Featured Post

Thursday, May 29, 2025

Early Trilogy - Ngũgĩ wa Thiong'o

സ്വാതന്ത്ര്യത്തിന്‍റ കെനിയന്‍ കനല്‍ച്ചിത്രങ്ങള്‍


ആഫ്രിക്കന്‍ സാഹിത്യത്തിന്‍റെ ഊര്‍ജ്ജ പ്രഭവമായി മൂന്നു ഘടകങ്ങളെ ബെന്‍ ഒക്രിചൂണ്ടിക്കാണിക്കുന്നു: അഗോചരം അഥവാ മിത്തുകള്‍ , ഗോചരം അഥവാ യാഥാര്‍ത്ഥ്യം, വാമൊഴി പാരമ്പര്യം എന്നിവയാണവ. ഇതില്‍ത്തന്നെ മിത്തിക്കല്‍ സ്വാധീനത്തെ ഏറ്റവും പ്രധാനപ്രഭവമായി അദ്ദേഹം വേര്‍തിരിക്കുന്നു. ആഫ്രിക്കന്‍ സാഹിത്യത്തിലെ ക്ലാസിക്കുകള്‍ ആയ ആമോസ് ടുടുവോലായുടെ 'ദി പാം വൈന്‍ ഡ്രിങ്കാര്‍ഡ്', ചിനുവ അച്ചബെയുടെ 'തിംഗ്സ് ഫാള്‍ അപ്പാര്‍ട്ട്' , കമാറ ലായെയുടെ 'ദി ആഫ്രിക്കന്‍ ചൈല്‍ഡ്' തുടങ്ങിയവയെ അദ്ദേഹം ഈ ഗണത്തില്‍ അഗ്രഗാമികളായി വിലയിരുത്തുന്നു. ബെന്‍ ഒക്രിയുടെ തന്നെ 'ദി ഫാമിഷ്ഡ് റോഡ്‌' തീര്‍ച്ചയായും ഈ ഗണത്തില്‍ വരുന്നതാണെന്നും നമുക്ക് പറയാം. അമ്പതുകളുടെ കൊളോണിയല്‍ വിരുദ്ധ ഉണര്‍വ്വുകളുടെ കാലത്ത് പാരമ്പര്യത്തിനും ഒപ്പം തന്നെ കലുഷമായ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്കും ചെവികൊടുത്ത്‌ എഴുതിയ എഴുത്തുകാരെ നിരീക്ഷിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യം ബെന്‍ ഒക്രി എടുത്തുപറയുന്നു: ആധുനിക ആഫ്രിക്കന്‍ സാഹിത്യം കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പ്പായല്ല തുടങ്ങിയത്, മറിച്ച് കൊളോണിയളിസം ഒരു ആവിഷ്കാര രീതിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സ്വാഭാവിക പുരോഗതിയുടെ രൂപത്തില്‍ അതിനു ഒരു പുതിയ മാനം, ഒരു പുതിയ ഊന്നല്‍ നല്‍കുകയായിരുന്നു. മോശം കാലത്ത് ആളുകള്‍ മോശം കാലത്തെ കുറിച്ച് പാടുക സ്വാഭാവികം. എന്നാല്‍ അത് പ്രാതിനിധ്യ സ്വഭാവമുള്ളതല്ല, കാരണം മോശം കാലത്തെ കുറിച്ചുള്ള പാട്ടുകളില്‍ നല്ല കാലങ്ങളെ കുറിച്ചുള്ള സൂചകമായി ആത്മാവിന്റെ ചൈതന്യം പ്രഘോഷിക്കപ്പെടുന്നു. പാരമ്പര്യത്തിന്റെ അഗാധതകളില്‍ നിന്നും ഒപ്പം കലുഷമായ വര്‍ത്തമാനത്തിന്റെ പ്രവചന സ്വരങ്ങളില്‍നിന്നും ഉരുവം കൊണ്ട ഒരു മഹത്തായ സൂചക കൃതിയായി അദ്ദേഹം എന്‍ഗൂഗി വാ തിയോംഗോ യുടെ ആദ്യ പ്രസിദ്ധീകൃത നോവലായ 'കുഞ്ഞേ, കരയരുത് ' എന്ന പുസ്തകത്തെ അടയാളപ്പെടുത്തുന്നു. (പെന്‍ഗ്വിന്‍ ക്ലാസിക് പതിപ്പിന്റെ ആമുഖം: ബെന്‍ ഒക്രി).
ഒരു എഴുത്തുകാരന്റെ/കാരിയുടെ പ്രഥമകൃതി അദ്ദേഹത്തിന്റെ/അവരുടെ രചനാലോകത്തിന്റെ മൊത്തം സൂചകമായിത്തീരുന്ന തരത്തില്‍ ആ പ്രമേയപരമായ ഉത്കണ്ഠകള്‍ ഉള്‍കൊള്ളുന്നതാവാം എന്ന് നിരീക്ഷണം സാധൂകരിക്കും വിധം, കുറെയേറെ കഥകള്‍ക്കും, 'ദി റിവര്‍ ബിറ്റ് വീന്‍' എന്ന പിന്നീട് മാത്രം പ്രസിദ്ധീകരിക്കപ്പെട്ട നോവലിനും ശേഷം ഇരുപത്തിയെട്ടാം വയസ്സില്‍ എന്‍ഗൂഗി എഴുതിയ 'കുഞ്ഞേ, കരയരുത് ' അദ്ദേഹത്തിന്റെ രചനാ ലോകത്തേക്കുള്ള തുറവുതന്നെ ആകുന്നുണ്ട്. അക്കാലത്ത് ആഫ്രിക്കന്‍ എഴുത്തുകാരില്‍ പതിവായിരുന്ന രീതിയില്‍ തന്റെ മാമോദീസാ പേരായ ജെയിംസ്‌ എന്‍ഗൂഗി എന്ന പേരിലാണ് അന്നത് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും വൈകാതെ ആ കൊളോണിയല്‍ ഭാരം നോവലിസ്റ്റ് കയ്യൊഴിയുകയായിരുന്നു . പില്‍ക്കാലം, ആഫ്രിക്കന്‍ സ്വത്വത്തെ കുറിച്ചും ഭാഷാപരമായ തനിമയെ കുറിച്ചുമുള്ള തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ രചനാരീതികളെയും മാറ്റിമറിച്ചു. 'കുഞ്ഞേ, കരയരുത് ' ആദ്യം ഇംഗ്ലീഷില്‍ എഴുതിയ നോവലിസ്റ്റ്, പില്‍ക്കാലം ഗികുയു, സ്വാഹിലി ഭാഷകളില്‍ എഴുതിയ ശേഷം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്ന രീതിയിലേക്ക് മാറി. ഒരു ഘട്ടത്തില്‍ ഇനി മുതല്‍ ഗികുയുവില്‍ മാത്രമേ എഴുതുകയുള്ളൂ എന്നും അദ്ദേഹം തീരുമാനിച്ചു. 1987-ല്‍ പുറത്തിറങ്ങിയ 'മാതിഗാരി' എന്ന നോവലിന് ശേഷം 2006-ല്‍ 'വിസാര്‍ഡ് ഓഫ് ദി ക്രോ' എന്ന ബൃഹദ് നോവല്‍ വരെയുള്ള ഏകദേശം രണ്ടു പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ രചനകളെല്ലാം ഗികുയു ഭാഷയില്‍ ആയിരുന്നു.

കനലില്‍ പിച്ചവെക്കുന്നവര്‍

ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി കൊളോണിയല്‍ യുദ്ധത്തെ കികുയു കാഴ്ചപ്പാടില്‍ ഫിക് ഷനില്‍ ആവാഹിച്ച ആദ്യ ആഫ്രിക്കന്‍ എഴുത്തുകാരനാണ് എന്‍ഗൂഗി. 1952 - '60 -കാലഘട്ടത്തിലെ 'കെനിയന്‍ അടിയന്തരാവസ്ഥ' എന്നും 'മോ മോ' കലാപം എന്നും അറിയപ്പെട്ട കെനിയന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് കൗമാരം പിന്നിടുന്ന ന്യൊറോഗി എന്ന ബാലന്റെ മുതിര്‍ന്നു വരവിന്റെ കഥയാണ് 'കുഞ്ഞേ, കരയരുത്' എന്ന ആദ്യ നോവലില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്‌. കൊളോണിയല്‍ ആധിപത്യത്തിനെതിരായ തീക്ഷ്ണ പ്രതികരണമായി ഗറില്ലാ പോരാട്ടം നാടെങ്ങും പടരുന്ന കാലം. ദുരിതങ്ങളില്‍ തകര്‍ന്നു പോയിട്ടുണ്ടെങ്കിലും വിട്ടുപോയിട്ടില്ലാത്ത സൗന്ദര്യത്തിന്റെ ഉടമയായ മമ്മ ന്യോകാബി, മകനു സ്കൂളില്‍ പോകാനുള്ള അപൂര്‍വ്വ അവസരം വാഗ്ദാനം ചെയ്യുന്നത്, അതീവ സന്തോഷത്തോടെയാണ് അവന്‍ സ്വീകരിക്കുക. ആശാരിപ്പണി പഠിക്കുന്ന അര്‍ദ്ധ സഹോദരന്‍ കമാവു അനിയനെ അനുമോദിക്കുന്നു; അവര്‍ മികച്ച ഭാവി സ്വപ്നം കാണുന്നു. ഒരു കാലത്ത് തങ്ങളുടെ സ്വന്തമായിരുന്ന ഭൂമിയില്‍ ഇപ്പോള്‍ അതിന്റെ ബ്രിട്ടിഷ് ഭൂവുടമ മി. ഹോലാന്‍ഡ്സിന് വേണ്ടി കര്‍ഷകത്തൊഴില്‍ ചെയ്യുന്ന പപ്പ എന്‍ഗോതോ, കുടുംബത്തില്‍ ആദ്യം സ്കൂളില്‍ പോവുക തന്റെ മകനായിരിക്കുമെന്ന അഭിമാനത്തിലാണ്. സ്കൂളിലെ കഠിനമായ ആദ്യ ദിനങ്ങളില്‍ അവനു കൂട്ടാവുക ധനികനായ ഗികുയു കര്‍ഷകനും തങ്ങളുടെ കിടപ്പാടത്തിന്റെ ഉടമയുമായ ജകൊബോയുടെ മകള്‍ മ്വിഹാകി ആയിരിക്കും.

ഒരു സായാഹ്നത്തില്‍ , എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ ഗികുയു ദേശം സ്വന്തമാക്കിയതെന്ന കഥ പപ്പ തന്റെ ഭാര്യമാരോടും കോറി, ബോറോ, കമാവു, ന്യൊറോഗി എന്നീ മക്കളോടും പറയുന്നത് എല്ലാവരെയും അസ്വസ്ഥരാക്കുന്നുവെങ്കിലും, രണ്ടാം ലോക യുദ്ധത്തിനിടെ തന്റെ സഹോദരനെ നഷ്ടമായ ബോറോയിലാണ് അത് കൂടുതല്‍ രോഷം സൃഷ്ടിക്കുക. ഇംഗ്ലീഷ് പരിജ്ഞാനം നേടിയെടുക്കുന്ന ന്യൊറോഗി തന്റെ ബൈബിള്‍ പഠനത്തിനിടെ, ഗികുയു പോരാട്ടങ്ങളും ഇസ്രയേല്യരുടെ പീഡനവും തമ്മില്‍ സാമ്യം കണ്ടെത്തുന്നു. കമാവുവാകട്ടെ, തന്റെ ആശാന്‍ എന്‍ഗാനയുടെ മെല്ലെപ്പോക്കില്‍ മടുത്തുപോയിരിക്കുന്നു. ആഫ്രിക്കന്‍ ജനതക്ക് കൂടുതല്‍ അധികാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സമരം ആരംഭിക്കുന്നതിനെ കുറിച്ച് കേള്‍ക്കാനിടയാവുന്ന എന്‍ഗോതോക്ക് അതില്‍ പങ്കെടുക്കണം എന്നുണ്ടെങ്കിലും മി. ഹോലാന്‍ഡ്സ് തന്നെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്ന് അയാള്‍ ഭയപ്പെടുന്നു. ഇതിനോടകം പ്രസ്ഥാനത്തില്‍ ഒരു നേതാവായി ഉയര്‍ന്നു വന്നിരിക്കുന്ന ബോറോ, മറ്റു ചിലരോടൊപ്പം യോഗത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൊളോണിയല്‍ കാലത്ത് സ്വന്തമായി ഭൂമി ഉടമസ്ഥതയില്‍ വെക്കാനും കൃഷിനടത്താനും അവകാശമുള്ള ചുരുക്കം തദ്ദേശീയരില്‍ ഒരാള്‍ എന്ന നിലയില്‍ നാട്ടുപ്രമാണിയായ ജകൊബോയെ മുന്നില്‍ നിര്‍ത്തി സമരം പൊളിക്കാന്‍ പോലീസ് ശ്രമിക്കുന്നതില്‍ പ്രകോപിതനാവുന്ന എന്‍ഗോതോ സ്റ്റേജില്‍ കയറി അയാളെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. കലാപം ഉടനടി അടിച്ചമര്‍ത്തപ്പെടുന്നെങ്കിലും, ഭയപ്പെട്ടപോലെ, എന്‍ഗോതോയും കുടുംബവും അതിനു കനത്ത വില നല്‍കേണ്ടി വരുന്നു. മി. ഹോലാന്‍ഡ്സ് അയാളെ പിരിച്ചു വിടുകയും, ജകൊബോ അവരെ കുടിയിറക്കുകയും ചെയ്യുന്ന സന്ദിഗ്ധ ഘട്ടത്തില്‍ എന്‍ഗാന അവര്‍ക്ക് അഭയം നല്‍കുന്നു.

'മോമോ' പ്രസ്ഥാനത്തിലെ മിതസ്വരത്തിന്റെ പ്രതീകവും ന്യൊറോഗിയുടെ നായകനുമായ ജോമോ കെനിയാറ്റ അറസ്റ്റ് ചെയ്യപ്പെടുന്നതോടെയാണ് രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആഖ്യാനം പുരാരംഭിക്കുന്നത്. പ്രസ്ഥാനത്തിലെ തീവ്ര വിഭാഗം കടുത്ത മാര്‍ഗ്ഗങ്ങളിലേക്ക് തിരിഞ്ഞതിന്റെ ഫലങ്ങള്‍ ഹിംസാത്മകമായ തിരിച്ചടികളായി നാടെങ്ങും അനുഭവപ്പെട്ടു തുടങ്ങുന്നു. പോലീസിനെയും കലാപകാരികളെയും ജനങ്ങള്‍ ഒരുപോലെ ഭയപ്പെടേണ്ട സാഹചര്യം. ഒരു വശത്ത്‌ കൊറോയും ബോറിയും പോലീസുമായി ഇടയ്ക്കിടെ കൊമ്പു കോര്‍ക്കുന്നു. അതേ സമയം, മി. ഹോലാന്‍ഡ്സും ജകൊബോയും കൈകോര്‍ത്തു എന്‍ഗോതോയെ അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിക്കുന്നു. കോറിയും എന്‍ഗോതോയുടെ ആദ്യ ഭാര്യ എന്‍യേരിയും അറസ്റ്റിലാവുന്നു. ഇത്തരം കാലുഷ്യങ്ങള്‍ക്കെല്ലാം ഇടയിലും കമാവുവിന്റെ ഉപദേശ പ്രകാരം കലാപകാരികളുടെ ഭീഷണി അവഗണിച്ചു ന്യൊറോഗി സ്കൂളില്‍ പോകുന്നത് തുടരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഗ്രാമത്തില്‍ തിരിച്ചെത്തുന്ന മ്വിഹാകിയും ന്യൊറോഗിയും സൗഹൃദം പുതുക്കുന്നുവെങ്കിലും, തങ്ങളുടെ സാമൂഹ്യ നിലകളിലെ അന്തരം മ്വിഹാകിയെ ഉലക്കുന്നു. അതിനോടൊപ്പം, ന്യൊറോഗിക്ക് ഹൈ സ്കൂള്‍ പഠനത്തിനു അവസരം ഒരുങ്ങുമ്പോള്‍ ഗ്രേഡുകള്‍ മോശമായ മ്വിഹാകിക്ക് ടീച്ചിംഗ് കോളേജില്‍ പോകേണ്ടിയും വരുന്നു. സ്കൂളില്‍ വെച്ച് മി. ഹോലാന്‍ഡ്സിന്റെ മകന്‍ സ്റ്റീഫനുമായി അപൂര്‍വ്വമായ ഒരു സൗഹൃദത്തിലേക്കു ന്യൊറോഗി എത്തിച്ചേരുന്നു. കുട്ടിക്കാലത്ത് പരസ്പരം സംസാരിക്കാന്‍ ഭയമായിരുന്നെങ്കിലും രണ്ടുപേര്‍ക്കും പൊതുവായി പലതുമുണ്ടെന്ന് സുഹൃത്തുക്കള്‍ കണ്ടെത്തുന്നു. പ്രതീക്ഷകളുടെ നാളുകള്‍ക്ക് പക്ഷെ അല്‍പ്പായുസ്സാണെന്ന് തെളിയിച്ചുകൊണ്ട്‌ , പത്തൊമ്പതാം വയസ്സില്‍ , ജകൊബോയുടെ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുക്കപ്പെടുന്ന ന്യൊറോഗി ഭീകരമായി പീഡിപ്പിക്കപ്പെടുന്നു.

യഥാര്‍ഥത്തില്‍ ജക്കൊബോയുടെ വധം കുടുംബത്തിന്റെ സമൂലമായ ദുരന്തത്തിനു കാരണമായിത്തീരുമെങ്കിലും ന്യോറോഗിയോ എന്‍ഗോതോയോ അല്ല അതിനുത്തരവാദിയെന്നു സുവ്യക്തമാണ്. മി. ഹോലാന്‍ഡ്സും ജകൊബോയും ചേര്‍ന്ന് അച്ഛനെ അറസ്റ്റ് ചെയ്യിക്കുന്നതിനെ തുടര്‍ന്നു ബോറോയാണ് ജകൊബോയെ കൊല്ലാന്‍ പദ്ധതിയിടുന്നത് . തടവില്‍ എന്‍ഗോതോ കുറ്റ സമ്മതം നടത്തിയിട്ടുണ്ടെന്നും അയാളെ വന്ധ്യംകരിച്ചിരിക്കുന്നു എന്നും പോലീസ് വ്യക്തമാക്കുന്നു. വിശ്വസ്തനായ കുടിയാനെ ഇത്തിരി വൈകിയാണെങ്കിലും മനസ്സാക്ഷിയുടെ കുത്തല്‍ സഹിക്കാനാവാതെ മി. ഹോലാന്‍ഡ്സ് ജയില്‍ മോചിതനാക്കുന്നു. കസ്റ്റഡിയില്‍ പെട്ടുപോയിരുന്ന കമാവുവിനെ രക്ഷിക്കാന്‍ വേണ്ടി എന്‍ഗോതോ കുറ്റം എല്‍ക്കുകയായിരുന്നു എന്നും യഥാര്‍ഥത്തില്‍ സഹോദരന്റെ മരണത്തിനു പ്രതികാരമെന്നോണം അത് ചെയ്തത് ബോറോ ആയിരുന്നു എന്നും വ്യക്തമാവുന്നു. പീഡനത്തിന്റെ ബാക്കിപത്രമായി എന്‍ഗോതോ വൈകാതെ മരിക്കുന്നതോടെ, അയാളുടെ നിരപരാധിത്തം അറിഞ്ഞിട്ടും അതിനു വിട്ടുകൊടുത്ത മി. ഹോലാന്‍ഡ്സിനെ, അയാളുടെ വസതിയില്‍ വെച്ചുതന്നെ ബോറോ വധിക്കുകയായിരുന്നു . എന്‍ഗോതോയുടെ മരണ ശേഷം കുടുംബഭാരം ഏല്‍ക്കേണ്ടി വരുന്ന ന്യൊറോഗി പഠനം നിര്‍ത്തി ഒരു ഡ്രസ്സ്‌ ഷോപ്പില്‍ ജോലി നോക്കാന്‍ നിര്‍ബന്ധിതനാവുന്നു. തനിക്കുള്ള ഒരേയൊരു ആശ്വാസമായ മ്വിഹാകിയെ അയാള്‍ തേടിയെത്തുന്നുവെങ്കിലും, ഇരുവരും തങ്ങളുടെ പ്രണയം ഏറ്റുപറയുന്നെങ്കിലും, പിതാക്കള്‍ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അവര്‍ ഒരുമിക്കുന്നത് അസാധ്യമാക്കിയിരിക്കുന്നുവെന്നു തിരിച്ചറിയുന്നു. ആത്മഹത്യക്ക് ശ്രമിക്കുന്ന ന്യൊറോഗിയേ പിന്തിരിപ്പിച്ചു മമ്മ ന്യോകാബി വീട്ടിലേക്കു കൊണ്ടുവരുന്നു.

മണ്ണിന്റെ ഉടമസ്ഥത എന്നത് പവിത്രമായ ഒരു അവകാശമായിക്കണ്ടിരുന്ന ഗികുയു സംസ്കൃതിയില്‍ ബ്രിട്ടീഷ് ഭൂസ്വത്ത് നിയമങ്ങള്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. അക്രമകാരികളായ കൊളോണിയലിസ്റ്റുകള്‍ വന്‍ തോതില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനും, ചിരപുരാതനമായി അന്തസ്സോടെ സ്വന്തം ഭൂമിയില്‍ കഴിഞ്ഞുവന്നവരെ അവിടെത്തെ തന്നെ അടിയാന്മാരാക്കി മാറ്റുന്നതിനും ഈ ഇടപെടലുകള്‍ നിമിത്തമായി. എന്‍ഗോതോയുടെ ജീവിതം ഈ പരിതോവസ്തയുടെ പ്രതീകമാണ്. രണ്ടാം ലോക യുദ്ധത്തില്‍ ബ്രിട്ടന് വേണ്ടി നിര്‍ബന്ധിത സൈനിക വൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ട യുവാക്കളുടെ ജീവത്യാഗങ്ങള്‍ വിലമതിക്കപ്പെടാതെ പോയതും അമര്‍ഷം രൂക്ഷമാക്കിയ ഘടകമായിരുന്നു. നാല്‍പ്പതുകളില്‍ ആരംഭിച്ച 'കെനിയ ആഫ്രിക്കന്‍ യൂണിയന്‍ ' , ജോമോ കേനിയാറ്റയുടെ നേതൃത്വത്തില്‍ മിതവാദസമീപനങ്ങളിലൂടെ സ്വാതന്ത്ര്യ സമര സന്ദേശം ഏറ്റെടുത്തെങ്കിലും 1952-ല്‍ , ഗോത്ര സംസ്കൃതിയില്‍ പവിത്രമായി കണക്കാക്കപ്പെടുന്ന രഹസ്യസ്വഭാവവും 'പ്രതിജ്ഞ'യെടുക്കലും അടിസ്ഥാനമാക്കി രൂപമെടുത്ത മോ മോ പ്രസ്ഥാനം യൂറോപ്പ്യന്‍ വംശജര്‍ക്കും 'ഒറ്റുകാര്‍ ' എന്ന് മുദ്രചാര്‍ത്തപ്പെട്ട തദ്ദേശീയര്‍ക്കുതന്നെയും എതിരെ കടുത്ത ആക്രമണ സ്വഭാവങ്ങളുള്ള കടന്നു കയറ്റങ്ങളിലൂടെ സ്വാതന്ത്ര്യ സമരങ്ങളുടെ നേതൃത്വം കയ്യടക്കി. 1956 ആവുമ്പോഴേക്കും ഭീകര മര്‍ദ്ദനമുറകളിലൂടെ കലാപം ഏതാണ്ട് പൂര്‍ണ്ണമായും അടിച്ചമര്‍ത്തപ്പെട്ടിരുന്നെങ്കിലും1960വരെ അടിയന്തിരാവസ്ഥ തുടര്‍ന്നു. 1960-ല്‍ തുടങ്ങിയ അധികാരക്കൈമാറ്റപ്രക്രിയ 1962-ലെ സ്വാതന്ത്ര്യപ്രാപ്തിവരെ തുടര്‍ന്നു. അധികാരക്കൈമാറ്റ പ്രക്രിയയുടെ കാലം 'കുഞ്ഞേ, കരയരുത്' പശ്ചാത്തലത്തിലേക്കെടുക്കുന്നില്ല.

ചേര്‍ത്തണച്ചും പകുത്തകറ്റിയും
എന്‍ഗൂഗിയുടെ ആദ്യം പ്രസിദ്ധീകരിച്ച നോവല്‍ 'കുഞ്ഞേ, കരയരുത്' ആയിരുന്നെങ്കിലും അതിനും മുമ്പേ എഴുതപ്പെട്ടതും കൂടുതല്‍ മുമ്പുള്ള ഒരു കാലഗണനയുള്ളതുമായ നോവലാണ്‌ 'ഇരു തടങ്ങള്‍ക്കിടയിലെ നദി'. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ , കൊളോണിയല്‍ ആധിപത്യം ബൈബിള്‍ ആയുധമാക്കിയിരുന്ന കാലമാണ് നോവലിന്റെ പശ്ചാത്തലം. ഗ്രാമീണ പശ്ചാത്തലത്തില്‍ 'രോഗമുക്തി, അഥവാ, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരല്‍ ' എന്നര്‍ത്ഥമുള്ള ഹോനിയ നദി, കമേനോയെയും മകുയുവിനെയും വേര്‍തിരിച്ചു ഒഴുകുന്നു. കികുയു സങ്കല്‍പ്പത്തിലെ പുരാണപ്രോക്തമായ ഉല്പത്തി ദേശമായ ഇവിടെയാണ്‌ മുറുംഗോ ദേവന്‍ ആദിപുരുഷനും സ്ത്രീയുമായ കികുയുവിനെയും മുംബിയെയും സൃഷ്ടിച്ചത്. തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്യരെ അറിയിക്കാതെ ഗോത്രം കൈകാര്യം ചെയ്തുവന്ന ഇവിടം കമേനോയുടെ പാരമ്പര്യനിലപാടുകളും പുതുതായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട മകുയു ഗോത്രവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതോടെ അസ്വസ്ഥമാകുന്നു. ആദ്യകാല ഇംഗ്ലീഷ് പര്യവേഷകന്‍റെ പേരുള്ള റവ: ലിവിംഗ്സ്റ്റന്‍റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് കുടിയേറ്റക്കാര്‍ സിറിയാനി മിഷന്‍ സ്കൂള്‍ സ്ഥാപിക്കുകയും മതഭ്രാന്തനായ പുത്തന്‍കൂറ്റുകാരന്‍ ജോഷ്വയേ ഉപയോഗിച്ച് ക്രിസ്ത്യന്‍ മേധാവിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുരാണ നായകനായ മുഗോയുടെ പാരമ്പര്യത്തില്‍ നിന്നുള്ള ഗ്രാമത്തലവന്‍ ചിഗെ, വെള്ളക്കാരുടെ അധിനിവേശത്തെ കുറിച്ചുള്ള പിതാമഹന്റെ പ്രവചനത്തെ ഗോത്രജനത അവഗണിക്കുന്നതില്‍ ഖിന്നനാണ്‌. കികുയു ഐക്യം നിലനിര്‍ത്തേണ്ട ബാധ്യത തനിക്കുണ്ടെന്ന് വിശ്വസിക്കുന്ന ചിഗെ, തനിക്കു ശേഷം ആ ദൌത്യം മകന്‍ വയാകി തുടരണമെന്ന് ആഗ്രഹിക്കുന്നു. ഒരു സ്വാഭാവിക നായകന്‍റെ ഗുണഗണങ്ങള്‍ ഉള്ള വയാകിയെ അയാള്‍ കൊച്ചിലേ അതിനു പാകപ്പെടുത്തുന്നുണ്ട്. പാരമ്പര്യത്തെയെന്നപോലെ വെളുത്തവര്‍ഗ്ഗക്കാരന്റെ രീതികളും അറിയുന്ന, മലകളില്‍ നിന്നുള്ള ഒരു വീരനാണ് തന്റെ ജനതയുടെ മോചകനാകുക എന്ന പ്രവചനം ഓര്‍ത്തുകൊണ്ട്‌ കുഞ്ഞായ വയാകിയെ അയാള്‍ പര്‍വ്വതത്തില്‍ മുറുംഗോയുടെ വിശുദ്ധ വൃക്ഷം കാണിച്ചു കൊടുക്കുകയും മുഗോയുമായുള്ള പാരമ്പര്യ ബന്ധം ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം, പുതിയ കാലത്തിന്റെ വെല്ലുവിളികളും ഏറ്റെടുക്കാന്‍ മകനെ സിറിയാനി സ്കൂളിലെ വിദ്യാഭ്യാസത്തിനും അയക്കുന്നത്, ഒരു വേള, ഗോത്രാംഗങ്ങളുടെ വിമര്‍ശത്തിനും ഇടയാക്കുന്നുണ്ട്. പ്രവചനത്തെ കുറിച്ചറിയാവുന്ന മറ്റൊരാളായ കബോന്‍യി, ജോഷ്വായെപ്പോലെ മതം മാറിയവനാണ്. ഗോത്രത്തില്‍ ചിഗേക്ക് പിറകെ രണ്ടാമനായിപ്പോയ പോലെ പുതിയ സമൂഹത്തില്‍ ജോഷ്വാക്ക് പിറകില്‍ രണ്ടാമനാവാനേ അത്രതന്നെ വാചാലനല്ലാത്ത കബോന്‍യിക്ക് കഴിയുന്നുള്ളൂ. അധിനിവിഷ്ട വിശ്വാസവും പാരമ്പര്യവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭൂമിക ഈ വിധം സമഗ്രമായി സ്ഥാപിച്ചതിനു ശേഷമാണ് നോവല്‍ ഇതിവൃത്തത്തിന്റെ പിരിമുറുക്കത്തിലേക്ക് നീങ്ങുന്നത്‌.

ക്രിസ്തു മതവിശ്വാസപ്രകാരം നിഷിദ്ധവും ഗോത്രാചാരത്തിന്റെ അടിസ്ഥാന ഘടകവുമായ ചേലാകര്‍മ്മം, അതും പെണ്‍ചേലാകര്‍മ്മം, എന്ന ആചാരം അച്ഛനോടുള്ള പ്രതിഷേധമായിത്തന്നെ മകള്‍ മുതോനി ഏറ്റെടുക്കുന്നത് ജോഷ്വാക്ക് വലിയ അപമാനമാകുകയും തുടര്‍ന്നു പഴുപ്പ് ബാധിച്ചു അവള്‍ മരിക്കാന്‍ ഇടയാകുന്നത് കികുയു ഗോത്രത്തില്‍ത്തന്നെ ആ വിഷയത്തില്‍ ഭിന്നത ഉടലെടുക്കുന്നതിന് കാരണമാകുകയും ചെയ്യുന്നത് ഒരു വേള ചിഗേയുടെ ശിക്ഷണം, ഒടുവില്‍ , ഒരു വൃദ്ധന്റെ ജല്‍പ്പനം മാത്രമോ എന്ന സംശയം വയാക്കിയില്‍ ഉണ്ടാക്കുന്നുണ്ട് . പ്രാകൃതരായ കികുയു വിഭാഗത്തിനുമേലുള്ള സാത്താനിക സ്വാധീനമാണ് എല്ലാത്തിനും കാരണം എന്ന് കമേനോ ഗോത്രം നിലപാടെടുക്കുകയും പെണ്‍ചേലാകര്‍മ്മം തള്ളിപ്പറയുന്നവര്‍ക്ക് മാത്രമേ മിഷനറി സ്കൂളില്‍ പ്രവേശനം നല്‍കൂ എന്ന് അധികൃതര്‍ തീരുമാനിക്കുകയും ചെയ്യുന്നത് അസ്വാസ്ഥ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണം മകുയുവിനു മേല്‍ 'കുടില്‍ നികുതി' ഏര്‍പ്പെടുത്തുകയും ഭൂമി കണ്ടുകെട്ടുകയും തുടര്‍ന്നു വാസ്തുഹാരകളാവുന്ന ഗോത്രജരെ സ്വന്തം ഭൂമിയില്‍ കര്‍ഷകത്തൊഴിലാളികള്‍ എന്ന നിലയിലേക്ക് താഴ്ത്തുകയും ചെയ്യുന്നത് , 'കുഞ്ഞേ കരയരുത്' എന്ന കൃതിയിലേത് പോലെ, പില്‍ക്കാല കലാപ നാളുകള്‍ക്ക് വഴിമരുന്നിടും. സന്ദേഹങ്ങളില്‍ ഉഴലുന്ന വയാകി തന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമോ എന്ന ശങ്കയോടെയാണ് ചിഗെ മരിക്കുക. അവസരം മുതലെടുക്കുന്ന കബോന്‍യി ക്രിസ്തുമതം ഉപേക്ഷിക്കുകയും ഗോത്രത്തിന്റെ സ്വയം പ്രഖ്യാപിത മിശിഹയായി തന്നെത്തന്നെ അവരോധിക്കുകയും, കികുയു സംസ്കൃതിയുടെ മൗലികതക്കും ഗോത്ര ഭൂമി തിരിച്ചു പിടിക്കുന്നതിനും വേണ്ടി 'കിയാമ' എന്ന രഹസ്യ സമൂഹം ഉണ്ടാക്കുകയും ചെയ്യുന്നു. ജോമോ കെനിയാറ്റയുടെ മുന്‍ കൈയ്യില്‍ 1925-ല്‍ നിലവില്‍ വന്ന കെനിയന്‍ സെന്‍ട്രല്‍ അസോസിയേഷന്റെ മാതൃകയായ കിയാമാക്ക് സമാന്തരമായി , 1920-കളില്‍ നിലവില്‍ വന്ന കികുയു സ്വതന്ത്ര സ്കൂള്‍ അസോസിയേഷനെ ഓര്‍മ്മിപ്പിക്കുന്ന 'മാരിയോഷോണി' എന്ന സ്കൂളുമായി ഗോത്രത്തിനു നിഷേധിക്കപ്പെട്ട വിദ്യാഭ്യാസ മേഖലയിലേക്ക് വയാക്കിയും സുഹൃത്തുക്കളും കടന്നു വരുന്നു. 'കിയാമ'യിലെ അംഗമായിരിക്കുമ്പോഴും രാഷ്ട്രീയ മാര്‍ഗ്ഗങ്ങളെക്കാള്‍ വിദ്യാഭ്യാസമാണ് ഇരുഗോത്രങ്ങളെയും യോജിപ്പിക്കുക എന്ന നിലപാടാണ് വ്യക്തിസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന വയാക്കിക്കുള്ളത്.

ജോഷ്വായുടെ രണ്ടാമത്തെ മകള്‍ നിയാംബുരുവുമായുള്ള വയാക്കിയുടെ പ്രണയം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്ത നിയാംബുരയെ സ്വന്തമാക്കാനായി ഗോത്രക്കാര്‍ക്കു മുന്നില്‍ നുണ പറഞ്ഞിട്ടും അയാളുടെ പ്രണയം സ്വീകരിക്കുമ്പോഴും അച്ഛനെയോര്‍ത്ത് അവള്‍ വിവാഹാഭ്യര്‍ഥന നിരസിക്കുന്നത്‌ അയാളുടെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന അതേ സാഹചര്യത്തിലാണ് , കിയാമയുടെ വര്‍ദ്ധിച്ചു വരുന്ന ആക്രമണോത്സുകതയില്‍ മനം മടുത്തു പ്രസ്ഥാനത്തില്‍ നിന്ന് അയാള്‍ രാജിവെക്കുന്നതും. കബോന്‍യി നിരത്തുന്ന ആരോപണങ്ങളില്‍ വയാക്കി സ്വയം പ്രതിരോധിക്കാനാവാതെ പെട്ടുപോകുന്നു: തന്റെ സ്കൂളിലേക്ക് അധ്യാപകരെ കണ്ടെത്താന്‍ നടത്തിയ ശ്രമം മിഷനറിമാരുമായുള്ള ഗോത്ര വിരുദ്ധ സഹകരണമായി വ്യാഖ്യാനിക്കപ്പെടുന്നു; സ്ത്രീയുടെ മൃതദേഹം തൊടരുതെന്ന ഗോത്ര വിലക്ക് മിതോനിയുടെ മരണസമയത്ത് അയാള്‍ അവിടെ ഉണ്ടായിരുന്നോ എന്നത് പോലും സംശയാസ്പദമായിരിക്കെ, അയാള്‍ ലംഘിച്ചതായി ആരോപിക്കപ്പെടുന്നു, യഥാര്‍ഥത്തില്‍ അയാള്‍ നിയാംബുരയെ കാണാന്‍ പോയതായിരുന്നു എന്നിരിക്കെ, ജോഷ്വയുടെ പ്രാര്‍ഥനയില്‍ അയാള്‍ പങ്കെടുത്തായി ആരോപിക്കപ്പെടുന്നു. കബോന്‍യിയുടെ മകന്‍ കമാവുവിനു നിയാംബുരയോടു നിരസിക്കപ്പെട്ട പ്രണയത്തിന്റെ നീരസമുള്ളതും കാര്യങ്ങള്‍ വഷളാക്കുന്നു. ജോഷ്വായെയും കൂട്ടാളികളെയും അപായപ്പെടുത്താനുള്ള കിയാമയുടെ പദ്ധതി നിയാംബുരയെ ഓര്‍ത്ത്‌ വെളിപ്പെടുത്തുന്നത് അവിശ്വാസിയുടെ ജല്‍പ്പനമായി ജോഷ്വാ തള്ളിക്കളയുന്നുവെങ്കിലും അതും വയാക്കിയെ പ്രതിസ്ഥാനത്താക്കുന്നു. ഇതൊക്കെയാണെങ്കിലും നിയാംബുരയോടുള്ള പ്രണയം നിഗൂഡമാക്കിത്തന്നെ വെക്കേണ്ടതുള്ളത് കൊണ്ട് അയാള്‍ക്ക് ഒന്നിനെയും പ്രതിരോധിക്കാനാവുന്നുമില്ല. സന്ദര്‍ഭം മുതലെടുത്ത്‌ 'പ്രവചിക്കപ്പെട്ട' രക്ഷകനായി സ്വയം അവരോധിച്ച കബോന്‍യി വിചാരണക്കായി വയാക്കിയെ കിയാമക്ക് മുന്നില്‍ വിളിപ്പിക്കുന്നു. പാരമ്പര്യവാദികളും പുത്തന്‍കൂറ്റുകാരും ഉള്‍പ്പെടുന്ന ആളുകളോട് സംസാരിക്കാന്‍ അവസരം അഭ്യര്‍ഥിക്കുന്ന ബഹുമാന്യനായ 'ടീച്ചറു'ടെ ആവശ്യം കബോന്‍യിക്ക് നിരസിക്കാനാവുന്നില്ല.

ക്രിസ്മസ് ആഘോഷത്തിനോടൊപ്പം ചേര്‍ന്ന് വരുന്ന ചേലാകര്‍മ്മ ചടങ്ങിനു തൊട്ടു മുമ്പ്, ആളുകളെ അഭിസംബോധന ചെയ്യും മുമ്പായി, വിശുദ്ധ തോട്ടത്തിലേക്ക് ഒരു പ്രഭാത തീര്‍ത്ഥാടനം നടത്തുന്ന വയാക്കിക്ക് ഉണ്ടാവുന്ന അതീന്ത്രിയ അനുഭവമാണ് നോവലിന്റെ കാതലായ തിരിച്ചറിവിലേക്ക് അയാളെ എത്തിക്കുക. പുരാതന പ്രവചനത്തെയും ഗോത്രത്തിന്റെ ഐക്യത്തെയും കുറിച്ച് ധ്യാനത്തിലേര്‍പ്പെടുന്ന വയാക്കിക്ക് ആത്മീയവും രാഷ്ട്രീയവുമായ ഒരു വെളിപാടുണ്ടാവുന്നു. വിദ്യാഭ്യാസം മാത്രം മതിയാവില്ല തന്റെ ജനതയുടെ ഐക്യത്തിനെന്നും, ഐക്യം രാഷ്ട്രീയ പ്രക്രിയയിലേക്ക് വളരണം എന്നും അത് അവരെ ഗോത്രഭൂമിയുടെ നഷ്ടത്തില്‍ നിന്നും, അടിമ ജോലിയില്‍ നിന്നും, വിദേശ സര്‍ക്കാരിന് നല്‍കുന്ന അനാവശ്യ നികുതികളില്‍ നിന്നും മോചിപ്പിക്കണം എന്നും അയാള്‍ അറിയുന്നു. വിശുദ്ധ മലയില്‍ നിന്ന് ഇറങ്ങിവരുന്ന വയാക്കി വാചാലവും പ്രചോദിതവുമായ പ്രസംഗത്തിലൂടെ ആളുകളെ മുഗ്ദ്ധരാക്കവേ, തട്ടിക്കൊണ്ടുവന്ന നിയാംബുരയെ മുന്നില്‍ നിര്‍ത്തി അവളെ അവിശുദ്ധയായി പ്രഖ്യാപിക്കാന്‍ കബോന്‍യി അയാളെ വെല്ലുവിളിക്കുന്നു. പ്രണയത്തെ വിശുദ്ധിക്കുമേല്‍ സ്ഥാപിക്കുന്ന വയാക്കിയെയും നിയാംബുരയെയും വിധികല്‍പ്പിക്കാന്‍ കിയാമക്ക് വിട്ടുകൊടുത്തു ആളുകള്‍ പിരിയുന്നു. വൈകിമാത്രം സാധ്യമായ തിരിച്ചറിവിന് തന്റെയും നിയാംബുരയുടെയും വിധി മാറ്റാനാവില്ലെന്ന് വയാക്കി ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവണം.

കൊളോണിയലിസത്തിന്റെ ആദ്യനാളുകളില്‍ ഗികുയു സമൂഹം നേരിട്ട അനിവാര്യ ദുരന്തത്തെയാണ് ഇരുതടങ്ങള്‍ക്കിടയിലെ നദിയെന്ന രൂപകത്തിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌. ഒരു നദിയുടെ ഇരുകരകളില്‍ പാര്‍ത്തുവന്ന രണ്ടു സമൂഹങ്ങള്‍ക്കിടയില്‍ വെളുത്തവന്റെ വരവ് ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിലൂടെ ഒരു പുതിയ ലോക ക്രമത്തെ/ പ്രതിനിധാനത്തെ ഉള്‍ച്ചേര്‍ക്കണോ അതോ അതിന്റെ അസ്തിത്വത്തെ കണ്ടില്ലെന്നു വെക്കണോ എന്ന ചോദ്യത്തെ അന്ന് വരെ സഹകരിച്ചു നിന്ന രണ്ടു വിഭാഗങ്ങള്‍ സമീപിക്കുന്ന വ്യത്യസ്തമായ രീതിയെയാണ് നോവല്‍ പ്രശ്നവല്‍ക്കരിക്കുന്നത്. ഒരു കര തങ്ങളുടെ പഴയ ക്രമത്തെ നിരാകരിച്ച് വെളുത്തവന്റെ മതവും ക്രമവും സ്വീകരിച്ചപ്പോള്‍ , ഇതര വിഭാഗം പഴയ ഗോത്ര മൂല്യങ്ങളുടെ സ്വതന്ത്ര നിലനില്‍പ്പില്‍ വിശ്വസിച്ചു. അങ്ങനെ ഒരിക്കല്‍ ഇരുകരകളെയും ബന്ധിപ്പിച്ച നദി ഇപ്പോള്‍ വിഭജനത്തിന്റെ നദിയായി - ഇരു തടങ്ങള്‍ക്കിടയിലെ നദി. പാരമ്പര്യത്തിന്റെയും പുതുവിശ്വാസത്തിന്റെയും സമ്മര്‍ദ്ദങ്ങളില്‍ ബലിയാടാവുന്ന നിസ്സഹായതയുടെ പ്രതീകമായി നോവലില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത് മിതോനിയുടെ അന്ത്യമാണ്. ഗോത്രാചാരത്തിന്റെ നെടുംതൂണായ ചേലാകര്‍മ്മം അവളുടെ അന്ത്യത്തിന് കാരണമാകുന്നത് വ്യാഖ്യാനിക്കപ്പെടുന്നത് എങ്ങനെയാണ് എന്നത് പ്രധാനമാണ്. പുതുമതത്തിന്റെ വരവ് ഗോത്ര മൂര്‍ത്തികളെ അരിശം കൊള്ളിച്ചതിന്റെ പ്രത്യാഘാതമായി പാരമ്പര്യവാദികള്‍ വിലയിരുത്തുമ്പോള്‍ , പാഗന്‍ സംസ്കാരത്തിന്റെ സാത്താനിക സ്വാധീനമായി പുതുമതക്കാര്‍ അതിനെ കാണുന്നു. ഒരു ലോകക്രമത്തെ നിരാകരിക്കാതെത്തന്നെ അപരക്രമത്തെ സ്വാംശീകരിക്കുക അസാധ്യമാണെന്ന, സൂചനയാണ് ഇത് നല്‍കുന്നത്.

നിണത്തില്‍ തിടം വെക്കുന്ന വിത്തുകള്‍


കെനിയന്‍ സമൂഹത്തിലെ അനീതികളെ നിശിതമായി വിമര്‍ശിച്ചു ഗികുയു ഭാഷയില്‍ എഴുതിയ 'ഐ വില്‍ മാറി വെന്‍ ഐ വാണ്ട് ' എന്ന നാടകത്തിന്റെ രചനയെ തുടര്‍ന്നു 1977- '78 കാലത്ത് തീവ്ര സുരക്ഷാ തടവറയില്‍ ജയില്‍വാസം അനുഷ്ടിക്കേണ്ടിവന്നതും, ആഫ്രിക്കന്‍ എഴുത്തുകാര്‍ കൊളോണിയലിസ്റ്റ് ഭാഷയായ ഇംഗ്ലീഷ് ഉപേക്ഷിച്ചു ഹൃദയങ്ങളെ കൂടി 'ഡി കോളനൈസ്' ചെയ്യേണ്ടതിനെ കുറിച്ച് നടത്തിയ കാംപെയ്നുകളും എന്‍ഗൂഗിയെ കെനിയന്‍ ചെറുത്തുനില്‍പ്പിന്റെ ധൈഷണിക പ്രതീകമായി ഉയര്‍ത്തിയിരുന്നു. 'എ ഗ്രെയ്ന്‍ ഓഫ് വീറ്റ്‌' അദ്ദേഹത്തിന്റെ രചനാരീതിയില്‍ സംഭവിച്ചുകൊണ്ടിരുന്ന വിപ്ലവകരമായ മാറ്റത്തിനും തുടക്കം കുറിച്ചു. മുന്‍ നോവലുകളില്‍നിന്നു വ്യത്യസ്തമായി ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളില്‍ ഊന്നുന്നതിനു പകരം, എപ്പിക് സ്വഭാവമുള്ള, വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ പല കഥാപാത്രങ്ങളിലേക്കും കാലങ്ങളിലേക്കും ഊന്നുന്ന സാമൂഹിക കഥാഖ്യാനത്തിലേക്ക് ഈ നോവലോടെ അദ്ദേഹം മാറിത്തുടങ്ങിയെന്നു അബ്ദുറഹിമാന്‍ ഗുര്‍നാ നിരീക്ഷിക്കുന്നു. (നോവലിന്റെ പെന്‍ഗ്വിന്‍ പതിപ്പിനുള്ള ആമുഖം.) ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ് തീസിസ് മുഴുവനാക്കുന്നതിനു പകരം പരന്ന വായനയിലേക്ക് തിരിഞ്ഞ 1964-'66 കാലഘട്ടത്തിലാണ് എന്‍ഗൂഗി നോവല്‍ രചന നടത്തിയത്. ഫ്രാന്‍സ് ഫാനന്റെ 'ദി റച്ച്ഡ് ഓഫ് ദി എര്‍ത്ത്', മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലേഖനങ്ങള്‍ , ജോസഫ് കോണ്‍റാഡിന്‍റെ നോവലുകള്‍ എന്നിവയാണ് അദ്ദേഹത്തെ അക്കാലത്ത് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. നോവലില്‍ ആ സ്വാധീനം സുവ്യക്തവുമാണ്.

കെനിയയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച കലാപനാളുകളിലും അതിനു മുമ്പുമായാണ് 'വീപ് നോട്, ചൈല്‍ഡ്' , 'ദി റിവര്‍ ബിറ്റ് വീന്‍' എന്നീ നോവലുകളുടെ കാല പശ്ചാത്തലമെങ്കില്‍ 1963 - ലെ സ്വാതന്ത്ര്യ ('ഉഹൂറു')ദിനത്തിന് തൊട്ടുമുമ്പുള്ള നാലുദിവസങ്ങളിലായാണ് 'എ ഗ്രൈന്‍ ഓഫ് വീറ്റ്‌' എന്ന നോവലിന്റെ കഥാകാലം. എന്നാല്‍ നോവലിന്റെ ഇതിവൃത്തത്തില്‍ ഏറ്റവും പ്രധാനമായ സംഭവങ്ങള്‍ അമ്പതുകളുടെ കലാപനാളുകളിലാണ് സംഭവിക്കുന്നത്‌ എന്ന നിലക്ക് പ്രസ്തുത നോവലുകളുമായി ചേര്‍ത്ത് 'ഒരു മണി ഗോതമ്പ്' നോവലിസ്റ്റിന്റെ ആദ്യകാല നോവല്‍ ത്രയം (early trilogy) പൂര്‍ത്തിയാക്കുന്നു എന്ന് പറയാം. തുടര്‍ന്നു രചിക്കപ്പെട്ട പെറ്റല്‍സ് ഓഫ് ബ്ലഡ്‌ , ഡെവിള്‍ ഓണ്‍ ദി ക്രോസ്സ്, മാതിഗാരി എന്നിവ കൊളോണിയല്‍ അനന്തര കാലഘട്ടത്തെയാണ് ആവിഷ്കരിക്കുന്നത് എന്ന വസ്തുതയും സംഗതമാണ്. 1952-ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ, നാലുവര്‍ഷത്തെ കിരാതനടപടികള്‍ കൊണ്ടുതന്നെ കലാപത്തെ ഒതുക്കിയിരുന്നെങ്കിലും, 1960 വരെയും തുടര്‍ന്നു. കലാപനാളുകളിലെ പീഡനങ്ങളുടെയും സ്പര്‍ദ്ധകളുടെയും ഒറ്റുകളുടെയും അനുഭവങ്ങള്‍ എഴാണ്ടുകല്‍ക്കിപ്പുറവും മനസ്സുകളില്‍ വടുകെട്ടി നിന്നു. ഗികുയു ജനതയെ കുടിയൊഴിപ്പിച്ചും സ്വന്തം മണ്ണില്‍ കുടിയാന്മാരാക്കിയും 1930 -കള്‍ മുതല്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ സ്ഥാപിച്ചു തുടങ്ങിയ കുടിയേറ്റ മേഖലകള്‍ എന്‍ഗൂഗിയുടെ മാര്‍ക്സിസ്റ്റ്‌ വായനകളുടെ തിരിച്ചറിവുകളെ ഏറെ ഉദ്ദീപിപ്പിച്ചു. മോ മോ കലാപകാരികളോട് ചേര്‍ന്ന ഒരു സഹോദരനും മൂകനും ബധിരനുമായ കാരണം സൈനികരുടെ ആജ്ഞ മനസ്സിലാക്കാനാവാതെ വെടിയേറ്റു മരിച്ച മറ്റൊരു സഹോദരനും എന്‍ഗൂഗിക്ക് ഉണ്ടായിരുന്നു. ഈ രണ്ടാമനാണ് നോവലിലെ ഗിതോനോയുടെ ആദിരൂപം.

കുട്ടിക്കാലത്തെ അനാഥത്തത്തിന്റെയും രണ്ടാനമ്മയുടെ സ്നേഹരഹിതമായ പെരുമാറ്റത്തിന്റെയും ഓര്‍മ്മകളില്‍ അന്തര്‍മുഖനും ആത്മവിശ്വാസമില്ലാത്തവനുമായി വളര്‍ന്ന, 'തലതാഴ്ത്തി, ചുറ്റും നോക്കാന്‍ ലജ്ജാലുവെന്ന മട്ടില്‍ ' നടക്കുന്ന മുഗോയിലാണ് നോവല്‍ ആരംഭിക്കുന്നത്. എന്നാല്‍ തബായി സമൂഹം, കൊളോണിയല്‍ സൈനികരുടെ കൊടിയ പീഡനങ്ങളിലും ഉറച്ചു നില്‍ക്കുകയും നിരാഹാര സമര മുറകള്‍ പോലുള്ളവക്ക് നേതൃത്വം നല്‍കുകയും ചെയ്ത നായക പരിവേഷമുള്ള പോരാളിയായാണ് അയാളെ കാണുന്നത്. ദൈവികമായ സന്ദേശങ്ങള്‍ക്ക് കാതോര്‍ക്കുകയും തന്റെ ജനതയുടെ മോചകനാവുന്നതിനെ കുറിച്ച് സ്വപ്‌നങ്ങള്‍ കാണുകയും ചെയ്യുന്ന മുഗോയില്‍ 'ഇരു തടങ്ങള്‍ക്കിടയിലെ നദി'യിലെ വയാകിയുടെയും കബോന്‍യിയുടെയും സ്വഭാവങ്ങളുടെ വിചിത്ര സമ്മേളനം കണ്ടെത്താനാവും. ഏറ്റുപറച്ചിലുകള്‍ക്കും സവിശേഷ സന്ദര്‍ഭങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കുന്നതിനും എല്ലാവരും ഉറ്റുനോക്കുന്ന മുഗോ പക്ഷെ, തന്റെയുള്ളില്‍ ഒരു ഇരുണ്ട രഹസ്യത്തിന്റെ ഭാരവും കുറ്റബോധവും പേറുന്നവനാണ്. മുഗോയുടെ വ്യക്തിത്വത്തിന്റെ പരിമിതികള്‍ക്ക് നേരെ എതിരറ്റമാണ് രാഷ്ട്രീയ, സാമൂഹിക ബോധ്യങ്ങള്‍ തുറന്നു പറയുകയും ശരിയായ സമയത്ത് തനിക്കേറെ പ്രിയപ്പെട്ട കുടുംബത്തെയും സൌഹൃദങ്ങളെയും വിട്ടു കലാപകാരികളോട് ചേരുകയും ചെയ്യുന്ന കിഹികെ. ധീരനും, സ്വാഭാവിക സമര നായകനുമായി വളര്‍ന്നു വരുന്ന കിഹികെ, ദുരൂഹമായ രീതിയില്‍ സൈനികരുടെ പിടിയിലാവുകയും കൊളോണിയല്‍ ഭരണത്തെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള താക്കീതായി പരസ്യമായി തൂക്കിലേറ്റി പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. 'ഉഹൂറു' ദിനത്തില്‍ , കിഹികെയെ ഒറ്റിക്കൊടുത്തവനെന്നു സംശയിക്കപ്പെടുന്ന കരാന്യയെ വിചാരണ ചെയ്തു ശിക്ഷിക്കണം എന്ന് തബായി സമൂഹ പ്രമുഖര്‍ തീരുമാനിക്കുകയും ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍വ്വധാ യോഗ്യനായി അംഗീകരിക്കപ്പെടുന്ന മുഗോയെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. മുഗേയെപ്പോലെത്തന്നെ ആറു വര്‍ഷത്തെ കാരാഗൃഹവാസവും കൊടിയ പീഡനങ്ങളും കഴിഞ്ഞെത്തിയ മറ്റൊരു പ്രമുഖ കഥാപാത്രമാണ് ഗികോന്‍യൊ. കിഹികെയുടെ സഹോദരിയും അനുപമ സൌന്ദര്യവതിയുമായ മുംബിയെ വിവാഹം ചെയ്ത കിഗോന്‍യൊ, അവളോട്‌ ഒന്നിക്കാനുള്ള തീവ്രമായ കൊതികൊണ്ട് , മുഗോയേ പോലുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, കൊളോണിയല്‍ അധികൃതരുടെ 'പ്രതിജ്ഞ' ചൊല്ലാന്‍ തയ്യാറായവനാണ്; അതുകൊണ്ട് പ്രയോജനം ഒന്നുമുണ്ടായില്ലെങ്കിലും. എന്നാല്‍ , മോചനം കഴിഞ്ഞെത്തുന്ന ഗികോന്‍യൊ സ്ഥബ്ധനായിപ്പോവുന്നത് മുംബി, കരാന്‍യയുടെ കുഞ്ഞിന്റെ മാതാവായിരിക്കുന്നു എന്നറിയുമ്പോഴാണ്‌. അതയാളെ സ്വന്തം വീട്ടില്‍ ഒരന്യനാക്കുന്നു.

സമാന്തരമായോ ഇടഞ്ഞോ കൊമ്പു കോര്‍ക്കുന്ന ഈ കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ ഇഴകോര്‍ക്കുകയും നാടിന്റെ വിധിയുമായി കെട്ടുപിണയുകയും ചെയ്യുന്നത് പ്രധാനമായും ചില ഏറ്റുപറച്ചിലുകളുടെ രൂപത്തിലാണ് നോവലില്‍ ആവിഷ്കരിക്കുന്നത്. ഈ ഏറ്റുപറച്ചിലുകള്‍ക്കും പരിഹാരങ്ങള്‍ക്കും എല്ലാവരും ഉറ്റുനോക്കുന്നത് മുഗോയിലേക്കാണ് എന്നതില്‍ അന്തര്‍ലീനമായിരിക്കുന്ന തീക്ഷ്ണ വൈരുധ്യം പിന്നീടാണ് വെളിവാകുക, സവിശേഷ സാഹചര്യങ്ങളിലുള്ള മുഗോയുടെ വിചിത്രമായ ഉള്‍വലിയലില്‍ അതിന്റെ സൂചനകള്‍ ഉണ്ടെങ്കിലും. മുംബിയുമായുള്ള തന്റെ വിവാഹ ജീവിതത്തിന്‍റെ ശൈഥില്യം സംഭവിച്ചത് എങ്ങനെയാണെന്ന് മുഗോയോട് മാത്രമാണ് ഗികോന്‍യൊ വെളിപ്പെടുത്തുക. മുംബിയാവട്ടെ, ഗികോന്‍യോയേ മാത്രം ധ്യാനിച്ച്‌ ജീവിതം തള്ളിനീക്കിയിരുന്ന കാലം അയാളോട് കുമ്പസാരിക്കും. എന്നെങ്കിലും തന്റെ ഭര്‍ത്താവ് മോചിതനാകുമെന്നു, പ്രായോഗികമായി അതിനു യാതൊരു സാധ്യതയുമില്ലെന്നും, കൊളോണിയല്‍ തടവറകളിലെ പതിവുപോലെ അയാള്‍ അവിടെ ഒടുങ്ങുമെന്നും യുക്തിബോധം ബോധ്യപ്പെടുത്തുമ്പോഴും, പ്രാര്‍ത്ഥനയുമായിക്കഴിഞ്ഞ നാളുകളിലൊന്നില്‍ , അത് സംഭവിക്കാന്‍ പോകുന്നു എന്ന് ആദ്യമായി തന്നെ അറിയിച്ച കരാന്യക്ക് മുന്നില്‍ ഒരു നിമിഷം ദുര്‍ബ്ബലയായിപ്പോയ കഥ. മുംബിയുടെ സൗന്ദര്യത്തെ എന്നും നോട്ടമിട്ടിരുന്ന കരാന്യ അവസരം മുതലെടുക്കുകയായിരുന്നു. മുംബിയുടെ കുമ്പസാരം നിനച്ചിരിക്കാത്ത ഒരര്‍ത്ഥത്തിലാണ് മുഗോയെ സ്വാധീനിക്കുക. ഹൃദയഭാരം ഇറക്കിവെക്കാനുള്ള ഒരു വെളിപാടായാണ് അയാള്‍ക്കത് അനുഭവപ്പെടുക. അങ്ങനെയാണ്, എല്ലാത്തിനും മുമ്പേ തന്റെ മനസ്സിനെ വേട്ടയാടുന്ന പാപം അയാളും ഏറ്റുപറയുക; ആദ്യം മുംബിയോടും, പിന്നീട് സമൂഹത്തോട് തന്നെയും. അത് താനെങ്ങനെയാണ് കിഹികയെ ഒറ്റിക്കൊടുത്തത് എന്നതിനെ കുറിച്ചാണ്. ബ്രിട്ടീഷ് മേധാവി റോബ്സന്റെ രാഷ്ട്രീയ വധത്തിനു ശേഷം, നിഷ്പക്ഷനായി അറിയപ്പെട്ട മുഗോയുടെ അരികില്‍ അഭയം തേടുകയായിരുന്നു കിഹികെ. കലാപകാരികളുടെ ആക്രമണോത്സുകതയോടുള്ള എതിര്‍പ്പും വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന പ്രതിഫലത്തിന്‍റെ പ്രലോഭനവും അയാളെ അതിലേക്കു നയിച്ചിരിക്കാം. സഹോദരന്റെ അന്ത്യത്തില്‍ മുഗോക്കുള്ള പങ്ക് വ്യക്തമാവുമ്പോഴും ഇനിയും രക്തച്ചൊരിച്ചിലിന് കാരണമാവാന്‍ വയ്യെന്ന നിലപാടില്‍ അതൊരു രഹസ്യമാക്കി വെക്കാന്‍ തയ്യാറാവുന്ന മുംബിയുടെ നിലപാടും ഈ ഹിംസാത്മക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടുള്ള പ്രതിഷേധമായിക്കാണണം . കലാപകാരികള്‍ നടപ്പിലാക്കിയ ത്യാഗപൂര്‍ണ്ണമെങ്കിലും മനുഷ്യത്വ ഹീനമായ നടപടികളാണ് സ്വാതന്ത്ര്യത്തിന്റെ വില എന്നത്, കുരുതികളിലൂടെ സാക്ഷാത്കരിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും വൈരുധ്യം തുറന്നു കാട്ടുന്നു. നിണത്തില്‍ തിടം വെക്കുന്ന വിത്തുകളാണ് , നോവലിന്റെ തലക്കെട്ടായ ബിബ്ലിക്കല്‍ സൂചനയിലേത് പോലെ, കിഹികയെ പോലുള്ളവര്‍ .

കോണ്‍റാഡിന്‍റെ കുര്‍ട്ട്സിനെ (ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്നസ്സ് ) ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രമാണ് ഡി. . ജോണ്‍ തോംസണ്‍ . ആദര്‍ശവാനായി തുടങ്ങി കിരാത നടപടികളിലൂടെ കൊളോണിയല്‍ ദുരയുടെ മലീമസ പ്രതീകമായി ഒടുങ്ങിയ കുര്‍ട്ട്സിനെ പോലെ “എല്ലാ മനുഷ്യരും തുല്യരായിസൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന ആശയത്തില്‍ അധിഷ്ടിതമായി എല്ലാ മതങ്ങളെയും വര്‍ണ്ണങ്ങളെയും ഉള്‍കൊള്ളുന്ന ഒരൊറ്റ ബ്രിട്ടീഷ് സാമ്രാജ്യം " എന്ന ആദര്‍ശത്തില്‍ പ്രചോദിതനായി മാനവ വംശത്തിന്റെ പുരോഗമനം സ്വപ്നം കണ്ടുകൊണ്ടാണ് അയാളും തുടങ്ങുന്നത്. എന്നാല്‍ പിന്നീട് അയാള്‍ നടത്തുക, കിരാതമായ അടിച്ചമര്‍ത്തലിന്റെ തേരോട്ടമാണ് . “എല്ലാ പ്രാകൃതരെയും ഒടുക്കിക്കളയുക" (“Exterminate all the brutes!”) എന്ന കുര്‍ട്ട്സിന്റെ അതേ സ്വരത്തില്‍ "എല്ലാ കൃമികളെയും ഒടുക്കുക" (“Eliminate all the vermin!”) എന്ന് അയാള്‍ തന്റെ 'പ്രോസ്പെരോ ഇന്‍ ആഫ്രിക്ക ' എന്ന മാനിഫെസ്റ്റോയില്‍ നോട്ടു കുറിക്കുന്നു. പീഡന ക്യാമ്പുകളില്‍ അയാളുടെ അത്യാചാരങ്ങള്‍ അതിരുകടക്കുകയും പതിനൊന്നു വിചാരണത്തടവുകാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ അയാള്‍ സ്ഥലം മാറ്റപ്പെടുന്നു. അയാള്‍ക്ക് പിന്നീടെന്തു സംഭവിച്ചു എന്നത് നോവലിസ്റ്റിന്റെ ഉത് കണ്ഠയാവാത്തതിനു കാരണം, കൊളോണിയലിസ്റ്റ് ലോകക്രമം എന്നതില്‍ അയാള്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നതിനപ്പുറം അയാളുടെ വ്യക്തിത്വത്തിലോ പാത്ര സൃഷ്ടിയിലോ നോവല്‍ ഊന്നുന്നില്ല എന്നതുകൊണ്ടാവാം.

'ഇരുതടങ്ങല്‍ക്കിടയിലെ നദി'യില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വക്താവായി രാഷ്ട്രീയ പ്രക്രിയയുടെ പ്രസക്തി തിരിച്ചറിയുന്നതില്‍ വല്ലാതെ വൈകിപ്പോവുന്ന വയാകിയേ കുറിച്ച് വെളിപാടിന്റെ മുഹൂര്‍ത്തത്തില്‍ നോവലിസ്റ്റ് നിരീക്ഷിക്കുന്നുണ്ട്: “ഇപ്പോള്‍ അയാള്‍ക്കറിയാമായിരുന്നു ഇനിയൊരവസരം കിട്ടിയാല്‍ താനെന്താവും അവരോടു പറയുക എന്ന്. വിദ്യാഭ്യാസം ഐക്യത്തിന്, ഐക്യം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു...”. പ്രസ്തുത കൃതിയുടെ ഒടുവിലായി എത്തുന്ന തിരിച്ചറിവിന്റെ ആ സൂചനയില്‍നിന്നാണ് 'എ ഗ്രെയ്ന്‍ ഓഫ് വീറ്റ്‌" ആരംഭിക്കുന്നത് എന്ന് പറയാം. മുഗോ, ഗികോന്‍യൊ, കരാന്‍യാ, മുംബി എന്നീ പ്രാധാന കഥാപാത്രങ്ങളെല്ലാം ഓരോരോ രീതിയില്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തെ ഓരോരോ ഘട്ടത്തില്‍ ഒറ്റിക്കൊടുക്കുന്നുണ്ട് . എന്നാല്‍ മറ്റൊരു ഘട്ടത്തില്‍ ഒരു പുതിയ തിരിച്ചറിവിലെന്നോണം അവരില്‍ ജീവിതം തിരിച്ചുകിട്ടുന്നവരിലൊക്കെയും ഒരു പുനരുഥാന സാധ്യത തെളിയുകയും ചെയ്യുന്നു. വയാകിയുടെതില്‍ നിന്ന് വ്യത്യസ്തമായി വീണ്ടും സമൂഹവുമായി കണ്ണിചേര്‍ക്കപ്പെടുന്നതിന്റെ സൂചനകളിലാണ് മുഗോയും മുംബിയും ഗികോന്‍യോയും നോവലിന്റെ ഇതിവൃത്തത്തില്‍ സ്ഥിതപ്പെടുന്നത്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെയും പുതിയ, കൊളോണിയല്‍ അനന്തര ജീവിതക്രമത്തിന്റെയും അനിവാര്യമായ ഹിംസാത്മക സംഘര്‍ഷങ്ങള്‍ എന്ന ഇരുണ്ട പ്രവചനസ്വരം നോവലില്‍ മുഴങ്ങുന്നുണ്ടെന്നും നിരീക്ഷിക്കാം. എന്‍ഗൂഗി ഏറെ താല്‍പര്യത്തോടെ കണ്ടിരുന്ന ജോമോ കെനിയാറ്റ തന്നെയാണ് അദ്ദേഹത്തിന്റെ കാരാഗൃഹ വാസത്തിനും, അതുവഴി പ്രവാസത്തിനും ഇടയാക്കിയത് എന്നത് ഇതോടു ചേര്‍ത്തു കാണാം. ജനകീയമല്ലാത്ത ഇംഗ്ലീഷില്‍ എഴുതിയിരുന്ന കാലത്ത് ഒരു ഘട്ടത്തില്‍ തന്റെ രചനകളെ ഉയര്‍ത്തിക്കാട്ടിയിരുന്ന കെനിയാറ്റ, തീക്ഷ്ണ സാമൂഹ്യ വിമര്‍ശനം ഉള്‍കൊള്ളുന്ന ഒരു നാടകം ഗികുയു ഭാഷയില്‍ തന്നെ രചിച്ചതോടെ അദ്ദേഹത്തെ ദേശ ശത്രുവായി മുദ്രകുത്തുകയായിരുന്നു. പില്‍ക്കാല രചനകളായ 'പെറ്റല്‍സ് ഓഫ് ബ്ലഡ്‌', 'ഡെവിള്‍ ഓണ്‍ ദി ക്രോസ്സ്', 'മാതിഗാരി' തുടങ്ങിയവയില്‍ തന്റെ ഭയങ്ങള്‍ അസ്ഥാനത്തായിരുന്നില്ല എന്ന് നോവലിസ്റ്റിനു ബോധ്യമായതായിത്തന്നെയാണ് വായനക്കാരനും അനുഭവപ്പെടുക.

(അകം മാസിക ഒക്ടോബര്‍ - 2016)


more from the author:

Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -1

https://alittlesomethings.blogspot.com/2024/08/wizard-of-crow-1.html

Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -2

https://alittlesomethings.blogspot.com/2024/08/wizard-of-crow-2.html

‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -3

https://alittlesomethings.blogspot.com/2024/08/wizard-of-crow-3.html

‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -4

https://alittlesomethings.blogspot.com/2024/08/wizard-of-crow-4.html

Tuesday, May 27, 2025

Mario Vargas Llosa

 മാരിയോ വാര്‍ഗാസ് യോസ കടന്നുപോകുമ്പോള്‍



https://www.youtube.com/watch?v=Rgep_Pbtatw


ഇക്കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് (2025) അന്തരിച്ച പെറൂവിയന്‍ എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ മാരിയോ വാര്‍ഗാസ് യോസ ലാറ്റിന്‍ അമേരിയ്ക്കന്‍ സാഹിത്യത്തിലെ എക്കാലത്തെയും വലിയ പ്രതിഭകളില്‍ ഒരാളാണ്. എകാധിപത്യത്തിനും ജനാധിപത്യത്തിനുമിടയില്‍ പെറു എന്ന അദ്ദേഹത്തിന്‍റെ ജന്മദേശം നിരന്തരം മാറിക്കൊണ്ടിരുന്നത് ഇതര ദേശങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലക്ക് അധികാര കൈമാറ്റം നടന്ന അതെ ഇടവേളയിലാണ്. ഈ അനുഭവങ്ങളില്‍ നിന്നാണ് എഴുത്തുകാരന്‍ എപ്പോഴും കൂടുതല്‍ മെച്ചപ്പെട്ട ലോകം സ്വപ്നം കാണുകയും ഒരു സാങ്കല്‍പ്പിക ലോകം കൊണ്ട് നിലവിലുള്ളതിനെ പകരം വെക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുമെന്ന ദര്‍ശനത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഏകാധിപത്യം/ സര്‍വ്വാധിപത്യം എന്നിവയുടെ ബദലായിത്തന്നെയാണ് യോസ എഴുത്തിനെ, വിശേഷിച്ചും ഫിക് ഷനെ ഉയര്‍ത്തിപ്പിടിച്ചതും. നോബല്‍ സ്വീകാര പ്രസംഗത്തില്‍അക്കാര്യം  എടുത്തുപറഞ്ഞ യോസ, ഫിക്ഷന്റെ അഭാവത്തില്‍ ലോകം ഏകാധിപത്യം, തത്വശാസ്ത്രങ്ങള്‍, മതം തുടങ്ങിയവ കൊണ്ടു വീര്‍പ്പുമുട്ടും എന്നും ഓര്‍മ്മിപ്പിച്ചു. തന്നെക്കുറിച്ചുള്ള ഒരു ചുരുക്കെഴുത്ത് ആയി എന്താണ് താല്‍പര്യപ്പെടുക എന്ന ചോദ്യത്തിന് യോസ നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു: “അയാള്‍ ജീവിതം അതിന്റെ പാരമ്യതയില്‍ ജീവിച്ചു, സാഹിത്യത്തെ മറ്റെന്തിനെക്കാളും സ്നേഹിക്കുകയും ചെയ്തു.”

1936ല്‍ പെറുവിലെ ആരെകിപ നഗരത്തില്‍ ജനിച്ച യോസ, എ ഫിഷ്‌ ഇന്‍ ദ വാട്ടര്‍  എന്ന ഓര്‍മ്മ പുസ്തകത്തില്‍ സന്തുഷ്ടമായ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്നുണ്ട്. അച്ഛന്‍ പിണങ്ങിപ്പോയ ശേഷം അദ്ദേഹം മരിച്ചുപോയി എന്ന വിശ്വാസത്തോടെ അമ്മയോടൊത്തു കഴിഞ്ഞ നാളുകള്‍ ആയിരുന്നു അത്. ‘യോസ’ എന്ന കുടുംബനാമവും, അദ്ദേഹം ജീവിതത്തില്‍ ഉടനീളം പുലര്‍ത്തിയ കുലീന ഭാവവും അമ്മ വഴിയാണ് വന്നുചേര്‍ന്നതും. യോസക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ അമ്മ, ഭര്‍ത്താവുമായി വീണ്ടും ഐക്യപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ പേടിസ്വപ്ന നാളുകള്‍ ആരംഭിച്ചു. ഏനെസ്റ്റോ വാര്‍ഗാസ് തികച്ചും പീഡനസ്വഭാവിയും  ചൂരല്‍ പ്രേമിയുമായിരുന്നു. അമ്മയുടെ കുലീന കുടുംബപശ്ചാത്തലം ‘സാമൂഹിക അപകഷബോധ’മായി അച്ഛനെ വേട്ടയാടിയിരുന്നുവെന്നും ഇത് ഒരു ‘ദേശീയ അസുഖം’ തന്നെയായിരുന്നു എന്നും യോസ എഴുതുന്നു. പതിനാലു വയസ്സുള്ളപ്പോള്‍ ലിമയിലെ മിലിട്ടറി അക്കാദമിയില്‍ ചേര്‍ക്കപ്പെട്ടതാണ് ദ ടൈം ഓഫ് ദ ഹീറോ  എന്ന 1962ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ ആദ്യനോവലിന്റെ പ്രചോദനവും പശ്ചാത്തലവും ആയിത്തീര്‍ന്നത്. പതിനാറു വയസ്സുള്ളപ്പോള്‍ ക്രൈം റിപ്പോര്‍ട്ടര്‍ ആയി ജോലി തുടങ്ങിയ യോസ, പത്തൊമ്പതാം വയസ്സില്‍ തന്നെക്കാള്‍ ഏറെ മുതിര്‍ന്ന ഹൂലിയ ഓര്‍കീദി എന്ന ബന്ധുവിനെ വിവാഹം ചെയ്തു ഒളിച്ചോടി. അവരാണ് ‘ഓണ്ട് ജൂലിയ ആന്‍ഡ്‌ ദ സ്ക്രിപ്റ്റ് റൈറ്റര്‍ എന്ന നോവലിന് പ്രചോദനമായതും.

അമ്പതുകളുടെ മധ്യത്തില്‍ ഓഡ്രിയ ഭരണത്തിന്റെ ഏകാധിപത്യനാളുകളില്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ആയിരുന്ന യോസ കമ്യൂണിസ്റ്റ് സെല്ലുകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെട്ടു. ഇതാണ് മാര്‍ക്കേസിനോടുള്ള ആരാധനയിലേക്ക് അദ്ദേഹത്തെ നയിച്ചത്. പില്‍ക്കാലം, സാഹിത്യ ചരിത്രത്തിലെ ആ കുപ്രസിദ്ധമായ കയ്യേറ്റ കഥ സംഭവിക്കുന്നതുവരെ, ഇരുവരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. ക്യൂബന്‍ വിപ്ലവത്തോടുള്ള സമീപനത്തിലും യോസ പതിയെ തണുത്തു പോയപ്പോള്‍ മാര്‍ക്കേസ് ജീവിതകാലം മുഴുവന്‍ കാസ്ട്രോയോടുള്ള ഊഷ്മള സൗഹൃദം തുടര്‍ന്നു.

 

യോസ, ലാറ്റിന്‍ അമേരിക്കന്‍ ബൂം (BOOM)

യോസയെ വിലയിരുത്തുമ്പോള്‍ ‘ലാറ്റിന്‍ അമേരിക്കന്‍ ബൂം’ പ്രതിഭാസത്തെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. യോസയെ കൂടാതെ ഹൂലിയോ കോര്‍ത്തസാര്‍ (അര്‍ജന്റിന), കാര്‍ലോസ് ഫ്യൂയെന്തസ് (മെക്സിക്കോ), ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ് (കൊളംബിയ), എന്നിവരും ചേരുന്ന നാലുപേരാണ് പൊതുവേ ബൂമിന്റെ അമരത്തുകാര്‍ എന്ന് കണക്കാക്കപ്പെടുന്നത്. ശീതയുദ്ധ രാഷ്ട്രീയം, വിപ്ലവപ്രസ്ഥാനങ്ങള്‍, സര്‍വ്വാധിപത്യ ഭരണകൂടങ്ങള്‍, തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അവരുടെ കൃതികള്‍, അവയുടെ അടിയന്തിര രാഷ്ട്രീയപ്രാധാന്യം കൊണ്ടും, പരീക്ഷണാത്മക രൂപങ്ങള്‍ കൊണ്ടും ആഗോളതലത്തില്‍ പ്രതിധ്വനികള്‍ സൃഷ്ടിച്ചു. ട്രാന്‍സ് അറ്റ്ലാന്റിക് പ്രസാധന ശൃംഖലകളുടെ വളര്‍ച്ചക്കും അതിലൊരു മുഖ്യ പങ്കുണ്ടായിരുന്നു.

ജെയിംസ് ജോയ്സ്, വില്യം ഫോക്നര്‍, ഫ്രാന്‍സ് കാഫ്ക തുടങ്ങിയ യൂറോപ്യന്‍ ആധുനികതയിലെ വമ്പന്മാരുടെയും, പ്രാദേശിക ചരിത്രത്തെ അവാങ് ഗാര്‍ഡ് സങ്കേതങ്ങളുമായി സമന്വയിപ്പിച്ച ബോര്‍ഹെസ്, അലെഹോ കാര്‍പന്റിയര്‍ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ പൂര്‍വ്വികരുടെയും സ്വാധീനങ്ങള്‍ ‘ബൂം എഴുത്തുകാരില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. അവരുടെ ആഖ്യാനങ്ങളില്‍ വിച്ഛിഹ്നസമയഘടന, ഭിന്നവീക്ഷണകോണുകള്‍, രേഖീയമായ ‘ആധികാരിക’ ചരിത്രത്തോടുള്ള കടുത്ത സന്ദേഹബുദ്ധി എന്നിവ പ്രകടമാണ്.

യോസ - അധികാരത്തിന്റെ ഭൂപടങ്ങള്‍

മാജിക്കല്‍ റിയലിസം എന്ന രചനാരീതിയുമായി പലപ്പോഴും ചേര്‍ത്തുപറയാറുണ്ടെങ്കിലും, ഈ ശൈലീവിവരണം സൂചിപ്പിക്കുന്നതുപോലെ ‘ബൂം’ എഴുത്തുകാരുടെ രചനാരീതികള്‍  ഏകാശിലാത്മകമല്ല . ഉദാഹരണത്തിന്, മാര്‍ക്കേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങ’ളില്‍ ഏറ്റവും പ്രസിദ്ധമായി ഉപയോഗിക്കപ്പെട്ട പ്രസ്തുത ശൈലിയില്‍ നിന്ന് ഏറെ ഭിന്നമാണ്‌ വാര്‍ഗാസ് യോസയുടെ രചനകള്‍. യോസയെ സംബന്ധിച്ച് മാജിക്കല്‍ ഘടങ്ങളുടെ പ്രയോഗത്തിലല്ല സാഹിത്യ വിപ്ലവം. മറിച്ച് ആഖ്യാനത്തിന്റെ തന്നെ ശില്‍പ്പഭദ്രതയിലാണ്. എങ്ങനെയാണ് കഥകള്‍ പറയപ്പെടെണ്ടത്, ഓര്‍മ്മകള്‍ എങ്ങനെയാണ് ബഹുവിതാനങ്ങളില്‍ വര്‍ത്തിക്കുന്നത്, അധികാരം എങ്ങനെയൊക്കെയാണ് മനുഷ്യരിലേക്ക് അരിച്ചിറങ്ങുന്നത് എന്നതൊക്കെയാണ് അദ്ദേഹത്തിന്‍റെ ഉത്കണ്ഠകള്‍. തന്റെ സമകാലികര്‍ക്കിടയില്‍ അദ്ദേഹം വേറിട്ടുനില്‍ക്കുന്നത് സര്‍വ്വാധിപത്യ അധികാരം, വൈയക്തിക ചെറുത്തുനില്‍പ്പുകളില്‍ ലീനമായ വൈരുധ്യങ്ങള്‍ എന്നിവയെ നിരന്തര അന്വേഷണങ്ങള്‍ക്കു വിധേയമാക്കുന്നു എന്നതിലാണ്. ദ ടൈം ഓഫ് ദ ഹീറോ  യിലെ സൈനിക സ്കൂള്‍ മുതല്‍, കോണ്‍വര്‍സേഷന്‍സ് ഇന്‍ ദ കത്തീഡ്രല്‍  എന്ന നോവലിലെ അടിച്ചമര്‍ത്തല്‍ രീതിയുള്ള ബ്യൂറോക്രസിയിലൂടെ ഒടുവില്‍ ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട് -ലെ (The Feast of the Goat) പേടിസ്വപ്നാന്തരീക്ഷമുള്ള ഏകാധിപത്യത്തിന്റെ ആവിഷ്കാരം വരെ യോസ അന്വേഷിക്കുന്നത് അടിച്ചമര്‍ത്തലിന്റെ സംവിധാനങ്ങള്‍ മാത്രമല്ല, ചെറുത്തുനില്‍ക്കുകയോ സന്ധി ചെയ്യുകയോ ചെയ്യുന്നവരുടെ മനോവ്യാപാരങ്ങള്‍ കൂടിയാണ്.

ലാറ്റിന്‍ അമേരിക്കന്‍ ബൂം പ്രതിഭാസം ശക്തമായികൊണ്ടിരുന്ന നാളുകളില്‍ അധികവും യോസ, ബ്രോഡ്കാസ്റ്റിംഗ് ജേണലിസം അധ്യാപകനും വിവര്‍ത്തകനും നോവലിസ്റ്റും എല്ലാമായി യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു. യൂറോപ്യന്‍, അമേരിക്കന്‍ സാഹിത്യത്തോടുള്ള യോസയുടെ താല്പര്യത്തിനുള്ള വിശദീകരണവും ഇവിടെ കാണാം. അതേ സമയം ഇതര ‘ബൂം’ എഴുത്തുകാരെ പോലെ, ആഖ്യാനപരമായ പരീക്ഷണങ്ങളില്‍ വ്യാപരിച്ചുവെങ്കിലും, രാഷ്ട്രീയമായി ഇടതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുള്ള വേറിട്ടുപോക്ക് അദ്ദേഹത്തെ ഒരു ഒറ്റയാനാക്കി. തന്റെ രണ്ടാം വീടായി അദ്ദേഹം കണക്കാക്കിയ സ്പെയിന്‍, 1939 മുതല്‍ 1975 വേറെ നിലനിന്ന ഫ്രാങ്കോയിസ്റ്റ് നാളുകളില്‍ നിന്ന് മോചിതമായത്, ഏറെ സന്തോഷത്തോടെയാണ് യോസ കണ്ടത്. വിവേകവും സഹാനുഭൂതിയും പുലരുകയും രാഷ്ട്രീയ എതിര്‍ചേരിയിലുള്ളവര്‍ പൊതുനന്മക്കായി വിഭാഗീയത മാറ്റിവെക്കുകയും ചെയ്താല്‍ ‘സംഭവങ്ങള്‍ മാജിക്കല്‍ റിയലിസ്റ്റ് നോവലുകളിലേതുപോലെ അത്ഭുതകരമായിരിക്കും’ എന്ന് യോസ പറയുന്നു. താവഴി സര്‍വ്വാധിപത്യം സാമ്രാജ്യത്വാധിനിവേശത്തെക്കാള്‍ വലിയ ദ്രോഹമാണ്  ലാറ്റിന്‍ അമേരിക്കന്‍ തദ്ദേശീയ ജനതയോട് ചെയ്തത് എന്നുവരെ അദ്ദേഹം പറയുന്നു. എണ്‍പതുകളില്‍ ഡ്രഗ് ട്രാഫിക്കിംഗ്, അഴിമതി, ഭീകരാക്രമണങ്ങള്‍ തുടങ്ങിയവ കൊണ്ട് നില തെറ്റിയ പെറൂവിയന്‍ ജീവിതത്തെ കുറിച്ച് അദ്ദേഹം എഴുതി: “എന്താണ് വാസ്തവത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കല്‍ ശരിക്കും അസാധ്യമായതുകൊണ്ട് നമ്മള്‍ പെറു ജനത, നുണകള്‍ കണ്ടുപിടിക്കുകയും പറയുകയും സ്വപ്നം കാണുകയും മിഥ്യയില്‍ അഭയം തേടുകയും ചെയ്യുന്നു.” എന്നാല്‍ ഇതെഴുതിയ സന്ദര്‍ഭത്തില്‍ തന്നെയാണ് പ്രായോഗിക രാഷ്ട്രീയത്തിന്റെ ‘രോഗം’ ബാധിക്കാന്‍ യോസ സ്വയം വിട്ടുകൊടുത്തത് എന്നതില്‍ വൈചിത്ര്യമുണ്ട്. ഡിമോക്രാറ്റിക് പാര്‍ടി നിര്‍ദ്ദേശപ്രകാരം1990ല്‍ അദ്ദേഹം പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തു. അലന്‍ ഗാര്‍ഷ്യയുടെ ഇടതുപക്ഷ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച  ദേശസാല്‍ക്കരണ പോളിസികളില്‍ പതിയിരിക്കുന്ന സര്‍വ്വാധിപത്യ ഭീഷണി തിരിച്ചറിഞ്ഞ യോസ, റാഡിക്കല്‍ ലിബറലിസത്തിനും സ്വതന്ത്ര വിപണിക്കും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചു. തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ ജയിച്ചു കയറിയ യോസ രണ്ടാം ഘട്ടത്തില്‍ ആല്‍ബെര്‍ട്ടോ ഫുജിമോറിയോട് അടിയറവു പറഞ്ഞു. അത്, പട്ടാള രഹിത ഏകാധിപത്യത്തിന്റെ ഊഴത്തിലേക്കാണ് നാടിനെ നയിച്ചത്. യോസ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു. ഈ നൈരാശ്യത്തിന്റെ ആഴം ഡത്ത് ഇന്‍ ദ ആന്‍ഡിസ്- ല്‍ കാണാം. ഫുജിമോറി ഭരണവുമായുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ്‌ അദ്ദേഹം 1993ല്‍ പെറു പൗരത്വം ഉപേക്ഷിക്കുന്നതും സ്പാനിഷ് പൌരത്വം സ്വീകരിക്കുന്നതും. യോസയുടെ മാസ്റ്റര്‍പീസെന്നു കണക്കാക്കപ്പെടുന്ന ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട് പശ്ചാത്തലമാക്കുന്നത് ഗ്വാടിമാലയാണ്. പെറുവിനു വെളിയില്‍ പശ്ചാത്തലമാക്കിയ പുസ്തകങ്ങള്‍ വേറെയും അദ്ദേഹം എഴുതുന്നുണ്ട്. ദ വേ റ്റു പാരഡൈസ് , താഹിതിയില്‍ നിന്നുള്ള പോള്‍ ഗോഗനെ കേന്ദ്രകഥാപാത്രമാക്കിയപ്പോള്‍, ദ ഡ്രീം ഓഫ് ദ കെല്‍റ്റ്’ റോജര്‍ കേയ്സ്മെന്റ് എന്ന ഐറിഷ് രക്തസാക്ഷിയുടെ കഥ പറഞ്ഞു.

 

യോസ – ചരിത്രത്തിന്റെ മുഖാമുഖങ്ങള്‍

ചരിത്ര നോവലിന്റെ തട്ടകത്തിലേക്കുള്ള യോസയുടെ അന്വേഷണങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള രക്ഷപ്പെടലോ, നിഗൂഡ സൗന്ദര്യവല്കരണമോ, ഗൃഹാതുരതയില്‍ അഭിരമിക്കലോ അല്ല. മറിച്ച് അവ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ, ദാര്‍ശനിക തലത്തിലെ സങ്കീര്‍ണ്ണതകള്‍ തന്നെയാണ് ആവാഹിക്കുന്നത്. ഭൌമ വൈവിധ്യങ്ങളിലൂടെ, നൂറ്റാണ്ടുകളിലൂടെ, ആശയങ്ങളുടെ യുദ്ധഭൂമികളിലൂടെ, കടന്നു പോകുമ്പോഴും ഒടുവില്‍ അവ ഒരു ചോദ്യത്തിലേക്ക് പേര്‍ത്തും പേര്‍ത്തും എത്തിച്ചേരുന്നു: എങ്ങനെയാണു വ്യക്തികള്‍ ചരിത്രത്തിന്റെ, അധികാരത്തിന്റെ, വിശ്വാസങ്ങളുടെ ഭാരങ്ങളെ നേരിടുന്നത്? ദ സ്റ്റോറിടെല്ലര്‍  എന്ന നോവലില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ‘നാഗരീകകടന്നുകയറ്റങ്ങളെ നേരിടുന്ന മിച്ചിഗംഗ ആദിമ വിഭാഗത്തെ സഹാനുഭൂതിയോടെ അവതരിപ്പിക്കുമ്പോള്‍, വടക്കു കിഴക്കന്‍ ബ്രസീലില്‍ പത്തൊമ്പതാം നൂറ്റാണ്ടാന്ത്യത്തില്‍ അരങ്ങേറിയ കാനുഡോസ് വിപ്ലവത്തെ പശ്ചാത്തലമാക്കുന്ന ദ വാര്‍ റ്റു ദ എന്‍ഡ് ഓഫ് ദ വേള്‍ഡ് എന്ന ബ്രഹ്മാണ്ഡ നോവലില്‍ വിപ്ലവം, അടിച്ചമര്‍ത്തല്‍ എന്നീ വിരുദ്ധ ദ്വന്ദ്വങ്ങളുടെ ധാര്‍മ്മിക ചാഞ്ചാട്ടങ്ങളും പാപ്പരത്തങ്ങളും പക്ഷം പിടിക്കാതെ ആവിഷ്കരിക്കുന്നു. ദ ഡ്രീം ഓഫ് ദ കെല്‍റ്റ്  - കൊളോണിയലിസം, ഐറിഷ് ദേശീയത, തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ വ്യാപരിക്കുകയും ആത്മബോധം, രക്തസാക്ഷിത്തം തുടങ്ങിയ വലിയ പ്രമേയങ്ങളിലെ ഉള്‍പ്പിരിവുകള്‍ പരിശോധിക്കുകയും ചെയ്യുന്നു: “നായകന്‍? രാജ്യദ്രോഹി? എനിക്കറിയില്ല. എനിക്ക് സ്വാതന്ത്ര്യം മാത്രമാണ് വേണ്ടിയിരുന്നത്” എന്ന കേയ്സ്മെന്റിന്റെ വിലാപം, നോവലിന്റെ മര്‍മ്മത്തില്‍ അടങ്ങിയ സങ്കീര്‍ണ്ണതകള്‍ പ്രതിഫലിപ്പിക്കുന്നു. ദ ഡിസ്ക്രീറ്റ് ഹീറോ, അഴിമതിയില്‍ മുങ്ങിക്കുളിച്ച സമകാലിക പെറൂവിയന്‍ സാഹചര്യങ്ങളില്‍ നൈതിക ബോധത്താല്‍ പ്രചോദിതമായ ചെറുത്തുനില്‍പ്പ്‌ എന്ന വിഷയത്തെ എല്ലാ വശങ്ങളില്‍ നിന്നും പരിശോധിക്കുന്നു. കാല്‍പ്പനിക ഉദാത്തവല്‍ക്കരണത്തിലെക്കോ അതിന്റെ എതിരറ്റമായ സിനിസിസത്തിലെക്കോ കൂപ്പു കുത്താതെ, മാനവികമായ സങ്കീര്‍ണ്ണതകള്‍ ഉള്‍കൊള്ളുന്ന ശക്തിയായി ചരിത്രഗതിയെ നിരീക്ഷിക്കുക എന്നതാണ് യോസയുടെ രീതി– ഇവിടെ ഒരു ദര്‍ശനവും വിമര്‍ശനാതീതമല്ല, അന്തസ്സ് തിരിച്ചുപിടിക്കാന്‍ വ്യക്തികള്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം മൌനമോ, ഏറ്റുമുട്ടലോ, പ്രവാസമോ, അതുമല്ലെങ്കില്‍ രക്തസാക്ഷിത്തമോ ആയിത്തീരുകയും ചെയ്യാം.

 

യോസ – കാമനയുടെ എഴുത്തുകാരന്‍  

അധികാരം, ചരിത്രം എന്നിവ പോലെ യോസയുടെ കൃതികളില്‍ കണ്ടെത്താവുന്ന അതിശക്തമായ മറ്റൊരു ‘കോര്‍ത്തിണക്കല്‍ പ്രമേയധാര’ (unifying theme) എറോടിസിസത്തിന്റെതാണ്. ‘ആടിന്റെ വിരുന്നില്‍ ഉറാനിയ നേരിടുന്ന ട്രോമയുടെ പ്രഭവം, ഏകാധിപതി ട്രുഹിയോ തന്നെ വേട്ടയാടുന്ന പൌരുഷ നഷ്ടത്തിന്റെ അപകര്‍ഷത്തിനെതിരെ ലൈംഗികതയെ അധികാരപ്രമത്തതയുടെ വികല പ്രകടന വേദി (sex as theatre and domination) ആക്കി മാറ്റുന്നതാണ്. ദ ബാഡ് ഗേള്‍  എന്ന കൃതിയില്‍, ലൈംഗിക ആകര്‍ഷണം എന്നത് വിധേയത്വം, ആത്മ നശീകരണം, തന്റെ തന്നെ ആത്മാവിന്റ പാതിയായവന്റെ നശീകരണം എന്നിങ്ങനെ സാഡോ – മാസോക്കിസ്റ്റ് സ്വഭാവം ആര്ജ്ജിക്കുന്നു. അസ്ഥിത്വപരമായ നശീകരണ ഹേതു എന്ന Bad Girl സാഹചര്യത്തില്‍ നിന്ന് ഏറെ ദൂരെയാണ് ഇന്‍ പ്രേയ്സ് ഓഫ് ദ സ്റ്റെപ്മദര്‍, അതിന്റെ തന്നെ തുടര്‍ച്ചയായ ദ നോട്ബുക്സ് ഓഫ് ഡോണ്‍ റിഗോബെര്‍തോ എന്നിവ. ഇവിടെ അത് ശാരീരികം മാത്രമല്ല, മറിച്ച് കലാവിഷ്കാരം തന്നെയാണ്. ആസക്തിയെ കുറ്റവിമുക്തമാക്കുന്ന, നിഷ്കളങ്കതയും പ്രലോഭനവും പരസ്പരം വെച്ചുമാറുന്ന ധാര്‍മ്മിക സങ്കീര്‍ണ്ണത Stepmother-ല്‍ കാണാം. ഡയറി കുറിപ്പുകള്‍, കത്തുകള്‍, ഫാന്റസികള്‍ എന്നിങ്ങനെ കാമനാ വര്‍ണ്ണനകള്‍ നിറഞ്ഞുനില്‍ക്കുന്ന Don Rigoberto യില്‍ ലൈംഗികത അതിന്റെതന്നെ ലോകം പണിയുകയും ആത്മസംസ്ഥാപനമെന്നത് ഐന്ദ്രിയാഘോഷങ്ങളും കലാസൃഷ്ടിയും തന്നെയായി പരിണമിക്കുകയും ചെയ്യുന്നു. കാമനയെ സൌന്ദര്യാത്മക സമീപനത്തിലൂടെ ഉദാത്താനുഭവമാക്കുന്നതിലും, വിലക്കപ്പെട്ട ഇടങ്ങളിലേക്ക് കടക്കുമ്പോള്‍ പോലും ധൈഷണിക ഔന്നത്യമുള്ള കേളിയായും സൌന്ദര്യാരാധനയായും വൈയക്തിക സ്വാതന്ത്ര്യത്തിന്റെ ആഘോഷമായും അതിനെ മാറ്റുന്നതിലും അതിനോട് ചേര്‍ത്തു പറയുക പതിവുള്ള അശ്ലീലതയുടെ അംശത്തെ തിരസ്കരിക്കുന്നതിലും യോസയുടെ സമീപനം സാഫോയെ അനുസ്മരിപ്പിക്കുന്നു. എന്നിരിക്കിലും, എറോടിസിസത്തെ നശീകരണ ശക്തിയായി കാണുന്ന ‘The Bad Girl’ ലെ നിഹിലിസ്റ്റിക് സമീപനത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് മുന്‍ കൃതികള്‍ എന്ന് കാണാം. അതെ സമയം കാമനയുടെ പ്രമേയ പരിചരണത്തില്‍ ആദ്യ നോവലുകളില്‍ പ്രകടമായ പുരുഷ കേന്ദ്രിത അവസ്ഥ Bad Girl’ മറികടക്കുന്നുണ്ട്. ഇവിടെ റിക്കാര്‍ഡോ സുമോകൂര്‍ഷ്യോ കര്തൃത്വ രഹിതനാണ്. ലില്ലിയാണ് അവളുടെ വ്യത്യസ്ത പരകായങ്ങളിലൂടെ കാമനയുടെ നരകയാനങ്ങളില്‍ സ്വയം ഒടുങ്ങുന്നതും അയാളെ ഒടുക്കുന്നതും.  

വ്യക്തിജീവിതത്തിലെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും എഴുത്തിന്റെ പ്രചോദനവും പ്രമേയ പരിഗണനകളും ആയിത്തീരുക എന്നത് അന്ത്യം വരെയും യോസയുടെ ജീവിതത്തില്‍ കാണാനാകും. 1964ല്‍ ഹൂലിയ ഓര്‍കീദിയുമായി പിരിഞ്ഞ ശേഷം തൊട്ടടുത്ത വര്‍ഷം കസിന്‍ പാട്രിഷ്യയുമായി  നടത്തിയ വിവാഹബന്ധം അരനൂറ്റാണ്ടു പിന്നിട്ട് 2015 ല്‍ ഇസബെല്‍ പ്രസ് ലറെ വിവാഹം ചെയ്യുംവരെ നിലനിന്നു. പ്രസ്തുത വിവാഹം ഗോസ്സിപ്പ് മാഗസിനുകള്‍ കൊണ്ടാടിയ വിധമാണ് The Neighbourhood രചനയുടെ പ്രചോദനം. 2022ല്‍ ഇസബെലുമായി പിരിഞ്ഞ യോസ, പാട്രീഷ്യയുമായി വീണ്ടും രഞ്ജിപ്പിലെത്തി. അവസാന പുസ്തകം (I Give You My Silence) അദ്ദേഹം അവര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നതും. പാട്രീഷ്യ, മകള്‍ മോര്‍ഗാന, ആണ്മക്കള്‍ അല്‍വാരോ, ഗോണ്‍സാലോ എന്നിവരാണ്‌ മരണ വേളയിലും കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കുടുംബം. 

(ഫസല്‍ റഹ്മാന്‍)


The Books referenced:

 

A Fish in the Water.

The Time of the Hero

Aunt Julia and the Script-writer

Conversations in the Cathedral

The Feast of the Goat

The Way to Paradise

The Dream of the Celt

Death in the Andes

The War to the End of the World

The Discreet Hero

The Storyteller

The Bad Girl

In Praise of the Stepmother

The Notebooks of Don Rigoberto

The Neighbourhood

I Give You My Silence

 

 

Authors mentioned:

Julio Cortazar (ഹൂലിയോ കോര്‍ത്തസാര്‍)

Carlos Fuentes (കാര്‍ലോസ് ഫ്യൂയെന്തസ്)

Gabrieal Garcia Marquez (ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ്)