്നു.
എവിടെ
നോക്കിയാലും യുദ്ധമേഖലകളും വിജന പ്രദേശങ്ങളും സെമിത്തേരികളും തകര്‍ന്ന വീടുകളും
പാതി കരിഞ്ഞ ചവറ്റുകൂനകളടിഞ്ഞ തെരുവുകളും മാത്രമുള്ള, അതൊക്കെയും ആവേശിച്ച ചത്ത മനസ്സുകളുള്ള മനുഷ്യരും പ്രേത
രൂപികളായ സ്ത്രീകളുമുള്ള നഗരമാണ് കാബൂള്‍.
“ആളുകള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു; അവര്‍
രാത്രിയെ അഭിമുഖീകരിക്കാനായി പകലിനോട് മുഖം തിരിക്കുന്നു,.. പ്രവാചകന്മാര്‍ മരിച്ചു പോയിരിക്കുന്നു, അവരുടെ
പ്രേതങ്ങള്‍ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളില്‍ പോലും കുരിശേറ്റപ്പെടുന്നു.”
എങ്കിലും
ജീവിതം അവസാനിക്കുന്നില്ല, “തളം കെട്ടിയ
ചതുപ്പില്‍ ജലത്തിലെ ലില്ലിപ്പൂക്കള്‍ വിടരുന്നത് പോലെ" അതിപ്പോഴും അവിടെയുമുണ്ടെന്നു നോവല്‍ ശുഭാപ്തി പകരുന്നു. ഈ പാഴ് ത്തറയില്‍ നമ്മളാദ്യം കാണുന്നത് ആതിഖ് ഷൌക്കത്ത് എന്ന, നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ജീവിതത്തില്‍ മടുപ്പും യാതനകളും മാത്രമുള്ള
ജയിലറെയാണ്. മുമ്പ് സോവിയറ്റ് അധിനിവേശ കാലത്ത് അയാളൊരു
സൈനികനായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ അവരെ
തള്ളിയും തല്ലിയും മാറ്റി അയാള്‍ വഴി കണ്ടെത്തുന്നത് ഇന്നയാള്‍ക്ക് ഒരു തടവ്
പുള്ളിയെ, വേശ്യാവൃത്തി ആരോപിക്കപ്പെട്ട ഒരു സ്ത്രീയെ, അവരെ എറിഞ്ഞു കൊല്ലുന്ന ചത്വരത്തിലേക്ക് അനുഗമിക്കാനുള്ളത് കൊണ്ടാണ്. അവരെ ഒരു ചാക്കിലാക്കി താലിബാന്‍ പട്ടാളക്കാരികളെ ഏല്‍പ്പിക്കണം. തനിക്ക് ധൃതിയുണ്ടെന്നും താനേറെ സ്നേഹിക്കുന്ന ഭാര്യയെ ആശുപത്രിയിലേക്ക്
കൊണ്ട് പോകേണ്ടതുണ്ടെന്നും അയാള്‍ മേലധികാരിയോടു പറയുന്നുണ്ട്. സ്ത്രീകളെ തുല്യരായി കാണുന്നത് പോയിട്ട് അവളെ 'സ്നേഹിക്കുക' എന്നത് തന്നെയും ഒരു ദൗര്‍ബല്യമായി കാണുന്നതാണ് താലിബാന് രീതി. കളിക്കൂട്ടുകാരനായിരുന്ന മിര്‍സാ ഷാ പിന്നീട് അത് വ്യക്തമാക്കുന്നുണ്ട്: രോഗിയാണെങ്കില്‍ അവളെ മൊഴി ചൊല്ലിയാല്‍ പോരെ? എന്നിട്ട്
വേറെ കെട്ടണം. തന്റെ ജീവന്‍ ഒരിക്കല്‍ രക്ഷിച്ചത്
അവളാണെന്നും അവളെ ഉപേക്ഷിക്കാനാവില്ലെന്നും പറയുന്ന ആതിഖിനോട് അയാള്‍ക്ക്
വിശദീകരണമുണ്ട്. പുരുഷന് സ്ത്രീയോട് ഒരു കടപ്പാടും
ആവശ്യമില്ല; അവള്‍ നിന്നെ രക്ഷിച്ചിട്ടുണ്ടെങ്കില്‍ അത്
ദൈവ നിയോഗം മാത്രം. മറിച്ച് നീ അവളെ വിവാഹം
ചെയ്തെങ്കില്‍ അവളാണ് നിന്നോട് കടപ്പെട്ടിരിക്കുന്നത്.
ചലച്ചിത്ര
ഘടനയിലെന്നോണം മാറുന്ന ഫോക്കസില്‍ നമ്മള്‍ കാണുന്ന മറ്റൊരു പ്രധാന കഥാപാത്രം
മൊഹ്സിന്‍ റാമത് ആണ്. സമ്പന്നനായിരുന്ന
ഒരു വ്യാപാരിയുടെ മകനായിരുന്ന അയാള്‍ ഒരു ഡിപ്ലോമാറ്റ് ആവുന്നത് സ്വപ്നം
കണ്ടിരുന്നു. താലിബാന് അധികാരത്തില്‍ എത്തിയതോടെ
സ്വപ്നങ്ങളില്ലാതായ അനേകരില്‍ ഒരാള്‍. മടുപ്പും ഒന്നും
ചെയ്യാനില്ലായ്മയും ചേര്‍ന്ന് സ്വന്തം മാനസിക സന്തുലനം നില നിര്‍ത്തുക ഒരു
പ്രശ്നമായിത്തീര്‍ന്നിട്ടുണ്ട് അയാള്‍ക്കും. പരസ്യ വധ
ശിക്ഷാ മുറക്ക് എതിരാണയാള്‍. എന്നാല്‍ ഇന്ന് തനിക്ക് തന്നെ
അറിയാതെ അയാള്‍ കല്ലെറിയുന്ന ഉന്മാദം പിടിപെട്ട ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുന്നു. ആദ്യമായി ആ സ്ത്രീയുടെ തലക്കേറ്റ ഏറ് തന്റെതായിരുന്നു എന്ന ചിന്ത
പിന്നീടയാളെ വേട്ടയാടും. തന്റെ ഭാര്യ സുനൈറയോട് അയാളത്
ഏറ്റു പറയുന്നത് കൂടുതല്‍ വിഷമകരമായ അവസ്ഥയാണുണ്ടാക്കുന്നത്. അതീവ സുന്ദരിയായ സുനൈറ ഏറെ വിവാഹാലോചനകള്‍ തള്ളിക്കളഞ്ഞാണ് മൊഹ്സിനെ
വിവാഹം ചെയ്തത്. മുപ്പത്തിരണ്ടുകാരിയായ അവര്‍ താലിബാന്
മുമ്പ് ഒരു മജിസ്ട്രേറ്റ് ആയിരുന്നു, ഒപ്പം സ്ത്രീ
സ്വാതന്ത്ര്യത്തിനു വേണ്ടി യത്നിച്ചിരുന്നവളും. ഭര്‍ത്താവിന്
ആര്‍ജ്ജവം നഷ്ടപ്പെട്ടു തുടങ്ങുന്നുവെന്ന അറിവ് അവര്‍ കൂടുതല്‍ ഉള്‍വലിയാന്‍
കാരണമാവുന്നു. മടുപ്പും മുഷിപ്പും മാറ്റാന്‍ ഒന്ന്
പുറത്തിറങ്ങാമെന്നു നിര്‍ദ്ദേശിക്കുന്ന മൊഹ്സിനെ സുനൈറ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. പര്‍ദ്ദ എന്ന വ്യക്തിത്വ ഹരണ വസ്ത്രം ധരിക്കാനുള്ള വെറുപ്പ് കാരണം
പുറത്തിറങ്ങാതിരിക്കുക എന്നതിലാണ് അവര്‍ക്ക് താല്പര്യം. അല്ലെങ്കില്‍ തന്നെ പുറത്തിറങ്ങിയിട്ട് ഈ പള്ളിക്കാടിന്റെ നഗരത്തില്‍
എന്ത് ചെയ്യാനാനെന്നു അവള്‍ ചോദിക്കുന്നു. എങ്കിലും
മൊഹ്സിന്റെ താല്പര്യത്തിന് അവര്‍ വഴങ്ങുന്നു.
ഒരു
നിമിഷത്തെ ഒരു ആകസ്മികതയില്‍ തെരുവില്‍ വെച്ച് ആതിഖ്, സുനൈറയെയും മൊഹ്സിനെയും തട്ടി വീഴ്ത്താന്‍ ഇടയാവുന്നു. മാപ്പുപറയാന്‍ പോലും നില്‍ക്കാതെ ഓടിപ്പോവുന്ന അയാളെ പഴി പറഞ്ഞു അടുത്ത
നിമിഷം അവര്‍ ചിരിച്ചു പോവുന്നു. എന്നാല്‍ താലിബാന്
നഗരത്തില്‍ ചിരിക്കരുതെന്ന പാഠം അവര്‍ മറന്നു പോയി. 'ഇത് സര്‍ക്കസ്
ആണെന്നാണോ നിങ്ങള്‍ കരുതുന്നത്? എന്ന ചോദ്യത്തോടെ ഒരു
താലിബാന്‍ ഗുണ്ട മൊഹ്സിനെ കഠിനമായി പ്രഹരിക്കുന്നു. രംഗത്ത്
കൂടുതല്‍ താലിബാന്‍ പോരാളികള്‍ എത്തുന്നതോടെ ഭയന്ന് ചൂളിപ്പോവുന്ന മൊഹ്സിനോട്, തൊട്ടടുത്ത പള്ളിയില്‍ നടക്കുന്ന മുല്ലയുടെ പ്രസംഗം കേള്‍ക്കാന്‍ പോവാന്‍
നേതാവ് നിര്‍ദ്ദേശിക്കുന്നു. അത് കഴിയും വരെ ഭാര്യ
തെരുവില്‍ കാത്തു നില്‍ക്കും. പോംവഴിയേതുമില്ലാതെ മുല്ലയുടെ മണിക്കൂറുകള്‍
നീണ്ട പാശ്ചാത്യ ലോകത്തിനെതിരെയുള്ള വിദ്വേഷ പ്രസംഗം കേട്ടിരിക്കുന്ന മൊഹ്സിന്റെ
മനസ്സില്‍ മുഴുവനും പൊരിവെയിലത്ത് താന്‍ വെറുക്കുന്ന പര്‍ദ്ദയില്‍ മൂടി കാത്തു
നില്‍ക്കുന്ന സുനൈറയാണ്. ഈ സംഭവത്തോടെ സുനൈറ പരിപൂര്‍ണ്ണമായും
തന്റെ ഉള്ളിലേക്ക് വലിയുന്നു. പിന്നീടൊരിക്കലും പര്‍ദ്ദ
അവള്‍ അഴിച്ചു വെക്കുന്നില്ല, വീട്ടിനകത്ത് പോലും. മൊഹ്സിനാകട്ടെ അവളുടെ ജീവിതത്തില്‍ നിന്ന് നിഷ്ക്കാസനം ചെയ്യപ്പെടുകയും
ചെയ്യുന്നു. "നിന്റെ മുഖം മാത്രമാണ് എനിക്കുള്ള ഒരേയൊരു
സൂര്യന്, അതെന്നില്‍ നിന്നും മറക്കരുത്" എന്ന് കെഞ്ചുന്ന അയാളോട്, “ഒരു സൂര്യനും രാവിനെതിരെ
പിടിച്ചു നില്‍ക്കാനാവില്ല" എന്ന് അവള്‍
പ്രതിവചിക്കുന്നു. അവളുടെ മനസ്സില്‍ അയാളും താലിബാന്‍
മുഖമുള്ള പുരുഷന് ആയിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍
അവളുടെ പ്രതികരണവും ഒരു മത ഭ്രാന്തിന്റെ തീവ്രതയുള്ളതാണെന്നു കുറ്റപ്പെടുത്തുന്ന
മൊഹ്സിനോട്, അങ്ങനെയെങ്കില്‍ നിങ്ങളാദ്യം പോയി അവര്‍ക്കെതിരില്‍
നിലപാടെടുക്കൂ, എന്നിട്ട് അവരെ തിരുത്തിക്കൂ, അപ്പോള്‍ ഞാന്‍ സസന്തോഷം പര്‍ദ്ദയഴിക്കാം എന്ന് അവള്‍ പ്രതിവചിക്കുന്നു. നിങ്ങളുടെ ഭാര്യയുടെ നേരെ ഒരുത്തന്‍ കൈ ചൂണ്ടിയപ്പോള്‍ എവിടെയായിരുന്നു ഈ ശൗര്യമെന്ന
വെല്ലുവിളി കൂടെയാവുമ്പോള്‍ അയാള്‍ പുരുഷാധിപത്യ പരമായ 'ഭര്‍ത്താവിന്റെ അവകാശ'മെന്ന ഭീഷണിയിലേക്ക് മാറുന്നു. തുടര്‍ന്നുണ്ടാവുന്ന കയ്യേറ്റവും ചെറുത്തുനില്‍പ്പും അയാളുടെ ആകസ്മിക
മരണത്തിനു കാരണമാവുന്നു.
യാസ്മിന്‍
ഖദ്രയുടെ നോവലുകളില്‍ പൊതുവേ കാണപ്പെടുന്ന ഒരു രീതിയാണ് താരതമ്യേന വിശദമായ
മൂന്നില്‍ രണ്ടു ഭാഗത്തിന് ശേഷം ഒരു ത്രില്ലറിന്റെ ചടുലതയും വേഗതയുമുള്ള അവസാന
മൂന്നിലൊന്നിലേക്കുള്ള മാറ്റം. ദി
അറ്റാക്ക്, ദി സൈറന്‍സ് ഓഫ് ബാഗ്ദാദ് എന്നീ കൃതികളില്‍
ഇത് വ്യക്തമാണ്. ചിലപ്പോഴെങ്കിലും അത് ഒരു റോബര്‍ട്ട്
ലുഡ് ലം നിലവാരത്തിലേക്ക് താഴുന്നുണ്ടെന്നു വിമര്‍ശനമുണ്ട്. സുനൈറ ജയിലെലെത്താനിടയാവുന്ന ഘട്ടം വരെയുള്ള ആഖ്യാനത്തില്‍ ഉള്ള അവധാനത
പോലും ഇനിയുള്ള ഭാഗങ്ങളില്‍ ഇല്ല.
ഭര്‍തൃ
ഘാതകിയെന്ന പേരില്‍ ആതിഖിന്റെ ജയിലിലെത്തുന്ന സുനൈറയുടെ ഹൃദയ ഭേദകമായ സൗന്ദര്യവും
നിരപരാധിത്വവും ആതിഖിനെ വല്ലാത്തൊരു മാനസികാവസ്ഥയില്‍ എത്തിക്കുന്നു. നിത്യ രോഗിയായി നാളുകള്‍ എണ്ണിത്തുടങ്ങിയ അയാളുടെ ഭാര്യ
മുസറാത് അതീവ നാടകീയമായ ഒരു ചലനത്തിലൂടെ ആള്‍മാറാട്ടം നടത്തി സുനൈറയെ വധശിക്ഷയില്‍
നിന്ന് രക്ഷിക്കാന്‍ വഴി കണ്ടെത്തുന്നു. തന്റെ ഭര്‍ത്താവിന്റെ
കൂടെ തന്റെ സ്ഥാനത്ത് അവള്‍ക്കു കഴിയാം. എനിക്ക്
നിങ്ങളുടെ ജീവിതത്തില്‍ ആവാന്‍ കഴിയാതെ പോയതൊക്കെയും അവളാവും!' എന്നാല്‍ പിന്നീട് അയാളെ നാം കാണുന്നത് പരസ്യ വധശിക്ഷ കഴിഞ്ഞ രാവില്‍ സര്‍വസ്വവും
നഷ്ടപ്പെട്ടു മുസറാത്തിന്റെ കുഴിമാടത്തില്‍ ഇരുന്നു കരയുകയും തെരുവുകളിലൂടെ കണ്ട
സ്ത്രീകളെയെല്ലാം പര്‍ദ്ദയുടെ മുഖാവരണം നീക്കിയും ശല്യം ചെയ്തും ഭ്രാന്തനെ പോലെ, ശിക്ഷാ നടത്തിപ്പുകളുടെ മേല്‍ നോട്ടക്കാരനായ കാസിമിന്റെ ഹാരമില്‍
ഒടുങ്ങിയിരിക്കാനിടയുള്ള സുനൈറയെ അന്വേഷിച്ചു അലയുകയും ചെയ്യുന്ന നിലയിലാണ്. അയാളുടെ ചെയ്തിയില്‍ 'മാനം' നഷ്ടപ്പെടുന്ന പുരുഷന്മാരുടെ മാരകമായ കയ്യേറ്റത്തില്‍ അയാള്‍ കുഴഞ്ഞു വീണു
നിശ്ചലനാവുന്നത് ഒരു കുരിശു മരണത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ നോവലില്‍
അവതരിപ്പിക്കുന്നു. “അയാളെ തൂക്കിക്കൊല്ലുക! കുരിശേറ്റുക ! ജീവനോടെ ചുട്ടു കൊല്ലുക!" എന്നാര്‍ക്കുന്ന ആള്‍ക്കൂട്ടം.
“പിന്നീടുണ്ടാവുന്നത് ഗാംഭീര്യമുള്ള തീവ്ര നിശ്ശബ്ദതയാണ്. കണ്ണുകളടക്കവേ, തന്റെ ഉറക്കം രാവിന്റെ
രഹസ്യങ്ങള്‍ പോലെ ആഴമളക്കാനാവാത്തതാവണേ എന്ന് അയാള്‍ പൂര്‍വ്വികരോട് പ്രാര്‍ത്ഥിക്കുന്നു.”
സൈന്യത്തിലായിരുന്നപ്പോള്‍ മേലധികാരികളുടെ പരിശോധനക്കും അംഗീകാരത്തിനും താനെഴുതിയതൊക്കെയും വിധേയമാക്കേണ്ടി വരുന്ന പ്രയാസം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നെങ്കിലും ഒരു സ്ത്രീയുടെ പേര് തൂലികാ നാമമായി നോവലിസ്റ്റ് സ്വീകരിച്ചത് കൂടുതല്‍ പ്രസക്തമാണ്. താലിബാന് സമൂഹത്തിന്റെ പ്രതീകങ്ങളായ പുരുഷ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം വികസിക്കുന്നതെങ്കിലും, നോവലിന്റെ വൈകാരിക സാന്ദ്രത സുനൈറയെയും മുസറാത്തിന്റെയും ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് ഉരുത്തിരിയുന്നത്. സഹനത്തിന്റെ ഉദാത്ത ഭാവങ്ങളും പ്രതികൂലാവസ്ഥകള്‍ക്കിടയിലും ജീവിത സങ്കീര്‍ണ്ണതകള്‍ക്ക് പ്രായോഗിക പോംവഴികള്‍ കണ്ടെത്തുന്ന അവരുടെ ഇടപെടലുകളും എല്ലാത്തിനും കീഴ്പ്പെടുക മാത്രം ചെയ്യുന്ന അവരുടെ ഭര്‍ത്താക്കന്മാരെക്കാള്‍ അവരുടെ മാനവികത സമര്‍ഥിക്കുന്നു. താലിബാന് സമൂഹത്തിന്റെ ഇതര വശങ്ങളും അനുഭവ വേദ്യമാകുന്നത് മറ്റു ഉപകഥാപാത്രങ്ങളി ലൂടെയും സന്ദര്‍ഭങ്ങളിലൂടെയുമാണ്. നോവലിന്റെ തുടക്കത്തില്‍ തന്നെ കാണാവുന്ന ഒട്ടു മിക്ക മനുഷ്യരും വികലാംഗരായിപ്പോയിട്ടുള്ള അവസ്ഥ എല്ലാവരും ഒരര്‍ഥത്തില്‍ പഴയ യുദ്ധപ്പോരാളികള്‍ അല്ലെങ്കില്‍ ഇരകള്‍ ആണെന്നും അതാണ് കാബൂള്‍/ താലിബാന് ജീവിതമെന്നും സൂചിപ്പിക്കുന്നു. ശ്മശാനങ്ങള്‍ തെരുവുകളെ കയ്യേറുന്ന നഗരമെന്ന വിശേഷണം മരണം ഒരു നിത്യ നിദാന്ത സത്യമാവുന്ന കലാപ ഭൂമിക്ക് ചേരുന്നതു തന്നെ. പാശ്ചാത്യ അധിനിവേശത്തിനെതിരിലും ഇസ്ലാം സംരക്ഷണത്തിന് വേണ്ടിയും രക്തസാക്ഷികളാവുന്ന വരുടെ ജഡം അഴുകില്ലെന്നും അതിനെപ്പോഴും സുഗന്ധമായിരിക്കുമെന്നു വിശ്വസിക്കുന്ന സാമാന്യ ബോധം എങ്ങനെയാണ് മൌലിക വാദ സമൂഹം അന്ധ വിശ്വാസ ബദ്ധമായി പ്പോവുന്നതെന്ന് വ്യക്തമാക്കുന്നു. തങ്ങളുടെ വിധിയുടെ കെണിയില്‍ രക്ഷപ്പെടാനാവാത്ത വിധം പെട്ടുപോയിട്ടുള്ള സാധാരണക്കാരുടെ പ്രതിനിധിയായ വികലാംഗനായ വൃദ്ധന്‍ നസീഷ് ഒരിക്കലും രക്ഷപ്പെടാനാവില്ലെങ്കിലും എപ്പോഴും പുറപ്പെട്ടു പോകുന്നത് സ്വപ്നം കാണുന്നു. ഖാസിം അബ്ദുല്‍ ജബ്ബാര്‍ എന്ന ശിക്ഷാവിധി നടത്തിപ്പുകാരന്‍ 'കാര്യങ്ങള്‍ (പരസ്യ വധശിക്ഷകള്‍) വൃത്തിയായും വെടിപ്പായും' നടത്താന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നത്, ഫണ്ടമെന്റലിസ്റ്റ് കാഠിന്യങ്ങളുടെ നിര്‍വ്വികാര മുഖം വ്യക്തമാക്കുന്നു. പരസ്യ വധശിക്ഷാ നടത്തിപ്പിന്റെ ആദ്യ രംഗത്തില്‍ വെച്ചാണ് രണ്ടു ദമ്പതിമാരുടെയും ജീവിതങ്ങള്‍ പരസ്പരം ഇഴ കോര്‍ക്കുന്നത്. മറ്റൊരു പരസ്യ വധ ശിക്ഷാ നടത്തിപ്പില്‍ എല്ലാം ഒടുങ്ങുകയും ചെയ്യുന്നു. സ്ത്രീകളുടെ അപമാനവീകരണവും ശിക്ഷാ വിധികളുടെ വേട്ടയാടലും അടഞ്ഞ സമൂഹത്തിലെ ജീവനോടെയടക്കലും മറ്റൊരു ഫണ്ടമെന്റലിസ്റ്റ് സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ സമാനമായ ഒരു വേട്ടയുടെയും അവസാനമില്ലാത്ത സഹനത്തിന്റെയും കഥ പറയുന്ന ഒരു മാസ്റ്റര്‍പീസിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: പതിനേഴാം നൂറ്റാണ്ടിന്റെ പ്യൂരിറ്റന്‍ മസാച്ചുസെറ്റ് പശ്ചാത്തലമാക്കി നാഥനീല്‍ ഹോതോണ്‍ രചിച്ച 'ദി സ്കാര്‍ലെറ്റ് ലെറ്റര്‍' എന്ന കൃതിയെ.
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 38-42)
To purchase, contact
ph.no: 8086126024
Also from Yasmina Khadra:
The Dictator's Last Night by Yasmina Khadra
https://alittlesomethings.blogspot.com/2017/12/04.html
The Temple of the Golden Pavilion by Yukio Mishima / Ivan Morris
മിഷിമയുടെ ഒരു നൂറ്റാണ്ട്
(രണ്ടാം ലോകയുദ്ധാനന്തര ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട യുകിയോ മിഷിമയുടെ ജന്മശദാബ്ധി വര്‍ഷത്തില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളില്‍ ഒന്നായ The Temple of Golden Pavillion എന്ന നോവലിന്റെ വായനയിലൂടെ ആ രചനാ ലോകത്തേക്കും വ്യക്തിത്വത്തിലെക്കും കടന്നു ചെല്ലാനുള്ള ശ്രമമാണ് ഇവിടെ. ഭാഷാപോഷിണി (ഏപ്രില്‍ 2025) മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)
“നിങ്ങൾ ബുദ്ധനെ
കണ്ടുമുട്ടുമ്പോൾ, ബുദ്ധനെ കൊല്ലുക! നിങ്ങളുടെ
പൂർവ്വികനെ കണ്ടുമുട്ടുമ്പോൾ, പൂർവ്വികനെ കൊല്ലുക! നിങ്ങൾ ബുദ്ധശിഷ്യനെ കണ്ടുമുട്ടുമ്പോൾ, ശിഷ്യനെ കൊല്ലുക! നിങ്ങൾ നിങ്ങളുടെ അച്ഛനെയും അമ്മയെയും കണ്ടുമുട്ടുമ്പോള്‍, അച്ഛനെയും അമ്മയെയും കൊല്ലുക! നിങ്ങളുടെ ബന്ധുക്കളെ കണ്ടുമുട്ടുമ്പോൾ, ബന്ധുക്കളെ കൊല്ലുക! അങ്ങനെ മാത്രമേ നിങ്ങൾക്ക് മോക്ഷം ലഭിക്കുകയുള്ളൂ. അങ്ങനെ
മാത്രമേ നിങ്ങൾ ഭൗതിക കാര്യങ്ങളുടെ ചവിട്ടേല്‍ക്കലില്‍ നിന്ന് രക്ഷപ്പെടുകയും
സ്വതന്ത്രരാകുകയും ചെയ്യുകയുള്ളൂ.”
- സെന്‍ ഗുരു
റിൻസായിയിൽ നിന്നുള്ള ഉദ്ധരണി (നോവലില്‍ ഉദ്ധരിക്കപ്പെടുന്നു)
"എന്നേക്കാൾ
അധികം അച്ഛനെയോ അമ്മയെയോ മകനെയോ മകളെയോ സ്നേഹിക്കുന്നവൻ എന്നില്‍ പെട്ടവനല്ല"
– മത്തായി 10:37
‘രണ്ടാം
ലോകയുദ്ധത്തിനുശേഷം രംഗത്തെത്തിയവരില്‍ ഏറ്റവും പ്രതിഭാധനനായ ജാപനീസ് എഴുത്തുകാരന്‍’
എന്നു വിശേഷിപ്പിക്കപ്പെട്ട യൂകിയോ മിഷിമയുടെ ജന്മശദാബ്ധി വര്‍ഷമാണ് ഇത് (2025). മിഷിമ പ്രതിഭയുടെ തിളക്കം
അഞ്ചരപ്പതിറ്റാണ്ടിനിപ്പുറവും വായനാ ലോകത്തെ മുഗ്ദമാക്കുന്നതെന്തുകൊണ്ട് എന്ന
ചോദ്യം, ആ രചനയുടെ ശക്തിയും സാര്‍വ്വലൗകിക, സാര്‍വ്വ കാലിക പ്രസക്തിയും എടുത്തുകാട്ടുന്നു.
മിഷിമാ കൃതികളില്‍ രചനാവൈഭവം, ദാര്‍ശനിക ഗരിമ, ചരിത്രപരവും സമകാലികവുമായ സംവാദാത്മകത തുടങ്ങി എല്ലാംകൊണ്ടും ഒരു മാസ്റ്റര്‍പീസ്
എന്ന് ഗണിക്കപ്പെടുന്ന ‘ദ് ടെമ്പിള്‍ ഓഫ് ഗോള്‍ഡന്‍ പവിലിയന്‍’ വായന, മഹാനായ എഴുത്തുകാരനോടുള്ള ഒരു വായനക്കാരന്റെ അര്‍ച്ചനയാണ്.
...................
തുടര്‍ വായനയ്ക്ക്:
