ആത്മപീഡയുടെ കവചം
“my mouth will be the mouth of those
calamities that have no mouth”
- Aimé Césaire
ഇന്ത്യന്‍ - ക്രിയോള്‍ പാരമ്പര്യമുള്ള മോറീഷ്യന്‍ എഴുത്തുകാരി ആനന്ദ ദേവിയുടെ കൃതികള്‍ ഇന്‍ഡോ- മോറീഷ്യന്‍ സമൂഹത്തിലെ സ്ത്രീത്വത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയും പ്രശ്നങ്ങളെ കാവ്യാത്മക, ഭാവഗീതാത്മക ശൈലിയില്‍ ആവിഷ്കരിക്കുന്നു. പതിനഞ്ചാം വയസ്സില്‍ ആദ്യ സാഹിത്യ സമ്മാനം നേടിയ ആനന്ദ ദേവി, തുടര്‍ന്നിങ്ങോട്ട് ഒട്ടേറെ വിഖ്യാത പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സാഹിത്യ ചര്‍ച്ചകളില്‍ അത്രയൊന്നും കൊണ്ടാടപ്പെട്ട ഒന്നല്ല മോറീഷ്യന്‍ സാഹിത്യമെങ്കിലും ആനന്ദാ ദേവിയുടെ സംഭാവനകളിലൂടെ ആ കുറവ് വലിയ തോതില്‍ അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഭയും ധീരമായ വീക്ഷണവും വിട്ടുവീഴ്ചയില്ലാത്ത നൈതികതയും ചേര്‍ന്ന സമ്പന്നമായ രചനാ ലോകത്തിലൂടെ അവര്‍ സ്വന്തം നാട്ടുകാരനായ മറ്റൊരു വലിയ ജീനിയസ്സിന്റെ പാത പിന്തുടര്‍ന്നു: നോബല്‍ പുരസ്കാര ജേതാവായ സാക്ഷാല്‍ ഴാങ് മറീ ഗിസ്റ്റാഫ് ലെ ക്ലെസിയോയുടെ. കാവ്യസുന്ദരമായ ഗദ്യമുപയോഗിച്ചു ദാരിദ്ര്യവും സ്ത്രീവിരുദ്ധതയും ‘വിഷലിപ്തമായ പൌരുഷവും’ (toxic masculinity) അടയാളപ്പെടുത്തുന്ന പ്രാദേശിക ജീവിതം ചിത്രീകരിക്കുന്നതിലൂടെ നതാഷ അപ്പനായെ പോലുള്ള മറ്റു മോറീഷ്യന്‍ എഴുത്തുകാര്‍ക്ക് അവര്‍ വഴികാട്ടിയുമായി. എട്ടു നോവലുകളും കുറെയേറെ ചെറുകഥാ - കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള അവരുടെ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട രണ്ടാമത് നോവലാണ് Eve Out of Her Ruins.
ബഹുസ്വരമായി
ആവിഷ്കരിക്കപ്പെടുന്ന ‘ഈവ്’ ടീനേജുകാരായ നാലു പേരുടെ മാറിമാറി വരുന്ന, വ്യക്തിത്വ
വൈവിധ്യം വിളിച്ചോതുന്ന സ്വഗതാഖ്യാന സ്വഭാവമുള്ള ചെറു അധ്യായങ്ങളിലൂടെയാണ് ചുരുള്‍
നിവരുന്നത്. മോറീഷ്യസിന്റെ പ്രസിദ്ധമായ ടൂറിസം പോരിമ വിളിച്ചോതുന്ന മാനുവലുകളില്‍
ഇടം പിടിക്കാത്ത കൊടിയ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും
മുഖമുദ്രയായ, പോര്‍ട്ട് ലൂയിസ് എന്ന തലസ്ഥാന നഗരിയിലെ
കൌമാര/ യുവകുറ്റവാളി സംഘങ്ങള്‍ കയ്യടക്കിയ ട്രോമൊരോണ്‍ ചേരികളുടെ പശ്ചാത്തലത്തില്‍
ഉണര്‍ന്നു വരുന്ന ലൈംഗിഗതയുടെയും സ്വത്വ സംഘര്‍ഷങ്ങളുടെയും
മോചനമില്ലാത്ത ഇരുണ്ട സാധ്യതകളുടെ ജീവിതതാളം മുറിച്ചു കടക്കാന്‍
ശ്രമിക്കുന്നതിന്റെയും അനിവാര്യ ദുരന്തങ്ങളുടെയും വ്യര്‍ത്ഥബോധത്തിന്റെയും
സ്വയമെരിഞ്ഞടങ്ങുന്ന പ്രതികാരത്തിന്റെയും കഥയാണത്. ദുര്‍ബ്ബലരായ മുതിര്‍ന്നവര്‍, പെട്ടുപോകുന്ന സാഹചര്യങ്ങള്‍, ഇരുണ്ട ഭാവി
എന്നതൊക്കെ ഈ കൌമാരക്കാരെ മൂപ്പെത്തുംമുമ്പേ ‘മുതിര്‍ന്നവര്‍’ ആക്കുമ്പോള്‍, വാസ്തവത്തില്‍, അവര്‍ വൈകാരികമായി മുരടിച്ചു പോവുകയും ദിശ നഷ്ടപ്പെട്ടു നൈരാശ്യത്തിന്
അടിപ്പെടുകയും ചെയ്യുകയാണ്.
തലക്കെട്ടിലെ
ഈവ്, പകല്‍
സ്കൂള്‍ വിദ്യാര്‍ഥിനിയും രാത്രി ലൈംഗിക തൊഴിലാളിയുമാണ്. വീട്ടില്‍ തന്നെ
തല്ലിയൊതുക്കുന്ന പിതാവും നിസ്സഹായയായി കണ്ടു നില്‍ക്കുന്ന “അപമാനത്തിന്റെ ഒരു
ചെറു കൂന” മാത്രമായ അമ്മയും അവള്‍ക്ക് ചെറുപ്പം തൊട്ടേ പ്രദേശത്തെ ആണ്‍കുട്ടികളില്‍
നിന്നും മുതിര്‍ന്നവരില്‍ നിന്നും എല്ലാ തരം കടന്നു കയറ്റങ്ങളും നേരിടേണ്ടി
വന്നിട്ടുണ്ട്. തന്നെയും തന്നെ പോലുള്ള മറ്റു പെണ്‍കുട്ടികളെയും കാത്തിരിക്കുന്ന
വിധിയെന്ത് എന്നതിനെ കുറിച്ച് അവള്‍ക്ക് കൃത്യമായ ധാരണ അന്നേ ഉണ്ടാവുന്നുണ്ട്.
അന്നേ അവള്‍ കണ്ടെത്തുന്നത് പുരുഷ പരമാധികാര സാഹചര്യത്തില്‍ തന്റെ ആവശ്യങ്ങള്‍ക്കു
പകരം കൊടുക്കാന്‍ തന്റെ ഉടല്‍ മാത്രമേയുള്ളൂ എന്നാണ്. ഉടല്‍ കൊണ്ട് കച്ചവടം
ചെയ്യുമ്പോള്‍ അവള്‍ പറയുക “അവളുടെ ഉടലില്‍ നിന്ന് പുറത്തേക്ക് ചുവടു വെച്ചു”
എന്നും “അവളില്‍ സ്വയം വേറിട്ട്” എന്നുമൊക്കെയാണ്, കാരണം
അവള്‍ ചെയ്യുന്നതെന്തോ അത് ചെയ്യാന്‍ അവള്‍ക്കാ സ്വയം അന്യവല്‍ക്കരണം
അനിവാര്യമായിരുന്നു. താന്‍ നേരിടുന്ന അത്യന്തം ഹീനമായ അനുഭവങ്ങളെ കുറിച്ചുള്ള
ഈവിന്റെ ആഖ്യാനങ്ങളില്‍ പ്രകടമായ തണുത്തു മരവിച്ച ഭാവം ഈ അന്യവല്‍ക്കരണത്തിന്റെ,
തനിക്കുള്ളില്‍ മറ്റൊരു ഈവ് ഉണ്ടെന്ന തോന്നലിന്റെ/ സ്വയം
വിശ്വസിപ്പിക്കലിന്റെ നിദര്‍ശനമാണ്:
“ഞാന്‍ നിരന്തര വിനിമയത്തിലാണ്. എന്റെ ഉടല്‍ ഒരു താല്‍ക്കാലിക വിശ്രമ
സ്ഥലമാണ്. എല്ലാ വിഭാഗങ്ങളും സൂക്ഷ്മ നിരീക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്.
കാലങ്ങളിലൂടെ, അവ പോള്ളലുകളും വിള്ളലുകളും കൊണ്ട് പൂവിട്ടിരിക്കുന്നു. എല്ലവരും ചില
അടയാളങ്ങള്‍ പതിപ്പിക്കുന്നു, തന്റെ അധികാരപരിധി
അടയാളപ്പെടുത്തുന്നു.
“എനിക്ക് പതിനേഴു വയസ്സായി, ഞാന്‍ ഒരു പുല്ലും കാര്യമാക്കുന്നില്ല.
“ഞാന്‍ സുതാര്യമാണ്. ആണ്‍കുട്ടികള്‍ എന്റെ നേരെ നോക്കുന്നത് അവര്‍ക്കെന്നെ
അകംപുറം കാണാം എന്ന മട്ടിലാണ്. പെണ്‍കുട്ടികള്‍ എന്നെ ഞാനൊരു രോഗമാണ് എന്ന മട്ടില്‍
ഒഴിവാക്കുന്നു. എന്റെ പേര് എന്നേക്കുമായി ചീത്തയായിക്കഴിഞ്ഞു.
ഞാന്‍ തനിച്ചാണ്. എന്നാല്‍ കുറെ കാലമായി ഒറ്റക്കാകുന്നതിന്റെ മൂല്യം ഞാന്‍
തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ നെടുകെ മുന്നോട്ടു നടക്കുന്നു, തൊട്ടുകൂടാത്തവളായി. ആര്‍ക്കും എന്റെ
ശൂന്യ ഭാവത്തില്‍ നിന്ന് ഒന്നും വായിച്ചെടുക്കാനാവില്ല, എന്ത് പ്രകടിപ്പിക്കണമെന്ന് ഞാന്‍ തീരുമാനിക്കുന്നതെന്തോ അതൊഴിച്ച്. ഞാന്‍
മറ്റുള്ളവരെ പോലെയല്ല. ഞാന്‍ ട്രോമെരോണ്‍കാരിയല്ല. അവിടെക്കഴിയുന്ന മറ്റു
അലസന്മാരെ പോലെ ചുറ്റുവട്ടം എന്റെ ആത്മാവിനെ മോഷ്ടിച്ചിട്ടില്ല. ഈ അസ്ഥിപഞ്ജരം
അതിന്റെ അടിവയറ്റില്‍ ഒരു രഹസ്യ ജീവന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത്
നിഷേധത്തിന്റെ മൂര്‍ച്ചയുള്ള അറ്റം കൊണ്ട് കൊത്തിവെക്കപ്പെട്ടതാണ്. ഭൂതമോ ഭാവിയോ
പ്രശ്നമല്ല; അവ നിലനില്‍ക്കുന്നില്ല. വര്‍ത്തമാനവുമില്ല.
..
“ഞാന്‍ സ്വയം സംരക്ഷിക്കുന്നു. ആണുങ്ങളില്‍ നിന്ന് എന്നെ സ്വയം
രക്ഷിക്കേണ്ടതെങ്ങനെ എന്ന് എനിക്കറിയാം. ഞാനാണിവിടെ ഇരപിടിയന്‍..
അവരെന്നെ കൊണ്ട് പോകുന്നു. അവരെന്നെ തിരികെ കൊണ്ടുവരും. ചിലപ്പോള്‍ അവര്‍
കഠിനമായി പെരുമാറും. അത് സാരമില്ല. അതൊരു ഉടല്‍ മാത്രമാണ്. അത് സുഖം പ്രാപിക്കും.
അതാണതിന്റെ രീതി.”
ആദ്യ
അധ്യായത്തില്‍ തന്നെ ഇതൊക്കെയും ഈവിന്റെ ആഖ്യാനത്തില്‍ പറഞ്ഞുവെക്കുന്നത് നിരാര്‍ഭാടമായ
ചേരി ജീവിതത്തിന്റെ പെണ്‍സഹനത്തെയും പ്രതീക്ഷയറ്റ വികാരശൂന്യതയുടെയും
ആവിഷ്കാരമാണ്. നോവലിന്റെ ആമുഖത്തില്‍ മോറീഷ്യസ് ദ്വീപിന്റെ അധോലോകത്തെ കുറിച്ച് ലെ
ക്ലെസിയോ നടത്തുന്ന നിരീക്ഷണങ്ങള്‍ കൃത്യമായും ഇത് പ്രതിഫലിപ്പിക്കുന്നു: “അത്
പെണ്‍കുട്ടികള്‍ തുടക്കം മുതലേ “കടലാമകള്‍” (മറ്റാരെയും ആശ്രയിക്കാനില്ലാതെ പിതാവിന്റെ കൊടിയ
പീഡനങ്ങളില്‍ സ്വയം തല പിന്‍വലിച്ചു ചുരുണ്ട് കൂടുന്ന ഈവിന്റെ പ്രകൃതത്തെ
സൂചിപ്പിക്കാന്‍ നോവലില്‍ ഉപയോഗിക്കപ്പെടുന്ന രൂപകം) ആവാന്‍ ശപിക്കപ്പെടുന്ന ഒരു ദ്വീപാണ് – സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ
പീഡനത്തില്‍ ഞെരിക്കക്കപ്പെടുന്ന ഇടം – അല്ലെങ്കില്‍ വേശ്യാവൃത്തിയും
മയക്കുമരുന്നും തീര്‍ക്കുന്ന പാതാളക്കുഴികളിലേക്ക് അവര്‍ വഴുതിപ്പോകുന്ന ഇടം.”
മോറീഷ്യക്കാര്‍ ദ്വീപുനിവാസികള്‍ക്ക് നല്‍കിയ population Générale എന്ന പേരിന്റെ പ്രസക്തിയും അദ്ദേഹം എടുത്തുപറയുന്നു: “ഇതുമല്ല, അതുമല്ല, കറുത്തവരെന്നോ വെളുത്തവരെന്നോ അല്ല,
ക്രിയോള്‍ എന്നോ ഹിന്ദു എന്നോ അല്ല.” ആദിമാതാവിനെ/ സ്ത്രീയെ ഓര്‍മ്മിപ്പിക്കുന്ന
ഈവ് എന്ന പേരുപോലും നോവലിസ്റ്റ് തെരഞ്ഞെടുക്കുന്നതില്‍ അതിന്റെ സാര്‍വ്വ ലൌകിക
ഭാവം പ്രകടമാണ് എന്നും കരുതാം. ഈവിന്റെ അന്ധമായ സ്ഥൈര്യനാട്യത്തിനപ്പുറം അവള്‍
എത്രമാത്രം ദുര്‍ബ്ബലയാണെന്ന് സവിറ്റയും സാദും വേദനയോടെ ചിന്തിക്കുന്നുണ്ട്. പുരുഷ
സര്‍വ്വാധിപത്യത്തില്‍ നിന്ന് ഒരിക്കലും കണ്ടെത്താനാവാത്ത അനുഭൂതി, ദുരന്തമാം വിധം ഹ്രസ്വമായ ബന്ധത്തില്‍ സവിറ്റയില്‍ നിന്ന് ഈവിനു
ലഭിക്കുന്നുണ്ട്: “അവളുടെ വായയുടെ രുചി ആണുങ്ങളുടെത് പോലെ ആയിരുന്നേയില്ല. അത്
അത്രയ്ക്ക് സൌമ്യമായിരുന്നതുകൊണ്ട് ഞാന്‍ എന്റെ കണ്ണുകളടച്ചു മധുരമൂറുന്ന പപ്പായ
പോലെ അത് രുചിച്ചു. ആണുങ്ങള്‍ കാണാത്തിടത്ത്, ഞങ്ങള്‍
സന്തുഷ്ടരായി, രസിച്ചു, ഏതാനും
നിമിഷങ്ങളോളം.” സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ച് ഈവ് നിരീക്ഷിക്കുന്നുണ്ട്: “രണ്ടു
ലിംഗസ്വത്വങ്ങള്‍ക്കും ഒരേ പൈതൃകമല്ല ഉള്ളത്. ഒരേ ഭാരങ്ങളോടെയല്ല നമ്മള്‍
പിറക്കുന്നത്.” ലൈംഗിക ബന്ധത്തിലെ ആണ്‍-പെണ്‍ വിനിമയത്തെ കുറിച്ചും അവള്‍ക്ക്
സ്വന്തം നിരീക്ഷണമുണ്ട്: “ഒരുടലിനു പകരം ആണുങ്ങള്‍ എന്ത് നല്‍കും? അവര്‍ അവരുടെ ഉടലുകള്‍ നല്‍കില്ല; ഒരു പുരുഷന്
എടുക്കുകയെ വേണ്ടൂ. അവര്‍ സ്വയം സംരക്ഷിക്കുന്നു. അവരവരുടെ നിഴലുകളെ
നോക്കിയിരിക്കുന്നു. നമ്മള്‍ വലയില്‍ പിടിക്കപ്പെട്ട ചിത്രശലഭങ്ങളാണ്, നമ്മുടെ ഏറ്റവും ആഹ്ലാദകരമായ, ഏറ്റവും
പ്രതിരോധ്യമായ ഘട്ടത്തില്‍ പോലും. നമ്മള്‍ അപഹരിക്കപ്പെട്ട ഉടലുകളാണ്.” എന്നാല്‍, സവിറ്റയുടെ ജഡം ചവറ്റു വീപ്പയില്‍ കണ്ടെത്തുന്നതോടെ ഈവിന്റെ എല്ലാ
നിയന്ത്രണങ്ങളും അറ്റുപോകും.
നാലു പേരില്‍
രണ്ടാമന്‍ സാദ് എന്ന സാദിഖ് ഗൌരവ പ്രകൃതമുള്ള, റിംബോയെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന സഹൃദയനാണ്.
ഒപ്പം ഈവിനെയും കാവ്യാത്മക വാക്യ പ്രയോഗങ്ങളേയും. “ലോകത്തെ ഏറ്റവും വിലയുള്ള
വസ്തു” എന്ന് അവന്‍ കരുതുന്ന ഈവിന്റെ ഉടല്‍കൊണ്ട് അവള്‍ എന്തിനും
വിലയൊടുക്കുന്നതിലെ അനായാസത അവനു ദുരൂഹതയാണ്.
“ഈവ് ഇതിലെ നടക്കുന്നു, അവളുടെ തലമുടി നുരയുന്ന രാത്രി പോലെ, ഇറുകിപ്പിടിച്ച ജീന്‍സ് അണിഞ്ഞ്, മറ്റുള്ളവര്‍
ഊറിച്ചിരിക്കുകയും കാമം കൊണ്ട് ചുണ്ട് നനക്കുകയും ചെയ്യുന്നു, പക്ഷെ ഞാന്‍ - എനിക്ക് മുട്ടുകുത്തുകയെ വേണ്ടൂ. അവള്‍ ഞങ്ങളുടെ നേരെ
നോക്കുന്നില്ല. അവള്‍ ഞങ്ങളെ ഭയപ്പെടുന്നില്ല. അവള്‍ക്ക് കവചമായി അവളുടെ
എകാന്തതയുണ്ട്.”
അവനവളെ
പ്രണയിക്കണം, സംരക്ഷിക്കണം എന്നൊക്കെയുണ്ട്; പക്ഷെ അവളതിനു
അനുകൂലമായി പ്രതികരിക്കുന്നതേയില്ല. സ്വതസിദ്ധമായ ശൈലിയില്‍ അവന്‍
നിരീക്ഷിക്കുന്നു:
“ഈവ് ആണെന്റെ വിധി, പക്ഷെ അവളതു അറിയില്ലെന്ന് അവകാശപ്പെടുന്നു. അവളെന്നോട് വന്നു
മുട്ടുമ്പോള്‍ അവളുടെ നോട്ടം എന്നിലൂടെ കടന്നുപോകുന്നു. ഞാന്‍
അപ്രത്യക്ഷനാകുന്നു.”
ഇരട്ടജീവിതം
നയിക്കുന്ന കാര്യത്തില്‍ ഈവിനെ പോലെ സാദ് പകല്‍ സ്കൂള്‍ വിദ്യാര്‍ഥിയും രാത്രി
കൌമാര സഹജമായ ലൈംഗികാസക്തി അനുഭവിക്കുന്ന നവയുവാക്കളുടെ കുറ്റവാളി സംഘത്തിലെ
അംഗവുമാണ്. ഗാംഗില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവന് ശ്രമിക്കുന്നുണ്ട്, എന്നാല്‍ അതിന്റെ ശക്തി അവനെ വലിച്ചു
കൊണ്ടുപോകുന്നുമുണ്ട്.
“ഒരു നാള്‍ ഞങ്ങള്‍ ഉറക്കമുണരുമ്പോള്‍ ഭാവി അപ്രത്യക്ഷമായിരിക്കുന്നു.”
എല്ലാം
കഴിയുമ്പോള്‍, ഒടുവില്‍, സര്‍വ്വം ശിഥിലമാകുന്ന ഇടത്തില്‍
നിന്ന് പുറത്തുകടക്കാന്‍ ബാക്കിയാവുക സാദ് മാത്രമാണ് എന്നതും കവിതയെഴുതുന്നതിനെ
കുറിച്ചുള്ള അയാളുടെ നിരീക്ഷണവും ശ്രദ്ധേയമാണ്:
“ഭ്രാന്തു പിടിക്കാതിരിക്കാന്‍ ഞാന്‍ എഴുതുന്നു.”
മൂന്നാമത്
കൌമാരക്കാരന്‍ ക്ലേലിയോ പരുക്കനും ശരിക്കുമൊരു ഗ്യാംഗ് അംഗവുമാണ്. ചൂടന്‍
പ്രകൃതമുള്ള അവന്‍ കുറെയേറെ തവണ ജയില്‍ വാസം അനുഭവിച്ചിട്ടുമുണ്ട്. ഈ ക്രിമിനല്‍
പശ്ചാത്തലം തന്നെയാണ്, സവിറ്റയുടെ കൊലപാതകത്തിന്റെ പേരില്‍ അവനെ ജയിലില്‍ എത്തിക്കുക; അവനതുമായി ബന്ധമൊന്നും ഇല്ലെങ്കിലും. സഹോദരന്‍ കാര്‍ലോ ഫ്രാന്‍സില്‍
എങ്ങാണ്ട് ഉണ്ടെന്നും അവനെ അങ്ങോട്ട് കടക്കാന്‍ സഹായിക്കുമെന്നും അവനെന്നും
കരുതിയിരുന്നു. എന്നാല്‍ പോകെപ്പോകെ അവന്‍ തിരിച്ചറിയുന്നുണ്ട് തന്റെ കാത്തിരിപ്പ്
വെറുതെയാണെന്നും കാര്‍ലോ ഒരു ‘ഫെയ്ക്ക്’ ആണെന്നും. സര്‍ക്കാര്‍
വക്കീലായി എത്തുന്ന യുവ അഭിഭാഷക ആത്മാര്‍ത്ഥ ഉള്ളവളെങ്കിലും നാലരപ്പതിറ്റാണ്ടിന്റെ
ജീവപര്യന്തമെന്ന ശിക്ഷയുടെ കാര്യത്തില്‍ അവള്‍ക്കൊന്നും ചെയ്യാനില്ല. “ഞാനെന്റെ
കൈകളില്‍ വിലങ്ങുമായി ഇവിടം വിടുന്നു,” എന്ന് ക്ലേലിയോ
പറയുന്നത് തന്റെ വിധി അംഗീകരിക്കുന്നതിന്റെ സാക്ഷ്യമാണ്.
കൂട്ടത്തിലെ
ഏറ്റവും സൌമ്യ ശീലയായ സവിറ്റ ആശയറ്റ ജീവിതം നയിക്കുന്നവളാണ്. സംഘര്‍ഷ പൂര്‍ണ്ണമായ
ഗാര്‍ഹികാന്തരീക്ഷത്തില്‍ നിന്ന്, ചുറ്റുപാടുകളില്‍ നിന്ന്, ഓടിപ്പോകണം എന്നുണ്ട്
അവള്‍ക്ക്. പക്ഷെ അവള്‍ നിസ്സഹായയാണ്. ഏറ്റവും ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലും
ഈവ് അവള്‍ക്ക് തുണയും പ്രണയവും ആശ്വാസവുമാണ്. തിരിച്ച് ഈവ് വിശ്വസിക്കുന്ന
ഏകവ്യക്തി സവിറ്റയാണ്. “അവളുടെ പ്രശാന്തമായ സൂര്യവെളിച്ചം കൊണ്ട്” അവള്‍ തന്നെ
രക്ഷിക്കുന്നുവെന്നു ഈവ് നിരീക്ഷിക്കുന്നു. സാദിന്റെ വാക്കുകളില്‍
“അവരിരുവരും ഒരുടലിലെ രണ്ടു കൈകള്‍ പോലെയാണ്. അവര്‍ക്ക് മൂന്നാമത് ഒന്നിന്റെ
ആവശ്യമില്ല. തോന്നുന്നതെന്തും ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്, എപ്പോള്‍ വേണമെങ്കിലും. അവരുടെ
പുഞ്ചിരികള്‍ സൂചിപ്പിക്കുന്നു, ഒരു ആണ്‍കുട്ടിയുടെയും
ആവശ്യമില്ലെന്ന്. അവരുടെ കണ്ണുകള്‍ പരസ്പരം ബന്ധിക്കുന്നു. ഞങ്ങളൊക്കെ
അദൃശ്യരാകുന്നു.”
ഈവ്, സവിറ്റയോടൊപ്പം ആയിരിക്കുമ്പോള്‍ അവള്‍
തന്നില്‍നിന്നു വേറിട്ടുപോകുന്നത് സാദിന് അനുഭവപ്പെടുന്നുണ്ട്.ഈവിനാവട്ടെ, സാദിന്റെ വിടാതെ പിന്തുടരുന്ന നോട്ടത്തില്‍ ലഭിക്കാത്ത പ്രശാന്തത സവിറ്റ
പ്രതിനിധാനം ചെയ്യുന്ന ‘സ്ത്രീത്വത്തിന്റെ കവിത (“the poetry of women”)യില്‍ അനുഭവപ്പെടുകയും ചെയ്യും. സവിറ്റ കൊല്ലപ്പെട്ട നിലയില്‍
കാണപ്പെടുന്നത് അവരുടെ താല്‍ക്കാലിക സന്തോഷത്തിന്റെ അന്ത്യം കുറിക്കുന്നു.
നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഒരു whodunnit പരിസരത്തിലേക്ക്
തീര്‍ത്തും വീണുപോകാത്തത് നോവലിസ്റ്റിന്റെ ഉത്കണ്ഠകള്‍ കൂടുതല്‍ പ്രസക്തമായ
പ്രമേയങ്ങളിലാണ് എന്നത് കൊണ്ടാണ്.
ഈ നാല്
വീക്ഷണ കോണുകള്‍ കൂടാതെ നോവലില്‍ മറ്റൊരു ആഖ്യാനസ്വരം കൂടി ഇടകലരുന്നുണ്ട്:
ചെരിച്ചെഴുത്തിലൂടെ (italicised) ആവിഷ്കരിക്കുന്ന ഈ ഭാഗം എല്ലാമറിയുന്ന (omniscient) ഒരു ദ്വിതീയ ആഖ്യാന സ്വരത്തില്‍ (second person) ഈവിനെ അഭിസംബോധന ചെയ്യുന്നു. താരതമ്യേന ഹ്രസ്വമായ ഈ ഭാഗങ്ങള്‍ നോവലിന്റെ
നിഗൂഡതയിലേക്കുള്ള താക്കോലായിത്തീരുക അതിസൂക്ഷ്മ വായനയിലാണ് വ്യക്തമാകുക. പഠന സമയ
ശേഷം മറ്റെല്ലാവരും പോയ്ക്കഴിഞ്ഞ വേളകളില്‍ ക്ലാസ് മുറിയില്‍ വെച്ച് തോന്നുംപോലെ
ഈവിന്റെ ഉടലില്‍ ‘ശസ്ത്രക്രിയ’ നടത്തുന്ന ജീവശാസ്ത്ര
അധ്യാപകന്റെ ഹിപ്പോക്രസിയുടെ നേര്‍ത്ത ആവരണത്തിലേക്കാണ് കൂട്ടുകാരിയെ
തെരഞ്ഞെത്തുന്ന സവിറ്റയുടെ നോട്ടമെത്തുന്നത് എന്നതാണ്, അവളുടെ
വിധി നിര്‍ണ്ണയിക്കുന്നത്. മോര്‍ച്ചറിയില്‍ തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയുടെ/
ആത്മീയ ഇരട്ടയുടെ ഭൌതിക ദേഹം കാണാനെത്തുന്ന ഈവിനോട് പോലീസ് ഇന്‍സ്പെക്ടര്‍ക്കു
തോന്നുന്ന അനുകമ്പയും അവളുടെ ജീവിതത്തിന്റെ ദുര്‍ഘടാവസ്ഥക്ക് കാവലായി അയാള്‍ നല്‍കുന്ന
ആയുധവും ഒടുവിലത്തെ പ്രതികാര നിര്വ്വഹണത്തിനു ഈവിനു സഹായകരമാകും. കൊലയാളിയുടെ
പുരികങ്ങള്‍ക്കു മധ്യേ ആ ക്രിയാപൂര്‍ത്തി സാധിക്കും മുമ്പ്, നീട്ടിയ
തോക്കിനു മുന്നില്‍ മുട്ടുകുത്തിയിരിക്കാന്‍
അയാളോട് ഇടര്‍ച്ചയില്ലാത്ത സ്വരത്തില്‍ പറയുമ്പോള്‍, എപ്പോഴും
അയാളെ പോലുള്ളവര്‍ക്കു മുന്നില്‍ മുട്ടുകുത്തി യാന്ത്രികമായ വദന സുരതത്തിന് നിര്‍ബന്ധിക്കപ്പെട്ടിരുന്ന
അവസ്ഥക്ക് അവളൊരു പാരഡി തീര്‍ക്കുക കൂടിയാണ്. പോലീസ് ജീപ്പില്‍ തങ്ങളുടെ ചേരിയില്‍
വന്നിറങ്ങുകയും പോലീസ് ഉദ്യോഗസ്ഥനോട് രഹസ്യം പറയുകയും എന്തോ കൈമാറുകയും ചെയ്യുന്ന
ഈവ്, തങ്ങളെ ഒറ്റിക്കൊടുക്കുകയാണ് എന്ന് ചിന്തിക്കുന്ന
ഗ്യാംഗ് അംഗങ്ങള്‍ അവളെ ഇല്ലായ്മ ചെയ്യാന്‍ പദ്ധതിയിടുന്നത് സാദിന്
ഭയപ്പാടുണ്ടാക്കുന്നുണ്ട്. നോവലിന്റെ തലക്കെട്ടിന്റെ ഉറവിടം കൂടിയായ ഒരു
സംഭാഷണത്തില്‍,
“ഈവ് നിന്നെ നിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഞാന്‍
രക്ഷിക്കാം” (“Eve, I will bring you out of your ruins”)
എന്ന വാഗ്ദാനം പാലിക്കണം എന്നുണ്ട് അവന്. സ്വയം
കുറ്റമേറ്റു ഈവിനെ രക്ഷിക്കാനുള്ള സാദിന്റെ ശ്രമം ആ പ്രണയ സമര്‍പ്പണമാണ്, അവള്‍ അതിനൊരു ഇടം അനുവദിക്കില്ലെങ്കിലും. “എനിക്കു നിന്റെ ആവശ്യമേയില്ല.”
അവളുടെ വാക്കുകള്‍ അവന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നുണ്ട്.
എന്നാല്‍ അതോടൊപ്പം, ആദ്യമായി അവള്‍ അവനെ ആലിംഗനം
ചെയ്യുന്നുമുണ്ട്.
“എന്നാല്‍ എനിക്കൊരു കാര്യത്തില്‍ ഉറപ്പുണ്ട്: അവള്‍ക്കു വേണ്ടി, അവളോടൊപ്പം, ഒരു സീസനിലോ പല സീസനിലോ, ഞാന്‍ നരകത്തില്‍
പോവാന്‍ തയ്യാറാണ്. മറ്റൊന്നും പ്രധാനമല്ല. ഞാന്‍ അവളുടെ പിന്‍കഴുത്തില്‍
തഴുകുന്നു, അവളുടെ മോട്ടത്തലയിലും. താഴ്ന്ന
ചുമരിനടിയിലും, ജലം ഞങ്ങളെ മുക്കുകയാണ്. എന്നാല്‍ മഴ
അവളുടെ ചുണ്ടുകളില്‍ മധുരിക്കുന്നു.”
ഒരു ഓര്‍ഫിയൂസ്-
യൂറിഡീസ് പുരാവൃത്തത്തിന്റെ മിത്തിക്കല്‍ ദീപ്തിയിലെക്ക് അവന്റെ പ്രണയം
ഉറ്റുനോക്കുന്നുണ്ട് ഇവിടെ.
പടിഞ്ഞാറന്‍
യൂറോപ്പ്, ഈസ്റ്റ് ആഫ്രിക്ക, ഇന്ത്യ, ചൈന, തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള
കുടിയേറ്റക്കാരുടെയും കൂലിത്തൊഴിലാളികളുടെയും പിന്മുറക്കാരാണ് മോറീഷ്യസിലെ
ജനസംഖ്യയില്‍ അധികവും. അത്തരം ജീവിത പരിസരത്തിന്റെ ശാപമായ ആണുങ്ങളുടെ കുടിയും ഗാര്‍ഹിക
പീഡനങ്ങളുടെ ഭീകരമായ തനിയാവര്‍ത്തനങ്ങളും നിസ്സഹായതയുടെ നോക്കുകുത്തിയായിപ്പോവുന്ന
സ്ത്രീജീവിതവും കുടുംബ ചിത്രീകരണത്തില്‍ ഈവിന്റെ അച്ഛന്റെയും അമ്മയുടെയും
പാത്രസൃഷ്ടികളിലൂടെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുണ്ട്. സവിറ്റയെ മാറ്റി നിര്‍ത്തിയാല്‍
ഇതര കഥാപാത്രങ്ങളെല്ലാം കുത്തഴിഞ്ഞ ഈ സങ്കര സംസ്കൃതിയുടെ വേരറ്റ പ്രതിനിധികളാണ്, വീടും കൂട്ടരും അന്യമായ, നഗര ജീവിതത്തിന്റെ
നങ്കൂരമില്ലാത്ത അടിത്തട്ടു വാസികള്‍. ഏതു നിമിഷവും അപകടത്തില്‍ ചെന്ന് ചാടാവുന്ന
തരം ജീവിതമാണ് അവരുടേത്. ക്ലേലിയോയുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്കും ബാധകമാണ്:
“എങ്ങോട്ട് പോകണം എന്നെനിക്കറിയില്ല.
ഞാന്‍ ഒരു വലയത്തിലെന്നോണം കറങ്ങുന്നു. ഞാന്‍ എന്റെ വാല് കടിച്ചുമുറിക്കും
എന്നപോലെ.”
ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്
കൊളോണിയല്‍ പശ്ചാത്തലമുണ്ട് മോറീഷ്യസിനു എന്നതുകൊണ്ട് അവിടത്തുകാര്‍ ഇംഗ്ലീഷും
ഫ്രെഞ്ചും ക്രിയോള്‍ ഭാഷയും നന്നായി സംസാരിക്കുന്നുണ്ട്. നോവലിന്റെ ഭാഷാപരമായ
സൗന്ദര്യത്തിന് ഈ സങ്കര പശ്ചാത്തലം ഏറെ ഗുണം ചെയ്തിട്ടുണ്ട് എന്നും ജെഫ്രി സക്കര്‍മന്റെ
അതീവ സംവേദനത്വമുള്ള ഇംഗ്ലീഷ് പരിഭാഷ അതിനോട് തികച്ചും നീതി പുലര്‍ത്തിയിട്ടുണ്ട്
എന്നും നിരൂപക മതം.
സമാന വായനകള്‍:
Becoming Abigail by Chris Abani
https://alittlesomethings.blogspot.com/2017/04/blog-post.html
God Help the Child by Toni Morrison
https://alittlesomethings.blogspot.com/2015/09/blog-post.html
Woman
at Point Zero by Nawal El Saadawi
https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html
Your
Name Shall Be Tanga by Calixthe Beyala
https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html
അസൂറ :
കെ.ആര്‍.വിശ്വനാഥന്‍
https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html
The Book of Memory by Petina Gappah
https://alittlesomethings.blogspot.com/2018/03/blog-post_14.html
The Golden Chariot by Salwa Bakr
https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html
Desert by J.M.G. Le Clézio
https://alittlesomethings.blogspot.com/search?q=Desert+by+J.M.G.+Le+Cl%C3%A9zio
Wandering Star by J.M.G. Le
Clézio
https://alittlesomethings.blogspot.com/search?q=Wandering+Star+by+J.M.G.+Le+Cl%C3%A9zio
Desert and Wandering Star by
J.M.G. Le Clézio
https://alittlesomethings.blogspot.com/search?q=Desert+and+Wandering+Star+by+J.M.G.+Le+Cl%C3%A9zio
The
Last Brother by Nathacha Appanah
https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html
The Dew Breaker by
Edwidge Danticat
https://alittlesomethings.blogspot.com/2024/09/the-dew-breaker-by-edwidge-danticat.html