വിടപറയരുത്, ചരിത്രത്തോടും ഇരകളോടും.
(നോബല്‍ പുരസ്കാര ലബ്ധിയ്ക്കു ശേഷം ഹാന്‍ കാങ്ങിന്റെതായി ഇംഗ്ലീഷില്‍
പുറത്തുവരുന്ന ആദ്യനോവല്‍ ‘We Do Not Part’, അവരുടെ സഹജമായ
രീതിയില്‍ ദക്ഷിണ കൊറിയയുടെ പ്രക്ഷുബ്ധ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
ദുസ്വപ്നങ്ങളും ചരിത്ര ദുരന്തങ്ങളും ആവേശിക്കുന്ന ആഖ്യാനം, മറന്നുപോകരുതാത്ത ഓര്‍മ്മകള്‍ക്കുള്ള ധ്വനിസാന്ദ്രവും തീക്ഷ്ണവുമായ
സ്മാരകമായിത്തീരുന്നു.)
‘അതിജീവിച്ചവരില്‍ തുറന്നുപറയാന്‍ തീരുമാനിക്കുന്നയാള്‍ക്ക് അത് വ്യക്തമാണ്:
അയാളുടെ ദൗത്യം, മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും വേണ്ടി സാക്ഷിപറയലാണ്.
നമ്മുടെ സഞ്ചിതസ്മൃതിയുടെ ഭാഗമാകേണ്ട ഒരു ഭൂതകാലത്തെ വരുംതലമുറയ്ക്ക്
അപ്രാപ്യമാക്കാന്‍ അയാള്‍ക്ക് അധികാരമില്ല. മറക്കുക എന്നത് അപകടകരം മാത്രമല്ല,
മ്ലേച്ഛവുമാണ്; മരിച്ചവരെ
മറക്കുകയെന്നാല്‍ അവരെ രണ്ടാമതൊരിക്കല്‍ക്കൂടി കൊന്നുകളയലാണ്’
- (നൈറ്റ്, എലി വീസല്‍)
“ജീവന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജീവിതം ഊഷ്മളമാണ്/
മരിക്കുകയെന്നാല്‍ തണുത്തുപോകലാണ്. മഞ്ഞിനെ ഉരുകിപ്പോകുന്നതിനു പകരം മുഖത്തടിയാന്‍
അനുവദിക്കല്‍/ കൊല്ലുകയെന്നാല്‍ തണുക്കാന്‍ വിടലാണ്.
ചരിത്രത്തിലെ മനുഷ്യരും പ്രപഞ്ചത്തിലെ മനുഷ്യരും/ കാറ്റും കടലൊഴുക്കുകളും.
ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്ന ജലത്തിന്റെയും കാറ്റിന്റെയും ചാക്രികമായ
ഒഴുക്ക്. നാം പരസ്പരബന്ധിതരാണ്. നാം പരസ്പരബന്ധിതരാണ്. ഞാന്‍ പ്രാര്‍ഥിക്കുന്നു, നാം പരസ്പരബന്ധിതരായിരിക്കട്ടെ.”
- (നോബല്‍
സ്വീകാരപ്രസംഗത്തില്‍ നിന്ന് – ഹാന്‍ കാങ് )
നോബല്‍ പുരസ്കാര ലബ്ധിയ്ക്കു ശേഷം ഹാന്‍ കാങ്ങിന്റെതായി ഇംഗ്ലീഷില്‍
പുറത്തുവരുന്ന ആദ്യനോവലാണ് ‘We Do
Not Part’. ഹാന്‍ കാങ് കൃതികളുടെ സാന്ദ്രവും ട്രോമാ ആവേശിതവുമായ
ആഖ്യനരൂപത്തിന്റെ തുടര്‍ച്ചതന്നെയാണ് ഈ നോവലും. ദക്ഷിണ കൊറിയയുടെ പ്രക്ഷുബ്ധ
ഭൂതകാലത്തിന്റെ അശാന്തപ്രത്യക്ഷങ്ങള്‍ വേട്ടയാടുന്ന ഒരു പ്രേതകഥയുടെ ഭാവമുണ്ട്
പലപ്പോഴും അവരുടെ കൃതികള്‍ക്ക്. മരിച്ചുപോയവര്‍ ജീവിച്ചിരിക്കുന്നവരോടൊപ്പം
സന്നിഹിതരാണ് എന്ന കൊറിയന്‍ വിശ്വാസം, അവരെ വിസ്മൃതിയില്‍
നിന്ന് രക്ഷിക്കുക എന്ന ദൗത്യമായി എഴുത്തിനെ മാറ്റിയെടുക്കുകയാണ്.
കുട്ടിയായിരിക്കെ, കൊറിയന്‍ ചരിത്രത്തെ കുറിച്ച്
വായിച്ചറിഞ്ഞത് ഉള്ളിലുണ്ടാക്കിയ മുറിവില്‍ നിന്ന് ഇന്നും ആശ്വാസം തേടുകയാണ്
എഴുത്തുകാരി. മൂന്നു ഭാഗങ്ങളായാണ് നോവല്‍ അവതരിപ്പിക്കപ്പെടുന്നത്. ആദ്യഭാഗം
ഭൗതികഭൂമികയിലൂടെ, ആഖ്യാതാവും നോവലിസ്റ്റുമായ ക്യൂങ്ഹാ
സോളില്‍ നിന്നും സുഹൃത്ത് ഇന്‍സെന്നിന്റെ ജേജുവിലുള്ള വീട്ടിലേക്ക് ഒരു പ്രത്യേക
സാഹചര്യത്തില്‍ നടത്തുന്ന യാത്രയാണ്. രണ്ടാഭാഗം, ഇരുസുഹൃത്തുക്കളും
ഒരുമിച്ചു കൊറിയന്‍ ചരിത്രത്തിന്റെ ഒരിരുണ്ട ദശാസന്ധിയിലേക്ക് നടത്തുന്ന
പ്രതീകാത്മകയാനം. മൂന്നാം ഭാഗം, ആ ഇരുളിന്റെ ഹൃദയത്തില്‍ സര്‍ഗ്ഗാത്മകതയുടെ
ഒരു തിരിനാളം കൊളുത്താനുള്ള ശ്രമവും.
എഴുതാന്‍ പ്രചോദനമായിത്തീര്‍ന്ന ദുസ്വപ്നാനുഭവത്തില്‍ നിന്നും ആരംഭിക്കുന്ന
നോവലില്‍, നോവലിസ്റ്റിന്റെ ഒരപരവ്യക്തിത്വം തന്നെയായ ക്യൂങ്ഹാ, എഴുത്തിന്റെ സന്ദിഗ്ധത നേരിടുന്നു. Human Acts എന്ന ഹാന്‍ കാങ്ങിന്റെ മുന്‍ നോവലിന്റെ അതേ പ്രമേയത്തില്‍, അഥവാ, അഹിംസാത്മക സമരത്തിനു നേരെ നടന്ന സൈനിക
വെടിവെപ്പില്‍ അറുനൂറിലേറെ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട ഗ്വാങ്ജു കലാപത്തെ (1980)
കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള ഗവേഷണങ്ങള്‍, ദുസ്സഹമായ
തലവേദനയും ഭൂതാവിഷ്ടമായ പേടിസ്വപ്നങ്ങളുമായി അവരുടെ ഏകാന്തതയെ വേട്ടയാടുന്നു.
ഉറക്കിലും ഉണര്‍വ്വിലും സൈനിക ഭീകരതയുടെയും നിരപരാധരുടെ കുരുതികളുടെയും ചിത്രങ്ങള്‍
അവര്‍ക്ക് ദൃശ്യപ്പെടുന്നു. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്ന
ക്യൂങ്ഹാ, വില്‍ പത്രം എഴുതുകയും ചീന്തിക്കളയുകയും
ചെയ്യുന്നുണ്ട്. ഇനി മരണത്തെ ഭയപ്പെടുന്നില്ലെന്നും ജീവിതമാണ് അവളെ
വിഷമിപ്പിക്കുന്നത് എന്നും ഇതില്‍നിന്നു വ്യക്തമാണ്. മന്ത്രിക്കുന്നതുപോലെ മൃദുവായ സ്വരത്തില്‍ പ്രഥമവ്യക്തിക
(first-person) വീക്ഷണത്തിലുള്ള ആഖ്യാനത്തില്‍, സേബാള്‍ഡിന്റെ (W. G. Sebald) വിഷാദഭരിതമായ ഗദ്യത്തെ
ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ചരിത്ര ദുരന്തങ്ങളെ അവതരിപ്പിക്കുന്നത്, നോവലിസ്റ്റിന്റെ ഹൃദയം ഓരോ നിമിഷവും ചോര വാര്‍ന്നുകൊണ്ടിരിക്കുന്നു എന്ന
ഓര്‍മ്മപ്പെടുത്തലാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു (Margolin 2025). ക്യൂങ്ഹായുടെ പേടിസ്വപ്‌നങ്ങളില്‍ നിറയുന്ന വെള്ളപ്പൊക്കത്തിൽ
മുങ്ങിയ ശവകുടീരങ്ങളുടെയും നിശ്ശബ്ദമായ തലക്കല്ലുകളുടെയും ദൃശ്യങ്ങൾ, മരണത്തെ കൂടുതല്‍ അഭികാമ്യമാക്കി അവര്‍ക്ക് അനുഭവപ്പെടുത്തുന്നു.
പഴയ സുഹൃത്ത് ഇന്‍സെന്നിന്റെ ഒരു ഫോണ്‍ വിളിയോടെയാണ് ക്യൂങ്ഹായുടെ പതിവുകളില്‍ ഒരിളക്കമുണ്ടാകുന്നത്. സോളിലെ ഒരു ഹോസ്പിറ്റലില്‍, ഒരപകട ചികിത്സയിലാണ് ഇന്‍സെന്‍. വിചിത്രമായ ഒരാവശ്യമാണ് അവള്‍ക്കുള്ളത്: ജേജു ദ്വീപിലുള്ള അവളുടെ വസതിയില്‍ അവളുടെ പ്രിയപ്പെട്ട തത്ത, പട്ടിണിമരണ ഭീഷണിയിലാണ്. സുഹൃത്ത് അവിടെയെത്തി കിളിയെ പരിചരിക്കണം. ഭയാനകമായ മഞ്ഞുവീഴ്ചയുടെ സാധ്യതയുള്ളതുകൊണ്ട് അതൊരു അവലക്ഷണം പിടിച്ച ആവശ്യമാണെങ്കിലും, ഇന്‍സെന്നിന്റെ കുടുംബത്തിന്റെ കുഴിമാടങ്ങളും അവിടെയാണ് എന്നറിയാവുന്ന ക്യൂങ്ഹാ അത് ഏറ്റെടുക്കുന്നു. അവിടെനിന്ന് ഒരു നാള്‍ ഒരാവശ്യത്തിനു പുറത്തൊന്നു പോയ, പതിമൂന്നുകാരിയയിരുന്ന, പില്ക്കാലം ഇന്‍സെന്നിന്റെ അമ്മയാവുന്ന ജിയോങ്സിമ്മും ചേച്ചിയും തിരികെയെത്തിയത്, ഗ്രമാവാസികളെല്ലാം അരുംകൊല ചെയ്യപ്പെട്ട പ്രേതഭൂമിയിലേക്കാണ്. പലപ്പോഴായി അമ്മ, ഇന്സെന്നിനോട് ആ കഥ പറഞ്ഞു. അത് ജേജു കൂട്ടക്കൊലയുടെ ചരിത്രമാണ്.
1948ല്‍
കമ്യൂണിസ്റ്റ് അനുകൂലികള്‍ എന്ന പേരില്‍ ജേജു ദ്വീപുവാസികളില്‍ കൂട്ടക്കൊല
ചെയ്യപ്പെട്ട മുപ്പതിനായിരത്തോളം മനുഷ്യരുടെ ദുരന്തം കൊറിയന്‍ ചരിത്രത്തിലെ ഇരുണ്ട
ഏടാണ് (Jeju 4:3 or “Sa-Sam.”/ April -3). ‘ഹല്ലാ മലനിരകളില്‍ ഒളിവില്‍ കഴിഞ്ഞുകൊണ്ട് പൊറുക്കാനാകാത്ത
അതിക്രമങ്ങള്‍ നടത്തിയ ദേശസ്നേഹമില്ലാത്ത തീവ്രവാദികളെ’ തുരത്തുന്നതുവരെ ഔദ്യോഗിക ക്വാറന്റൈന്‍ പ്രഖ്യാപിക്കപ്പെട്ട ജേജു
പ്രദേശത്തെ എണ്‍പത്തിരണ്ടു മലയോര ഗ്രാമങ്ങളില്‍ മുപ്പത്തിയഞ്ചും സമ്പൂര്‍ണ്ണകുരുതിയില്‍
ഉന്മൂലനം ചെയ്യപ്പെട്ട ഭരണകൂട ഭീകരതയയിരുന്നു അത്. എന്നാല്‍, അതൊരു ഘട്ടം മാത്രമായിരുന്നു എന്നും അതിനും മുമ്പ് തായ് വാനിലും
ഒകിനാവയിലും ശേഷം കൊറിയന്‍ യുദ്ധത്തിലും അതേ ശീതയുദ്ധ ദുരന്തങ്ങള്‍ ലക്ഷക്കണക്കിന്
മനുഷ്യരുടെ കൂട്ടക്കൊലകളില്‍ കലാശിച്ചു എന്നും ചരിത്രം
വ്യക്തമാക്കുന്നു. ഒരര്‍ത്ഥത്തില്‍, നാല്‍പ്പതു ലക്ഷം
മനുഷ്യരുടെ കുരുതികള്‍ക്കു കാരണമായ കൊറിയന്‍ യുദ്ധത്തിനു വഴിമരുന്നിട്ടതുതന്നെ
ജേജു കൂട്ടക്കൊലയായിരുന്നു. എന്നാല്‍, സൗത്ത് കൊറിയന്‍
സര്‍വ്വാധിപത്യം അതെക്കുറിച്ചുള്ള ചര്‍ച്ചകള്‍പ്പോലും നിരോധിക്കുകയും
മിണ്ടുന്നവരെല്ലാം കമ്യൂണിസ്റ്റുകള്‍ ആണെന്ന നരേറ്റിവ് സൃഷ്ടിക്കുകയും
ചെയ്തുകൊണ്ട്, അതിനെയൊരു നിഷിദ്ധവിഷയം (taboo) ആക്കിത്തീര്‍ത്തു. എണ്‍പതുകളുടെ ഒടുവില്‍ ജനായത്തവല്‍ക്കരണം
സാധ്യമാകുംവരെ അതങ്ങനെത്തന്നെ തുടര്‍ന്നു. 2003ല്‍
മാത്രമാണ് ദക്ഷിണ കൊറിയ ഔദ്യോഗികമായി കൂട്ടക്കൊലക്ക് മാപ്പുചോദിച്ചത്. ആ അര്‍ത്ഥത്തില്‍
ഹിംസാത്മകത, ചരിത്രപരമായ മറവി, നീതിക്കുവേണ്ടിയുള്ള പോരാട്ടം, എന്നിവയുടെയെല്ലാം
പ്രതീകം കൂടിയാണ്, ഒട്ടേറെ കലാ/സാഹിത്യ/സിനിമാ
സൃഷ്ടികള്‍ക്ക് വിഷയമായിട്ടുള്ള പ്രസ്തുത സംഭവം. അത്തരം
താമസ്കരണത്തിനോടുള്ള പ്രതികരണമായി ഇന്‍സെന്നിനോടൊപ്പം
പങ്കുവെച്ച ഒരു പദ്ധതി, ക്യൂങ്ഹാ ഓര്‍ത്തെടുക്കുന്നുണ്ട്.
കൂനിക്കൂടിയിരിക്കുന്ന മനുഷ്യരുടെ രൂപത്തില്‍ മുറിച്ചുപരുവപ്പെടുത്തിയ
മരക്കുറ്റികള്‍ കൊണ്ട് ഒരു മൈതാനം തീര്‍ക്കുകയും അത് നിരോധിക്കപ്പെട്ട
ചരിത്രത്തിന്റെ ഇരകളുടെ സ്മാരകമാക്കുകയും ചെയ്യുക എന്നതാണത്. ആ പദ്ധതി
ഉപേക്ഷിക്കാം എന്ന ക്യൂങ്ഹായുടെ നിര്‍ദ്ദേശം, താല്പര്യമില്ലെങ്കില്‍
അവള്‍ക്ക് പിന്‍വാങ്ങാവുന്നതാണ് എന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ, ഇന്‍സെന്‍ അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല, അവള്
അക്കാര്യം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന് ആശുപത്രിയില്‍ വെച്ച്
ക്യൂങ്ഹാ മനസ്സിലാക്കുന്നു. ആ തുടക്കമാണ്, ഇടയ്ക്കിടെ
ശരീരത്തില്‍ മുറിവ് വരുത്തിവെക്കുന്ന പ്രകൃതമുള്ള ഇന്‍സെന്നിനെ ഇപ്പോള്‍
ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നതും.
ധ്വനിസാന്ദ്രത
ഹാന്‍ കാങ്ങിന്റെ ശൈലിയില്‍ ധ്വനിസാന്ദ്രതയും രൂപകപ്രയോഗവും ആവിഷ്കാരത്തിന്റെ
വേര്‍പ്പെടുത്താനാകാത്ത ഭാഗങ്ങള്‍ തന്നെയാണ്; അഥവാ, കേവല പ്രതീകങ്ങള്‍
എന്നതിലപ്പുറം പ്രമേയാവിഷ്കാരത്തിന്റെ ഭാഗം തന്നെയാണ് രൂപകങ്ങള്‍. നോവലിന്റെ
തലക്കെട്ട്, ഇരുസുഹൃത്തുക്കളുടെയും ഇഴയടുപ്പം പോലുള്ള
മാനുഷിക ബന്ധങ്ങളെ സൂചിപ്പിക്കുന്നതോടൊപ്പം, അവരിരുവരും
വിഭാവനം ചെയ്ത പദ്ധതിക്കിട്ട പേരുമാണ്. നോവല്‍ തന്നെയും ആ സ്മാരകമായിത്തീരുന്നു
എന്നതുകൊണ്ട് ഏറ്റവും യോജിച്ച തലക്കെട്ടും അതുതന്നെ. വിസ്മൃതിക്കെതിരെ ഓര്‍മ്മയുടെ
വിജയം. കൊറിയന്‍ ചരിത്രത്തിലെ ഒരു ഭീകരഘട്ടമാണ് പ്രത്യക്ഷത്തില്‍ ഇവിടെ
സ്മരിക്കപ്പെടുന്നതെങ്കിലും അത്, ലോക ചരിത്രത്തിലെ സമാന
സന്ദര്‍ഭളെയെല്ലാം ആവാഹിക്കുന്നുണ്ട്. നോവലില്‍ത്തന്നെ, ബുസാനിലും ദേഗുവിലും നടന്ന ‘ചുവപ്പു’വേട്ട
സ്മരിക്കപ്പെടുന്നു. ജിയോങ്സിമ്മിന്റെ വിവരണങ്ങളില്‍ ജിയോങ്സാന്‍ കൊബാള്‍ട്ട്
ഖനിയിലെ തൂക്കിലേറ്റലുകളും 1950ലെ ബോഡോ ലീഗ് കൂട്ടക്കൊലയും കടന്നുവരുന്നുണ്ട്. ഇന്‍സെന്നിന്റെ
ഡോക്കുമെന്ററി സിനിമാ ശ്രമങ്ങളില്‍, വിയറ്റ്നാമില്‍ കൊറിയന്‍
സൈന്യം നടത്തിയ കൊടുംക്രൂരതകള്‍ ഇടംപിടിക്കുന്നു. എന്നാല്‍, ഹാന്‍ കാങ്ങിന്റെ തന്നെ മുന്‍കൃതികളില്‍നിന്നു വ്യത്യസ്തമായി, ചരിത്രത്തിന്റെ മുറിവുകള്‍ എങ്ങനെയാണ് അഭിമുഖീകരിക്കപ്പെടെണ്ടത് എന്നതും, വൈയ്യക്തിക വിലാപങ്ങളെ ക്രിയാത്മക രാഷ്ട്രീയ ശക്തിയാക്കി പരിവര്‍ത്തിപ്പിക്കേണ്ടതിന്റെ
ആവശ്യകതയും നോവലിന്റെ പരിഗണനാ വിഷയങ്ങളാകുന്നു ഇവിടെ. ആ അര്‍ഥത്തില്‍, എഴുത്തിന്റെ കഥാര്‍ടിക് ദൗത്യത്തെ കണ്ടെത്തുന്ന നോവല്‍, Human
Acts ന്റെ നൈരാശ്യഭാവത്തില്‍നിന്ന് മുന്നോട്ടു പോകുന്നു.
ആശുപത്രിയില്‍, ഓരോ മൂന്നു മിനിറ്റിലും ചോരയോട്ടം ഉറപ്പുവരുത്താനായി ഇന്‍സെന്നിന്റെ
മുറിഞ്ഞു പോയ വിരലറ്റത്തു നേഴ്സ്, സൂചികള്‍
തറയ്ക്കുന്നു. നോവലില്‍ ഉടനീളമുള്ള ചരിത്രപമായ പീഡനസന്ദര്‍ഭങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതാണ്
ഇത്. അതേസമയം, ഇന്‍സെന്നിന്റെ അമ്മ ജിയോങ്സിം, കുഞ്ഞുമകളുടെ ജീവന്‍ പിടിച്ചുനിര്‍ത്താനുള്ള
അറ്റകൈ ശ്രമമായി സ്വന്തം വിരല്‍ മുറിച്ചു കുഞ്ഞിനു നല്‍കുന്നതും, ഇന്‍സെന്നിന്റെ പേടിസ്വപ്നങ്ങള്‍ക്ക് പരിഹാരമായി അവളുടെ വിരല്‍ സൂചികൊണ്ട്
കുത്തി ചോരത്തുള്ളികള്‍ വയറിനു മുകളില്‍ തിരുമ്മുമായിരുതും, രക്തത്തെ
ജീവദായിനിയെന്ന നിലയിലും അടയാളപ്പെടുത്തുന്നു.
ധ്വനിസാന്ദ്രമായ തലക്കെട്ടുകളുള്ള അധ്യായങ്ങളില്‍, ‘കടുത്ത മഞ്ഞ്’ എന്നുതന്നെ പേരിട്ട അധ്യായത്തില്‍ വിവരിക്കപ്പെടുന്ന യാത്ര, പേടിസ്വപ്നത്തിന്റെയും ഭീകരാന്തരീക്ഷം പകരുന്ന പ്രകൃതി പ്രതിഭാസങ്ങളുടെയും
കടുത്ത ഏകാന്തതയുടെയും സര്‍റിയല്‍ അനുഭവം പകരുന്നു. നോവലിന്റെ സാന്ദ്രമായ
കാവ്യാത്മക രൂപകങ്ങളില്‍ മഞ്ഞ് ഒരു സുപ്രധാന ഘടകമായിത്തീരുന്നു. കേവലം ഭൗതികഭൂമിക
എന്നതിനപ്പുറം ക്യൂങ്ഹായുടെ ഇടറിയും മുറിവേറ്റും വഴിയറിയാതെ ഇരുട്ടില്‍
തപ്പിത്തടഞ്ഞും ഉള്ള യാനം, ഡാന്റെയുടെ ‘ഇന്‍ഫെര്‍നോ’യിലേതുപോലെ
ആത്മലോക യാനങ്ങളുടെ മാനം ആര്‍ജ്ജിക്കുന്നു. ഓര്‍മ്മകളുടെ നേര്‍ത്തുപോകല്‍, ട്രോമകളിലെ ഒറ്റപ്പെടല്‍, ഭീകരചരിത്രത്തിന്റെ
മൂടിവെപ്പ്, എന്നതൊക്കെ ഇവിടെ സന്ധിക്കുന്നു.
ശുദ്ധീകരണത്തിന്റെ പരമ്പരാഗത പ്രതീകം എന്നതിനോടൊപ്പം മൃതിയുടെയും
പുനര്ജ്ജനിയുടെയും ഇടയിടം (liminal space) ആയും മഞ്ഞിനെ
കുറിച്ചുള്ള സൂചനകളൊന്നും ക്യൂങ്ഹായുടെ ഭ്രമാത്മകമായ നിശായാനത്തില്‍ അസ്ഥാനത്തല്ല.
ഇന്‍സെന്നിന്റെ അമ്മ കണ്ടെത്തുന്ന കൂട്ടക്കൊലയുടെ ഇരകളുടെ മുഖങ്ങളെല്ലാം മഞ്ഞില്‍
മൂടപ്പെട്ടിരുന്നു. മഞ്ഞില്‍ പുതഞ്ഞ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നെത്തിയ സൈനികര്‍
പിതാവിനെയും മകളെയും, അഭയം തേടിയ ഗുഹയില്‍ വെച്ച് കൊല്ലുന്ന
സന്ദര്‍ഭം വിവരിക്കപ്പെടുന്നുണ്ട്.
“ഈ ദ്വീപിലും മറ്റ് പുരാതന, വിദൂര സ്ഥലങ്ങളിലും വീണ മഞ്ഞ് ആ മേഘങ്ങൾക്കുള്ളിൽ
ഘനീഭവിച്ചിട്ടുണ്ടാകും. അഞ്ച് വയസ്സുള്ളപ്പോൾ, G-യിലെ എന്റെ
ആദ്യത്തെ മഞ്ഞ് തൊടാൻ ഞാൻ കൈ നീട്ടിയപ്പോൾ, മുപ്പതാം
വയസ്സിൽ, സിയോളിലെ നദീതീരത്ത് ബൈക്ക് ഓടിക്കുമ്പോൾ, പെട്ടെന്നുള്ള മഴയിൽ ഞാനാകെ നനഞ്ഞുകുതിര്‍ന്നപ്പോള്‍, എഴുപത് വർഷങ്ങൾക്ക് മുമ്പ് ഇവിടെ ജേജുവിൽ, സ്‌കൂൾ
മുറ്റത്തെ നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും മുതിർന്നവരുടെയും മുഖങ്ങൾ
മഞ്ഞ് മൂടിക്കളഞ്ഞപ്പോള്‍, കോഴിക്കൂടിനെ
ചെളിവെള്ളപ്രളയം മൂടുകയും, കോഴികളും കുഞ്ഞുങ്ങളും
ചിറകടിക്കുകയും തിളങ്ങുന്ന പിച്ചള പമ്പിൽ നിന്ന് മഴ തെന്നിത്തെറിക്കുകയും
ചെയ്തപ്പോള്‍ - ആ മഴത്തുള്ളികളും പൊടിഞ്ഞ
മഞ്ഞുപരലുകളും രക്തം പുരണ്ട ഐസിന്റെ നേർത്ത പാളികളും ഒന്നുതന്നെയല്ലെന്ന്, ഇപ്പോൾ എന്റെ മേല്‍ ഉറയുന്ന ഈ മഞ്ഞും അതേ ജലമല്ലെന്ന്, ആര്‍ക്കാണ് പറയാനാകുക?”
അതിരുകള്‍
നേര്‍ത്തുപോകുന്നു
ഇന്‍സെന്നിന്റെ വീട്ടില്‍ വെച്ച് അവളുടെ അമ്മ സ്വരൂപിച്ചിരുന്ന രേഖകളിലൂടെ
ജേജു കൂട്ടക്കുരുതിയുടെ മരവിപ്പിക്കുന്ന ചിത്രങ്ങള്‍ ക്യൂങ്ഹാ കാണുന്നു.
തന്റെ പേടിസ്വപ്നങ്ങളുടെ ഉറവിടം ആ ചിത്രങ്ങളാണ് എന്ന അറിവ്, ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നഷ്ടമാകുകയെന്നത്
നോവലിന്റെ അടിസ്ഥാനഭാവം തന്നെയാണെന്ന് വ്യക്തമാക്കുന്നു.
നോവല്‍ ആരംഭത്തില്‍ ദുസ്വപ്നാനുഭാവമായി ക്യൂങ്ഹായെ
വേട്ടയാടുന്ന ഭ്രമചിത്രങ്ങള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് വെളിപ്പെടുന്നു: വുഡ്
കട്ട് ചിത്രങ്ങള്‍, ഇരുണ്ടു കാണുന്ന മരക്കുറ്റികളില്‍
പുതഞ്ഞ മഞ്ഞ്, ഭീമാകാരം പൂണ്ട ഇരുണ്ട കടല്‍ത്തിരകള്‍ -
ജേജു കൂട്ടക്കൊലയില്‍ ഒന്നായി തിരകളിലൊഴുക്കപ്പെട്ട എണ്ണമറ്റ ജടങ്ങളുടെ അശാന്ത
വിളികളാണ് ഇവയെല്ലാം. അഥവാ, ക്യൂങ്ഹായെ സംബന്ധിച്ച്
എല്ലാം ഒരു നിയോഗത്തിന്റെ അലംഘനീയതയില്‍ ഇവിടെ കണ്ണിചേരുകയാണ്. ഭൗതികാര്‍ത്ഥത്തില്‍
അപ്പോഴും സോളിലുള്ള ഇന്‍സെന്നിനെ അതേസമയം ജേജുവില്‍ ക്യൂങ്ഹാ കണ്ടുമുട്ടുന്നു.
വാമൊഴിചരിത്രങ്ങളിലൂടെ പുനസൃഷ്ടിക്കപ്പെട്ട ചരിത്ര സാക്ഷ്യങ്ങളോട് ഇന്‍സെന്നിനെയും
ക്യൂങ്ഹായെയും ഇടകലര്‍ത്തുന്ന ഹാന്‍ കാങ്ങിന്റെ ശൈലി, സര്‍റിയല്‍
ഭാവം ആര്‍ജ്ജിക്കുന്നു. അത്തരം വിവരണങ്ങളില്‍ കടന്നുവരുന്ന മനുഷ്യര്‍, പ്രിയപ്പെട്ടവരുടെ ശേഷിപ്പുകള്‍ ഏതു കൂട്ടക്കുഴിമാടത്തിലാണ് എന്നറിയാതെ, അവയ്ക്ക് വിശ്രാന്തി നല്കപ്പെട്ടിട്ടില്ലല്ലോ എന്ന വേദനയില്‍
ഭൂതാവിഷ്ടരായി തുടരുന്നു.
ഒരു നോവല്‍ എന്നനിലയില്‍ തനിയെ വായിക്കാവുന്നതെങ്കിലും, ഹാന്‍ കാങ്ങിന്റെ മുന്‍നോവലുകളിലെ
പ്രമേയ, രൂപക ധ്വനികള്‍ ഇവിടെയും സുവ്യക്തമാണ്.
ചരിത്രപരമായി, ഗ്വാങ്ജു കൂട്ടക്കൊലയില്‍
പശ്ചാത്തലമാക്കിയ Human Acts നേരിട്ട്
കണ്ണിചേരുമെങ്കില്‍, മഞ്ഞ്, പക്ഷി
തുടങ്ങിയ രൂപകങ്ങളുടെ സര്‍റിയലിസ്റ്റിക് പ്രയോഗത്തില്‍ The
Vegetarian, കാവ്യാത്മകതയില്‍ The White
Book എന്നിവയിലും അതേ തുടര്‍ച്ച കാണാനാകും. ‘വെജിറ്റെറിയ’നില് യോങ്ഹൈ സ്വയം, വേട്ടയാടപ്പെട്ട പക്ഷിയോട്
താദാത്മ്യപ്പെടുന്ന സന്ദര്‍ഭത്തിന്റെ തുടര്‍ച്ച പോലെ, ഇന്‍സെന്‍
തന്റെ കിളികളെ കൂടെപ്പിറപ്പുകള്‍ ആയിത്തന്നെ കാണുന്നു. യോങ്ഹൈ മരമായിത്തീരാന്‍
കൊതിക്കുമ്പോള്‍, വെട്ടിപ്പരുവപ്പെടുത്തിയ മരങ്ങളുടെ
കൂനിക്കൂടിയ ആള്‍രൂപത്തിലുള്ള കടഭാഗങ്ങള്‍കൊണ്ട് കൂട്ടക്കുരുതിയില്‍
അറുത്തുമാറ്റപ്പെട്ട ജീവിതങ്ങള്‍ക്ക് സ്മാരകം പണിയുകയാണ് ഇന്‍സെന്‍.
ഓട്ടോഫിക്
ഷന്‍, സാക്ഷ്യസാഹിത്യം:
നോവലിന്റെ മുഖ്യആഖ്യാതാവായ ക്യൂങ്ഹാ, ഹാന്‍ കാങ്ങിന്റെ തന്നെ നേര്‍ത്ത മൂടുപടമാണ് എന്ന് കാണാന്‍
വിഷമമില്ല. നോവലിലെ യഥാര്‍ത്ഥ മുഖ്യ കഥാപാത്രം പക്ഷെ, ക്യൂങ്ഹായോ
ഇന്‍സെന്നോ അല്ലെന്നു സൂക്ഷ്മവായനയില്‍ കണ്ടെത്താനാകും. അത് ജിയോങ്സിം ആണ്. അവര്‍
കണ്ടതെന്തോ, സാക്ഷ്യം വഹിച്ചതെന്തോ അതാണ് നോവലിന്റെ
ചോരവാര്‍ന്ന ഹൃദയഭൂമിക. തന്നെയല്ല, പ്രിയപ്പെട്ടവരുടെ
ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനും അവയ്ക്ക് വിശ്രാന്തി നല്‍കാനും പൊരുതിയതും
അങ്ങനെ അവരെ വിസ്മൃതിക്ക് വിട്ടുകൊടുത്തുകൂടാ എന്നു പഠിപ്പിച്ചതും അവരാണ്.
ക്യൂങ്ഹായോടും ഇന്‍സെന്നിന്നോടും ഉള്ള അവരുടെ ബന്ധമാണ് നോവലായി പരിണമിക്കുന്നതും.
ആ അര്‍ഥത്തില്‍ Human Actsല്‍ കാണാവുന്ന അതേ വ്യക്തിപരമായ ആത്മാവിഷ്കാരതലം ഹാന്‍ കാങ്ങിനെ സംബന്ധിച്ച്
ഇവിടെയും ഉണ്ടെന്നു പറയാം. (‘Human Actsല്‍, കൂട്ടക്കൊലയില്‍ ഇരയായിത്തീരുന്ന കൌമാരക്കാരന്‍ താമസിച്ച അതേ വീട്ടിലാണ്
പിന്നീട് ഹാന്‍ കാങ്ങിന്റെ കുടുംബം താമസമാക്കിയത് എന്നത് ബൌദ്ധിക, വൈകാരിക തലങ്ങളില്‍ അതിസംവേദന പ്രകൃതമുള്ള നോവലിസ്റ്റിനെ ഏറെ സ്പര്‍ശിക്കുന്ന
നോവലിന് ‘ഓട്ടോ ഫിക് ഷന്‍’ തീവ്രഭാവം പകരുന്നത്.)
അതുപോലെ, വിസ്മരിക്കപ്പെടുകയോ മൗനമുദ്രിതമാകുകയോ
ചെയ്യാന്‍ ഇടയുള്ള മഹാദുരന്തങ്ങളെ, യുദ്ധം, വംശഹത്യ, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, തുടങ്ങിയ വ്യവസ്ഥാപിത ഹിംസയുടെ അത്യാചാരങ്ങളെ വരുംതലമുറക്കായി ആഖ്യാനം
ചെയ്യുന്ന കൃതികളുമായി കണ്ണിചേരുന്നത് എന്ന നിലയില്‍ ‘witness literature’ എന്ന വര്‍ഗ്ഗീകരണവും നോവലിനെ സംബന്ധിച്ച് തീര്‍ത്തും അസ്ഥാനത്തല്ല.
ചരിത്രപരമായ ട്രോമയിലുള്ള ഫോക്കസ്, വൈയ്യക്തിക ഓര്‍മ്മകളും
സഞ്ചിതസ്മൃതികളും തമ്മിലുള്ള ഇടകലരല്‍, നിശബ്ദരാക്കപ്പെട്ടവരുടെ
സാക്ഷ്യങ്ങള്‍, ദുരന്തഭൂമിയുടെ തന്നെ സാക്ഷ്യം, നോവലിസ്റ്റ് ഉപയോഗിക്കുന്ന ശ്ലഥമായ ആഖ്യാനരീതി, കാവ്യാത്മകവും ധ്വനിസാന്ദ്രവുമായ ശൈലി തുടങ്ങിയവയെല്ലാം ‘സാക്ഷ്യസാഹിത്യ’ത്തിന്റെ പ്രകൃതങ്ങളോട് ചേരുന്നുണ്ട്. എങ്കിലും, ഏലി വീസലിന്റെ ‘Night’ പോലുള്ള കൃതികളില്‍
നിരീക്ഷിക്കാവുന്ന ഡോക്കുമെന്ററി സ്വഭാവമുള്ള ഫോക്കസിലേറെ, സൗഹൃദം, മിസ്റ്റിക്കല്‍ - മിത്തിക്കല്‍
ഭാവമുള്ള ആത്മയാനം, ഒരു കിളിയുടെ ജീവന്‍ മാനവകുലത്തോളം
തന്നെ പ്രാധാന്യമുള്ളതാണ് എന്ന പാരസ്ഥിതിക ദാര്‍ശനികത എന്നതിലൊക്കെയുള്ള ഊന്നല്‍, നിയതമായ കള്ളികളെ ഭേദിക്കുകയോ, അഥവാ അതിനെ
വികസിപ്പിക്കുകയോ ചെയ്യുന്നുണ്ട്.
അവലംബങ്ങള്‍:
1. Elaine
Margolin. Project Muse: World Literature Today, World Literature Today
University of Oklahoma, Volume 99, Number 1, January - February 2025, p. 55,
10.1353/wlt.2025.a946551
2. Elie Wiesel.
Preface to the New Translation by Elie Wiesel, ‘Night’, Translated
from French by Marion Wiesel, Hill and Wang, New York, 2006
3. Han Kang.
‘Nobel Lecture by Han Kang’, Svenska Akademien, THE NOBEL FOUNDATION 2024, P: 8
4. “Jeju
uprising” (2025, January 15).In Wikipedia.
https://en.wikipedia.org/wiki/Jeju_uprising
5. Bae, Hannah.
"Review: In 'We Do Not Part,' Nobel Prize winner Han Kang implores readers
to listen to the dead". Datebook | San Francisco Arts & Entertainment
Guide. Accessed 19.01.2025.
6. Haber, Leigh
(2025-01-15). "The latest Nobel laureate's work is haunted by questions.
Don't expect answers". Los Angeles Times.
No comments:
Post a Comment