Featured Post

Sunday, March 30, 2025

Like a Mule Bringing Ice Cream to the Sun by Sarah Ladipo Manyika

 ഓര്‍മ്മപ്പെയ്ത്തിലെ ജീവിതം.





നൈജീരിയയില്‍ ജനനം, കെനിയ, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി വളര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ താമസം – യൂണിവേഴ്സിറ്റി സാഹിത്യാധ്യപികയും എഴുത്തുകാരിയുമായ സാറ ലദീപോ മാന്‍യികയുടെ കൃതികളില്‍ സംസ്കാരാന്തരങ്ങളും ദേശാന്തരങ്ങളും കടന്നു വരുന്നതിനു ഈ വൈയക്തിക ഭൂമിശാസ്ത്രത്തിനും പങ്കുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു (1). In Dependence (2008) എന്ന പ്രഥമ നോവല്‍, സ്കോളര്‍ഷിപ്പോടു കൂടി ഇംഗ്ലണ്ടില്‍ ഓക്സ്ഫോര്‍ഡില്‍ ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്ന തായോ അജായിയെന്ന നൈജീരിയന്‍ യുവാവിനെ പിന്തുടരുന്നു. ‘പ്രതി സംസ്കാര മുന്നേറ്റങ്ങള്‍’ (COUNTERCULTURE MOVEMENT) (2) ശക്തമായ അറുപതുകളുടെ പ്രചണ്ഡമായ ആദര്‍ശ പ്രോചോദിത യുവതയുടെ തലമുറയില്‍ സ്വയം കണ്ടെത്തുന്ന തായോ, ലോകമെമ്പാടും വലിയ മാറ്റങ്ങള്‍ കാണുന്നുണ്ട്: ജന്മദേശം സ്വാതന്ത്ര്യം നേടുന്നു, അമേരിക്കന്‍ പൌരാവകാശ പ്രസ്ഥാനം, സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ലൈംഗിക സ്വത്വ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെയും കുതിപ്പ് – ഈ ഊര്‍ജ്ജസ്വലമായ കാലത്താണ് അയാള്‍ ഒരു മുന്‍ കൊളോണിയല്‍ ഉദ്യോഗസ്ഥന്റെ മകളായ വനേസ്സ റിച്ചാര്‍ഡ്സണ്‍ എന്ന സുന്ദരിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. നൈജീരിയന്‍ ചരിത്രവും രണ്ടു സംസ്കാരങ്ങളും വംശീയതകളും കൂടിക്കലരുന്ന അന്തരീക്ഷവും പ്രണയ ജീവിതത്തെ കലുഷമാക്കുന്ന ഘടകങ്ങളാണ്. “മൂന്നു വന്‍കരകളും കലുഷമായ നാല് ദശകങ്ങളും കടന്ന് പരസ്പരം കണ്ടെത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന രണ്ടുപേരുടെ കഥയാണത് – തീക്ഷ്ണ വികാരങ്ങളുടെയും ആദര്‍ശപരതയുടെയും കഥ, ധീരതയുടെയും ഒറ്റിന്റെയും, ഭ്രാന്തമായി തീവ്രമായി പ്രണയത്തില്‍ അകപ്പെടാനുള്ള സാര്‍വ്വത്രിക ത്വരയുടെ” എന്ന് പുസ്തകത്തിന്റെ (In Dependence) പുറംചട്ട (blurb) വിവരിക്കുന്നു. മാന്‍യികയുടെ അതിസുന്ദരമായി പേരുനല്‍കപ്പെട്ട രണ്ടാമത് കൃതി Like a Mule Bringing Ice Cream to the Sun എന്ന നോവെല്ലയെ, ഒരര്‍ത്ഥത്തില്‍ ആദ്യ നോവലിന്റെ തുടര്‍ച്ചയായി കാണാമെന്നും തായോ, തെരുവില്‍ വെച്ചു പില്‍ക്കാല കൃതിയിലെ മുഖ്യ കഥാപാത്രമായ മൊറായോയിലേക്ക് ഓടിക്കയറിയാല്‍ അത് വളരെ സ്വാഭാവികമായിരിക്കുമെന്നുമുള്ള മുന്‍ സൂചനയിലെ അഭിമുഖകാരിയുടെ (JENNY D. WILLIAMS,) നിരീക്ഷണം സന്തോഷകരമായ കണ്ടെത്തലായി നോവലിസ്റ്റ് സ്വീകരിച്ചു. ഇരുപുസ്തകങ്ങള്‍ക്കുമിടയില്‍ പ്രമേയ സാമ്യങ്ങള്‍ മാത്രമല്ല, പോയ നൂറ്റാണ്ടിന്റെ അറുപതുകളുടെ പശ്ചാത്തലത്തില്‍ നിന്ന് കഥാപാത്രത്തിന്റെ എഴുപതുകളിലേക്കുള്ള സ്വാഭാവിക വികാസത്തിന്റെയും തുടര്‍ച്ച കണ്ടെത്താനാവും എന്നു എഴുത്തുകാരി തന്നെയും തിരിച്ചറിയുകയായിരുന്നു.

ഗദ്യസാഹിത്യം എന്നതിലേറെ ‘ഓര്‍മ്മ എന്ന വിവരണമാകും പുസ്തകത്തിനു ചേരുക എന്ന് ‘സൂര്യനിലേക്കു ഐസ് ക്രീം എത്തിക്കുന്ന കോവര്‍കഴുതയെ കുറിച്ച് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (3). എഴുപത്തിയഞ്ചാം പിറന്നാള്‍ അടുത്തുവരുന്ന വയോധികയായ ഡോ. മൊറായോ ഡസില്‍വ എന്ന സാന്‍ഫ്രാന്‍സിസ്കോയില്‍ കഴിയുന്ന റിട്ടയര്‍ ചെയ്ത ഇംഗ്ലീഷ് പ്രൊഫസര്‍ ഓര്‍മ്മകളിലൂടെ സ്വയം നിര്‍ണ്ണയിക്കുകയാണ്. പ്രായാധിക്യം മൃത്യുമുനമ്പിലെത്തിച്ച ഒരാളുടെ ഓര്‍മ്മത്തിരകളില്‍ - തന്റെ നാട്ടിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം പരിഗണിക്കുമ്പോള്‍ രണ്ടു പതിറ്റാണ്ടെങ്കിലും താന്‍ അധികം ജീവിച്ചു കഴിഞ്ഞുവെന്നു മൊറായ നിരീക്ഷിക്കുന്നുണ്ട് – ഹാസ്യവും ആവേശവും ശുഭാപ്തിയും കടന്നു വരിക എന്നത് അത്ര സ്വാഭാവികമല്ല. “ഒരു കോവര്‍കഴുത സൂര്യനിലേക്കു ഐസ്ക്രീം കൊണ്ടുവരും എന്ന് നാം പ്രതീക്ഷിക്കാത്ത പോലെത്തന്നെ, അസ്വാഭാവിക ആവേശവും അസാധാരണ വികാരങ്ങളും ഈ ചിന്തോദ്ദീപകമായ പുസ്തകത്തിന്റെ താളുകളില്‍ നിന്ന് ഇറ്റിവീഴുന്നു” എന്ന് നിരൂപക പറയുന്നു (Ibid).  

പ്രായം കടന്നിട്ടും ജീവിതോന്മുഖമായ ഒരു ലാസ്യ ഭാവവും പുസ്തക പ്രണയവും നിലനിര്‍ത്തുന്ന, കോഫീ ഷോപ്പുകള്‍ സന്ദര്‍ശിക്കുകയും തന്റെ വിശ്വസ്ത വാഹനമായ പോര്‍ഷേയില്‍ സ്വന്തമായി ഒരു ഡ്രൈവ് ആസ്വദിക്കുകയും ചെയ്യുന്ന മൊറായ, എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ ഒരു ടാറ്റൂ കുത്തണം എന്നാഗ്രഹിക്കുന്ന, ലേഗോസ് എന്ന പോലെ ഇന്ത്യയേയും ഗൃഹാതുരമായി ഓര്‍ക്കുന്ന സഞ്ചാരിയായ, ലോകം കണ്ട, സ്വതന്ത്ര വ്യക്തിത്വത്തിന് ഉടമയാണ്. ‘മൊറായോ എന്ന പേരിന്റെ യൊറൂബ മൊഴിയര്‍ത്ഥം  “ഞാന്‍ സന്തോഷം കാണുന്നു” എന്നാണെന്നു നോവലിസ്റ്റ് അഭിമുഖത്തില്‍ വ്യക്തമാക്കിയതും സംഗതമാണ് (JENNY D. WILLIAMS). ഓര്‍മ്മകള്‍ ഒളിച്ചു കളി തുടങ്ങുന്നതും സന്നിബാധയുടെ ഭയവും അവരെ അലട്ടുന്നുണ്ട്. കാഴ്ച്ചശക്തി കുറഞ്ഞുവരുന്നത് ഇനി തന്റെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി കിട്ടിയേക്കില്ല എന്ന തോന്നല്‍ ഉണ്ടാക്കുന്നുണ്ട്. ഏകാന്തത ചിലപ്പോഴൊക്കെ അവരെ അലട്ടുന്നുണ്ട് എന്നതിന്റെ സൂചനകള്‍ അങ്ങിങ്ങ് ആഖ്യാനത്തില്‍ ഉണ്ട്: കാള്‍ സെന്റര്‍ ജീവനക്കാരിയോടും തെരുവില്‍ ചങ്ങാത്തം കൂടുന്ന വീടില്ലാത്ത യുവതിയോടും  ആവശ്യത്തിലേറെ ദീര്‍ഘമായി സംസാരിക്കുന്നതും പോസ്റ്റ്മാന്‍ വരുന്നതിനു അക്ഷമയായി കാത്തുനില്‍ക്കുന്നതും അത്തരം സന്ദര്‍ഭങ്ങളാണ്. പുസ്തകങ്ങളോടും കഥാപാത്രങ്ങളോടും മൊറായോ വളര്‍ത്തിയെടുക്കുന്ന ആഭിമുഖ്യവും അവരെ യഥാര്‍ത്ഥ മനുഷ്യര്‍ തന്നെയായി കാണുന്നതും ഈ ഏകാന്തതയുടെ മറുപുറം കൂടിയാണ് എന്ന് വരാം. റിട്ടയര്‍ ചെയ്ത ശേഷം എഴുതണമെന്നും തന്റെ ജന്മനഗരമായ ജോസിനെയും (Jos) കളിക്കൂട്ടുകാരി ജോസ് ലിനെയും ഓര്‍മ്മിക്കാന്‍ ജോസ് ലിന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കണമെന്നും ഒരു കാലത്ത് മൊറായ കരുതിയിരുന്നു. ക്രിസ്ത്യന്‍- മുസ്ലിം സംഘര്‍ഷങ്ങളിലും ബോകോ ഹറാം ആക്രമങ്ങളിലും തന്റെ ജന്മനഗരം പിടിച്ചുലക്കപ്പെട്ട ശേഷം ഒരിക്കലും അവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല അവര്‍ക്ക്. ചികിത്സാര്‍ത്ഥം വീട്ടിലില്ലാത്ത സമയം വീട് പരിപാലിച്ച പുത്രീതുല്യയായ സണ്‍ഷൈന്‍ വീട് വൃത്തിയാക്കാന്‍ ഏല്‍പ്പിച്ചയാള്‍ ‘കേടായിപ്പോയ പുസ്തകങ്ങള്‍ ഒഴിവാക്കിയതറിഞ്ഞു മൊറായോ രൂക്ഷമായി പ്രതികരിക്കുന്നതും സണ്‍ഷൈന്‍ മുറിവേറ്റ മനസ്സുമായി പിന്‍ വാങ്ങുന്നതും ഈ പശ്ചാത്തലത്തില്‍ കാണണം. അനുതാപം അതിവേഗം ഉയരുന്ന പ്രകൃതമുള്ള മൊറായോ ജീവകാരുണ്യ മുഖം മൂടിയിട്ട തട്ടിപ്പിനിരയായി വന്‍ തുക സംഭാവന നല്‍കിയതും മറ്റും വ്യക്തമാക്കിക്കൊടുക്കുന്ന സണ്‍ഷൈന്‍ മറ്റൊരു കാര്യത്തില്‍ കൂടി നിരാശയായിരുന്നു: തന്റെ കാല ശേഷം മുഴുവന്‍ സ്വത്തും ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി നീക്കി വെച്ച മൊറായോയുടെ വില്‍പ്പത്രം, സ്വത്ത് മോഹിച്ചല്ലെങ്കിലും, തന്നെ ഒരു സ്നേഹചിഹ്നം ആയെങ്കിലും പരിഗണിച്ചില്ലല്ലോ എന്നതായിരുന്നു അത്. സഹായ മനസ്ഥിതി കൊണ്ടു ചുറ്റും വലിയൊരു സൌഹൃദ വലയം തീര്‍ത്തിരുന്ന, മക്കളുടെ ഉള്‍പ്പടെ സ്വന്തം കാര്യം പലപ്പോഴും മറന്നു പോകുകയും ചെയ്യുന്ന സണ്‍ഷൈന്‍ ശരിക്കും തന്റെ പേരിനെ സാധൂകരിക്കുന്ന യുവതിയാണ്.

എന്നാല്‍ മൊറായോയുടെ സ്വതന്ത്ര വ്യക്തിത്വത്തിന് വെല്ലുവിളിയുയര്‍ത്തി കുളിമുറിയില്‍ വെച്ചു വീഴ്ച്ച പറ്റുകയും ഗുരുതരമല്ലെങ്കിലും ഇടുപ്പെല്ലിനു സംഭവിക്കുന്ന ക്ഷതം ജീവിതക്രമത്തെ താളം തെറ്റിക്കുന്നതും കുടുംബ/ സാമൂഹിക അടിസ്ഥാനത്തിലുള്ള ആഫ്രിക്കന്‍ രീതികളില്‍ നിന്ന് വ്യത്യസ്തമായി ബൂര്‍ഷ്വാ, സ്വകാര്യ/ വ്യക്ത്യധിഷ്ടിത സാമൂഹികാവസ്ഥയുടെ അടയാളമായ വയോജന പാലന കേന്ദ്രത്തില്‍ എത്തിപ്പെടുകയും ചെയ്യുന്നത് പാരതന്ത്ര്യത്തിന്റെ പുത്തന്‍ അനുഭവത്തിലേക്ക് മൊറായയെ എത്തിക്കുന്നു. ജീവിതം കഴിഞ്ഞു പോയി എന്ന നൈരാശ്യത്തിലേക്കൊന്നും വീഴുന്നില്ലെങ്കിലും വാര്‍ദ്ധക്യത്തെ കുറിച്ചു മറ്റൊരു രീതിയില്‍ ചിന്തിക്കാനും, കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചൊരു കണക്കെടുപ്പു നടത്താനും അത് മൊറായയെ പ്രേരിപ്പിക്കുന്നു. ആരെയും ആകര്‍ഷിക്കുമായിരുന്ന യുവ നൈജീരിയന്‍ ഡിപ്ലോമാറ്റുമായുണ്ടായ വിവാഹം, പ്രതീക്ഷാപൂര്‍ണ്ണമായിരുന്ന കൂട്ടു യാത്രകള്‍, പ്രതീക്ഷകള്‍, മുന്‍ വിവാഹത്തെ കുറിച്ചും അതിലെ മക്കളെ കുറിച്ചും ഒളിച്ചു വെച്ച് തന്നെ വഞ്ചിക്കുകയായിരുന്നു ഭര്‍ത്താവെന്ന തിരിച്ചറിവ്, തകര്‍ന്ന ബന്ധം – ഒരു സമ്പൂര്‍ണ്ണ ജീവിത കഥ സംക്ഷിപ്തമായി ചുരുള്‍ നിവരുന്നുണ്ട്. ബൗദ്ധികമായി തനിക്കു പോന്നവരെ കണ്ടെത്താനും സംവദിക്കാനുമുള്ള കഴിവ് വയോജന ഭവനത്തിലെ മടുപ്പ് മറികടക്കാനും മൊറായോയേ സാഹയിക്കുന്നുണ്ട്. ‘ഒന്നാം ലോക പ്രമേയം എന്ന് പൊതുവേ കരുതപ്പെടുന്ന ഇത്തരം പ്രേമയം കൂടി കടന്നുവരുന്ന നോവലില്‍, ഒരു നിരൂപക ചൂണ്ടിക്കാട്ടുംപോലെ, സ്വാഭാവികമായും ‘സാമൂഹികമോ രാഷ്ട്രീയമോ ആയ അനുരണനങ്ങള്‍ തീരെ പതിഞ്ഞ തോതിലേ പ്രകടമാകുന്നുള്ളൂ’ (4). അപൂര്‍വ്വമായി മാത്രം നോവലില്‍ കടന്നു വരുന്ന സാമൂഹികമായ വംശീയ, രാഷ്ട്രീയ മുന്‍ വിധികളുടെ പ്രശ്നം ഒരു ഘട്ടത്തില്‍ മൊറായോ നേരിടേണ്ടി വരുമ്പോള്‍ പ്രതിരോധത്തിന് എത്തുന്നത് തന്റെ ആഫ്രിക്കന്‍ അമേരിക്കന്‍ സുഹൃത്താണ്. തന്റെ രണ്ടു മുന്‍ വിവാഹങ്ങളും വെള്ളക്കാരികളെ ആയിരുന്നു എന്ന വസ്തുതയും അവര്‍ രണ്ടു പേരും കറുത്ത വര്‍ഗ്ഗക്കാരെ കാമിച്ച സ്ത്രീകള്‍ ആയിരുന്നു എന്നതും പുനര്‍ വിചിന്തനത്തിന് വിധേയമാക്കാന്‍ മൊറായോയുമായുള്ള സൗഹൃദം അയാളെ പ്രേരിപ്പിക്കുന്നുണ്ട്. അതുപോലെ, ലേഗോസിലേക്ക് തിരികെ പോകുകയെന്ന ആശയം, ബോകോ ഹറാം ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിലുള്ള സുരക്ഷിതത്വ ഭീഷണിയില്‍ മൊറായോ ഉപേക്ഷിക്കുന്നുമുണ്ട്. 

മൊറായോയുടെയും അവരുടെ കഥയുമായി ബന്ധിതരാകുന്ന ഇതര കഥാപാത്രങ്ങളുടെയും പ്രഥമ വ്യക്തിക (first person) വീക്ഷണങ്ങളിലൂടെയാണ് മുഴുവന്‍ ആഖ്യാനവും എന്നതുകൊണ്ട്‌ അവരുടെയൊക്കെ മനോവ്യാപാരങ്ങളും സ്വപ്നങ്ങളും രാഗ-ദ്വേശങ്ങളും ഓര്‍മ്മകളും എല്ലാം കൂടിക്കലരുന്നുണ്ട് ഇവിടെ. മുന്‍ ഭര്‍ത്താവ് സീസര്‍ ഡാ സില്‍വ, സണ്‍ഷൈന്‍, വീടില്ലാത്ത സാവേജ് എന്ന പെണ്‍കുട്ടി, വയോജന ഭവനത്തിലെ ഡിമെന്‍ഷ്യ ബാധിച്ചു തുടങ്ങിയ പരിചയക്കാരിയുടെ ഭര്‍ത്താവായ ആഫ്രിക്കന്‍ അമേരിക്കക്കാരന്‍ റെഗ്ഗി ബെയ് ലി എന്നിവരുടെ ആഖ്യാനങ്ങളിലൂടെയും മൊറായയുടെ വ്യക്തിത്വത്തിലേക്കും അവരുടെ തന്നെ ജീവിതങ്ങളിലേക്കും നമുക്ക് കടന്നു ചെല്ലാനാകുന്നുണ്ട്. ഒരു നോവെല്ലയുടെ പരിധിയില്‍ ഇത്രയേറെ ആഖ്യാന സ്വരങ്ങള്‍ ആവശ്യമുണ്ടോ എന്ന സന്ദേഹം ജനിപ്പിക്കാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്‌ നോവലിസ്റ്റിന്റെ മികവായി കാണാം. പുതിയ സൌഹൃദങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള മൊറായോയുടെ കഴിവ്, സാധാരണ ഗതിയില്‍ അപകടം തളര്‍ത്തിയേക്കാവുന്ന മാനസികാവസ്ഥക്ക് അവര്‍ അടിപ്പെടില്ല എന്ന സൂചകം കൂടിയാണ്. വാര്‍ദ്ധക്യത്തിലും പഴയ ഓര്‍മ്മകളില്‍ തെളിയുന്ന പ്രണയ ചിന്തകള്‍ ആസ്വദിക്കാനാവുന്ന മൊറായോ, ജീവിതാസക്തിയുടെ മറ്റൊരു മുഖം കൂടി പ്രകടിപ്പിക്കുന്നുണ്ട്. ആഫ്രിക്കന്‍ സാഹിത്യത്തില്‍ അത്ര സാധാരണമല്ലാത്ത ഒരു വിഷയം കൂടിയാണ് നോവലിസ്റ്റ് ഇവിടെ സ്പര്‍ശിക്കുന്നത് എന്നതും പ്രധാനമാണ്. മൊറായോ തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍, മുപ്പത്തേഴുകാരനായ സീസറെ വിവാഹം കഴിക്കുമ്പോള്‍ തന്റെ അമ്മയേക്കാള്‍ ഒന്നോരണ്ടോ വയസ്സിന്റെ ഇളപ്പമേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. നൈജീരിയക്കു വേണ്ടി വാദിക്കുകയും ലോക രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ബുദ്ധിജീവികള്‍ക്കിടയില്‍ തന്നെക്കാള്‍ ഇളപ്പമായിരുന്ന, വൈയ്യക്തിക ‘ഒരിഷ’കളില്‍ വിശ്വസിക്കുന്ന കാന്റോമ്പിള്‍ (Candomble) വിശ്വാസിയും (5) നൈജീരിയയിലേക്കുള്ള ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ബ്രസീലിയന്‍ അംബാസിഡറും ആയിരുന്ന അന്റോണിയോയോടു തോന്നിയ പ്രണയം ഓര്‍മ്മകളില്‍ ഇന്നും സജീവമായി നില്‍ക്കുന്ന ഒന്നാണ് അവര്‍ക്ക്.

കഥാപാത്രങ്ങള്‍ക്ക് സ്വന്തം കഥയും ചരിത്രവും പകര്‍ന്നു നല്‍കാനും ഒരു നോവലെറ്റിന്റെ പരിധികള്‍ക്കപ്പുറം അവരെ അനുവാചക മനസ്സുകളില്‍ സ്ഥാപിക്കാനുമുള്ള മന്‍യികയുടെ സിദ്ധി പ്രഥമ നോവലിലേതു പോലെ ഇവിടെയും വ്യക്തമാണ്. സണ്‍ഷൈനിനെ മാറ്റി നിര്‍ത്തിയാല്‍ നോവലില്‍ ഏറെ തിളക്കമുള്ള കഥാപാത്രങ്ങള്‍ റെഗ്ഗിയും അയാളുടെ ഭാര്യയുമാണ് എന്നു പറയാം. മൊറായയിലൂടെ ആവിഷ്കരിക്കപ്പെടുന്ന പ്രസന്നമായ വാര്‍ദ്ധക്യമെന്ന സങ്കല്പ്പനത്തിന്റെ എതിരറ്റമാണ് റെഗ്ഗിയുടെ ഭാര്യയും പാര്‍ക്കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും അനുഭവിക്കുന്നവളുമായ പേള്‍ അടയാളപ്പെടുത്തുന്നത്.  രോഗാവസ്ഥ ഏതാണ്ട് ഒട്ടും പ്രസന്നമല്ലാത്ത, വികലമായ ഒരു ശൈശവാവസ്ഥയിലേക്കുള്ള തിരിച്ചു പോക്ക് ആയിരിക്കുന്ന അവര്‍ എല്ലാത്തിനും എല്ലാവരുടെയും ആശ്രയത്തിലാണിപ്പോള്‍. മിസ്റ്ററികളും റൊമാന്‍സുകളും ഇഷ്ടപ്പെട്ടിരുന്ന അവരുടെ ആ അഭിരുചികളൊക്കെ ഇപ്പോള്‍ റെഗ്ഗിയുടെ ഓര്‍മ്മകളിലേ ഉള്ളൂ. അയാളോടൊപ്പം ജീവിക്കാന്‍ തുടങ്ങിയതിന്റെ പേരില്‍ മക്കള്‍ തള്ളിപ്പറഞ്ഞതാണ് അവരെ. മൊറായോയുടെ കാര്യങ്ങളെല്ലാം അവരുടെ സ്വന്തം തെരഞ്ഞെടുപ്പാകുമ്പോള്‍ പേളിന് നേഴ്സുമാര്‍ ചാര്‍ത്തിക്കൊടുക്കുന്ന മേയ്ക്കപ്പ് അവര്‍ കാണാതെ തുടച്ചു കളയുകയാണ് റെഗ്ഗി.  അതൊക്കെ ഇഷ്ടപ്പെടുന്നവൾ ആയിരുന്നില്ല പേള്‍ എന്ന് അയാള്‍ക്കറിയാം. റെഗ്ഗിയുമായും പേളുമായും മൊറായ ഉണ്ടാക്കുന്ന സൗഹൃദം, അവര്‍ തിരികെ പോകുമ്പോള്‍ ഇരുവര്‍ക്കും വിഷമം സൃഷ്ടിക്കുന്നുണ്ട്.           

മൊറായയുടെ ഓര്‍മ്മകളില്‍ പേര്‍ത്തും പേര്‍ത്തും കടന്നു വരുന്ന ലേഗോസ് നഗരം, ആഫ്രിക്കന്‍ സാഹിത്യത്തില്‍ അതീവ ശക്തമായി സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്: ക്രിസ് അബാനി (Graceland), സെഫി അത്ത (Everything Good Will Come), തേജു കോല്‍ (Every Day Is for the Thief), ന്‍നേന്‍ദി ഒകറോഫോര്‍ (Lagoon), ചിബുണ്ടു ഒനൂസോ (Welcome to Lagos) തുടങ്ങിയ എഴുത്തുകാരിലൂടെ നൈജീരിയന്‍ സാഹിത്യത്തില്‍ അതിശക്തമായി തുടരുന്ന ‘ലേഗോസ് നോവല്‍ പാരമ്പര്യത്തിലേക്ക്, മൊറായയുടെ ഓര്‍മ്മകളില്‍ തെളിയുന്ന ഗൃഹാതുര ലെഗോസ് സ്മൃതികള്‍ തനതായ രീതിയില്‍ കണ്ണിചേരുന്നു. വൃത്തിയും വെടിപ്പും ചാര്‍ത്തപ്പെട്ട സാന്‍ഫ്രാന്‍സിസ്കോയില്‍ ഇരുന്നു വിവരിക്കുമ്പോഴും സുന്ദരമായ ഓരോര്‍മ്മയായി മൊറായയുടെ ആഖ്യാനത്തില്‍ ലേഗോസ് ഇടംപിടിക്കുന്നു എന്നത് പ്രധാനമാണ്; പൊടിയും ചെളിയും അടയാളപ്പെടുത്തുന്ന പാശ്ചാത്യമായ ലേഗോസ് ആഖ്യാനത്തില്‍നിന്നു ‘അഫ്രോപോളിറ്റന്‍’ വീക്ഷണത്തിന്റെ സാംസ്കാരിക തിരിച്ചുപിടിക്കലുണ്ട് ഇവിടെ: “ഞാന്‍ വസ്ത്രങ്ങളുടെ മടക്കുകള്‍ നിവര്‍ത്തുമ്പോള്‍, അപ്പോഴും കോട്ടനില്‍ തങ്ങിനില്‍ക്കുന്ന ലെഗോസ് മാര്‍ക്കറ്റുകളിലെ ഡീസല്‍ പുകയുടെയും ചൂടുള്ള പാം ഓയിലിന്റെയും കത്തുന്ന വിറകിന്റെയും ഗന്ധം അറിയാനാവുന്നതില്‍ ആനന്ദം തോന്നുന്നു.” (പേജ്: 04). നോവലിലെമ്പാടും കാണാവുന്ന ഭിന്നസംസ്കാര സങ്കലന ബന്ധങ്ങളും ഒത്തുചേരലും (cross-cultural relations or meetings) ഇതോടു ചേര്‍ത്തു കാണാം: പോസ്റ്റ്മാന്‍ ചൈനക്കാരന്‍ ആണെങ്കില്‍, മൊറായോയുടെ സുഹൃത്തായ കടയുടമ ദാവൂദ് പലസ്തീനില്‍ നിന്ന് ഓടിപ്പോന്നവനാണ്. മാനസപുത്രി സണ്‍ഷൈന്‍ ഇന്ത്യക്കാരിയും വീടില്ലാത്ത സ്ത്രീ വെള്ളക്കരിയുമാണ്. ഇവരോടൊക്കെയുള്ള ഉള്ളഴിഞ്ഞ സൌഹൃദവും മൊറായോയേ ഒരു ലോക പൗരയാക്കുന്ന ഘടകമാണ്. എന്നാല്‍, ആഫ്രിക്കയെ സംബന്ധിച്ച പാശ്ചാത്യമായ സ്റ്റീരിയോ ടൈപ്പുകളെ സൌമ്യമായി നിഷേധിക്കുമ്പോഴും മുമ്പെന്നോ രുചിച്ച ഒന്നോ രണ്ടോ വിഭവങ്ങളുടെയും യോഗയുടെയും വാര്‍പ്പു മാതൃകകളിലൂടെ ഇന്ത്യയെ അടയാളപ്പെടുത്തുന്ന മൊറായോയുടെ സൂചനകള്‍ ഇന്ത്യന്‍ വായനക്കാര്‍ക്ക് കൌതുകമുയര്‍ത്തിയേക്കും.     

 

References:

                1. JENNY D. WILLIAMS,‘this personal geography’ - ON JOY AND DESIRE: AN INTERVIEW WITH SARAH LADIPO MANYIKA, https://velamag.com/on-joy-and-desire-an-interview-with-sarah-ladipo-manyika/, accessed 27.12.2020)

                2. For a comprehensive understanding of Counterculture movement: https://digilab.libs.uga.edu/exhibits/exhibits/show/civil-rights-digital-history-p/counterculture#:~:text=Introduction,overall%20establishment%20of%20societal%20norms.

                3. Elizabeth Olubukola Olaoye, Africa Book Link, New Africa literature drama, &criticsm, September 8, 2017, http://africabooklink.com/like-a-mule-bringing-ice-cream-to-the-sun-a-review-by-elizabeth-olubukola-olaoye/, accessed 27.12.2020

                4. Sarah Jilani, Review: Like A Mule Bringing Ice Cream To The Sun by Sarah Ladipo Manyika, 27 JUNE , 2016, https://africainwords.com/2016/06/27/review-like-a-mule-bringing-ice-cream-to-the-sun-by-sarah-ladipo-manyika/, accessed 27.12.2020.

                5. “Candomblé practitioners believe that every person has their own individual orixa which controls his or her destiny and acts as a protector.” Religions - Candomble: Beliefs – BBC, https://www.bbc.co.uk/religion/religions/candomble/beliefs/beliefs.shtml, accessed 27.12.2020

Satyajit Ray's Nayak - The Hero by Bhaskar Chattopadhyay

 

നായക്: സിനിമയില്‍ നിന്ന് നോവലിലേക്ക്



(സത്യജിത് റേയുടെ നായക് എന്ന ചിത്രത്തെ നോവല്‍ രൂപത്തില്‍ ആവിഷ്കരിക്കുന്ന ഭാസ്കര്‍ ചട്ടോപധ്യായയുടെ ‘നായക്: ദി ഹീറോ എന്ന പുസ്തകത്തെ കുറിച്ച്. സിനിമയില്‍ നിന്ന് നോവലിലേക്കുള്ള രചനാരൂപത്തെ ഒരു തനതായ സാഹിത്യ/ സാംസ്കാരിക പ്രവര്‍ത്തിയായി കാണുന്ന പുതിയ കാലത്തെ ശക്തമായി അടയാളപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ കൃതിയാണ് പുസ്തകം)

കഥയില്‍ നിന്ന് തിരക്കഥയിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എന്നതാണ് ചലച്ചിത്ര രചനയുടെ സാധാരണ വികാസം. സാഹിത്യത്തിലെ മാസ്റ്റര്‍പീസുകള്‍ക്ക് ഈ ഗതിമുന്നേറ്റം ഒന്നിലേറെ തവണ സംഭവിക്കാം. എന്നാല്‍ ചലച്ചിത്രത്തിലെ മാസ്റ്റര്‍പീസുകളോ ഏതെങ്കിലും തരത്തില്‍ നാഴികക്കല്ലുകള്‍ ആവുന്ന സൃഷ്ടികളോ തിരിച്ചൊരു പ്രയാണം നടത്തുന്ന സന്ദര്‍ഭങ്ങളും തീരെ അസാധാരണമല്ല. പാശ്ചാത്യ ലോകത്ത് സിനിമയുടെ ആദ്യകാലം മുതലേ ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു (Gautam Chintamani, firstpost.com). സ്റ്റാര്‍ വാര്‍സ് ചിത്രത്തെ നോവല്‍ രൂപത്തില്‍ ആവിഷ്കരിച്ച Star Wars: From the Adventures of Luke Skywalker, രചയിതാവായ അലന്‍ ഡീനിന് പകരം ചിത്രത്തിന്‍റെ രചയിതാക്കള്‍ക്കു ക്രെഡിറ്റ് ചെയ്യപ്പെട്ടപ്പോള്‍ 2001: A Space Odyssey-യുടെ  നോവല്‍ രൂപം അതിന്റെ രചയിതാവ് ആര്‍തര്‍ സി. ക്ലാര്‍ക്കിന്റെയും സ്റ്റാന്‍ലി കുബ്രിക്കിന്റെയും സംയുക്ത നാമങ്ങളിലാണ് പ്രസിദ്ധീകൃതമായത്. ഇതിനു കാരണം, ഇതില്‍ ആദ്യത്തേതിന് വേണ്ടത്ര തനിമ അവകാശപ്പെടാനില്ലെങ്കിലും ക്ലാര്‍ക്ക്- കുബ്രിക് സഹകരണം വ്യത്യസ്തമായിരുന്നു എന്നതാവാം.  

നോവലില്‍ നിന്ന് സിനിമയെടുക്കുന്നത് ഒരു മികച്ച കലാപ്രവര്‍ത്തനം ആയി കണക്കാക്കപ്പെടുമ്പോള്‍, ‘ഫിലിം നോവല്‍വല്‍ക്കരണം എന്ന ആശയം തനിമയുള്ള സാഹിത്യപ്രവര്‍ത്തിയായി പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടില്ല. എന്നാല്‍, സമീപകാലത്തായി അതിനെ ഒരു തനതായ സാഹിത്യ/ സാംസ്കാരിക പ്രവര്‍ത്തിയായി (cultural/literary practice ) കാണണമെന്ന ആശയം ശക്തി പ്രാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ സാഹിത്യ രംഗത്ത് ഈ പ്രവര്‍ത്തനം ശരിയായ രീതിയില്‍ പക്വമായത് സത്യജിത് റേയുടെ ‘നായക് (1965)’ എന്ന ക്ലാസിക്കിന് ഭാസ്കര്‍ ചട്ടോപാധ്യായ നോവല്‍ രൂപം നല്‍കിയതോടെയാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. ചിത്രമിറങ്ങി അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുസ്തകം പുറത്തിറങ്ങുന്നത് എന്നത്, ചിത്രത്തിന്‍റെ സന്ദേശം ഇന്നും പ്രസക്തമാണ് എന്നതിനോടൊപ്പം, റേയുടെ കഥാഖ്യാന സിദ്ധിയുടെ സാക്ഷ്യവുമായി വര്‍ത്തിക്കുന്നുവെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ ശര്‍മ്മിള ടാഗോര്‍ എടുത്തുപറയുന്നുണ്ട്. വെറും കൂലിയെഴുത്തിന്റെ തലത്തില്‍ നില്‍ക്കുമായിരുന്ന ‘ഫിലിം നോവലൈസേഷന്‍ ശ്രമങ്ങളിലേക്ക് മികച്ച കോളമിസ്റ്റും വിവര്‍ത്തകനുമെന്ന നിലയില്‍ സ്വയം തെളിയിച്ച എഴുത്തുകാരന്‍ കടന്നുവന്നപ്പോള്‍ അതൊരു മികച്ച സാഹിത്യ കൃതി തന്നെയായിത്തീര്‍ന്നത്‌ സ്വാഭാവികമായിരുന്നു.

നായക്: സിനിമ

‘കാഞ്ചന്‍ജംഗ’ (1962) എന്ന ചിത്രത്തിന് ശേഷം തന്റെ സ്വന്തം തിരക്കഥയില്‍ സത്യജിത് റേ ഒരുക്കിയ ‘നായക്’ (1966) മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ, കൂടുതല്‍ സമകാലികതയുള്ള പ്രമേയമാണ് കൈകാര്യം ചെയ്തത്. സിനിമ, തിയേറ്റര്‍, പ്രശസ്തി, പൊതു പ്രതിച്ഛായ, പ്രശസ്തിയുടെ അനിശ്ചിതത്വങ്ങളെ കുറിച്ചുള്ള തീക്ഷ്ണ ഭയം, പ്രതിച്ഛായ സൃഷ്ടിയുടെയും നിലനിര്‍ത്തലിന്റെയും വില തുടങ്ങിയ കലാജീവിതത്തിന്റെ സംത്രാസങ്ങള്‍ എന്നിങ്ങനെ തന്റെ പതിവു പ്രേക്ഷക സമൂഹത്തിനു സുപരിചിതമല്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ റേ തന്റെ തന്നെ ചലച്ചിത്ര സപര്യയില്‍ പുതുവഴി തീര്‍ക്കുകയായിരുന്നു. ഉത്തം കുമാര്‍ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ സുവര്‍ണ്ണ കാലത്തിലൂടെ കടന്നു പോകുന്ന ഘട്ടമായിരുന്നു അത് എന്നത്, ദേശീയ പുരസ്കാരം ഏറ്റുവാങ്ങാനായി ഡല്‍ഹിയിലേക്കു പോകുന്ന അരിന്ദം മുഖര്‍ജിയെന്ന താര രാജാവിന്റെ വേഷത്തില്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ അതിസൂക്ഷ്മമായ ആത്മാംശം കലര്‍ത്തിയിരുന്നിരിക്കാം. യാത്രയില്‍ റെയില്‍വേ കോച്ചിന്റെ സ്വകാര്യതയിലും അടഞ്ഞ ലോകത്തിലും ദീര്‍ഘമായ മണിക്കൂറുകള്‍ ചെലവഴിക്കുന്നത് സൂപ്പര്‍ താരത്തിനു തന്റെ ഭൂതകാലത്തിലേക്കും ഭയപ്പാടുകളിലേക്കും ഊളിയിടാനും തന്നെക്കുറിച്ച് തന്നെയുള്ള അസുഖകരമായ കണക്കെടുപ്പിനും അവസരമൊരുക്കുകയും ഒരു ‘സൈക്കളോജിക്കള്‍ ഡ്രാമക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്നു. താരങ്ങള്‍ മനുഷ്യരാകുന്നതിന്റെ പരിധിയും പരിമിതിയും അയാള്‍ക്ക് നേരിടേണ്ടി വരുന്നു. ആരാധനയോടെ തന്നെ നോക്കുന്ന രോഗിണിയായ കൌമാരക്കാരി മുതല്‍, അയാളില്‍ സ്വന്തം നേട്ടത്തിനുള്ള ചവിട്ടുപടി കാണാന്‍ ശ്രമിക്കുന്ന, അതിനു വേണ്ടി ഉടല്‍പ്രലോഭനത്തിന്റെ ചൂണ്ടയിടാന്‍ ശ്രമിക്കുന്ന അഭിനയ മോഹിയായ ചെറുപ്പക്കാരിയും, ‘സിനിമാനട’നെ അവിശുദ്ധ സ്വാധീനമായി കാണുന്ന മധ്യ വയസ്കനും, ക്ലാസിക് അഭിരുചികളും സദാചാര ബോധ്യങ്ങളുമായി അരിന്ദം പ്രതിനിധാനം ചെയ്യുന്നുവെന്ന് താന്‍ കരുതുന്ന കുത്തഴിഞ്ഞ രീതികളെ ഭത്സിക്കുന്ന പഴയ പടക്കുതിരയായ കലാവിമര്‍ശകനും, അഭിനയത്തെ കുറിച്ച് കാലഹരണപ്പെട്ട അതിഭാവുകത്വ സങ്കല്പങ്ങള്‍ വെച്ച് പുലര്‍ത്തുന്ന, സെറ്റിലെ പേടിസ്വപ്നമായിരുന്ന പഴയ പ്രതാപിയും, അതിജീവത്തിന്റെയും സ്തുതി പാഠനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന ആശ്രിതനും ഉള്‍പ്പടെ ഓര്‍മ്മകളിലും വര്‍ത്തമാനത്തിലുമായി അയാളെ ചൂഴ്ന്നു നില്‍ക്കുന്നവര്‍ പലരുമുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും ശക്തമായ സ്വാധീനമായി യാത്രയില്‍ അയാള്‍ നേരിടുക വിദ്യാസമ്പന്നയും പുതിയ സ്ത്രീത്വത്തിന്റെ പ്രതീകവുമായ ഫെമിനിസ്റ്റ് മാസിക നടത്തുന്ന ചെറുപ്പക്കാരി അദിതി (ശര്‍മ്മിള ടാഗോര്‍) ആയിരിക്കും. അവളാണ് അയാളിലെ ധാര്‍മ്മിക ഭീരുവിനെയും സന്ദേഹിയായ കലാകാരനെയും പശ്ചാത്താപ വിവശനായ മനുഷ്യനെയും മറ്റാരിലും നന്നായി അയാള്‍ക്ക് മുന്നില്‍ പ്രകാശിപ്പിക്കുക. ദുസ്വപ്നങ്ങളില്‍ ഞെട്ടിയുണരുന്ന, മദ്യത്തിനും ഉറക്ക് ഗുളികകള്‍ക്കും സ്വസ്ഥമാക്കനാവാത്ത അയാളുടെ വിഹ്വലതകളെ കുലീനമായ അകലം പാലിച്ചു കൊണ്ട് തന്നെ ഒരു നല്ല സുഹൃത്തിന്റെയും മനോവിശകലന ചതുരയുടെയും കയ്യടക്കത്തോടെ അവള്‍ അയാള്‍ക്ക്‌ മുന്നില്‍ തുറന്നു വെക്കുന്നു. സെലിബ്രിറ്റി ഇന്റര്‍വ്യു എന്ന പ്രലോഭനമൊന്നുമല്ല പ്രധാനമെന്നും മനുഷ്യന്‍ മനുഷ്യനെ മനസ്സിലാക്കുക എന്നതില്‍ ഉപാധികള്‍ ആവശ്യമില്ല എന്നും സൗമ്യമായി, എന്നാല്‍ അവശ്യം വേണ്ട ആജ്ഞാശക്തിയോടെ, അദിതി അയാളെ ബോധ്യപ്പെടുത്തുന്നു. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തന്നെ പിന്തുടരുന്ന ആരാധകരുടെ ബഹളത്തിലോ സ്വീകരണം നല്‍കാന്‍ കാത്തുനില്‍ക്കുന്നവരുടെ കയ്യടികളിലോ താല്‍പര്യമേതുമില്ലാതെ, അകലെ നടന്നു മറയുന്ന യുവതിയെ നോക്കിനില്‍ക്കുന്ന അരിന്ദം പുതിയ പാഠങ്ങള്‍ പഠിച്ചു തുടങ്ങിയിരിക്കുന്നു. ചിത്രം രണ്ടു തലങ്ങളില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു – ഒന്ന്, അയാള്‍ മറ്റുള്ളവരെ കാണുന്നതെങ്ങനെ എന്ന തലത്തില്‍, മറ്റൊന്ന് അയാള്‍ സ്വയം കാണുന്നതും. അദിതിയുടെ ഇടപെടലില്‍ ഈ രണ്ടു തലങ്ങളും സന്ധിക്കുന്നു.

നോവലിലേക്ക്

ചലച്ചിത്രമെന്ന നിലയില്‍ റേയുടെ ക്ലാസ്സിക് ക്ലോസ് അപ്പുകളുടെയും സെറ്റ് സജ്ജീകരണത്തിന്റെയും ഉത്തമാമാതൃകകളായ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ‘നായക്. തിരക്കഥയിലാകട്ടെ, പാത്രസൃഷ്ടിയിലും പ്രമേയ പരിചരണത്തിലും കയ്യടക്കമുള്ള എഴുത്തുകാരന്റെ വൈഭവം അദ്ദേഹം പ്രകടിപ്പിക്കുന്നുമുണ്ട്. സൂക്ഷ്മമായി രചിക്കപ്പെട്ട തിരക്കഥക്ക് അനുരോധമായ ചിത്രീകരണം ബ്ലാക്ക് & വൈറ്റിലെ ഒരു ദൃശ്യ വിസ്മയമായിത്തന്നെ അഞ്ചു പതിറ്റാണ്ടുകള്‍ക്കിപ്പുറവും ചിത്രത്തെ നിലനിര്‍ത്തുന്നു. നോവല്‍ രൂപത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക സര്‍ഗ്ഗ ധനനായ ഒരെഴുത്തുകാരന് എളുപ്പമാക്കുന്ന തരത്തില്‍ റേയുടെ പ്രശസ്തമായ ആ ‘അനിര്‍വ്വചനീയ ഘടകം (mise en scène) ചിത്രത്തിലുടനീളം അനുഭവവേദ്യമാണ്. എന്നാല്‍, ചലച്ചിത്രത്തിന്റെ ബ്ലു പ്രിന്റ്‌ മാത്രമായ തിരക്കഥയിലെ സൂചകങ്ങളില്‍ നിന്ന് ഒരു നോവലിന്റെ മുഴുവന്‍ സാധ്യതകളും കണ്ടെടുക്കുക എന്നത് ഏറെ സാധന ആവശ്യപ്പെടുന്നുണ്ട്. എവിടെയാണ് വികസിപ്പിക്കേണ്ടത്, എവിടെയാണ് ഒന്ന് പതിഞ്ഞു നില്‍ക്കേണ്ടത് എന്നു തിരിച്ചറിയുന്നത്‌ മുതല്‍, ദൃശ്യബിംബങ്ങളുടെ സൂക്ഷ്മതയില്‍ നിന്ന് വാക്കുകളുടെ സ്തൂലതയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിന്റെ ‘ആല്‍ക്കെമി എഴുത്തുകാരനില്‍ മികച്ച ചലച്ചിത്ര സംസ്കാരവും അനിവാര്യമാക്കുന്നു. ഭാസ്കര്‍ ഈ വെല്ലുവിളിയെ സമര്‍ത്ഥമായി നേരിടുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം അരിന്ദം അനുഭവിക്കുന്ന ദുസ്വപ്നങ്ങളുടെ ആവിഷ്കാരമാണ്. സിനിമയില്‍, കഥാ നായകന്‍റെ  ഉറക്കത്തില്‍വലിഞ്ഞു മുറുകുന്ന മുഖത്തിന്റെ ക്ലോസ് അപ്പും സംഘര്‍ഷ മനസ്സ് ധ്വനിപ്പിക്കുന്ന സംഗീതവും ചുറ്റും പറന്നു വീഴുന്ന കറന്‍സികളുടെ കൂമ്പാരവും അതില്‍ നിരര്‍ത്ഥകമായി ഓടുന്ന കഥാപാത്രവും ചേര്‍ന്ന് സൃഷ്ടിക്കുന്ന അനുഭവം എല്ലാമൊരു ദുസ്വപ്നമാണെന്ന് തുടക്കം മുതലേ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നുണ്ട്‌. നോവലില്‍ അത്തരം ഒരു സൂചനയും നല്‍കാതെ, വളരെ സ്വാഭാവികമായ ഒരു സന്ദര്‍ഭത്തില്‍ നിന്ന്, ഭക്ഷണ വണ്ടി അന്വേഷിക്കുന്ന നായകന്‍ പൊടുന്നനെ താന്‍ തീര്‍ത്തും ഒറ്റപ്പെട്ടവനായി കണ്ടെത്തുകയാണ്. “കണ്ണുകള്‍ തിരുമ്മി, കോട്ടുവായിട്ട്‌, അരിന്ദം കാബിനില്‍ നിന്ന് പുറത്തിറങ്ങി. കോറിഡോറില്‍ ആരുമുണ്ടായിരുന്നില്ല. ലഞ്ചിന് സമയം ആയിട്ടെയില്ലായിരുന്നു.” തികച്ചും സാധാരണമായ അവസ്ഥയില്‍ ഈ ഏകാന്തതയും തുടര്‍ന്ന് ചക്രവാളത്തില്‍ പതിയെ വ്യാപിക്കുന്നതായി അയാള്‍ കാണുന്ന ഇരുട്ടും ഒരു സര്‍റിയാല്‍ അനുഭവത്തിനു കളമൊരുക്കുകയാണ്.  

ഗൌതം ചിന്താമണി ചൂണ്ടിക്കാണിക്കുന്ന പോലെ, എളുപ്പത്തില്‍ സാധിക്കാവുന്ന തരത്തില്‍ ഗുരുവിനു സമര്‍പ്പിക്കുന്ന അര്‍ച്ചന മാത്രമായി കാണേണ്ടതല്ല പുസ്തകത്തെ എന്ന് ഇത്തരം ആവിഷ്കാരങ്ങള്‍ വ്യക്തമാക്കുന്നു. ലഭ്യമായതില്‍ ഏറ്റവും ജനകീയമായ സിനിമയെന്ന കലാരൂപത്തില്‍ മികച്ച ആവിഷ്കാരം കണ്ടെത്തിക്കഴിഞ്ഞ ഒരു വിഷയത്തെ മറ്റൊരു മാധ്യമത്തിലേക്കു പരാവര്‍ത്തനം ചെയ്യേണ്ടതിന്റെ സാംഗത്യം തന്നെയെന്ത് എന്ന ചോദ്യത്തെയാണ് പുസ്തകം ശരിയായ രീതിയില്‍ നേരിടുന്നത്. റേയുടെ ദൃശ്യ സൂചകങ്ങളുടെ ദീപ്തി വേണ്ടത്ര സുവ്യക്തമാകാത്ത അനുവാചകരിലേക്കും പകര്‍ന്നു നല്‍കും വിധം വാക്കുകളില്‍, നോവല്‍ രൂപത്തില്‍ പുനര്‍ സൃഷ്ടിക്കുന്നതില്‍, അതുവഴി തിരക്കഥയിലെ സാഹിതീയാംശത്തെ പൊലിപ്പിച്ചെടുക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. സബ് ടൈറ്റിലില്‍ ലഭ്യമാകുന്ന ഉള്ളടക്കത്തില്‍ റേയുടെ ആഖ്യാനത്തിന്റെ അന്തസ്സത്ത വലിയൊരളവു ചോര്‍ന്നു പോവുന്നതും തന്നെ നോവല്‍ രചനയിലേക്ക് പ്രചോദിപ്പിച്ചിട്ടുണ്ടെന്നു ഭാസ്കര്‍ എട്ടുപറഞ്ഞിട്ടുണ്ട്. പുതിയ രൂപത്തിന് ആവശ്യമായ സര്‍ഗ്ഗ സ്വാതന്ത്ര്യം എടുക്കുന്നതില്‍ നോവലിസ്റ്റ് മടിച്ചു നില്‍ക്കുന്നില്ല എന്നതിന് ഉദാഹരണമാണ് നോവലിന്റെ ആദ്യ വാക്യം തന്നെ: “ലൈഫ് മാഗസിനിലെ ഒരു ലേഖനം പറയുന്നത് ശരാശരി മനുഷ്യന്‍ പ്രതിദിനം എമ്പത്‌ മിനിറ്റില്‍ കൂടുതല്‍ സമയം സ്വയം അണിഞ്ഞൊരുങ്ങുന്നതിനു വേണ്ടി ചെലവഴിക്കുന്നു എന്നാണ്. .. താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ ആയിരുന്നതിനാലും ദിവസം രണ്ടു തവണയെങ്കിലും കുളി ആവശ്യമായ കൊല്‍കത്ത പോലൊരു നഗരത്തില്‍ കഴിയുന്നതിനാലും, അരിന്ദം സ്വയം ആ പ്രസ്താവനയില്‍ അത്ഭുതപ്പെട്ടില്ല.”

മികവും പരിമിതികളും

സിനിമക്ക് മുമ്പേ നോവല്‍ ഉണ്ടായിരുന്നു എന്ന് തോന്നിക്കും വിധം റേയുടെ സാമൂഹിക, സാംസ്കാരിക സൂചനകളും കാലിക, രാഷ്ട്രീയ സൂചനകളും പശ്ചാത്തലത്തില്‍ പുനര്‍ സൃഷ്ടിക്കുന്നതിലൂടെ സിനിമയെ മാറ്റിവെച്ചു തന്നെ സ്വയം പൂര്‍ണ്ണമായ ഒരു കൃതിയെന്ന നിലയിലേക്ക് നോവല്‍ വളരുന്നുണ്ട്‌. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ബംഗാളി സമൂഹത്തിന്റെ സമകാലിക സൂചകങ്ങള്‍ പണവും മാര്‍ക്സിസവുമെന്ന ദ്വന്ദ്വമായി മധ്യവര്‍ഗ്ഗ ബോധങ്ങളെ നിര്‍ണ്ണയിക്കുന്നത് പല കഥാപാത്രങ്ങളിലൂടെയും വ്യക്തമാകുന്നുണ്ട്; ഒരു വേള, മുഖ്യ കഥാപാത്രത്തില്‍ തന്നെയും. ആ അര്‍ഥത്തില്‍, അറുപതുകളിലെ ഒരു ശീതീകൃത ഇന്ത്യന്‍ ട്രെയിന്‍ ബോഗി ഇവിടെ ബംഗാളി ഉപരി-മധ്യവര്‍ഗ്ഗത്തിന്റെ ചെറുപതിപ്പായി മാറുന്നുവന്നു പറയാം. റേയുടെ സൂക്ഷ്മമായ സാമൂഹിക നിരീക്ഷണത്തിന്റെ പ്രവാചകത്വം അറുപതുകളുടെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയെക്കാമായിരുന്ന പ്രതികരണങ്ങളും പുതുകാല വായനയും തമ്മിലുള്ള അന്തരങ്ങള്‍ ഒരെഴുത്തുകാരന് വെല്ലുവിളിയാവാനുള്ള സാധ്യത നോവലിസ്റ്റിനു ബോധ്യമില്ലാതെയാവില്ല.

സത്യജിത് റേയുടെ വിടഗ്ദവും സൂക്ഷ്മവുമായ കയ്യടക്കം ചില ഘട്ടങ്ങളിലെങ്കിലും ഭാസ്കര്‍ ചട്ടോപധ്യായയ്ക്ക് അപ്രാപ്യമായിത്തീരുന്നുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Revati Laul: hindustantimes.com). അദിതിയുമായുള്ള ആദ്യ മുഖാമുഖത്തില്‍ റേ പാലിക്കുന്ന മിതത്വത്തിന്റെ തലം അമിത വിവരണ പ്രവണതയില്‍ നോവലിസ്റ്റ് നഷ്ടപ്പെടുത്തുന്നു എന്ന് തോന്നാം. ‘അത് ഈയൊരു ഘട്ടത്തിലെ നാടകീയതയില്‍ നിന്ന് നാടകീയത ചോര്‍ത്തിക്കളയുന്നു.’ ട്രെയിന്‍ ബോഗിയില്‍, സുന്ദരിയായ ഭാര്യയെ ചൂണ്ടയാക്കി പ്രകടമായും സ്ത്രീലമ്പടനായ ബിസിനസ് രാജാവിനെ കുരുക്കാന്‍ ശ്രമിക്കുന്ന പരസ്യക്കമ്പനിക്കാരന്റെ മലീമസ വേലകള്‍ക്ക് മുഴുവന്‍ സാക്ഷിയാകുന്ന സ്വാമിയുടെ ചിത്രം സിനിമയില്‍ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ ദുരൂഹമായ ഒരു വിപരീതധ്വനി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ നോവലില്‍ അതത്ര ശക്തമായി അനുഭവപ്പെടുന്നില്ല എന്ന തോന്നലും ഇതോടു ചേര്‍ത്തുവെക്കാം. നോവലിന്റെ ആദ്യവാചകങ്ങളിലെ ‘കൊല്‍കത്ത’ ഒരു കാലം തെറ്റിയ പ്രയോഗമായി (anachronism) അറുപതുകളുടെ തുടക്കം കഥാകാലമായ ഇതിവൃത്തത്തില്‍ കടന്നുവരുന്നതും കാണാം. എന്നാല്‍, ഒരു ചരിത്ര നോവല്‍ ആയല്ല, സമകാലികതയുടെ പ്രമേയപ്പൊരുത്തത്തിന്റെ ഒഴികഴിവുണ്ട് ഈ പ്രയോഗത്തിന് എന്നതും വിസ്മരിച്ചു കൂടാ. താല്‍ക്കാലികവും വെറും വര്‍ണ്ണപ്പൊലിമയും മാത്രമായ അവസ്ഥകളല്ല, അതിനപ്പുറം കടക്കുന്ന മനുഷ്യാവസ്ഥയുടെ സന്നിഗ്ദതകളാണ് പ്രധാനം എന്ന് പരഞ്ഞുവെക്കുന്ന ഒരു കൃതിയില്‍ ഇത്തരം ചെറിയ അപാകങ്ങള്‍ അത്ര പ്രസക്തവുമല്ലല്ലോ.  

Suddenly in the Depths of the Forest by Amos Oz / Sondra Silverston

സഞ്ചിത ചരിത്രത്തിന്റെ വനാന്തരങ്ങള്‍



നാല്പ്പതുകളുടെയും അമ്പതുകളുടെയും കലങ്ങിമറിഞ്ഞ സംഘര്‍ഷ ഭരിതമായ ഇസ്രായേലി സാഹചര്യങ്ങളില്‍ വളര്‍ന്നു വരവിന്റെ വഴിവെളിച്ചമായി അമ്മ പറഞ്ഞ കഥകളുടെ ഓര്‍മ്മ ‘എ ടെയ്ല്‍ ഓഫ് ലവ് ആന്‍ഡ്‌ ഡാര്‍ക്ക്നസ്സ്’  എന്ന ഓര്‍മ്മപ്പുസ്തകത്തില്‍ ആമോസ് ഓസ്‌ വിവരിക്കുന്നുണ്ട്. മുപ്പത്തിയെട്ടാം വയസ്സില്‍, ആമോസിന് പന്ത്രണ്ടു വയസ്സ് മാത്രമുള്ളപ്പോള്‍, ദുരൂഹകാരണങ്ങളാല്‍ സ്വയം അവസാനിപ്പിച്ച തരള ഹൃദയയായിരുന്ന അവര്‍ മകനോട്‌ സംവദിക്കാന്‍ കണ്ട മാര്‍ഗ്ഗമായിരുന്നു മുത്തശ്ശിക്കഥകള്‍. Suddenly in the Depths of the Forest എന്ന ചെറു നോവലില്‍ ഇസ്രായേലിലെ ഈ വലിയ എഴുത്തുകാരന്‍ സ്വയം തന്റെ ജീവിതത്തിന്റെയും രചനകളുടെയും പശ്ചാത്തലം രൂപപ്പെടുത്തിയ, സഞ്ചിത ചകിതാനുഭവങ്ങള്‍ ദൃഷ്ടാന്ത/ മുത്തശ്ശിക്കഥാരൂപത്തില്‍ ആവിഷ്കരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്നുവെച്ചാല്‍ നോവലിലെ മുഖ്യ കഥാപാത്രങ്ങളായ ഇപ്പോഴത്തെ കുട്ടികളുടെ അച്ഛനമ്മമാര്‍ കുട്ടികള്‍ ആയിരുന്ന കാലത്ത്, മൃഗങ്ങളും മത്സ്യങ്ങളും കീടങ്ങളും പുഴുക്കളും പോലും പൊടുന്നനെ ഒരു നാള്‍ അപ്രത്യക്ഷരാകുന്ന അരസാധാരണ സംഭവം ഗ്രാമത്തില്‍ അരങ്ങേറുന്നതാണ്‌ ഇതിവൃത്തിന്റെ പുരോഭാഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുനൂറു വേട്ടക്കാരും നാലു മുക്കുവരും ഉണ്ടായിരുന്ന ഗ്രാമം, പുഴയില്‍നിന്ന് മത്സ്യങ്ങളും കരയില്‍നിന്ന് മൃഗങ്ങളും അന്തര്‍ദ്ധാനം ചെയ്തതോടെ, ശാപഗ്രസ്തമല്ലാത്ത ഇടങ്ങളിലേക്കുള്ള ആളുകളുടെ പാലായനത്തെ തുടര്‍ന്ന് വിജനമായതാണ്. “ഗ്രാമം നരച്ചതും മ്ലാനവുമായിരുന്നു. അതിനു ചുറ്റും എല്ലാ ഭാഗത്തും പര്‍വ്വതങ്ങളും കാടും, മേഘങ്ങളും കാറ്റുമായിരുന്നു.” ഒരു ശപ്തനഗരം പോലെ അത് വിഷാദപൂര്‍ണ്ണവും എകാന്തവുമായി കാണപ്പെട്ടു. “സര്‍വ്വത്ര വല്ലാത്തൊരു സിശ്ശബ്ദതയായിരുന്നു, ഒരു പശുവും കരഞ്ഞില്ല, ഒരു കഴുതയും ഓരിയിട്ടില്ല, ഒരു കിളിയും ചിലക്കുന്നില്ല, ആകാശത്തിനു കുറുകെ അരയന്നക്കൂട്ടമില്ല, ഗ്രാമീണര്‍ ആത്യാവശ്യത്തിനല്ലാതെ പരസ്പരം സംസാരിക്കുന്നില്ല.” മുതിര്‍ന്നവര്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് മൌനത്തിന്റെ ഒരു സാമൂഹിക മതില്‍ തീര്‍ത്തിട്ടുണ്ട്. ഓര്‍മ്മകളില്‍ ഒരു വിവേചനവും. മുതിര്‍ന്നവരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം പഴയ കാലങ്ങളെ ഓര്‍ത്തിരുന്നു, കിളികളെയും മൃഗങ്ങളെയും സ്വപ്നം കണ്ട് തന്റെ പ്രിയപ്പെട്ട നായ സീറ്റൊയെ ഓര്‍ത്തിരിക്കുന്ന മുക്കുവന്‍ ആല്‍മന്‍, തടിയില്‍ തീര്‍ത്ത കൊച്ചുരൂപങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി. ആരും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കാത്ത ഇമ്മാനുവേല ടീച്ചര്‍, ക്ലാസ് മുറിയില്‍ കുട്ടികളോട് സുന്ദരജീവികളെ കുറിച്ച് കഥകള്‍ പറഞ്ഞു. കേട്ടറിവു മാത്രമായ പ്രതിഭാസത്തെ വിശ്വസിക്കാനാവാത്ത പുതുതലമുറ അവരെ കളിയാക്കി. ചലനശേഷിയില്ലാതെ ചുരുണ്ടുകൂടിയ ഭര്‍ത്താവ് ഗിനോമിനെ ശുശ്രൂഷിച്ചു കഴിയുന്ന തുന്നല്‍ക്കാരി സൊലീനയും ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുണ്ട്. അങ്ങനെ ഓര്‍മ്മിച്ചു വെക്കുന്നവര്‍ക്കെതിരില്‍ സമൂഹം ഒരു ശത്രുതാ ഭാവം സൂക്ഷിക്കുകയും ചെയ്യുന്നു.

അതേ സമയം ഗ്രാമാതിര്‍ത്തിക്ക് വെളിയിലെ വനത്തിലേക്ക് കടന്നുപോയാല്‍ തങ്ങളെ നേഹിയെന്ന പര്‍വ്വതസത്വം പിടികൂടുമെന്ന് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുത്തശ്ശിക്കഥയിലെ പതിവുപോലെ വിലക്കുകള്‍ക്കപ്പുറമുള്ള സത്യം എന്തെന്നറിഞ്ഞേ അടങ്ങൂ എന്ന് ഉറച്ച മനസ്സുള്ള പെണ്‍കുട്ടി മായ, ചകിതനെങ്കിലും കൂട്ടുകാരിക്കൊപ്പം ഇത്തിരി സാഹസമാവാം എന്ന് കരുതുന്ന ബാലന്‍ മാത്തി എന്നീ കൂട്ടുകാര്‍ ചിന്തിക്കുന്നു. പുഴയില്‍ കാണപ്പെട്ട ഒരൊറ്റ മത്സ്യമാണ് അവരില്‍ പ്രതീക്ഷയുണര്‍ത്തുന്നത്. അത് വെറും തോന്നലായിരുന്നോ യാഥാര്‍ത്ഥ്യമായിരുന്നോ എന്ന സന്ദേഹം അവരെ ഏറെ അലട്ടുന്നുണ്ട്. ഒരു ജീവി സാധ്യമാണെങ്കില്‍ വേറെയും കണ്ടേക്കാം എന്ന തോന്നലിലാണ് വിലക്കുകളുടെ ശൃംഖല ഭേദിച്ച് അവര്‍ അന്വേഷണം തുടങ്ങുന്നത്. “വനാന്തര്‍ ഭാഗത്ത് എന്താണ് ഒളിഞ്ഞിരിക്കുന്നത് എന്ന് കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഭാവന അവരെ പ്രലോഭിപ്പിച്ചു.” സന്ദേഹങ്ങളുടെ വനങ്ങളിലേക്ക് ആത്മാന്വേഷണങ്ങളുമായി യാത്ര പോയവരാണ് കരുണാമയനായ ബുദ്ധനും രക്ഷകനായ ക്രിസ്തുവും പ്രവാചകനായ നബിയും ഒക്കെയായത് എന്നത് മാനവ സംസ്കൃതിയുടെ വലിയ പാഠമാണ്. അവിടെ ഒരു ഗുഹയില്‍ വെച്ച് ഇപ്പോള്‍ ശാന്തനും സ്വയം പര്യാപ്തിയുള്ളവനുമായ നേമിയെ മായയും മാത്തിയും കണ്ടു മുട്ടുന്നു; മറ്റാര്‍ക്കും അനുഭവപ്പെടാത്തവിധം നിരന്തരമായി മൃഗങ്ങളുടെ സ്വപ്നാവേശം ഉണ്ടായതു കാരണം മുമ്പൊരിക്കല്‍ വനത്തിലേക്ക് പോവുകയും ആഴ്ചകള്‍ക്ക് ശേഷം ഒരു മൂങ്ങയെപ്പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അവശനും പ്രാകൃതനുമായി തിരിച്ചെത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഇതര ഗ്രാമീണ ബാലകരുടെ പരിഹാസ പാത്രമായവന്‍. പ്രദേശത്തെ മൃഗങ്ങളെ മുഴുവന്‍ നിഗൂഡശക്തിയാലെന്നോണം ആകര്‍ഷിച്ചു കൊണ്ടുപോയ, പില്‍ക്കാലം പര്‍വ്വത സത്വമെന്നറിയപ്പെട്ട നേഹിയും ഒരു കാലത്ത് തന്റെ വ്യത്യസ്തത കാരണം അന്യനും അപരനുമായി വേട്ടയാടപ്പെട്ടവനായിരുന്നു. മായ ഒരു നൈതിക ബോധ്യത്തിലേക്ക് നീങ്ങുകയാണ്: “മറ്റൊരു യാത്രികനെ കളിയാക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും സത്യത്തില്‍ വിഡ്ഢിയാവുകയാണ്; മുഴുവന്‍ വഞ്ചിയേയും മുറിപ്പെടുത്തുകയും. എന്തൊക്കെപ്പറഞ്ഞാലും ഇവിടെ ഒരാള്‍ക്കും മറ്റൊരു വഞ്ചിയില്ല.” വൈയക്തികമായ കണ്ടെത്തല്‍ എന്നതിലേറെ മായയുടെ നിരീക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന സാമൂഹിക മാനങ്ങള്‍ ഹോളോകോസ്റ്റിന്റെയും പാലായനത്തിന്റെയും ജൂതാനുഭാവത്തിന്റെ ഭാഗമായ അശാന്ത ചരിത്രത്തിന്റെയും പാഠങ്ങളുമായി കണ്ണിചേരുന്നുണ്ട്; നോവലില്‍ അതൊരിക്കലും എടുത്തുപറയുന്നില്ലെങ്കിലും. ഹോളോകോസ്റ്റിന്‍റെ മാനവികദുരന്തം ഒരു ഇരുണ്ട രഹസ്യമായി ചൂഴ്ന്നുനില്‍ക്കുന്നതിന്‍റെയും വാഗ്ദത്തഭൂമിയിലേക്കുള്ള കപ്പല്‍ യാത്രയിലെ അസന്തുഷ്ടിയും ആമോസ് ഓസിന്റെ ഓര്‍മ്മകളില്‍ നിഴല്‍ വിരിക്കുന്നുണ്ട്‌. പകല്‍ സമയത്ത് എണ്ണുമ്പോള്‍ എട്ടെണ്ണമായും രാത്രി ഒമ്പതായും തോന്നുന്ന മരങ്ങള്‍ ഹീബ്രു കലണ്ടറിലെ ‘വര്‍ഷത്തിലെ ഏറ്റവും ദുഃഖഭരിതമായ ദിന’ത്തെ സൂചിപ്പിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Julia Pascal, Independent). മായക്കും മാത്തിക്കും ഇടക്കൊക്കെ അനുഭവപ്പെടുന്ന മുമ്പെന്നോ അതേപടി സംഭവിച്ചത്/ സാക്ഷിയായത് എന്ന തോന്നല്‍ (déjà vu) നോവലിന്റെ സഞ്ചിതാനുഭവഭാവത്തെ ഉറപ്പിക്കുന്നതാണ്.

ആദിമ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള മിത്തുകളുമായും കൂട്ടിവായിക്കാവുന്ന സൂചകങ്ങള്‍ നോവലില്‍ ഉടനീളമുണ്ട്. നേഹിയെന്ന പര്‍വ്വത സത്വംപുരാണത്തിലെ കുഴലൂത്തുകാരന്‍ കഥാപാത്രമാണ്,  തന്റെ മാന്ത്രികസിദ്ധികൊണ്ട് അയാള്‍ കൊണ്ടുപോകുന്നത് പക്ഷെ മനുഷ്യര്‍ ഒഴിച്ചുള്ള മറ്റെല്ലാ ജീവികളെയുമാണ്. അവിടെ പര്‍വ്വതങ്ങളും വനവും കോട്ട തീര്‍ക്കുന്ന ഒരാദിമസ്വര്‍ഗ്ഗത്തില്‍ അവ ഹിംസയേതും കൂടാതെ സ്വരച്ചേര്‍ച്ചയില്‍ കഴിയുന്നു. മായയും മാത്തിയും പ്രദേശത്തെ പുതുതലമുറയില്‍ അവയെ കാണുന്ന ആദ്യവ്യക്തികളായിത്തീരുന്നു. പറുദീസാനഷ്ടത്തിന്റെയും അനുഭവങ്ങളിലൂടെയുള്ള തിരിച്ചറിവുകളുടെയും (from innocence to experience) കഥയായും നോവലിനെ വായിക്കാം. കാപട്യങ്ങളില്‍ അഭിരമിക്കുന്ന മുതിര്‍ന്നവരുടെ ലോകത്തുനിന്ന് മൃഗകഥകളുടെ ബാല്യം തിരിച്ചു പിടിക്കുന്ന നിഷ്കളങ്കതയുടെ മുതിര്‍ന്നു വരവിന്റെ കഥയായും (coming-of-the-age story), കൂട്ടംചേര്‍ന്നുള്ള വേട്ടയാടലിന്റെയും ഒറ്റപ്പെടലിന്റെയും കുറ്റബോധത്തിന്റെയും അന്യാപദേശ (parable) കഥയായും, പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമെന്ന തിരിച്ചറിവിന്റെ രൂപകകഥയായും പുസ്തകത്തെ സമീപിക്കാം. വ്ലാദിമിര്‍ നബകോഫ് നിരീക്ഷിച്ചപോലെ ഒരു മികച്ച എഴുത്തുകാരനില്‍ ഒരു കഥപറച്ചില്‍ക്കാരനും, ഒരു അധ്യാപകനും ഒപ്പം ഒരു ജാലക്കാരനും അടങ്ങിയിട്ടുണ്ടെങ്കില്‍ ആമോസ് ഓസിന്റെ ‘പൊടുന്നനെ വനത്തിന്റെ അഗാധതയില്‍’ രചനയുടെ ഈ മൂന്നു സ്വത്വങ്ങളെയും സാക്ഷാത്കരിക്കുന്നുണ്ട്.

എന്നാല്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡെഴ്സന്‍ കഥകളിലെതുപോലെ ശുഭാന്ത്യത്തില്‍ വിരാമചിഹ്നമിടുന്നതല്ല ആമോസ് ഓസിന്റെ മായികലോകം. ഉണങ്ങിച്ചുരുണ്ട കുട്ടിയായി കാട്ടില്‍ നിന്നിറങ്ങിവരുന്ന ഗിനോമിനെ പോലെ, വൃത്തിഹീനമായി എപ്പോഴും മൂക്കൊലിക്കുന്ന, മൂങ്ങയുടെ ശബ്ദത്തില്‍ മുരളുന്ന നിമിയെ പോലെ അത്ര നല്ല ചിഹ്നങ്ങളല്ല നിഗൂഡതയുടെ വനം ഇവിടെ കാത്തുവെക്കുന്നത്. എങ്കിലും മായയേയും മാത്തിയേയും ഗ്രാമത്തിലേക്ക് തിരികെ അയക്കുമ്പോള്‍ നേഹിയുടെ സന്ദേശം വ്യക്തമാണ്: ഒരു നാള്‍ ആളുകള്‍ ക്രൂരത കുറഞ്ഞവരും തന്റെ പ്രതികാരദാഹം തണുത്തതും ആയിരിക്കുമ്പോള്‍ മൃഗങ്ങള്‍ ഗ്രാമത്തിലേക്ക് തിരികെ വന്നേക്കാം. വായനാസമൂഹമായി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ലക്ഷ്യം വെക്കുമ്പോഴും അത്ര ലഘുവായതല്ല ഇരുവര്‍ക്കും എന്നതാണ് വലിപ്പം കൊണ്ട് മാത്രം ചെറുതായ നോവലിന്റെ വസ്തുത.

 


Friday, March 28, 2025

The Tin Drum by Günter Grass (Germany)/ Ralph Manheim (1959)

താളം പിഴക്കുന്ന തകരച്ചെണ്ട




ഗുന്തര്‍ ഗ്രാസ് കുട്ടിക്കാലം ചെലവഴിച്ച 1930കളും1940കളും അദ്ദേഹത്തിന്‍റെ (ഓസ്കാര്‍ മാറ്റ്സെരാത്തിന്റെയും) ജന്മസ്ഥലമായ Danzig പ്രദേശത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായിരുന്നു. ജര്‍മ്മന്‍ വംശജര്‍ക്കു ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും ലീഗ് ഓഫ് നേഷന്‍സിന്റെ സംരക്ഷണയില്‍ പോളണ്ടിന്റെ ഭരണത്തിലുള്ള ഒരു സ്വതന്ത്ര പ്രദേശമായിരുന്നു 1919–39 കാലത്ത് Free City of Danzig  (ഇപ്പോള്‍ പോളണ്ടിന്റെ ഭാഗമായ Gdańsk). 1939ല്‍ ഹിറ്റ്ലരുടെ അധിനിവേശം യാഥാര്‍ത്ഥ്യമായതിനു ശേഷം ജൂതന്മാര്‍ക്കും പോളിഷ് വംശജര്‍ക്കും നേരെ പ്രദേശത്തു നടമാടപ്പെട്ട തനതു നാസി ഭീകരതകളും പില്‍ക്കാല പരിണതികളുമാണ് The Tin Drum, Cat and Mouse, Dog Years എന്നിവ അടങ്ങിയ Danzig Trilogyയുടെ രചനയിലേക്ക് ഗ്രാസിനെ നയിച്ചത്. അമ്പതുകള്‍ക്കു ശേഷം സഖ്യ ശക്തികള്‍ക്കും സോവിയറ്റ് യൂണിയനും കീഴൊതുങ്ങിയ ജര്‍മ്മനിയുടെ ദേശഘടനാ പരമോ (territorial) സാമ്പാത്തികമോ ആയ പ്രതിസന്ധികളിലല്ല ഗുന്തര്‍ ഗ്രാസ് ശ്രദ്ധയൂന്നുന്നത്. ഹോളോകാസ്റ്റിന്റെ പിന്‍തലമുറയുടെ അക്ഷന്തവ്യമായ മൌനത്തിന്റെയും ഉത്തരവാദിത്ത തമസ്കരണത്തിന്റെയും പരിസരങ്ങളിലാണ്. പ്രാകൃതത്തം (barbarism) ജര്‍മ്മന്‍ ജനതയെയും ഭാഷയെയും ഗ്രസിച്ചു കഴിഞ്ഞ നിലക്ക് ഓഷ് വിറ്റ്‌സിനു ശേഷം കവിതയെഴുതാനാവില്ല എന്ന തിയഡോര്‍ അഡോര്‍നോയുടെ നിരീക്ഷണത്തിനുള്ള ഗ്രാസിന്റെ മറുപടി കൂടിയായിരുന്നു The Tin Drum. അത് ഒരു യുദ്ധവിരുദ്ധ കഥയും ജര്‍മ്മന്‍ ആന്ധ്യത്തിനു നേരെയുള്ള വിമര്‍ശനവും മാത്രമായിരുന്നില്ല; പുതുതായി കണ്ടെടുക്കുന്ന ഒരു നൈതിക ഭാഷയുടെ സാധ്യതകള്‍ തുറന്നുവെക്കല്‍ കൂടിയായിരുന്നു. *(1).

തിന്മയുമായുള്ള മുഖാമുഖം നിങ്ങളെ സ്വയം അതാക്കി മാറ്റാനുള്ള സാധ്യതയുടെ അപകടത്തെ കുറിച്ച് നീഷേ മുന്നറിയിപ്പു നല്‍കുന്നുണ്ട്. The Tin Drum എന്ന നോവലിന്റെ വായനയില്‍ നീഷേയുടെ മുന്നറിയിപ്പിന്റെ അന്തസ്സത്തയാണ് തെളിഞ്ഞു കാണാനാകുക എന്ന് ഡാനിയേല്‍ എസ്. ബര്‍ട്ട് നിരീക്ഷിക്കുന്നു *(2). ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാതിയെ അടയാളപ്പെടുത്തിയ നാസി ഭീകരതയെ കുറിച്ചും നാസി-അനന്തര തലമുറയുടെ സാംസ്കാരിക സ്മൃതിനാശത്തെ കുറിച്ചും ഉത്തരവാദിത്ത വിസ്മൃതിയെ കുറിച്ചുമുള്ള ഏറ്റവും നിശിതമായ ഫിക് ഷനല്‍ ആഖ്യാനങ്ങളില്‍ ഒന്നായി നോവല്‍ ഇന്നും നിലക്കൊള്ളുന്നു. അത് ‘സാധാരണമായതിനെ മൃഗീയവും മൃഗീയമായതിനെ സാധാരണവും’ (Daniel S. Burt) ആക്കി അവതരിപ്പിക്കുന്നു. സ്വന്തം പ്രതിബിംബത്തെ ഒട്ടും മുഖസ്തുതിഭാവത്തില്‍ അല്ലാതെ കണ്ടെത്തുന്നതിന്റെ അങ്കലാപ്പാണ് 1959ല്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ഗ്രാസിന്റെ നോവലിനെതിരെ ഔദ്യോഗിക നിരോധനമായും അനൌദ്യോഗിക, ജനകീയ പ്രതിഷേധങ്ങളായും ബഹുരൂപമാര്‍ന്നത്‌.

ഗ്രാസ് ഉപയോഗിക്കുന്ന സുപ്രധാനമായ രണ്ടു ആഖ്യാന തന്ത്രങ്ങള്‍ ഇംഗ്ലിഷ് നോവലിസ്റ്റുകള്‍ ആയ ജോനതാന്‍ സ്വിഫ്റ്റ്, ലോറെന്‍സ് സ്റ്റേണ്‍ എന്നിവര്‍ മുമ്പേ പ്രയോഗിച്ചതാണ്. ‘ഗള്ളിവരുടെ യാത്രകളില്‍ അസബന്ധപൂര്‍ണ്ണമാം വിധം വ്യത്യസ്ത ഉടലളവുകളും അവയുമായി പൊരുത്തപ്പെടാത്ത മാനസിക ഭാവങ്ങളുമുള്ള വിചിത്ര രൂപികളെ അവതരിപ്പിക്കുന്നതിലൂടെ സ്വിഫ്റ്റ്, യാഥാര്‍ത്ഥ്യത്തെ അവലക്ഷണപ്പെടുത്തുകയും തകിടം മറിക്കുകയും ചെയ്യുന്നു. ‘തകരച്ചെണ്ടയിലെ ഓസ്കാര്‍ മറ്റ്സെരാത്ത് മുതിര്‍ന്നവരുടെ ലോകത്തോടുള്ള മടുപ്പില്‍ മൂന്നു വയസ്സില്‍ വളര്‍ച്ച നിര്‍ത്തുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ കുട്ടിയുടെ കണ്ണുകളുള്ള മുതിര്ന്നവന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്നു. “തനിക്കു ചുറ്റുമുള്ള മുതിര്‍ന്നവരുടെ പൊക്കമേറിയതും ഭീഷണവും ദുഷിച്ചതുമായ ലോകത്തെ ഓസ്കാര്‍ കീഴെ നിന്നും പിറകില്‍ നിന്നും നോക്കുന്നു; അയാളുടെ വീക്ഷണം സാമാന്യത്തെ തകിടം മറിക്കുന്നു, വിലക്ഷണനായ കുട്ടിയുടെ അനിയന്ത്രിത ശാട്യങ്ങള്‍ക്ക് അതിനെ വിധേയപ്പെടുത്തുന്നു.” (Daniel S. Burt). അയാള്‍ ചെയ്തിരിക്കാന്‍ ഇടയില്ലാത്തതെന്നു വായനക്കാര്‍ക്ക് ഉറപ്പിക്കാവുന്ന ഒരു കൊലപാതകത്തില്‍ ബോധപൂര്‍വ്വം ശിക്ഷ വരിച്ചു ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ കഴിയുന്ന 1952 മുതല്‍ 1954 വരെ കാലത്താണ് അപ്പോള്‍ മുപ്പതുപിന്നിട്ട ഓസ്കാര്‍ അയാളുടെ ജീവിത കഥ പറയുന്നത്. വാസ്തവത്തില്‍ ഓസ്കാറിന്റെ നമ്പാനാവാത്ത പ്രകൃതമാണ് (unreliable narrator)  നോവലിന്റെ ആഖ്യാന സ്വരത്തെ, ഏതിനെ വിശ്വസിക്കാം/ വിശ്വസിച്ചു കൂടാ എന്ന സംത്രാസത്തെ, അടയാളപ്പെടുത്തുന്നതും. ലോറെന്‍സ് സ്റ്റേണിന്റെ Tristram Shandy യിലെ നായകനെ പോലെ അയാളുടെ ആഖ്യാനം കാലത്തിനു പിറകോട്ടു പോവുകയും താന്‍ ജനിച്ച 1924നും പിറകില്‍, മുത്തശ്ശി അന്ന കൊലായ്ചെക്ക് ബ്രോന്‍സ്കി തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ജോസഫ് ബ്രോന്‍സ്കിയെ കണ്ടുമുട്ടിയ 1899-ലെ യാദൃശ്ചികതയിലേക്ക് കടക്കുകയും ചെയ്യുന്നു. പാത്രസൃഷ്ടിയുടെ അടിയൊഴുക്കായി രാഷ്ട്രീയം കടന്നുവരുന്നത്‌ ഏറെ സുവ്യക്തമാകുന്നത് ജോസഫ് ബ്രോന്‍സ്കിയുടെ കാര്യത്തിലാണ്. അയാള്‍ പോളണ്ടുകാരനാണ്. പോളണ്ടിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തീവെപ്പു കുറ്റംചുമത്തി പിന്തുടരുന്ന പോലീസുകാരില്‍ നിന്നു രക്ഷപ്പെടാന്‍, ഉരുളക്കിഴങ്ങു പാടത്തില്‍ ജോലിയില്‍ വ്യാപൃതയായിരിക്കുന്ന അന്നയുടെ ഒട്ടേറെ അടരുകളുള്ള പാവടക്കടിയില്‍ അഭയം തേടുമ്പോഴാണ്‌, ആ വഴി ഓടിവന്ന കുറ്റവാളിയെ കുറിച്ച് മുത്തശ്ശിയെ പോലീസ് ചോദ്യം ചെയ്യുന്ന അതേ മുഹൂര്‍ത്തത്തില്‍, ഓസ്കാറിന്റെ അമ്മ ആഗ്നസ് ഉരുവാകുന്നത്. തുടര്‍ന്നുള്ള ആഖ്യാനത്തിലും ഓസ്കാറിന്റെയും ഇതര കഥാപാത്രങ്ങളുടെയും ജീവിതങ്ങള്‍ കാലഘട്ടത്തിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുമായി കെട്ടുപിണയുകയും എങ്ങനെ ഓസ്കാര്‍ സാനറ്റൊരിയത്തിലെ സെല്ലില്‍ എത്തിപ്പെട്ടു എന്ന ചോദ്യത്തിന്റെ ഉത്തരം അങ്കലാപ്പുണ്ടാക്കുംവിധം സങ്കീര്‍ണ്ണമാവുകയും ചെയ്യുന്നു.

മൂന്നു ഭാഗങ്ങളായി വിഭജിതമായ ആഖ്യാനത്തില്‍ ആദ്യഭാഗം, സാനറ്റൊരിയത്തിലെ ഒസ്കാറിനെ പരിചയപ്പെടുത്തുകയും ആഖ്യാനത്തിന് കഥയ്ക്കുള്ളിലെ കഥ എന്ന ചട്ടക്കൂടു (frame tale) ഘടന നല്‍കുകയും ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്. ഓസ്കാറിന്റെ മേല്‍നോട്ട ചുമതലയുള്ള ബ്രൂണോ മങ്സ്റ്റര്‍ബര്‍ഗ് ഒരേ സമയം അയാളുടെ ആവശ്യങ്ങള്‍ എത്തിച്ചുകൊടുക്കുന്നവനും ഒപ്പം അയാളുടെ കുമ്പസാരങ്ങള്‍ക്ക് സാക്ഷിയുമാണ്. പിക്കാറസ്ക് സ്വഭാവമുള്ള ഓസ്കാറിന്റെ ജീവിതഗതി, അന്നാ കൊലായ്ചെക്കില്‍ തുടങ്ങി, അയാളുടെ സംശയാസ്പദമായ പിതൃത്വത്തിലേക്കു മുന്നേറുന്നു. അമ്മ ആഗ്നസ് ഒരേ സമയം ഭര്‍ത്താവ് ആല്‍ഫ്രെഡ് മാറ്റ്സെരാത്തിന്റെയും എക്കാലത്തെയും കാമുകനായ ബന്ധു യാന്‍ ബ്രോന്‍സ്കിയുടെയും കൂടെ ജീവിച്ചു. രണ്ടുപേരില്‍ ആരുമാവാം ഓസ്കാറിന്റെ പിതാവ്. മുത്തശ്ശിയിലൂടെയും അമ്മയിലൂടെയും കിട്ടിയ കശൂബയന്‍ പാരമ്പര്യവും, ആല്‍ഫ്രെഡിന്റെ ജര്‍മ്മന്‍ നാസി വിധേയത്വവും ഒരു വേള യാന്‍ ‘അങ്കിള്‍ വഴി കൈവരുന്ന പോളിഷ് കൂറും ഒസ്കാറിനെ ശരിക്കുമൊരു ‘സങ്കരം (hybrid) ആക്കുന്നുണ്ടോ? സമ്പൂര്‍ണ്ണമായ ബുദ്ധിവികാസവും സ്വയം വരിച്ച ഉടല്‍ ശൈശവവും ചേര്‍ന്നുള്ള ഒരു വിചിത്ര ശിശു ("clairaudient" child) എന്ന അയാളുടെ പ്രകൃതവും അയാളുടെ കാഴ്ചകളെ വിചിത്രനായ ഒരു അതിമാനുഷന്റേത് ആക്കുന്നുണ്ട്. അതയാളെ ‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുപിതനായ ചെറുപ്പക്കാരന്‍ (Angry young man)’ ആക്കുന്നുവെന്നു റോബര്‍ട്ട്‌ മോറര്‍ നിരീക്ഷിക്കുന്നു (Ibid).  കുടുംബത്തിന്റെ പലചരക്കുകട നടത്തിക്കൊണ്ടുപോകലാണ് വലുതാവുമ്പോള്‍ മകനു കരുതി വച്ചിരിക്കുന്ന ദൗത്യം എന്ന മാറ്റ്സെരാത്തിന്റെ പ്രഖ്യാപനം കേള്‍ക്കാനിടയകുന്നതാണ്, പിന്നീട് പതിനെട്ടു വര്‍ഷക്കാലത്തെക്കുള്ള ആ വളര്‍ച്ച മുരടിപ്പ് ഒപ്പിച്ചെടുക്കാന്‍ വേണ്ട ആ വീഴ്ച്ച നടപ്പിലാക്കുന്നതിലേക്ക് ഒസ്കാറിനെ എത്തിക്കുന്നത്. ദേശത്തിന്റെ വലിയ പരിപ്രേക്ഷ്യത്തിലാകട്ടെ, നാസിസം പ്രതിനിധാനം ചെയ്യുന്ന അധികാര വൈരൂപ്യവും മുകളില്‍ നിന്നുള്ള ഏതെങ്കിലും വലിയ ശക്തിയുടെ അടിച്ചേല്‍പ്പിക്കലായല്ല, മറിച്ച് ആന്തരികമായ വീര്‍പ്പുമുട്ടലുകളുടെയും അടിച്ചമരത്തലിന്റെയും സാധാരണ ജര്‍മ്മന്‍കാരുടെ മടുപ്പിന്റെയും പ്രതികരണമായാണ്. മാറ്റ്സെരാത്തിന്റെയും സമൂഹത്തിന്റെയും അവസ്ഥക്കുള്ള കാരണക്കാരന്‍ എന്ന നിലയിലല്ല, പ്രസ്തുത അവസ്ഥകളുടെ പരിണിതഫലം എന്ന നിലയിലാണ് ഹിറ്റ്ലര്‍ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍, തന്റെ തകരചെണ്ടയിലെ തന്റെ ഭ്രാന്തമായ മേളം കൊണ്ടു (manic beating) നാസി റാലിയുടെ താളം അലങ്കോലപ്പെടുത്തുന്നുവെങ്കിലും, ഓസ്കാര്‍ ഒരു നാസി വിരുദ്ധനല്ല; എന്നുമാത്രമല്ല, സഞ്ചിത ഉത്തരവാദിത്തവും അതെകുറിച്ചുള്ള കുറ്റബോധവും എന്ന പ്രമേയം ഒസ്കാറിലൂടെത്തന്നെയാണ് നോവലിസ്റ്റ് വലിയൊരളവു വ്യക്തമാക്കുന്നതും. ഹിറ്റ്ലര്‍ സ്വയം ഒരു പരാജയപ്പെട്ട കലാകാരനും ഒപ്പം സമൂഹത്തിന്റെ രക്ഷകനുമായി തന്നെക്കുറിച്ച് തന്നെ ചിന്തിച്ചിരുന്നു എന്നതില്‍ ഓസ്കാറിനു ചില സാമ്യങ്ങളുണ്ട് അയാളോട്. തന്റെ രക്ഷിതാക്കളില്‍ രണ്ടുപേരുടെ മരണത്തിനു നേരിട്ടും, അമ്മയുടെ മരണത്തിനു നേരിട്ടല്ലാതെയും കാരണക്കാരന്‍ എന്ന കുറ്റബോധം മാത്രമല്ല, മറ്റുള്ളവര്‍ക്കില്ലാത്ത ഒരു സവിശേഷ കാഴ്ചപ്പാടിലൂടെ ജര്‍മ്മനിയുടെ വിനാശ കാരണങ്ങളെ നോക്കിക്കാണാന്‍ കഴിഞ്ഞു എന്നതും ചേര്‍ന്നു അവനും ഒരു ഇരട്ട പരിവേഷമുണ്ടല്ലോ. തേഡ് റെയ്ക്കിന്റെ ഉയര്‍ച്ചയും താനും തന്റെ കുടുംബവും അവര്‍ ഇടപെട്ട സാമൂഹിക വൃത്തങ്ങളും രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമായി വളരുന്ന വ്യാപക ഹിംസയെ കണ്ടില്ലെന്നു നടിക്കുന്നതും തന്റെ വിചിത്ര ജ്ഞാന ദൃഷ്ടിയില്‍ ഓസ്കാര്‍ അറിയുന്നുണ്ട്. അതേ വൈചിത്ര്യത്തോടെ കുടുംബത്തില്‍ ഒരു റിബല്‍ ആയിത്തുടങ്ങുകയും ആ സ്വയംവരിച്ച വളര്‍ച്ച മുരടിപ്പില്‍ എത്തിച്ചേരുകയും ചെയ്യുന്ന ഓസ്കാര്‍, മൂന്നാം ജന്മദിന സമ്മാനമായി ലഭിക്കുന്ന തകരച്ചെണ്ട, ഭാഷയെക്കാളെറെ, തന്റെ വിനിമയോപാധിയും അഭയവുമാക്കി മാറ്റുന്നു. സന്ദര്‍ഭബോധമില്ലാത്ത ഓസ്കാറിന്റെ ചെണ്ട വാദനം പോല്ലാപ്പാകുമ്പോള്‍ അയാളില്‍നിന്നു അതെടുത്തുമാറ്റാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കുമ്പോഴാണു തന്റെ മറ്റൊരു സിദ്ധികൂടി ഓസ്കാര്‍ കണ്ടെത്തുന്നത്: കൂടിയ ഫ്രിക്വന്‍സിയില്‍ ശബ്ദം പുറപ്പെടുവിച്ചു ഗ്ലാസുകള്‍ ഉടക്കാനുള്ള കഴിവ്. സ്കൂളില്‍ പോക്കുപോലെയുള്ള വളര്‍ന്നുവരവിന്റെ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപാധിയായി അതും അയാള്‍ കണ്ടെടുക്കുന്നു. യാന്‍ ബ്രോന്‍സ്കിയുമായുള്ള ബന്ധമാണോ കാരണം എന്നുറപ്പില്ലാതെ വീണ്ടും ഗര്‍ഭിണിയാകുന്ന ആഗ്നസ്, തികച്ചും ജുഗുപ്സാവഹമായ രീതിയില്‍ സ്വയം വരിക്കുന്ന മരണത്തിനു കീഴടങ്ങുന്നു. ആഗ്നസിനും ഒസ്കാറിനും നല്ല സുഹൃത്തും ഓസ്കാറിന്റെ അമിത ഉപയോഗമുള്ള ചെണ്ടകള്‍ അപ്പപ്പോള്‍ പകരം വെച്ചിരുന്നവനുമായ കളിക്കോപ്പു കടയുടമയായ ജൂതന്‍ മാര്‍ക്യൂസ്, Kristallnacht (Night of Broken Glass) എന്നറിയപ്പെട്ട ജൂത വ്യാപാരസ്ഥാപനങ്ങള്‍ക്ക് എതിരെ നടത്തപ്പെട്ട നാസി തേരോട്ടത്തില്‍, എല്ലാം നഷ്ടപ്പെടുന്നതിന്റെ മുന്നോടിയായി ആത്മഹത്യ ചെയ്യുന്നു. ഈ രണ്ടു ആത്മഹത്യകളും ഒസ്കാറിനെ വലിയ തോതില്‍ അനാഥനാക്കുന്നു. ജുഗുപ്സാവഹമായ കുറെയേറെ രംഗങ്ങളുടെ തുടര്‍ച്ചയിലാണ് ആഗ്നസിന്റെ മരണം സംഭവിക്കുന്നത്‌: കടപ്പുറത്തുവെച്ചു തീറ്റയായി ഉപയോഗിക്കുന്ന കുതിരത്തലയില്‍ കുരുങ്ങിയ ജീവനുള്ള ഈല്‍ മത്സ്യങ്ങളെ മാറ്റ്സെരാത്ത് പിടികൂടുന്നതില്‍ അതാരംഭിക്കുന്നു. രംഗം കണ്ടു ചര്‍ദ്ദിക്കാന്‍ തുടങ്ങുന്ന ആഗ്നസിനെ സമൃദ്ധമായ രതിതീക്ഷ്ണ ചലനങ്ങളില്‍ സാന്ത്വനിപ്പിക്കുന്ന യാന്‍ അങ്കിളും അമ്മയും ചേര്‍ന്നു ഏതാണ്ടൊരു സര്‍റിയല്‍ അനുഭവം പകരുന്നുണ്ട് ഓസ്കാറിന്. അരുതാത്ത ഗര്‍ഭത്തിന്റെ അസ്വാസ്ഥ്യമാണോ, തന്റെ അസ്തിത്വത്തെ ചൂഴ്ന്നു നില്‍ക്കുന്ന, രണ്ടു പ്രണയങ്ങള്‍ക്കിടയിലും വലിഞ്ഞു മുറുകുന്ന അവസ്ഥയാണോ, അതോ, താന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കുറ്റബോധത്തിന്റെതന്നെ ദുരൂഹചോദനകളാണോ ആഗ്നസിന്റെ പതനം തുടങ്ങിവെക്കുന്നത് എന്ന് തീര്‍ത്തുപറയുക വയ്യ. മുമ്പു കഴിക്കാറേയില്ലാതിരുന്ന ഈല്‍ മത്സ്യത്തെയും കടയില്‍ കാണുന്ന ഒട്ടും സുരക്ഷിതമല്ലാത്ത മത്സ്യ അച്ചാറും മറ്റും ഒരു നിയന്ത്രണവുമില്ലാതെ വിഴുങ്ങാന്‍ തുടങ്ങുന്ന ആഗ്നസ്, മറ്റൊരു സ്വയംനശീകരണ ചിത്രമായി മാറുകയാണ്‌. അതിന്റെ പരിസമാപ്തിയിലാണ്, കുന്ജിന്റെ പിതൃത്വം ആരുടെതാണ് എന്നതൊരു പ്രശ്നമേയല്ല എന്ന മാറ്റ്സെരാത്തിന്റെ ധൈര്യപ്പെടുത്തല്‍ പോലും വകവെക്കാതെയുള്ള ആഗ്നസിന്റെ അന്ത്യം.  

രണ്ടാം ഭാഗത്തില്‍, ഡാന്‍സിഗിലെ നാസി അധിനിവേശാനന്തര ഘട്ടവും രണ്ടാംലോക യുദ്ധശേഷമുള്ള ഓസ്കാറിന്റെ ജീവിതവുമാണ് കടന്നുവരുന്നത്‌. ജൂതരെയും പോളിഷ് വംശജരെയും വേട്ടയാടുന്ന കാലത്ത്, തന്റെ രണ്ടു അച്ചന്മാരുടെയും മരണത്തിനു ഓസ്കാര്‍ കാരണക്കാരനാകുന്നത് ഈ ഭാഗത്താണ്. മാറ്റ്സെരാത്ത്, തന്റെ പൊട്ടിയ ചെണ്ട മാറ്റിക്കിട്ടാന്‍ ഒന്നും ചെയ്യാത്ത ഘട്ടത്തില്‍ യാനിനെ അഭയം തേടുന്ന ഓസ്കാര്‍, അയാളെയും കൂട്ടി പോളിഷ് പോസ്റ്റ്ഓഫീസില്‍ പോകുന്നത് അവിടത്തെ തൂപ്പുകാരന്‍ ചെണ്ട റിപ്പയര്‍ ചെയ്തുകൊടുക്കും എന്നത് കൊണ്ടാണ്. അത് നാസികള്‍ പോളിഷ് പോസ്റ്റ് ഓഫീസ് ആക്രമിക്കുന്ന ഘട്ടമായിരുന്നു. നാസി ഹോം ഗാര്‍ഡിനു പിടികൂടാന്‍ പാകത്തില്‍ യാനിനെ വെളിപ്പെടുത്തുന്നത് ഓസ്കാര്‍ തന്നെയാണ്. അതയാളുടെ മരണത്തിലേക്ക് നയിക്കും. മാറ്റ്സെരാത്ത്, പരിചാരികയായി കൊണ്ടുവരുന്ന മരിയയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഓസ്കാര്‍, മരിയ ഗര്‍ഭിണിയാകുമ്പോള്‍ സ്വയം കുഞ്ഞിന്റെ പിതാവായി സങ്കല്‍പ്പിക്കുന്നുണ്ട്. സുരക്ഷാ മാര്‍ഗ്ഗം സ്വീകരിക്കാതെ ബന്ധപ്പെട്ട മാറ്റ്സെരാത്തിന്റെതാവാം കുര്‍ട്ട് എന്ന സൂചന നോവലില്‍ ശക്തമാണെങ്കിലും, ഓസ്കാറിന്റെ ചിന്ത ഒരു തനിയാവര്‍ത്തനത്തിന്റെ മാനം കൈവരിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗിയായ പലചരക്ക് കച്ചവടക്കാരന്റെ ഭാര്യ, ഫ്രോ ഗ്രഫ്ഫിനോട് തന്റെ ലൈംഗിക ദാഹവുമായി ഓസ്കാര്‍ അടുത്തുകൂടുന്നുണ്ട്. മി.ഗ്രഫ് തൂങ്ങി മരിക്കുന്നത്, നാസികള്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കു നേരെ അരങ്ങേറിയ ഭീകരതയുടെ നിദര്‍ശനമാണ്.

സൈനികരുടെ നേരമ്പോക്കിനായി കലാപരിപാടികള്‍ അവതരിപ്പിക്കുന്ന കുള്ളന്‍കൂട്ടത്തിലെ ബെര്‍ബയുടെ സഹകാരിയായി തന്റെ ചില്ലുടക്കല്‍ സിദ്ധിയും ചെണ്ടവാദന കലയും പ്രയോഗിക്കാന്‍ തുടങ്ങുന്ന ഓസ്കാര്‍, അവിടെവെച്ചാണ് റോസ് വിതയുമായി പ്രണയത്തിലാകുന്നത്. ഒരു വെടിവെപ്പില്‍ അവള്‍ കൊല്ലപ്പെടുന്നതോടെ, കുറഞ്ഞൊരു കാലം മോഡലിംഗ് രംഗത്തേക്ക് തിരിയുന്ന ഓസ്കാര്‍, താന്‍ ജീസസാണെന്നു ഭാവിക്കുന്നത് നോവലിലെ സമൃദ്ധമായ കാരികേച്ചര്‍ വല്‍ക്കരണ സന്ദര്‍ഭങ്ങളുടെ ഒരു ഉദാഹരണമാണ്. മരിയയും മാറ്റ്സെരാത്തും ഒസ്കാറിനെ വീണ്ടും വീട്ടില്‍ എത്തിക്കുമ്പോള്‍, ഒരു പിതാവിന്റെ മുഴുവന്‍ സംരക്ഷണ മനസ്ഥിതിയും മാറ്റ്സെരാത്ത് പ്രകടിപ്പിക്കുന്നുണ്ട്. യുദ്ധം അവസാനിക്കുകയും റഷ്യന്‍ സൈന്യം നാസി വേട്ട ആരംഭിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍, തന്റെ നാസി പിന്‍ ഒളിപ്പിച്ചുവെക്കാന്‍ ശ്രമിക്കുന്ന മാറ്റ് സെരാത്തിനെ അറിയാതെ ഒറ്റുന്നതും അയാളുടെ ദാരുണമായ അന്ത്യത്തിനു കാരണമാകുന്നതും ഓസ്കാറിന്റെ വിനാശക ജന്മത്തിന്റെ (scourge/ monster) മറ്റൊരു നിയോഗമാണ്. മാറ്റ്സെരാത്തിന്റെ കുഴിമാടത്തിലേക്കു തന്റെ ചെണ്ട വലിച്ചെറിഞ്ഞുകൊണ്ടാണ് ഓസ്കാര്‍ വീണ്ടും വളരാന്‍ തീരുമാനിക്കുന്നത് എന്നതിലും ആ വളര്‍ച്ചയുടെ തുടിപ്പ് ആദ്യമായി പ്രകടമാകുന്നത് കുഞ്ഞനിയന്‍ കുര്‍ട്ട് എറിയുന്ന കല്ല്‌ മൂക്കില്‍ കൊണ്ട് ബോധം മറയുന്ന ഘട്ടത്തിലാണ് എന്നതും വിചിത്ര നിയോഗങ്ങളുടെ മറ്റൊരു ആവിഷ്കാരമാണ്. കുടുംബം മുഴുവന്‍ ഗ്യാസ് ചേംബര്‍ പുകക്കുഴലിലൂടെ പുറത്തുപോകുന്നതിനു സാക്ഷിയായി തിരികെയെത്തിയ ജൂതന്‍ ഫെയ്ന്‍ഗോള്‍ഡ്‌, മരിയയുടെയും കുടുംബത്തിന്റെയും സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായി അവളോട്‌ വിവാഹാഭ്യര്‍ഥന നടത്തുന്നുവെങ്കിലും ഇനിയീ മണ്ണില്‍ തനിക്കൊന്നുമില്ല എന്ന തിരിച്ചറിവില്‍ മരിയ, ഒസ്കാറിനും കുര്‍ട്ടിനുമൊപ്പം തന്റെ സഹോദരി ഗുസ്റ്റെയുടെ അടുക്കലേക്ക്, റെയ്ന്‍ലാന്‍ഡിലേക്ക് പോകാന്‍ തീരുമാനിക്കുന്നു. എന്നാല്‍, മുത്തശ്ശി അന്ന ബ്രോന്‍സ്കി ഇവിടെത്തന്നെ നില്‍ക്കും, കാരണം അവര്‍, അവരുടെതന്നെ വാക്കുകളില്‍, കശുബായയാണ്: എല്ലാ പ്രഹരങ്ങളും ഏറ്റുവാങ്ങാനുള്ള കടുപ്പമുള്ള തലയോട്ടിയുള്ളവള്‍, വേണ്ടത്ര ജര്‍മ്മനുമല്ല, വേണ്ടത്ര പോളണ്ടുമല്ല.

മൂന്നാം ഭാഗം യുദ്ധാനന്തര കാലത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ തിരിച്ചടികളില്‍ കരിഞ്ചന്തയും മറ്റുമായി പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന സമൂഹത്തിന്റെ പരിചേദമയി കുര്‍ട്ടിനെയും മരിയയെയും അവതരിപ്പിക്കുന്നു. റീച്സ്മാര്‍ക്ക്, ജര്‍മ്മന്‍ മാര്‍ക്കിനു വഴിമാറിയ സാഹചര്യത്തില്‍, പല തൊഴിലുകളിലൂടെ നഗ്ന മോഡലിംഗ് രംഗത്തെത്തുന്ന ഓസ്കാര്‍, മറിയയുടെ നെറ്റിചുളിപ്പിക്കുമെങ്കിലും ചെറിയൊരു സ്ഥിരവരുമാനത്തില്‍ എത്തിപ്പെടുന്നു. നേഴ്സ് ഡോറോതിയയുമായുണ്ടാകുന്ന അടുപ്പം അയാളുടെ പൗരുഷക്ഷീണത്തില്‍ എങ്ങുമെത്താതെ പോകുന്നത്, അയാളെ മാനസികമായി തളര്‍ത്തുന്നുണ്ട്. ഒനിയന്‍ സെല്ലര്‍ എന്ന ക്ലബ്ബില്‍ ഒരു ചെറുകിട മ്യൂസിക് ബാന്‍ഡില്‍ ചേരുന്ന ഓസ്കാര്‍, ബെര്‍ബയുമായി വീണ്ടും സന്ധിക്കുന്നത് ഒരു ജാസ് വാദകന്‍ എന്ന നിലയിലുള്ള അയാളുടെ ഉയര്‍ച്ചക്ക് നിമിത്തമാകുന്നു. ഡോരോതിയയെ മനസ്സില്‍ നിന്നു മായ്ച്ചുകളയാന്‍ കഴിയാത്ത ഓസ്കാര്‍, ഒരു നാള്‍ മറ്റൊരു പ്രതിയോഗിയുടെ കൈകള്‍കൊണ്ട് കൊല്ലപ്പെട്ട ഡോരോതിയയുടെ കൈവിരല്‍ കണ്ടെത്തുന്നതും വിചിത്രമായ ഒരു ആരാധനാവസ്തു (fetish) ആയി അതിനെ മാറ്റിയെടുക്കുന്നതും അയാളുടെ മാനസികാരോഗ്യത്തില്‍ കൂടുതല്‍ സന്ദേഹം ഉണര്‍ത്തുന്ന സന്ദര്‍ഭങ്ങളാണ്. അതിനു അനുരോധമാം വിധം അയാള്‍, താന്‍ തന്നെയാണ് അവളെ കൊന്നതെന്ന് സ്ഥാപിച്ചെടുക്കുന്നതാണ് നോവല്‍ ആരംഭത്തില്‍ കാണുംവിധം അയാളെ സാനറ്റൊരിയം സെല്ലില്‍ എത്തിക്കുന്നതും ആത്മകഥാഖ്യാനത്തിനു ഇടയാക്കുന്നതും. ഒസ്കാറിനെ കുറിച്ചു ഗ്രാസ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഡാനിയേല്‍ എസ്. ബര്‍ട്ട് ഉന്നയിക്കുന്നു: “ഓസ്കാര്‍ മാറ്റ് സെരാത്ത് ആരാണ്? അന്യനായ ഇര (alienated victim)? അല്ലെങ്കില്‍ റിബല്‍ കലാകാരന്‍? പരാജയപ്പെട്ട ഹിറ്റ്ലര്‍? അതോ ഭ്രമചിത്തനായ സൈക്കൊപാത്ത്? അവന്റെ കഥയുടെ കാര്യമോ? അത് ഷോക്ക് ചികിത്സയുടെ തലതിരിഞ്ഞ ഒരു പ്രയോഗമാണോ? അല്ലെങ്കില്‍ നമ്മുടെ കാലഘട്ടത്തിലെ വലിയ ന്യൂനപക്ഷ ദൃഷ്ടാന്ത കഥകളില്‍ ഒന്ന്?” (Ibid).

വാസ്തവത്തില്‍ ഡാന്‍സിഗിനെ ‘മോചിപ്പിക്കുക’ എന്ന ഹിറ്റ്ലറുടെ പദ്ധതി, പോളണ്ടിനെ കീഴ്പ്പെടുത്താനുള്ള ഒഴികഴിവു മാത്രമായിരുന്നു. യുദ്ധാനന്തരം ഡാന്‍സിഗ് ഇല്ലാതായത് പരിഗണിക്കുമ്പോള്‍, ഗ്രാസ് തന്റെ നോവലിലൂടെ പോളിഷ്, ജര്‍മ്മന്‍, സ്ലാവ്, ജൂത സങ്കര സമൂഹങ്ങള്‍ അധിവസിച്ചിരുന്ന കുട്ടിക്കാലത്തിന്റെ ജന്മദേശത്തെ ഭാവനയിലൂടെ തിരികെ കൊണ്ടുവരികയായിരുന്നു എന്നു പറയാം. ഓസ്കാര്‍ മാറ്റ്സെരാത്തും നോവലിസ്റ്റും തമ്മിലുള്ള സമാനതരങ്ങള്‍ വളരെ വ്യക്തമാണ്‌. കുടുംബ പശ്ചാത്തലത്തില്‍ അത് ഒതുങ്ങി നില്‍ക്കുന്നില്ല. പത്താം വയസ്സില്‍ ഹിറ്റ്ലര്‍ Hitler Cubs എന്ന് വിളിക്കപ്പെട്ട കുട്ടിക്കൂട്ടത്തിലും പതിനാലാം വയസ്സില്‍ Hitler Youth വിഭാഗത്തിലും പതിനേഴാം വയസ്സില്‍ സൈന്യത്തിലും എത്തിയ ഭൂതകാലമുണ്ടായിരുന്നു ഗ്രാസിന്. കുട്ടികളെ ഉപയോഗിക്കുന്ന രീതിയായിരുന്നു നാസികളുടെ ഏറ്റവും മോശമായ ഒരു പ്രയോഗമെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1944ല്‍ മുറിവേറ്റതിനെ തുടര്‍ന്നു യു. എസ്. സൈന്യത്തിന്റെ പിടിയിലായ ഗ്രാസ്, ഡാക്കോയിലൂടെ നാസി ഹോളോകാസ്റ്റിന്റെ ഭീകരത നേരില്‍ക്കണ്ട് മാര്‍ച്ചു ചെയ്ത ആദ്യ ജര്‍മ്മന്‍ സൈനികരില്‍ ഒരാളായിരുന്നു. യുദ്ധകാലത്തും തുടര്‍ന്നും ഉണ്ടായ നടുക്കങ്ങളുടെ കൂടി ഓര്‍മ്മയിലാണ് അദ്ദേഹം തന്റെ ആദ്യ കൃതികള്‍ രചിച്ചതും. തോമസ്‌ ഹാര്‍ഡിയുടെ ‘വെസ്സെക്സ്, ഫോക്നറുടെ യോക്നപടോഫ കൗണ്ടി, മാര്‍ക്കേസിന്റെ മക്കൊണ്ടോ തുടങ്ങിയ കൃതികള്‍ അടയാളപ്പെടുത്തുന്ന അര്‍ദ്ധ സാങ്കല്‍പ്പിക പശ്ചാത്തലമുള്ള നോവല്‍ സമ്പ്രദായത്തില്‍ ഗുന്തര്‍ ഗ്രാസ് ഡാന്‍സിഗ് ത്രയത്തിലൂടെ ഇടംപിടിക്കുന്നു.

വോക്കര്‍ ഷോണ്‍ഡോര്‍ഫിന്റെ സംവിധാനത്തില്‍ 1979ല്‍ (The Tin Drum  (1979) Volker Schlöndorff ) പുറത്തിറങ്ങിയ ചലച്ചിത്ര ആവിഷ്കാരം പുസ്തകവായനയോടൊപ്പം കാണുന്നത് ഹൃദ്യമായ ഒരനുഭവമായിരിക്കും; നോവലിന്റെ ആദ്യ രണ്ടുഭാഗങ്ങള്‍ മാത്രമാണ് ചലച്ചിത്രത്തിന് വിഷയമാകുന്നത് എന്നിരിക്കിലും.    

References:

(1). (Günter Grass – Nobel Lecture. NobelPrize.org. Nobel Prize Outreach AB 2022. Tue. 29 Nov 2022. <https://www.nobelprize.org/prizes/literature/1999/grass/lecture/>) 

(2). (Daniel S. Burt, ‘The Tin Drum by Günter Grass’, THE NOVEL 100 REVISED EDITION, A Ranking of the Greatest Novels of All Time, An imprint of Infobase Publishing, New York, 2010, Pp.172-176).

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 46-54

To purchase, contact ph.no:  8086126024)

Also read:

The Unbearable Lightness of Being (1984) (Czechoslovakia)Milan Kundera/ Michael Henry Heim

https://alittlesomethings.blogspot.com/2024/08/the-unbearable-lightness-of-being-1984.html

The Bridge on the Drina Novel by Ivo Andrić

The Last White Man by Mohsin Hamid

ഉപജാപങ്ങളും കോമാളിത്തങ്ങളും



(വിഖ്യാത പാകിസ്താനി-ബ്രിട്ടീഷ് നോവലിസ്റ്റ് മൊഹ്സിന്‍ ഹമീദ് രചിച്ച The Last White Man എന്ന നോവല്‍, സമകാലിക ഭൌമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ കോമാളിത്തവും ഹിംസാത്മകതയും നിറഞ്ഞ അസംബന്ധം നിരീക്ഷണവിധേയമാക്കുന്നു. വംശീയതയുടെ വിനാശകത, ഒന്നാംലോകത്തിന്റെ കണ്ണിലൂടെ അവതരിപ്പിക്കുന്ന ഒരു ഡിസ്റ്റോപ്പിയന്‍ പാരബിള്‍ ആയി നോവലിനെ വായിക്കാവുന്നതാണ്.)


‘As Gregor Samsa awoke one morning from uneasy dreams, he found himself transformed in his bed into a gigantic insect.’ The Metamorphosis by Franz Kafka

‘One morning Anders, a white man, woke up to find he had turned a deep and undeniable brown.’           - The Last White Man by Mohsin Hamid

 

ഒരു പ്രത്യേക സംഭവത്തിനോ സാഹചര്യത്തിനോ പിന്നില്‍ ഏതൊക്കെയോ കൂട്ടങ്ങളുടെയോ സംഘടനകളുടെയോ (മിക്കപ്പോഴും) ദുരുപദിഷ്ടമായ പദ്ധതികളാണ് എന്ന മട്ടിലുള്ള, ശുദ്ധ അസംബന്ധം മുതല്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍വരെ അടിത്തട്ടിലുള്ള വിചിത്രമായ ഉപജാപക സിദ്ധാന്തങ്ങള്‍ എല്ലാകാലത്തും ജനപ്രിയമാണ്. ഔദ്യോഗിക തലത്തിലും പൊതുവേ അംഗീകരിക്കപ്പെടുന്ന സാമാന്യ യുക്തിയുടെ തലത്തിലും ഒരിക്കലും ചേര്‍ന്നുപോകാത്ത ഈ സിദ്ധാന്തങ്ങള്‍, അത്തരം സംഭവങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുംപിന്നില്‍ രഹസ്യ അജണ്ടകളും നിഗൂഡപദ്ധതികളും ഉള്ളതായി ആരോപിക്കും. വിശ്വസനീയമായ തെളിവുകളിലല്ല, മനുഷ്യ മന:ശാസ്ത്രം, ചരിത്രപരമായ സംഘര്‍ഷ/ സന്ദിഗ്ധ ഘട്ടങ്ങളില്‍ സ്വാഭാവികമായ പരസ്പര വിശ്വാസമില്ലായ്മ, ബൗദ്ധിക/ ദുരൂഹ സൈദ്ധാന്തിക/ വൈകാരിക/ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടങ്ങിയവയിലൂടെയാണ്‌ അവ ജനപ്രിയത നേടുക. നിര്‍മ്മിതവും അയഥാര്‍ത്ഥവും വസ്തുതാപരമായി ഉറപ്പുവര്‍ത്തുക അസാധ്യവുമായ സ്ഥിതിവിവരക്കണക്കുകള്‍ അതിലൊരു സുപ്രധാന ഇനമായിരിക്കുകയും ചെയ്യും. മനുഷ്യകുലത്തെത്തന്നെ ഭീകരാനുഭവങ്ങളിലേക്ക്‌ നയിച്ച വംശവെറികള്‍, ഹോളോകാസ്റ്റ് പോലുള്ള ചരിത്രദുരന്തങ്ങള്‍  തുടങ്ങിയവയ്ക്കു പോലും ഇത്തരം ഉപജാപക സിദ്ധാന്തങ്ങള്‍ നിമിത്തമായിട്ടുണ്ട് എന്നോര്‍ക്കുമ്പോഴാണ്‌ സംസ്കാരങ്ങള്‍ക്കും നാഗരീകതകള്‍ക്കും കുറുകെ അവ ചെയ്തുവെച്ച വിനാശകതയുടെ ആഴം നമുക്ക് ബോധ്യപ്പെടുക. ദുര്‍ബ്ബലരും ആശ്രയരഹിതരുമായ ചെറുന്യൂനപക്ഷങ്ങളെ കുറിച്ചു തീവ്ര വലതുപക്ഷം കാലാകാലങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന സിദ്ധാന്തങ്ങളില്‍ പലതും അത്തരത്തിലുള്ളവയായിരിക്കും: അവര്‍ പെറ്റുപെരുകും, ഭൂരിപക്ഷമായ, നാടിന്റെ ‘യഥാര്‍ത്ഥ ഉടമകളെ തുരത്തും, ഇപ്പറഞ്ഞ യഥാര്‍ത്ഥ ഉടമകള്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു തുടങ്ങി ഈ സിദ്ധാന്തം (Imagined Minority Theory) അതിനുപോല്‍ബലകമായ സൈദ്ധാന്തിക ആശയ രൂപീകരണങ്ങളിലൂടെ വംശഹത്യകള്‍ക്കു വേണ്ടിയുള്ള ഒരുക്കമാണ് നടത്തിയെടുക്കുക. ഇസ്ലാമോഫോബിയ പോലുള്ള ആഗോളപ്രതിഭാസങ്ങളില്‍പ്പോലും പ്രകടമായ ഇത്തരം പ്രവണതകളുടെ മറ്റൊരു വകഭേദമാണ് ‘വെള്ളക്കാരെ നീക്കംചെയ്യല്‍ സിദ്ധാന്തം (The Great Replacement Theory). ഫ്രഞ്ച് നോവലിസ്റ്റും ഉപജാപക സൈദ്ധാന്തികനുമായ (conspiracy theorist) റെനോ കാമുവിന്റെ (Renaud Camus) അഭിപ്രായത്തില്‍, ‘ആഗോള സമുന്നതര്‍ ("global elite") നടത്തുന്ന ഗൂഡാലോചനയുടെ ഫലമായി യൂറോപ്പിലെ വെള്ളക്കാര്‍ ഉന്മൂലനം ചെയ്യപ്പെടുകയും അവരുടെ സ്ഥാനം യൂറോപ്പുകാരും വെള്ളക്കാരുമല്ലാത്ത ജനത (‘Black, Hispanic, Asian, or Arab’ എന്ന് Encyclopedia Britannica)*1 പിടിച്ചെടുക്കുകയും ചെയ്യും. മുസ്ലിം ഭൂരിപക്ഷ ദേശങ്ങളില്‍ നിന്നുള്ള കൂട്ടക്കുടിയേറ്റം, ഭൗമരാഷ്ട്രീയ വ്യതിയാനങ്ങള്‍, വെള്ളക്കാരുടെ ജനസംഖ്യാ വ്യതിയാനം, തുടങ്ങി ഒട്ടേറെ ‘ഭയാനക അടയാളങ്ങള്‍ ഉപോല്‍ബലക തെളിവുകളായി ഉന്നയിക്കപ്പെടുന്ന പ്രസ്തുത സിദ്ധാന്തം, ഫ്രാന്‍സില്‍ നിന്ന് വിവിധയിടങ്ങളിലേക്ക്, വിശേഷിച്ചും ഐക്യ നാടുകളിലേക്ക് വ്യാപിക്കുന്നു. ശുദ്ധ അസംബന്ധമെന്നു പൊതുവെ മനസ്സിലാക്കപ്പെടുമ്പോഴും, വിനാശകരവും ഹിംസാത്മകവുമായ ആശയങ്ങള്‍ക്ക് എന്നും സമൂഹത്തിന്റെ ഒരു വിഭാഗത്തില്‍ സ്വീകാര്യതയുണ്ട്.  തീവ്ര വലതുപക്ഷം വെള്ളക്കാരുടെ ‘ഉന്മൂലന ഗൂഡാലോചന സിദ്ധാന്തം (white genocide conspiracy theory) എന്നുതന്നെ ഈ വീക്ഷണത്തെ വിളിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

മൊഹ്സിന്‍ ഹമീദിന്റെ രചനാലോകം

റിയലിസത്തിന്റെയും ആലിഗറിയുടെയും അതിരുകള്‍ നേര്‍ത്തുപോകുന്ന ആവിഷ്കാരങ്ങളിലൂടെ സമകാലിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിലെ ഏറ്റവും നിര്‍ണ്ണായകമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ് മൊഹ്സിന്‍ ഹമീദിന്റെ രീതി. പുതുതായി ന്യുക്ളിയര്‍ ആണവ ശക്തിയായി മാറുന്ന ഒരു സമൂഹത്തിന്റെ അടക്കിപ്പിടിച്ച അക്രമാസക്തിയുടെ പ്രതീകമായിത്തീരുകയാണ് Moth Smoke (2000) ലെ മുഖ്യകഥാപാത്രത്തില്‍ പ്രകടമാകുന്ന ഹിംസാത്മകതയുടെ വിസ്ഫോടനങ്ങള്‍. ലാഹോറിലെ ഒരു കഫെയില്‍ വെച്ച് ഒരൊറ്റ സായാഹ്നത്തില്‍ ഒരപരിചിതനോട് നടത്തുന്ന തുറന്നുപറച്ചിലിന്റെ രൂപത്തില്‍, 9/11 അനന്തര സാഹചര്യത്തില്‍ സമത്വത്തിന്റെ പറുദീസയായ അമേരിക്കയില്‍പ്പോലും ഭീകരതാവിരുദ്ധയുദ്ധത്തിന്റെ പേരില്‍ അപരവല്‍ക്കരിക്കപ്പെടുന്ന മുസ്ലിമിന്റെ അനുഭവങ്ങളാണ് The Reluctant Fundamentalist (2007) ആവിഷ്കരിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും പ്രശസ്ത അന്താരാഷ്‌ട്ര സ്ഥാപനത്തില്‍ ഉന്നത ഉദ്യോഗവുമായി അമേരിക്കയില്‍ കഴിഞ്ഞ പാകിസ്താന്‍ പൗരനാണ് അപ്പോള്‍ പരിചയപ്പെട്ട അമേരിക്കക്കാരനോട്‌ സ്വാനുഭവങ്ങള്‍ വിവരിക്കുന്നത്. അഭയാര്‍ഥി പ്രതിസന്ധിയെന്ന ഏറ്റവും സങ്കീര്‍ണ്ണമായ സമകാലിക പ്രശ്നം ഉന്നയിക്കുന്ന Exit West (2017), ആഭ്യന്തര യുദ്ധത്തില്‍ വീര്‍പ്പുമുട്ടുന്ന, പേരുപറയുന്നില്ലാത്ത നാട്ടില്‍നിന്നു ഏതോ മാന്ത്രിക വാതിലുകളിലൂടെ പുറത്തു കടക്കുന്ന ദമ്പതികളെ പിന്തുടരുന്നു. ‘അവസാനത്തെ വെള്ളക്കാര’നെപ്പോലെ മാജിക്കല്‍ റിയലിസം ഉടനീളം പ്രയോഗിക്കപ്പെടുന്നു എന്നതും, ‘പടിഞ്ഞാറോട്ടുള്ള/ പടിഞ്ഞാറില്‍ നിന്നുള്ള വാതില്‍ സംബന്ധിച്ച പ്രത്യേകതയാണ്.  വിവിധദേശങ്ങളിലേക്ക് തുറക്കുന്ന വാതില്‍ എന്ന രൂപകം, നിരന്തര പാലായനത്തിനു നിര്‍ബന്ധിതനാകുന്ന അഭയാര്‍ഥിയുടെ അസ്ഥിരതയുടെയും ശാരീരിക, മാനസിക അന്യവല്‍ക്കരണത്തിന്റെയും, ഒപ്പം, അയഥാര്‍ത്ഥമെങ്കിലും വിട്ടുകളയരുതാത്ത പ്രതീക്ഷകളുടെയും പ്രതീകമായിത്തീരുന്നു. 2022ല്‍ പുറത്തിറങ്ങിയ The Last White Man എന്ന പുതിയ കൃതിയിലെത്തുമ്പോള്‍, രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ സ്വത്വത്തെ രൂപപ്പെടുത്തുകയും പരിണമിപ്പിക്കുകയും ചെയ്യുന്നതെങ്ങനെ എന്ന അന്വേഷണത്തിന് പ്രത്യക്ഷ ശാരീരികപരിണാമങ്ങള്‍ എന്ന രൂപകത്തെ ഉപയോഗിക്കുകയാണ് നോവലിസ്റ്റ്.

പരിണാമവും പരിണതികളും

തുടക്കത്തില്‍ സൂചിപ്പിച്ച ഉപജാപങ്ങളുടെ ആഗോള സന്ദര്‍ഭത്തില്‍, ഒരു സുപ്രഭാതത്തില്‍ വെള്ളക്കാരായ മനുഷ്യര്‍ നിഗൂഡമാംവിധം ബ്രൌണ്‍ നിറത്തിലേക്ക് പരിണമിക്കാന്‍ തുടങ്ങിയാല്‍ എന്തുണ്ടാകും? ഗ്രിഗോര്‍ സാംസയുടെ കഥയെയും ആ കാഫ്കിയന്‍ തുടക്കത്തെയും  അനിവാര്യമായും ഓര്‍മ്മിപ്പിച്ചുകൊണ്ട്‌, മൊഹ്സിന്‍ ഹമീദ് അത്തരമൊരു ഡിസ്റ്റോപ്പിയന്‍ ചോദ്യമാണ് ഉന്നയിക്കുന്നത്. ‘അസ്ഥിരതകളുടെ പുരാവൃത്തകാരന്‍ (chronicler of instability) എന്ന് വിവരിക്കപ്പെട്ടിട്ടുള്ള *2 ഹമീദ്, മുന്‍കൃതികളില്‍ എന്നപോലെത്തന്നെ, അസ്തിത്വ സമസ്യയുടെ ഒരു സന്ദിഗ്ദ്ധ ഘട്ടവുമായാണ് ഇവിടെയും തുടങ്ങുന്നതെങ്കിലും, ‘നോവലിന്റെ അസ്തിത്വ അസംബന്ധം, വംശീയ വിലാപമെന്നു പറയാവുന്ന ഒരു പാരബിളിലേക്ക് അതിവേഗം വഴിമാറുന്നു *3. പേരുപറയുന്നില്ലാത്ത ഒരു അമേരിക്കന്‍ നഗരം പൊടുന്നനെ ഒരു പകര്‍ച്ചവ്യാധിയുടെ പിടിയിലാകുന്നു. ജിം പരിശീലകനായ ആന്ദ്രേസ് ആണ് ആദ്യം ബ്രൌണ്‍ നിറവ്യാധിയുടെ ഇരയാകുന്നത്. ആദ്യമൊക്കെ അതൊരു താല്‍ക്കാലിക പ്രതിഭാസമാകാം എന്ന ധാരണയില്‍ ലീവെടുത്തു വീട്ടിലിരിക്കുന്ന അയാള്‍ പിന്നീടു ജോലിക്ക് പോയിത്തുടങ്ങുന്നു. തന്നോട് മറ്റുള്ളവര്‍ക്കുണ്ടായിരുന്ന സമീപനത്തില്‍ പ്രകടമായ വ്യത്യാസം അയാള്‍ അനുഭവിച്ചു തുടങ്ങുന്നു. നേരെത്തെ കിട്ടിയ പ്രിവിലേജുകള്‍ ലഭ്യമല്ലാതാകുന്നു. തള്ളിപ്പറയുന്നില്ലെങ്കിലും അയാളോടുള്ള സ്വന്തം പിതാവിന്റെപോലും സമീപനത്തില്‍ തണുപ്പന്‍ മട്ടു പടരുന്നത്‌, തൊലിയുടെ നിറത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹിക മുന്‍വിധികള്‍ എത്രമാത്രം ആഴത്തില്‍ പിടിമുറുക്കിയിട്ടുണ്ട് എന്നുവ്യക്തമാക്കുന്നതാണ്. ജോലിക്കെത്തുമ്പോള്‍, അന്ദ്രെസിനു ചെയ്യാനാകുന്ന ബുദ്ധിപൂര്‍വ്വമായ കാര്യം ആത്മഹത്യയാണ്‌ എന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്നുണ്ട് അയാളുടെ ബോസ്. എന്നാല്‍ തുടര്‍ദിനങ്ങളില്‍ കൂടുതല്‍ വെള്ളക്കാര്‍ നിറം മാറിത്തുടങ്ങുന്നതോടെ അന്തരീക്ഷം കലുഷമാകുകയും തെരുവുകളില്‍ കലാപങ്ങള്‍ പടരുകയും ചെയ്യുന്നു. ഇനിയും ബാധിക്കപ്പെട്ടിട്ടില്ലാത്തവര്‍ ആവശ്യപ്പെടുന്നത് വര്‍ണ്ണമാറ്റം സംഭവിച്ചവരെ പുറത്താക്കി അമേരിക്കയെ വീണ്ടെടുക്കണം എന്നത് തന്നെയാണ്. അഥവാ, അപ്പാര്‍ത്തീഡിന്റെയും താമസസ്ഥലങ്ങളുടെ വേര്‍തിരിവിന്റെയും (segregationist policy)യുടെയും വര്‍ണ്ണവിവേചന കാല മുദ്രാവാക്യങ്ങളിലേക്ക് സമൂഹം അധോഗമനം (atavism) നടത്തുന്ന സൂചനകള്‍ മറനീക്കി പുറത്തുവരികയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ (വെള്ളം, വൈദ്യുതി, ടെലെഫോണ്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍) ലഭ്യതപോലും ബാധിക്കപ്പെടുന്നു. ഉടന്‍ സ്ഥലംവിട്ടില്ലെങ്കില്‍ കൊല്ലപ്പെടുമെന്ന് ലഹളക്കാര്‍ നേരിട്ടെത്തി ആന്ദ്രേസിനെ ഭീഷണിപ്പെടുത്തുന്നു. പിതാവിന്റെ വീട്ടില്‍ അഭയം തേടുന്ന ആന്ദ്രേസ്, ജനാലകള്‍ വിരിയിട്ട മുറിയില്‍ തടവിലെന്നോണം കഴിയുകയും പിതാവിന്റെ മന്ദതാളത്തിലുള്ള ജീവിതത്തിലേയ്ക്ക് പരുവപ്പെടുകയും ചെയ്യുന്നു. എന്തായാലും നഗരത്തില്‍ വെള്ളക്കാര്‍ ആരും ശേഷിക്കാതാകുന്നതോടെ ലഹളകള്‍ പതിയെ ഇല്ലാതാകുന്നു.

നോവലില്‍ മറ്റൊരു സുപ്രധാന സാന്നിധ്യം ആന്ദ്രേസിന്റെ കാമുകി ഊനയാണ്‌. യോഗ പരിശീലകയായ അവള്‍, ആന്ദ്രേസിന്റെ പിതാവിനെ അപേക്ഷിച്ച് താരതമ്യേനെ എളുപ്പത്തില്‍ അയാളുടെ അവസ്ഥയോട്‌ പൊരുത്തപ്പെടുന്നുണ്ടെങ്കിലും ഇരുവര്‍ക്കുമിടയില്‍ നേരത്തെ ഉണ്ടായിരുന്ന ഊഷ്മളതയില്‍ കുറെയൊക്കെ മരവിപ്പു പടരുന്നുണ്ട്. വേഴ്ചകളുടെ ഘട്ടങ്ങളില്‍പ്പോലും അത് പ്രകടമാകുന്നു. ലോക്ക്ഡൌണ്‍ ഘട്ടത്തില്‍ ഒയിന്മെന്റുകളുടെ സഹായത്തോടെ അന്ദ്രേസിനെ ‘സുഖപ്പെടുത്താന്‍ കഴിയുമോ എന്ന് അവള്‍ പരീക്ഷിക്കുന്നുണ്ട്. ഊനയുടെ അമ്മയാണ് തികഞ്ഞ വംശീയതയുടെ പ്രതീകമായി നോവലിലുള്ളത്. ‘വെള്ളക്കാരുടെ പകരം വെപ്പു സിദ്ധാന്ത’ക്കാരെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍, പകര്‍ച്ചയെ ഏതൊക്കെയോ ഗൂഡാലോചനയായി വ്യാഖ്യാനിക്കുക അവരാണ്: അവരുടെ നിരീക്ഷണത്തില്‍ ‘വര്‍ഷങ്ങളായി, പതിറ്റാണ്ടുകളായി, അഥവാ നൂറ്റാണ്ടുകള്‍ ആയിരിക്കാം, തങ്ങളുടെ വര്‍ഗ്ഗത്തിനെതിരെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു പദ്ധതി’യില്‍ക്കുറഞ്ഞ ഒന്നുമല്ല അത്. ആഴ്ചകള്‍ക്കുള്ളില്‍ ഊനയും മാറിത്തുടങ്ങുന്നതോടെ അവര്‍ ഓക്കാനിച്ചു പോകുന്നുമുണ്ട്. എങ്കിലും അവരെയും കാത്തിരിക്കുന്നത് അതേ വര്‍ണ്ണവ്യാധിയുടെ വിധി തന്നെയാണ്.

നോവലിന്റെ തലക്കെട്ടിലെ ആ ‘അവസാനത്തെ വെള്ളക്കാരന്‍ ആന്ദ്രേസിന്റെ പിതാവാണ്. വെള്ളക്കാരന്‍ തന്നെയായി മരിക്കുന്ന അവസാനത്തെ ആള്‍. മരണത്തോടടുത്ത് അയാള്‍ മകനോട്‌ സന്ധിചെയ്യുകയും മകന്റെയും കൂട്ടുകാരിയുടെയും ബന്ധം വിവാഹത്തിലൂടെ ഉറപ്പിക്കുകയും ചെയ്യുന്നു. ഒടുവിലത്തെ വെള്ളക്കാരന്റെ അടക്കത്തോടെ ഇനിയും മേധാചിന്തയ്ക്ക് പ്രസക്തിയില്ലെന്ന ബോധ്യത്തിലാകണം, ഊനയുടെ മാതാവ് ആ വിവാഹത്തെ അനുഗ്രഹിക്കുന്നത്. ഭാവിയില്‍ ഉറ്റുനോക്കുകയും തങ്ങളുടെ ടീനേജുകാരിയായ കൊച്ചുമകള്‍ക്ക് ഒരു കാലത്ത് തങ്ങള്‍ വെള്ളക്കരായിരുന്നു എന്ന കഥ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നിടത്താണ് നോവലന്ത്യം. പ്രസ്തുത കഥ കൊച്ചു മകള്‍ക്കുവേണ്ടി പറയിക്കുന്നത്, നോവലിലെ ഏറ്റവും തികഞ്ഞ വംശീയവാദിയായിരുന്ന മുത്തശ്ശിയിലൂടെയാണ് എന്നതില്‍ നോവലിസ്റ്റിന്റെ പരിഹാസം പ്രകടമാണ്.

അസംബന്ധ ദര്‍ശനം

ദൈര്‍ഘ്യം കുറഞ്ഞ നോവലുകളോടുള്ള പ്രതിപത്തി തുറന്നു പറഞ്ഞിട്ടുണ്ട് മുഹ്സിന്‍ ഹമീദ്. ഇത്തവണ, സമകാലിക നോവലുകളില്‍ അത്ര സാധാരണമല്ലാത്ത പ്രത്യേകതയുണ്ട് അദ്ദേഹത്തിന്‍റെ കൃതിയ്ക്ക്. മുകളില്‍ നല്കിയപോലെ ‘നീറ്റ് ആയ ഒരു സക്ഷിപ്തപ്പെടുത്തലിനു വഴങ്ങുന്നതാണ് നോവലിന്റെ താരതമ്യേന രേഖീയവും പ്രത്യക്ഷത്തില്‍ ലളിതവുമായ ഘടന. കാമുവിന്‍റെ ‘Plague’, സാരമാഗുവിന്റെ ‘Blindness’തുടങ്ങിയ മാസ്റ്റര്‍പീസുകളെ ഓര്‍മ്മിപ്പിക്കുമ്പോഴും അവയൊന്നും അത്തരം ചുരുക്കെഴുത്തിനു വഴങ്ങുന്നവയല്ല. എന്നാല്‍ ഘടനയിലെ ലാളിത്യം, ആഴത്തിലുള്ള പ്രമേയങ്ങള്‍ ഇഴചേര്‍ക്കുന്നതില്‍ നോവലിസ്റ്റിനു ബാധ്യതയായിട്ടില്ല എന്നുകാണാം.

നോവലിനെ അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് പൂര്‍ണ്ണമായും എത്തിച്ചേരുന്നതില്‍നിന്നു പ്രധാനമായും രണ്ടു ഘടകങ്ങള്‍ തടസ്സപ്പെടുത്തുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *4. അതിലൊന്ന് അതിദൈര്‍ഘ്യമുള്ള വാചകഘടനയാണ്. ഒരുവളേ സാരമാഗുവിനെ ഓര്‍മ്മിപ്പിക്കുന്ന ഈ ദൈര്‍ഘ്യം, പോകെപ്പോകെ ആവര്‍ത്തനസ്വഭവം കൈവരിക്കുന്നു. എന്നാല്‍, ഇതിലേറെ വലിയ പ്രശ്നം രണ്ടു മുഖ്യ കഥാപാത്രങ്ങളുടെ നിഷ്ക്രിയഭാവമാണ്. നോവല്‍ ആരംഭത്തില്‍ ആന്ദ്രെസില്‍ സംഭവിക്കുന്ന മാറ്റം സ്വാഭാവികമായി സൃഷ്ടിച്ചേക്കാമായിരുന്ന നാടകീയ പ്രതികരണങ്ങള്‍ ഒന്നും സംഭവിക്കുന്നതേയില്ല. പ്രകോപനപരമായ തിരിച്ചടികളോടുള്ള അയാളുടെ തണുപ്പന്‍മട്ട്, അയാളുടെ വ്യവഹാരങ്ങളിലെല്ലാം പ്രകടമാണ്. ഊനയും ഇതേ വികാരരാഹിത്യം പ്രകടമാക്കുന്നുണ്ട്. ഇടക്കൊരു ജോയിന്റ്, അതേ തണുപ്പന്‍ മട്ടില്‍ ഒരു വേഴ്ച. മുറകാമിയുടെ ‘കാട്ടാടു വേട്ട’യിലെ (A Wild Sheep Chase) വേരറ്റ ഉത്തരാധുനിക നായകനെപ്പോലെ, ‘മുറിയില്‍ വന്നു, ഭക്ഷിച്ചു, പുകവലിച്ചു, സംഭോഗം നടത്തി, കിടന്നുറങ്ങി എന്ന മട്ടിലുള്ള ഈ പൊങ്ങുതടി ജീവിതം, പുറത്ത്, ബാഹ്യലോകത്ത് സര്‍വ്വം ശിഥിലമായിക്കൊണ്ടിരിക്കുമ്പോഴും ആന്ദ്രേസും ഊനയും തുടരുന്നത് വിചിത്രമാണ്. എന്നാല്‍, ഒരുവളേ അതാവാം നോവലിന്റെ സന്ദേശവും: ‘പരിപൂര്‍ണ്ണമായും കൃതൃമമായ  വര്‍ണ്ണം എന്ന വര്‍ഗ്ഗീകരണത്തിനു നാം ഒരുപാട് പ്രാധാന്യം കല്‍പ്പിച്ചു നല്‍കിയിട്ടുണ്ടെങ്കിലും വാസ്തവത്തില്‍ അതത്ര വലിയ കാര്യമേയല്ല. ‘ഗ്രേറ്റ് ദിസ്പ്ലേസ്മെന്റ്’ ഭീതിഭ്രാന്തര്‍ എത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടവരാണ് എന്നു കാണിക്കുകയുമാവാം അദ്ദേഹം:  വെള്ളക്കാരുടെ വംശം ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷരായാലും അതത്രക്കൊരു വലിയ പ്രശ്നമാകില്ല’ (Andrew Blackman). ഈ സാധാരണീകരണത്തിന്റെ (normalization) പ്രതികരണം പുസ്തകത്തിലെ ഏറ്റവും വലിയ വംശീയവാദിയിലൂടെത്തന്നെ നോവലിസ്റ്റ് വ്യക്തമാക്കുന്നു: ‘ഊനയുടെ മാതാവ് ഒരു കണക്കുതീര്‍ക്കല്‍ പ്രതീക്ഷിച്ചിരുന്നു. അതുവരാതായപ്പോള്‍, വെള്ളക്കരായിരുന്നവരാരും വേട്ടയാടപ്പെടുകയോ കൂട്ടിലടച്ചു ചമ്മട്ടിയടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ഉണ്ടായില്ലെന്നു കണ്ടപ്പോള്‍.. അവര്‍ ആശ്വസിക്കാന്‍ തുടങ്ങി..’ വേറിട്ടു നില്‍ക്കുന്നുവെന്ന മിഥ്യയിലാണ് വര്‍ണ്ണ/ ജാതി ഹെജിമണി നിലനില്‍ക്കുന്നത് എന്നത്, അത്തരം ഔദ്ധത്യ ബോധങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നു. അമേരിക്കയില്‍ എത്തുംവരെ താനൊരു കറുത്തവര്‍ഗ്ഗക്കാരിയാണെന്ന ചിന്തയില്ലാതിരുന്നതിനെ കുറിച്ച് ചിമമാന്‍ഡാ അദീചിയുടെ ഇഫെമേലു (Americanah (2013)) ബോധവതിയായിരുന്നില്ല എന്ന വസ്തുത, ഇതോടു ചേര്‍ത്തുവെച്ചു നിരീക്ഷിക്കുന്നുണ്ട് ഒരു നിരൂപക *5.

എന്തുകൊണ്ട് വികസിതലോകം?

രാഷ്ട്രീയ/ വംശീയ സംഘര്‍ഷങ്ങള്‍, പാരിസ്തിതിക ദുരന്തങ്ങള്‍, അഭയാര്‍ഥി പ്രതിസന്ധി പോലുള്ള ഇതര ഭൗമരാഷ്ട്രീയ സന്ദിഗ്ദദ്ധതകള്‍ തുടങ്ങിയ ഡിസ്റ്റോപ്പിയന്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിന്, അത്തരം സംഘര്‍ഷങ്ങള്‍ക്കെതിരെ താരതമ്യേനെ സുരക്ഷിതം എന്ന് കരുതപ്പെടുന്ന ഒന്നാംലോകത്തെത്തന്നെ വേദിയാക്കുന്ന കൃതികള്‍ കൂടുതലായി വന്നുകൊണ്ടിരിക്കുന്നുണ്ട്‌ സമകാലിക സാഹിത്യത്തില്‍. കാലാവസ്ഥാ വ്യതിയാനം ഭീകര യുദ്ധം തന്നെയായി അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനു (1861-1865) രണ്ടാം പതിപ്പുതീര്‍ക്കുന്ന ഒമര്‍ എല്‍ അക്കാദിന്റെ The American War (2017), ഐറിഷ് റിപ്പബ്ലിക് സര്‍വ്വാധിപത്യത്തിലേക്ക് കൂപ്പുകുത്തുന്നത് വിഭാവനം ചെയ്യുന്ന പോള്‍ ലിഞ്ചിന്റെ Prophet Song (2023) തുടങ്ങിയവ ഉദാഹരണം. ഈ എഴുത്തുകാരുടെ ഭാഗത്ത്, ഒരുവളേ, അതുതന്നെയും ഒരു ശക്തമായ പ്രസ്താവമാണ്: കാണേണ്ടവര്‍, ആഗോള സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ പ്രാപ്തിയുള്ളവര്‍ തന്നെയാണ് കാണേണ്ടത്; അതും സുരക്ഷിത ഇടങ്ങളിലിരുന്ന് അലസമായി ‘കണ്ടാല്‍ പോര, അതെല്ലാം അവരുടെ തന്നെ അനുഭവങ്ങളായി അറിയേണ്ടതുണ്ട്, പ്രതികരിക്കേണ്ടതുണ്ട്: നിസ്സഹായനായ സിറിയന്‍ അഭയാര്‍ഥിക്കല്ല, ശക്തനായ അമേരിക്കന്‍ പൗരനു (Citizen of the Empire) തന്നെയാണ് കൂടുതല്‍ ഉത്തരവാദിത്തമുള്ളത്.

ഡിസ്റ്റോപ്പിയന്‍ ദുരന്ത ബോധത്തില്‍ അത്ര സാധാരണമല്ലാത്ത ഒരു ശുഭ സമാപ്തസൂചകം എഴുതിച്ചേര്‍ക്കുന്നതിലൂടെ, ഴോനറിനു ഒരു പുനര്‍നിര്‍വ്വചനം നടത്തുകയാണ് മോഹ്സിന്‍ ഹമീദ് എന്നു പറയാം: തങ്ങളുടെ പൂര്‍വ്വകാലത്തെ കുറിച്ച് പേരക്കിടാവിന് മുത്തശ്ശി പകര്‍ന്നു നല്‍കുന്ന അറിവുകള്‍, ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രസക്തി സൂചിപ്പിക്കുന്നു. തലമുറകളിലൂടെ കൈമാറുന്ന ഓര്‍മ്മകള്‍, സാമൂഹിക മറവിക്കെതിരെയുള്ള (collective oblivion) ചെറുത്തുനില്‍പ്പാണ് എന്നത് സുവിദിതമാണല്ലോ. ഗൃഹാതുരതയിലുള്ള ചടഞ്ഞിരിപ്പല്ല, പരിവര്‍ത്തനത്തെ തിരിച്ചറിയലും അംഗീകരിക്കലുമാണ് അത്; ഒരു പ്രസക്തിയുമില്ലാത്ത വര്‍ണ്ണവ്യത്യാസങ്ങളല്ല സമൂഹത്തിന്റെ ചാലക ശക്തിയാകേണ്ടത് എന്ന ഓര്‍മ്മപ്പെടുത്തലും. ഒരു കാലത്ത് വംശീയത തലയ്ക്കു പിടിച്ച ഒരാളിലൂടെ ഈ പാഠങ്ങള്‍ പകര്‍ന്നുനല്‍കപ്പെടുന്നത്, വേദനിപ്പിക്കുന്ന, വിഭജനാധിഷ്ടിതമായ ഒരു  ഭൂതകാലത്തോടുള്ള വേറിട്ടുപോക്കും തലമുറകള്‍ക്കിടയിലുള്ള രഞ്ജിപ്പും അടയാളപ്പെടുത്തുന്നു. പങ്കുവെപ്പിലൂടെ, ഭീകരമായ ഒരനുഭവഘട്ടം, സഹാനുഭൂതിയുടെയും അന്യവല്‍കരണത്തിനുപകരം ഐക്യബോധത്തില്‍ ഊന്നുന്ന അതിജീവനത്തിന്റെയും  ആഖ്യാനമായി മാറുകയാണ്‌.      

നോവലിന്റെ സാഹചര്യം തിരിച്ചായിരുന്നെങ്കില്‍, അഥവാ ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ പൊടുന്നനെ വെള്ളക്കാരനായി പരിണമിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക എന്നു നിര്‍ദ്ധാരണം നടത്തുന്ന നൈജീരിയന്‍ നോവലിസ്റ്റ്‌ ഇഗോനി ബാരെയുടെ Blackass (A. Igoni Barrett - 2015) എന്ന നോവല്‍, ഹമീദിന്റെ കൃതിയോടു ചേര്‍ത്തു വായിക്കുന്നത് കൗതുകകരമായിരിക്കും.

 

References:

1.       (Duignan, Brian. "replacement theory". Encyclopedia Britannica, 1 Oct. 2024, https://www.britannica.com/topic/replacement-theory. Accessed 25 October 2024.)

2.       (Maureen Corrigan. ‘'The Last White Man' spins a deft, if narrow, fantasy about identity’, npr book reviews, August 9, 2022, https://www.npr.org/2022/08/09/1116137982/the-last-white-man-mohsin-hamid-review. Accessed 25 October 2024.)

3.       (Ron Charles. ‘What if White people woke up with dark skin? Mohsin Hamid’s novel wonders.’, The Washington Post, August 2, 2022, https://www.washingtonpost.com/books/2022/08/02/last-white-man-mohsin-hamid/. Accessed 25 October 2024.)

4.       (Andrew Blackman. Review, 3 September 2022, https://andrewblackman.net/2022/09/the-last-white-man-by-mohsin-hamid-book-review. Accessed 25 October 2024.) 

5.       (Fouad Mami. ‘Reversing the Reversal: Whiteness No More in “The Last White Man”, Chicago Review, August 4, 2022, https://chireviewofbooks.com/2022/08/04/reversing-the-reversal-whiteness-no-more-in-the-last-white-man/. Accessed 25 October 2024.)